റോട്ട് വീലർ
- GCW MALAYALAM
- Jan 15
- 1 min read
സിൽവിക്കുട്ടി

ഇരുപത്തയ്യായിരം രൂപ മുടക്കി ഡോഗ് ട്രെയിനിംഗിനയച്ചിട്ടും അയാളുടെ റോട്ട്വീലർ നായ മുറ്റത്തു തന്നെ കാഷ്‌ഠിച്ചു. രാവിലെ കട്ടൻ കാപ്പിയും കുടിച്ച് നായ്ക്കാട്ടം കോരാനിറങ്ങിയ അയാൾ ദേഷ്യം കടിച്ചൊതുക്കി.
വേലക്കാരി ഈ പണി ചെയ്യില്ല. നിർബന്ധിച്ചാൽ പൊയ്ക്കളയും, ഒരു പണി ക്കാരിയെ കിട്ടാൻ എന്താ ബുദ്ധിമുട്ട്! ഭാര്യയ്ക്ക് കുനിഞ്ഞൊരു പണിയും ചെയ്യാനാ വില്ല. നട്ടെല്ലിന് തകരാറാണ്. ഇങ്ങനെ പണി തരരുതെന്ന് റോട്ട് വീലറിനെ ഉപദേശി ച്ചാൽ മൈൻഡ് ചെയ്യില്ല. തുറിച്ചൊരു നോട്ടം മാത്രം. അടിച്ചു ശീലിപ്പിക്കാൻ വടിയെ ടുത്താലോ... എൻ്റമ്മോ... ചാടി കഴുത്തിനു പിടിക്കും. ആരെയും അനുസരിക്കാത്ത ഇനമാണ്. കില്ലർ ഡോഗ്. വളർത്തുന്നെങ്കിൽ ശൗര്യമുള്ളതിനെത്തന്നെ ആവട്ടെന്നു കരുതിയതാ.
അന്ന് ഇതിനെ വാങ്ങുമ്പോൾ അപ്പൻ കിടപ്പിലായിരുന്നു. അപ്പൻ കിടക്ക യിൽ മൂത്രമൊഴിച്ചുതുടങ്ങിയതോടെ അപ്പനെ ഔട്ട് ഹൗസിലേയ്ക്ക് മാറ്റി. ഔട്ട് ഹൗസെന്നു പറയാനൊന്നുമില്ല. പഴയ വിറകുപുര പരിഷ്‌കരിച്ചതാണ്. ഒരു കട്ടിലിട്ടു. ഒരു മേശയും കസേരയുമിട്ടു. അങ്ങനെ അപ്പൻ്റെ ചുമയും നാറ്റങ്ങളും വീടിനു പുറ ത്തായി. റോട്ട് വീലർ സദാസമയവും വിറകുപുരയ്ക്കുചുറ്റും പാഞ്ഞു നടന്നു. നെഞ്ചു നടങ്ങുന്ന ഒച്ചയിൽ കുരച്ചു. അപ്പൻ്റെ ഞരക്കങ്ങൾ ആ കുരകളിൽ മുങ്ങിപ്പോയി.
"അപ്പന് അവിടെ കിടക്കുന്നതാണ് സൗകര്യം, നോക്ക്... ഇപ്പോൾ ഒച്ചയുമി ല്ല, വിളിയുമില്ല." എന്ന് ഭാര്യ സാക്ഷ്യപ്പെടുത്തി.
അങ്ങനെ കുരച്ചും ഞരങ്ങിയും വിറകുപുരയിൽക്കിടന്ന് അപ്പൻ മരിച്ചു. മരിച്ചപ്പോൾ അപ്പനെ കഴുകിയുണക്കി വെള്ളവസ്ത്രമുടുപ്പിച്ച് വീടിനകത്ത് പൊതു ദർശനത്തിനു കിടത്തി. അന്നേ ദിവസം റോട്ട് വീലർ രാവും പകലും ബന്ധനത്തിലാ യിരുന്നു. കൂട്ടിലെ തടവിൽ കിടന്ന് അവൻ രോഷത്തോടെ കുരച്ചു. ആളുകൾ നടു ങ്ങിത്തെറിച്ചു.മരണാനന്തരച്ചടങ്ങുകൾ അന്തസ്സായി നടത്തിയെന്നുറപ്പായപ്പോൾ ആളു കൾ പിരിഞ്ഞു പോയി. അയാളും ഭാര്യയും റോട്ട് വീലറും തനിച്ചായി.
റോട്ട് വീലർ വാശിയോടെ വീടിനു ചുറ്റും നടന്നു കാഷ്‌ഠിച്ചു. മുറ്റത്തു നിന്ന പനിനീർച്ചെടികളുടെ പൂക്കൾ അറപ്പോടെ മുഖം തിരിച്ചു. അയാൾ ഏന്തിയും വലിഞ്ഞും നടന്ന് നായ്ക്കാട്ടം കോരി; നായയെ കുളിപ്പിച്ചു: നായയുടെ ശരീരത്തിൽ സുഗന്ധം പൂശി. എന്നിട്ടും വിട്ടുമാറാത്ത ഒരു ദുർഗന്ധം ആ മാളികവീടിനെ പൊതിഞ്ഞു."ഈ പട്ടിയെ ആർക്കെങ്കിലും കൊടുക്ക്." ഭാര്യ പറഞ്ഞു.
“എടീ.. ഇത്രേം കാലം വളർത്തീട്ട് എങ്ങനാ കൊടുക്കുക?"
"ഓ അതിനെന്നാ? കുറേ വളർത്തീതല്ലേ? ആ പൂതിയങ്ങു തീർന്നില്ലേ? പോരാത്ത തിന് ഇതിനു വയസ്സുമായി."
"ആരു മേടിക്കാനാടീ?"
“ഓ.. അതിനാണോ വഴിയില്ലാത്തത്? പട്ടിഗ്രാമത്തിൽ കൊണ്ടുപോയി വിടണം. അവിടെ അതിനെ സംരക്ഷിച്ചോളും."
“അയ്യോ... അതൊന്നും വയ്യ. ശാപം കിട്ടും."
"ങാ.. എന്നാപ്പിന്നെ നിങ്ങളിങ്ങനെ നായ്ക്കാട്ടോം കോരി, നായേം കുളിപ്പിച്ച്, ജന്തു സേവ ചെയ്ത് ശിഷ്‌ടകാലം കഴിച്ചോ..."
ഭാര്യ കയ്യൊഴിഞ്ഞു. അയാൾക്ക് ദേഷ്യവും സങ്കടവും വന്നു. എന്തൊരു വിധിയാണ്! വയസ്സാം കാലത്ത് ഒരു നായയുടെ സേവകനായി ജീവിക്കുക! അതിനെ തീറ്റിച്ച്, കാട്ടം കോരി. കുളിപ്പിച്ച് ....ഹോ! വല്ലാത്തൊരു വിധിതന്നെ! അയാൾക്ക് സങ്കടം മാറി ദേഷ്യം മാത്രമായി. പല്ലിറുമ്മിക്കൊണ്ട് അയാൾ മുറ്റത്ത് നെടുകെയും കുറുകെയും നടന്നു. ആ നടപ്പിനിടയിലാണ് മുറ്റത്തൊരു കോണിൽ കാണാതെ കിടന്ന നായ്ക്കാ ട്ടത്തിൻ്റെ ചെറുകുന്നിൽ അയാൾ ആഴ്ന്നുപോയത്. അറപ്പിൻ്റെയും കോപത്തിൻ്റെ യും ഒരു ബോംബ് അയാൾക്കുള്ളിൽ പൊട്ടി. അതിൻ്റെ നടുക്കത്തിൽ കയ്യിൽ കിട്ടിയ വടിയുമായി അയാൾ റോട്ട് വീലറിനടുത്തേയ്ക്കു പാഞ്ഞു. അതിന്റെ ഇളിച്ച കോമ്പല്ലുകളുടെ ക്രൗര്യം അയാൾ ശ്രദ്ധിച്ചില്ല. കയ്യിലിരുന്ന വടി ഓങ്ങി അയാളതിന്റെ തലക്കടിച്ചു. ഒരു നിമിഷാർദ്ധം കൊണ്ട് തെന്നിമാറിയ റോട്ട് വീലർ ചെവി തകർക്കുന്ന ഒരു ഗർജ്ജനത്തോടെ അയാളുടെ പുറത്തേയ്ക്ക് ചാടിക്കയറി. കൂർത്ത പല്ലുകൾ കഴുത്തിൻ്റെ രണ്ടു വശത്തും ആഴത്തിലിറക്കിക്കൊണ്ട് ഒരു വ ലിയ എലിയെ എന്ന പോലെ അയാളുടെ ശരീരത്തെ കുടഞ്ഞു. ഒന്നു ഞരങ്ങുകപോലും ചെയ്യാതെ അയാൾ അവൻറെ വായിൽ ഒടിഞ്ഞുമടങ്ങിക്കിടന്നു.
സിൽവിക്കുട്ടി
സിൽവിയ കോട്ടേജ് വാഴക്കുളം
മുവാറ്റുപുഴ-686670
9496061277
1
Comments