top of page

സാമ്രാജ്യത്തങ്ങൾക്ക് കൊന്നു മതിവരാത്ത ഗാസ

ഗോകുൽ വി ബി

നമ്മൾ എന്തൊക്കെ അറിയണം, എന്തറിഞ്ഞാൽ മതി , നമ്മൾ എന്ത് അറിയരുത് എന്നൊക്കെ കൃത്യമായ ധാരണയുണ്ട് മുതലാളിത്ത വ്യവസ്ഥയ്ക്ക്. നമുക്ക് ലഭിക്കുന്ന വിദ്യാഭ്യാസം,ദൃശ്യ-ശ്രവ്യ -പത്ര മാധ്യമങ്ങളിലൂടെ നാം അറിയുന്ന വിവരങ്ങൾ- സംഭവങ്ങൾ,കലകളിലൂടെ,

ശാസ്ത്ര-സാങ്കേതികതകളിലൂടെ നമ്മുടെ അറിവുകളായി ,ധാരണകളായി

മാറേണ്ടവ എന്താണ്... ഇതെല്ലാം വ്യക്തമായി ആസൂത്രണം ചെയ്യപ്പെട്ടു തന്നെയാണ് നമ്മിലേക്ക് എത്തുന്നത്. മനുഷ്യജീവിതത്തിൻ്റെ ദുരിതങ്ങളുടെ യഥാർത്ഥ കാരണമെന്തെന്ന് നമ്മൾ അറിയരുത് എന്നതാണ് ആ ആസൂത്രണത്തിൻ്റെ താത്പര്യവും കാതലും. ഇതിനർത്ഥം യാഥാർത്ഥ്യങ്ങളറിയാൻ നമ്മുടെ മുന്നിൽ വഴികളൊന്നുമില്ല എന്നല്ല. പ്രത്യക്ഷ സംഭവങ്ങളെ ചരിത്രവുമായും ദർശനവുമായും വ്യവസ്ഥയുടെ പ്രത്യയശാസ്ത്രങ്ങളുമായും ബന്ധപ്പെടുത്തിയുള്ള യുക്തമായ അനുമാനങ്ങളിലൂടെ നമുക്ക് യാഥാർത്ഥ്യത്തെ തിരിച്ചറിയാവുന്നതാണ്. സമീപനത്തിൽ കൈക്കൊള്ളെണ്ട വിചിന്തനരീതിയും വിമർശനാത്മകതയുമാണ് തിരിച്ചറിവിന് നമ്മേ സഹായിക്കുന്നത്.


പാലസ്തീൻ ജനതയുടെ വിമോചനത്തിനെന്ന പേരിൽ പാലസ്തീനിലെ ഗാസയിൽ പ്രവർത്തിക്കുന്ന ഹമാസ് എന്ന മത-സൈനിക സംഘവും മറ്റു ചില തീവ്രവാദ ഗ്രൂപ്പുകളും ചേർന്ന് 2023 ഒക്ടോബർ 7 ന് ഇസ്രായേലിനെ ആക്രമിച്ചു. കര മാർഗ്ഗം ഇസ്രായേലിലേക്ക് പ്രവേശിച്ച ഹമാസും കൂട്ടരും പലയിടങ്ങളിലായി 1139 പേരെ കൊലപ്പെടുത്തി, 250 ഓളം പേരെ തട്ടിക്കൊണ്ടുപോയി. നിരവധി പേർക്ക് പരിക്കുകൾ പറ്റി ,ധാരാളം മാനഭംഗങ്ങളും നടന്നു. ലോകത്തെ ഏറ്റവും സമർത്ഥരായ ചാരസംഘടനയായ ഇസ്രായേലിൻ്റെ മൊസാദ് പോലും ഈ ആക്രമണത്തെ മുൻകൂട്ടി കണ്ടില്ല എന്നത് ആശ്ചര്യമാണ്! ഇത്തരമൊരു കൃത്യം നടത്താൻ 2020 മുതൽ ഹമാസും മറ്റു തീവ്രവാദക്കാരും ഗാസയിൽ പരിശീലനങ്ങൾ തുടങ്ങിയിരുന്നു എന്നും കൃത്യം നടത്തുന്നതിനു 25 ദിവസം മുൻപ് വരെ പരിശീലനങ്ങൾ നടന്നിരുന്നു എന്നും BBC വീഡിയോ സഹിതം റിപ്പോർട്ട് ചെയ്തിരുന്നു. അത് ശരിയാണെങ്കിൽ ഈ വിവരങ്ങൾ ഒന്നും മൊസാദ് അറിഞ്ഞിരുന്നില്ല എന്നാണോ വിശ്വസിക്കേണ്ടത്!? അതോ മൊസാദ് അറിയിച്ചിട്ടും ഇസ്രായേൽ ഭരണകൂടം കണ്ണടച്ചു കൊടുത്തതാണോ? ശക്തമായ സൈനിക സംവിധാനങ്ങളും സൈനിക ബലവും ഉള്ള ഇസ്രായേലിൻ്റെ അതിർത്തി കടന്ന് അവിടെ മണിക്കൂറുകൾ ചെലവഴിച്ചു കൊണ്ട് ഇങ്ങനെ ഒരാക്രമണം നടത്താൻ താരതമ്യേന ദുർബ്ബലരായ ഹമാസിനും കൂട്ടാളികൾക്കും എങ്ങനെ കഴിഞ്ഞു എന്നത് വിസ്മയകരം തന്നെ!

എന്തായാലും പിന്നീട് നമ്മൾ കാണുന്നത് ഇസ്രായേൽ ഹമാസിനെ ആക്രമിക്കുന്നതല്ല, മറിച്ച് ഗാസയെ ആക്രമിക്കുകയാണ് ചെയ്യുന്നത്. ഇസ്രായേലിൻ്റെ തിരിച്ചടിയിൽ ഇതുവരെ 40,000 ത്തിൽ അധികം പാലസ്തീനികൾ മരണപ്പെടുകയും 96000 ൽ അധികം പേർ മുറിവേൽക്കപ്പെടുകയും ഉണ്ടായി.ഇസ്രായേലിന് ഗാസയെ ആക്രമിക്കാൻ അവസരം ഒരുക്കിക്കൊടുക്കലായിരുന്നോ ഹമാസും സംഘവും നടത്തിയ ഇസ്രായേൽ ആക്രമണം!? ഹമാസും ഇസ്രായേലും അറിഞ്ഞു കൊണ്ടു നടത്തിയ ഒത്തുകളിയായിരുന്നോ ഇത് ?


ഇതൊരു മതപ്രശ്നമാണോ ?


1948 മുതൽ ആരംഭിച്ച ഇസ്രായേൽ - പാലസ്തീൻ പ്രശ്നം 2023 ഒക്ടോബർ 7-ഓടു കൂടി ക്രൂരതകളുടെ വലിയ അളവുകളിലേക്ക് ഇസ്രായേൽ കടന്നു പോകുമ്പോൾ ആഗോള ജനത നിർലജ്ജം നോക്കി നിൽക്കുകയാണ്. പാലസ്തീനിലെ ഗാസ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹമാസ് എന്ന മുസ്ലീം തീവ്രവാദ സംഘത്തെ ഇല്ലാതാക്കി പാലസ്തീൻ ജനതയെ രക്ഷിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നാണ് ഇസ്രായേൽ അവരുടെ ആക്രമണങ്ങളെ കുറിച്ച് നടത്തുന്ന ന്യായീകരണം. 1948 ൽ ഇസ്രായേൽ എന്ന രാജ്യം രൂപീകൃതമാവുന്ന ഘട്ടം മുതൽ അവരെ എല്ലാതരത്തിലും സഹായിച്ചു പോരുന്ന അമേരിക്കൻ സാമ്രാജ്യത്തം ഉൾപ്പെടെയുള്ള ഒട്ടുമിക്ക മുതലാളിത്ത രാജ്യങ്ങളും ഇസ്രായേലിൻ്റെ ഈ ആക്രമണങ്ങൾക്ക് എല്ലാ പിൻതുണയും അറിയിച്ചിട്ടുണ്ട്. അതായത് ഹമാസിൽ നിന്നും ഇസ്രായേൽ നേരിട്ട ആക്രമണങ്ങളെ ചെറുക്കാനെന്നവണ്ണം നടത്തുന്ന പ്രതിരോധ പ്രവർത്തനമാണ് ഇസ്രായേൽ പാലസ്തീനിൽ നടത്തുന്നത് ,ഇത് ഏതൊരു രാജ്യത്തിൻ്റെയും ന്യായമായ പ്രതികരണമാണ് എന്നൊക്കെയാണ് ഇത്തരം രാജ്യങ്ങളിൽ നിന്നുള്ള പ്രതികരണങ്ങളുടെ പോക്ക്. കൂടാതെ തീവ്രവാദത്തെ അമർച്ച ചെയ്യുകയുമാണ് ഇസ്രായേലിൻ്റെ ലക്ഷ്യമെന്ന വിശദീകരണം കൂടെ വന്നപ്പോൾ ലോകത്തെ വലതുപക്ഷ രാഷ്ട്രീയത്തിൽ നിന്നും കൂടുതൽ പിൻന്തുണയാണ് ഇസ്രായേലിന് ലഭിച്ചത്.

ഇതൊക്കെയാണ് ശരിയെങ്കിൽ ഹമാസിൻ്റെ കേന്ദ്രങ്ങൾക്ക് നേരെയും ഒളിത്താവളങ്ങൾക്ക് നേരേയും ആകണമല്ലോ ഇസ്രായേൽ ആക്രമണങ്ങൾ അഴിച്ചു വിടേണ്ടത്. എന്നാൽ ഇസ്രായേൽ ആക്രമിക്കുന്നത് സ്ക്കൂളുകളെയാണ് ,ആശുപത്രികളെയാണ് ,

യൂണിവേഴ്സിറ്റികളെയാണ് ,ദുരിതാശ്വാസ കേന്ദ്രങ്ങളെയാണ്.അതായത് ഇസ്രായേലിനോട് ഒരു കശപിശക്കും പോകാത്ത സാധാരണക്കാർ കൂട്ടമായി നിൽക്കുന്ന ഇടങ്ങളിലേക്കാണ് ഇസ്രായേൽ ആക്രമണങ്ങൾ അഴിച്ചു വിട്ടിരിക്കുന്നത്.ഇതിൽ നിന്നും വ്യക്തമാകുന്നത് ഇസ്രായേലിൻ്റെയും അതിനെ പിൻതുണയ്ക്കുന്നവരുടെയും ലക്ഷ്യം ഹമാസിനെ ഇല്ലാതാക്കലല്ല ,മറിച്ച് പാലസ്തീൻ ജനതയെ കൂട്ടമായി കൊന്നു തീർക്കലാണ്.

പാലസ്തീൻ ജനതയുടെ സിംഹഭാഗവും മുസ്ലീം മത വിഭാഗമാണ്. വർഷങ്ങളായി നിലനിൽക്കുന്ന ജൂത-മുസ്ലീം മത പ്രശ്നമാണ് ഇത് എന്നതാണ് മറ്റൊരു വ്യാഖ്യാനം. എന്നാൽ ഈ വ്യാഖ്യാനം നിലനിൽക്കുന്നതല്ല. കാരണം പാലസ്തീനിലെ മുസ്ലീങ്ങളെ വംശഹത്യ നടത്തുകയാണ് ഉദ്ദേശമെങ്കിൽ എന്തുകൊണ്ടാണ് താലിബാൻ ഉൾപ്പെടെയുള്ള ലോകത്തിലെ മുസ്ലീം മത രാഷ്ട്രങ്ങൾ ഒന്നും തന്നെ ഇസ്രായേലിനെതിരെ കാര്യമായി ഒന്നും ചെയ്യാത്തത് ? ശക്തമായ ഒരു പ്രതിഷേധ സ്വരം പോലും ഒരു മുസ്ലീം ഭരണകൂടത്തു നിന്നും നമ്മൾ കേൾക്കുന്നില്ലല്ലോ? അതെന്തുകൊണ്ടാണ്! അതുകൊണ്ടാണ് ഇതൊരു ജൂത-മുസ്ലീം മത പ്രശ്നമാണെന്ന വ്യാഖ്യാനം ശരിയല്ല എന്നു പറയുന്നത്.


നെതന്യാഹുവാണോ ?


ഇസ്രായേലിൽ അതിൻ്റെ ഭരണാധികാരി നെതന്യാഹു നടത്തുന്ന അഴിമതികളും മറ്റു ജന വിരുദ്ധ നയങ്ങളുടെ നടത്തിപ്പുകളും അവിടുത്തെ ജനങ്ങളെ അസ്വസ്ഥരാക്കിയിട്ടുണ്ട് ,വർദ്ധിച്ച ജനവികാരം നെതന്യാഹുവിനെതിരെ ആളിക്കത്തുന്നുണ്ട്, ഭരണത്തിൽ നിന്നും താഴെയിറങ്ങിയാൽ നെതന്യാഹു അറസ്റ്റ് ചെയ്യപ്പെടും , അതുകൊണ്ട് ജനവികാരം തണുപ്പിക്കാനും ജനശ്രദ്ധ തിരിച്ചു വിടാനും ഭരണത്തിൽ തുടരാനും കപട ദേശീയതയെ ആളിക്കത്തിച്ച് പാലസ്തീനെതിരെ യുദ്ധം ചെയ്യുകയല്ലാതെ മറ്റു വഴികൾ

നെതന്യാഹുവിൻ്റെ മുന്നിലില്ല ,അതുകൊണ്ടാണീ യുദ്ധം... എന്നൊക്കെയുള്ള വിശദീകരണങ്ങളും സജീവമാണ്.

ഈ വിശദീകരണങ്ങളെ തള്ളിക്കളയുന്നില്ല. മാത്രവുമല്ല നേരത്തെ പറഞ്ഞ ജൂത-മുസ്ലീം മത പ്രശ്നത്തെയും പൂർണ്ണമായും നിരാകരിക്കാനാകില്ല. ഇസ്രായേലിന് അവരുടെ രാജ്യത്തിൻ്റെ വ്യാപ്തി വർദ്ധിപ്പിക്കേണ്ടതിൻ്റെ ആവശ്യവും ഈ കടന്നാക്രമത്തിൽ ഉണ്ട് എന്നതും ശരിയാകാം. എന്നാൽ വളരെ അടിസ്ഥാനപരമായ കാരണം ഇവയൊന്നുമല്ല എന്ന് മറ്റു ചില വിവരങ്ങളിൽ നിന്നും നമുക്ക് എത്തിച്ചേരാനാകും. അതാണ് ഇവിടെ പരിശോധിക്കുന്നത്.


സാമ്പത്തിക വിഷയം


യു.ക്കെയിലെ ഏറ്റവും വലിയ ഊർജ്ജ,ഗാർഹിക സേവന കമ്പനിയായ ബ്രിട്ടീഷ് ഗ്യാസ് 1999 ൽ ഗാസയുടെ സമുദ്രമേഖലയിലും വെസ്റ്റ് ബാങ്ക് പ്രദേശത്തും മറ്റും പ്രകൃതി വാതക നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കുറഞ്ഞത് ഒരു ട്രില്യൺ ഘന അടി പ്രകൃതി വാതകമെങ്കിലും ഉണ്ടായേക്കാം എന്നായിരുന്നു അവരുടെ കണ്ടെത്തൽ. അക്കാലത്ത് പാലസ്തീനിനെ നിയന്ത്രിച്ചിരുന്നത് പാലസ്തീൻ നാഷണൽ അഥോറിട്ടിയായിരുന്നു. അതിൻ്റെ പ്രസിഡൻ്റ് പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ്റെ (PLO) ചെയർമാൻ ആയിരുന്ന യാസർ അരാഫത്തും.1995 ൽ ഇസ്രായേലും പാലസ്തീനും ഒപ്പുവച്ച ഓസ്ലോ അക്കോഡ് പ്രകാരം പാലസ്തീനിൻ്റെ കരഭൂമിയിലെ വിഭവങ്ങളിലും ഗാസയുടെ സമുദ്രതീരത്ത് നിന്നും 20 നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്ര മേഖലയിലെ വിഭവങ്ങളിലും ഉള്ള അധികാരം പാലസ്തീനിന് ആയിരിക്കും എന്നാണ്. ഗാസയുടെ സമുദ്രതീരത്ത് നിന്നും 17 മുതൽ 21 നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്രമേഖലയിലാണ് ബ്രിട്ടീഷ് ഗ്യാസ് പ്രകൃതി വാതക നിക്ഷേപം കണ്ടെത്തിയിരുന്നത്. എന്നാൽ പാലസ്തീനിൻ്റെ കരഭൂമിയിലെയും സമുദ്രമേഖലയിലെയും എണ്ണ, പ്രകൃതി വാതക ഖനനം പാലസ്തീൻ നടത്തുന്നതിനെ ഇസ്രായേൽ തുടക്കം മുതൽ എതിർത്തിരുന്നു. ഇവിടെ നിന്നും ഖനനം ചെയ്യുന്ന എണ്ണയും പ്രകൃതി വാതകവും നാമമാത്രമായ വിലയ്ക്ക് തങ്ങൾക്ക് ലഭ്യമാക്കണമെന്നായിരിരുന്നു ഇസ്രായേലിൻ്റെ ആവശ്യം. ഇസ്രായേലിൻ്റെ എതിർപ്പും ആവശ്യവും വകവയ്ക്കാത്ത അരാഫത്ത് പ്രകൃതി വാതകഖനനാനുമതി 25 വർഷത്തേയ്ക്ക് ബ്രിട്ടീഷ് ഗ്യാസിന് തന്നെ നൽകുകയുണ്ടായി. പഴങ്ങൾ, പച്ചക്കറികൾ, ടെക്സ്റ്റയിൽസ് എന്നിവയുടെ നേരിയ തോതിലുള്ള കയറ്റുമതിയിലൂടെ ലഭിക്കുന്ന തുച്ഛമായ വരുമാനം ഒഴിച്ചാൽ വിവിധ അന്താരാഷ്ട

സംഘടനകൾ നല്കുന്ന സാമ്പത്തിക സഹായങ്ങളിലാണ് പാലസ്തീൻ നിലനിൽക്കുന്നതു തന്നെ. തീരെ സുരക്ഷിതമല്ലാതിരുന്ന പാലസ്തീൻ സമ്പദ് വ്യവസ്ഥക്ക് പ്രതീക്ഷ നല്കുന്നതായിരുന്നു ഈ പ്രകൃതി വാതക നിക്ഷേപം.

ഇസ്രായേലിന് അരാഫത്തുമായി പല കാര്യങ്ങളിലായി ഉണ്ടായിരുന്ന അസുഖകരമായ ബന്ധം നിലനിൽക്കെ 2004 ൽ വളരെ ദുരൂഹമായ സാഹചര്യത്തിൽ യാസർ അരാഫത്ത് മരണപ്പെടുന്നു. അദ്ദേഹത്തിൻ്റെ മരണകാരണം ഇന്നും അജ്ഞാതമായി തുടരുന്നു.


ഇതോടൊപ്പം Levantine Basin പ്രദേശത്ത് ഏകദേശം 122 ട്രില്യൺ ഘന അടി പ്രകൃതി വാതക നിക്ഷേപവും 1.7 ബില്യൺ ബാരൽ എണ്ണ നിക്ഷേപവും ഉണ്ടെന്ന് United Nations Conference on Trade and Development (UNCTAD) കണ്ടെത്തിയിരുന്നു.കിഴക്കൻ മെഡിറ്ററേനിയൻ കടലിലെ ഒരു ഭാഗമാണ് Levantine Basin. ഇസ്രായേൽ ,ഗാസ ,ലബനൻ ,സൈപ്രസ് ,ഈജിപ്റ്റ് ,സിറിയ ,ടർക്കി തുടങ്ങിയ പ്രദേശങ്ങളാണ് Levantine Basin നെ ചുറ്റി നിൽക്കുന്നത്.

ഈ Basin നിലെ പ്രധാന കണ്ടെത്തലായിരുന്നു ലെവിയാത്തൻ വാതക മേഖല (Leviathan Gas Field). മറ്റൊന്ന് ടമാർ വാതക മേഖല ( Tamar Gas Field ).ഏകദേശം 524 ബില്യൺ ഡോളർ വില വന്നേയ്ക്കാവുന്ന പ്രകൃതി വാതകം Levantine Basin നെ ചുറ്റി നിൽക്കുന്ന രാജ്യങ്ങൾക്ക് മാന്യവും സമാധാനപരവുമായി പങ്കിട്ടെടുക്കാനുള്ള അവസരമാണുള്ളത്. എന്നാൽ ഈ വാതക മേഖലകളിൽ ഖനനം നടത്തുന്നത് ഊർജ്ജ രംഗത്തെ അമേരിക്കൻ ഭീമൻ കമ്പനിയായ ചെവ്റോൺ കോർപ്പൊറെഷണും ഇസ്രായേലിൻ്റെ റേഷ്യോ ഓയിൽ കോർപ്പൊറെഷനും. 2013 ൽ

ടമാറിലും 2019 ൽ ലെവിയാത്തനിലും ഖനനം തുടങ്ങിയ ചെവ്റോണിനാണ് റേഷ്യോ ഓയിലിനെക്കാൾ വലിയ മേൽക്കൈയുള്ളത്. അന്താരാഷ്ട്ര നിയമങ്ങൾ, രാജ്യങ്ങൾ തമ്മിൽ പാലിക്കേണ്ട അടിസ്ഥാന മര്യാദകൾ ഇവയൊന്നും കണിക പോലും പാലിക്കാതെയാണ് അമേരിക്കൻ സാമ്രാജ്യത്തിൻ്റെയും ഇസ്രായേൽ ഭരണകൂടത്തിൻ്റയും പിൻതുണയോടെ ഈ കമ്പനികൾ നടത്തുന്ന ഖനന ആഭാസങ്ങൾ.

പാലസ്തീനിലെ സാധാരണക്കാരെ ഇസ്രായേൽ അതിക്രൂരമായി കൊന്നൊടുക്കുന്ന സമയത്തും,അതായത് ഒക്ടോബർ 29 ,2023, ബ്രിട്ടണിലെ ബഹുരാഷ്ട്ര എണ്ണ-പ്രകൃതി വാതക കമ്പനിയായ ബ്രിട്ടീഷ് പെട്രോളിയത്തിനും ഇറ്റലിയിലെ വലിയ ഊർജ്ജ കമ്പനിയായ Eni ക്കും ദക്ഷിണ കൊറിയൻ കമ്പനിയായ ദാണ പെട്രോളിയത്തിനും മറ്റും പ്രകൃതി വാതക ഖനനാനുമതി നല്കുകയായിരുന്നു ഇസ്രായേൽ.അന്താരാഷ്ട്ര നിയമമനുസരിച്ച് പാലസ്തീനിൻ്റെ സമുദ്ര മേഖലയിലെ ഖനനാനുമതിയാണ് ഇസ്രായേൽ മേൽ പറഞ്ഞ കമ്പനികൾ അടക്കം ആറു കമ്പനികൾക്കായി നല്കിയത് എന്നോർക്കണം.തങ്ങളുടെ രാജ്യത്തിന് പുറത്തുള്ള ഒരു പ്രദേശത്ത് കമ്പനികൾക്ക് ഖനനാനുമതി നല്കാൻ ഇസ്രായേലിന് ആരാണ് അധികാരം നല്കിയത് ?അതായത് പശ്ചിമേഷ്യൻ രാഷ്ട്രീയം ജൂത-മുസ്ലീം മത പ്രശ്നമാണെന്നും, തീവ്രവാദ അമർച്ചയാണെന്നും മറ്റും പൊതു സമൂഹം ചർച്ച ചെയ്ത് പൊടിപൊടിക്കുമ്പോൾ ഇതിലെ പ്രധാന വിഷയമായ സാമ്പത്തിക വശവുമായി ബന്ധപ്പെട്ട വൃത്തികേടുകളെ സമർത്ഥമായി നമ്മിൽ നിന്നും മറച്ചു വയ്ക്കുകയാണ് ലോകത്തെ സാമ്രാജ്യത്ത മാദ്ധ്യമങ്ങളെല്ലാം.ഊർജ്ജ മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കാനും മറ്റു രാജ്യങ്ങൾക്ക് പ്രകൃതി വാതകം വിൽക്കുവാനും കഴിയുന്ന തരത്തിൽ Levantine Basin ലെ ഈ അന്യായവും അധാർമ്മികവുമായ ഖനനങ്ങൾ ഇസ്രായേലിനെ പ്രാപ്തമാക്കും എന്നതിൽ സംശയമില്ല.


ലോകത്തെ സാമ്രാജ്യത്ത ശക്തികൾക്കെല്ലാം താത്പര്യമുള്ള ഒരു ഇടം കൂടിയാണ് പശ്ചിമേഷ്യയിലെ പ്രകൃതി. ഉദാഹരണമായി സിറിയ. അമേരിക്കയുടെയും ഇസ്രായേലിൻ്റെയും സഹായത്തോടെ HTS എന്ന തീവ്രവാദ ഗ്രൂപ്പ് 2024 ഡിസംബറിൻ്റെ തുടക്കത്തോടെ സിറിയയിൽ ആഭ്യന്തര കലാപം സൃഷ്ടിച്ച് രാജ്യം പിടിച്ചടക്കാൻ ശ്രമിക്കുന്നു. തുടർന്ന് സിറിയൻ ഭരണാധികാരി അസദിന് റഷ്യയിലേക്ക് ഓടിപ്പോകേണ്ടി വന്നു. ഈ സാഹചര്യത്തിൽ ഇസ്രായേൽ സിറിയയിലെ ഗോലാൻ കുന്നുകൾ കൈവശപ്പെടുത്താൻ നീക്കം നടത്തുന്നു. 1974 മുതൽ സൈന്യങ്ങൾക്ക് പ്രവേശനം നിരോധിച്ചിരുന്ന ഗോലാൻ കുന്നുകൾ പ്രകൃതി വിഭവങ്ങളാകുന്ന 'നിധി കുംഭങ്ങളുടെ ശേഖര'മാണെന്നാണ് അറിയപ്പെടുന്നത്. കൂടാതെ ഇറാനും കുവൈറ്റും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും അധികം ക്രൂഡ് ഓയിൽ നിക്ഷേപമുള്ള പ്രദേശമാണ് സിറിയ.ISIS തീവ്രവാദികളെ വരുതിയിൽ നിർത്താനെന്ന പേരും പറഞ്ഞ് അമേരിക്കയും ഈ അവസരത്തിൽ സിറിയയിലേക്ക് സൈനിക നീക്കം നടത്തുകയാണ്.


ക്രൂഡ് ഓയിലിൽ അധിഷ്ഠിതമായ ലോക സമ്പദ് വ്യവസ്ഥ പീക് ഓയിൽ പ്രതിഭാസം നേരിട്ടു കൊണ്ടിരിക്കുന്ന ഘട്ടത്തിൽ വൈദ്യുതി ഉപയോഗിച്ചുകൊണ്ടുള്ള ലോക സാമ്പത്തിക ക്രമത്തിലേക്ക് എത്തുന്നതിനു മുൻപുള്ള അന്തരാള ഘട്ടമായിട്ടാണ് പ്രകൃതി വാതകങ്ങളെ പരിഗണിക്കുന്നത്.


രാഷ്ട്രീയ കെട്ടുറപ്പ് ,സമ്പത്തിൻ്റെ കൊള്ള


പാലസ്തീനിൻ്റെ വിമോചനത്തിനായി നിലക്കൊള്ളുന്നു എന്നു പറയുന്ന ഹമാസ് എന്ന

മത-സൈനിക സംഘവും യാസർ അരാഫത്ത് ഉൾപ്പെടെയുള്ളവർ രൂപീകരിച്ച ഫത്ത എന്ന മതേതര രാഷ്ട്രീയ സംഘടനയും തമ്മിൽ ഇക്കാലങ്ങളിലൊക്കെയായി കാര്യമായ ഉരസലുകൾ നടക്കുന്നുണ്ടായിരുന്നു. പാലസ്തീൻ്റെ രാഷ്ട്രീയമായ അരക്ഷിതാവസ്ഥക്ക് ഇതൊരു പ്രധാന കാരണമാകുന്നുണ്ട്. മത ശക്തികളും അവയെ എതിർക്കുന്നവരും തമ്മിൽ ഉണ്ടായിട്ടുള്ള രാഷ്ട്രീയ കലുഷിതാവസ്ഥയെ നിലനിർത്താൻ ഇസ്രായേലിൻ്റെയും വിവിധ സാമ്രാജ്യത്തങ്ങളുടെയും ഇടപെടലുകൾ ഇവിടെ വളരെ വ്യക്തമാണ്. രാഷ്ട്രീയ അരക്ഷിതാവസ്ഥ നിലനിൽക്കുന്ന പ്രദേശങ്ങളിലെ പ്രകൃതി വിഭവങ്ങളെ കൊള്ളയടിക്കുകയാണ് രാഷ്ട്രീയമായ കെട്ടുറപ്പുള്ള ഇടങ്ങളിലേക്ക് പ്രവേശിക്കുന്നതിനേക്കാൾ എളുപ്പം. ഈ താത്പര്യമാണ് പൊതുവെ ദുർബ്ബലരായ രാജ്യങ്ങളോടുള്ള സാമ്രാജ്യത്ത സമീപനങ്ങൾ.

ലോകത്തെ എല്ലാ സാമ്രാജ്യത്ത ശക്തികളുടെയും കണ്ണ് പ്രകൃതി വിഭവങ്ങളിലാണ്. ലോകത്ത് ഇന്നോളം നടന്ന, നടക്കുന്ന എല്ലാ യുദ്ധങ്ങളുടെയും അധിനിവേശങ്ങളുടെയും ഒരേയൊരു താത്പര്യം വിഭവ കൊള്ളയാണ് എന്ന് നമുക്കറിയാം. അലക്സാണ്ടർ ആയാലും അശോകനായാലും ഇസ്രായേൽ നടത്തുന്ന പാലസ്തീൻ അധിനിവേശമായാലും റഷ്യ - ഉക്രേൻ യുദ്ധമായാലും സാമ്രാജ്യത്തങ്ങൾ വിവിധ രാജ്യങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ-സാമ്പത്തികാധിനിവേശമായാലും ലക്ഷ്യം സമ്പത്തും അധികാരവും പിടിച്ചടക്കൽ തന്നെയാണ്.


യാസർ അരാഫത്തിൻ്റെ 'മരണ' ശേഷം പാലസ്തീനിൽ ഹമാസിന് മേൽക്കൈ ലഭിക്കുന്നു.

ജൂത-മുസ്ലീം മത സംഘട്ടനങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷയെ മുൻനിർത്തി ഇസ്രായേൽ 2007 ൽ പാലസ്തീനെ ഉപരോധിക്കുന്നു.

പാലസ്തീനിലും ഇസ്രായേലിലും ഹമാസ് നടത്തിയിരുന്ന തീവ്രവാദ പ്രവർത്തനങ്ങളെ നേരിടാനെന്ന പേരിൽ ഇസ്രായേൽ സൈന്യം വലിയ തോതിൽ പാലസ്തീനിലേക്ക് പ്രവേശിക്കുന്നു.


വിപണിക്കായി കുതന്ത്രങ്ങൾ


ഇങ്ങനെ കുത്തിക്കവരുന്ന പ്രകൃതിവാതകത്തിന് വിപണിയുണ്ടാക്കി എടുക്കാൻ അമേരിക്കൻ സാമ്രാജ്യത്തം നടത്തി വരുന്ന നെറികേടുകളെ കുറിച്ച് ലോകത്തെ പല കോണുകളിൽ നിന്നും ചർച്ചകൾ വന്നു തുടങ്ങിയിരുന്നു. 2022 ഫെബ്രുവരി 24 ഓടെ രൂക്ഷമായി തീർന്ന റഷ്യ -ഉക്രേൻ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോഴും യൂറോപ്പിൻ്റെ പ്രകൃതിവാതക ആവശ്യങ്ങളുടെ പ്രധാന സ്രോതസ്സ് റഷ്യയായിരുന്നു. യൂറോപ്പിനെ സംബന്ധിച്ച് റഷ്യയിൽ നിന്നും വാങ്ങുന്ന പ്രകൃതി വാതകത്തിൻ്റെ വില താരതമ്യേന കുറവായിരുന്നു. റഷ്യയുടെ ഈ യൂറോപ്യൻ വിപണി തകർത്ത് അവിടെയ്ക്ക് തങ്ങളുടെ വിപണി സൃഷ്ടിയ്ക്കേണ്ടത് അമേരിക്കൻ സാമ്രാജ്യത്തത്തിന് അനിവാര്യമായിരുന്നു.


2022 സെപ്റ്റംബർ 26 ന് റഷ്യയിൽ നിന്നും യൂറോപ്പിലേയ്ക്ക് ബാൾട്ടിക് കടലിനടിയിലൂടെ സ്ഥാപിച്ചിരുന്ന വാതക പൈപ്പ് ലൈനുകളിൽ രണ്ടെണ്ണം (നോർഡ് സ്ട്രീം 1, നോർഡ് സ്ട്രീം 2) തകർക്കപ്പെട്ടതിനെ തുടർന്ന് കടലിൽ വലിയ തോതിൽ വാതകച്ചോർച്ചയുണ്ടായി. 23 ഓളം വാതക പൈപ്പ് ലൈനുകളിൽ ഭൂരിഭാഗവും റഷ്യൻ കമ്പനിയായ ഗ്യാസ് പ്രോം നിർമ്മിച്ചവയായിരുന്നു. ഈ വിഷയത്തിൽ ജർമ്മനി നടത്തിയ അന്വേഷണത്തിൽ ഒരു ഉക്രേൻ പൗരനെതിരെ ജർമ്മൻ അധികൃതർ 2024 ജൂണിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്കൻ സഖ്യകക്ഷിയായ,NATO യിൽ ചേരാൻ തയ്യാറായി നിൽക്കുന്ന ഉക്രേൻനെ ഉപയോഗിച്ച് അമേരിക്ക നടത്തിയ അട്ടിമറിയായിരുന്നു പൈപ്പ് ലൈനുകളുടെ തകർക്കൽ എന്നാണ് റഷ്യയുടെ ആരോപണം.പൈപ്പ് ലൈനുകൾ തകർക്കപ്പെട്ടതിനെ കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് റഷ്യ ഐക്യരാഷ്ട്ര സംഘടനയുടെ (UN) സുരക്ഷ കൗൺസിലിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ റഷ്യയുടെ ഈ ആവശ്യം UN തള്ളിക്കളഞ്ഞിരുന്നു.

ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞ് തൻ്റെ രാജ്യത്തെ കുഴപ്പത്തിലാക്കാൻ ആഗ്രഹിക്കുന്നില്ല എന്നാണ് 2023 ഏപ്രിലിൽ ഡൊണാൾഡ് ട്രംപ് ഇതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞത്. ജോ ബൈഡൻ നേതൃത്വം വഹിക്കുന്ന, ഡെമോക്രാറ്റുകൾ ഭരിക്കുന്ന അമേരിക്കൻ സർക്കാരിനെതിരെ അവിടുത്തെ പ്രതിപക്ഷ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതാവ് ട്രംപ് നടത്തിയ ഈ പരാമർശം കേവലം കക്ഷിരാഷ്ട്രീയ ആരോപണങ്ങൾക്കപ്പുറവും വ്യാപ്തിയുണ്ടെന്ന് വിസ്മരിക്കാനാവില്ല.

അതായത് റഷ്യയിൽ നിന്നും യൂറോപ്പിലേക്ക് പോകുന്ന വാതക പൈപ്പ് ലൈനുകൾ ഉക്രെൻ ദേശീയവാദികളുടെ മുൻകൈയ്യിൽ അമേരിക്കയുടെ നിർദ്ദേശത്തോടെയും സഹായത്തോടെയും തകർത്തു എന്നും അതിന് ശേഷം യൂറോപ്പിൽ ഉണ്ടായ വാതക ദൗർലഭ്യത്തെ മുതലാക്കി അമേരിക്കൻ പ്രകൃതി വാതക കമ്പനികൾ യൂറോപ്യൻ മാർക്കറ്റിലേക്ക് കടന്നു എന്നും ന്യായമായും സംശയിക്കാം.


24 ഫെബ്രുവരി 2022 ന് റഷ്യ ഉക്രൈനെ ആക്രമിക്കുന്നു. 2014 ൽ തുടങ്ങിയ ആക്രമണങ്ങൾ! എന്നാൽ ഇക്കുറി ആക്രമണം കുറച്ചധികം ശക്തമാകുന്നു. അമേരിക്ക നായകത്വം വഹിക്കുന്ന NATO (North Atlantic Treaty Organisation) യിലേക്ക് ഉക്രൈന് അംഗത്വം നല്കാനുള്ള തീയതി നിശ്ചയിക്കപ്പെട്ടതോടെ റഷ്യയുടെ ആക്രമണം കൂടുതൽ രൂക്ഷമാകുന്നു.തങ്ങളുടെ അയൽ രാജ്യങ്ങൾക്ക് ഒക്കെ NATO അംഗത്വം നല്കി തങ്ങൾക്ക് ചുറ്റിലും അമേരിക്കയുടെ വിവിധ താവളങ്ങൾ സൃഷ്ടിക്കാനുള്ള അമേരിക്കൻ നീക്കത്തെയാണ് റഷ്യ ഭയപ്പെടുന്നത്. ഈ യുദ്ധത്തോടെ യൂറോപ്യൻ യൂണിയൻ റഷ്യയ്ക്ക് എതിരായ നിലപാട് സ്വീകരിക്കുകയും ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. യൂറോപ്യൻ യൂണിയനിലെ അമേരിക്കൻ സ്വാധീനം തന്നെയാണ് ഇവിടെയും വിജയിച്ചിരുന്നത്. അങ്ങനെ വിവിധ ഉപരോധങ്ങൾ കൊണ്ട് റഷ്യയെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാനും ഉക്രേന് സാമ്പത്തികവും സൈനികവുമായ സഹായങ്ങൾ നല്കിക്കൊണ്ട് റഷ്യ - ഉക്രേൻ യുദ്ധത്തെ നിലനിർത്തി റഷ്യയുടെ അവസ്ഥയെ കൂടുതൽ പരുങ്ങലിലാക്കാനും അതോടെ റഷ്യയുടെ

പ്രകൃതി വാതകത്തിൻ്റെതുൾപ്പെടെയുള്ള വിപണികളിലേക്ക് കൂടുതലായി കടക്കാനും അമേരിക്ക തന്ത്രപരമായി തന്നെ നീങ്ങിക്കൊണ്ടിരിക്കുന്നു. അതിൽ അവർ വിജയിക്കുന്നുമുണ്ട്.


മഹത്വവത്ക്കരിക്കാനോ പ്രതീക്ഷയുണർത്തുന്നതോ ആയ എന്തെങ്കിലും റഷ്യൻ സാമ്രാജ്യത്തത്തിനുണ്ട് എന്ന് തെറ്റിദ്ധരിച്ചു കൂടാ എന്നും ഇക്കൂട്ടത്തിൽ പറയേണ്ടതുണ്ട്.

പല വിധ ധ്വംസനങ്ങളുടെയും ജനാതിപത്യവിരുദ്ധതകളുടെയും മുതലാളിത്ത ചൂഷണങ്ങളുടെയും കൂടാരം തന്നെയാണ് സാമ്രാജ്യത്ത റഷ്യയും.


സംഗ്രഹം


അതായത് ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനും അവയെ വിപണനം ചെയ്യുന്നതിനും സാമ്രാജ്യത്ത മുതലാളിത്തത്തിന് യുദ്ധങ്ങളും മനുഷ്യക്കുരുതികളും മനഷ്യജീവിത ദുരന്തങ്ങളും ഒരനിവാര്യതയാണ്. എല്ലാ മനുഷ്യർക്കും ജീവിതം സാദ്ധ്യമായ ഒരു വ്യവസ്ഥയല്ല മുതലാളിത്ത വ്യവസ്ഥ എന്ന് അതുകൊണ്ടാണ് പറയുന്നത്. മനുഷ്യവർഗ്ഗത്തെ ഗുരുതരമായി ബാധിച്ചിരിക്കുന്ന രോഗമാണ് മുതലാളിത്തം. ഈ രോഗത്തെയും മറ്റു സാമൂഹ്യ തിന്മകളെയും വേരൊടെ പിഴുതുമാറ്റുമ്പോഴാണ് മനുഷ്യവിമോചനത്തെ കുറിച്ചുള്ള പ്രതീക്ഷകൾക്ക് സാദ്ധ്യതയേറുന്നത്.


പശ്ചിമേഷ്യൻ മേഖലയിലെ കരയിലും കടലിലുമുള്ള പ്രകൃതി വിഭവങ്ങളെ കമ്പനികൾക്ക് വൻതോതിൽ കൊള്ളയടിക്കണമെങ്കിൽ അവിടുത്തെ രാജ്യങ്ങളിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥകളും ആഭ്യന്തരകലാപങ്ങളും അനിവാര്യമായേ പറ്റൂ. ഇവർക്കായി രാഷ്ട്രീയ അനിശ്ചിതാവസ്ഥകൾ സൃഷ്ടിച്ചെടുക്കുകയോ വർദ്ധിപ്പിച്ചു കൊടുക്കുകയോ ചെയ്യുന്ന ഉത്തരവാദിത്തമാണ് അമേരിക്ക പോലുള്ള സാമ്രാജ്യത്ത മുതലാളിത്ത രാഷ്ട്രങ്ങളിലെയും ഇസ്രായലിലേയും തെമ്മാടി ഭരണകൂടങ്ങൾക്ക് നിർവ്വഹിക്കാനുള്ളത്.

ഇതിനായി മതം ,വംശീയത ,ജാതി ,വർണ്ണം, തീവ്രവാദം തുടങ്ങിയ സാമൂഹിക തിന്മകളെ മുന്നിൽ നിർത്തിക്കൊണ്ട് ,അവയെ വേണ്ടപോലെ ഉപയോഗിച്ചു കൊണ്ട് സമർത്ഥമായി മറഞ്ഞിരിക്കുകയാണ് മനുഷ്യവിരുദ്ധമായ മുതലാളിത്ത ഭരണകൂടങ്ങളും മുതലാളിത്ത വ്യവസ്ഥയും.

ഇസ്രായേൽ ഗാസയിൽ കുഞ്ഞുങ്ങളെ ഉൾപ്പെടെയുള്ളവരെ കൊന്നു തള്ളുന്നതും അതും ഇതും പറഞ്ഞ് ലബനനെ ആക്രമിക്കുന്നതും എല്ലാം തന്നെ മേൽപ്പറഞ്ഞ ഉത്തരവാദിത്തത്തിൻ്റെ സാക്ഷാത്ക്കാരങ്ങളായാണ് മനസ്സിലാകുന്നത്.

0 comments
bottom of page