ഭാഷാഭേദങ്ങൾ അസ്തമിക്കുമ്പോൾ
- GCW MALAYALAM
- Apr 14
- 5 min read
Updated: 6 days ago
ശ്രീരാജ് സി.എൽ.

പ്രബന്ധസംഗ്രഹം
ജീവൽഭാഷകൾ നിരന്തരം പരിണാമത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു. ഭാഷയിലുണ്ടാകുന്ന മാറ്റങ്ങൾ പലതും ഭാഷകളുടെ വളർച്ചയ്ക്ക് ആക്കംകൂട്ടുന്നവയാണ്. ഭാഷാശാസ്ത്രം ഭാഷാപരിണാമങ്ങൾ ചർച്ചചെയ്യുന്നത് വാമൊഴിയെ അടിസ്ഥാനമാക്കിയാണ്. വാമൊഴിയിൽ മാനകഭാഷയും ഭാഷാഭേദങ്ങളും ഉൾപ്പെടുന്നു. ഭാഷാഭേദങ്ങളിലുണ്ടാകുന്ന മാറ്റങ്ങൾ വളരെ ഗൌരവമായി കാണേണ്ടതുണ്ട്. കാരണം ഭാഷയുടെ തനിമ സംരക്ഷിക്കുന്നതും ജീവസുറ്റതാക്കുന്നതും ഭാഷാഭേദങ്ങളാണ്. ഭാഷാഭേദങ്ങൾ മാനകഭാഷയിലേക്ക് പരിവർത്തനം ചെയ്യുന്നത് ഭാഷയുടെ ജൈവികതയെ കാര്യമായി ബാധിക്കുന്നു. ഭാഷാഭേദപദങ്ങൾ മാനകഭാഷാപദങ്ങൾക്ക് വഴിമാറിയാൽ അത് മലയാളഭാഷയുടെ തനിമയ്ക്ക് മങ്ങലേല്പിക്കുകയും ഭാഷ തികച്ചും കൃത്രിമമാകുകയും ചെയ്യും. ഭാഷാഭേദങ്ങളിൽ നിന്നും മാനകരൂപത്തിലേക്കുള്ള മലയാളഭാഷയുടെ മാറ്റത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ഈ പ്രബന്ധം
താക്കോൽ വാക്കുകൾ
ശുദ്ധഭാഷ, ഭാഷാഭേദപരിണാമം, വികാരപ്രസരണശേഷി, നവമാധ്യമം,
മാനകഭാഷ.
മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ആശയവിവിമയോപാധിയാണ് ഭാഷ. .മനുഷ്യൻ മാത്രമല്ല ഭൂമിയിലെ ഓരോ അണുജീവിയും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ ആശയവിനിമയം നടത്തുന്നുണ്ട്. എന്നാൽ ജീവികളുടെ ആശയവിനിമയത്തിൽ നിന്നും മനുഷ്യരുടെ ആശയവിനിമയത്തിന് കാര്യമായ വ്യത്യാസങ്ങളുണ്ട്. ജീവികളുടെ ആശയവിനിമയം പ്രകൃതിസഹജമായ ഒരു പ്രക്രിയയാണ്. ജീവികൾ ഉണ്ടായ കാലംമുതൽതന്നെ മാറ്റമില്ലാതെ തുടരുന്ന ഒരു ജൈവീകവൃത്തിയാണത്. എന്നാൽ മനുഷ്യന്റെ ആശയവിനിമയം കൃത്രിമവും ക്രമബദ്ധവും സങ്കേതബദ്ധവുമാണ്. തികച്ചും ബൌദ്ധിക വൃത്തിയായ അത് നിരന്തരം പരിണാമങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. മനുഷ്യന് ആശയവിനിമയത്തിനു മാത്രമായി ഒരവയവുമില്ല. മറ്റു ധർമ്മങ്ങൾ നിർവ്വഹിക്കേണ്ട അവയവങ്ങളെ ഉപയോഗിച്ചാണ് മനുഷ്യൻ ഭാഷ നിർമ്മിക്കുന്നത്. ശ്വാസവായുവിനെ പലരീതിയിൽ ക്രമീകരിച്ച് പല വിധത്തിലുള്ള ശബ്ദങ്ങൾ ഉണ്ടാക്കാൻകഴിയും എന്ന തിരിച്ചറിവിൽ നിന്നുമാണ് ഭാഷ ഉയിർകൊണ്ടത്.
“മനുഷ്യ പ്രകൃതിയെ പ്രതിഫലിപ്പിക്കുന്ന കണ്ണാടി1യായ ഭാഷ ഒരു സാമൂഹികോല്പന്നമാണ്. സാമൂഹിക പ്രത്യേകതകൾ ഭാഷയിൽ പ്രതിഫലിക്കുക സ്വാഭാവികമാണ്. ജാതി, മതം, ലിംഗം, ദേശം ഇവ ഭാഷയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. വ്യത്യസ്തഭാഷാഭേദങ്ങളുടെ സമന്വയമാണ് ഭാഷ. ഭാഷണഭേദങ്ങളാണ് ഭാഷയിൽ നിരന്തരം പുതുമകൾ കൊണ്ടുവരുന്നത്. പുതിയ പദങ്ങൾ ശൈലികൾ, ചൊല്ലുകൾ എന്നിവ ഭാഷണസമൂഹത്തിൻടെ സംഭാവനകളാണ്. കൃത്രിമവും നിർജീവവുമാണ് മാനകഭാഷ. ഭാവവ്യഞ്ജകശേഷിയും വൈകാരിക വിനിമയശേഷിയും ഭാഷാഭേദങ്ങളിൽ നിന്നുയിർകൊള്ളുന്ന ശുദ്ധഭാഷയ്ക്കാണ് കൂടുതൽ. ഭാഷാഭേദങ്ങളിൽ മാനകഭാഷയുടെ കടന്നുകയറ്റം ഭാഷയുടെ സ്വാഭാവിക വളർച്ചയ്ക്ക് ഭീഷണിയായി വരുന്നു. ഇത് ഭാഷയുടെ സ്വാഭാവികത നശിക്കുന്നതിനു കാരണമായിത്തീരുന്നു. ഭാഷ സങ്കേതബദ്ധമാകുന്തോറും അതിന്റെ വികാര പ്രസരണശേഷി (Emotional transmission power)കുറയുന്നു. വികാര പ്രസരണ ശേഷി കുറഞ്ഞ ഭാഷ മൃതഭാഷ (dead Language)യോടടുത്തു നില്ക്കുന്നു. എപ്പോഴും ഭാഷാ പ്രത്യേകതകൾ സംക്രമിക്കേണ്ടത് ഭാഷാഭേദങ്ങളിൽ നിന്നും മാനകഭാഷയിലേക്കാവണം.അത് തിരിച്ചായാൽ ഭാഷ കൃത്രിമമാകാൻ തുടങ്ങുന്നു. അത് ഭാഷയുടെ അപചയത്തിന്റെ ആദ്യപടിയായി കണക്കാക്കാം. മലയാളത്തിൽ. ഭാഷാഭേദപരിണാമത്തിന്റെ സൂചനകൾ ഇപ്പോൾ പ്രത്യക്ഷമാകുന്നുണ്ട്. ഭാഷണത്തിൽ ശുദ്ധഭാഷയുടെ ഉപയോഗം കാര്യമായി കുറഞ്ഞുവരുന്നു.അറിഞ്ഞോ അറിയാതെയോ ശരാശരി മലയാളിയുടെ അനൌപചാരിക സംഭാഷണത്തിൽ കൃത്രിമഭാഷാ സ്വാധീനം വർദ്ധിച്ചുവരുന്നു. ഭാഷയിൽ ഉണ്ടായിവരുന്ന മാറ്റങ്ങൾ വ്യക്തമായി പ്രകടമാകുവാൻ വർഷങ്ങൾ വേണ്ടിവരും. അതൊരിക്കലും ഭാഷണസമൂഹം തിരിച്ചറിയുന്നില്ല എന്നതാണ് ഭാഷാപരിണാമത്തിന്റെ ഏറ്റവും രസകരമായ സംഗതി. നൂറു വർഷംമുൻപ് ഇവിടെ നിലനിന്ന മലയാളമായിരിക്കില്ല ഇന്നു നാം ഉപയോഗിക്കുന്ന മലയാളം. ഗ്രന്ഥഭാഷയിൽപോലും ശ്രദ്ധേയമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. നൂറു വർഷത്തിനു മുൻപുള്ള ഗ്രന്ഥഭാഷയെ സൂക്ഷ്മമായി അപഗ്രഥിച്ചാൽതന്നെ ഇക്കാര്യം വ്യക്തമാകുന്നതാണ് .ഇനിയുണ്ടാകുന്ന ഭാഷാപരിണാമങ്ങൾ കൂടുതൽ വേഗത്തിലായിരിക്കും. ശാസ്ത്രസാങ്കേതികവിദ്യയുടെയും വിവരസാങ്കേതികവിദ്യയുടെയും ദ്രുതഗതിയിലുള്ള വികാസത്തോടൊപ്പം മനുഷ്യന്റെ ചിന്താമണ്ഡലത്തിലും കാര്യമായ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്.മനുഷ്യന്റെ എല്ലാ പ്രവർത്തനത്തിന്റെയും നിയന്ത്രണം ശാസ്ത്രം കൈയാളുകയാണ്. അത് അവന്റെ പൊതുബോധത്തെത്തന്നെ മാറ്റിമറിച്ചിരിക്കുന്നു.
ഭാഷാപരിണാമവും ഭാഷാഭേദപരിണാമവും തമ്മിൽ വ്യത്യാസമുണ്ട്, സാമൂഹിക ഭാഷാവിജ്ഞാന(Socio Linguistics)ത്തിൽ ഭാഷാ പരിണാമം എന്നതുകൊണ്ടർത്ഥമാക്കുന്നത് ഭാഷയിൽ മൊത്തത്തിലുണ്ടാകുന്ന മാറ്റത്തെയാണ്.അതിൽ ഭാഷാഭേദത്തെയും മാനകഭാഷയേയും വേർതിരിച്ചു കാണുന്നില്ല. അവിടെ വാമൊഴിയെ മൊത്തത്തിൽ പരിശോധിക്കുന്നു. വാമൊഴിയിൽ മാനകഭാഷയും ഭാഷാഭേദങ്ങളും ഉൾപ്പെടുന്നു. എന്നാൽ ഒരു ഭാഷാഭേദത്തിലുണ്ടാകുന്ന വ്യത്യാസങ്ങളെ പ്രത്യേകമെടുത്തു പരിശോധിച്ചാൽ മാത്രമേ ഭാഷാഭേദപരിണാമങ്ങൾ മനസ്സിലാക്കാൻ സാധിക്കൂ.
ഒരുവന്റെ സംസ്കാരത്തിന്റെ വാഹകശക്തി വാമൊഴിയാണ്. വാമൊഴിയിലുണ്ടാകുന്ന ഏതു മാറ്റവും സംസ്കാരത്തിലും കാര്യമായ സ്വാധീനം ചെലുത്തുന്നു. അതിനാൽ ഭാഷാഭേദങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും ഗൌരവമായി കരുതേണ്ടതുണ്ട്. പദം, പ്രത്യയം, ശൈലി, ഉച്ചാരണരീതി എന്നിവയിലെല്ലാം ഭാഷാഭേദപരിണാമ ലക്ഷണങ്ങൾ പ്രകടമാണ്. പദതലത്തിലാണ് ഭാഷാഭേദസംബന്ധമായ മാറ്റങ്ങൾ ആദ്യം പ്രത്യക്ഷമാകുന്നതും ശ്രദ്ധിക്കപ്പെടുന്നതും. ക്രമേണ ഭാഷാഭേദപരിണാമം മറ്റു തലങ്ങളിലേക്കും വ്യാപിക്കുന്നു. ഏതെല്ലാം ഘടകങ്ങളാണ് ഭാഷാഭേദപരിണാമത്തിന് കാരണമാകുന്നത് എന്നു പരിശാധിക്കാം.
1.ഔപചാരിക വിദ്യാഭ്യാസം- മാറുന്ന പരിതസ്ഥിതികൾ
ഭാഷാഭേദപരിണാമത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് വിദ്യാഭ്യാസമേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന പുതിയ പ്രവണതകളാണ്. ഔപചാരികവിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളെക്കാൾ ഏറെ മുൻപിലാണ് കേരളം. ഒരു രാജ്യത്തിന്റെ മുന്നോട്ടുള്ളകുതിപ്പിന് വിദ്യാഭ്യസ പുരോഗതി അനിവാര്യമാണ്. ഔപചാരികവിദ്യാഭ്യാസം ചിന്താശേഷിയും കാര്യശേഷിയുമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നു. എന്നാൽ ആധുനികവിദ്യാഭ്യാസപ്രവണതകൾ കുട്ടികളുടെ ഭാഷണത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നുണ്ട്. കുറച്ചുകാലംമുൻപുവരെ കുട്ടികൾ വിദ്യാഭ്യാസം നേടിയിരുന്നത് അതാത് പ്രദേശങ്ങളെ കേന്ദ്രീകരിച്ചായിരുന്നു. സഹപാഠികൾ സമാനഭാഷാഭേദമണ്ഡലത്തിൽ പെട്ടവരായിരുന്നു. അവർ നിരന്തരം ആശയവിനിമയം നടത്തിയിരുന്നത് അതാത് ഭാഷാഭേദങ്ങളിൽ. തന്നെയായിരുന്നു. എന്നാൽ ആഗോളീകരണവും പുതിയ സാമൂഹികക്രമങ്ങളും പ്രാദേശികത എന്ന സങ്കല്പത്തെ തന്നെ മാറ്റിമറിച്ചിരിക്കുന്നു. ഇന്ന് സ്വന്തം പ്രദേശങ്ങളിൽനിന്നും വിദ്യാഭ്യാസം നേടുന്നവരുടെ എണ്ണം വളരെ കുറവാണ്. പലരും വിദ്യാഭ്യാസത്തിനായി, പ്രത്യേകിച്ച് ഉന്നതവിദ്യാഭ്യസത്തിനായി മറ്റു ജില്ലകളെയോ സംസ്ഥാനങ്ങളെയോ ആശ്രയിക്കുന്നു. അതിനുള്ള സാഹചര്യം ഇന്ന് നിലവിലുണ്ട്. ലോകംമുഴുവൻ തങ്ങളുടെ ചുറ്റുവട്ടമായി കാണാനുള്ള മനോഭാവം, വികസ്വരമായിക്കൊണ്ടിരിക്കുന്ന വിവരസാങ്കേതികവിദ്യയും ശാസ്ത്രവും ജനങ്ങളിൽ സൃഷ്ടിച്ചിട്ടുണ്ട്. അവർ നിരന്തരം പെരുമാറുന്ന സാമൂഹികസാഹചര്യങ്ങളിൽനിന്നും വിവിധസംസ്കാരങ്ങളും പ്രാദേശിക ഭാഷാഭേദങ്ങളുമുള്ള ഒരു സമൂഹത്തിലാണ് അവർക്ക് പെരുമാറേണ്ടിവരുന്നത്. അവിടെ അവരുടെ സ്വാഭാവികഭാഷ(ഭാഷാഭേദം) പലപ്പോഴും ആശയവിനിമയത്തിനു തടസ്സമായി നില്ക്കുന്നു. അനൌപചാരിക സംഭാഷണങ്ങളിൽപോലും മാനകഭാഷ പ്രയോഗിക്കാൻ അവർ നിർബന്ധിതനായിത്തീരുന്നു. ഇത് പദപ്രയോഗങ്ങളിൽ തുടങ്ങി വാക്യത്തെയും ശൈലിയേയുമെല്ലാം പരിഷ്കരിക്കുന്നു. അവരറിയാതെതന്നെ തനതായ ഭാഷാഭേദങ്ങളുടെ സ്ഥാനത്ത് മാനകഭാഷ പ്രതിഷ്ഠിതമാകുന്നു. വിദ്യാഭ്യാസപുരോഗതിക്കനുസരിച്ച് കൂടുതൽ പേരിൽ ഈ പ്രവണത കടന്നു കൂടും. ക്രമേണ ഒരു ഭാഷണസമൂഹത്തിൽ മുഴുവൻ ഈ പ്രവണത വ്യാപിക്കുന്നു. തിരുവനന്തപുരം ജില്ലയിൽ കുറച്ചുനാൾ മുൻപുവരെ പ്രയോഗത്തിലിരുന്ന പല ഭാഷാരീതികളും ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. ‘iഎന്തെരണ്ണാ”, “എവിടെപ്പോണണ്ണാ” എന്നെല്ലാമുള്ള സ്വാഭാവികശൈലി മാറി ‘iഎന്താണു ചേട്ടാ “, “എവിടെ പോകുന്നു ചേട്ടാ” എന്ന രീതിയിൽ നടപ്പിലായിട്ടുണ്ട്. അതുപോലെ അധികം, കൂടുതൽ എന്നീ അർത്ഥങ്ങളിൽ പ്രയോഗിച്ചു വന്നിരുന്ന ‘തോനേം’ ഇന്ന് പ്രയോഗത്തിലില്ല. അവയുടെസ്ഥാനത്ത് മാനകഭാഷാപദങ്ങൾ വേരുറപ്പിച്ചു കഴിഞ്ഞു. എപ്പഴ്, എന്തര്, അപ്പി തുടങ്ങിയ പദങ്ങൾ എപ്പോൾ, എന്താണ്, കുട്ടീ എന്നിവയ്ക്ക് വഴിമാറി. തിരുവനന്തപുരംയൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുന്ന മലയാളം ബിരുദാനന്തരബിരുദ വിദ്യാർത്ഥികളുടെ അനൌപചാരിക സംഭാഷണങ്ങളിൽ പോലും അവർ പ്രാദേശികഭാഷാ പ്രത്യേകതകൾ മന:പൂർവ്വം മറച്ചുവയ്ക്കാനുള്ള ശ്രമംനടത്തുന്നുണ്ട് എന്ന് അവർതന്നെ സമ്മതിക്കുന്നുണ്ട്. ഒരുപക്ഷേ കേരളത്തിന്റെ പല ഭാഗങ്ങളിലുമുള്ള വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഭാഷ ഉൾക്കൊള്ളാൻ പ്രയാസമാകുമെന്നു കരുതിയാവും അങ്ങനെ ചെയ്യുന്നത്. എന്നിരിക്കിലും ഈ പ്രവണത കാലാന്തരത്തിൽ അവരിൽ നിലീനമായിരിക്കുന്ന ഭാഷാഭേദപ്രത്യേകതകളെ ഭാഗികമായോ പൂർണ്ണമായോ ഇല്ലാതാക്കാം. സാധാരണ ഭാഷാമാറ്റങ്ങൾ വളരെ സാവധാനമാണ് സംഭവിക്കുന്നത്. എന്നാൽ ഇന്ന് അതിന്റെ ഗതിവേഗം വർദ്ധിച്ചിരിക്കുന്നു. ഇത്തരം മാനകഭാഷാപ്രസരം ഇനിയും വർദ്ധിക്കുവാനുള്ള സാഹചര്യമാണ് നിലവിലുള്ളത്.
2.ഇംഗ്ലീഷ് ഭാഷാബന്ധം
ഇംഗ്ലീഷ് ഭാഷാസമ്പർക്കം നമ്മുടെ ഭാഷണത്തിൽ വളരെയധികം പരിഷ്കാരങ്ങൾ വരുത്തിയിട്ടുണ്ട്. അടിസ്ഥാനവിദ്യാഭ്യാസം ലഭിക്കാത്തവരുടെ ഭാഷണത്തിൽപോലും അറിഞ്ഞോ അറിയാതെയോ ഇംഗ്ലീഷ് പദങ്ങൾ കടന്നുവരുന്നുണ്ട്. പലപ്പോഴും പ്രാദേശികപദങ്ങളുടെ സ്ഥാനമാണ് ഇത്തരം പദങ്ങൾ അപഹരിക്കുന്നുത്. ഈയൊരു പ്രവണത ഭാഷാഭേദങ്ങളുടെ അതിർവരമ്പുകൾ ലംഘിക്കാൻ പോന്നതാണ്. ബന്ധസൂചക ഭാഷാഭേദപദങ്ങളിൽ പലതും ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അച്ഛൻ, ബാപ്പ, പപ്പ എന്നിവയെല്ലാം ഫാദർ അപഹരിക്കുന്നു.അങ്ക്ൾ,ആൺട്,നീസ് എന്നീ പദങ്ങൾ ഇന്ന് അനൌപചാരിക സംഭാഷണത്തിൽ സാധാരണമാണ്. കച്ചവടം നടത്തൽ,കട നടത്തൽ, പീടിക നടത്തൽ ഒന്നും ഇന്നില്ല. പകരം എല്ലാവരും ബിസിനസ്സിന്റെ തിരക്കിലാണ്. ഇംഗ്ലീഷ് ഭാഷാഭ്രമം പ്രാദേശികഭേദത്തെ മാത്രമല്ല മാനകഭാഷയെപ്പോലും വികലമാക്കുന്ന സന്ദർഭങ്ങൾ നിരവധിയാണ്. ഭാഷാസ്വരൂപത്തെക്കുറിച്ച് യാതൊരു അറിവുമില്ലാതെ ‘എന്റെ ഒരു റിലേറ്റീവ് ഡെഡായിപ്പോയി’. എന്നും ‘ഞാൻ ഇന്നലെ ഒരു മാര്യേജിൽ പാർട്ടിസിപ്പേറ്റ്’ ആയിരുന്നു’ എന്നും തട്ടിവിടുന്നവർ ഇന്ന് ധാരാളമാണ്. ഇത്തരം പ്രയോഗങ്ങളിൽ കടന്നുകൂടുന്ന പദങ്ങളിൽ പലതും തനതുഭാഷാരൂപങ്ങൾക്ക് പകരം നില്ക്കുവാനുള്ള ശേഷി കൈവരിച്ചിരിക്കുന്നു. അന്യഭാഷാപദങ്ങൾ ഭാഷയിലേക്ക് കടന്നുവരുന്നത് ഭാഷാഭിവൃദ്ധിക്ക് അത്യന്താപേക്ഷിതമാണ്. എന്നാൽ അതുമൂലം ഭാഷാഭേദങ്ങൾക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയം കാണാതിരുന്നു കൂടാ. ഇംഗ്ലീഷ് ഭാഷാഭ്രമം വർദ്ധിക്കുന്തോറും ഭാഷയുടെ തനിമ കുറഞ്ഞുവരുന്നു എന്ന കാര്യം തർക്കമറ്റതാണ്.
3.സാമൂഹ്യ ബന്ധങ്ങളുടെ കുറവ്
വ്യാവസായികവിപ്ലവത്തിനുശേഷം ആഗോളതലത്തിൽ തന്നെ സാമൂഹ്യബന്ധങ്ങളിൽ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ട്. കൂട്ടുകുടുംബ വ്യവസ്ഥയിൽ കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് പല കാര്യങ്ങളെക്കുറിച്ചും സംസാരിക്കുകയും സുഖദുഖങ്ങൾ പങ്കിടുകയും ചെയ്തിരുന്നു. ഇത്തരം പങ്കു വയ്ക്കലുകളിലൂടെ അവർ കൈമാറിയിരുന്നത് വെറും വികാരവിചാരങ്ങളായിരുന്നില്ല. മഹത്തായ ഒരു പ്രാദേശികഭാഷാസംസ്കൃതി കൂടിയായിരുന്നു. മുത്തച്ഛനും മുത്തശ്ശിയും മാതാപിതാക്കളും കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്ന കഥകളിൽ നാട്ടുഭാഷയുടെ ചൂടും ചൂരുമുണ്ടായിരുന്നു. ഇവയെല്ലാം നാട്ടുഭാഷയുടെ തനിമ കുട്ടികളിൽ വേരോടാൻ പര്യാപ്തമായിരുന്നു.എന്നാൽ ഇന്നത്തെ അണുകടുംബസംവിധാനത്തിൽ കുടംബാംഗങ്ങൾ തമ്മിലുള്ള ഭാഷാ വിനിമയം തീരെ കുറഞ്ഞിരിക്കുന്നു. സങ്കീർണ്ണമായ ജീവിതചുറ്റുപാടുകളിൽ പെട്ടുഴലുന്ന മാതാപിതാക്കൾക്ക് കുട്ടികളോടൊത്ത് ചെലവഴിക്കുവാനുള്ള സമയം പലപ്പോഴും ലഭിക്കാറില്ല. പാഠപുസ്തകങ്ങളിൽ നിന്നും നവമാദ്ധ്യമങ്ങളിൽ നിന്നുംലഭിക്കുന്ന ഭാഷാവിജ്ഞാനമാണ് അവർക്കുള്ളത്. അവയാകട്ടെ തികച്ചും കൃത്രിമമായ മാനകഭാഷയും. ആധുനിക കിന്റർഗാർഡനുകളിൽനിന്നും അവർക്ക് പലപ്പോഴും നുണയാൻ കിട്ടുന്നതും മാനകഭാഷ തന്നെ. പ്രാദേശികഭാഷഭേദങ്ങൾ പരിചയപ്പെടാൻപോലും അവസരം ലഭിക്കാത്ത ഒരു തലമുറയാണ് ഇന്നുള്ളത്.
സാമൂഹ്യബന്ധങ്ങളും കൂട്ടായ്മകളും കാര്യമായി കുറഞ്ഞുവരികയാണ്. ആളുകൾ തമ്മിൽ നേരിട്ടുള്ള ആശയവിനിമയം ഇന്നില്ല. അയൽപക്കക്കാർ തമ്മിലുള്ള ആശയവിനിമയത്തിനുപോലും വാട്സ് ആപും ഫെയിസ്ബുക്കും ട്വിറ്ററും മറ്റ് ആധുനിക വിനിമയോപാധികളുമാണ് ഉപയോഗിക്കുന്നത്. ഇവയിലൂടെയുള്ള സന്ദേശങ്ങളെല്ലാം മാനകഭാഷയിലാണ്. ഇന്നുണ്ടായിവരുന്ന റസിഡന്റ്സ് അസോസിയനുകൾ, ആർട്സ് ആന്റ് സ്പോർട്സ് ക്ലബുകൾ തുടങ്ങിയവയെല്ലാം ഔപചാരിക സ്വഭാവത്തോടു കൂടിയവയാണ്. അവർ ആശയവിനിമയം നടത്തുന്നതും പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതും പലപ്പോഴും ഔപചാരികമായാണ്. ഇവിടെയൊക്കെയും ശുദ്ധഭാഷ(ഭാഷാഭേദം) കടന്നുവരുന്ന സന്ദർഭങ്ങൾ വളരെ വിരളമാണ്. ഇത്തരം കൂട്ടായ്മകളിൽ ഭാഗഭാക്കാവുന്നവരുടെ എണ്ണവും തീരെ കുറഞ്ഞു വരികയാണ്. ഒരു ഭാഷാഭേദസമൂഹത്തിലെ അംഗങ്ങൾ തമ്മിൽ നേരിട്ടുള്ള അനൌപചാരിക ആശയവിനിമയത്തിൽ കുറവുണ്ടാകുന്നത് ഭാഷാഭേദങ്ങളുടെ നിലനില്പിന് ഭീഷണിയാണ്.
4.മാദ്ധ്യമങ്ങളുടെ സ്വാധീനം
ടെലിവിഷൻ,റേഡിയോ,പത്രം തുടങ്ങിയ മുഖ്യധാരാ മാദ്ധ്യമങ്ങളും വാട്സ് ആപ്, ഫെയ്സ് ബുക്ക്, ട്വിറ്റർ എന്നിവ പോലുള്ള നവമാധ്യമങ്ങളും ഭാഷയിൽചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ഒരു ശരാശരി മലയാളി ദിവസത്തിൽ കൂടുതൽ സമയവും ചെലവഴിക്കുന്നത് ഇവയ്ക്കു മുന്നിലായിരിക്കും. പൊതുവെ ഇത്തരം മാദ്ധ്യമങ്ങൾ എല്ലാപേർക്കും മനസ്സിലാകുന്ന മാനകഭാഷയിലായിരിക്കും വാർത്തകൾ പ്രസിദ്ധീകരിക്കുക. പത്രം ഒഴികെയുള്ളവയിൽ വളരെ വിരളമായി ഭാഷാഭേദങ്ങൾ കടന്നുവരാറുണ്ട് എന്നാൽ അവയെല്ലാം ഭാഷാഭേദങ്ങളുടെ വികലമായ അനുകരണങ്ങളായിരിക്കും. സമൂഹത്തിൽ പ്രായഭദമെന്യേ ഇത്തരം മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നുണ്ട്. മലയാളിയുടെ ശീലമായി മാറിയ ഇത്തരം മാദ്ധ്യമ ഉപഭോഗത്താൽ നമ്മുടെ ഭാഷയുടെ തനിമ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു. ഇന്റർനെറ്റിന്റെ കടന്നുവരവോടുകൂടി അതിർത്തികൾക്ക് പ്രസക്തിയില്ലാതായിത്തീർന്നിരിക്കുന്നു.രാജ്യത്തിന്റെയും ഭൂഖണ്ഡത്തിൻെയും അതിർത്തികൾ ഭേദിച്ച് അതു വ്യാപിക്കുന്നു. ലോകം വിരൽതുമ്പിൽ എന്നത് ഇന്ന് ഒരു ആലങ്കാരികപ്രയോഗമല്ല. ലോകത്തെ ഒന്നാക്കുവാൻ പര്യാപ്തമായ ഇന്റർനെറ്റ് എന്ന അത്ഭുതം മലയാളംപോലുള്ള, ഭാഷാഭേദങ്ങളിൽ ജീവനൊളിപ്പിച്ചു വച്ചിരിക്കുന്ന ഭാഷകളുടെ തനിമയെ പ്രതികൂലമായി ബാധിച്ചു തുടങ്ങിയിരിക്കുന്നു എന്നത് ആശങ്കാജനകമാണ്. നവമാദ്ധ്യമങ്ങളുടെ പരിധിയില്ലാത്ത സാദ്ധ്യതകളിലും മനംകുളിർപ്പിക്കുന്ന മായികലോകത്തിലും അഭിരമിക്കുമ്പോൾ നമ്മുടെ ഭാഷയുടെ ആത്മാവിനേറ്റുകൊണ്ടിരിക്കുന്ന പോറൽ നമ്മൾ കാണാതിരുന്നു കൂടാ. ശാസ്ത്രത്തിന്റെ അസ്ത്രക്കുതിപ്പിൽ ഒരുപക്ഷേ ഭാഷാവ്യത്യാസം ആശയവിനിമയത്തിനു തടസ്സമല്ലാതെ വന്നേക്കാം. എന്നാൽ ഭാഷാഭേദങ്ങളിൽ ആത്മാവുകൊരുത്തിരിക്കുന്ന ഭാഷകൾക്ക് അതേല്പിക്കുന്ന ആഘാതം വളരെവലുതായിരിക്കും. ഇതു സുവ്യക്തമാകുവാൻ അല്പം കാലതാമസമുണ്ടാകുമെന്നു മാത്രം.
5.അഭിമാനക്കുറവ്
പലരും അവരുടേതായ ഭാഷാ പ്രത്യേകതകൾ പൊതുമണ്ഡലവുമായി പങ്കുവയ്ക്കുവാൻ വൈമനസ്യം കാണിക്കുന്നു. തങ്ങളുടെ ഭാഷകൾക്ക് എന്തോ കുറവുണ്ടെന്ന തോന്നലാണ് ഇതിനുകാരണം. അവർ അവരുടെ ഭാഷയെ ‘നിലവാര’ മുള്ളതാക്കി മാറ്റാൻ മന:പൂർവ്വം ശ്രമം നടത്തുന്നു. തന്മൊഴി (Ideolect) യെ മാനകഭാഷയോടടുപ്പിച്ചു നിർത്തുകയാണ് അതിനായി അവർ കണ്ടെത്തുന്ന മാർഗം. സിനിമ തുടങ്ങിയ ജനപ്രിയമാധ്യമങ്ങൾ പലപ്പോഴും ഭാഷാഭേദങ്ങളെ വികലമാക്കി ചിത്രീകരിക്കുകയും ഹാസ്യത്തിനുള്ള ഉപാധിയായി കാണുകയും ചെയ്യുന്നു. ഇത് ഭാഷണസമൂഹത്തിന് സ്വന്തം ഭാഷയോട് വൈമുഖ്യം ഉണ്ടാക്കുകയും അതിനെ പരിഷ്കരിക്കാനുള്ള ശ്രമം നടത്തുകയും ചെയ്യുന്നു.
ഭാഷാഭേദങ്ങൾ ഇല്ലാതാവുകയെന്നാൽ ഭാഷയുടെ തനിമ നശിക്കുന്നു എന്നാണർത്ഥം. ”മാതൃഭാഷ ഒരു ആശയവിനിമയോപാധി മാത്രമല്ല.സംസ്കാരത്തിന്റെ വാഹകവും ആന്തരവികാരചൈതന്യത്തിന്റെ വാഹകവും കൂടിയാണ്.”2 .സംസ്കാരവും വികാരവും പ്രതിഫലിക്കുന്നതിന് ഏറ്റവും ശക്തമായത് ഭാഷാഭേദങ്ങൾ എന്നു വിളിക്കപ്പെടുന്ന തനതുഭാഷകൾ തന്നെയാണ്. അവയിലുണ്ടായിവരുന്ന നിലവാരപ്പെടുത്തലുകൾ ഭാഷയുടെ ജൈവികത നശിപ്പിക്കാൻപോന്നവയാണ്. അനൌപചാരിക സംഭാഷണങ്ങളിൽ തങ്ങളുടെ തനതുഭാഷാപ്രത്യേകതകൾ അഭിമാനത്തോടെ നെഞ്ചിലേറ്റുക എന്നതാണ് നമ്മുടെ ഭാഷയെ ജീവസുറ്റതായി നിലനിർത്താനുള്ള ഒരേയൊരു മാർഗം.
കുറിപ്പുകൾ
1. കലാപം ,വിവാദം,വിലയിരുത്തൽ- കെ പി അപ്പൻ, ഡി സി ബുക്സ്,കോട്ടയം, 1994,പേജ് 149
2. അകവൂർ നാരായണൻ,ഭാഷാപോഷിണി,സെപ്റ്റംബർ 2003,പേജ് 58
സഹായക ഗ്രന്ഥങ്ങൾ
1.അപ്പൻ കെ പി,കലാപം വിവാദം,വിലയിരുത്തൽ,ഡി സി ബുക്സ്, കോട്ടയം- 1994
2.കാരശ്ശേരി എം എൻ ,വളരുന്ന കേരളം മാറുന്ന മലയാളം,ഡി സി ബുക്സ്, കോട്ടയം-2017
3.ജോസഫ് സ്കറിയ,ഭാഷയുടെ വർത്തമാനം,സാഹിത്യ പ്രവർത്തക സഹകരണ സംഘം ,കോട്ടയം-2016
4.നമ്പൂതിരിപ്പാട് ഇ എം എസ്, നമ്മുടെ ഭാഷ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം -1997
5.പ്രഭാകരവാര്യർ കെ എം, ഭാഷാവലോകനം, വള്ളത്തോൾ വിദ്യാപീഠം, എടപ്പാൾ-2010
ശ്രീരാജ് സി എൽ
അസിസ്റ്റന്റ് പ്രൊഫസർ, യൂണിവേഴ്സിറ്റി കോളേജ്,തിരുവനന്തപുരം
Comments