മനുഷ്യൻ എന്ന പുസ്തകം
- GCW MALAYALAM
- Feb 15
- 1 min read
Updated: Feb 15
വിഷ്ണുപ്രിയ

ദൂരെ ചരിത്രത്തിന്റെ ഏതോ കോണിൽ, ഒരു ഭീമാകാരനായ ഗ്രന്ഥപുര ഉണ്ടായിരുന്നു. അവിടെ അമൂല്യങ്ങളായ പാപ്പിറസ്സ് ചുരുളുകളിൽ മനുഷ്യവംശത്തിന്റെ മഹത് ഭാവിയിലേക്കുള്ള ചൂണ്ടുപലകകൾ രേഖപ്പെടുത്തിയിരുന്നു. ചൂണ്ടുപലകകൾ എന്നതിലുപരി, മാർഗരേഖകൾ, സൂക്ഷ്മവും നിഗൂഢവുമായ അറിവുകൾ, പര്യാലോചനകൾ........ എല്ലാം ഉണ്ടായിരുന്നു. പക്ഷെ.. ആഭ്യന്തര യുദ്ധകാലത്ത് മഹാനായ ജൂലിയസ് സീസറിന്റെ പടയാളികളാൽ അവിടെ തീ പടർന്നു. അവയെല്ലാം വെണ്ണീറാക്കപ്പെട്ടു.... അലക്സാണ്ഡ്രിയയിലെ റോയൽ ലൈബ്രറി!. മാനവികവികാസത്തെ ത്വരിതപ്പെടുത്തേണ്ടുന്ന അനേകമനേകം രചനകളാവാം അവിടെ എരിഞ്ഞമർന്നത്. എന്ത് തന്നെ ആയാലും, ചരിത്രത്തിന്റെ ഉണങ്ങാത്ത ഒരു കണ്ണീർപാട് തന്നെ ആണ് ആ മഹാഗ്രന്ഥപുര. ശരിയാണ്...എന്തായാലും,വീണ്ടെടുക്കാനാവാത്തവിധം, അവയെല്ലാം ചാരമായി മാറി കഴിഞ്ഞു. പക്ഷെ, ആലോചിക്കേണ്ടുന്നത്, നമുക്ക് ചുറ്റും നിലനിൽക്കുന്ന അനേകമനേകം പുസ്തകങ്ങളെ പറ്റിയാണ്. അവയിലൂടെ വെളിവാക്കപ്പെടുന്ന അനന്തമായ അറിവിന്റെ ലോകത്തെപ്പറ്റിയാണ്. ജന്മനാ സ്വതന്ത്രനും, ജീവഗണത്തിലെ പരമപ്രധാനിയുമായി കണക്കാക്കപ്പെടുന്ന മനുഷ്യൻ, കാലാകാലങ്ങളായി അങ്ങനെ തുടരാൻ കാരണം, മറ്റു ജീവികളിൽ നിന്നും സവിശേഷമായി നാം ആർജിക്കുന്ന അറിവും, വകതിരിവും,അനുഭവങ്ങളുമാണ്, അതിലൂടെ രൂപപ്പെടുന്ന ചിന്താശേഷിയും, ബുദ്ധിവൈഭവവും പ്രവർത്തനമികവും, വേറിട്ട വൈകാരിക തലങ്ങളുമാണ്.തീർച്ചയായും, മനുഷ്യന്റെ ചിന്താതലങ്ങളെ മികവുറ്റതാക്കാൻ, ഭാഷാഭേദമന്യേ വായനയ്ക്ക്, പുസ്തകങ്ങൾക്കുള്ള പങ്ക് ചരിത്രാതീതകാലം മുതൽക്കേ, അനിർവചനീയമാണ്.താല്പര്യത്തോടുകൂടിയുള്ള പുസ്തകവായന വാക്കുകളുടെയും ആശയങ്ങളുടെയും അർത്ഥത്തേയും, അർത്ഥവ്യത്യാസത്തെയും ഉണർത്തുകയും അതുവഴി സൂക്ഷ്മമായ കാര്യങ്ങൾ പോലും ഗ്രഹിക്കാനും അതിലൂടെ സ്ഥൂലമായ സാമൂഹിക ആശയത്തിലേക്ക് എത്തിച്ചേരാൻ കഴിയുകയും ചെയ്യുന്നു. ചെറുതും വലുതുമായ കാര്യങ്ങളിൽ അതിവിശാലമായ ആശയങ്ങൾ കണ്ടെത്താനും, മൂല്യാധിഷ്‌ഠിതമായി അതിനെ അപഗ്രഥിക്കാനുമുള്ള കഴിവ് വായനയിലൂടെ നമുക്ക് ലഭിക്കുന്നു. ഇത്തരത്തിൽ സർഗാത്മകതയുടെ ചുരുളഴിയുന്ന വേളകളിൽ സ്വന്തം വ്യക്തിത്വത്തെക്കുറിച്ചും അതിന്റെ വ്യതിയാനങ്ങളെക്കുറിച്ചും ഉള്ള തിരിച്ചറിവിലേക്ക് വ്യക്തി മാറുന്നു. ഏതുതരം പ്രതികൂല സാഹചര്യത്തിലും വായനയിൽ ആനന്ദം കണ്ടെത്താൻ, മനസ്സമാധാനം നുകരാൻ, മനുഷ്യന് കഴിഞ്ഞാൽ അവിടെ ആണ് അക്ഷരങ്ങളുടെ യഥാർത്ഥ വിജയം.
ഓരോ പുസ്തകങ്ങളും വേറിട്ടതാവാം,ഓരോ മനുഷ്യനും പരസ്പരം വേറിട്ടവരാണ് എന്നത് പോലെ. ഒരു പുസ്തകത്തിന്റെ കഥയിൽ നിന്നും, പുസ്തകത്തിനുള്ളിലെ കഥയല്ല! എല്ലാ പുസ്തകങ്ങളും കഥകളാവണമെന്നില്ലല്ലോ... ! അക്ഷരങ്ങൾ, ഒരുകൂട്ടം കടലാസുതാളുകൾ എങ്ങനെ ഒരു പുസ്തകമായി രൂപാന്തരപ്പെട്ടു എന്ന കഥയിലെ, സവിശേഷമായ ചില അധ്യായങ്ങൾ വേർപെടുത്തി എടുത്താൽ അതിശയകരമായി അവയെ മനുഷ്യരുമായി കൂട്ടിയോജിപ്പിക്കാം:
എല്ലാ പുസ്തകങ്ങൾക്ക് പിന്നിലും ഒരു പ്രേരകശേഷിയുണ്ട്.കടലാസ്സുകൾക്ക് പുസ്തകരൂപം നൽകുന്ന ഒരു മനുഷ്യൻ, അഥവാ ഒരുകൂട്ടം മനുഷ്യർ. മനുഷ്യരുടെ കാര്യത്തിലും അങ്ങനെ തന്നെ അല്ലെ? മനുഷ്യജീവിതത്തെ സാധകമാക്കുന്ന ഒരു പ്രേരകശക്തിയുടെ, നമ്മെ പിന്താങ്ങുന്ന മറ്റനേകം മനുഷ്യരുടെ, വസ്തുതകളുടെ പിൻബലത്തിലല്ലേ നാം ഈ ലോകത്ത് വിഹരിക്കുന്നത്.!
പുസ്തകരൂപത്തിലാവുന്നതിനു മുന്നേ എത്രയോ അധികം കടലാസുകൾ കീറി എറിയപ്പെട്ടിരിക്കണം,കുത്തിവരയ്ക്കപ്പെട്ടിരിക്കണം.. അവയെ മറികടന്നു തന്നെ ആവില്ലേ പുറംചട്ടയണിഞ്ഞു ഓരോ പുസ്തകവും ജന്മം കൊള്ളുന്നത്. അത് പോലെ ഓരോ മനുഷ്യരും, എത്ര എത്ര മുൾപാതകളാണ് ജീവിതത്തിൽ കടന്നു വരിക.ചുരുട്ടിയെറിയപെടുന്ന കടലാസുതാളുകൾ പോലെ കയ്‌പേറിയ, വേദന നിറഞ്ഞ , തിരസ്കരിക്കപ്പെട്ട ഒരു അധ്യായം മനുഷ്യരുടെ ജീവിതപുസ്തകത്തിലും ഉണ്ടാവുകയില്ലേ! അവയെ തരണം ചെയ്തു തന്നെയല്ലേ ജീവിതവിജയം കൈവരിക്കേണ്ടത്.
പുസ്തകങ്ങളുടെ കഥയിലെ മറ്റൊരു പാഠം, ആരാലെങ്കിലും, തിരുത്തപ്പെടുക എന്നത് ഒരിക്കലും ഒരു മോശം കാര്യമല്ല. പലകുറി തിരുത്തലുകൾക്ക് വിധേയമാകാതെ, വീണ്ടും വീണ്ടും എഴുതപ്പെടാതെ, ഒരു പുസ്തകവും മികവേറിയതാവില്ല. തീർച്ചയായും ഒരു മനുഷ്യനും നിരന്തരമായ വിലയിരുത്തലുകൾക്കും തിരുത്ത പ്പെടലുകൾക്ക് വിധേയമാകാതെ, മികച്ചവരാകുന്നില്ല.
പുറംചട്ടയ്ക്കുപരിയായി, അവിടെ കാണുന്ന ഏതാനും അക്ഷരങ്ങൾക്കും നിറങ്ങൾക്കും ഉപരിയായി തന്റെ ഉള്ളിൽ എന്താണ് എന്ന്, താൻ പ്രതിനിധാനം ചെയ്യുന്നത് എന്താണ് എന്ന് അടയാളപ്പെടുത്താൻ ഓരോ പുസ്തകത്തിലും ചെറുതായെങ്കിലും രേഖപ്പെടുത്തിയിരിക്കും. മനുഷ്യനും അങ്ങനെ തന്നെ ആവേണ്ടതല്ലേ... പ്രതിനിധാനം ചെയുന്ന പുറമോടികൾക്കപ്പുറം, ആത്യന്തികമായി ഒരു വ്യക്തി എന്ന നിലയിൽ താൻ എന്താണ്, എങ്ങനെ ആണ് എന്ന് പ്രതിഫലിപ്പിക്കേണ്ടത് മനുഷ്യന്റെ ആവശ്യകതയാണ്. പുറമെ ആകർഷകമായ ഒരു തന്തുവും, ഉള്ളിൽ ഗുണമേന്മയില്ലാത്ത ഉള്ളടക്കം പേറുന്നതുമായ പുസ്തകങ്ങൾ എപ്രകാരം, തരംതാഴ്ത്തപ്പെടുന്നുവോ അപ്രകാരം തന്നെ മനുഷ്യനും സംഭവ്യമാണ്. ഉള്ളിൽ എന്താണോ അത് തന്നെ പുറമെയും പ്രതിഫലിപ്പിക്കുക.
അവസാനമായി പറഞ്ഞു നിർത്താൻ ആഗ്രഹിക്കുന്നത്, ഓരോ നല്ല പുസ്തകങ്ങളുടെയും അവശേഷിപ്പുകൾ, അവയിൽ അന്തർലീനമായിരിക്കുന്ന ആശയങ്ങൾ, തീർച്ചയായും, അവയെ വായിക്കുന്ന കുറച്ച് പേരിലെങ്കിലും ഒരു അടയാളം ബാക്കിയാകുന്നു. വ്യത്യസ്തമായ ഒരു അവബോധവും വേറിട്ട ഒരു ആശയതലവും സൃഷ്ടിക്കുന്നു. ആസ്വാദനത്തിന്റെയും, സർഗാത്മകതയുടെയും പുതുവഴികൾ തേടുന്നത് തടസ്സപ്പെടുത്താതെ പ്രകൃത്യാ തന്നെ തങ്ങളുടെ സ്ഥാനം അവയ്ക്കു മുകളിൽ വരച്ചിടുന്നു. ഓരോ നല്ല പുസ്തകങ്ങളും ചേർന്നൊരു കൂട്ടമായി, ഗ്രന്ഥശാല സംസ്കാരത്തിന്റെ ഭാഗമായി തീരാൻ സാധിച്ചാൽ, അവയ്ക്കു നല്ലൊരു വിഭാഗം ജനങ്ങളിൽ പൈതൃകപരമായ ഒരു സാംസ്കാരിക അവബോധം തന്നെ സൃഷ്ടിക്കാൻ സാധിക്കും. മനുഷ്യരുടെ കാര്യവും തീർത്തും വ്യത്യസ്തമല്ല. ജീവിതത്തിൽ നാം ചെയ്തുപോകുന്നതിനെല്ലാം തന്നെ, നല്ലതും ചീത്തയുമായ എല്ലാത്തിനും, തീർച്ചയായും അവശേഷിപ്പുകളുണ്ടാകും. നമ്മോടു കൂടി അവസാനിക്കുന്നതല്ല നമ്മുടെ ചരിത്രം! ഓരോ കാൽവയ്പുകളിലും പൂർണബോധമുണ്ടാകുക, ആശയത്തികവുണ്ടാകുക, ശരിതെറ്റുകൾ തമ്മിലെ വ്യത്യാസങ്ങളെപ്പറ്റി അടിസ്ഥാനമായ അവബോധമുണ്ടാകുക എന്നൊക്കെയല്ലാതെ മറ്റൊന്നും ചെയ്യാനില്ല.
വിഷ്ണുപ്രിയ,
ഗവേഷക,
കോമേഴ്‌സ് വിഭാഗം,
സർക്കാർ വനിതാ കോളേജ്,
തിരുവനന്തപുരം,
Comments