മനുഷ്യനായി തീർന്ന കവി - പി.ഭാസ്കരൻ്റെ കവിതകളുടെ പഠനം
- GCW MALAYALAM
- Feb 15
- 5 min read
ഡോ.ജൂലിയ ഡേവിഡ്

മലയാള മലയാളകാവ്യ-സിനിമാഗാനമേഖലയിൽ അഭൂതപൂർവ്വമായ മാറ്റങ്ങൾ വരു ത്തിയ എഴുത്തുകാരനാണ് പി ഭാസ്കരൻ. കാൽപ്പനികതയുടെ തുടർച്ചയിൽ മാത്രമല്ല തീവ്രവിപ്ലവാവേശങ്ങൾ ഉൾക്കൊണ്ട കവി എന്ന നിലയിലും അദ്ദേഹം സ്വസ്ഥാനം അടയാളപ്പെടുത്തുന്നു. . സാമ്രാജ്യത്വ-നാടുവാഴിശക്തികൾ വാണ കേരളത്തിലിരുന്ന് കവിതകളും പിൽക്കാലത്ത് കവിതകളോടൊപ്പം ധാരാളം സിനിമാഗാനങ്ങളും എഴുതി. രണ്ട് കാലഘട്ടങ്ങളെ രേഖപ്പെടുത്തിയ പ്രതിഭാശാലിയായിരുന്നു അദ്ദേഹം. 1924 ഏപ്രിലിൽ ജനിച്ച് 2007 ഫെബ്രുവരിവരെ ദീർഘകാലം കേരളത്തിലെ സാമൂഹികസാംസ്‌കാരികചലനങ്ങൾ ദർശിക്കുകയും രാഷ്ട്രീയപ്രത്യയശാസ്ത്രമാറ്റങ്ങൾ വിമർശനാത്മകമായി നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. പി ഭാസ്കരൻ്റെ കാവ്യസപര്യയുടെ സാമാന്യ അവലോകനമാണ് ഈ പ്രബന്ധം ലക്ഷ്യമാക്കുന്നത്.
തീവ്രവിപ്ലവകവിതകൾ
വയലാർ ഗർജ്ജിക്കുന്നു,രണ്ടു കണ്ണുകളുടെ കഥ,വില്ലാളി,ഓടക്കുഴലും ലാത്തിയും, ഒരിക്കൽകൂടി,വിപ്ലവം, ആമിന-തുടങ്ങിയ കവിതകൾ 1950നു മുമ്പ് രചിച്ചവയാണ്. കേരളത്തിൻ്റെ സ്വാതന്ത്ര്യപൂർവ്വ-ഇടത് സമര-പോരാട്ട ചരിത്രസന്ദർഭങ്ങളിൽ നിന്നും അടർത്തി മാറ്റാനാവാത്ത അത്രയും വിപ്ലവവീര്യമുൾക്കൊണ്ടവയാണ് മേൽപ്പറഞ്ഞ കവിതകൾ. രണ്ടു കണ്ണുകളുടെ കഥ എന്ന കവിത, കരിവെള്ളൂരിലെ അടിസ്ഥാന ജനതയുടെ പ്രതീകങ്ങളായ രാമൻ്റെയും ചിരുതയുടേയും ജീവിതത്തെക്കുറിച്ചു പറയുന്നു. അവരുടെ അത്യധ്വാനം കൊണ്ട്, വയലിലെ പച്ചക്കടലിൽ വിളയിച്ച പവിഴങ്ങൾ കൊണ്ടു പോയ് മറയുന്ന മഞ്ഞുമുത്തപ്പനും, പത്തായതിൻ്റെ പള്ള നിറച്ച എശമാനനും കവിയുടെ പരിഹാസമേറ്റു വാങ്ങുന്നു. പട്ടിണിയിലാകുന്ന ഗ്രാമം സംഘടിക്കുന്നു. പണികിട്ടാനും കൂലി കിട്ടാനും വേണ്ടി ആ സംഘത്തിൽ രാമനും ചേരുന്നു. അവരുടെ പോരാട്ടങ്ങൾക്കൊടുവിൽ സംഘം തകർക്കുവാനായി ഗ്രാമത്തിൽ ‘കാക്കി ഭൂതങ്ങൾ’ ഇറങ്ങുന്നു. സംഘത്തിലെ ഒരാളെപ്പോലും കണ്ടുകിട്ടാത്തതിനാൽ ഗ്രാമങ്ങളിലെ വീടുകളിൽ കയറി ആക്രമണങ്ങൾ നടത്തുന്നു. അതോടൊപ്പം ചിരുതയുടെ വീട്ടിലും കയറി അവളെ ഉപദ്രവിക്കുന്നു. അതി ക്രൂരമായി അവളുടെ ശരീരത്തെ പീഡിപ്പിച്ചിട്ടും അവളുടെ വായിൽ നിന്നും അവർക്ക് സമരപോരാട്ടക്കാർ എവിടെയെന്നതിന് യാതൊരു ഉത്തരവും ലഭിക്കുന്നില്ല. ‘ചുളിയുന്ന ചൂരലിനൊച്ചകൾ’, ’കാമക്കോമരക്കൂത്തു തുള്ളുമ്പോൾ’, ‘ബോധംവെടിയുമവൾ തൻനിലവിളി/ രാവിൻ ഹൃദയം പിളർന്നു’ -എന്നിങ്ങനെ ചിരുതയനുഭവിച്ച തീവ്ര വേദനയും അപമാനവും കവി സൂക്ഷ്മമായി രേഖപ്പെടുത്തുന്നു. എന്നിട്ടും ചിരുത ജീവിക്കുന്നു. ചുരുൾ മുടി കൊഴിഞ്ഞിട്ടും,മുഖം ചുളിവാർന്നിട്ടും , ചിതറിത്തെറിച്ച സ്വപ്നം കണക്കെ അതേ വീട്ടിൽ അവൾ ജീവിക്കുകയാണ്. തുടലുകൾ ചുറ്റിയ പാടുകൾ പോലെ ആ ക്രൂര രാത്രിയുടെ ഓർമ്മകൾ അവളുടെ തുടകളിൽകാണാം. എന്നാൽ കവി ചെന്നു നോക്കിയത് അവളുടെ കൺകളിലാണ്. അവിടെ കാണാനാവുന്നത്, എരിയുന്ന, പക വീട്ടാൻ വെമ്പുന്ന രണ്ടു തീനാളമാണ്. സംഘടിച്ചവർക്കെതിരെ സാമ്രാജ്യത്വ-അധികാരശക്തികൾ നടത്തിയ ക്രൂരകൃത്യങ്ങൾക്ക് പകരം ചോദിക്കാൻ -;
ചിരുതമാരൊക്കെയും
‘പാഞ്ഞടുക്കുന്നൂ!
ചിരുതമാരൊക്കെയുമാഞ്ഞടുക്കുന്നു
അവരുടെ ഗർജ്ജനം മാറ്റൊലിക്കൊൾവൂ ,
അലറുമിടിവെട്ടായ് വാനിൽച്ചരിപ്പൂ .
അധികാരത്തിൻ്റെ ദുർനയങ്ങൾക്കെതിരെ ചോദ്യമുയർത്തിക്കൊണ്ട്, എരിയുന്ന കൺകളിൽ ഇടിമിന്നൽ ചൊരിഞ്ഞുകൊണ്ടാണ് അവരുടെ വരവ്. അതിൽ നാടും നഗരവും നാഗരികത്വവും നീതിയും നിയമവും നിന്ന് വിറയ്ക്കുകയാണ്. കവി കാണുന്ന- “രണ്ടു കണ്ണുകളുടെ കഥ”-രക്തച്ചൊരിച്ചിലുകളുടേതാണ്. സ്ത്രീകളടക്കമുള്ള അനേകം സാധാരണജീവിതങ്ങൾ തകർത്തെറിഞ്ഞ കരിവെള്ളൂരിലെയും കയ്യൂരിലെയും ഭരണകൂടഭീകരതകൾക്കെതിരെ ശക്തമായി തൂലിക ചലിപ്പിക്കാൻ പി. ഭാസ്കരന് സാധിച്ചു. കാല്പനികതയിൽ മയങ്ങിപ്പോയ കവിയെ നമുക്കിവിടെ കാണാൻ സാധിക്കില്ല. മറിച്ച് ധീരരും പോരാളികളുമായ സ്ത്രീകളെ തന്നെ പ്രധാന കഥാപാത്രമാക്കാൻ ഈ കവിതയ്ക്ക് സാധിച്ചുവെന്നത് പ്രത്യേകം നിരീക്ഷിക്കേണ്ടതാണ്.
എന്താണ് വിപ്ലവമെന്ന് അതിലളിതമായി; ഏറെ ഗൗരവത്തോടെ വിപ്ലവം എന്ന പേരിൽ തന്നെ എഴുതിയ കവിതയിൽ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. അന്ധകാരച്ചങ്ങലകൾ ചിന്നിച്ചിതറിച്ചുകൊണ്ട്,പുലരിയുടെ കവാടങ്ങൾ ബന്ധവിമുക്തങ്ങളായി-എന്നിങ്ങനയും; നടക്കുവാൻ, പാഞ്ഞീടുവാൻ/ മനുജൻ്റെയഭിമാന / ജയങ്ങളെയുൾക്കൊണ്ടുവ/ന്നണഞ്ഞു പോയ് വിപ്ലവത്തിൻ വിഭാതവേള-എന്നിങ്ങനെയുമാണ് വിപ്ലവത്തെ അദ്ദേഹം കാവ്യവൽ ക്കരിക്കുന്നത്. ഏറ്റവും അടിസ്ഥാനമായി വിപ്ലവത്തിലുൾക്കൊള്ളുന്നത് , മനു ഷ്യൻ്റെ അഭിമാനജയങ്ങളാണ് . അന്ധകാരം,നിശീഥിയാൾ എന്നിങ്ങനെയുള്ള പദങ്ങളിലൂടെ കൂരിരുട്ടത്ത് കഴിഞ്ഞിരുന്ന മനുഷ്യരുടെ അതുവരെയുള്ള അവസ്ഥകളെ വിവരിക്കുകയും, അഭിമാനത്തോളം വലുതായി മറ്റെന്തി നെയാണ് വിപ്ലവത്തിന് അഭിസംബോധന ചെയ്യാൻ സാധിക്കുക-എന്നിങ്ങനെയും കവി ചോദിക്കുന്നു. മനുഷ്യൻ എന്ന പദവി ഏവർക്കും ലഭിക്കുക തന്നെയാണ് ഓരോ വിപ്ലവത്തിലൂടെയും സാധ്യമായത്.
അതേ വിപ്ലവദർശനം തന്നെയാണ് വയലാർ ഗർജ്ജിക്കുന്നു എന്ന കവിതയിലും ഉള്ളത്. മനുഷ്യനായി ജീവിക്കാനുള്ള; ഓരോരുത്തരുടെയും അവകാശങ്ങൾ നേടിയെടുക്കാനായി നടത്തിയ വിപ്ലവവീര്യമുൾക്കൊണ്ട കവിതയാണിത്. “അവിടുത്തെ ജനതതിയൊരു ദിനം മർത്ത്യരായി”-എന്നിങ്ങനെയും; “തല താഴ്ത്തി നിൽക്കുമാ മൺകുടിലോരോന്നും മനുജാഭിമാനത്തിൻ കോട്ടയായി”-എന്നിങ്ങനെയും കവിതയിലുടനീളം മർത്ത്യരാവുക എന്ന ആശയാഭിലാഷങ്ങളുടെ സാക്ഷാത്ക്കരണത്തിനാണ് കവി ഊന്നൽ നൽകുന്നത്
(2016:187). “നവയുഗക്കതിരോൻ്റെ പ്രഭ”യിൽ അഥവാ ജ്ഞാനോദയത്തിൻ്റെ വെളിച്ചം പരന്നതിനാലാണ് ആ അടിസ്ഥാനജനതയിൽ ഉയിർത്തെഴുന്നേൽപ്പ് ഉണ്ടായതെന്ന് കവി കരുതുന്നു. ഈ ഉയർത്തെഴുന്നേൽപ്പ് വയലാർ എന്ന കൊച്ചുഗ്രാമത്തിൽ മാത്രമായി ഒതുങ്ങിയിരിക്കില്ല, മറിച്ച്:-
“ഉയരും ഞാൻ, നാടാകെ
പടരും ഞാനൊരു പുത്ത-
നുയിർ നാട്ടിനേകിക്കൊണ്ടുയരും വീണ്ടും” -എല്ലാ നാടുകളിലേക്കും മർദ്ദിതരുടെ രക്തരൂഷിതമായ വിപ്ലവചരിത്രം പടർന്നു കയറുക തന്നെ ചെയ്യും-എന്നിങ്ങനെ കവി ഉദ്ഘോഷിക്കുന്നു. എം ലീലാവതിയുടെ മലയാളകവിതാസാഹിത്യചരിത്രത്തിൽ പ്രസ്തുതകവിതയെ ഇപ്രകാരമാണ് വിലയിരുത്തുന്നത്: ‘ഊർജ്ജസ്വലമായ ഉത്സാഹത്തിൻ്റെയും ശപഥത്തിൻ്റെയും വെല്ലുവിളിയുടെയും ഗർജ്ജനമാണ് ആദ്യത്തേത്(വയലാർ ഗർജ്ജിക്കുന്നു). അത്ര ശക്തമായ വിപ്ലവഗാനം അവിടുത്തെ പൂഴി സ്വരക്തം കൊണ്ട് മാണിക്യത്തരികളാക്കിയ യോദ്ധാവ്”.(2021:338) പി ഭാസ്കരൻ്റെ ഈ കാവ്യം ശക്തമായ വിപ്ലവവീ ര്യമുൾക്കൊണ്ടതാണെന്ന് സമ്മതിക്കുമ്പോൾ തന്നെ, പിൽക്കാലത്ത് ഈ കവിതയിലെ വ്യംഗ്യാർത്ഥസൂചനകൾ നേർവിപരീതഫലമാണുളവാക്കിയ തെന്നും അവർ നിരീക്ഷിക്കുന്നുണ്ട്. എന്നാൽ കേരളത്തിലെ സാമൂഹിക പരിവർത്തനങ്ങൾ ഇന്ന് സൂക്ഷ്മമായി അപഗ്രഥിക്കുമ്പോൾ, 1950 നു മുമ്പുണ്ടായിരുന്ന കേരളമല്ല ഈ നൂറുവർഷങ്ങൾക്കിപ്പുറം കാണുന്നതെന്ന് വ്യക്തമാകും. നൂറ്റാണ്ടുകളായി പണി ചെയ്ത് വിശപ്പു മാത്രം തിന്നു ജീവിച്ച ജനതതി;അവർ സ്വന്തം കഴലിലും കയ്യിലും കണ്ട അടിമത്തത്തിൻ്റെ ചങ്ങലകൾ, വയലിലും തോപ്പിലും കഠിനമായി അധ്വാനിച്ചിട്ടും പ്രതിഫലം വറുതിയും പട്ടിണിയും മാത്രമായി പോകുന്നതിലെ അപാകതകൾ, വലിയോരുടെ പണപ്പെട്ടി, പൊൻപണത്താൽ വീർക്കുവാൻ വേണ്ടി മാത്രം കഠിനാധ്വാനം ചെയ്യുന്നവർ, ഉരിയാടാൻ പാടില്ലാത്തവർ- തലപൊക്കാൻ പാടില്ലാത്തവർ-അങ്ങനെ വല്ലതും ചെയ്തുപോയാൽ ഭരണകൂടം കഴുമരം കാണിച്ചു ഭയപ്പെടുത്തും -ഇപ്രകാരം കവിതയിൽ സൂചിപ്പിച്ചിട്ടുള്ള അടിസ്ഥാന വർഗ്ഗത്തിൻ്റെ സാമൂഹികസ്ഥാനം മെച്ചപ്പെടുത്താനും പിൽക്കാലത്ത് ജനാധിപത്യത്തെക്കുറിച്ചുള്ള ചിന്തകൾ രൂപപ്പെടുത്തിയെടുക്കാനും കേരളത്തിൽ പി ഭാസ്കരൻ അടക്കമുള്ള കവികളുടെ വിപ്ലവവീര്യമുൾക്കൊണ്ട കവിതകൾക്ക് സാധിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാം.
വീട്ടിലേക്ക് മടങ്ങുന്ന കവിതകൾ
വീടും പരിസരങ്ങളും മാത്രമല്ല വീട്ടിലേക്കുള്ള മടക്കവും പി.ഭാസ്കരൻ്റെ കവിതകളുണ്ട്. അതിസുന്ദരമായ കേരളീയപ്രകൃതിയും കാഴ്ചകളും നാടിൻ്റെ പാട്ടുകൾ പാടാൻ കവിയെ സജ്ജമാക്കിയിട്ടുണ്ട്. പ്രകൃതിദൃശ്യങ്ങൾ പലപ്പോഴും സ്ത്രീകളുമായി സാമ്യപ്പെടുത്തി അവതരിപ്പിക്കുന്നതായി കാണാം. ഉദാഹരണത്തിന് ‘നെല്ലിപ്പൂ’ എന്ന കവിതയിൽ ആ പൂവിനെ മുണ്ടകൻപാടത്തിന്റെ വക്കിലും വരമ്പിലുമാണ് കാണുന്നത്. അവർ തൻ്റെ ഉൾക്കളത്തിലെ സഖിമാരാണ്. വയലറ്റ് മഷി,നീല നീലമാം നേത്ര നക്ഷത്രങ്ങൾ, ഇന്ദ്രനീലങ്ങൾ എന്നിങ്ങനെ വർണ്ണിച്ച, നീലനിറമുള്ള നെല്ലിപ്പൂക്കളുടെ ദൃശ്യം കവിയെ വിഷാദത്തിൽ നിന്നും ദുഃഖത്തിൽ നിന്നും ഏകാന്തതയിൽ നിന്നും മറികടക്കാൻ സഹായിക്കുന്നു. കരിംകിടാത്തികൾ, സഖിമാർ, പച്ചപ്പായലിൻ ചതുപ്പിലും മായാജാലം തീർക്കുന്നവർ എന്നിങ്ങനെ നെല്ലിപ്പൂക്കൾ കവിയെ സംബന്ധിച്ചിടത്തോളം സാധാരണ സ്ത്രീകളുടെ പ്രതീകമാണ്. പ്രകൃതിയുടെ ചെറിയ ചലനങ്ങളിൽ പോലും തലയാട്ടി സന്തോഷിക്കുന്നവരാണ്. ഞാറ്റുവേലപ്പൂക്കൾ എന്ന കവിതയിൽ, എല്ലാ പുഷ്പങ്ങളും കന്യകമാരാണ്. എല്ലാത്തരം കൃഷിയിനങ്ങളിലും പൂക്കളുണ്ടാവുന്ന കാലമാണ് ഞാറ്റുവേലക്കാലം. വലിയ വർഷകാലവും വെള്ളപ്പൊക്കവും എല്ലാ ജനങ്ങളെയും വറുതിയി ലാഴ്ത്തിയ സമയത്ത്, പുതിയ പ്രതീക്ഷകളുമായാണ് ഞാറ്റുവേലപ്പൂക്കൾ പ്രത്യക്ഷപ്പെടുന്നത്. ഈ കന്യകളായ പൂക്കളും കവിയ്ക്ക് പ്രതീക്ഷയും പ്രത്യാശയും നൽകുന്നുണ്ട്.
“നാളത്തെസമൃദ്ധിതൻ നാടകീയവാഗ്ദാനങ്ങൾ
നീളവേ നിശബ്ദമായുദ്ഘോഷിച്ചെത്തീ നിങ്ങൾ -എന്നിങ്ങനയും;
അവിടെക്കാവൽക്കാത്തു നിന്നീടുമെൻ നെഞ്ചിലെ-
കാവ്യസങ്കല്പം, പ്രതിനിമിഷം, പ്രതീക്ഷയായ്” -എന്നിങ്ങനയും പൂക്കൾ കവിയ്ക്ക് പ്രചോദനവും പ്രതീക്ഷയുമാണ്. കൃഷ്ണക്രാന്തിപ്പൂക്കൾ എന്ന കവിതയിലും പൂക്കൾ കവിയ്ക്ക് സ്ത്രീകളാണ്. ഗ്രാമത്തിലെ കന്യകമാരാണ് അവർ. നിരനിരയായ് വിടർന്നു വിരിഞ്ഞു നിൽക്കുന്നവയാണ് ആ പൂക്കൾ; സ്ത്രീകൾ കവിയുടെ ഭാവനാനേത്രങ്ങളിൽ അഞ്ജനം ചാർത്തിച്ചവരാണ്. കാലത്തിൻ്റെ മാറ്റത്തിൽ, വിശ്വാസരാഹിത്യത്തിൽ താൻ മുന്നോട്ട് നീങ്ങുമ്പോൾ ആ പൂക്കൾ കണ്ണീരിൽ നനച്ചുള്ള ഒട്ടുചിത്രങ്ങളായ് മാറാനിടയുണ്ട്. തൻ്റെ മനസ്സാകുന്ന പുസ്തകത്താളുകളിലെ ഒന്നാംപേജിൽ തന്നെ ഒട്ടിച്ചു വെക്കുന്ന അത്തരം ചിത്രങ്ങൾ കവി അടുത്ത തലമുറയ്ക്കായി കാത്ത് വെയ്ക്കണമെന്ന് ആഗ്രഹിക്കുന്നു. കവി എന്ന നിലയിൽ എഴുത്തിനെ പ്രോത്‌സാഹിപ്പിക്കുകയും ഭാവനാസമ്പുഷ്ടമാക്കുകയും ചെയ്ത ഗ്രാമീണ അനുഭവങ്ങൾ, ബാല്യകൗമാരജീവിതരഹസ്യങ്ങൾ എല്ലാം താൻ ജീവിച്ച പ്രകൃതിയുമായി കൂട്ടിയിണക്കിയാണ് രൂപപ്പെടുന്നത്. എപ്പോഴും വീട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന ഒരാൾ അദ്ദേഹത്തിന്റെ കവിതകളിലുണ്ട്.(2008:22)
മർദ്ദിത ജനത
അതി സാധാരണക്കാരായ ജനങ്ങളുടെ ജീവിതം എല്ലാ കവിതകളിലും വിവരിക്കുന്നുണ്ട്. ചെളിയിലും വെയിലിലും കഠിനാധ്വാനം ചെയ്തു ജീവിച്ച/ജീവിക്കുന്ന ജനത, ഗ്രാമ-നഗര ഭേദമില്ലാതെ മിക്ക കവിതകളിലുമുണ്ട്. ചൂഷിതർ, മർദ്ദിതർ-എന്നിങ്ങനെ എക്കാലത്തും ദുരിതമനുഭവിക്കാൻ വിധിക്കപ്പെട്ടവരുടെ ഒരു വലിയ ലോകം കവി കാണിച്ചു തരുന്നു. അത്തരം ജനതയ്ക്ക് ഒരു നല്ല ജീവിതം സ്വപ്നം കാണുന്നവരിൽ കവിയുമുണ്ട്. സ്വപ്നം കാണാൻ മാത്രമല്ല, അധ്വാനിക്കാനും വിശപ്പറിയുവാനും അദ്ദേഹം തയ്യാറായിരുന്നു. ജോർജ്ജ് ചടയൻമുറി എന്ന കവിതയിൽ;
മനുഷ്യജീവിതമിങ്ങനെ പോക്കി-
യിരുന്നാലെന്തതിനർത്ഥം ?
അടിമത്തത്തിൻ ചങ്ങല വെട്ടി-
പ്പൊട്ടിക്കാനും നാട്ടിൽ-
പുതിയൊരു മനുജനെയുണ്ടാക്കാനും
വരുന്നുവോ താൻ കൂടെ ?-എന്ന ചടയൻ്റെ ചോദ്യത്തിന്; പറഞ്ഞു പഴകിയ പാഠങ്ങൾ നിറഞ്ഞിരുന്ന പുസ്തകങ്ങൾ വലിച്ചെറിഞ്ഞാണ് പുതിയ പാഠം പഠിക്കാൻ അദ്ദേഹം പുറത്തേക്കിറങ്ങിയത്. വിശപ്പ് തിന്നും, വീടുവെടിഞ്ഞും, നാടു മുഴുവൻ അലഞ്ഞും, ചെരുപ്പ് വാങ്ങാൻ സാധിക്കാതെ വെറുംകാലിൽ നടന്നതും അതേ കവിതയിൽ ചേർത്തിരിക്കുന്നു. എന്നാൽ തന്നേക്കാൾ മർദ്ദിതജനതയ്ക്കു വേണ്ടി അക്ഷീണം പ്രവർത്തിച്ച ചടയനെ അദ്ദേഹം കണ്ണീരോടെ ഓർക്കുന്നു.തന്നെപ്പോലുള്ളവർ ഉറങ്ങാൻ പോകുമ്പോഴും തനിച്ച് പ്രവർത്തിക്കാനായി മുന്നോട്ട് നീങ്ങിയ ജോർജ്ജ്ചടയൻ്റെ രൂപം കവി രേഖപ്പെടുത്തുന്നു. കാലം മാറിപ്പോകെ ധാരാളം മാറ്റങ്ങൾ ചുറ്റുപാടും ഉണ്ടായത് കവി നിരീക്ഷിക്കുന്നു. എന്നാൽ അധികാരം ജനങ്ങളിലേക്ക് വന്നപ്പോഴും മർദ്ദിതവ ർഗ്ഗജീവിതത്തിൽ വലിയ മാറ്റങ്ങൾ കാണാത്തതിൽ അദ്ദേഹത്തിന് ദുഖമുണ്ട്.
താൻ സ്വപ്നം കണ്ട നവജീവിതത്തിൻ്റെ വരവ് കാത്തിരിക്കുന്ന ഒരുവൻ പി ഭാസ്കരൻ്റെ കവിതകളിലുണ്ട്. ഭൂമിയിൽ എല്ലാവർക്കും അത് സാധ്യമാകാത്തതിൽ കവിയ്ക്ക് പ്രതിഷേധമുണ്ട്. ആ പ്രതിഷേധം; പരിഹാസമായും പുച്ഛമായും നിരാശയായും കവി രേഖപ്പെടുത്തുന്നു. ഒരിക്കൽ നവയുഗപുലരിക്കായ് അക്ഷീണം പ്രവർത്തിച്ചവരുടെ നീണ്ട അനുസ്മരണങ്ങൾ കവിതകളിൽ ചേർത്തിരിക്കുന്നു. അവരോടൊപ്പം താൻ പ്രവർത്തിച്ചപ്പോൾ സ്വപ്നം കണ്ടതും യാഥാർഥ്യവും തമ്മിലുണ്ടായ വ്യത്യാസം കവിയെ അസ്വസ്ഥ നാക്കുന്നുണ്ട്. അതാകട്ടെ വലിയ വിമർശനമായി തന്നെ അദ്ദേഹം അടയാളപ്പെടുത്തുന്നു.(2010:8)
ഉപസംഹാരം
കാലത്തോടൊപ്പം ജീവിച്ച കവി ആയിരുന്നു പി. ഭാസ്കരൻ. താൻ ജീവിച്ച കാലത്തുണ്ടായ എല്ലാ മാറ്റങ്ങളെയും അദ്ദേഹം അഭിസംബോധന ചെയ്തു. കവിതയിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിൽ-യൗവ്വനത്തിൽ പ്രത്യേകിച്ചും താനടക്കമുള്ളവർ സ്വപ്‌നം കണ്ട നവയുഗപുലരിക്ക് വേണ്ടി അക്ഷീണം പ്രയത്നിച്ചു. മാറ്റങ്ങളുണ്ടാകാഞ്ഞതിൽ ഖേദിച്ചു, പ്രതിഷേധിച്ചു. ജനിച്ചു വീണ മണ്ണിനെയും മനുഷ്യരെയും സ്നേഹിച്ചു. പ്രതിഷേധങ്ങൾ കവിതകളിൽ തന്നെ ചേർത്തു. . തിരിച്ചു പോകാനാവാത്ത വിധം മനുഷ്യനായി തീർന്ന തന്നെയും അതേ കവിതകളിൽ ചേർത്തു. വീട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന ഒരുവൻ ആ കവിതകളുണ്ട്.എന്നാൽ ആ വീടും വ്യവസ്ഥയും ബന്ധങ്ങളും ഒരിക്കലും ഉണ്ടാവുകയില്ലെന്ന തിരിച്ചറിവും അദ്ദേഹത്തിനുണ്ട്. പ്രകൃതിഘടകങ്ങളെ മനുഷ്യരിൽ, പ്രത്യേകിച്ചും സ്ത്രീകളിൽ ചേർത്തു പറയുന്ന രചനാശൈലി കവിതകളിലുണ്ട്. കവി എന്ന നിലയിൽ തന്നെ പ്രചോദിപ്പിച്ച ഗ്രാമീണതയുടെ ഭാഗമായിരുന്നു അത്. മർദ്ദിതജനതയുടെ ഉയർത്തെഴുന്നേൽപ്പ് അദ്ദേഹത്തിൻ്റെ കവിതകളിലെ പ്രതീക്ഷയാണ്. അതിനു വേണ്ടി അക്ഷീണം പ്രവർത്തിച്ച പോരാളികളെ അനുസ്മരിക്കുന്ന ധാരാളം കവിതകളുണ്ട്. കേരളത്തിൻ്റെ സമകാലിക സാമൂഹിക ചുറ്റുപാടിൽ, പി ഭാസ്കരൻ്റെ കവിതകൾക്ക് വലിയ പ്രാധാന്യമുണ്ട്. മനുഷ്യർ തമ്മിൽ വേർതിരിവുകൾ ഇല്ലാതാകുന്ന കാലമാണ് അദ്ദേഹം സ്വപ്നം കണ്ടത്. സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ, ശ്രേണീബദ്ധമായ ഒരു കാലഘട്ടത്തിൽ നിന്നും വളരെ മുന്നേറിയ ഒരു ജനതയെ നമുക്ക് കാണാനാകും. അത്തരം മുന്നേറ്റങ്ങൾ സംരക്ഷിക്കാനും നിലനിർത്താനും ജാഗ്രത്തായിരിക്കേണ്ടത് ഈ കാലത്തിൻ്റെ ആവശ്യമാണ്.
കുറിപ്പുകൾ
1.കേരളീയ നവോത്ഥാനവും ഇടതുപക്ഷവും എന്ന ലേഖനത്തിൽ സുനിൽ പി ഇളയിടം മേൽപ്പറഞ്ഞ നിരീക്ഷണങ്ങൾ വിശദമാക്കുന്നുണ്ട്. Enlightenment,humanism,മനുഷ്യകേന്ദ്രിതത്വം തുടങ്ങിയ ആശയങ്ങൾ- ആധുനിക മാനവവാദത്തിൽ അധിഷ്ഠിതമായ ജീവിതദർശനം കേരളത്തിൽ രൂപപ്പെട്ട സാഹചര്യങ്ങൾ-എന്നിവ വിശദീകരിക്കുന്നു.പുറം:187
2.ഡോ.എം. ലീലാവതി, മലയാളകവിതാസാഹിത്യചരിത്രത്തിലാണ് ഇപ്ര കാരം നിരീക്ഷിച്ചിരിക്കുന്നത്.പുറം:338
3.അനന്തതയും അധികാരവും എന്ന ലേഖനത്തിൽ ഇ.പി. രാജഗോപാലൻ ജി. ശങ്കരക്കുറുപ്പിൻ്റെ കവിതകൾ അപഗ്രഥിക്കുന്നുണ്ട്. അതിൽ സ്ഥലത്തോടുള്ള രതി ഫ്യൂഡൽ മനോഭാവമായാണ് നിരീക്ഷിക്കുന്നത്. പി ഭാസ്കരനെ പോലുള്ള കവികളിലും ഇതേ ആഭിമുഖ്യം ഉള്ളതായി കാണാം.പുറം-22
4.കാല്പനികതയുടെ വസന്തവർണ്ണങ്ങളിൽ അഭിരമിച്ചപ്പോഴും വിപ്ലവത്തിൻ്റെ കെടാത്ത ഒരഗ്നിസ്ഫുലിംഗം അദ്ദേഹം ഹൃദയത്തിൽ സൂക്ഷിച്ചി രുന്നു-എന്നിങ്ങനെ ശ്രീകുമാരൻ തമ്പി നിരീക്ഷിക്കുന്നു. പി ഭാസ്കരൻ്റെ കാവ്യമുദ്രകൾ,പുറം:8
ഗ്രന്ഥസൂചി
1.ഭാസ്കരൻ പി. 2021,പി. ഭാസ്കരൻ കൃതികൾ,ഡി.സി. ബുക്ക്സ്, കോട്ടയം.
2.രാജഗോപാലൻ ഇ. പി.2008, കവിതയുടെ ഗ്രാമങ്ങൾ,കറൻറ് ബുക്ക്സ്, തൃശൂർ
3.രവീന്ദ്രൻ. പി.പി 2006, വീണ്ടെടുപ്പുകൾ, ഡി.സി. ബുക്ക്സ്, കോട്ടയം.
4.ലീലാവതി. എം 2021, മലയാളകവിതാസാഹിത്യചരിത്രം, കേരളസാഹി ത്യ അക്കാദമി, തൃശ്ശൂർ.
5.ശ്രീകുമാരൻതമ്പി 2010, പി. ഭാസ്കരന്റെ കാവ്യമുദ്രകൾ, ഗ്രീൻ ബുക്സ്, തൃശൂർ
6.സുനിൽ പി ഇളയിടം 2016 വീണ്ടെടുപ്പുകൾ-മാർക്സിസവും ആധുനികതാവിമർശനവും, കേരള ശാസ്ത്രസാഹിത്യപരിഷത്ത്, തൃശൂർ
ഡോ. ജൂലിയാ ഡേവിഡ്
പ്രൊഫസർ
മലയാളവിഭാഗം
മഹാരാജാസ് കോളേജ്, എറണാകുളം
ഇമെയിൽ:juliajoshith@gmail.com
Comments