ഡോ. അബ്ദുറഹീം എം.പി
കംപ്യൂട്ടറുകൾക്കും ഇന്റർനെറ്റിനും ശേഷം ലോകമിന്ന് നിർമിതബുദ്ധിയുടെ വിപ്ലവത്തിലൂടെ കടന്നു പോവുകയാണ്. മനുഷ്യ ജീവിതത്തിന്റെ സകല മേഖലകളിലേക്കും നിർമിതബുദ്ധി കടന്നു കയറുന്ന ഒരു കാലത്താണ് നമ്മളുള്ളത്. മനുഷ്യ തലച്ചോറിനേപ്പോലെ പ്രവർത്തിക്കാനും, മനുഷ്യനെപ്പോലെ ചിന്തിക്കാനും കഴിയുന്ന കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെയും സാങ്കേതികവിദ്യകളുടെയും ഒരു കൂട്ടത്തെയാണ് നിർമിതബുദ്ധി എന്ന് വിളിക്കുന്നത്. മനുഷ്യ ബുദ്ധിക്ക് അസാധ്യമായ കാര്യങ്ങൾ നിർമിതബുദ്ധിക്ക് അവിശ്വസനീയമായ വേഗത്തിലും കൃത്യതയോടെയും ചെയ്യാനാകുന്നു എന്ന അനന്തമായ സാധ്യത ഒരു വശത്ത് തുറന്നിരിക്കുമ്പോൾത്തന്നെ, നിർമിതബുദ്ധി മനുഷ്യന് മേൽ ആധിപത്യം സ്ഥാപിക്കുമോ എന്ന ആശങ്കകളും മറുവശത്തുണ്ട്. അത് കൊണ്ട് തന്നെ, മനുഷ്യ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ കണ്ടുപിടുത്തം എന്നതോടൊപ്പം, ഏറ്റവും അപകടകരമായ കണ്ടുപിടുത്തം എന്ന വിശേഷണം കൂടി നിർമിത ബുദ്ധിക്കുണ്ട്. വൈദ്യശാസ്ത്രം മുതൽ ബഹിരാകാശഗവേഷണം വരെ മനുഷ്യനിടപെടുന്ന എല്ലാ മേഖലകളിലും ഇന്ന് നിർമിതബുദ്ധി ഉപയോഗിക്കുന്നുണ്ട്. സ്വയം നവീകരിച്ച് മുന്നേറാനുള്ള നിർമിത ബുദ്ധിയുടെ കഴിവ് അതിനെ ഓരോ നിമിഷവും ഏറെ കുറ്റമറ്റതാക്കുകയും ചെയ്യുന്നു.
ലോകമെങ്ങും വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഒരു മേഖലയാണിന്ന് നിർമിതബുദ്ധി. ശതകോടികളുടെ ബിസിനസ് നടക്കുന്ന ഒരു മേഖലയും കൂടിയാണിത്. 2030 വരെ നിർമിത ബുദ്ധി മേഖല 37.3 % വാർഷിക വളർച്ച നേടുമെന്നാണ് ഫോബ്സ് (2024) കണക്കാക്കുന്നത്. മൊബൈൽ ഫോണിലെ സേർച്ച് ഉൾപ്പെടെ അറിഞ്ഞും അറിയാതെയും, ചെറുതും വലുതുമായ ഒട്ടനേകം നിർമിത ബുദ്ധി സങ്കേതങ്ങൾ നമ്മൾ ദിനവും ഉപയോഗിച്ചു കൊണ്ടിരിക്കുന്നുണ്ട്. മറ്റെല്ലാ മേഖലകളേക്കാളുമുപരി നിർമിത ബുദ്ധിക്ക് വലിയ സാധ്യതയുള്ളത് വിദ്യാഭ്യാസത്തിലും ഗവേഷണത്തിലുമാണ്. കോവിഡാനന്തര കാലം, നിർമിത ബുദ്ധി കൂടി വ്യാപകമായതോടെ വിദ്യാഭാസം വലിയൊരു വിപ്ലവത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഈ വിപ്ലവത്തിൽ ഒഴുക്കിനൊപ്പമോ അതിനും മുമ്പേയോ നീന്തുന്നവർക്ക് മാത്രമേ പിടിച്ചു നിൽക്കാനാകൂ എന്നതാണ് വസ്തുത.
വിദ്യാഭ്യാസത്തിലെ ആഗോള മാതൃകകളിലൊന്നായി പരിഗണിക്കപ്പെടുന്നതാണ് കേരളത്തിലെ വിദ്യാഭ്യാസരംഗം. രാജ്യത്ത് പൊതുവിലുള്ള വിദ്യാഭ്യാസനിലവാരത്തിൽ നിന്നും ബഹുദൂരം മുന്നിലാണ് കേരളം. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും, പഠിപ്പിക്കുന്ന കരിക്കുലത്തിന്റെ കാര്യത്തിലും, പാഠ്യരീതിയിലുമൊക്കെ വലിയ മുന്നേറ്റങ്ങളും പരീക്ഷങ്ങളുമാണ് കേരളം നടത്തിയിട്ടുള്ളത്. എന്നിരുന്നാലും കേരളത്തിന്റെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള തർക്കങ്ങളും ഏറെയുണ്ട്. വിദ്യാർഥികളെ ആവശ്യമായ നൈപുണികളോടെയല്ല നമ്മുടെ വിദ്യാഭ്യാസസംവിധാനം പുറത്തിറക്കുന്നത് എന്നതാണ് കേരളത്തിലെ വിദ്യാഭ്യാസത്തെപ്പറ്റിയുള്ള ഏറ്റവും വലിയ ആരോപണം. കേരളത്തിൽ നിന്ന് വലിയ തോതിൽ വിദ്യാർഥികൾ വിദേശങ്ങളിലേക്ക് കുടിയേറുന്നതിന്റെ കാരണങ്ങളിലൊന്നും ഇത് തന്നെയാണ്. കാലാനുസൃതമല്ലാത്ത പാഠ്യപദ്ധതികളും, മാറാൻ തയാറില്ലാത്ത അധ്യാപകരും, അമിതമായ രാഷ്ട്രീയവുമൊക്കെ കേരളത്തിന്റെ വിദ്യാഭ്യാസ മേന്മയുടെ നിറം കെടുത്തുന്നുണ്ട്. ഈ പരിമിതികളെ മറികടക്കാനുള്ള ഏറ്റവും മികച്ച മാർഗങ്ങളിലൊന്ന് നിർമിത ബുദ്ധിയാണ്. പക്ഷെ നിർമിതബുദ്ധിയെ വ്യവസ്ഥാപിതമായി വിദ്യാഭ്യാസ രംഗത്ത് നാം എത്രത്തോളം ഉപയോഗിക്കുന്നുണ്ട് എന്നത് ഗൗരവതരമായി ചിന്തിക്കേണ്ടുന്ന വിഷയമാണ്.
വിദ്യാഭ്യാസത്തിൽ നിർമിത ബുദ്ധിയുടെ പങ്ക്
നിർമിതബുദ്ധിക്ക് വിദ്യാഭ്യാസ രംഗത്ത് വിലയേറിയതും വൈവിധ്യമാർന്നതുമായ പങ്കാണുള്ളത്. പഠനം, അധ്യാപനം, സ്ഥാപന മാനേജ്മെന്റ്, പാഠ്യപദ്ധതി-നയരൂപീകരണം തുടങ്ങി വിവിധ മേഖലകളിൽ നിർമിതബുദ്ധി ഉപയോഗിക്കുന്നുണ്ട്. നിർമിത ബുദ്ധിയുടെ വിവിധ വകഭേദങ്ങളിൽ ജെനറേറ്റിവ് എ.ഐ. (GenAI) ആണ് വിദ്യാഭ്യാസ രംഗത്ത് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത്. വിദ്യാർത്ഥികൾക്ക് തങ്ങളുടെ പഠനം എളുപ്പവും ആനന്ദകരവുമാക്കാൻ നിർമിത ബുദ്ധി സഹായിക്കുന്നു. സങ്കീർണമായ പാഠഭാഗങ്ങൾ ലളിതവും രസകരവുമായി പഠിപ്പിക്കാൻ നിർമിത ബുദ്ധിക്കാവും. ലിഖിത രൂപത്തിലുള്ള ഒരു പാഠഭാഗത്തെ വീഡിയോയോ ആനിമേഷനോ ഒക്കെയാക്കി മാറ്റാൻ കഴിയും. ഒരു വിഷയവുമായി ബന്ധപ്പെട്ട വിവിധ ഉദാഹരണങ്ങളും, യഥാർത്ഥ ലോകത്ത് നിന്നുള്ള സംഭവങ്ങളും, സിമുലേഷനുകളുമൊക്കെ നൽകാൻ നിർമിതബുദ്ധിക്ക് കഴിയും. അസൈന്മെന്റുകൾ, പ്രോജക്ടുകൾ, പ്രസന്റേഷനുകൾ തുടങ്ങിയവ തയാറാക്കാനും, ഓഡിയോ, വീഡിയോ എഡിറ്റിങ്ങിനും, പരിഭാഷയ്ക്കുമൊക്കെ നിർമിത ബുദ്ധി ഉപയോഗിക്കാം. എ.ഐ. ചാറ്റ്ബോറ്റുകളോട് സംസാരിച്ച് സംശയങ്ങൾ തീർക്കാനും, പുതിയ ഭാഷകളും നൈപുണികളുമൊക്കെ പഠിച്ചെടുക്കാനും കഴിയും. ഒരാളുടെ എഴുത്തോ വരയോ പ്രസംഗമോ ഉച്ചാരണരീതിയോ ഒക്കെ മെച്ചപ്പെടുത്താനും നിർമിത ബുദ്ധി സഹായിക്കും. പരീക്ഷക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ കണ്ടെത്താനും, മാതൃകാ ചോദ്യപേപ്പറുകളുണ്ടാക്കാനും, അവക്ക് ഉത്തരം കണ്ടെത്താനും വിദ്യാർത്ഥിയുടെ ഉത്തരങ്ങൾ വിലയിരുത്താനും അതിലെ തെറ്റുകളും കുറവുകളും പറഞ്ഞുകൊടുക്കാനുമൊക്കെ നിർമിതബുദ്ധിക്ക് കഴിയും. വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകളെയും പരിമിതികളെയും മനസിലാക്കാനും, കഴിവുകളെ പരിപോഷിപ്പിക്കാനും, പരിമിതികളെ മറികടക്കാനുമൊക്കെ നിർമിത ബുദ്ധി സഹായിക്കും. പഠ്യേതര പ്രവർത്തനങ്ങളിൽ സഹായിക്കാനും അത്തരം കഴിവുകൾ വികസിപ്പിക്കാനും നിർമിത ബുദ്ധിക്ക് കഴിയും.
വിവിധ ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവരെയും പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെയുമൊക്കെ ഉൾച്ചേർക്കാനാകുന്നു എന്നതാണ് നിർമിത ബുദ്ധിയുടെ മറ്റൊരു മേന്മ. കേൾവിപരിമിതിയുള്ള ഒരാൾക്ക് ശബ്ദത്തെ ആംഗ്യഭാഷയിലേക്ക് മാറ്റി നൽകാനും, കാഴ്ച പരിമിതിയുള്ള ആൾക്ക് ടെക്സ്റ്റിനെ ഓഡിയോ ആക്കി മാറ്റി നൽകാനുമൊക്കെ കഴിയും. ഇത്തരം സംവിധാനങ്ങളൊക്കെ നിർമിതബുദ്ധി വ്യാപകമാകുന്നതിന് മുമ്പ് തന്നെ നിലവിലുണ്ടായിരുന്നെങ്കിലും, നിർമിതബുദ്ധിയുടെ വരവോടെ ഇവയെയൊക്കെ കൂടുതൽ പേഴ്സണലൈസ് ചെയ്യാനാകുന്നു എന്നതാണ് മേന്മ. ഓരോരുത്തരുടെയും കഴിവുകളും പരിമിതികളും മനസിലാക്കി അതിനനുസരിച്ച് പ്രവർത്തിക്കാൻ നിർമിത ബുദ്ധിക്ക് കഴിയുന്നു. പഠന സമയത്ത് കുട്ടിയുടെ മുഖഭാവവും ശരീരഭാഷയുമൊക്കെ വിശകലനം ചെയ്യാനും, അതിനനുസരിച്ച് ബോധനരീതിയിലും മാധ്യമങ്ങളിലും മാറ്റം വരുത്തി പഠനം രസകരമാക്കാനും നിർമിത ബുദ്ധിക്കാകും. ഔപചാരിക വിദ്യാഭ്യാസത്തിന് പുറമെ, അനൗപചാരിക വിദ്യാഭ്യാസത്തിലും തുടർവിദ്യാഭ്യാസത്തിലുമൊക്കെ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ നിർമിതബുദ്ധിക്ക് കഴിയും.
അധ്യാപകരെയാണ് നിർമിത ബുദ്ധി ഏറെ സഹായിക്കുന്നത്. പക്ഷെ നിർഭാഗ്യവശാൽ നല്ലൊരു ഭാഗം അധ്യാപകരും ഇപ്പോഴും നിർമിതബുദ്ധിയോട് പുറം തിരിഞ്ഞു നിൽക്കുന്നു എന്നതാണ് വസ്തുത. നോട്സ് തയാറാക്കുക, പ്രസന്റേഷനുകൾ, വീഡിയോകൾ, കൃത്രിമമോഡലുകൾ എന്നിവ തയാറാക്കുക, ചോദ്യപേപ്പറുകൾ, ക്വിസുകൾ തുടങ്ങിയ മൂല്യനിർണയ ഉപാധികൾ വികസിപ്പിക്കുക, ഉത്തരപേപ്പറുകൾ മൂല്യനിർണയം ചെയ്യുക തുടങ്ങിയ കാര്യങ്ങളൊക്കെ നിർമിത ബുദ്ധിക്ക് ചെയ്യാനാവും. മൂല്യനിർണയത്തിൽ സമയവും പണവും അധ്വാനവും കുറയ്ക്കാനും കാര്യക്ഷമതയും കൃത്യതയും വർധിപ്പിക്കാനും കഴിയു യും. കാര്യക്ഷമവും പ്രസക്തവും ആകർഷകവുമായ രീതിയിൽ മൂല്യനിർണയം നടത്താനും, വ്യത്യസ്തമായ ടൂളുകൾ ഉപയോഗിക്കാനും വിദ്യാർത്ഥികളുടെ വിവിധ തരത്തിലും തലത്തിലുമുള്ള നേട്ടങ്ങൾ അളക്കാനുമൊക്കെ നിർമിത ബുദ്ധി സഹായിക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർത്ഥികളെയും അധ്യാപകരെയും വിവിധ മേഖലകളിൽ അറിവും അനുഭവവുമുള്ളവരെയും തമ്മിൽ ബന്ധിപ്പിക്കാനും നിർമിതബുദ്ധി സഹായിക്കും. വൈവിധ്യമാർന്ന പഠനരീതികൾ ആവിഷ്കരിക്കാനും, കുട്ടികളുടെ താല്പര്യവും നിലവാരവുമൊക്കെ മനസിലാക്കി ഇടപെടാനും നിർമിത ബുദ്ധി സഹായിക്കും.
സ്ഥാപനങ്ങൾക്ക് അവരുടെ മാനേജീരിയൽ, ക്ലറിക്കൽ ജോലികളൊക്കെ നിർമിത ബുദ്ധിയെ ഏൽപ്പിക്കാനാവും. പ്രവേശനപ്രക്രിയകൾ, റാങ്ക് ലിസ്റ്റുകളുണ്ടാക്കൽ, മൂല്യ നിർണയം, സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കൽ, സർട്ടിഫിക്കറ്റുകൾ തയാറാക്കൽ, ഡാറ്റ സൂക്ഷിക്കൽ, ഡാറ്റ വിശകലനം, നയരൂപീകരണം, രക്ഷിതാക്കളുമായുള്ള ആശയവിനിമയം തുടങ്ങിയ രംഗങ്ങളൊക്കെ നിർമിത ബുദ്ധിയെ ഏല്പിക്കാനാകും. വിഭവങ്ങളെ ഏറ്റവും നന്നായി ഉപയോഗിക്കാനും, മറ്റു സ്ഥാപനങ്ങളുമായി വിഭവങ്ങൾ പങ്കുവെക്കാനും നിർമിത ബുദ്ധി സഹായിക്കും.
നിർമിതബുദ്ധിയും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും
നിർമിതബുദ്ധി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നതിൽ തർക്കമില്ല. ഉന്നതവിദ്യാഭ്യാസരംഗത്ത് ഗവേഷണത്തിനാണ് നിർമിതബുദ്ധി ഏറ്റവുമധികം ഉപയോഗിക്കുന്നത്. ശാസ്ത്രവിഷയങ്ങളിൽ മനുഷ്യർക്ക് നേരിട്ട് നടത്താനാകാത്ത പരീക്ഷണങ്ങൾ നടത്താനും, വിശകലനങ്ങൾ നടത്താനും നിർമിത ബുദ്ധിക്കാകും. ഗവേഷണവുമായി ബന്ധപ്പെട്ട ലിറ്ററേച്ചർറിവ്യൂ, തിസീസ് തയാറാക്കൽ, ലേഖനങ്ങൾ എഴുതൽ, റഫറൻസ് തയാറാക്കൽ തുടങ്ങിയ മേഖലകളിലൊക്കെയും നിർമിതബുദ്ധി ഉപയോഗപ്പെടുത്തുന്നുണ്ട്. ഗവേഷണങ്ങളുടെയും ഗവേഷണ പ്രബന്ധങ്ങളുടെയും മൗലികതയുമായി ബന്ധപ്പെട്ട ആശങ്കകൾ ഇവിടെ ഉടലെടുക്കുന്നുണ്ടെങ്കിലും, നിർമിത ബുദ്ധിക്ക് തന്നെ അവയുടെ മൗലികത പരിശോധിക്കാനും, ചോരണം തടയാനും കഴിയുമെന്ന മറുവശവുമുണ്ട്.
വിദ്യാർഥികളുടെ ആവശ്യങ്ങളും കഴിവുകളുമൊക്കെ തിരിച്ചറിഞ്ഞ് വ്യക്തികേന്ദ്രീകൃതമായ ബോധനം നൽകാൻ കഴിയുന്നു എന്നത് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്ന മറ്റൊരു ഘടകമാണ്. ഓരോരുത്തരെയും പ്രത്യേകമായി പരിഗണിക്കാനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും നിർമിത ബുദ്ധിക്ക് കഴിയും. വിവിധ സാമൂഹിക-സാമ്പത്തിക ചുറ്റുപാടുകളിൽ നിന്ന് വരുന്ന വിദ്യാർഥികളെയും, വ്യത്യസ്ത ബൗദ്ധിക നിലവാരമുള്ള വിദ്യാർത്ഥികളെയും ഒരേ ക്ലാസിലിരുത്തിക്കൊണ്ട് തന്നെ വിവേചനമില്ലാതെ പഠിപ്പിക്കാൻ നിർമിതബുദ്ധി സഹായിക്കും. ഓരോരുത്തർക്കും അവരവരുടെ ആവശ്യവും നിലവാരവും തിരിച്ചറിഞ്ഞുകൊണ്ടുള്ള പഠന രീതികൾ ആവിഷ്കരിക്കാൻ നിർമിത ബുദ്ധിക്ക് കഴിയും. ക്ലറിക്കൽ ജോലികളും മൂല്യനിർണവുമൊക്കെ നിർമിത ബുദ്ധിയെ ഏൽപ്പിക്കുന്നതോടെ അധ്യാപകർക്ക് അധ്യാപനത്തിലും ഗവേഷണത്തിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അതുവഴി അതിന്റെ ഗുണമേന്മ വര്ധിപ്പിക്കാനുമാകും.
നിർമിതബുദ്ധി ഉയർത്തുന്ന വെല്ലുവിളികൾ, അപകടങ്ങൾ
ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ ശക്തിയായി മാറാൻ നിർമിതബുദ്ധിക്ക് കഴിയുമെന്നാണ് ഇലോൺ മസ്ക് ഒരിക്കൽ പറഞ്ഞത്. ഏറെ അവധാനതയോടെയും മൂല്യബോധത്തോടെയും ഉപയോഗിച്ചില്ലെങ്കിൽ നിർമിതബുദ്ധി വലിയ അപകടങ്ങൾ വരുത്തി വെക്കും. ഇത് നിർമിതബുദ്ധിയുടെ മാത്രം പ്രശ്നമല്ല. ഏതൊരു സാങ്കേതിക വിദ്യയും ശരിയായി ഉപയോഗിച്ചില്ലെങ്കിൽ അത് മനുഷ്യ വംശത്തെത്തന്നെ ഇല്ലാതാക്കിയേക്കാം. നിർമിത ബുദ്ധിക്ക് സ്വയം നവീകരിച്ച് മുന്നോട്ടു പോകാനുള്ള കഴിവുണ്ട് എന്നതിനാൽ അത് ഒരു സർവ നാശത്തിലേക്കെത്തില്ല എന്ന് നമുക്കാശ്വസിക്കാം. വിദ്യാഭ്യാസ മേഖലയിലേക്കുള്ള നിർമിത ബുദ്ധിയുടെ കടന്നുകയറ്റവും ഒട്ടേറെ പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ അത് വിദ്യാഭ്യാസത്തിൽ വലിയ തോതിലുള്ള അസമത്വങ്ങളുണ്ടാക്കുമെന്നതാണ് അതിൽ പ്രധാനം. നിലവിലുള്ള ഡിജിറ്റൽ ഡിവൈഡിനെ അത് ഒന്നുകൂടി ശക്തിപ്പെടുത്തും. നഗരങ്ങളിലുള്ളവരും ഉന്നതസാമൂഹിക-സാമ്പത്തിക ശ്രേണികളിലുള്ളവരും നിർമിത ബുദ്ധിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി അതിവേഗം മുന്നേറുമ്പോൾ മറ്റുവിഭാഗങ്ങൾ പിന്നാക്കമായിപ്പോകും. ഗോത്രജനതയുൾപ്പെടെയുള്ള പാർശ്വവൽകൃതരെ കൂടുതൽ പാർശ്വവൽക്കരിക്കാൻ ഇതിടയാക്കും. ഡിജിറ്റൽ ഉപകരണങ്ങളും, സാങ്കേതിവിദ്യയും സ്വായത്തമാക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തവരെ ഇത് വീണ്ടും അരികുവൽക്കരിക്കും. വിദ്യാഭ്യാസ രംഗത്ത് വിവേകപൂർവ്വമല്ലാതെയുള്ള നിർമിതബുദ്ധിയുടെ ഉപയോഗം നിലവിലുള്ള അസമത്വങ്ങളെ കൂടുതൽ വഷളാക്കുമെന്ന് നീൽ സെൽവിൻ (2016) നിരീക്ഷിക്കുന്നുണ്ട്. എന്നാൽ സമത്വത്തിലൂന്നിയ ശരിയായ നയരൂപീകരണത്തിലൂടെ ഈ പ്രശ്നങ്ങളെ നിർമിത ബുദ്ധികൊണ്ട് തന്നെ മറികടക്കാനാവുമെന്നതാണ് വസ്തുത.
വിദ്യാഭ്യാസത്തിൽ അധ്യാപകരുടെ പ്രാധാന്യം കുറയുമെന്നതും, അധ്യാപകർക്ക് വലിയ തോതിൽ തൊഴിൽ നഷ്ടമുണ്ടാകുമെന്നതുമാണ് നിർമിതബുദ്ധി ഉയർത്തുന്ന മറ്റൊരു വെല്ലുവിളി. അധ്യാപകർ നിർമിത ബുദ്ധിയെക്കാളും ഒരു മുഴം മുന്നേ ഓടുക എന്നത് മാത്രമാണ് ഇതിന് പരിഹാരം. നിർമിതബുദ്ധി പഠിച്ചെടുക്കാനും, അതിനെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന് ആലോചിക്കാനും തയ്യാറാവാത്ത അധ്യാപകരെ നിർമിതബുദ്ധി പുറത്താക്കുമെന്നത് ഉറപ്പാണ്. സിലബസ്രൂപീകരണം, മൂല്യനിർണയം തുടങ്ങിയ രംഗങ്ങളിൽ അധ്യാപകരെ വേണ്ടാതാകുന്നത് വലിയ വെല്ലുവിളികളുയർത്തും. സ്വന്തം ബുദ്ധി ഉപയോഗിക്കുന്നതിന് പകരം എന്തിനും നിർമിതബുദ്ധിയെ ആശ്രയിക്കുന്നത് അധ്യാപകരെ അലസരാക്കുകയും ചെയ്യും.
നിർമിതബുദ്ധിക്ക് എല്ലാ ഭാഷകളും വഴങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കിലും, ഇപ്പോഴും ഇംഗ്ലീഷ്ഭാഷയുടെ ആധിപത്യം നിർമിതബുദ്ധി മേഖലയിൽ നിലനിൽക്കുന്നു എന്നതാണ് മറ്റൊരു വെല്ലുവിളി. പ്രാദേശികഭാഷകളെയും, ഭാഷാഭേദങ്ങളെയുമൊക്കെ ഉൾക്കൊള്ളാൻ നിർമിതബുദ്ധി ഇനിയുമൊരുപാട് വളരേണ്ടിയിരിക്കുന്നു. ഇംഗ്ലീഷ് മേൽക്കോയ്മ ഭാഷാ സാംസ്കാരികവൈവിധ്യങ്ങളെ ഇല്ലാതാക്കുമെന്നത് ആശങ്കയോടെ കാണേണ്ട ഒരു വസ്തുതയാണ്. വിദ്യാഭ്യാസത്തെ കൂടുതൽ യന്ത്രികമാക്കുമെന്നതും, മനുഷ്യ ഇടപെടൽ കുറയ്ക്കുമെന്നതുമാണ് മറ്റൊരു പ്രശ്നം. വിദ്യാഭ്യാസം അറിവ് നേടാനുള്ള ഒരു ഉപാധി എന്നതിലപ്പുറം, സാമൂഹിക സാംസ്കാരിക വിനിമയങ്ങളുടേത് കൂടിയാണ്. എല്ലാത്തിനെയും ചില നിശ്ചിത നിലവാരത്തിലേക്കും അളവ് കോലുകളിലേക്കും ചുരുക്കുക വഴി വിദ്യാഭ്യാസത്തിന്റെ യഥാർത്ഥലക്ഷ്യം നഷ്ടപ്പെടും. മനുഷ്യന്റെ ബുദ്ധിയും ചിന്തയും നിർമിതബുദ്ധിക്ക് പണയം വെയ്ക്കുന്നതോടെ അലസരും ചിന്താശേഷിയുമില്ലാത്ത ഒരു തലമുറ വളർന്നു വന്നേക്കുമെന്നതാണ് മറ്റൊരാശങ്ക. എല്ലാത്തിനും നിർമിതബുദ്ധിയെ കൂട്ടുപിടിക്കുന്ന കുട്ടികൾക്ക് സ്വന്തമായി തീരുമാനങ്ങളെടുക്കാനോ പ്രതിസന്ധികളെ കൈകാര്യം ചെയ്യാനോ കഴിയാതാകും. മനുഷ്യരുമായുള്ള ഇടപെടലുകൾ കുറയുന്നതോടെ കുട്ടികൾ വെറും യന്ത്രങ്ങളായി മാറുകയും ചെയ്യും.
നൈതികതയാണ് (ethics) നിർമിതബുദ്ധിയുമായി ബന്ധപ്പെട്ട മറ്റൊരു പ്രശ്നം. വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും മൗലികത നഷ്ടപ്പെടുകയും ആശയങ്ങളുടെ ചോരണം (plagiarism) വർധിക്കുകയും ചെയ്യും. അസൈൻമെന്റുകളും, പ്രസന്റേഷനുകളും മുതൽ, ലേഖനങ്ങളും പി.എച്ഛ്.ഡി.പ്രബന്ധങ്ങളുമുൾപ്പടെ നിർമിതബുദ്ധി തയാറാക്കുന്ന കാലത്ത് മൗലികഗവേഷണം വലിയ വെല്ലുവിളിയായിത്തീരും. മറ്റൊരാളുടെ ഒരു അക്കാദമിക സംഭവനയെ വളച്ചെടുത്ത് തന്റേതാക്കി മാറ്റാൻ ഏതൊരാൾക്കും എളുപ്പത്തിൽ കഴിയുമെന്നത് നിർമിത ബുദ്ധിയുടെ കാലത്തെ വിദ്യാഭ്യാസവും ഗവേഷണവും നേരിടുന്ന വലിയൊരു വെല്ലുവിളിയാണ്. വ്യക്തിസുരക്ഷയും വിവര സ്വകാര്യതയുമായും ബന്ധപ്പെട്ടും ഒട്ടേറെ വെല്ലുവിളികളുയർത്തുന്നുണ്ട് നിർമിതബുദ്ധി. നമ്മുടെ സ്വകാര്യതയിലേക്ക് വലിയ തോതിൽ കടന്നു കയറാൻ നിർമിത ബുദ്ധിക്കാകും. കമ്പ്യൂട്ടർ / മൊബൈൽ അഡിക്ഷൻ പോലെ നിർമിതബുദ്ധിക്ക് അടിമകളായി മാറുന്ന സാഹചര്യവും ഇന്ന് വ്യാപകമാകുന്നുണ്ട്. വിവിധങ്ങളായ ശാരീരിക-മാനസിക ആരോഗ്യ വെല്ലുവിളികളും നിർമിതബുദ്ധിയുടെ അമിത ഉപയോഗം വരുത്തിവെക്കും.
കേരളത്തിന്റെ സാദ്ധ്യതകൾ
വിദ്യാഭ്യാസ ഗുണനിലവാരത്തിലും അടിസ്ഥാന സൗകര്യ ലഭ്യതയിലും ഏറെ മുന്നിൽ നിൽക്കുന്ന കേരളത്തിന് നിർമിത ബുദ്ധിയുടെ സാധ്യതകൾ വളരെ നന്നായി ഉപയോഗിക്കാനാവും. കുട്ടികളിലുൾപ്പെടെ ഉയർന്ന മൊബൈൽ-കമ്പ്യൂട്ടർ-ഇന്റർനെറ്റ് സാന്ദ്രതയും പരിജ്ഞാനവുമുള്ള കേരളത്തിന് വിദ്യാഭ്യാസത്തിലും ഇതരമേഖലകളിലും നിർമിത ബുദ്ധി ഉപയോഗിച്ച് കൂടുതൽ മുന്നേറാനാകും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുണ്ടാക്കുകയും മെച്ചപ്പെട്ട കണക്ടിവിറ്റി ലഭ്യമാക്കുകയുമാണ് ആദ്യമായി വേണ്ടത്. നിർമിതബുദ്ധിക്കായി ലാബുകളും ഗവേഷണ സ്ഥാപനങ്ങളും തുടങ്ങണം. മുൻനിര സ്ഥാപനങ്ങളുമായുള്ള സഹകരണം ഉറപ്പാക്കണം. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇതര ജീവനക്കാർക്കുമൊക്കെ നിരന്തര പരിശീലനം നൽകണം. സാങ്കേതിക വിദ്യകളുടെ മടിത്തട്ടിലേക്ക് പിറന്നുവീണ കുട്ടികൾ നിർമിത ബുദ്ധിയുടെ കാര്യത്തിൽ അധ്യാപകരേക്കാൾ പരിജ്ഞാനമുള്ളവരായിരിക്കും. ഈ വിടവ് നികത്തുന്നതിന് അധ്യാപകർക്ക് നിരന്തര പരിശീലനം നൽകേണ്ടതുണ്ട്.
ഗുണനിലവാരമുള്ളതും സമത്വത്തിലൂന്നിയതുമായ നിർമിത ബുദ്ധി സേവനങ്ങൾ എല്ലാവര്ക്കും ലഭ്യമാക്കേണ്ടതുണ്ട്. ഇതിനായി കാര്യക്ഷമമായ നയരൂപീകരണം അത്യാവശ്യമാണ്. കേരളത്തിന്റെ ആവശ്യവും സാഹചര്യവും ഉൾക്കൊണ്ടു കൊണ്ട് വിവിധ തലങ്ങളിലെ വിദ്യാഭ്യാസാവശ്യങ്ങൾക്ക് അനുഗുണമായ നിർമിത ബുദ്ധി ടൂളുകൾ സർക്കാർ മുൻകൈയെടുത്ത് തയാറാക്കണം. നിർമിതബുദ്ധിയെ നിരന്തരമായി മോണിറ്റർ ചെയ്യണം. അൽഗോരിതങ്ങൾ കുട്ടികളിലേക്ക് തെറ്റായതോ വക്രീകരിക്കപ്പെട്ടതോ ആയ അറിവുകൾ എത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. സാമൂഹിക സാംസ്കാരിക വൈവിധ്യങ്ങളെ ഉൾക്കൊള്ളാനാകണം. ആരും പാർശ്വവൽക്കരിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താനാകണം.
നിർമിതബുദ്ധി വിദ്യാലയങ്ങൾക്ക് പകരമാകുമോ
കോവിഡാനന്തര കാലം ഓൺലൈൻവിദ്യാഭ്യാസത്തിന് സ്വീകാര്യത കൂടിയിരിക്കുകയാണ്. വിദ്യാലയത്തിൽ പോകാതെ വീട്ടിലിരുന്നും യാത്രയിലുമൊക്കെ തങ്ങളുടെ സൗകര്യാനുസരണം പഠിക്കാമെന്നത് വിദ്യാഭ്യാസത്തിന്റെ നിർവചനം തന്നെ മാറ്റിയിരിക്കുകയാണ്. നിർമിത ബുദ്ധി വ്യാപകമാകുന്നതോടെ അധ്യാപകരെ വേണ്ടാതാകുന്ന സാഹചര്യം തന്നെ വന്നേക്കാം. ഒരു വിദ്യാർത്ഥി തനിക്ക് പഠിക്കേണ്ട പാഠഭാഗമേതാണെന്നും, ഏത് ഭാഷയിലും നിലവാരത്തിലും വേണമെന്നും ഏത് മാധ്യമമുപയോഗിക്കണമെന്നുമൊക്കെ നിർമിതബുദ്ധിയോട് പറഞ്ഞാൽ അതിനനുസരിച്ച് പഠിപ്പിക്കാൻ നിർമിത ബുദ്ധിക്കാകും. അതിനാൽത്തന്നെ അധ്യാപകർ വൈകാതെ അപ്രസക്തരാകും.
അധ്യാപകരുടെ തൊഴിൽ നഷ്ടം എന്നതിനപ്പുറമുള്ള വലിയ സാമൂഹിക മാനങ്ങളുണ്ടിതിന്. വിദ്യാഭ്യാസമെന്നത് ഒരു വലിയ സാമൂഹിക-സാംസ്കാരികപ്രക്രിയാണ്. അറിവുകളും നൈപുണികളും നേടുക എന്നത് മാത്രമല്ല അവിടെ സംഭവിക്കുന്നത്. കുട്ടികളുടെ സാമൂഹീകരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഏജൻസികളിലൊന്ന് കൂടിയാണ് വിദ്യാലയങ്ങൾ. അറിവിനൊപ്പം അനുഭവങ്ങളും മൂല്യങ്ങളും ധാർമികതയും അച്ചടക്കവും സമയനിഷ്ഠയുമുൾപ്പെടെ അനേകം കാര്യങ്ങൾ അവിടെ നിന്ന് കുട്ടികൾ ആര്ജിച്ചെടുക്കുന്നുണ്ട്. കുട്ടികളോടൊപ്പം അധ്യാപകരും രക്ഷിതാക്കളുമൊക്കെ നിരന്തരം നവീകരിക്കപ്പെടുന്നുണ്ട്. ഭാഷയും സംസ്കാരവും പാരമ്പര്യങ്ങളും മൂല്യങ്ങളുമൊക്കെ തലമുറകളിലേക്ക് കൈമാറുന്നതിലും വിദ്യാലയങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. കുട്ടികളും അധ്യാപകരും തമ്മിലും, കുട്ടികളും കുട്ടികളും തമ്മിലുമൊക്കെയുള്ള വൈവിധ്യപൂർണവും സങ്കീർണവുമായ ബന്ധങ്ങൾ അവിടെയുണ്ടാകുന്നുണ്ട്. കുട്ടിയെ നിരന്തരമായി നിരീക്ഷിക്കുകയും, നയിക്കുകയും ആവശ്യമായ മാർഗനിർദേശങ്ങളും കൈത്താങ്ങുകളും നൽകുകയും ചെയ്യുന്നുണ്ട് വിദ്യാലയങ്ങൾ. കുട്ടികളിലെ വിവിധങ്ങളായ കഴിവുകളെ കണ്ടെത്താനും അവ വളർത്താനും പ്രകാശിപ്പിക്കാനുമൊക്കെ വിദ്യാലയങ്ങൾ അവസരം നൽകുന്നു. ഇന്ത്യ പോലൊരു രാജ്യത്ത് അതിന്റെ സാംസ്കാരിക പാരമ്പര്യങ്ങളും വൈവിധ്യങ്ങളും മനസിലാക്കാനും ഉൾക്കൊള്ളാനും അത് കുട്ടികളെ പ്രാപ്തരാക്കുന്നു. അറിവുത്പാദനത്തിന്റെയും കൈമാറ്റത്തിന്റെയുമപ്പുറമുള്ള ഇത്തരം ധർമങ്ങൾ പലതും നിർമിതബുദ്ധിക്ക് ഏറ്റെടുക്കാനാവാത്തതാണ്. ഭാവിയിലൊരുപക്ഷേ ഇതിൽപ്പലതും മനുഷ്യരേക്കാൾ നന്നായി നിർമിതബുദ്ധിയും യന്ത്രങ്ങളുമൊക്കെ ചെയ്തേക്കാം. "വിദ്യാഭ്യാസത്തിൽ നിർമിത ബുദ്ധിയുടെ സാധ്യത അത് അധ്യാപകരെ സഹായിക്കുന്നു എന്നതിലാണ്, അവർക്ക് പകരമാകുന്നു എന്നതല്ല. അത് അവരെ ആവർത്തിത ജോലികളിൽ നിന്ന് മോചിപ്പിക്കുകയും അവർക്ക് ക്രിയാത്മക ചിന്തയും സൃഷ്ടിപരമായ കഴിവുകളും വളർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യും" എന്നാണ് ഒ.ഇ.സി.ഡി യുടെ വിദ്യാഭ്യാസകാര്യഡയറക്ടർ ആൻഡ്രിയ ശ്ലൈഷർ (2021) അഭിപ്രായപ്പെടുന്നത്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള നിരന്തരമായ ജൈവികബന്ധത്തിലൂടെ സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറകളെ വാർത്തെടുക്കാൻ വിദ്യാലയങ്ങൾക്കുള്ള പങ്ക് എക്കാലവും പ്രസക്തമായിത്തന്നെ നിൽക്കും. അതിനാൽത്തന്നെ നിർമിതബുദ്ധിയൊരിക്കലും വിദ്യാലയങ്ങൾക്ക് പകരമാവില്ല. അങ്ങനെയാകാനും പാടില്ല. മറിച്ച് വിദ്യാഭ്യാസം ഗുണമേന്മയേറിയതും, ആനന്ദകരവുമാക്കാനുള്ള ഒരുപാധിയായി നിർമിതബുദ്ധിയെ മാറ്റാൻ കഴിയണം. അത് എല്ലാവര്ക്കും പ്രാപ്യമാണന്ന് ഉറപ്പു വരുത്താനും കഴിയണം.
References
Boden, M.A. (2018). Artificial intelligence: A very short introduction. Oxford.
Huang, M.-H., Rust, R., & Maksimovic, V. (2019). The Feeling Economy: Managing in the Next Generation of Artificial Intelligence (AI). California Management Review, 61(4), 43-65.
Jaiswal, A., & Arun, C. J. (2021). Potential of Artificial Intelligence for Transformation of the Education System in India. International Journal of Education and Development using Information and Communication Technology, 17 (1), 142 - 158.
Kasinathan, Gurumurthy, Making AI Work in Indian Education (January 1, 2020). Artificial Intelligence in India Vol 6
Milberg, Tanya (2024) The future of learning: How AI is revolutionizing education 4.0, World Economic Forum
Schleicher, Andreas. "How AI Can Transform Education." OECD Insights Blog, 2021.
Selwyn, Neil. Education and Technology: Key Issues and Debates. Bloomsbury Publishing, 2016.
U.S. Department of Education, Office of Educational Technology, Artificial Intelligence and Future of Teaching and Learning: Insights and Recommendations, Washington, DC, 2023
ഡോ. അബ്ദുറഹീം എം.പി
അസിസ്റ്റന്റ് പ്രഫസർ, സോഷ്യോളജി വിഭാഗം
ഗവ.കെ.എൻ.എം.ആർട്സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞിരംകുളം