top of page

ലക്ഷദ്വീപ് ജീവിതങ്ങളുടെ സ്വത്വ രാഷ്ട്രീയവും വെല്ലുവിളികളും- 'കോലോടം ' എന്ന നോവലിന്റെ പശ്ചാത്തലത്തിൽ

ഹസനത്ത് ബീഗം ബി

ആമുഖം

 വേറിട്ട ജീവിതശൈലിയിലൂടെ തനതായ സംസ്കാരം കാത്തുസൂക്ഷിക്കുന്നവരാണ് ലക്ഷദീപ് ജനങ്ങൾ.  കേരളത്തിലെ ജനങ്ങളുമായി വംശീയ സാദൃശ്യം കാണാം. മലയാളമാണ് ഔദ്യോഗിക ഭാഷ. വേഷം കൊണ്ടും ഭക്ഷണരീതികൾ കൊണ്ടും കേരളക്കരയുമായി സാമ്യമുണ്ടെങ്കിലും ഭാഷാപരമായി വേറിട്ട് നിൽക്കുന്നു.  ദ്വീപുജനങ്ങൾക്ക് അവരുടേതായ കലാരൂപങ്ങളും ആചാരങ്ങളും ഉണ്ട്. ആട്ടം, കാറ്റുവിളിപ്പാട്ട് തുടങ്ങിയ കലാരൂപങ്ങൾ ദ്വീപുകാരുടെ തനതായ ജീവിതം വിളിച്ചു കാട്ടുന്നവയാണ്. മലയാള സാഹിത്യത്തിൽ, ലക്ഷദ്വീപിൽ നിന്നുള്ള ആദ്യത്തെ നോവലായ 'കോലോട'ത്തിൽ ദ്വീപിലെ ആദ്യകാല ജീവിതത്തിന്റെ നേർച്ചിത്രങ്ങൾ കാണാൻ സാധിക്കും.

 താക്കോൽ വാചകങ്ങൾ

സ്വത്വബോധം

പോരാട്ടം

 ജാതീയത

ലക്ഷദ്വീപ്

 സ്വത്വ രാഷ്ട്രീയം

 കോലോടം

 

 ലക്ഷദ്വീപ് ജീവിതവും സംസ്കാരവും ഒരാമുഖം

 ഇന്ത്യയുടെ തെക്കുപടിഞ്ഞാറ് അറബിക്കടലിൽ ചിതറിക്കിടക്കുന്ന 36 ദ്വീപുകളുടെ സമൂഹമാണ് ലക്ഷദ്വീപ്. വേഷം,ഭക്ഷണം എന്നിവയിൽ കേരളീയരുമായി സാദൃശ്യം കാണാമെങ്കിലും ഭാഷാപരമായി വേറിട്ട് നിൽക്കുന്നു ലക്ഷദ്വീപ് ജനങ്ങൾ. കേരളക്കരയിലെ കലാരൂപങ്ങൾ ദ്വീപുകളിൽ ഉണ്ടെങ്കിലും തനതായ കലാരൂപങ്ങൾ കൊണ്ടും ആചാരാനുഷ്ഠാനങ്ങൾ കൊണ്ടും ദ്വീപകാർ വ്യത്യസ്തരാണ്.  ലിപിയില്ലാത്ത' ജസരി' ഭാഷയാണ് ലക്ഷദ്വീപിൽ സംസാരഭാഷയെങ്കിലും ഔദ്യോഗിക ഭാഷ മലയാളമാണ്.  ഇത്തരത്തിൽ കേരളവുമായി ഏതൊരു കാര്യത്തിലും ബന്ധപ്പെട്ട നിൽക്കുന്ന ചെറുതുരുത്തുകളാണ് ലക്ഷദ്വീപ്.

 ലക്ഷദ്വീപ് ജനസമൂഹം

 ലക്ഷദ്വീപിൽ ജനങ്ങൾ എത്തിപ്പെട്ടതിനെക്കുറിച്ച് ഒരുപാട് വാദങ്ങൾ നിലനിൽക്കുന്നുണ്ട്. ചേരമാൻ പെരുമാൾ മക്കയിലേക്കുള്ള പാത നിർണയിക്കുന്നതിനായി ഒരു സംഘം മനുഷ്യരെ പറഞ്ഞയക്കുകയും അവർ പോകുന്ന വഴിക്ക് ദ്വീപുകൾ കാണുകയും ചെയ്യുന്നു. അവർ അവിടെ ഇറങ്ങി വിശ്രമിക്കുകയും ചെയ്തിരുന്നു.. പിന്നീട് തിരിച്ചു കേരളത്തിൽ എത്തുന്ന അവർ ചേരമാൻ പെരുമാളിനോട് വഴിയിൽ ദ്വീപുകൾ കണ്ട കാര്യം സൂചിപ്പിക്കുന്നു. അവിടത്തെ മണ്ണും ഫലങ്ങളാൽ സമൃദ്ധമായ തെങ്ങുകളുടെയും വിവരണം കേട്ട പെരുമാൾ വീണ്ടും ഒരു സംഘം ആളുകളെ പറഞ്ഞയക്കുന്നു.  മേൽനോട്ട നിർവഹണങ്ങൾക്ക് സദസ്സിലെ ഉന്നതരായവരെയും ഭക്ഷണകാര്യങ്ങൾക്ക് കുശിനിക്കാരിൽ ചിലരെയും കൃഷിയുമായി ബന്ധപ്പെട്ട്  കീഴാളരെയും അപകടസാധ്യതകൾ മുൻകൂട്ടി കണ്ടുകൊണ്ട് നിർമ്മാണ കലയിൽ വൈദഗ്ധ്യം ഉള്ളവരെയും ആ സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നു.  സംഘം ദ്വീപുകളിൽ എത്തുകയും പെരുമാൾ ഏൽപ്പിച്ച വിധത്തിൽ മണ്ണിനെയും ഭൂമിയെയും പരിശോധിക്കുകയും ചെയ്തു. പിന്നീട് അവരിൽ ചിലർ മടങ്ങി പോവുകയും,  എല്ലാ വിഭാഗങ്ങളിലും ഉള്ള മറ്റുള്ളവർ അവിടെ താമസിക്കുകയും ചെയ്തു.  ക്രമേണ പെരുമാളിന്റെ സംഘത്തിലെ ചിലർ ദ്വീപുകൾ സന്ദർശിക്കുകയും അവിടെ താമസമാക്കുകയും ചെയ്തു. ഇത്തരത്തിലാണ് ദ്വീപുകളിൽ താമസമുണ്ടായത് എന്ന് പറയപ്പെടുന്നത്.

 ലക്ഷദ്വീപിലെ സാമൂഹിക ഘടനയും ജാതീയ വേർതിരിവുകളും

ലക്ഷദ്വീപ് ജനജീവിതം പരിശോധിക്കുമ്പോൾ, കോയ, മാലി, മേലാച്ചേരി എന്നിങ്ങനെ മൂന്ന് ജാതികൾ കാണാൻ സാധിക്കും. തെങ്ങും ഭൂസമ്പത്തും  കൂടുതൽ ഉള്ളവൻ ജാതിയിൽ ഉയർന്നവനായ കോയ എന്നും, കോയ മാരുടെ കാര്യസ്ഥന്മാരും പ്രധാനവാഹനമായ ഓടങ്ങൾ (പഴയകാലത്ത്) ഓടിക്കുന്നവരും ആണ് മാലി എന്നുള്ള വിഭാഗം. തെങ്ങോ ഭൂസമ്പത്തോ  ഇല്ലാതെ ഓലകൾ കൊണ്ട് മറച്ച വീടുകളിൽ താമസിക്കുന്ന മീൻപിടിച്ചും, കോയമാരെ സഹായിച്ചും അന്നം കണ്ടെത്തുന്ന വരും ആണ് ഏറ്റവും താഴെത്തട്ടിൽ ഉള്ള മേലാച്ചേരി വിഭാഗക്കാർ.  ഇത്തരത്തിൽ എസ് ടി വിഭാഗത്തിൽ വരുന്ന ദ്വീപ് ജനങ്ങൾക്കിടയിലും ജാതീയ വേർതിരിവുകൾ കാണാൻ കഴിയുന്നത് ചിന്താർഹനിയം തന്നെയാണ്.

 ജാതീയ ചിന്തകൾ വളരെ ശക്തിപ്പെട്ടിരുന്ന പ്രദേശങ്ങളായി ദ്വീപ്  വളർന്നു. കോയാജാതിക്കാർ മാലിയെയും മേലാച്ചേരിയെയും വളരെയധികം ജോലിഭാരങ്ങൾ ഏൽപ്പിക്കുകയും അർഹതപ്പെട്ട കൂലി നൽകാതിരിക്കുകയും സമൂഹത്തിലെ പലയിടങ്ങളിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തു. എന്നാൽ കോയാ വിഭാഗക്കാർ മദ്രസ വിദ്യാഭ്യാസം മാത്രമുള്ളവരായിരുന്നു.  ആൺകുട്ടികളെ മാത്രം സ്കൂൾ വിദ്യാഭ്യാസത്തിനയച്ചിരുന്നു. അതേസമയം മാലി, മേലാച്ചേരി വിഭാഗക്കാർ രണ്ടുതരം വിദ്യാഭ്യാസവും അഭ്യസിച്ചിരുന്നു. ചികിത്സക്കും  ആരാധനകൾക്കും ഏതു ജാതിക്കാരനും തുല്യ അവകാശമുണ്ട്.  ആരാധനാലയങ്ങൾ കോയമാരാണ് നിർമ്മാണവും പ്രവർത്തനങ്ങളും നിർവഹിച്ചിരുന്നത്.

 ലക്ഷദ്വീപിൽ വളരെ ശക്തമായി നിലനിന്നിരുന്ന ഒന്നാണ് കുടസമരം അഥവാ കുപ്പായ സമരം. മേലാച്ചേരി വിഭാഗക്കാർക്ക് കുടയോ കുപ്പായമോ ധരിക്കാൻ അവകാശമുണ്ടായിരുന്നില്ല. കുപ്പായം, ചെരിപ്പ് എന്നിവ ഉപയോഗിക്കാനുള്ള അവകാശം കോയമാർക്ക് മാത്രമായിരുന്നു. അതേപോലെ വിവാഹവേളകളിൽ മണവാളനെ പാട്ടുപാടിയാണ് വധുഗൃഹത്തിലേക്ക് എത്തിക്കുന്നത്. ഇതിന് പുറപ്പാട് എന്ന് പറയും. എന്നാൽ മേലാച്ചേരിക്കാർക്ക് പുറപ്പാട് നടത്താനും അവകാശം ഉണ്ടായിരുന്നില്ല.

 കോയാമാരെ കണ്ടാൽ മേലാച്ചേരികൾ ചുണ്ടുകൾ വിരൽ കൊണ്ട് മൂടണം.  മേലാച്ചേരികൾ ചെറിയ മേൽ മുണ്ട് ധരിക്കുമെങ്കിലും കോയമാരെ കാണുമ്പോൾ അവ ശരീരത്തിൽ നിന്ന് എടുത്തു കോയമാരെ ബഹുമാനിക്കുകയും ചെയ്യണം.

 ദ്വീപ് ജീവിതങ്ങളുടെ യഥാർത്ഥ ചിത്രങ്ങൾ

 സാമ്പത്തിക ഭദ്രത കൊണ്ടും സാങ്കേതികവിദ്യകൾ കൊണ്ടും പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന മറ്റു ദേശക്കാരോടൊപ്പം തന്നെയാണ് ലക്ഷദ്വീപ് ജനങ്ങളും.  എന്നാൽ ജന ജീവിതത്തിന്റെ ആദ്യകാലങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു. ഭക്ഷണം, വസ്ത്രം,  ആരോഗ്യം, വിദ്യാഭ്യാസം എന്നിങ്ങനെയുള്ള ഏതൊരു മേഖലയിലും വളരെയധികം ദുരിതം അനുഭവിച്ചവരെ കാണാനാവും.  വർഷത്തിലൊരിക്കൽ മംഗലാപുരത്ത് പോയിവരുന്ന ചെറിയ പായ്ക്കപ്പലിലെ പരിമിതമായ ഭക്ഷണം കഴിച്ചും മഴക്കാലക്കെടുതികളിൽ പട്ടിണിയിലും ദാരിദ്ര്യത്തിലും മരണത്തിലും തീർന്നു പോകുന്ന ജീവിതങ്ങൾ ആയിരുന്നു ആദ്യകാല ദ്വീപിന്റെ പരിസരം.

 വർഷത്തിലൊരിക്കൽ മംഗലാപുരത്ത് പോവുകയും അടുത്ത വർഷത്തേക്കുള്ള ഒരു ദ്വീപിലെ മുഴുവൻ ജനങ്ങൾക്കുമുള്ള ഭക്ഷണസാധനങ്ങൾ,  മരുന്നുകൾ( പനി,വയറിളക്കം, പ്രസവ സംബന്ധമായ ആവശ്യങ്ങൾക്കുള്ള മരുന്നുകൾ)  പെരുന്നാൾ പോലുള്ള വിശേഷ ദിവസങ്ങൾക്കുള്ള വസ്ത്രങ്ങൾ, ഭക്ഷണത്തിനായി കൊണ്ടുവരുന്ന പശുക്കൾ എന്നിവയായിരുന്നു ദ്വീപിലേക്ക് എത്തിയിരുന്നത്.  ദ്വീപുകാർ തന്നെ കെട്ടിയുണ്ടാക്കുന്ന പായോടങ്ങളിലും വിനിമയോപാധികൾ ഒന്നുമില്ലാതെ ദിശാനക്ഷത്രത്തെ ആശ്രയിച്ചും മാത്രമാണ് യാത്ര.

 വർഷങ്ങൾ പിന്നിട്ടുവെങ്കിലും ഇന്നും ദ്വീപുകാർ വളരെ പിറകിലാണ്. വിദ്യാഭ്യാസം കൊണ്ടും സംസ്കാരം കൊണ്ടും ഒരുപാട് ഉയർന്നുവെങ്കിലും അവർക്കിടയിൽ പല അസ്വാരസ്യങ്ങളും ഇന്നും നിലനിൽക്കുന്നത് കാണാം.

 ലക്ഷദ്വീപിലെ ആദ്യത്തെ നോവലായ ഇസ്മത്ത് ഹുസൈന്റെ 'കോലോടം 'പരിശോധിക്കുമ്പോൾ, ദ്വീപുകാരന്റെ കഷ്ടത നിറഞ്ഞ ജീവിതം കാണാൻ സാധിക്കും. ദ്വീപുകാരന്റെ സ്വത്വ രാഷ്ട്രീയ ബോധത്തിലേക്ക് ഇറങ്ങിച്ചെല്ലാനും ഇന്നത്തെ ദ്വീപുകാരനിലേക്കുള്ള പുരോഗതിയിൽ തടസ്സം നിന്ന കാര്യങ്ങൾ എന്തൊക്കെയാണെന്നും,  അവനിൽ എങ്ങനെയാണ് പരിവർത്തനങ്ങൾ ഉണ്ടായതെന്നും കാണാൻ സാധിക്കും.

 

 'കോലോടം' നോവൽ -ഉള്ളടക്കം- ലഘു വിവരണം

 36 ദ്വീപുകളിൽ 10 ദ്വീപുകളിലാണ് ആൾതാമസമുള്ളത്. അതിൽനിന്നും കിൽത്താൻ എന്ന ദ്വീപിനെ കുറിച്ച് മാത്രം പരാമർശിക്കുകയാണ് 'കോലോടം ' എന്നാ നോവലിൽ. ഏറ്റവും ചെറുതും ജനങ്ങൾ വളരെ കുറവുള്ളതുമായ കിൽത്താൻ ദ്വീപുകൾക്കിടയിലെ ജീവിതം വളരെ മനോഹരമായി വരച്ചു കാണിക്കുകയാണ് ഈ നോവലിൽ.

 കോലോടം (ചെറിയ പായ്ക്കപ്പൽ ) മംഗലാപുരത്ത് പോയി ഒരു വർഷത്തേക്കുള്ള ഭക്ഷണസാധനങ്ങൾ കൊണ്ടുവരുന്നതും അവരെ കാത്തിരിക്കുന്ന ജനങ്ങളുടെ ഭീതിയും, സുരക്ഷിതമായി കരയിലെത്താനുള്ള നേർച്ചകളും, കാറ്റുവിളി പാട്ടുകളും നോവലിൽ കാണാം. ഉയർന്ന ജാതിക്കാരിക്ക് താഴ്ന്ന ജാതിയിൽപ്പെട്ടവനെ ഇഷ്ടമില്ല, കാണുന്നതുതന്നെ വെറുപ്പാണ് എന്ന  തുറന്നു പറച്ചിലുകളും പിന്നീട് സാന്ദർഭികമായി ഇവരെല്ലാവരും കേരളത്തിലേക്ക് യാത്ര പോകുകയും ഓടം അപകടത്തിലാവുകയും തുടർന്ന് തന്റെ രക്ഷകനായി എത്തിയ താഴ്ന്ന ജാതിക്കാരനോട് ഇഷ്ടം തോന്നുകയും അതോടെ ജാതീയ സങ്കല്പങ്ങൾ ദ്വീപിൽ നിന്നും പതുക്കെ നീങ്ങുന്നതും നോവലിൽ കാണാം.

 വർഷകാല കെടുതിയിലെ ദാരിദ്ര്യം,രോഗം,മരണം എന്നിവ കാരണം നിരാശയുടെ പടുകുഴിയിൽ അകപ്പെടുന്ന ദ്വീപുകാരെ കാണാം.  പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട് കടൽ യാത്ര ചെയ്യുകയും അടുത്ത വർഷത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ കൊണ്ടുവരാൻ പോവുകയും മംഗലാപുരം എത്തുമ്പോൾ സ്വർഗത്തിൽ എത്തിയ അനുഭൂതിയിൽ അകപ്പെട്ട നിഷ്കളങ്കരായ ഒരുപറ്റം മനുഷ്യരെയും നോവലിൽ കാണാം.

 സാംസ്കാരിക പരിസരം

 ദ്വീപിനെ കാണിക്കുകയാണ് നോവലിൽ-  ഒരു വർഷത്തേക്കുള്ള ഭക്ഷണസാധനങ്ങൾക്കായി മംഗലാപുരത്തേക്ക് പോയ കോലോടം തിരിച്ചെത്തേണ്ട സമയമായിട്ടും എത്തുന്നില്ല. ഓടം സുരക്ഷിതമായി എത്തുന്നതിനു വേണ്ടി കഴുത്ത് കറുത്ത ആടിനെ അറുക്കാമെന്നും ധർമ്മക്കഞ്ഞി നാട്ടുകാർക്ക് മുഴുവൻ കൊടുക്കാം എന്നും നേർച്ച കരുതുന്നു. കൂടാതെ ദ്വീപിലെ മേലാച്ചേരി സ്ത്രീകളിൽ കുറച്ചുപേർ വട്ടത്തിൽ നിന്നിട്ട് തങ്ങളുടെ വസ്ത്രത്തിൽ കാറ്റിനെ കോരിയെടുത്ത് മറുവശത്തേക്ക് ഒഴിച്ചുകൊണ്ട്' കാറ്റ് വിളിപ്പാട്ട് 'നടത്തുന്നു.  കാറ്റ് ശരിയായ ദിശയിൽ വീശാനും ഓടത്തിന് അനുകൂലമായി സഞ്ചരിക്കാൻ സാധിക്കാനും ആണ് ഇങ്ങനെ ചെയ്യുന്നത്. 'അടിഞ്ഞബി' എന്ന് പറയുന്ന മഖ്ബറയിൽ ഉള്ളവരുടെ സഹായം ഓടക്കാർക്ക് ഉണ്ടാവാനായി പ്രത്യേകം നേർച്ചകളും കരുതുന്നു.  അവസാനം സുരക്ഷിതമായി ഓടം കരയിലേക്ക് എത്തുമ്പോൾ 'ഓടം കണ്ടിനിയോ 'എന്ന സന്തോഷ ശബ്ദത്തിൽ നിരാശയറ്റു പോകാത്ത ദ്വീപുകാരന്റെ  ഉള്ളകം കാണാൻ സാധിക്കുന്നു.

ജാതിയത

 ജാതീയ ചിന്തകൾ ശക്തമായി കാണിക്കുന്നു ഈ നോവലിൽ. ചെറുപ്പത്തിൽ കളിച്ചവളരുന്ന കുഞ്ഞി സീതിയും സൈനബിയും ഓലപ്പന്തുണ്ടാക്കിയും കഥകൾ പറഞ്ഞും ഒരുമിച്ച് മദ്രസയിലേക്ക് പോവുകയും ചെയ്തവർ, പിന്നീട് ഇവർ വളർന്നപ്പോൾ കോയ ജാതിയിലെ സൈനബിയുടെ ഉള്ളിലും ജാതീയ ചിന്തകളുടെ മതിലുകൾ ഉയർന്നു. സൈനബിയുടെ വീട്ടിലെ ജോലികൾ ചെയ്തിരുന്ന മേലാച്ചേരികാരനായ കുഞ്ഞിസീതിയോട് അവൾക്ക് വെറുപ്പായി തുടങ്ങി.  ഒരു സന്ദർഭത്തിൽ അവൾ അത് തുറന്നു പറയുകയും ചെയ്യുന്നുണ്ട്.  ധർമ്മക്കഞ്ഞി വെക്കുന്ന സന്ദർഭങ്ങളിലും കോയാമാർ മേലാച്ചേരികളെ 'പറങ്കിയ മോനെ 'എന്ന് വിളിച്ച് അവഹേളിക്കുന്നതും, മേലാച്ചേരിക്കാരനായ കുഞ്ഞിസീതിയുടെ ഉമ്മയെ ശാരീരികമായി കീഴ്പ്പെടുത്തുന്ന കോയമാരിലെ വലിയ കോയയേയും കാണാൻ സാധിക്കും.  മേലാച്ചേരിക്കാരനായ കുഞ്ഞിസീതി, സൈനബിക്കു തന്നോട് ഇഷ്ടം തോന്നാൻ വേണ്ടി മന്ത്രവിദ്യ ചെയ്യിക്കുന്നത് നോവലിൽ പ്രത്യക്ഷപ്പെടുന്നു. സൈനബിയോട് പ്രണയം തുറന്നു പറയുകയും അവൾ പ്രണയം നിരസിക്കുകയും ചെയ്യുമ്പോൾ നിരാശയിൽ വീട് വിട്ടു നാടിന്റെ ആളൊഴിഞ്ഞ സ്ഥലത്ത് താമസിക്കുകയും ചെയ്യുന്ന കുഞ്ഞീസീതി ഏവരുടെയും കണ്ണ് നിറയിപ്പിക്കും.  ശേഷം കുറച്ച് ആളുകൾ അടങ്ങിയ കോലോടത്തിൽ അടുത്ത വർഷത്തേക്കുള്ള ആവശ്യ സാധനങ്ങളുടെ യാത്രക്കായി ഒരുങ്ങുന്നതും കടൽ മധ്യേ ഓടം അപകടത്തിൽപ്പെടുന്നതും പിന്നീട് അവർ രക്ഷപ്പെട്ടു മംഗലാപുരത്ത് എത്തുന്നതും തന്നെ രക്ഷപ്പെടുത്തിയ കുഞ്ഞ് സീതിയോട് സൈനബിക്കു പ്രണയം തോന്നുന്നതും അവസാനം ജാതീയ മതിൽക്കെട്ടിനെ തകർത്തുകൊണ്ട് സൈനബി കുഞ്ഞിസീതിയോടൊപ്പം ഇറങ്ങിപ്പോകുന്നതും കാണാം. കോയമാരിലെ പ്രധാനിയായ വലിയ കോയയുടെ അനിയന്റെ മകളായ സൈനബി ചെയ്ത ഈ പ്രവർത്തിയെ വലിയ കോയ എതിർക്കുന്നില്ല.  തന്റെ നാട്ടിൽ നിലനിൽക്കുന്ന ജാതീയ ചിന്തകളെ ഇല്ലാതാക്കാൻ പല പ്രാവശ്യം വലിയ കോയ ശ്രമിച്ചിരുന്നു.കോയ, മേലാച്ചേരി എന്നിങ്ങനെ പേര് എഴുതിയ രണ്ട് രൂപങ്ങൾ ഉണ്ടാക്കുകയും അതിനെ കുഴിച്ചുമൂടിക്കൊണ്ട് ജാതി ഇല്ലാതാക്കി എന്ന പ്രഖ്യാപിച്ചുകൊണ്ടും ജനമധ്യത്തിലേക്ക് തല ഉയർത്തി വരുന്ന വലിയ കോയയേയും കാണാം.

 സാമൂഹിക ചുറ്റുപാടുകൾ

 ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്ന പല കാര്യങ്ങളും നോവലിലൂടെ നോവലിസ്റ്റ് തിരിച്ചുപിടിക്കുന്നു. തിരച്ച തേങ്ങ( പ്രത്യേക രീതിയിൽ കെട്ടി വച്ചിരിക്കുന്ന തേങ്ങകൾ), വടിയിൽ വലകെട്ടി പക്ഷികളെ പിടിച്ചിരുന്ന കാലം, അത്തികൊത്തിച്ചടികൾ, ഓടം എത്താതാകുമ്പോൾ നിശബ്ദരായി പോകുന്ന സാധാരണക്കാരിൽ നിന്നും ഒരു സമൂഹത്തിലെ പരസ്പര സ്നേഹത്തിന്റെ കാഠിന്യം, വലിയകോയയുടെ ഇടവും വലവും ജിന്നുകൾ ഉണ്ടെന്ന വിശ്വാസം,  ഇസ്ലാം മതത്തിന്റെയും മതപ്രസംഗത്തിന്റെയും പ്രാധാന്യം, തറവാട്ട് സ്ത്രീകളുടെ പേരിന്റെ കൂടെ ബി എന്നും,  ആണുങ്ങൾ കോയ എന്നും ചേർക്കുന്നത് ദ്വീപുസമൂഹത്തെ അടയാളപ്പെടുത്തുന്ന വരികളാണ്.

 വലിയ കോയയുടെ ഭാര്യയുടെ പ്രസവസമയത്ത് മച്ചുംപുറത്ത് നിന്നും തൂക്കിയിരിക്കുന്ന കയർ പിടിക്കണം എന്നും അല്ലെങ്കിൽ റൂഹ് ശരീരം വിട്ട് ഓടിപ്പോകും എന്ന വിശ്വാസവും കാണാം. പ്രസവിക്കാൻ സാധിക്കാതെ ഉമ്മ മരിക്കുമ്പോൾ വയറ്റിലുള്ള കുട്ടിയെ അമ്മിക്കല്ല് വെച്ച് ഇല്ലാതാക്കുന്ന രീതിയും, ഉമ്മ മരിച്ച വിവരം പൊന്നാനിയിൽ പഠിക്കുന്ന മകൻ രണ്ടുമാസം കഴിഞ്ഞ് അറിയുന്നതും, 9 ഭാര്യമാർ ഉള്ള മലയാം ആറ്റേക്ക എന്ന വ്യക്തിയെയും, പട്ടിണിക്കാലമായപ്പോൾ അരിപൂഴ്ത്തിവെപ്പുകാരനായ കണക്ക് പിള്ള സുബൈറും മേലാച്ചേരിയെ ഒപ്പമിരുത്തി ഭക്ഷണം കഴിപ്പിച്ച വലിയ കോയയെ എതിർക്കുന്ന ചെറിയ കോയയും കാറ്റിനോട് തന്റെ ഉള്ളിലെ പരിഭവങ്ങൾ പറയുന്ന  സൈനബിയെയും സാന്ദർഭികമായി കാണാൻ സാധിക്കും.

 വർഷകാലം ആകുമ്പോൾ ദാരിദ്ര്യത്താലും രോഗത്താലും മരണം വർധിക്കുമ്പോൾ,  നാട്ടു ചികിത്സ ഫലിക്കാതെ വരുമ്പോൾ 'കിലശക്കാരെ നാടുകടത്തൽ'  എന്ന ക്രിയ ചെയ്യുന്നത് കാണാം. ചൂട്ടു കത്തിച്ച് ശബ്ദമുണ്ടാക്കി മുട്ടൻ വടികൾ കയ്യിൽ പിടിച്ച് മതിലുകളിലും ആട്ടിന്റെ ആലകളിലും അടിച്ച് ജനങ്ങൾ നാട് മുഴുവനും നടക്കുന്നു. ചൂട്ടും വടികളും കടപ്പുറത്തേക്ക് എറിഞ്ഞു തിരിഞ്ഞു നടക്കും.  ആരും തിരിഞ്ഞു നോക്കാൻ പാടില്ല. തിരിഞ്ഞു നോക്കുന്നവന്റെ മേൽ കിലശക്കാർ കയറും.  ഇങ്ങനെയുള്ള ഈ ചടങ്ങ് ദിവസങ്ങൾ നീളും. അവസാന ദിവസം ചെറിയ കളിയോടത്തിൽ ഒരു കണ്ണ് കുത്തി പൊട്ടിച്ച ഒരു നാടൻ കോഴിക്കുഞ്ഞിനെ മാൽമിയാക്കി ചെറിയ കീഴിയിൽ അരി, മുളക്, മല്ലി, ഉപ്പ്, ചായപ്പൊടി, പഞ്ചസാര എന്നിവയും കയറ്റി കടലിലേക്ക് ഇറക്കും. അതോടെ അസുഖവും ഇല്ലാതാകും എന്ന വിശ്വാസത്തിൽ ജനങ്ങൾ ആശ്വസിക്കുന്നതും കാണാം.

 സുർക്കാ ഉണ്ടാക്കാനായി' മീര 'എടുക്കുന്ന വിധം, കൊപ്ര ഉണ്ടാക്കൽ, പാരം പൂത്തൽ തുടങ്ങിയ തനതായ ദ്വീപിന്റെ സംസ്കാരത്തെയും നോവലിസ്റ്റ് ഭംഗിയായി അവതരിപ്പിക്കുന്നു. ദ്വീപ് ഭരണത്തിന്റെ പ്രധാനികൾ ഇടയ്ക്ക് ദ്വീപിൽ വരുന്നതും അലങ്കരിച്ച തോണികളിൽ അവരെ പാട്ടുപാടി സ്വീകരിക്കുന്നതും കാണാം.  കഴുകൻ കണ്ണുകളാൽ സ്ത്രീകളെ ആക്രമിക്കുന്ന സായിപ്പിനെയും തോക്കുമായി വന്ന അവരോട് ഒറ്റയ്ക്ക് പോരാടുന്ന അഹമ്മദ് കുഞ്ഞി എന്നയാളെയും എതിരിടലിൽ പിടിച്ചുനിൽക്കാൻ കഴിയാതെ ആവുമ്പോൾ ഒളിച്ചിരിക്കുകയും അന്വേഷണം ആരംഭിക്കുകയും,  അഹമ്മദിനെ കിട്ടാത്തത് കൊണ്ട് പിടികൂടുന്നവർക്ക് വലിയ തുക വാഗ്ദാനം ചെയ്യലും,  എന്നിട്ടും കിട്ടാത്തതുകൊണ്ട് നാട്ടിലെ എല്ലാവർക്കും സായിപ്പിന്റെ ശക്തിയേറിയ മർദ്ദനം ഉണ്ടാവുകയും,  അഹമ്മദിനെ ഒളിച്ചിരിക്കാനും നാടുകടത്താൻ സഹായിക്കുന്ന വലിയ കോയയേയും അന്നത്തെ സാമൂഹിക ചുറ്റുപാടിന്റെ ക്രൂരമായ മുഖങ്ങളെയും കാണാം.

 സൈനബി കുഞ്ഞിസീതിയുടെ കൂടെ ഇറങ്ങിപ്പോകുമ്പോൾ വലിയ കോയ ഒപ്പം നിൽക്കുന്നത് കച്ചേരി കാരണവന്മാർക്കും നാട്ടു കാരണവന്മാർക്കും ഇഷ്ടപ്പെടുന്നില്ല. മുഖം തിരിച്ച് അവർ പ്രതിഷേധിച്ചു.  അതൊന്നും വകവയ്ക്കാതെ ജാതീയ അന്ധതയ്ക്കു മേൽ വെളിച്ചം വീശാൻ വലിയ കോയ ശ്രമിച്ചുകൊണ്ടേയിരുന്നു.

 മംഗലാപുരത്ത് നിന്നും കൊണ്ടുവരുന്ന സാധനങ്ങളിൽ 'കര 'എന്ന മഹാ നഗരത്തെ മുഴുവനായും കാണിക്കുന്നു.  ഗന്ധത്തിന് വളരെയേറെ പ്രാധാന്യം നൽകിയിരിക്കുന്നു.  'കേരളം മണക്കുന്ന കുടയുമായി മനസ്സിലെ ചിന്തകളെ ഇല്ലാതാക്കി കുഞ്ഞിസീതി നടന്നു ' എന്ന പ്രയോഗം ദ്വീപുകാരന് മാത്രമേ എഴുതാൻ സാധിക്കൂ  എന്ന് ഇസ്മത് ഹുസൈൻ എന്ന നോവലിസ്റ്റ് ശക്തമായി തന്നെ കാണിക്കുന്നു. മംഗലാപുരത്ത് എത്തുന്ന ദ്വീപ്കാരെ പലവിധത്തിൽ ചതിക്കാൻ ശ്രമിക്കുന്ന സാഹിബിൽ നിന്നും രക്ഷപ്പെടുന്നത്, പിന്നീട് കോഴിക്കോടുമായുള്ള വാണിജ്യം സ്ഥാപിക്കാൻ തുടങ്ങുന്നതും കാണാം. മംഗലാപുരം കുഞ്ഞിസീതിയെ ലഹരി പിടിപ്പിച്ചതും വർണ്ണക്കാഴ്ചകളിൽ ദുഃഖങ്ങളും ദുരിതങ്ങളും മറന്നു പോകുന്നതും, കരയെന്ന സ്വർഗ്ഗത്തിൽ എത്തിപ്പെട്ട ആനന്ദവും ടിപ്പു പണിത ബന്ദർ ജുമാമസ്ജിദും അവിടെവച്ച് ഒരാളെ കണ്ടുമുട്ടുകയും അയാൾ കുഞ്ഞിസീതിയുടെ കാര്യങ്ങൾ മനസ്സിലാക്കുകയും ഹഖീഖി മോതിരം നൽകുകയും ചെയ്തതും എല്ലാം നോവലിസ്റ്റ് വളരെ ആഴത്തിൽ വിവരിക്കുന്നു.

 ആഖ്യാന പരിസരം

 ദീപകാരനായ ഒരാൾക്ക് മാത്രം സാധിക്കുന്ന ഒന്നാണ് കേരളത്തിന് പ്രത്യേകമായ ഒരു ഗന്ധം ഉണ്ടെന്ന് കണ്ടെത്തുന്നത്. കേരളത്തിൽ നിന്നെത്തിയ ഓടത്തിൽ നിന്നിറക്കിയ സാധനങ്ങളിൽ നിന്നെല്ലാം കേരളത്തിന്റെ മണം വമിച്ചു.  കേരളം മണക്കുന്ന കുടയുമായി നടന്ന നീങ്ങുമ്പോൾ കുഞ്ഞിസീതിയുടെ ഉള്ളിലെ ചിന്തകളെല്ലാം ഇല്ലാതായി. എല്ലാം മറന്നയാൾ ഇരുട്ടിലെ മഴയാസ്വദിച്ചു.

 ഇത്തരം പുതുമയാർന്ന വാക്യങ്ങൾക്ക് പുറമേ :-

 -ആകാശവും കടലും ഒന്നാവുന്ന അതിരുകളിലെല്ലാം നോട്ടം പരതി. അവിടെയെങ്ങും ഒരെണ്ണക്കപ്പൽ പോലും ഉണ്ടായിരുന്നില്ല.

 -ഒരു മുനമ്പിലും കണ്ണുതട്ടാതെ മനസ്സ് വ്രണിതമായി.

- മഴ, മേലാവായിൽ നിന്നും ഓടി പാഞ്ഞ് എത്തി.

- മഴ തുടങ്ങിയപ്പോൾ മനസ്സ് ഓർമ്മകളിലേക്ക് ചുക്കാൻ തിരിച്ചു.

 -ഉള്ളിൽ ബരിശക്കടൽ ഇരമ്പി.

 ഇത്തരത്തിൽ ഏതൊരു വാക്കുകളിലും വരികളിലും ദ്വീപുകാരന്റെ മനസ്സുകാണാം. ഓരോന്ന് പറയുമ്പോഴും കടലും കപ്പലും വർഷകാല ദാരിദ്ര്യവും കെടുതികളും കടന്നുവരുന്നു.  വീട്ടുമുറ്റത്തെ മുറുക്കാൻ തുപ്പലിന്റെ നിറം നോക്കി ഉയർന്ന ജാതിക്കാരന്റെ വീടാണ് എന്ന് പറയാനും ദ്വീപുകാരനായ നോവലിസ്റ്റിന് മാത്രമേ സാധിക്കൂ.

ദ്വീപ് ജീവിതങ്ങളുടെ സ്വത്വ രാഷ്ട്രീയ ബോധങ്ങൾ 'കോലോടം' നോവലിന്റെ പശ്ചാത്തലത്തിൽ

 കോയ, മാലി, മേലാച്ചേരി എന്നിങ്ങനെയുള്ള ജാതീയ വേർതിരിവിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു ദീപ് ജീവിതങ്ങൾ.  ഭൂസ്വത്തും തെങ്ങുകളും കൂടുതലുള്ളവർ അധികാരികളായ ഉയർന്നവരായ കോയമാരും, കോയമാരുടെ വീട്ടുവേല ചെയ്തും അവരുടെ പായോടങ്ങൾ നിർമ്മിച്ചും ഓടിച്ചും ജീവിക്കുന്നവരാണ്  മാലി. മേലാച്ചേരി വിഭാഗമാണ് ജാതിയിൽ ഏറ്റവും താഴ്ന്നവർ. ഓലമേഞ്ഞ വീടുകളിൽ താമസിച്ചും മീൻ പിടിച്ചും ജീവിക്കുന്നവർ.

 ജാതീയതയുടെ പേരിൽ ധാരാളം അവഗണനകൾ നേരിടേണ്ടി വന്നവരാണ് മേലാച്ചേരികൾ. കോയാമാരുടെ വീട്ടുജോലികളും അവരുടെ ഉത്തരവിനും ആജ്ഞകൾക്കും ആക്ഷേപങ്ങൾക്കും പാത്രമായവരാണ് ഇവർ.

 എന്ത് കഴിക്കണം എങ്ങനെ കഴിക്കണം എന്ന് കോയാ തീരുമാനിക്കും. ഏതുതരം വസ്ത്രം ധരിക്കണമെന്നും കോയയുടെ നിർദേശം അല്ലാതെ മേലാച്ചേരികൾക്ക് നാണം മറക്കാൻ പോലും ആവില്ലായിരുന്നു. പട്ടിണിയിലും ദാരിദ്ര്യത്തിലും വർഷകാല കെടുതികളിലും അസുഖങ്ങളും മരണങ്ങളും വർദ്ധിക്കുമ്പോൾ ഒന്നും ചെയ്യാനാവാതെ നിസ്സഹായരായി പോയ ഒരു വിഭാഗം കൂടിയാണ് മേലാച്ചേരികൾ.

 ദാരിദ്ര്യത്താലും അസുഖബാധിതരായും കഷ്ടത അനുഭവിച്ച കുഞ്ഞു സീതി എന്ന മേലാച്ചേരിക്കാരനെ നോവലിൽ കാണാം. തന്റെ അനിയന്മാർ ഓരോരുത്തരായി മരണത്തിന് കീഴടങ്ങുമ്പോഴും പട്ടിണിയുടെ കാഠിന്യത്തിൽ മിണ്ടാൻ പോലും ആവാതെ വീട്ടുകാരെ നോക്കി നിസ്സഹായനാവാനെ കുഞ്ഞിസീതിക്കു കഴിഞ്ഞുള്ളൂ. സൈദുഫൂ മീൻ പിടിക്കാൻ പോവുകയും ഒരുപാട് നേരത്തെ അലച്ചിലിനുശേഷം ഒരുതരം വിഷ മത്സ്യം ലഭിക്കുകയും ചെയ്യുന്നു. മരണം ഉറപ്പാണ് എന്നറിഞ്ഞു കൊണ്ട് തന്നെ ആ വീട്ടിലെ അഞ്ച് പേര് മത്സ്യം കഴിക്കുന്നു.  മരണപ്പെടുന്നു

 ഇത്തരത്തിൽ ദ്വീപ് സ്വത്വ രാഷ്ട്രീയങ്ങൾ നേരിടുന്ന വെല്ലുവിളികളുടെ തുറന്നെഴുത്താണ് നോവലിലൂടെ നോവലിസ്റ്റ് സാധ്യമാക്കിയിരിക്കുന്നത്. ലക്ഷദ്വീപ് ഭാഷാഭേദങ്ങളുടെ കൂട്ടത്തേയും ആഖ്യാനത്തിലെ പുതുമകളെയും ആ നോവൽ അടയാളപ്പെടുത്തുന്നു.

 ഉപസംഹാരം

 പുതുകാലസാഹിത്യം എന്ന നിലയിലും മലയാള സാഹിത്യത്തിലെ ലക്ഷദ്വീപിൽ നിന്നുള്ള ആദ്യ നോവൽ എന്ന നിലയിലും ആണ് 'കോലോടം' എന്ന നോവലിനെ ഇവിടെ വിശകലനം ചെയ്യുന്നത്. ഇന്ത്യ പൂർത്തിയാകണമെങ്കിൽ ലക്ഷദ്വീപിനെ കൂടി അടയാളപ്പെടുത്തണം. അങ്ങനെയാകുമ്പോൾ അവിടത്തെ ജനങ്ങളെ അറിയണം, ആദ്യകാല ദ്വീപ് ജീവിതങ്ങളുടെ ക്ലേശതകളും അതിൽ ജാതീയതയുടെ കരളഹസ്തങ്ങളും അതിൽ നിന്നെല്ലാം ഉള്ള പരിഹാരങ്ങളും ഈ നോവലിൽ കാണാം.

 ലക്ഷദ്വീപിന്റെ സ്വത്വ രാഷ്ട്രീയ ബോധത്തെയും അവരുടെ ജീവിതത്തിൽ ഇന്ന് അവർ അനുഭവിക്കുന്ന സ്വത്വബോധസ്വാതന്ത്ര്യവും രാഷ്ട്രീയ അവകാശങ്ങളും പൈതൃകമായി അവർക്ക് കൈ വന്നതല്ല എന്ന യാഥാർത്ഥ്യത്തിലേക്ക് അത്തരം സ്വത്വബോധ കലഹങ്ങളുടെയും പോരാട്ടങ്ങളുടെയും ആദ്യകാല ജീവിത സമരങ്ങളിലേക്ക് ഒരു സൂചന കൂടി നൽകുന്നുണ്ട് ഈ നോവൽ.

 

● സഹായക ഗ്രന്ഥങ്ങൾ

 1.കോയ ഹാജി. എൻ  -  സാഗര തീരത്തേ പൈതൃകം തേടി, ലക്ഷദീപിന്റെ ചരിത്രവും സംസ്കാരവും, കറന്റ് ബുക്ക്, കോട്ടയം 2007

2. ഗോപിനാഥ്. കെ       - ലക്ഷദ്വീപ്, ജ്യോതിസ് ബുക്സ്, കോഴിക്കോട് 1979

 3 മുത്തുകോയ.എൻ   - ലക്ഷദ്വീപ് നൂറ്റാണ്ടുകളിലൂടെ, വിദ്യാർഥി മിത്രം ബുക്ക് ഡിപ്പോ, കോട്ടയം 1986

4.  ഇസ്മത്ത് ഹുസൈൻ - കോലോടം, മാതൃഭൂമി ബുക്സ്, കോഴിക്കോട് 2012

 5. അഭിമുഖം              -  ഇസ്മത്ത് ഹുസൈൻ ( കോലോടം, നോവലിസ്റ്റ്)

 

ഹസനത്ത് ബീഗം ബി

ഗവേഷക വിദ്യാർഥി

മലയാള വിഭാഗം

നിർമ്മല കോളേജ്

മൂവാറ്റുപുഴ


Comentarios

Obtuvo 0 de 5 estrellas.
Aún no hay calificaciones

Agrega una calificación
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page