സാലിം എൻ.പി.
1. ആമുഖം
വൈകല്യം മനുഷ്യാനുഭവത്തിന്റെ അവിഭാജ്യഘടകമാണ്. എന്തുകൊണ്ടെന്നാൽ ഇതര ജീവജാലങ്ങളിൽ ജന്മനാലോ അപകടങ്ങളാലോ വൈകല്യപ്പെടുന്ന ശരീരങ്ങൾക്ക് പ്രകൃതിയിൽ അതിജീവനം സാധ്യമാകുന്നില്ല. ജൈവ പരിണാമപ്രക്രിയയിൽ വൈകല്യം എന്നത് അതിജീവനത്തിനുള്ള ഒരു അനർഹതയാണ്. എന്നാൽ സാമൂഹ്യപരിണാമത്തിൽ വൈകല്യമുള്ളവർ ഉന്മൂലനം ചെയ്യപ്പെടുന്നില്ല. അവർ മനുഷ്യചരിത്രത്തോടൊപ്പം തന്നെ മുന്നോട്ട് സഞ്ചരിക്കുന്നു. അവരുടെ അതിജീവനം കൂടുതൽ പുരോഗതിപ്രാപിക്കുന്നു. പ്രാചീന-മധ്യകാല സമൂഹങ്ങളിലെ ശിശുഹത്യകളും നാസിജർമനിയിലെ വംശഹത്യയും ഫാസിസ്റ്റ് ഇറ്റലിയിലെ വന്ദീകരണവും ഒഴിച്ചുനിർത്തിയാൽ മനുഷ്യചരിത്രത്തിൽ വൈകല്യമുള്ളവരുടെ ജീവൻ കാര്യമായി വെല്ലുവിളിക്കപ്പെട്ടിട്ടില്ല. എങ്കിലും മാനുഷികമല്ലാത്ത ചില പ്രവണതകൾ മനുഷ്യസംസ്കാരത്തിലും സമൂഹത്തിലും ഭിന്നശേഷീസമൂഹത്തിനെതിരെ നിലനിൽക്കുന്നുണ്ട്.
സാമൂഹ്യ-സാമ്പത്തിക അതിരുകളൊന്നും നിലനിൽക്കാത്ത ഒരു സംവർഗമായാണ് പൊതുവെ വൈകല്യത്തെ കണക്കാക്കുന്നത്. പക്ഷെ ലോകത്തെ വിഗലാംഗ ജനസംഖ്യയുടെ 90 ശതമാനവും ദരിദ്രരാണ്. അതിൽ 50 ശതമാനം വൈകല്യങ്ങളും ഉയർന്നചികിത്സ ലഭ്യമാകാത്തതിന്റെ അനന്തരഫലങ്ങളുമാണ്. പണമുള്ളവർക്കു മാത്രം ഉയർന്ന ചികിത്സ പ്രദാനം ചെയ്യുന്ന മെഡിക്കൽ മുതലാളിത്തമാണ് ലോകത്തിന്റെ വലിയൊരു ശതമാനം വൈകല്യത്തിന്റെയും ഉൽപാദകർ. തീർച്ചയായും ഇരുപത്തൊന്നാം നൂറ്റാണ്ടും നവലിബറൽ മുതലാളിത്തവും വൈകല്യമുള്ളവർക്ക് പ്രകൃതിയിലും സമൂഹത്തിലും സംസ്കാരത്തിലും അതിജീവിക്കുവാനുള്ള അനന്തമായ സാധ്യതകളാണ് തുറന്നുതന്നിട്ടുള്ളത്. അതിൽ പ്രധാനമായും സാങ്കേതികതയിലൂടെയും വൈദ്യശാസ്ത്രത്തിലൂടെയുമുള്ള അതിജീവനം. ആ നിലയിൽ നവലിബറൽ മുതലാളിത്തത്തെ ഭിന്നശേഷിസമൂഹം രാഷ്ട്രീയമായി പിന്തുണയ്ക്കേണ്ടതുണ്ടോ. ഒരിക്കലുമില്ല. കാരണം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ വൈകല്യമുള്ള മനുഷ്യരുടെ ആഗോളസംഖ്യ ഭീമാകാരമായാണ് ഉയരുന്നത്. 2008-ലെ ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾ പ്രകാരം വിഗലാംഗർ ലോകജനസംഖ്യയുടെ 10 ശതമാനമായിരുന്നെങ്കിൽ 2020-ൽ അത് 13 ശതമാനത്തോളമുയർന്നു. അതിൽ കാഴ്ചാപരിമിതിയുള്ളവരുടെ ജനസംഖ്യയാണ് വൻതോതിൽ വർദ്ധിക്കുന്നത്. വൈദ്യശാസ്ത്ര-ജീവശാസ്ത്ര മണ്ഡലങ്ങൾ ഇത്രമേൽ വികസിച്ചിട്ടും എന്തുകൊണ്ടാണ് വിഗലാംഗ ജനസംഖ്യ കുറയ്ക്കുവാനാകാത്തത്. മുതലാളിത്തം മനുഷ്യരാശിയെ കൂടുതൽ വൈകല്യമുള്ളവരാക്കിത്തീർക്കുന്നു. (1)
ആഗോളമൂലധനത്തിന്റെ കാലത്ത് വൈകല്യവും അതിന്റെ അതിജീവനവും ഒരു വർഗസമൂഹസ്വഭാവമായി മാറിയിരിക്കുന്നു എന്നാണ് ഇവിടെ സൂചിപ്പിച്ചത്. ജൈവരാഷ്ട്രീയ സിദ്ധാന്തങ്ങളുടെ വെളിച്ചത്തിൽ ശേഷീവാദം (ableism) എന്ന ഒരു ക്രിട്ടിക്കൽ തിയറി ഇന്നു ശക്തിയാർജിച്ചുവരുന്നുണ്ട്. അതിന്റെ ഭാഗമായാണ് മുതലാളിത്തകലയായ സിനിമയിൽ ഉള്ളടങ്ങിയിട്ടുള്ള ശേഷീവാദ പ്രവണതകളെ ഇവിടെ വിമർശാത്മകമാക്കാൻ ശ്രമിക്കുന്നത്.
1.1 ശേഷീവാദം
"എല്ലാ ശരീരങ്ങളും അദ്വിതീയവും അത്യാവശ്യവുമാണ്. എല്ലാ ശരീരങ്ങളും പൂർണവും പരിമിതികളുള്ളതുമാണ്. എല്ലാ ശരീരങ്ങൾക്കും ആവശ്യങ്ങളും ശക്തികളും നിറവേറ്റേണ്ടതുണ്ട്. എല്ലാതരം ശരീരങ്ങൾക്കും ഒരുമിച്ചുനീങ്ങാനുള്ള അവസരമാണ് വൈകല്യനീതി”. വിഗലാംഗ ആക്റ്റിവിസ്റ്റായ അറോറ ലെവിൻസ് മൊറേയ്‍ൽസിന്റെ വാക്കുകളാണിത്. വൈകല്യനീതിയുടെ എല്ലാതരത്തിലുമുള്ള അഭാവത്തെയും ശേഷീവാദം (ableism) എന്നു വിളിക്കാമെന്ന് അവർ നിർവചിക്കുന്നു. ജീവശാസ്ത്രപരമായ പ്രത്യേകതകൾ, ശാരീരിക പരിമിതികൾ, വൈകല്യമന:ശാസ്ത്രം, സാമൂഹ്യ-ചുറ്റുപാടുകൾ, പ്രവേശനക്ഷമത, ആശയവിനിമയത്വം, പ്രത്യേക വിദ്യാഭ്യാസം, വിനോദോപാദികൾ, വൈകല്യകലകൾ, വൈകല്യ സൗന്ദര്യശാസ്ത്രം, ഭിന്നശേഷി സംസ്കാരം, വിഗലാംഗ സംഘടനകൾ, തൊഴിൽക്ഷമത, പ്രത്യേക മൗലികാവകാശങ്ങൾ, രാഷ്ട്രീയ നിർവചനം, നിയമനിർമ്മാണം, തുടങ്ങി അനവധി പ്രമേയങ്ങൾ വൈകല്യനീതിയുടെ സംവർഗത്തിൽ ഉൾപ്പെടുന്നുണ്ട്. വൈകല്യങ്ങളോട് ഏതുതരത്തിലുമുള്ള വിവേചനങ്ങളും മുൻവിധികളും അടിച്ചമർത്തലുകളും ശേഷീവാദത്തിന്റെ ഗണത്തിൽ പെടുന്നു. (2)
ശേഷീവാദം ഒരു നാർസിസ്റ്റിക് മുറിവാണെന്നാണ് ജൂലിയ ക്രിസ്തേവ പറയുന്നത്. പങ്കിടാനാവാത്ത ഒറ്റപ്പെട്ട വിവേചനം (isolated discrimination) എന്നാണ് വൈകല്യങ്ങൾക്കെതിരെയുള്ള സമീപനങ്ങളെ അദ്ദേഹം തത്വചിന്താപരമായി വിശേഷിപ്പിച്ചത്. മനുഷ്യവർഗത്തിനു സാധ്യമാക്കാനാകുന്ന നീതിയുടെ ഏറ്റവും അന്തിമ മാനദണ്ഡമാണ് വൈകല്യനീതി എന്നാണ് അദ്ദേഹം കരുതുന്നത്. മനുഷ്യചരിത്രത്തിലെ ഏറ്റവും പുരാതനമായ അനീതിയും മനുഷ്യസമൂഹത്തിലെ ഏറ്റവും പ്രാഥമികമായ വിവേചനവും വൈകല്യങ്ങൾക്കെതിരെയുള്ളതാണ്. (3)
വൈകല്യങ്ങളോടുള്ള മനോഭാവങ്ങൾ മാറിയതുകൊണ്ടുമാത്രം പരിഹരിക്കപ്പെടുന്നതല്ല ഭിന്നശേഷിസമൂഹത്തിന്റെ പ്രശ്നങ്ങൾ. മറിച്ച് ചരിത്രത്തിലൂടെ ഉറഞ്ഞുപോയ ശേഷീവാദ പ്രവണതകളേയും ഫലഭ്രദമായി നാം പ്രതിരോധിക്കേണ്ടതുണ്ട്. ഡിസേബിൾ സ്റ്റെഡീസിൽ പ്രതിനിധാനപഠനങ്ങളുടെ പ്രസക്തി അതാണ്. ഈ പ്രബന്ധത്തിൽ ബോളിവുഡ് സിനിമയെ മുൻനിർത്തി വൈകല്യ സൗന്ദര്യശാസ്ത്രത്തിന്റെ ചില അടരുകളാണ് ചർച്ചചെയ്യാൻ ശ്രമിക്കുന്നത്. സിനിമകളിലെ വൈകല്യ പ്രതിനിധാനങ്ങളുടെ സ്വഭാവം മനസിലാക്കുന്നതിലൂടെ ശേഷീവാദത്തിന്റെ ജനറേറ്റീവ് സംഘർഷങ്ങളെ കണ്ടെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോൾ കെ. ലോംഗ്മോർ രചിച്ച ’screening stereotypes: images of disabled people in television and motion pictures’ (1985) എന്ന പ്രബന്ധമാണ് വൈകല്യ പ്രതിനിധാനപഠനങ്ങളുടെ അടിസ്ഥാനമാതൃക. വൈകല്യപഠനത്തിനും ചലച്ചിത്രപഠനത്തിനുമിടയിൽ ഇന്റർ-ഡിസിപ്ലിനറിയായ വ്യവഹാരങ്ങൾ നിർമ്മിച്ചെടുത്തത് ഈ കൃതിയാണ്. (4)
1.2 ചലച്ചിത്രപഠനവും വൈകല്യപഠനവും
1960-കൾ മുതൽതന്നെ വൈകല്യ ആക്റ്റിവിസവും ഡിസേബിൾ സ്റ്റെഡീസും പ്രായോഗികമായി ശക്തിപ്പെട്ടിരുന്നുവെങ്കിലും അത്തരം പഠനങ്ങൾ ഗവേഷണസ്വഭാവം ആർജിക്കുന്നത് 1982-ൽ സൊസൈറ്റി ഫോർ ഡിസേബിൾ സ്റ്റെഡീസ് എന്ന അന്താരാഷ്ട്ര സ്ഥാപനം നിലവിൽ വന്നതോടെയാണ്. 1990-കൾ മുതലാണ് പ്രതിനിധാനാധിഷ്ഠിതമായ വൈകല്യപഠനങ്ങൾ ശക്തിപ്പെടുന്നത്. ഇ.കീത്ത് ബൈർഡ് എന്ന വിഗലാംഗ പണ്ഡിതനാണ് ഈ വിഭാഗത്തിൽ ആഴമേറിയ പ്രബന്ധങ്ങൾ രചിച്ചിട്ടുള്ളത്. ‘Feature films and disability : a descriptive study (1985) എന്ന അദ്ദേഹത്തിന്റെ പ്രബന്ധം ഏറെ ശ്രദ്ധിക്കപ്പെട്ടു(5). 1893-ൽ മിക്കായീസിലെ ‘peutar righan’ എന്ന വിഗലാംഗ യൂണിവേഴ്സിറ്റി നടത്തിയ പണ്ഡിതസമ്മേളനത്തിൽ ചലച്ചിത്രങ്ങളിലേയും മാധ്യമങ്ങളിലേയും വൈകല്യപ്രതിനിധാനം എന്നത് ആഴമേറിയ ഒരു വിഷയമായി രൂപപ്പെട്ടു. മാർട്ടിൻ എഫ്. നോർടൻ രചിച്ച the cinema of Isolation : a history of physical disability in the movies(1994) എന്ന കൃതിയാണ് ഈ വിഷയത്തിലുണ്ടായ ആദ്യത്തെ വിജ്ഞാനീയപഠനം. ഏതാണ്ട് നൂറുവർഷത്തെ യു.എസ്. ചലച്ചിത്രവ്യവസായത്തിലെ വൈകല്യപ്രതിനിധാനങ്ങളെ മുഴുവനും ചരിത്രപരമായി അടയാളപ്പെടുത്താനും സ്ഥിതിവിവരക്കണക്കുകൾ നൽകാനും ഈ പുസ്തകത്തിനു സാധിച്ചു(6).
പോൾ കെ. ഡാർക്ക് രചിച്ച വൈകല്യത്തിന്റെ സിനിമാറ്റിക് പ്രതിനിധാനത്തെ മനസിലാക്കുന്നു (1998) എന്ന കൃതിയാണ് ഈ ഗവേഷണവിഷയത്തിന്റെ പ്രശ്നമണ്ഡലങ്ങൾ ആദ്യമായി വിശദീകരിച്ചത്. ശരീരത്തിന്റെ കലയായ നാടകത്തിലെ വൈകല്യപ്രതിനിധാനങ്ങളേക്കാൾ സിനിമയിലെ പ്രതിനിധാനങ്ങൾ എത്രമേൽ അപകടകാരികളാണ് എന്നു സമർത്ഥിക്കാൻ രചയിതാക്കൾക്കു സാധിച്ചു(7). ഷേക്സ്ഫിയർ ടോം രചിച്ച കലയും നുണയും : സിനിമയിലെ വൈകല്യ പ്രതിനിധികൾ (1999) എന്ന കൃതി വൈകല്യ പ്രതിനിധാനങ്ങളുടെ സാമൂഹ്യ-സാംസ്കാരിക ഫലങ്ങളെ കുറിച്ച് സംസാരിക്കുന്നു. വൈകല്യസിനിമകൾ അമിതമായ റിയലിസം പുലർത്തുന്നതായും ചൈൽഡ് മൂവി, കാർട്ടൂൺ, പരീക്ഷണസിനിമ, റോഡ് മൂവി, അടേൾട്ട് സിനിമ പോലെയുള്ള ജനപ്രിയ ജനസുകളിലേക്ക് വൈകല്യസിനിമകൾ കടക്കുന്നില്ലെന്നും പുസ്തകം നിരീക്ഷിക്കുന്നു(8). അലഗ ഡീ ലാ റോസ, ഓൾഗ മരിയ എന്നിവർ രചിച്ച സിനിമയിലെ വൈകല്യം(2003) എന്ന കൃതി ഇംഗ്ലീഷ്-സ്പാനിഷ് സിനിമകളിലെ വൈകല്യപ്രതിനിധാനങ്ങളെ സമഗ്രമായി അഭിസംബോധനചെയ്യുന്നു. (9)
മൈക്കിൾ ടി. ഹെയ്സ്, റോണ്ട എസ്. ബ്ലാക്ക് എന്നിവർ രചിച്ച വിഷമത്തിന്റെ അടയാളങ്ങൾ: വൈകല്യങ്ങളും ഹോളിവുഡിന്റെ അനുകമ്പഭാഷണങ്ങളും (2003) എന്ന കൃതി ഹോളിവുഡിന്റെ ശേഷീവാദ പ്രവണതകളിലാണ് ശ്രദ്ധവെക്കുന്നത്. ഹോളിവുഡിലെ വൈകല്യചിത്രീകരണങ്ങൾ പൊതുവെ പോസ്റ്റീവുകളാണെങ്കിലും ഇരുപത്തൊന്നാം നൂറ്റാണ്ടിൽ പോലും സഹതാപ സംഭാഷണങ്ങളെ ഒഴിവാക്കാൻ അവയ്ക്കു സാധിക്കുന്നില്ലെന്ന് പുസ്തകം നിരീക്ഷിക്കുന്നു(10). ഈ പുസ്തകം മിഷൈൽ ഫൂക്കോയുടെ അവസാനകാല ശരീരചിന്തകളെപ്പോലും സ്വാധീനിച്ചിട്ടുണ്ട്. റോണ്ട എസ്. ബ്ലാക്ക്, ലോറി പ്രീറ്റ്സ് എന്നിവർ രചിച്ച ഇരകളും വിജയികളും : വെള്ളിത്തിരയിലെ ശാരീരികവൈകല്യങ്ങളുടെ പ്രാതിനിത്യം (2007) എന്ന കൃതിയാണ് ഈ ഗവേഷണവിഷയത്തിൽ ഒരു രീതിശാസ്ത്രമാതൃക അവതരിപ്പിച്ചത്. 1975-നും 2005-നും ഇടയിലുള്ള 18 വൈകല്യസിനിമകളെ അത്തരമൊരു രീതിശാസ്ത്രമാതൃക ഉപയോഗിച്ച് ഈ കൃതിയിൽ വിശകലനം ചെയ്യപ്പെടുന്നു. പ്രശസ്തരായ നിരൂപകർ പോലും വൈകല്യസിനിമകളെ സമീപിക്കുമ്പോൾ അവരുടെ രാഷ്ട്രീയ നിലപാടുകൾക്ക് അയവുവരുത്തുന്നതായി പുസ്തകം നിഗമിക്കുന്നു(11).
മാനസികവൈകല്യങ്ങളെ ഹൊറർ പരിവേഷത്തിൽ അവതരിപ്പിക്കുന്ന സിനിമകൾ ധാരാളമായി നിർമ്മിക്കപ്പെട്ടപ്പോൾ അതിനെതിരെ ആഴമേറിയ വിമർശനങ്ങളുന്നയിച്ചുകൊണ്ട് ലക്കാനിയൻ ഫെമിനിസ്റ്റ് തത്വചിന്തകയായ ജൂലിയ ക്രിസ്തേവ രംഗത്തുവരികയും ‘powers of horror : an essay on abjection’ (1980) എന്ന പഠനം രചിക്കുകയും ചെയ്തു. ട്രോമാ സ്റ്റെഡീസിന്റെ സൈദ്ധാന്തിക അടിസ്ഥാനമായി കണക്കാക്കപ്പെടുന്നത് ഈ രചനയെയാണ്(12). മാനസിക-ശാരീരിക വൈകല്യങ്ങളെ കുറിച്ച് മനശാസ്ത്രം നൽകുന്ന പാത്തോളജിക്കൽ വിജ്ഞാനവുമായി തട്ടിച്ചുനോക്കിക്കൊണ്ടാണ് ഇത്തരം പ്രതിനിധാനങ്ങളുടെ ആധികാരികതയും യാഥാർത്ഥ്യതയും ഈ പഠനങ്ങൾ കണക്കാക്കിയത്. എന്നാൽ ഇൻ്ന് വൈകല്യ പഠനത്തിൽ തന്നെ ഒരു മാർക്സിസ്റ്റ് മോഡൽ വികസിച്ചുകഴിഞ്ഞിട്ടുണ്ട്. (13)
2. ബോളിവുഡും ഭിന്നശേഷി പ്രതിനിധാനങ്ങളും
ലോകത്തുതന്നെ ആദ്യത്തെ അന്താരാഷ്ട്ര വിഗലാംഗ ചലച്ചിത്രമേളയായ എബിലിറ്റി ഫെസ്റ്റ് സംഘടിപ്പിച്ചത് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എബിലിറ്റി ഫൗണ്ടേഷനാണ്. 2012-ൽ കേന്ദ്ര ഗവൺമെന്റിന്റെ മേൽനോട്ടത്തിൽ തന്നെ ഡിസേബിളിറ്റി ഫിലിം ഫെസ്റ്റിവൽ നടക്കപ്പെട്ടു. ഈ നിലയിലുള്ള ചില പ്രവർത്തനങ്ങൾ മാറ്റിവെച്ചാൽ ഇന്ത്യയിൽ വൈകല്യ പ്രതിനിധാനപഠനങ്ങളോ ശേഷീവാദ വിമർശനങ്ങളോ കാര്യമായി വികസിച്ചിട്ടില്ലെന്നു കാണാം. എന്നാൽ സമീപകാലത്ത് സർവകലാശാലകൾ കേന്ദ്രീകരിച്ചുകൊണ്ട് ഈ വിഷയത്തിൽ ഗൗരവകരമായ ചർച്ചകളും സെമിനാറുകളും സംഘടിപ്പിക്കപ്പെടുന്നുണ്ട്. പക്ഷെ അവയ്ക്കൊന്നും ഇന്ത്യൻസിനിമകളിലെ വൈകല്യപ്രതിനിധാനങ്ങളെ സ്വാധീനിക്കാനാവുന്നില്ല. (14)
ഇന്ത്യൻ സിനിമ പ്രധാനമായും വിനോദത്തിലധിഷ്ഠിതമായ ഒരു ചലച്ചിത്രവ്യവസായമായതിനാൽ അതിലെ ഭിന്നശേഷി പ്രതിനിധാനങ്ങൾക്ക് വൈകല്യമുള്ളവരോടുള്ള സമൂഹത്തിന്റെ മനോഭാവത്തേയും പെരുമാറ്റത്തേയും നിർണയിക്കുവാനും ആഴത്തിൽ സ്വാധീനിക്കുവാനും സാധിക്കും. പ്രത്യേകിച്ച് മാനസികരോഗങ്ങളുടെ കാര്യത്തിൽ സിനിമയ്ക്ക് അമിതമായ ഒരു ഉത്തരവാദിത്തം കൂടിയുണ്ട്. മാനസിക പിരിമുറുക്കങ്ങൾക്കുള്ള വലിയൊരു ആശ്വാസവും ആനന്ദവുമാണ് സിനിമ. ആ നിലയിൽ മറ്റേതു കലയേക്കാളും ഇന്നത്തെ സമൂഹത്തിന്റെ മാനസികാരോഗ്യവുമായി നേരിട്ടു ബന്ധപ്പെടുന്ന ഒരു കലയാണത്. പക്ഷെ അത്തരം ഗൗരവകരമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ സിനിമയെ മൂലധനതാൽപര്യങ്ങൾ അനുവദിക്കുന്നില്ല. അവർ സമൂഹത്തെ കൂടുതൽ മാനസികമായ പിരിമുറുക്കങ്ങൾക്കും ആഘാതങ്ങൾക്കും വിധേയമാക്കുന്നു. സസ്പെൻസുകളിലൂടെ, ടിസ്റ്റുകളിലൂടെ, ത്രില്ലിങ്ങുകളിലൂടെ അവർ മനുഷ്യമനസിനെ കൂടുതൽ ദുർബലമാക്കുന്നു. അത്തരം പിരിമുറുക്കങ്ങൾ സൃഷ്ടിക്കുന്നതിനുവേണ്ടി ഹൊറർ-ക്രൈം സിനിമകളിൽ മാനസികരോഗങ്ങളെ തന്നെ ഉപയോഗിക്കുമ്പോഴാണ് അത് മനുഷ്യമനസിനോടുള്ള ഇരട്ടി ചൂഷണമായി മാറുന്നത്. സിനിമ ഒരു ജനപ്രിയമാധ്യമമായി നിലനിൽക്കുന്ന കാലത്തോളം വൈകല്യമുള്ളവരെ പുരോഗമന വെളിച്ചത്തിലൂടെ ചിത്രീകരിക്കുവാൻ ചലച്ചിത്രപ്രവർത്തകർ ബാധ്യതപ്പെട്ടിരിക്കുന്നു. പക്ഷെ ബച്ചാറ, ആന്ധ, ലഗ്ട തുടങ്ങിയ സംബോധനനാമങ്ങളിലൂടെ വിഗലാംഗരെ പരിഹസിക്കാനാണ് ബോളിവുഡ് താൽപര്യപ്പെടുന്നത്.
2.1 ചരിത്രം
ഇന്ത്യൻ സിനിമാചരിത്രത്തിന് വിഗലാംഗ ജനസംഖ്യയുടെ വളരെ കുറഞ്ഞ പ്രാതിനിത്യം മാത്രമേ അവകാശപ്പെടുവാനാകൂ. ആദ്യകാല ഇന്ത്യൻ ഭക്തിസിനിമകളിൽ വൈകല്യ കഥാപാത്രങ്ങൾ ഉണ്ടാകുക എന്നത് ഒരു ഫോർമുലയുടെ തന്നെ ഭാഗമായിരുന്നു. അത്തരം സിനിമകളിൽ ഒരു ശാപമായോ നിർഭാഗ്യമായോ മാതാപിതാക്കളുടെ ദുഷ്കർമ്മത്തിനുള്ള ശിക്ഷയായോ ഒക്കെ വൈകല്യങ്ങൾ ചിത്രീകരിക്കപ്പെട്ടു. എപ്പോഴും ഒരു അദൃശ്യശക്തിയാൽ പരിഹരിക്കപ്പെടുന്നവയാണ് അവരുടെ വൈകല്യങ്ങൾ. വൈകല്യമുള്ളവരിൽ ദൈവത്തിന്റെ സാനിധ്യമുണ്ടെന്നും വൈകല്യം മറ്റുള്ളവർക്കുള്ള ഒരു ദൃഷ്ടാന്തമാണെന്നും ഇല്ലായ്മയ്ക്കുപകരം ദൈവം മറ്റെന്തെങ്കിലും കഴിവുകൾ അധികമായി നൽകുമെന്നുമെല്ലാമുള്ള ആശയങ്ങൾ ഉറപ്പിച്ചെടുക്കുന്നവയായിരുന്നു അത്തരം പ്രതിനിധാനങ്ങൾ. രണ്ടാനമ്മമാരും അവർ വൈകല്യമുള്ള മക്കളോട് കാണിക്കുന്ന ക്രൂരതകളും അത്തരം സിനിമകളിലെ ഒരു ക്ലീശെ ആയിരുന്നെന്നു പറയാം.
വൈകല്യം പ്രാധാന്യത്തോടെ മുഴുനീളം പ്രതിനിധാനം ചെയ്യപ്പെടുന്ന ആദ്യ ഹിന്ദിസിനിമ ദീദർ(1951) ആണ്. വൈകല്യമുള്ള ഒരു കുട്ടിയുടെ ആത്മാർത്ഥതകൊണ്ടും പ്രതിബദ്ധതകൊണ്ടും ഒരു സ്കൂളിനു മുഴുവൻ ഉണർവുണ്ടാകുന്ന ഒരു ഇതിവൃത്തമാണ് ആ സിനിമയ്ക്കുള്ളത്. വൈകല്യമുള്ള ഒരു വ്യക്തിയുടെ പ്രാതിനിത്യം എന്നതിനപ്പുറത്ത് വൈകല്യത്തിന്റെ പ്രശ്നങ്ങളിലേക്കോ സങ്കീർണതകളിലേക്കോ സിനിമ കടക്കുന്നില്ല. തന്റെ വൈകല്യത്തെ വിധിയായിക്കണ്ട്, ആത്മനിന്ദയോടെ ശാന്തമായി അംഗീകരിക്കുകയാണ് ആ ബാലൻ. സഹപാഠികൾ അവനെ ലഗ്ട എന്നു വിളിച്ചു കളിയാക്കുമ്പോൾ അവൻ അതിനെതിരെ പ്രതികരിക്കുന്നതേയില്ല. മറിച്ച് ജീവിക്കാനുള്ള ശരിയായ മാർഗത്തെ സ്വന്തം ജീവിതത്തിലൂടെ അവരെ പഠിപ്പിക്കുകയാണ് അവൻ ചെയ്യുന്നത്. ആ കാലത്ത് ശ്രദ്ധിക്കപ്പെട്ട മറ്റൊരു വൈകല്യപ്രതിനിധാനം ഇന്ത്യൻ ക്ലാസിക്കായ മതർ ഇന്ത്യയിലെ (1957) യുവഭർത്താവാണ്. ജോലിക്കിടയിൽ അദ്ദേഹത്തിന്റെ കൈകൾ പാറക്കടിയിൽപെട്ട് തകരുന്നു. ശേഷം കുടുംബത്തെ പുലർത്താനാകാതെ അദ്ദേഹം ഭാര്യയേയും മക്കളെയും അവരുടെ വിധിക്കു വിട്ടുകൊടുത്ത് അപ്രത്യക്ഷനാകുകയാണ് ചെയ്യുന്നത്. വിഗലാംഗനായതിനുശേഷം ഒരു മനുഷ്യൻ എങ്ങനെയാണ് വിലയില്ലാതെയാകുന്നതെന്ന് വളരെ സൂക്ഷ്മമായി ചൂണ്ടിക്കാട്ടാൻ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ചില സിനിമകൾ മാറ്റിനിർത്തിയാൽ 1950-60 കാലത്തെ സിനിമകളിൽ മുഖ്യധാരാ ഇതിവൃത്തത്തിൽ നിന്നുള്ള വിദൂരദൃശ്യങ്ങളായിട്ടാണ് വിഗലാംഗരെ അവതരിപ്പിച്ചത്.
ഹം ദോനോ(1961) എന്ന അമർ ജിത്തിന്റെ സിനിമ യുദ്ധത്തിനിടയിൽ അംഗഭംഗം വന്ന ഒരു യുദ്ധവിദഗ്ദന്റെ കഥ പറയുന്നു. വൈകല്യത്തോടെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാണെന്ന തീരുമാനത്തിലെത്തുകയും അജ്ഞാതവാസം നയിക്കുകയും ചെയ്യുന്ന കഥാപാത്രമാണത്. വൈകല്യജീവിതം അർദ്ധജീവിതമാണെന്നാണ് സിനിമ പറഞ്ഞുവെക്കുന്നത്. ഇരട്ടവേഷത്തിലാണ് ഇതിലെ നായകനടൻ പ്രത്യക്ഷപ്പെടുന്നതെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. പിൻകാലത്തെ പല ഇന്ത്യൻ വൈകല്യസിനിമകളിലും അനാവശ്യമായി ഇരട്ടവേഷം കടന്നുവരുന്നുണ്ട്. ഈ സിനിമയിലേതുപോലെ അപകടങ്ങളിൽ വിഗലാംഗരാകുന്ന കഥാപാത്രങ്ങളാണ് ആ കാലത്ത് ഭൂരിഭാഗവും അവതരിപ്പിക്കപ്പെട്ടത്. രാമാനന്ദ് സാഗറിന്റെ ആർസു(1965) എന്ന സിനിമയിൽ ഒരു ഡോക്ടർ അപകടത്തിൽപെടുകയും അദ്ദേഹത്തിന്റെ ഒരു കാൽ നഷ്ടപ്പെടുകയും ചെയ്യുന്നു. ഒരു വിഗലാംഗ ഡോക്ടറായി രോഗികളെ അഭിമുഖീകരിക്കാനുള്ള അദ്ദേഹത്തിന്റെ മാനസികപ്രയാസങ്ങളാണ് സിനിമ പ്രധാനമായും ചിത്രീകരിക്കുന്നത്. തുടർന്ന് അദ്ദേഹവും ജീവിതത്തെ മൃത്യുസമാനവും നിരാശാജനകവുമായാണ് കാണുന്നത്. അദ്ദേഹം ഭാര്യയെ ഉപേക്ഷിച്ച് ഏകാന്തവാസത്തിനൊരുങ്ങുമ്പോൾ നാടകീയമായ രംഗങ്ങളിലൂടെ ഭാര്യ അവളുടെ ഒരു കാൽ മുറിച്ചുമാറ്റി ഭർത്താവിനെപ്പോലെയാകാൻ ശ്രമിക്കുന്നു. വികാരാതീനമായ രംഗമാണെങ്കിലും വൈകല്യജീവിതത്തെ കുറിച്ചുള്ള അപമാനകരമായ സന്ദേശമാണ് സിനിമ പങ്കുവെക്കുന്നത്. പക്ഷെ ഈ കൂട്ടത്തിൽ 1967-ൽ പുറത്തിറങ്ങിയ ഉപകാർ എന്ന സിനിമ ആഴമേറിയ ഒരു മാനുഷികപ്രശ്നമായി വൈകല്യത്തെ നോക്കിക്കാണുന്നുണ്ട്.
1970-കളിൽ ന്യൂ വേവ് സിനിമകളുണ്ടാക്കിയ പുതിയ ഭാവുകത്വത്തിൽ വിഗലാംഗരും അന്തസോടെ പ്രതിനിധാനം ചെയ്യപ്പെട്ടു. അനുരാഗ്(1972), കിനാര(1977) തുടങ്ങിയ സിനിമകളിൽ ആത്മാഭിമാനത്തോടെ ജീവിക്കുന്ന വിഗലാംഗരെ കണ്ടെത്താം. കിനാരയിൽ കാഴ്ചയില്ലാത്ത നർത്തകിയുടെ ജീവിതമാണ് പ്രതിപാദിക്കുന്നത്. അനുരാഗാണ് ബോളിവുഡിലെ ആദ്യത്തെ അവയവദാന ചലച്ചിത്രം. കാഴ്ചയില്ലാത്ത അനാഥബാലികയ്ക്ക് നേത്രദാനത്തിലൂടെ കാഴ്ചലഭിക്കുന്ന സിനിമ അവയവദാനത്തെ മഹത്വപ്പെടുത്തുന്ന സംഭാഷണങ്ങൾ നൽകുന്നുണ്ട്. അങ്കൂർ(1974) എന്ന സിനിമയിൽ ബദിരനും മൂകനുമായ ഒരു വ്യക്തി ഒരു ഫ്യൂഡൽ സമൂഹത്തിൽ അനുഭവിക്കുന്ന ചൂഷണവും സമ്മർദ്ധങ്ങളുമാണ് പ്രതിപാദിക്കുന്നത്. നല്ല വാചാലതയും ശക്തരുമായ ഫ്യൂഡൽപ്രഭുക്കളോട് പ്രതികരിക്കാൻ അദ്ദേഹത്തെ പ്രാപ്തമാക്കിത്തീർക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യയാണ്. ഇത്തരത്തിൽ സമാന്തരചിത്രത്തിൽ മാത്രമല്ല വാണിജ്യചിത്രത്തിലും ആത്മബോധത്തിലേക്കും ആത്മാഭിമാനത്തിലേക്കും ഉയരുന്ന ധാരാളം കഥാപാത്രങ്ങളെ നമുക്കു കാണാം. ഷോലെ(1975) എന്ന സിനിമയിൽ കൈകൾ വെട്ടിമാറ്റിയവരോട് തീവ്രകരമായി പ്രതികാരം ചെയ്യുന്ന ഒരു വിഗലാംഗനായകൻ കടന്നുവരുന്നു. പക്ഷെ ഈ ഘട്ടത്തിൽപോലും ഒരു സമൂഹം എന്ന നിലയിലുള്ള ഒരു അഭിസംബോധന ബോളിവുഡ് വിഗലാംഗർക്ക് നൽകിയില്ല. ചില വൈകല്യ കഥാപാത്രങ്ങൾ സ്വാതന്ത്ര്യത്തോടെ, സ്വാശ്രയത്വത്തോടെ ജീവിക്കുന്നു എന്നതിനപ്പുറത്ത് വൈകല്യമുള്ളവരെ പ്രചോദിപ്പിക്കാനോ ആത്മബോധത്തിലേക്ക് നയിക്കാനോ ഉദകുന്ന ഇതിവൃത്തങ്ങളും ആഖ്യാനങ്ങളും രൂപപ്പെടുകയുണ്ടായില്ല. എങ്കിലും കുൻവാര ബാപ്(1974) എന്ന സിനിമ ദാരിദ്ര്യവും വൈകല്യവും തമ്മിലുള്ള ബന്ധത്തെ തുറന്നുകാട്ടുന്നു. വൈകല്യത്തിലേക്ക് നയിക്കാവുന്ന ഒരു രോഗത്തെ മുൻകൂട്ടി തിരിച്ചറിഞ്ഞിട്ടും പണമില്ലായ്കയാൽ നായകന് ഉചിതമായ ചികിൽസ ലഭ്യമാകുന്നില്ല.
1980-കളിൽ അതിജീവന ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. സമാന്തരചിത്രങ്ങളുടെ ഭാഗമായും വാണിജ്യചിത്രങ്ങളുടെ ഭാഗമായും പ്രചോദിത സിനിമകളുണ്ടായി. സായ് പരഞ്ച്പേയുടെ സ്പർശ്(1980), രാമറാവു+തതിനേനി എന്നിവരുടെ നാച്ചേ മയൂരി(1986) എന്നീ സിനിമകൾ യഥാക്രമം അവയ്ക്കുള്ള ഉദാഹരണങ്ങളാണ്. സ്പർഷ് എന്ന സിനിമ നസറുദ്ധീൻ ഷായിലൂടെ കാഴ്ചാവൈകല്യമുള്ള ഒരു വ്യക്തിയുടെ പ്രണയാനുഭവത്തിന്റെ സൗന്ദര്യത്തേയും സവിശേഷതകളേയും പര്യവേഷണം ചെയ്യുന്നു. അപകടത്തിൽ കാലുകൾ നഷ്ടപ്പെട്ട, ഭരതനാട്ട്യ നർത്തകിയായ സുധാചന്ദ്രന്റെ യഥാർത്ഥ ജീവിതമാണ് നാച്ചേ മയൂരിയുടെ പ്രമേയം. അദ്ദേഹം തന്നെയാണ് ആ വേഷം അഭിനയിച്ചിട്ടുള്ളതും. കൃത്രിമ കാലുകളിലൂടെ അദ്ദേഹം നൃത്തമേഖലയിൽ അതിജീവിക്കുന്നു. അത്രമേൽ ഉയരത്തിലെത്തീട്ടും വിഗലാംഗയായപ്പോൾ തന്നെ ഉപേക്ഷിച്ചുപോയ കാമുകന്റെ വേർപാടിൽ നിന്നും അദ്ദേഹത്തിന് മുക്തയാകാൻ സാധിച്ചതേയില്ല. ഹം ദോൻ എന്ന സിനിമയോട് സമാനമായ ഇതിവൃത്തമാണ് പ്രഹാർ(1986) എന്ന സിനിമയും അവതരിപ്പിക്കുന്നത്. രണ്ടും വിഗലാംഗരായിത്തീരുന്ന യുദ്ധസൈനികരുടെ കഥയാണ്. എന്നാൽ ഹം ദോനിൽ മുമ്പു പറഞ്ഞതുപോലെ വൈകല്യജീവിതത്തെ മരണസമാനമായാണ് നായകൻ കാണുന്നതെങ്കിൽ പ്രഹാറിലെ നായകൻ വിഗലാംഗനായി മെഡിക്കൽ റിട്ടേഡായതിനുശേഷവും മാഫിയകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ പോരാടുകയും അങ്ങനെ ക്രൂരമായി കൊല്ലപ്പെടുകയും ചെയ്യുന്നു.
1990-കൾ യാഥാർത്ഥ്യബോധമില്ലാത്ത വൈകല്യസിനിമകളാണ് ഏറെയും നിർമ്മിച്ചത്. ചാന്ദിനി(1989), സാജൻ(1991), പ്രഹാർ(1993), ദുഷ്മൻ(1998), ഹം സാത്ത് സാത്ത് ഹൈനാരേ(1999) തുടങ്ങിയ സിനിമകൾ വീരപരിവേഷമുള്ള ഹീറോകളായി വിഗലാംഗ നായകരെ അവതരിപ്പിക്കാൻ ശ്രമിച്ചു. സാമ്പ്രദായിക ബോളിവുഡ് നായകന്മാരുടെ അതേ പ്രവൃത്തികൾ വിഗലാംഗ നായകരെക്കൊണ്ടും ചെയ്യിക്കുന്നു. ഇതു തുല്യതയുടെ അനുഭവമാണെന്നാണ് സിനിമകൾ ഭാവിക്കുന്നത്. തുല്യത എന്നാൽ സമാനതയാണെന്നാണ് അവർ കരുതുന്നത്. പക്ഷെ അത്തരം സിനിമകളിൽ കലാപരമായ മേന്മ നിലനിർത്താൻ ചലച്ചിത്രപ്രവർത്തകർക്കു സാധിച്ചില്ല. വൈകല്യത്തിന്റെ സങ്കീർണതകളില്ലാത്ത ലളിതവും ഏകമാനവുമായ സ്റ്റീരിയോടൈപ്പുകളായി വിഗലാംഗർ പ്രതിനിധാനം ചെയ്യപ്പെടുന്നു എന്നതാണ് ആ സിനിമകളുടെ അനന്തരഫലം. അത്തരം സിനിമകൾക്കിടയിലും ഗാമോഷി - മ്യൂസിക്കൽ(1996), മാൻ(1999) എന്നീ കലാമേന്മയുള്ള സിനിമകളും നിർമ്മിക്കപ്പെട്ടു. ഗാമോഷിൽ ബദിരരും മൂകരുമായ മാതാപിതാക്കളുള്ള ഒരു സാധാരണ കുട്ടിയുടെ ജീവിതമാണ് പറയുന്നത്. മാതാപിതാക്കൾ നിശബ്ദതയുടെ ലോകത്തായിരുന്നിട്ടും എല്ലാ കുട്ടികളെയും പോലെ സന്തോഷകരമായ ഒരു കുട്ടിക്കാലം അവനും അനുഭവിക്കുന്നു. പക്ഷെ സംഗീതത്തോടുള്ള അവന്റെ ആഭിമുഖ്യത്തെ ബദിരരായ മാതാപിതാക്കൾക്ക് മനസിലാക്കാനാകുന്നതേയില്ല. തങ്ങൾക്ക് തീർത്തും അജ്ഞാതമായ ഒരു മേഖലയോട് സെൻസിറ്റീവാകാൻ, സഹാനുഭൂതി കാണിക്കാൻ അവർക്ക് എങ്ങനെയാണ് സാധിക്കുക എന്ന മാനുഷികപ്രശ്നമാണ് സിനിമ ഉയർത്തുന്നത്. മാൻ എന്ന സിനിമയിൽ അപകടത്തിൽ കാലുകൾ നഷ്ടപ്പെടുന്ന ഒരു മോഡലിന്റെ ജീവിതമാണ് പറയുന്നത്.
2000-കളിലെ മിക്ക വൈകല്യസിനിമകളും അതിലെ പ്രതിനിധാനങ്ങൾ നല്ലതോ ചീത്തതോ ആയാലും ജനപ്രിയമായിത്തീർന്നു എന്നുതന്നെ പറയണം. ബ്ലാക്ക്(2005), ഇക്ബാൽ(2005), 15 പാർക്ക് അവന്യൂ(2005) , താരേ സമീം ബർ(2007), പാ(2009), ബൽക്കി(2012) തുടങ്ങിയവയാണ് അതിൽ ഏറ്റവും ജനപ്രിയമായിത്തീർന്നത്.
2.2 വിഗലാംഗ സ്ത്രീകളുടെ പ്രതിനിധാനം
ആഗോളസിനിമയിലും ഹോളിവുഡിലുമെല്ലാം വൈകല്യ കഥാപാത്രങ്ങളായി ചിത്രീകരിക്കപ്പെട്ടിട്ടുള്ളത് അധികവും പുരുഷന്മാരാണ്. എന്നാൽ ഇന്ത്യൻ സിനിമയിലും ബോളിവുഡിലും വൈകല്യമുള്ളവരായി പ്രതിനിധാനപ്പെട്ടിട്ടുള്ളത് പുരുഷന്മാരേക്കാളധികം സ്ത്രീകഥാപാത്രങ്ങളാണ്. മാത്രവുമല്ല ബോളിവുഡിൽ ജനപ്രിയമായിത്തീർന്ന സ്ത്രീപക്ഷസിനിമകളിലധികവും വൈകല്യാധിഷ്ഠിത സിനിമകളാണ്. അത്തരം സിനിമകളെ മാറ്റിനിർത്തിയാൽ വൈകല്യമുള്ള സ്ത്രീകൾ എപ്പോഴും നായകന്റെ അമ്മയായോ സഹോദരിയായോ കാമുകിയായോ ഒക്കെ പ്രത്യക്ഷപ്പെടുന്നു. അനുബന്ധ കഥാപാത്രങ്ങളായല്ലാതെ സ്വതന്ത്ര വ്യക്തികളായി ആഖ്യാനത്തിൽ ഇടപെടുന്ന വൈകല്യമുള്ള സ്ത്രീകളെ കണ്ടെത്താനാകില്ലെന്നു തന്നെ പറയാം. വൈകല്യമുള്ള പുരുഷന്മാരെ അവതരിപ്പിക്കുമ്പോൾ കൂടുതൽ സൂക്ഷ്മതയോടും കൃത്യതയോടും കൂടി ചിത്രീകരിക്കുന്നു. എന്നാൽ വൈകല്യമുള്ള സ്ത്രീകളെ വൈചിത്ര്യത്തോടും അവ്യക്തതയോടുമാണ് അവതരിപ്പിച്ചു കാണുന്നത്. പുരുഷന്മാരെ കൂടുതൽ സ്വാശ്രയരും പക്വതയുള്ളവരും ആത്മവിശ്വാസമുള്ളവരുമായി രൂപപ്പെടുത്തുമ്പോൾ സ്ത്രീകളെ കൂടുതൽ ദുർബലരും പരാശ്രിതരും പുരുഷന്മാരുടെ സംരക്ഷണം ആവശ്യമുള്ളവരും ആത്മാഭിമാനമില്ലാത്തവരുമൊക്കെയായി വിഭാവനം ചെയ്യപ്പെടുന്നു. നായകന്മാരുടെ ത്യാഗസന്നദ്ധതയേയും കരുണയേയും പരിപാലന മനോഭാവത്തേയുമെല്ലാം പ്രതിഫലിപ്പിക്കുക എന്നതുമാത്രമാണ് അത്തരം സ്ത്രീകഥാപാത്രങ്ങൾക്ക് ആഖ്യാനത്തിലുള്ള പ്രാധാന്യം. ആജ് കൽ ഖർ(1963), ജൽ കേ ഉസ് പാർ(1973), ഇംതിഹാൻ(1974), സുനയ്ന(1979), ഹും കോ തുംസേ പ്യാർ ഹേ(2006) തുടങ്ങിയ സിനിമകളിലെല്ലാം ഇത്തരം ആഖ്യാനങ്ങളെ കണ്ടെത്താനാകും. നായകരുടെ താരമൂല്യം ഉയർത്തുവാനായിട്ടാണ് അനുബന്ധ കഥാപാത്രങ്ങളായ വിഗലാംഗരെ തീർത്തും ദുർബലരായി ചിത്രീകരിക്കുന്നത്. ഇത്തരത്തിലുള്ള മിക്ക സിനിമകളിലും നായകൻ സ്ത്രീകളുടെ വൈകല്യത്തെ സുഖപ്പെടുത്തി അവരെ പൂർണ ശരീരാവസ്ഥയിലേക്കെത്തിക്കുന്നതായാണ് അവസാനിപ്പിക്കുന്നത്. ഇംദിഹാൻ എന്ന സിനിമയിൽ വൈകല്യമുള്ള സ്ത്രീകളുടെ കലാപരമായ ശേഷികൾ എങ്ങനെയാണ് സമൂഹം നിരുൽസാഹപ്പെടുത്തുന്നത് എന്ന് പ്രതിപാദിക്കുന്നുണ്ട്. വൈകല്യ കഥാപാത്രങ്ങളെ ഇരകളായി പ്രതിനിധാനം ചെയ്ത സിനിമകളിൽ ഏറ്റവും പ്രാധാന്യമുള്ള സിനിമയാണത്.
വൈകല്യമുള്ള സ്ത്രീകളുടെ വിവാഹവും അതിനായുള്ള പുരുഷ രക്ഷിതാക്കളുടെ അധ്വാനഭാരവും ബോളിവുഡിലെ ഒരു പ്രധാന, ആവർത്തിത പ്ലോട്ട് തന്നെയായിരുന്നു. മജ്ബൂറിൽ(1974), അമിതാ ബച്ചനും സച്ചാർ ജൂതയിൽ(1978), രാജേഷ് ഖന്നയും ഭൈരവിയിൽ(1996) മനോഹർ സിങ്ങും വിഗലാംഗരായ സഹോദരിമാരുടെ വിവാഹഭാരത്തിൽ വലയുന്നു. ബർസാക്ക് കീയേ രാത്ത്(1983) എന്ന സിനിമയിൽ ആഖ്യാനം മുന്നോട്ടുപോകുന്നതുതന്നെ അത്തരമൊരു വിവാഹത്തിന് പണം സമ്പാദിക്കുന്നതിനായി സഹോദരനായ നായകൻ നടത്തുന്ന കുറ്റകൃത്യങ്ങളിലൂടെയാണ്. ഒട്ടും സ്വയംപര്യാപ്തതയില്ലാത്ത, കുടുംബത്തിനു ഒന്നും സംഭാവന ചെയ്യാത്ത കഥാപാത്രങ്ങളായാണ് വിഗലാംഗസ്ത്രീകളെ ഇവയിലെല്ലാം അവതരിപ്പിച്ചിട്ടുള്ളത്. നായകരുടെ ഉത്തരവാദിത്തത്തിന്റെ തീവ്രത കൂടുതലാണെന്നു കാണിക്കുവാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള അവതരണങ്ങൾ നടത്തുന്നത്. സച്ചാർ ജൂതയിൽ വൈകല്യത്തെ കണക്കാക്കാതെ ഒരു കുടുംബം സഹോദരിയെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും അവളുടേത് ജന്മനാലുണ്ടായ വൈകല്യമാണെന്നറിയുമ്പോൾ പിൻമാറുകയും ചെയ്യുന്നു. വൈകല്യമുള്ളവരോടുള്ള വംശീയമായ മുൻവിധികൾ എടുത്തുകാണിക്കാൻ ആ സിനിമയ്ക്ക് സാധിക്കുന്നുണ്ട്.
മൻ(1999), ഗുരു(2007) പോലെയുള്ള ചില സിനിമകളിൽ വൈകല്യമുള്ള സ്ത്രീകളെ വിവാഹം ചെയ്യുന്നത് ഒരു സാമൂഹ്യധർമ്മമായും ഒരു രാഷ്ട്രീയ ഉത്തരവാദിത്തമായും ചിത്രീകരിക്കുന്നു. മൻ എന്ന സിനിമയിൽ ഇരട്ട അംഗഭംഗിയുള്ള വധുവിനെ കൈയിലെടുത്തുകൊണ്ടാണ് നായകനായ അമീർഖാൻ തന്റെ വിവാഹചടങ്ങുകൾ പൂർത്തിയാക്കുന്നത്. ഗുരു എന്ന സിനിമയിൽ മൾട്ടിപ്പിൾ സിറോസിസ് ബാധിച്ച, ഒരു ദാമ്പത്യജീവിതം അസാധ്യമായ യുവതിയെ ബിസിനസുകാരനായ നായകൻ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. വൈകല്യമുള്ള സ്ത്രീകളുടെ ദാമ്പത്യവും കുടുംബചലനങ്ങളും ശുശ്രൂഷയിലും പരിപാലനത്തിലും കേന്ദ്രീകരിക്കുന്നതായി അവതരിപ്പിക്കുന്ന സിനിമകളുമുണ്ട്.
വൈകല്യമുള്ള സ്ത്രീകൾക്ക് നേരിടേണ്ടിവരുന്ന ലൈംഗികചൂഷണവും അതിൽനിന്നും സംരക്ഷണം നൽകുന്ന ശക്തനായ നായകനും ബോളിവുഡിൽ ഇപ്പോഴും തുടരുന്ന ഒരു സ്റ്റീരിയോടൈപ്പാണ്. ഇമാൻ ധരം(1977), ബർസാക്ക് കീയേ രാത്ത്(1981), ഇൻസാഫ്(1987), ഭ്രഷ്ഠാചാർ(1989), ഗുദ്ധാർ(1994), ഹും കോ തുംസേ പ്യാർഹേ(2006), കാബിൽ(2017) തുടങ്ങിയ സിനിമകളിലെല്ലാം ഇതാവർത്തിക്കുന്നു. സാത്ത് പേ സാത്ത്(1982) എന്ന സിനിമയിൽ സ്വന്തം വീട്ടിൽനിന്നുപോലും അമ്മാവനാൽ ലൈംഗികചൂഷണത്തിനു വിധേയയാകുന്ന ഒരു വിഗലാംഗ സ്ത്രീയെ നമുക്കുകാണാം. ഇത്തരം ലൈംഗികചൂഷണങ്ങൾ സമൂഹത്തിൽ സജീവമായി നടക്കപ്പെടുന്നുണ്ടെങ്കിലും അത് ഒരു സ്റ്റീരിയോടൈപ്പായി ആവർത്തിച്ച് പ്രതിനിധാനം ചെയ്യപ്പെടുന്നത് വൈകല്യമുള്ള സ്ത്രീകളുടെ ആത്മവിശ്വാസം കുറയ്ക്കുവാനേ ഇടയാക്കുകയുള്ളൂ. യാഥാർത്ഥ്യം പകർത്തുക എന്നതിനപ്പുറത്ത് ആ സ്റ്റീരിയോടൈപ്പിന് ഒരു വാണിജ്യതാൽപര്യവുമുണ്ട്. ഹിന്ദിസിനിമയിൽ നായികമാരായി അടയാളപ്പെട്ട വിഗലാംഗ സ്ത്രീകളിൽ എല്ലാവരെയും തന്നെ അവരുടെ ശാരീരിക പരിമിതിക്കു നഷ്ടപരിഹാരം നൽകുന്നതുപോലെ അസാധാരണമായ സൗന്ദര്യമുള്ളവരും ശാരീരികഭംഗിയുള്ളവരുമായാണ് ചിത്രീകരിച്ചിട്ടുള്ളത്. ബാഹ്യമായി സുന്ദരിയോ ആകർഷകയോ അല്ലാത്ത വിഗലാംഗസ്ത്രീകളെ അവതരിപ്പിക്കാൻ ബോളിവുഡിനാകാത്തത് ലൈംഗികചൂഷണ രംഗങ്ങൾ ഒരു സ്റ്റീരിയോടൈപ്പായി ആവർത്തിക്കുന്നതുകൊണ്ടാണ്.
2.3 മാനസിക വൈകല്യങ്ങളുടെ പ്രതിനിധാനം
ശാരീരികവൈകല്യങ്ങളോടുള്ള സമീപനത്തിൽ നിന്നും ഏറെ വ്യത്യസ്തമാണ് മാനസികവൈകല്യങ്ങളോടുള്ള ബോളിവുഡിന്റെ സമീപനം. ഓട്ടിസം, ബുദ്ധിപരമായ വൈകല്യം, ചിത്തഭ്രമം, അക്രമാസക്തമായ പെരുമാറ്റം, കുട്ടികളെപ്പോലെയുള്ള പെരുമാറ്റം, വസ്തുക്കളോടുള്ള അഭിനിവേശം തുടങ്ങിയ മാനസികപ്രശ്നങ്ങളെല്ലാം ബോളിവുഡിൽ സ്ത്രീകൾക്കു തന്നെയാണ് സംവരണം ചെയ്യപ്പെട്ടിട്ടുള്ളത്. ഇത്തരം കഥാപാത്രങ്ങളെ മാലാഖമാരായോ പ്രേതങ്ങളായോ അവതരിപ്പിക്കുന്ന രീതിയാണ് ബോളിവുഡിനും പൊതുവെ ഇന്ത്യൻ സിനിമയ്ക്കുമുള്ളത്. ബിൽഫിയിൽ(2012) നായികയായ പ്രിയങ്ക ചോപ്ര കുട്ടികളുടെ മനോനിലയുള്ള, വ്യക്തിത്വവളർച്ചയില്ലാത്ത ഒരു കഥാപാത്രമാണ്. പിങ്ക് നിറമുള്ള വസ്തുക്കളോട് അവൾക്ക് അഭിനിവേശവുമുണ്ട്. ഇത്തരമൊരു വൈകല്യത്തെ മടുപ്പിക്കുന്ന സൗന്ദര്യാത്മകതയിലൂടെയാണ് സിനിമ അവതരിപ്പിക്കുന്നത്. അവളുടെ മാതാപിതാക്കൾ അങ്ങേയറ്റത്തെ ലജ്ജയോടും അപഹർഷതയോടും കൂടി മകളുടെ ഇത്തരം പ്രവൃത്തികളെ നോക്കിക്കാണുമ്പോൾ ഒരു മാലാഖയുടെ ദിവ്യപ്രവൃത്തികളെപ്പോലെയാണ് സിനിമ അതെല്ലാം അവതരിപ്പിക്കുന്നത്. ഈ രണ്ടു സമീപനവും തെറ്റായ സന്ദേശമാണ് ലോകത്തിനു നൽകുക. വൈകല്യങ്ങളെ സൗന്ദര്യാത്മകമായോ ആത്മീയമായോ സാംസ്കാരികമായോ ഒന്നും മഹത്വപ്പെടുത്തേണ്ട കാര്യമില്ല. ഓട്ടിസം ബാധിച്ചവർക്കിടയിലേക്കും ജന്ററിന്റെ പ്രശ്നങ്ങൾ കടന്നുവരുന്നതായി സിനിമ എടുത്തുകാണിക്കുന്നുണ്ട്. ഓട്ടിസം ബാധിച്ച പുരുഷന്മാരേക്കാൾ സ്വാശ്രിതരും നിർഭയരും സ്വതന്ത്രരും കുലീനരുമാണ് ഓട്ടിസ്റ്റിക്കായ സ്ത്രീകൾ എന്ന ഒരു പ്രചരണം നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. തങ്ങളുടെ മകൾ അങ്ങനെയുള്ള ഒരാളാണ് എന്നു മറ്റുള്ളവരെ കാണിക്കാൻ പ്രിയങ്ക ചോപ്രയുടെ മാതാപിതാക്കൾ ശ്രമിക്കുന്നുണ്ട്.
ബാലു മഹേന്ദ്രയുടെ സദ്മ(1983), എന്ന സിനിമയിൽ ഒരു അപകടത്തിനുശേഷം കുട്ടികളെപ്പോലെ പെരുമാറുന്ന നായികയെയും അവൾക്കു സംരക്ഷണമായിത്തീരുന്ന നായകനേയും നമുക്കു കാണാം. വാം ലാംഹേ എന്ന സിനിമയിൽ സ്കിമോഫ്രിനിക്കായ ഒരു യുവതിയെയാണ് കങ്കണ റണാവത്ത് അവതരിപ്പിക്കുന്നത്. എപ്പോഴും ഭയചകിതയായി, പൈശാചികമായ ഭാവങ്ങളോടെ അക്രമാസക്തയാകുന്ന ഒരു പെൺകുട്ടിയാണവൾ. ഹൊറർ ഫീൽ നൽകുവാനുള്ള ഇത്തരം അവതരണങ്ങൾ സ്കിസോഫ്രീനിയയെ കുറിച്ചുള്ള ഭയവും നിഷേധാത്മകതയും തെറ്റിധാരണകളും വർദ്ധിപ്പിക്കുവാനേ ഇടയാക്കുകയുള്ളൂ. നായിക എന്ന സിനിമയിൽ ബൈപോളാർ ഡിസോടർ കാരണം കരിയർ തകർന്നുപോയ ഒരു ചലച്ചിത്രനടിയെയാണ് കരീന കബൂർ അവതരിപ്പിച്ചത്.
സ്ക്രീൻ(1969) എന്ന സിനിമയിലാണ് ആദ്യമായി ബോളിവുഡിൽ ഒരു മാനസിക അഭയകേന്ദ്രം പ്രത്യക്ഷപ്പെടുന്നത്. മാനസിക അഭയത്തിൽ ജോലിചെയ്യുന്ന ഒരു നേഴ്സ് തന്റെ വ്യക്തിജീവിതത്തിലെ ആഘാതങ്ങൾ മൂലം ആ അഭയകേന്ദ്രത്തിൽ തന്നെ ഒരു രോഗിയായി എത്തിച്ചേരുന്നതായാണ് സിനിമയുടെ ഇതിവൃത്തം. മാനസികരോഗികളുടെ ലൈംഗിക പിരിമുറുക്കം കുറയ്ക്കുന്നതിനായി അഭയകേന്ദ്രത്തിലേക്ക് ഒരു ലൈംഗിക തൊഴിലാളിയെ കൊണ്ടുവരുന്നതിനെ സിനിമ തുറന്നു പ്രതിപാദിക്കുന്നുണ്ട്. ദുൽദ്(1973) എന്ന സിനിമ മാനസികരോഗങ്ങൾ എങ്ങനെയാണ് ദാമ്പത്യത്തേയും കുടുംബഘടനയേയും തകർക്കുന്നത് എന്നു ചിത്രീകരിക്കുന്നു. ആത്മപീഡന പ്രവണതകളും മസോക്കിസ്റ്റ് ആനന്ദങ്ങളുമുള്ള, അവയിലൂടെ പുരുഷശേഷി പോലും നഷ്ടപ്പെട്ടിട്ടുള്ള ഒരു ഭർത്താവാണ് സിനിമയിലെ നായകൻ. കൂട്ടുകുടുംബ സമ്പ്രദായങ്ങളിൽ നിന്നും അണുകുടുംബ വ്യവസ്ഥയിലേക്കുള്ള പരിണാമം എങ്ങനെയാണ് മനുഷ്യരുടെ മാനസികാരോഗ്യത്തെ ബാധിച്ചത് എന്ന് ആഴത്തിൽ ചർച്ചചെയ്യാൻ സിനിമയ്ക്ക് സാധിച്ചു. മാനസികരോഗങ്ങളോട് വളരെ പക്വതയുള്ള സമീപനമാണ് ആദ്യകാല ബോളിവുഡ് സിനിമകൾ സ്വീകരിച്ചതെന്നു പറയാം. പിൻകാലത്ത് ചലച്ചിത്രവ്യവസായം ശക്തിയാർജ്ജിച്ചപ്പോഴാണ് മാനസികരോഗികളെ ഹൊറർ സിനിമകളും മോട്ടിവേഷണൽ സിനിമകളും ഏറ്റെടുത്തത്.
പിൻകാലത്തുവന്ന മികച്ചൊരു സൈക്കോ ഡിസബിളിറ്റി മൂവി മണിരത്നത്തിന്റെ അഞ്ജലി(1990) ആണ്. മാനസികരോഗികളോടുള്ള സാമൂഹിക വേട്ടയാടലുകളെ കുറിച്ചുള്ള സിനിമയാണത്. അതിനുശേഷമിറങ്ങിയ, ആന്തരിക വൈകാരിക വൈകല്യങ്ങളെ പ്രമേയമാക്കിയ സിനിമയാണ് ജാൻസേ പ്യാരാ(1992). ഒരു സംഘർഷത്തിൽ തലയ്ക്ക് അടിയേറ്റതിനെ തുടർന്ന് ബുദ്ധിമാന്ദ്യം സംഭവിക്കുന്ന ഒരു കോളേജ് വിദ്യാർത്ഥിയുടെ കഥയാണ് തേരേ നാം(2003) എന്ന സിനിമ പറയുന്നത്. ഈ സിനിമയിൽ മാനസികരോഗങ്ങൾക്ക് പ്രകൃതിചികിൽസയുടേതായ ബദലുകൾ അവതരിപ്പിക്കപ്പെടുന്നു. ഡിസോഷേറ്റീവ് പേഴ്സണാലിറ്റി ഡിസോടറുള്ള ഒരു വ്യക്തിയെയാണ് ഫൂൽ ഫുലയ്യ(2007) എന്ന സിനിമ കാണിച്ചുതരുന്നത്. ഖജനിയിൽ(2008) മറവിരോഗത്തിന്റെയും പാ(2009) എന്ന സിനിമയിൽ പ്രൊജീരിയ രോഗത്തിന്റെയും സങ്കീർണതകൾ അവതരിപ്പിക്കപ്പെടുന്നു. സ്വീകാര്യതയും ഉൾപ്പെടുത്തലും കൂടുമ്പോൾ അത് വൈകല്യത്തെ എങ്ങനെ ഗുണപരമായി സ്വാധീനിക്കുന്നു എന്ന് സമർത്ഥിക്കാൻ പാ എന്ന സിനിമയ്ക്കായിട്ടുണ്ട്. കാർത്തിക് കോളിങ് കാർത്തിക്(2010) എന്ന സിനിമയിൽ സ്വന്തം പ്രതിഛായയയോടൊത്ത് ഇരട്ടജീവിതം നയിക്കുന്ന സ്കിസോഫ്രീനിക്കായ ഒരു വ്യക്തിയെ നാം പരിചയപ്പെടുന്നു. മൈ നെയിം ഈസ് ഖാൻ (2010) എന്ന സിനിമ ഓട്ടിസത്തെ കുറിച്ച് സമൂഹത്തിൽ വ്യാപകമായി നിലനിൽക്കുന്ന സ്റ്റീരിയോടൈപ്പുകളെയും മുൻവിധികളേയും അങ്ങേയറ്റം വിമർശാത്മകമാക്കുന്നു.
2.4 അതിജീവന / പ്രചോദന സിനിമകൾ
വൈകല്യമുള്ളവരുടെ അതിജീവനം പ്രമേയമാക്കുന്ന സിനിമകളും ബോളിവുഡിൽ നാമമാത്രമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബ്ലാക്ക്(2005) എന്ന സിനിമയിൽ ഹെലൻ കെല്ലറിന്റെ ജീവിതത്തോട് സമാനതയുള്ള ഒരു കഥാപാത്രമാണ് നായികയായി എത്തുന്നത്. ഫന(2006) എന്ന സിനിമയിൽ കാഴ്ചാപരിമിതിയുള്ള കാജോളിലൂടെ വൈകല്യം എങ്ങനെയാണ് ഒരു മനുഷ്യന്റെ ദൈന്യംദിന ജീവിതത്തെ കൂടുതൽ അർത്ഥമുള്ളതാക്കി, ആഴമേറിയതാക്കി മാറ്റിയെടുക്കുന്നത് എന്ന് ചിത്രീകരിക്കുവാൻ ശ്രമിക്കുന്നു. തന്റെ പരിമിതികൾക്കു ആശ്രയമായ ഭർത്താവ് രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന ഒരു തീവ്രവാദിയാണ് എന്നു തിരിച്ചറിയുമ്പോൾ അവനെ ഉപേക്ഷിക്കുവാനും ആത്മവിശ്വാസത്തോടെ ഒറ്റയ്ക്കു ജീവിക്കാനും തയ്യാറാകുന്ന ഒരു കാശ്മീരി പെൺകുട്ടിയാണവൾ. ഒന്നിലധികം മൈലോമ ബാധിക്കുകയും ശരീരം അൽപ്പാൽപ്പമായി തളർന്നുപോകുകയും ചെയ്യുന്ന ഒരു യുവതിയുടെ കഥയാണ് റോക്ക് സ്റ്റാർ(2011) പറയുന്നത്. മാഗരിറ്റ് വിത്ത് ഏ സ്ട്രോയിൽ(2014) എന്ന സിനിമയിൽ വൈകല്യമുള്ള സ്ത്രീകളുടെ സ്വാഭാവിക ലൈംഗികപ്രേരണകളെ കുറിച്ചുള്ള പ്രസക്തമായ ചോദ്യങ്ങൾ ഉയർത്തുന്നു. സെറിബ്രൽ പാൾസി ബാധിച്ച, സ്വതന്ത്ര മനോഭാവമുള്ള സ്ത്രീയായി കൽക്കി കൊച്ചലിൻ അഭിനയിക്കുന്നു. വൈകല്യമുള്ളവർ തങ്ങളുടെ ശാരീരികമായ പരിമിതികളെ മറികടക്കാൻ സ്വന്തം ശരീരത്തെ കൂടുതൽ കണ്ടെത്താൻ ശ്രമിക്കുന്നതിനെ കുറിച്ചും അതിനായി കൂടുതൽ ലൈംഗിക പര്യവേഷണങ്ങളിലേർപ്പെടുന്നതിനെ കുറിച്ചുമെല്ലാം ഈ സിനിമ തുറന്നു പ്രതിപാദിക്കുന്നു. സ്വവർഗാനുരാഗത്തേയും ഒന്നിലധികം ഇണകളേയുമെല്ലാം ഉൾക്കൊള്ളാനുള്ള ഒരു സ്പെയ്സ് വൈകല്യ മന:ശാസ്ത്രത്തിലുണ്ടെന്ന് ഈ സിനിമ സമർത്ഥിക്കുന്നു. മുക്തേബാസ് എന്ന സിനിമയിൽ ഊമയായ നായികയായി സോയ ഹുസൈൻ അഭിനയിക്കുന്നു. അവളുടെ മൂകത്വത്തെ പുരുഷാധിപത്യ സമൂഹത്തിലെ സ്ത്രീകളുടെ പൊതുമൗനമായി സിനിമ ബിംബവൽക്കരിക്കുന്നു.
2.5 വൈകല്യങ്ങളോടുള്ള മുൻവിധികളും വിശ്വാസങ്ങളും
1936-ൽ പുറത്തിറങ്ങിയ നിർജൻപാലിന്റെ ജീവൻ നയ്യ എന്ന സിനിമയിൽ ഹിന്ദു യാഥാസ്ഥിതിക സമൂഹത്തിലെ ദുരാചാരങ്ങളെ എടുത്തുകാണിക്കുമ്പോൾ വൈകല്യത്തെ ശിക്ഷയായി വിധിച്ചിരുന്ന ബ്രാഹ്മണ നിയമസംവിധാനത്തെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. ആത്മീ(1968) എന്ന സിനിമയിലെ നായകന്റെ അമ്മായിയപ്പൻ തന്റെ പാപങ്ങൾക്കുള്ള ശിക്ഷയെന്നോണം അവസാനത്തിൽ അന്ധനായിമാറുന്നു. കിരൺ ജൽതേ ബദനിൽ(1973) മയക്കുമരുന്നിനു അടിമയായ നായകൻ പ്രകൃതിയുടെ കോപമേറ്റ് അന്ധനാകുന്നു. ധൻവാൻ(1993) എന്ന സിനിമയിൽ നിരീശ്വരവാദിയായ വ്യക്തി ദൈവകോപത്തിൽ വിഗലാംഗനായിത്തീരുന്നു. മഹബൂബ് കി മഹന്തി(1971) എന്ന സിനിമയുടെ അവസാനത്തിൽ നായകൻ വില്ലനെ കൊല്ലാൻ തുനിയുകയും എന്നാൽ അവൻ വിഗലാംഗനാണെന്നു കണ്ട് അതിൽനിന്നും പിൻമാറുകയും ചെയ്യുന്നു. മരിച്ചതിനു സമാനമായ ശിക്ഷയായിരിക്കും തുടർന്നുള്ള നിന്റെ ജീവിതമെന്ന് പറയുകയും ചെയ്യുന്നു. ഇത്തരത്തിൽ വൈകല്യജീവിതം ഒരു ശിക്ഷയാണെന്നും ശാപമാണെന്നും വിധിയാണെന്നുമൊക്കെയുള്ള ഫ്യൂഡൽബോധങ്ങൾ മുതലാളിത്തകലയായ സിനിമയിലും ആവർത്തിക്കുന്നു.
2.6 വൈകല്യസിനിമകളും ഴാനറുകളും
ബോളിവുഡിലെ ഒരു ശാസ്ത്ര വൈകല്യസിനിമയാണ് കോയി മിൽ ഗയ(2005). നിലവിൽ വൈദ്യശാസ്ത്രത്തിൽ കാര്യമായ ചികിൽസകളില്ലാത്ത വികസനവൈകല്യം ബാധിച്ച ഒരു കുട്ടിക്ക് അന്യഗ്രഹജീവികളിൽനിന്നും ചില അമാനുഷിക കഴിവുകൾ ലഭിക്കുന്നതും ആ കഴിവുകൾ ഉപയോഗിച്ച് അവൻ തന്റെ പരിമിതികളെ മറികടക്കുന്നതും ആഗ്രഹങ്ങൾ സാധിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ബോളിവുഡിലെ ഒരു വൈകല്യ സ്പോർട്സ് സിനിമയായ ഇക്ബാലിൽ(2005) ക്രിക്കറ്റിനോട് അടക്കാനാകാത്ത അഭിനിവേശമുള്ള ബദിരനും മൂകനുമായ ഒരു കുട്ടിയുടെ ജീവിതം പ്രതിപാദിക്കുന്നു. ഇന്ത്യയ്ക്കുവേണ്ടി കളിക്കാനുള്ള സ്വപ്നത്തിൽ അവൻ എത്തിച്ചേരുകതന്നെ ചെയ്യുന്നു. ഒരു മ്യൂസിക്കൽ ഡ്രാമയാണ് അഗ്നിപത്ത്(2012) സംഗീതത്തെ ആത്മാവിനോളം സ്നേഹിക്കുകയും മനുഷ്യരാശിയുടെ നന്മയിൽ ആഴത്തിൽ വിശ്വാസമർപ്പിക്കുകയും ചെയ്യുന്ന ഒരു ഓട്ടിസ്റ്റിക് യുവാവിനെ കുറിച്ചാണ് സിനിമ സംസാരിക്കുന്നത്.
പുരുഷന്മാർ വൈകല്യമുള്ള നായകന്മാരായി എത്തുന്ന മിക്ക ബോളിവുഡ് സിനിമകളും കോമിക്കുകളോ ആന്റി റിയലിസ്റ്റിക് ചിത്രങ്ങളോ ആണ്. ചില കഥാപാത്രങ്ങളെ ചിത്രീകരിക്കുമ്പോൾ അപമാനകരമായ കോമിക് ഇംപ്രഷനുകളാണ് സിനിമകൾ സംവേദനം ചെയ്യുന്നത്. അധികം ചിന്താഭാരമില്ലാതെ നിർമ്മിക്കാവുന്നതും പ്രേഷകരിലേക്ക് എളുപ്പം എത്തിക്കാവുന്നതുമാണ് വൈകല്യത്തെ ഉപയോഗിച്ചുകൊണ്ടുള്ള തമാശകൾ. യാഥാർത്ഥ്യബോധമില്ലാത്തതും ലഘുവായതുമായ കഥാപശ്ചാത്തലങ്ങളെയാണ് അത്തരം സിനിമകൾ തേടിച്ചെല്ലുന്നത്. ഖാദർ ഖാൻ അഭിനയിച്ച മുജ്ഷേ ഷാജ് കരോത്(2004) എന്ന സിനിമയിൽ എല്ലാ ദിവസവും ഓരോരോ പുതിയ വൈകല്യങ്ങളുമായി പ്രത്യക്ഷപ്പെടുന്ന നായകനെയാണ് ചിത്രീകരിക്കുന്നത്. തീർത്തും സാമൂഹ്യവിരുദ്ധമായ ഒരു പ്രവർത്തനമാണ് ഈ സിനിമ. 1990-കളിൽ പുറത്തിറങ്ങിയ ബാദ്ഷ, മൊഹറ 2002-ലെ ആൻഖേൻ എന്നീ സിനിമകളിലും ഇത്തരത്തിൽ അനിയന്ത്രിതമായ തമാശകൾ കടന്നുവരുന്നു. താരെ സമീം ബർ, ഇക്ബാൽ, ഗാമോഷി പോലെയുള്ള ചില സിനിമകൾ ഇതിൽനിന്നും ഭിന്നമാണ്. സാധാസിനിമകളിൽ പോലും ഭിന്നശേഷിയുള്ള വ്യക്തികളെ കളിയാക്കിക്കൊണ്ടുള്ള വിലകുറഞ്ഞ തമാശകൾ രാഷ്ട്രീയജാഗ്രതയില്ലാതെ ഇപ്പോഴും കടന്നുവരുന്നുണ്ട്.
നിഗമനങ്ങൾ
1. ഉൽപാദനക്ഷമതയില്ലാത്ത, കുടുംബത്തിനോ സമൂഹത്തിനോ സംഭാവനകൾ നൽകാത്ത നിഷ്ക്രിയരായ വ്യക്തികളായാണ് വിഗലാംഗർ ഭൂരിഭാഗവും പ്രതിനിധാനം ചെയ്യപ്പെടുന്നത്.
2. വിഗലാംഗരോടുള്ള മുൻവിധികളെയും പരമ്പരാഗത വിശ്വാസങ്ങളെയും വിമർശിക്കേണ്ടതിനു പകരം അവ ആവർത്തിക്കുന്ന സമീപനങ്ങളാണ് ബോളിവുഡ് സ്വീകരിച്ചിട്ടുള്ളത്. ഈ പ്രവണത സഹായിക്കുന്നത് അവയവനിർമ്മാതാക്കളെയും ശരീരമാഫിയകളേയും മാത്രമാണ്.
3. വൈകല്യത്തെ ഒരു മെഡിക്കൽ പ്രശ്നമായി മാത്രം ചിത്രീകരിക്കുന്ന സിനിമകൾ ധാരാളമായി നിർമ്മിക്കപ്പെടുന്നു. ഒരു ശസ്ത്രക്രിയയിലൂടെയോ പരിചരണത്തിലൂടെയോ എളുപ്പം പരിഹരിക്കാവുന്ന പ്രശ്നമായി വൈകല്യങ്ങളെ അവതരിപ്പിക്കുന്നു. വൈകല്യങ്ങൾ സുഖപ്പെടുന്നതിൽ അവസാനിക്കുന്ന സിനിമകളുടെ വലിയൊരു ചരിത്രം തന്നെ ബോളിവുഡിനുണ്ട്.
4. ഒരൊറ്റ സിനിമയിൽപോലും വൈകല്യമുള്ളവരുടെ പുനരധിവാസം കാര്യമായി ചർച്ചചെയ്യപ്പെടുന്നില്ല. എന്നാൽ ഗാർഹിക പരിചരണവും മറ്റും അമിതമായി ചിത്രീകരിക്കുകയും ചെയ്യുന്നു.
5. ബോളിവുഡിലെ താരാധിപത്യത്തിന്റെ ഇരകളാണ് വിഗലാംഗ പ്രാതിനിത്യങ്ങൾ എന്ന് നിശ്ചയമായും പറയാം. നായകരുടെ താരമൂല്യം ഉയർത്തുന്നതിനായി അനുബന്ധകഥാപാത്രങ്ങളെ തീർത്തും ദുർബലരായി അവതരിപ്പിക്കുന്നു. താരങ്ങൾ തന്നെ വിഗലാംഗരായി എത്തുമ്പോൾ വീരനായക പരിവേഷത്തിൽ അവതരിപ്പിക്കുന്നു. ബോളിവുഡിലെ പല കൊമേഡിയന്മാരും വൈകല്യ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധേയരായത്.
6. വിഗലാംഗ സ്ത്രീകളുടെ ചിത്രീകരണത്തിൽ പുരുഷമേധാവിത്വത്തിന്റെ ഘടനയാണ് മുഴച്ചുനിൽക്കുന്നത്. മാനസികവൈകല്യങ്ങൾ ഏറെക്കുറെ സ്ത്രീകളിലേക്ക് തന്നെ അടിച്ചേൽപ്പിക്കപ്പെട്ടു. എങ്കിലും ചില സിനിമകളിൽ വൈകല്യമുള്ളവർക്കിടയിൽ ജന്ററിന്റെ ആശയങ്ങൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് പ്രതിപാദിക്കാൻ ശ്രമിച്ചിട്ടുണ്ട്.
7. വൈകല്യമുള്ളവരുടെ സ്വാഭാവികമായ ലൈംഗികപ്രേരണകളെ കുറിച്ചും സ്നേഹബന്ധങ്ങളിലെ ആത്മാർത്ഥതയെ കുറിച്ചും സംസാരിക്കാൻ ചില സിനിമകൾക്ക് സാധിച്ചിട്ടുണ്ട്.
8. അപൂർവമായ ജീവിതങ്ങൾ, ഇടുങ്ങിയ ജീവിതങ്ങൾ, അതിവൈകാരികമായ മനസ്, ചുറ്റുപാടുകളോട് പൊരുത്തപ്പെട്ടുപോകുന്ന ദിനചര്യകൾ ഇങ്ങനെയെല്ലാമാണ് പൊതുവിൽ ബോളിവുഡ് സിനിമകളിലെ പ്രതിനിധാനങ്ങൾ.
കുറിപ്പുകൾ
1. roddy slorach : marxism and disability : journal of international socialism : january 2011
2. aurora levins morales : kindling : writings on the body : palabrera press : 2013
3. Julia kristeva : powers of horror : an essay on abjection : columbia university press 1982
4. Paul k. longmore : screening stereotypes: images of disabled people in television and motion pictures : journal of social policy – vol 16, is 1 : 1985
5. keith e. byrd : Feature films and disability : a descriptive study : journal of rehabilitation psychology – vol 30, is 1 : 1985
6. martin f. norden : the cinema of Isolation : a history of physical disability in the movies: new brunswick : rutgers university press : : : 1994
7. paul a. darke , : understanding cinematic representation of disability : journal of disability reader : 1998
8. shakespeare tom : art and lies?representations of disability on film : journal of disability discourse : buckingham university press: 1999
9. alegre de la rosa, olga maria : disability in film : barcelona : Octaedro : 2003
10. michael t. hayes, rhonda s. black : troubling signs : disability, hollywood movies and the construction of a discourse of pity : disability studies quarterly 23 : 2003
11. rhonda s. Black , lori pretes : victims and victors – representation of physical disability on the silver screen : spring : 2007
12. Julia kristeva . Ibid.
13. staffan bengtsson : out of the frame – disability and the body in the writings of karl marx: journal of disability research
14. sharon l. snyder, david t. mitchell : “how do we get all these disabilities in here? - disability film festivals and the politics of atypicality : disability studies quertely – vol 17, no 1 : march 2020
റഫറൻസ്
elaine makas : changing channels- the portrayal of people with disabilities on television : newbery : 1993
jayana jain : disability and sexuality in hindi films : Indian journal of women and social change – special edition on disability and sexuality : 19/jun/2018
keith e. byrd : Feature films and disability : a descriptive study : journal of rehabilitation psychology – vol 30, is 1 : 1985
mark ozdoba : the ableist blockbuster : Journal of disability policy studies : 31/07/2021
meghan chou : examining cripface and ableism in hollywood : michiga daily : 02/april/2018
michael t.hayes , rhonda s. black : troubling signs : disability, hollywood movies and the construction of a discourse of pity : disability studies quarterly 23 : 2003
paul a. darke , : understanding cinematic representation of disability : journal of disability reader : 1998
Paul k. longmore : a note on language and the social identity of disabled people : university of south – ern california : 1985
Paul k. longmore : screening stereotypes: images of disabled people in television and motion pictures : journal of social policy – vol 16, is 1 : 1985
presad s. : anatomizing the screen presence of disabled characters in hindi feature films : journal of disability discourse : february 2019
roddy slorach : marxism and disability : journal of international socialism : january 2011
shabnam : portrayal of the disabled in Indian cinema : ph.d. theses - department of english and foreign languages in maharshi dayanand university : 2013
sharon l. snyder, david t. mitchell : “how do we get all these disabilities in here? - disability film festivals and the politics of atypicality : disability studies quertely – vol 17, no 1 : march 2020
staffan bengtsson : out of the frame – disability and the body in the writings of karl marx : journal of disability research
swagata chatterjee : the growing interest in disability in popular hindi cinema : : post scriptum – web journal : 09/09/2019
സാലിം എൻ.പി.
അസിസ്റ്റന്റ് പ്രൊഫസർ – മലയാളവിഭാഗം - ബിഷപ്പ് മൂർ കോളേജ്, കല്ലുമല, മാവേലിക്കര
address : pattayatt parambath, kannankara p.o., calicut, 673616
e-mail : salimnp66@gmail.com