കാലം
- GCW MALAYALAM
- Dec 14, 2024
- 1 min read
Updated: Dec 15, 2024
ഡോ. സിന്ധു അന്തർജനം

നിറമോലും വർണ്ണചിത്രങ്ങളാൽ
കാലം മെനയുന്ന കണ്ണാടി വീടുകൾ
അവയിലന്തിയുറങ്ങുന്നു മാനുഷർ
കാലം തിരിക്കും രഥചക്ര വേഗങ്ങൾ
മാറ്റുവാൻ മാനവനാവതില്ല
മഴപോലെ, വെയിൽ പോലെ
പ്രതീക്ഷകൾ പുലരും പ്രഭാതങ്ങൾ നിനവുകളായ്
വർണ്ണങ്ങളിൽ അഴകേതെന്ന്
സോദരിയോടൊത്തുചേരും
സല്ലാപങ്ങളിൽ
ഉതിരും മൊഴികളിലുറച്ചു നീല തന്നഴക്
കായാമ്പൂ വർണ്ണങ്ങൾ പകരും കാഴ്ചയ്ക്കോ
കാർമേഘം ചൊരിയും രവങ്ങൾക്കോ
അഴകേതെന്നുഴറുമീ വേളയിൽ
കാലാനുശാസനം ശ്രവിച്ചു
നിറമെല്ലാം വരയുന്നതിവൻ താൻ
അവനില്ല ഭേദ ചിന്തതൻ വർണ്ണങ്ങൾ
കാലമേ നീ താൻ സാക്ഷിയേതിനും
പ്രകൃതിതൻ ഋതുക്കളിൽ ,
പൂവിൻ നിറങ്ങളിൽ, ഗന്ധങ്ങളിൽ, പരാഗങ്ങളിൽ,
കാലത്തിന്നീടു വെയ്പുകൾ
നിറമേറും ചിരിത്തൂവലുകൾ
അവയിൽ നിറഭേദം നിറയ്ക്കുന്നവർ നിങ്ങൾ മാത്രം!
Dr.SINDU ANTHERJANAM ,
Associate Professor, Department of Malayalam ,
Sanatana Dharma College , Alappuzha.
Mail id . dr.sinduanthejanam@gmail.com
Comments