ശിഷ്ടകാല നമ്മൾ
- GCW MALAYALAM
- Oct 14, 2024
- 1 min read
Updated: Oct 15, 2024
സംഗീത എസ്
കവിത

ഇത്തിരി നേരമെൻ അരികിലിരിക്കൂ
ശിഷ്ടകാല വർത്തമാനം പറഞ്ഞിടാം.
ഭൂതകാല വേരുകളിൽ ജാലകങ്ങളിൽ
പെയ്തുവീഴുമാ മഴത്തുള്ളികൾക്കൊപ്പം
ദൂരെ ചക്രവാളസീമയിൽ
സന്ധ്യ മരിച്ചു വീണ
കടൽക്കരയിലെ മണൽത്തരികൾ നാം.
പോയ കാലങ്ങൾ വസന്തങ്ങൾ
നമ്മെ പൊതിഞ്ഞ പൂമണങ്ങൾ
കാനന ഭംഗികൾ വർണ്ണങ്ങൾ
കരിനീല പടർപ്പുപോൽ മേഘങ്ങൾ
നാമെത്ര നടന്നു തീർത്തോരാ വഴികൾ.
ഭൂതവും ഭാവിയും
ശിഷ്ടകാല വാഗ്ദാനങ്ങളിൽ
വർത്തമാനമായി കരളിലുറയുമ്പോൾ
വനവീഥിയിൽ ഞെരിഞ്ഞമർന്നു നിൻ തേരകന്നു മറയുമ്പോൾ
ദർഭയിൽ തടഞ്ഞൊരിളം പാദവുമായി
നിശ്ചലയാവുന്നു ഞാൻ.
ഏകാന്തയാനങ്ങളിൽ
നമ്മിലെ കാണാത്ത ദർഭകൾ
സൂചിമുന നീറ്റുമ്പോൾ,
പ്രജ്ഞതൻ വസന്തങ്ങൾ
കടുംകറുപ്പിലാഴത്തിൽ
കാനനത്തീയായൊടുങ്ങുന്നു.
കാലം പകുത്തു തന്ന
പല നിമിഷങ്ങളിൽ നാം
ആകാശവും കടലുമെന്നാകിലും,
ചില നിമിഷങ്ങളിൽ
ഏകാകിയാം നിഴലുകൾ.
ചക്രവാളങ്ങൾ തൊടാത്ത
രണ്ടു നക്ഷത്രങ്ങൾ പോൽ
ലയനങ്ങളില്ലാതെ
ഇരുളിന്റെ ജ്വാലയിൽ
പൊള്ളുന്നവർ .
പോകുമീ മഴക്കാലവും
പെയ്യും കുളിരും തണുപ്പും
ഓർമ്മകളുടെ സുഖവും
മുദ്രകളുടെ മുറിവുകളും
ആകയാൽ സഖേ,
ഇത്തിരി നേരമെൻ അരികിലിരിക്കൂ
ശിഷ്ടക്കാല വർത്തമാനം പറഞ്ഞിടാം.
Sangeetha. S
Sreenilayam
Palakazhy
Alanallur
Mannarkkad
Palakkad
9496960160
Commentaires