വായന
- GCW MALAYALAM
- Jan 15
- 1 min read
ഡോ. ചായം ധർമ്മരാജൻ

വായിച്ചു തീർക്കുവാൻ
തോന്നാത്ത പുസ്തകം
ലുബ്ധിച്ചു മാത്രം
മറിക്കുന്നു താളുകൾ
ആകെ കറുപ്പാ -
ണൊരു പുറമെങ്കിലോ
പൂർണ്ണം വെളുത്തു
വിചിത്രം മറുപുറം.
ഓർമ്മകളൊക്കെയും
ചെമ്പൻ വരവീണു
ചൊല്ലുന്നു 'ഞാൻ മുമ്പെ,
യെന്നാത്മ സങ്കടം.
അല്പവിരാമങ്ങ-
ളത്ഭുതചിഹ്നങ്ങൾ,
ആളിപ്പടർന്നു
ചുവക്കുന്നു മസ്തകം.
ശീർഷകമില്ലാത്ത
പുത്തനധ്യായങ്ങൾ,
അച്ചടിപ്പിശകിൻ
സംഘർഷ നർത്തനം.
എന്നെയെടുത്തകത്തി- ട്ടടയ്ക്കുന്നു, ഹാ,
വെന്തു പുറത്തേയ്ക്കു
ചാടുന്നിരുട്ടിൽ ഞാൻ.
തീയാർന്നിരിക്കയാ -
ണുള്ളിലിന്നെങ്കിലും
തീരാതിരിക്കേണം
എൻ്റെയീ വായന.
Comments