ഹിംസാത്മകതയുടെ ചരിത്രപാഠം മുല്ലപ്പൂനിറമുള്ള പകലുകളില്‍
- GCW MALAYALAM
- Mar 15
- 6 min read
ഷീബ സി.എസ്.

ആമുഖം
സാഹിത്യം മനുഷ്യനാല്‍ സൃഷ്ടമായതിനാല്‍ അത് ഏറിയപങ്കും മനുഷ്യകഥാഖ്യാനങ്ങളാണ്. അതുകൊണ്ടുതന്നെ മനുഷ്യവര്‍ഗ്ഗത്തിന്‍റെ ജീവിതക്രമങ്ങളും സ്വഭാവവിശേഷങ്ങളും സാഹിത്യത്തിന് വിഷയമായപ്പോള്‍, മനുഷ്യന്‍റെ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും സഹജമായി വന്നുചേരുന്ന ഹിംസാത്മകപ്രവണതകളും പലരീതിയില്‍ പ്രാരംഭകാലം മുതല്‍ സാഹിത്യത്തില്‍ ആഖ്യാനം ചെയ്തുപോന്നു. ഭക്ഷണം, വിനോദം, നിലനില്പ്, ആധിപത്യം, അധികാരമോഹം, ചൂഷണം എന്നിങ്ങനെ പലരൂപഭാവങ്ങളിലാണ് ഇത്തരം ഹിംസ പ്രയോഗത്തിലാകുന്നത്. ജീവിതം കൂടുതല്‍ സംഘര്‍ഷഭരിതമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലെ സാഹിത്യരചനകളില്‍ പലതും സമകാലീന മനുഷ്യജീവിതവുമായി ചേര്‍ന്നുനില്‍ക്കുന്ന ഹിംസാത്മകതയെ തീവ്രതയോടെ ആവിഷ്കരിക്കുന്നു. അധികാരത്തോടിണങ്ങി നില്‍ക്കുന്ന വംശീയത, മതവിശ്വാസം എന്നീ മണ്ഡലങ്ങളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ഹിംസാത്മകതയും കാരുണ്യശൂന്യതയും ബന്യാമിന്‍റെ 'മുല്ലപ്പൂ നിറമുള്ള പകലുകളില്‍' ആവിഷ്കരിച്ചിരിക്കുന്നത് എപ്രകാരമാണെന്ന് കണ്ടെത്തുകയാണ് ഈ പ്രബന്ധത്തില്‍ ചെയ്യുന്നത്.
താക്കോല്‍വാക്കുകള്‍
ഹിംസ, പ്രവാസജീവിതം, അറബ് വസന്തം, മുല്ലപ്പൂവിപ്ലവം, വംശീയത, Genocide, ഷിയ, സുന്നി, അഷൂറ, ഏകാധിപത്യവിരുദ്ധത, ആത്മപീഡനം, പരപീഡനം, ഫത്വ.
മുല്ലപ്പൂനിറമുള്ള പകലുകള്‍
പ്രവാസജീവിതത്തിലെ ഗൃഹാതുരതയും സ്വത്വനൈരാശ്യങ്ങളും വ്യത്യസ്തമാര്‍ന്ന ജീവിതസാഹചര്യങ്ങളും വിഷയമാക്കുന്ന പ്രവാസസാഹിത്യത്തിലെ നാഴികക്കല്ലുകളായി ബന്യാമിന്‍റെ എഴുത്തുകളെ കാണാവുന്നതാണ്. അറേബ്യന്‍ രാജ്യങ്ങളില്‍ ശക്തമായ ചലനങ്ങള്‍ സൃഷ്ടിക്കുകയും വലിയമാറ്റങ്ങള്‍ക്ക് കാരണമായിത്തീരുകയുംചെയ്ത 'മുല്ലപ്പൂവിപ്ലവത്തിന്‍റെ' പശ്ചാത്തലത്തില്‍ ബന്യാമിന്‍ രചിച്ച നോവലാണ് 'മുല്ലപ്പൂനിറമുള്ള പകലുകള്‍'. അറബ് രാജ്യങ്ങളിലെ ഏകാധിപത്യപ്രവണതകള്‍ക്കെതിരെയുണ്ടായ ജനകീയപ്രക്ഷോഭമാണ് 'അറബ് വസന്തം', 'മുല്ലപ്പൂവിപ്ലവം' എന്നീ പേരുകളിലറിയപ്പെട്ടത്. നഗരങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് വ്യാപിച്ച ഈ കലാപത്തിന്‍റെ ഭാഗമായവര്‍ക്കും പ്രവാസജീവിതങ്ങള്‍ക്കും വിപ്ലവം സമ്മാനിച്ചത് ദുരിതപൂര്‍ണ്ണമായ അനുഭവങ്ങളായിരുന്നു.
മുല്ലപ്പൂവിപ്ലവം ജനജീവിതത്തെ എപ്രകാരം ബാധിച്ചുവെന്നതും റേഡിയോജോക്കിയായ സമീറ പര്‍വീണ്‍ എന്ന പാകിസ്ഥാനി പെണ്‍കുട്ടിക്ക് പ്രക്ഷോഭങ്ങളുടെ തുടര്‍ഫലമായി അനുഭവിക്കേണ്ടിവന്ന ദുരന്തങ്ങളുടെ തീവ്രതയുമാണ് നോവലിന്‍റെ ഉള്ളടക്കം. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം തന്‍റെ പിതാവിനെയും മറ്റു ബന്ധുക്കളെയും പോലെ സമീറയും നഗരത്തില്‍ കുടിയേറിയതാണ്. നഗരം തന്‍റെ ജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളും നഗരം തനിക്കു നല്‍കിയ ദുരിതങ്ങളും സുഹൃത്തായ ജാവേദിനയയ്ക്കുന്ന മെയിലുകളിലൂടെ സമീറ വ്യക്തമാക്കുന്ന രീതിയിലാണ് നോവലിന്‍റെ ഘടന.
രാജാവിന്‍റെ കൂലിപ്പട്ടാളമെന്ന് തദ്ദേശീയര്‍ ആക്ഷേപിക്കുന്ന പോലീസ് സേനയിലാണ് സമീറയുടെ കുടുംബത്തിലെ പുരുഷന്‍മാരില്‍ ചിലര്‍ ജോലിചെയ്യുന്നത്. 'ഹിസ്മെജസ്റ്റി'യുടെ ഇഷ്ടക്കാരായതിനാല്‍ യാതൊരു പ്രശ്നങ്ങളുമില്ലാതെ പ്രൗഡിയോടെയും സര്‍വസ്വാതന്ത്ര്യത്തോടെയുമാണ് 'തായ്ഘറി'ലെ സമീറയുള്‍പ്പെടുന്ന കുടുംബാംഗങ്ങള്‍ കഴിഞ്ഞുവന്നത്. റേഡിയോ നിലയത്തിലെ ടെക്നിക്കല്‍ സ്റ്റാഫും ഷിയാ വിശ്വാസിയുമായ അലിഫര്‍ദാനുമായുള്ള സമീറയുടെ സൗഹൃദം തായ്ഘറില്‍ എല്ലാവരും എതിര്‍ക്കുന്നു. നഗരത്തില്‍ ഷിയകള്‍ ഭൂരിപക്ഷമായിരുന്നിട്ടു കൂടി സുന്നിഭരണകൂടം അവരെ രണ്ടാംതരം പൗരന്‍മാരായി ഗണിച്ചു. ഭരണകൂടത്തിന്‍റെ നിരന്തരമായ അവഗണനകള്‍ക്കെതിരെ അലിഫര്‍ദാന്‍ ഉള്‍പ്പെടെയുള്ള ചെറുപ്പക്കാര്‍ രഹസ്യമായി നടത്തിയിരുന്ന പ്രതിഷേധങ്ങള്‍ പെട്ടെന്നു തന്നെ ഒരു വന്‍ജനകീയ സമരമായി മാറുന്നു. പ്രക്ഷോഭത്തില്‍ സമീറയുടെ ബാബയെ അലി കൊല്ലുന്നു. സമീറ മാപ്പു നല്‍കുന്ന പക്ഷം ജയില്‍മോചിതനാകാന്‍ അലിക്കു കഴിയുമെന്നറിയുമ്പോള്‍, കുടുംബത്തിന്‍റെയും ഗവണ്‍മെന്‍റിന്‍റെയും സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങാതെ സമീറ അലിക്ക് മാപ്പു നല്‍കുന്നു. തന്‍റെ ജീവിതത്തെ എല്ലാവിധത്തിലുമുള്ള സംഘര്‍ഷങ്ങളെയും അതിജീവിച്ച് ശുഭകരമാക്കിത്തീര്‍ക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ജാവേദുമായി പങ്കിടുന്ന സമീറയെ അവതരിപ്പിച്ചുകൊണ്ടാണ് നോവല്‍ അവസാനിക്കുന്നത്.
വംശീയതയും ഹിംസയും
ദേശം, ഭാഷ, മതം, വര്‍ണം, സംസ്കാരം, വിശ്വാസം എന്നിങ്ങനെയുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കി ലോകത്തിന്‍റെ പലഭാഗത്തും പലവിഭാഗം ജനങ്ങള്‍ അന്യവത്കൃതരാകുന്നു. ഈ അന്യവത്കരണത്തിനു വിധേയരാകുന്നവര്‍ അസ്വതന്ത്രരും അപമാനിതരുമായിത്തീരുമ്പോള്‍, സ്വാഭാവികമായി പ്രതിഷേധമനോഭാവം രൂപംകൊള്ളുന്നു. ഒറ്റയ്ക്കുള്ള പ്രതിഷേധങ്ങള്‍ കൂട്ടത്തിന്‍റേതായി മാറുമ്പോള്‍ അതിന് വിപ്ലവത്തിന്‍റെ മുഖഛായ ലഭിക്കുന്നു. വംശീയതയുടെ പേരില്‍ ചരിത്രാതീതകാലം മുതല്‍ക്കു തന്നെ കൂട്ടക്കുരുതികള്‍ നടന്നിട്ടുണ്ട്.
ദേവന്‍മാര്‍ക്ക് അസുരന്‍മാരെല്ലാം അന്യവംശക്കാരും ശത്രുക്കളുമാണ്. അതുകൊണ്ടാണ് നമ്മുടെ വേദ പുരാണ ഇതിഹാസങ്ങളില്‍ ദേവാസുരയുദ്ധം വിഷയമായിത്തീര്‍ന്നത്. "ബി.സി അഞ്ചാം നൂറ്റാണ്ടിലാണ് ഗ്രീസില്‍ പെലൊപ്പൊണീഷ്യന്‍ യുദ്ധം നടന്നത്. അഥീനിയന്‍മാര്‍ മെലോസ് നഗരം നശിപ്പിക്കുകയും അവിടുത്തെ യുവാക്കളെ കൊല്ലുകയും സ്ത്രീകളെയും കുട്ടികളെയും തടവില്‍ ഇടുകയും ചെയ്തു. യേശുവിനെ കുരിശിലേറ്റിയ യഹൂദരെ ഇല്ലാതാക്കാന്‍ കത്തോലിക്കര്‍ നടത്തിയ കുരിശുയുദ്ധങ്ങളില്‍ കൊലക്കുരുതിയെക്കാള്‍ ക്രൂരത ഇരകളോട് കാണിച്ചവരുണ്ട്. "1877 ലെ റൂസോ-ടര്‍ക്കിഷ് യുദ്ധത്തില്‍ തുര്‍ക്കികള്‍ ഗര്‍ഭിണികളുടെ വയറും ഗര്‍ഭവും കീറി ഗര്‍ഭസ്ഥശിശുക്കളെ പുറത്തെടുത്ത് നിലത്തെറിഞ്ഞ് കൊല്ലാറുണ്ടായിരുന്നു എന്ന് ദസ്തയേവ്സ്കി 'കരമസോവ് സഹോദരന്‍മാരില്‍ വിവരിക്കുന്നു."1 രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഹിറ്റ്ലര്‍ ജര്‍മ്മനിയില്‍ നടത്തിയ ജൂതന്‍മാരുടെ കൂട്ടക്കൊലയോടെയാണ് ലോകം ഇത്തരം വംശീയതയുടെപേരില്‍ നടക്കുന്ന കൂട്ടക്കുരുതികളെ അപലപിക്കാന്‍ തുടങ്ങിയത്. വംശക്കുരുതി എന്നതിനെ സൂചിപ്പിക്കാന്‍ 'Genocide' എന്ന വാക്ക് ഉത്ഭവിക്കുന്നതും രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമാണ്. 1948 ല്‍ കൂടിയ ഐക്യരാഷ്ട്രസഭയുടെ ഒരു പ്രത്യേക കണ്‍വെന്‍ഷന്‍ വംശീതയുടെ പേരിലുള്ള മനുഷ്യക്കുരുതി ഹീനമായ ഒരു കുറ്റകൃത്യമായി പ്രഖ്യാപിച്ചു. "വംശീയമോ ദേശീയമോ വര്‍ഗീയമോ മതപരമോ ആയി ഒരു ജനതയെ മന:പൂര്‍വമായി നശിപ്പിക്കല്‍"2 എന്നാണ് ഐക്യരാഷ്ട്ര സഭ വംശക്കുരുതിക്കു നല്‍കിയ നിര്‍വ്വചനം.
ശാസ്ത്രസാങ്കേതിക വിദ്യകളില്‍ ബഹുദൂരം മുന്നോട്ടുപോകുന്ന ലോകജനത മതവിശ്വാസങ്ങളുടെയും വര്‍ഗീയതയുടെയും കാര്യത്തില്‍ പിന്നോട്ടു സഞ്ചരിക്കുന്നു. ഇന്ത്യ, മ്യാന്‍മാര്‍, ശ്രീലങ്ക, ഇസ്രായേല്‍, പാലസ്തീന്‍ എന്നിങ്ങനെ ലോകത്തിന്‍റെ പലഭാഗങ്ങളിലും വംശീയതയുടെ പേരിലുള്ള ഹിംസാത്മക പ്രവര്‍ത്തനങ്ങള്‍ ശക്തവും വ്യാപകവുമായിക്കൊണ്ടിരിക്കുന്നു. സ്വേച്ഛാധിപത്യത്തിനെതിരെ സമാധാനപരമായി നടന്ന പ്രതിഷേധങ്ങളുടെ സ്വഭാവം മാറി, അവ വംശീയാസമത്വത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളായും, തുലനംചെയ്യാനാവാത്ത വിധം ഹിംസാത്മകവുമായിത്തീരുന്നത് മുല്ലപ്പൂനിറമുള്ള പകലുകളില്‍ ബന്യാമിന്‍ രേഖപ്പെടുത്തുന്നു.
നോവലില്‍ പരാമര്‍ശിക്കുന്ന നഗരം, ക്രിസ്തുവിന് മൂവായിരം കൊല്ലം മുമ്പ് 'എന്‍കി' എന്ന അമ്മദേവതയെ ആരാധിച്ചിരുന്ന സുമേറിയന്‍മാരുടെ നഗരമാണ്. അതിനുശേഷം 'അക്കെമെന്‍റിസു'മാരും 'പാര്‍ത്തിയന്‍സും' 'സസാനിഡു'കളും ഈ നഗരത്തെ ഭരിച്ചു. ഇസ്ലാമുകളുടെ കാലമായപ്പോള്‍ പേര്‍ഷ്യന്‍ രാജാക്കന്‍മാരും ഖലീഫമാരും ഒട്ടോമന്‍മാരും ഇവിടം മാറി മാറി ഭരിച്ചു. അതുകഴിഞ്ഞ് പോര്‍ച്ചുഗീസുകാര്‍ നഗരത്തെ കീഴടക്കി. പിന്നീട് ഈ നഗരം ബ്രിട്ടീഷുകാരുടെ കോളനിയാവുകയും ബ്രിട്ടീഷുകാര്‍ക്കുശേഷം അല്‍ ഖാലിഫമാര്‍ തിരികെ വരികയും നഗരത്തിന്‍റെ ഭരണം ഏറ്റെടുക്കുകയും ചെയ്തു. ലോകത്തിന്‍റെ പലഭാഗത്തുനിന്നുമുള്ള ജനങ്ങള്‍ ഉപജീവനത്തിനായി ആ നഗരത്തില്‍ വന്നു. വളരെ സാഹോദര്യത്തോടെ കഴിഞ്ഞിരുന്ന അവര്‍ക്കിടയില്‍ വിദ്വേഷത്തിന്‍റെ മുളപൊട്ടിയത് പെട്ടെന്നായിരുന്നു.
നഗരത്തില്‍ ഷിയാവിഭാഗക്കാരെ രണ്ടാം നമ്പരുകാരായാണ് ഗണിച്ചിരുന്നത്. ഷിയകള്‍ ഭൂരിപക്ഷമുള്ള ദേശം ഭരിക്കുന്നത് ന്യൂനപക്ഷമായ സുന്നി വിഭാഗക്കാരാണ്. ആരാണ് തദ്ദേശീയര്‍ എന്ന കാര്യത്തില്‍ രണ്ടുകൂട്ടരും അവകാശവാദം ഉന്നയിക്കുന്നു. 'രണ്ടാം നമ്പര്‍' എന്ന രീതിയില്‍ അനുഭവിക്കേണ്ടിവരുന്ന വിവേചനമാണ് അലിയുള്‍പ്പെടെയുള്ള ഷിയകളെ ഒടുവില്‍ മുത്തുകളുടെ ചത്വരത്തില്‍ ഏകീകരിച്ചത്. സുന്നികളുടെ കാഴ്ചപ്പാടില്‍ ഷിയകള്‍ സത്യവിശ്വാസമില്ലാത്ത കാഫിറുകളാണ്. നേരില്‍ നിന്നും വ്യതിചലിച്ചുപോയ പന്ത്രണ്ട് ഇമാമുകളില്‍ വിശ്വസിക്കുന്നവരായും മരിച്ചുപോയ ഇമാമുമാരുടെ ഫോട്ടോ വച്ച് പൂജിക്കുന്ന വിഗ്രഹാരാധകരുമായാണ് സുന്നികള്‍ ഷിയകളെ കാണുന്നത്. ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും വലിയ രക്തസാക്ഷിയായിക്കണ്ട് ഷിയകള്‍ ആരാധിക്കുന്നത് പ്രവാചകന്‍റെ കൊച്ചുമകനായ ഹുസൈനെയാണ്. ഹുസൈന്‍ 'ഒമായദ്' വംശത്തിനാല്‍ കര്‍ബലയില്‍ കൊല്ലപ്പെട്ടതിന്‍റെ ഓര്‍മ്മപുതുക്കലാണ് പത്തുദിവസം നീണ്ടു നില്‍ക്കുന്ന 'അഷൂറ' എന്ന ഷിയകളുടെ ആചാരം. കറുത്ത വസ്ത്രം ധരിച്ച് ജാഥയായി നിരത്തിലൂടെ പോവുകയും ശോകഗാനങ്ങള്‍ പാടുകയും പാട്ടിനിടയില്‍ നെഞ്ചത്തലയ്ക്കുകയും ചിലര്‍ ചങ്ങലകൊണ്ട് സ്വന്തം ശരീരത്തില്‍ അടിക്കുകയും മറ്റു ചിലര്‍ വാളുകള്‍ കൊണ്ട് സ്വന്തം നെറ്റിയില്‍ മുറിവേല്പിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ആത്മഹിംസയിലൂടെയാണ് ഷിയാകള്‍ അഷൂറ ആചരിക്കുന്നത്.
ഒരു വിശ്വാസം എന്നതിനപ്പുറം പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷത്തിന്‍റെ ചെറുത്തുനില്പായാണ് അഷൂറ ആചരണത്തെ ഷിയകള്‍ കാണുന്നത്. അനീതിക്കും സ്വേച്ഛാധിപത്യത്തിനുമെതിരെ പോരാടേണ്ട ദൗത്യത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് അഷൂറ. അതുകൊണ്ടാണ് ഭരണകൂടം ഷിയകളെ നിയന്ത്രിക്കുന്നതും നിരോധിക്കാന്‍ ശ്രമിക്കുന്നതും. ലെബനോനിലെ വിപ്ലവപ്രസ്ഥാനമായ ഹിസ്ബുള്ളയുടെ പരമോന്നതനേതാവായ 'നസറുള്ള'യെ വാഴ്ത്തുന്നവരാണ് അലിയുള്‍പ്പെടെയുള്ള ഷിയകള്‍. അതിക്രൂരമായ രീതിയില്‍ ഹിസ്മെജസ്റ്റിയെക്കൊന്ന് ഏകാധിപത്യത്തിന് അറുതി വരുത്തുന്ന സ്വപ്നം നിരന്തരം അലി കാണാറുണ്ട്. അലിയുമായുള്ള സൗഹൃദത്തെ സമീറയുടെ വീട്ടുകാര്‍ എതിര്‍ക്കുന്നത് അയാള്‍ ഒരു ഷിയയായതു കൊണ്ടാണ്. മതത്തെയും അതിന്‍റെ ആന്തരികവൈരുദ്ധ്യങ്ങളെയും, ഏകദൈവവിശ്വാസികള്‍ പലതരം വിശ്വാസങ്ങളും ആചാരങ്ങളും പുലര്‍ത്തുന്നതിനെയും വിമര്‍ശനാത്മകമായി നോവലിസ്റ്റ് നോക്കിക്കാണുന്നു.
ഒരു രാഷ്ട്രീയവും വച്ചുപുലര്‍ത്താത്ത, ഒരു പ്രത്യയശാസ്ത്രത്തിന്‍റെയും പിന്‍ഗാമിയല്ലാത്ത, മതാവേശം അല്പംപോലും തീണ്ടാത്ത, ഇവയുടെ അപകടങ്ങള്‍ തിരിച്ചറിയുന്ന അലിയെപ്പോലുള്ളവരാണ് സമരത്തിലെ പങ്കാളികളിലധികവും. ഈ സമരത്തിന് രാഷ്ട്രീയകക്ഷികളുടെയും മതമേലധികാരികളുടെയും പിന്തുണ ഉണ്ടായിരുന്നില്ല. നേതാക്കന്‍മാരുമില്ലായിരുന്നുവെന്നതാണ് വൈചിത്ര്യം. ലോകത്തിന്‍റെ പലഭാഗത്തുനിന്നുംവന്ന വിദേശികള്‍ സൈന്യമുള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ ജോലി ചെയ്തു വരുമ്പോള്‍, ഷിയകളായിപ്പോയതിന്‍റെപേരില്‍ പലര്‍ക്കും പൗരത്വം നിഷേധിക്കുന്നു. പൗരാവകാശനിയമങ്ങള്‍ ഷിയകള്‍ക്ക് ബാധകമാകുന്നില്ല. എല്ലാ തൊഴില്‍മേഖലകളിലേക്കും അവര്‍ക്കു പ്രവേശനം ലഭിക്കുന്നില്ല. വിദേശയാത്രകള്‍ ചെയ്യാന്‍ അവകാശമില്ല. ഒരു ഷിയയ്ക്ക് എത്താവുന്ന ഇടങ്ങള്‍ക്ക് പരിധികള്‍ നിശ്ചയിച്ചിട്ടുണ്ട്. എത്ര മിടുക്കനായാലും ബുദ്ധിമാനായാലും ഒരു സ്ഥാപനത്തിന്‍റെയും മേലധികാരിയായി മാറാന്‍ ഷിയകള്‍ക്ക് കഴിയില്ല. മജസ്റ്റിയോടുള്ള കൂറു പ്രഖ്യാപിച്ചാല്‍പ്പോലും ഷിയകളെ പോലീസിലോ പട്ടാളത്തിലോ എടുക്കില്ല. ഇങ്ങനെ എല്ലാ അര്‍ത്ഥത്തിലും രണ്ടാംതരം പൗരന്‍മാരായിത്തീര്‍ന്ന ഷിയകളുടെ അടക്കിവച്ച അസംതൃപ്തിയാണ് സമരത്തിന്‍റെ മൂലകാരണം. ഇസ്ലാമിന്‍റെ ആദ്യകാലങ്ങളില്‍ അറേബ്യ ഭരിച്ചിരുന്ന 'ഖര്‍മാത്തിയ' വംശവും 'ഉയുനിദി' വംശവും ഷിയാവിശ്വാസികള്‍ ആയിരുന്നുവെന്നും പോര്‍ച്ചുഗീസുകാര്‍ ആധിപത്യം സ്ഥാപിക്കുന്നതുവരെ ഭരണം നടത്തിയത് ഷിയകളായിരുന്നുവെന്നും അതുകൊണ്ടുതന്നെ ഇറാനില്‍ നിന്നും കുടിയേറിയവരാണ് തങ്ങളെന്ന സുന്നികളുടെ അഭിപ്രായം ശരിയല്ലെന്നും അലി സമീറയോട് പറയുന്നുണ്ട്.
ദാരിദ്ര്യത്തില്‍ നിന്നും തൊഴിലില്ലായ്മയില്‍ നിന്നുമാണ് അയല്‍പക്കരാജ്യത്ത് അറബ് വസന്തം ഉണ്ടായതെങ്കില്‍ ഈ നഗരത്തില്‍ ആത്മാഭിമാനവും സ്വത്വബോധവും അടങ്ങിയ വീണ്ടുവിചാരത്തില്‍ നിന്നും ഉയര്‍ന്നുവന്ന സമത്വബോധമാണ് ഷിയകളെ ഏകോപിപ്പിച്ചതും വിപ്ലവത്തിന് കാരണമായതും. വിജയിക്കുമെന്ന ഉറപ്പോടെയുമല്ല അവര്‍ സമരം തുടങ്ങിയത്. ഷിയകളെ ഭരണകൂടവിരുദ്ധരായും ദുര്‍ബലരായും മാത്രം കണ്ടിരുന്ന സുന്നിഭരണകൂടം ഈ സമരത്തിന് വലിയ ഗൗരവമൊന്നും ആദ്യനാളുകളില്‍ നല്‍കിയില്ല. മഹാത്മാഗാന്ധിയുടെയും നെല്‍സണ്‍ മണ്ടേലയുടെയും സിറിയയിലെ റെയ്ദ് അല്‍ തുര്‍ക്കിന്‍റെയും ചിത്രങ്ങളുടെ പ്രദര്‍ശനവും ഉയര്‍ത്തിക്കാട്ടിയ വെള്ളക്കൊടികളും സംഘര്‍ഷത്തെക്കാള്‍ സമാധാനമാണ് സമരക്കാര്‍ കാംക്ഷിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു. ഏകാധിപത്യത്തെയാണ് അവര്‍ മുദ്രാവാക്യങ്ങളിലൂടെ എതിര്‍ത്തത്. "അധിനിവേശക്കാരന്‍ പുറത്തു പോകുക, രാജ്യം ജനങ്ങള്‍ക്ക് തിരിച്ചു തരിക", "ഷിയ ഇല്ല സുന്നി ഇല്ല രാജ്യത്ത് ജനങ്ങള്‍ മാത്രം"3 ഇങ്ങനെയുള്ള പ്ലക്കാര്‍ഡുകളാണ് അവര്‍ കൈകളിലേന്തിയിരുന്നത്. മുത്തുകളുടെ ചത്വരത്തെ ആഘോഷമൈതാനമാക്കി അവര്‍ മാറ്റി. ഇവരുടെ പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ ഭരണകൂടാനുകൂലികള്‍ മെജസ്റ്റിക്കും രാജ്യത്തിലെ രീതികള്‍ക്കും ഗുണകരമായ രീതിയില്‍ ജാഥ നടത്തി. ഇത്തരത്തില്‍ യാതൊരുവിധത്തിലും ഹിംസാത്മകമല്ലാത്ത ഈ പ്രതിഷേധത്തിന്‍റെ പ്രതിരോധ സ്വഭാവം പെട്ടെന്നാണ് മാറിയത്.
ഏകാധിപത്യവിരുദ്ധതയും വംശീയകലാപവും
മെജസ്റ്റിയോടുള്ള കൂറു പ്രഖ്യാപിക്കാന്‍ കാറില്‍ മെജസ്റ്റിയുടെ ഫോട്ടോ പതിച്ചുപോയ ഒരു പെണ്‍കുട്ടിയെ മുത്തുകളുടെ ചത്വരത്തിനു മുന്നില്‍ വച്ച്ഒരു കൂട്ടം ചെറുപ്പക്കാര്‍ വളയുകയും ആ ഫോട്ടോ കീറിക്കളഞ്ഞിട്ട് പൊയ്ക്കൊള്ളാന്‍ ആവശ്യപ്പെടുകയും ചെയ്തു. അവരുടെ ആവശ്യം നിരാകരിച്ച പെണ്‍കുട്ടി കാര്‍ മുന്നോട്ടെടുക്കുകയും സമരക്കാരില്‍ ചിലരുടെ കാലില്‍ക്കൂടി കാര്‍ കയറിയിറങ്ങുകയും സമരക്കാര്‍ പെണ്‍കുട്ടിയുടെ പിന്നാലെയെത്തി വീടു കണ്ടുവയ്ക്കുകയും രാത്രി ആ വീട് ആക്രമിക്കാന്‍ പദ്ധതിയിടുകയും ചെയ്തു. സുന്നികള്‍ താമസിക്കുന്ന ഗ്രാമമായിരുന്നു അത്. ഷിയകളുടെ പദ്ധതി മുന്‍കൂട്ടി മനസ്സിലാക്കിയ ഗ്രാമവാസികള്‍ പെണ്‍കുട്ടിയുടെ വീടിന് സംരക്ഷണം നല്‍കുകയും രാത്രി വീടാക്രമിക്കാന്‍ എത്തിയ ചെറുപ്പക്കാരെ വളഞ്ഞിട്ടാക്രമിച്ച് അവശരാക്കുകയും ചെയ്തു. ഈ സംഭവം ഷിയകളും സുന്നികളും തമ്മിലുള്ള വംശീയകലാപമാക്കി നിലവിലെ സമരത്തെ മാറ്റുന്നതാണ് നോവലില്‍ കാണാന്‍ കഴിയുന്നത്. ലോകത്തിന്‍റെ ഏതു ഭാഗത്തു നടക്കുന്ന വിപ്ലവങ്ങള്‍ക്കും മൂലഹേതുവാകുന്നത് പലപ്പോഴും അവഗണിക്കപ്പെടാവുന്ന ചെറിയ പ്രശ്നങ്ങളാണ്. ചെറിയ കനലുകള്‍ ഊതിക്കത്തിച്ച് കാട്ടുതീയാക്കിമാറ്റാന്‍ മനുഷ്യനോളം കഴിവ് മറ്റൊരു ജീവിവര്‍ഗ്ഗത്തിനുമില്ല.
ഷിയകളെ സുന്നിഭരണകൂടം എപ്പോഴും ഭയന്നിരുന്നു. അലിയുടെ ബാബയുടെയും അങ്കിളിന്‍റെയും മെജസ്റ്റിയുടെ ക്രൂരതകള്‍ക്ക് വിധേയയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെയും അനുഭവങ്ങള്‍ ഇതിനു തെളിവാണ്. മെജസ്റ്റിയുടെ ഏകാധിപത്യ ഭരണത്തെ എതിര്‍ത്തിരുന്നത് ഷിയകളായിരുന്നു. അധികാരം നേടാനും നേടിയത് നിലനിര്‍ത്താനും വ്യാപകമായി ഹിംസ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. വിയോജിപ്പ് അധികാരത്തിന് സഹിക്കാനാവാത്തതാണ്. വിയോജിച്ചവരെ കൊല്ലുകയോ അടിമകളാക്കി കൊടും പീഡനങ്ങള്‍ക്ക് വിധേയരാക്കുകയോ ചെയ്യുകയാണ് ഏകാധിപതികളുടെ രീതി. ഷിയകളുടെ ഇടയില്‍നിന്നും അലിയുടെ ബാബ ഉള്‍പ്പെടെ പലരും കാണാതായിട്ടുണ്ട്. ഷിയകളായി ജനിച്ചുപോയതിനാല്‍ മാത്രം നിരപരാധികള്‍ പീഡിപ്പിക്കപ്പെട്ടു. അതിന്‍റെ പക കാലത്തിനൊപ്പം വളര്‍ന്നതാണ് നഗരത്തിലെ സമരത്തെ രക്തരൂക്ഷിതമായ ഒരു വിപ്ലവമാക്കി മാറ്റിയത്.
ഷിയകള്‍ക്ക് സുന്നികളുടെ പ്രദേശത്തിലൂടെയോ സുന്നികള്‍ക്ക് ഷിയകളുടെ പ്രദേശത്തിലൂടെയോ സഞ്ചരിക്കാന്‍ കഴിയാതെയായി. പരസ്പരമുള്ള ആക്രമണങ്ങളില്‍ മുറിവേറ്റ സുന്നികളെ ചികിത്സിക്കാന്‍ ഷിയാവര്‍ഗ്ഗക്കാരായ ഡോക്ടര്‍മാരോ നേഴ്സു മാരോ തയ്യാറാകാത്തത് സമീറയെ അത്ഭുതപ്പെടുത്തുന്നു. തെരുവുകളിലും യൂണിവേഴ്സിറ്റികളിലും ഓഫീസുകളിലുമൊക്കെ ഈ സംഘട്ടനം വ്യാപിക്കുന്നു. ഉറ്റ സുഹൃത്തുക്കളായിരുന്നവര്‍പോലും ബദ്ധശത്രുക്കളെപ്പോലെ പെരുമാറുന്നു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സാമ്പത്തികമായുണ്ടായ ഞെരുക്കം ജനങ്ങളെ വലച്ചു. മതചിഹ്നങ്ങള്‍ ഉപയോഗിക്കുകയോ മതപുരോഹിതന്‍മാരുടെയോ ഇമാമുമാരുടെയോ ഫോട്ടോ വയ്ക്കുകയോ അവരുടെ പേരില്‍ മുദ്രാവാക്യം വിളിക്കുകയോ ചെയ്യാത്ത സമരക്കാര്‍, ഇതു വിശ്വാസവുമായി ബന്ധപ്പെട്ട സമരമല്ല സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരമാണെന്നു പ്രഖ്യാപിച്ചവരാണ്. എന്നാല്‍ വളരെവേഗം മെജസ്റ്റിയുടെ അനീതിക്കെതിരെ ജനങ്ങള്‍ നടത്തുന്ന സമരം എന്നതില്‍നിന്നും സുന്നികള്‍ക്കെതിരെ ഷിയകള്‍ നടത്തുന്ന സമരമായി അതു മാറി.
മതവിശ്വാസവും ഹിംസാത്മകതയും
ആത്മപീഡനത്തിന്‍റെയും പരപീഡനത്തിന്‍റെയും സ്വഭാവത്തില്‍ നിലകൊള്ളുന്ന മതപരമായ പല വിശ്വാസങ്ങളും ആചാരങ്ങളും ഹിംസാത്മക സ്വഭാവം വച്ചു പുലര്‍ത്തുന്നു. നോവലിലെ ഇറാഖിയുടെ അനുഭവങ്ങളും അഭിപ്രായങ്ങളും അഷൂറ ആചരിക്കുന്ന ഷിയകളുടെ രീതികളും ഈ വസ്തുതയെ അടിവരയിട്ടുറപ്പിക്കുന്നു.
ഇറാഖിലെ യുദ്ധത്തിന്‍റെയും അതിനുശേഷമുണ്ടായ ആഭ്യന്തര കലാപത്തിന്‍റെയും മുഴുവന്‍ ദുരന്തങ്ങളും അനുഭവിച്ചശേഷം നിവൃത്തികേടുകൊണ്ട് അവിടെനിന്ന് പലായനംചെയ്ത ഒരു ഇറാഖിയെ നോവലില്‍ പരിചയപ്പെടുത്തുന്നുണ്ട്. ഇറാഖിനെ ആക്രമിച്ച് അധിനിവേശം നടത്തിയ അമേരിക്കക്കാരോട് ഇറാഖികള്‍ക്ക് മറ്റൊരു പക കൂടിയുണ്ട്. കേണല്‍ ഗദ്ദാഫിക്ക് അവിടത്തെ ജനങ്ങള്‍ കൊടുത്ത ശിക്ഷ സദ്ദാം ഹുസൈനു നല്‍കാന്‍ ഇറാഖികള്‍ക്ക് അമേരിക്ക അവസരം നല്‍കിയില്ല. സദ്ദാം ഉണ്ടായിരുന്ന ഇറാഖിനെക്കാള്‍ മോശമാണ് അയാളില്ലാത്ത ഇറാഖ് എന്ന് സദ്ദാമിനോടുള്ള വൈരാഗ്യം മനസ്സില്‍ സൂക്ഷിച്ചുകൊണ്ട് ഇറാഖി പറയുന്നു. ഏകാധിപത്യം അവസാനിച്ചപ്പോള്‍ സാമ്രാജ്യത്വശക്തികളുടെ പിന്തുണയോടെ മതാധിപത്യം ഇറാഖില്‍ നടപ്പിലായി. രാജ്യത്തിലെ ജനങ്ങള്‍ വര്‍ഗ്ഗീയമായി ഭിന്നിച്ചു. ഷിയ ഭൂരിപക്ഷമേഖലയില്‍ ജീവിക്കേണ്ടിവന്ന സുന്നികള്‍ നിരന്തരം ആക്രമിക്കപ്പെടുകയും നിലനില്പിനായി ഷിയാനാമം സ്വീകരിക്കുകയും ഷിയകളാണെന്നു തോന്നിപ്പിക്കാന്‍ വീടിനു മുകളില്‍ കറുത്തകൊടി നാട്ടുകയും മുറികളില്‍ ഷിയ ഇമാമുമാരുടെ ഫോട്ടോ തൂക്കുകയും ചെയ്തു. ഇങ്ങനെ ജീവിക്കുന്നവര്‍ക്കിടയിലേക്ക് സുന്നി ഭീകരര്‍ കടന്നുവരികയും കപട ഷിയാജീവിതം നയിക്കുന്ന സുന്നികളെ വര്‍ഗ്ഗവഞ്ചകരായും ഒറ്റുകാരായും മതത്തിന്‍ നിന്നും തെറ്റിപ്പോയവരായും പരിഗണിച്ച് കൊന്നൊടുക്കുകയും ചെയ്തു. ഭീകരവാദികള്‍ക്കെതിരെ പോലീസില്‍ ആരെങ്കിലും പരാതിപ്പെടുന്നുണ്ടോ എന്നറിയാനായി ഗ്രാമത്തിലെ ഓരോ ഫോണ്‍ വിളികളും ടാപ്പ് ചെയ്തു. അങ്ങനെ വിളിക്കുന്നവരെ തെരുവിലിട്ട് കൊന്നു. ഇറാഖിയുടെ അഭിപ്രായത്തില്‍ "രാജ്യം വര്‍ഗ്ഗീയമായി ഭിന്നിക്കുന്നുവെങ്കില്‍ ഏകാധിപത്യം തുടരുന്നതു തന്നെയാണ് നല്ലത്. നിങ്ങള്‍ക്കിപ്പോള്‍ സ്വാതന്ത്ര്യം മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ. പക്ഷേ, ഇത് തകര്‍ന്നു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് സമാധാനവും ജീവിതവും തന്നെ നഷ്ടപ്പെടും."4
പട്ടിണിയിലും അനീതിയിലും മനംമടുത്ത സാധാരണക്കാര്‍ ടൂണീഷ്യയിലും ഈജ്പിതിലും ലിബിയയിലും ഏകാധിപതികളെ ഭരണത്തില്‍ നിന്നു പുറത്തു ചാടിക്കാനായി തെരുവിലിറങ്ങിയപ്പോള്‍ ആ ഗ്രാമങ്ങളെ തീവ്രഇസ്ലാമികസംഘങ്ങള്‍ ഹൈജാക്ക് ചെയ്തു. ഏകാധിപത്യത്തിന്‍റെ തകര്‍ച്ചയ്ക്ക് ശേഷം ജനാധിപത്യത്തിന്‍റെ പേരില്‍ ശരിയത്ത് നിയമങ്ങള്‍ അവിടെ നടപ്പാക്കി. ഇസ്ലാമികരീതിയില്‍ മുടിവെട്ടാത്ത ബാര്‍ബര്‍മാരും പാശ്ചാത്യ സംഗീതം അടങ്ങിയ റിങ്ടോണ്‍ വിറ്റ മൊബൈല്‍ കടക്കാരനും ഡിഷ്ആന്‍റിന വിറ്റ ഇലക്ട്രോണിക്സ് കടക്കാരനും ഇസ്ലാമിന്‍റെ പേരില്‍ കൊല്ലപ്പെട്ടു. തക്കാളി സ്ത്രീലിംഗത്തെയും കുക്കുമ്പര്‍ പുരുഷലിംഗത്തെയും പ്രതിനിധീകരിക്കുന്നു എന്നുപറഞ്ഞ് അതുരണ്ടും ഒരുമിച്ചു കച്ചവടംചെയ്ത രണ്ടു പച്ചക്കറിക്കച്ചവടക്കാരെ ദാരുണമായി കൊന്നു. വാഴപ്പഴംപോലും പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞു മാത്രമെ കച്ചവടം ചെയ്യാന്‍ പാടുള്ളൂ എന്നാണ് നിയമം. അടിവസ്ത്രമണിയിച്ചാണ് മുട്ടനാടുകളെ പൊതുനിരത്തില്‍ നടത്തുന്നത്. ആയിരത്തിനാന്നൂറ് കൊല്ലങ്ങള്‍ക്കുമുമ്പ് പ്രവാചകന്‍റെ കാലത്ത് ഐസ് ഉണ്ടായിരുന്നില്ലെന്നും പ്രവാചകന്‍ ഐസ് ഉപയോഗിക്കാതിരുന്നതുകൊണ്ട് നമ്മള്‍ അതുപയോഗിക്കാന്‍ പാടില്ലെന്നും പറഞ്ഞ് ഐസ് ഉണ്ടാക്കുന്നവര്‍ക്കെതിരെ 'ഫത്വ' പുറപ്പെടുവിച്ചു. മതതീവ്രവാദം സമൂഹത്തെ പിന്നോട്ട് നടത്തുന്നതിന്‍റെ ഉദാഹരണങ്ങളാണ് നോവലിലെ ഇറാഖിനെക്കുറിച്ചുള്ള ഈ പരാമര്‍ശങ്ങളില്‍ വ്യക്തമാകുന്നത്.
പടിഞ്ഞാറിന്‍റെ കുത്തഴിഞ്ഞ വ്യവസ്ഥയ്ക്കും തീവ്രഇസ്ലാമിന്‍റെ അതിയാഥാസ്ഥികത്വത്തിനും മധ്യെ മറ്റൊരു സാധ്യതയുണ്ടാവണമെന്നും അങ്ങനെയൊരു കാലം വരുന്നതുവരെ ഏകാധിപതികളെ അവരുടെ ഭരണത്തിനു വിട്ടുകൊടുക്കുന്നതാണ് നല്ലതെന്നും അറേബ്യന്‍ രാജ്യങ്ങളില്‍ മുല്ലപ്പൂ വിപ്ലവത്തിനുശേഷമുണ്ടായ മാറ്റത്തെ അടിസ്ഥാനമാക്കി മുല്ലപ്പൂനിറമുള്ള പകലുകളില്‍ അടയാളപ്പെടുത്തുന്നു.
ടുണീഷ്യയില്‍ ആരംഭിച്ച ഒരു വിപ്ലവാശയം ക്രമേണ മറ്റ് അറബ് രാജ്യങ്ങളിലും പാശ്ചാത്യലോകത്തിലും വരെ ചലനങ്ങള്‍ സൃഷ്ടിച്ചതിന്‍റെ ലഘുചിത്രമായി മാറാന്‍ 'മുല്ലപ്പൂനിറമുള്ള പകലുകള്‍'ക്കു കഴിഞ്ഞു. ചെറിയ പ്രതിഷേധസ്വരങ്ങള്‍ ഏകോപിച്ച് കൊടുങ്കാറ്റായി മാറുന്നത് എങ്ങനെയെന്നും വിപ്ലവത്തിന്‍റെയും അതിലടങ്ങിയിരിക്കുന്ന പ്രവചനാതീതമായ ഹിംസാത്മകതയുടെയും കാഴ്ചകള്‍ എത്ര ഭീകരമാണെന്നും സൂചിപ്പിക്കാന്‍ ബന്യാമിന്‍ ശ്രമിച്ചിട്ടുണ്ട്. വംശീയപ്രശ്നങ്ങള്‍ നൂറ്റാണ്ടുകളായി ജനതയെ തമ്മില്‍ത്തല്ലിക്കുന്നു. ഈ സൈബര്‍യുഗത്തില്‍ അതിന്‍റെ വ്യാപനം ദ്രുതഗതിയിലാകുന്നുവെന്നതും ലോകസമാധാനത്തിന് വിഘാതമാകുന്നുവെന്നതും ഗൗരവമായിത്തന്നെ ലോകരാഷ്ട്രങ്ങള്‍ കാണേണ്ടതുണ്ട്; ഒപ്പം ഇനിയൊരു ലോകയുദ്ധത്തിന് വംശീയതയും മതവിശ്വാസവും കാരണമായിത്തീരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുമുണ്ട്.
കുറിപ്പുകള്‍
1. സി.എന്‍.പരമേശ്വരന്‍, 'ഹിംസയെപ്പറ്റി', പുറം 71.
2. അതേ പുസ്തകം, പുറം 72.
3. ബെന്യാമിന്‍, 'മുല്ലപ്പൂനിറമുള്ള പകലുകള്‍', പുറം 143.
4. അതേ പുസ്തകം, പുറം 113.
ഗ്രന്ഥസൂചി
1. എബ്രഹാം കൊയ്പ്പള്ളി, മനുഷ്യന്‍ മതം അധികാരം, കൈരളി ബുക്സ്, പ്രൈവറ്റ് ലിമിറ്റഡ്, കണ്ണൂര്‍, 2018.
2. ദാമോദരന്‍ കെ., സമ്പൂര്‍ണ്ണകൃതികള്‍ ഭാഗം 1 മൂന്നാംപതിപ്പ്, പ്രഭാത് ബുക്ക് ഹൗസ്, തിരുവനന്തപുരം, 1979.
3. നാസര്‍.എം.സി.എ., പുറവാസം,കൈരളി ബുക്സ് പ്രൈവറ്റ് ലിമിറ്റഡ്, കണ്ണൂര്‍, 2018.
4. പരമേശ്വരന്‍.സി.എന്‍., ഹിംസയെപ്പറ്റി, ഐവറിബുക്സ് പ്രൈവറ്റ് ലിമിറ്റഡ്, തൃശൂര്‍ 2023.
5. ബെന്യാമിന്‍, മുല്ലപ്പൂനിറമുള്ള പകലുകള്‍, ഡി.സി.ബുക്സ്, കോട്ടയം, 2024.
6. ലെനിന്‍ കെ.എം., അറബ് വസന്തം വിപ്ലവവും പ്രതിവിപ്ലവവും, സമതം, തൃശൂര്‍, 2013.
7. സുധാ മേനോന്‍, ചരിത്രം അദൃശ്യമാക്കിയ മുറിവുകള്‍, ഡി.സി.ബുക്സ്, കോട്ടയം 2023.
ഷീബ സി.എസ്.
ഗവേഷക (പാര്‍ട്ട്ടൈം)
മലയാള വിഭാഗം
സര്‍ക്കാര്‍ വനിതാ കോളേജ്
തിരുവനന്തപുരം
Kommentare