സാംസ്കാരികപഠനം
തനിമ സുഭാഷ്
വ്യക്തിയുടെ സ്വതന്ത്രമായ ചിന്തയ്ക്കും പ്രവൃത്തികൾക്കും മറ്റുള്ളവരെ ആശ്രയിക്കാതെ ആവിഷ്കരിക്കപ്പെടാനുള്ള സാംസ്കാരിക ഇടങ്ങൾ ഒരു പുരോഗമന സമൂഹത്തെ സംബന്ധിച്ചിടത്തോളം അനിവാര്യവും ജനാധിപത്യപരമായ വീക്ഷണഗതിയെ അടിസ്ഥാനമാക്കിയുള്ളതുമാണ്. എന്നാൽ 19-ാം നൂറ്റാണ്ടിൻ്റെ അവസാന ദശകങ്ങളിൽ കേരളത്തിൽ രൂപപ്പെട്ടു വന്ന പൊതുമണ്ഡലം പുരുഷ കേന്ദ്രീകൃതമായിരുന്നു. സാംസ്കാരിക ജീവിതത്തിൻ്റെ സമസ്തമേഖലകളിലും സ്ത്രീ അന്യവത്കരിക്കപ്പെടുകയോ പുറന്തള്ളപ്പെടുകയോ ചെയ്തു. സ്ത്രീയുടെ ആത്യന്തികമായ ഇടം കുടുംബവും വീടുമാണെന്ന ചിന്ത ആഴത്തിൽ വേരോടി . ശാരീരികവും മാനസികവുമായ ഏത് പീഡാനുഭവവും കുടുംബത്തിൻ്റെ മാന്യതയെക്കരുതി സഹിക്കാൻ കുട്ടിക്കാലം മുതൽക്കേ സ്ത്രീകൾ പരിശീലിപ്പിക്കപ്പെടുന്നു. സ്വതന്ത്രരും തുല്യരും എന്ന നിലയിൽ ഉത്പാദന പ്രക്രിയയിൽ പങ്കെടുത്തിരുന്നവർ എന്ന നിലയിൽ നിന്ന് ആശ്രിതരും വിധേയരുമെന്ന അവസ്ഥയിലേക്ക് സ്ത്രീകൾ തരം താഴ്ന്നത് ഗോത്രവ്യവസ്ഥയിൽ നിന്നു മാറി സാമൂഹ്യ വ്യവസ്ഥിതിയുടെ അടിസ്ഥാനം കുടുംബമായിത്തീർന്നതിനു ശേഷമാണ്. പുരുഷൻ നോക്കിക്കണ്ട, അവൻ്റെ കാഴ്ചപ്പാടുകൾ രൂപപ്പെടുത്തിയ സ്ത്രീയാണ് മലയാള സാഹിത്യത്തിലും അടയാളപ്പെട്ടത്. അക്ഷരം, അറിവ് എന്നിവ സ്ത്രീകൾക്കന്യമായി വയ്ക്കേണ്ടത് സമൂഹത്തിൻ്റെ പരമ്പരാഗത മൂല്യ സങ്കല്പങ്ങൾക്ക് ഏറ്റവും അനിവാര്യമായിരുന്നു.
മതപരമായ ആചാരവിശ്വാസങ്ങളും മൂല്യ സങ്കല്പങ്ങളും സ്ത്രീകളെ പാർശ്വവത്കരിക്കുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ടെന്നു കാണാം. മതമേതായാലും സ്ത്രീയുടെ അവസ്ഥയിൽ മാറ്റമില്ല. സാമൂഹികമായ എല്ലാ ഗുണവശങ്ങളും അനുഭവിച്ചു കൊണ്ടിരുന്ന , സമൂഹത്തിൻ്റെ മേൽത്തട്ടിലെന്ന് അഭിമാനിച്ചിരുന്ന ബ്രാഹ്മണ സമുദായത്തിലും സ്ത്രീകളുടെ അവസ്ഥ വ്യത്യസ്തമായിരുന്നില്ല. പെണ്ണിനെ വെറും ശരീരമാക്കിച്ചുരുക്കുന്ന ആചാരവിശ്വാസങ്ങളാൽ കെട്ടി വരിയപ്പെട്ട നമ്പൂതിരി സ്ത്രീ ജീവിതങ്ങളുടെ കാമനകളും അരക്ഷിതത്വവും പീഡാനുഭവങ്ങളും കെ.ബി. ശ്രീദേവിയുടെ യജ്ഞം, സാറാ തോമസിൻ്റെ നാർമടിപ്പുടവ, മാടമ്പ് കുഞ്ഞുക്കുട്ടൻ്റെ ഭ്രഷ്ട് എന്നീ നോവലുകളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുകയാണ് ഈ ലേഖനത്തിൽ.
വിമുക്തിയിലേക്ക് ( ? ) വഴി തുറക്കുന്ന വാതിൽ
---------------------------------------------
വളരുന്തോറും വളരുന്ന നിയന്ത്രണങ്ങൾക്കൊപ്പമാണ് നങ്ങേമ ജീവിച്ചത്. വിമുക്തിയിലേക്ക് വഴി തുറക്കുന്ന വാതിലായി വിശ്വസിക്കപ്പെടുന്ന ഗാർഹസ്ഥ്യത്തിലേക്കുള്ള കുടിവയ്പിൻ്റെ ഒരുക്കങ്ങൾ വിവരിച്ചു കൊണ്ടാണ് കെ.ബി. ശ്രീദേവിയുടെ യജ്ഞം എന്ന നോവൽ ആരംഭിക്കുന്നത്. പെണ്ണിനെ വെറും ശരീരമാക്കുന്ന ആചാരങ്ങൾ - മന്ത്രകോടി കൊണ്ട് ആസകലം മൂടി കുടിവയ്പ്, ഭർത്താവിൻ്റെ ഉച്ഛിഷ്ടം ഭക്ഷിക്കുന്ന നവവധു -അഗ്നിക്കും സോമനും ഇന്ദ്രനുമുള്ളതാണ് ആദ്യത്തെ മൂന്ന് രാത്രികൾ. പക്ഷേ മനുഷ്യമുഖത്തെയാണവൾ ആഗ്രഹിച്ചതും കാത്തിരുന്നതും.
പ്രായപൂർത്തിയായ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം പോലും നിഷേധിച്ചിരുന്നു. പഠിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച നങ്ങേമയ്ക്ക് കിട്ടിയ ഉത്തരം ഇങ്ങനെയാണ്.
"പെൺകിടാങ്ങള് ഇശ്ശി പഠിച്ചിട്ടെന്താ?കടവല്ലൂർക്ക് കടന്നിരിക്കാനൊന്നും പോണ്ടല്ലോ "P 12
എന്നായിരുന്നു.
" പെൺകിടാങ്ങളു പഠിച്ചു കേമത്തികളായ്യാൽ അത്ര കേമത്തള്ള നമ്പൂര്യേ കിട്ടണ്ടേ! നമ്പൂരി പൊട്ടനായ്യാൽ ആത്തേമ്മാർക്കു പുച്ഛം തോന്നില്യേ ? വേട്ട നമ്പൂര്യേ പുച്ഛിക്കണത് പാപല്ലേ? അതോണ്ടാവും കുട്ട്യേ പഠിപ്പിക്കാത്തത് " P 13
ഭർത്താവ്, പെണ്ണിനെക്കാൾ കേമനാവണമെന്നും വേട്ട നമ്പൂതിരിയെ പുച്ഛിക്കുന്നത് പാപമാണെന്നുമുള്ള ചിന്ത സ്ത്രീകൾ പുലർത്തിയിരുന്നു. സ്ത്രീകൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനു വിലക്ക്, അടക്കം, ഒതുക്കം. താൻ പാട്ടു പാടുമ്പോൾ പലരും ചെവിയോർക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചപ്പോൾ "അത്ര ഉറക്കെ ചൊല്ലണ്ട " എന്ന നിർദ്ദേശമാണ് അമ്മയിൽ നിന്ന് കിട്ടിയത്. ആസ്വാദനത്തിനും ആവിഷ്കാരത്തിനുമുള്ള അവസരങ്ങൾ ഒരുപോലെ നിഷേധിക്കപ്പെട്ടു. സ്വന്തം വിവാഹം തീരുമാനിക്കുന്നതിലും പെൺകുട്ടിക്ക് യാതൊരവകാശവുമുണ്ടായിരുന്നില്ല. വീട്ടുകാരുടെ തീരുമാനത്തെ ചോദ്യം ചെയ്യാതെ അനുസരിക്കുക മാത്രമായിരുന്നു അവളുടെ കടമ.
ഒരു ജന്മത്തിൽത്തന്നെ രണ്ട് ജന്മങ്ങളുടെ അനുഭവമാണ് സ്ത്രീക്ക് വിവാഹം സമ്മാനിക്കുന്നത്. പിറന്നില്ലത്തെ കെട്ടിലും അടുക്കളയിലും പടിഞ്ഞാറ്റിയിലുമായി ഉത്തരവാദപ്പെട്ട ഒന്നിനെപ്പറ്റിയും ചിന്തിക്കാതെ, അനിഷ്ട പ്രദമായ വാക്കുകൾ കേൾക്കാതെ, ഒന്നിനെയും സംശയിക്കാതെ, ആരുടെയും ഇഷ്ടം നോക്കാതെയുള്ള ജീവിതം. എന്നാൽ കടന്നുവന്ന വഴികൾ വിവാഹത്തോടെ പെട്ടെന്ന് ഇല്ലാതാവുന്നു. ജീവിതത്തിലെ തോൽവികൾക്ക് തുടക്കമാവുന്നു. പതിനെട്ടു വർഷം അനുഭവിച്ച ജീവിതം ഒരു ദിവസം കൊണ്ട് മറക്കാൻ നങ്ങേമയ്ക്ക് സാധിക്കുന്നില്ല. എങ്കിലും ജീവിതം പറിച്ചു നട്ട പുതിയ മണ്ണിന് വളക്കൂറ് കുറവാണെങ്കിലും കരിഞ്ഞു പോകരുതെന്നും വളരുവാനും പുഷ്പിക്കുവാനും സാധിക്കണമെന്നുമുള്ള ബോധ്യം അവൾക്കുണ്ട്.
നങ്ങേമയുടെ നേർപ്പകർപ്പ് തന്നെയാണ് ഈ നോവലിലെ മിക്ക കഥാപാത്രങ്ങളും. ഭർത്താവിൻ്റെ മുഖം പോലും കാണാൻ സാധിക്കുന്നതിനു മുൻപ് വിധവയാകേണ്ടി വന്ന പാപ്തി. മന്ത്രം ചൊല്ലി ക്രിയ കഴിച്ചാൽ മാത്രം ഒരു സ്ത്രീ ഭാര്യയാവുന്നതെങ്ങനെയെന്നും വിധവാവിവാഹം ഇത്ര ശക്തിയായി വിരോധിക്കുന്നതെന്തിനാണ്? നിർബന്ധിച്ച് വീണ്ടും വിവാഹം കഴിപ്പിക്കണ്ടെങ്കിൽ വേണ്ട. സന്നദ്ധതയുള്ളവരെ തടയണോ എന്ന ചോദ്യങ്ങൾ അവൾ സ്വയം ചോദിക്കുന്നു. ഭാര്യ ജീവിച്ചിരിക്കെ വീണ്ടും വിവാഹം കഴിക്കുന്നതിന് നമ്പൂതിരിമാർക്ക് തടസ്സമില്ല. എന്നാൽ ഭർത്താവിൻ്റെ മുഖദർശനം പോലും സാധ്യമാവാത്ത സ്ത്രീകൾക്ക് ജീവിതം നിഷേധിക്കുന്നു.
പുതിയ തലമുറ സമുദായ നീതികളിൽ നിന്നും ആചാരങ്ങളിൽ നിന്നും മാറി നടക്കാൻ ശേഷിയുള്ളവരാണ്. നങ്ങേമ, സമുദായ നീതികളെ ചോദ്യം ചെയ്യാതെ അനുസരിക്കുന്നവളാണെങ്കിലും മകളായ സാവിത്രി അങ്ങനെയല്ല . സാവിത്രി ജന്മനാ ഭ്രഷ്ടയാണ്. ചെയ്യാത്ത കുറ്റത്തിന് ശിക്ഷയനുഭവിക്കേണ്ടി വരുന്ന അസംബന്ധമാണവൾ അനുഭവിക്കുന്നത്. പക്ഷേ അവൾക്ക് ആലോചനാശേഷിയും ഉറച്ച തീരുമാനങ്ങളുമുണ്ട്. അതുകൊണ്ടുതന്നെ താൻ നോക്കുന്ന കണ്ണുകൊണ്ട് സാവിത്രിക്ക് ഈ ലോകത്തെ കാണാൻ കഴിയില്ലെന്നും വഴി മാറിക്കൊടുക്കുന്നതാണ് നല്ലതെന്നുമുള്ള തിരിച്ചറിവും നങ്ങേമയ്ക്കുണ്ട്.
നിറങ്ങൾ അലിഞ്ഞു തീർന്ന ജീവിതങ്ങൾ
---------------------------------------------------------------
കേരളത്തിലെ തമിഴ് ബ്രാഹ്മണരുടെ ജീവിതവും അവരുടെ ആചാരാനുഷ്ഠാനങ്ങളുമാണ് സാറാ തോമസിൻ്റെ നാർമടിപ്പുടവ എന്ന നോവലിൽ ആവിഷ്കരിക്കപ്പെടുന്നത്. ബ്രാഹ്മണ്യവും അതിൻ്റെ മനുഷ്യത്വരഹിതമായ ആചാരങ്ങളും മാന്യവും സ്വതന്ത്രവുമായ ജീവിതം അസാധ്യമാക്കിയ കനകാംബാൾ എന്ന സ്ത്രീയാണിതിൽ കേന്ദ്രസ്ഥാനത്ത്. പുരോഗമനം എത്തിനോക്കാത്ത അഗ്രഹാരങ്ങൾ വ്യക്തികളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ താത്പര്യങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒരു വിലയും കല്പിക്കുന്നില്ല. ദുഃസഹമാണ് ഒരു ബ്രാഹ്മണ വിധവയുടെ ജീവിതം. എല്ലാ നിറങ്ങളും അവളിൽ നിന്ന് മാഞ്ഞു പോകും."താൻ അസ്വതന്ത്രയാണ്. തൻ്റെ വികാരങ്ങൾ ഇരുമ്പു ചങ്ങലകൾ കൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്നു . കൊലപ്പുള്ളിയുടെ കാലിലെ തുടൽപോലെ അത് മരണം വരെ തൻ്റെ ഹൃദയത്തെ തളച്ചിട്ടിരിക്കും " എന്ന് കനകാംബാൾ ബോധവതിയാണ്.
മനുഷ്യത്വത്തെപ്പോലും മറന്നു കൊണ്ടാണ് സാമുദായികാചാരങ്ങൾ വ്യക്തികളെ ഇല്ലാതാക്കുന്നത്. സമുദായത്തിൻ്റെ വിലക്കുകളെ നേരിടാൻ കഴിവില്ലാത്തവർക്ക് സ്വയം ഇല്ലാതാവാനേ കഴിയൂ. അതുകൊണ്ടാണ് ബ്രാഹ്മണകുലത്തിൽ പെണ്ണായി പിറക്കുന്നതു തന്നെ ദുർവിധി എന്ന് കനകാംബാൾ ചിന്തിക്കുന്നത്. ദാരിദ്ര്യവും വൈധവ്യവും ഈ ദുർവിധിയുടെ കാഠിന്യം വർദ്ധിപ്പിക്കും.
അഗ്രഹാരങ്ങളിൽ പലരുടെയും ജീവിതം മരണത്തിനു വേണ്ടിയുള്ള കാത്തിരിപ്പാണ്. ഓരോ ദിവസവും കഴിഞ്ഞവയുടെ തനിയാവർത്തനങ്ങൾ. സമുദായം വരയ്ക്കുന്ന നിയന്ത്രണങ്ങളെ മറി കടക്കുവാനോ മാറി സഞ്ചരിക്കാനോ പലപ്പോഴും ഈ പാവം മനുഷ്യർക്ക് സാധിക്കാറില്ല.
സ്വന്തം ആഗ്രഹങ്ങൾക്ക് മനസിൽ ചിതയൊരുക്കിയ ശേഷമാണ് കനകാംബാൾ സുന്ദരവുമായുള്ള വിവാഹത്തിന് തയ്യാറാവുന്നത്. അപസ്മാരരോഗിയായ അയാൾ വിവാഹദിവസം തന്നെ മരണപ്പെട്ടപ്പോൾ പതിനാറാം വയസിൽ അവൾ വിധവയായി. തൻ്റെ സഹോദരി കസ്തൂരിയുടെ മകളായ കാഞ്ചനയിലാണ് അവൾ പിന്നീട് തൻ്റെ സന്തോഷം കണ്ടെത്തിയത്. പക്ഷേ കാഞ്ചന, മനസു പറഞ്ഞ വഴിയേ സഞ്ചരിക്കുന്നവളായിരുന്നു. ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും കെട്ടുപാടുകൾ പൊട്ടിച്ചെറിഞ്ഞ് അവൾ സ്വന്തം ജീവിതം തിരഞ്ഞെടുത്തു. കനകാംബാളിനോടുള്ള സ്നേഹവും കടപ്പാടും പോലും അവൾക്കതിന് തടസ്സമായില്ല . പുതിയ തലമുറയുടെ അതിജീവന ശ്രമങ്ങളുടെ ചിത്രം കൂടിയാണ് കാഞ്ചനയിൽ കാണുന്നത്. എന്നാൽ തൻ്റെ ദുർവിധിയെയും മതശാസനകളുടെ നിയന്ത്രണങ്ങളെയും അതേ പടി സ്വീകരിക്കുകയാണ് കനകാംബാൾ ചെയ്യുന്നത്.
ബഹുദൂരിപക്ഷം സ്ത്രീകളെയും പോലെ താൻ ജീവിച്ച ജീവിതത്തിൻ്റെ തുടർച്ച ജീവിക്കാനാണ് കനകാംബാൾ കാഞ്ചനയെ പ്രേരിപ്പിക്കുന്നത്. പക്ഷേ ബന്ധങ്ങളിലും ജീവിതത്തിലും സത്യസന്ധത പുലർത്തുന്ന പുതിയ തലമുറയുടെ പ്രതിനിധിയായ കാഞ്ചനയ്ക്കറിയാം താൻ എങ്ങനെ, ആരോടൊപ്പം ജീവിക്കണമെന്ന്. ബന്ധുജനങ്ങളോടുള്ള കടമയോ സമുദായ നീതികളോടുള്ള വിധേയത്വമോ സമൂഹത്തിൻ്റെ വിചാരണകൾ നേരിടേണ്ടി വരുന്നതിലെ ഭയമോ അവളെ തീരുമാനങ്ങളെടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നില്ല.
പെണ്ണിനെ വളർത്തുന്നത് വിവാഹം കഴിപ്പിച്ചയക്കാൻ വേണ്ടി മാത്രമാണെന്ന ചിന്തയാണ് സമുദായത്തിൻ്റേത്. അതിൽ നിന്ന് കനകാംബാളും മുക്തയല്ല. അതു കൊണ്ടാണ് ആദ്യ രാത്രിയിൽ തന്നെ വിധവയാകേണ്ടി വന്ന ദുർവിധി ജീവിതകാലം മുഴുവൻ സ്വീകരിച്ച് അതിനനുസരിച്ച് അവൾ ജീവിച്ചത്. സംതൃപ്തമായൊരു ദാമ്പത്യജീവിതം സാധ്യമാകുമായിരുന്നെങ്കിൽ ജോലി സമ്പാദിക്കാൻ അവൾ ശ്രമിക്കുകയേ ഇല്ലായിരുന്നു. കാഞ്ചനയെയും എത്രയും വേഗം ഒരു പുരുഷനെ ഏല്പിക്കാനാണവൾ ശ്രമിക്കുന്നത്. കന്യക പരസ്വമാണെന്ന ബ്രാഹ്മണ്യ നീതി ഓരോരുത്തരിലും ആഴത്തിൽ വേരോടിയിരിക്കുന്നു. മറിച്ച് ചിന്തിക്കുന്നതു തന്നെ പാപമാണെന്നു കരുതുന്ന വ്യവസ്ഥിതിയുടെ ഇരകളാണവർ
അപസ്മാരരോഗിയും വിരൂപനുമായ ഒരാളെയാണ് കുടുംബം കനകാംബാളിനായി തിരഞ്ഞെടുത്തത്. ജാതകവും പണവുമാണ് ദമ്പതികൾ തമ്മിലുള്ള ചേർച്ച നിശ്ചയിക്കുന്നത്.
" പൂർണ്ണ ബോധത്തോടെയല്ല പിന്നെയുള്ള സംഭാഷണങ്ങൾ കേട്ടത്. പണക്കാരനെങ്കിലും തനിക്ക് ഒരു കോങ്കണ്ണൻ ഭർത്താവ് വേണ്ടെന്ന് മനസ് നിശ്ശബ്ദം തേങ്ങിക്കൊണ്ടിരുന്നു. തൻ്റെ വികാരങ്ങൾ അവർ മനസിലാക്കിയെങ്കിൽ !" P 31
ഒളിച്ചും പാത്തും തന്നെ പിൻതുടരാറുള്ള ദാഹാർത്തമായ തുറിച്ച കണ്ണും നനവിൻ്റെ തിളക്കമുള്ള ചുവന്നു മലച്ച ചുണ്ടിലെ ആർത്തിയുമാണ് കനകാംബാളിന് ഭർത്താവിനെക്കുറിച്ചുള്ള ഓർമകൾ. അയാളോടൊത്തുള്ള ആദ്യാനുഭവവും അവളെ ഭയപ്പെടുത്തുന്നതായിരുന്നു.
"ഒരു ജേതാവിൻ്റെ അട്ടഹാസം! ആർത്തിയോടെ ആ മുഖം കുനിഞ്ഞു. ചൂടുള്ള ഉച്ഛ്വാസവായു കവിളിൽ തട്ടുകയാണ്. തൻ്റെ അധരങ്ങളിലേക്കടുത്ത ആ അധരങ്ങൾ പെട്ടെന്ന് വക്രിച്ചു കോടി. ശരീരത്തിൽ വിറളി പിടിച്ച് പരതി നടന്ന ഒറ്റക്കണ്ണ് പുറകോട്ട് മറിഞ്ഞു മറിഞ്ഞു പോകയാണ്. എന്തോ വികൃതമായ ആക്രോശം !ചുണ്ടുകളുടെ കോണിൽ നുരയും പതയും ! കൈകാലുകൾ തൻ്റെ ശരീരത്തെ കെട്ടിവരിഞ്ഞു മുറുക്കുകയാണ്. ചലനമറ്റ ഭാരിച്ച ഒരു മാംസപിണ്ഡം പോലെ ആ ശരീരം തന്നിലേക്ക് അമർന്നു കഴിഞ്ഞു. " P 62
കന്യകയായ വിധവയായി അവൾ തൻ്റെ വിധിയെ നിശ്ശബ്ദം ഏറ്റുവാങ്ങി.
''സമയവും സന്ദർഭവും കാക്കാതെ സഹതാപം രേഖപ്പെടുത്താൻ ഒറ്റയായും കൂട്ടമായും എത്തിയ അന്വേഷണക്കാരുടെ മുമ്പിൽ ഒരു മരപ്പാവ കണക്കെ ഇരുന്നു. ഒരു പ്രദർശന വസ്തുവെപ്പോലെ അവർ തൻ്റെ ചുറ്റും നിന്ന് എന്തൊക്കെയാണ് പറഞ്ഞിരുന്നത്! അവരുടെ ആശ്വാസവചനങ്ങളോ കണ്ണീരിൽ കുതിർന്ന മുഖങ്ങളോ തന്നിൽ ചലനങ്ങൾ സൃഷ്ടിച്ചില്ല. മനസ് മറ്റൊരു ലോകത്ത് ചുറ്റിത്തിരിഞ്ഞു കൊണ്ടിരുന്നു. അവിടെ നിറങ്ങളില്ലായിരുന്നു. സുഗന്ധമില്ലായിരുന്നു. ഇരുൾ പരത്തിയ ശൂന്യതയിൽ വരയ്ക്കപ്പെട്ട കുറെ നരച്ച നിശ്ചല ചിത്രങ്ങൾ മാത്രം " P. 62
ബ്രാഹ്മണ സമുദായത്തിൽ വിധവയുടെ മാത്രമല്ല സുമംഗലിയുടെ ജീവിതവും ദുരിതപൂർണ്ണമാണെന്ന് പിന്നീടവൾക്ക് മനസിലാവുന്നു. ജോലിയെടുത്തു തളർന്നും രോഗത്തിന് മതിയായ ചികിത്സയോ നല്ല ആഹാരമോ കിട്ടാതെയും അക്കാലത്തിൽ ജീവിതം അവസാനിക്കാനായിരുന്നു കനകത്തിൻ്റെ സഹോദരിയായ കസ്തൂരിയുടെ വിധി.
വൈധവ്യം സൃഷ്ടിച്ച ഉരുക്കു കോട്ട ജോലിസ്ഥലത്തും സ്വാഭാവികമായ പല സന്തോഷങ്ങളിൽ നിന്നും കനകത്തെ നിയന്ത്രിക്കുന്നു. പ്രലോഭനങ്ങളോടു മാത്രമല്ല നിഷ്കളങ്കമായ സ്നേഹത്തോടും അവൾ പുറം തിരിഞ്ഞു നിൽക്കുകയാണ്. താനത് ആഗ്രഹിക്കുന്നു എന്നറിഞ്ഞു കൊണ്ടു തന്നെ
" സൗഹൃദം തുളുമ്പുന്ന ആ മുഖം ഇനി ഞാൻ കണ്ടെന്നിരിക്കില്ല. മുഴക്കമുള്ള ആ ശബ്ദം കേട്ടെന്നിരിക്കില്ല. ഇരുളിലാണ്ട തൻ്റെ ജീവിതത്തിൽ അദ്ദേഹം സ്വയം പ്രകാശിക്കുന്ന ഒരു പിടി ഓർമകൾ മാത്രമായിത്തീരും! മങ്ങലേല്ക്കാതെ, അണയാതെ ഒരു നിധി പോലെ താൻ അവയെ കാത്തു സൂക്ഷിക്കും. ഭ്രാന്തു പിടിപ്പിക്കുന്ന ഏകാന്തതയുടെ നിമിഷങ്ങളിൽ നിധി കാക്കുന്ന ഭൂതത്തെപ്പോലെ നോക്കിക്കൊണ്ട് ആശ്വാസമടയാൻ" P 222
ശൂന്യതയുടെ അന്ധകാരം മാത്രം നിറഞ്ഞ തൻ്റെ ജീവിതത്തിൽ ഏകമാത്രമായ വെളിച്ചമായി അവൾ കണ്ടത് കാഞ്ചനയെയാണ്. പക്ഷേ ബ്രാഹ്മണ്യത്തിനു മാത്രമായി നിർമ്മിക്കപ്പെട്ട പ്രത്യേക നീതി സംഹിതകളിലും വിലക്കുകളിലും കാഞ്ചന വിശ്വസിക്കുന്നില്ല. മാത്രമല്ല, തൻ്റെ ജീവിതത്തിൻ്റെ നിർണ്ണയാവകാശം തനിക്കു മാത്രമാണെന്നവൾ കരുതുകയും ചെയ്യുന്നു. തൻ്റെ തീരുമാനങ്ങൾ കനകത്തിനെ വേദനിപ്പിക്കുമെന്നറിയാമെങ്കിലും തൻ്റെ മനസ് പറയുന്നതു പോലെ പ്രവർത്തിക്കാനേ കാഞ്ചനയ്ക്ക് കഴിയൂ. കാഞ്ചനയുടെ നഷ്ടത്തിൽ തൻ്റെ കണ്ണുകളിൽ പടർന്ന ഇരുട്ട് തലച്ചോറിലേക്കും വ്യാപിക്കുന്നു എന്നത് കനകത്തിൻ്റെ അനിവാര്യമായ വിധിയാണ്.
അസൂര്യംപശ്യയുടെ സ്മാർത്തവിചാരം
-------------------------------------------------------------------
സ്ത്രീയുടെ ലൈംഗികതയ്ക്ക് നിയന്ത്രണങ്ങൾ കല്പിക്കുന്ന, പുരുഷനും സ്ത്രീക്കും വ്യത്യസ്തമായ സദാചാരനിയമങ്ങൾ വിധിക്കുന്ന സമുദായത്തിൻ്റെ അനീതികളോടുള്ള പ്രതിഷേധത്തിൻ്റെയും പ്രതികാരത്തിൻ്റെയും കഥയാണ് മാടമ്പ് കുഞ്ഞുകുട്ടൻ്റെ ഭ്രഷ്ട് എന്ന നോവൽ. ചാരിത്ര്യഭംഗം ആരോപിക്കപ്പെട്ട് സ്മാർത്തവിചാരം നേരിടേണ്ടി വന്ന കുറിയേടത്ത് താത്രിയുടെ ജീവിതമാണ് ഈ കൃതിക്ക് പ്രചോദനം .ഈ നോവലിലെ പാപ്തിക്കുട്ടി, ഒറ്റയ്ക്ക് പൊരുതുന്ന പെണ്ണാണ്. ബ്രാഹ്മണ്യം സ്ത്രീയോടു പുലർത്തുന്ന വിവേചനത്തെ ചോദ്യം ചെയ്യുകയാണ് അറുപത്തിനാല് പേരെ ഭ്രഷ്ടരാക്കുക വഴി പാപ്തിക്കുട്ടി ചെയ്തത്. ഇത് ലൈംഗികതയുടെ മേൽ സമുദായം അടിച്ചേല്പിക്കുന്ന നിയന്ത്രണങ്ങളെ പുനർവിചാരണ ചെയ്യാനുള്ള പ്രേരകമാണ്.
അറുപത്തിനാല് വിദ്യാധരന്മാർ, കലാധീശർ, വേദവിജ്ഞർ 'ഋഷികൾ ഇവരാണ് പാപ്തിക്കുട്ടിയുടെ സൗന്ദര്യത്തിൽ അടി പതറിയത്. തമ്പുരാൻ്റെ പേര് പറയുന്നതിനു മുന്നേ സ്മാർത്തവിചാരം നിർത്തി. പലർക്കും ആശ്വാസമായി. അസൂര്യം പശ്യയായ സ്ത്രീയാണ് സ്മാർത്തവിചാരം നേരിട്ടത്. പക്ഷേ അത് ബോധപൂർവം ചെയ്ത പ്രവൃത്തിയുടെ ഫലമായിരുന്നു.
താത്രിക്കുട്ടിയുടെ സ്മാർത്തവിചാരത്തിൻ്റെ ചരിത്രപശ്ചാത്തലം രാജവാഴ്ചയുടേതായിരുന്നു. കുറ്റക്കാരായ നാട്ടുകാരെ കായലിൽ താഴ്ത്തിയ ,വിദേശീയരുടെ മുന്നിൽ വിധേയത്വം പുലർത്തിയ, ചരിത്രം. പക്ഷേ ചിലർ മാറിച്ചിന്തിക്കുകയും ഇംഗ്ലീഷ് പഠനത്തിനായി വാദിക്കുകയും അപ്ഫന്മാർ സ്വജാതിയിൽ നിന്ന് വിവാഹം കഴിക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.
ചിതറിത്തെറിക്കുന്ന പെണ്ണായിരുന്നു പാപ്തിക്കുട്ടി. ചെറ്യേടത്ത് നീലൻ്റെ വേളിയായി ഇല്ലത്തെത്തിയ അവൾക്ക് ആദ്യം സ്വീകരിക്കേണ്ടി വന്നത് ജ്യേഷ്ഠനായ തുപ്പനെ. അതിനുശേഷം" എച്ചിലു നക്കാൻ കാത്തു നിൽക്കുന്ന പട്ടി'' യായി അവൾ നീലനെ അറിയുന്നു. വൈദികമതം സ്വർഗ്ഗത്തിലേക്കുയർത്തിയ ബ്രാഹ്മണ്യം സഹോദര പത്നിയെ കാമശാന്തിക്കുപയോഗിക്കുന്നതിലെ പ്രതിഷേധമാണ് അവളിലെ പ്രതികാരത്തെ ഉണർത്തിയത്. ഈശ്വരൻ എന്ന വാക്കിൻ്റെ നിരർത്ഥകത ആയുസ്സിലാദ്യമായി പാപ്തിക്കുട്ടിക്ക് ബോധ്യമായതും അന്നാണ്. പിന്നീടവൾ തൻ്റെ കാൽക്കീഴിലമരുന്നവരെ മനസിൽ കണ്ട് തൃപ്തിയോടെ ചിരിച്ചു. തൻ്റെ ഗുരുനാഥനെയും ബന്ധുക്കളെയും പോലും അവൾ ഒഴിവാക്കുന്നില്ല.
"പാച്ച്വപ്ഫനും വാസ്വപ്ഫനും വരും. എല്ലാവരും വരണം. നാടു ഭരിക്കുന്ന പൊന്നുതമ്പുരാൻ കൂടി വരണം. വരുത്തും. ഈ വ്രതം കാലം കൂടട്ടെ .... എല്ലാ നാലുകെട്ടും പൊളിക്കും......'
" മലയാളത്തിലെ നമ്പൂരാരെ മുഴുവൻ ഈ മഹാമഘത്തിൽ ക്രിയയ്ക്കു കൂട്ടണം. ഇല്ലങ്ങൾ കല്പാന്തകത്തോളം ചെറ്യേടത്തു പാപ്തിക്കുട്ടിയെ ഓർത്ത് പേടിച്ചു നിലവിളിക്കണം" P87
ഓയ്ക്കില്ലത്തെ പാച്ച്വപ്ഫനായിരുന്നു അവളുടെ ആദ്യത്തെ ഇര.
" പരിഭ്രമം തീരാത്ത ഓയ്ക്കൻ്റെ അടുത്തു വന്നു പാപ്തിക്കുട്ടി വെറ്റില ചെല്ലത്തിലിട്ടു . കരുതിക്കൂട്ടി ഉടയാത്ത മാറ് ഓയ്ക്കൻ്റെ തോളിൽ ഉരസി. അന്തംവിട്ടു നോക്കിയ ഓയ്ക്കൻ്റെ കണ്ണിൽ രതീദേവിയായി വസന്തലാസ്യമാടി. ആ ദർശനം ഓയ്ക്കൻ്റെ സിരകളെ ഉണർത്തി. ഒതുങ്ങിക്കിടന്ന വികാരം ഓളം ചവിട്ടി. ചെല്ലത്തിൽ തിരുപ്പിടിച്ചിരുന്ന കൈകൾ അറിയാതെ പാപ്തിക്കുട്ടിയെ തൊട്ടു . കൂട്ടിത്തൊട്ട ശരീരഭാഗങ്ങളിൽ നിന്ന് തീ പാറി. ആ ചൂടിൽ ഓയ്ക്കൻ്റെ സ്വബോധം നശിച്ചു.
അപരാധ ബോധത്തോടെ കഴിഞ്ഞ വിനാഴികകളുടെ പാപഭാരം താങ്ങാനാവാതെ പാച്ച്വേയ്ക്കൻ ചെറ്യേടത്തു പടി കടന്നു. കുടുമയഴിച്ചിട്ട് വേച്ചു വേച്ചു നടന്നകലുന്ന പാച്ച്വേയ്ക്കനെ നോക്കി ചെറ്യേടത്തു പാപ്തിക്കുട്ടി മനസ്സു നിറഞ്ഞു ചിരിച്ചു " P 87
അപ്ഫൻമാർ നാടു നീളേ നടന്ന് സംബന്ധം കഴിക്കുമ്പോൾ നമ്പൂതിരിപ്പെൺകുട്ടികൾ ബാല വിധവകളായി നരകിച്ചു.
"നമ്പൂതിരിയില്ലങ്ങളിലെ പകൽ വെളിച്ചം എത്തിനോക്കാത്ത മച്ചുകളിൽ കുടിയിരിക്കുന്ന പ്രേതങ്ങൾ പെൺകിടാങ്ങളെ പേടി കാട്ടി . ഒറ്റ വസ്ത്രമുടുത്ത് അംഗവസ്ത്രം പോലുമില്ലാതെ സ്ത്രീത്വത്തെ പുച്ഛിച്ച ബ്രാഹ്മണ്യത്തിൻ്റെ മുന്നിൽ കന്യകമാർ ഇരുന്നു നരച്ചു. സൂര്യകിരണം തട്ടി ചാരിത്ര്യം നഷ്ടപ്പെട്ടാലോ എന്ന് ഭയന്ന് നടുമിറ്റത്തിറങ്ങുമ്പോഴും ചേലപ്പുതപ്പും മറക്കുടയും ധരിച്ചു. ഒപ്പം ദാസിയെ നടത്തി. കഷ്ടിച്ച് രാവും പകലും തിരിയുമ്പോഴേക്കും രാസക്രീഡ ആടുന്ന ദാസിമാർ പറഞ്ഞ കഥകൾ കേട്ട് അന്ത:പുരം വിട്ടിറങ്ങാത്ത പെൺകിടാങ്ങൾ കാതു പൊത്തി. പിന്നെ ജന്മമോർത്തു ദുഃഖിച്ചു. P 40
"പെൺകൊടകൾ നടക്കാനായി മൂസാമ്പൂരിമാർ കൂടുതൽ വേട്ടു. വേളി കൂടിയപ്പോൾ മക്കളും കൂടി. സപത്നിമാരുടെ കടിപിടി ഇല്ലങ്ങളിൽ സാധാരണയായി . മൂസാമ്പൂരിമാർ ബഹളം പേടിച്ചു സ്വസ്ഥമായുറങ്ങാൻ ശൂദ്രഗൃഹങ്ങളന്വേഷിച്ചു " P54
പെൺകുട്ടികളെ സംബന്ധിച്ച് ,തിരണ്ടു കഴിഞ്ഞാൽ പഠിക്കരുത്, പുറത്തു കടക്കരുത്, അന്യപുരുഷനെ കാണരുത്. അവർ ആയുഷ്കാലം ഇരുൾ മൂടിയ നാലുകെട്ടിനകത്തെ വീർപ്പുമുട്ടിക്കുന്ന വായു ശ്വസിച്ച് കഴിഞ്ഞു കൂടി. നിത്യകർമ്മങ്ങൾ അണുവിട തെറ്റിക്കാതെ അനുഷ്ഠിച്ചു പോന്നു. സാപത്ന്യത്തിൻ്റെ മത്സരങ്ങളിൽ നിന്നു രക്ഷ നേടാനായി ഉറക്കെയുറക്കെ നാമം ജപിച്ചു. ഔപാസനാഗ്നിക്കു മുമ്പിൽ മാത്രമായി ദാമ്പത്യം ചുരുങ്ങി. അറിയാതെയെങ്ങാനും ഭർത്താവിനെ നിന്ദിച്ചു പോയാലോ എന്ന ചിന്തയുടെ പാപഭാരത്തിൽ പിറന്നാളിന് അലക്കിയതുടുത്തും എച്ചിലു തിന്നും ജീവിച്ചു. ജനിക്കുന്ന പെൺകിടാങ്ങളെയോർത്ത് കണ്ണീരൊഴുക്കി
സ്മാർത്തവിചാര സമയത്ത് തന്നെ പ്രതികാരത്തിനു പ്രേരിപ്പിച്ച വസ്തുതകൾ പാപ്തി അക്കമിട്ട് പറയുന്നുണ്ട്. പാതിവ്രത്യം നമ്പൂതിരിമാർക്കും കല്പിച്ചാൽ ഭ്രഷ്ടില്ലാത്ത എത്ര നമ്പൂതിരിമാരുണ്ടാവും എന്ന അവളുടെ ചോദ്യത്തിനു മുന്നിൽ ബ്രാഹ്മണ്യം ചൂളുന്നുണ്ട്. ഭ്രഷ്ടയായി പടിയിറങ്ങുന്ന പാപ്തിക്കുട്ടിയെ നോവലിസ്റ്റ് ഇങ്ങനെയാണ് വർണ്ണിക്കുന്നത്.
" തീയിലിട്ട് ഊട്ടിയെടുത്ത കാന്തി ചുറ്റും വിതറി പാപ്തിക്കുട്ടി പുറത്തേക്കിറങ്ങി. പുറം കൈയിനാൽ അഞ്ചാം പുരയുടെ വാതിൽ പിന്നിൽ തട്ടിയടച്ചു. ഓർമ്മയില്ലാത്ത ജന്മങ്ങളായി അനുഭവിക്കുന്ന പാരതന്ത്ര്യത്തിൽ നിന്നു മുക്തി നേടി. സവിതാവിനെ മുഖദർശനം സാധിച്ച് സിദ്ധകാമയായി. പകച്ചു നോക്കുന്ന വൈദികരെ നോക്കി മാന്ത്രികച്ചിരി ചിരിച്ചു.ആകർഷിച്ചടുപ്പിച്ചു ജീവനെടുക്കുന്ന മുഗ്ദ്ധ ഹാസം ! ഓരോ പാദപതനത്തിലും ഭൂമി കുലുങ്ങി. " P 133
ഈ മൂന്ന് നോവലുകളിലെയും സ്ത്രീ കഥാപാത്രങ്ങളുടെ സഹനങ്ങൾക്ക് സമാനതകളുണ്ട്. മനോഭാവങ്ങൾക്കും. അലിഖിതമായ സമുദായ നീതികളുടെയും ആചാരങ്ങളുടെയും വിലക്കുകളെ സ്വന്തം വിധിയായി അംഗീകരിക്കുന്നവരാണ് ഭൂരിപക്ഷവും. മറിച്ച് ചിന്തിക്കുന്നവർക്കും ഈ ഊരാക്കുടുക്കിൽ നിന്ന് രക്ഷപ്പെടാനുള്ള ധൈര്യമില്ല. പുതിയ തലമുറയുടെ അതിജീവന ശ്രമങ്ങൾക്ക് അവരുടെ നിശ്ശബ്ദമായ പിന്തുണയുണ്ടെന്നു മാത്രമല്ല, അവരുടെ വഴിയിൽ തടസ്സമാവാതിരിക്കാനുള്ള ആർജ്ജവവും പല മുതിർന്ന സ്ത്രീകളും പ്രകടിപ്പിക്കുന്നുണ്ട്. പുരുഷാധിപത്യം രൂപപ്പെടുത്തിയ സമുദായ നിയമങ്ങളോടും ലൈംഗിക വിവേചനങ്ങളോടുമുള്ള പ്രതിഷേധം പലരുടെയും ഉള്ളിൽ പുകയുന്നുണ്ടെങ്കിലും അതൊരു അഗ്നിയായി പടർന്ന് ബ്രാഹ്മണ്യത്തെ ചുട്ടു ചാമ്പലാക്കാനുള്ള ശേഷി നേടുന്നത് പാപ്തിക്കുട്ടിയിലാണ്. ഒറ്റയ്ക്ക് പൊരുതുന്ന പെണ്ണിൻ്റെ പ്രതിഷേധവും പ്രതികാരവും അതിജീവന ശ്രമങ്ങളും പല നിലകളിൽ പില്ക്കാലത്തിൻ്റെ പ്രചോദനമായി ഇവിടെ മാറുന്നു.
തനിമ സുഭാഷ്
HSST മലയാളം
GHSS പുറത്തൂർ, മലപ്പുറം