വിപ്ലവത്തിന് പ്രതിവിധി വാർദ്ധക്യം
- GCW MALAYALAM
- Feb 15
- 3 min read
ഡോ. എസ്.ജയൻ

രാഷ്ട്രീയസംഭവങ്ങളുൾപ്പെടെയുള്ള ആനുകാലികവിഷയങ്ങളെ തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ അവതരിപ്പിച്ച എഴുത്തുകാരനാണ് ഒ.വി വിജയൻ. കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ തത്വശാസ്ത്രങ്ങളിൽ വിശ്വസിക്കുകയും സഹയാത്രികനായിരിക്കുകയും ചെയ്ത വിജയൻ പിൽക്കാലത്ത് അതിന്റെ വിമർശകനുമായി. സമഷ്ടിവാദം എന്നാണ് ധർമ്മപുരാണത്തിൽ കമ്മ്യൂണിസത്തെ വിശേഷിപ്പിച്ചത്. ഗുരുസാഗരത്തിലെത്തുമ്പോൾ നിരർത്ഥകമായ ഒന്നായാണ് അതിനെ കാണുന്നത്. വിജയൻ തന്റെ കൃതികളിലൂടെ നിരന്തരമായി രാഷ്ട്രീയവുമായി ബന്ധപ്പെടുന്നു. മനുഷ്യന്റെ അസ്തിത്വത്തെക്കുറിച്ച് ചിന്തിക്കുന്ന ഏതൊരു എഴുത്തുകാരന്റെയും കടമയാണ് സമൂഹമായി ബന്ധപ്പെടുക യെന്നത്. സാമ്രാജ്യശക്തികളുടെ ആധിപത്യവും അതിനെതിരെ നടക്കുന്ന സമരങ്ങളും എന്നും ലോകജനതയെ മഥിച്ചിട്ടുള്ളതാണ്. ഓരോ വിമോചനസമരത്തിന്റെയും ഫലം പഴയ ഏകാധിപത്യ വ്യവസ്ഥിതിയുടെ സ്ഥാനത്ത് പുതിയവ ഉടലെടുക്കുന്നതാണ്. ഈയൊരു വൈരുദ്ധ്യം വിജയന്റെ മനസ്സിനെ വല്ലാതെ മഥിച്ചു. ഗുരുസാഗരത്തിന്റെ സൃഷ്ടിക്ക് വിജയനെ പ്രേരിപ്പിച്ച ഘടകമായി അതിനെ കണക്കാക്കാം. പലരെയും നിരാശയുടെ കാണാക്കയങ്ങളിലേക്ക് എടുത്തെറിയപ്പെട്ടതും ഇത്തരമൊരു സാമൂഹ്യാവസ്ഥയാണ്. വിപ്ലവത്തെക്കുറിച്ച് പ്രത്യാശ പുലർത്തിയിരുന്ന ആവേശത്തോടെ നീണ്ട ലേഖനങ്ങൾ എഴുതുന്ന ചെക്കോസ്ലോവാക്യ സ്വദേശിയായ ഓർഗയുടെ വാക്കുകൾ ശ്രദ്ധേയമാണ്. ലോകവിപ്ലവത്തെക്കുറിച്ചുള്ള എഴുത്ത് നിറുത്തിയെന്നും ഇപ്പോൾ കൈത്തറി സാധനങ്ങളെക്കുറിച്ച് മാത്രമാണ് എഴുതുന്നതെന്നുള്ള വാക്കുകൾ കടുത്ത നിരാശയിൽ നിന്നും ഉടലെടുക്കുന്നതാണ്. വിപ്ലവവുമായി യാതൊരു ബന്ധവുമില്ലാത്ത കൈത്തറി സാധനങ്ങളെക്കുറിച്ചാണ് പറയുന്നതെന്ന് പറയുമ്പോൾ അനുഭവിക്കുന്ന മാനസികവ്യഥ നമുക്ക് മനസ്സിലാകും. ഇന്ന് ഗുരുസാഗരത്തെ പുനർവായനയ്ക്ക് വിധേയമാക്കുമ്പോൾ ചെക്കോസ്ലോവാക്യ എന്ന രാഷ്ട്രം തന്നെ ഇല്ല. വിപ്ലവത്തിന്റെ നിരർത്ഥകതയെക്കുറിച്ചുള്ള വിജയന്റെ വാദങ്ങളെ ശരിവയ്ക്കുന്നതാണ് ചെക്കോസ്ലോവാക്യയുടെ പതനം.
വിപ്ലവത്തിന് പ്രതിനിധി വാർദ്ധക്യമാണെന്ന വിപ്ലവ സഹയാത്രികനായ പത്രാധിപരുടെ നിരീക്ഷണം വളരെ അർത്ഥവത്താണ്. ആരും വിപ്ലവകാരിയായിട്ടല്ല ജനിക്കുന്നത് സമൂഹമാണ് അവരെ വിപ്ലവകാരിയാക്കുന്നത്. കാലത്തിന്റെ പ്രയാണത്തിൽ വാർദ്ധക്യത്തിലെത്തുന്ന വിപ്ലവകാരി വിപ്ലവം ചോർന്ന് കേവലം ഒരു മനുഷ്യനായി പരിണമിക്കുന്നു. ഈ പരിണാമം ഒരുപക്ഷേ ഭീകരമായിരിക്കാം എന്താണ് ഇത്തരത്തിൽ ഭീതിജനകമായ പരിവർത്തനത്തിന് ഹേതുവായി തീരുന്നത്. തങ്ങൾ വിശ്വസിച്ച, സ്വപ്നം കണ്ട ആദർശ സമൂഹത്തിന്റെ സ്ഥാനത്ത് ആദർശത്തെ ബലികഴിക്കുന്ന മറ്റൊരു ഏകാധിപത്യ പ്രവണത പുലർത്തുന്ന ഭരണകൂടത്തെയാണ് ദർശിക്കുന്നത്. തീവ്രവാദ പ്രസ്ഥാനക്കാരുടെ പ്രസിദ്ധമായ ഒരു മുദ്രാവാക്യമാണ് ഗ്രാമങ്ങൾ നഗരങ്ങളെ കീഴടക്കണമെന്നത്. ഈ കീഴടങ്ങലിലൂടെ ചരിത്രം ആവർത്തിക്കപ്പെടുകയാണ.് കഥാപാത്രങ്ങൾക്ക് മാത്രമേ മാറ്റം വരുന്നുള്ളു. കഥയ്ക്ക് ഒരു മാറ്റവും വരുന്നില്ല. പുതിയ നഗരത്തിലെ പുതിയ നേതാക്കന്മാരുടെ ചെയ്തികളും പഴയ നഗരത്തിലെ പഴയ നേതാക്കന്മാരുടെ ചെയ്തികളും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. ''ഒരു വിമോചന യുദ്ധവും യഥാർത്ഥ വിമോചനത്തിൽ അവസാനിച്ചിട്ടില്ല'' എന്ന് കുഞ്ഞുണ്ണിയുടെ ഡയറിക്കുറിപ്പിലൂടെ വിജയൻ നമ്മെ ഓർമ്മിപ്പിക്കുമ്പോൾ വിമോചന യുദ്ധത്തിലൂടെ അധികാരത്തിലേറി ഭരണം നടത്തിയിരുന്ന പല രാഷ്ട്രങ്ങൾക്കും പിൽക്കാലത്ത് സംഭവിച്ച അപചയം വിജയൻ മുൻകൂട്ടി കണ്ടിരുന്നതായി സംശയിക്കണം.
അറുപതുകളുടെ അവസാനത്തിലും എഴുപതുകളുടെ ആദ്യത്തിലും ബംഗാളിലെ യുവതലമുറയിലെ ഭൂരിപക്ഷവും മാവോ-സേ-തൂങിന്റെ ആശയങ്ങൾ വായിച്ചും വ്യാഖ്യാനിച്ചും തീവ്രവാദ രാഷ്ട്രീയ പ്രസ്ഥാനത്തിൽ ആകൃഷ്ടരായി. ജന്മിത്വത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്ന സാധാരണക്കാരും നിരക്ഷരരുമായ കർഷകജനതയുടെ വിശ്വാസം ആർജ്ജിച്ചെടുക്കുന്നതിന് ഇക്കൂട്ടർക്ക് കഴിഞ്ഞു. നഗരവാസികളായ ഇവരുടെ ശരീരങ്ങളുടെ സൗരഭ്യം കൊണ്ട് തങ്ങളുടെ കുടിലുകൾ നിറയുന്നതിൽ കർഷകന് ആഹ്ലാദമാണ് ഉണ്ടായത്. ഈ ആഹ്ലാദം ഇവരോടുള്ള ബഹുമാനമായും ആരാധനയായും പരിണമിച്ചു. ഈ ആരാധനയിൽ നിന്നും ഉടലെടുത്ത ഭയഭക്തി ഇവരുടെ വാക്കുകളെ ദൈവവചനങ്ങളെപ്പോലെ കണക്കാക്കുന്നതിനും കാരണമായി. അതാണ് ഗുരുസാഗരത്തിലെ താപസചന്ദ്രന്റെ വാക്കുകളെ അക്ഷരംപ്രതി അനുസരിച്ച് അവസാനം പരാജയം ഏറ്റുവാങ്ങിയ ഠായിചരണിന്റെ ചിത്രം വ്യക്തമാക്കുന്നത്. മാവോ-സേ-തൂങിന്റെ പുസ്തകങ്ങളിൽ നിന്നും താപസചന്ദ്രന്റെ നേതൃത്വത്തിൽ വ്യാഖ്യാനിച്ചു കൊടുത്തതിൽ നാട്ടിൻപുറം നഗരങ്ങളെ വളയും എന്ന ഒരൊറ്റ വാക്യത്തിലാണ് ഠായി ചരണിന്റെ മനസ്സുടക്കിയത്. ഠായി ചരണിനെപോലെയുള്ളവർക്ക് നഗരജീവിതം ബാബുമാരുടെ ശരീരത്തിൽ നിന്നും ഉയരുന്ന സൗരഭ്യം പോലെ ആഹ്ലാദകരമായിരിക്കുമെന്ന ചിന്തയാണുണ്ടായിരുന്നത്. നഗരത്തെ വളഞ്ഞ് കീഴ്‌പ്പെടുത്തതിയതിനു ശേഷം എന്ത് എന്ന ചോദ്യം പോലും ഉന്നയിക്കുവാനുള്ള കഴിവ് കർഷക ജനതയ്ക്കില്ലായിരുന്നു. വിപ്ലവകാരികളായ പലരും ആ ചോദ്യം ഉന്നയിക്കുകയോ അതിന്റെ ഉത്തരം കണ്ടെത്തുന്നതിന് ശ്രമിക്കുകയോ ചെയ്തിരുന്നില്ല.
നഗരജീവിതത്തെ സ്വപ്നം കാണുന്ന നാട്ടിൻപുറം നഗരത്തെ വളയുന്നതിലൂടെ ജന്മിത്തം അവസാനിക്കുമെന്ന് വിശ്വസിക്കുന്ന ഠായി ചരണിനെ ജന്മിയായ നിമായിസന്യാലിന്റെ വീടും കളപ്പുരയും തീവെച്ച് നശിപ്പിക്കുന്നതിന് പ്രസ്ഥാനം നിയോഗിക്കുന്നു. എന്നാൽ ഇതിനായി പുറപ്പെട്ട ഠായിചരൺ മനക്കരുത്തില്ലാതെ കർമ്മത്തെ മറന്നു കൊണ്ട് ഇതിൽ നിന്നും പിൻമാറുന്നു. ജന്മി-കുടിയാൻ വ്യവസ്ഥ ഉച്ചസ്ഥായിലായിരുന്ന കാലഘട്ടത്തിൽ അടിയാനെ സംബന്ധിച്ചിടത്തോളം ജന്മി കാണപ്പെട്ട ദൈവമാണ്. ജന്മി ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് അന്നത്തെ കർഷകന് ചിന്തിക്കുവാൻ കൂടി കഴിയില്ല. മാത്രവുമല്ല ഭാരതീയപാരമ്പര്യം അക്രമത്തിനും കൊലയ്ക്കുമെല്ലാം എതിരാണ്. ഠായി ചരണിന് മാത്രമല്ല അന്നത്തെ കർഷകർക്കാകമാനം ജന്മിമാർക്കെതിരെ ആക്രമണം നടത്തുവാൻ സാധ്യമല്ലായിരുന്നു. ഇത്തരം സാഹചര്യങ്ങളിലെല്ലാം സംഘാംഗങ്ങൾ നേരിട്ടാണ് ഉന്മൂല സിദ്ധാന്തം പ്രായോഗികതലത്തിൽ കൊണ്ടുവന്നത്. ഗുരുസാഗരത്തിലും അങ്ങനെതന്നെയാണ് സംഭവിച്ചത്. പക്ഷേ നിമായി സന്യാലിന്റെ കൊലപാതകത്തിനു ശേഷം സംഘാംഗങ്ങൾക്കുണ്ടായ അനുഭവം ഒറ്റപ്പെട്ട സംഭവമല്ല. ഉന്മൂലസിദ്ധാന്തത്തിൽ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്തിരുന്ന ഒട്ടുമിക്ക സംഘാംഗങ്ങൾക്കും ഉണ്ടായ അനുഭവമാണിത്. സ്വയരക്ഷാർത്ഥം ആമ തന്റെ തോടിനുള്ളിലേക്ക് വലിയുന്നതുപോലെ തെരുവുകൾക്കുള്ളിലെ നഗരപടത്തിലില്ലാതിരുന്ന ഊടുവഴികളിലൂടെ ചെറുപ്പക്കാർ പകച്ചു നടന്നു. ഗ്രാമത്തിലെ ജനതയുടെ വിശ്വാസം നഷ്ടപ്പെട്ടതോടുകൂടി ഗ്രാമത്തിൽ നിന്നുകൊണ്ട് നഗരത്തെ ആക്രമിക്കുകയെന്ന സിദ്ധാന്തം അപ്രായോഗികമായി.
യഥാർത്ഥ വിപ്ലവകാരികൾക്കുണ്ടായിരിക്കേണ്ട ഗുണങ്ങളൊന്നും ഗുരുസാഗരത്തിലെ വിപ്ലവകാരികൾക്കില്ല. വിപ്ലവത്തെ വഞ്ചിച്ചവരെയാണ് ഗുരുസാഗരത്തിൽ കാണാൻ കഴിയുന്നത്. എന്തുകൊണ്ടാണ് വിജയൻ ഇങ്ങനെ ചിത്രീകരിച്ചത് ഒരുപക്ഷേ തന്റെ കമ്മ്യൂണിസ്റ്റ് വിരോധത്തെ അവതരിപ്പിക്കുവാൻ വേണ്ടിയാണോ? എങ്കിൽ ഇതൊരല്പം കടന്ന കൈയായിപ്പോയെന്ന് പറയേണ്ടിവരും. ഇവരെ അകമഴിഞ്ഞ് വിശ്വസിച്ച ഠായി ചരണിനെപ്പോലെയുള്ള ന്യൂനപക്ഷങ്ങളെ വഞ്ചിച്ചുകൊണ്ട്, അവരെ ജീവിതത്തിന്റെ നടുക്കയത്തിൽ തള്ളിയിട്ടുകൊണ്ട് വിപ്ലവത്തിന്റെ വക്താക്കൾ ഒളിച്ചോടി. ഗ്രാമത്തിൽ നിന്നുകൊണ്ട് നഗരത്തെ ആക്രമിക്കണമെന്ന് നഗരത്തിൽ അഭയം പ്രാപിച്ചു തിരക്കേറിയ നഗരത്തിലെ അറിയപ്പെടാത്ത മുഖങ്ങളായി ഇവർ അലിഞ്ഞുചേരുന്നു. തീർത്തും വൈരുദ്ധ്യാത്മകമായ ഒരു പ്രവൃത്തിയാണിത്. അസംഖ്യം ചെറുപ്പക്കാരുടെ അസ്തിത്വബോധവും അഭിമാനബോധവും ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു. പ്രസ്ഥാനത്തിന്റെ അമൂല്യമായ തത്വസംഹിതകളെയെല്ലാം തന്നെ കാറ്റിൽ പറത്തിക്കൊണ്ടുള്ള പ്രവർത്തനശൈലിയാണ് അവരിൽ പലരും സ്വീകരിക്കുന്നത്. അറുപതുകളിലെയും എഴുപതുകളിലെയും ചെറുപ്പക്കാരുടെ പ്രതിനിധിയായി നോവലിൽ പ്രത്യക്ഷപ്പെടുന്ന കുഞ്ഞുണ്ണിയുടെ ജ്യേഷ്ഠനെ- ചിന്നേട്ടൻ-പോലെയുള്ളവർ നാഴികയ്ക്ക് നൂറുവട്ടം വിപ്ലവമന്ത്രങ്ങൾ ഉരുവിട്ട് കഴിയുന്നവരാണ്. പോലീസിന്റെ പിടിയിലകപ്പെടാതെ ഒളിത്താവളങ്ങൾ മാറിക്കൊണ്ടിരിക്കുന്ന അവസരത്തിൽ സ്വന്തം അമ്മയെ ആശ്വസിപ്പിക്കുന്നത് സ്റ്റാലിനെയും രണദിവെയും അവരുടെ തത്വശാസ്ത്രങ്ങളെയെല്ലാം ഉദ്ധരിച്ചാണ്. ഇത്രത്തോളം പ്രസ്ഥാനത്തെ സ്‌നേഹിച്ച വിശ്വസിച്ച ഒരു തലമുറയെതന്നെ വഞ്ചിച്ചുകൊണ്ടാണ് പ്രസ്ഥാനത്തിന്റെ പ്രവർത്തനം ഗതി മാറിയൊഴുകിയത്. തീവ്രവാദ രാഷ്ട്രീയ പ്രസ്ഥാനത്തിന് സംഭവിച്ച അപചയത്തെ ചിത്രീകരിക്കുന്നതിനാണ് വിജയൻ ഇത്തരത്തിലൊരു ചിത്രീകരണം നടത്തിയതെന്ന് അനുമാനിക്കാം.
Dr. S Jayan
Associate Professor
Dept.of Malayalam
S.N College
Kollam
Email :jayansnc@gmail.com
Comments