ഗവേഷണഫലങ്ങൾ മാതൃഭാഷയിലൂടെ
നിഷ എൻ.ജി.
അസിസ്റ്റൻ്റ് പ്രൊഫസർ,
ഭൗതിക ശാസ്ത്ര വിഭാഗം,
സർക്കാർ വനിത കോളേജ്, തിരുവനന്തപുരം.
സംഗ്രഹം:
മാനവചരിത്രത്തിൽ നോക്കിയാൽ ഒറ്റപ്പെട്ട ചില ചിന്തകളോ സംഭവങ്ങളോ ആണ് സമൂഹത്തിൻ്റെ സമൂലപരിവർത്തനത്തിനു കാരണഹേതുക്കളായിട്ടുള്ളത്. ശാസ്ത്രത്തിലും സ്ഥിതി വിഭിന്നമല്ല. പ്രപഞ്ചത്തിൻ്റെ കേന്ദ്രം ഭൂമിയല്ല എന്ന കോപ്പർനിക്കസ്സിൻ്റെ അനുമാനം മുതൽ അലക്‌സാണ്ടർ ഫ്ലെമിങ്ങിൻ്റെ പെൻസിലിൻ, പേഴ്‌സി സ്‌പെൻസീറിൻ്റെ മൈക്രോവേവ് അവൻ, എൻറിക്കോ ഫെർമി മനസ്സിലാക്കിയ ന്യൂക്ലിയാർ ഊർജ്ജം തുടങ്ങി ചെറുതും വലുതും ആയ നിരവധി കാര്യങ്ങൾ ചൂണ്ടിക്കാട്ടാൻ കഴിയും. അത്തരത്തിൽ ഒരു വേറിട്ട ചിന്തയുടെ പ്രതിഫലനമായാണ് സൈ - ഹബ്ബിൻ്റെ ജനനത്തെ കാണാൻ കഴിയുക. ഇന്ന് കോടി കണക്കിന് ഗവേഷകരുടെ, വിദ്യാർഥികളുടെ ശാസ്ത്ര വിജ്ഞാന ശേഖരണത്തിന് സൗജന്യമായി ലഭ്യമായ ഏറ്റവും വലിയ സ്രോതസാണ് സൈ - ഹബ്ബെന്നു നിസ്സംശയം പറയാം. ആ വെബ് പേജിൻ്റെ സ്രഷ്ടാവായ അലക്‌സാന്ദ്ര എൽബാക്യാനെ കുറിച്ചും സൈ - ഹബ്ബ് ശാസ്ത്ര ഗവേഷണ സാഹിത്യത്തിൽ സംഭവിപ്പിച്ച വലിയ അലയൊലികളെക്കുറിച്ചുമാണ് ഈ പഠനം. പകർപ്പവകാശ നിയമത്തിനെതിരെ ഉള്ള പ്രവർത്തനമായതിനാൽ സൈ - ഹബ്ബും അതിൻ്റെ സ്രഷ്ടാവും നേരിട്ട് കൊണ്ടിരിക്കുന്ന നിയമ നടപടികളെ കുറിച്ചും ലേഖനം പ്രതിപാദിക്കുന്നു.
താക്കോൽ വാക്കുകൾ: സൈ - ഹബ്, ശാസ്ത്ര ഗവേഷണ സാഹിത്യം, പകർപ്പവകാശം.
ആമുഖം:
പന്ത്രണ്ടാം വയസ്സിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ; പതിനാലാം വയസ്സിൽ വെബ്സൈറ്റ് ഹാക്കർ; പതിനെട്ടാം വയസ്സിൽ ന്യൂറോ ടെക്നോളജി ഗവേഷക; 2016 - ൽ ലോകപ്രസിദ്ധ നേച്ചർ മാഗസിൻ തിരഞ്ഞെടുത്ത ശാസ്ത്ര സംബന്ധിയായ പത്ത് മുൻനിരക്കാരിൽ ഒരാൾ; ബ്രെയിൻ - മെഷീൻ ഇൻ്റർഫേസിൽ ഗവേഷണം ചെയ്യാൻ ഇറങ്ങിയപ്പോൾ അക്കാദമിക ജേണലുകൾ ആവശ്യപ്പെടുന്ന ഡോളർ കണക്ക് കണ്ട് ഞെട്ടി, ലോകത്തിലെ മറ്റാരും അതുവരെ ചെയ്യാത്ത രീതിയിൽ, ഗവേഷണ അറിവുകൾ എല്ലാവരിലേക്കും പങ്കുവയ്ക്കാൻ https://sci-hub.se എന്ന URL [uniform resource locator] തുടങ്ങിയ വ്യക്തി; ഇന്ന് ഒൻപത് കോടിയിൽപരം ശാസ്ത്ര ഗവേഷണ ലേഖനങ്ങൾ ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്കും ഗവേഷകർക്കും അധ്യാപകർക്കും ഞൊടിയിടയിൽ സ്വായത്തമാക്കാൻ കാരണഭൂത. ഈ വിശേഷണങ്ങൾ എല്ലാം ചേരും അലക്സാന്ദ്ര എൽബാക്യാൻ എന്ന ചെറുപ്പക്കാരിക്ക്. മാനുഷരെല്ലാരും ഒന്നുപോലെ കഴിഞ്ഞ മാവേലി വാണ കാലത്തെപ്പോലൊരു സോഷ്യലിസ്റ്റ് ചിന്തയാണ് സൈ- ഹബ്ബിൻ്റെയും ആധാരം. അറിവ് എല്ലാ മനുഷ്യർക്കും അവകാശപ്പെട്ടതാണ് എന്നതാണ് ആ വെബ് പേജിൻ്റെ കേന്ദ്ര ആശയമായി കൊടുത്തിരിക്കുന്നത്.
ചിത്രം 1 : അലക്സാന്ദ്ര എൽബാക്യാൻ അവലംബം: https://scientificwomen.net | ചിത്രം 2 : സൈ - ഹബ് വെബ് പേജിൻ്റെ കവർ പേജ് അവലംബം: https://sci-hub.se |
സൈ – ഹബ്:
കാകദൃഷ്ടി ബകധ്യാനം ശ്വാനനിദ്ര തഥൈവച; അൽപാഹാരം ജീർണ്ണ വസ്ത്രം ഏതത് വിദ്യാർത്ഥി ലക്ഷണം……. ഒരു നല്ല വിദ്യാർത്ഥിയെ ഇങ്ങനെയാണല്ലോ പുരാതന തത്വചിന്താ രീതി വിശേഷിപ്പിക്കുന്നത്.
സൂക്ഷ്മ ദൃഷ്ടിയുടെ പ്രതീകമായ കാക്ക ഒരു താക്കോലുമായി നിൽക്കുന്നതാണ് സൈ-ഹബ്ബിൻ്റെ മുഖചിത്രം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൻ്റെ തുടക്കം മുതൽ സംഖ്യകളും അക്ഷരങ്ങളും അടങ്ങിയ ഒരു doi [digital object identifier] കോഡ് ഗവേഷണ ലേഖനങ്ങൾക്ക് കൊടുക്കാറുണ്ട്. ഈ കോഡ് സൈ - ഹബ്ബിൻ്റെ പേജിൽ കൊടുത്താൽ ഏറെക്കുറെ ശാസ്ത്ര ലേഖനങ്ങളും, ജേണലുകളുടെ സാമ്പത്തിക മതിൽ ചാടിക്കടന്ന് അന്വേഷകരുടെ മുന്നിൽ സൗജന്യമായി ലഭ്യമാകാറുണ്ട്. സൈ - ഹബ്ബിൽ ലഭ്യമായ ഒൻപത് കോടിയിൽ പരം ഗവേഷണ സാഹിത്യത്തിൽ മിക്കവാറും എല്ലാ ശാസ്ത്ര മേഖലകളും ഉൾക്കൊണ്ടിട്ടുണ്ട്. രണ്ടര കോടിയോളം വരുന്ന മെഡിക്കൽ ഗവേഷണ ലേഖനങ്ങളാണ് ഏറ്റവും കൂടുതൽ. പിന്നാലെ ഒന്നരക്കോടി വീതം രസതന്ത്ര, ജീവശാസ്ത്ര സംബന്ധിയായ ലേഖനങ്ങൾ. ഒരു കോടിക്ക് പുറത്ത് മാനവിക ശാസ്ത്ര ലേഖനങ്ങളും മുക്കാൽ കോടി വീതം ഭൗതികശാസ്ത്ര, എൻജിനീയറിങ് സംബന്ധിയായ ലേഖനങ്ങളും. 25 - 35 ലക്ഷം പരിധിയിൽ ഗണിതശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം, കമ്പ്യൂട്ടർ സയൻസ്, സാമ്പത്തികശാസ്ത്രം, ഭൂമിശാസ്ത്രം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഗവേഷണ ഫലങ്ങളും കിട്ടുന്നു. ഇത്രയേറെ ഗവേഷണ സാഹിത്യം ഒരൊറ്റ കമ്പ്യൂട്ടർ പേജിൽ ലഭ്യമാക്കുന്നു എന്നതല്ല തീർച്ചയായും സൈ - ഹബ്ബിൻ്റെ പ്രസക്തി. ശാസ്ത്രവിജ്ഞാനത്തിൻ്റെ പ്രധാന ആശയവിനിമയ മാധ്യമമാണ് ഇത്തരം ഗവേഷണ ലേഖനങ്ങൾ എന്നിരിക്കെ സൈ - ഹബ് ഡേറ്റ ബേസിൻ്റെ പ്രത്യേകത അവ ആർക്കും വായിക്കാനും ഡൗൺലോഡ് ചെയ്യാനും സൗജന്യമായി ലഭ്യമാണ് എന്നുള്ളതാണ്.
അലക്സാന്ദ്ര:
ഒരു ഒറ്റയാൾ പട്ടാളം ആണ് ഈ വിപ്ലവത്തിൻ്റെ നായിക, അലക്സാന്ദ്ര എൽബാക്യാൻ. 1988ൽ മധ്യേഷ്യയിലെ കസാക്സ്ഥാൻ്റെ പുരാതന തലസ്ഥാനമായ അൽമാട്ടിയിൽ ജനിച്ച അലക്സാന്ദ്ര വളരെ ചെറുത്തിലെ മുതൽ ഗണിതത്തിൽ അതീവ തൽപരയായിരുന്നു. പ്രാദേശിക സ്കൂളിലെ പഠനത്തിനുശേഷം കസാക്സ്ഥാൻ നാഷണൽ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ വിവരസാങ്കേതിക വിദ്യയിലും സൈബർ സെക്യൂരിറ്റിയിലും ബിരുദം. അതിനുശേഷം കമ്പ്യൂട്ടേഷനൽ ന്യൂറോ സയൻസിൽ ഗവേഷണത്തിന് ശ്രമം. അമേരിക്കയിൽ പോയി അതിനു വേണ്ടിയുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പക്ഷേ അവ വിജയിച്ചില്ല. ഇരുപത്തിമൂന്നാം വയസ്സിൽ കസാക്സ്ഥാനിലേക്ക് മടങ്ങി സ്വതന്ത്ര കമ്പ്യൂട്ടർ പ്രോഗ്രാമർ ആയി ജോലി തുടങ്ങി. 2011ൽ ശാസ്ത്രത്തിലെ അറിവുകളുടെ വിനിമയത്തിനായി വെറും മൂന്ന് ദിവസം കൊണ്ട് തുടങ്ങിവച്ച ഒരു വെബ് സേവനമാണ് സൈ - ഹബ്. ഓപ്പൺ ആക്സസ് പ്രസ്ഥാനത്തിൻ്റെ ഭാഗമാണ് സൈ - ഹബ് എന്ന് പറയുക വയ്യ. പി എച്ച് പി script ഉപയോഗിച്ച് കൊണ്ട് അക്കാദമിക ജേർണലുകൾ പൂഴ്തി വച്ചിരിക്കുന്ന ലേഖനങ്ങൾ ആവശ്യക്കാർക്ക് ഉപയുക്തമാക്കുകയാണ് സൈ - ഹബ്.
പകർപ്പവകാശത്തിനെതിരെ:
സൈ - ഹബിൻ്റെ കവർപേജ് സ്വയം വിശേഷിപ്പിക്കുന്നത് ഇതാണ്. “ആധുനിക ശാസ്ത്രത്തിലെ ഏറ്റവും വിവാദപരമായ പദ്ധതിയാണ് സൈ - ഹബ്. എല്ലാ ശാസ്ത്രീയ അറിവുകളിലേക്കും സൗജന്യവും അനിയന്ത്രിതവുമായ പ്രവേശനം നൽകുക എന്നതാണ് സൈ - ഹബിൻ്റെ ലക്ഷ്യം.” പകർപ്പവകാശ നിയമത്തിൻ്റെ പരിധിയിൽ ശാസ്ത്ര ലേഖനങ്ങൾ എല്ലാവർക്കും സൗജന്യമായി ലഭ്യമല്ല. മാത്രമല്ല, ഈ ശാസ്ത്ര അറിവുകൾ മിക്ക ആളുകൾക്കും നൽകാൻ കഴിയാത്ത ഉയർന്ന തുകയിൽ മാത്രമേ ലഭ്യമാകുകയുമുള്ളൂ. അക്കാദമിക് ലേഖനങ്ങളിലേക്ക് ഉടനടിയും സൗജന്യവുമായ പ്രവേശനം നൽകുന്നതിനുള്ള ഒരു ഉപകരണമായാണ് സൈ - ഹബ് ആരംഭിച്ചത്. പണം അടച്ചുള്ള എല്ലാ അറിവുകളും സൗജന്യമാക്കി, ശാസ്ത്ര അറിവുകളെ ജനാധിപത്യമാക്കി എന്നാണ് അലക്സാന്ദ്രയുടെ വാദം. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ഇന്ന് സൈ - ഹബ്ബിനു ഉണ്ട്. അവരിൽ ശാസ്ത്രജ്ഞർ മാത്രമല്ല; വിദ്യാർത്ഥികളും ഗവേഷകരും പത്രപ്രവർത്തകരും വ്യവസായികളും പുതിയ കാര്യങ്ങൾ പഠിക്കാൻ ഇഷ്ടപ്പെടുന്നവരും ഉണ്ട്. ശാസ്ത്രത്തിലെ അറിവുകൾ പങ്കുവയ്ക്കപ്പെടുന്ന ഈ പുതിയ വാതായനം വളരെ പെട്ടെന്ന് തന്നെ ലോകപ്രസിദ്ധമായി. അക്കാദമിക ജേർണലുകൾ ഏറെക്കുറെ കുത്തക മുതലാളിമാരുടെ സമീപനമാണ് ലോകത്തിനു മുന്നിൽ വയ്ക്കുന്നത്. അവർ ആവശ്യപ്പെടുന്ന ഉയർന്ന ഡോളർ നിരക്കുകൾ ഭൂരിഭാഗത്തിനും സാധ്യമല്ല. ഏറ്റവും വലിയ വിരോധാഭാസം എന്തെന്ന് വെച്ചാൽ അക്കാദമിക ലേഖനങ്ങളുടെ രചയിതാക്കൾക്ക് യാതൊരു പ്രതിഫലവും നൽകേണ്ടതില്ല എന്നതാണ്. ചില ജേർണലുകൾ രചയിതാക്കളിൽ നിന്ന് ലേഖന പ്രോസസിംഗ് ഫീസ് അങ്ങോട്ട് കൈപ്പറ്റാറുമുണ്ട്.
ചിത്രം 3: ഓപ്പൺ ആക്സസ് പ്രസ്ഥാനത്തിൻ്റെ ലോഗോ അവലംബം: https://sci-hub.se | ചിത്രം 4: അലക്‌സാന്ദ്ര - എൽസീവിയർ തർക്കത്തിൽ വന്ന കോടതി വിധി വാർത്ത അവലംബം : https://www.nature.com |
ഒരു വശത്ത് അലക്‌സാന്ദ്ര എന്ന ചെറുപ്പക്കാരിയും മറു വശത്തു കോർപറേറ്റ് ഭീമന്മാരായ ജേർണലുകളും തമ്മിലുള്ള ഒരു യുദ്ധമായി ഇതിനെ കണക്കാക്കാം. 2011 ൽ തുടങ്ങി, ഒൻപത് കോടിയോളമായി വ്യാപിച്ച ഗവേഷണ സാഹിത്യ ഡാറ്റാ ബേസ് സൃഷ്ടിക്കാൻ അലക്‌സാന്ദ്രയ്ക്ക് സാധിച്ചു എന്ന വസ്തുത തന്നെ അതിശയകരമാണ്. എങ്ങിനെയാണ് , അല്ലെങ്കിൽ ഏതു കമ്പ്യൂട്ടർ പ്രോഗ്രാമിലൂടെയാണ് അലക്സാന്ദ്ര ഇത് സാധ്യമാക്കുന്നത് എന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ സ്വാഭാവികമായും ലഭ്യമല്ല. പക്ഷെ കോർപറേറ്റ് ഭീമന്മാരാൽ നിയമിതരായ പ്രതിഭാധനരായ കമ്പ്യൂട്ടർ പ്രോഗ്രാമർമാർ ഇതിനെ ചെറുക്കാൻ പതിനെട്ടടവും പയറ്റുന്നുണ്ടാവും എന്നതിൽ സംശയിക്കേണ്ട കാര്യമില്ല. അതിനെ മറികടക്കാൻ വിവിധ തരങ്ങളായ നൂതന മാർഗ്ഗങ്ങളാവും അലക്സാന്ദ്ര അവലംബിക്കുന്നത് എന്ന് അനുമാനിക്കാം. അതിൽ നിന്നു തന്നെ അലക്‌സാൻഡ്രയുടെ പ്രാഗൽഭ്യം ഊഹിക്കാവുന്നതേ ഉളളൂ.
കോടതി വ്യവഹാരങ്ങൾ:
പകർപ്പവകാശം പരിഗണിക്കാതെ തന്നെ ഗവേഷണ പ്രബന്ധങ്ങളിലേക്ക് സൗജന്യപ്രവേശനം നൽകുന്നതുകൊണ്ട് ലോകത്തിലെ പ്രബല രാഷ്ട്രങ്ങളിലെ കോടതികളിൽ അലക്സാന്ദ്രയ്‌ക്കെതിരെ കേസുകൾ നിലവിലുണ്ട്. എൽസെവിയർ, വൈലി, അമേരിക്കൻ കെമിക്കൽ സൊസൈറ്റി (ACS) എന്നീ അക്കാദമിക് ജേർണലുകൾ അവയിൽ പ്രധാനപ്പെട്ടവയാണ്. ഒരു അമേരിക്കൻ കോടതി 15 മില്യൻ ഡോളർ എൽസെവിയറിനു നഷ്ടപരിഹാരമായി നൽകാൻ അലെക്‌സാന്ദ്രായ്ക്ക് ഉത്തരവ് നൽകിയിട്ടുണ്ട്. പക്ഷേ ഇപ്പോൾ റഷ്യയിലാണ് താമസം എന്ന് പറയപ്പെടുന്ന അലക്സാന്ദ്രയിൽ നിന്നും അത് ഈടാക്കാൻ കഴിഞ്ഞിട്ടില്ല. ഇന്ത്യൻ കോടതികളിലും കേസ് വാദം നടക്കുന്നുണ്ട് ഈ നിയമ പോരാട്ടങ്ങൾക്കിടയിലും സാങ്കേതിവിദ്യയുടെ കുതിച്ചു കയറ്റങ്ങൾക്കിടയിലും സൈ - ഹബ് ജനപ്രീതി ആർജിച്ച് വളർന്നു കൊണ്ടേയിരിക്കുന്നു. ശാസ്ത്രത്തിലെ ആശയവിനിമയം സുഗമമാക്കുന്നതിനും അറിവുകളുടെ സ്വതന്ത്രമായ ഒഴുക്കിനുമുള്ള ഒരു മാർഗ്ഗമായാണ് സൈ - ഹബ് നിലനിൽക്കുന്നത്. ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കുമോ ഇല്ലയോ; എന്ത് തന്നെയായാലും ലോകമെമ്പാടുമുള്ള വിദ്യാർത്ഥികൾക്കും ഗവേഷകർക്കും അറിവിൻ്റെ ഒരു ഭീമൻ ശൃംഖല തന്നെയാണ് അലക്സാന്ദ്ര സൗജന്യമായി സാധ്യമാക്കുന്നത്.
ഉപസംഹാരം:
അലക്സാന്ദ്രയുടെ ഈ പോരാട്ടം ഒരേസമയം പ്രശംസയും വിമർശനവും നേരിട്ടുണ്ട്. സൈ - ഹബ് പരമ്പരാഗത പ്രസിദ്ധീകരണ സമ്പ്രദായത്തെയും പകർപ്പവകാശ നിയമങ്ങളെയും നിഷേധിക്കുന്നു എന്ന് വിമർശകർ അവകാശപ്പെടുന്നു. ശാസ്ത്രീയ അറിവിൻ്റെ വ്യാപനത്തിൽ കൂടുതൽ സുതാര്യതയ്ക്കും പ്രവേശനക്ഷമതയ്ക്കും അത് ആക്കം കൂട്ടുന്നു എന്ന് അനുകൂലികളും അവകാശപ്പെടുന്നു. വിവാദങ്ങൾക്കിടയിലും, ഓപ്പൺ ആക്‌സസ് ആശയത്തിൻ്റെ പ്രതീകമായി അലക്സാന്ദ്ര മാറിയിരിക്കുന്നു, ഗവേഷകരെയും അധ്യാപകരെയും പത്രപ്രവർത്തകരെയും അക്കാദമിക പ്രസിദ്ധീകരണത്തിൻ്റെ നിലവിലെ അവസ്ഥയെ ചോദ്യം ചെയ്യാൻ പ്രചോദിപ്പിക്കുകയും ശാസ്ത്രീയ അറിവിൻ്റെ വ്യാപനത്തിൽ കൂടുതൽ ഇടപെടലുകൾ നടത്താൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. മാറ്റുവിൻ ചട്ടങ്ങളെ, മാറ്റുമതല്ലെങ്കിൽ നിങ്ങളെ താൻ എന്ന കുമാരനാശാൻ വാക്യത്തിന് പ്രസക്തിയേറി വരുന്നു.
അവലംബങ്ങൾ: