വാർധക്യാവിഷ്കരണത്തിലെ വ്യതിരിക്ത സമീപനം : എം.ടി യുടെ "ഒരു ചെറുപുഞ്ചിരി" എന്ന ചലച്ചിത്രത്തെ ആസ്പദമാക്കിയുള്ള പഠനം
- GCW MALAYALAM
- Jan 15
- 5 min read
ഡോ. സ്വപ്ന സി. കോമ്പാത്ത്

പ്രബന്ധസംഗ്രഹം:
മുഖ്യധാരാമലയാളസിനിമവ്യവസായം എല്ലായ്പ്പോഴും യുവാക്കളെ
കേന്ദ്രമാക്കിയാണ് മുതൽമുടക്കിറക്കുന്നത്. പ്രമേയത്തിലായാലും ലക്ഷ്യം വെക്കുന്ന പ്രേക്ഷകരുടെ കാര്യത്തിലായും (Targeted Audience) സിനിമ നിരന്തരം പിന്തുടരുന്ന നയം അതു തന്നെയാണ് . ന്യൂജനറേഷനും മുൻപുള്ള കാലഘട്ടത്തിൽ കുടുംബം എന്ന മൂല്യസ്ഥാപനത്തെ കേന്ദ്രീകരിച്ച് കൊണ്ടുള്ള സിനിമകളാണ് ഉണ്ടായിരുന്നത്.
ആ കാലഘട്ടത്തിൽ സിനിമയിലെ അവിഭാജ്യസാന്നിധ്യമായിരുന്നു വൃദ്ധകഥാപാത്രങ്ങൾ . എന്നാൽ കൂട്ടുകുടുംബത്തിൽ നിന്ന് അണുകുടുംബത്തിലേക്ക് നമ്മുടെ ജീവിതവ്യവസ്ഥിതി മാറാൻ തുടങ്ങിയതോടെ സിനിമയിലും അതിൻ്റെ പ്രതിഫലനം ഉണ്ടാകാൻ തുടങ്ങി. അത് സ്വാഭാവികമായും സിനിമകളുടെ പ്രമേയത്തെയും സ്വാധീനിക്കാൻ തുടങ്ങി. എന്നാൽ വാർദ്ധക്യത്തെ അഭിസംബോധന ചെയ്യുന്ന ഒറ്റപ്പെട്ട ചിത്രങ്ങളും നമ്മുടെ സിനിമ മേഖലയിലുണ്ട്.അതിൽ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ് എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത "ഒരു ചെറുപുഞ്ചിരി " . വാർദ്ധക്യത്തെ ഈ സിനിമ അടയാളപ്പെടുത്തുന്നതെങ്ങനെയെന്ന് കണ്ടെത്തുകയാണ് പ്രബന്ധലക്ഷ്യം.
താക്കോൽ വാക്കുകൾ:വാർദ്ധക്യം, മലയാളചലച്ചിത്രം, ഒരു ചെറുപുഞ്ചിരി, കേരളസംസ്കാരം, ഭക്ഷണശീലം
ലൂമിയർ സഹോദരന്മാർ നടത്തിയ ചലച്ചിത്ര പ്രദർശനത്തിൽ ആകൃഷ്ടനായി
ഇന്ത്യയിലാദ്യമായി ദാദാസാഹിബ് ഫാൽക്കെ , രാജാ ഹരിശ്ചന്ദ്ര എന്ന ചിത്രം നിർമ്മിച്ചതോടെ പ്രാദേശിക ഭാഷകളിലും സിനിമാനിർമ്മാണം സജീവമായി.നിശബ്ദചിത്രങ്ങളായിരുന്നുവെങ്കിൽ പോലും തദ്ദേശീയമായ സിനിമകൾ എന്ന ആശയം വളരെ പെട്ടെന്ന് തന്നെ വ്യാപകമായി . ആദ്യ കാലഘട്ടങ്ങളിൽ തമിഴ്, തെലുങ്ക് തുടങ്ങിയ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിൽ സിനിമയോട് പ്രകടമായിരുന്ന അഭൂതപൂർവമായ ആവേശം മലയാളഭാഷയിൽ അനുഭവപ്പെട്ടിരുന്നില്ല. രാജാഹരിശ്ചന്ദ്ര പ്രദർശനത്തിനെത്തി 15 വർഷം കഴിഞ്ഞാണ് ( 1928 ) മലയാളത്തിൽ ഒരു സിനിമ രൂപം കൊള്ളുന്നത്. പക്ഷേ,1950 കൾ മുതൽ മലയാളസിനിമ അതിൻ്റെ ശൈശവം പിന്നിട്ട് ഏറ്റവും മികച്ച ഒരു ഇൻഡസ്ട്രിയായി മാറിക്കഴിഞ്ഞു.അതിനുശേഷം അരവിന്ദൻ, അടൂർ , എംടി , ജോൺ എബ്രഹാം തുടങ്ങി ധാരാളം സംവിധായകർ ശ്രദ്ധേയരായി. മലയാള സിനിമയിലേക്ക് ലോകശ്രദ്ധയെ ക്ഷണിച്ച പ്രതിഭകളാണവർ. ജനപ്രിയ സിനിമകളെയും സമാന്തര സിനിമകളെയും ഒരേപോലെ സ്വീകരിക്കാൻ മലയാളി പ്രേക്ഷകർ തയ്യാറായിരുന്നു. സിനിമയെ അത്രമാത്രം അവർ നെഞ്ചേറ്റി കഴിഞ്ഞു
ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ ഇൻഡസ്ട്രി എന്നറിയപ്പെടുന്നത് ബോളിവുഡ് ആണ് (എസ്, ശ്രീവത്സൻ (7 ജനുവരി 2022). "തെലുങ്ക് സിനിമയുടെ 'പാൻ-ഇന്ത്യൻ' തന്ത്രം" . ദി ഹിന്ദു . ISSN 0971-751X . 2022 ) . നിലവാരമുള്ള ചിത്രങ്ങൾക്കും പ്രഗത്ഭരായ ചലച്ചിത്ര പ്രവർത്തകർക്കും പേര് കേട്ട മലയാളം സിനിമ ഇൻഡസ്ട്രി മോളിവുഡ് എന്നാണ് അറിയപ്പെടുന്നത്.മറ്റ് ഇൻഡസ്ട്രികളിൽ നിന്ന് വ്യത്യസ്തമായി കുടുംബം എന്ന മൂല്യ സ്ഥാപനത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന തരത്തിലുള്ള പ്രമേയങ്ങളാണ് ഒരളവു വരെ മലയാളം സിനിമ കൈകാര്യം ചെയ്തിട്ടുള്ളത്. പ്രണയവും പ്രതികാരവും ഒക്കെ ഇതിവൃത്തത്തെ ശക്തിപ്പെടുത്താനായി ഉപയോഗിക്കുമെങ്കിലും കുടുംബത്തിൻ്റെ കൂട്ടായ്മയും സ്നേഹബന്ധങ്ങളും അവിടുത്തെ സംഘർഷങ്ങളുമാണ് പ്രണയത്തിൻ്റെ കാതലായി വർത്തിക്കാറുള്ളത്.
ആഗോളതലത്തിൽ പ്രശസ്തമായ നിർമ്മാല്യം എന്ന എം.ടി. ചിത്രം പല സാഹചര്യങ്ങൾ കൊണ്ട് ശിഥിലമായി പോകുന്ന ഒരു കുടുംബത്തിൻ്റെ വേദനയാണ് . ,ഇതു മാത്രമല്ല ,ദേശീയതലത്തിലും അന്തർദേശീയ തലത്തിലും പ്രശസ്തമായ പല
മലയാളസിനിമകളുടെയും പ്രമേയം കുടുംബത്തെ അടിസ്ഥാനപ്പെടുത്തി തന്നെയായിരുന്നു. കുടുംബം എന്ന് പറയുമ്പോൾ ഇന്നു കണ്ടുവരുന്നതു പോലെയുള്ള ഒരു അണുകുടുംബം എന്ന രീതിയായിരുന്നില്ല. അച്ഛനും അമ്മയും മക്കളും പേരക്കുട്ടികളും എല്ലാം ചേർന്ന കൂട്ടുകുടുംബങ്ങളിലെ സ്നേഹബന്ധങ്ങളുടെ കഥയിരുന്നു സിനിമകളിൽ പ്രതിഫലിച്ചിരുന്നത്. അച്ഛൻ , അമ്മ കഥാപാത്രങ്ങൾ മാത്രമായി അഭിനയിച്ചിരുന്ന അല്ലെങ്കിൽ അതിൽ മാത്രമായി ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടിരുന്ന ധാരാളം അഭിനേതാക്കൾ നമുക്കുണ്ടായിരുന്നു. തിക്കുറിശ്ശി സുകുമാരൻ നായർ, ആറന്മുള പൊന്നമ്മ ,കവിയൂർ പൊന്നമ്മ, നെടുമുടി വേണു, സുകുമാരി. കെപിഎസി ലളിത തുടങ്ങിയ ധാരാളം അഭിനേതാക്കൾ മലയാളം ഇൻഡസ്ട്രിയിൽ മുതിർന്ന പ്രായത്തിലുള്ളവരുടെ വേഷങ്ങൾ സമർത്ഥമായി കൈകാര്യം ചെയ്തിരുന്നവരാണ്.
കാലഘട്ടങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒരു ദൃശ്യ സംസ്കാരമാണ് ചലച്ചിത്രങ്ങൾക്കുള്ളത്.മലയാളിയെ സംബന്ധിച്ചിടത്തോളം സിനിമ കേവലം ദൃശ്യകല
മാത്രമല്ല പ്രദേശം,ഭാഷ,മതം എന്നിവയെ ഉപജീവിക്കുന്ന ഒരു ദൃശ്യ സംസ്കാരമാണ് .അടുത്തകാലത്തായി വികാസം പ്രാപിച്ച ഒരു വിജ്ഞാന മേഖലയാണ് സംസ്കാര പഠനം.ജീവിത രീതികളുടെ വിശേഷതകളെയാണ് പൊതുവേ സംസ്കാരം എന്ന് വിവരിക്കുന്നത് . ജീവിതത്തിൻ്റെ വിവിധ തലങ്ങൾ, ജീവിതാനുഭവങ്ങൾ, മാറിമാറി വരുന്ന അധികാര വ്യവസ്ഥിതികൾ, സാമൂഹിക, സാമ്പത്തിക , വൈജ്ഞാനിക,രാഷ്ട്രീയ കലാരംഗങ്ങളിലെ പുതിയതും പഴയതുമായ പ്രവണതകൾ ,പരിവർത്തനങ്ങൾ തുടങ്ങി ഒട്ടേറെ വിഷയങ്ങളിലുള്ള സൂക്ഷ്മ അപഗ്രഥനങ്ങൾക്കാണ് സംസ്കാര പഠനം വഴിയൊരുക്കുന്നത് “ ജീവിതരീതി തന്നെയാണ് സംസ്കാരം എന്ന റെയ്മണ്ട് വില്യംസിന്റെ നിർവചനം പിൻപറ്റി, ഒരു സമൂഹത്തിൻ്റെ സവിശേഷമായ മൂല്യങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും ജീവിത രീതികളും പെരുമാറ്റ ശൈലികളും വ്യക്തമാക്കുന്ന പ്രയോഗങ്ങളും സ്ഥാപനങ്ങളും ക്രമങ്ങളും സംസ്കാരപഠനം വിശകലനം ചെയ്യുന്നു” (സംസ്കാര പഠനം, ചരിത്രം, സിദ്ധാന്തം, പ്രയോഗം, ( വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, 2011) പു.36) എന്ന് പി. പവിത്രൻ നിരീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ
മലയാളിയുടെ പൊതു ജീവിതം ഏറ്റവും സൂക്ഷ്മമായി അവതരിപ്പിക്കുന്ന മാധ്യമം എന്ന നിലയിൽ മലയാള ചലച്ചിത്രങ്ങൾ കേരള സംസ്കാരപഠനത്തിന്റെ ഏറ്റവും മികച്ച ഉപാദാന സാമഗ്രിയായി മാറുന്നു.
പഴയകാല മലയാള സിനിമകളിൽ കുടുംബത്തിന് കൊടുത്തിരുന്ന പ്രാധാന്യം ഇപ്പോൾ കുറഞ്ഞ വരുന്നതിന്റെ കാരണം പലതാണ്. പക്ഷേ അത് ഏറ്റവും സൂക്ഷ്മമായി അടയാളപ്പെടുത്തുന്നത് മലയാളം സിനിമയാണ് . ഇക്കാലത്ത് സിനിമ യുവാക്കളെ മുന്നിൽ കണ്ടു കൊണ്ടുള്ള പ്രമേയത്തിന് വലിയ പ്രാധാന്യം കൊടുക്കുന്നു.പ്രവാസവും അന്യദേശജീവിതവും ഇന്നത്തെ യുവാക്കളുടെ ജീവിത രീതിയിൽ വിപുലമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.വാർദ്ധക്യം എന്നു പറയുന്നത് മനുഷ്യ ജീവിതചക്രത്തിന്റെ അവസാനത്തെ ഘട്ടമാണ്.മുതിർന്നവരെ ബഹുമാനിക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്തിരുന്ന ഒരു പാരമ്പര്യം നമുക്കുണ്ടായിരുന്നു.പക്ഷേ വൃദ്ധസദനങ്ങളുടെ കടന്നുവരവും,ജീവിത സാഹചര്യങ്ങളിലെ തൊഴിൽപരമായ മാറ്റവും മലയാളികളെയും ബാധിച്ചിട്ടുണ്ട്. വാർദ്ധക്യം എന്ന അവസ്ഥ മറ്റുള്ളവരിൽ നിന്ന്
അകറ്റിനിർത്തപ്പെടാനുള്ള പ്രായമായി ഭൂരിഭാഗം പേരും കരുതുന്നു.മറ്റ് ആശയങ്ങളൊന്നും ഇല്ലാത്ത അനാഥരായ വൃദ്ധർക്ക് സംരക്ഷണം നൽകുന്ന ഇടമാണ് വൃദ്ധസദനങ്ങൾ.നമ്മുടെ ഈ കൊച്ചു കേരളത്തിൽ സർക്കാർ ഉടമസ്ഥതയിൽ തന്നെ 16 വൃദ്ധസദനങ്ങൾ പ്രവർത്തിക്കുന്നുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. കൂടാതെ സ്വകാര്യമേഖലയിൽ ദിവസം പ്രതി വൃദ്ധസദനങ്ങളുടെ എണ്ണം വർദ്ധിച്ചു വരികയും ചെയ്യുന്നു.2023ലെ ഒരു കണക്കനുസരിച്ച് ഏകദേശം 745വൃദ്ധസദനങ്ങൾ ആണ് സ്വകാര്യ മേഖലയിൽ പുതുതായി ഉണ്ടായിരിക്കുന്നത്.(https://www-kalakaumudi-com.translate.goog/malayalam/news/old-age-homes-multiplying-in-kerala-2023-11-13_x_tr_sl=ml&_x_tr_tl=en&_x_tr_hl=en&_x_tr_pto=sc&_x_tr_hist=true).വീടുകളിൽ നിന്ന് മുതിർന്നവരെ ഒഴിവാക്കാനുള്ള ശ്രമം മലയാളക്കരയിൽ ഉള്ളതുകൊണ്ട് സ്വാഭാവികമായും അത് നമ്മുടെ ചിത്രങ്ങളിലും പ്രകടമാകും.
മലയാള സിനിമയിൽ ആദ്യമായി വൃദ്ധരെ മുഖ്യ കഥാപാത്രങ്ങളായി (നായകനും, നായികയുമായി) അവതരിപ്പിച്ചത് ഭരതൻ എന്ന സംവിധായകനാണ് .1987 ൽ
പ്രദർശനത്തിനെത്തിയ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്ന ചിത്രത്തിൽ ജോലിയിൽ നിന്ന് വിരമിച്ച അധ്യാപക ദമ്പതികളുടെ കഥയാണ് പറയുന്നത്.നെടുമുടി വേണു (രാവുണ്ണി മാഷ്) ,ശാരദ (സരസ്വതി ടീച്ചർ ) എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തുടർന്ന് വൃദ്ധർക്ക് പ്രാധാന്യമുള്ള ധാരാളം കഥാപാത്രങ്ങളും ചിത്രങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും അവർ മുഖ്യ കഥാപാത്രങ്ങളായ സിനിമകളുടെ എണ്ണം കുറവായിരുന്നു .സത്യൻ അന്തിക്കാടിന്റെ മനസ്സിനക്കരെ , രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്ത ആൻഡ്രോയിഡ് കുഞ്ഞപ്പൻ തുടങ്ങി അപൂർവം സിനിമകൾ വാർദ്ധക്യത്തെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ചയോടെ, വൃദ്ധർക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഇറങ്ങിയിട്ടുണ്ട് എന്ന് പറയാം. എങ്കിലും 2000 ത്തിൽ പ്രദർശനത്തിനെത്തിയ എം.ടി. ചലച്ചിത്രം ഒരു ചെറു പുഞ്ചിരി വ്യത്യസ്തമായ അനുഭവമാണ്.
ജനറേഷൻ ഗ്യാപ്പ് എന്ന ഓമനപ്പേരിൽ നമ്മൾ കുടുംബങ്ങളിലെ മുതിർന്നവരെ അംഗീകരിക്കാതെയും, അനുസരിക്കാതെയും
ഇരിക്കുന്നതും, അവരുടെ നിർദ്ദേശങ്ങളെ നിസ്സാരവൽക്കരിക്കുകയും അവരുടെ ആവശ്യങ്ങളെ അവഗണിക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രവണത ഇന്ന് സമൂഹത്തിൽ വർദ്ധിച്ചുവരുന്നു.വ്യത്യസ്ത തലമുറകളിലെ ആളുകൾ അനുഭവിച്ചു വരുന്ന ജീവിത സാഹചര്യങ്ങൾ തീർച്ചയായും വ്യത്യസ്തമായിരിക്കും. അവ അവരുടെ ജീവിത മനോഭാവത്തെയും രാഷ്ട്രീയ വീക്ഷണങ്ങളെയും സദാചാരചിന്തകളെയുമൊക്കെ സ്വാധീനിക്കുന്നുണ്ട്.ആശയവിനിമയത്തിൽ വരുന്ന അപര്യാപ്തത തന്നെയാണ് പലപ്പോഴും ജനറേഷൻ ഗ്യാപിന് കാരണമാകുന്നത്.പുതിയ കാലത്തിൻ്റെ തിരക്കുകൾ കാരണം ഒരു വ്യക്തിക്ക് അവനവനെ തന്നെ സ്നേഹിക്കാനും കരുതൽ നൽകാനും കഴിയാതിരിക്കുന്ന ഒരു അവസ്ഥയാണ് ഉള്ളത്.അപ്പോൾ പിന്നെ അവൻ എങ്ങനെ മുതിർന്നവരെ സഹായിക്കും എന്ന ചിന്തയാണ് എന്ന് പുതിയ തലമുറകളെ മുഴുവൻ ഭരിക്കുന്നത്.
ഈ അവസ്ഥയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്രമേയമാണ് ഒരു ചെറുപുഞ്ചിരിയുടേത്. സംവിധായകൻ എന്ന നിലയിൽ എം .ടിയുടെ ചിത്രങ്ങളിൽ
സവിശേഷമായ സ്ഥാനമർഹിക്കുന്ന ചലച്ചിത്രമാണ് ഒരു ചെറുപുഞ്ചിരി.ബെൽജിയം ചലച്ചിത്രമേളയിൽ പ്രത്യേക പുരസ്കാരം നേടിയ ഈ ചിത്രം മികച്ച പരിസ്ഥിതി സംരക്ഷണ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട്. Scert 9-ാം ക്ലാസിലെ മലയാളം ടെക്സ്റ്റ് ബുക്കിൽ ഈ ചലച്ചിത്രത്തിന്റെ തിരക്കഥാ ഭാഗങ്ങൾ പാഠ്യ വിഷയമാക്കിയിരുന്നു. എം .ടി വാസുദേവൻ നായർക്ക് മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത ഈ ചിത്രം ,മുംബൈ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ,കേരള ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ,മ്യൂണിക് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്തു.
തെലുഗു സാഹിത്യത്തിലെ പ്രശസ്തനായ ശ്രീ രമണയുടെ മിഥുനം എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് എം ടി ഒരു ചെറുപുഞ്ചിരി സൃഷ്ടിച്ചത്.മുല്ലപ്പൂടി വെങ്കിട്ട രമണ എന്ന ശ്രീ രമണ തെലുഗു സാഹിത്യത്തിലും ചലച്ചിത്രലോകത്തിലും ഒരുപോലെ പ്രസിദ്ധനായ എഴുത്തുകാരനാണ് നൂറോളം ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്.
ആന്ധ്രയിലെ ഒരു ഗ്രാമത്തിൽ താമസിക്കുന്ന അപ്പാ ദാസ് ബുച്ചി ലക്ഷ്മി എന്ന വൃദ്ധ ബ്രാഹ്മണ ദമ്പതികളുടെ അസാധാരണമായ മനപ്പൊരുത്തത്തിന്റെ കഥയാണ് മിഥുനം .ആ അഗ്രഹാരത്തിൽ ഉള്ളവരെ അതിശയിപ്പിക്കുന്ന മാതൃകാദമ്പതികൾ ആയിരുന്നു അവർ.അപ്പാദാസ് ആദ്യം മരിക്കണമെന്നായിരുന്നു ബുച്ചിലക്ഷ്മിയുടെ ആഗ്രഹം. താനില്ലെങ്കിൽ പിന്നെ ആരാണ് അപ്പാ ദാസിന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് ഒപ്പം നിൽക്കുക എന്നാണവർ സ്വയം ചോദിച്ചുകൊണ്ടിരുന്നത്.
തികച്ചും വ്യത്യസ്തമായ ഒരു പശ്ചാത്തലത്തെ കേരളത്തിൻ്റെ മണ്ണിലേക്ക് പറിച്ചു നടക്കുകയാണ് എംടി എന്ന സംവിധായകൻ ചെയ്തത്. അനുകല്പനം എന്ന കലയിൽ എം.ടി തൻ്റെ പ്രഭാവം പ്രകടിപ്പിച്ചിരിക്കുന്നു. എഴുപത് കഴിഞ്ഞ കൃഷ്ണക്കുറുപ്പിൻ്റെയും എഴുപതിൽ എത്തിനിൽക്കുന്ന അമ്മാളുക്കുട്ടിയുടെയും സ്നേഹസുരഭിലമായ ദാമ്പത്യവും പ്രകൃതി കനിഞ്ഞനുനുഗ്രഹിച്ച അവരുടെ കൃഷിയിടവും നാട്ടുകാർക്കിടയിൽ സംസാര വിഷയമാണ്. കൃഷ്ണക്കുറുപ്പ് നാട്ടുകാർക്കിടയിൽ ഒരു കാർക്കശ്യകാരനാണ്.എന്നാൽ അദ്ദേഹത്തിൻ്റെ ഹൃദയത്തിൽ നന്മയുമുണ്ട്. തൊട്ടടുത്തുള്ള
കുടുംബത്തെ അവർ സഹായിക്കുന്നു.നാട്ടുകാരെ പലരെ സഹായിക്കാനും അദ്ദേഹം മുൻകൈയെടുക്കുന്നുണ്ട്.ഈ ചലച്ചിത്രം വാർദ്ധക്യത്തിൽ നമ്മുടെ മാതാപിതാക്കൾ എങ്ങനെ സംരക്ഷിക്കപ്പെടണം എന്നതിനേക്കാളുപരിയായി വാർദ്ധക്യം എന്ന ജീവിതാവസ്ഥ എങ്ങനെ പരിഗണിക്കപ്പെടണം എന്ന ചിന്തയിലേക്കാണ് ഫോക്കസ് ചെയ്യുന്നത്. ഇത് ഒരിക്കലും വൃദ്ധരെ സംരക്ഷിക്കേണ്ട രീതി പഠിപ്പിക്കുന്ന ഒരു ഗുണപാഠചിത്രമല്ല . അവരെ എങ്ങനെ അറിയണം എന്നതിലേക്കാണ് ഈ ചിത്രം മിഴി തുറക്കുന്നത് .
ജീവിതത്തിൽ നമ്മൾ പരിചയിക്കുന്ന സ്നേഹനിരാസമല്ല ഈ ദമ്പതികളെ വാർദ്ധക്യത്തിൽ ഒറ്റപ്പെടുത്തുന്നത്.തങ്ങളുടെ സ്വകാര്യതയും മക്കളുടെ സ്വകാര്യതയും ഒരുപോലെ സംരക്ഷിക്കണമെന്ന് ചിന്തിക്കുന്നവരായിരുന്നു അവർ.പൊതുവേ വാർദ്ധക്യത്തിന്റെ ഒരു പരാധീനതയായി എല്ലാവരും പറയുന്ന പരിഭവത്തിന് കുറുപ്പിന്റെയും അമ്മാളുവിന്റെയും ജീവിതത്തിൽ സ്ഥാനമുണ്ടായിരുന്നില്ല. കേരളീയ സംസ്കാരത്തിൻ്റെ പ്രതിഫലനമായി കണക്കാക്കാവുന്ന ഈ സിനിമ ആരോഗ്യകരമായ ജീവിതത്തിന് നമ്മൾ പുലർത്തേണ്ട ശീലങ്ങളെക്കുറിച്ച് ഓർമിപ്പിക്കുന്നുണ്ട്.നമ്മുടെ കാർഷികസംസ്കാരം ഫലപ്രദമായി അവതരിപ്പിക്കുന്നതിൽ എം.ടി വിജയിച്ചിട്ടുണ്ട്.സ്വന്തം കൃഷിയിടത്തിൽ ജൈവവളം ചേർത്തും കീടനാശിനി തളിക്കാതെയും നട്ടുവളർത്തിയിരുന്ന കായ്കറികളാണ് അവരുടെ ആരോഗ്യത്തിന്റെ രഹസ്യം.വാർദ്ധക്യം എന്നത് വിശ്രമിക്കാനുള്ള ജീവിതാവസ്ഥയായി അവർ കണക്കാക്കുന്നില്ല.കുറുപ്പ് അവനവന് വേണ്ടുന്ന എല്ലാം വിളയിച്ചെടുക്കുന്നു. അമ്മാളു അതെല്ലാം രുചികരമായ ഭക്ഷണമാക്കി മാറ്റിയെടുക്കുന്നു.
മൂലകഥയിലെ അപ്പാദാസുവിനെക്കാൾ സമൂഹവുമായി അടുത്തിടപഴുകുന്ന വ്യക്തിയാണ് കൃഷ്ണക്കുറുപ്പ്'വീട്ടിൽ ഇടയ്ക്കിടെത്തുന്ന പോസ്റ്റ് മാനും അടുത്ത വീട്ടിലെ സ്ത്രീകളും, കൃഷ്ണക്കുറുപ്പ് എസ്റ്റേറ്റിൽ ജോലി വാങ്ങിക്കൊടുത്ത് സുകുമാരനും എല്ലാം സൗഹൃദക്കണ്ണിയിൽ ഉള്ളവരാണ്. കൂടാതെ ദൂരത്തുനിന്ന് വന്ന ഒരു സുഹൃത്ത് അവരുടെ ഒപ്പം ഒരു ദിവസം താമസിക്കുന്നതും
കാണാം.വസ്ത്രധാരണം ,ഭക്ഷണരീതി ,കാർഷിക പാരമ്പര്യം ,വള്ളുവനാടൻ ഭാഷാശൈലി എന്നിവയിലെല്ലാം പാരമ്പര്യത്തോട് ചേർന്നു പോകുമ്പോഴും ചിന്താഗതിയിൽ ആധുനികരാണി വർ . വാശി കൊണ്ട് വൻ വിപത്തുക്കൾ ഉണ്ടാക്കുന്നവരിൽ നിന്ന് വ്യത്യസ്തർ.സ്ത്രീധനത്തിനെതിരെ സംസാരിക്കുന്നതും സ്വന്തം പേരക്കുട്ടി ഒരു അന്യ മതസ്ഥനെ വിവാഹം ചെയ്യാനാഗ്രഹിക്കുമ്പോൾ അതിനു മുൻകൈയെടുക്കുന്നതും, അവരെ ആശിർവദിക്കുന്നതും മാതൃകാപരമായ പ്രവർത്തികളാണ്. കാലമെത്ര മാറിയാലും വിവാഹക്കാര്യത്തിൽ പെൺകുട്ടികളുടെ സമ്മതം ചോദിക്കുന്ന കാര്യത്തിന് മാത്രം മടി കാണിക്കുന്ന മാതാപിതാക്കളെ ഉപദേശിക്കുവാനും ജാതിമത ചിന്തകൾക്കതീതമായി പ്രേരിപ്പിക്കുവാനും തയ്യാറാകുന്ന പുതിയൊരു സംസ്കാരത്തിന്റെ സ്പന്ദനം ഈ സിനിമയിലൂടെ എം ടി അവതരിപ്പിക്കുന്നു
കേരള സംസ്കാരത്തിന് കാലാകാലങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന പരിണാമങ്ങളുടെ ചിത്രവും ഒരു ചെറുപുഞ്ചിരിയിൽ ദൃശ്യമാണ്.കൂട്ടുകുടുംബത്തിന് വരുന്ന മാറ്റം തന്നെ ഇതിൽ ഏറ്റവും പ്രധാനം. മക്കളും മാതാപിതാക്കളും അവരവരെ ന്യായീകരിക്കുകയും അന്യോന്യം കുറ്റം പറയുകയും ചെയ്യുന്ന രീതി ഈ ചലച്ചിത്രത്തിൽ പിന്തുടരുന്നില്ല.സ്വന്തം നാടിനോട് ഒരു മലയാളി പുലർത്തുന്ന ആത്മബന്ധം ഇവരിലുണ്ട്.മാത്രമല്ല,മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി നഗരത്തിൽ പഠിക്കുന്നതാണ് പേരക്കുട്ടികളുടെ വിദ്യാഭ്യാസത്തിന് നല്ലതെന്ന് ഇവർക്ക് ബോധ്യവുമുണ്ട്.ആഘോഷങ്ങൾക്ക് വേണ്ടി എത്ര പണം ചെലവാക്കാനും മടി കാണിക്കാത്ത ഒരു തലമുറ മനുഷ്യത്വത്തിന് പ്രാധാന്യം കൊടുക്കുന്നില്ലെന്ന് വെടിക്കെട്ടിന് എതിർക്കുന്ന സമയത്ത് കൃഷ്ണക്കുറുപ്പിലൂടെ എം. ടി ചൂണ്ടിക്കാണിക്കുന്നു. വ്യത്യസ്തമായ കാഴ്ചപ്പാടുകളെ എങ്ങനെയാണ് ജീവിതം ഉൾക്കൊള്ളേണ്ടതെന്നാണ് സിനിമ വ്യക്തമാക്കുന്നത്.വാർദ്ധക്യം എന്നത് രണ്ടാം ബാല്യമാണമെന്നാണ് ഏറെ പ്രസിദ്ധമായ ചൊല്ല്.മറ്റെല്ലാ ഭാരങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്ന ഒരു കാലഘട്ടം എന്ന നിലയിൽ ലാഘവത്വമുള്ളതും സന്തോഷപ്രദവുമായ ഒരു അവസ്ഥയാണ് വാർദ്ധക്യമെന്നും തനിക്കു ചുറ്റുമുള്ളവരുടെ ജീവിതത്തിലേക്ക് അനുഭവജ്ഞാനം കൊണ്ടും പരിശീലനം കൊണ്ടും പ്രഭ ചൊരിയാൻ പറ്റുന്നവരാണ് തങ്ങളെന്നുമുള്ള ആത്മവിശ്വാസം വാർദ്ധക്യത്തെ ഭയക്കുന്നവർക്ക് നൽകാനാവുന്ന ചലച്ചിത്രമാണ് ഒരു ചെറുപുഞ്ചിരി. വാർദ്ധക്യത്തിന്റെ പരാധീനതകളെയോ ബലഹീനതകളെയോ അവതരിപ്പിക്കാതെ,വാർദ്ധക്യത്തിലും പിന്തുടരാവുന്ന സ്നേഹസമ്പന്നമായ ജീവിതത്തിലേക്കുള്ള കൈപ്പുസ്തകമായി ഈ സിനിമയെ കാണാം.
ഡോ. സ്വപ്ന .സി. കോമ്പാത്ത്,
അസിസ്റ്റൻറ് പ്രൊഫസർ & ഹെഡ്,
മലയാളവിഭാഗം ,
സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, കൊടകര .
Comments