top of page

ആന്ത്രോപോസീൻയുഗവും പരിസ്ഥിതിപ്പേടിയും




ഭാഗം-1


ഉപക്രമം


നാം പരിസ്ഥിതി എന്ന് സാമാന്യമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പദത്തിന്റെ ശാസ്ത്രീയനിർവചനത്തെക്കുറിച്ചു ചിന്തിക്കാറില്ല. ഇംഗ്ലീഷിൽ ബയോളജിയുടെ അനുബന്ധം പോലെ രൂപം കൊണ്ട ഒരു ശാസ്ത്രശാഖയുണ്ട്. അതിനു എക്കോളജി എന്നാണ് പറയുക; എൻവയോൺമെന്റൽ സയൻസ് എന്ന് മറ്റൊരു ശാസ്ത്ര ശാഖയുമുണ്ട്. Ecology-യും environmental science-ഉം തമ്മിലുള്ള വ്യത്യയം എന്താണ്? നാം രണ്ടിനും പരിസ്ഥിതി ശാസ്ത്രം എന്ന പേര് നൽകിയിരിക്കുന്നു; ecology എന്തോ ആവട്ടെ environmental science-എന്തോ ആവട്ടെ, പരിസ്ഥിതി എന്തോ ആവട്ടെ നമുക്ക് പരിസ്ഥിതി പരമ പ്രധാനമാണ്. അതുകൊണ്ടു ബൃഹത്തായ ഉത്പാദനം കൊണ്ട് പരിസ്ഥിതിക്ക് ചേതമുണ്ടാകാത്ത, പരിസ്ഥിതിയെ sustain- ചെയ്യുന്ന, ഉത്പാദനേതരമായ വികസനം (development ) മാത്രമേ പാടുള്ളൂ. ഇതിനെയാണ് sustainable development എന്ന് പറയുന്നത്. ‘ഈശ്വരോ രക്ഷതു’ എന്നവാക്യം പുതുക്കിപ്പണിഞ്ഞു ‘പരിസ്ഥിതോ രക്ഷതു’ എന്നൊരു വാക്യത്തിൽ നാം ശാസ്ത്രീയജീവനം നടത്തുന്നു


‘sustainable development’ എന്ന സംജ്ഞയ്ക്കു നാം നൽകുന്ന പരിഭാഷ സമഗ്രവികസനം എന്നൊക്കെയാണ് !!.. development എന്ന് പറയുമ്പോൾ സമഗ്രമായ ഉൽപ്പാദനപദ്ധതികൾ ഒഴികെ ട്രാൻസ്‌പോർട് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഏതറ്റം വരെയുമാവാം; പതിനാറുവരി വരിപ്പാതകളാവാം; കൂറ്റൻ ഷോപ്പിംഗ് മാളുകളാവാം; കുടിയിടം നഷ്ടപ്പെടുന്നവർക്ക് പത്തിരട്ടി നഷ്ടപരിഹാരം നൽകിയാൽ k-റെയിൽ വികസനമാവാം. നഷ്ടപരിഹാരത്തുക ഇരട്ടിമാത്രമായാൽ പാരിസ്ഥിതിക ആഘാതമുണ്ടാവും. k-റെയിൽ, പരിസ്ഥിതി വിരുദ്ധമാവും; എട്ടുമണിക്ക് കണ്ണൂരിൽ നിന്ന് വണ്ടികയറിയ ഗോപാലൻ മാഷിന് ഒൻപതരയ്ക്ക് തിരുവനന്തപുരത്തെത്തി പ്രഭാതഭക്ഷണം കഴിക്കാൻ കഴിയാതെ വണ്ണം പരിസ്ഥിതിക്ക് ആഘാതം സംഭവിക്കും; ഇതാണ് പരിസ്ഥിതിയെക്കുറിച്ചു നാമറിയുന്ന അനുഭവജ്ഞാനപാഠം.



നമുക്ക് പലശാസ്ത്രശാഖകളുമുണ്ട്. അവയൊന്നും തന്നെ ഒരു പൊളിറ്റിക്കൽ campaign ആയിപുഷ്ടി പ്രാപിച്ചിട്ടില്ല. പക്ഷെ പരിസ്ഥിതിയെ നമ്മളറിയുന്നതു ഉത്പാദനവിരുദ്ധരാഷ്ട്രീയതത്വസംഹിത എന്നനിലയിലാണ്. മുതലാളിത്ത -വ്യാവസായിക രാജ്യങ്ങളെ അപേക്ഷിച്ചു വ്യാവസായിക -സാങ്കേതികവിദ്യാ ഉത്പാദനം വളരെ പരിമിതമായ ആഫ്രോ - ഏഷ്യൻ രാജ്യങ്ങളിൽ മാത്രമാണ് പരിസ്ഥിതിപ്പേടി പ്രചരിപ്പിച്ചു ഉത്പാദനത്തെ പ്രതിരോധിക്കുന്നത്. കേരളം ഉപഭോഗ സംസ്ഥാനമാണ്. നമ്മുടെ ഉൽപ്പാദനം വളരെലോലമാണ്. ജലവൈദ്യുതോർജ്ജ ഉൽപ്പാദനത്തിന് തടയിട്ടുകൊണ്ടാണ് കേരളത്തിൽ ഉൽപ്പാദനം ഉപരോധിക്കപ്പെട്ടു തുടങ്ങുന്നത്. നമ്മൾ പരിസ്ഥിതി സൗഹൃദഏദൻ തോട്ടമാണ്. ഒന്നും ഉൽപ്പാദിപ്പിക്കാതെ എല്ലാം നമുക്കു പ്രദാനം ചെയ്യുന്ന ഒരു പുത്തൻ ദൈവവുംഅന്നദായകനുമാണ് വിപണി. നാമൊന്നും ഉൽപ്പാദിപ്പിക്കണ്ട; വാങ്ങിത്തിന്നാൽ മതി. വാങ്ങൽ ശേഷിക്കാവശ്യമായ പണം വായ്പയായിത്തരും. വാങ്ങുക തിന്നുക; നാമെന്നും ഷോപ്പിംഗ്‌മാളുകളുടെ സ്വർഗ്ഗരാജ്യമായിരിക്കും. ആ കനി തിന്നരുതു; ഈ കനി തിന്നരുതു എന്ന് പറയുന്നത് പോലെ സൈലന്റ് വാലിയിൽ തൊടരുത്; അതിരപ്പള്ളിയിൽ തൊടരുത് എന്നൊക്കെ വിപണിയുടെ ദൈവം കല്പിക്കും; വായ്പാവിപണിയുടെ കാരുണ്യവാനായ മാലാഖ നിനക്കാവശ്യമുള്ളതും അതിനപ്പുറവും വിപണിയിലുണ്ട് എന്ന് നിന്നെ ഓർമിപ്പിച്ചു കൊണ്ടിരിക്കും അപ്പം തിന്നാൽപ്പോരേ, കുഴിഎണ്ണണോ? അയ്യപ്പനെന്തിനാ പെണ്ണ് പശു പോരെ? എന്നതാണ് ഉപഭോഗവിപണിയുടെ ചോദ്യം. പക്ഷെ വൈരുദ്ധ്യാത്മകഭൗതികവാദത്തെക്കുറിച്ച് തീസിസ് എഴുതുന്നതിനുള്ള പുത്തൻ മഷി തിരുവനന്തപുരത്തു മാളിൽ മാത്രമേ ലഭ്യമാകുന്നുവെന്നു വന്നാൽ പ്രബന്ധരചന എത്രയും വേഗം പൂർത്തിയാക്കി ലോകത്തെ രക്ഷിക്കുന്നതിന് തിരുവനന്തപുരത്തു പോയി മഷി വാങ്ങി രണ്ടരമണിക്കൂർ കൊണ്ട് ഗോപാലൻ മാഷിന് കണ്ണൂർ മടങ്ങിയെത്തണമെങ്കിൽ k-റെയിൽ കൂടിയേ തീരൂ. അതിനു വേണ്ടി മലകളും പുഴകളും പൂവനങ്ങളും കീഴ്മേൽ മറിഞ്ഞാലും പതിനായിരങ്ങൾ കുടിയിടങ്ങളിൽ നിന്നുപുറത്താക്കപ്പെട്ടാലും പ്രബന്ധരചന കഴിയുമ്പോഴേക്ക് പരിസ്ഥിതി പൂർവാധികം ഭംഗി സമ്പുഷ്ടമാകുമെന്നു ആചാര്യന്മാർ പറയുന്നുണ്ട്. നാം ഇതിനെ വികസനവിപ്ലവം എന്ന് വിളിക്കുന്നു.


ലോകവിപണിക്കാവശ്യമായ ചെറുകിട ഉത്പന്നങ്ങൾപോലും ഉത്പാദിപ്പിച്ചാൽ പരിസ്ഥിതി അശുദ്ധമാകുമെന്നിരിക്കെ. വിപണിയിൽ ദിനംപ്രതി കടൽത്തിരകൾപോലെ ഉത്പന്നങ്ങൾ വന്നു മറിയുന്നതും ചരക്കുകളുടെ പുത്തൻഭാഷകൾ രചിക്കുന്നതും നാം കാണുന്നു ചരക്കുകളുടെ സാഹിത്യത്തിലാകൃഷ്ടരായി ജനങ്ങൾ വായ്പാപണം ചെലവഴിക്കാനായി വമ്പൻ മാളുകളിൽ ഇടിച്ചു കയറുന്നതും അതിൽ വളരെ കുറച്ചു - വിരലിലെണ്ണാവുന്നവർ മാത്രം കടംകയറി കുടുംബത്തോടെആത്മഹത്യ ചെയ്യുന്നതും നാം കാണുന്നു. രാജ്യത്തു വമ്പിച്ചൊരു വികസനം നടക്കുമ്പോൾ ഇത്തരം മരണങ്ങൾ പരിസ്ഥിതിയുടെ അഴകു വർധിപ്പിക്കുന്നു. നമുക്കു ചുറ്റും ഇങ്ങനെഉത്പന്നങ്ങളുടെ ചരക്കുകളുടെ കാവ്യ ഭാഷ്യങ്ങൾ, വൻമലകൾ വന്നു മറിയുന്നത് എവിടെ നിന്നാണ്? പരിസ്ഥിതിപ്പേടിയില്ലാതെ എവിടെയോ തകൃതിയായി ബൃഹത്തായ ഉൽപ്പാദനം നടക്കുന്നുണ്ടല്ലോ. നമുക്ക് പരിസ്ഥിതിപ്പേടി ഉപദേശിച്ചു തരുന്ന വികസിതമുതലാളിത്ത രാജ്യങ്ങളിൽ നടക്കുന്ന ഉൽപ്പാദനം അവർതന്നെ കല്പനചെയ്തു പ്രചരിപ്പിച്ച പരിസ്ഥിതിക്ക് ഒരു ചേതവും വരുത്താതെയാണോ നടത്തിക്കൊണ്ടിരിക്കുന്നത്? അങ്ങനെ ആവുമെങ്കിൽ ആ അത്ഭുതവിദ്യ ഉപഭോക്തൃരാജ്യങ്ങൾക്കു കൂടിപ്പകർന്നു കൊടുത്ത് കൂടെ ? ആ കനി തിന്നരുതു എന്ന് നമ്മോടു പറയുന്ന വിപണിദൈവത്തിന്റെ ''ഉൽപ്പാദനം'' എന്ന കനിക്കുള്ള അവകാശം -patent-അവർക്കു മാത്രമായി നൽകുന്നതെന്നു കൊണ്ട് ?


എക്കോളജി, എൻവയോൺമെന്റ് സയൻസ് എന്നിവയെ ആധാരമാക്കി വികസിത മുതലാളിത്തം പ്രചരിപ്പിച്ച ഉൽപ്പാദനപ്പേടിയെ ആഫ്രിക്കൻ സാമ്പത്തിക ശാസ്ത്രകാരന്മാർ ecological-terrorism-പരിസ്ഥിതി ഭീകരവാദം എന്നാണ് വിളിക്കുന്നതു; ആഫ്രോ-ഏഷ്യൻവികസ്വര അവികസിത രാജ്യങ്ങളിലെ ഉൽപ്പാദനത്തിന്റെ കൈകാലുകൾ വിറപ്പിക്കുന്നു എന്നതിന്റെ പേരിലാണ് അവർ അതിനെ ഭീകരവാദം എന്ന് വിളിക്കുന്നതെങ്കിലും പരിസ്ഥിതിസംരക്ഷണവാദം എങ്ങനെ ഒരു ഭീകരതയുടെ പരിധിയിൽ വരും എന്നതിനെക്കുറിച്ചു സംശയങ്ങളുണ്ടായിരുന്നു. എന്നാലിപ്പോൾ പരിസ്ഥിതിഭംഗത്തിൽ നിന്നുണ്ടാവുന്ന അപായത്തിന്റെ ഭീകരത പുതിയ ശാസ്ത്രീയ സംപ്രത്യയങ്ങളുപയോഗിച്ചു ലോക പരിസ്ഥിതിരാഷ്ട്രീ പ്രവർത്തകർ പരസ്യമായി ഉദ്‌ഘോഷിക്കുന്നു


ഹരിതഗൃഹവാതകങ്ങളും ശീതോഷ്ണസന്തുലനനാശവും


പരിസ്ഥിതിയെ മുറിവേൽപ്പിക്കുന്ന ഉൽപ്പാദനപ്രവർത്തനങ്ങൾ പരിസ്ഥിതിമലിനീകരണം എന്ന ആപത്തിനെയും മറികടന്നു കാലാവസ്ഥാവ്യതിയാനം, അന്തരീക്ഷതാപനം എന്നിങ്ങനെ ഒരു ഘട്ടത്തിലെത്തുമ്പോൾ ഗുരുതരമായ ജീവനപ്രതിസന്ധികളുണ്ടായിരിക്കുന്നു എന്ന് പരിസ്ഥിതി രാഷ്ട്രീയത്തിന്റെ വക്താക്കൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നു. അന്തരീക്ഷത്തിലെ കാർബൺ വാതക ഉച്ഛ്വസന/വിസർജ്ജന വ്യാപനം മാനവരാശിയെ വലിയ വിനാശസന്ധിയിലാക്കിയിരിക്കുന്നു എന്നും ഇതിനെ എങ്ങനെ നേരിടണമെന്നും ആലോചിക്കുവാൻ ലോകമുതലാളിത്തരാഷ്ട്രങ്ങൾ മറ്റുരാഷ്ട്രങ്ങൾക്കായി തയ്യാറാക്കിയ പെരുമാറ്റ ചട്ടങ്ങളെപ്പറ്റി ചർച്ച ചെയ്യാൻ വിളിച്ചു കൂട്ടിയ സമ്മേളനത്തിൽ നിന്നു ആക്ഷേപഹാസ്യകൗതുകം പോലെ യു. എസ്. രാഷ്ട്രത്തലവൻ തന്നെ പുറത്തിറങ്ങിപ്പോയ്ക്കളഞ്ഞതിന്റെ ദുരൂഹത ഇനിയും കെട്ടടങ്ങിയിട്ടില്ല.

പാരിസ്ഥിതിക ഉൽക്കണ്ഠയുടെ രണ്ടാം ഘട്ടമാകുമ്പോൾ പരിസ്ഥിതിവാദം ഒരു ഭീകരവാദമായിത്തീർന്നിരിക്കുന്നു എന്നകാര്യത്തിൽ അതിന്റെ വക്താക്കൾ പോലും തർക്കമുന്നയിക്കുകയില്ല; വിനാശഭീതി ഉൽപ്പാദിപ്പിക്കുന്ന വാദം എന്ന നിലയിലാണ് ഇതിനെ ഭീകരവാദം എന്ന് വിശേഷിപ്പിക്കുന്നത്; ഏതാണ്ടു ഇരുപതു വർഷം മുൻപ് മുല്ലപ്പെരിയാർ അണക്കെട്ടു ഉടനെ തകരുമെന്ന ഭീതിയിൽ പലരും എറണാകുളം ജില്ലയിൽ നിന്ന് ജീവിതം പറിച്ചെടുത്തു കൊണ്ടോടിയതു നാമോർക്കുന്നു. മുല്ലപ്പെരിയാർ വിനാശഭയം പ്രചരിപ്പിച്ചവർ ഭീകരവാദികളല്ല എങ്കിലും അവരുടെ വിനാശഭയവാദം ഭീകരവാദത്തിന്റെ ഫലമുളവാക്കി. ഏതൊരു പ്രശ്നമായാലും അതിലെത്ര ശാസ്ത്രീയതയുണ്ടായാലും ഒരു - panic-സംഭ്രാന്തി സൃഷ്ടിച്ചു മനുഷ്യന്റെ സൃഷ്ടിപരതയ്ക്കു വിലങ്ങു വയ്ക്കുമ്പോൾ അത് ഭീകരവാദമാവും; യുക്തിസഹവും ശാസ്ത്രീയമവുമായ മുൻകരുതലുകളും മുന്നറിയിപ്പുകളും ജീവിതത്തെ സുരക്ഷിതത്വപ്പെടുത്തുമെങ്കിലും, ഭൂമിയുടെ ഒരു പകുതിയിൽ ഉൽപ്പാദനം തകൃതിയായി നടത്തുന്നവർ മറുപകുതിയെ നിശ്ചലമാക്കാൻ മുൻകരുതൽവാദത്തെ ദുരുപയോഗപ്പെടുത്തുന്നത് ഭീകരവാദപ്രവർത്തനം തന്നെയാണ്; മുല്ലപ്പെരിയാർ വീഴുമോ എന്നതിനെ സംബന്ധിച്ച മുൻകരുതൽ നിശ്ചയമായും ആവശ്യമാണ് എന്നതിൽ രണ്ടഭിപ്രായമില്ല; അത് പോത്ത് പെറ്റു എന്നുകേൾക്കുന്നതിനു മുന്പ് കയറെടുക്കുന്ന നിഷ്കളങ്കതയുമാവാം; പക്ഷെ പരിസ്ഥിതിപ്പേടിയിൽ നിന്ന് പരിസ്ഥിതിഭീകരവാദത്തിലേക്കുള്ള വളർച്ചയ്ക്കു പിന്നിൽ ചില കണക്കു കൂട്ടലുകളുണ്ട് എന്ന ആക്ഷേപത്തിന് സമ്മിറ്റിൽ നിന്ന് യു. എസ്.ഇറങ്ങിപ്പോകുമ്പോൾ ബലം വർദ്ധിക്കുന്നു


ലോക കാലാവസ്ഥയും ശീതോഷ്ണവ്യതിയാനങ്ങളും വാതകഒഴുക്കുകളും രാസപദാർത്ഥ വിന്യാസങ്ങളും പ്രകൃത്യാൽ സംഭവിക്കുന്ന ഹോളോസെനിക് കാലാവസ്ഥയെ, anthropogenic--climate മനുഷ്യപ്രജനിത കാലാവസ്ഥയായി മാറ്റിക്കൊണ്ടിരിക്കുന്നു എന്നാണ് വാദം. ഇന്നത്തെ ഭൂതലജീവിതസ്ഥായിത്വം അപകടത്തിലേക്ക് നീങ്ങുന്നതിനു കാരണം പ്രകൃതിദത്ത ഭൗമകാലാവസ്ഥയിൽ മനുഷ്യൻ നടത്തിയിരിക്കുന്ന വിനാശകരമായ ഇടപെടലും കാർബൺ വാതകമുൾപ്പടെയുള്ള ഹരിതഗൃഹവാതകങ്ങളുടെ വിക്ഷേപണവുമാണ്; ഇത് സമർത്ഥിക്കുവാൻ ഭൗമജീവജാലസ്ഥായിത്വത്തിനാധാരമായ പ്രകൃതിയുഗചരിത്രം ഉൽക്കണ്ഠാസൈദ്ധാന്തികർ തുറന്നു വയ്ക്കുന്നു:


ANTHROPOGENIC CLIMATE, GREENHOUSE GASES:

നാം ഇപ്പോൾ ജീവിക്കുന്നത് പ്രകൃതി ദത്തമായ മഞ്ഞു യുഗത്തിന്റെ ഇങ്ങേയറ്റമായ ഇന്റർഗ്ലേഷ്യൽ യുഗത്തിന്റെ ഖണ്ഡത്തിലാണ്. ഇതിനെ ഹോളോസെനിക് യുഗം എന്നു പറയുന്നു. ഭൗമമനുഷ്യജീവജാല സ്ഥായിത്വത്തിനനുകൂലമായ ഭൗമാന്തരീക്ഷമാണ് ഇന്റർഗ്ലേഷ്യൽ എന്നും ഹോളോസെനിക് എന്നുമൊക്കെ വിളിച്ചു പോരുന്ന ഈ യുഗത്തിൽ നാം ആസ്വദിച്ചു പോരുന്നത്; എന്നാൽ മനുഷ്യൻ ഭൂമിയിൽ നടത്തുന്ന വ്യവഹാരങ്ങളുടെ ഭാഗമായി carbondioxide,carbonmonoxide, methane,ozone,nitrousoxide,carbontetrachloride,dichloridefluromethane എന്നിങ്ങനെ ഒരുകൂട്ടം ഹരിതഗൃഹവാതകങ്ങൾ അമിതമായി ഉൽപ്പാദിപ്പിക്കപ്പെടുന്നു; സൂര്യതാപത്തെ പിടിച്ചെടുത്തു അതിന്റെ വസതിയോ സംഭരണിയോ ആക്കാൻശേഷിയുള്ള വാതകങ്ങളെയാണ് greenhouse gases അല്ലെങ്കിൽ ഹരിതഗൃഹവാതകങ്ങളെന്നു വിശേഷിപ്പിക്കുന്നത്; സാധാരണഗതിയിൽ സൂര്യതാപം രാത്രികാലത്തു തണുത്തു വറ്റുകയും അന്തരീക്ഷത്തിന്റെ താപനിലതാഴുകയും ചെയ്യുന്നു. അതിനെ ഇപ്പറഞ്ഞ വാതകങ്ങൾ തടസ്സപ്പെടുത്തുന്നു; താപത്തെ രാത്രികാലത്തിനു വിട്ടുകൊടുക്കാതെ പിടിച്ചെടുത്തു സൂക്ഷിക്കുന്നു. എന്തുകൊണ്ടൊ, ഈ വാതകങ്ങൾ ഹരിതവൃക്ഷങ്ങൾ ഭൂമിയിൽ ചെയ്യുന്നപണി ആകാശത്തുചെയ്യുന്നു എന്ന അർത്ഥത്തിലാണോ എന്നറിയില്ല കലാകാരന്മാരായ പരിസ്ഥിതിശാസ്ത്രികൾ ഇവയ്ക്കു ഹരിതഗൃഹവാതകങ്ങൾ എന്ന സുന്ദരനാമം നൽകിയിരിക്കുന്നു. കുറെ സമയം സൂക്ഷിച്ചശേഷം താപത്തെ അടുത്ത പകൽവേളയിൽ തുറന്നു വിട്ടു അന്തരീക്ഷതാപനം വർധിപ്പിക്കുകയും വീണ്ടും രാത്രികാലത്തിനു വിട്ടു കൊടുക്കാതെ പുത്തൻ പകലിന്റെ താപത്തെ പിടിച്ചുവയ്ക്കുകയും അന്തരീക്ഷതാപശീതീകരണത്തെ ഉപരോധിക്കുകയും ചെയ്യുന്നു;താപത്തെ വീണ്ടും അന്തരീക്ഷത്തിൽ തുറന്നുവിട്ടു പുത്തൻ സൂര്യതാപത്തോടു കൂട്ടിച്ചേർത്തു അന്തരീക്ഷതാപത്തിന്റെ ഈടുവർധിപ്പിക്കുന്നു ( നമ്മുടെ സൗരോർജ്‌ജപ്പാനെലുകളും സൗരോർജത്തെ പിടിച്ചെടുത്തു വൈദ്യുതിയാക്കി പരിവർത്തിപ്പിക്കുമ്പോൾഎന്തൊക്കെ വാതകങ്ങളാണ് വിന്യസിക്കപ്പെടുന്നത് എന്ന് ഇനിനാളെയുമറീയിലാ എന്ന് പൂന്താനം പാടിയിട്ടുണ്ട്. ) ഈ വാതകങ്ങൾ സൂര്യതാപശീതീകരണ പരിണാമങ്ങൾക്കു വിഘാതമാവുകകൊണ്ട് അന്തരീക്ഷതാപനം പെരുകുന്നു. ഇത് സ്ഫോടനാത്മകമായ ഒരു സ്ഥിതിവിനാശത്തിലേക്കു ഭൗമ ഗ്രഹാവസ്ഥയെ കൊണ്ട് ചെന്നെത്തിച്ചിരിക്കുന്നു. ഇന്നത്തെ കാലാവസ്ഥ, ഹോളോസെനിക് യുഗത്തിന്റെ മൗലിക പ്രകൃതിയിൽ നിന്ന് വ്യതിയാനപ്പെട്ടു anthrpogenic -- മനുഷ്യനിർമ്മിത കാലാവസ്ഥയായ് തീർന്നരിക്കുന്നു; ബഹുസഹസ്രം വർഷങ്ങളായി ജീവിജാലങ്ങൾക്കും മനുഷ്യർക്കും സ്ഥായീ രൂപമായ ഒരു നിലനിൽപ്പ് സാധ്യമാക്കിയ inter glacial-/ ഹോളോസെനിക് യുഗത്തിന്റെ അനിത്യത ആസന്നമാവുകയും അന്ത്രപോസെനിക്/ യുഗത്തിലേക്ക് -----. -മനുഷ്യാതിക്രമോൽപന്നമായ ഒരു യുഗത്തിലേക്ക് ---നാം പ്രവേശിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ഭൗമഗ്രഹവിലയവസ്ഥ ആകെ കീഴ്മേൽ മറിയുന്ന സമയം വിദൂരമല്ല; പുതിയ ഒരു geological /ഭൗമ ശാസ്ത്ര, സ്ഥലവും കാലവും ഉണ്ടായി വരുകയും അവിടെ മനുഷ്യനോ മറ്റു ജീവജാലങ്ങളോ വെള്ള ത്തിലോ കരയിലോ അവ ശേഷിക്കുമോ എന്ന് പറയാൻ കഴിയാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്തെന്നിരിക്കും. ഈ ഭീകരാവസ്ഥയെ മുൻനിറുത്തിയാണ് മനുഷ്യന്റെ ഭാവി രൂപപരിണാമത്തെ സംബന്ധിച്ച പോസ്റ്റ് ഹ്യൂമനിസത്തിന്റെ ഗ്രന്ഥവരികൾക്കുപോലും തിളക്കമുണ്ടായത്. ഇന്നത്തെ മനുഷ്യനും anthropogenic യുഗത്തിലെ പോസ്റ്റ് ഹ്യൂമൻ മനുഷ്യനും തമ്മിൽ എന്ത് അന്തരമുണ്ടാവും എന്നതാണ് ദാർശനികപ്രശ്നം !കരയും കടലും കൊടുങ്കാറ്റും ചുഴലിയും കുഴഞ്ഞു മറിഞ്ഞു മേഘവിസ്ഫോടന പരമ്പരകൾക്കൊടുവിൽ വീണ്ടും ആകാശം തെളിയുമ്പോൾ മനുഷ്യനു ദിനോസാറിനോളം കായിക ശേഷിയുണ്ടാവുമോ?. സിംഹവാലൻ കുരങ്ങുകൾ ഭൂമി കൈയടക്കുമോ / സ്വവർഗദാമ്പത്യംകൊണ്ടു രതിമൂർച്ഛയുണ്ടാവുമെന്ന സ്ഥിതിക്ക് ആൺ പെൺദാമ്പത്യം അനാവശ്യമെന്നു കണ്ടു അതിനെ നിരോധിച്ചുകൊണ്ടുള്ള പോസ്റ്റ് ഹ്യൂമൻ സുപ്രീംകോടതി ഉത്തരവ് പുറത്തു വരുമോ? തുടർന്ന് ഗൈനെക്കോളജി ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായി എഡ്‌വേഡ്‌ ആൽബിയും ഒക്‌ടേവിയോ പാസും ഭയപ്പെടുന്നതുപോലെ സ്വവർഗ്ഗരതിയുഗത്തിൽ എയ്ഡ്സ് ന്റെയും ന്യൂറോസിഫിലിസിന്റെയും വൈറസ്സുകൾ ഫാർമസ്യൂട്ടിക്കൽ വ്യവസായ വിപണിയെ സംവൃദ്ധമാക്കുന്ന ഒരു പോസ്റ്റ് ഹ്യൂമൻ സ്ഥിതിവിശേഷം സംജാതമാവുമോ?


ഹിമയുഗത്തിന്റെ കഥ


ഭൂമിയിൽ ചുരുങ്ങിയത് അഞ്ച് വമ്പൻ മഞ്ഞുയുഗങ്ങളുണ്ടായിരുന്നുവെന്നത്രെ ശാസ്ത്രമതം. (ഇക്കാലത്തൊന്നും ഈ ലേഖകൻ ജീവിച്ചിരുന്നില്ല എന്നതിനാൽ എല്ലാം കോപ്പി പേസ്റ്റ് ആണ് ) ഹിമയുഗത്തിന്റെ തുടക്കം രണ്ടു ബില്യൺ വർഷങ്ങൾക്കു മുൻപ്. അത് 300-മില്യൺ വർഷങ്ങൾനീണ്ടുനിന്നു. ഏറ്റവുമൊടുവിലത്തെ മഞ്ഞുയുഗഘട്ടത്തിന്റെ ആയുസ്സു 2. 6-മില്യൺ വർഷങ്ങളാണ്. സാങ്കേതികമായി ഇപ്പോഴും നമ്മളീയുഗത്തിലാണെങ്കിലും ഇതിന്റെ ഇങ്ങേത്തലയ്ക്കൽ പന്ത്രണ്ടായിരം വർഷങ്ങൾക്കു മുൻപാണ് ഇന്നു നാംകാണുന്ന സ്ഥായിയായ ഭൗമവിലയവ്യവസ്ഥയുണ്ടായത്; ഇതിനെ ചില ഭൗമവിലയപഠന ശാസ്ത്രികൾ ഇന്റർ ഗ്ലേഷ്യൽ യുഗമെന്നും ഹോളോസെനിക് യുഗമെന്നുംവിളിക്കുന്നു


എന്തുകൊണ്ട് അന്തർഹിമാംശയുഗമെന്ന പേര്?


ഇന്നു ഭൂമിയാകെ മഞ്ഞിനാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നില്ല. ഹിമയുഗത്തിൽ അന്തരീക്ഷ ഊഷ്മാവ് താപ -ശീതാവസ്ഥാചഞ്ചലമായിരിക്കും. ഉഷ്ണഘട്ടങ്ങളിൽ മഞ്ഞുരുകും. ഓരോ ഉഷ്ണഘട്ടത്തിനും ശീതഘട്ടത്തിനും മില്യൺ വർഷങ്ങളോളം ദീർഘായുസ്സുണ്ടാകും. കഴിഞ്ഞ പതിനോരായിരം വർഷക്കാലമായി നിലനിൽക്കുന്ന ഒരു ഉഷ്ണഹിമഘട്ടത്തിലാണ് ഇന്നു നാം ജീവിക്കുന്നത്. അതു കൊണ്ടാണ് ഇതിനെ അന്തർ ഹിമാംശയുഗമെന്നു വിളിക്കുന്നത്.

ഹോമോസാപിയൻസ് ഒഴികെ ഹോമിനി ജനറയിൽപെട്ട മറ്റെല്ലാ സ്പീഷീസും ആദിമ ഹിമയുഗത്തിൽ അദൃശ്യരായിരുന്നു എന്നാണു ശാസ്ത്രപര്യവേഷണകഥ. എന്നാൽ മനുഷ്യനെന്ന ഹോമോസാപിയൻ ഉദ്ദേശം രണ്ടു ലക്ഷം വർഷങ്ങൾക്കുമുൻപ് ഭൂമിയിൽ കാണപ്പെട്ടു എന്ന് ഫോസിൽ പുരാവൃത്തങ്ങളിൽ നിന്ന് നിഗമനം ഉണ്ടായിരിക്കുന്നു.

ഭൂമിയുടെ ഉല്പത്തി തൊട്ടുള്ള യുഗവിവരപ്പട്ടിക.


ഭൂമിയുടെ ഉല്പത്തി 4. 6 ബില്യൺ വർഷങ്ങൾക്കു മുൻപാണ് എന്നാണ് നിഗമനം. അന്ന് തൊട്ടു ഭൂമിയിലെ ആദ്യയുഗമായ ക്യാമ്ബ്രിയൻ യുഗം വരെയുള്ള കാലത്തെ പ്രീകാമ്ബ്രിയൻ കാലം എന്ന് ബന്ധപ്പെട്ടവർ നാമകരണം ചെയ്തിരിക്കുന്നു; പ്രീ കംബ്രിയൻ യുഗത്തിന്റെ കാലം 4. 6-ബില്യൺ വർഷങ്ങൾ ക്കുമുന്പ് തുടങ്ങി ഭൗമോൽപത്തിയുടെ കാലം തൊട്ടു 541- മില്യൺവർഷങ്ങൾമുൻപ് വരെയാണ്. ആകെയുള്ള ഭൗമശാസ്ത്ര കാലരേഖാഗണനയുടെ എൺപതു ശതമാനവും പ്രീകംബ്രിയൻ യുഗത്തിൽപ്പെടുന്നു. പ്രീകംബ്രിയൻ യുഗത്തിന് സ്ഥലകാലവ്യതിയാനങ്ങളുടെഅടിസ്ഥാനത്തിൽ പുനർവിഭജനങ്ങളുണ്ട്. കംബ്രിയൻ യുഗത്തിന്റെ അവസാന ഘട്ടമായ ഹിമയുഗത്തിനും കാലാവസ്ഥാവ്യതിയാനത്തിന്റെ അടിസ്ഥാനത്തിൽ പുനർവിഭജനങ്ങളുണ്ട്; അതിന്റെ ഏറ്റവും ഒടുവിലത്തെ ഘട്ടമായ ഹോളോസെസെനിക് യുഗത്തിലാണ് നാം ജീവിക്കുന്നതു. ഹിമയുഗത്തിൽ അന്തരീക്ഷ താപനത്തിന്റെ ഫലമായി മഞ്ഞുരുകി ഇന്നു നാം കാണുന്ന മൺഭൂതലവും ജലാശയങ്ങളും വെളിപ്പെട്ടു എന്നാണ് അനുമാനിക്കേണ്ടത്. ഭൂമിയിൽ ജീവന്റെ തുടിപ്പുകളുണ്ടായത് കംബ്രിയൻ യുഗത്തിലാണ് എന്നും പ്രീ കംബ്രിയൻ കാലം പാറക്കെട്ടുകളുടെ കാലമായിരുന്നുവെന്നും നിഗമന ശാസ്ത്രംപറയുന്നു. കംബ്രിയൻയുഗത്തിന്റെ അവസാന ഖണ്ഡമായ ഹിമയുഗത്തിലെ ഹോളോസെനിക് കാലത്തിലാണ് നാം ജീവിക്കുന്നത്



നിഗമനശ്ശാസ്ത്രവിധിപ്രകാരം ഏറ്റവും ഒടുവിലത്തെ യുഗമായ ഹിമയുഗത്തിലെ ഉഷ്ണഘട്ടത്തിലെന്നപോലെ ഹിമയുഗഘട്ടങ്ങൾ പലതിലും ഹോമിനിജനറായും ഹോമോസാപിയനും കാട്ടുപോത്തു, ആന തുടങ്ങിയുള്ള ജീവികകളുമുണ്ടായിരുന്നു. ഈ ഹോളോസെനിക്‌യുഗമെന്നു പറയുന്നത് ഹിമയുഗത്തിലെ ഉഷ്ണകാലഘട്ടങ്ങളിൽ ഒന്നുമാത്രമാണ. ഇതിനു മുൻപുതന്നെ ഹിമയുഗത്തിൽ അന്തരീക്ഷശീതനവും താപനവും മാറിമറിയുന്നതനുസരിച്ചുശീതയുഗങ്ങളും ഉഷ്‌ണയുഗങ്ങളും ഉണ്ടായിരുന്നു എന്നാണു മനസ്സിലാക്കാൻകഴിയുന്നത്. ഇന്ന് നാം ജീവിക്കുന്നത് മിതവും ന്യായവുമായ തോതിൽ അന്തരീക്ഷ താപനത്തിനു മേൽക്കൈ ഉള്ള ഒരു ഹിമയുഗഖണ്ഡത്തിലാണ്. ഈ താപനയുഗനിർമിതിയിൽ ഹോമോസാപിയൻ എന്ന ജന്തുവിനു ഒരു പങ്കുമുണ്ടായിരുന്നില്ല. അതുകൊണ്ടു മനുഷ്യന്റെ സഹായമില്ലാതെ തന്നെ മുൻ കാലങ്ങളിലെന്നപോലെ ശീതതാപനവ്യവസ്ഥകൾ ഇനിയും മാറിമറിഞ്ഞെന്നിരിക്കും. പ്രകൃതിയിൽ മുൻകാലങ്ങളിലുണ്ടായ ബൃഹത്തായ മാറ്റങ്ങൾക്കൊന്നിനും പ്രകൃതി, മനുഷ്യന്റെ അനുമതി തേടിയിട്ടില്ല. ഭൂമിയുടെ പ്രകൃതം എന്നപോലെ ഭൗമ ബാഹ്യമായ മറ്റനേകം ഘടകങ്ങൾ ഈ ശീത താപനകാലങ്ങളുടെ മാറിമറിയലിനു കാരണമായിട്ടുണ്ട്. അതുകൊണ്ട് നാലപ്പാട്ട്‌ നാരായണമേനോൻ പറയുന്നത് പോലെ ഈ ഭൂഗോളം തിരിയുന്നതും ശീതോഷ്ണയുഗങ്ങൾ മാറിമറിയുന്നതും അതിന്റെ ഒരുമൂലയ്ക്കിരുന്നു പാത്തുമ്മ മണ്ണെണ്ണവിളക്ക് കത്തിക്കുമ്പോഴുണ്ടാകുന്ന കാർബൺ വാതകവികിരണം മൂലമാണെന്ന് പറയുന്നത് യുക്തിഭംഗവും ചരിത്രാധിഷ്ഠിത നിഗമനശാസ്ത്രത്തിന്റെ നിഷേധവുമാണ്; അതുമല്ല ഭൂമിയിലെ ഒരുപകുതിയിൽ മാൻഡ്രേക്ക്, ന്യൂയോർക് സമയചത്വരത്തിൽ അദ്‌ഭുതദീപാലംകൃതമായ ഇടിവെട്ടുവെളിച്ചത്തിൽ മൂകാഭിനയവിദ്യ അവതരിപ്പിക്കുമ്പോളുണ്ടാകുന്ന പ്രകാശതാപമലിനീകരണം ആവാമെന്നും ഭൂമിയുടെ മറുപകുതിയിൽജീവിക്കുന്ന പാത്തുമ്മയ്ക്കു ഒരാടു മതി എന്ന് നിബന്ധിക്കുകയും ചെയ്യുന്നതിലെ യുക്തി എന്താണ് ?


"LED Lights are Increasing Global Light Pollution and Harming the Environment-

എന്നൊരു ലേഖനത്തിൽ LED-- സോളാർ വിളക്കുകൾ ഗുരുതരമായ പ്രകാശമലിനീകരണ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നും അത് പരിസ്ഥിതിപ്രശ്നങ്ങൾ പൂർവാധികം പ്രശ്നാത്മകമാക്കുമെന്നും അഭിപ്രായപ്പെടുന്നു. താപവിപണിയിൽ SOLAR-LED സംയുക്തത്തിന്റെ വക്താക്കൾ പുത്തൻ ചരക്കുയർത്തിപ്പിടിക്കുമ്പോഴും കൽക്കരിയെക്കാളും മണ്ണെണ്ണയെക്കാളും വളരെ കുറഞ്ഞതോതിൽ മാത്രമേ അവഹരിതഗൃഹ വാതകങ്ങളിൽ ചെന്ന് തൊടുന്നുള്ളൂ എന്നൊരു പ്രതിരോധം സ്ഥാപിക്കുകയല്ലാതെ ജലവൈദ്യുതിയിൽ നിന്നുണ്ടാവുന്ന ഊർജ്ജത്തെപ്പറ്റി ഒരു ആക്ഷേപവും ഉന്നയിക്കുന്നില്ല. ഊർജ്ജത്തിന്റെ ഉത്പാദനം വിപണനം എന്നിവയിൽ സമ്പൂർണ്ണാധികാരം സ്ഥാപിക്കാൻശ്രമിക്കുന്ന മുതലാളിത്തവിപണിയുടെ വക്താക്കൾ പരിസ്ഥിതിയെ മുൻനിറുത്തി സോളാറിനും LED- യ്ക്കും അനുകൂലമായും പ്രതികൂലമായും വാദങ്ങൾ പ്രചരിപ്പിക്കുമ്പോൾ വിപണിയിൽ പരിസ്ഥിതി ഒരു ആയോധനവാദ്യമായി മാറുകയാണ്. സോളാർ വിളക്കുകളിൽ നിന്നുണ്ടാവുന്ന വാതകവിന്യാസങ്ങളെപ്പറ്റിയോ അതിന്റെ സാങ്കേതികോപകരണനിർമ്മിതിയിൽ നിന്നുണ്ടാവുന്ന മലിനീകരണത്തെപ്പറ്റിയോ ആരും ഏകാഭിപ്രായക്കാരല്ല. ചൈനയിൽ ഒരു ബൃഹദ്‌സോളാർ മാനുഫാക്‌ചറിംഗ് ശാലയിൽനിന്നുണ്ടായ മലിനീകരണം നിമിത്തം സമീപത്തെ ജലാശയത്തിൽ മൽസ്യങ്ങൾ ചത്തു പൊന്തുകയും സോളാർസെൽ നിർമ്മാണശാല പൂട്ടുകയും ചെയ്തു എന്നുള്ള ആക്ഷേപം ചൈന സ്ഥിരീകരിച്ചിട്ടുണ്ട്. യു എസിലും ഒന്നോരണ്ടോ സോളാർ ഉപകാരണനിർമ്മാണശാലകൾ പൂട്ടുകയുണ്ടായി എന്നും ഒബാമ പൊതു ഖജനാവിൽ നിന്ന് വൻതുക ചെലവഴിച്ചാണ് സോളാർശാലകൾ പുനർനിർമ്മിച്ചതെന്നും ഒബാമയുടെ ഭരണകാലത്തു പ്രചാരണമുണ്ടായിരുന്നു; ഒരു LED-വിരുദ്ധ ശാസ്ത്രജ്ഞ പറയുന്നത് LED-പ്രകാശവികിരണം മനുഷ്യന്റെകണ്ണുകളെ മാത്രമല്ല പ്രത്യുൽപ്പാദനശേഷിയെത്തന്നെയും ചെറുക്കിക്കളയുമെന്നാണ്; ഭൂമിയിലെ വലിയൊരു വിഭാഗം പക്ഷിമൃഗാദികളെയും LED - പ്രകാശവികിരണം അപായകരമായി ബാധിക്കുമെന്നതിൽ പ്രസ്തുത ശാസ്ത്രജ്ഞ ദുഖിതയാണ്; ഇപ്പറയുന്നതിലൊക്കെ തെറ്റും ശരിയുമുണ്ടാവാം; ഒരു ചെറിയ മഴ നനഞ്ഞാൽ ജ്വരബാധിതരാവുന്നവരുണ്ട്; ദിവസം മുഴുവൻ മഴനനഞ്ഞാലും ഒരു ചെറു ജലദോഷംപോലും ബാധിക്കാത്തവരുമുണ്ട്. കാനഡയിലെ ഗോത്രവർഗ്ഗക്കാർ ഒരു തുള്ളിച്ചാരായം അകത്തു ചെന്നാൽ കീഴ്മേൽ മറിയുന്നവരായത് കൊണ്ട് യൂറോപ്പ്യൻ അധിനിവേശക്കാർ അവരെ കീഴ്പ്പെടുത്തുന്നതിനു പ്രധാനമായും ഉപയോഗിച്ചത് ചാരായമാണ് എന്നൊരു സിദ്ധാന്തമുണ്ട്; (പോത്തേരി കുഞ്ഞമ്പുവിന്റെ ഉക്കപ്പമേനോൻകഥയുടെ പ്രസക്തി ജോർജ് ഇരുമ്പയത്തിനു മനസ്സിലായിട്ടില്ലായിരുന്നു. രാഷ്ട്രീയാധിനിവേശത്തിന്റെ വാദ്യം എന്ന നിലയിൽ ശീമമദ്യത്തിന്റെ വരവ് മലയാള പരിസ്ഥിതിയിൽ നിബന്ധിക്കുവാൻ വേണ്ടിയാണ്കുഞ്ഞമ്പു കഥ വിസ്തരിച്ചു പറഞ്ഞത്; ബിലാത്തിയിലെ ശീതകാല പരിസ്ഥിതിയല്ല മലയാളത്തിന്റേത് എന്നതാണ് ഗുണപാഠം ) കേരളത്തിലെ പുരുഷസമൂഹത്തെ ഉന്മൂലനം ചെയ്യുവാൻ മയക്കുമരുന്നുവേണ്ടാ ചാരായം മതിയാവും എന്ന ദർശനത്തിന്റെ അടിസ്ഥാനത്തിലാണ് കേരള ഗവണ്മെന്റ് ചാരായക്കച്ചവടത്തിനു നവനവങ്ങളായ ഔട്ട് ലെറ്റുകൾ നിർമ്മിച്ചുകൊണ്ടിരിക്കുന്നതു. മൂല്യനൈരാശ്യം സംഭവിച്ച കേരളത്തിലെ പുരുഷ സമൂഹം ഒരു ഫേക്ക് ഐഡന്റിറ്റിയിലേക്കു നീങ്ങുന്നതിനുള്ള മാർഗ്ഗം എന്ന നിലയിലാണ് ക്ഷേത്രങ്ങൾക്ക് പകരം ബീവറേജസ് കോർപറേഷനിൽ അഭയം കണ്ടെത്തുന്നത്. ആഗോളതാപനം മുതലുള്ള പ്രശ്നങ്ങൾ ചർച്ചചെയ്യുമ്പോൾ പരിസ്ഥിതി ഹാ! മഹാശ്ചര്യം നമുക്കും കിട്ടണം പണം! എന്ന് പറഞ്ഞുള്ള അതിലളിതവൽക്കരണവും സാമാന്യവൽക്കരണവും അശാസ്ത്രീയവും അപകടകരവുമാണ്എന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

പരിസ്ഥിതി എന്ന് വിശേഷിപ്പിക്കപ്പെടുന്നപ്രതിഭാസത്തിന്റെ പേരിലായാലും, മനുഷ്യനിർമ്മിതകാലാവസ്ഥ -ANTHRPOGENIC CLIMATE -- എന്നതിന്റെ പേരിലായാലും മുതലാളിത്തവിപണി ഉൽപ്പാദിപ്പിക്കുന്ന സോളാർ പ്രകാശ വികിരണവും സോളാർ ഉപകരണ നിർമ്മാണശാലകളും വൻതോതിൽ അന്തരീക്ഷ മലിനീകരണം നടത്തുന്നുവെന്ന ആക്ഷേപമുണ്ടായിരിക്കുന്നു. LED- വിളക്കുകളുടെ പ്രകാശവികിരണം ജീവജാലങ്ങളുൾപ്പടുന്ന ഹോളോസെനിക് ജീവിതാവസ്ഥയെത്തന്നെ അംഗഭംഗപ്പെടുത്തുന്നു എന്നുള്ള രൂക്ഷമായ വിമർശനവുമുണ്ടായിരിക്കുന്നു, സൈലന്റ് വാലിക്കും അതിരപ്പള്ളിക്കും ബദലായി ലോകമുതലാളിത്തവിപണനശാല വില്പനയ്ക്കുവച്ച പരിസ്ഥിതി സൗഹാർദ്ദബദലുകളൊന്നൊഴിയാതെ പരിസ്ഥിതിയെ കൂടുതൽ കൂടുതൽ പ്രശ്നാത്മകമാക്കിക്കൊണ്ടിരിക്കുന്നുഎന്നു സൂചിപ്പിക്കുവാനാണ് ഇത്രയുംപറഞ്ഞുവച്ചത്. അതായത് ബൃഹത്തായ ഉൽപ്പാദനപ്രവർത്തനം എന്നല്ല ഗതാഗതവികസനപ്രവർത്തനം പോലും പരിസ്ഥിതിയെ പൂർവസ്ഥിതിയിൽ sustain - ചെയ്തു കൊണ്ട് നടത്തുക എന്നത് ഒരു അസംബന്ധ തിരുട്ടുവാദമാണ്. അന്തരീക്ഷതാപനത്തെപ്പറ്റി അലമുറയിടുന്നവർ ഭൂമിയിൽ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഓട്ടോമൊബൈൽ ഇന്ടസ്ട്രിയ്ക്കുണ്ടായ വളർച്ച എത്രമടങ്ങാണ്‌ എന്നും ഓട്ടോമൊബൈൽ ഉപഭോഗം കേരളത്തിൽ എത്രമാത്രം വർദ്ധിച്ചിട്ടുണ്ടെന്നും കണക്കാക്കുക. ഓട്ടോമൊബൈലുകൾ പുറത്തേക്കു തുപ്പുന്നപുക എത്രമടങ്ങു അന്തരീക്ഷ താപനത്തെ വർദ്ധിപ്പിക്കും എന്നതിനെക്കുറിച്ചു ആർക്കും ആശങ്കയില്ല. ഓട്ടോമൊബൈൽ ഉത്പാദനക്കുതിപ്പിനു പ്രയോജനം ചെയ്യുമാറ് കാറുകൾക്ക് ശ്മശാനമുണ്ടാക്കുന്ന വികസിതരാജ്യങ്ങൾക്ക് അന്തരീക്ഷതാപനമൊരു പ്രശ്‌നമേയല്ല.ഭൂതലത്തിൽ നടക്കുന്ന ഉൽപ്പാദനത്തിനെതിരെ മുൻപ് പരിസ്ഥിതിയെയും ഇപ്പോൾ മുഖ്യപരിസ്ഥിതി പ്രശ്നമായി മാറ്റിപ്പിടിച്ചിരിക്കുന്ന ആഗോള അന്തരീക്ഷ താപനത്തെയും പറ്റി ആശങ്കപ്പെടുന്നവർ, പുത്തൻ മുതലാളിമാർക്ക് കരയിൽ സഞ്ചരിക്കുന്നതിനു നാല്പത്തിയെട്ടു പുകതുപ്പൽവാഹനങ്ങളുടെ അകമ്പടിയും വീട്ടിൽനിന്നു ഓഫീസിലേക്കുപോകാൻ ഹെലികോപ്ടറും വേണമെന്നുള്ള അവസ്ഥയിൽ ഹരിതഗൃഹവാതക പ്രസരണവർദ്ധനവുണ്ടാവുകയില്ല എന്നതിനു ഉറപ്പു നൽകുമോ? ഭൂമിയിലെസ്ഥിതി ഇതാണെണെങ്കിൽ വ്യോമഗതാഗതത്തിൽ ഉണ്ടായ അതിഭീമമായ വർദ്ധനവ് ശൂന്യാകാശ ഉപഗ്രഹവിക്ഷേപണം, പര്യവേക്ഷണം എന്നിവയിലുണ്ടാവുന്ന വമ്പൻവർദ്ധനവ് അതിനു വേണ്ടിവരുന്ന ഇന്ധനവിനിയോഗം അന്തരീക്ഷതാപനത്തിനു കാരണമാവുകയില്ലെന്നുറപ്പുണ്ടോ ? അപ്പോഴൊന്നുമുണ്ടാകാത്ത രൂക്ഷമായ അന്തരീക്ഷതാപനം നിശ്ശബ്ദ താഴ്‌വരയിൽ അല്ലെങ്കിൽ അതിരപ്പള്ളിയിൽ ഒരു ജലവൈദ്യുത പദ്ധതിനിർമ്മിച്ചാൽ ഉണ്ടാവുമോ ?. അന്തരീക്ഷമലിനീകരണം ഏറ്റവും കുറഞ്ഞ ജലവൈദ്യുതോർജ്ജത്തിനു തടയിടുമ്പോൾ രാജ്യപുരോഗതിക്കടിസ്ഥാനമായ ഊർജ്ജ സമ്പത്തിന്റെ നിർമ്മാണത്തിനു തടയിടുകയും ജലവൈദ്യുതോർജ്ജത്തിൽ മുളയ്ക്കാത്ത അന്തരീക്ഷമാലിന്യത്തിന്റെ ഉപഭോക്താക്കളായി നാം മാറുകയും ചെയ്തിരിക്കുന്നു. ഹോളോസെനിക് യുഗത്തിന്റെ മരണം

ആസന്നമാവുന്നതിനും anthropogenic- കാലാവസ്ഥയുടെ ഭയാനകതയിൽ നാം വീണു കൊണ്ടിരിക്കുന്നതിനും കാരണം ആഗോള അന്തരീക്ഷ താപനക്കുതിച്ചുചാട്ടമാണെന്നു വിലപിക്കുന്നവർ താപനവിരുദ്ധചാരിത്രശുദ്ധി അവികസിത - അർദ്ധവികസിത രാജ്യങ്ങൾക്കു മാത്രം ബാധകമാവുന്നതെന്തു കൊണ്ടെന്നു വിശദീകരിക്കേണ്ടതുണ്ട്. ലോകപരിസ്ഥിതിദിനത്തിൽ ഒരു ദിവസം എല്ലാ ഓട്ടോമൊബൈൽ വാഹനങ്ങളും വിമാനങ്ങളും കപ്പലുകളും നിശ്ചലമാക്കുന്നതുകൊണ്ടു കിട്ടുന്നഗുണം അന്തരീക്ഷതാപനത്തിനെതിരെ അവിടെയും ഇവിടെയും ഒരുതൈ നടുമ്പോൾ ലഭിക്കുമോ ? വേൾഡ് വൈൽഡ് ലൈഫ് നെപ്പോലെയുള്ള സംഘടനകൾ വഴി കോടിക്കണക്കിന്‌ ഡോളർ വിവിധരാജ്യങ്ങളിലേക്കൊഴുക്കി ഉൽപ്പാദനത്തിന് തടയിടുന്നവികസിത മുതലാളിത്തം തന്നെയാണ് അന്തരീക്ഷതാപനത്തിനാധാരമായ ഇന്ധനവ്യവഹാരവ്യവസായങ്ങളും നടത്തുന്നത് എങ്കിൽപ്പോലും പരിസ്ഥിതിപ്പേടിയിൽ തുടങ്ങി ആന്ത്രോപജീനിക് കാലാവസ്ഥാഭീകരതയിൽ ചെന്നെത്തിനിൽക്കുന്ന പരിസ്ഥിതിവാദത്തെ ശുദ്ധചൂഷണത്തട്ടിപ്പ് മാത്രമായി കുറച്ചു കാണാനാവില്ല. അതിൽ ശാസ്ത്രീയതയുടെ ചില അകംപുറങ്ങളുണ്ട്. ഒന്നുമാത്രമേ ഇവിടെ പറഞ്ഞുവയ്ക്കുന്നുള്ളൂ. ഭൂതലത്തിൽ ബഹുശതം ജീവികൾക്കു ഹോളോസെനിക് യുഗത്തിൽ വംശനാശമുണ്ടായിട്ടുണ്ട്. അത് അവയുടെ ആവാസവ്യവസ്ഥ പലകാരണങ്ങളാൽ പ്രതികൂലമായിത്തീർന്നതു കൊണ്ടാണ്. ദിനോസറിന്റെ സമ്പൂർണ്ണ വംശനാശത്തിനോ സിംഹവാലൻകുരങ്ങന്റെ ഭാഗികനാശത്തിനോ കാരണക്കാരൻ മനുഷ്യനാണ് എന്നുപറയാൻ വേണ്ട ബുദ്ധിഭ്രമം വിറ്റഴിക്കുക ബുദ്ധിമുട്ടാണ്. അതുപോലെ ഇന്ന് നാം ഇന്റർ ഗ്ലേഷ്യൽ യുഗഘട്ടത്തിലെ ഹോളോസെനിക് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു ഭൗമ വിലയ കാലാവസ്ഥാവ്യവസ്ഥയിൽ എത്തിപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽ മനുഷ്യനുയാതൊരു പങ്കാളിത്തവും ഇല്ല. ഇനി നാളെ ഭൂമി വീണ്ടും ഉപ്പുകടലോ തിളയ്ക്കുന്ന പർവ്വതങ്ങളോ ആയി മാറിമറിയുമെങ്കിൽ അതിനു മനുഷ്യന്റെ ഇടപെടൽ നേരിയതോതിൽ എങ്കിലും കാരണമാവുമെന്നു വാദത്തിനുവേണ്ടി സമ്മതിച്ചാൽപ്പോലും ഇതുവരെയുള്ള യുഗപരിണതികൾക്കും കാലാവസ്ഥാ ഭഞ്ജനങ്ങൾക്കുമൊക്കെ കാരണമാവുന്നത് ഭൗമ -ഭൗമാന്തരവ്യവസ്ഥയും ഭൗമ ബാഹ്യ പ്രകൃതിയുമാണെന്നിരിക്കെ അവിടൊന്നും ചികഞ്ഞു നോക്കി മനുഷ്യന്റെ ഇടപെടൽ എന്ന പാപം സ്ഥിരീകരിക്കാനാവില്ല. ഇനി നാളെയുമെന്തെന്നറിഞ്ഞില്ല എന്ന് കവി പറഞ്ഞതിനു അത്രയും അർത്ഥ ദൈർഘ്യമുണ്ട്; എന്തായാലും അണ്ണാൻ കുഞ്ഞിനും തൽസ്ഥിതി നിലനിർത്തുന്നതിൽ അതിന്റേതായ പങ്കുണ്ട്;അത് നിർവഹിക്കുകയുംവേണം. ഇത് മനുഷ്യാതീത വിധിവാദമല്ല. അനന്തമജ്ഞാതമവർണ്ണനീയമാണ് ഈ ഭൂഗോളം തിരിയുന്നമാർഗ്ഗമെങ്കിലും ഇവിടെ ഞാനുള്ളിടത്തോളം എന്റെനിർമ്മിതികളുണ്ടാവും എന്നതു നരവംശത്തിന്റെ അസ്തിത്വസാരമാണ്. പക്ഷെ മനുഷ്യന്റെ പാപമാണ് ഭൂമി പിളരുന്നതിനു കാണണം എന്നു പ്രചരിപ്പിക്കുന്ന പെന്തക്കോസ്ത് പരിസ്ഥിതിമിഷന്റെ ചൊൽപ്പടിക്ക്, അനുവദിച്ചുതന്ന ചെരിപ്പിനൊത്തു കാലു ചെത്തിയെടുക്കാൻ പറയരുത്. പരിസ്ഥിതിയെന്നു കേൾക്കുമ്പോൾ ഇതാണ് പ്രോക്രസ്റ്റസ്സിന്റെ കട്ടിൽ എന്ന് ഭാവികാലം പറയരുത്. നമ്മൾ കുടനിർമ്മാണം നടത്തുന്നത് കൊണ്ടാണ് ഭൂമിയിൽ മഴയും വെയിലുമുണ്ടാവുന്നതു എന്നു വാശിപിടിച്ചു കരയരുത്. എന്തെന്നാൽ നിങ്ങൾ പരിസ്‌ഥിതിവാദത്തിനാധാരമായി ഉപയോഗിക്കുന്ന എക്കോളജി യുടെയും എൻവയോൺമെന്റൽ സയൻസിന്റേയും ശരീരങ്ങൾ സുപരീക്ഷിതങ്ങൾ അല്ലെങ്കിലും അവ പരിശോധനാർഹങ്ങളാണ്. അതുകൊണ്ടു എക്കോളജി, എൻവയോൺമെന്റൽ സയൻസ്, ആവാസവും അധിവാസവും, ആന്ത്രോപോസെൻട്രിസം, ബയോസെൻട്രിസം അധിവാസസാമ്പത്തിക ആവാസവ്യവസ്ഥ എന്നിവയെക്കുറിച്ചുള്ള സംക്ഷിപ്തമായ ഒരു ചർച്ചകൂടി ആവശ്യമായി വരുന്നു


എന്താണ് എക്കോളജി?എന്താണ് എൻവയോൺമെന്റൽ സയൻസ് ?

Environmental Science Defined


Environmental science is an interdisciplinary field that focuses on humans’ impact on the environment. It includes the studies of biology, geology, meteorology, chemistry, physics, and ecology. Environmental science seeks to protect both human beings and the environment from negative factors such as climate change and pollution.


Ecology Defined


Ecology is the specific study of the relationships between living organisms: humans and animals, animals and plants, plants and organisms. It seeks to understand how ecosystems develop, how humans can have a negative impact on those ecosystems, and how to minimize that impact.


മുകളിൽകൊടുത്തിരിക്കുന്ന രണ്ടുശാസ്ത്രത്തിനുംകൂടി ഒരു പേര് തന്നെമതിയാവില്ലേ? എങ്കിലും ശാസ്ത്രപാഠ ഇരട്ടകളാവുമ്പോൾ സർവകലാശാലകളിൽ തസ്തികകൾ ഇരട്ടിക്കുമെന്നൊരു ഗുണമുണ്ട്. എൻവയോൺമെന്റൽ സ്റ്റഡീസിന്റെ നിർവചനം നോക്കൂ. ‘എൻവയോൺമെന്റ് എന്താണ്?’ എന്നാണ് എൻവയോൺമെന്റിനെ സംബന്ധിക്കുന്ന ശാസ്ത്രം ആദ്യം നിർവചിക്കേണ്ടത്. അത് എന്തല്ല എന്നോ എന്താണു എന്നോ ഈ ശാസ്ത്രം പറയുന്നില്ല. നേതി നേതി എന്നുപോലും പറയുന്നില്ല; അത് എന്താണ് എന്നതിനെ സംബന്ധിച്ച് പടിഞ്ഞാറൻ നാടുകളിലെ ദൈവം മുൻ‌കൂർ തീരുമാനമായതുകൊണ്ടു അതും ഒരു ഏദൻതോട്ടമാണ്. മനുഷ്യന്റെ പ്രവർത്തനം അതിൽ പതിപ്പിക്കുന്ന ബലമുദ്രകളെക്കുറിച്ചുള്ള, കുറെ കടുപ്പിച്ചു പറഞ്ഞാൽ ഗുണകരമോ അല്ലാത്തതോ ആയ വിമർദ്ദങ്ങളെക്കുറിച്ചുള്ള ആഘാതങ്ങളെക്കുറിച്ചുള്ള പഠനമാണ് എൻവയോൺമെന്റൽ ശാസ്ത്രം; ബഹുശാസ്ത്രവിഷയാന്തര പഠനമത്രെ അത്. രണ്ടാംവാക്യത്തിലെത്തുമ്പോൾ എൻവയോണ്മെന്റും മനുഷ്യനും രണ്ടാണ്എന്ന് വ്യക്തമാവുന്നു. തുറന്നു പറയുന്നില്ല എങ്കിലും അത് മനുഷ്യനെ നേർവഴിക്കുനടത്തി അവനെയും/അവളെയും എന്നപോലെ എൻവയോണ്മെന്റിനെയും രക്ഷിക്കാനുള്ള പുറപ്പാടാവുന്നു; അത് ഒരു സദാചാര ശാസ്ത്രമാവുന്നു. അത് മനുഷ്യ ജീവികളെയും എൻവയോണ്മെന്റിനെയും കാലാവസ്ഥാവ്യതിയാനം പൊലൂഷൻ എന്നിങ്ങനെയുള്ള പ്രകൃതങ്ങളിൽ നിന്നുരക്ഷിക്കാൻ ഉദ്യമിക്കുന്നു.

ഹിമയുഗത്തിൽ തന്നെ ഹോളോസെനിക് യുഗം വരെയുള്ള കാലാവസ്ഥാരൂപീകരണത്തിൽ മനുഷ്യനുയാതൊരു പങ്കുമില്ലെന്നത് കൊണ്ട്

മനുഷ്യനാണ് ഇനി നാളെ വരാനിരിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങൾക്കും ഇന്നുണ്ടായിരിക്കുന്ന കാലാവസ്ഥാവ്യതിയാനങ്ങൾക്കും കാരണം എന്ന് എൻവയോണ്മെന്റ് സയൻസ് പറയുന്നുണ്ടോ എന്നറിയില്ല. പ്രീകംബ്രിയൻ യുഗങ്ങൾ തൊട്ടു ഇന്റർ ഗ്ലേഷ്യൽ യുഗങ്ങൾ വരെയുള്ള കാല പരിണതികളിൽ സംഭവിച്ചിട്ടുള്ള കാലാവസ്ഥാഭ്രംശങ്ങളുടെ കമ്പനങ്ങൾക്കും വ്യതിഭ്രമങ്ങൾക്കും ഇന്നുനാം ആഘോഷിക്കുന്ന കാലാവസ്ഥാവ്യതിയാനങ്ങളുടെ മാർദ്ദവമുണ്ടായിരുന്നു എന്ന് കല്പനചെയ്യുക യുക്തിസഹമല്ല. ആകാശത്തു സംഭവിക്കുന്ന മേഘവിസ്ഫോടനങ്ങളും വെസ്സൂവിയസും കനേഡിയൻ കാട്ടു തീയുമൊക്കെ പുറത്തേക്കു തള്ളുന്ന പുകപ്പരപ്പുകളും സുനാമികളുമൊക്കെ ഭൗമ വിലയവ്യവസ്ഥയെത്തന്നെ തന്നെ തകിടം മറിച്ചെന്നിരിക്കും; ഭൗമസർവ്വനാശങ്ങളെ പ്രതിരോധിക്കാനുള്ള ഡിസാസ്റ്റർ ഡിഫെൻസ് ഫണ്ട്, വക മാറ്റിചെലവഴിച്ചതു കൊണ്ടോ,ന്യൂക്ളീയാർ സ്ഫോടനപരീക്ഷണങ്ങൾ നടത്തിയത് കൊണ്ടോ, ഹിരോഷിമ ആവർത്തിച്ചത് കൊണ്ടോ മനുഷ്യൻ ഭൗമവിലയവ്യവസ്ഥയിലും കാലാവസ്ഥയിലുമുണ്ടാക്കുന്ന വ്യതിയാനങ്ങൾ അപായകരങ്ങളാണ്എന്നതിനാൽ അവ ഒഴിവാക്കപ്പെടണമെന്നതിൽ തർക്കമില്ല; മനുഷ്യനെയും എൻവയോണ്മെന്റിനെയും രക്ഷിക്കുവാൻ ഈ നിഷേധാത്മക പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറുക എന്നതാണ് ലോകമാസകലം യുദ്ധവും ടെററിസവും വിതയ്ക്കുന്ന ലോകരക്ഷകർ ആദ്യം ചെയ്യേണ്ടത്. ഇതിനർത്ഥം ഇനി നാളെ ഉണ്ടാകുമെന്നു ആശങ്കപ്പെടുന്ന കാലാവസ്ഥാവിസ്ഫോടനത്തിനു മനുഷ്യൻ മാത്രമായിരിക്കും ഉത്തരവാദി എന്നല്ല. ഭൗമാന്തർഗർഭങ്ങളിൽനിന്നെന്നപോലെ ഭൗമബാഹ്യഘടകങ്ങളിൽ നിന്നുമായിരിക്കും ആ ഭീമവ്യതിയാനങ്ങൾ ഇടിഞ്ഞിറങ്ങുന്നതു എന്നാണ് പ്രീകംബ്രിയൻ യുഗങ്ങൾ മുതലിന്നിതു വരെയുള്ള ഭൗമ ഘടനാശാസ്ത്രം-geology- നമ്മെ പഠിപ്പിക്കുന്നത്.


മനുഷ്യപ്രാമാണികതാകേന്ദ്രീകൃത വാദം -- anthropocentrism

എൻവയോൺമെന്റൽ സയൻസിനെക്കുറിച്ചു ഇവിടെ കൊടുത്തിട്ടുള്ള നിർവചനത്തിൽ പ്രധാനഘടകം മനുഷ്യനാണ്. വർത്തമാനകാല ഹോളോസെനിക് യുഗത്തെ നിലനിർത്തുന്നതിനും ഇല്ലായ്മ ചെയ്യുന്നതിനും മനുഷ്യന് കഴിയും എന്ന ഒരു അത്യുക്തി അതിലുണ്ട. മനുഷ്യനു തന്നെപ്പോലെ തന്നെ മനുഷ്യേതരമായ എൻവയോണ്മെന്റിനെയും പൂർവസ്ഥിതിയിൽ നിലനിർത്താനും ആഗോളതാപനം പൊലൂഷൻ എന്നീമഹാവിപത്തുകളിൽ നിന്നും രക്ഷിക്കുവാനും കഴിയുമെന്ന സങ്കല്പത്തിലാണ് എൻവയോണ്മെന്റൽ ശാസ്ത്രം പ്രതിരോധപദ്ധതികൾക്ക് രൂപംകൊടുക്കുന്നത്. ആന്ത്രോപജീനിക് യുഗം എന്ന മനുഷ്യാതിക്രമയുഗത്തെപ്പറ്റി ഈ ശാസ്ത്രം എന്ത് പറഞ്ഞാലും ഇല്ലെങ്കിലും ഉത്പാദനം മനുഷ്യകേന്ദ്രീകൃതമാണ്. ഇവിടെ ആക്ടിവേറ്ററുടെ കർത്തൃ സ്ഥാനത്തു നിൽക്കുന്നത് മനുഷ്യനാണ്; എൻ വയോണ്മെന്റിനു മേൽ മനുഷ്യന്റെ കൈകാൽ പതിക്കുമ്പോൾ എന്തുണ്ടാകും എന്നല്ലാതെ എൻവയോൺമെന്റ് (ഇവിടെ ഉപയോഗിച്ചിരിക്കുന്ന അർത്ഥത്തിൽ) ആണ് മനുഷ്യോല്പത്തിക്ക് കാരണമെന്നോ എൻവയോണ്മെന്റിൽ ഉണ്ടാകുന്ന ഭീമമായ ഗതിവ്യതിയാനങ്ങളിൽ നിന്നാണ് മനുഷ്യൻ ഉരുവം കൊണ്ടതെന്നോ യുഗപരിണിതികൾ സംഭവിച്ചതെന്നോ ഉള്ള വാദങ്ങളൊന്നും ഈ ആന്ത്രോപോസെൻ ട്രിക് സമീപനത്തിന് ബാധകമല്ല; ഭൂമിയിലെ ഉൽപ്പാദന പ്രവർത്തനം മനുഷ്യകേന്ദ്രീകൃതമാണ്. പക്ഷെ മനുഷ്യന്റെ പ്രാമാണികത മറ്റു ഭൗമ അജൈവ ജൈവ ഘടകങ്ങൾക്കുമേൽ സ്ഥാപിച്ചെടുക്കുക എന്നൊരു ഉന്നം ഉൽപ്പാദനപ്രവർത്തനത്തിനില്ല. എന്തെന്നാൽ ലൈംഗികപ്രത്യുൽപ്പാദനമെന്നത് പോലെ ലൈംഗികേതര ഉൽപ്പാദനവും നൈസർഗ്ഗികത്വരയാണ്; നിർമ്മിതിപ്രവർത്തനങ്ങളുടെ ചില ഘട്ടങ്ങളിൽ മനുഷ്യനാണ് മനുഷ്യേതര ഘടകങ്ങളെക്കാൾ പ്രധാനം എന്ന്

വന്നെന്നിരിക്കും. വൻകടലുകളുടെ പ്രാമാണികത ഇല്ലാതാക്കാൻ കടലുകൾ വറ്റിപ്പോകണമെന്നോ മനുഷ്യന് കയറിപ്പറ്റാൻ കഴിയാത്ത ഉയരങ്ങളുള്ള പർവ്വതങ്ങൾ ഇടിഞ്ഞു വീഴണമെന്നോ കാണ്ടാമൃഗത്തേക്കാൾ ശ്രേഷ്ഠനാണ് മനുഷ്യൻ എന്ന് സ്ഥാപിക്കണമെന്നോ താല്പര്യമുള്ളതു കൊണ്ടല്ല മനുഷ്യൻ ഉത്പാദനപ്രവർത്തനം നടത്തുന്നത്. മനുഷ്യബാഹ്യമായ ദൈവമാണ് മനുഷ്യരിൽപ്പെട്ടവർ എവിടെ ഇരിക്കണമെന്നും എവിടെ നിൽക്കണമെന്നും തീരുമാനിക്കുന്നതു എന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു. ഗോപപൂജ നടത്തുന്ന ക്ഷേത്രത്തിൽ മനുഷ്യൻ പ്രവേശിക്കാൻ പാടില്ലെന്നൊരവസ്ഥ ഉണ്ടായിരുന്നു. അതല്ല ഉൽപ്പാദനത്തിന്റെ, തൊഴിൽ ശക്തിദായകനായ മനുഷ്യനാണ് മൂല്യനിർണയത്തിന്റെ മാനദണ്ഡം എന്നവാദത്തെയാണ് മാനവികതാവാദം എന്ന് പറയുന്നത്. മനുഷ്യനാണ് പ്രമാണം എന്നാണ് മനുഷ്യനാണ് പ്രമാണി എന്നല്ല മാനവികതാവാദം പറയുന്നത്. മതമേതോ ആവട്ടെ മനുഷ്യൻ നന്നായാൽമതി എന്നാണ് മാനവികതാവാദം പറയുന്നത്. മാനവികതാവാദത്തെ അപമാനവികമായ ഒരു ജന്തുശാസ്ത്ര പ്രാമാണികവാദമാക്കുന്ന കൃത്രിമ ബുദ്ധിയാണ് മനുഷ്യപ്രാമാണികതയുടെ അടിസ്ഥാനത്തിൽ മൂല്യനിർണ്ണയം നടത്തുന്ന ആന്ത്രോപോസെൻ ട്രിസത്തിനു പിന്നിൽപ്രവർത്തിക്കുന്നതു; മനുഷ്യർക്കിടയിലെ വർഗ്ഗവൈരുധ്യം എന്നതാണ്, യുദ്ധമാണ് ഭീകരവാദ പ്രവർത്തനമാണ് മനുഷ്യരാശി ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ദുരിതം എന്ന വസ്തുതയിൽ നിന്ന് ശ്രദ്ധതിരിക്കാനാണ്, ഒപ്പം അവികസിത-- വികസ്വരരാജ്യങ്ങളിലെ ഉൽപ്പാദനത്തിന്റെ കൈകളിൽ വിലങ്ങു വയ്ക്കാനാണ് മനുഷ്യനും അന്യ ജീവിവർഗ്ഗങ്ങളും തമ്മിലുള്ള വൈരുദ്ധ്യത്തെ മുതലാളിത്തവിപണി പെരുപ്പിച്ചു നിർത്തിയിരിക്കുന്നതു. മനുഷ്യനാണ് പ്രമാണിയെന്നതരത്തിലുള്ള ഇങ്ങനെയൊരു വാദത്തിനു പിന്നിൽപ്രവർത്തിക്കുന്നതു നരന്റെ രാഷ്ട്രീയമല്ല നരഭോജികളുടെ രാഷ്ട്രീയമാണ്; life is an effective response to surroundings- എന്നത് എൻവയോണ്മെന്റെന്ന സംപ്രത്യയം രൂപം കൊള്ളുന്നതിനുമുമ്പുള്ള വാക്യമാണ്. പുരുഷനും പ്രകൃതിയും തമ്മിലുള്ള സംവാദത്തിൽ പുരുഷൻ മുൻകൈ നേടുന്നുണ്ടെങ്കിലും പകൃതിയിൽ ജീവന്റെയും ജീവ നാശത്തിന്റെയും ഘടകങ്ങൾനിക്ഷിപ്തമാണ്എന്ന്‌ പൗരാണിക സാംഖ്യദർശനം പറയുന്നു. പുരുഷൻ കർതൃസ്ഥാനത്തു നിൽക്കുന്ന, ഈ പ്രകൃതിപുരുഷസന്തുലനത്തിന്റെ സംഗീതം, ഏതുനിമിഷവും ഒരു പുകച്ചുരുളാക്കി മാറ്റാൻ കഴിയുന്ന അന്ധകാര രൗദ്രം പ്രകൃതിയിൽ നിക്ഷിപ്തമാണ്. എന്തായാലും ഭൂമിയിലെ വർത്തമാനകാല യുഗത്തെ താപനവാതകവ്യതിയാന രോഗബാധകളില്ലാതെ നിലനിർത്തുവാൻ മനുഷ്യന് കഴിഞ്ഞാൽപ്പോലും മനുഷ്യബാഹ്യമായ ഭൗമബാഹ്യഘടകങ്ങളിൽ നിന്നുള്ള കമ്പനങ്ങൾ ഭൗമകാലാവസ്ഥയെ കീഴ്മേൽ മറിച്ചെന്നിരിക്കും എന്നാണ് ഇന്നിത് വരെയുള്ള ഭൗമഘടനാപരിണതിചരിത്രം നമ്മെ പഠിപ്പിക്കുന്നത്. എങ്കിൽപ്പോലും ഭൗമചുറ്റുപാടുകളുമായി സർഗ്ഗാത്മകമായി പ്രതി പ്രവർത്തിക്കുവാൻ ഏറ്റവും കഴിവുള്ള ജീവി മനുഷ്യൻ തന്നെയാണ്. അതുകൊണ്ടു നമുക്കു ചുറ്റുമുള്ള ലോകത്തു സൃഷ്ടിക്കുവാൻ കഴിയുന്നസർഗ്ഗാത്മകപരിണാമങ്ങൾക്കഭിമുഖമായി സഞ്ചരിക്കുക എന്നത് തന്നെയാണ് പരമ പ്രധാനമായിട്ടുള്ളത്. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന സന്ദേശം മറ്റൊരു രാഷ്ട്രീയ സന്ദർഭത്തിൽ കേട്ടതാണെങ്കിലും ചർക്കയിൽ നൂൽനൂൽക്കുന്ന മനുഷ്യൻ കോട്ടൺമില്ലുകൾക്കടിക്കല്ലിടുമ്പോൾ അത് മനുഷ്യധർമവിപുലനമായി മാറുകയാണ്. പിൽക്കാലത്തു കോട്ടൺ കയറ്റുമതിയിൽ ഇന്ത്യയ്ക്കുണ്ടായിരുന്ന മുമ്പൻസ്ഥാനം നഷ്ടപ്പെട്ടു. നിരവിധി കോട്ടൺ മില്ലുകൾപൂട്ടി; എന്നിട്ടും ലാഭാധിഷ്ഠിതവും ലോഭ -----fetish—വശ്യവുമായ ആഗോള കോട്ടൺ വ്യവസായ വിപണിയിൽ ഇന്ത്യയ്ക്ക് ഇടം കിട്ടി. ആഗോള കോട്ടൺ വ്യവസായം ആഗോള താപനത്തിനോ കാലാവസ്ഥാവ്യതിയാനത്തിനോ എന്ത് സംഭാവനചെയ്തു എന്നത് ഇന്ത്യയുടെ പ്രശ്നമല്ലാതായി; പക്ഷെ ആഗോളീകരണകാലാനന്തരം, കഴിഞ്ഞ ഇരുപത്തഞ്ചു വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിൽ പതിനായിരത്തിലുമധികം കുടുംബങ്ങൾ പരുത്തിക്കർഷക മേഖലയിൽ ആത്മഹത്യ ചെയ്തു.

പ്രവർത്തിക്കുവാൻ കഴിയാത്തതു കൊണ്ട് അവർ മരിച്ചു. അവർ ഒരു പാരിസ്ഥിതികാഘാതവുംസൃഷ്ടിച്ചതായി അറിവില്ല.........

(തുടരും)

207 views0 comments
bottom of page