ഊഴം
- GCW MALAYALAM
- Mar 14
- 1 min read
Updated: Mar 15
ഇഷാനി കെ എസ്

ഊഴമിനി നിനക്കാണ്,
വീട്ടിനുള്ളിലന്യയാകാൻ
താലി കാട്ടും വഴി നടക്കാൻ
ഓടിയോടി ജോലി തീർക്കാൻ
ക്രോധമെല്ലാമേറ്റുവാങ്ങാൻ
നടുപ്പാതിരകളിൽ ഞെട്ടിയുണരാൻ
പുതുജീവനു ജന്മം നൽകാൻ
ചോര കണ്ടു പേടിക്കാതിരിക്കാൻ
ഞെരിപിരികൾ സുഖമെന്നോതാൻ
വേദനയിലും പുഞ്ചിരി മറക്കാതിരിക്കാൻ
ഒഴുകുന്ന ചുമപ്പിനെ ആശ്ലേഷിക്കാൻ
നീറിയെരിയുമ്പോഴും ഓമനിക്കാൻ
തേച്ചുതേച്ചു തേമ്പിപ്പോകാൻ
പൊള്ളലുകൾ അറിയാതിരിക്കാൻ
കണ്ണീരാകെയും ഉണങ്ങിപ്പോകാൻ
നിന്ദയെല്ലാം ചിരിച്ചുമറക്കാൻ
ചക്രവാളം വരെ നീളുന്നവയ്‌ക്കെല്ലാം ഉത്തരമാകാൻ
ഊഴമിനി നിനക്കാണ്.
പക്ഷേ, നിനക്കത് വേണമോ
എന്നാരായാൻ മറന്നുപോയെല്ലാരും...
മറന്നതോ… അതോ നടിച്ചതോ…
ഊഴം കാത്തു ഗളമൊന്നു കൂടിയേ തീരൂ…
ചരടു മുറുക്കാൻ.
ഇനിയുമൊന്നോർത്തു നോക്ക്..
അവർ മറന്നതോ? മറന്നതായി മറന്നതായി നടിച്ചതോ?
ഇഷാനി കെ എസ്
II ബി എ മലയാളം,
സർക്കാർ വനിതാ കോളേജ്,
തിരുവനന്തപുരം
Comments