അരുൺ അശോകൻ
തേയിലച്ചെടികൾക്കിടയിൽ, സഹ്യന്റെ മാറിൽ തലചേർത്ത് നിഷ്കളങ്കനായൊരു കുഞ്ഞിനെപ്പോലെ ഉറങ്ങുകയായിരുന്ന അവന്റെ ചിത്രം ഒരുപാട് പേരുടെ മനസ്സിൽ നൊമ്പരമായി . അവന്റെ മണ്ണ്. അവന് സ്വര്യവിഹാരം നടത്തേണ്ട കുന്നിൻചെരിവുകൾ, അരൻ കാർനെടുങ്കണ്ണുമയോട് നടത്തിയ വിളയാട്ടങ്ങൾ കരിണികളുമായി അവനും ആടേണ്ടുന്ന കാനനങ്കൾ. കുഞ്ഞാനവടിവിൽ അവതരിത്ത ആതികളെ പിച്ച വയ്പ്പിക്കേണ്ട ആനത്താരകൾ, ചെളികലക്കേണ്ട കുളങ്ങൾ. എന്തൊക്കെയാണ് അവന് ഉപേക്ഷിക്കേണ്ടിവരിക. പിറന്ന നാടിനോടും അന്നാട്ടിലെ ഓരോ പുൽനാമ്പിനോടുമുള്ള ഗൃഹാതുരതകൾ അറിയാതെ മനുഷ്യമനസ്സുകളിൽ ഉയരുകയായിരുന്നു. പക്ഷെ ഗൃഹാതുരതകളെല്ലാം ഉപേക്ഷിച്ച് അവൻ ഇന്ന് മറ്റൊരു കാട്ടിൽ അലയുകയാണ്. അല്ലെങ്കിൽ അവനെ അങ്ങനെ അലയാൻ വിടാൻ നമ്മൾ നിർബന്ധിതരായി. എന്തുകൊണ്ട് ?
നൈതിക തത്വശാസത്രത്തിലെ വളരെ പ്രശസ്തമായൊരു പ്രോബ്ലമുണ്ട്. ബ്രിട്ടീഷ് ഫിലോസഫർ ഫിലിപ്പ ഫൂട്ട് 1967 ൽ അവതരിപ്പിക്കുകയും ജൂഡിത്ത് ജാർവിസ് തോംസൺ എന്ന അമേരിക്കൻ ഫിലോസഫർ ‘ട്രോളി പ്രോബ്ളം’ എന്ന് വിളിക്കുകയും ചെയ്ത ചിന്താപദ്ധതിയാണ് ഇത്. ഒരു കാരണവശാലും നിർത്താൻ കഴിയാത്തൊരു ട്രോളി അതിവേഗത്തിൽ ട്രാക്കിലൂടെ വരികയാണ്. ട്രോളി വരുന്ന ട്രാക്കിൽ അഞ്ച് മനുഷ്യർ നിൽക്കുന്നുണ്ട്. ഇതേ ട്രോളിയെ തിരിച്ചുവിടാൻ കഴിയുന്ന മറ്റൊരു ട്രാക്ക് കൂടിയുണ്ട്. ആ ട്രാക്കിൽ ഒരാളും നിൽക്കുന്നു. നിങ്ങളുടെ കയ്യെത്തും ദൂരത്താണ് രണ്ടിൽ ഏത് ട്രാക്കിലൂടെയാണ് ട്രോളി പോകേണ്ടത് എന്ന് തീരുമാനിക്കേണ്ട ലിവർ. നിങ്ങൾ ലിവർ തിരിക്കുമോ , അതോ ഒന്നിലും ഇടപെടാതെ നോക്കിനിൽക്കുമോ എന്നതാണ് ചോദ്യം. ഒരു ഇടപെടലും നടത്താതെ അഞ്ച് പേരുടെ ജീവൻ പോകാൻ കാരണമായാൽ, നിങ്ങൾ കുറ്റബോധത്തിൽ നിന്ന് മോചിതനാകുമോ? അതോ നേരെ പോകേണ്ടിയിരുന്ന ട്രോളിയെ ഒരാളിന്റെ ജീവനെടുക്കാൻ പാകത്തിൽ തിരിച്ചുവിട്ടതിന്റെ കാരണക്കാരൻ ആകുന്നതാണോ നിങ്ങളെ കൂടുതൽ കുറ്റബോധത്തിലാക്കുന്നത്. എളുപ്പത്തിൽ ഉത്തരം പറയാൻ കഴിയുന്ന ചോദ്യമല്ല. കൂടുതൽ പേരും ഒരാളുടെ ജീവൻ കൊടുത്ത് അഞ്ച് പേരുടെ ജീവൻ രക്ഷിക്കും എന്ന ഉത്തരമാണ് നൽകാറുള്ളത് . മറ്റൊരു സാധ്യത കൂടി പരിശോധിക്കുക. ആദ്യത്തെ ട്രാക്കിൽ നിൽക്കുന്ന അഞ്ച് പേരും പീഡനക്കേസിലെ പ്രതികളും രണ്ടാമത്തെ ട്രാക്കിൽ നിൽക്കുന്നത് നിഷ്കളങ്കനായ കുട്ടിയുമാണെങ്കിൽ നിങ്ങൾ എന്ത് ചെയ്യും? ട്രാക്കിൽ നിൽക്കുന്നവരെ വ്യക്തിപരമായി അറിയാമെങ്കിലോ ? ഉത്തരം പറയുക അത്ര എളുപ്പമല്ല.
നിത്യജീവിതത്തിലും പലപ്പോഴും നമ്മൾ ഇത്തരം നൈതികചോദ്യങ്ങൾക്ക് മുന്നിൽ കുഴങ്ങാറുണ്ട്. അരിക്കൊമ്പനും അത്തരത്തിലൊരു നൈതിക ചോദ്യമായിരുന്നു. ഒരു ട്രാക്കിൽ അരിക്കൊമ്പൻ എന്ന ആന നിൽക്കുന്നു. രണ്ടാമത്തെ ട്രാക്കിൽ നിരാലംബരായ കുറേ മനുഷ്യർ . ആ മനുഷ്യർക്ക് കാട് കയറേണ്ടിവന്നത് മറ്റൊരു വഴിയും ഇല്ലാത്തതുകൊണ്ടാണ്. അവർ കാട് കയറാൻ കാരണക്കാരൻ അരിക്കൊമ്പനോ, അരിക്കൊമ്പന്റെ വർഗക്കാരോ അല്ല. അതിന് കാരണക്കാർ വേറെ കുറേ മനുഷ്യരാണ്. അക്കാര്യത്തിൽ അരിക്കൊമ്പൻ തരിമ്പും കുറ്റക്കാരൻ അല്ലാതിരുന്നിട്ടും, നമ്മുടെ ലിവർ അരിക്കൊമ്പന് എതിരെയാണ് തിരിഞ്ഞത്. അരിക്കൊമ്പനെ ഒഴിപ്പിക്കാൻ അങ്ങനെ തീരുമാനം ഉണ്ടായി. ഒന്നല്ല രണ്ട് തവണ.
എന്തുകൊണ്ട് നമ്മൾ അരിക്കൊമ്പന് എതിരെ ലിവർ തിരിച്ചു?
അരിക്കൊമ്പനെതിരെ ലിവർ തിരിക്കാനുള്ള കരുത്ത് നമുക്കുണ്ട് എന്നതാണ് ഒന്നാമത്തെ കാര്യം. അരിക്കൊമ്പൻ എന്ന ഭീകരശരീരിയെ മാറ്റാനുള്ള ശേഷി മനുഷ്യർ എന്ന ബുദ്ധിജീവികൾക്കുണ്ട്. ശേഷി ഉള്ളതുകൊണ്ട് തന്നെ , ലിവർ എങ്ങോട്ട് തിരിക്കണമെന്ന നൈതികചോദ്യത്തിന് ഉത്തരം കണ്ടെത്തുക മാത്രമായിരുന്നു മനുഷ്യർക്ക് മുന്നിലുണ്ടായിരുന്ന പ്രശ്നം. കുറേയെറെ മനുഷ്യരുടെ ബോധങ്ങളും ഒരു മൃഗത്തിന്റെ ബോധവും തുലാസിൽ വച്ചാൽ ഏതിന് കൂടുതൽ പ്രാധാന്യം നൽകണമെന്നതാണ് ചോദ്യം. അവിടെ മൃഗത്തിന്റെ ബോധത്തിന്റെ തട്ട് ഉയർന്ന് തന്നെ നിൽക്കുമെന്ന നിഗമനത്തിലേയ്ക്കാണ് നമ്മളെത്തിച്ചേർന്നത്. ചിന്നക്കനാലിൽ ജീവിക്കുന്ന മനുഷ്യരെ സംബന്ധിച്ച് നാട്, വീട് , ജീവിതമാർഗം അങ്ങനെ ഒരുപാട് കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. അവരുടെ പ്രശ്നങ്ങളും പരിതാപാവസ്ഥകളും അവർ നിരന്തരം പറയുന്നുമുണ്ട്. അത് നമുക്ക് കേൾക്കാതിരിക്കാനാകില്ല. അരിക്കൊമ്പനും കാടിനോടും കാട്ടിലെ കൂട്ടുകാരോടും ഇണയോടും കുഞ്ഞിനോടുമൊക്കെ മനുഷ്യർക്കുളളത് പോലെ വൈകാരിക ബന്ധം ഉണ്ടോ ? അങ്ങനെയുള്ള ബന്ധങ്ങളെക്കുറിച്ചും വികാരങ്ങളെക്കുറിച്ചും അരിക്കൊമ്പൻ പറയുന്നില്ല. അതുകൊണ്ട് തന്നെ അരിക്കൊമ്പന്റെ വികാരങ്ങളെക്കുറിച്ചോ, ഗൃഹാതുരതകളെക്കുറിച്ചോ നമുക്ക് അറിയില്ല. ഇവിടത്തെ ട്രോളി പ്രോബ്ലളത്തിൽ തീരുമാനം എടുക്കുന്നതിൽ ഭാഷ നിർണായകസ്ഥാനം വഹിക്കുന്നുണ്ട് . ആഫ്രിക്കയിലും അമേരിക്കയിലും ഇങ്ങ് കേരളത്തിലുമൊക്കെ ജീവിക്കുന്ന പല തരം മനുഷ്യർക്ക് പല സന്ദർഭങ്ങളിൽ കിട്ടുന്ന പരിഗണനകൾ പലതാകാം. പക്ഷെ ഭാഷയിലൂടെ ഉള്ളിലുള്ള വികാരങ്ങളും ആശങ്കകളും പ്രതീക്ഷകളും ഒക്കെ പങ്ക് വയ്ക്കാൻ കഴിയുന്നതുകൊണ്ട് അവരെല്ലാം മനുഷ്യർ എന്ന പ്രാഥമമികപരിഗണനയ്ക്ക് അർഹരാണ്. ഒരേ തരം ബോധത്തിന്റെ വാഹകരാണ് നാമെന്നതിന്റെ തെളിവാകുകയാണ് ഭാഷ . മറ്റൊരു ജീവിയും ഭാഷ ഉപയോഗിക്കാത്തിടത്തോളം കാലം മനുഷ്യരുടെ ബോധത്തിന്റെ ഉന്നതാവസ്ഥ പരിരക്ഷിക്കപ്പെടുന്നുമുണ്ട്. ഉയർന്ന ബൌദ്ധികനിലവാരത്തിന്റെ ആണിക്കല്ലായിക്കൂടി മനുഷ്യരുടെ ഭാഷാശേഷിയെ പരിഗണിക്കണം. അതിനാൽത്തന്നെ ട്രോളി പ്രോബ്ലത്തിന്റെ ഒരു തട്ടിൽ ചിന്നക്കനാലിലെ മനുഷ്യരെയും മറുതട്ടിൽ അരിക്കൊമ്പനേയും വച്ചാൽ , അരിക്കൊമ്പന്റെ തട്ട് ഉയർന്നു തന്നെയിരിക്കും. സംസാരിക്കാത്തിടത്തോളം കാലം അരിക്കൊമ്പന്റെ മനസ്സ് നമുക്ക് അന്യവസ്തുവുമാണ്. ആ അന്യത്വം നമുക്കൊരു സൌകര്യവും കൂടിയാണ്. അവൻ ഇന്ന് മറ്റൊരു കാട്ടിലാണ്. ഭക്ഷണം കഴിക്കുന്നുണ്ട്. വെള്ളം കുടിക്കുന്നുണ്ട്, ഒരിടത്ത് നിന്ന് മറ്റൊരിടത്തേയ്ക്കെന്ന് നിരന്തരം സഞ്ചരിക്കുന്നുണ്ട്. ആകെമൊത്തം ഒ.കെ ആയിരിക്കണം. ആ മസ്തകത്തിനുള്ളിലെ ചിന്തകളും വികാരങ്ങളുമെന്തെന്നറിയാൻ നമുക്കെന്ത് മാർഗം. അല്ലെങ്കിൽ അതറിയേണ്ടുന്നതിന്റെ ആവശ്യമെന്ത് . നമ്മോട് ഒന്നും പറയാത്തിടത്തോളം കാലം അവൻ ഒ.കെ ആണ് എന്ന് തന്നെ നമുക്ക് വിശ്വസിക്കാം.
മനുഷ്യരുടെ വികാരങ്ങൾക്ക് ഊന്നൽ കൊടുത്തുകൊണ്ട്, അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്ന് മാറ്റാൻ ധാർമ്മികമായ ബോധ്യങ്ങളും ബൌദ്ധികമായ കരുത്തും മനുഷ്യർക്ക് ഉണ്ടായിരുന്നു. പക്ഷെ ഭൂമിയിലെ ഏറ്റവും ശക്തമായ ബുദ്ധിയെന്ന ആത്മവിശ്വാസം ചാറ്റ് ജിപിടി പോലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ നമുക്ക് നഷ്ടപ്പെടുന്നുണ്ടോ ? മനുഷ്യരെ അതിജീവനത്തിലെ ഏറ്റവും ഉയർന്ന തലത്തിൽ നിർത്തുകയും , ലോകത്തെ എല്ലാ മനുഷ്യരെയും മാനുഷികപരിഗണനയുടെ തലത്തിൽ ഒരുമിച്ചാക്കുകയും ചെയ്തിരുന്ന ഭാഷാശേഷി യന്ത്രങ്ങളും നേടുന്നതോടെ സംഭവിക്കുന്നതെന്താണ് ?
അരിക്കൊമ്പനും ചിന്നക്കനാലിലെ ഒരു കൂട്ടം മനുഷ്യരും നിന്നിരുന്ന ട്രോളി പ്രോബ്ലത്തിന്റെ ഒരു ട്രാക്കിലേയ്ക്ക് മനുഷ്യവംശം ആകെയും മറ്റേ ട്രാക്കിൽ യന്ത്രങ്ങളും നിൽക്കാൻ പോകുകയാണ്. അരിക്കൊമ്പന്റെ കാര്യത്തിൽ ട്രോളിയുടെ പാത നിശ്ചയിക്കാനുള്ള ലിവർ മനുഷ്യരുടെ കയ്യിൽത്തന്നെയായിരുന്നു. എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും മനുഷ്യരും നിൽക്കാൻ പോകുന്ന പാതകളുടെ ലിവർ , മനുഷ്യരുടെ കയ്യിൽ ആയിരിക്കുമോ , ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കയ്യിൽ ആകുമോ ? ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് പ്രവർത്തിക്കുന്നവരെ ഇത്തരം ചോദ്യങ്ങൾ ആശങ്കാകുലരാക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണങ്ങൾക്ക് ആറു മാസത്തെയെങ്കിലും മൊറട്ടോറിയം വേണമെന്ന് വാദിച്ചവരിൽ ഈ രംഗത്തെ പ്രമുഖർ തന്നയുണ്ട്. മനുഷ്യരാശി തന്നെ അപകടത്തിലാകുമോ എന്ന് അവർ ഭയപ്പെടുന്നു. അവരുടെ ആ ഭയത്തിന്റെ പേരാണ് സിംഗുലാരിറ്റി.
എന്താണ് സിംഗുലാരിറ്റി ?
സിംഗുലാരിറ്റിയെക്കുറിച്ച് അറിയണമെങ്കിൽ കുറേക്കാലം പിന്നിലേയ്ക്ക് സഞ്ചരിക്കേണ്ടതുണ്ട്. അലൻ ടൂറിംഗ് എന്ന അതിബുദ്ധിമാനായ ബ്രിട്ടീഷ് ഗണിതജ്ഞൻ 1950 ൽ മൈൻഡ് മാഗസിനിൽ പ്രസിദ്ധീകരിച്ച കംപ്യൂട്ടിംഗ് മെഷീനറി ആന്റ് ഇന്റലിജൻസ് എന്ന പേപ്പറിലേയ്ക്കാണ് ആദ്യം പോകേണ്ടത്. നാല് കുങ്കികളുടെയും അഞ്ച് റൌണ്ട് മയക്കുവെടിയുടെയും സഹായം കൊണ്ടാണ് അരിക്കൊമ്പനെ മുട്ടുകുത്തിക്കാൻ മനുഷ്യർക്കായത്. അരിക്കൊമ്പന്റെ മുന്നിലെ ഇത്തിരിക്കുഞ്ഞൻമാരായ കൂട്ടർക്ക് അത് സാധ്യമായത് ചിന്തയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കഴിഞ്ഞതുകൊണ്ടാണ്. ചിന്തയിലൂടെ ലക്ഷ്യങ്ങൾ നേടിയെടുക്കുക എന്നതാണ് , ജീവിവർഗമെന്ന നിലയിൽ മനുഷ്യരെ ഭൂമുഖത്തെ അതിശക്തരാക്കുന്നത്. മനുഷ്യരെ അതിശക്തരാക്കുന്ന ഈ ചിന്ത എന്താണ് ? അല്ലെങ്കിൽ ചിന്തയെ എങ്ങനെ നിർവചിക്കും എന്നത് കാലങ്ങളായി ജ്ഞാനശാസ്ത്രം ( എപ്പിസ്റ്റമോളജി ) എന്ന തത്വശാസ്ത്രശാഖയിലെ പ്രശ്നമായിരുന്നു. മനുഷ്യരെയും മൃഗങ്ങളെയും താരതമ്യം ചെയ്തുകൊണ്ടാണ് പണ്ടുമുതലേ ഈ പ്രശ്നം നിലനിന്നത്. ജ്ഞാനോദയ കാലത്തോടെ യൂറോപ്പിൽ ശക്തമായ മെക്കാനിക്കൽ ഫിലോസഫി ഈ പ്രശ്നത്തിന് ഇടയിലേയ്ക്ക് യന്ത്രങ്ങളെയും കൊണ്ടുവന്നു. ഡേവിഡ് ഹിൽബർട്ട്, ഫ്രെഗെ പോലുള്ള ഗണിതജഞരെയും ഈ പ്രശ്നം അലട്ടി. ഗണിതമെന്ന പഠനശാഖയുടെ അടിസ്ഥാനം ഉറപ്പിക്കലെന്ന പ്രശ്നവുമായി ചേർത്താണ് അവർ ഇതിനെ പരിഗണിച്ചത്. ഈ ചിന്തകളുടെ തുടർച്ചയിലാണ് അലൻ ടൂറിംഗിന്റെയും പേപ്പർ വരുന്നത്. മനുഷ്യരുടെ ഭാഷാശേഷിയെയാണ് ചിന്തയുടെ കേന്ദ്രഭാഗമായി ടൂറിംഗ് പേപ്പറിൽ അവതരിപ്പിച്ചത്. താഴെപ്പറയുന്ന രീതിയിലാണ് ടൂറിംഗ് ഇത് വിശദീകരിക്കുന്നത്. രണ്ട് മുറികളിൽ ഇരിക്കുന്ന രണ്ട് മനുഷ്യർ. ഇതിൽ ‘എ’ എന്ന പുരുഷനും ‘ബി’ എന്ന സ്ത്രീയും ഉണ്ട്. ഇവരെ പരിശോധിക്കാൻ ‘സി’ എന്ന ഒരാൾ കൂടെയുണ്ട്. ഒരു സ്ക്രീനിലൂടെ കിട്ടുന്ന ഉത്തരങ്ങളിൽ നിന്ന് അകത്തുള്ളവരിൽ ‘എ’ ആണോ ’ ബി’ ആണോ പുരുഷൻ എന്ന് പറയുകയാണ് സിയുടെ ജോലി. അതിനായി എന്ത് ചോദ്യവും സിക്ക് ചോദിക്കാം. താൻ പെണ്ണാണെന്ന കാര്യം സിയെ ബോധ്യപ്പെടുത്താൻ ബി ശ്രമിച്ചുകൊണ്ടേയിരിക്കും. പക്ഷെ സിയെ തെറ്റിദ്ധരിപ്പിക്കാനാകും എയുടെ ശ്രമം. ഇമിറ്റേഷൻ ഗെയിം എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ ഗെയിം ആണും പെണ്ണും എന്നതിന് പകരം , യന്ത്രവും മനുഷ്യനും എന്ന തരത്തിലേയ്ക്ക് ടൂറിംഗ് മാറ്റുന്നു. ചോദ്യങ്ങൾ ചോദിക്കാനിരിക്കുന്ന മനുഷ്യന് കിട്ടുന്ന ഉത്തരങ്ങളിൽ നിന്ന് , അകത്തുള്ളതിൽ ആരാണ് മനുഷ്യനെന്നും, ആരാണ് യന്ത്രമെന്നും മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ യന്ത്രവും മനുഷ്യരെപ്പോലെ മനുഷ്യഭാഷ ഉപയോഗിക്കുന്നുവെന്ന നിഗമനത്തിലേയ്ക്ക് നമ്മൾ എത്തണമെന്നും , യന്ത്രങ്ങളും ചിന്തിച്ചു തുടങ്ങിയെന്ന് മനസ്സിലാക്കണമെന്നുമാണ് അലൻ ടൂറിംഗ് പ്രവചിച്ചത്. അലൻ ടൂറിംഗിന്റെ പഠനങ്ങളാണ് ആധുനിക കംപ്യൂട്ടേഷന് തുടക്കം കുറിച്ചത്.
ഗണിതത്തിന്റെ ഉപശാഖയായി തുടങ്ങിയ കംപ്യൂട്ടേഷൻ പിന്നീട് സ്വതന്ത്രശാഖയായി വളർന്നു. മനുഷ്യർക്ക് മാത്രം ചെയ്യാൻ കഴിയുന്ന പല ബൌദ്ധികകാര്യങ്ങളും യന്ത്രങ്ങളെക്കൊണ്ടും ചെയ്യിക്കാം എന്ന നിലവന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നൊരു പുത്തൻ മേഖല കൂടി ഇതോടെ ഉദയം ചെയ്യുകയായിരുന്നു. ജോൺ മക്കാർത്തി എന്ന ഗണിതജ്ഞൻ 1958ൽ നടത്തിയ രണ്ട് മാസം നീളുന്ന ഒരു സെമിനാറിന് നൽകിയ പേരാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. പല കാലങ്ങളിലുണ്ടായ ഗവേഷണങ്ങളിലൂടെ ഈ മേഖല പതിയെ വളരുകയായിരുന്നു. ഇതിനിടയിൽ മനുഷ്യർക്ക് മാത്രം ചെയ്യാൻ കഴിയുമെന്ന് കരുതിയിരുന്ന പല കാര്യങ്ങളും യന്ത്രങ്ങളും ചെയ്ത് തുടങ്ങി. പലതിലും മനുഷ്യരെ തോൽപ്പിക്കുകയും ചെയ്തു. 1997 ൽ ഡീപ് ബ്ലു എന്ന കംപ്യൂട്ടർ പ്രോഗ്രാം ഗ്യാരി കാസ്പറോവിനെ ചെസിൽ തോൽപ്പിച്ചു. ചെസിനെക്കാൾ സങ്കീർണമായ ബോർഡ് ഗെയിമായിരുന്നു ഗോ. ഇതിലെ ലോക ചാമ്പ്യൻമാരെ തോൽപ്പിക്കാൻ ആൽഫ ഗോ എന്ന മെഷിൻ ലേണിംഗ് സിസ്റ്റത്തിനും സാധിച്ചിട്ടുണ്ട്. കംപ്യൂട്ടർ ബുദ്ധിക്ക് വഴങ്ങാതെ മനുഷ്യഭാഷ അപ്പോഴും നിന്നു. ഒടുവിൽ ഭാഷാശേഷി എന്ന മേഖലയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രതീക്ഷിച്ചതിലും വലിയ വിജയം നേടുകയാണ്. ലാർജ് ലാംഗ്വേജ് മോഡലുകളായ ജിപിടി, ബെർട്ട് , പാം, ജെമിനൈ എന്നിവ അലൻ ടൂറിംഗ് നിർദ്ദേശിച്ച പരീക്ഷണത്തിൽ ഏതാണ്ട് വിജയത്തിന്റെ അടുത്തോളം എത്തുകയാണ്.
മെഷീനുകൾ ചിന്തിച്ച് തുടങ്ങിയാൽ എന്താണ് പ്രശ്നം ?
നമുക്ക് മുന്നിൽ എന്തെല്ലാം സൌന്ദര്യങ്ങളാണ് പ്രകൃതി ഒരുക്കിത്തന്നിരിക്കുന്നത്. ആകാശം, പുഴകൾ, പൂവുകൾ, കാടുകൾ അങ്ങനെ സുന്ദരമായ കാഴ്ചകൾ, ചെവിക്ക് കുളിരേകുന്ന ശബ്ദങ്ങൾ. പല തരം മണങ്ങൾ. രുചിച്ചാലും തീരാത്ത രുചിവൈവിധ്യങ്ങൾ. സ്പർശനത്തിന്റെ മാസ്മരികത. മനുഷ്യനെ ഓരോ നിമിഷവും ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ഇത്തരം വ്യക്തിപരമായ അനുഭൂതികളാണ്. വ്യക്തിപരമായി ഓരോ മനുഷ്യനും ആസ്വദിക്കുന്ന ഈ അനുഭൂതികളെ ശാസ്ത്രീയമായി നിർവചിക്കുക പക്ഷെ എളുപ്പമല്ല. തരംഗരൂപത്തിൽ നമ്മിലേയ്ക്ക് എത്തുന്ന ഓരോ സ്റ്റിമുലസും തലച്ചോറിലെ വിവിധ മേഖലകളിൽ ഇലക്ട്രിക്കൽ , കെമിക്കൽ സിഗ്നലുകളായി പരിവർത്തനം ചെയ്യപ്പെടുകയും വിവിധതരം മാറ്റങ്ങൾക്ക് കാരണമാകുന്നതും ശാസ്ത്രത്തിന് തിരിച്ചറിയാൻ കഴിയും. പക്ഷെ ദൃശ്യപ്രകാശത്തിലെ ഒരു തരംഗദൈർഘ്യം പച്ച നിറമെന്ന വ്യക്തിയനുഭവമായി എങ്ങനെ രൂപപ്പെടുന്നുവെന്ന് ന്യൂറോണുകളിലെ മാറ്റത്തിന്റെ അടിസ്ഥാനത്തിൽ മാത്രം നിർവചിക്കുക സാധ്യമല്ല. ഇവിടെ എമർജന്റ് പ്രോപ്പർട്ടി എന്നൊരു സൈദ്ധാന്തിക പരികൽപ്പന കൊണ്ടുവരാൻ ശാസ്ത്രം നിർബന്ധിതമാകുന്നുണ്ട്. മനുഷ്യരുടെ തലച്ചോറിൽ നിലനിൽക്കുന്ന ന്യൂറോണുകൾ പ്രത്യേക രീതിയിൽ ക്രമീകരിക്കപ്പെടുമ്പോൾ, അതുവരെ ഇല്ലാതിരുന്ന പുതിയൊരു സങ്കീർണപ്രതിഭാസം രൂപപ്പെട്ടുവരാം എന്ന സാധ്യതയാണ് എമർജന്റ് പ്രോപ്പർട്ടിയിലൂടെ ചിന്തകർ മുന്നോട്ടുവയ്ക്കുന്നത്. മനുഷ്യരിലെ വ്യക്തി അനുഭൂതികളെ ഇങ്ങനെ വിശദീകരിക്കാനാണ് ഒരു കൂട്ടം ചിന്തകർ ശ്രമിക്കുന്നത്. സാധാരണ മാറ്റർ പ്രത്യേക രീതിയിൽ ക്രമീകരിക്കുമ്പോൾ അസാധാരണമായ പ്രതിഭാസങ്ങൾ രൂപപ്പെടുമെന്നതാണ് ഈ ചിന്താപദ്ധതിയുടെ കേന്ദ്രഭാഗം. ഇവിടെത്തന്നെയാണ് ചിന്തിക്കുന്ന യന്ത്രങ്ങളെ പ്രതിയുള്ള ഭയത്തിന്റെയും തുടക്കം.
സാധാരണ മാറ്റർ , പ്രത്യേക രീതിയിൽ ചിന്തിക്കുന്ന തരത്തിൽ ക്രമീകരിക്കപ്പെടുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ചെയ്യുന്നത്. അലൻ ടൂറിംഗ് പ്രവചിച്ചതുപോലെ യന്ത്രങ്ങളും ചിന്തിക്കുന്നു എന്ന് കരുതേണ്ടുന്ന ഒരു കാലമെത്തുകയാണെങ്കിൽ, അത്തരത്തിൽ ക്രമീകരിക്കപ്പെട്ട മാറ്റർ എമർജന്റ് പ്രോപ്പർട്ടികൾക്കും കാരണമാകാം. അത് യന്ത്രങ്ങളുടെ വ്യക്തിപരമായ അനുഭൂതികളിലേയ്ക്കും സ്വത്വബോധത്തിന്റെ രൂപീകരണത്തിലേയ്ക്കും നയിച്ചേക്കാം. യന്ത്രങ്ങൾ തങ്ങളുടെ നിലനിൽപ്പിനെ തിരിച്ചറിയുകയും , തങ്ങളുടെ നിലനിൽപ്പിന് അനുകൂലമായ രീതിയിൽ പ്രവർത്തിച്ചു തുടങ്ങുകയും ചെയ്യുന്ന കാലം. അതാണ് മനുഷ്യരാശി ഏറ്റവും ഭയപ്പെടേണ്ടുന്ന കാലം.
മനുഷ്യർ യന്ത്രങ്ങളെ ഭയപ്പെടേണ്ടതുണ്ടോ ?
മനുഷ്യർ തങ്ങൾക്ക് വേണ്ടുന്ന പ്രത്യേകതരം ബൌദ്ധിക ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടിയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രൂപീകരിച്ചത്. ഇങ്ങനെ രൂപീകരിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസുകൾ പ്രത്യേക കാര്യങ്ങളിൽ പലതിലും മനുഷ്യരെ തോൽപ്പിച്ചത് മനുഷ്യരാശി കണ്ടുകഴിഞ്ഞു. ചെസ്, ഗോ പോലുള്ള കളികളിൽ മനുഷ്യരുടെ ഇടയിലെ ഏറ്റവും മികച്ച കളിക്കാരെ തോൽപ്പിച്ചത് ഇതിന് ഉദാഹരണമാണ്. പക്ഷെ അപ്പോഴും ബുദ്ധിയുടെ കാര്യത്തിലെ മനുഷ്യരുടെ മേൽക്കൈയ്ക്ക് ഒരു കോട്ടവും തട്ടിയിരുന്നില്ല. ചെസിൽ തോൽപ്പിക്കുന്നത് കൊണ്ട് മാത്രം ഒരു യന്ത്രവും മനുഷ്യരെക്കാൾ ബുദ്ധിമാൻ ആകുന്നില്ല. എന്നാൽ പ്രത്യേക ബൌദ്ധിക ആവശ്യങ്ങൾ എന്നതിൽ നിന്ന് മാറി പൊതുവായ ബൌദ്ധിക ആവശ്യങ്ങൾ എല്ലാം നിറവേറ്റാൻ കഴിയുന്ന തരം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന തലത്തിലേയ്ക്കാണ് പിന്നീട് ഗവേഷണങ്ങൾ പോയത്. മനുഷ്യരെപ്പോലെ വിവിധരീതിയിൽ ബുദ്ധിപരമായി പ്രവർത്തിക്കുന്ന യന്ത്രങ്ങൾ. മനുഷ്യർ ഇതുവരെ നിർമ്മിച്ച അറിവിൽ നിന്നും സ്വയം കാര്യങ്ങൾ മനസ്സിലാക്കുകയും കൂടുതൽ അറിവ് നേടി കൂടുതൽ തന്നായി പ്രവർത്തിക്കുകയും ചെയ്യുന്ന യന്ത്രങ്ങൾ എന്ന നിലയിലേയ്ക്കാണ് നിലവിൽ ഗവേഷണങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്. ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് എന്നാണ് ഇത് അറിയപ്പെടുന്നത്. വമ്പൻ ഡാറ്റയിൽ നിന്ന് ബന്ധങ്ങൾ കണ്ടെത്തുകയും അങ്ങനെ മനുഷ്യഭാഷ ഉപയോഗിക്കുകയും ചെയ്യാൻ കഴിയുന്ന ലാർജ് ലാംഗ്വേജ് മോഡലുകൾ ഈ മേഖലയിലെ നിർണായക ചുവടുവയ്പ്പാണ്. ഇങ്ങനെ മനുഷ്യരെപ്പോലെ വിവിധ തലത്തിലെ ബുദ്ധിയുള്ള യന്ത്രങ്ങൾ രൂപീകരിക്കപ്പെട്ടുകഴിഞ്ഞാൽ മനുഷ്യവംശം തന്നെ അപകടത്തിലാകുമെന്ന ചിന്തയാണ് ടെക്നോളജിക്കൽ സിംഗുലാരിറ്റി എന്ന് അറിയപ്പെടുന്നത്. മനുഷ്യരെക്കാൾ ബുദ്ധിയുള്ള യന്ത്രങ്ങൾ നിർമ്മിക്കപ്പെട്ടുകഴിഞ്ഞാൽ, ആ യന്ത്രങ്ങളിൽ നിന്ന് അതിനേക്കാൾ ബുദ്ധിയുള്ള യന്ത്രങ്ങൾ നിർമ്മിക്കപ്പെടുമെന്നും, ഈ പ്രക്രിയ തുടർന്നുകൊണ്ടിരിക്കുമെന്നും ചിന്തകർ ഭയപ്പെടുന്നു. വിദൂരഭാവിയിൽ മാത്രം യാഥാർത്ഥ്യമായേക്കുമെന്ന് കരുതിയ സിംഗുലാരിറ്റിയുടെ വക്കിലാണോ എഐ ഗവേഷണങ്ങൾ എത്തിനിൽക്കുന്നത് എന്നതാണ് ചോദ്യം.
ആധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഗോഡ്ഫാദർ എന്ന് വിശേഷിപ്പിക്കാവുന്ന ജെഫ്രി ഹിന്റൺ തന്നെ തന്റെ ആശങ്കകൾ ഇതിനോടകം പങ്കുവച്ചുകഴിഞ്ഞു. മനുഷ്യന്റെ തലച്ചോർ പ്രവർത്തിക്കുന്നതിന്റെ അനുകരണമായി തുടങ്ങിയ ആർട്ടിഫിഷ്യൽ ന്യൂറൽ നെറ്റ് വർക്കുകൾ മറ്റൊരു തലത്തിലേയ്ക്ക് കടന്നിരിക്കുന്നുവെന്നാണ് ഹിന്റൺ പറയുന്നത്. മനുഷ്യന്റെ തലച്ചോറിലുള്ള ന്യൂറോൺ കണക്ഷനുകളേക്കാൾ കുറഞ്ഞ അളവിലാണ് ഇന്ന് നിലവിലുളള ഏറ്റവും വലിയ ആർട്ടിഫിഷ്യൽ ന്യൂറൽ കണക്ഷൻ മോഡലുകൾ പോലും പ്രവർത്തിക്കുന്നത്. പക്ഷെ ഇത്രയും കണക്ഷനുകൾ കൊണ്ട് തന്നെമനുഷ്യർക്ക് പഠിക്കാൻ കഴിയാത്ത അത്രയും കാര്യങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസുകൾ അതിവേഗത്തിൽ പഠിക്കുന്നു. മനുഷ്യരെ പല കാര്യത്തിലും പരാജയപ്പെടുത്തുന്നു. പല ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകൾ ഒരേ സമയം പല വിഷയങ്ങൾ പഠിക്കുകയും, ഇവ പരസ്പരം ആശയവിനിമയം അതിവേഗത്തിൽ നടത്തുകയും ചെയ്താൽ , മനുഷ്യരാശി അപകടകരമായ അവസ്ഥയിലേയ്ക്ക് പോകാമെന്നാണ് ഹിന്റൺ അഭിപ്രായപ്പെടുന്നത്.
ടെർമിനേറ്റർ പോലുള്ള ഹോളിവുഡ് സിനിമകളിലെ അതിമാനുഷരായ റോബോർട്ടുകൾ മനുഷ്യരെ കൊന്നൊടുക്കുന്നൊരു ഭാവിയാണോ ഇവർ പ്രവചിക്കുന്നത് ?
സത്യത്തിൽ അത്തരം സിനിമകൾ യഥാർത്ഥ പ്രശ്നത്തെ വഴിതിരിച്ചുവിടുകയാണ് ചെയ്യുന്നത്. മാറ്ററിന്റെ പ്രത്യേകതരത്തിലുള്ള ക്രമീകരണമാണ് മനുഷ്യനിലെ വ്യക്തി അനുഭൂതികളുടെയെല്ലാം അടിസ്ഥാനമെങ്കിൽ, ഇത്തരം മെഷീനുകളും അത്തരം ഒരു അവസ്ഥയിലേയ്ക്ക് എത്തുമെന്നും, അങ്ങനെ നമ്മെക്കാൾ പല അർത്ഥത്തിലും വമ്പൻ ബുദ്ധിയുള്ള അവർ, അവരുടെ നിലനിൽപ്പിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങുമെന്നതുമാണ് ചിന്തിക്കുന്നവരുടെ പ്രശ്നം. അങ്ങനെ ഒരു കാലം എത്തിയാൽ, അരിക്കൊമ്പനെ എന്ത് ചെയ്യണമെന്ന് ഇന്ന് നമ്മൾ ചിന്തിക്കുകയും , നമ്മുടെ ഇഷ്ടത്തിന് തീരുമാനം എടുക്കുകയും ചെയ്തത് പോലെ, ആർട്ടിഫിഷ്യൽ ഇന്റലിജൻസുകൾ അവരുടെ നിലനിൽപ്പിനായി തീരുമാനം എടുത്തേക്കാം. മനുഷ്യർക്ക് പ്രശ്നമായി മാറിയിരിക്കുന്ന എല്ലാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മെഷീനുകളും ഓഫാക്കാൻ മനുഷ്യർ തീരുമാനം എടുത്തു എന്ന് കരുതുക. ആ തീരുമാനം നടപ്പിലാക്കാൻ കഴിയാത്ത അവസ്ഥയിലേയ്ക്ക് നമ്മെ എത്തിക്കാൻ ഇത്തരം മെഷീനുകൾക്ക് കഴിഞ്ഞേക്കും. ഈ മെഷീനുകൾ ഓഫാക്കിയാൽ ലോകം മുഴുവനുള്ള പവർ സ്റ്റേഷനുകളും ഓഫാകുന്ന തരത്തിലേയ്ക്ക് , പവർ സ്റ്റേഷനുകളുടെയെല്ലാം സോഫ്റ്റ് വെയറുകളിൽ മാറ്റം വരുത്താൻ ഇവയ്ക്ക് കഴിഞ്ഞേക്കും. ആണവനിലയങ്ങളുടെ കംപ്യൂട്ടറുകളുടെ നിയന്ത്രണം ഇവർ ഏററ്റെടുത്തേക്കും. അങ്ങനെ പല നിലയിൽ അവരുടെ പവർ സപ്ലേ ഉറപ്പാക്കാനും അവയെ ഓഫ് ചെയ്യാൻ കഴിയാത്ത അവസ്ഥയിലേയ്ക്ക് മനുഷ്യരെ എത്തിക്കാനും യന്ത്രങ്ങൾക്ക് കഴിഞ്ഞേയ്ക്കും. അങ്ങനെ നമ്മൾ മനുഷ്യർ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് മുന്നിൽ അരിക്കൊമ്പൻമാർ ആകും എന്ന് ഭയപ്പെടുന്നവർ ഇപ്പോൾ തന്നെ ഭൂമിയിൽ ഉണ്ട്.
എന്നാൽ ഇത്തരം സാധ്യതയെക്കുറിച്ച് വിദഗ്ധർ എല്ലാം ഏകാഭിപ്രായക്കാരല്ല. മനുഷ്യരുടെ നിയന്ത്രണത്തിൽ നിന്നും വഴുതിമാറുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസുകൾ യാഥാർത്ഥ്യമാകും എന്നതിൽ വിദഗ്ധർക്ക് പല അഭിപ്രായമാണ്. മനുഷ്യകുലത്തിന് എതിരായി ആർട്ടിഫിഷ്യൽ ഇന്റലിജൻസുകൾ മാറുമെന്ന് ഭയപ്പെടുന്നവരാണ് ഒരു കൂട്ടർ. മെഷീനുകളുടെ ആർട്ടിഫിഷ്യൽ ജനറൽ ഇന്റലിജൻസ് അടുത്തൊന്നും സാധ്യമാകില്ലെന്ന് വേറൊരു കൂട്ടർ കരുതുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യകുലത്തിന് പ്രയോജനപ്പെടുന്ന രീതിയിലാണ് ലോകക്രമത്തെ മാറ്റാൻ പോകുന്നതെന്ന് മറ്റൊരു കൂട്ടർ വിചാരിക്കുന്നു. മനുഷ്യർക്കെതിരെ നേരിട്ട് യന്ത്രങ്ങൾ തിരിയുന്ന അവസ്ഥ എത്തിയില്ലെങ്കിലും നിലവിലെ ലോകക്രമത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാറ്റിപ്പണിയുമെന്ന കാര്യം ഉറപ്പാണ്. അവിടെ നമ്മുടെ , അതായത് ഇന്ത്യപോലുള്ള രാജ്യങ്ങളിൽ ജീവിക്കുന്ന സാധാരണ മനുഷ്യരുടെ കാര്യം എന്താകും എന്നതാണ് പ്രശ്നം. ഇവിടേയ്ക്ക് വീണ്ടും ട്രോളി പ്രോബ്ലം കടന്നുവരുന്നുണ്ട്.
ഇവിടുത്തെ ട്രോളി പ്രോബ്ലത്തിലെ രണ്ട് ട്രാക്കുകളിലും മനുഷ്യർ തന്നെയാണ് നിൽക്കാൻ പോകുന്നത്. ഒരു ട്രാക്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് മേൽ നിയന്ത്രണമുള്ളവരും, മറുട്രാക്കിൽ സാധാരണക്കാരും. ട്രോളി ഏത് വഴിക്ക് പോകണമെന്ന് തീരുമാനിക്കുന്ന ലിവർ കയ്യിലുള്ളവർ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് മേൽ നിയന്ത്രണമുള്ളവരാകും എന്നത് ഉറപ്പാണ്. അന്ന് നമുക്കെന്ത് സംഭവിക്കും എന്നതാണ് ചോദ്യം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വലിയ രീതിയിൽ വികസിക്കുന്നതോടെ ആരോഗ്യം , വിദ്യാഭ്യാസം, ശാസ്ത്രം എന്നീ മേഖലകളിൽ വൻവികസനം ഉണ്ടാകുമെന്നും, അങ്ങനെ മനുഷ്യവംശത്തിലെ വലിയ വിഭാഗത്തിന് മാന്യമായ ജീവിതനിലവാരം ഉണ്ടാകുമെന്നും, അതിനാൽത്തന്നെ നിയന്ത്രണങ്ങളൊന്നുമില്ലാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഗവേഷണങ്ങൾ തുടരണമെന്നുമാണ് ഒരു കൂട്ടർ വാദിക്കുന്നത്.
േസാങ്കേതികവിദ്യയുടെ വികാസത്തോടെ മനുഷ്യരാശി മുഴുവൻ എല്ലാത്തരത്തിലും മുന്നേറുമെന്ന വാദത്തെ നമുക്ക് കണക്കിലെടുക്കാൻ കഴിയുമോയെന്നതാണ് ചോദ്യം. ചരിത്രപാഠങ്ങൾ തിരിച്ച് ചിന്തിക്കാനാണ് നമ്മെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടുകളിൽ യൂറോപ്പിൽ ഉണ്ടായ വ്യാവസായിക വിപ്ലവത്തിന്റെ അനന്തരഫലം എന്തായിരുന്നുവെന്ന് ചരിത്രപുസ്തകങ്ങളിൽ നിന്ന് നമ്മൾ അറിഞ്ഞതാണ്. ഇംഗ്ലണ്ടിൽ വമ്പൻ തുണിമില്ലുകൾ വന്നത്, നമ്മുടെ നാടിന്റെ കരുത്തായിരുന്ന പാരമ്പര്യ നെയ്ത്തുവ്യവസായത്തിന്റെ നട്ടെല്ല് ഒടിക്കുകയാണ് ചെയ്തത്. ഇംഗ്ലണ്ടിന് കൂടുതൽ കൂടുതൽ സമ്പന്നമാകാൻ ഒരുകാലത്ത് സമ്പന്നമായിരുന്ന ഇന്ത്യ കൂടുതൽ കൂടുതൽ ദരിദ്രമായി. ബംഗാൾ ക്ഷാമം ഉൾപ്പെടെയുള്ളവയിൽ ലക്ഷക്കണക്കിന് ഇന്ത്യാക്കാർ മരിച്ചു. അന്നും മനുഷ്യത്വത്തെ നിർവചിച്ചിരുന്ന ബ്രിട്ടീഷ് ആധുനികമനുഷ്യന്റെ വിഷമം ഇംഗ്ലണ്ടിന് തലവേദന ഉണ്ടാക്കുന്ന അർധനഗ്നനായ ഫക്കീർ ഈ ക്ഷാമത്തിലൊന്നും മരിച്ചില്ലല്ലോ എന്നതായിരുന്നു. മനുഷ്യകുലത്തെയാകെ നയിക്കാനും , തങ്ങളുടെ നേട്ടത്തിന് വേണ്ടി മറ്റുളളവരെയെല്ലാം ഉപയോഗിക്കാനുമുള്ള ജന്മദത്തമായ അവകാശം ഉള്ളവരാണ് തങ്ങളെന്ന് അന്നത്തെ തൊലിവെളുത്ത സായിപ്പൻമാർ വിശ്വസിച്ചു. അവർ പറയുന്ന മനുഷ്യത്വത്തിലെ ‘മനുഷ്യൻ’ എന്നാൽ തൊലിവെളുത്ത സായിപ്പ് മാത്രമാണെന്ന് മനസ്സിലാക്കാൻ പോലും നാം ഇന്ത്യാക്കാർക്ക് പോസ്റ്റ് കൊളോണിയൻ തിയറികളുടെ വരവ് വരെ കാത്തിരിക്കേണ്ടിവന്നു. പക്ഷെ അപ്പോഴേക്കും എല്ലാത്തരത്തിലും ഇന്ത്യൻ മൂല്യങ്ങളെല്ലാം നഷ്ടപ്പെട്ട ഒരു അടിമജനതയായി നമ്മൾ മാറിക്കഴിഞ്ഞിരുന്നു.
അതാ നിയന്ത്രണം നഷ്ടപ്പെട്ട ട്രോളി വീണ്ടും കടന്നുവരുന്നു. ഒരു ഭാഗത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് മേൽ നിയന്ത്രണമുള്ള മനുഷ്യർ നിൽക്കുന്നു , മറുഭാഗത്ത് സാധാരണക്കാരായ മനുഷ്യർ നിൽക്കുന്നു. ഇവിടെ ലിവർ വലിക്കാൻ കരുത്തുള്ളവൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് മേൽ സ്വാധീനമുള്ളവനാണ്. അവനെ സംബന്ധിച്ചിടത്തോളം മറുട്രാക്കിൽ നിൽക്കുന്നവൻ തങ്ങളെ പോലെ തന്നെ വികാരങ്ങളും വിചാരങ്ങളുമുള്ള മനുഷ്യൻ തന്നെയാണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടതുണ്ട്. അരിക്കൊമ്പനും ചിന്നക്കനാലിലെ മനുഷ്യരും തമ്മിലുള്ള താരതമ്യത്തിൽ , ചിന്നക്കനാലിലുള്ളവർ വികാരങ്ങളും വിചാരങ്ങളും ഒക്കെയുള്ളവരായി പരിഗണിക്കപ്പെട്ടിരുന്നു. ലോകത്തിലെ മറ്റൊരു ജീവിക്കും യന്ത്രത്തിനും ചെയ്യാൻ കഴിയാത്ത , മനുഷ്യർക്ക് മാത്രം ചെയ്യാൻ കഴിയുന്ന ഒരു കാര്യം അവർ ചെയ്യുന്നു എന്നതാണ് അവരുടെ മനുഷ്യത്വത്തിന്റെ അടിസ്ഥാനം. അത് ഭാഷാപ്രയോഗമാണ്. ഈ ലോകത്തിൽ മനുഷ്യർ മാത്രമേ സംസാരിക്കുന്നുള്ളൂ. അതിനാൽ സംസാരിക്കുന്ന ചിന്നക്കനാലുകാരും , സംസാരിക്കുന്ന ഏതൊരു വസ്തുവും മനുഷ്യനാണ്. പക്ഷെ ഭാവിയിൽ അങ്ങനെയല്ലാതായി മാറാൻ പോകുകയാണ്. യന്ത്രങ്ങളും മനുഷ്യഭാഷ അനായാസം കൈകാര്യം ചെയ്യുന്ന കാലത്ത് മനുഷ്യത്വത്തിന്റെ പരിശോധനയ്ക്കായി എങ്ങനെയാണ് മനുഷ്യഭാഷ ഉപയോഗിക്കാൻ കഴിയുക. അന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് മേൽ നിയന്ത്രണമുള്ള ഉന്നതനായ മനുഷ്യർക്ക് എങ്ങനെയാണ് സാധാരണ മനുഷ്യരെ തങ്ങൾക്ക് സമാനരായി കാണാൻ കഴിയുക. സംസാരിക്കുന്നു എന്ന കാരണം കൊണ്ട് മാത്രം തങ്ങൾക്ക് സമാനമായ വികാരങ്ങളും വിചാരങ്ങളും ഉള്ളവരായി സാധാരണ മനുഷ്യരെ കാണേണ്ടുന്നതിന്റെ യുക്തി എന്താണ്. യന്ത്രങ്ങളും സംസാരിക്കുന്നുണ്ട്. അവരെയും വികാരങ്ങളും വിചാരങ്ങളും ഉളളവരായി കാണേണ്ടതുണ്ടോ?
ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ മേൽക്കൈയുള്ള മനുഷ്യരെ സംബന്ധിച്ചിടത്തോളം , അവരെപ്പോലെ ചിന്തിക്കാൻ കഴിയാത്ത സാധാരണ മനുഷ്യർ യന്ത്രങ്ങളെപ്പോലെ ഭാഷ ഉപയോഗിക്കാൻ കഴിയുന്ന സിസ്റ്റങ്ങൾ മാത്രമാണ്. അരിക്കൊമ്പനെ ഒരു സ്ഥലത്ത് നിന്ന് മാറ്റാം എന്ന് ഇന്ന് നമ്മൾ തീരുമാനിച്ചതുപോലെ , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൊണ്ട് അധികാരവും സമ്പത്തും നേടുന്നവർക്ക് മറ്റുള്ളവരെയും എന്തും ചെയ്യാനുള്ള തീരുമാനങ്ങൾ എടുക്കാൻ കഴിയും. അതിനുള്ള ശേഷിയും നൈതികമായ ന്യായീകരണവും അവർക്കുണ്ടാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ വമ്പൻമാർ നിയന്ത്രിക്കുന്ന റോബോട്ടുകൾ മാത്രമായി സാധാരണ മനുഷ്യർ മാറുമെന്നതാണ് ഇതിന്റെ അനന്തരഫലം .
എങ്ങനെയാണ് നമ്മൾ റോബോട്ടുകളാകാൻ പോകുന്നത് ?
മനുഷ്യർക്ക് മാത്രം ചെയ്യാൻ കഴിയുന്ന ബൌദ്ധിക കാര്യങ്ങൾ അനുകരിക്കുന്ന ചിന്താസിസ്റ്റങ്ങളാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസുകൾ. ചിന്തയിലെ ഇത്തരം കാര്യങ്ങൾ പ്രവൃത്തിയായി മാറണമെങ്കിൽ ശരീരം വേണം. ഇത്തരത്തിൽ ബൌദ്ധികകാര്യങ്ങളെ പ്രവൃത്തിയാക്കാൻ മനുഷ്യർ ഉണ്ടാക്കുന്ന കൃത്രിമ ശരീരങ്ങളാണ് റോബോട്ടുകൾ. ബൌദ്ധിക പ്രവൃത്തികൾ മെഷീനുകൾ അതിവേഗം പൂർത്തിയാക്കുമ്പോഴും , അതിനെ കായികപ്രവൃത്തിയാക്കി മാറ്റാനുള്ള റോബോട്ടിക്സിന്റെ വികസനം അത്രവേഗത്തിൽ നടക്കുന്നുവെന്ന് പറയാൻ കഴിയില്ല. മനുഷ്യർക്ക് വേണ്ടുന്ന കായികപ്രവൃത്തികളിൽ പലതും ഏറ്റവും നന്നായി ചെയ്യാൻ കഴിയുന്ന ശരീരഘടന മനുഷ്യരുടേതാണ്. അതേ രീതി യന്ത്രങ്ങളിൽ അനുകരിക്കുക എളുപ്പമുള്ള കാര്യമല്ല. അതിനേക്കാൾ എളുപ്പം അൽഗോരിതങ്ങളിലൂടെ നിയന്ത്രിക്കാൻ കഴിയുന്ന മനുഷ്യശരീരങ്ങളെ റോബോട്ടുകൾക്ക് പകരമായി ഉപയോഗിക്കുക എന്നതാണ്. ആമസോണിന്റെ വെയർ ഹൌസുകളിൽ ഇപ്പോൾ തന്നെ ചെറിയ തോതിൽ ഇത് നടപ്പിലാക്കി കഴിഞ്ഞു. വെയർ ഹൌസുകളിലെ ഏത് സാധനങ്ങൾ ഏത് സ്ഥലത്തേയ്ക്ക് എപ്പോൾ മാറ്റണമെന്ന് തീരുമാനിക്കുന്നത് എഐ അൽഗോരിതങ്ങളാണ്. ഈ അൽഗോരിതങ്ങൾ പറയുന്നതിന് അനുസരിച്ച് പ്രവർത്തിക്കേണ്ടുന്ന ബാധ്യത മാത്രമാണ് ജോലിക്കാർക്കുള്ളത്. അൽഗോരിതങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന റോബോട്ടുകളായി മനുഷ്യർ ഇപ്പോഴേ മാറിക്കഴിഞ്ഞു. ഗൂഗിൾ മാപ്പിൽ ഡെസ്റ്റിനേഷൻ കൊടുത്ത ശേഷം ഗൂഗിൾ ചേച്ചി പറയുന്നതനുസരിച്ച് സ്റ്റിയറിംഗ് വളയ്ക്കുകയും തിരിക്കുകയും ചെയ്യുന്ന നമ്മളും പല സമയത്തും അൽഗോരിതം നിയന്ത്രിക്കുന്ന റോബോട്ടുകളായി, നാം പോലും അറിയാതെ മാറുന്നുണ്ട്.
സ്വന്തം ബുദ്ധി ഒരു തരത്തിലും ഉപയോഗിക്കേണ്ടതില്ലാത്ത , അൽഗോരിതം പറയുന്നത് മാത്രം ചെയ്യേണ്ടുന്ന, അൽഗോരിതം അപ്രൈസൽ നിശ്ചയിക്കുകയും ശമ്പളവർദ്ധന തരുകയും ചെയ്യുന്ന ഭാവിയിലെ തൊഴിലാളി മാർക്സ് പണ്ട് പറഞ്ഞതിനേക്കാൾ വലിയ അർത്ഥത്തിൽ , തൊഴിലിൽ നിന്ന് ഏലിയനേറ്റ് ചെയ്യപ്പെട്ടവനായി മാറും എന്നതിൽ എന്താണ് സംശയം.
മുന്നിലെത്തിയിരിക്കുന്ന എഐ, മാലാഖയാണോ, യക്ഷിയാണോയെന്നറിയാത്ത അവസ്ഥയിലാണ് നിലവിൽ നമ്മളെത്തി നിൽക്കുന്നത്. അങ്ങനെയൊരു സംശയം നിലനിൽക്കുമ്പോൾ എഐ പരീക്ഷണങ്ങളുമായി എങ്ങനെയാണ് മുന്നോട്ടുപോകാൻ കഴിയുക. ഒന്നുകിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരീക്ഷണങ്ങൾ ഒന്നാകെ നിർത്തിവയ്ക്കേണ്ടിവരും. അല്ലെങ്കിൽ മാനവരാശി നേരിടാൻ പോകുന്ന തിക്തഫലങ്ങൾ പരമാവധി കുറയ്ക്കുന്ന തരത്തിൽ പരീക്ഷണങ്ങൾ നിയന്ത്രണങ്ങൾക്ക് വിധേയമാക്കുക. ഇവയാണ് മുന്നിലുള്ള വഴികൾ.
തിയറിയായി പേപ്പറിൽ നിലനിന്നിരുന്ന ആണവസാങ്കേതിക വിദ്യ മനുഷ്യവംശത്തിന് മുന്നിൽ വച്ചൊരു സന്ദിഗ്ധാവസ്ഥ ഉണ്ടായിരുന്നു. പേപ്പറിലെ തിയറി ആരെങ്കിലും ബോംബ് ആക്കുമോ എന്നതായിരുന്നു പ്രശ്നം. സമാനമായ ഒരു അവസ്ഥയാണ് ഇപ്പോഴും ഉള്ളത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരീക്ഷണങ്ങൾ നിർത്തുക എന്നതിലേയ്കക് ടെക് കമ്പനികൾ പോകാൻ പോകുന്നില്ലെന്നത് ഉറപ്പാണ്. സൈനിക ആവശ്യങ്ങൾക്കായി ലോകരാജ്യങ്ങൾ അത് ഉപയോഗിക്കും എന്നതിലും തർക്കമില്ല. നിലവിൽ അമേരിക്കയും ചൈനയുമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് വലിയ രീതിയിൽ മത്സരിക്കുന്നത്. യൂറോപ്പും പുറകിലല്ല. ഇവിടങ്ങളിലെ സർവകലാശാലകളും വമ്പൻ കമ്പനികളും ഇതിനോടകം ഏറെ മുന്നേറിക്കഴിഞ്ഞു. നമ്മളും അതിവേഗത്തിൽ ഈ മേഖലയിലേയ്ക്ക് കടന്നുകയറിയില്ലെങ്കിൽ, ആണവായുധങ്ങളിൽ പണ്ട് സംഭവിച്ചത് എഐയിലും ആവർത്തിക്കും. ആദ്യം മേൽക്കൈ നേടുന്നവന്റെ കയ്യിലുള്ള എഐ നിയമവിധേയമാകും. മറ്റുള്ളവർ അത് നേടാൻ നടത്തുന്ന ഏത് ശ്രമവും തടയപ്പെടും. ആ ശ്രമത്തെയും മറികടന്ന് നേടിയാൽ ആ എഐ നിയമവിരുദ്ധവും ആകും.
ഇടയ്ക്കിടയ്ക്ക് അരുണാചലിൽ മാന്തുന്ന ചൈനയാണ് നമ്മുടെ അയൽക്കാരൻ എന്നതും, ഇപ്പോൾ തന്നെ ചൈനയ്ക്ക് ശക്തമായ ആർട്ടിഫിഷ്യൽ സാങ്കേതിക വിദ്യ ഉണ്ടെന്നതും നാം ശ്രദ്ധിക്കണം. ചാറ്റ് ജിപിടിയും ബെർട്ടും പാമും പോലെ വാർത്തകളിൽ ഇടം പിടിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കാൾ ഭയക്കേണ്ടത് ഒരു വിവരവും പുറത്തുവരാത്ത ചൈനയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസുകളെത്തന്നെയാണ്. കോവിഡ് വന്ന വഴി മറക്കാൻ പാടില്ലെന്ന് ചുരുക്കം.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് നമ്മെ അരിക്കൊമ്പൻമാർ ആക്കാനുള്ള കഴിവ് ഉണ്ടോ ഇല്ലയോ എന്ന് കാലം പറയണം. പക്ഷെ പുറത്തിരുന്ന് ആരോ പറയുന്നതനുസരിച്ച്, സ്വന്തം കുലത്തിലുള്ളവനെത്തന്നെ കുത്തുന്ന കുലംകുത്തി കോന്നി സുരേന്ദ്രൻമാരാക്കി നമ്മെ ഓരോരുത്തരെയും മാറ്റാനുള്ള കരുത്ത് ഇന്ന് തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നേടിക്കഴിഞ്ഞു. അല്ലെങ്കിൽ കുറേ മനുഷ്യർക്ക് ആ കരുത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നേടിക്കൊടുത്തുകഴിഞ്ഞു. അത് ഇതിനോടകം പ്രവർത്തിച്ചും തുടങ്ങിയിട്ടുണ്ട്. അതിന്റെ പ്രത്യക്ഷ ലക്ഷണങ്ങൾ നമുക്ക് എന്ന് പിടികിട്ടിത്തുടങ്ങും എന്നതാണ് കാര്യം.
.......................................................................................................................................................................
അവലംബം
........
The Road to Conscious Machines- The Story of AI, MICHAEL WOOLDRIDGE, PELICAN BOOKS, 2020
Life 3.0 – Being human in the age of Artificial intelligence, Max Tegmark
https://www.youtube.com/watch?v=sitHS6UDMJc&t=1057s