സ്ത്രീകൾക്ക് വിവാഹം ഒരു ആവശ്യമാണോ?ഒരു തിരഞ്ഞെടുക്കൽ ആണോ? ഒരു ദാർശനിക കൗൺസിലിങ് വ്യാഖ്യാനം .
- GCW MALAYALAM
- Mar 14
- 4 min read
Updated: Mar 15
ഐശ്വര്യ പി എൻ

സംഗ്രഹം
നമ്മുടെ സമൂഹത്തിൽ വളരെക്കാലമായി കണ്ടുവരുന്ന ഒരു സാമൂഹിക ഇടപാടാണ് വിവാഹം. സുരക്ഷിതത്വത്തിനു അധിഷ്ഠിതമെന്നോ ഉത്തരവാദിത്വങ്ങളിൽ ഏർപ്പെടൽ എന്നോ പറയാവുന്ന ഈ സമ്പ്രദായം കാലക്രമേണ അതിന്റെ നിർവചനങ്ങൾ തിരുത്തികൊണ്ടിരിക്കുകയാണ്. ഒരു സ്‌ത്രീ വിവാഹം കഴിക്കുന്നത് ഒരു ആവശ്യമായി കണക്കാക്കുന്ന ഒരുകൂട്ടം ജനതയുടെ ഇടയിലാണ് നാം ഇപ്പോഴും ജീവിക്കുന്നത്. ഇത്തരം ആളുകളുടെ കാഴ്ചപ്പാടുകൾ ഇന്നും മാറിയിട്ടില്ലെന്ന് ദൈനംദിന ജീവിതങ്ങൾ നമ്മെ പഠിപ്പിക്കുന്നുണ്ട്. ദാർശനിക കൗൺസിലിങ് ലെന്സിലൂടെ ഈ പ്രശനം ചർച്ചചെയ്യുമ്പോൾ ഏത് തരത്തിലുള്ള ഉത്തരമാണ് നല്കാൻ കഴിയുക എന്നതാണ് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്.
താക്കോൽ വാക്കുകൾ: വിവാഹം, ആവശ്യം, തിരഞ്ഞെടുക്കൽ, സ്ത്രീ, ദാർശനിക കൗൺസിലിങ്.
ദാർശനിക ശാസ്ത്രത്തിന്റെ അല്ലെങ്കിൽ തത്ത്വശാസ്ത്രത്തിന്റെ ഒരു നൂതന പ്രസ്ഥാനമാണ് ദാർശനിക കൗൺസിലിങ്. തത്ത്വശാസ്ത്രത്തിലെ പ്രധാന തത്ത്വങ്ങളെ ക്രിയാത്മകമായി ഉപയോഗിക്കാൻ കഴിയുമെന്നുള്ള ഉത്തമ ഉദാഹരണമാണ് ദാർശനിക കൗൺസിലിങ്. പൊതുവിൽ കൗൺസിലിങ് എന്നത് പ്രശനങ്ങൾക് പരിഹാരം കണ്ടെത്തൽ ആണല്ലോ. തത്ത്വശാസ്ത്രത്തിനു ജീവിത പ്രശ്നങ്ങൾക്കു വ്യത്യസ്തമായ രീതിയിൽ പരിഹാരം കാണാൻ കഴിയുമെന്നുള്ള മേഖലയാണ് ദാർശനിക കൗൺസിലിങ്.
ജീവിതത്തിൽ വിവാഹം ഒരു അനിവാര്യമായി കണക്കാക്കാൻ സ്ത്രീകളെ ചരിത്രപരമായി സാമൂഹ്യവത്കരിച്ചിട്ടുണ്ട്. ഒരു പ്രത്യേക ഘട്ടം എത്തിക്കഴിഞ്ഞാൽ ജീവിതത്തിലെ ആത്യന്തിക ലക്ഷ്യം വിവാഹം ആണെന്നുള്ള മിഥ്യാ ധാരണയിൽ ജീവിച്ചിരുന്ന സ്ത്രീകളുടെ ചിന്താഗതിക് ഇന്ന് മാറ്റം വന്നിട്ടുണ്ടെങ്കിൽ വൈവാഹിക ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾ തുറന്നു പറയാൻ പ്രാപ്തരായ ഒരു കൂട്ടം വനിതകളുടെ കടന്നു വരവ് തന്നെയാണ്. സാമൂഹിക പദവി, സുരക്ഷ, മാന്യത എന്നിവ കൈവരിക്കുന്നതിന് വിവാഹം അത്യന്താപേക്ഷിതമായ ഒരു മാർഗമായി കണക്കാക്കപെടുമ്പോൾ സ്ത്രീകൾക് അവരുടെ ആഗ്രഹങ്ങൾ, അഭിലാഷങ്ങൾ ,വ്യക്തിത്വ വികസനം എന്നിവയ്ക്കു ഒരു ദീർഘകാല സമാപ്തിയ്ക് വഴിയൊരുക്കുകയാണ്. ഇത്തരത്തിൽ ബാഹ്യമായ വെവ്വേറെ ഘടകങ്ങളാൽ വിവാഹം എന്ന ചട്ടക്കൂടിൽ തളയ്ക്കപ്പെടാതെ വ്യക്തിഗത തീരുമാനങ്ങളിൽ അധിഷ്ഠിതമായി വിവാഹം ഒരു തിരഞ്ഞെടുക്കലായി സ്ത്രീകൾക്കിടയിൽ കണക്കാക്കപ്പെടേണ്ടതാണ് എന്ന ആശയമാണ് ദാർശനിക കൗൺസിലിങ് മുന്നോട് വയ്ക്കുന്നത്. ദാർശനിക തത്ത്വങ്ങളെ കൗൺസിലിങ് രീതികളുമായി സംയോജിപ്പിച്ചുകൊണ്ട് ഒരു പ്രസ്ഥാനമായി നിലകൊള്ളുന്ന ദാർശനിക കൗൺസിലിങിൽ സ്വയംഭരണവും (ഓട്ടോണോമി) തിരഞ്ഞെടുപ്പും(ചോയ്സ്) എന്ന ദാർശനിക തത്ത്വത്തെ ഒരു കൗൺസിലിങ് ഉപകരണമായി എടുത്തുകൊണ്ട് ഈ വിഷയത്തെ ചർച്ച ചെയ്യുന്നു. സ്വയംഭരണമുള്ള വ്യക്തികൾ അവരുടെ തീരുമാനങ്ങളെയും ലക്ഷ്യങ്ങളെയും വിവേകത്തോടെ കൈകാര്യം ചെയ്യുന്നു.
ഇമ്മാനുവൽ കാന്റ് എന്ന ധാർമിക തത്ത്വചിന്തകൻ സ്വയംഭരണം എന്ന തത്വത്തെ കുറിച്ച് പറയുന്നുണ്ട്. യുക്തിക് പ്രാധാന്യം നൽകി തീരുമാനങ്ങൾ എടുക്കാനുള്ള കഴിവാണ് സ്വയംഭരണം എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഈ തത്ത്വത്തിൽ നിന്നും വിവാഹം എന്ന സമ്പ്രദായം പോലും യുക്തിക്കനുസൃതമായി തിരഞ്ഞെടുക്കപ്പെടാവുന്ന ഒരു വിഷയം മാത്രമായി കാണേണ്ടതാണ്. സ്ത്രീകൾ മനുഷ്യരാണ് , മനുഷ്യർ യുക്തിയിൽ ജീവിക്കുന്നവനും. അതുകൊണ്ട് സ്ത്രീകൾ സ്വയംഭരണം എന്ന ആശയത്തിൽ നിന്നുകൊണ്ട് സ്വയം തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തരാകണം.
ജീൻ പോൾ സാർത്രെ അദ്ദേഹത്തിന്റെ അസ്തിത്വവാദ തത്ത്വo ഊന്നൽ നൽകിക്കൊണ്ട് മനുഷ്യന്റെ സ്വാതന്ത്യവും തിരഞ്ഞെടുക്കലും( ഫ്രീഡം ആൻഡ് ചോയ്സ്) എന്ന ദാർശനിക വാദമാണ് ഉയർത്തിക്കാണിക്കുന്നത്. ഒരു മനുഷ്യനു സ്വന്തം തീരുമാനങ്ങൾ എടുക്കാനുള്ള പൂർണ സ്വാതന്ത്ര്യം ഉണ്ട്. ഏത് പ്രവർത്തിയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യം സ്ത്രീ ആയാലും പുരുഷനായാലും ഒരേ അളവിൽ അവരിൽ നിക്ഷിപ്തമാണ്. വിവാഹം എന്ന ഉടമ്പടിയും ഇതേ മനുഷ്യരുടെ ഇടയിൽ നടക്കുന്ന പ്രവർത്തിയാണ്. അത് വേണമോ വേണ്ടയോ എന്ന തീരുമാനം എടുത്ത് സ്വന്തം ജീവിതത്തിനു അർഥം നൽകേണ്ടതും അവർ തന്നെയാണ്. ഒരു സ്ത്രീ വിവാഹത്തെ പൂർണമായും ഒഴിവാക്കി സ്വന്തം ഉത്തരവാദിത്വങ്ങൾ സ്വയം ഏറ്റെടുത്തു, സ്വന്തം ജീവിതം സ്വയം ആശ്രയിച്ചു ജീവിക്കുന്നതാണ് അവരുടെ തിരഞ്ഞെടുക്കൽ എങ്കിൽ അതിൽ യാതൊരു ദുർവ്യാഖ്യാനങ്ങൾക്കും പ്രസക്തിയില്ല. സാർത്രെയുടെ അസ്തിത്വവാദം പ്രസ്താവിക്കുന്നത് മനുഷ്യൻ സ്വതന്ത്രനായി വിധിക്കപ്പെട്ടിരിക്കുന്നു എന്നാണ്. കാരണം, സ്വതന്ത്രവും തിരഞ്ഞെടുക്കലും നിലനില്ക്കുന്നിടത്തൊക്കെയും ഉത്തരവാദിത്വം ഉടലെടുക്കുന്നു. വിവാഹം ഒരു തിരഞ്ഞെടുക്കലായി സ്ത്രീകൾ കണക്കാക്കുമ്പോൾ ജീവിതകാലം മുഴുവനുമുള്ള ഉത്തരവാദിത്വങ്ങൾ സ്വയം ഏറ്റെടുക്കൽ കൂടി ആയിരിക്കുമെന്ന് സാർത്രെയുടെ ആശയം ഓർമിപ്പിക്കുന്നു. സ്വാതന്ത്യത്തോടെ ജീവിക്കുന്ന സ്ത്രീകൾക്കിടയിൽ വിവിധ തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായേക്കാം. എന്നാൽ അതിനു അർത്ഥം, വിവാഹം എല്ലാ തരത്തിലുള്ള പ്രശ്നങ്ങൾക്കും പരിഹാരം ആണെന്നല്ല മറിച്ച്, ശ്രദ്ധാപൂർവ്വമായ പ്രതിഭലനത്തോടെയും തിരിച്ചറിവിലൂടെയും എടുക്കേണ്ട ഒരു വ്യക്തിപരമായ തിരഞ്ഞെടുപ്പാകണമെന്നും അസ്തിത്വവാദം ഈ വിഷയത്തെ വിശദീകരിക്കുന്നു.
നിരന്തരം നമുക്ക് ചുറ്റും നടക്കുന്ന വൈവാഹിക ജീവിത പ്രശ്നങ്ങൾ കണക്കിലെടുത്തു സ്ത്രീകൾ എങ്ങനെയാണു വിവാഹം ഒരു ആവശ്യമായി കണക്കാക്കുക? സ്ത്രീധനത്തെ ചൊല്ലി നടക്കുന്ന കൊലപാതകങ്ങൾ, സൗന്ദര്യം ഒരു വിഷയം ആയി കണക്കാക്കി നിരന്തരം ഉള്ള ഭീഷണികളിലൂടെ ഉടലെടുക്കുന്ന ആത്മഹത്യകൾ, ലഹരികൾക്കടിമയായി ദേഹോപദ്രവം ഏല്പിച്ചു മർദന മുറകളിൽ പ്പെടുന്ന എത്രയോ സ്ത്രീകൾ...ഇങ്ങനെ എത്രയെത്ര വാർത്തകൾ ആണ് നിരന്തരം നാം കേൾക്കുന്നതും കാണുന്നതും.
ഇങ്ങനെയുള്ള ഈ ലോകത്തു ഒരു സ്ത്രീ എന്ന നിലയിൽ എനിക്ക് എങ്ങനെ പറയാനാവും വിവാഹം ഒരു ആവശ്യം ആണെന്ന്. സ്വാതന്ത്യത്തോടെ ജീവിക്കുക, സ്വന്തം ഉത്തരവാദിത്വം ആരുടെ ചുമലിലും ഏൽപ്പിക്കാതെ സ്വയം ഏറ്റെടുത്തു ജീവിക്കുമ്പോൾ ഒരു ചോദ്യം ചെയ്യലിനെയും പേടിക്കാതെ ജീവിതത്തിനു ന്യായമായ അർഥം കാണാൻ ഏതൊരു സ്ത്രീയ്ക്കും കഴിയും. ഇത്തരം അസ്തിത്വവാദ വീക്ഷണത്തിലൂടെ ദാർശനിക കൗൺസിലിങ് വിശദീകരിക്കുന്നത് ഇങ്ങനെയാണ് - വിവാഹം എന്നത് സാമൂഹിക പ്രതീക്ഷകൾ അടിച്ചേൽപ്പിക്കുന്ന ഒരു ആവശ്യകത അല്ല, പ്രത്യാഘാതങ്ങളെ കുറിച്ചുള്ള പൂർണ അവബോധത്തോടെ സ്ത്രീകൾ നടത്തേണ്ട ഒരു തിരഞ്ഞെടുപ്പാണ്.
സ്ത്രീവാദ തത്ത്വചിന്ത ഈ വിഷയത്തെ വിശകലം ചെയ്യുമ്പോൾ വിവാഹം ഒരു പുരുഷാധിപത്യത്തിനു വഴിയൊരുക്കുന്ന സമ്പ്രദായം മാത്രമാണെന്ന് കണക്കാക്കുന്നു. ഇത്തരത്തിൽ പുരുഷാധിപത്യ മാനദണ്ഡങ്ങളെ ശക്തിപ്പെടുത്തുന്ന മേഖലകളെ സ്ത്രീവാദ തത്ത്വചിന്ത പൂർണമായും എതിർക്കുന്നു. സ്ത്രീകളുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന തരത്തിൽ വിവാഹം മാറുന്നു. സാമൂഹിക സമ്മർദമോ നിർബന്ധമോ കൂടാതെ സ്ത്രീകൾ സ്വതന്ത്രരായി ജീവിക്കേണ്ടവരാണെന്ന് ഈ വാദം തെളിയിക്കുന്നു. സ്ത്രീകൾ പുരുഷന്മാർക്കു കീഴ്പ്പെട്ടിരിക്കാൻ സാമൂഹ്യവത്കരിക്കപ്പെട്ടവരാണെന്നും വിവാഹം ഈ കീഴ്വഴക്കത്തെ നിലനിർത്തുന്ന ഒരു സാമൂഹ്യ സ്ഥാപനമാണെന്നും സീമോൻ ഡി ബ്യുവൊയേറെ പോലുള്ള സ്ത്രീവാദ ചിന്തകർ വാദിക്കുന്നു.
ഇന്ത്യയിലെ ആധുനിക തത്ത്വചിന്തകരിൽ പ്രമുഖനായ ജിദ്ദു കൃഷ്ണമൂർത്തിയുടെ അഭിപ്രായത്തിൽ വിവാഹം ഒരു അനിവാര്യതയായി കണക്കാക്കാനാകില്ല. വിവാഹം പരസ്പരം ഒരു ആശ്രിതത്വത്തിലേക്കുള്ള വഴിയായി മാറുന്നു. ഇത് ഒരു വ്യക്തിയുടെ സ്വന്തം ലക്ഷ്യബോധവും സ്വത്വ ബോധവും നഷ്ടപ്പെടുത്തുമെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. വിവാഹ൦ ഒരു ഭാരമായി മനുഷ്യമനസ്സിൽ ഇടം പിടിക്കുമെന്നും അത് മാനസിക സമ്മർദ്ദത്തിന് വഴിയൊരുക്കുകയും ചെയ്യുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. വിവാഹത്തിലൂടെ മാത്രമേ സുരക്ഷയയും സാമൂഹിക പദവിയും നേടാൻ കഴിയൂ എന്ന ധാരണ തെറ്റാണ്. സാമൂഹിക പ്രതീക്ഷകളിന്മേൽ ജീവിക്കുന്ന വ്യക്തികൾ ബാഹ്യപ്രേരണകളാൽ ബന്ധിതരാകുന്നു. വിവാഹം എന്ന സമ്പ്രദായവും പ്രതീക്ഷകളിൽ ഉടലെടുക്കുമ്പോൾ അതിൽ എത്രത്തോളം സുഗമമായ അന്തരീക്ഷം ലഭിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. ഭാരതീയ തത്ത്വചിന്തകനും എഴുത്തുകാരനുമായ രബീന്ദ്രനാഥ ടാഗോർ തൻ്റെ തത്ത്വ ചിന്തകളിലൂടെ സ്വാതന്ത്ര്യം വ്യക്തിപരമായ വളർച്ചയ്ക്കും വികസനത്തിനും അത്യന്താപേക്ഷിതമാണെന്ന വാദം മുന്നോട്ട് വയ്ക്കുന്നു. സ്വാതന്ത്യവും ഉത്തരവാദിത്വവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായി ടാഗോർ ചൂണ്ടിക്കാണിക്കുന്നു. വ്യക്തികൾക്കു സ്വന്തം തീരുമാനങ്ങൾ എടുക്കാൻ സ്വാതന്ത്യ്രമുണ്ടെന്നും അതിലൂടെ ഉണ്ടാകുന്ന അനന്തര ഫലങ്ങൾ സ്വയം ഏറ്റെടുത്തു ജീവിക്കുകയും ചെയ്യുന്നതിലൂടെ മറ്റു വ്യക്തികളുടെ മുന്നിൽ ഏതൊരു ചോദ്യത്തിനും ഉത്തരം നൽകേണ്ടി വരുന്നില്ല.
സാമൂഹിക നിബന്ധനകളിലും മുൻവിധികളിലും അകപ്പെടാതെ സ്വന്തം തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകൾക്ക് ഉണ്ടായിരിക്കണം. വിവാഹത്തിലൂടെ പങ്കാളിയുടെ ആവശ്യങ്ങൾക്കോ കുടുംബത്തിന്റെ ആവശ്യങ്ങൾക്കോ മുൻഗണന നൽകി, സ്വന്തം ലക്ഷ്യങ്ങളെ വിട്ടുവീഴ്ച ചെയ്യാൻ സ്ത്രീകൾ സ്വയം നിർബന്ധിതരാകുന്നു. ഇത് മാനസിക സമ്മർദ്ദവും നിരാശയും ഉണ്ടാക്കുന്നു. മുഴുവൻ സ്ത്രീകളെയും ചൂണ്ടിക്കാണിച്ചു കൊണ്ട് ഈ പ്രശ്നത്തിന് പൂർണമായ ന്യായീകരണം സ്വീകരിക്കാൻ കഴിയില്ല. കാരണം, വിവാഹം എന്ന സമ്പ്രദായത്തിലൂടെ സുരക്ഷിതത്വം,പിന്തുണ, സഹായം എന്നീ മൂല്യങ്ങൾ യാതൊരുവിധ ഏറ്റക്കുറച്ചിലുമില്ലാതെ സംതൃപ്തരായിരിക്കുന്ന ഒരു കൂട്ടം സ്ത്രീകളും നമുക്കിടയിലുണ്ട്. ആത്യന്തികമായി, വിവാഹം കഴിക്കണോ വേണ്ടയോ എന്ന തീരുമാനം സാമൂഹിക സമ്മർദ്ദത്തിൽ നിന്നോ നിർബന്ധത്തിൽ നിന്നോ മാറിനിന്നുകൊണ്ട് വ്യക്തിപരമായ തിരഞ്ഞെടുപ്പായിരിക്കണം എന്നത് മാത്രമാണ് പ്രമേയം. സ്ത്രീകൾക് കൂടുതൽ സ്വയംഭരണവും സ്വാതന്ത്യവും പ്രോത്സാഹനവും ലഭിക്കുന്നതിലൂടെ കൂടുതൽ തുല്യവും നീതിയുക്തവുമായ ഒരു സമൂഹം സൃഷ്ടിക്കാൻ നമുക്ക് കഴിയും.
സ്ത്രീകൾക് വിവാഹം ഒരു അനിവാര്യതയാണെന്ന് സ്ഥാപിച്ചിട്ടുള്ള സാമൂഹിക വ്യവസ്ഥിതിയെ ദാർശനികമായ വ്യാഖ്യാനങ്ങളിലൂടെ ഏതൊരു സ്ത്രീയ്ക്കും വിവാഹം ഒരു തിരഞ്ഞെടുക്കലായി മാറണം എന്ന കാഴ്ചപ്പാടിലേക്കാണ് ഈ ലേഖനം ഊന്നൽ നൽകിയിരിക്കുന്നത്. വ്യക്തിപരമായ തീരുമാനമെടുക്കലിൽ നിക്ഷിപ്തമായിരിക്കണം സ്ത്രീക്ക് വിവാഹം എന്ന പ്രക്രിയ പോലും. അസ്തിത്വവാദം, ധാർമിക തത്ത്വചിന്ത , സ്ത്രീവാദ തത്ത്വചിന്ത എന്നീ ദാർശനിക വാദങ്ങളെ മുൻനിർത്തികൊണ്ട് വിവാഹത്തെ പറ്റിയുള്ള സാമൂഹിക പ്രതീക്ഷകളെയും മാനദണ്ഡങ്ങളെയും സ്ത്രീകൾ വിമർശനാത്മകമായി വിലയിരുത്തേണ്ടതിന്റെ രീതിയാണ് ദാർശനിക കൗൺസിലിങ് വിശദീകരിക്കുന്നത്. സ്വന്തം മൂല്യങ്ങൾ, ലക്ഷ്യങ്ങൾ, ആവശ്യങ്ങൾ, അഭിലാഷങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി വിവാഹം വേണമോ വേണ്ടയോ എന്ന തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകൾക്ക് ഉണ്ടായിരിക്കണം. വൈവിധ്യമാർന്ന പരമ്പരാഗതമായ വിവാഹ സങ്കൽപ്പങ്ങളെ യുക്തിയോടും വിവേകത്തോടും കൂടി മനസിലാക്കി, നൂതനമായ ആശയങ്ങളും വ്യാഖ്യാനങ്ങളും നൽകി, വിവാഹം ഒരു തിരഞ്ഞെടുക്കപ്പെടേണ്ട വസ്തുതയായി മാറണം. വൈവാഹിക ജീവിതത്തെ പേടിയോടെ നോക്കി കാണുന്ന പുതിയ തലമുറയിൽപെട്ട സ്ത്രീകൾക്ക് കൂടുതൽ സ്വയംഭരണത്തോടും ശാക്തീകരണത്തോടും കൂടി ജീവിക്കാൻ ഈ ചിന്താ അവലോകനം സഹായകരമാകും.
ഗ്രന്ഥസൂചികകൾ
1. Tagore, Rabindranath. The Home and the World. Translated by Surendranath Tagore, Penguin Books, 1985.
2. Chinmayananda, Swami. The Indian Way of Life. Central Chinmaya Mission Trust, 1992.
3. Krishnamurti, Jiddu. The First and Last Freedom. Harper & Brothers, 1954.
4. Sartre, Jean-Paul. Existentialism is a Humanism. Translated by Philip Mairet, Methuen, 1948.
5. Kant, Immanuel. Grounding for the Metaphysics of Morals. Translated by James W. Ellington, Hackett Publishing, 1993.
ഐശ്വര്യ പി എൻ
റിസർച്ച് സ്കോളർ
ഫിലോസഫി വിഭാഗം
ഗവണ്മെന്റ് കോളേജ് ഫോർ വുമൺ
വഴുതക്കാട്, തിരുവനന്തപുരം
Comments