top of page

'സ്ത്രീശാക്തീകരണവും തലച്ചോറില്ലാത്ത സ്ത്രീകളും'(എം.സരസ്വതീഭായിയുടെ തലച്ചോറില്ലാത്ത സത്രീകള്‍ എന്ന കഥയെ ആസ്പദമാക്കിയുള്ള പഠനം)

Updated: Mar 15

ഡോ പ്രിയ വി.

പ്രബന്ധസംഗ്രഹം

    ഉയര്‍ത്തെഴുന്നേല്‍ക്കുന്ന സ്ത്രീ സ്വത്വത്തിന് ഏതു പ്രവര്‍ത്തനമേഖലയിലും യശസ്സാര്‍ജ്ജിക്കാന്‍ കഴിയും എന്ന് നവയുഗം സാക്ഷ്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, സ്ത്രീശാക്തീകരണത്തിനുള്ള ബോധപൂര്‍വ്വമായ പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായിത്തന്നെ നടന്നുവരുന്നുണ്ട്. എന്നാല്‍ ഒരു നൂറ്റാണ്ടിനും പുറകിലായി സ്ത്രീയുടെ ബൗദ്ധികജീവിതം പുരുഷനൊപ്പം എത്തിയിരുന്നു എന്നതിന് തെളിവാണ് ആദ്യകാല കഥാകാരികളിലൊരാളായ എം.സരസ്വതീഭായിയുടെ 'തലച്ചോറില്ലാത്ത സ്ത്രീ' എന്ന കഥ. സാഹിത്യപ്രവര്‍ത്തനം സ്ത്രീകള്‍ക്ക് ചേര്‍ന്ന തൊഴിലല്ല എന്ന് സമൂഹം മുദ്രകുത്തിയിരുന്ന കാലഘട്ടത്തില്‍ പുരുഷനാമധേയത്തില്‍ കഥ രചിച്ച എഴുത്തുകാരിയാണ് എം.സരസ്വതീഭായി. സ്ത്രീയുടെ തൂലികത്തുമ്പിലൂടെ വിരചിതമായ രചന. അര്‍ഹമായ പരിഗണന കിട്ടാതെയും ചര്‍ച്ച ചെയ്യപ്പെടാതെയും പോയതിനുള്ള തെളിവാണ് ഈ കഥയുടെ പുനര്‍വായന.

താക്കോല്‍വാക്കുകള്‍

    സ്ത്രീശാക്തീകരണം, സ്ത്രീപക്ഷരചന, സ്ത്രീവിമോചനം

    യഥാര്‍ത്ഥജീവിതത്തില്‍ സ്ത്രീ ഇന്നും പുരുഷന്‍റെ അടിമതന്നെയാണ്. ഭര്‍ത്താവിന്‍റെ കൈവെട്ടപ്പാടിനകത്ത് ഒതുങ്ങി പെരുമാറാനാണ് അവള്‍ക്ക് താല്പര്യം. അങ്ങനെ ഒതുങ്ങുന്നതുകൊണ്ട് സമൂഹം അവളെ കുടുംബസ്ഥയായി കാണും. ഭര്‍ത്താവ് പറയുന്നത് കേട്ടു നടക്കുന്നവളെ തറവാടിയെന്നാണ് സമൂഹം വ്യവഹരിക്കുന്നത്. മറിച്ച് സ്വാതന്ത്ര്യത്തോടെ പുരുഷനോടൊപ്പം സമൂഹത്തില്‍ പെരുമാറുകയാണ് സ്ത്രീയെങ്കില്‍ അവള്‍ തന്‍റേടിയും അഹങ്കാരിയുമാണ്. അവളെ അശുഭക്കണ്ണുകളോടെയാണ് സമൂഹം കാണുന്നത്. സാഹിത്യത്തില്‍ ഇത്തരം സ്ത്രീകളുടെ സ്വതന്ത്രകര്‍മ്മങ്ങള്‍, ദുരന്തം വരിക്കേണ്ട രീതിയിലേക്കു പോയിട്ടുണ്ടെങ്കിലും അവര്‍ അത് ആത്മോന്നതിയായി കാണുന്നു. പ്രശസ്തരായ മിക്ക എഴുത്തുകാരും സ്ത്രീകഥാപാത്രങ്ങളിലൂടെയാണ് ഉന്നതിയിലെത്തിയത്.

    ജനനം കൊണ്ടോ ജീവിതരീതി കൊണ്ടോ വിഭിന്നരല്ലാതിരുന്നിട്ടും ഇവിടുത്തെ ആണ്‍-പെണ്‍ വര്‍ഗ്ഗങ്ങള്‍ വിഭിന്നരായിരുന്നു. ബാഹ്യവും വിശാലവുമായ പൊതു ഇടങ്ങള്‍ പുരുഷന്‍റേതുമാത്രമായിരുന്നു. സ്ത്രീകള്‍ക്ക് അവിടേക്കുള്ള പ്രവേശനം നിഷിദ്ധമായിരുന്നു. "മനുഷ്യന്‍റെ നാഗരികത സ്ത്രീയുടെ ശരീരത്തെ നിയന്ത്രിച്ചുകൊണ്ട് നിര്‍മ്മിക്കപ്പെടുന്നതാണെന്നാണ് ഫെമിനിസ്റ്റുകളുടെ വാദം. അതിനെ പ്രതിരോധിക്കാന്‍ സ്ത്രീയുടെ ശരീരത്തെയും അനുഭവങ്ങളെയും കേന്ദ്രീകരിച്ചുകൊണ്ടാണ് സ്ത്രീയുടെ എഴുത്തും സാഹിത്യവുമെല്ലാം പില്‍ക്കാലത്ത് സംഭവിക്കുന്നത്." (ശരീരം, ജാതി, അധികാരം അസ്പൃശ്യതയുടെ പ്രാതിഭാസികത, പുറം 52).

    വിദ്യാഭ്യാസം സ്ത്രീയെ കുടുംബത്തിനു പുറത്തേക്കു നോക്കാന്‍ പ്രേരിപ്പിക്കുമോ എന്ന് പുരുഷസമൂഹം പേടിച്ചിരുന്നു. ചിന്താപരമായ പുരോഗതി അവള്‍ക്കുണ്ടാകുന്നതും അവരെ ഭയപ്പെടുത്തിയിരുന്നു. വിദ്യാഭ്യാസത്താല്‍ ചിന്താപരമായ ഔന്നത്യം പുലര്‍ത്തിയ വനിത ആദ്യമായി പ്രകടമാകുന്നത് ഇന്ദുലേഖയിലാണ്. വീടിനു കുളിര്‍മ്മയേകുന്ന ഈ മൃദുല സുന്ദരിയായ സവര്‍ണനായിക വിദ്യാസമ്പന്നയാണെങ്കിലും അവര്‍ പെരുമാറിയത് പൊതു ഇടങ്ങളിലായിരുന്നില്ല. സ്ത്രീവിദ്യാഭ്യാസം വിപരീതഫലം ചെയ്യുമോ എന്നത് പുരുഷാധിപത്യസമൂഹത്തിന്‍റെ പൊതുപേടിയായിരുന്നു.

    പ്രാചീനകാവ്യങ്ങളെല്ലാം സ്ത്രീകേന്ദ്രീകൃതങ്ങളാണ്. "സ്ത്രീ എന്നും സാഹിത്യധാരണയില്‍ ഭോഗത്തിനുള്ള ഒരുപകരണം മാത്രമായിരുന്നു" എന്ന് ലളിതാംബിക അന്തര്‍ജനത്തിന്‍റെ വാക്കുകള്‍ അക്കാലത്തെ സ്ത്രീകളുടെ പരിതോവസ്ഥകള്‍ വെളിപ്പെടുത്തുന്നുണ്ട് (ആത്മകഥയ്ക്ക് ഒരാമുഖം, പുറം 93). പ്രാചീനസാഹിത്യത്തിലെ സ്ത്രീകള്‍ രൂപപ്രധാനികളാണ്, ഭാവപ്രധാനികളല്ല. അവള്‍ക്കു ശരീരമുണ്ട്, മനസ്സില്ല. സ്വതന്ത്രാസ്തിത്വമുള്ള സ്ത്രീകളെയല്ല നാം പ്രാചീനസാഹിത്യത്തില്‍ കാണുന്നത്. സ്ത്രീ എന്താവരുത് എന്ന പുരുഷവീക്ഷണത്തിന്‍റെ ബോധപൂര്‍വ്വമായ ആവിഷ്കാരങ്ങള്‍ മാത്രമാണ്.

    ഇങ്ങനെ കര്‍മ്മസ്ഥാനത്തായിരുന്ന സ്ത്രീകള്‍ കര്‍ത്തൃസ്ഥാനത്തു വന്നപ്പോള്‍ കഥയാകെ മാറി. സാഹിത്യരംഗത്തേക്കുള്ള സ്ത്രീകളുടെ വരവ് ഒട്ടേറെ എതിര്‍പ്പുകള്‍ക്കു കാരണമായി. ഗുണമേന്മ കുറഞ്ഞവയാണ് സ്ത്രീപക്ഷരചനകളെന്നും അവയെ പുരുഷരചനകളുമായി താരതമ്യപ്പെടുത്താന്‍ പോലും ആവില്ലെന്നുമുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നു. സര്‍ഗ്ഗാത്മകരംഗത്ത് ഇരിപ്പിടമുറപ്പിച്ച സ്ത്രീകള്‍ കണക്കിന് പരിഹസിക്കപ്പെട്ടു.

    'സ്വന്തമായൊരു മുറിയും സാമ്പത്തിക സൗകര്യവുമെല്ലാം എഴുത്തുകാരുടെ അടിസ്ഥാനാവശ്യങ്ങളാകുന്നു'വെന്ന വിര്‍ജീനിയാ വുള്‍ഫിന്‍റെ അഭിപ്രായം പ്രശസ്തമാണ് (Virginia Woolf, A Room of One’s own, p. 13).  എന്നാല്‍ സാമ്പത്തിക സ്വാതന്ത്ര്യമില്ലാത്ത അന്നത്തെ സ്ത്രീകള്‍ക്ക് ഇതൊക്കെ അപ്രാപ്യമായിരുന്നു. എന്നാല്‍ ആ പ്രതികൂലസാഹചര്യത്തില്‍ സ്ത്രീ എഴുതി എന്നതാണ് ഗണനീയം. അത് അവളുടെ ഇച്ഛാശക്തിയെയാണ് പ്രകടമാക്കുന്നത്. അവള്‍ എഴുതിയതെല്ലാം തന്നെ വലിയ നേട്ടങ്ങളാണെന്ന് നമുക്ക് ബോധ്യം വരുന്നു. ആണെഴുത്തുകാര്‍ക്ക് എഴുതാന്‍ വേണ്ട എല്ലാ ഭൗതികസാഹചര്യവും ഒരുക്കിക്കൊടുത്ത സ്ത്രീകള്‍ക്ക്, എന്നാല്‍ അവരുടെ പുരുഷന്മാരില്‍ നിന്നും ഈ സൗകര്യങ്ങള്‍ തിരിച്ചു പ്രതീക്ഷിക്കാന്‍ പോലും ആയില്ല.

    എഴുത്തിന് വിലക്കുണ്ടായിരുന്ന ഒരു കാലത്ത് തങ്ങളുടെ ആശയങ്ങള്‍ എഴുതി പ്രസിദ്ധീകരിക്കാനായത് വിദ്യാസമ്പന്നരായ സ്ത്രീകള്‍ക്ക് വലിയ ഒരു അനുഗ്രഹമായിരുന്നു. എഴുത്തിന് അലിഖിത വിലക്കുണ്ടായിരുന്ന കാലത്ത് തങ്ങളുടെ ആശയങ്ങള്‍ എഴുതി പ്രസിദ്ധീകരിക്കാനായത് അവരില്‍ ആത്മവിശ്വാസമുണര്‍ത്തി. അതിന് അവരെ സഹായിച്ചത് ശാരദ, ലക്ഷ്മീഭായി, ആത്മപോഷിണി, കൈരളി തുടങ്ങിയ ആദ്യകാല മാസികകളായിരുന്നു.

    താന്‍ ജീവിക്കുന്ന സമൂഹത്തില്‍ തനിക്കു കൂടി ബാധകമാകുന്ന എല്ലാ പ്രശ്നങ്ങളിലും ഇടപെട്ടു സംസാരിക്കാന്‍ അന്നത്തെ വിദ്യാഭ്യാസം ചെയ്ത സ്ത്രീ ആര്‍ജ്ജവം കാണിച്ചിരുന്നു. തങ്ങളെപ്പറ്റിയും തങ്ങളുടെ വര്‍ഗ്ഗത്തെപ്പറ്റിയും തികച്ചും ബോധവതികളായിരുന്നു അവര്‍. പുരുഷാധിപത്യം കൊടികുത്തി നിന്ന ഒരു കാലഘട്ടത്തില്‍ പുരുഷന്മാരുടെ വികലമായ അഭിപ്രായങ്ങളെ വിമര്‍ശിച്ചുകൊണ്ട് സ്ത്രീകള്‍ ലേഖനങ്ങളിലൂടെ പ്രതികരിച്ചിരുന്നു. പാശ്ചാത്യ നാടുകളില്‍ ഉദയം കൊണ്ട സ്ത്രീവാദപരമായ കാഴ്ചപ്പാടുകള്‍ ഇവിടെ പ്രചരിക്കും മുമ്പായിരുന്നു ഈ പ്രതികരണം. സ്ത്രീവാദപരമായ കാഴ്ചപ്പാടുകളുടെ സഹജമായ വേരോട്ടമായി നാമതിനെ കണക്കാക്കേണ്ടിയിരിക്കുന്നു.

    സ്ത്രീകള്‍ തന്നെ സാഹിത്യരംഗത്തേക്കു കടന്നുവരികയും ജീവിതത്തിന്‍റെ സങ്കീര്‍ണ്ണതകളെയും വിഹ്വലതകളെയും യാഥാര്‍ത്ഥ്യബോധത്തോടെ ആവിഷ്ക്കരിക്കുകയും ചെയ്താലേ പുരുഷമേധാവിത്വത്തിന്‍റെ സങ്കുചിത മനോഭാവങ്ങളിലുദയം കൊള്ളുന്ന സ്ത്രീ കഥാപാത്രങ്ങളുടെ യാഥാര്‍ത്ഥ്യം വെളിച്ചത്തുകൊണ്ടുവരാനാവൂ. അതിന് വേണ്ടിയാണ് ലോകമെമ്പാടുമുള്ള സ്വതന്ത്രചിന്താഗതിക്കാരായ എഴുത്തുകാരികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്‍റെ ആരംഭത്തോടെ ഒരു കൂട്ടം ചെറുകഥാകാരികള്‍ ആ ലക്ഷ്യപ്രാപ്തിക്കായുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞിരുന്നു. ബി.കല്യാണിയമ്മ, എം.സരസ്വതീഭായി, ചമ്പത്തില്‍ ചിന്നമ്മു അമ്മാള്‍, ലക്ഷ്മിക്കുട്ടി വാരസ്യാര്‍, ബി.കല്യാണിഅമ്മ, ടി.സി.കല്യാണിഅമ്മ, തച്ചാട്ടെ ദേവകി നേത്യാരമ്മ, അമ്പാടി കാര്‍ത്യായനി അമ്മ, വി.പാര്‍വ്വതിഅമ്മ തുടങ്ങിയ എഴുത്തുകാരികളാണ് മലയാളചെറുകഥാചരിത്രത്തിലെ ആദ്യകാല കഥാകാരികള്‍.

    ജീവിതത്തിന്‍റെ വൈവിധ്യമാര്‍ന്ന ചിത്രങ്ങള്‍ അവര്‍ കഥകളില്‍ അവതരിപ്പിച്ചു. കൂട്ടുകുടുംബ ജീവിതത്തിലമര്‍ന്നു പോകുന്ന സ്ത്രീയുടെ ജീവിതാഭിലാഷങ്ങളും, കൂട്ടുകുടുംബത്തില്‍ നിന്നു പിരിഞ്ഞ് ഭാര്യയും ഭര്‍ത്താവും കുട്ടികളുമായി താമസിക്കുന്ന ചെറിയ കുടുംബങ്ങളുടെ ചിത്രവും, കാരണവരുടെ അനുവാദമില്ലാതെ ഇഷ്ടപ്പെട്ട സ്ത്രീയെ വിവാഹം കഴിക്കുന്ന അനന്തിരവന്മാരെ ദ്രോഹിക്കുന്ന അമ്മാവന്മാരുമെല്ലാം അവരുടെ കഥകള്‍ക്കു വിഷയങ്ങളായി. സ്ത്രീകളുടെ ചാപല്യങ്ങള്‍ ചിത്രീകരിക്കുന്ന കഥകളുണ്ടെങ്കിലും സ്ത്രീകളെ അപഹസിക്കുകയോ അടച്ചാക്ഷേപിക്കുകയോ ചെയ്യുന്ന കഥകള്‍ കാണാന്‍ കഴിയില്ല. ചരിത്രപരവും കാല്‍പ്പനികവും അപസര്‍പ്പകവും സാമൂഹികവുമായ പ്രമേയങ്ങളും ഇതിവൃത്തങ്ങളായി അവര്‍ സ്വീകരിച്ചു. അക്കാലത്ത് ധൈര്യത്തോടെ സാമൂഹികപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സ്ത്രീകളായ ചെറുകഥാകൃത്തുക്കള്‍ തയ്യാറായി എന്നത് ശ്രദ്ധേയമായ സംഗതിയാണ്. വളരെ പ്രതീക്ഷയോടും ആവേശത്തോടും കൂടി കഥാരംഗത്തേക്കു വന്ന ഈ സ്ത്രീ എഴുത്തുകാരികളില്‍ എഴുത്തിന്‍റെ മേഖലയില്‍ ഏറെക്കാലം ഉറച്ചുനിന്നവര്‍ വിരളമാണ്. സാഹിത്യരചനയില്‍ ഏര്‍പ്പെട്ട കഥാകാരികളില്‍ ഭൂരിഭാഗം പേരുടെയും ഒന്നോ രണ്ടോ രചനകള്‍ ആനുകാലികങ്ങളില്‍ വെളിച്ചം കണ്ടതൊഴിച്ചാല്‍ പ്രതികൂല സാഹചര്യം നിമിത്തം സര്‍ഗ്ഗാത്മക രംഗത്തു നിന്നും അവര്‍ അപ്രത്യക്ഷരാവുകയാണുണ്ടായത്.

    ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യത്തെ രണ്ടു ദശകങ്ങളില്‍ മലയാളചെറുകഥയില്‍ കണ്ട സ്ത്രീസാന്നിധ്യത്തെ പ്രതിനിധീകരിക്കുന്ന ഒരു എഴുത്തുകാരിയാണ് എം.സരസ്വതീഭായി. അവരുടെ 'തലച്ചോറില്ലാത്ത സ്ത്രീകള്‍' (ഭാഷാപോഷിണി, പുസ്തകം 15, ലക്കം 8-9, 1086 മീനം-മേടം/1911 ഏപ്രില്‍-മേയ്) എന്ന കഥ അതുവരെയുണ്ടായ സ്ത്രീ സങ്കല്പങ്ങളെ മാറ്റിമറിച്ച് പുരോഗമനാത്മകമായി മുന്നേറാന്‍ സ്ത്രീകളെ പ്രേരിപ്പിച്ച ഒരു രചനയായിരുന്നു. ഏതു മഹത്കൃത്യവും ചെയ്തത് ഒരു സ്ത്രീയാണെങ്കില്‍ അതിന്‍റെ മൂല്യം കുറച്ചുകാണുക എന്നത് പുരുഷസമൂഹത്തില്‍ സാമാന്യമായി കാണുന്ന ഒരു പ്രവണതയാണ്. സ്ത്രീകളുടെ പരിശ്രമങ്ങളുടെ വിലയറിയാന്‍ സ്ത്രീകള്‍ വേണ്ടത്ര ശ്രമിക്കുന്നില്ല എന്നത് മറ്റൊരു വസ്തുത. സ്ത്രീസര്‍ഗശക്തി ആദരണീയവും അഭിനന്ദനീയവുമാണെന്ന തിരിച്ചറിവ് പുരുഷ മനസ്സിലുളവാക്കാന്‍ ഒരു നൂറ്റാണ്ടിനു മുന്‍പ് ഒരു സ്ത്രീപക്ഷ രചനയ്ക്ക് സാധിക്കുക എന്നത് ഒരു നിസാരകാര്യമല്ല. അത്തരത്തില്‍ പരിഗണനീയമായ ഒരു സ്ത്രീപക്ഷ രചനയാണ് എം.സരസ്വതീഭായിയുടെ തലച്ചോറില്ലാത്ത സ്ത്രീകള്‍ എന്ന കഥ.

    സ്ത്രീകള്‍ക്കും സാഹിത്യരചനയൊക്കെ ആവുമെന്നും അവരെ ബുദ്ധിയില്ലാത്തവരെന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നത് അര്‍ത്ഥശൂന്യമാണെന്നും ഭര്‍ത്താവിനെ ബോദ്ധ്യപ്പെടുത്തുന്ന ബുദ്ധിമതിയായ ഭാര്യയുടെ കഥയാണ് എം.സരസ്വതീഭായിയുടെ 'തലച്ചോറില്ലാത്ത സ്ത്രീകള്‍'. തലച്ചോറില്ലാത്തവരാണ് സ്ത്രീകളെന്നും അവര്‍ക്ക് സാഹിത്യമൊന്നും മനസ്സിലാവില്ലെന്നും സാഹിത്യകാരനായ ഗോവിന്ദന്‍ നായര്‍ ഭാര്യ കല്ല്യാണിയമ്മയെ പരിഹസിക്കുക പതിവായിരുന്നു. സാഹിത്യരംഗത്ത് തന്‍റെ പ്രതിയോഗിയായ പ്രഖ്യാത എഴുത്തുകാരന്‍ ബാലകൃഷ്ണന്‍നായര്‍ തന്‍റെ ഭാര്യയുടെ തൂലികാനാമമാണെന്ന് തിരിച്ചറിയുന്ന ഗോവിന്ദന്‍നായര്‍ക്ക് നോവല്‍ മത്സരത്തില്‍ വിജയിയായിത്തീര്‍ന്നത് തന്‍റെ ഭാര്യയാണെന്ന സത്യം താങ്ങാവുന്നതിനുമപ്പുറത്തായിരുന്നു.

    അഭിമാനിയായ അദ്ദേഹം വീടുവിട്ടുപോകാന്‍ തന്നെ തീരുമാനിച്ചു. തന്‍റെ പ്രസവം കഴിയുന്നതുവരെ അതു ചെയ്യരുത് എന്ന് കല്യാണിയമ്മ അപേക്ഷിച്ചു. അത് സ്വീകരിച്ച് അതിഥിയായി അവിടെ കഴിയാമെന്നു ഗോവിന്ദന്‍നായര്‍ സമ്മതിച്ചു. കല്യാണിയമ്മ പ്രസവിച്ചു. താന്‍ മരിക്കാന്‍ പോവുകയാണെന്നും കുഞ്ഞുങ്ങളെ നോക്കിക്കൊള്ളണമെന്നും നോവല്‍ മത്സരത്തില്‍ലഭിച്ച സമ്മാനത്തുകയും കോപ്പിറൈറ്റിനുള്ള പണവും വാങ്ങി കുട്ടികളുടെ രക്ഷയ്ക്കായി സൂക്ഷിക്കണമെന്നും അവര്‍ അറിയിച്ചു. കല്യാണി മരിക്കുകയാണെങ്കില്‍ താന്‍ ആ പണം തൊടുകയില്ലെന്നും മരിക്കുകയില്ലെന്നു സമ്മതിച്ചാല്‍ കല്യാണി പറയുന്നതു കേട്ടു നടന്നുകൊള്ളാമെന്നും ഗോവിന്ദന്‍നായര്‍ അറിയിച്ചു. താന്‍ മരിക്കുന്നില്ലെന്നും മേലില്‍ ഒരുമിച്ചു സാഹിത്യപരിശ്രമം ചെയ്തു കാലം കഴിച്ചുകൂട്ടാമെന്നും കല്യാണി ഗോവിന്ദന്‍ നായരെ ആശ്വസിപ്പിച്ചു. സ്ത്രീകള്‍ക്കു തലച്ചോറില്ലെന്നു താന്‍ ഇനിയൊരിക്കലും പറയുകയില്ലെന്നു ഗോവിന്ദന്‍നായര്‍ പ്രതിജ്ഞയെടുക്കുന്നതോടെ കഥ അവസാനിക്കുന്നു.

    എഴുത്തിന് പ്രതിഫലം ലഭിച്ചിരുന്നു എന്നത് കഥയില്‍ പറയുന്നുണ്ട്. "ലേഖനമെഴുത്തില്‍ നിന്ന് സ്വല്പമായ ഒരുതുക ചിലപ്പോള്‍ ഒക്കെ കിട്ടിക്കൊണ്ടിരുന്നു. എന്നാല്‍ അതു ഗോവിന്ദന്‍നായരുടെ ചെലവിനെ അപേക്ഷിച്ച് വളരെ നിസ്സാരമായിരുന്നു." (ആദ്യകാല സ്ത്രീകഥകള്‍, പുറം 37). പത്രമാസികകള്‍ സാഹിത്യമത്സരങ്ങള്‍ ഇടയ്ക്കിടയ്ക്ക് നടത്തുകയും അതിലൂടെ എഴുത്തുകാര്‍ക്ക് നല്ല തുക സമ്മാനമായി ലഭിക്കുക പതിവാണെന്നും കഥ വ്യക്തമാക്കുന്നു. "കല്യാണി നോക്ക് തേടിയവള്ളി കാലില്‍ ചുറ്റിയത്. ഞാന്‍ എത്രയോ നാളായി ഇങ്ങനെ ഒരുതരം കാത്തുകൊണ്ടിരിക്കയാണ്. ഇതാ ഇപ്പോള്‍ ഭാഷാസാഹിത്യപരിപാലിനി മഹാസഭയില്‍ നിന്നു സമ്മാനങ്ങള്‍ നിശ്ചയിച്ചു കുറെ പുസ്തകങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഒന്നാംതരം ഒരു സാമുദായിക നോവലിന് സമ്മാനം രൂപ 500" (ആദ്യകാല സ്ത്രീകഥകള്‍, പുറം 39). അന്ന് പ്രതിഫലമായി ലഭിച്ചിരുന്ന അഞ്ഞൂറ് രൂപയ്ക്ക് ഇന്നത്തെ അമ്പതിനായിരത്തിന്‍റെ മൂല്യമാണുണ്ടായിരുന്നത്. ജീവസന്ധാരണ വൃത്തിയായി സാഹിത്യത്തെ പരിഗണിക്കാന്‍ അക്കാലത്ത് ആവില്ലായിരുന്നെങ്കിലും എഴുത്തിലൂടെ കിട്ടുന്ന സമ്പാദ്യം എഴുത്തുകാരെ വ്യാമോഹിപ്പിച്ചിരുന്നു എന്നത് അതിശയോക്തിയല്ല.

    പുരുഷന്മാരേക്കാള്‍ ഭംഗിയായ സ്ത്രീകള്‍ക്കു കഥയെഴുതാന്‍ സാധിക്കുമെന്ന് സരസ്വതീഭായി തന്‍റെ തലച്ചോറില്ലാത്ത സ്ത്രീകളിലൂടെ വ്യക്തമാക്കുന്നു. സമൂഹത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്‍റെയൊപ്പം സ്ഥാനം ലഭ്യമാകണം എന്ന ചിന്ത അന്നത്തെ സ്ത്രീ സമൂഹത്തിലുണര്‍ത്താന്‍ സരസ്വതീഭായിക്കു കഴിഞ്ഞു. സ്ത്രീകളെ ബുദ്ധിയില്ലാത്ത ജീവികളായി മാറ്റിനിര്‍ത്തുന്ന പുരുഷന്മാര്‍ ഒരു മിഥ്യാലോകത്തിലാണ് ജീവിക്കുന്നത് എന്ന സന്ദേശവും ഈ കഥ സമൂഹത്തിനു നല്‍കിയിരുന്നു. വലിയ സാഹിത്യകാരന്മാരാണെന്ന് ഞെളിഞ്ഞു നടന്ന പുരുഷസമൂഹത്തിനുമേല്‍ ആഞ്ഞുപതിച്ച ഒരു പ്രഹരമായിരുന്നു ഗോവിന്ദന്‍ നായര്‍ എന്ന കഥാപാത്രം. സ്ത്രീകള്‍ക്ക് സാഹിത്യരചന നടത്താനുള്ള സാമര്‍ത്ഥ്യവും കഴിവും ഉണ്ട് എന്ന് തെളിയിക്കുന്നതായിരുന്നു എം.സരസ്വതീഭായിയുടെ 'തലച്ചോറില്ലാത്ത സ്ത്രീകള്‍' എന്ന ആദ്യകാല ചെറുകഥ. സാഹിത്യകാരന്മാരെ കണക്കിന് പരിഹസിക്കാനും കഥാകൃത്ത് മറന്നിട്ടില്ല.

    ചെറുകഥ അതിന്‍റെ ശൈശവാവസ്ഥയിലൂടെ കടന്നുപോകുന്ന സമയത്തായിരുന്നു ഈ കഥയുടെ രചന. അതുകാരണം ചില പരിമിതികളും ഈ കഥയ്ക്കുണ്ട്. അക്കാലത്തെ പൊതുശൈലിയിലാണ് ഈ കഥയുടെ രചന. ഗോവിന്ദന്‍നായരുടെ മനോഭാവങ്ങളിലൂടെയാണ് കഥ മുന്നോട്ടു പോവുന്നതെങ്കിലും പലപ്പോഴും കഥാകാരി രംഗത്തു കടന്നുവന്നു സംസാരിക്കുന്ന പ്രതീതി ജനിപ്പിക്കുന്നുണ്ട്. ചിത്തവൃത്ത്യാവിഷ്കാരം, സ്വഭാവചിത്രീകരണം തുടങ്ങിയവയ്ക്ക് കഥയില്‍ തീവ്രത കൈവന്നിട്ടില്ല. പരിണാമഗുപ്തിയിലും ഫലിതരസത്തിലും ശുഭാന്ത്യത്തിലുമെല്ലാം കഥാകൃത്ത് മികവ് കാട്ടുന്നുണ്ട്. സ്ത്രീകള്‍ക്ക് സാഹിത്യരചന നടത്താനുള്ള സാമര്‍ത്ഥ്യവും കഴിവും ഉണ്ടെന്നു തെളിയിക്കുവാന്‍ വേണ്ടി എഴുതിയ കഥയില്‍ സാഹിത്യകാരന്മാരെ കണക്കിനു പരിഹസിച്ചിട്ടുണ്ട്.  ചുരുക്കത്തില്‍ ഇന്നത്തെ സ്ത്രീ പുരോഗമനപ്രസ്ഥാനങ്ങള്‍ 'ഫെമിനിസം' എന്ന പേരിലും മറ്റും പ്രത്യക്ഷപ്പെടുന്നതിനു വളരെ മുമ്പുതന്നെ ശക്തമായ സ്ത്രീവിമോചനാശയങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ തന്‍റെ 'തലച്ചോറില്ലാത്ത സ്ത്രീകള്‍' എന്ന കഥയിലൂടെ എം.സരസ്വതീഭായിക്കു കഴിഞ്ഞു. വ്യക്തമായ സ്ത്രീ കാഴ്ചപ്പാടുകള്‍ തന്‍റെ രചനയിലൂടെ സ്ഥാപിക്കാനും സ്ത്രീവാദത്തിന്‍റെയും പെണ്ണെഴുത്തിന്‍റെയും പിന്‍ബലമില്ലാതിരുന്നിട്ടും ഇന്ന് അതുള്ള എഴുത്തുകാരികള്‍ക്കും വഴികാട്ടിയാകാനും കഴിഞ്ഞൂ എന്നതാണ് ഈ കഥയുടെ പ്രസക്തി.

സഹായകഗ്രന്ഥങ്ങള്‍

1.  ജയകൃഷ്ണന്‍ എന്‍. (എഡി.), പെണ്ണെഴുത്ത്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ജൂണ്‍ 2011.

2.  ബഷീര്‍ എം.എം. ഡോ., ആദ്യകാല സ്ത്രീകഥകള്‍, സമാഹരണവും പഠനവും, ലിപി പബ്ലിക്കേഷന്‍സ്, ജനുവരി, 2010.

3.  ബഷീര്‍ എം.എം. ഡോ., മലയാള ചെറുകഥാസാഹിത്യചരിത്രം, കേരള സാഹിത്യ അക്കാദമി, മെയ് 2002.

4.  രാജലക്ഷ്മി വി.എം.ഡോ., സ്ത്രീനീതി, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ആഗസ്റ്റ് 1989.

5.  ലീലാവതി എം.ഡോ., സ്ത്രീ സ്വത്വാവിഷ്ക്കാരം ആദ്യകാല മലയാളസാഹിത്യത്തില്‍, കേരള സാഹിത്യ അക്കാദമി, ആഗസ്റ്റ് 2008.

 
ഡോ പ്രിയ വി

അസ്സോസിയേറ്റ് പ്രൊഫസര്‍

മലയാളവിഭാഗം

യൂണിവേഴ്സിറ്റി  കോളേജ്

തിരുവനന്തപുരം

Comments

Rated 0 out of 5 stars.
No ratings yet

Add a rating
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page