ഒരു ദേശത്തിൻകതൈ -ഭാഗം അഞ്ച്
ഡോ.ഷിബു കുമാർ പി എൽ
ജാതിവ്യവസ്ഥയിൽ അധിഷ്ഠിതമായ ഒരു സാമൂഹികഘടനയാണ് തെക്കൻതിരുവിതാംകൂറി ലേത്.തമിഴു്‌നാടിനോടുചേർന്നുകിടക്കുന്ന പ്രദേശമാണെങ്കിലും തെക്കൻതിരുവിതാംകൂറിന്റെ സാമൂഹികചരിത്രത്തിനും സാംസ്‌കാരികചരിത്രത്തിനും തമിഴ്, മലയാളം ഭൂമികകളോടാണ് കൂടുതൽ അടുപ്പം. ഇവിടെ നിലവിലുള്ള വിവിധതരം ജാതികളുടെ കാര്യത്തിൽ ഉഭയസംസ്‌കാരത്തിന്റെ സ്വാധീനത പ്രകടമാണ്. നാഞ്ചിനാട് ഉൾപ്പെടുന്ന തെക്കൻതിരുവിതാംകൂർ ഒരുകാലത്തു ഒരു വലിയ കുടിയേറ്റഭൂമികയായിരുന്നു. തെക്കൻകേരളത്തിൽനിന്നും കേരളത്തിന്റെ മറ്റുഭാഗത്തുനിന്നും കുടിയേറിയ മലയാളജാതിവിഭാഗക്കാരുടെയും തെക്കൻതമിഴ്‌നാട്ടിൽ നിന്നുവന്ന തമിഴു സംസാരിക്കുന്ന ജനവിഭാഗത്തിന്റെയും ഭൂമികയാണിവിടം. അതാണ് ഇവിടത്തെ സംസ്‌കാരത്തിൽ ഉഭയഭാഷാസങ്കരം കാണുന്നത്. കേരളത്തിൽ കാണാത്ത ജാതിവിഭാഗക്കാരെയും തമിഴ്‌നാട്ടിലെ മറ്റുപ്രദേശങ്ങളിൽ ഇല്ലാത്ത ജാതിക്കാരെയും ഇവിടെ കാണാൻ കഴിയും. നായർ, പുലയർ, പറയർ, ഈഴവർ തുടങ്ങിയ മലയാളം സംസാരിക്കുന്ന ജനവിഭാഗം തമിഴ്‌നാടിന്റെ ജാതിഘടനയിലില്ല. വെള്ളാളർ, നാടാർ, കൃഷ്ണവകക്കാർ, കമ്മാളർ തുടങ്ങിയവർ കേരളത്തിന്റെ ജാതിഘടനയിലും ഇല്ലായിരുന്നു.
മിശ്രഭാഷകരുടെയും മിശ്രസംസ്‌കാരത്തിന്റെയും ഉറവിടമായ തെക്കൻതിരുവിതാംകൂറിലെ പ്രധാനജാതിക്കാർ താഴെപ്പറയുന്നവയാണ്
നാടാർ/ചാന്നാർ
ജനസംഖ്യാടിസ്ഥാനത്തിൽ തെക്കൻതിരുവിതാംകൂറിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ജാതിവിഭാഗമാണ് ചാന്നാർ അഥവാ നാടാർ. തിരുനെൽവേലി, മധുര, വിരുദനഗർ, കോയമ്പത്തൂർ, സിലോൺ എന്നീ ഭാഗങ്ങളിൽനിന്നു കുടിയേറിപ്പാർത്തവരാണ് ഇവിടത്തെ നാടാരുടെ പൂർവ്വികർ. കഠിനാധ്വാനികളായ ഇവർ കുടിയേറ്റഭൂമിയിൽ സ്ഥിരതാമസമാക്കിയവരാണ്. മധുര കേന്ദ്രമാക്കി ഭരിച്ചിരുന്ന പാണ്ഡ്യരാജവംശം നാടാർവംശമായിരുന്നുവെന്നു പറയപ്പെടുന്നു. ഏ.ഡി. 1585-ൽ ഉണ്ടായ മുഗൾ ആക്രമണത്തെത്തുടർന്നു പാണ്ഡ്യരാജാവ് രാജ്യം ഉപേക്ഷിച്ചു മലയാളക്കരയിൽ അഭയംപ്രാപിക്കുന്നു. അങ്ങനെ അഭയാർത്ഥികളായി എത്തിയ നാടുവാണിരുന്ന 'നാടാഴ്‌വരായ' ജനതയാണ് നാടാർ എന്ന് ചിലർ കരുതുന്നു .പലായനം ചെയ്‌തെത്തിയ സ്ഥലങ്ങളിൽ 'നാടാർ' എന്നു തിരിച്ചറിയപ്പെട്ടാൽ നിലനില്പിനു തടസ്സമാകുമെന്നു കരുതി ഇവർക്ക് മറ്റുപല പേരുകളും സ്വീകരിക്കേണ്ടിവന്നു. അതിലൊന്നാണ് ചെത്തുതൊഴിലുമായി ബന്ധപ്പെട്ടു സ്വീകരിച്ച 'ചാന്നാർ' എന്ന പേര്. പാണ്ഡ്യരാജ്യത്തിലെ ഭൂവുടമകളായിരുന്നു ചാന്നാർ. തിരുവിതാംകൂറിലെ ചാന്നാന്മാരിൽ ഭൂരിഭാഗവും തിരുനെൽവേലിജില്ലയിൽനിന്നു വന്നവരാണ് (ബാലൻ കെ നാടാർ വെള്ളറട). പതിനാറാം നൂറ്റാണ്ടിൽ മധുര, പാണ്ഡ്യദേശങ്ങളിൽനിന്നുവന്നവരും പതിനെട്ടാംനൂറ്റാണ്ടിന്റെ ആരംഭത്തിൽ തിരുനെൽവേലിയിൽനിന്നു വന്നവരും ഇരുപതാംനൂറ്റാണ്ടിൽ ശ്രീലങ്കയിൽനിന്നു വന്നവരുമായ ജനതയുടെ മിശ്രണമാണ് നിലവിലെ ചാന്നാർ/നാടാർസമുദായം (ബാലൻ കെ നാടാർ വെള്ളറട). 'ചാൻറോർ' എന്ന വാക്കിന്റെ തത്ഭവമാണ് 'ചാന്നാർ'. രാജാവിനു മദ്യം ഉണ്ടാക്കിക്കൊടുക്കുന്നവർ, മദ്യം നിർമ്മിക്കുന്നവർ എന്നൊക്കെയാണ് വാക്കിന് അർത്ഥം. അങ്ങനെ 'കള്ളുചെത്തുന്ന' തൊഴിൽ ചെയ്തിരുന്നവർക്കു 'ചാന്നാർ' എന്നു വിളിപ്പേരു വന്നിരിക്കണം. ‘തിരുനെൽവേലിഭാഗത്ത് ചാന്നാരിലെ ഉന്നതവിഭാഗത്തെ മാത്രമേ 'നാടാർ' എന്നു വിളിച്ചിരുന്നുള്ളൂ (നാഗമയ്യ വി:). ഇവർ സിലോണിന്റെ വടക്കൻതീരത്തുനിന്നു വന്നവരാണ്. പിന്നീട് തമിഴകത്തിന്റെ മുഴുവൻ ഭാഗത്തുമാകുന്നു. തമിഴകത്തിന്റെ വിവിധഭാഗങ്ങൾ ഒരുകാലത്തു ഭരിച്ചിരുന്നവരാണ് ഇവരുടെ പൂർവികർ. തിരുവിതാംകൂറിന്റെ ശിലാരേഖകളിൽ 'നാടാൾവാരെ'ക്കുറിച്ചു പറയുന്നുണ്ട് (നാഗമയ്യ വി).
പനകയറ്റമാണ് ഇവരുടെ മുഖ്യത്തൊഴിൽ. പന നാടാർസമൂഹത്തിനു കല്പവൃക്ഷമാണ്. പനയിൽനിന്നെടുക്കുന്ന പനനീര് (അക്കാനി), കള്ളും കരിപ്പട്ടിയുമാക്കിമാറ്റും രാവിലെയും വൈകുന്നേരവുമാണ് പനകയറുന്നത്. കരുപ്പട്ടി കാച്ചുന്ന ഉത്തരവാദിത്വം സ്ത്രീകളുടേതാണ്. ഇരണിയൽ, വിളവൻകോട്, അഗസ്തീശ്വരം, കൽക്കുളം, നെയ്യാറ്റിൻകര, കാട്ടാക്കട, പാറശ്ശാല, കരിങ്കൽ, ഇടയ്‌ക്കോട്, മാർത്താണ്ഡം ഭാഗങ്ങളിലാണ് നാടാർസമുദായം കൂടുതലായും അധിവസിക്കുന്നത്. പ്രധാനമേഖല ഇരണിയലാണ്. ഇവരുടെ മാതൃഭാഷ തമിഴാണ്. എന്നാൽ നെയ്യാറ്റിൻകര, കാട്ടാക്കട പ്രദേശങ്ങളിലെ നാടാർസമുദായത്തിന്റെ മാതൃഭാഷയും പൊതുഭാഷയും മലയാളമാണ് (കൊച്ചുകൃഷ്ണൻനാടാർ കാഞ്ഞിരംകുളം). പരിസ്ഥിതിക്കനുസരിച്ചു മലയാളം കൈകാര്യം ചെയ്യേണ്ടിവന്നതിനാലാണ് ഈ മാറ്റം ഭാഷയുടെ കാര്യത്തിൽ സംഭവിക്കുന്നത്.
സമ്പന്നമായൊരു സാഹിത്യലോകവും ചാന്നാർസമുദായത്തിനുണ്ട്. മലയാളഭാഷയ്ക്കും സാഹിത്യത്തിനും നൽകിയ വലിയ സംഭാവനയാണ് തെക്കൻപാട്ടുകൾ എന്ന സാഹിത്യവിജ്ഞാനസമ്പത്ത് .ചാന്നാർസമുദായം അധിവസിക്കുന്ന ഇടങ്ങളിലാണ് ഇതിനു കൂടുതൽ പ്രചാരമുള്ളത്. വില്ലടിച്ചാൻപാട്ട് എന്ന കലാരൂപത്തിനുവേണ്ടി തയ്യാറാക്കിയതാണ് ഭൂരിഭാഗം തെക്കൻപാട്ടുകളും. തമിഴും മലയാളവും കൂടിക്കലർന്ന വാമൊഴി നാട്ടുഭാഷയിൽ രൂപപ്പെട്ട വില്ലടിച്ചാൻപാട്ടുകളും തെക്കൻപാട്ടുകളും ചാന്നാർസമുദായത്തിന്റെ സംഭാവനയാണ്. ഈ മേഖലയിൽ ധാരാളം സംഭാവന നൽകുകയും ഒട്ടേറെ തെക്കൻപാട്ടുകൾ കണ്ടെത്തുകയും ചെയ്ത വ്യക്തിയാണ് കാഞ്ഞിരംകുളം കൊച്ചുകൃഷ്ണൻനാടാർ.
മർമ്മചികിത്സയിൽ വിദഗ്ദ്ധരാണ് നാടാർസമുദായം. അഗസ്ത്യനാണ് ഈ രംഗത്ത് ഇവരുടെ കുലദൈവവും കുലഗുരുവും (ശൈവസിദ്ധനായിരുന്ന അഗസ്ത്യമഹർഷിയിൽനിന്നാണ് സിദ്ധവൈദ്യം രൂപപ്പെട്ടത് എന്നൊരു വിശ്വാസമുണ്ട്). കാഞ്ഞിരംകുളം, നെയ്യാറ്റിൻകര, പാറശ്ശാലപ്രദേശങ്ങളിലെ ചാന്നാർ/നാടാർവിഭാഗത്തിലെ നല്ലൊരുവിഭാഗം മർമ്മചികിത്സകരായിരുന്നു. പലപ്രദേശത്തുനിന്നും ചികിത്സയ്ക്കായി ധാരാളംപേർ ദിവസവും ഇവിടെയെത്താറുണ്ടായിരുന്നു. 'വൈദ്യർ' എന്നാണ് ചികിത്സകർ അറിയപ്പെടുന്നത്.
പനകയറ്റത്തോടൊപ്പം ഇവർ കൃഷിയും ചെയ്തിരുന്നു. നെൽക്കൃഷിയും വാഴക്കൃഷിയും നാഞ്ചിൽനാട്ടിൽ വിളയാനുള്ള കാരണങ്ങളിലൊന്ന് ചാന്നാർ സമുദായത്തിന്റെ അധ്വാനശേഷിയാണ്. ആദ്യകാലത്തു സാമൂഹികാവസ്ഥയിൽ താഴേക്കിടയിലായിരുന്നു ഇവരുടെ സ്ഥാനം. അതിനൊരു മാറ്റംവരുന്നത് ക്രിസ്ത്യൻ മിഷണറിമാരുടെ വരവോടുകൂടിയാണ്. ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്യുകയും വിദ്യാഭ്യാസം നേടുകയും ചെയ്തതോടെ ചാന്നാർസമുദായം സാമൂഹികരംഗത്തും സാമ്പത്തികരംഗത്തും നില ഉയർത്തുകയുണ്ടായി. ഹൈന്ദവരാജ്യം എന്നു വിളിപ്പേരുണ്ടായിരുന്ന തിരുവിതാംകൂറിനു ആ സ്ഥാനം നഷ്ടപ്പെടുന്നത് നാടാർസമുദായത്തിന്റെ മതംമാറ്റത്തോടെയാണ്. 'ചാന്നാർ' എന്ന പേര് 'നാടാർ' എന്നു തിരുവിതാംകൂർരേഖകളിലാകുന്നത് 1921-ലാണ്. 1921-ലെ (17.2.1921) 763 നമ്പർ മദ്രാസ് ഗവൺമെന്റ് ഉത്തരവുപ്രകാരം 'ചാന്നാർ' എന്ന പേര് 'നാടാർ' എന്നാക്കിമാറ്റി. ഔദ്യോഗികരേഖകളിൽ 'നാടാർ' എന്നു രേഖപ്പെടുത്തുമ്പോഴും പാരമ്പര്യവഴികളിൽ 'ചാന്നാർ' എന്നും നാടാർവിഭാഗം അറിയപ്പെടുന്നു .
വെള്ളാളർ
നാഞ്ചിനാട്ടിലെ കർഷകരാണ് വെള്ളാളർ. വെള്ളത്തെ ആളുന്നവർ എന്നാണ് 'വെള്ളാള' ശബ്ദത്തിന്റെ അർത്ഥം. തിരുവിതാംകൂറിന്റെ നെൽക്കലവറയാക്കി നാഞ്ചിനാടിനെ മാറ്റുന്നതിൽ വെള്ളാളസമുദായം വലിയ പങ്കുവഹിച്ചു. വെള്ളാളർ കാർഷികവൃത്തിയുടെ മേൽനോട്ടക്കാർകൂടിയായിരുന്നു. നാഞ്ചിനാട്ടിൽ നെൽക്കൃഷി കൊണ്ടുവന്നത് വെള്ളാളരാണ് .പതിമൂന്നാംനൂറ്റാണ്ടിൽ നാഞ്ചിൽകുറവന്റെകാലത്തു തിരുവിതാംകൂറിലേക്കു കുടിയേറിയവരാണ് വെള്ളാളർ. തിരുനെൽവേലി, മധുരഭാഗങ്ങളിൽനിന്നു വന്നവരാണ് ഇവരെല്ലാം. തിരുവിതാംകൂറിന്റെ സാംസ്‌കാരികഭൂമിയിലെത്തിയ വെള്ളാളരുടെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ചില വ്യത്യാസങ്ങൾ കാണാൻ കഴിയും. അതുകൊണ്ടു് ഇവരെ മറ്റു വെള്ളാളരിൽനിന്നു തിരിച്ചറിയുന്നതിനായി 'നാഞ്ചിനാട്ടുവെള്ളാളർ' എന്നു വിളിച്ചിരുന്നു (നാഗമയ്യ. വി). കൃഷികൂടാതെ നെയ്ത്തും കച്ചവടവും ഇവരുടെ കുലത്തൊഴിലാണ്.
തമിഴുവെള്ളാളർ രണ്ടുവിഭാഗമുണ്ട്. വെള്ളാളരും ശൈവവെള്ളാളരും എന്നിങ്ങനെ. ശൈവവെള്ളാളർ വ്യാപാരികൾകൂടിയാണ്. ചോളനാട്ടിൽനിന്നുവന്ന പാണ്ടിശൂദ്രവെള്ളാളരും ഇവരുടെ ഇടയിലുണ്ട്. ശൈവവെള്ളാളരെയും നാഞ്ചിനാട്ടുവെള്ളാളരെയും കൂടാതെ തെങ്കാശിവെള്ളാളരെന്ന വിഭാഗവുമുണ്ട്. ശൈവവെള്ളാളരാണ് ചോളനാട്ടിൽനിന്നു വന്നവർ. വെള്ളാളരെയാണ് നമ്മുടെ നാട്ടിൽ സാധാരണയായി 'അണ്ണാച്ചി' എന്നു വിളിക്കുന്നത്.
തമിഴാണ് ഇവരുടെ മാതൃഭാഷയും പൊതുഭാഷയും. ശൈവവെള്ളാളരും വെള്ളാളരും മക്കത്തായികളാണ്. എന്നാൽ നാഞ്ചിനാട്ടുവെള്ളാളർ മരുമക്കത്തായം പിൻതുടരുന്നവരാണ്. ഇവരുടെയിടയിൽ തിരുവിതാംകൂർ രാജകുടുംബവുമായി ബന്ധപ്പെട്ട് സംബന്ധവിവാഹം ചുരുക്കമായി ഉണ്ടായിരുന്നു
തിരുവിതാംകൂറിൽ ഉദ്യോഗസ്ഥതലങ്ങളിൽ കണക്കുസംബന്ധിച്ച ജോലികൾ ആദ്യമായി ചെയ്തിരുന്നത് വെള്ളാളരാണ്. 'പിള്ള' എന്ന സ്ഥാനപ്പേരുച്ചേർത്തു 'കണക്കുനോക്കുന്ന' വെള്ളാളരെ 'കണക്കപ്പിള്ള' എന്നു വിളിച്ചിരുന്നു. 'നായർ' സമുദായത്തിലെ കണക്കെഴുത്തുദ്യോഗസ്ഥന്മാർക്കും 'പിള്ള' എന്ന സ്ഥാനം കിട്ടിയിട്ടുണ്ട്. വെള്ളാളരെ ഇപ്പോഴും മറ്റുള്ളവർ വെള്ളാളപ്പിള്ള എന്നാണു വിളിച്ചുവരുന്നത്. നാഞ്ചിനാട്ടുവെള്ളാളർ തിരുവിതാംകൂറിന്റെ ഭരണസംവിധാനത്തിലെ അവിഭാജ്യഘടകമായിരുന്നു. നികുതിപിരിവ്, നിയമവാഴ്ച തുടങ്ങിയവ നിയന്ത്രിച്ചിരുന്നത് വെള്ളാളരായിരുന്നു.
സൂര്യൻ, അഗ്‌നി, ശിവൻ, ചെടികൾ, പ്രകൃതിശക്തികൾ എന്നിവയെ ആരാധിച്ചിരുന്ന വെള്ളാളരിൽ നല്ലൊരുവിഭാഗം സസ്യഭുക്കുകളാണ്. തോവാള, അഗസ്തീശ്വരം താലൂക്കുകളിലാണ് വെള്ളാളർ കൂടുതലുള്ളത്.
പോറ്റിമാർ/ബ്രാഹ്‌മണർ
രാജഭരണകാലത്ത് തിരുവിതാംകൂറിലെ ഏറ്റവും സ്വാധീനമുള്ള ജനവിഭാഗമായിരുന്നു ബ്രാഹ്‌മണർ. സാമൂഹികവ്യവസ്ഥയിലും ഭരണതലത്തിലും ഇവർക്കു ശക്തമായ മേൽക്കോയ്മയുണ്ടായിരുന്നു. കേരളജാതിഘടനയിലുള്ള നമ്പൂതിരിബ്രാഹ്‌മണരല്ല, തമിഴ്‌നാട്ടിൽനിന്നുവന്ന പരദേശിബ്രാഹ്‌മണരാണ് ഇവിടെ കൂടുതൽ. ഭാഷയും ആചാരവുമൊക്കെ നമ്പൂതിരിമാരിൽനിന്നു തീർത്തും വ്യത്യസ്തമാണ്. ക്ഷേത്രത്തിലെ പൂജാകാര്യങ്ങളിൽ ഏർപ്പെടുന്ന തമിഴ്ബ്രാഹ്‌മണരെ 'പോറ്റി'മാർ എന്നാണു വിളിച്ചിരുന്നത്. കോട്ടയത്തിനു തെക്കോട്ടുള്ളവരെല്ലാം 'പോറ്റി'മാരാണ് (സോമൻ പി) പോറ്റുക അഥവാ സംരക്ഷിക്കുക എന്നാണ് 'പോറ്റി' എന്ന പദത്തിനർത്ഥം. ക്ഷേത്രാചാരങ്ങൾ പോറ്റുന്നവരാണ് പോറ്റിമാർ. നമ്പൂതിരിവിവാഹരീതിയിൽനിന്നു വ്യത്യസ്തമായി പോറ്റിമാർക്കു വിവാഹംകഴിക്കാനും കുടുംബമായി താമസിക്കാനും സാധിക്കുമായിരുന്നു. സംബന്ധവിവാഹം പോറ്റിമാരുടെ ഇടയിൽ ഇല്ലായിരുന്നു. ഉദ്യോഗസ്ഥതലത്തിലുള്ള ബ്രാഹ്‌മണരെ 'പട്ടരെ'ന്നും വിളിച്ചിരുന്നു. പിൻകുടുമക്കാരാണ് പരദേശിബ്രാഹ്‌മണർ, മുൻകുടുമക്കാരാണ് മലയാളബ്രാഹ്‌മണർ. ഭക്ഷണകാര്യത്തിൽ ഊട്ടുപുരകളെ ആശ്രയിച്ചുജീവിച്ച പട്ടൻമാരെപ്പറ്റി കുഞ്ചൻനമ്പ്യാർ തുള്ളൽക്കൃതികളിൽ പരിഹസിക്കുന്നുണ്ട്.
നെയ്യാറ്റിൻകര, വിളവൻകോടുതാലൂക്കുകളിലെ ബ്രാഹ്‌മണർ നമ്പൂതിരിമാരായിരുന്നു. ഇവരെയും 'പോറ്റിമാർ' എന്നുതന്നെയാണ് വിളിച്ചിരുന്നത്. 'ശാന്തിക്കാരൻ' എന്ന പേര് ഇവിടങ്ങളിൽ അത്ര സുപരിചിതമല്ല. ഇവർ താമസിക്കുന്ന ഇടങ്ങളെ 'മഠം' എന്നാണു പറയുന്നത്. തെക്കൻതിരുവിതാംകൂറിലെ നമ്പൂതിരി, പോറ്റി, പട്ടർ വിഭാഗക്കാരുടെ വീടുകളെല്ലാം 'മഠം' എന്നാണ് അറിയപ്പെടുന്നത്. ഇടയ്‌ക്കോടുമഠം, മുഞ്ചിറമഠം എന്നല്ലാതെ 'ഇല്ലം' ചേർത്തുപറയാറില്ല. മടത്തുവിള, സ്വാമിയാർമഠം തുടങ്ങിയ സ്ഥലനാമങ്ങൾ ഒരുകാലത്തു ബ്രാഹ്‌മണവിഭാഗക്കാരുടെ വാസകേന്ദ്രങ്ങളായിരുന്നു. ക്ഷേത്രപരിസരത്തിനടുത്തായിരുന്നു ഇവർ താമസിച്ചിരുന്നത്. വീട്ടുകാര്യങ്ങളിൽ സ്ത്രീകൾക്കായിരുന്നു മേൽക്കോയ്മ. രാവിലെ എഴുന്നേറ്റു വീടും പരിസരവും വൃത്തിയാക്കി കുളിച്ചു മുറ്റത്തു കോലം വരച്ചതിനുശേഷം മാത്രമേ അടുക്കളയിൽ തമിഴ് ബ്രാഹ്‌മണസ്ത്രീകൾ പ്രവേശിക്കുകയുള്ളൂ. കൂടാതെ ചെറിയ ചെറിയ തൊഴിലുകളും ബ്രാഹ്‌മണസമുദായത്തിലുള്ളവർ ചെയ്യുമായിരുന്നു. സ്ത്രീകൾ പപ്പടം, അച്ചാർ, ഉപ്പേരി എന്നിവ വളരെ രുചികരമായി തയ്യാറാക്കുകയും വിൽക്കുകയും ചെയ്തിരുന്നു. കേരളത്തിലെ നമ്പൂതിരിവിഭാഗക്കാരുടെ ഇടയിൽ ഈ സമ്പ്രദായമില്ല. പടിഞ്ഞാറേക്കോട്ട, കരമനഭാഗങ്ങളിലെ തമിഴ്ബ്രാഹ്‌മണർ ഇപ്പോഴും ഈ രീതി പിൻതുടരുന്നുണ്ട്.
തിരുവിതാംകൂറിന്റെ ഭരണതലത്തിലും ഉദ്യോഗതലത്തിലും തമിഴ്ബ്രാഹ്‌മണർ വലിയപദവികളിൽ സേവനംചെയ്തിട്ടുണ്ടായിരുന്നു. 1891-ലെ മലയാളി മെമ്മോറിയൽ പ്രക്ഷോഭത്തിനുശേഷമാണ് തമിഴ്ബ്രാഹ്‌മണരുടെ സ്വാധീനം ഭരണതലത്തിൽ കുറയുന്നത്. ഒരേ ജാതിയിലെ ഉപവിഭാഗങ്ങളായ പോറ്റിമാരും/പട്ടന്മാരും നമ്പൂതിരിമാരും താമസിക്കുന്ന മിശ്രഭൂമിയാണ് തെക്കൻതിരുവിതാംകൂർ. എണ്ണത്തിൽ നമ്പൂതിരിമാരെക്കാൾ തമിഴ്ബ്രാഹ്‌മണരാണ് കൂടുതൽ. കുടുംബാസൂത്രണത്തിലെ പ്രത്യേകത കൊണ്ടാണ് ഈ എണ്ണക്കുറവും എണ്ണക്കൂടുതലും ഇരുവിഭാഗത്തിലും കണ്ടുവരുന്നത്. നമ്പൂതിരിസമുദായത്തിൽ മൂത്തആളിനുമാത്രമേ സ്വന്തംജാതിയിൽനിന്നു വിവാഹംകഴിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. അതിൽ ജനിക്കുന്ന കുട്ടികൾമാത്രമേ അടുത്തതലമുറയിലും നമ്പൂതിരിയായി അറിയപ്പെടുകയുള്ളൂ. ഇളയവരായ അപ്ഫൻമാർക്കു മറ്റുസമുദായങ്ങളിൽനിന്നു സംബന്ധമേ ആകാവൂ. അതിൽ ജനിക്കുന്ന കുട്ടികൾ സ്ത്രീയുടെ ജാതിയിലാണ് അറിയപ്പെടുക. ഇക്കാരണംകൊണ്ടു നമ്പൂതിരിസമുദായത്തിന്റെ ജനസംഖ്യ ഓരോ തലമുറ കഴിയുന്തോറും കുറഞ്ഞുകൊണ്ടിരുന്നു. പരദേശിബ്രാഹ്‌മണരിൽ ഈ രീതി ഇല്ലായിരുന്നു. അവിടെ ബ്രാഹ്‌മണന് ഏതു സ്ത്രീയിൽ ജനിക്കുന്ന കുട്ടിയും ബ്രാഹ്‌മണന്റെ സന്തതിയായിരുന്നു. പുറംവിവാഹങ്ങൾ തമിഴ്ബ്രാഹ്‌മണരുടെ ഇടയിൽ കുറവായിരുന്നു. തോവാള, അഗസ്തീശ്വരംതാലൂക്കുകളിൽ തമിഴ്ബ്രാഹ്‌മണരും വിളവൻകോട്, കൽക്കുളം, നെയ്യാറ്റിൻകരത്താലൂക്കുകളിൽ മലയാളബ്രാഹ്‌മണരായ നമ്പൂതിരിമാരും കണ്ടുവരുന്നു. ഇവർ തമ്മിൽ സാധാരണമായി വിവാഹബന്ധങ്ങളിൽ ഏർപ്പെടാറില്ല.
സ്വാമിയാർമഠം, മാത്തൂർമഠം, മണലിക്കരമഠം, മുഞ്ചിറമഠം, ഇടയ്‌ക്കോടുമഠം എന്നിവ പ്രസിദ്ധങ്ങളായ ബ്രാഹ്‌മണമഠങ്ങളായിരുന്നു. സ്വാമിയാർമഠം ഇന്ന് ഒരു സ്ഥലനാമംമാത്രമായി ചുരുങ്ങി. മാത്തൂർമഠവും മുഞ്ചിറമഠവും ആൾവാസമില്ലാതെ ക്ഷയിച്ചുകഴിഞ്ഞു. ഭാസനാടകങ്ങൾ ദക്ഷിണേന്ത്യയിൽനിന്നു കണ്ടെത്തിയ ഇടംകൂടിയാണ് മണലിക്കരമഠം. ആ ഒരു പേരും പെരുമയും മാത്രമേ ഇന്ന് ഈ മഠത്തിനുള്ളൂ. പല ഭാഗങ്ങളും കാലപ്പഴക്കത്താൽ നശിച്ചുപോയി. മുഖപ്പുമാത്രമേ നിലവിലുള്ളൂ.
നായർ
കേരളത്തിൽ ജീവിച്ചിരുന്ന ഗോത്രജനവിഭാഗക്കാരുടെ പിൻഗാമികളാണ് നായർജനത. ഗോത്രസംസ്‌കാരത്തിൽനിന്നു കാർഷികവൃത്തിയിലൂടെയും പിന്നീട് ക്ഷത്രിയവൃത്തിയിലൂടെയും പുരോഗമിച്ച ജനതയാണ് നായർ. അടുത്തകാലംവരെ കേരളത്തിലെ പടയാളിവർഗ്ഗവും നാടുവാഴികളും ഇവർതന്നെയായിരുന്നു ദ്രാവിഡസംസ്‌കാരത്തിന്റെ സവിശേഷതകൾ പലതും ഇപ്പോഴും പിൻതുടരുന്നവരാണ് നായർ. ജനനം, വിവാഹം, മരണം എന്നിവയുമായി ബന്ധപ്പെട്ട ചടങ്ങുകളിലെല്ലാം ആ സ്വാധീനത ഇപ്പോഴും കാണാം. ഫ്യൂഡൽ സാമൂഹികവ്യവസ്ഥിതിയിൽ നമ്പൂതിരിസമുദായവുമായിട്ടുണ്ടായിരുന്ന ബന്ധംകൊണ്ടു സാമൂഹികശ്രേണിയിൽ ഉന്നതസ്ഥാനം വഹിക്കാൻ കേരളത്തിലെ നായർസമൂഹത്തിനു കഴിഞ്ഞിട്ടുണ്ട്. ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലും ബ്രാഹ്‌മണസമുദായത്തിനോളംപോന്ന പങ്കു് നായർസമൂഹം വഹിച്ചിട്ടുണ്ടായിരുന്നു.
തെക്കൻതിരുവിതാംകൂറിലെയും പ്രബലജനവിഭാഗമായിരുന്നു നായർ. വിളവൻകോട്, കല്ക്കുളം, നെയ്യാറ്റിൻകര താലൂക്കുകളിലാണ് നായർജനസംഖ്യ കൂടുതലുള്ളത്. തോവാള, അഗസ്തീശ്വരംതാലൂക്കുകളിൽ ഇവർ എണ്ണത്തിൽ കുറവാണ്. അടുത്തകാലത്തു മേൽപ്പറഞ്ഞ താലൂക്കുകളിൽനിന്നു തൊഴിൽസംബന്ധമായി നായർകുടിയേറ്റമുണ്ടായിട്ടുണ്ട് .
തെക്കൻതിരുവിതാംകൂറിലെ നായർ തദ്ദേശീയരല്ല എന്നൊരു അഭിപ്രായമുണ്ട്. ഉമയമ്മറാണിയുടെ കാലത്തു മുകിലപ്പടയെ നേരിടാൻ വടക്കൻകേരളത്തിൽനിന്നു വന്ന കേരളവർമ്മയുടെ നായർസൈനികരിലൂടെയാണ് ഇവിടെ നായർക്കുടിയേറ്റം ഉണ്ടായതെന്ന് ഒരു വിശ്വാസമുണ്ട്. കൃത്യമായ രേഖകൾ ഇക്കാര്യത്തെക്കുറിച്ചില്ല.ടിപ്പുവിന്റെ പടയോട്ടക്കാലത്തു വടക്കൻകേരളത്തിൽനിന്നു പ്രാണരക്ഷാർത്ഥം പലായനംചെയ്ത ജനത തെക്കൻകേരളത്തിലാണ് എത്തിച്ചേർന്നത്. പശ്ചിമഘട്ടത്തിന്റെ കിഴക്കുനിന്നു വന്നവരാണ് നായരുടെ പൂർവികരെന്നു കെ ശിവശങ്കരൻനായർ അഭിപ്രായപ്പെടുന്നു
കൂട്ടുകുടുംബവ്യവസ്ഥ പിൻതുടർന്ന 'നായർവിഭാഗം' മരുമക്കത്തായികളായിരുന്നു. കാർഷികവൃത്തിയും സൈനികവൃത്തിയുമായിരുന്നു പ്രധാന തൊഴിൽ. സ്വജാതിയിൽനിന്നുള്ള വിവാഹവും തിരുവിതാംകൂർ രാജകുടുംബത്തിൽനിന്നുള്ള സംബന്ധവും നടപ്പിലുണ്ടായിരുന്നു. പുടവകൊടുക്കലാണ് വിവാഹത്തിലെ പ്രധാനചടങ്ങ്. വിവാഹത്തിനുമുൻപു നടത്തിയിരുന്ന ചടങ്ങാണ് താലികെട്ട്. സംബന്ധവിവാഹത്തിലൂടെ ജനിക്കുന്ന കുട്ടികൾക്കു ചെലവിനുകൊടുക്കേണ്ടതും വളർത്തേണ്ടതും കുടുംബകാരണവരുടെ ചുമതലയാണ്. ഏതുസമയത്തും വേർപെടുത്താവുന്ന അയഞ്ഞ സ്ത്രീപുരുഷബന്ധമായിരുന്നു സംബന്ധവ്യവസ്ഥയുടേത് (നാഗമയ്യ വി).
അബ്രാഹ്‌മണമായ ആരാധനാരീതിയായിരുന്നു നായരുടേത്. തെക്കതുകളും ഇലങ്കങ്ങളും കേന്ദ്രമാക്കി നായർ നടത്തിയിരുന്നത് ദ്രാവിഡാരാധനയാണ്. അമ്മദൈവങ്ങളാണ് ഇവരുടെ ആരാധനാമൂർത്തികളിൽ ഭൂരിഭാഗവും മണ്ണുകൊണ്ടു നിർമ്മിച്ച ചുമരുകളും ഓലമേഞ്ഞ മേൽക്കൂരകളുമുള്ള വീടുകളിലാണ് പത്തൊൻപതാം നൂറ്റാണ്ടിനുമുൻപുവരെ നായന്മാർ താമസിച്ചിരുന്നത്. നാലുകെട്ടും എട്ടുകെട്ടും പതിനാറുകെട്ടുമൊക്കെ ഇവിടെ വരുന്നത് ആധുനികകാലത്താണ് .തറവാടുസങ്കല്പങ്ങളൊക്കെ കേരളത്തിൽ രൂപംകൊള്ളുന്നതും ഏതാണ്ട് ആധുനികകാലത്താണ്. തെക്കൻകേരളത്തിൽ നായരുടേത് തറവാടെന്നല്ല കുടുംബമെന്നാണ് അറിയപ്പെട്ടിരുന്നത്.
വയലുകളുടെ അടുത്തുള്ള കരകളിലാണ് നായർ കുടുംബസമേതം താമസിച്ചിരുന്നത്. കരകളിലെ ഇവരുടെ കൂട്ടായ്മയ്ക്കു പറഞ്ഞിരുന്ന പേരാണ് 'കരയോഗം.' പലകരകൾ ചേർന്ന് മറ്റൊരു ഭരണയൂണിറ്റായ 'പ്ടാക' രൂപപ്പെടുന്നു. വടക്കൻകേരളത്തിലെ 'തറ'യാണ് തെക്കൻകേരളത്തിലെ 'കര'. 'തറക്കൂട്ടം' തന്നെയാണ് 'കരയോഗം.' തറകൾ ചേർന്നു ദേശം രൂപപ്പെടുന്നതുപോലെ കരകൾ ചേർന്നു പ്ടാകകൾ രൂപപ്പെടുന്നു (ശശിഭൂഷൻ എം ജി (ഡോ.):73 വയസ്സ്:തിരുവനന്തപുരം).
ധാരാളം ഉപജാതികളുള്ള വിഭാഗംകൂടിയാണ് നായർ. 1901-ലെ കനേഷുമാരിക്കണക്കനുസരിച്ചു നായർവിഭാഗത്തിൽ 116 ഉപജാതികളുണ്ടായിരുന്നു. 1921-ലെ ബ്രിട്ടീഷ് മദ്രാസ് ഗവൺമെന്റിന്റെ 17.2.1921-ലെ 763-നമ്പർ ഉത്തരവുപ്രകാരം എല്ലാ നായർ ഉപവിഭാഗങ്ങളും നായർ എന്ന ഒറ്റപ്പേരിൽ അറിയപ്പെടാൻ തുടങ്ങി.
ഡോ.ഷിബു കുമാർ പി എൽ
അസിസ്റ്റൻറ് പ്രൊഫസർ
മലയാളവിഭാഗം
ഗവ.കോളേജ് കാസറഗോഡ്