സാമൂഹികഘടനയും ജാതികളും (തുടർച്ച )
- GCW MALAYALAM
- Jan 14
- 4 min read
Updated: Jan 15
ഒരു ദേശത്തിൻകതൈ
ഭാഗം ആറ്
ഡോ.ഷിബു കുമാർ പി എൽ

ഈഴവർ
തെക്കൻതിരുവിതാംകൂറിലെ നെയ്യാറ്റിൻകര, വിളവൻകോടു താലൂക്കുകളിലാണ് ഈഴവസമുദായത്തിന്റെ പ്രാതിനിധ്യം ഉള്ളത്. വടക്കൻപാട്ടുകളിലും മറ്റും കാണുന്ന ചേകവർ രാജ്യ'സേവകരാ'യിരുന്നുവെന്നും അവരുടെ പിൻഗാമികളാണ് ഇന്നത്തെ ഈഴവരെന്നും അഭിപ്രായമുണ്ട്. ('സേവകരുടെ' തദ്ഭവമാണ് 'ചേകവർ എന്നൊരു വാദമുണ്ട്).' ചേകവരുടെ മുൻഗാമികൾ സിലോണിൽനിന്നു വന്നവരാണ് എന്നും പറയുന്നുണ്ട്. ഇന്നത്തെ ശ്രീലങ്കയുടെ പഴയപേരാണ് സിലോൺ. തമിഴിൽ സിലോണിനെ 'ഈഴത്തുനാട്' എന്നാണ് പറയുന്നത് .കേരളത്തിലെ ഈഴവരുടെ ശരീരഘടനയും നിറവും ഈഴത്തുനാട്ടിൽനിന്നു വന്നവരാണ് ഈഴവരെന്ന വാദത്തിന് ആക്കംകൂട്ടുന്നു. കേരളത്തിലെ ഈഴവരെല്ലാം ഒറ്റവർഗമല്ല,വിവിധവർഗങ്ങളുടെ ലയനമാണെന്നും ഈഴവർ, പാണ്ടിഈഴവർ. കൊല്ലാട്ട് ഈഴവർ, പച്ചിലിഈഴവർ എന്നിങ്ങനെ നാലുതരം ഈഴവരുമുണ്ടെന്നാണ് തിരുവിതാംകൂർ സ്റ്റേറ്റ് മാന്വലിൽ പറയുന്നത് (1999:399). ഇവർ തമ്മിൽ വിവാഹബന്ധത്തിലൊന്നും സാധാരണമായി ഏർപ്പെടാറില്ലെന്നും നാഗമയ്യ ചൂണ്ടിക്കാണിക്കുന്നു.
വിളവൻകോടുതാലൂക്കിലെ ഈഴവർ അറിയപ്പെടുന്നത് 'പണിക്കർ'മാരെന്നാണ്. രാജഭരണകാലത്തു് തിരുവിതാംകൂറിലെ ഈഴവർക്കു കിട്ടിയ സ്ഥാനപ്പേരാണ് 'പണിക്കർ.' കാർത്തികതിരുനാൾ മഹാരാജാവിന്റെ കാലംമുതൽ സൈന്യവും ഭരണവും ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായിരുന്നു. അന്നു പ്രാദേശികപ്രശ്‌നങ്ങൾ പരിഹരിക്കാനും സൈന്യത്തെ സഹായിക്കാനുമായി 'പുള്ളിപ്പട്ടാളം' എന്നൊരു വിഭാഗമുണ്ടായിരുന്നു. ഈ പുള്ളിപ്പട്ടാളത്തിൽ നായർ, ചാന്നാർ, ഈഴവർ, അരയർ തുടങ്ങിയ ജാതിക്കാരിൽനിന്നെല്ലാം അംഗങ്ങളുണ്ടായിരുന്നു. സൈനികസേവനത്തിൽ മികച്ച പ്രകടനം കാഴ്ചവച്ചവർക്കു ലഭിച്ചിരുന്ന പദവികൾ ഇവർക്കും കിട്ടിയിരുന്നു. അതുകൊണ്ടാണ് ഇവിടത്തെ ഈഴവർ പണിക്കർ എന്ന് അറിയപ്പെട്ടത്.
മാടൻ, കാളി, വീരഭദ്രൻ, ശാസ്താവ് തുടങ്ങിയ ദൈവങ്ങളെ ആരാധിക്കുന്നവരാണ് തെക്കൻതിരുവിതാംകൂറിലെ ഈഴവർ. തെങ്ങിൽനിന്നു കള്ളുചെത്തുന്ന തൊഴിലാണ് കേരളത്തിലെ ഈഴവരുടേത്. എന്നാൽ ഇവിടത്തെ ഈഴവർ ഉപജീവനാർത്ഥം തെങ്ങിലോ പനയിലോ കള്ളുചെത്താൻ കയറുന്നവരല്ല. സാമൂഹികമായും സാമ്പത്തികമായും ഉന്നതനില കൈവന്നവരാണ് തെക്കൻതിരുവിതാംകൂറിലെ ഈഴവർ.
താലികെട്ടും പുടവകൊടുപ്പും ഈഴവവിഭാഗത്തിൽ ഉണ്ടായിരുന്ന അനാചാരങ്ങളാണ്. ശ്രീനാരായണഗുരുവിന്റെ പ്രവർത്തനങ്ങൾ ഇത്തരം പ്രവണതകൾ ഒഴിവാക്കാൻ ഈഴവരെ പ്രാപ്തരാക്കി. ആദ്യകാലത്ത് ഈഴവരുടെ ഇടയിൽ ബഹുഭർത്തൃത്വവും ബഹുഭാര്യത്വവും ഉണ്ടായിരുന്നു. സ്വന്തം കുടുംബത്തിൽനിന്നുള്ളവരെയായിരുന്നു അങ്ങനെ സ്വീകരിച്ചിരുന്നത്. ഭർത്താവു മരിച്ചാൽ ഭർത്താവിന്റെ സഹോദരൻ, ഭാര്യ മരിച്ചാൽ ഭാര്യയുടെ സഹോദരി എന്ന രീതിയിലായിരുന്നു ഈ ബന്ധം. നായർവിവാഹത്തിലേതുപോലുള്ള പുറംസംബന്ധങ്ങൾ ഈഴവരുടെയിടയിൽ ഇല്ലായിരുന്നു.
'ചാന്നാർ' എന്നൊരു സ്ഥാനപ്പേര് ഈഴവസമുദായത്തിനുണ്ടെങ്കിലും തെക്കൻതിരുവിതാംകൂറിലെ ഈഴവർ 'ചാന്നാർ' എന്നല്ല അറിയപ്പെടുന്നത്. ഇവിടത്തെ ചാന്നാർ നാടാർസമുദായമാണ്. മക്കത്തായം പിൻതുടരുന്നവരാണ് ഇവിടത്തെ ഈഴവർ. രാജഭരണകാലത്തു തോവാളമുതൽ ഉണ്ടായിരുന്ന ഇവരുടെ ജനസംഖ്യ ഇന്നിപ്പോൾ വിളവൻകോട്, കൽക്കുളം താലൂക്കുകളിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. തെക്കൻതിരുവിതാംകൂറിലെ ഈഴവരുടെ മാതൃഭാഷ മലയാളമാണ്. തമിഴുസ്വാധീനമേഖലയിൽ മലയാളിസ്വത്വം കാത്തുസൂക്ഷിക്കാൻ കഴിയാതെവരുന്നതുകൊണ്ട് പുതിയ തലമുറ കേരളത്തിലേക്കു കുടിയേറിക്കൊണ്ടിരിക്കുകയാണ്.
1888-ൽ ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയ അരുവിപ്പുറം, തെക്കൻതിരുവിതാംകൂറിലെ നെയ്യാറ്റിൻകരത്താലൂക്കിലാണ്. 'ശ്രീനാരായണധർമ്മപരിപാലനസംഘം' എന്ന പേരിൽ 1903-ൽ രൂപവത്കരിച്ച എസ്എൻഡിപി. യോഗം ഈഴവരുടെ സർവതോമുഖമായ വളർച്ചയിൽ വലിയപങ്കുവഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസരംഗത്തും തൊഴിൽരംഗത്തും കച്ചവടരംഗത്തും ഈഴവരുടെ സാന്നിധ്യം ചെറുതല്ല. യോഗത്തിന്റെ ശാഖകൾ ഈഴവർ താമസിക്കുന്ന പ്രദേശങ്ങളിലൊക്കെ കാണാൻ സാധിക്കും. താഴേത്തട്ടിലുള്ളവരെ സഹായിക്കുന്ന ധാരാളം പദ്ധതികൾ യോഗം മുന്നിട്ടുനിന്നു ചെയ്യുന്നുണ്ട്. മൈക്രോഫിനാൻസ് പദ്ധതി, തയ്യൽമെഷീനുകൾ, വിവാഹസഹായം എന്നിവ അത്തരം ഉദ്യമങ്ങളിൽ ചിലതാണ്. കുലത്തൊഴിലായ കള്ളുചെത്ത്, തെങ്ങുകയറ്റം, കയറുനിർമ്മാണം എന്നിവയൊക്കെ തെക്കൻതിരുവിതാംകൂറിലെ ഈഴവർ ഉപേക്ഷിക്കുകയും പുതിയ തൊഴിലുകൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈഴവർ മതംമാറാതെ, ഹിന്ദുമതത്തിൽ നിന്നുകൊണ്ടു സമുദായസംഘടനയിലൂടെ ബഹുദൂരം മുന്നേറിയിട്ടുണ്ട് . ഒരുകാലത്ത് അടിച്ചമർത്തപ്പെട്ടുകിടന്ന ഈഴവജനത ഇന്നു സാമൂഹികശ്രേണിയിൽ മുൻപന്തിയിലും എത്തിച്ചേർന്നിട്ടുണ്ട്.
കൃഷ്ണവകക്കാർ
തെക്കൻതിരുവിതാംകൂറിലെ ഒരു പ്രധാനജാതിയാണ് കൃഷ്ണവകക്കാർ. ശ്രീകൃഷ്ണന്റെ വംശമായ യാദവകുലത്തിൽ ജനിച്ചവരുടെ പിൻഗാമികളാണ് തിരുവിതാംകൂറിലെ കൃഷ്ണവകക്കാരെന്നാണ് വിശ്വാസം. തെക്കേഇൻഡ്യയിലെ ഇടയവിഭാഗമായ ഇവർ നായർ, വെള്ളാളർ എന്നിവരോടൊപ്പം സ്ഥാനമുള്ള ശൂദ്രരാണ്. ആമ്പാടിയിൽനിന്നു വന്ന എഴുപത്തിരണ്ടുകുടുംബക്കാരിൽനിന്നാണ് കൃഷ്ണവകക്കാർസമുദായം ഇവിടെ വ്യാപിച്ചത്. ഇവർ കൊണ്ടുവന്ന കൃഷ്ണവിഗ്രഹമാണ് തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിലെ തിരുവമ്പാടിക്ഷേത്രത്തിൽവച്ച് ആരാധിക്കുന്നത്. തിരുവിതാംകൂർരാജാക്കന്മാരുടെ പൂർണ്ണപിന്തുണയോടുകൂടി നിർമ്മിച്ച ക്ഷേത്രമാണിത്. രാജാവ് ക്ഷേത്രപരിപാലകനു് 'അനന്തപത്മനാഭക്ഷേത്രപല്ലവരായൻ' എന്ന പദവി നൽകി ആദരിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം വഞ്ചിയൂർഭാഗത്താണ് ഇവർ ആദ്യം താമസിച്ചുവന്നത്. ബന്ധുക്കളുടെ പുല, വാലായ്മ എന്നിവ വരുമ്പോൾ ക്ഷേത്രത്തിന് അശുദ്ധിയുണ്ടാകും എന്ന കാരണത്താൽ തങ്ങളെ മൂന്നുനദികൾക്കപ്പുറം മാറ്റിത്താമസിപ്പിക്കണമെന്ന് കൃഷ്ണവകസമുദായം രാജകുടുംബത്തോട് അപേക്ഷിച്ചു. അങ്ങനെ അവർക്ക് കരമനയാർ, നെയ്യാർ, കുഴിത്തുറയാർ എന്നിവയ്ക്കപ്പുറമുള്ള തെക്കൻതിരുവിതാംകൂറിലെ ഇരണിയൽപ്രദേശത്തു താമസിക്കാൻ സൗകര്യം ഒരുക്കിക്കൊടുത്തു (നാഗമയ്യ വി:1999:371). ഇരണിയൽ, കല്ക്കുളം, തക്കല, പത്മനാഭപുരംപ്രദേശങ്ങളിൽ ഒരു ചെറിയവിഭാഗം കൃഷ്ണവകക്കാർ ഇപ്പോഴുമുണ്ട്. നാഗമയ്യ സ്റ്റേറ്റ് മാന്വൽ എഴുതുന്ന സമയത്ത് 8,999 എണ്ണം കൃഷ്ണവകക്കാരുണ്ടായിരുന്നു. ഇന്നവരുടെ അംഗസംഖ്യ തുലോം കുറവാണ്. ഉള്ളവർതന്നെ നായരുടെ അവാന്തരവിഭാഗമായിട്ടാണ് അറിയപ്പെടുന്നത്.
കൃഷ്ണവകക്കാരിൽ മക്കത്തായികളും മരുമക്കത്തായികളുമുണ്ട്. വസ്ത്രധാരണത്തിലും ആഭരണമണിയുന്നതിലും ഇവർ വെള്ളാളരെപ്പോലെയാണ്. നായർസ്ത്രീകളെപ്പോലെ കൃഷ്ണവകക്കാരിലെ സ്ത്രീകൾ മൂക്കുത്തി ധരിക്കാറുണ്ട്. സ്ത്രീകൾക്കിടയിൽ ശരീരത്തിൽ 'പച്ചകുത്തുക' എന്നൊരു ഏർപ്പാട് സർവ്വസാധാരണമായിരുന്നു. മരണശേഷം സ്ത്രീകൾ 'താലി' കഴുത്തിൽനിന്നു മാറ്റുകയില്ല. മരണാനന്തരചടങ്ങുകൾ ആദ്യരണ്ടുദിവസം ഉണ്ടാവുകയില്ല. സഞ്ചയനകർമ്മം പത്താം ദിവസമാണു നടത്തുന്നത്. പുല അവസാനിക്കുന്നത് പതിനാറിനാണ്. നായർ, വെള്ളാളസമുദായങ്ങളിലെ ആചാരങ്ങളോടാണ് കൃഷ്ണവകക്കാരുടെ ആചാരങ്ങൾക്കു സാമ്യം. നിലവിൽ സാമൂഹികമായും സാമ്പത്തികമായും വളരെയേറെ പിന്നിൽ നിൽക്കുന്ന സമുദായമാണ് കൃഷ്ണവകക്കാർ.
കമ്മാളർ
വിശ്വകർമ്മവിഭാഗത്തിൽപ്പെട്ടവരാണ് കമ്മാളർ. മരാശാരി, കല്ലാശാരി, കൊല്ലൻ, മൂശാരി, തട്ടാൻ, തോൽക്കൊല്ലന്മാർ എന്നീ ആറു് ഉപവിഭാഗങ്ങൾ ചേർന്നതാണ് കമ്മാളസമുദായം. ഇവരെല്ലാം ഒറ്റസമുദായമായിട്ടാണ് അറിയുന്നത്. കമ്മാളരിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഉപജാതി മരാശാരിമാരാണ്. തടിപ്പണിയാണ് ഇവരുടേത്. ഇരുമ്പിൽ പണിചെയ്യുന്നവരാണ് കൊല്ലന്മാർ. ചെമ്പിലും വെങ്കലത്തിലും പണിയുന്നവർ മൂശാരിമാർ. സ്വർണ്ണത്തിലും വെള്ളിയിലും പണിയുന്നവർ തട്ടാന്മാർ. തോൽകൊണ്ടു ചെരിപ്പ്, ബാഗ് എന്നിവ നിർമ്മിക്കുന്നവരാണ് തോൽക്കൊല്ലന്മാർ. നായർ, ഈഴവആചാരങ്ങൾക്കു സമാനമാണ് കമ്മാളരുടേത്. നെയ്യാറ്റിൻകര, വിളവൻകോടുതാലൂക്കുകളിലാണ് മരാശാരിമാർ കൂടുതലായിട്ടുള്ളത്. ശുചീന്ദ്രംഭാഗം കൊല്ലൻമാരുടെ അധിവാസകേന്ദ്രമാണ്. എല്ലാതാലൂക്കിലും തട്ടാന്മാരെ കുറഞ്ഞതോതിലെങ്കിലും കാണാൻ കഴിയും. മൂശാരി, തോൽക്കൊല്ലന്മാർ എന്നിവർ ജനസംഖ്യയിൽ വളരെക്കുറവാണ്. ഇവരെല്ലാവരും സ്വയം അറിയപ്പെടുന്നത് 'വിശ്വബ്രാഹ്‌മണസമൂഹം' എന്നാണ്.
കുറവർ
ഒരു ഗോത്രവർഗജനതയാണ് കുറവർ. നാഞ്ചിനാടു ഭരിച്ചിരുന്ന 'നാഞ്ചിൽകുറവൻ' കുറവവംശജനായിരുന്നു. ധാരാളം കുറുനിലമന്നന്മാർ ഉണ്ടായിരുന്ന ആദ്യകാലഗോത്രവിഭാഗമാണ് കുറവർ. മലഞ്ചെരുവുകളിലാണ് (കുറിഞ്ചിനിലങ്ങൾ) ഇവരുടെ താമസം. ഗോത്രരാജാക്കന്മാരായിരുന്ന ഈ വർഗ്ഗത്തിന്റെ പുതുതലമുറ പാമ്പാട്ടികളും പാട്ടുകാരും കുട്ടനെയ്ത്തുകാരുമായി മാറിപ്പോയി. ചെറിയരീതിയിൽ ഇവർ കൃഷിയും ചെയ്തുവരുന്നു. വേലൻ എന്നും കുറവർ എന്നും ഇവർ അറിയപ്പെടുന്നു. പക്ഷിശാസ്ത്രം, കൈനോട്ടം എന്നിവയിൽ ഇവർ ശ്രദ്ധേയരാണ്. മലങ്കുറവൻ, തേൻകുറവൻ, പൂങ്കുറവൻ, കാക്കക്കുറവൻ, കാക്കാലക്കുറവൻ എന്നിങ്ങനെയുള്ള ഉപവിഭാഗങ്ങളും ഇവർക്കിടയിലുണ്ട്. കുറവൻമല, കുറത്തിമല എന്നിവ ഇവരുടെ ഭരണസിരാകേന്ദ്രങ്ങളായിരുന്നു. കുറത്തിയോട്ടം, കുറവർകളി എന്നീ നാടൻകളികളും കുറവന്മാരുടെ ചരിത്രപ്രാധാന്യത്തിന്റെ ചിഹ്നങ്ങളാണ്. ഏ.ഡി. 117 വരെ നാഞ്ചിനാടു ഭരിച്ചിരുന്നത് കുറവരാജാക്കന്മാരായിരുന്നു. കൊനാങ്കിക്കുറവൻ, നാഞ്ചിക്കുറവൻ, ബൊമ്മക്കുറവൻ തുടങ്ങിയവർ തെക്കൻതിരുവിതാംകൂറിലെ പ്രധാനികളായ ഗോത്രരാജാക്കന്മാരായിരുന്നു. ആദിമചേരരാജാക്കന്മാരും കുറവരായിരുന്നുവെന്നു കരുതുന്നു. ഇളപെയിനി, വെണ്ണിക്കായത്തി, കുറമകൾ, കുറി ഏയിനി എന്നീ സംഘകാലകവികൾ കുറവരായിരുന്നു . എന്നാൽ തിരുവിതാംകൂറിന്റെ സാമൂഹിക-രാഷ്ട്രീയശ്രേണിയിൽ കുറവർക്കു വലിയസ്ഥാനമൊന്നും നിലവിലില്ല.
പുലയർ
കേരളത്തിലെ ആദിമജനതയുടെ പിൻഗാമികളാണ് പുലയർ. ചേരമർ, ചെറുമർ എന്നീ പേരുകളും പുലയർക്കുണ്ട്. പുലം എന്നാൽ വയൽ എന്നർത്ഥം. 'പുല'ങ്ങളിൽ കൃഷിചെയ്യുന്നവരാണ് പുലയർ. 'പുല' എന്നാൽ അയിത്തം എന്നൊരു അർത്ഥംകൂടിയുണ്ട്. ആയതിനാൽ അയിത്തജാതിക്കാരാണ് പുലയർ എന്നൊരു വ്യുത്പത്തിയും പറയുന്നുണ്ട്. പുലയർ ഒരുകാലത്ത് ഇവിടം ഭരിച്ചവരാണ് എന്നൊരു വാമൊഴിയുണ്ട്. തിരുവനന്തപുരം വേളിക്കായലിനുസമീപമുള്ള 'പുലയനാർകോട്ട' അതിനു തെളിവായി ചിലർ ചൂണ്ടിക്കാണിക്കുന്നു. പുലയരാജാക്കന്മാരുടെ അധീനതയിലായിരുന്നു ഒരുകാലത്ത് ഈ ഭൂമി. നാഞ്ചിനാടു ഭരിച്ചിരുന്ന 'നാഞ്ചിൽ വള്ളുവൻ' പുലയനാണ് എന്നൊരു അഭിപ്രായമുണ്ട്. പുലയരുടെ സമുദായസമിതിയിൽ അധ്യക്ഷ്യം വഹിക്കുന്നവർക്കുള്ള സ്ഥാനപ്പേരാണ് വള്ളോൻ.
തിരുവിതാംകൂറിലെ പുലയർ വയൽപ്പണികളിൽ ഏർപ്പെട്ടുവന്നിരുന്ന ജാതിസമൂഹമാണ്. ഇവർ ഇവിടത്തെ നായന്മാരുടെ കുടിയാന്മാരായിരുന്നു. നായന്മാർ തെക്കൻതിരുവിതാംകൂറിലേക്കു വന്നപ്പോൾ കൃഷിയാവശ്യങ്ങൾക്കായി കൂടെക്കൊണ്ടുവന്നവരാണ് തിരുവിതാംകൂർപുലയർ. പുലയരുടെ മാതൃഭാഷ മലയാളമാണ്. വിളവൻകോട്, കൽക്കുളംതാലൂക്കുകളിലാണ് പുലയരുള്ളത്. ഫ്യൂഡൽകാലഘട്ടത്തിൽ പുലയസമുദായം അവശജീവിതമാണ് നയിച്ചിരുന്നത്. എല്ലായിടത്തും അടിമകൾക്കു തുല്യമായ ജീവിതമായിരുന്നു പുലയരുടേത്. ഇവരെ കൊല്ലാനും വിൽക്കാനും തല്ലാനുമുള്ള അധികാരം ഉടമകൾക്കുണ്ടായിരുന്നു. കന്നുകാലികളെക്കാൾ ഗതികെട്ട ജീവിതമായിരുന്നു ഒരുകാലത്ത് ഈ സമുദായത്തിന് ഉണ്ടായിരുന്നത്.
വിതയ്ക്കൽ, കൊയ്ത്ത്, വയൽഉഴവ്, കറ്റമെതിക്കൽ, കളപറിക്കൽ, വെള്ളംതേവൽ എന്നിങ്ങനെയുള്ള വയൽപ്പണികളെല്ലാം പുലയരാണ് ചെയ്തിരുന്നത്. സ്ത്രീകളും കൃഷിപ്പണിയിൽ പങ്കെടുക്കാറുണ്ട്. നായരുടെ ഭൂമിയിലോ പുറമ്പോക്കുഭൂമിയിലോ ഓലകൊണ്ടു കുത്തിച്ചാരിയ കുടിലുകളിലാണ് ഇവർ താമസിച്ചിരുന്നത്. ക്രൈസ്തവമിഷണറിമാരുടെ വരവ് ഇവരുടെ ജീവിതത്തിൽ സാരമായ മാറ്റംവരുത്തി. എന്നാലും മതംമാറിയ നാടാർവിഭാഗത്തിനുണ്ടായതുപോലെയുള്ള പുരോഗതിയൊന്നും തിരുവിതാംകൂർപുലയർക്ക് ഉണ്ടായില്ല. മതംമാറിയിട്ടും പലതരം അവശതകളും ഒഴിവാക്കലുകളും പുലയസമുദായം ഇപ്പോഴും അനുഭവിക്കുന്നുണ്ട്. തെക്കൻതിരുവിതാംകൂറിലെ പുലയരിൽ ഭൂരിപക്ഷവും ക്രൈസ്തവരായവരാണ്. ഹിന്ദുപുലയർ ന്യൂനപക്ഷമാണ്. മതംമാറിയ പുലയർക്കു പ്രത്യേകം പള്ളികളിലാണ് ആരാധനയുള്ളത്. സവർണക്രിസ്ത്യൻ പള്ളികളിൽ ഇവർക്കു പ്രവേശനമില്ല. മതംമാറിയിട്ടും ഇവരുടെ അയിത്തം മാറിയിട്ടില്ല. 'സാൽവേഷൻ ആർമി' എന്നൊരു സഭയിലാണ് ക്രൈസ്തവപുലയർ കൂടുതലുള്ളത്. സാമൂഹികാവസ്ഥയിലും സാമ്പത്തികാവസ്ഥയിലും വളരെയേറെ പിന്നാക്കനിലയിൽത്തന്നെയാണ് പുലയർ ഇപ്പോഴുമുള്ളത്. രാഷ്ട്രീയമായ ചൂഷണങ്ങൾക്കും സാമൂഹികചൂഷണങ്ങൾക്കും ഇവർ ഇപ്പോഴും വിധേയരാവുകയാണ്.
പറയർ
ആദിമജനതയുടെ മറ്റൊരുവിഭാഗം പിൻഗാമികളാണ് പറയർ. 'പറ' എന്ന വാക്കിൽനിന്നാണ് 'പറയൻ' എന്ന പദത്തിന്റെ വ്യുത്പത്തി. സമൂഹത്തിലെ വിവിധയിനം ചടങ്ങുകൾക്ക് 'പറ' കൊട്ടുന്നവരും രാജവിളംബരങ്ങൾ പറകൊട്ടി അറിയിക്കുന്നവരും പഴയകാലത്ത് പറയരായിരുന്നു. (പഴയ തമിഴ്കൃതികളിൽ പറയരെ പുലയർ എന്നും വിളിച്ചിരുന്നു). എന്നാൽ തിരുവിതാംകൂറിന്റെയും കേരളത്തിന്റെയും സാംസ്‌കാരികചരിത്രത്തിൽ അധഃസ്ഥിതവിഭാഗമായിട്ടാണ് പറയർ ഇടംപിടിച്ചത്. ഈ ഭൂമി പറയരുടെയും പുലയരുടെയുമാണ് എന്ന വിശ്വാസം ഇവർക്കിടയിലുണ്ട്. ബ്രാഹ്‌മണാധിനിവേശം പറയരുടെ അധികാരത്തെ പിടിച്ചെടുക്കുകയും അവരെ സാമൂഹികശ്രേണിയിൽ പിന്നാക്കമാക്കുകയും ചെയ്തു.
പറയർ കൂട്ടംകൂട്ടമായിട്ടാണ് താമസിച്ചിരുന്നത്. കൂട്ടത്തോടെ താമസിക്കുന്ന സ്ഥലം 'പറയച്ചേരി' എന്നാണ് അറിയുന്നത്. ചത്തമൃഗങ്ങളുടെയും കാട്ടുജീവികളുടെയും മാംസമാണ് ഇവർ ആദ്യകാലത്തു ഭക്ഷിച്ചിരുന്നത്. തെക്കൻതിരുവിതാംകൂറിലെ പറയരുടെ മാതൃഭാഷ മലയാളമാണ്. തമിഴ് സംസാരിക്കുന്നവരുമുണ്ട്. ഓലകൊണ്ടും പനയോലകൊണ്ടുമുള്ള ഉപകരണങ്ങൾ തയ്യാറാക്കുന്നതാണ് ഇവരുടെ കുലത്തൊഴിൽ. മുറം, വട്ടി, കുട്ട, അടുക്കളയിൽ ഉപയോഗിക്കുന്ന സാമഗ്രികൾ എല്ലാം ഇവർ ഓലയിൽ ഭംഗിയായി തയ്യാറാക്കും. അടുത്തകാലംവരെ വീടിന്റെ പുര മേയാൻ ഓല മെടഞ്ഞിരുന്നതും പറയരായിരുന്നു.
പുലയരെപ്പോലെ പറയരും കുടിലുകളിലാണ് താമസിച്ചിരുന്നത്. ക്രിസ്ത്യൻ മിഷണറിമാർ ഇവരിൽ പലരെയും ക്രൈസ്തവരാക്കി. 'ഇല്ലത്തു നിന്നു പുറപ്പെടുകയും ചെയ്തു. അമ്മാത്ത് എത്തീട്ടുമില്ല' എന്ന അവസ്ഥയിലാണ് പറയർ ഇപ്പോഴുള്ളത്. മതംമാറിയ പറയർക്കു ക്രൈസ്തവമതത്തിൽ പ്രത്യേകപരിഗണനയൊന്നും ലഭിച്ചില്ല. അവിടെയും അവർ അവശരായിത്തന്നെത്തുടർന്നു.
തെക്കൻതിരുവിതാംകൂറിൽ നെയ്യാറ്റിൻകര, വിളവൻകോടുതാലൂക്കുകളിലാണ് പറയർ താമസിക്കുന്നത്. സാമൂഹികമായ അരക്ഷിതാവസ്ഥയിൽനിന്നു മുന്നേറാൻ ഇവർക്കു ഇതുവരെയും സാധിച്ചിട്ടില്ല. പുലയരെപ്പോലെ ഭൂസ്വത്തുക്കളോ മൂലധനമോ ഇല്ലാതെപോയതാണ് ഇവരുടെ പിന്നാക്കാവസ്ഥയ്ക്ക് ഒരു കാരണം. സർക്കാരുദ്യോഗങ്ങളിൽ ഇവർക്കു മതിയായ പ്രാതിനിധ്യം ഇപ്പോഴും ലഭിച്ചിട്ടില്ല. കുറച്ചുപേർ ഗൾഫിലും ബോംബെയിലുമൊക്കെ തൊഴിൽതേടിപ്പോയി, ജീവിതമാർഗ്ഗം കണ്ടെത്തി. നാട്ടിലുള്ളവർ തയ്യൽ, ആടുവളർത്തൽ, പശുവളർത്തൽ, കൂലിപ്പണികൾ എന്നിവ ചെയ്തു ജീവിക്കുന്നു. വിദ്യാഭ്യാസപരമായിട്ടുള്ള പിന്നാക്കാവസ്ഥ ഇവരുടെ ഉന്നമനത്തിനും തടസ്സം നിൽക്കുന്നു.
ഡോ.ഷിബു കുമാർ പി എൽ
അസിസ്റ്റൻറ് പ്രൊഫസർ
മലയാളവിഭാഗം
ഗവ.കോളേജ് കാസറഗോഡ്
Comments