മലയാറ്റൂരിന്‍റെ വേരുകളോ ഒളപ്പമണ്ണയുടെ നങ്ങേമക്കുട്ടിയോ എ.ഐയില്‍ ഉണ്ടാവില്ല!
- GCW MALAYALAM
- Jan 15
- 7 min read
Updated: Jan 16

1) എഴുത്തിന്റെ പ്രേരകശക്തി എന്തായിരുന്നു? താങ്കളുടെ എഴുത്തിനെ സ്വാധീ നിച്ച ആദ്യകാല ഓർമ്മകൾ പങ്കുവയ്ക്കാമോ? മലയാള കാവ്യപാരമ്പര്യത്തോട്
എന്തെങ്കിലും ഉത്തരവാദിത്വം ഉള്ളതായി തോന്നുണ്ടോ?
ഏത് കവിക്കും പ്രേരക ശക്തിയാവുന്നത് അവനിലെ, അഥവാ അവളിലെ, പ്രതിഭതന്നെയാണ്. പ്രതിഭയാണ് വേറിട്ടു നിര്‍ത്തുന്ന ഘടകവും. അതിന്‍റെ ഒരു കനല്‍ക്കണം എപ്പോഴെങ്കിലും തെളിഞ്ഞുവരും. അതിനെ ഒരു ജ്വാലയാക്കി ആളിപ്പടര്‍ത്തിയെടുക്കാനോ, അതിനു നിരന്തരമായ സപര്യവേണം. ആ സപര്യയാണ് കനലിലേക്കണഞ്ഞുപോകാവുന്നതിനെ നാളമാക്കി; കെടാനാളമാക്കി ജീവിതത്തിലുടനീളം കൊണ്ടുപോവുന്നത്.
എസ്.ടി കോളറിഡിജ് സ്വപ്നദര്‍ശനത്തിന്‍റെ വെളിച്ചത്തിലാണുകുമ്പ്ളാഖാന്ڔ എഴുതുന്നത്. അവിടെ നാം കാണുന്നതു സ്പൊണ്ടേനിറ്റിയാണ്. ഡോസ്റ്റോവ്സ്കി കുറ്റവും ശിക്ഷയും എഴുതുന്നതോ? അത് ചൂതുകളിക്കാന്‍ വാങ്ങിയ പണം തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നപ്പോഴത്തെ കടക്കാരന്‍റെ ഭീഷണിക്കുമുമ്പിലാണ്. അവിടെ നാം കാണുന്നതു ഭൗതികസാഹചര്യത്തിന്‍റെ സമ്മര്‍ദത്തെയാണ് ആദ്യത്തേതില്‍ ഭൗതികസാഹചര്യമില്ല എന്നു തീര്‍ത്തു പറയാനാവുമോ? രണ്ടാമത്തേതില്‍ പ്രതിഭയുടെ ജ്വലനമില്ല എന്നു തീര്‍ത്തു പറയാനാവുമോ? അങ്ങനെ നോക്കുമ്പോഴാണ് പ്രതിഭയും സപര്യയും ഒരുമിച്ചു വരേണ്ടതിന്‍റെ ആവശ്യകത വ്യക്തമാവുന്നത്. പ്രതിഭയുണ്ടെങ്കില്‍ അത് സ്വയമേവയോ, സാഹചര്യസമ്മര്‍ദവിധേയമായോ പ്രകാശിക്കും. ചന്ദനത്തിന്‍റെ ഏതു ഭാഗം എപ്പോള്‍ മുറിച്ചാലും ചന്ദനഗന്ധം എന്നതുപോലെ. അടിസ്ഥാന പ്രശ്നം ചന്ദനം തന്നെയാണോ എന്നതാണ്! ആണെങ്കില്‍ ചന്ദനഗന്ധം. കവി പ്രതിഭയാണോ? ആണെങ്കില്‍ കവിത്വം.
ഉള്ളവിങ്ങുമ്പോള്‍ തേങ്ങലുണ്ടാവും പോലെ, അകമേ സങ്കടം നിറയുമ്പോള്‍ കണ്ണീരുണ്ടാവും പോലെ, ആന്തര സമ്മര്‍ദം സഹിക്ക വയ്യാതാവുമ്പോള്‍ മൊട്ടു വിടരുന്നതുപോലെ കവിതയുണ്ടാവുന്നു എന്നു മാത്രമേ പറയാനാവൂ.
ഒരു ക്ഷേത്രാന്തരീക്ഷത്തിലായിരുന്നു എന്‍റെ ബാല്യം . അച്ഛന്‍ ചൊല്ലിത്തന്ന മന്ത്രങ്ങളും ശ്ലോകങ്ങളും ഒക്കെയായിരുന്നു കാവ്യലോകത്തേക്കുള്ള ആദ്യ പാഠം. അമ്മ ചൊല്ലിക്കേട്ട താരാട്ടുപാട്ടും തിരുവാതിരപ്പാട്ടും ഒക്കെയായിരുന്നു കവിതയിലേക്കുള്ള കൈവഴി. മറ്റൊന്നായിരുന്നു ബാല്യമെങ്കില്‍ മറ്റൊന്നായേനേ എനിക്കു കവിത രൂപത്തിലും ഭാവത്തിലും.
2) സാമൂഹിക ബോധത്തെ രൂപപ്പെടുത്താനുള്ള ശക്തി കവിതയ്ക്ക് ഇപ്പോഴും ഉണ്ടെന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടോ? ആധുനിക സമൂഹത്തിലെ വ്യക്തികളുടെ സങ്കീർണ്ണമായ വൈകാരികവും ആത്മീയവുമായ ആവശ്യങ്ങളെ അഭിസംബോധന ചെയ്യുന്നതിൽ കവിതയ്ക്ക് സവിശേഷമായ പങ്കുണ്ടെന്ന് പറഞ്ഞാൽ എന്താണ് പ്രതികരണം?
കവിത രണ്ടു ധര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം. ഒന്ന് അനുവാചകന്‍റെ മനസ്സില്‍ അനുഭൂതിയുടെ ഒരു സൗരഭം പ്രസരിപ്പിക്കുക. രണ്ട്; ആ മനസ്സിനെ അതുവരെ അറിയാത്ത അനുഭവമണ്ഡലങ്ങളിലേക്ക്, അതീത ജീവിതസത്യങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോവുക.
അനുഭൂതിയുടെ പ്രസരണം എന്ന ധര്‍മ്മമനുഷ്ഠിക്കാന്‍ സാമൂഹികബോധം കൂടിയേ തീരൂ എന്നില്ല. ഉദാഹരണത്തിന് കവിതകളിലെ സൗന്ദര്യാനുഭവം.
കൈക്കുടന്ന നിറച്ചും ഞാന്‍
നിന്നെ കോരിയെടുക്കവേ
ചോരുന്നൂ ലജ്ജകൊണ്ടു നീ
എന്ന് ഒളപ്പമണ്ണ. ഇതു സാമൂഹികബോധത്തില്‍ നിന്നുണ്ടാവുന്നതല്ല. വൈയക്തികാനുഭൂതിയില്‍ നിന്നുണ്ടാവുന്നതാണ്.
ചോരതുടിക്കും ചെറുകൈയുകളേ
പേറുക വന്നീ പന്തങ്ങള്‍
എന്നു വൈലോപ്പിള്ളി. ആ വരികള്‍ എഴുതണമെങ്കിലോ? അതിന് സാമൂഹികബോധം വേണ്.
സ്വാന്തഃ സുഖാവയ എന്നു പറഞ്ഞാല്‍ - സ്വന്തം മനസ്സിന്‍റെ സുഖത്തിനു വേണ്ടി - അതു ശരി. സമഷ്ടിസുഖായ - സമൂഹത്തിന്‍റെ സുഖത്തിനു വേണ്ടി എന്നു പറഞ്ഞാല്‍ അതും ശരി. ഏകാന്തമാവുന്ന വിഷത്തെ അമൃതാക്കുകയും പാഴായിപ്പോവുന്ന ആകാശങ്ങളില്‍ അലര്‍വാടി ആരചിക്കുകയും ചെയ്തു ലോകാനുഗ്രഹപരയായിരിക്കുക എന്നതാണു കവിതയുടെ ധര്‍മ്മം എന്ന് ആശാന്‍ പറഞ്ഞില്ലേ. അതാണു ശരി!
3) ഡിജിറ്റൽ മാധ്യമങ്ങളുടെയും സാങ്കേതികവിദ്യയുടെയും വർദ്ധിച്ചുവരുന്ന പങ്ക് താങ്കളുടെ രചനയെ എങ്ങനെ സ്വാധീനിക്കുന്നു? ഇന്റർനെറ്റും സോഷ്യൽ മീഡി യയും കവിതയെ കൂടുതൽ പ്രാപ്യമാക്കിയെന്ന് കരുതുന്നുണ്ടോ?
കവിത ഒരു കാലത്ത് എഴുതപ്പെട്ടത് നാരായം കൊണ്ട് ഓലയിലായിരുന്നു. പിന്നീട് പേന കൊണ്ടു പേപ്പറിലായി. അതിനുശേഷം നേരിട്ട് ലാപ്ടോപ്പിലേക്കായി. ആധുനിക സാങ്കേതിക വിദ്യകള്‍ വികസിച്ചു വരുന്ന മുറയ്ക്ക് അതിലേക്കുകൂടി കവിത പടര്‍ന്നുകയറും എന്ന നിലയിലേ ഞാന്‍ ഇതിനെ കാണുന്നുള്ളൂ. എഴുതപ്പെടുന്നത് ഏതില്‍ എന്നതിലല്ല, എഴുതുന്നതില്‍ കവിതയുണ്ടോ എന്നതേ നേക്കേണ്ടൂ. സോഷ്യല്‍ മീഡിയയിലേ കവിത ഉണ്ടാവാന്‍ പാടുള്ളൂ എന്നില്ല. ഓലയിലും പേപ്പറിലും കവിത ഉണ്ടായിട്ടുണ്ട്.
ഇപ്പോള്‍ എ.ഐയുടെ യുഗമാണല്ലൊ. ഇതും കവിത അതിജീവിക്കും എന്നു ഞാന്‍ കരുതുന്നു. എ.ഐ കൊണ്ട് കൃത്രിമ നോവലുണ്ടാക്കാനുമാവും. കൃത്രിമ കവിതയുണ്ടാക്കാനുമാവും. എന്നാല്‍, മലയാറ്റൂരിന്‍റെ വേരുകളോ ഒളപ്പമണ്ണയുടെ നങ്ങേമക്കുട്ടിയോ എ.ഐയില്‍ ഉണ്ടാവില്ല. വേണ്ടത്ര ഇന്‍പുട്ട്സ് കൊടുത്താല്‍ അത്തരമൊന്ന് ഉണ്ടാക്കാനാവുമായിരിക്കും. എന്നാല്‍, അത് ഉണ്ടാവില്ല. ഒറിജിനലായി ഒന്ന് ഉണ്ടാവില്ല. മണ്ണിലും മനസ്സിലും നിന്നുമാത്രം വരുന്ന സര്‍ഗ്ഗാത്മകമായ ഒന്ന് ഉണ്ടാവില്ല.
4) കേരളത്തിന്റെ വിശാലമായ സാംസ്കാരിക രാഷ്ട്രീയ ഭൂപ്രകൃതിയിൽ എഴുത്തു കാരുടെ പങ്കിനെക്കുറിച്ചുള്ള അഭിപ്രായം എന്താണ്? സാമൂഹിക പ്രവർത്തനത്തിൽ കവികൾക്ക് നേരിട്ട് പങ്കുണ്ടാകണമെന്ന് കരുതുന്നുണ്ടോ?
അതോ അവർ രാഷ്ട്രീയ വ്യവഹാരത്തിൽ നിന്ന് വേറിട്ടു നിൽക്കണമോ?
കവി ഈ സമൂഹത്തിലെ മനുഷ്യനല്ലേ? ഒന്നില്‍ നിന്നും വേര്‍തിരിഞ്ഞ് സ്വയം അന്യവല്‍ക്കരിക്കപ്പെടാന്‍ കവിക്ക് ആവില്ല. റേഷനരി വാങ്ങിയാലല്ലേ കവിക്കും ഉണ്ണാനാവൂ. കവിയായിരിക്കുന്ന ആത്മീയാവസ്ഥയെ നിലനിര്‍ത്താന്‍ പോലും ഊണ് എന്ന ഭൗതികാവസ്ഥ കൂടിയേ തീരൂ... നമുക്ക് ആര്‍ട്ടിസ്റ്റ് മാത്രമായിരുന്നവരുണ്ട്. ആക്ടിവിസ്റ്റ് മാത്രമായിരുന്നവരുമുണ്ട്. രണ്ടും സമന്വയിച്ച് ആര്‍ട്ടിവിസ്റ്റ് ആയിരുന്നവരുമുണ്ട്. പിക്കാസോ മൗലികതയുളള കലാകാരനല്ലേ, എന്നാല്‍ അദ്ദേഹം ഗോര്‍ണിക്ക തുടങ്ങാന്‍ തെരഞ്ഞെടുത്തതു മെയ് ദിനമാണ്. പാബ്ലോ നെരൂദ നല്ല കവിയല്ലേ? എന്നാല്‍ അദ്ദേഹം കമ്മ്യൂണിസ്റ്റ് ആക്ടിവിസ്റ്റും ആയിരുന്നു. അതുകൊണ്ട് ഇവരുടെയൊക്കെ സര്‍ഗാത്മകതയ്ക്ക് എന്തെങ്കിലും ഹൃദയച്ചുരുക്കം വന്നുപോയോ?
5) എഴുത്തിനെയും സാഹിത്യത്തെയും കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാടുകൾ കാലക്രമേണ വികസിച്ചിട്ടുണ്ടോ? മലയാള കവിതയുടെ സമകാലിക അവസ്ഥയെ ക്കുറിച്ചുള്ള അഭിപ്രായം എന്താണ്?
ഏതു നല്ല എഴുത്തുകാരന്‍റെയും ഉള്ളില്‍ സര്‍ഗാത്മകമായ ചില ആന്തര വിസ്ഫോടനങ്ങള്‍ നടക്കും. ആ വിസ്ഫോടനങ്ങള്‍ അതുവരെയുള്ളതില്‍ നിന്ന് കൂടുതല്‍ ഉയര്‍ന്ന തലങ്ങളിലേക്ക് അയാളെ എടുത്തെറിയും. ആ പ്രക്രിയയിലൂടെയാണു കവി സ്വയം നവീകരിക്കുന്നത്; കാലാനുസാരിയാവുന്നത്. അത് എന്‍റെ കാവ്യജീവിതത്തിലും ഉണ്ടായിട്ടുണ്ടാവും. അല്ലെങ്കില്‍, പുതിയ കാലത്തും മാറിവരുന്ന തലമുറയ്ക്കു മുമ്പിലും എന്‍റെ പുസ്തകങ്ങള്‍ക്കു സ്വീകാര്യതയുണ്ടാവുമായിരുന്നില്ലല്ലൊ. പല പല പതിപ്പുകളായി എന്‍റെ കവിതകള്‍ വിറ്റുപോവുമായിരുന്നില്ലല്ലൊ. സമകാലിക കവിതയില്‍ ശക്തിയുടെ, ചൈതന്യത്തിന്‍റെ ഉള്‍ക്കാമ്പുള്ള കൂമ്പുകള്‍ ഞാന്‍ കാണുന്നുണ്ട്; ഒരു മൈക്രോസ്കോപിക് മൈനോരിറ്റിയാണ് അവര്‍ എങ്കിലും.
6) താങ്കളുടെ എഴുത്ത് കാവ്യജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വശം ഏതാണ്?
വെല്ലുവിളി നേരിടുന്നതു ഭാഷയെ പുതുക്കലില്‍ നിന്നാണ്. പ്രണയത്തെ അവതരിപ്പിക്കാന്‍ ഒരു കാലത്ത് ഒരു പൂവു വരച്ചാല്‍ മതിയായിരുന്നു. എന്നാല്‍ പ്രണയം കാപട്യമാവുന്ന കാലത്ത് മുള്ളുകൊണ്ടുള്ള പൂവു വരയ്ക്കണം. മനുഷ്യനെ അവതരിപ്പിക്കാന്‍ ഒരു മനുഷ്യമുഖത്തിന്‍റെ ചിത്രണം മതിയായിരുന്നു. എന്നാല്‍ മനുഷ്യത്വം ഇല്ലാതാവുന്ന കാലത്ത് മൃഗത്തിന്‍റെ മുഖത്തോടു കൂടിയ മനുഷ്യരൂപത്തെ വരയ്ക്കണം. ഇങ്ങനെ, പുതിയ വാക്കുകളും രൂപകങ്ങളും കണ്ടെത്തണം. ചെടിപ്പുണ്ടാക്കാത്ത, ക്ലീഷേ അല്ലാത്ത ഭാഷ രൂപപ്പെടുത്തണം. പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് എന്നതിനെ, ആ വര്‍ഷങ്ങള്‍ സങ്കടങ്ങള്‍ നിറഞ്ഞതാണെങ്കില്‍ ഒരു ദുഃഖത്തിനു മുമ്പ് എന്നു പറയാമല്ലൊ; a decade ago എന്നതിനു പകരം a grief ago എന്നു പറയാം. ഇങ്ങനെ. ഇതല്ലാതെ മറ്റൊരു വെല്ലുവിളി എഴുത്തുജീവിതത്തിന്‍ ഞാന്‍ കാണുന്നില്ല.
7) പ്രഭാവർമ്മയുടെ കവിതകൾക്ക് എസ്.കെ. വസന്തൻ എഴുതിയ പഠനക്കുറിപ്പിൽ പറഞ്ഞിട്ടുള്ള ഒരു കാര്യം ആവർത്തിക്കട്ടെ. എല്ലാ ആമുഖക്കാരും ആവർത്തിച്ച് ഉറപ്പിച്ചു പറഞ്ഞിട്ടുള്ള കാര്യം ഈ കവി മലയാള കവിതയുടെ പാരമ്പര്യത്തിൽ, അതിന്റെ രൂപഘടനയിൽ പ്രത്യേകിച്ചും, സ്വഭിമാനം പുലർത്തുന്നു എന്നതാണ്. ഇതിനോടുള്ള പ്രതികരണം എന്താണ്?
സത്യമാണത്. പാരമ്പര്യത്തിന്‍റെ,tradition ന്‍റെ സ്വാഭാവിക extention ആണ് എനിക്ക് ആധുനികത,modernity. എനിക്കെന്നല്ല; എല്ലാ നല്ല കവികള്‍ക്കും അങ്ങനെ തന്നെയാണ്. ആധുനികതയുടെ പതാകാവാഹകനായ T.S Eliot പോലും കവിതയില്‍ ഓം ശാന്തി എന്ന് ക്ലാസിസത്തിന്‍റെ ഭാഷ കടം എടുത്തുപയോഗിച്ചില്ലേ? സീസര്‍ വലേ ജോ അടക്കം, വിഷ്ണു നാരാണന്‍ നമ്പൂതിരിയടക്കം എല്ലാ നല്ല കവികള്‍ക്കും ഇത് ഇങ്ങനെ തന്നെയായിരുന്നു.
8) പൈതൃകത്തിന്റെ മഹത്തായ വശങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ കവിത യിൽ തികഞ്ഞ പുരോഗമനവാദം അവതരിപ്പിക്കുന്ന കവിയാണ് പ്രഭാവർമ്മ. ഇവ തമ്മിലുള്ള വൈരുധ്യങ്ങൾ എപ്പോഴെങ്കിലും സംഘർഷങ്ങൾ സൃഷ്ടിക്കാറുണ്ടോ?
വൈരുദ്ധ്യമൊന്നുമില്ല. കാവ്യാനുശീലനത്തിലൂടെ വന്ന ഒരു സംസ്കൃതി എന്‍റെ ഉള്ളിലുണ്ട്. അതു പാരമ്പര്യം. അതു പ്രകാശിക്കുന്നത് പുതിയ കാലത്താണ്. അത് ആധുനികത. വിദൂര ഖനികളില്‍ നിന്നുള്ള ഊര്‍ജം കൊണ്ട് പുതിയ കാലത്തിന്‍റെ വിളക്കുകള്‍ തെളിയിക്കുന്നു. അതുമാത്രം.
9) നീറുന്ന ഇന്ത്യനവസ്ഥയുടെ നിരവധി ചിത്രങ്ങൾ കവിതയിലൂടെ അവതരിപ്പിച്ചി ട്ടുണ്ട് പ്രഭാവർമ്മ. പ്രചരണാംശം എന്ന പോലെ കലാംശവും അവയിലുണ്ട്. ഇന്ത്യ യിൽ നടക്കുന്ന സമകാലിക സംഭവങ്ങൾ കാണുമ്പോൾ ഈ അവസ്ഥകൾ ചിത്രീ കരിക്കുന്ന കവിതകളുടെ പ്രസക്തി വർദ്ധിക്കുകയല്ലേ. കവിയുടെ ക്രാന്തദർശിത്വം എന്നതിനെ വിശേഷിപ്പിക്കാമോ?
ആദി കവിത തന്നെ അരുത് എന്നു പറയുന്നതായിരുന്നില്ലേ? ആ കവിയെ കാളിദാസന്‍ വിശേഷിപ്പിച്ചത് രുദിതാനുസാരി എന്നാണ്. രോദനത്തിനു പിന്നാലെ ചെല്ലുന്ന കവി.
ഇന്ത്യനവസ്ഥകള്‍ രോദനങ്ങള്‍ മുഴങ്ങുന്നവയാണ്. എങ്ങോ നിലവിളി കേള്‍ക്കുന്നു. അതിനു പിന്നിലെന്താവാം എന്ന് അന്വേഷിച്ചു ചെന്ന പൈതൃകമാണു നമുക്കുള്ളത്. അതിനെ ഞാനും അനുസരിക്കുന്നു. മനസ്സ് വിങ്ങലോടെ തേങ്ങി ആ നിലവിളികളുടെ ഉറവിടങ്ങളിലേക്കെത്തുന്നു. അപ്പോള്‍ തേങ്ങലിന്‍റെ കവിത ഉണ്ടാവുന്നു.
അതുമാത്രമല്ല കവിത. ഒരു കുഞ്ഞിന്‍റെ മന്ദസ്മിതവും ഉള്ളില്‍ ഒരു സ്നേഹമുണ്ടാക്കും. ആനന്ദസ്പന്ദം. അതും കവിതയായി വരാറുണ്ട്. ആദ്യത്തേതു മാത്രമാണു കവിത എന്നു കരുതുന്നില്ല. രണ്ടാമത്തേതും കവിത തന്നെയാണ്.
ഫ്രഞ്ച് മഹാകവി ബോദ്ലെയര്‍ പരിവേഷ നഷ്ടത്തെക്കുറിച്ചു പറഞ്ഞു. കവിത അതിന്‍റെ പ്രതിഭാവലയം അഴിച്ചുവെച്ചു മണ്ണിലിറങ്ങി നടക്കേണ്ടതിനെയാണു സൂചിപ്പിച്ചത്. അതിനോടു യോജിക്കുന്നു. അതേസമയം നക്ഷത്രസഞ്ചാരങ്ങളും കവിതയുടേതായുണ്ട് എന്നു കരുതുക കൂടി ചെയ്യുന്നു.
10) കവിതയുടെ ഘടനയിലും ശില്പത്തിലും തന്റെ കാലഘട്ടത്തിലെ സമപ്രായ ക്കാരോടു പുറം തിരിഞ്ഞു നിൽക്കുന്ന പ്രവണത പ്രഭാവർമ്മയ്ക്കുണ്ടെന്നു പറ യാമോ? കാല്പനിക ഭ്രമവും തികഞ്ഞ പദബോധവും, വൃത്തബന്ധവും ഇത് തെളിയിക്കുന്നുണ്ടല്ലോ?
പുറം തിരിഞ്ഞു നിന്നിട്ടില്ല ഞാന്‍. ഘടനയും ശില്പവും വേണ്ടപോലെ വഴങ്ങാത്ത ചിലര്‍ അതില്‍ നിന്നു പുറം തിരിഞ്ഞു നില്‍ക്കുകയാണുണ്ടായത്. കവിതയുടേത് ഭാവാത്മകമായ ഭാഷ തന്നെയാണ് എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. പി. കുഞ്ഞിരാമന്‍ നായരും വൈലോപ്പിള്ളിയും എന്നുവേണ്ട കാളിദാസനും ഷേക്സ്പിയറും വരെ അങ്ങനെ വിശ്വസിച്ചവരാണ്. അവരൊക്കെ അങ്ങനെ വിശ്വസിച്ചവരായതു കൊണ്ട് ഞാനതില്‍ വിശ്വസിക്കില്ല എന്നു പ്രഖ്യാപിക്കണോ? കേവല ഭാഷയല്ല കവിതയുടേത്. യേശു വെള്ളം വീഞ്ഞാക്കി എന്നു പറയുന്നതു കേവലത്വത്തിന്‍റെ ഭാഷ. ജലത്തിന്‍റെ മുഖം യജമാനന്‍റെ മുഖം കണ്ട സന്തോഷത്തില്‍ ചുവന്നു തുടുത്തു എന്നു പറയുന്നതു കാവ്യഭാഷ. ഇതില്‍ ആദ്യത്തേ ഭാഷയാവും ചിലര്‍ക്കു സ്വീകാര്യം. എനിക്ക് അതല്ല! വൈലോപ്പിള്ളി മാഷ് പറഞ്ഞപോലെ, ഞാന ആ സ്കൂളിലല്ല പഠിച്ചത്!
11) ദീർഘകാലം പത്രപ്രവർത്തകനായിരുന്നല്ലോ. പത്രപ്രവർത്തനനാനുഭവങ്ങൾ എഴുത്തിന് പ്രചോദനമായിട്ടുണ്ടോ? മാധ്യമപ്രവർത്തകന്റെ തിരക്കിട്ട ജോലിയും എഴുത്തുകാരന്റെ സ്വഭാവിക രീതിയും പൊരുത്തപ്പെടുന്നതായിരുന്നോ?
പത്രപ്രവര്‍ത്തനവും കവിതയും ചേര്‍ന്നുപോവുന്നതല്ല. ആദ്യത്തേത് വൈചാരികമായ പ്രതികരണം ആവശ്യപ്പെടുന്നു. രണ്ടാമത്തേത് വൈകാരികമായ പ്രതികരണവും. വൈചാരികമായി ഒന്നിനോടു പ്രതികരിച്ചാല്‍ വൈകാരിക പ്രതികരണം സാധ്യമാവില്ല. അതുകൊണ്ടുതന്നെ എഴുതപ്പെടാതെ അടക്കം ചെയ്യപ്പെട്ട മൃത കവിതകളുടെ കൂടി സെമിത്തേരിയാണു പത്രപ്രവര്‍ത്തകനായ കവിയുടെ മനസ്സ്!
എങ്കിലും ഏതു കരിമ്പാറക്കെട്ടില്‍ നിന്നും നീരുറവകള്‍ പൊട്ടിപ്പുറപ്പെടും എന്നു കടമ്മനിട്ട പറഞ്ഞതു സത്യമാവുന്നു.
12) തന്റെ രചനകൾ ജനകീയമല്ലെന്നു തോന്നിയിട്ടുണ്ടോ? സംഭാവനകൾക്കൊത്ത വിധമുള്ള പഠനങ്ങളും നിരൂപണങ്ങളും വന്നിട്ടില്ല എന്ന് കരുതുന്നുണ്ടോ?
ലോകത്തുള്ള സകലമാന മനുഷ്യര്‍ക്കും വേണ്ടിയേയല്ല കവിത. അതിനുള്ള എഴുത്ത് വേറെയുണ്ട്. ലേഖനമെഴുത്ത്. അത് ഞാന്‍ ചെയ്യുന്നുമുണ്ട്. കവിത സമാനഹൃദയര്‍ക്കു വേണ്ടിയുള്ളതാണ്. സമാനമനസ്സുള്ള ഒരൊറ്റയാള്‍ ഉണ്ടായാല്‍ മതി. എനിക്ക് എന്‍റെ എഴുത്തുജീവിതം സഫലമായി. പഠന-നിരൂപണങ്ങളെക്കുറിച്ചൊന്നും ഞാന്‍ ആലോചിച്ചിട്ടില്ല. കവിത എഴുതുക. അതുമാത്രമേയുള്ളു എന്‍റെ നിയോഗം. അത് വേണ്ടവരുണ്ട് എന്ന് എനിക്കറിയാം. അതുമതി. എന്‍റെ കാവ്യത്തില്‍ നിരൂപണങ്ങള്‍ക്കു കുറവൊന്നും ഉണ്ടായിട്ടില്ല. എം. കൃഷ്ണന്‍ നായര്‍, എം. ലീലാവതി, എം.കെ സാനു, സുകുമാര്‍ അഴീക്കോട്, കെ.പി ശങ്കരന്‍, എസ്.കെ വസന്തന്‍ തുടങ്ങി എത്രയോ പേര്‍ എഴുതിയിരിക്കുന്നു. അതിനുശേഷമുള്ള തലമുറയിലാകട്ടെ, കെ.എസ് രവികുമാര്‍ അടക്ക് എത്രയോ പേര്‍!
13) തീർത്തും ഒരു നിരീശ്വരവാദിയാണെന്ന് താങ്കൾ തന്നെ സമ്മതിച്ചിട്ടുണ്ട്. പിന്നെ എങ്ങനെയാണ് ശ്യാമമാധവം പോലൊരു കൃതി?
ദൈവം ഉണ്ടെന്നോ ഇല്ലെന്നോ സ്ഥാപിക്കാൻ വേണ്ടി എഴുതിയതല്ലല്ലൊ ശ്യാമമാധവം. ദൈവം ഇല്ല എന്നു സ്ഥാപിക്കാൻ എ.ടി കോവൂർ മുതൽ ഇടമ റുക് വരെ എത്രയോ പേർ ആ വഴിക്കു രചന നിർവ്വഹിച്ചിരിക്കുന്നു.
ശ്യാമമാധവത്തിൽ ഞാൻ ചെയ്തതിനെ ഡോ. എം. ലീലാവതി ഇങ്ങനെ വിശദീകരിച്ചിട്ടുണ്ട്. ആനന്ദ ചിന്മയനായ കൃഷ്ണനെ വിഷാദ ചിന്മയനായ കൃഷ്ണ നെക്കൊണ്ടു പകരംവെച്ചു. ശ്യാമമാധവത്തിന്റെ സത്ത ഇതിലുണ്ട്.
കൃഷ്ണനെക്കുറിച്ചു കേൾക്കുമ്പോൾ തന്നെ, ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞി ട്ടുള്ളൂ എന്ന ചിന്തയാണു മനസ്സിൽ വരിക. വെണ്ണ കവർന്നു തിന്നു; ഗോപിക മാരുടെ വസ്ത്രമപഹരിച്ചു. അങ്ങനെയൊക്കെയുള്ള ചിത്രങ്ങളും. യഥാർത്ഥ ത്തിൽ അതാണോ കൃഷ്ണൻ?
ഗർഭാവസ്ഥയിൽ തന്നെ ജയിലിൽ. ജനനം ജയിലിൽ. ശൈശവം തന്നെ വധഭീഷണിയിൽ. കുടിക്കുന്ന മുലപ്പാലിൽ വിഷം. കളിക്കാനെടുക്കുന്ന ചക്രത്തിൽ മരണം. കുഞ്ഞുന്നാളിലേ അച്ഛനമ്മമാരിൽ നിന്നു പറിച്ചെറിയപ്പെട്ടവൻ. പെരുമ ഴയത്തെ പലായനം. മറ്റെങ്ങോ പോയി കഴിയേണ്ട അവസ്ഥ. കാമുകിയോടു നീതി പുലർത്തിയില്ലെന്ന കുറ്റബോധത്തിന്റെ നീറ്റൽ, കള്ളനെന്ന അപ കീർത്തി, മാതുലന്മാരെയും പിതാക്കന്മാരെയും സഹോദരങ്ങളെയും പോലുള്ള വരുടെയടക്കം കൂട്ടക്കൊലക്കു വഴിതെളിച്ച് യുദ്ധമുണ്ടാക്കിയവൻ എന്ന ആക്ഷേപം മുതൽ അനന്തരവന്റെ മരണത്തിനു കാരണക്കാരനായി എന്ന കുറ്റ പ്പെടുത്തൽ വരെ കേൾക്കേണ്ടി വരൽ. മക്കളെയാകെ നഷ്ടപ്പെട്ട ഒരമ്മയുടെ ശാപം ഏറ്റുവാങ്ങേണ്ടി വരൽ. വ്യാധന്റെ കുരമ്പേൽക്കൽ. കുലത്തോടെയുള്ള നാശം. ഇതൊക്കെ സഹിക്കേണ്ടി വന്നയാൾ ആനന്ദമൂർത്തിയാണോ വിഷാദ മൂർത്തിയാണോ? ഈ ലക്ഷ്യം മുൻനിർത്തിയുള്ള അന്വേഷണങ്ങളുടെ, കണ്ട ത്തലുകളുടെ സർഗാത്മകതയാണു ശ്യാമമാധവം. ഗാന്ധാരിയുടെ
ശാപത്തിന്റെ അഗ്നി നിറുകയിൽ വന്നുവീഴുമ്പോൾ ന്യായീകരിക്കാൻ നിൽക്കാതെ, അങ്ങനെതന്നെയാണു തനിക്കു സംഭവിക്കേണ്ടത് എന്നു പറഞ്ഞതിലെ കുറ്റസ മ്മതത്തിന്റെ, പശ്ചത്താപത്തിന്റെ ഭാവാവിഷ്ക്കാരമാണത്.
14) പുരോഗമനമെന്നാൽ സംസ്കൃതിയെ ഉപേക്ഷിക്കലല്ല എന്നു വിശ്വസിക്കുന്ന ഒരാളാണ് താങ്കൾ. അത്തരം വിമർശനങ്ങളോടുള്ള പ്രതികരണമായിരുന്നോ ശ്യാമമാധവം?
സംസ്കൃതിയിൽ സാംസ്കാരിക അധിനിവേശത്തെയടക്കം ചെറുക്കാനുള്ള പോരാട്ടത്തിന്റെ വിമോചന വിത്തുകൾ കൂടിയുണ്ട് എന്നും അതിനെ സമ്പൂർണ്ണ മായി തിരസ്ക്കരിക്കൽ പെയ്ന്റിംഗ് മുതൽ ഫോക് ലോർ വരെ നിരോധിച്ച ഹിറ്റ് ലർക്കു ചേരുന്ന സംസ്കാരമാണെന്നും, പുരോഗമന സാംസ്കാരികതയ്ക്ക് നാസിസത്തിന്റെ ആ നിലപാട് അസ്വീകാര്യമാണെന്നും ഞാൻ ലേഖനങ്ങളിൽ പറഞ്ഞുറപ്പിച്ചിട്ടുണ്ട്. കാലിൻ കൊട്ടാരം തകർക്കാൻ പോയ ബോൾഷെവിക്കുകളോട് അരുത്, അതു നിങ്ങളുടെ അച്ഛനമ്മാരുടെ കണ്ണീരിൽ, രക്തത്തിൽ, വിയർപ്പിൽ രൂപപ്പെട്ടുവന്നതാണ് എന്നു പറഞ്ഞ ലെനിന്റെ നിലപാടാണ് ഇവിടെ മാതൃക. ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ സൈദ്ധാന്തികരിലൊരാ ളായ അന്റോണിയോ ഗ്രാംഷിയുടെ ജയിൽ രചനകളിൽ നിന്ന് പതിനെട്ടാം നൂറ്റാണ്ടിലോ മറ്റോ ജീവിച്ചു മരിച്ച മാക്കിയവെല്ലിയുടെ "The Prince ഉപജീവിച്ചെഴുതിയ "The modern prince കണ്ടുകിട്ടി. സംസ്കാരത്തെ ഇങ്ങനെ ഉപജീവിക്കുന്നതാണു പുരോഗമനപാത.
ഇതൊക്കെ ലേഖനങ്ങളിൽ സ്ഥാപിച്ച കാര്യങ്ങൾ. ലേഖനത്തിലൂടെ സ്ഥാപിക്കേണ്ട കാര്യങ്ങൾ കവിതയിലൂടെ സ്ഥാപിക്കാൻ നിൽക്കാറില്ല ഞാൻ. അങ്ങനെ ചെയ്യുന്നതു കവിതയുടെ ദുരുപയോഗമാണ്.
15. വിമർശനങ്ങളോടുള്ള സമീപനമെന്താണ്? വിമർശനം എന്നൊരു കവിത തന്നെ ഉണ്ടല്ലോ, വിശദമാക്കാമോ?
ഒരു വിരൽ എഴുത്തുകാരനിലേക്കു ചൂണ്ടുമ്പോൾ മൂന്നു വിരലെങ്കിലും സ്വന്തം നെഞ്ചിലേക്കാണു ചൂണ്ടപ്പെടുന്നത് എന്നു ചിലരെങ്കിലും അറിയുന്നില്ല. കവിത മനസ്സിലാക്കി അതിനെ സമീപിക്കാൻ വേണ്ടത് equipment ചിലർക്കെ ങ്കിലും ഇല്ല. പോസ്റ്റ്മോർട്ടം ടേബിളിലെ കത്തി പ്രയോഗം മാത്രമല്ല, പൂവിനെ കൈയിലെടുത്ത് ആസ്വദിക്കൽ കൂടിയാണ് നിരൂപണം.
16) സംഗീതം, പെയിന്റിംഗ്, സിനിമ ഇങ്ങനെ ഏതെങ്കിലും രൂപങ്ങൾ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ടോ?
ഏതു നല്ല കലാരൂപവും പ്രചോദിപ്പിക്കാം. ഇതര സർഗ്ഗകലകൾക്കു പ്രേരണ യാവുന്നിടത്താണു സത്യത്തിൽ ആദ്യ കലാരൂപത്തിന്റെ സാഫല്യം. "നിധിയാ ലാസുഖമാ' എന്ന എന്റെ കവിതയുണ്ടായതു സംഗീതത്തിന്റെ അനുഭവത്തിൽ നിന്നാണ്. സാൽവാദാർ ദാലിയുടെ പെന്റിംഗ് കണ്ട അനുഭവവും ഇതേപോലെ കവിതയ്ക്കുള്ള കനൽത്തരികൾ തന്നിട്ടുണ്ട്.
17) പണ്ട് തുരുമ്പിച്ച പൊന്നുടവാളുമായ്... തെണ്ടാതിരിക്കട്ടെ നാളെയീ ക്ഷത്രി
എന്നു ആശംസിച്ച വയലാറിന്റെ പേരിലുള്ള പുരസ്കാരം ലഭിച്ചപ്പോൾ എന്തു തോന്നി? സാഹിത്യ അക്കാദമി, വയലാർ, സരസ്വതി സമ്മാൻ തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചപ്പോൾ സമൂഹത്തോട് കൂടുതൽ ഉത്തരവാദിത്വം ഉള്ളതായി തോന്നിയോ?
കൗമാരം കടന്ന വേളയിൽ ആ വരികൾ വയലാറിൽ നിന്നു കിട്ടിയത് ഒരു അനുഗ്രഹം പോലെയാണ് അനുഭവപ്പെട്ടത്. അതേ അനുഭവമാണ്, അനുഗ്രഹം നിറുകയിൽ ഉതിരുന്ന അനുഭവമാണ് വയലാർ അവാർഡു ലഭിച്ചപ്പോഴുമുണ്ടായത്. എന്നിൽ പുരോഗമന സ്വഭാവനം ഉറപ്പിക്കുന്നതിൽ ആ വരികൾ വലിയ പങ്കുവഹിച്ചിട്ടുണ്ടാവണം.
പിന്നെ മറ്റൊന്നുണ്ട്. വയലാർ അവസാനമായി എഴുതിയ വരികളാണത്. ആ വരികൾ വാർന്നുവീണത് ഞാൻ നീട്ടിയ കടലാസിലാണെന്നതു മറ്റൊരു കാര്യം. ഭാഗ്യമോ, നിർഭാഗ്യമോ, നിശ്ചയമില്ല. അവാർഡുകൾ കൃതിയെ സമൂഹ ശ്രദ്ധയുടെ വെള്ളിവെളിച്ചത്തിലേക്കു നീക്കിവെക്കുന്നു. അതാണ് ഒരു ഗുണം.
അതു വരും പോവും!
ഹരിവംശ റായി ബച്ചനു മുതൽ സുഗതകുമാരി ടീച്ചർക്കുവരെ കിട്ടിയതാണല്ലോ, സരസ്വതി സമ്മാൻ എന്ന നിലയിൽ സന്തോഷം വേറെയുമുണ്ട്. അതിനു പരി, എനിക്കു വ്യക്തിപരമായ ലഭിച്ചതല്ല, എന്റെ ഭാഷയും സാഹിത്യവും സംസ്കാരവും ദേശീയതലത്തിൽ അംഗീകരിക്കപ്പെടുന്നല്ലോ എന്ന സന്തോഷ മുണ്ടാവുന്നു. അതാണു പ്രധാനം.
18) അങ്ങയുടെ കവിതകളൊക്കെത്തന്നെ സംഗീതാത്മക അല്ലെങ്കിൽ സംഗീതത്തെ പറ്റിയുള്ള അറിവ് പങ്കുവയ്ക്കുന്നതായി കാണാം. ഉദാഹരണത്തിന്,
മഴപെയ്യുന്നു വിളംബിത താളം
തബലയിൽ നിന്നലയായിളകും
അരിയ സരോദിൻ തന്തിയിൽ ധൈവത
ഗാന്ധാരങ്ങൾ മുളപൊട്ടും പോൽ
മഴപെയ്യുന്നതിലെ സംഗീതം ഇതിനെപ്പറ്റി ഒന്നു വിശദീകരിക്കാമോ?
സംഗീതം എന്റെ മനസ്സിലലിഞ്ഞതാണ്. അതുകൊണ്ടുകൂടിയാവാം വൃത്തങ്ങളും ഈണങ്ങളും താളങ്ങളുമുള്ള ചൊൽവഴക്കങ്ങൾ അനായാസമായി എനിക്കു മനസ്സിൽ നിന്നു വാർന്നുവീണു കിട്ടുന്നത്. കവിതയിൽ, അത് ആവ ശ്യപ്പെടുന്ന ഭാവം സന്നിവേശിപ്പിക്കാൻ ഇതു സഹായിക്കും. ഒരു ഇതിവൃത്തം ഏതു വൃത്തത്തിൽ മനസ്സിൽ രൂപപ്പെട്ടുവരുന്നു എന്ന് നിശ്ചയിക്കുന്നതിൽ അബോധപൂർവമായി ഈ ഘടകവും ഉണ്ടാവണം. സംഗീതത്തിലുള്ളതു പ്രകതിയുടെ ഭാവങ്ങളുടെ പ്രതിഫലനമാണ്. ഋതുഭേദങ്ങളുടെ ചാരുതയാണ്. വർഷർത്തു മരിച്ചവരുടെ ഭൂമി സന്ദർശനമാണെന്നും മഴയിലുള്ളതു പരേത രുടെ പാദപദന ശബ്ദമാണെന്നും തോന്നി. മഴയുടെ ആ താളത്തിലാണ് കവി ത. കവിതയിലുമതുണ്ട്. നമ്മൾ ഇമചിമ്മുന്നത്, നമ്മുടെ ഹൃദയമിടിക്കുന്നത് ഒക്കെ താളക്രമത്തിലല്ലേ? ആ താളം തെറ്റിയാലോ? അവിടെയാണ് അസ്വാഭാ വികത. സംഗീതം സ്വാഭാവികം. സംഗീത രാഹിത്യം ആണ് അസാഭാവികം.
19) ശാസ്ത്രീയ സംഗീത രചനകൾ?
കുഞ്ഞുനാളിലേ ശാസ്ത്രീയ സംഗീതത്തിലേക്ക് എന്റെ മനസ്സു ചെന്നെത്തിയിട്ടുണ്ട്. ശ്രവണജ്ഞാനം എന്നൊന്നുണ്ട്. അതു പ്രധാനം തന്നെ. അതാണു സത്യത്തിൽ ഈ കാര്യത്തിലെ ആത്മീയ മൂലധനം. കവിത തന്നെ തന്തീലയസ മന്വതമായ ഒന്നാണ്. അതിൽ ആന്തരികമായ ഒരു ഭാവസംഗീതമുണ്ട്. എന്നിൽ കവിതയും കവിതയിൽ അന്തഃസംഗീതവും ഉള്ളതുകൊണ്ടാവാം ശാസ്ത്രീയ സംഗീത കീർത്തനങ്ങൾ എഴുതാമെന്നു തോന്നിയത്. ഡോ. കെ. ഓമനക്കുട്ടി ടീച്ചറുടെ സ്നേഹപൂർവ്വമായ പ്രേരണ മുതൽ ഡോ. കെ.ആർ. ശ്യാമയുടെ ചിട്ടപ്പെടുത്തൽ സന്നദ്ധത വരെ ഇതിനു ഭൗതിക പശ്ചാത്തലം ഒരു ക്കിയിട്ടുണ്ട്. എന്റെ നാല്പതോളം കൃതികൾ നൊട്ടേഷനോടു കൂടി പുസ്തക മാക്കുന്നുണ്ട്.
wow super interview