top of page

"ചണ്ഡാലി തൻ മെയ്"എം.എൻ.വിജയന്റെയും ഗുപ്തൻ നായരുടെയും ആശാൻവായനകൾ

സാഹിത്യ വിമർശനം

വൈലോപ്പിള്ളി തന്നെയായിരുന്നു എം.എൻ.വിജയന്റെ കവി. പക്ഷേ സഹ്യന്റെ മകൻ എന്ന പ്രഖ്യാതവൈലോപ്പിള്ളിപ്പഠനം ആരംഭിക്കുന്നത് വൈലോപ്പിള്ളിക്കവിതകൊണ്ടല്ല, ലീലാകാവ്യം കൊണ്ടാണ് എന്ന് നമുക്കറിയാം. കാളിദാസനും കുമാരനാശാനും വൈലോപ്പിള്ളിയുടെ മുഖച്ഛായയുള്ള കവികളാണ് എന്ന് ആ ലേഖനത്തിന്റെ ആരംഭഖണ്ഡികയിൽത്തന്നെ എം.എൻ.വിജയൻ പറയുന്നു. വൈലോപ്പിള്ളിക്കവിത എം.എൻവിജയന്റെ ചിന്തകളിൽ ഒരു കടൽ പോലെ പരന്നൊഴുകുമ്പോഴും വൈലോപ്പിളളിപ്പഠനങ്ങളെക്കാൾ അളവിൽ തുലോം കുറഞ്ഞ ആശാൻപഠനങ്ങളും പരാമർശങ്ങളും അതിൽ തടശില പോലെ പ്രവർത്തിക്കുന്നു എന്ന് പറയാതെ വയ്യ. ഒരൊഴിയാബാധയായിരുന്നു എം.എൻ.വിജയന് ആശാനെന്ന കവി. ഒന്നാംലോകത്തിലെ ജനങ്ങൾക്ക് അഭിമാനമുണ്ട് എങ്കിൽ മൂന്നാംലോകത്തിലെ ജനങ്ങൾക്ക് അഭിമാനമുണ്ട് എന്നും കടം വാങ്ങാൻ മാത്രം വിധിക്കപ്പെട്ട പരിഷകളല്ല എന്നുമുള്ള ആശയത്തിന് അദ്ദേഹം കടപ്പാട് രേഖപ്പെടുത്തുന്നത് രാമന് അഭിമാനമുണ്ടെങ്കിൽ സീതയ്ക്കും അഭിമാനമുണ്ട് (അഭിമാനിനി എന്നാണ് ആശാന്റെ സീത സ്വയം വിശേഷിപ്പിക്കുന്നത്) എന്നെഴുതിയ കുമാരനാശാനാണ്. കുമാരനാശാനെക്കുറിച്ചുള്ള ആദ്യപഠനത്തിന് എം.എൻ.വിജയൻ നൽകുന്ന പേര് 'ആശാൻ' എന്ന് മാത്രമാണ്. 1987-ൽ പ്രസിദ്ധീകൃതമായ കവിതയും മനശ്ശാസ്ത്രവും എന്ന പുസ്തകത്തിലാണ് ആ ലേഖനം ഉൾപ്പെട്ടത്. വൈലോപ്പിള്ളി, ചങ്ങമ്പുഴ, കാളിദാസൻ, ജി.ശങ്കരക്കുറുപ്പ് എന്നീ കവികളെക്കുറിച്ചുള്ള പഠനമാണ് ഇതരലേഖനങ്ങൾ - സിഗ്മണ്ട് ഫ്രോയ്ഡിന്റെ മനശ്ശാസ്ത്രതത്ത്വങ്ങൾ ഉപയോഗിച്ച് എഴുതപ്പെട്ട ലേഖനങ്ങൾ. ജീവിതത്തിലെ ആദ്യാനുഭവങ്ങളും ശൈശവാനുഭൂതികളും വ്യക്തിയുടെ സ്വഭാവഘടനയെ എന്നെന്നേക്കുമായി രൂപപ്പെടുത്തുമെന്ന ഫ്രോയ്ഡിയൻ ആശയം ആശാനിലെങ്ങനെ പ്രവർത്തിക്കുന്നുവെന്നന്വേഷിക്കാനാണ് ഞാൻ ശ്രമിക്കുന്നത് എന്നും മറിച്ചൊരു ഖണ്ഡനമണ്ഡനനിരൂപണത്തിലേക്ക് ഞാൻ കടക്കുന്നില്ല എന്നും ആശാൻ എന്ന ലേഖനത്തിൽ എം.എൻ.വിജയൻ എഴുതുന്നുണ്ട്. ലക്ഷ്യ-ലക്ഷണസമന്വയം നടത്തി വിരമിക്കുന്ന, വളരെ ലളിതമായ നിരൂപണരീതിയാണ് ഇതിലുള്ളത് എന്ന് ആദ്യവായനയിൽ തോന്നാം. പക്ഷേ ഇതിലെ മനശ്ശാസ്ത്രമാർഗ്ഗം എന്നത് ധ്വനിമര്യാദയിലൂടെ ചില കാര്യങ്ങൾ ഉറപ്പിക്കാനും മറ്റ് ചിലത് തള്ളിക്കളയാനുമുളള ആവിഷ്കാരമാർഗ്ഗം മാത്രമായിരുന്നു എന്ന് ബോധ്യപ്പെടുന്നത് ആശാൻകൃതികളുടെ പൂർവ്വപഠനങ്ങളെയും പരിഗണിക്കുമ്പോഴാണ്; ആശാൻ എന്ന ഒറ്റലേഖനം ആശാൻകവിതാപഠനചരിത്രത്തിൽ വലിയൊരു ചരിത്രദൗത്യമായിരുന്നു നിർവ്വഹിച്ചത് എന്നും മനസ്സിലാക്കാം.

മഹാരാജാസിലെ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് (1948 ൽ) ഫ്രോയ്ഡിനെക്കുറിച്ച് എം.എൻ.വിജയൻ എഴുതിത്തുടങ്ങുന്നത്. എബ്രഹാം മാടമാക്കലിന്റെ കേരളപത്രികയിൽ അദ്ദേഹം ഫ്രോയ്ഡിനെക്കുറിച്ച് എട്ട് ലേഖനങ്ങളെഴുതി. പിന്നീട് ഫ്രോയ്ഡിയൻ മനഃശാസ്ത്രതത്ത്വങ്ങളുപയോഗിച്ചു കൊണ്ട് കവിതാപഠനങ്ങൾ എഴുതി. നിരൂപണത്തിൽ അദ്ദേഹം സ്വീകരിക്കുന്ന പശ്ചാത്ദർശനം അല്ലെങ്കിൽ കാര്യങ്ങളുടെ മറുപുറം തപ്പുക എന്ന രീതി ഫ്രോയ്ഡിൽനിന്നാണ് അദ്ദേഹം സ്വീകരിച്ചത്. പകൽവെട്ടത്തിൽ ദൃശ്യമാകുന്ന സൗന്ദര്യവസ്തുക്കൾക്ക് ഇരുണ്ടതും അദൃശ്യവുമായ ഒരു ഭൂതകാലമുണ്ടെന്നും സൗന്ദര്യനിർമ്മാണത്തിന്റെ അസംസ്കൃതവിഭവങ്ങളാണവ എന്നുമുള്ള സിദ്ധാന്തമാണത്. കവിതയിലെ ആനൽ ഇറോട്ടിക് ഭാവങ്ങളെക്കുറിച്ചുള്ള അന്വേഷണവും പശ്ചാത് ദർശനവുമായി ബന്ധപ്പെട്ട് വികസിക്കുന്ന ചിന്താപദ്ധതിയാണ്. ഒരു വ്യക്തിയുടെ സ്വഭാവഘടന രൂപപ്പെടുന്നത് ആ വ്യക്തിയുടെ ശൈശവകാലാനുഭവങ്ങളുമായി ബന്ധപ്പെട്ടാണെന്നും ശൈശവകാലാനുഭവങ്ങളിലെ ആനൽ ഇറോട്ടിക്ഭാവങ്ങൾ എങ്ങനെയാണ് ആ വ്യക്തിയുടെ പിൽക്കാല പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് , അയാൾ ഒരു കവിയായി മാറുമ്പോൾ അയാളുടെ കവിതയിൽ അത് എപ്രകാരം പ്രവർത്തിക്കുന്നതെന്നുമുള്ള അന്വേഷണമാണ് ഫ്രോയ്ഡിന്റെ ആനൽഇറോട്ടിക് എന്ന സങ്കല്പനം മുന്നോട്ട് വയ്ക്കുന്നത്. ആനൽഇറോട്ടിക് ഘടകങ്ങൾ ആശാൻകവിതയിൽ ഉണ്ടോ ഇല്ലയോ എന്നന്വേഷിക്കുക മാത്രമാണോ 'ആശാൻ' ലേഖനത്തിന്റെ ലക്ഷ്യം? പരിശോധിക്കാം -


ആശാൻകവിതയിലെ ഗന്ധബിംബങ്ങളിലാണ് അദ്ദേഹം ആദ്യം ഊന്നൽ കൊടുക്കുന്നത്. കാറ്റാണ് ലീലയെ മദനന്റെയരികിലെത്തിക്കുന്നത്.

മണമിതെവിടെയുത്ഭവിപ്പൂ, വങ്ങെ

ന്നവിതഥ ജീവിതദൈവതം വസിപ്പൂ'

എവിടെയാണ് ഈ മണം അവിടെയാണ് എന്റെ ജീവൻ നിൽക്കുന്നത് എന്നാണ് ലീല പറയുന്നത്. ലീലയിൽ മാത്രമല്ല നളിനിയിലും ഗന്ധബിംബങ്ങൾ പ്രബലമായി പ്രവർത്തിക്കുന്നുണ്ടെന്ന് എം.എൻ.വിജയൻ നിരീക്ഷിക്കുന്നുണ്ട്. കാറ്റ് എന്ന് പറയുന്ന അല്ലെങ്കിൽ ഗന്ധം എന്ന് പറയുന്ന ഒരനുഭവം എന്തുകൊണ്ടാണ് ഒരു എഴുത്തുകാരന്റെ കവിതയിൽ വളരെ ക്രിയാത്മകമായ ഒരു ഇമേജായി പ്രവർത്തിക്കുന്നത് ? തനിക്ക് നഷ്ടപ്പെടുന്നതും മലിനവുമായ വസ്തുവിനോടുള്ള പ്രതിക്രിയാപരിണാമമാണ് ഗന്ധബിംബങ്ങളോടുള്ള കവിയുടെ താൽപ്പര്യം എന്ന് എം.എൻ.വിജയൻ നിരീക്ഷിക്കുന്നു. ഒരു കുട്ടി ആദ്യം പരിശീലിക്കുന്ന വിസർജ്ജനപ്രക്രിയയിലാണ് നഷ്ടമായ മലിനമായ വസ്തുവുള്ളത്. എം.എൻ.വിജയൻ എഴുതുന്നു: "ആഭ്യന്തരസുഖത്തിന്റെ ആത്മരതിയുടെ ഈ ആദ്യസ്രോതസ്സിൽ നിന്ന് രതിയുടെ മറ്റൊരു വളർച്ച വിസർജനപ്രക്രിയയിൽ നിന്നാരംഭിക്കുന്നു ശരീരത്തിന്റെ ആദ്യത്തെ കവാടമായ വായ പോലെ വിസർജനേന്ദ്രിയവും സുഖദുഃഖങ്ങളിലേക്കുള്ള, സ്വർഗ്ഗനരകങ്ങളിലേക്കുള്ള പ്രവേശനം മാർഗമാണ്. ഈ കവാടത്തെ വലയം ചെയ്യുന്ന ശ്ലേഷ്ടചർമ്മമാണ് ഈ ഗൂഢ സൂക്ഷ്മാനുഭൂതിക്ക് കാരണമെന്ന് ഫ്രോയ്ഡ് വിശദമാക്കിയിട്ടുണ്ട്. വിസർജനം (വേഗം) സാധിക്കുകയും രോധിക്കുകയും ചെയ്യുക എന്നത് ശൈശവമായ ഇച്ഛാശക്തിയുടെ ആദ്യപ്രകടനമാണ് ... തന്റെ അമ്മയോ ആയയോ കൽപ്പിക്കുമ്പോലെയല്ലാതെ വേഗം നിരോധിച്ചു കൊണ്ട് നിൽക്കുക ശിശുവിന് ഒരു ആഭ്യന്തരസുഖം മാത്രമല്ല ഇച്ഛാശക്തിയും അഭിമാനബോധവും പ്രകടമാക്കുവാനുള്ള മികച്ചസന്ദർഭം കൂടിയാണ്. ധാരണയുടെയും നിരാസത്തിന്റെയും ഒരു ഭാവകർമ്മതാളം അവൻ ഇങ്ങനെ ഉണ്ടാക്കിയെടുക്കുന്നു. ഇച്ഛാധീനമായിത്തീരുന്ന വേഗം അതിനുവേണ്ടി ചെലവാക്കുന്ന ഇച്ഛാശക്തിയുടെ ഭാരത്താൽ കൂടുതൽ വിലയുറ്റതായിത്തീരും. അത് എത്ര വലിയ ഒരായുധമാണ് എന്നത് കുഞ്ഞിനും ബുദ്ധിയുള്ള അച്ഛനമ്മമാർക്കും അറിയാം. വേലയാണ് സാമ്പത്തികശാസ്ത്രത്തിൽ മൂല്യമായി തീരുന്നത്. മനസ്സിന്റെ വ്യയശാസ്ത്രത്തിൽ ഇച്ഛാഭാരമാണ് വസ്തുവിന്റെ മൂല്യം. "


ഒരു പ്രക്രിയ തുടങ്ങാനും അവസാനിപ്പിക്കാനുമുള്ള നിശ്ചയദാർഢ്യം ഒരു കുട്ടി ആർജിച്ചുതുടങ്ങുന്നത് വിസർജനത്തിലൂടെയാണ് എന്നും അത് അധ്വാനമാണെന്നും അധ്വാനത്തിന് മൂല്യമുണ്ട് എന്നുമാണ് ഫ്രോയ്ഡിനെ മുൻനിർത്തി എം.എൻ.വിജയൻ സമർത്ഥിക്കുന്നത്. ആദ്യത്തെ ഇന്ദ്രിയവികാസം ഗന്ധമാണെന്നും അത് നിർവൃതികരമായ അനുഭവമാണ് എന്നും ആനൽ ഘട്ടത്തിൽ ഉറഞ്ഞുപോകുന്ന സ്വഭാവങ്ങളിൽ ഗന്ധം രതിയായി രൂപാന്തരപ്പെടുമെന്നും കവിതകളിലെ രതിസൂചകങ്ങളായ ഗന്ധബിംബങ്ങൾ ആനൽ ഇറോട്ടിസത്തെയാണ് കുറിക്കുന്നത് എന്നും വീണപൂവ്, നളിനി, ലീല എന്നീ കാവ്യങ്ങളെ മുൻനിർത്തി എം.എൻ.വിജയൻ വിശദമാക്കുന്നു. ആശാനിലും ആശാൻകവിതകളിലും പ്രകടമാകുന്ന ചിട്ട, നിർബന്ധബുദ്ധി, മിതവ്യയം എന്നിവയും ആനൽസ്വഭാവസവിശേഷതകളായി എം.എൻ.വിജയൻ നിരീക്ഷിക്കുന്നു. വിദൂരസ്നേഹങ്ങൾക്ക് വേണ്ടി താൽക്കാലിക ദുഃഖം, വിദൂരസ്നേഹങ്ങൾക്ക് വേണ്ടി താൽക്കാലിക ക്രൗര്യം വിദൂരമായ അതിവ്യയത്തിനു വേണ്ടി നിരന്തരമിതവ്യയം - ഈ ആനൽ ഇറോട്ടിക് സ്വഭാവതാളങ്ങൾ, തന്റെ ലക്ഷ്യത്തിനുവേണ്ടി എത്രയെങ്കിലും ക്രൂരവും വികാരശൂന്യവുമാകാൻ കഴിയുന്ന ആശാൻകഥാപാത്രങ്ങളിലുമുണ്ട് എന്നും അദ്ദേഹം പറയുന്നുണ്ട്.


ആശാൻകവിതകളിലെ രതിസൂചകങ്ങളായ ഗന്ധബിംബങ്ങൾ നഷ്പ്പെട്ടുപോയ പ്രാകൃതമായ മലിനജീവിതത്തോടുള്ള ആസക്തിയുടെ പ്രതിക്രിയാപരിണാമമാണ് എന്ന് പറയുന്നതിലൂടെ എന്ത് നേട്ടമാണ്, എന്ത് മൂല്യമാണ് ആശാൻകവിതകൾക്ക് ലഭ്യമാകുന്നത്? മലയാളനിരൂപണത്തിന്റെ ചരിത്രത്തിൽ നിന്നാണ് ഇതിന്റെ ഉത്തരം ആരായേണ്ടത്.


എഴുത്തിലെ കാലികമൂല്യങ്ങളെയും ശാശ്വതമൂല്യങ്ങളെയും മുൻനിർത്തിയുള്ള ചർച്ച മലയാളത്തിൽ സജീവമാക്കിയത് പുരോഗമനസാഹിത്യ സംഘമായിരുന്നു. എഴുത്തച്ഛനും നമ്പ്യാരുമൊക്കെ കൃത്യമായ രാഷ്ട്രീയനിലപാടുകളോടെ വിചാരണചെയ്യപ്പെട്ടു തുടങ്ങിയത് അങ്ങനെയാണ്. കുമാരനാശാൻകവിതകളിലെ കാലിക-ശാശ്വതമൂല്യങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങൾ മലയാളനിരൂപണത്തിലെ വിരുദ്ധചേരികളെ നിർണ്ണയിക്കാനുള്ള ഉപാധിയുമായി മാറുന്നുണ്ട്.

'ആശാൻ - വിപ്ലവത്തിന്റെ ശുക്രനക്ഷത്രം' എന്നത് പുരോഗമനപക്ഷത്ത് നിന്ന് ജോസഫ് മുണ്ടശ്ശേരി നിർവ്വഹിച്ച ആശാൻവായനയായിരുന്നു. ഏതൊരു പുരോഗമനകവിയെയും കൊതിപ്പിക്കുന്ന ഒന്നായിരുന്നു ആ രൂപകം. വിപ്ലവസ്വഭാവമുള്ള സാഹിത്യം മാത്രമേ സാഹിത്യമാകൂ എന്ന നിലപാട് മുന്നോട്ട് വച്ച മുണ്ടശ്ശേരിയുടെ ആശാൻവായനകൾ യാഥാസ്ഥിതികനിരൂപകരെ പ്രകോപിപ്പിച്ചത് തികച്ചും സ്വാഭാവികമായിരുന്നു. ആശാനെ തള്ളിക്കളഞ്ഞുകൊണ്ടല്ല, ആശാനെ ആത്മീയവാദിയാക്കിക്കൊണ്ടാണ് അവർ മുണ്ടശ്ശേരിയോട് പ്രതികരിച്ചത്. എം.ജി.എസ്.നാരായണൻ, എസ്. ഗുപ്തൻ നായർ എന്നിവരായിരുന്നു ആ നിരൂപണചേരിയിലെ പ്രമുഖർ. 1973-ൽ താപസം മാഗസിനിൽ പ്രസിദ്ധീകരിച്ച ലേഖനം - 'ആശാൻ കവിതയിലെ ഹൈന്ദവ ബൗദ്ധവീക്ഷണങ്ങൾ' - അവയിലൊന്നായിരുന്നു. നിരൂപകൻ, എം.ജി.എസ്.നാരായണൻ. അദ്ദേഹമെഴുതുന്നു: "സംസ്കൃതീകരണത്തിന്റെ അഥവാ സവർണ്ണീകരണത്തിന്റെ കാലഘട്ടമായിരുന്നു ആശാന്റേത്. സംസ്കൃതക്കാരനായി സവർണ്ണനിൽ സവർണ്ണനായി സാക്ഷാൽ ബ്രാഹ്മണനായി സ്വയം മാറുവാനും മറ്റുള്ളവരെ മാറ്റാനുമാണ് ആശാനും പരിശ്രമിച്ചത്." ജാതിനിഷേധമായിരുന്നില്ല മറിച്ച് ഹിന്ദുമതത്തിന് അകത്തു നിന്നുകൊണ്ടു ശാങ്കരാദ്വൈതപഥത്തിലൂന്നി ഹിന്ദുമതത്തെ നവീകരിക്കുക എന്നതായിരുന്നു ആശാൻകവിതയുടെ ലക്ഷ്യമെന്നും ആശാൻ ഹൈന്ദവദാർശനികകവിയാണ് എന്നുമൊക്കെ അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്. ആശാൻകവിതകളിലെ സ്ത്രീപുരുഷബന്ധം അതിന്റെ ഭൗതികസാഫല്യത്തിലല്ല, ആത്മീയശുദ്ധീകരണമൂല്യത്തിലാകുന്നിയത് എന്നത് ആശാൻകവിതയിലെ ആത്മീയതയുടെ തെളിവായും എം.ജി.എസ് പറയുന്നുണ്ട്.


മുണ്ടശ്ശേരിയുടെ വിപ്ലവനക്ഷത്രവാദത്തോട് പ്രതിസംവദിച്ചു കൊണ്ടെഴുതപ്പെട്ട മറ്റൊരു ആശാൻപഠനമാണ് 'ആശാൻ ജനകീയകവിയോ?' എന്നത്. നിരൂപകൻ എസ്.ഗുപ്തൻ നായർ. ആശാൻ വിപ്ലവകവിയല്ല, ആശാൻ കേവലം ജാതിക്കാെല്ലിപ്രസ്ഥാനകവിയല്ല, ആശാൻ ആത്മീയകവിയാണ് , ആത്മീയത ജനകീയമല്ല, അതുകൊണ്ട് ആശാൻ ജനകീയകവിയല്ല - ഇത്രയുമാണ് ലേഖനത്തിന്റെ പൊരുൾ. ആശാൻ ആത്മീയവാദിയാണ് എന്ന് സമർത്ഥിക്കാൻ ഗുപ്തൻ നായർ ശ്രമിക്കുന്നതും ആശാൻകവിത വൈരാഗ്യമാർഗ്ഗത്തിൽ ചരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ്. അദ്ദേഹമെഴുതുന്നു: "മദ്ധ്യവയസുവരെ അവിവാഹിതനായിരുന്ന ആശാൻ മദ്ധ്യവയസിൽ ബ്രഹ്മചര്യത്തെയുപേക്ഷിച്ച് ഗാർഹസ്ഥ്യത്തെ സ്വീകരിച്ചുവെങ്കിലും (ആകെ ആറ് കൊല്ലം, ആറ് മാസമാണ് ആശാന്റെ ദാമ്പത്യജീവിതകാല ദൈർഘ്യം) തൻ്റെ ബാല്യകാലയൗവനങ്ങളിലെ പരിശീലനങ്ങളും ചിട്ടകളും അദ്ദേഹം ഉപേക്ഷിച്ചിരുന്നില്ല. ശുഭ്രമായ ജീവിതചര്യയിൽ അങ്ങേയറ്റം നിഷ്ഠയുണ്ടായിരുന്ന ആശാൻ ഹിന്ദുമതത്തിന്റെ കാതലായ ഭാഗങ്ങളെ സ്വാംശീകരിച്ചുകൊണ്ടുതന്നെയാണ് ജീവിച്ചുപോന്നത്."


വിപ്ലവം, ജാതിനിഷേധം, സ്ത്രീപുരുഷബന്ധം എന്നിവയൊക്കെ ഭൗതികവാദതാൽപ്പര്യങ്ങളാണ് എന്നും ഇതിൽ നിന്നൊക്കെ വിമുക്തിനേടിയ ആത്മീയവാദകവിയാണ് കുമാരനാശാൻ എന്ന കവി എന്നും സമർത്ഥിക്കാനാണ് മുണ്ടശ്ശേരിയുടെ പ്രതിപക്ഷശബ്ദങ്ങൾ ശ്രമിച്ചുകൊണ്ടിരുന്നത്. ആശാന്റെ ആത്മീയചര്യയെ സമർത്ഥിക്കാൻ അദ്ദേഹത്തിന്റെ ഗാർഹസ്ഥ്യജീവിതം ആറ് കൊല്ലം ആറ് മാസം മാത്രമാണ് എന്ന് ഗുപ്തനായർ എഴുതിയത് വായിച്ചാൽ തോന്നുക ഭാനുമതിയുമായുള്ള ദാമ്പത്യം വൈരാഗ്യതാൽപ്പര്യത്താൽ ആറരക്കൊല്ലശേഷം ആശാനൊഴിഞ്ഞു എന്നാണ്. മരണം കൊണ്ടുമാത്രം ഇല്ലാതായിപ്പോയ ഒരു കൂട്ടുജീവിതത്തെക്കുറിച്ചാണ് ഗുപ്തൻ നായർ ഇങ്ങനെ സംസാരിക്കുന്നത്. ആശാന്റെ മരണത്തെ മറച്ചുപിടിച്ചുകൊണ്ട് സ്വമതം സ്ഥാപിക്കാൻ ശമിക്കുന്ന ഹീനതയാണ് ഗുപ്തൻ നായരുടെ ലേഖനത്തിലമർന്നു കിടക്കുന്നത്. ആശാൻ നേരത്തേ മരിച്ചിരുന്നുവെങ്കിൽ ഗാർഹസ്ഥ്യദൈർഘ്യം അത്രയും കുറയുമായിരുന്നുവെന്നും ആത്മീയത അത്രത്തോളം ഏറുമായിരുന്നു എന്നുമാണ് ഈ സൗമ്യമാരുതപ്രസ്ഥാനനിരൂപണത്തിന്റെ അർത്ഥം.

ചണ്ഡാലിതൻ മെയ് ദ്വിജന്റെ ബീജ പിണ്ഡത്തിനൂഷരമാണോ എന്ന് ചോദിച്ച ആശാനെയാണ്, ജാതിക്കൊല്ലി പ്രസ്ഥാനാംഗമാക്കരുതേ, രതിവാദിയാക്കരുതേ എന്നൊക്കെപ്പറഞ്ഞ് തലയിൽ കൈവച്ച് എം.ജി. എസും ഗുപ്തൻ നായരും നിലവിളിക്കുന്നത്.


സ്ത്രീസ്പർശം അശുദ്ധമാണെന്നും ആശാൻകവിത സ്ത്രീയെ അകറ്റിനിർത്തുന്ന ആത്മീയകവിതയാണ് എന്നും അത് ഞങ്ങളെപ്പോലുള്ള മഹാൻമാർക്ക് മാത്രം മനസിലാകുന്ന കവിതയാണ് എന്നും പറയുന്ന വരേണ്യബോധത്തെ തകർക്കാനും ജീവിതസൗന്ദര്യത്തിന്റെ മറുപുറം ആരായലാണ് ആശാൻകവിതയുടെ ലക്ഷ്യം എന്ന് സമർത്ഥിക്കാനുമാണ് എം.എൻ.വിജയൻ 'ആശാൻ' എന്ന ലേഖനം എഴുതുന്നത്. ഒരു സ്ത്രീ അവളുടെ കമിതാവിനെ കാണാൻ പോകുമ്പോൾ അനുഭവിക്കുന്ന കാറ്റിന്റെ ഗന്ധം എന്നത് ശൈശവരതിയുടെ സ്വഭാവമുള്ള വിസർജ്ജനത്തിൻ്റെ ഗന്ധമാണ് എന്നും അത് സ്വീകരിക്കാനും നിരോധിക്കാനും പരിശീലിച്ച പ്രക്രിയയുടെ തുടർച്ചയാണ് എന്നും പറയുമ്പോൾ പൊളിഞ്ഞുപോകുന്നത് എഴുപതുകളിലെ ആദ്യത്തിലും മദ്ധ്യത്തിലുമായി മലയാളനിരൂപണത്തിൽ പ്രചരിച്ച ആത്മീയവാദ നിർമ്മലവായനകളാണ്. പുരുഷനെത്തേടിപ്പോകുന്ന ആശാന്റെ നായികമാരുടേത് പ്രാകൃതരതികാമനകളാണ് എന്നാണ് അത് മലിനജീവിതത്തോടുള്ള ആസക്തിയാണ് എന്നാണ് അത് സ്വീകരിക്കാനും തള്ളിക്കളയാനുമുള്ള ഇച്ഛയാണ് എന്നാണ് അത് ആത്മീയവിരുദ്ധമാണ് എന്നാണ് എം.എൻ.വിജയൻ പറഞ്ഞുവച്ചത്. ശരീരം വണ്ടിനും ആത്മശോഭ സൂര്യനും കൊടുക്കുന്ന പൂവിന്റെ ജീവിതം എനിക്ക് സാധ്യമല്ല എന്ന് പറഞ്ഞു കൊണ്ടാണ് നളിനി പുറത്തിറങ്ങിപ്പോകുന്നത്. അധികാരരൂപങ്ങളെ നിഷേധിക്കാനുള്ള ഇച്ഛാശക്തി രാമായണത്തിലെ സ്ത്രീയിലുണ്ട് എന്ന് ആശാൻ കണ്ടെത്തുന്നുണ്ട്. സ്ത്രീയെയും പാദജനെയും അപവ്യക്തീകരിക്കുന്ന ശ്രുതിവചനങ്ങൾക്കെതിരേയുളള സമരമാണ് 'ചിന്താവിഷ്ടയായസീത'. സ്ത്രീയും ചണ്ഡാലനും അശുദ്ധവസ്തുക്കളല്ല, പിഴുതെറിയപ്പെടേണ്ട കാട്ടുപുല്ലല്ല ഇച്ഛാത്മകവ്യക്തിത്വങ്ങളാണ് പ്രാകൃതകാമനകളുടെ ശരീരരൂപങ്ങളാണ് എന്ന് സമർത്ഥിക്കാനാണ് ഫ്രോയ്ഡിന്റെ തത്ത്വങ്ങളുപയോഗിച്ചുകൊണ്ട് എം.എൻ.വിജയൻ ആശാൻ എന്ന ലേഖനമെഴുതുന്നത്.

ആശാൻകൃതികളുടെ അപവായനകൾക്കെതിരെ, മന്ദമാരുതപ്രസ്ഥാനവായനകൾക്കെതിരെ, ബ്രാഹ്മണിക്കലായി മാറാനുള്ള മനസ് ആശാൻകവിതയിലുണ്ട് എന്ന് പറയുന്ന സംഘപരിവാരനിലപാടുകൾക്കെതിരെ തന്നെയാണ് ആശാൻകവിതയെക്കുറിച്ചുള്ള വായന എം.എൻ.വിജയൻ നടത്തിയത്. ഗന്ധത്തെ മനുഷ്യന് മനുഷ്യനെ അനുഭവിക്കാനുള്ള പ്രാകൃതവികാരങ്ങളുടെ പ്രതിക്രിയാപ്രവർത്തനമായിട്ടാണ് എം.എൻ.വിജയൻ കാണുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകളിൽ ക്വാറൻ്റെെൻ അനുഭവിക്കുന്ന വ്യക്തി പറയുന്നതും അതുതന്നെയാണ് - എനിക്ക് മനുഷ്യനെ മണക്കുന്നു എന്ന്. ഗന്ധത്തിൽ നിന്ന് കേൾവിയിലേക്കും രുചിയിലേക്കും സ്പർശത്തിലേക്കും കാഴ്ചയിലേക്കുമുള്ള അഭിരതികളായി അയാളുടെ ഇന്ദ്രിയങ്ങൾ വികസിക്കുന്നു. ഒരാൾക്ക് മറ്റൊരാളെ മണക്കാനും തൊടാനും രുചിക്കാനും ആലിംഗനം ചെയ്യാനുമുള്ള പ്രാകൃതആസക്തികളാണ് മനുഷ്യന്റെ ഇന്ദ്രിയബോധത്തിലുള്ളത് എന്നാണ് അത് മനുഷ്യന്റെ ഇച്ഛയുടെ പ്രകടനമാണ് എന്നാണ് ആശാൻകവിതയിൽ നിന്ന് എം.എൻ.വിജയൻ വായിച്ചെടുക്കുന്നത്. ക്വാറന്റൈൻ അനുഭവിച്ച നമ്മുടെ കാലത്തിന് വൈക്കം മുഹമ്മദ് ബഷീർ മറ്റൊരു സാധ്യതയായി മാറുന്നുവെന്ന് മാത്രം.


തയ്യാറാക്കിയത് അമൃത ഐ.പി.

 

നൗഷാദ് എസ്

അസോസിയേറ്റ് പ്രൊഫസർ

ORI & MSS ലൈബ്രറി

കേരളസർവ്വകലാശാല

163 views0 comments
bottom of page