top of page

മുറിഞ്ഞുപോയ സംവാദങ്ങള്‍ : സരസ്വതിയമ്മയുടെ കഥാലോകം

ഡോ. അനീഷ്യാ പി മോഹന്‍

പ്രബന്ധസംഗ്രഹം : 1940 കളോടെ സ്ത്രീപക്ഷനിലപാടുകളുമായി സാഹിത്യലോകത്തെത്തിയ എഴുത്തുകാരിയാണ് കെ. സരസ്വതിയമ്മ. ഏതാണ്ട് ഇരുപത് വർഷക്കാലം മാത്രമേ സാഹിത്യലോകത്ത് ഉണ്ടായിരുന്നുള്ളൂവെങ്കിലും നോവൽ, ചെറുകഥ, നാടകം, ലേഖനം എന്നിങ്ങനെ സാഹിത്യത്തിന്റെ വിവിധതലങ്ങളില്‍  അവര്‍ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. സരസ്വതിയമ്മ അവതരിപ്പിച്ച ആശയലോകം ഏറെ പുതുമയുള്ളതും  പ്രസക്തവുമായിരുന്നു. എന്നിട്ടും സരസ്വതിയമ്മയെ സാഹിത്യലോകം അര്‍ഹിക്കുന്ന ഗൗരവത്തോടെ കണ്ടില്ല. സമകാലികരായിരുന്ന ലളിതാംബിക അന്തർജ്ജനത്തിനോ ബാലാമണിയമ്മയ്ക്കോ പില്‍ക്കാലത്ത് സ്ത്രീപക്ഷരചനകളിലൂടെ ശ്രദ്ധേയയായ  മാധവിക്കുട്ടിക്കോ കിട്ടിയ അംഗീകാരം സരസ്വതിയമ്മയ്ക്ക് ലഭിച്ചില്ല. പുതുമയുള്ളതും സ്ഫോടനാത്മകവുമായ ആശയങ്ങൾ അവതരിപ്പിച്ചിട്ടും എന്തുകൊണ്ടാണ് മറ്റെഴുത്തുകാർക്ക് കിട്ടിയ സ്വീകാര്യത സരസ്വതിയമ്മയ്ക്ക് കിട്ടാതെപോയത് എന്നതിനെപ്പറ്റിയുള്ള അന്വേഷണമാണ് ഈ ലേഖനം .

 

താക്കോല്‍വാക്കുകള്‍ : കെ. സരസ്വതിയമ്മ – ഫെമിനിസം - റാഡിക്കല്‍ ഫെമിനിസം – സംവാദപരത – സ്ത്രീസൗഹൃദം – സര്‍ഗ്ഗാത്മകത – സ്വീകാര്യത

 

ഫെമിനിസം എന്ന പദം ചർച്ചയാവുകയോ പ്രചാരത്തിലാവുകയോ ചെയ്യുന്നതിന് എത്രയോ മുൻപ്  സ്ത്രീകളുടെ പ്രശ്നങ്ങളെയും അവകാശങ്ങളെയും കുറിച്ച് സംസാരിക്കുകയും  ആണധികാരത്തോട് പൊരുതുകയും ചെയ്ത എഴുത്തുകാരിയായിരുന്നു സരസ്വതിയമ്മ. കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ ലേഖനം,കഥ, നോവൽ എന്നിങ്ങനെ മിക്ക സാഹിത്യരൂപങ്ങളിലൂടെയും തന്റെ  സ്ത്രീപക്ഷ നിലപാടുകൾ ആവിഷ്കരിക്കാന്‍ സരസ്വതിയമ്മയ്ക്ക് സാധിച്ചു.  എന്നാൽ ഫെമിനിസ്റ്റ് എന്ന നിലയിലോ എഴുത്തുകാരി എന്ന നിലയിലോ സരസ്വതിയമ്മ അധികം അംഗീകരിക്കപ്പെട്ടിട്ടില്ല. സരസ്വതിയമ്മ മുന്നോട്ടുവച്ച ആശയലോകത്തിനു ലഭിച്ച സ്വീകാര്യത അവരുടെ സർഗ്ഗാത്മകതയ്ക്ക് പില്‍ക്കാലത്തും ലഭിച്ചില്ല. സ്ത്രീവാദവീക്ഷണങ്ങള്‍ അവതരിപ്പിക്കാനുള്ള ഉപാധി എന്നതില്‍ കവിഞ്ഞ് ഭാവനാത്മകവ്യവഹാരം എന്ന നിലയില്‍ സരസ്വതിയമ്മയുടെ സാഹിത്യം ചര്‍ച്ച ചെയ്യപ്പെടുന്നില്ല. അവരുടെ രചനാലോകം ആശയനിഷ്ഠമായ വായനകള്‍ക്ക് മാത്രം നിരന്തരം വിധേയമാക്കപ്പെടുന്നു.മലയാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷ എഴുത്തുകാരിയെന്ന് വിശേഷിപ്പിക്കാവുന്ന രീതിയിൽ കൃത്യമായ നിലപാടുകളവതരിപ്പിച്ചിട്ടും എന്തുകൊണ്ടാണ് സരസ്വതിയമ്മയ്ക്ക് തുടർച്ചയുണ്ടാകാതെ  പോയത് എന്ന അന്വേഷണമാണ് ഈ ലേഖനം. രമണി, സ്ത്രീജന്മം, പെൺബുദ്ധി, എന്നീ കഥകളാണ് വിശദപഠനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

സ്ത്രീ - പുരുഷസമത്വത്തിനും സ്വാതന്ത്ര്യത്തിനുവേണ്ടി ഇരുപതാം നൂറ്റാണ്ടിൽ ആരംഭിച്ച സാമൂഹികപ്രസ്ഥാനമാണ് ഫെമിനിസം. ബ്രിട്ടനും അമേരിക്കയും ആയിരുന്നു ഫെമിനിസത്തിന്റെ പ്രധാനകേന്ദ്രങ്ങൾ. സ്ത്രീകളുടെ അവകാശവും നിയമപരിരക്ഷയും  ലക്ഷ്യമിടുന്ന രാഷ്ട്രീയവ്യവഹാരമായ ഫെമിനിസം  സ്ത്രീകളുടെ സമത്വത്തിനുവേണ്ടി വാദിക്കുകയും അവരുടെ അവകാശങ്ങൾക്കും ആവശ്യങ്ങൾക്കുമായി നിലകൊള്ളുകയും ചെയ്യുന്നു. സ്ത്രീവാദത്തിന് പ്രധാനമായും മൂന്ന് ഘട്ടങ്ങളുണ്ട്. സമത്വം,ഭൗതികസാഹചര്യങ്ങളിലെ ഉന്നമനം, സമ്മതിദാനാവകാശം എന്നിവയ്ക്കായിരുന്നു ഒന്നാം ഘട്ടം പ്രാധാന്യം നൽകിയിരുന്നത് . രണ്ടാം ഘട്ടമാകട്ടെ സ്ത്രീകളുടെ അനുഭവം, ലിംഗഭേദം, ലൈംഗികത തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഫെമിനിസത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു.രണ്ടാം തരംഗമായപ്പോഴേക്കും സ്ത്രീകളുടേതായ എഴുത്തുരീതിതന്നെ ഉടലെടുത്തു. ഫ്രഞ്ച് ഫെമിനിസ്റ്റുകളായ ഹെലൻ സിക്സു, ലൂസ് ഇറിഗാറി തുടങ്ങിയവർ അവതരിപ്പിച്ച പെണ്ണെഴുത്ത് എന്ന ആശയം ഇതിനുദാഹരണമാണ്.1990 ആരംഭിച്ച മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെ തുടർച്ചയും പരാജയങ്ങളോടുള്ള പ്രതികരണവുമായിരുന്നു. റാഡിക്കൽഫെമിനിസം,മാർക്സിസ്റ്റ്ഫെമിനിസം,സോഷ്യലിസ്റ്റ്ഫെമിനിസം, ലെസ്ബിയൻ ഫെമിനിസം,ഇക്കോ ഫെമിനിസം എന്നിങ്ങനെ ഫെമിനിസത്തിന് പല വിഭജനങ്ങളുണ്ട്. തുല്യമായ അവകാശം, സമത്വം, വ്യക്തിസ്വാതന്ത്ര്യം, നീതിബോധം ഇവയ്ക്കുവേണ്ടി നിലകൊണ്ടവരായിരുന്നു ലിബറൽ ഫെമിനിസ്റ്റുകൾ. പുരുഷവിദ്വേഷം ഇവരുടെ ചിന്തയിൽ ഉണ്ടായിരുന്നില്ല. സമൂഹത്തിൽ നിലനിന്നിരുന്ന പുരുഷാധിപത്യവ്യവസ്ഥയ്ക്കെതിരെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്തവരായിരുന്നു റാഡിക്കൽ ഫെമിനിസ്റ്റുകൾ. വിവാഹം, കുട്ടികൾ, ലൈംഗികത,കുടുംബം ഇവയൊക്കെ ഭക്ഷണത്തിനും സംരക്ഷണത്തിനും പകരമായി സ്ത്രീ നൽകേണ്ട പ്രതിഫലം മാത്രമായി കാണുന്ന പുരുഷാധിപത്യസമൂഹത്തെ  റാഡിക്കൽ ഫെമിനിസ്റ്റുകൾ അതിശക്തമായി എതിര്‍ത്തു. സ്ത്രീയുടെ പരിതോവസ്ഥകള്‍ക്ക് കാരണം അത്തരമൊരു സാമൂഹികവ്യവസ്ഥയായാതിനാല്‍  പലപ്പോഴും പുരുഷവിദ്വേഷപരമായിരുന്നു ഇവരുടെ നിലപാടുകൾ. സമൂഹം പുലർത്തിയിരുന്ന ഏകപക്ഷീയമായ കപടസദാചാരനിയമങ്ങളെ എതിർക്കുകയും സ്വവർഗലൈംഗികതയെയും സ്വതന്ത്രലൈംഗികതയെയും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മാർക്സിസ്റ്റ് സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ രൂപം കൊണ്ടതാണ് മാർക്സിസ്റ്റ് ഫെമിനിസം. സ്ത്രീയെയും പരിസ്ഥിതിയെയും സമന്വയിപ്പിക്കുന്ന ഇക്കോഫെമിനിസം പ്രകൃതിക്കും സ്ത്രീക്കും നേരെയുള്ള ചൂഷണത്തിന്‍റെ സമാനത വിശകലനം ചെയ്യുന്നു.

1930 കൾ വരെ പൊതുവേ മലയാളസാഹിത്യത്തിന്റെ അംഗീകൃതലോകത്തിൽ പുരുഷന്മാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർണ്ണർ, സ്ത്രീകൾ, തൊഴിലാളികൾ, കീഴാളർ തുടങ്ങിയവർ സമൂഹത്തിന്റെ മുഖ്യധാരയിലെന്നപോലെ സാഹിത്യത്തിലും ഇടം കിട്ടാതെ പോയവരായിരുന്നു. പുരോഗമനസാഹിത്യപ്രസ്ഥാനവും സാമൂഹികപരിഷ്കരണങ്ങളും സാഹിത്യത്തിന്റെ ഭാഗമായിരുന്നുവെങ്കിലും സ്ത്രീകളുടെ പ്രശ്നങ്ങള്‍ അധികം ചർച്ച ചെയ്തിരുന്നില്ല. ബഷീറും വി.ടി.യുമൊക്കെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ ആവിഷ്കരിച്ചിരുന്നുവെങ്കിലും അവയില്‍ പലതും സാമുദായികമായിരുന്നു. ഈയൊരു സംസ്കാരികാന്തരീക്ഷത്തിലാണ് സരസ്വതിയമ്മ തന്റെ നിലപാടുകളുമായി എത്തിയത്. തന്റെ സമകാലീനയായ ലളിതാംബിക അന്തർജ്ജനം സാമുദായിക - സാമൂഹികജീവിതത്തിലുള്ള സ്ത്രീയുടെ പദവികളെപ്പറ്റി ആലോചിച്ചപ്പോള്‍ അതിനപ്പുറം സ്ത്രീയുടെ ലിംഗപദവിയെ സംബന്ധിച്ച പ്രശ്നങ്ങൾക്കാണ് സരസ്വതിയമ്മ പ്രാധാന്യം നൽകിയത്. ശക്തരായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് മലയാളസാഹിത്യത്തില്‍ ആദ്യമായി സ്ത്രീകേന്ദ്രിതസാഹിത്യം രൂപപ്പെടുത്തുകയായിരുന്നു കെ.സരസ്വതിയമ്മ.

1938 ൽ സീതാഭവനം എന്ന കഥയിലൂടെ എഴുത്തിന്റെ ലോകത്ത് രംഗപ്രവേശം ചെയ്ത് സരസ്വതിയമ്മ ഏതാണ്ട് ഇരുപത് വർഷക്കാലം മാത്രമേ സാഹിത്യലോകത്ത് നിന്നുള്ളൂ. ഇന്ന് സ്ത്രീവാദം  ഉന്നയിക്കുന്ന മിക്ക  അവകാശങ്ങളും ആവശ്യങ്ങളും തന്നെയായിരുന്നു 1938 മുതല്‍ സരസ്വതിയമ്മയുടെ രചനകള്‍  പ്രതിനിധാനം ചെയ്തത്. സ്ത്രീസ്വാതന്ത്ര്യം, എല്ലാത്തരത്തിലുമുള്ള തെരഞ്ഞെടുപ്പിനുള്ള അവകാശം, സ്ത്രീകളുടെ തുല്യത, കുടുംബത്തിലും സമൂഹത്തിലും സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ, അവർക്ക് നേരിടേണ്ടിവരുന്ന സ്വത്വപ്രതിസന്ധി, കുടുംബം എന്ന സ്ഥാപനത്തിലെ  അധികാരവ്യവസ്ഥ, സാമൂഹിക-സാംസ്കാരികശ്രേണിയിലെ വിവിധ തലങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്ന സ്ത്രീയവസ്ഥകൾ എന്നിവയുടെ ആവിഷ്കാരമായിരുന്നു സരസ്വതിയമ്മയുടെ എഴുത്ത്. സംവാദപരത, ഹാസ്യം, സ്ത്രീകൾ തമ്മിലുള്ള സൗഹൃദം, റാഡിക്കൽ ഫെമിനിസ്റ്റ് നിലപാടുകള്‍ - ഇവയാണ് സരസ്വതിയമ്മയുടെ കഥകളുടെ പ്രധാന പ്രത്യേകതകൾ. സ്ത്രീകൾ തമ്മിലുള്ള സൗഹൃദം അവരുടെ  പ്രധാനവിഷയമാണ്. ഇത്തരം സൗഹൃദം കുശലാന്വേഷണത്തിനും കളിചിരികൾക്കും അപ്പുറം സ്ത്രീകള്‍ തമ്മിലുള്ള  തിരിച്ചറിയൽ കൂടിയാണ്. ആശ്വാസത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും പങ്കുവയ്ക്കലിന്റെയും ആവിഷ്കാരത്തിന്റെയും ഇടമായത് മാറുന്നു. പലപ്പോഴും തർക്ക-വിതർക്കങ്ങളിലൂടെ തങ്ങളുടെ കാഴ്ചപ്പാടുകളും ചിന്തകളും കൃത്യമായി ആവിഷ്കരിക്കുന്നു.സ്ത്രീകൾ തമ്മിലുള്ള സംവാദത്തിലൂടെ കഥകൾ മുന്നോട്ട് പോകുന്നു. ഇത്തരം സംവാദത്തിലൂടെ തന്റെ നിലപാടുകളും  ആശയങ്ങളുമാണ്  സരസ്വതിയമ്മ ആവിഷ്കരിക്കുന്നത്. പലപ്പോഴും ഏകതാനമായി മുന്നോട്ടുനീങ്ങുന്ന കഥാഘടനയ്ക്കൊപ്പം തുടർച്ചകളും ഇടര്‍ച്ചകളും സംവാദങ്ങളും തർക്കങ്ങളും ഒക്കെയായി കഥാഗതി മുന്നോട്ടുപോകുന്നു.

പാശ്ചാത്യ-പൗരസ്ത്യലോകത്ത് വിജ്ഞാനവുമായി ബന്ധപ്പെട്ട് സംവാദത്തിന്‌ ഏറെ പ്രാധാന്യമുണ്ടായിരുന്നു. സംവാദങ്ങളിലൂടെയായിരുന്നു പൊയെറ്റിക്സും പൊളിറ്റിക്സും രൂപപ്പെട്ടത്. സംവാദമെന്നത് പുരുഷന്മാരുടെ വൈജ്ഞാനിക ഇടവുമായി മാത്രം ബന്ധപ്പെട്ട് നിൽക്കുന്ന ഒന്നായിരുന്നു. വൈകാരികാംശത്തിന് ഒട്ടും പ്രാധാന്യം നൽകാത്ത ഇടങ്ങൾ. ഇത്തരമിടങ്ങളിൽ സ്ത്രീസാന്നിധ്യം വളരെ കുറവായിരുന്നു. വികാരങ്ങള്‍ക്ക് പ്രാധാന്യം കല്പിക്കാത്ത ജ്ഞാനബദ്ധമായ ഇത്തരം സംവാദത്തിന്റെയും ആശയത്തിന്റെയും തലം സരസ്വതിയമ്മയുടെ കൃതികളിൽ കാണാം. ബൗദ്ധികതയുടെയും ആശയോല്പാദനത്തിന്റെയും ഉപാധികള്‍ മാത്രമായിരുന്നു കഥാപാത്രങ്ങൾ. പുരുഷനും സ്ത്രീയും തമ്മിലുള്ള സംവാദത്തെക്കാള്‍ രണ്ട് സ്ത്രീകൾ തമ്മിലുള്ള സംവാദത്തിലൂടെയാണ് പലപ്പോഴും ആഖ്യാനം മുന്നോട്ട് പോയിരുന്നത്. കലാപരമായ തികവിനെക്കാള്‍ പ്രബോധനപരമായിരുന്നു സരസ്വതിയമ്മയുടെ സാഹിത്യം. സ്ത്രീസ്വത്വത്തെ സംബന്ധിച്ച നവീനമായ ആശയങ്ങള്‍ ശക്തമായി അവതരിപ്പിച്ചിട്ടും അവരുടെ സാഹിത്യം അധികം അംഗീകരിക്കപ്പെടാതെ പോയത് എന്തുകൊണ്ടാവാം? പുരുഷാധിപത്യവീക്ഷണങ്ങളെ ചോദ്യം ചെയ്യുന്ന രചനകള്‍ ആയതുകൊണ്ടു മാത്രമാണോ? രചയിതാവ് സ്ത്രീ ആയതു കൊണ്ടാണോ ?

മലയാളിയുടെ കലാസ്വാദനപാരമ്പര്യത്തില്‍ വൈകാരികതയ്ക്ക് സുപ്രധാനസ്ഥാന മാണുള്ളത്. കേസരി ബാലകൃഷ്ണപിള്ള ഇക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്.ആശയ ത്തിന്റെ മേന്മയ്ക്ക് തുല്യമായി അതിന്റെ വൈകാരികഭാവത്തിനും പ്രാധാന്യം കൊടുക്കുന്ന രചനകളോടാണ് മലയാളിവായനക്കാര്‍ക്ക് താല്പര്യം. വികാരത്തെ അപ്രധാനീകരിക്കുന്ന ബൗദ്ധികതയുടെ ആധിക്യം മലയാളികളെ ആസ്വാദനത്തില്‍ നിന്നും അകറ്റുന്നതായാണ് പൊതുവേ കാണുന്നത്. ഇത്തരത്തില്‍, വൈകാരികാംശത്തിന്റെ അഭാവം കൊണ്ടാകാം സരസ്വതിയമ്മയുടെ സർഗ്ഗാത്മക സൃഷ്ടികൾ അധികം അംഗീകരിക്കപ്പെടാതെ പോയത്. വികാരങ്ങളുടെ നിഷേധവും ബുദ്ധിയുടെ സ്വീകാരവുമായിരുന്നല്ലോ സരസ്വതിയമ്മയുടെ കഥകള്‍.

തർക്കങ്ങളുടെയും വാദപ്രതിവാദങ്ങളുടെയും ഇടങ്ങൾ പുരുഷന് സ്വന്തമായിരുന്നുവെന്ന് കരുതിയിരുന്ന കാലത്ത് സ്വതന്ത്രപ്രണയം, ലൈംഗികത, ആദർശമാതൃത്വം, സാമ്പത്തികസ്വാതന്ത്ര്യം, തൊഴില്‍, കുടുംബം, സമൂഹജീവിതം എന്നിങ്ങനെ സ്ത്രീയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളെയും വിമര്‍ശനാത്മകമായി നേരിട്ട എഴുത്തുകാരിയായിരുന്നു സരസ്വതിയമ്മ. പുരുഷാധിപത്യസാമൂഹികവ്യവസ്ഥയോടും വീക്ഷണങ്ങളോടും നിരന്തരം കലഹിച്ച സംവാദങ്ങളായിരുന്നു അവരുടെ കഥകള്‍. രമണി, സ്ത്രീജന്മം ,വിവാഹം സ്വർഗത്തിൽ നടക്കുന്നു തുടങ്ങിയ കഥകൾ ഇത്തരത്തില്‍ സംവാദാത്മകതയ്ക്ക് മികച്ച ഉദാഹരണങ്ങളാണ്. പുരുഷനു തുല്യമായ ലിംഗ/സാമൂഹികപദവികള്‍ സ്ത്രീക്ക് വേണമെന്ന നിലപാട് നിരന്തരം അവതരിപ്പിക്കുമ്പോഴും സംഭവബഹുലമായി കഥ അവതരിപ്പിക്കുന്നതിനപ്പുറം കഥാപാത്രങ്ങള്‍ തമ്മിലുള്ള സംവാദങ്ങളിലൂടെ സ്ഥാപിക്കുന്ന ഘടനയാണ് സരസ്വതിയമ്മ കഥകളില്‍ ആവര്‍ത്തിക്കുന്നത്.  ഇത്തരം സംവാദങ്ങൾ വൈകാരികതയുടെ തലത്തിൽ ഒതുങ്ങുന്ന സുഹൃദ്സംഭാഷണങ്ങളല്ല; അതിനപ്പുറം ബൗദ്ധികതയുടെയും വ്യത്യസ്തവീക്ഷണങ്ങളുടെയും ആശയങ്ങളുടെയും വാദപ്രതിവാദങ്ങളാണെന്നു കാണാം. ഇത്തരം സംവാദത്തിലൂടെ തന്റെതായ നിലപാടുകളാണ് സരസ്വതിയമ്മ ഉറപ്പിക്കുന്നത്. തര്‍ക്കങ്ങളിലെ പൂര്‍വ്വപക്ഷത്തിനുള്ള ഉത്തരമാണ് സരസ്വതിയമ്മയുടെ കഥയിലെ നായികമാര്‍. സ്ത്രീകൾ തമ്മിലുള്ള സൗഹൃദത്തിന്റെയും സംവാദത്തിന്റെയും സന്ദര്‍ഭങ്ങള്‍ മാത്രമല്ല, സ്ത്രീയും പുരുഷനും തമ്മില്‍ തുല്യനിലയില്‍ നിന്നുകൊണ്ടുള്ള സംവാദവും അവയില്‍  ആവിഷ്കരിക്കപ്പെടുന്നുണ്ട്. അവിടെയും ലിംഗപരമായി സ്ത്രീ അനുഭവിക്കുന്ന സാമൂഹികസമ്മർദ്ദവും പ്രശ്നങ്ങളും തന്നെയാണ് അവര്‍ മുന്നോട്ട് വയ്ക്കുന്നത്. (ഒരേയൊരുരാത്രി മുതലായ കഥകൾ ഉദാഹരണങ്ങൾ.)

ഹാസ്യത്തെ ഏറ്റവും നന്നായി ഉപയോഗിച്ച എഴുത്തുകാരിയാണ് സരസ്വതിയമ്മ. ഇടിവെട്ട് തൈലം എന്ന കഥയിൽ ഇംഗ്ലീഷ് അറിയാത്ത ഭാര്യയെ ഇംഗ്ലീഷ് പഠിപ്പിക്കാൻ ശ്രമിക്കുകയും അതിനായി കിടപ്പറ മുതുക്കനാശാന്റെ കുടിപ്പള്ളിക്കൂടമാക്കാൻ ശ്രമിക്കുകയും ചെയ്യുകയാണ് നായകൻ. അവരുടെ വീട്ടിലെത്തുന്ന വലിയമ്മ കോൺഫറൻസ് നടത്തി കിന്നാരം പറയുമ്പോൾ വിൻഡോ കർട്ടൻ ഇൻഡ്യാ കർട്ടനും ട്യൂഷൻ ഡിവിഷനും കൂൾഡ്രിങ്ക്സ്സ് സ്കൂൾ ഡ്രിങ്ക്സും ആകുന്നു. ഇതിനെല്ലാമപ്പുറം ഡി.ഡി.റ്റി യെ അവള്‍  ഇടിവെട്ട് തൈലം ആക്കുമ്പോൾ ഭാര്യയെ പഠിപ്പിക്കാനെടുത്ത ഇംഗ്ലീഷ് പുസ്തകം ഷെൽഫിൽ വച്ച് പൂട്ടുകയും മക്കളുണ്ടാകുമ്പോൾ അവരെ പഠിപ്പിക്കാമെന്ന്  ചിന്തിക്കുകയും ചെയ്യുന്നു നായകന്‍. പരിഷ്കാരികളായ ചില ഭർത്താക്കന്മാർ ഭാര്യമാരെ ‘ഹണി, സ്വീറ്റ് ഹാർട്ട് ‘ എന്നൊക്കെ സ്നേഹപൂർവ്വം വിളിക്കുന്നതിനെ സരസ്വതിയമ്മ കളിയാക്കുന്നു. സ്ത്രീജന്മത്തിൽ മാലതിയുടെ പ്രണയകഥ കേട്ടപ്പോൾ ശാന്തിക്ക് വലിയ രസം തോന്നിയില്ല. വിരസത മറികടക്കാനായി അവൾ കാമുകന്റെ എഴുത്തിലെ സംബോധനാരൂപങ്ങൾ എന്തെല്ലാമാണെന്ന് ചോദിച്ചു.

“മാലതി ഏങ്ങിയേങ്ങിപറഞ്ഞു - ഏഞ്ചൽ, സ്വീറ്റ്ഹാർട്ട്, ഡാർലിംഗ് എന്നെല്ലാം.

അവന്റെ ഏഞ്ചലും പൂഞ്ചോലയും. മാലതി എന്തെഴുതും ?

ഞാനൊന്നും എഴുതുകയില്ല. ഒരു വര മാത്രമിടും .

ഓ! ഭർത്താവിനെ പേര് വിളിക്കാൻ ഹിന്ദുധർമ്മം അനുവദിക്കാത്തത് കൊണ്ടോ?”തലയില്ലാത്ത പാവകളായി മാറുന്ന പെണ്ണുങ്ങളുടെ വിവേകശൂന്യതയാണ് ഹാസ്യരൂപത്തിൽ ഇവിടെ ആവിഷ്കരിക്കുന്നത്. ബുദ്ധിയും ഇച്ഛാശക്തിയും ഇല്ലാത്ത സ്ത്രീയെ സരസ്വതിയമ്മ കണക്കറ്റ് പരിഹസിക്കും. അവരെ പരിഹസിക്കുമ്പോള്‍ സരസ്വതിയമ്മയ്ക്ക് ഹാസ്യം എന്നത് സ്വത്വപരമായ പ്രതിരോധവും പ്രതിഷേധവും കൂടിയാണ്.

1939ല്‍ രചിക്കുകയും 1943ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്ത കഥയാണ് രമണി. ചങ്ങമ്പുഴയുടെ രമണനെ നിശിതമായി വിമര്‍ശിക്കുന്ന കൃതിയാണിത്. മണിമുഴക്കം (ഇടപ്പള്ളി രാഘവൻപിള്ള) എന്ന കവിതയെയും ഈ കഥയിൽ ചോദ്യം ചെയ്യുന്നുണ്ട് . പ്രണയത്തിന്റെ കാല്പനികമായ എല്ലാ തലങ്ങളെയും നിഷേധിക്കുകയാണ് രമണിയിൽ. കാല്പനികമായ ആദര്‍ശപ്രണയത്തിന്റെ ഉദാത്തമാതൃകയായി കേരളീയജനത കൊണ്ടാടിയ ചങ്ങമ്പുഴയുടെ രമണൻ പ്രണയത്തിനു വേണ്ടി സ്വയം ഇല്ലാതെയായ  നിഷ്കളങ്കനാണ്. അതിനെല്ലാം കാരണമോ ചന്ദ്രികയും . സമ്പന്നമായ ജീവിതത്തിനു വേണ്ടി രമണനെ ചതിച്ച് വഞ്ചകിയായി മാറിയ ചന്ദ്രികയുടെ  വീക്ഷണകോണിൽ നിന്നുകൊണ്ട് മുന്നോട്ടു പോകുകയാണ് രമണി. പ്രണയനൈരാശ്യങ്ങളുടെ പുരുഷപക്ഷങ്ങള്‍ക്ക് ഒരു ബദല്‍.

രമണന്റെ വായനയിലൂടെയാണ് കഥ ആരംഭിക്കുന്നത്. വിമന്‍സ് കോളേജിൽ പഠിക്കുന്ന സുഹൃത്തുക്കളാണ് ശാന്തിയും സുഷമയും. ശാന്തി രമണന്റെ പക്ഷവും സുഷമറാണി ചന്ദ്രികയുടെ പക്ഷവും ചേരുന്നു. സംസാരത്തിനിടയിൽ സുഷമ തന്റെ കഥ ശാന്തിയോട് പറയുന്നു. സ്കൂൾ ഫൈനലിൽ പഠിക്കുന്ന കാലത്ത് സുഷമ ബാബുവുമായി പ്രണയത്തിലാകുന്നു; മനസ്സുകൊണ്ടും ശരീരം കൊണ്ടും  തങ്ങളുടെ പ്രണയം കൈമാറുന്നു. ഒടുവിൽ അതിവിദഗ്ധമായി ബാബു അവളെ  ഉപേക്ഷിക്കുന്നു. അച്ഛനും അമ്മയും മരിച്ച ബാബുവിന് ലീന എന്ന സഹോദരി മാത്രമാണ് ഉണ്ടായിരുന്നത്. ലീന ഒരാളുമായി പ്രണയത്തിലാവുകയും അയാളിൽ നിന്നും ഗർഭിണിയാകുകയും ചെയ്യുന്നു.  കാമുകനാൽ ഉപേക്ഷിക്കപ്പെട്ട ലീന ആത്മഹത്യ ചെയ്യുന്നു. അതിനുള്ള പ്രതികാരമായിരുന്നു സുഷമയോട് സ്നേഹം നടിച്ചുള്ള  വഞ്ചന. സമ്പന്നമായ കുടുംബം അവളെ ചേർത്തുപിടിക്കുന്നു. സുഷമയുടെ മകളായ ശാന്തിയെ അവളുടെ അനുജത്തിയായി അവര്‍ വളര്‍ത്തിയെടുക്കുന്നു. തന്റെ അനുഭവത്തിൽ നിന്നുകൊണ്ട് കൂടിയാണ് സുഷമ ചന്ദ്രികയുടെ പക്ഷം പറയുന്നത്.

സരസ്വതിയമ്മയുടെ കഥകളുടെ എല്ലാ പ്രത്യേകതകളും പ്രത്യക്ഷപ്പെടുന്ന കഥയാണ് രമണി . (സ്ത്രീസൗഹൃദം, കാല്പനികതയോടുള്ള എതിർപ്പ്, പുരുഷ വിദ്വേഷം, അതികഥാസങ്കേതം) . ശാന്തിയും സുഷമയും തമ്മിലുള്ള സൗഹൃദവും അവരിലൂടെ ആവിഷ്കരിക്കപ്പെടുന്ന സംവാദങ്ങളിലൂടെയുമാണ് കഥ മുന്നോട്ടു പോകുന്നത്.  ശാന്തി രമണന്റെ ഭാഗം പറയുമ്പോൾ സുഷമ കഥാകാരിയുടെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നു. രമണനെയും കാല്പനികതയെയും  മലയാളികൾ കൊണ്ടാടിയിരുന്ന കാലത്ത് പ്രണയത്തിന്റെ എല്ലാ ആദര്‍ശഭാവങ്ങളെയും റദ്ദ് ചെയ്യുകയാണ് രമണി. കഥ  ആരംഭിക്കുന്നതു തന്നെ “ആ പുസ്തകം ദൂരെ കളയൂ ശാന്തി “എന്നും “ഇത്രയൊക്കെ വായിക്കാൻ അതിലൊരു ചുക്കുമില്ല”എന്നും പറഞ്ഞാണ്. അത്രയും ആഘോഷിക്കപ്പെട്ട രമണനെ ഒരു മൂന്നാംകിട പുസ്തകമായാണ് സരസ്വതിയമ്മ അവതരിപ്പിക്കുന്നത്. ജീവിതത്തിലെ പ്രായോഗികതയുടെയും യുക്തിബോധത്തിന്റെയും വെളിച്ചത്തില്‍ അതീവകാല്പനികവും പുരുഷന്റെ ആദര്‍ശപ്രണയനാട്യങ്ങളുടെ ആഖ്യാനവും മാത്രമായി രമണന്‍ ഈ കഥയില്‍ പുനര്‍വായിക്കപ്പെടുന്നു.

പ്രണയത്തെ അനശ്വരവും മധുരവും അതീന്ദ്രാനുഭൂതിയുമായി കാണുന്ന അവസ്ഥയിൽനിന്ന് മാറി ശരീരത്തിന്റെ ജൈവികമായ തോന്നൽ മാത്രമായി കാണുകയാണ് സുഷമ . ബാബുവുവും താനും തമ്മിലുള്ള പ്രണയത്തെപ്പറ്റി കാലങ്ങൾക്ക് ശേഷം അവള്‍ പറയുന്നത്  താത്കാലികഭ്രമം  മാത്രമായിരുന്നുവെന്നാണ്. കൗമാരകാലത്തെ കേവലം ശരീരനിഷ്ഠമായ തൃഷ്ണ മാത്രമാണ് പ്രണയമെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ചന്ദ്രികയുടെ ഭാഗത്തുനിന്ന് ചിന്തിക്കാനും അവളെ ഉൾക്കൊള്ളാനും സുഷമയ്ക്ക് കഴിയുന്നത്. ചന്ദ്രിക രമണനെ ഉപേക്ഷിക്കാനുള്ള കാരണങ്ങൾ അവള്‍ എണ്ണിയെണ്ണിപ്പറയുന്നു. ലോകകാര്യങ്ങളിൽ പൂർണ്ണബോധ്യമുള്ള രമണൻ ചന്ദ്രികയെ പ്രണയിക്കുമ്പോഴും അയാളെ ജീവിതത്തിലേക്ക് സ്വീകരിച്ചാലുണ്ടാകാവുന്ന വരുംവരായ്കകളെപ്പറ്റി പറയുന്നുണ്ട്. “കൊച്ചുമകളുടെ രാഗവായ്പ്പിലച്ഛനുമമ്മയ്ക്കുമെന്തു തോന്നാൻ” എന്നും ലോകോപദേശത്തിനൊരുങ്ങുന്ന രമണനോട് “കേൾക്കേണ്ടെനിക്കീ പ്രസംഗമെന്നും” പറയുന്ന പ്രഭുകുമാരിയാണ് ചന്ദ്രിക. ജീവിതത്തെ സംബന്ധിക്കുന്ന നിര്‍ണ്ണായകമായ മുഹൂര്‍ത്തമെത്തിയപ്പോള്‍ രമണന്റെ ഉപദേശമനുസരിച്ചുകൊണ്ടു കൂടിയാണ് അവൾ തീരുമാനമെടുക്കുന്നത്. പുരുഷന് ഒരുപാട് ഘടകങ്ങളിൽ ഒന്നുമാത്രമാണ് പ്രണയം.പലപ്പോഴും  സ്ത്രീയ്ക്ക് പ്രണയമെന്നത് അവരുടെ ലോകമാണെന്നും സുഷമയ്ക്കറിയാം. കഥയില്‍ ചന്ദ്രികയെ ന്യായീകരിക്കുന്ന സുഷമയുടെ വാദമുഖം ഇങ്ങനെയാണ് - “പ്രണയത്തെ ജീവിതത്തിന്റെ  ഒരു ഭാഗം മാത്രമായി കാണുന്ന രമണന്‍  ചന്ദ്രികയെ വേണ്ടെന്നു വയ്ക്കുകയോ സ്നേഹം കുറയ്ക്കുകയോ ചെയ്താൽ അവൾ ഒറ്റപ്പെട്ടുപോകും. അപ്പോഴേക്കും അവൾക്ക് സന്താനവല്ലരിയിൽ കുട്ടികളും ഉണ്ടായേക്കാം; അവരെയും കൊണ്ട് ഒറ്റപ്പെട്ട് അലഞ്ഞു നടക്കുമ്പോൾ സമൂഹം അവളെ പ്രണയത്തിനുവേണ്ടി സർവ്വവും ഉപേക്ഷിച്ചവൾ എന്നല്ല കാണുന്നത്. കാമപൂരണത്തിനു വേണ്ടി കർത്തവ്യം മറന്നവൾ എന്ന് കരുതും. അതോടെ അവൾ എല്ലായിടത്തുനിന്നും ഒറ്റപ്പെടും .ജീവിക്കാൻ വേണ്ടി പച്ചിലക്കുമ്പിൾ  കോട്ടിക്കും. എന്നാൽ അതിലൊരു നുള്ള് അരി പോലും വീഴുകയുമില്ല. അതുപോലെ, അച്ഛനമ്മമാരുടെ ആശാകേന്ദ്രമായ അവൾ കൂടി പോയാൽ അവർ എന്തുചെയ്യും ? ചന്ദ്രികയെ ചൊല്ലി ഹൃദയം പൊട്ടി മരിക്കുകയുള്ളൂ. അങ്ങനെ ജീവിതത്തിന്റെ  ഏറ്റവും വലിയ ഒരു തീരുമാനം എടുക്കേണ്ടി വന്നപ്പോൾ ആത്മഹത്യ ചെയ്യാതെ തന്റെ പ്രിയപ്പെട്ട വേണുഗാനം ഉപേക്ഷിച്ച് അച്ഛനുമമ്മയും ‘കാട്ടുമാദാമ്പത്യമുൾച്ചെടിക്കാട്ടിനെ’ തിരഞ്ഞെടുത്തു.  ‘പങ്കിലമാക്കയില്ലാരാഗരശ്മി ഞാൻ സങ്കൽപ്പലോകത്തിൽ വച്ചുപോലും’ എന്ന് പാടിയ രമണൻ ശരീരം കൊണ്ട് മാത്രം ഉണ്ടായ അവളുടെ വിരഹത്തിൽ വിഷമിച്ച് ആത്മഹത്യ ചെയ്യുന്നു. പ്രണയത്തിന്റെ  അനശ്വരതയിൽ ഉറപ്പുണ്ടായിരുന്നെങ്കിൽ, അവളുടെ ശരീരത്തെയല്ല,മറിച്ച് ഹൃദയത്തെയാണ് സ്നേഹിച്ചിരുന്നെങ്കിൽ തനിക്ക് നൽകിയ ഹൃദയമല്ല ശരീരമാണ് അന്യാധീനമാകുന്നതെന്നോർത്ത് അയാൾ സമാധാനിച്ചേനേ. ചന്ദ്രികയുടെ പ്രണയം എത്രമാത്രം ലൗകികമായിരുന്നോ  അതിൽ നിന്നും ഒട്ടും ഭിന്നമല്ലായിരുന്നു രമണന്റെ പ്രണയവും . അഥവാ അവൾ വഞ്ചിക്കുകയായിരുന്നുവെങ്കിൽത്തന്നെ അവളെ നിന്ദിക്കുകയോ ശപിക്കുകയല്ല വേണ്ടത്, അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്. സ്ത്രീകളെ വഞ്ചിച്ച്  സന്തോഷം കണ്ടെത്തുന്ന പുരുഷന്മാരുടെ ലോകത്തിൽ പുരുഷനെ വഞ്ചിച്ച സ്ത്രീയെന്ന പരിഗണനയും ബഹുമാനവുമാണ് അവൾക്ക് കൊടുക്കേണ്ടത്. ചന്ദ്രിക  സ്ത്രീയുടെ അഭിമാനത്തെ സംരക്ഷിക്കുകയായിരുന്നു. അവളുടെ വിജയമായി വേണം ഇതിനെ കാണാൻ.”തനിക്ക് ഉണ്ടായ അനുഭവം കൊണ്ടുകൂടിയാവാം സുഷമ ഇങ്ങനെ ചിന്തിക്കുന്നത്. പ്രായോഗികജീവിതത്തിൽ യഥാർത്ഥത്തിൽ സമ്പത്തിനാണ് പ്രാധാന്യമെന്ന തിരിച്ചറിവും സുഷമയ്ക്കുണ്ട്. തോമസ് ഹാർഡിയുടെ ടെസ് വായിക്കാനും ആസ്വദിക്കാനും മാത്രമേ കഴിയൂ അനുകരിക്കാൻ കൊള്ളില്ല എന്ന് സുഷമ പറയുന്നുണ്ട്. പൂഞ്ചോലകളും  കോളേജുകളും വനതലങ്ങളും സിനിമാശാലകളും ആളുകളും നിറഞ്ഞ ഈ ഭൂമി സ്ത്രീകള്‍ക്കും സന്തോഷിക്കാൻ വേണ്ടിയുള്ളതാണെന്ന ബോധ്യമുള്ള സുഷമ സരസ്വതിയമ്മയുടെ പുരുഷനിരാസപരമായ നിലപാടുകളുടെ പ്രഭാഷക (orator) ആണ്. സരസ്വതിയമ്മയാവട്ടെ സുഷമയുടെ പ്രേരക (prompter)യും.

പ്രണയവും വിവാഹവും വേണ്ടന്നുവയ്ക്കുകയും സ്ത്രീപുരുഷ ഭേദമില്ലാതെ എല്ലാവരോടും ബൗദ്ധികബന്ധം സൂക്ഷിക്കുകയും ചെയ്യുന്ന നായികയാണ് പെൺബുദ്ധി യിലെ വിലാസിനി. സ്കൂളിലെ ഏറ്റവും മിടുക്കിയായിരുന്ന വിദ്യാർത്ഥിനിയായിരുന്നു വിലാസിനി. സാമ്പത്തികബുദ്ധിമുട്ട് നിമിത്തം പഠനം തുടരാൻ കഴിയുന്നില്ല. വ്യോമകേശൻ എന്ന സഹപാഠിയുടെ പ്രണയത്തെ നിരസിക്കുകയും എന്നാൽ ബൗദ്ധികനിലവാരത്തിലുള്ള സൗഹൃദം തുടരുകയും ചെയ്യുന്നു. പ്രണയം  വേണ്ട എന്ന് വയ്ക്കുമ്പോഴും പ്രണയത്തിനപ്പുറം നിൽക്കുന്ന സൗഹൃദത്തെ അവർ മാനിക്കുന്നു.എന്നാൽ അവളുടെ സൗഹൃദത്തെ അതേരീതിയിൽ ഉൾക്കൊള്ളാൻ പുരുഷന്മാർക്ക് കഴിയുന്നില്ല. തന്റെ  പെരുമാറ്റത്തിൽ എന്തെങ്കിലും തകരാറുണ്ടോ എന്നവൾ സനിഷ്കർഷം ഒരു ആത്മപരിശോധന നടത്തുന്നു.”സഹജോലിക്കാരനോടുള്ള സൗഹാർദത്തിൽ കൂടുതൽ ഒന്നും തനിക്ക് അയാളോട് തോന്നിയിട്ടില്ല; കാണിച്ചിട്ടുമില്ല. ഒരു പുരുഷൻ മറ്റൊരു പുരുഷനോട് പെരുമാറുന്നത് പോലെ മാത്രം. ശാരീരികമായ സ്വാതന്ത്ര്യമൊഴിച്ച്. എന്നിട്ടും എന്താണ് പുരുഷന്മാർ എല്ലാം വഴിതിരിഞ്ഞു പോകുന്നത് ? പ്രകൃതിയുടെ പ്രേരണ കൊണ്ടോ അതോ സമുദായനടപടിയിലെ പാരമ്പര്യം കൊണ്ടോ?”4 പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും അവളുടെ സൗഹൃദത്തിന്റെ അർത്ഥം പലപ്പോഴും മനസ്സിലാകുന്നുണ്ടായിരുന്നില്ല. തന്റെ സൗഹൃദങ്ങൾ ഹൃദയബന്ധം അല്ല തലബന്ധമാണെന്ന് പറഞ്ഞാൽ ആർക്കും മനസ്സിലാകാത്തതുകൊണ്ട് അതിന്റെ വിശദീകരണത്തിന് അവൾ തയ്യാറാകുന്നുമില്ല. ഒരേ ഒരു രാത്രിയിലും സ്ത്രീയുടെ സൗഹൃദത്തെ കാമത്തിന്റെ കണ്ണ് കൊണ്ട് കാണുന്ന പുരുഷനാണ് നായകൻ. താൻ അഭിനയിക്കുന്ന നാടകങ്ങളുടെ രചയിതാവിനെ ആദ്യമായി കാണുകയും അയാളിലെ കലാകാരനോടുള്ള ഇഷ്ടം കൊണ്ട് സൗഹൃദത്തിലാവുകയുമാണ് ചിത്ര. ഒരു സ്ത്രീസുഹൃത്തിനോടെന്നവണ്ണം അവൾ പെരുമാറുന്നു. എന്നാൽ അതേരീതിയിൽ ഉൾക്കൊള്ളാതെ അയാള്‍ വീട്ടിലിരിക്കുന്ന  ഭാര്യയെ ഉപേക്ഷിച്ച് നാടകക്കാരി പെണ്ണിനോടൊപ്പം പോകണമോ എന്നു ചിന്തിക്കുന്നു. അവളെ കാണാൻപോകുകയും അവളോട് വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്യുന്നു. അത് നിരസിക്കുന്ന അവളോട് ജീവിതകാലം മുഴുവൻ പ്രണയിച്ചു നടക്കാം എന്നാണ് അയാൾ പറയുന്നത്. അവളിലെ കലാകാരി അയാളിലെ കലാകാരനെ മാത്രമേ കാണുന്നുണ്ടായിരുന്നുള്ളൂ. ഒടുവിൽ നിരാശയോടെ അവൾക്ക് അയാളുടെ സൗഹൃദത്തെ ഉപേക്ഷിക്കേണ്ടിവരുന്നു. രണ്ട് പുരുഷന്മാർക്കിടയിലെ സൗഹൃദം സ്ത്രീക്കും പുരുഷനുമിടയിലുണ്ടാകാത്തത്  പുരുഷന്റെ സങ്കുചിതചിന്ത കൊണ്ട് മാത്രമാണന്ന് ഈ കഥകൾ വാദിക്കുന്നു.

സ്ത്രീകൾക്ക് ശരീരസൗന്ദര്യവും ആടയാഭരണങ്ങളുമാണ് വേണ്ടതെന്നും  തലച്ചോറ് അപമാനമാണെന്നും കരുതിയിരുന്ന സമൂഹത്തിലാണ് സരസ്വതിയമ്മ കഥകൾ എഴുതിയിരുന്നത് . മിക്സഡ് സ്കൂളിൽ നിന്നും പെൺപള്ളിക്കൂടത്തിത്തിലേക്ക് പോകുമ്പോൾ വിലാസിനി അഭിമുഖീകരിച്ച (പെണ്‍ബുദ്ധി എന്ന കഥ) ഏറ്റവും വലിയ പ്രശ്നവും സമൂഹത്തില്‍ വേരുറച്ച ഈ കാഴ്ച്ചപ്പാട് തന്നെയായിരുന്നു. വിലാസിനിയുടെ മാത്രമല്ല  ബുദ്ധിയുള്ള എല്ലാ സ്ത്രീകളുടെയും അവസ്ഥ ഇതുതന്നെ. വിലാസിനിയുടെ സുഹൃത്തായ വിജയലക്ഷ്മി സാധാരണക്കാരുടെ കണ്ണിൽ ഭാഗ്യവതിയായ ഭാര്യയും അമ്മയുമായിരുന്നു. പതിയെ അവളിൽ  അകാരണമായൊരു അസംതൃപ്തിയും ശൂന്യതാബോധവും വന്നുതുടങ്ങി. ഒരു ദിവസം അവള്‍ വിലാസിനിയോട് പറയുന്നു:

“ഇംഗ്ലീഷിൽ ennui എന്നൊരു വാക്കില്ലേ? അതിന്റെ അർത്ഥം ഞാൻ അനുഭവിച്ചറിയുകയാണ്. എപ്പോഴും ഒരുമാതിരി തളർച്ച - ശരീരത്തിന്റെയല്ല, ബുദ്ധിയുടെ. ഒന്നാമതായി ജയിച്ചതിനെനിക്ക് കിട്ടിയ സ്വർണമെഡൽ കുഞ്ഞുങ്ങൾക്ക് മരുന്നരച്ചു കൊടുക്കാൻ ഉപയോഗപ്പെട്ടു; പക്ഷേ ഒന്നാമതായി ജയിക്കാൻ ഇടയാക്കിയ ബുദ്ധിശക്തി ഒരു പ്രയോജനവും ഇല്ലാതെ തുരുമ്പെടുത്തു പോവുന്നു. പുരുഷന്മാർക്കാണെങ്കിൽ അവസാനം വരെ തലച്ചോർ ആവശ്യമുണ്ട്, ഉപജീവനത്തിനും ഉയരാനും. ഇത്തിളാകാൻ ജനിച്ച സ്ത്രീയ്ക്ക് അതിബുദ്ധി ഒരു ശാപമാണ്”.രാത്രികാലം നേരത്തേ  വീട്ടിൽ വരാനും ശമ്പളപ്പണം കണ്ടമാനം കളയാതിരിക്കാനുമുള്ള ഒരുപകരണം മാത്രമാണ് പലപ്പോഴും പുരുഷന് ഭാര്യ. ആദ്യനാളുകളിൽ മധുരമെന്ന് തോന്നുന്ന ദാമ്പത്യം ബുദ്ധിയും സർഗാത്മകതയും ഉള്ള സ്ത്രീകൾക്ക് പതിയെ വിരസമായി തുടങ്ങും. അവരുടെ ഉള്ളിൽ ഒരു ശൂന്യതാബോധം ഉണ്ടാക്കാൻ മാത്രമേ വിവാഹത്തിനു കഴിയൂ. അവരുടെ കഴിവുകളെ ഇല്ലാതെയാക്കാനുള്ള ഒന്നായി  വിവാഹവും കുടുംബവ്യവസ്ഥയും മാറുന്നു.

സ്ത്രീക്ക് തീരുമാനങ്ങളെടുക്കാനുള്ള ശേഷിയും സുരക്ഷിതത്വവും സ്വാശ്രയബോധവും  വേണമെങ്കിൽ സാമ്പത്തികസ്വാതന്ത്ര്യം ആവശ്യമാണെന്നും അതിനായി വിദ്യാഭ്യാസവും തൊഴിലും അനിവാര്യമാണെന്നും ബോധവൽക്കരണം നടത്തുന്ന കാലമാണിത് .ഈയൊരു ബോധ്യത്തെ ആവിഷ്കരിക്കുന്ന കഥയാണ്  ബഹുമാനപ്പെട്ട അമ്മ. എഴുത്തുനിരുത്തിയ കാലം മുതൽ സുഭദ്രയെ പഠിപ്പിച്ച്  ജോലിക്കാരിയാക്കണമെന്ന് അമ്മ ആഗ്രഹിക്കുന്നു.  ഒന്ന് രണ്ട് ക്ലാസുകളിൽ കാലിടറിയെങ്കിലും സുഭദ്ര പഠിച്ച് ബി.എ.ക്കാരിയാകുന്നു. കൂടെയുള്ള സുഹൃത്തുക്കളിൽ പലരും വിവാഹിതരും അമ്മയുമാകുമ്പോൾ സുഭദ്ര അതിൽ നിന്നെല്ലാം മാറി തന്റെ ജീവിതലക്ഷ്യം മറ്റൊന്നാണെന്ന് തിരിച്ചറിഞ്ഞ് അതിലൂടെ സഞ്ചരിക്കുന്നു. ഇടുങ്ങിയ ദാമ്പത്യത്തിന്റെ വഴിയല്ല വിശാലമായ ലോകത്തിലേക്ക് ഇറങ്ങാനുള്ള രാജപാതയാണവള്‍ വിദ്യാഭ്യാസത്തില്‍ കാണുന്നത്. അതിലൂടെ മുന്നോട്ടു പോവുകയും ചെയ്യുന്നു. മറ്റുള്ളവർ അവളിൽ പ്രണയനൈരാശ്യം  ചാർത്തിക്കൊടുക്കുമ്പോഴും തന്റെ നിശ്ചയത്തിലൂടെ അവൾ മുന്നോട്ടുപോകുന്നു. ഒടുവിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് വിവാഹിതയാകുന്നു; ജന്മവാസനകളോ പ്രേമമോ ഒന്നുമല്ല സാമൂഹികാചാരങ്ങളാണ് അവളെ വിവാഹവേദിയില്‍ എത്തിക്കുന്നത്. ബി.എ.ക്കാരിയായ സുഭദ്രക്ക് ബി.എ. നാല് തവണ തോറ്റ മിടുക്കനായിരുന്നു വരൻ. കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളിൽപ്പെട്ട അവൾക്ക് കൃത്യമായി ജോലിക്ക് പോകാൻ പോലും സാധിച്ചിരുന്നില്ല .ഒടുവിൽ തൊഴിൽ ഉപേക്ഷിച്ച് ഭാര്യയും അമ്മയുമായി മനോരാജ്യത്തിൽ  മുങ്ങിക്കഴിഞ്ഞിരുന്ന അവളുടെ ഉപയോഗരഹിതമായ വിദ്യാഭ്യാസത്തിനു ഭർത്താവ് കൽപ്പിച്ചു കൊടുത്ത പദവി മാത്രമാണ് ബഹുമാനപ്പെട്ട അമ്മ .

സമൂഹം നിശ്ചയിച്ച തലങ്ങൾക്കപ്പുറം നിൽക്കുന്നവരാണ് സരസ്വതിയമ്മയുടെ സ്ത്രീകഥാപാത്രങ്ങൾ. വൈകാരികതലങ്ങൾ ഉപേക്ഷിച്ച് ചിന്തിക്കുന്ന സ്ത്രീ ആകാനാണ് അവർ ഇഷ്ടപ്പെടുന്നത്. ഭാഷയിലും ചിന്തയിലുമൊക്കെ ബൗദ്ധികതലമാണ് മുന്നിട്ട് നിന്നിരുന്നത് .അവരുടെ കൃതികളുടെ പ്രത്യേകതയും അതുതന്നെയായിരുന്നു .സമൂഹത്തിലും കുടുംബത്തിലും  നിലനിന്നിരുന്ന സ്ത്രീവിരുദ്ധനിലപാടുകള്‍ക്കെതിരെയുള്ള സർഗാത്മകമായ സമരമായിരുന്നു സരസ്വതിയമ്മയുടെ സൃഷ്ടികൾ. സ്ത്രീക്ക് നിലനിൽക്കാനും  സ്വയം പൂരിപ്പിക്കാനും പുരുഷന്റെ സഹായവും സാന്നിധ്യവും ആവശ്യമില്ലെന്നവർ വിശ്വസിക്കുന്നു. പുരുഷന്റെ അധികാരത്തെ ചോദ്യം ചെയ്യുന്നു. ദാമ്പത്യവും കുടുംബവും  സ്ത്രീകൾക്ക് പരമ്പരാഗതമായി നൽകിയിട്ടുള്ള അടിമത്തചിഹ്നങ്ങളെയും പദവികളെയും ഇടങ്ങളെയും അന്വേഷിക്കുകയും വ്യാഖ്യാനിക്കുകയുമാണ് സരസ്വതിയമ്മ . സർഗ്ഗാത്മകതയിലെ വൈചാരികാംശത്തെ പ്രധാനഘടനയായി കൃതികളില്‍ ആവര്‍ത്തിച്ചുകൊണ്ടാണ് അവര്‍ അതു സാധ്യമാക്കിയത്. വികാരപരത തീരെക്കുറഞ്ഞ ആ കഥകള്‍ മാനസികബന്ധത്തെക്കാള്‍ ‘തലബന്ധ’മാണ് ആവശ്യപ്പെടുന്നത്. ക്ഷണികമായ വികാരപാരമ്യം ആഗ്രഹിക്കുന്ന സമൂഹത്തിനെ അത് തൃപ്തിപ്പെടുത്തിയില്ല.

പന്ത്രണ്ട് സമാഹാരങ്ങളിലായി എൺപതിലേറെ കഥകൾ, പ്രേമഭാജനം(നോവൽ), ദേവദൂദി(നാടകം) പുരുഷന്മാരില്ലാത്ത ലോകം (ലേഖനസമാഹാരം) എന്നിങ്ങനെ വിശാലമായൊരു രചനാലോകമുണ്ടായിട്ടും അര്‍ഹമായ രീതിയില്‍ അധികം ചർച്ച ചെയ്യപ്പെടാതെയും അംഗീകരിക്കപ്പെടാതെയും തുടർച്ചയുണ്ടാകാതെയും പോയ എഴുത്തുകാരിയാണ് കെ.സരസ്വതിയമ്മ. റാഡിക്കൽ ഫെമിനിസത്തിന്റെ വീക്ഷണങ്ങളാണ്  സരസ്വതിയമ്മയുടെ കൃതികളിൽ പലരീതിയില്‍ ആവര്‍ത്തിക്കുന്നതെന്നു കാണാം. മലയാളത്തിലെ ആദ്യകാല ഫെമിനിസ്റ്റ് എന്ന നിലയിൽ പോലും സരസ്വതിയമ്മയ്ക്ക് തുടർച്ചയുണ്ടായില്ല. പുരുഷന്മാരില്ലാത്ത ലോകം എന്ന ലേഖനസമാഹാരത്തിന്റെ പേര് തന്നെയായിരുന്നു അവരുടെ പ്രത്യയശാസ്ത്രവും. എല്ലാ അർത്ഥത്തിലും സ്ത്രീയുടെ ശത്രുവാണ് പുരുഷനെന്ന് ചിന്തിക്കുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്ത സരസ്വതിയമ്മ തന്റെ പ്രത്യയശാസ്ത്രത്തെ അടയാളപ്പെടുത്താനുള്ള ഉപാധിയായാണ് സാഹിത്യത്തെ സമീപിച്ചത്. പുരുഷനെ പൂർണമായും നിരാകരിക്കുന്നതിലൂടെ സാധ്യമാകുന്ന  സ്ത്രീസ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കുമാണ് അവര്‍ ഊന്നല്‍ നല്‍കിയത്. പുരുഷനെ എതിര്‍ചേരിയില്‍ ഉറപ്പിച്ചു കൊണ്ട് നടത്തുന്ന അത്തരം സംവാദങ്ങള്‍ പലപ്പോഴും പുരുഷവിദ്വേഷമായി മാറുന്നുമുണ്ട്. പുരുഷനെ നിരാകരിക്കുന്ന സ്ത്രീ എന്നതില്‍ നിന്നും വൈകാരികമായും വൈചാരികമായും പുരുഷനെ അഭിമുഖീകരിക്കാൻ പ്രാപ്തയായിട്ടുള്ള സ്ത്രീ എന്ന കുറേക്കൂടി വിശാലമായ സങ്കല്പത്തിലേക്ക് എത്താന്‍ സരസ്വതിയമ്മയ്ക്ക് സാധിച്ചില്ല എന്നുവേണം കരുതാന്‍. എന്നാൽ, പില്‍ക്കാലത്ത്  മാധവിക്കുട്ടിയെപ്പോലെയുള്ള എഴുത്തുകാര്‍ അത്തരം സാധ്യതകളിലേക്ക് സഞ്ചരിക്കുന്നുണ്ട്. ജൈവികമായും വൈകാരികമായും രണ്ടുതലത്തിൽ നിൽക്കുമ്പോഴും സ്ത്രീപുരുഷന്മാർ ഒരുമിച്ചു പോകുന്ന ലോകത്തെ അംഗീകരിക്കാന്‍ സാധിക്കാത്ത വാദങ്ങളില്‍ വിഭാഗീയത മുഴച്ചുനില്‍ക്കുന്നതായി അനുഭവപ്പെടും. ലിംഗമല്ല, ലിംഗപദവിയുമായി ബന്ധപ്പെട്ട അധികാരരൂപങ്ങളാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. എതിര്‍ലിംഗത്തെ വൈകാരികമായി തീര്‍ത്തും അവഗണിച്ചുകൊണ്ട് നിര്‍മ്മിക്കുന്ന വിമോചനവാദങ്ങളുടെ പ്രസക്തിയെപ്പറ്റി ചിന്തിക്കാന്‍കൂടി സരസ്വതിയമ്മയുടെ രചനകള്‍ വഴിവയ്ക്കുന്നുണ്ട്.

പുരുഷനിരാസം റാഡിക്കല്‍ഫെമിനിസത്തിന്റെ ഏറ്റവും പ്രധാനമായ വീക്ഷണതലങ്ങളിലൊന്നാണ്. ആശയകേന്ദ്രിതവും ആദര്‍ശ (ideal) പരവുമായ അത്തരം കാഴ്ചപ്പാടുകള്‍ യഥാര്‍ത്ഥ ജീവിതപരിസരത്തില്‍ പലപ്പോഴും വസ്തുതാവിരുദ്ധവും അപ്രായോഗികവുമാകാം. ഒരു വിഭാഗത്തിന് മാത്രം ബോധ്യമാകുന്ന  യുക്തിയെ സാമാന്യവല്ക്കരിക്കാനുള്ള ശ്രമം അതില്‍ പെട്ടെന്ന് പ്രകടമാവുകയും ചെയ്യും . റാഡിക്കല്‍ ഫെമിനിസ്റ്റ് ചിന്തയിലെ അത്തരം സ്വാതന്ത്ര്യസങ്കല്പത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു എന്നതാണ് സരസ്വതിയമ്മയുടെ പ്രധാന പരിമിതി. സരസ്വതിയമ്മ മുന്നോട്ടുവച്ച ആശയങ്ങളിൽ പലതിലും വാസ്തവമുണ്ടെന്നിരിക്കിലും ജൈവികവും വൈകാരികവുമായ യാഥാർത്ഥ്യങ്ങളെ അംഗീകരിക്കാത്ത സ്ത്രീലോകം ഭാവന ചെയ്തതുകൊണ്ടാകാം പിന്തുടര്‍ച്ചയോ പിന്തുണയോ സരസ്വതിയമ്മയ്ക്ക്  ലഭിച്ചില്ല. പരസ്പരബഹുമാനവും നീതിയും ഉറപ്പുവരുത്തിക്കൊണ്ട് സ്ത്രീപുരുഷന്മാർ തുല്യതയോടെ നീങ്ങുന്ന, വികാരവിചാരങ്ങള്‍ പങ്കുവയ്ക്കുന്ന  സമൂഹത്തെക്കുറിച്ച് ചിന്തിക്കാതെ പുരുഷന്മാരില്ലാത്ത ലോകത്തില്‍ സരസ്വതിയമ്മ എത്തിച്ചേര്‍ന്നത് എങ്ങനെയാണ് ? സരസ്വതിയമ്മയുടെ സ്വകാര്യജീവിതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അവ്യക്തവും അപൂര്‍ണ്ണവുമാണ്. അവരുടെ രചനകളിലാവട്ടെ സ്വാനുഭവവിവരണങ്ങളും വൈയക്തികാഖ്യാനങ്ങളും തീരെ കുറവുമാണ്. ലിംഗപരതയെ സംബന്ധിച്ച കടുത്ത നിലപാടില്‍ സരസ്വതിയമ്മ എത്തിച്ചേര്‍ന്നതിനെപ്പറ്റി വിശദമായ പഠനങ്ങള്‍ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.

 

കുറിപ്പുകള്‍

1.   “ആദികാലം മുതല്‍ക്ക് ഇന്നുവരെ കേരളീയരുടെ സ്വഭാവത്തില്‍ അഞ്ചു ഘടകങ്ങള്‍ വിട്ടുമാറാതെ നില്‍ക്കുന്നുണ്ട്. നൃത്തത്തിലുള്ള ഭ്രമം, സംഗീതഭ്രമം, ഹാസ്യഭ്രമം, നേരിയ വിഷാദം ക്ഷണികമായ വികാരപാരവശ്യം എന്നതാണ് ഇവ.” – കേസരി.എ.ബാലകൃഷ്ണപിള്ള, ചങ്ങമ്പുഴയുടെ തത്വശാസ്ത്രം എന്ന ലേഖനം; കേസരി ബാലകൃഷ്ണപിള്ളയുടെ സാഹിത്യലേഖനങ്ങള്‍

2.   കെ.സരസ്വതിയമ്മ, സ്ത്രീജന്മം , പുറം, 41

3.   കെ.സരസ്വതിയമ്മ, രമണി, പുറം, 65

4.   കെ. സരസ്വതിയമ്മ,പെൺബുദ്ധി, പുറം, 486

5.   കെ.സരസ്വതിയമ്മ,പെൺബുദ്ധി, പുറം , 489

സഹായകഗ്രന്ഥങ്ങള്‍

1.   ഗീത, തീയെഴുത്തുകൾ , കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2016

2.   സരസ്വതിയമ്മ. കെ, കഥകൾ (സമ്പൂർണം) , ഡി.സി.ബുക്സ്, 2013


 
ഡോ. അനീഷ്യാ പി മോഹന്‍

അസിസ്റ്റന്റ് പ്രൊഫസ്സര്‍ (ഗസ്റ്റ് ഫാക്കല്‍റ്റി)

സെന്‍ട്രല്‍ യൂണിവേഴ്സിറ്റി , ക്യാപ്പിറ്റല്‍ സെന്റര്‍

തിരുവനന്തപുരം

Comments

Rated 0 out of 5 stars.
No ratings yet

Add a rating
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page