ബ്ലോഗിനിമാരുടെ കവിതാലോകം
- GCW MALAYALAM
- Mar 14
- 5 min read
Updated: Mar 15
ഡോ.നീതു ഉണ്ണി

പ്രബന്ധസംഗ്രഹം
ഇൻ്റർനെറ്റ് വഴി ലഭ്യമായ ബ്ലോഗിടം ആദ്യകാലത്ത് വലിയ തോതിൽ ഉള്ള സ്വാധീനം ആയി വളർന്നു വന്നു. പ്രവാസി മലയാ ളികളായിരുന്നു ഇതിൽ പ്രധാന പങ്കുവഹിച്ചത്. എഴുത്തുകാർ തന്നെ എഡിറ്ററും പബ്ലിഷറും ആകുന്ന ബ്ലോഗ് ലോകം സ്വാത ന്ത്ര്യത്തിൻ്റെയും കൂടിയായിരുന്നു. മലയാള ബ്ലോഗിടത്തിൽ സ്ത്രീക ൾ പോസ്റ്റു ചെയ്ത കവിതകളെ മുൻനിർത്തി അവയിലെ ആഖ്യാന ത്തെയും ശൈലിയെയും വിശകലനം ചെയ്യുകയാണ് പ്രബന്ധ ത്തിൽ.
താക്കോൽ വാക്കുകൾ : ബ്ലോഗ്, ബ്ലോഗിനി, സൈബർ, പെണ്ണെഴുത്ത്.
ബ്ലോഗ് ഉപയോഗിക്കുന്ന വ്യക്തികളെയാണ് ബ്ലോഗേർസ് എന്ന് വിളിക്കുന്നത്. ബ്ലോഗിടത്തിൽ രചനകൾ നടത്തുന്ന സ്ത്രീകളെ വനിതാ ബ്ലോഗറെന്നോ ബ്ലോഗിനിയെന്നോ വിളിക്കു ന്നു. അച്ചടിയെ അപേക്ഷിച്ച് സ്ത്രീകൾ വളരെയധികം സജീവ മായി ഇടപെടുകയും എഴുതുകയും ചെയ്യുന്നിടമാണ് സൈബറിന്റേ ത്. തങ്ങളെ സ്വയം നിർവചിക്കുവാനാണ് ബ്ലോഗുലോക സ്ത്രീകൾ ശ്രമിക്കുന്നത്. സ്വകാര്യത, സാമൂഹ്യബോധം, പിന്തുടരുന്ന മതവി ശ്വാസം, സംസ്കാരം, വൈകാരിക ജീവിതം എന്നിവയുടെ ആകെ ത്തുകയാണ് ഈ ശ്രമം. ഡിജിറ്റൽ സാങ്കേതികത വഴി തങ്ങളുടെ വീക്ഷണങ്ങളെ അവതരിപ്പിക്കാൻ ബ്ലോഗിടത്തിലെ സ്ത്രീകൾ ശ്ര മിക്കുന്നു. “എല്ലാ കാലത്തും മലയാളി സ്ത്രീകളുടെ പൊതു ഇടം എ ന്നത് പാശ്ചാത്യ പൊതുമണ്ഡല ആശയത്തിൽ നിന്നും വ്യത്യസ്ത മായിരുന്നു. കുളിക്കടവുകൾ, അമ്പലമുറ്റങ്ങൾ, പണിസ്ഥലങ്ങൾ എന്നിവ അവരുടെ ചർച്ചകൾക്ക് വേദിയായി” (ശ്രീജ എസ് :20). മലയാളി സൃഷ്ടിച്ചു കൊടുത്ത പൊതുമണ്ഡലത്തിൽ നിന്ന് വ്യത്യ സ്തമാണ് ബ്ലോഗിടം.
ബ്ലോഗ് കവിതകളിലെ പെണ്ണെഴുത്ത്
സ്വയംപ്രഖ്യാപിത ഇടത്തിൽ നിന്നുകൊണ്ട് വായനക്കാരെ സമീ പിക്കുന്ന സ്ത്രീകളെയാണ് ബ്ലോഗ് കവിതകളിൽ കാണാൻ കഴി യുന്നത്. സ്വന്തമായി ഒരുക്കാവുന്ന ഇടം, നിയന്ത്രണങ്ങൾ ഇല്ല എന്നീ പ്രത്യേകതകൾക്കൊണ്ട് താനായിത്തന്നെ നിലനിൽക്കാ ൻ ബ്ലോഗിടം സ്ത്രീയെ പ്രാപ്തയാക്കുന്നു. “ആധുനികകാലത്ത് സ്ത്രീകൾ തങ്ങളുടെ ബഹുവിധമായ അധ്വാനമേഖലകൾക്കകത്തു ജീവിക്കുമ്പോഴും അതിനു പുറത്ത് സ്വതന്ത്രവും സ്വച്ഛവുമായ ചിന്ത കളുടെയും സ്വപ്നങ്ങളുടെയും പ്രതികരണങ്ങളുടെയും ഇടമായി ബ്ലോഗുകളെ കാണുന്നു” (മനോജ് ജെ. പാലക്കുടി 2018:252).
“പളനിക്ക്
കടലമ്മ കൊടുത്ത
കൊമ്പൻസ്രാവ് പോലെയാണ്
പ്രവാസം!”.
2012 ൽ ഋതുഭേദങ്ങൾ എന്ന തന്റെ ബ്ലോഗിൽ ഡോണ മയൂര പോസ്റ്റ് ചെയ്ത പ്രവാസം എന്ന കവിതയാണിത്. പ്രവാസത്തിന്റെ നിർവചനം താൻ അനുഭവിക്കുന്ന പ്രവാസജീവിതത്തിൽ നിന്നാ ണ് ഡോണ മയൂര ഇവിടെ പകർത്തുന്നത്.
വാക്കുകളുടെ വിന്യാസമാണ് 2009 ലെ ഒരേ കടൽ എന്ന കവിത.
“ഞാൻ,
നീ,
മിഴി,
മഴ,
പുഴ,
കര,
കടൽ!”.
ഓണം ഓർക്കുന്ന പ്രവാസിയെ ചിത്രീകരിച്ചിരിക്കുന്നത് രണ്ട് വരി കളുള്ള ഒരു കവിതയിലാണ്,
“പോയിരുന്നോണ ചന്തയിൽ
പോയിടാമിന്നോർമ്മ ചന്തയിൽ”.
ഓണം, അന്നും ഇന്നും എന്ന ഈ കവിത വിദേശത്ത് നിന്നു കൊണ്ട് കേരളത്തിലെ ഓണത്തെ ആലോചിക്കുന്ന പ്രവാസജീ വിതത്തെയാണ് കാണിച്ചുതരുന്നത്.
സമകാലീനകാലത്ത് ബന്ധങ്ങളിൽ വന്ന ശൈഥില്യത്തെയാണ് ഉണങ്ങാത്ത ഭയത്തിന്റെ നിഴലിൽ എന്ന കവിതയിൽ കാണാൻ കഴിയുന്നത്. 2013ൽ ആണ് ഈ കവിത പോസ്റ്റ് ചെയ്തിരിക്കുന്നത്.
“വരകൾ ഉണങ്ങാനിട്ട്
ചുറ്റിക്കറങ്ങുന്ന
പെൺപുലികളെയും
ആൺപുലികളെയുമാണ്
പൂച്ചകളെന്ന് കരുതി
നമ്മൾ അടുപ്പിക്കുന്നത്”.
തങ്ങളുടെ യഥാർത്ഥ സ്വഭാവം മറച്ചുവെച്ചുകൊണ്ട് ബന്ധങ്ങൾ സ്ഥാപിക്കുന്ന മനുഷ്യർ ഇന്നത്തെ കാലത്തിന്റെ പ്രതീകങ്ങളാ ണ്. പലപ്പോഴും ഇത്തരം മനുഷ്യർ വിശ്വാസം നേടിയെടുത്തു കൊണ്ട് പറ്റിക്കുകയാണ് ചെയ്യുന്നത്. ഈ കാലത്തിൽ നിന്ന് കുഞ്ഞുങ്ങളെ പൊതിഞ്ഞുപിടിക്കുന്ന രക്ഷകർത്താക്കളുടെ മനസ്സിന്റെ അരക്ഷിതാവസ്ഥയെയാണ് കവിതയിൽ കാണാൻ കഴിയുന്നത്. ഇങ്ങനെ രക്ഷിക്കുമ്പോഴും കൊല്ലപ്പെടുമെന്ന കാര്യം ഉറപ്പാണ്. ആ കൊല്ലപ്പെടലിനെക്കുറിച്ചുള്ള ചിന്ത ഭയമെന്ന വി കാരം സൃഷ്ടിക്കുന്നതാണെന്ന് കവി അഭിപ്രായപ്പെടുന്നു.
“ആരാണ് എപ്പോഴാണ്
എങ്ങിനെയാണ്
എന്നൊക്കെ ആധികയറി,
ഭയമെന്ന സുരക്ഷിതത്വത്തിനുള്ളിൽ
ഒളിഞ്ഞിരിക്കുമ്പോൾ
ആരും കൊല്ലാതെ തന്നെ
നമ്മളൊരുനാൾ ചത്തുപോകും”.
സെറീനയുടെ ‘പച്ച’ എന്ന ബ്ലോഗിൽ 2012ൽ പോസ്റ്റു ചെയ്തിരിക്കുന്ന തീയുമ്മ എന്ന കവിത മൈസൂർ കല്യാണ ത്തെയാണ് വിഷയം ആക്കിയിരിക്കുന്നത്. സെറീന ഈ കവി തയുടെ ആമുഖമായി പറയുന്നു “മൈസൂർ കല്യാണം കഴിഞ്ഞു ബോംബെക്ക് പോയ ഷാഹിന, നാട്ടിലേക്ക് മയ്യത്ത് പോലും മടങ്ങി വന്നില്ല. കുക്കർ പൊട്ടിത്തെറിച്ചു മരിച്ചു എന്നൊരു കഥ മാത്രം”. ഷാഹിനയുടെ ഓർമ്മയ്ക്കാണ് ഈ കവിത സെറീന സമർ പ്പിച്ചിരിക്കുന്നത്.
“വെറുമൊരു കുക്കറെന്നു
നിങ്ങൾ പറയും
പക്ഷെ തനി ചാവേറെന്ന്
നാളെ എന്റെ ജീവിതരേഖയിൽ
ഒരു പെൺ കൈപ്പാട് രേഖപ്പെടുത്തും”.
കുക്കർ പൊട്ടിത്തെറിച്ചു ഭർതൃവീടുകളിൽ മരണപ്പെട്ടുപ്പോകുന്ന സ്ത്രീ ജീവിതങ്ങളെ സെറീന കവിതയോട് ചേർത്തുനിർത്തുന്നു. ഇങ്ങനെ മരണപ്പെട്ടുപോകുന്ന അനേകം സ്ത്രീ ജീവിതങ്ങളെ കേരളത്തിൽ കാണാം. എളുപ്പം മറക്കാൻ കഴിയുന്ന ആർക്കു വേണമെങ്കിലും നശിപ്പിച്ചു കളയാവുന്ന ഒന്നായി സ്ത്രീ ജീവിതങ്ങളെ കൈകാര്യം ചെയ്യുന്ന ലോകത്തെ സെറീന തന്റെ കവിതയിൽ അടയാളപ്പെടുത്തുന്നു.
“എത്ര തവണ മരിച്ചാലും രേഖപ്പെടുത്താത്ത
മരണമാണ് ചിലരുടെ ജീവിതമെന്ന്
രണ്ടു വരി മാത്രം”.
കുടിയൊഴിക്കൽ എന്ന കവിത സ്ത്രീജീവിതത്തിന്റെ മറ്റൊരു നേർ സാക്ഷ്യമാണ് (2011). സ്ത്രീയുടെയും പുരുഷന്റെയും അടിമ-ഉടമ ബന്ധവും അതിൽ നിന്ന് പുറത്തുകടക്കാൻ ആഗ്രഹിക്കുന്ന അവളുടെ മനസ്സും ആണ് കവിതയിലെ വിഷയം. തന്റെ ഉടയോ നെക്കുറിച്ച് കവിതയിൽ കാണുന്നതിങ്ങനെയാണ്:
“പക്ഷെ എന്തൊരു ബോറനാണ് ഇതിന്റെ ജന്മി!
എന്റെയാണ്, എന്റെയാണ്
എന്ന് തോന്നിപ്പിക്കും
പതിച്ചു കിട്ടിയെന്നു വെറുതെ
ഞാനുമങ്ങ് വിചാരിക്കും”.
ഇത്തരം വിചാരങ്ങളിൽ നിന്നാണ് ആണധികാരത്തിന്റെ നോട്ട ത്തോടെ അയാൾ പിൻവാങ്ങുന്നത്. ദൈനംദിനജീവിതം ഇതുത ന്നെ ആവർത്തിക്കുമ്പോൾ ഇതിൽ നിന്നുള്ള മോചനമാണ് അവൾ കൊതിക്കുന്നത്,
“ഒരു ജപ്തിയോ കുടിയൊഴിക്കലോ കൊണ്ട്,
ഈ അഞ്ചു സെന്റങ്ങ് തിരിച്ചെടുത്തു കൂടെ,
ഇതിനു പുറത്തു കാത്തു നിൽപ്പുണ്ട് എന്റെ കൂട്ടുകാർ,
ആരുടേയും രേഖകളില്ലാത്ത മണ്ണിൽ,
ഞങ്ങൾക്ക് വാക്കുകളുടെ വിത്തിറക്കണം”.
ഉപ്പിലിട്ടത് എന്ന കവിതയിൽ സെറീന സ്ത്രീ ജീവിതത്തെ ഉപ്പിലിട്ട വസ്തുവുമായി ഉപമിക്കുന്നു.
“ഉന്നം നോക്കി വന്ന കല്ലിനൊപ്പം
മണ്ണ് പറ്റികിടക്കുമ്പോൾ
ഇലകൾക്കിടയിലൊരു വെയിൽത്തിരി
മുനിഞ്ഞു മുനിഞ്ഞു കെട്ടുപോയി” ( 2010).
പ്രകൃതി-ഭക്ഷ്യ ചിത്രീകരണത്തോടൊപ്പം തന്നെ സ്ത്രീ ജീവിതത്തെ യും ചേർത്തു വെക്കുകയാണ് സെറീന ഈ കവിതയിൽ. ഇവിടെ ഉപ്പും വെള്ളവും ഇടക്കുവന്നു ചേരുന്ന ഉപ്പുകല്ലുകളും ചേർന്ന് രുചി ക്കാനാകുന്നവിധം പരുവപ്പെടുത്തിയെടുക്കുന്ന ഉപ്പിലിട്ടതായി സ്ത്രീ ജീവിതത്തെ സെറീന കാണിച്ചു തരുന്നു.
“ആരൊക്കെയോ കാത്തിരിപ്പുണ്ട്,
നാവിൽവെച്ചാൽ അലിഞ്ഞു പോകും വിധം
കുതിർത്തു രുചിയ്ക്കുവാൻ,
മരിച്ചുപോയാലും തീരാത്ത പാകപ്പെടലോ ജീവിതം!”.
മറ്റുള്ളവരുടെ രുചികൾക്കായി സ്വയമറിയാതെ പാകപ്പെടുന്ന ജീവിതമായി ഇവിടെ സ്ത്രീ ജീവിതത്തെ ചിത്രീകരിച്ചിരിക്കുന്നു.
സെറീനയുടെ തന്നെ ‘ഒറ്റമഴ’ എന്ന ബ്ലോഗിടത്തിലെ കവിതകൾ ഒരേസമയം ദൃശ്യത്തിലൂടെയും വരികളിലൂടെയുമാണ് ചിത്രീകരി ച്ചിരിക്കുന്നത്. പങ്കുവെക്കുന്ന ചിത്രത്തിന് വരികളെഴുതുകയോ വരി കൾക്കുചേർന്ന ചിത്രങ്ങൾ പങ്കുവെക്കുന്നതോ ആണ് ഈ ബ്ലോ ഗിലെ കവിതകൾ.
‘പേശാമടന്ത’, ‘ജ്യോതിസ്സ്’, ‘കാവ്യം സുഗേയം’ എന്നീ മൂന്നു ബ്ലോഗുകളാണ് ജ്യോതിബായ് പരിയാടത്ത് കൈകാര്യം ചെയ്യു ന്നത്. പേശാമടന്ത, ഇ-പുസ്തകം എന്ന നിലയിലും ജ്യോതിസ്സ് കവിതകൾക്കും വിവർത്തനങ്ങൾക്കും വേണ്ടിയുള്ള ഇടം എന്ന നിലയിലും കാവ്യം സുഗേയം കാവ്യാലാപന ബ്ലോഗുമായാണ് ജ്യോതിബായ് ഉപയോഗിക്കുന്നത്.
“സാവി ശ്രാദ്ധാ
പേരു കൊള്ളാം
എന്നിട്ടെന്തു വിശേഷം?
ജീവിതത്തിന്റെ തലയെഴുത്ത്
ഇപ്പോഴും
‘ദുരവസ്ഥ’
എന്നുതന്നല്ലേ താത്രീ?” (2014).
പുരോഗമനം എന്ന ഈ കവിതയെ കഴിഞ്ഞുപോയ കാലത്തേ ക്കുള്ള തിരിഞ്ഞു നോട്ടമായി കണക്കാക്കാം.
ചിത്രയുടെ ‘രാമൊഴി’ എന്ന ബ്ലോഗിടത്തിലെ കറനല്ലതാണ് (2014) എന്ന കവിത ചില യാഥാർത്ഥ്യങ്ങളെ അവതരിപ്പിക്കുന്നു. അതാകട്ടെ സ്ത്രീ ജീവിതത്തോട് അടുത്തു നിന്നുകൊണ്ടാണ്.
“കറ നല്ലതാണെന്ന്
പറയുന്നു
പരസ്യത്തിലെ പെണ്ണ്.
പതിവ് പോലെ സുന്ദരി,
വെളുത്തവൾ,
കറയറ്റവൾ”.
മാധ്യമങ്ങളുമായി ഇടപെടുന്ന ഏതൊരു മനുഷ്യനെയും സ്വാധീ നിക്കുന്ന ഒന്നാണ് പരസ്യങ്ങൾ. ഇവയിൽത്തന്നെ സ്ത്രീകളെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങളാണ് കൂടുതൽ. സ്വർണാഭരണങ്ങ ളുടെയും വസ്ത്രങ്ങളുടെയും ഭക്ഷ്യസാധനങ്ങളുടെയും വിവിധത രത്തിലുള്ള വൈവിധ്യങ്ങൾ അവതരിപ്പിച്ചാണ് പരസ്യങ്ങൾ സ്ത്രീകളെ സ്വാധീനിക്കുന്നത്. എന്നാൽ ഈ പരസ്യങ്ങൾ പോലും പുരുഷകേന്ദ്രിതമായ ഒന്നാണെന്ന് കാണാം. വെളുത്ത സുന്ദ രിയായ പെൺകുട്ടി പരസ്യങ്ങളിൽ സജീവമായി നിൽക്കുന്നത് ഇതുകൊണ്ടാണ്. കറ നല്ലതാണ് എന്ന കവിത ഇത്തരം പരസ്യ ങ്ങൾ വിനിമയം ചെയ്യുന്ന മറ്റൊരു സന്ദേശ ത്തെയും കവിതയുടെ ഭാഗമാക്കുന്നു. ആരാണ് ഉത്തമകുടുംബിനി? അവൾ വീടുകളിലെ ഓരോ കാര്യവും ചെയ്യുന്നവരായിരിക്കണം എന്ന ധാരണ പര സ്യങ്ങൾ വഴി എങ്ങനെയാണ് പൊതുസമൂഹത്തിൽ ഉറപ്പിക്കുന്ന തെന്ന് ഈ കവിതയിൽ കാണാം.
“കറ നല്ലതെന്ന് പറയുന്നു
സോപ്പ് പൊടി വിൽക്കുന്നു,
ഉത്തമ കുടുംബിനി
കറയകറ്റുന്നവൾ
കറയുടെ നിറമെന്ത്?
ഗന്ധം രുചി?
പണിക്കാരിക്ക് മാറ്റിവച്ച ചായഗ്ലാസ്സിൽ
ജാതിയുടെ പാടയുണ്ട്
കഴുകിയാൽ പോകുമോ?”.
സമൂഹത്തിലെ കടുത്ത കറയായി ഇന്നും നിലനിൽക്കുന്ന ജാതി വിവേചനത്തെ ചിത്രം അവതരിപ്പിക്കുന്നു. കേരളീയരുടെ വ്യക്തിബോധത്തെയും സദാചാരബോധത്തെയും പരിഹസിക്കാ നും ചിത്ര ഈ കവിത ഉപയോഗിക്കുന്നു.
“ബസിൽ അരികെ
മീൻകാരി,
ദേഹത്ത് ഉളുമ്പ് മണം
തുണികളിൽ ചെതുമ്പൽത്തിളക്കം
തൊട്ടിരിക്കുമോ?
നോക്കിയിരിക്കുമോ?
മണം പോകുമെന്ന് പറയുമോ?”.
ഇത്തരത്തിൽ കറ നല്ലതാണ് എന്ന കവിത കേരളീയ സമൂഹ ത്തിന്റെ മാനസിക അയിത്തത്തെ കാണിച്ചു തരുന്നു.
‘ആലിപ്പഴങ്ങൾ’ എന്നതാണ് റീമ അജോയുടെ ബ്ലോഗിടത്തിന്റെ പേര്. എന്റെ മനസ്സിന്റെ മുറ്റത്തു പൊഴിഞ്ഞവ എന്നാണ് റീമ അജോയ് തന്റെ ബ്ലോഗിനെ പരിചയപ്പെടുത്തുന്നത്. കൂടാതെ പ്രവാസകവിതകൾ, ശ്രുതിലയം എന്നീ ബ്ലോഗുകളും തന്റെ ബ്ലോഗിടമായി റീമ അജോയ് പരിചയപ്പെടുത്തുന്നുണ്ട്. 2011 ലെ എത്ര നനച്ചാലും വിയർക്കുന്നവർ എന്ന കവിത സ്ത്രീ ജീവിതത്തിന്റെ നേർസാക്ഷ്യമാണ്.
“അരകല്ലിനൊപ്പം
അരഞ്ഞു തീരുമ്പോഴും,
അലക്കുകല്ലിനൊപ്പം തേഞ്ഞു
വെളുക്കുമ്പോഴോക്കെയും,
ഉമ്മ വെച്ചു ചോദിക്കും,
എന്തൊരു ഉപ്പാണീ
വിയർപ്പിനെന്ന്?”.
സ്ത്രീ ജീവിതത്തിന്റെ ദിനചര്യകളിൽ നിന്നാണ് റീമ തന്റെ കവിത ക്കു വേണ്ട വിഷയത്തെ കണ്ടെത്തുന്നത്.
വിരലുകൾ ഇണചേരുമ്പോൾ എന്ന കവിതയ്ക്ക് വിഷയം പ്രണയം ആണ്. പ്രണയത്തെ ഇണചേരലിൽ നിന്നു ജനിക്കുന്നതായാണ് റീമ കാണുന്നത്.
“പറയുന്നതൊന്നും,
അറിയാതെ,
കേൾക്കുന്നതൊന്നും
തെളിയാതെ,
മനുഷ്യൻ ഇരുകൈകളിലേക്ക്
ചുരുങ്ങി തീരുമ്പോൾ,
നാലുചുവരിന്റെ
കെട്ടുറപ്പില്ലാതെ,
നാണമറിയാതെ,
ആരുമറിയാതെ,
വിരലുകൾ
ഇണചേരുമ്പോഴാണത്രേ
പ്രണയം ജനിക്കുന്നത്”.
പ്രണയം വിഷയമായി കടന്നു വരുന്ന പ്രണയം-2 എന്ന കവിത ഇങ്ങനെയാണ്,
“ഞാനല്ലല്ലോ
നിന്നെ
കഴുവേറ്റിയത്?
എന്നിട്ടും പ്രണയമേ....
ഉറക്കമില്ലാത്ത
രാത്രികളിൽ
നിന്റെ പ്രേതം
എന്തിനെന്റെ
ഓർമ്മയുടെ
പിൻകഴുത്തിൽ
പല്ലമർത്തുന്നു?”.
2015 ൽ മിനി പി.സി യുടെ ‘ഉൾപ്രേരകങ്ങൾ’ ബ്ലോഗിൽ വന്ന അമ്മ ആത്മഹത്യ ചെയ്യുകയാണ് എന്ന കവിത ഓരോ നിമിഷവും ലൈക്കും ഷെയറും ലൈവുമായി നവമാധ്യമങ്ങളുമായി അടുത്തിടപഴകുന്ന തലമുറയെ പ്രതിനിധീകരിക്കുന്നതാണ്.
“ഒരു മണിക്കൂർ കൊണ്ട്
യൂട്യൂബിൽ ഞാനിട്ട വീഡിയോയ്ക്ക്
ലൈക്ക് മുപ്പതിനായിരം!
'”അമ്മ” തൂങ്ങിമരിക്കുന്ന സീനുകളാണ്
ലൈക്കുകൾ ഇനിയും കൂടും!”.
മരണത്തെപ്പോലും ലൈവ് കാഴ്ചയാക്കി മാറ്റുന്ന തലമുറയാണ് കവിതയിലുള്ളത്. ഇതാകട്ടെ ഇന്നത്തെ കാലത്തിന്റെ നേർചിത്ര മാണ്. നവമാധ്യമങ്ങളിൽ ലൈക്കുകളുടെയും ഷെയറിങ്ങുക ളുടെയും എണ്ണത്തെ നോക്കിക്കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്ന മനുഷ്യർ ഇന്നത്തെ സ്ഥിരം കാഴ്ചയാണ്. ഈ ലൈക്കു കൾക്കും ഷെയറിങ്ങുകൾക്കും വേണ്ടി എന്തും ചിത്രീകരിക്കാവുന്ന മാനസികാവസ്ഥയിലേക്ക് ഇന്ന് ലോകം മാറിയിരിക്കുന്നു. അപ കടങ്ങളിൽപെട്ടവരെ രക്ഷിക്കാൻ പത്ത് പേർ മാത്രം വരുമ്പോൾ അത് വീഡിയോ ആക്കാനായി ചുറ്റും നൂറ് പേരുണ്ടാകുന്നത് നവമാധ്യമലോകത്തെ സ്ഥിരം കാഴ്ചയാണ്.
"അമ്മ കരഞ്ഞത്... കയറെടുത്തത്,
കസേരയിൽ കയറി ഫാനിൽ കുരുക്കിട്ടത്,
കുരുക്കിൽ തലയിട്ടത്,
കുരുക്കു മുറുകി ശ്വാസത്തിനായി പിടഞ്ഞത്,
തുടയാകെ മാന്തിപ്പൊളിച്ചത്,
മലമൂത്രം വിസർജിച്ചത്....
ഒടുവിൽ കണ്ണും നാവും തുറിച്ച് വടിയായത്''
ഇങ്ങനെ മരണത്തിന്റെ ഓരോ അവസ്ഥയെയും ക്യാമറയിലേ ക്ക് പകർത്തിയാണ് യൂട്യൂബിൽ ഇട്ടിരിക്കുന്നത്.
സഹായകഗ്രന്ഥങ്ങൾ- ബ്ലോഗുകൾ
ജോസ് കെ മാനുവൽ: 2014, നവമാധ്യമങ്ങൾ ഭാഷ, സാഹിത്യം, സംസ്കാരം, നാഷണൽ ബുക്ക്സ്റ്റാൾ, കോട്ടയം.
മനോജ്, ജെ ,പാലക്കുടി: 2018, മലയാള സൈബർ സാഹിത്യം, ഗ്രീൻ ബുക്സ്, തൃശ്ശൂർ.
മിനി ആലീസ് (എഡി.): 2014, സമകാലീന മലയാള കവിത പുതുമയും പലമയും, വിദ്വാൻ പി.ജി. നായർ സ്മാരക ഗവേഷണകേന്ദ്രം, ആലുവ.
സച്ചിദാനന്ദൻ: 2010, നാലാമിടം, ഡി.സി ബുക്സ്, കോട്ടയം.
നിഷി ജോർജ്ജ് : 2015, "സൈബർ ഇടങ്ങളിലെ സ്ത്രീ", സംഘടിത മാസിക, ലക്കം 1, വോള്യം 6, കോഴിക്കോട്.
ജ്യോതിബായ്, പരിയാടത്ത് :
കാവ്യം സുഗേയം: https://kavyamsugeyam.blogspot.com/ ?m=1
ജ്യോതിസ്സ് : http://jyothiss.blogspot.com/?m=1
പേശാമടന്ത : http://pesamatantha.blogspot.com/?m=1
ഡോണ മയൂര :
ഋതുഭേദങ്ങൾ : http://rithubhedangal.blogspot.com/?m=1
ദേവസേന :
കവിതയുടെ മഴക്കാലം (devamazha.blogspot.com)
മിനി പി.സി :
ഉൾപ്രേരകങ്ങൾ http://ulprerakangal.blogspot.com/?m=1
സെറീന :
റീമ അജോയ് :
ആലിപ്പഴങ്ങൾ http://allipazhangal.blogspot.com/?m=1
ശ്രുതിലയം: http://shruthilayamco.blogspot.com/?m=1
ഡോ.നീതു ഉണ്ണി
ഗസ്റ്റ് ലക്ചറർ
എംഐഎൽ&എസ് ഡിപ്പാർട്ട്മെൻ്റ്
യൂണിവേഴ്സിറ്റി ഓഫ് ഡൽഹി.
Comentarios