മനുഷ്യപുലി : അശാന്തിയുടെ ഗൂഗിൾമാപ്പ്
- GCW MALAYALAM
- Feb 15
- 4 min read
Updated: Feb 15
ഡോ. ശ്യാംരജി. എസ്. എസ്.

“എല്ലാ ദിവസങ്ങളിലും എല്ലാ വൈകുന്നേരങ്ങളിലും ഞാനാകുമോ ഇര? എല്ലാ ദിവസവും എല്ലാം വൈകുന്നേരങ്ങളിലും എനിക്ക് അതിജീവിക്കണം! എല്ലാ ദിവസങ്ങളിലും എല്ലാ വൈകുന്നേരങ്ങളിലും ചുടുരക്തത്തിന്റെ തുളച്ച് കയറുന്ന ഗന്ധം”.[1]
മനുഷ്യരക്തം എത്രകുടിച്ചിട്ടും ദാഹംതീരാത്ത മണിപ്പൂരിന്റെ മണ്ണിന്റെ വർത്തമാനകാല ചരിത്രനിർമ്മിതിയാണ് ‘കബൂയി കയോയിബ’ (മനുഷ്യപുലി) എന്ന നാടകം. കാലഘട്ടങ്ങളിലൂടെ മാറിവരുന്ന ഭരണകൂട ഭീകരതയുടെ ഇരകളായി മാറികൊണ്ടിരിക്കുന്ന ഒരു ജനതയുടെ അമർത്തിയ ശബ്ദമാണ് ‘മനുഷ്യപുലി’. കൃഷിചെയ്ത് ശാന്തസുന്ദരമായി ജീവിക്കുന്ന ഒരു ജനതയിലൂടെയാണ് നാടകം ആരംഭിക്കുന്നത്. ഇത്തരത്തിലുള്ള ജീവിതത്തിന്റെ മുകളിലേയ്ക്ക് അശാന്തിയുടെ മഴമേഘങ്ങളായി ആസൂത്രിതകലാപങ്ങൾ പെയ്തിറങ്ങുന്നു. ഏഴ് സഹോദരന്മാരുടെ ഒരേയൊരു സഹോദരിയായ ‘തബറ്റോ’ എന്ന പെൺകുട്ടിയെ മനുഷ്യപുലി പിടിച്ചുക്കൊണ്ട് പോകുന്ന മണിപ്പൂരി നാടോടികഥയെയാണ് നാടകനിർമ്മിതിയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. മണിപ്പൂരിലെ നരഹത്യയെയും പുരാവൃത്തത്തെയും പരസ്പരം വിളക്കിച്ചേർത്താണ് നാടകത്തിന്റെ ഇതിവൃത്തം നിർമ്മിച്ചിരിക്കുന്നത്. തീവ്രവാദികളും പട്ടാളക്കാരും ഒരുപോലെ വേട്ടക്കാരായി മണിപ്പൂരിലെ നിസംഗരായ മനുഷ്യരുടെ ജീവിതത്തെ തച്ചുടക്കുന്നു. ജീവനായി നിരന്തരം ഓടിരക്ഷപ്പെട്ട് കൊണ്ടിരിക്കുന്ന ‘തബറ്റോ’ എന്ന പെൺകുട്ടി മണിപ്പൂരിന്റെ ഹൃദയത്തെയാണ് സൂചിപ്പിക്കുന്നത്.

വംശഹത്യയിലൂടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർ അവർക്കായി നിദാന്തമായി കാത്തിരിക്കുന്നു. ഒരു രാജ്യത്തിനുള്ളിൽ കഴിയുകയും ആ രാജ്യം തന്നെ വേട്ടയാടപ്പെടുന്ന മനുഷ്യരുടെ ദുരിതജീവിതത്തെ പരുക്കമായി തന്നെ അരങ്ങിലെത്തിക്കുകയാണ് ‘മനുഷ്യപുലി’. നാടകത്തിന്റെ ഓരോ രംഗത്തിലും ഇരുകൈകളിൽ വാളുമായി കടന്നുവരുന്ന മരണത്തിന്റെ ദേവതയായ ‘പാന്തോയ്ബി’ ചുടുരക്തത്തിനായി കാത്തിരിക്കുന്നു. മണിപ്പൂരിന്റെ മണ്ണിലേയ്ക്ക് തോക്കിന്റെ സംസ്കാരം (Gun Culture) കടന്നുവന്നതിനെ ക്ലിന്റ് ഈസ്റ്റ് വുഡിന്റെ (Clint East Wood) ദി ഗുഡ് ദി ബാഡ് ആന്റ് അഗ്ളി (The Good The Bad The Ugly) എന്ന പ്രശസ്ത ചലച്ചിത്രത്തിലെ കൗബോയ്സിനെ രംഗത്തവതരിപ്പിച്ചുകൊണ്ടാണ്. തോക്കുൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് ആവേശത്തോടെ പരസ്പരം കൊന്ന് അധികാരം പിടിക്കാൻ ശ്രമിക്കുന്ന വംശങ്ങളുടെ നേർകാഴ്ചയാണ് ഈ രംഗത്തിലൂടെ അവതരിപ്പിക്കുന്നത്. ഓരോ വംശവും നടത്തുന്ന നരനായാട്ടിന്റെ ഇരയാണ് ‘തബറ്റോ’ എന്ന മണിപ്പൂരിന്റെ ഹൃദയം. ചുടുരക്തത്തിനായി കാത്തിരിക്കുന്ന പാന്തോയ്ബി എന്ന യുദ്ധദേവതയാണ് മണിപ്പൂരിന്റെ രാഷ്ട്രീയശരീരം. 1949-ൽ സ്വതന്ത്രഇന്ത്യയോട് ബലമായി കൂട്ടിചേർക്കപ്പെട്ട മണിപ്പൂർ കേന്ദ്രഭരണപ്രദേശമാക്കുകയും പിന്നീട് 1972- ൽ സ്വതന്ത്രസംസ്ഥാനമായി മാറിയിട്ടും ജനങ്ങളുടെ ജീവിതത്തിൻമേൽ പട്ടാളത്തിന് നിയന്ത്രണങ്ങളുള്ള ആർമ്ഡ് ഫോഴ്സ് സ്പെഷ്യൽ പവർ ആക്റ്റ് (Armed Force Special Power Act) ഇപ്പോഴും തുടരുന്നു.

തോക്കുമായി പരസ്പരം കൊന്നൊടുക്കുന്ന സായുധസംഘങ്ങളുടെയും പട്ടാളത്തിന്റെയും ഇടയിൽ വീർപ്പുമുട്ടുകയാണ് ജനാധിപത്യം എന്ന മഹത്തായ സങ്കൽപ്പം. തബറ്റോയെ വേട്ടയാടിപ്പിക്കാൻ വരുന്ന കൗബോയ്സ് (Cowboys- The Good The Bad The Ugly) ഇരയ്ക്ക് വേണ്ടി മത്സരിച്ച് പരസ്പരം വെടിവെച്ച് മരിക്കുന്നു. യുദ്ധവും കലാപവും സ്ത്രീകളെ എങ്ങനെയാണ് വേട്ടയാടുന്നതെന്ന് ഈ രംഗത്തിലൂടെ വ്യക്തമാക്കുന്നു. സ്ത്രീയുടെ ശരീരം ഒരേസമയം വേട്ടയാടപ്പെടുകയും പ്രതിരോധത്തിനുള്ള ആയുധമായിമാറുന്നതും മണിപ്പൂരിന്റെ ചരിത്രത്തിലൂടെ നമ്മുക്ക് ദർശിക്കാൻ കഴിയും. പട്ടാളം മനോരമയെന്ന സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊന്നതിനെ പ്രതിഷേധിച്ച് കൊണ്ട് മണിപ്പൂരിലെ സ്ത്രീകൾ നഗ്നരായി പരസ്യപ്രകടനം നടത്തി ഉയർത്തിപിടിച്ച മുദ്രാവാക്യം ഇന്ത്യൻ പട്ടാളമേ ഞങ്ങളെ ബലാത്സംഗം ചെയ്യൂ (Indian Army Rape Us) എന്നായിരുന്നു. ഒരു വംശത്തിൽപ്പെട്ടവർ മറ്റ് വംശങ്ങളിലെ സ്ത്രീകളെ നഗ്നരാക്കി പൊതു ഇടങ്ങളിലൂടെ പരേഡ്നടത്തി കൂട്ടബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിതൂക്കിയ വീഡിയോ പ്രചരിപ്പിച്ചതും ഈ അടുത്തകാലത്താണ്. ബലാത്സംഗം കേവലം കാമത്തിന്റെ തള്ളിച്ചയല്ല, അധികാരപ്രയോഗത്തിന്റെ പ്രകടനമാണ്, ഒരു കൂട്ടം ആൾക്കാരെ പേടിപ്പിച്ച് മാനസികമായി തളർത്താനുള്ള യുദ്ധതന്ത്രമാണ്. ശരീരത്തെ പൊതു ഇടങ്ങളിൽ പ്രദർശിപ്പിച്ച് പരസ്യമായ ശിക്ഷാനടപടികൾ നൽകുകയെന്ന രാജഭരണകാലത്തിന്റെ അധികാരപ്രയോഗത്തിന്റെ തുടർച്ചയാണിത്.
മതത്തിന്റെയും ജാതിയുടെയും സ്വത്വത്തിന്റെയും അടിസ്ഥാനത്തിൽ ജനങ്ങളെ തമ്മിലടിപ്പിച്ച് വോട്ടുകൾ നേടി അധികാരത്തിലെത്തുന്ന ജനാധിപത്യസമ്പ്രദായത്തിന്റെ വിജയസമവാക്യഫോർമുലകളുടെ അപകടത്തെ മണിപ്പൂർ ഓർമ്മിപ്പികുന്നു. എല്ലാ മനുഷ്യർക്കും തുല്യതയോടെ സമത്വത്തോടെ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ കഴിയുന്ന ജനാധിപത്യവൽകരിക്കപ്പെട്ട പൊതുഇടങ്ങൾ ഈ രാജ്യത്ത് സ്വപ്നമായി തുടരുകയാണ്. കൗബോയ്സിന്റെ മരണത്തോടെ കാവിവേഷധാരിയായ ബ്രാഹ്മണസന്യാസി കടന്നുവരുന്നു. ‘അസതോമ സത്ഗമയ തമസോമ ജ്യോതിർഗമയ. മൃത്യോർമ അമൃതം ഗമയ! ഓം ശാന്തി ശാന്തി’ എന്ന ബൃഹദാരണ്യക ഉപനിഷത്തിലെ ശാന്തി മന്ത്രവുമായി അയാൾ കടന്നുവരുന്നു. മരിച്ച് കിടക്കുന്ന കൗബോയ്സിനെ അയാൾ

മന്ത്രശക്തി ഉപയോഗിച്ച് പുനർജന്മം നൽകുന്നു. പുനർജന്മം കിട്ടിയ കൗബോയ്സിന്റെ സ്ഥാനത്ത് ലോലിപോപ്പ് തിന്നുകൊണ്ടിരിക്കുന്ന മൂന്ന് കുട്ടികളെയാണ് പ്രേക്ഷകർക്ക് കാണാൻ കഴിയുന്നത്. കൗബോയ്സിന് സംഭവിച്ച മാറ്റങ്ങൾ ഹിന്ദുസന്യാസിയിൽ ഞെട്ടൽ ഉണ്ടാക്കുന്നു. ശാന്തിയുടെ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടിരിക്കുന്ന സന്യാസി അന്വേഷിക്കുന്നത് തോക്കാണ്. വേട്ടകാരായ കൗബോയ്സിന്റെ മരണത്തോടെ പുനർജന്മമെടുക്കുന്ന കുട്ടികൾക്ക് സന്യാസി വെറുപ്പിന്റെ പ്രത്യയശാസ്ത്രം ഉരുവിട്ട് പഠിപ്പിക്കുന്നു. ജന്മഭൂമി എന്ന ആശയം മുന്നോട്ട് വച്ച് അതിക്രമങ്ങളെയും വംശഹത്യകളെയും ന്യായീകരിക്കുന്നു. ഹിറ്റ്ലർ ഉൾപ്പെടെയുള്ള എല്ലാ ഫാസിസ്റ്റുകളും പരീക്ഷിച്ച് വിജയിച്ച ഇടുങ്ങിയ ദേശീയത (Narrow Nationality) തന്നെയാണ് സന്യാസി കുട്ടികൾക്ക് പകർന്ന് നല്കുന്നത്. ഫാസിസ്റ്റുകളുടെ പ്രവർത്തികളെ അനുകൂലിക്കുന്നവർ രാജ്യസ്നേഹികളും എതിർക്കുന്നവരെ അപരവൽക്കരിച്ച് ദേശദ്രോഹികളായി ചിത്രീകരിക്കുന്നു.
“ഞങ്ങളെ സംബന്ധിച്ചോളം എ,ബി,സി,ഡി എന്നത് ‘എ’ഫോർ ആപ്പിൾ ‘ബി’ഫോർ ബാൾ എന്നല്ല ‘എ’ഫോർ അഡ്മിനിസ്ട്രഷൻ, ‘ബി’ഫോർ ബഫർ, ബഫർസോൺ ‘സി’ഫോർ കോൺസ്റ്റിറ്റ്യൂഷൻ, ‘ഡി’ഫോർ ഡബിൾ ‘ഇ’ഫോർ എൻജിൻ..... മണിപ്പൂർ ഡബിൾ എൻജിൻ ഘടിപ്പിച്ച ഒരു സംസ്ഥാനമാണ്. കേന്ദ്രം ഭരിക്കുന്നതും മണിപ്പൂർ ഭരിക്കുന്നതും ഒരേപാർട്ടി തന്നെ”.[2]
ഭരണകൂടങ്ങളുടെ ആശയങ്ങളെ വിദ്യാലയങ്ങൾ വഴി കുട്ടികൾക്ക് പകർന്ന് നൽകി അവരെ അനുസരണശീലമുള്ള പ്രജകളാക്കി മാറ്റുന്ന വിദ്യാഭ്യാസപദ്ധതിയെ ഈ രംഗത്തിലൂടെ ചോദ്യം ചെയ്യുന്നു. വായിൽ ശാന്തിമന്ത്രവും കരങ്ങളിൽ ആയുധവും തലച്ചോറിൽ പകയുടെ കാളകൂടവിഷവും വഹിച്ചുകൊണ്ട് ഇന്ത്യയുടെ ഓരോ പ്രദേശത്തെയും കീഴടക്കികൊണ്ട് കടന്നുവരുന്ന ഹൈന്ദവതയുടെ വിരൂപമായ രൂപത്തെയാണ് ഈ രംഗത്തിൽ അവതരിപ്പിക്കുന്നത്. ബ്രിട്ടീഷ്കാർ ഇന്ത്യയിൽ നടപ്പിലാക്കിയ വിഭജിച്ച് ഭരിക്കുക എന്ന മൂർച്ച നശിക്കാത്ത ആയുധമാണ് ഇന്ത്യൻ മണ്ണിൽ ഭരണകൂടം ഇപ്പോഴും പ്രയോഗിക്കുന്നത്. രാജ്യത്ത് നടക്കുന്ന നരനായിട്ടനെ പുരാണ-ഇതിഹാസങ്ങളിലെ സന്ദർഭങ്ങളും സംഭവങ്ങളും ഉപയോഗിച്ച് ന്യായികരിക്കുന്നു. പുരാണങ്ങളെയും പുരാവൃത്തങ്ങളെയും ചരിത്രവൽക്കരിച്ച് മതേതര ഇന്ത്യയുടെ മിനാരങ്ങളെ അവർ തല്ലിതകർക്കുന്നു. ‘പെറ്റമ്മയും പിറന്നനാടും സ്വർഗ്ഗത്തെക്കാൾ മഹത്തരമാണ്’ എന്ന വാക്യത്തെ ഉപയോഗിച്ച് ഹൈന്ദവനേതാവ് കുട്ടികള ഉത്തേജിപ്പിക്കുന്നു. ആര്യ രക്തത്തിന്റെ വംശശുദ്ധിയും തീവ്രദേശീയതയും ഉയർത്തി ആറ് മില്യൻ ജൂതരെയും മറ്റുള്ളവരെയും കൂട്ടക്കൊല നടത്തിയ ഹിറ്റ്ലറുടെ അതേ ചാണക്യതന്ത്രം തന്നെയാണ് ഇന്ത്യയിൽ ഉപയോഗിച്ചുക്കൊണ്ടിരിക്കുന്നത് ‘ഇടുങ്ങിയദേശീയത’.
മണിപ്പൂരിന്റെ മണ്ണിലേക്ക് കടന്നുവരുന്ന വംശീയകലാപങ്ങളെ ആളികത്തിച്ച് കൊണ്ട് രാഷ്ട്രീയനേതാക്കൾ കടന്നുവരുന്നു. ജനങ്ങളുടെ ജീവൻ തന്റെ

കരങ്ങളിൽ ഭദ്രമാണ് എന്ന് പ്രഖ്യാപിച്ച് കൊണ്ടുവരുന്ന രാഷ്ട്രീയ നേതാക്കളെ കണ്ട് പേടിച്ച് അവശേഷിക്കുന്ന കൂരകളിൽ അഭയം തേടിയവർ കൊടുങ്കാറ്റടിച്ച ഇലകളെപ്പോലെ വിറയ്ക്കുന്നു. പട്ടാളവേഷധാരി, കാവിവസ്ത്രം ധരിച്ച സന്യാസി, ഒരു രാഷ്ട്രീയനേതാവ് എന്നിവർ അശോകസ്തംഭത്തിന്റെ സിംഹങ്ങളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ നിലയുറപ്പിക്കുന്നു. മണി (Money), മന്ത്ര(Mantra), മെഷിൻഗൺ (Machine Gun) എന്നീ ത്രിമൂർത്തികളാണ് രാജ്യത്തെ ഭരിക്കുന്നത് എന്ന ഭരതവാക്യം ഈ ദൃശ്യങ്ങളിലൂടെ പ്രകടമാകുന്നത്. കലാപം കാർന്ന് തിന്ന വീടുകൾക്ക് നടുവിൽ മരിച്ചവരുടെ അവശേഷിപ്പുകളായ തലയോടുമായി ‘തബറ്റോ’ പേടിച്ചിരിക്കുന്നു. രക്തദാഹിയായ മരണത്തിന്റെ ദേവതമാർ ത്രിമൂർത്തികൾക്ക് കാവൽനിൽക്കുമ്പോൾ നാടകം അവസാനിക്കുന്നു.
● ചിഹ്നങ്ങൾ ഓർമ്മപ്പെടുത്തൽ
ദൃശ്യകലാരൂപമെന്നനിലയിൽ നാടകം, നടന്റെ ശരീരത്തിലൂടെയും നാടകത്തിൽ ഉപയോഗിക്കുന്ന ഓരോ സാമഗ്രികളിലൂടെയും ചില സൂചനകൾ നൽകുന്നു. വെറും കാഴ്ച്ചകൾക്ക് അപ്പുറം രാഷ്ട്രീയബോധ്യമുള്ള മനുഷ്യപുലിയെന്ന നാടകം നൽകുന്ന സൂചനകൾ കാഴ്ചക്കാരുടെ ബോധമണ്ഡലത്തിൽ ചില ചിന്തകൾ നൽകി കടന്നുപോകുന്നു. ചിഹ്നശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഫെർഡിനാൻഡ് ഡി സൊസ്സ്യൂർ (Ferdinand De Saussure) ഭാഷയിലെ ചിഹ്നവ്യവസ്ഥയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഒരു കൂട്ടം ആളുകളുടെ ബോധമണ്ഡലത്തിലാണ് ചിഹ്നങ്ങൾ പ്രവർത്തിക്കുന്നത്. ചിഹ്നവ്യവസ്ഥയെ സൂചകം (Signifier) സൂചിതം (signified) എന്നിങ്ങനെ തരംതിരിക്കുന്നു. ചിഹ്നം നമ്മുടെ ബോധതലത്തിൽ ചില സൂചകങ്ങൾ നൽകുന്നു (Denotation) അത് അർത്ഥവും വ്യഖ്യാർത്ഥവും സൗന്ദര്യാത്മകവുമായ കാഴ്ചപ്പാട് (Connotation) രൂപപ്പെടുത്തുന്നു. ആധുനികചിഹ്നശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന സി.എസ് പിയേഴ്സ് (C.S. Pierce) ചിഹ്നങ്ങളെ സിംബൽ (Symbol) ഇൻഡക്സ് (Index) ഐക്കൺ (Icon) എന്നിങ്ങനെ മൂന്നായി തരംതിരിക്കുന്നു.
മണിപ്പൂരിന്റെ നാടോടികഥകളിൽ നിറഞ്ഞ് നിൽക്കുന്ന ‘തബറ്റേ’യെന്ന വേട്ടയാടപ്പെടുന്ന പെൺകുട്ടി ഒരു വലിയ ചിഹ്നമായി നാടകത്തിൽ കടന്നുവരുന്നു. നാടകത്തിലുടനീളം രംഗത്തെത്തുന്ന എല്ലാ പെൺകുട്ടികളും ‘തബോറ്റ’ തന്നെയാണ്. നാടകത്തിൽ ജനങ്ങളുടെ ശാന്തസുന്ദരമായ ജീവിതത്തെ കാണിക്കാൻ ഹാർമോണിയo എന്ന സംഗീത ഉപകരണത്തെ ഉപയോഗിക്കുന്നു. എന്നാൽ കൗബോയ്സ് തബറ്റോയെ വേട്ടയാടിപ്പിടിച്ച് അവളുടെ നിലവിളി നിർത്താൻ വായിൽ ഹാർമോണിയം കുത്തികയറ്റുന്നു. ഇവിടെ ഹാർമോണിക്ക ഒരു വംശത്തിന്റെ ജീവിതതാളമായിട്ടാണ് അവതരിപ്പിക്കുന്നത്. കൗബോയ്സിന്റെ രംഗപ്രവേശത്തിൽ അരങ്ങിൽ കാണാൻ കഴിയുന്നത് ഒരു വലിയ കുരിശാണ്. തോക്കുമായി മണിപ്പൂരിന്റെ താഴ്‌വരയിലേക്ക് കടന്നുവരുന്നവരെ അത് അടയാളപ്പെടുത്തുന്നു. ഗ്രാമത്തിലെ വീടുകളിൽ ഗാന്ധിയുടെയും അംബേദ്കരുടെയും ഫോട്ടോ ആദ്യരംഗങ്ങളിൽ കാണാം. പിന്നീടത് കത്തിക്കരിഞ്ഞ നിലയിൽ കാണാൻ കഴിയും. ഗാന്ധിയുടെ ഫോട്ടോയിലൂടെ ഇന്ത്യ എന്ന സങ്കൽപ്പവും അംബേദ്കറുടെ ഫോട്ടോയിലൂടെ ഭരണഘടനയെയും ഓർമ്മപ്പിക്കുന്നു. മനുഷ്യപുലിയിൽ സന്യാസിയെന്ന കഥാപാത്രം മാത്രം സംസ്കൃതം സംസാരിക്കുമ്പോൾ അത് അധികാരത്തിന്റെയും വരേണ്യതയുടെയും ഭാഷയായി മാറുന്നു.
കലാപത്തിന് ശേഷം ജനങ്ങൾ പേന, സോപ്പ്പെട്ടി, തുടങ്ങിയ സാധനങ്ങൾ കാഴ്ചക്കാരുടെ ഇടയിൽ വിൽക്കുന്നു. കലാപങ്ങൾ ജനങ്ങളെ തെണ്ടികളാക്കി അഭയാർത്ഥിക്യാമ്പുകളിൽ എത്തിക്കുന്നതാണ് ഇതിലൂടെ സൂചന നൽകുന്നത്. ‘വീട്’ എന്ന ചിഹ്നം മുന്നോട്ട് വയ്ക്കുന്നത് സുരക്ഷിതമായി തങ്ങാൻ കഴിയുന്ന ഒരു ഇടമാണ്. എന്നാൽ നാടകത്തിലെ വീടുകൾ കത്തിക്കരിഞ്ഞതാണ്. ‘സുരക്ഷ’ എന്ന ആശയമാണ് വീടുകളിലൂടെ സൂചിപ്പിക്കുന്നത്. അവസാനരംഗത്തിൽ കഥാപാത്രങ്ങളുടെ കൈമുദ്രകൾ വളരെ അർത്ഥങ്ങൾ നൽകുന്നു. കൈവീശി നിൽക്കുന്ന നേതാവ്, സല്യൂട്ട് ചെയ്ത് നിൽക്കുന്ന പട്ടാളക്കാരൻ, ജനങ്ങളെ അനുഗ്രഹിക്കുന്ന കൈയുമായി
നിൽക്കുന്ന സന്യാസി എന്നിവരുടെ കൈമുദ്രകൾ അതിഭീകരമായ അക്രമാസക്തിയുടെയും അധികാരപ്രയോഗത്തിന്റെയും അശ്ലീലമുദ്രയായിട്ടാണ് കാണാൻ കഴിയുന്നത്. തലയോടുമായി ഭയന്നിരിക്കുന്ന തബറ്റോ കാണികൾക്ക് നൽകുന്ന സൂചന മരണത്തിന്റെതാണ്. തലയോടുകൾ നിറഞ്ഞ മരിച്ചവരുടെ നാടായി മണിപ്പൂർ മാറിയതിന്റെ വ്യക്തമായ ചിഹ്നമാണ് തലയോട് പിടിച്ച പെൺകുട്ടി. സ്കൂൾ ഓഫ് ഡ്രാമയിലെ എം.ടി.എ. വിദ്യാർത്ഥികൾക്ക് വേണ്ടി പ്രശസ്ത നാടകസംവിധായകൻ ഹെയ്സനം തോംബയാണ് മനുഷ്യപുലി സംവിധാനം നിർവ്വഹിച്ചത്. നാടക രചന പത്മഭൂഷൺ കനയ്ലാൽ
[1] മനുഷ്യപുലിയെന്ന നാടകത്തിലെ സംഭാഷണം.
[2] നാടക സംവിധായകൻ ഹെയ്സനം തോംബയുമായി നടത്തിയ അഭിമുഖം
സഹായകഗ്രന്ഥം
Keir Elam. 1988. The Semiotics of Theatre and Drama. Rout ledge: London.
Comments