top of page

മാഗ്നെറ്റിക് റെഫ്രിജറേഷൻ; ഭാവിയുടെ ശീതീകരണ വിദ്യ

ഗവേഷണഫലങ്ങൾ മാതൃഭാഷയിലൂടെ
ഡോ . അനിത ആനന്ദ്

ഗസ്റ്റ് ലക്ച്ചറർ

ഭൗതിക ശാസ്ത്ര വിഭാഗം

കെ എസ് എം ഡി ബി കോളേജ് , 

ശാസ്താംകോട്ട


സംഗ്രഹം:

കാലാവസ്ഥാവ്യതിയാനത്തിന്റെ നിലവിലെ സാഹചര്യത്തിൽ ആഗോളതാപനം ഉണ്ടാക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ ഉപയോഗം വളരെയധികം കുറയ്‌ക്കേണ്ടത് പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കും,  ഭൂമിയിൽ ജീവൻ നിലനിർത്തുന്നതിനും അത്യന്താപേക്ഷിതമാണ്.   ഹരിതഗൃഹ വാതകങ്ങളെ പുറത്തുവിടുന്ന പാരമ്പര്യ ശീതീകരണവിദ്യകൾക്ക് പകരം,  പാരമ്പര്യേതരവിദ്യകൾ കണ്ടെത്തുകയും വികസിപ്പിച്ചെടുക്കുകയും ചെയ്യേണ്ടതുണ്ട്.  അത്തരത്തിൽ ഭാവിയുടെ വാഗ്ദാനമായി മാറാവുന്ന ഒരു ശീതീകരണ വിദ്യയാണ് കാന്തിക ശീതീകരണം അഥവാ മാഗ്നെറ്റിക് റഫ്രിജറേഷൻ.ഹരിതഗൃഹവാതകങ്ങൾക്ക് പകരം കാന്തികമണ്ഡലം പ്രയോഗിക്കുമ്പോൾ ചൂടാവുകയും അത് പിൻവലിക്കുമ്പോൾ തണുക്കുകയും ചെയ്യുന്ന കാന്തികവസ്തുക്കളുടെ സഹായത്തോടെയാണ് കാന്തിക ശീതീകരണം  സാധ്യമാകുന്നത് . നിലവിൽ ഈ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള  ശീതീകരണ ഉപകരണങ്ങൾ ലോകവ്യാപകമായി പല കമ്പനികളും ഉൽപ്പാദിപ്പിച്ച് വിപണിയിൽ എത്തിച്ചു തുടങ്ങിയിട്ടുണ്ട്.  വരും വർഷങ്ങളിൽ ശീതീകരണ വിപണി കയ്യടക്കാൻ പോകുന്നത് മാഗ്നെറ്റിക് റെഫ്രിജറേറ്ററുകൾ ആണെന്നുള്ള വിദഗ്‌ധ പ്രവചനങ്ങൾ ഉണ്ട്.


താക്കോൽ വാക്കുകൾ

കാന്തിക ശീതീകരണം ,  എൻട്രോപ്പി , മാഗ്നെറ്റോകലോറിക്  പ്രഭാവം


ആമുഖം:

ശാസ്ത്രസാങ്കേതികമേഖലയിലെ ഓരോ കണ്ടെത്തലുകളും മാനവരാശിയുടെ ക്ഷേമത്തിനൊപ്പം പ്രകൃതി സംരക്ഷണത്തിനും പ്രഥമപ്രാധാന്യം നല്കിയിട്ടുള്ളതാകണം.  ഭൂമിയിലെ ജീവജാലങ്ങൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് കാലാവസ്ഥാവ്യതിയാനം.  തീവ്രമായ കാലാവസ്ഥ,  വന്യജീവികളുടെയും സമുദ്ര ആവാസവ്യവസ്ഥയുടെയും മാറ്റങ്ങൾ,  സമുദ്രനിരപ്പിൻറെ  വർദ്ധനവ്,  വിള ഉൽപ്പാദനത്തിലെ  കുറവ്,  ആരോഗ്യ പ്രശ്നങ്ങൾ, ചില ജീവജാലങ്ങളുടെ വംശനാശം എന്നിവയൊക്കെ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രകടമായ പ്രത്യാഘാതങ്ങൾ ആണ്.  ആഗോളതാപനം ആണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്.  നിലവിലെ സാഹചര്യത്തിൽ ഇത് ശാസ്ത്രലോകം ഗൗരവമായി  ചർച്ച ചെയ്യേണ്ടതും  മുൻകരുതൽ നടപടികളും സാങ്കേതിക വിദ്യകളും വികസിപ്പിച്ചെടുക്കേണ്ടതും വരും തലമുറയുടെ കൂടി ആവശ്യമാണ്.  

1951 -1980 കാലഘട്ടത്തിൽ നിന്ന് 2020 എത്തിയപ്പോഴേക്കും ഭൂമിയുടെ ആകെ താപനിലയിൽ 1 . 02 0C ൻറെ വർദ്ധനവ് ആണ്  നാസയുടെ Goddard Institute of Space Studies (GISS) ലെ ശാസ്ത്രജ്ഞർ കണ്ടെത്തിയത് . ഭൗമോപരിതലത്തിലെ സമുദ്രങ്ങളുടെ  വിശാലമായ വലുപ്പവും താപശേഷിയും കണക്കിലെടുക്കുമ്പോൾ,  ഭൂമിയുടെ ശരാശരി വാർഷിക ഉപരിതല താപനിലയിൽ നേരിയ വർദ്ധനവ് പോലും ഉണ്ടാക്കാൻ വളരെ വലിയ അളവിൽ താപോർജ്ജം ആവശ്യമായുണ്ട്.   ഇത്രയധികം താപോർജ്ജം ആണ് മനുഷ്യർ ഭൂമിയിലേക്ക് ദിനംപ്രതി നിക്ഷേപിച്ചുകൊണ്ടിരിക്കുന്നത് എന്നത് നിലവിലെ സാഹചര്യത്തിന്റെ ഭീകരത വ്യക്തമാക്കുന്നു.  ഇന്ധന ജ്വലനത്തിൽ നിന്നുള്ള കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ,  ശീതീകരണ മേഖലയിൽ നിന്നുള്ള ഫ്ലൂറിനേറ്റഡ് ഹരിതഗൃഹ വാതകത്തിന്റെ  പുറന്തള്ളൽ,  വനനശീകരണം മുതലായവ ആഗോളതാപനത്തിന് കാരണമാകുന്ന പ്രധാന ഘടകങ്ങളാണ്.  2014 ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് എൻവയോൺമെന്റ് പ്രൊട്ടക്ഷൻ ഏജൻസി (EPA) നടത്തിയ കണ്ടെത്തൽ എയർകണ്ടീഷനിംഗ് മേഖലയിൽ നിന്ന് പുറംതള്ളുന്ന വാതകങ്ങളുടെ   ദോഷകരമായ അനന്തരഫലങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

 ഒരു പ്രത്യേക കാലയളവിൽ ഹരിതഗൃഹ വാതകം അന്തരീക്ഷത്തിൽ എത്രമാത്രം താപം ഉണ്ടാക്കുന്നു എന്നതിന്റെ അളവുകോലാണ് ആഗോളതാപനശേഷി (Global Warming Potential-GWP).  ഒരു ഗ്യാസിന്റെ GWP CO2 നെ അടിസ്ഥാനമാക്കിയാണ് താരതമ്യം ചെയ്യുന്നത്.  CO2 ന്റെ GWP മൂല്യം 1 ആണ്.  റഫ്രിജറേറ്ററുകളിൽ നിന്ന് പുറന്തള്ളുന്ന ഫ്ലൂറിനേറ്റഡ് ഹരിതഗൃഹവാതകങ്ങൾക്ക് CO2 -നെ ക്കാൾ ഏകദേശം  10000 മടങ്ങ് ആഗോളതാപന ശേഷിയുണ്ട്. .   അതിനാൽ,  ഫ്ലൂറിനേറ്റഡ് ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിൽ ഉണ്ടാകുന്ന ഏത് കുറവും ഭൂമിയിൽ വളരെയധികം പ്രയോജനകരമായ സ്വാധീനം ചെലുത്തുന്നു.  2021-ൽ യുഎൻ എൻവയോൺമെന്റ് പ്രോഗ്രാം പ്രസിദ്ധീകരിച്ച എമിഷൻ ഗ്യാപ്പ് റിപ്പോർട്ട് പ്രകാരം ആഗോളതാപനം പാരീസ് ഉടമ്പടിയുടെ ലക്ഷ്യത്തിനുള്ളിൽ നിലനിർത്തുന്നതിന്,  അടുത്ത എട്ട് വർഷത്തിനുള്ളിൽ ഹരിതഗൃഹ വാതകത്തിന്റെ വാർഷിക പുറന്തള്ളൽ പകുതിയായി കുറയ്ക്കണമെന്ന്   നിർദ്ദേശിക്കുന്നു. 

പരമ്പരാഗത കംപ്രഷൻ റഫ്രിജറേറ്ററുകളിലും എയർകണ്ടീഷണറുകളിലും ഉപയോഗിക്കുന്ന ക്ലോറോഫ്ലൂറോകാർബണുകൾ (CFC) പോലുള്ള റഫ്രിജറന്റ് വാതകങ്ങൾ അല്ലെങ്കിൽ ഹൈഡ്രോക്ലോറോഫ്ലൂറോകാർബണുകൾ (HCFC),  ശക്തമായ ഹരിതഗൃഹ വാതകങ്ങൾ (GHGs) എന്നിവയാണ് ആഗോളതാപനത്തിന് കാരണമാകുന്ന പ്രധാന ഘടകങ്ങൾ.  അതിനാൽ പരമ്പരാഗത ശീതീകരണ സംവിധാനത്തെ മാറ്റിസ്ഥാപിക്കുന്ന പരിസ്ഥിതി സൗഹൃദ ശീതീകരണ രീതി പരിസ്ഥിതിയുടെ ആവശ്യമാണ്.  പാരമ്പര്യേതര ശീതീകരണ സംവിധാനങ്ങളിൽ,  മാഗ്നെറ്റോകലോറിക് പ്രഭാവത്തെ(magnetocaloric effect) അടിസ്ഥാനമാക്കിയുള്ള കാന്തിക ശീതീകരണം ഭാവിയിലേക്ക് വളർന്നുവരുന്ന മികച്ച സാങ്കേതികവിദ്യയാണ്.


മാഗ്നെറ്റോകലോറിക് പ്രഭാവം:

കാന്തികമണ്ഡലം ഉപയോഗിച്ചുകൊണ്ട് ചില കാന്തികവസ്തുക്കളിൽ ഉണ്ടാക്കുന്ന താപനില വ്യത്യാസത്തിനെ ആണ് മാഗ്നെറ്റോകലോറിക് പ്രഭാവം എന്ന് പറയുന്നത്.  1881 ൽ E.  വാർബർഗ് ആണ് ഇരുമ്പിൽ ആദ്യമായി ഈ പ്രഭാവം കണ്ടെത്തിയത്.  മാഗ്നെറ്റോകലോറിക് പ്രഭാവത്തെ തെർമോഡൈനാമിക്സ് ഉപയോഗിച്ചു മനസിലാക്കാൻ കഴിയും.  പരിസരവുമായി താപമാറ്റം ഇല്ലാത്ത താപഗതിക പ്രക്രിയയെ അഡയബാറ്റിക് പ്രക്രിയ എന്ന് പറയുന്നു.  ഒരു താപഗതിക പ്രക്രിയ എത്രമാത്രം ക്രമരഹിതമാകുന്നു എന്നതിനെ സൂചിപ്പിക്കുന്ന അളവാണ് എൻട്രോപ്പി.  ഒരു അഡയബാറ്റിക്പ്രക്രിയയിൽ ആകെ എൻട്രോപ്പി സ്ഥിരമായി തുടരും.  ഏറ്റവും ലളിതമായി പരിഗണിച്ചാൽ ഒരു കാന്തിക പദാർത്ഥത്തിന്റെ ആകെ എൻട്രോപ്പി എന്നത് കാന്തിക എൻട്രോപ്പിയുടെയും താപഎൻട്രോപ്പിയുടെയും തുകയാണ്.    ഒരു അഡയബാറ്റിക് പ്രക്രിയയിൽ ഏതെങ്കിലും വിധത്തിൽ കാന്തിക എൻട്രോപ്പിക്ക് മാറ്റം സംഭവിച്ചാൽ,  ആകെ എൻട്രോപ്പി സ്ഥിരമായി തുടരുന്നതിനു വേണ്ടി താപ എൻട്രോപ്പി അതിനനുസരിച്ചുള്ള മാറ്റം കൈവരിക്കും.  ഉദാഹരണത്തിന് ഒരു അഡയബാറ്റിക് പ്രക്രിയയിൽ കാന്തിക എൻട്രോപ്പി കുറഞ്ഞാൽ,  ആകെ എൻട്രോപ്പിയെ സ്ഥിരമാക്കി നിർത്തുന്നതിനു വേണ്ടി താപ എൻട്രോപ്പി കൂടും.  അതുപോലെ കാന്തിക എൻട്രോപ്പി കൂടിയാൽ താപ എൻട്രോപ്പി കുറയും.  ഇതാണ് മാഗ്നെറ്റോകലോറിക് പ്രഭാവത്തിന്റെ അടിസ്ഥാന തത്വം. 


മാഗ്നെറ്റോകലോറിക് റഫ്രിജറേഷൻ അഥവാ കാന്തിക ശീതീകരണം: 

മാഗ്നെറ്റോകലോറിക് പ്രഭാവത്തിനെ അടിസ്ഥാനമാക്കിയുള്ള ഒരു കൂളിംഗ് സാങ്കേതികവിദ്യയാണ് മാഗ്നറ്റിക് റഫ്രിജറേഷൻ.   സാധാരണ റഫ്രിജറേറ്ററുകളിൽ ഉപയോഗിക്കുന്ന താപനിലകളും അതിലുപരി അതിനേക്കാൾ കുറഞ്ഞ താപനിലകളും കൈവരിക്കുന്നതിന് ഈ സാങ്കേതികവിദ്യ ഉപയോഗിക്കാം.  മാഗ്നെറ്റോകലോറിക് മെറ്റീരിയലിലേക്ക് കാന്തിക മണ്ഡലം (magnetic field) അഡയബാറ്റിക് ആയി പ്രയോഗിക്കുമ്പോൾ മാഗ്നെറ്റിക് സ്പിന്നുകൾ കാന്തിക മണ്ഡലത്തിന്റെ ദിശയിൽ ക്രമീകരിക്കപ്പെടുകയും സ്പിന്നുകളുടെ എൻട്രോപ്പി അഥവാ ക്രമരഹിതമായ വിന്യാസം കുറയുകയും ചെയ്യും.  തൽഫലമായി കാന്തിക എൻട്രോപ്പി കുറയുകയും താപഎൻട്രോപ്പി കൂടുകയും ചെയ്യും.  ഇത് ആ വസ്തുവിന്റെ താപനില ഉയരുന്നതിനു കാരണമാകുന്നു.  അധികമായി ഉണ്ടായ ഈ താപനിലയെ ഒരു ശീതീകരണ ദ്രാവകം ഉപയോഗിച്ച് പുറത്തേക്ക് മാറ്റുന്നു. 

ചിത്രം 1 . മാഗ്നെറ്റിക് റെഫ്രിജറേഷന്റെ വിവിധ ഘട്ടങ്ങൾ . അവലംബം : Magnetocaloric effect (the arrows symbolize the direction of the. . .  | Download Scientific Diagram

അടുത്ത ഘട്ടത്തിൽ കാന്തിക മണ്ഡലം അഡയബാറ്റിക് ആയി പിൻ‌വലിക്കുന്നു.  കാന്തിക സ്പിന്നുകളുടെ വിന്യാസം വീണ്ടും ക്രമരഹിതമാവുകയും കാന്തിക എൻട്രോപ്പി കൂടുകയും ചെയ്യും.  എന്നാൽ ആകെ എൻട്രോപ്പി സ്ഥിരമായി നിൽക്കുന്നതിനാൽ താപ എൻട്രോപ്പി കുറയുന്നു.  അതിന്റെ ഫലമായി വസ്തുവിന്റെ താപനിലയും കുറയുന്നു.  ഈ പ്രക്രിയകൾ തുടർച്ചയായി ചെയ്യുന്നതുവഴി ആവശ്യമായ താഴ്ന്ന താപനില കൈവരിക്കാൻ കഴിയുന്നു.

മാഗ്നെറ്റിക് റെഫ്രിജറേറ്ററുകളിൽ ഹരിതഗൃഹ വാതകങ്ങൾക്ക് പകരം,  തണുപ്പിക്കേണ്ട ഭാഗത്തിന് പിന്നിലായി മാഗ്നെറ്റോകലോറിക് പദാർത്ഥത്തിനെ ഘടിപ്പിക്കുന്നു.  ഈ പദാർത്ഥത്തിലേക്ക് കാന്തിക മണ്ഡലം അഡയബാറ്റിക് ആയി പ്രയോഗിക്കുമ്പോൾ അതിന്റെ ചൂട് വർധിക്കുന്നു.  മാഗ്നെറ്റോകലോറിക് പദാർഥത്തിലുണ്ടായ ഈ അധിക താപത്തിനെ ജലം പോലെയുള്ള ശീതീകരണ ദ്രാവകം ഉപയോഗിച്ച് പുറത്തേക്ക് മാറ്റുന്നു.  കാന്തിക മണ്ഡലം പിൻവലിക്കുമ്പോൾ ആ പദാർത്ഥത്തിന്റെ താപനില ആദ്യമുണ്ടായിരുന്നതിനേക്കാൾ കുറയുന്നു.  ഈ ഘട്ടത്തിൽ മാഗ്നെറ്റോകലോറിക് പദാർത്ഥം തണുപ്പിക്കേണ്ട ഭാഗത്തു നിന്നും വീണ്ടും താപം ആഗിരണം ചെയ്യുകയും ഈ പ്രക്രിയകൾ ശൃംഖലയായി തുടരുകയും ചെയ്യും.  ഇങ്ങനെ തുടർച്ചയായി കാന്തിക മണ്ഡലം പ്രയോഗിക്കുകയും പിൻവലിക്കുകയും ചെയ്തുകൊണ്ട് തണുപ്പിക്കേണ്ട ഭാഗത്തിന് ആവശ്യമായ താഴ്ന്ന താപനില കൈവരിക്കാൻ കഴിയുന്നു.

 

മാഗ്നെറ്റോകലോറിക് പദാർത്ഥങ്ങൾ

മാഗ്നെറ്റോകലോറിക് പ്രഭാവം നൽകുന്ന ലോഹങ്ങളാണ് മാഗ്നെറ്റോകലോറിക് പദാർത്ഥങ്ങൾ.  ഗഡോലിനിയം (Gd) പോലുള്ള ശുദ്ധമായ മൂലകങ്ങൾ ലാന്തനം-അയൺ-സിലിക്കൺ (LaFeSi) ,  അയൺ-ഫോസ്ഫറസ് (Fe2P) പോലുള്ള ലോഹസങ്കരങ്ങൾ,  റെയർ ഏർത് മാംഗനൈറ്റ്‌സ് എന്നിവ മാഗ്നെറ്റോകലോറിക് പദാർത്ഥങ്ങൾക്ക് ഉദാഹരണങ്ങൾ ആണ് .  കൂടുതൽ കാര്യക്ഷമമായ പദാർത്ഥങ്ങൾക്ക് വേണ്ടിയുള്ള ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ് 


പ്രായോഗിക മാഗ്നറ്റോകലോറിക് റഫ്രിജറേറ്ററുകൾ

വാണിജ്യ റഫ്രിജറേഷനായി ആദ്യത്തെ മാഗ്നറ്റിക് കൂളിംഗ് സിസ്റ്റം ആരംഭിച്ചത് Cooltech Applications ആണ്.  ഇത്തരം റഫ്രിജറേറ്ററുകൾ CFC പോലെയുള്ള ഹരിതഗൃഹ വാതകങ്ങളെ ഒഴിവാക്കുന്നതിനോടൊപ്പം 50 ശതമാനം ഊർജ്ജ ഉപഭോഗം കുറക്കുകയും ചെയ്യുന്നു.  2003 ൽ  സ്ഥാപിതമായ കൂൾടെക് ആപ്ലിക്കേഷനുകളുടെ ഓഫീസുകൾ പാരീസിലും ഫ്രാൻസിലെ സ്ട്രാസ്ബർഗിലും സ്ഥിതിചെയ്യുന്നു.


ചിത്രം 2 : Cooltech Applications പുറത്തിറക്കിയ മാഗ്നെറ്റിക് റഫ്രിജറേറ്റർ.   അവലംബം : Cooltech Applications Launches the First Magnetic Cooling System for Commercial Refrigeration - rime Group 


മാഗ്നെറ്റിക് റഫ്രിജറേഷൻ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ വൈദഗ്ധ്യം നേടിയ മറ്റൊരു കമ്പനിയാണ് മഗ്നോറിക് (Magnoric).  പരമ്പരാഗത കംപ്രസറുകളിൽ ഉപയോഗിക്കുന്ന ദോഷകരമായ വാതകങ്ങൾ ഇല്ലാതെ,  സോളിഡ്-സ്റ്റേറ്റ് കൂളിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാര്യക്ഷമവും സുസ്ഥിരവുമായ ശീതീകരണ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് അവരുടെ പ്രവർത്തനം.  ഊർജ്ജ ഉപഭോഗവും കാർബൺ പുറന്തള്ളലും കുറയ്ക്കുന്നതിനുള്ള ദീർഘകാല കാഴ്ചപ്പാടോടെ വാണിജ്യ ശീതീകരണം,   മറ്റ് കൂളിംഗ് ആപ്ലിക്കേഷനുകൾ എന്നിവയിൽ അതിന്റെ സാങ്കേതികവിദ്യ പ്രയോഗിക്കാൻ മാഗ്നോറിക് ലക്ഷ്യമിടുന്നു.

Magnoric വികസിപ്പിച്ചെടുത്ത മാഗ്നെറ്റിക് റെഫ്രിജറേറ്ററിന്റെ പ്രോട്ടോടൈപ്പ് . അവലംബം : Technology - magnoric

 

Magnotherm,  Electron Energy Coorporation,  Camfridege എന്നിങ്ങനെ നിരവധി കമ്പനികൾ ഇന്ന് മാഗ്നെറ്റിക് റെഫ്രിജറേറ്ററുകൾ നിർമ്മിച്ച് പുറത്തിറക്കുന്നുണ്ട്.

ഉപസംഹാരം

മാഗ്നെറ്റിക് റെഫ്രിജറേഷൻ എന്നത് പാരിസ്ഥിതികമായി സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ട ഒരു സാങ്കേതികവിദ്യയാണ്. 

മേന്മകൾ

●       പരമ്പരാഗത സാങ്കേതികവിദ്യകളേക്കാൾ കാര്യക്ഷമമാണ് 

●       വാതകങ്ങളോ അസ്ഥിരമായ ദ്രാവകങ്ങളോ ഉൾപ്പെടുന്നില്ല

●       അപകടകരമല്ല

●       പ്രവർത്തന സമയത്തെ കുറഞ്ഞ പ്രകമ്പനവും ശബ്ദവും

●       പുനരുപയോഗിക്കാവുന്നതും പുനരുപയോഗം ചെയ്യാവുന്നതുമായ ഭാഗങ്ങളും ഘടകങ്ങളും

●       50% വരെ ഊർജ്ജ ലാഭം

●       ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ ശീതീകരണവിദ്യ

 

ഇത് വാണിജ്യപരമായി ലാഭകരമാക്കുന്നതിന്,  ശക്തമായ സ്ഥിര കാന്തങ്ങളുംവലിയ താപനില വ്യതിയാനങ്ങളും എങ്ങനെ കാര്യക്ഷമമായി വികസിപ്പിച്ചെടുക്കാമെന്ന്  ശാസ്ത്രജ്ഞർ ഇനിയും കണ്ടെത്തേണ്ടതുണ്ട്. .  MCE പ്രദർശിപ്പിക്കുന്ന മെറ്റീരിയലുകൾ ശരിക്കും ഉപയോഗപ്രദമാകുന്നതിന് ചില താപ,  കാന്തിക ഹിസ്റ്ററസിസ് പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിക്കേണ്ടതുണ്ട്.  മാഗ്നെറ്റിക് റെഫ്രിജറേഷനുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ അതിന്റെ ശൈശവദശയിൽ ആണെങ്കിലും നാളെയുടെ കാര്യക്ഷമമായ ശീതീകരണവിദ്യയായി ഇത് മാറുമെന്നതിൽ സംശയമില്ല.

 

അവലംബം

●       M.  Tishin,  in Handbook of Magnetic Materials,  edited by K.  H.  J.  Buschow (North Holland,  Amsterdam,  1999),  Vol.  12,  pp.  395–524

●       Technology - magnoric

 

 

0 comments
bottom of page