top of page

മഞ്ഞണിപ്പൂനിലാവ് പരത്തിയ ഗാനചാരുത

രാജി ടി.എസ്.

ഇന്ത്യൻസിനിമാചരിത്രത്തിൻറെ നാൾവഴികൾ തിരഞ്ഞു നാം ആദ്യം  എത്തുന്നത് ബോംബെയിൽ ആയിരിക്കും.1896ൽ ലൂമിയർ സഹോദരന്മാർ 6 നിശബ്ദലഘുചലച്ചിത്രങ്ങൾ ബോംബെയിൽ പ്രദർശിപ്പിച്ചിരുന്നു. ഈ പ്രദർശനത്തിന് സാക്ഷിയായ ഹരിശ്ചന്ദ്ര സഖാറാം ഭട്ടവ്ദേക്കർ 1898ൽ ഇന്ത്യയിലെ ആദ്യത്തെ ലഘുചലച്ചിത്രം നിർമ്മിച്ചു. 1920 കളിൽ 27 ചലച്ചിത്രം ഓരോ വർഷവും ഇറങ്ങുന്ന തലത്തിൽ ഒരു വ്യവസായമായി വേരോടുവാൻ ഇന്ത്യൻസിനിമയ്ക്ക് സാധിച്ചു. 1931ൽ ഇറങ്ങിയ ‘ആലംആര’ ആണ് ഇന്ത്യയിലെ ആദ്യത്തെ ശബ്ദചലച്ചിത്രം. 1938 ൽ ബാലൻ എന്ന ചലച്ചിത്രത്തിലൂടെ മലയാളത്തിലും ശബ്ദചലച്ചിത്രചരിത്രം ആരംഭിച്ചു. ഈ ചലച്ചിത്രത്തിൽ 23 ഗാനങ്ങൾ ആണ് ഉണ്ടായിരുന്നത്. തുടർന്ന് പുറത്തിറങ്ങിയ ജ്ഞാനാംബിക, പ്രഹ്ലാദ , നിർമല , വെള്ളിനക്ഷത്രം, തുടങ്ങിയ ചലച്ചിത്രങ്ങളിലും നിരവധി ഗാനങ്ങൾ ഉണ്ടായിരുന്നു. മലയാളത്തിൽ അക്കാലത്ത് പുറത്തിറങ്ങിയിരുന്ന സിനിമാഗാനങ്ങളുടെ  ഈണങ്ങൾ പ്രശസ്ത ഹിന്ദി / തമിഴ് സിനിമാഗാനങ്ങളുടെ തനി പകർപ്പായിരുന്നു.

 

1950കളിലാണ് ഈ രീതിക്ക് ഒരു മാറ്റം കൈവന്നത്. മലയാളിത്തം തുളുമ്പുന്ന ഗാനങ്ങളുടെ സൃഷ്ടിക്ക് കാരണമായ പ്രഗൽഭരുടെ പട്ടികയിൽ പ്രശസ്തകവി ശ്രീ P. ഭാസ്കരനും പ്രശസ്ത സംഗീതസംവിധായകൻ ശ്രീ  K രാഘവൻമാസ്റ്റർക്കും ഉന്നതസ്ഥാനങ്ങൾ ആണുള്ളത്. 1913 തലശ്ശേരിയിൽ ജനിച്ച കെ രാഘവൻമാസ്റ്ററും 1924 കൊടുങ്ങല്ലൂരിൽ ജനിച്ച ഭാസ്കരൻമാഷും ഒന്നിക്കുന്നത് 1950 ൽ കോഴിക്കോട് ആകാശവാണിയിൽ വച്ചായിരുന്നു. 1939ൽ മദ്രാസ് ഓൾഇന്ത്യറേഡിയോ നിലയത്തിൽ തമ്പുരുആർട്ടിസ്റ്റ് ആയി ജോലി നേടിയ രാഘവൻമാസ്റ്റർ ഡൽഹിയിലും സേവനമനുഷ്ഠിച്ചതിനുശേഷമാണ് കോഴിക്കോട് എത്തുന്നത്. ഇവരാണ് കേരളത്തിലെ ലളിതഗാനശാഖയ്ക്ക് തുടക്കം കുറിച്ചത് എന്നു പറയാം. ആകാശവാണിയിൽ വെച്ചുള്ള ഈ ചങ്ങാത്തം നീലക്കുയിൽ എന്ന ചലച്ചിത്രത്തിൽ ഒന്നിച്ച് പ്രവർത്തിക്കാൻ കാരണമായി. കമ്മ്യൂണിസ്റ്റുകാരൻ ആയതിനാൽ ആകാശവാണിയിൽ നിന്നും പിരിച്ചുവിടപ്പെട്ട പി.ഭാസ്കരൻ മദിരാശിയിൽ  ജയകേരളം വാരികയുടെ പത്രാധിപരാവുകയും അതുവഴി സിനിമാലോകവുമായി പരിചയത്തിൽ ആവുകയും ചെയ്തു. 1949ൽ ‘അപൂർവ സഹോദരങ്ങൾ’ എന്ന തമിഴ്സിനിമയ്ക്ക് വേണ്ടി മലയാളവരികൾ എഴുതിക്കൊണ്ടാണ് പി.ഭാസ്കരന്റെ സിനിമാപ്രവേശം. തുടർന്ന് ‘ചന്ദ്രിക’യിലും ‘തിരമാല’യിലും ഗാനരചയിതാവും അഭിനേതാവും ആയി പ്രവർത്തിച്ചതിനുശേഷമാണ് സംവിധാനരംഗത്തേക്ക് അദ്ദേഹം കടക്കുന്നത്. ശ്രീ രാമു കാര്യാട്ടും ശ്രീ  പി ഭാസ്കരനും ചേർന്നാണ് 1954 ൽ നീലക്കുയിൽ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിൽ അതുവരെ ഉണ്ടായ ചലച്ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ഒന്ന് ആയിരിക്കണം തങ്ങളുടെ ചിത്രം എന്ന് അവർ തീരുമാനിച്ചിരുന്നു. ഉറൂബ്, ശോഭനപരമേശ്വരൻനായർ, വിൻസൻറ്, കെ. രാഘവൻ തുടങ്ങിയ ബഹുമുഖപ്രതിഭകളുടെ സമ്മേളനം ആയിരുന്നു നീലക്കുയിൽ. നീലക്കുയിലിലെ ഗാനങ്ങൾ ജനങ്ങൾ ഹൃദയത്തിൽ ഏറ്റെടുത്തു. ലളിതസുന്ദരപദങ്ങൾ കോർത്തിണക്കിയ ഗാനങ്ങളും അതിനു ചേരുന്ന പുതുമയുള്ള ഈണങ്ങളും നീലക്കുയിലിലെ ഗാനങ്ങളെ പ്രത്യേകതയുള്ളതാക്കി. പി.ഭാസ്കരൻ - കെ.രാഘവൻ കൂട്ടുകെട്ട് 33ൽ അധികം ചലച്ചിത്രങ്ങളിൽ തുടരുകയുണ്ടായി. മുന്നൂറിലധികം ഗാനങ്ങൾ ഇവരുടെതായി ഉണ്ടെങ്കിലും ജനമനസ്സുകളിലേക്ക് ആദ്യം ഓടിയെത്തുന്നത് നീലക്കുയിലിലെ ഗാനങ്ങളാണ്. മൺമറഞ്ഞുപോയ നിരവധി ഗായികാഗായകന്മാരെ ഓർത്തെടുത്തല്ലാതെ നീലക്കുയിലിൻ്റെ ഗാനചരിത്രം പൂർണമാകുകയില്ല. ‘എല്ലാരും ചൊല്ലണ്’,’ കുയിലിനെ തേടി’ എന്നീ ഗാനങ്ങൾ ആലപിച്ച ജാനമ്മ ഡേവിഡ്,  ‘ഉണരുണരൂ ഉണ്ണിക്കണ്ണാ’ എന്ന ഗാനം ആലപിച്ച ശാന്താ.പി.നായർ, ‘കടലാസു വഞ്ചിയേറി കടലും കടന്നു പോയി’ എന്ന ഗാനമാലപിച്ച കോഴിക്കോട് പുഷ്പ, ‘മാനെന്നും വിളിക്കില്ല’ എന്ന ഗാനമാലപിച്ച മെഹബൂബ്, ‘എങ്ങിനെ നീ മറക്കും കുയിലേ’ എന്ന ഗാനമാലപിച്ച കോഴിക്കോട് അബ്ദുൽ ഖാദർ  എന്നിവരാണ് പിന്നണിഗാനരംഗത്ത് ഉണ്ടായിരുന്നത്.  പ്രണയം, കുസൃതി, വിഷാദം തുടങ്ങിയ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നതും, മാപ്പിളപ്പാട്ട്, (കായലരികത്ത് വലയെറിഞ്ഞപ്പോൾ) , ഭക്തിഗാനം തുടങ്ങിയ വ്യത്യസ്തശൈലികളിൽ ചിട്ടപ്പെടുത്തിയ ഗാനങ്ങളും നീലക്കുയിലിൽ ഉണ്ടായിരുന്നതായി മനസ്സിലാക്കാം.

 

ഭാസ്കരൻമാഷിൻറെ രചനനാവൈശിഷ്ട്യം എന്നത് ലളിതസുന്ദരപദങ്ങളുടെ ഉപയോഗം മാത്രമല്ല. വാക്കുകൾ തമ്മിലുള്ള പൊരുത്തം , അക്ഷരങ്ങളുടെ ആവർത്തനം, വാക്കുകൾ ഇരട്ടിച്ച് ഉപയോഗിക്കുന്ന ശൈലി, ഏതുതരം സന്ദർഭമായാലും അതിന് ചേരുന്ന വരികൾ എഴുതാനുള്ള കഴിവ്, സംഗീതത്തിൽ ഉണ്ടായിരുന്ന അവഗാഹം ഇതെല്ലാം അദ്ദേഹത്തിൻറെ മാത്രം പ്രത്യേകതയാണ്. മലയാളമണ്ണിൻറെ മണമുള്ള ഈണങ്ങളാണ് രാഘവൻ  മാസ്റ്ററിന്റേത് എന്ന് പറയാറുണ്ട്. തിറ, വെള്ളാട്ട് , ഭജന, കോൽക്കളി. തെയ്യം, കൊയ്ത്തു പാട്ടുകൾ, മാപ്പിളപ്പാട്ട്, നന്തുണിപാട്ട് തുടങ്ങിയ നാടൻ കലാരൂപങ്ങൾ നന്നേ ചെറുപ്പത്തിൽ തന്നെ കണ്ടും കേട്ടും മനസ്സിലാക്കാൻ കെ.രാഘവൻ മാസ്റ്ററിന് സാധിച്ചിരുന്നു. കൗമാരപ്രായത്തിലാണ് അദ്ദേഹം ശാസ്ത്രീയസംഗീതം അഭ്യസിക്കുന്നത്. 1939ൽ മദ്രാസ് ആകാശവാണിയിൽ തമ്പുരുആർട്ടിസ്റ്റ് ആയി അദ്ദേഹം ജോലിയിൽ പ്രവേശിച്ചു. തുടർന്ന്  ഡൽഹിയിലും പ്രവർത്തിച്ചതിനുശേഷമാണ് കോഴിക്കോട് ആകാശവാണിയിലേക്ക് സ്ഥലം മാറ്റം വഴി അദ്ദേഹം എത്തുന്നത്. അതുവരെയും ശാസ്ത്രീയസംഗീതം അല്ലാതെ മറ്റൊരു ഭൂമിക അദ്ദേഹത്തിന് ഉണ്ടായിട്ടില്ല എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. അവിചാരിതമായാണ് ലളിതഗാനശാഖയിലേക്ക് തൻറെ പ്രവർത്തനമേഖല വികസിച്ചത് എന്നും അതിന് പൂർണ്ണമായ കടപ്പാടും നന്ദിയും പി.ഭാസ്കരനോട് ഉണ്ട് എന്നും രാഘവൻമാസ്റ്റർ പറഞ്ഞുവെച്ചിട്ടുണ്ട്. അനായാസമായി ഗാനങ്ങൾ എഴുതുന്ന ഭാസ്കരൻമാസ്റ്ററുടെ വേഗത ഈണം നൽകുന്ന കാര്യത്തിൽ രാഘവൻ മാസ്റ്റർക്കും ഉണ്ടായിരുന്നു .

 

നീലക്കുയിലിനു ശേഷം പുറത്തിറങ്ങിയ രാരിച്ചൻ എന്ന പൗരൻ, നായര് പിടിച്ച പുലിവാല്,  നീലിസാലി എന്നീ ചിത്രങ്ങളിലെ പാട്ടുകളും ജനസമ്മതി നേടിയവയാണ്.

ഉദാ:- ‘നാഴിയുരിപ്പാല് കൊണ്ട് നാടാകെ കല്യാണം’, ‘പണ്ട് പണ്ട് പണ്ട് നിന്നെക്കണ്ട നാളയ്യാ’,  ‘പൂമുറ്റത്തൊരു മുല്ല വിരിഞ്ഞു’ .

‘കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം’   (ഖവ്വാലി ശൈലി) , ‘വെളുത്തപെണ്ണേ മനസ്സിലെന്താണ്’ (ചോദ്യോത്തര ശൈലി)

‘നയാപൈസയില്ലാ കയ്യിലൊരു നയാപൈസയില്ലാ’ (ചിരിപ്പിക്കുന്ന / ചിന്തിപ്പിക്കുന്ന കറുത്ത ഹാസ്യം) ‘ഓട്ടക്കണ്ണിട്ടു നോക്കും കാക്കേ’ (ഹാസ്യം), ‘നീയല്ലാതാരുണ്ടെന്നുടെ പ്രണയപ്പുഴയിൽ ചിറകെട്ടാൻ’ ( വിഷാദം).

 

1961 പുറത്തിറങ്ങിയ ചിത്രമാണ് കൃഷ്ണകുചേല. കൃഷ്ണകുചേലയിലെ ‘വർണ്ണിപ്പതെങ്ങിനെ’ എന്ന് തുടങ്ങുന്ന എം.എൽ വസന്തകുമാരിയും പി.ലീലയും ചേർന്ന് ആലപിച്ച ഗാനത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. രാഗമാലിക രൂപത്തിലാണ് ഈ ഗാനത്തിന്റെ രചനയും സംഗീതവും. പല്ലവിയും നാല് ചരണങ്ങളും ആണ് ഈ ഗാനത്തിന് ഉള്ളത്. ഓരോ ചരണങ്ങളും ഓരോ രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. മോഹനം, ശാമ, കാമവർദ്ധിനി, സാരംഗ എന്നീ രാഗങ്ങളുടെ പേരുകൾ ഓരോ ചരണത്തിന്റെയും ആദ്യ വരിയിലെ ആദ്യവാക്കായി യോജിപ്പിച്ചിരിക്കുന്നതാണ് ഇതിലെ രചനാവൈശിഷ്ട്യം.

ഉദാ:- മോഹനഹേമന്ദ ചന്ദ്രികയിൽ

ശ്യാമളപ്പൂമേനി കാൺകേ

കാമവർദ്ധിനിയാം കാനന മുരളിയിൽ

സാരംഗനേത്രകളുമായി

 ചലച്ചിത്രംഗാനലോകം വികാസം പ്രാപിച്ചു വരുന്നതിനനുസരിച്ച് ഭാസ്കരൻമാഷിന്റെയും രാഘവൻമാസ്റ്ററിന്റെയും സംഗീതസാഹിത്യരൂപങ്ങൾക്ക്  ക്രമേണ മാറ്റം സംഭവിച്ചിട്ടുണ്ട്. എല്ലാവർക്കും പാടി നടക്കാവുന്ന ഗാനങ്ങളിൽ നിന്നും മാറി കാവ്യഭംഗി തുളുമ്പുന്ന വരികളിലേക്കും ഗഹനതയാർന്ന ഈണങ്ങളിലേക്കും അവർ രൂപാന്തരം പ്രാപിച്ചതായി കാണുവാൻ സാധിക്കും. 1960 ന് ശേഷമുള്ള ഗാനങ്ങൾ പരിശോധിച്ചാൽ ഈ മാറ്റം വ്യക്തമായി രേഖപ്പെടുത്തുവാനും സാധിക്കും. സാങ്കേതികവളർച്ചയുടെ വികാസം , അത് സിനിമാസംഗീതറെക്കോർഡിങ് മേഖലയിൽ  ചെലുത്തിയ സ്വാധീനം , പുതിയ കഥാസന്ദർഭങ്ങൾ , സങ്കീർണ്ണമായ സ്വഭാവ വിശേഷതകളുള്ള കഥാപാത്രങ്ങൾ ,  പുതിയ  സംവിധായകരുടെയും , ഗാനരചയിതാക്കളുടെയും സംഗീത സംവിധായകരുടെയും വരവും എല്ലാം  ഇതിനൊരു നിമിത്തം ആയിരിക്കാം. ഈ മാറ്റം കൊണ്ട് മലയാള ഗാനശാഖയ്ക്ക് അഭിവൃദ്ധിയെ ഉണ്ടായിട്ടുള്ളൂ താനും.

 

ഉണ്ണിയാർച്ച (അന്നു നിന്നെ കണ്ടതിൽ പിന്നെ ) അമ്മയെ കാണാൻ ( കരിക്കൊടിത്തണലത്ത്, കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ ) ആദ്യകിരണങ്ങൾ ( പതിവായി പൗർണ്ണമി , കിഴക്കുദിക്കിലെ ചെന്തങ്ങിൽ , ഭാരതമെന്നാൽ പാരിൻ ) നഗരമേ നന്ദി ( മഞ്ഞണിപ്പൂനിലാവ് , നഗരം നഗരം ) കള്ളിച്ചെല്ലമ്മ (അശോക വനത്തിലെ , കരിമുകിൽ കാട്ടിലെ , മാനത്തെകായലിന ) തുറക്കാത്ത വാതിൽ ( നാളീകേരത്തിൻറെ നാട്ടിലെനിക്കൊരു , മനസ്സിനുള്ളിൽ ) കാക്കത്തമ്പുരാട്ടി (ഉത്ത്രട്ടാതിയിൽ ഉച്ചതിരിഞ്ഞപ്പോൾ ) ഉമ്മാച്ചു (ഏകാന്തപഥികൻ ഞാൻ ) കണ്ണപ്പനുണ്ണി ( പഞ്ചവർണ്ണക്കിളിവാലൻ , മാനത്തെ മഴമുകിൽ മാലകളേ ) പൂജയ്ക്കെടുക്കാത്ത പൂക്കൾ ( ക്ഷേത്രമേതെന്നറിയാത്ത തീർത്ഥ യാത്ര ) പൊന്നും പൂവും ( തിരുവുള്ളക്കാവിലിന്ന് , നീലമലപ്പൂങ്കുയിലേ ) സുറുമയിട്ട കണ്ണുകൾ (അറബിക്കടലേ ) ശ്രീകൃഷ്ണപ്പരുന്ത് ( മോതിരക്കൈവിരലുകളാൽ , നിലാവിൻ്റെ പൂങ്കാവിൽ നിശാപുഷ്പഗന്ധം ) ദേവദാസ് (സ്വപ്ന മാലിനി )

 

1954ൽ രാജ്യത്തെ മികച്ച രണ്ടാമത്തെചിത്രം എന്ന ബഹുമതി നീലക്കുയിൽ നേടി. നീലക്കുയിലിനെക്കാൾ മികച്ച ചിത്രം എന്ന ലക്ഷ്യത്തിൽ പിൻ തലമുറക്കാരും , ഒപ്പം ഇതേ സിനിമയുടെ അണിയറ പ്രവർത്തകരും ചിന്തിച്ച കാലഘട്ടം ആയിരുന്നു അത്. ചലച്ചിത്രഗാന ശാഖയിലും ഈ ചിന്താഗതി പ്രകടമായി. 1956ൽ വയലാർ രാമവർമ്മയും കെ.രാഘവൻ മാസ്റ്ററും ഒരുമിച്ച കൂടപ്പിറപ്പിലെ ഗാനം തുമ്പീ തുമ്പീ വാ വാ കേട്ടാൽ ആദ്യം തോന്നുക ഭാസ്കരൻമാഷിൻ്റെ വരികൾ എന്നാണ്  . റെബേക്ക (1962) യിലെ ഗാനമായ ‘കൊതിക്കല്ലേ കൊതിക്കല്ലേ റെബേക്ക’ കേൾക്കുമ്പോഴും ഇതേ സാമ്യം തോന്നാം . ‘വണ്ടീ വണ്ടീ നിന്നെപ്പോലെ വയറിലെനിക്കും തീയാണ്’ ( ഡോക്ടർ) എന്ന ഗാനത്തിൻ്റെ  ശൈലി രാഘവൻമാസ്റ്ററിൻ്റേതാണ് എങ്കിലും ഈണം പകർന്നിരിക്കുന്നത് ജി.ദേവരാജൻമാഷാണ്. മലയാളസിനിമാചരിത്രത്തിൽ എക്കാലത്തും ഓർമ്മിക്കപ്പെടുന്ന രീതിയിലുള്ള സംഭാവനകൾ രേഖപ്പെടുത്തിയ പ്രതിഭാധനരാണ് ഭാസ്കരൻമാഷും രാഘവൻമാസ്റ്ററും. ലളിതകോമള പദാവലികൾ കൊണ്ട് വാങ്ങ്മയ ചിത്രങ്ങൾ തീർത്ത ഭാസ്കരൻമാഷിനേയും അത്ര തന്നെ മനോഹരങ്ങളായ ഈണങ്ങൾ സമ്മാനിച്ച രാഘവൻമാസ്റ്ററേയും മലയാളമുളള കാലം വരെയും വിസ്മരിക്കാനാകില്ല.

 

രാജി ടി.എസ്.

അസി. പ്രൊഫസർ

സംഗീത വിഭാഗം

ഗവ. വ്യൂമൺസ് കോളേജ് വഴുതക്കാട്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page