top of page

ചെറുകഥ - 2 (നവോത്ഥാനാനന്തരം)

സാഹിത്യ പ്രതിചരിത്രപരമ്പര - 4

ടി.പത്മനാഭന്‍ : ശേഖൂട്ടി

"മുമ്പ് കഥകളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന മനുഷ്യരുടെ വായാണ് പലപ്പോഴും സംസാരിച്ചിരുന്നത്; ഇപ്പോള്‍ ഹൃദയമാണ് സംസാരിക്കുന്നത്" എന്ന് എം.ടി. തന്‍റെ തലമുറയിലെ എഴുത്തുകാരെക്കുറിച്ചു പറയുന്നു. ജീവിതത്തിന്‍റെ പ്രത്യയശാസ്ത്രതലങ്ങളെ അനാവരണം ചെയ്യാന്‍ മുതിര്‍ന്നുവെന്നു മാത്രമേ ഇതിനര്‍ത്ഥമുള്ളൂ. പ്രകടമായ വര്‍ഗ്ഗസ്വഭാവമുള്ള ജീവിതവിമര്‍ശനത്തില്‍ നിന്നും മാറി വര്‍ഗ്ഗതലങ്ങളുടെ അബോധാത്മകമായ പ്രത്യയശാസ്ത്രഘടകങ്ങള്‍ പലപ്പോഴും ആവിഷ്കരിക്കാന്‍ ഇവര്‍ ശ്രമിച്ചു. "ചിത്തവൃത്തിസത്യങ്ങള്‍ അവതരിപ്പിച്ചു ഇവര്‍" എന്ന് എം.അച്യുതന്‍ അഭിപ്രായപ്പെടുന്നത് അതുകൊണ്ടുതന്നെ. പ്രത്യക്ഷത്തില്‍ അയുക്തിയെന്നു കരുതുന്ന സംഭവങ്ങള്‍ സ്വപ്നത്തിന്‍റെ ഘടനയില്‍ പലപ്പോഴും ആവിഷ്കരിച്ചു അവര്‍. 'വ്യക്തിപരമായ റിയലിസ'മെന്ന് ഈ കാലത്തെ എഴുത്തിനെ എസ്.സുധീഷ് വിശേഷിപ്പിക്കുന്നുണ്ട്. മാധവിക്കുട്ടിയുടേയും എം.ടി.യുടേയും ടി.പത്മനാഭന്‍റേയും കഥകള്‍ ഉദാഹരണമാണ്. തകഴിയുടെ വെള്ളപ്പൊക്കത്തിലെ നായ ഒരു വര്‍ഗ്ഗത്തെ പ്രതിനിധീകരിക്കുമ്പോള്‍ ടി.പത്മനാഭന്‍റെ ശേഖൂട്ടി വര്‍ഗ്ഗവ്യത്യാസത്തിനു പിന്നിലുള്ള മനശ്ശാസ്ത്രതലങ്ങളെ ആഖ്യാനം ചെയ്യുന്നു.

മരണാസന്നയായ ഒരു നായ(ശേഖൂട്ടി)യുടെ മനസ്സിലൂടെ സഞ്ചരിക്കുന്ന ഈ കഥയില്‍, അധീശത്വത്തിന്‍റേയും അടിമത്തത്തിന്‍റേയും അവസ്ഥകള്‍ എങ്ങനെ പൂരകദ്വന്ദ്വങ്ങളായിരിക്കുന്നുവെന്നും അധീശത്വം എത്ര വിശുദ്ധമായ അവസ്ഥയിലും ക്രൂരമായിരിക്കുമെന്നും രക്ഷകനെത്തേടുന്ന അയിത്താവസ്ഥ മരണതുല്യമാണെന്നും വെളിപ്പെടുത്തുന്നു. ശേഖൂട്ടി എന്ന നായ മീന്‍കാരന്‍ മമ്മതിനെ കടിക്കുമ്പോള്‍ 'വക്കത്തുള്ള വിത്താ'യി അഭിനന്ദിക്കപ്പെടുന്നു. ആക്രമിക്കുക എന്നത് ധീരതയുടെ ലക്ഷണമായും നാടുവാഴിയുടെ പ്രശംസനീയാവസ്ഥയായും സ്വീകരിക്കപ്പെടുന്നു. ശേഖൂട്ടി നാടുവാഴിയാണ് (ഉടമയാണ്) എന്നു പറയുമ്പോള്‍ യജമാനനായ ദാമുവിന്‍റെ അടിമ കൂടിയാണ്. അടിമയുടെ വീരത്വം സ്വീകാര്യമാകുന്നത് ഉടമയ്ക്ക് അനുകൂലമായ ക്രിയയാകുമ്പോള്‍ മാത്രമാണ്. വീട്ടിലെ കുട്ടിയെ ആക്രമിക്കുമ്പോള്‍ ശേഖൂട്ടി പേപിടിച്ചവനാകുന്നു, തിരസ്കൃതനാകുന്നു. അതിനുമുന്‍പു തന്നെ ശേഖൂട്ടിയ്ക്ക് മുഖപ്പട്ട ലഭിച്ചിരുന്നു. ഗോത്രസമുദായത്തില്‍ വീരന് പെണ്ണിനെ ലഭിക്കുന്നതുപോലെ, പാണ്ടന്‍നായയെ കടിച്ചെറിഞ്ഞ് വീരത്വം തെളിയിച്ചാണ് ശേഖൂട്ടി, റോസിയെ സ്വന്തമാക്കിയത്. റോസിയുടെ യജമാനനെ ആക്രമിച്ചതിനെ തുടര്‍ന്നാണ് ശേഖൂട്ടി ബന്ധനസ്ഥനാകുന്നത്. മരണത്തിന്‍റെ കഴുകന്‍കഴുത്തില്‍ കൊക്കും നഖവും താഴ്ത്തുമ്പോഴും ശേഖൂട്ടി തന്‍റെ യജമാനന്‍ വരുമെന്ന സ്വപ്നത്തിലാണ്. 'വ്യാമോഹത്തിന്‍റെ ആ നീര്‍ക്കുമിളകള്‍ പൊട്ടാതിരുന്നെങ്കില്‍' എന്നാണ് കഥ അവസാനിക്കുന്നത്. നല്ലവനായ ഉടമയെക്കുറിച്ചുള്ള സ്വപ്നം വ്യാമോഹമാണെന്ന് വെള്ളപ്പൊക്കത്തില്‍ എന്നപോലെ ഇവിടേയും വെളിപ്പെടുന്നു. മരണപ്രായമായ ഫ്യൂഡല്‍ നാടുവാഴിത്തത്തോടുള്ള ഗൃഹാതുരത്വം ഈ കഥയിലുണ്ടെങ്കിലും ഉടമവിധേയത്വം മരണം മാത്രമേ നല്‍കൂ എന്ന സൂചനയും കഥയിലുണ്ട്. അതേസമയം പത്മനാഭന്‍റെ മറ്റു പല കഥകളും ഫ്യൂഡല്‍ ക്രൂരസൗഭാഗ്യങ്ങള്‍ക്ക് നേരേയുള്ള കാല്‍പ്പനികമായ പലായനത്തിൻ്റെ കഥകളാണ്. മുകുന്ദന്‍റേയും മറ്റും പില്‍ക്കാലകഥകള്‍ക്കുള്ള വിഷ്കംഭമായി മാറുന്നു ഇത്തരം കഥകള്‍. ഉദാഹരണമായി പ്രശസ്തമായ പ്രകാശം പരത്തുന്ന പെണ്‍കുട്ടി. ഇടുങ്ങിയ തെരുവുകള്‍ക്കും ഇടിഞ്ഞുപൊളിഞ്ഞ കോട്ടയ്ക്കും മുന്നില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുകയും ആത്മഹത്യയ്ക്കൊരുങ്ങുകയും ചെയ്യുന്ന ആഖ്യാതാവ് ഇടിഞ്ഞുപൊളിഞ്ഞ ഫ്യൂഡല്‍ സൗഭാഗ്യങ്ങള്‍ക്കും മുതലാളിത്തത്തിന്‍റെ പൊങ്ങച്ചങ്ങള്‍ക്കും ഇടയിലാണ് എടുത്തെറിയപ്പെടുന്നത്. കഥാനായകൻ്റെ ഒറ്റപ്പെടലിനു കാരണം അപകർഷബോധമാണെന്നു മനസിലാകുന്നത്, സ്വന്തം ജീവിതത്തിൽ പ്രകാശം പരക്കുന്നത് എങ്ങനെയെന്ന അവതരണം കാണുമ്പോഴാണ്. തനിക്ക് ഇംഗ്ലീഷ് അറിയാമെന്നറിഞ്ഞ് ആദരിക്കുന്ന പെണ്‍കുട്ടിയിലൂടെയാണ് കഥാനായകൻ്റെ ജീവിതം പ്രകാശമയമാകുന്നത്. കഥാനായകനോട് വഴിയിൽ കാണുന്നവർ "നിങ്ങൾക്ക് ബീഡിതെറുപ്പാണോ തൊഴിൽ" എന്നു ചോദിക്കുന്നു. അങ്ങനെ അപകർഷനിലയിൽപ്പെട്ടു കിടക്കുമ്പോഴാണ് തൻ്റെ ഇംഗ്ലീഷ് പരിജ്ഞാനത്തെ ഒരു കുട്ടി അംഗീകരിക്കുന്നതും ജീവിതം പ്രകാശമയമാകുന്നതും. നവോത്ഥാനം സവർണ്ണമനസ്സിൽ തീർത്ത അപകർഷതകളിൽ നിന്നും കൊളോണിയൽ പൊങ്ങച്ചങ്ങളിലൂടെ ആശ്വാസം നേടുന്നതാണ് ഈ കഥയിൽ. ജനാധിപത്യപരമായ സ്വത്വനിര്‍മ്മാണത്തില്‍ പരാജിതമാകുന്ന, ഫ്യൂഡല്‍-കൊളോണിയൽ സൗഹാര്‍ദ്ദത്തിലേയ്ക്ക് സ്വപ്നാത്മകമാകുന്ന ദൂര്‍ബ്ബലവ്യക്തിത്വത്തെയാണ് ഇവിടെ അടയാളപ്പെടുത്തുന്നത്.


മാധവിക്കുട്ടി : പക്ഷിയുടെ മണം

സവർണ്ണപുരുഷമനസ്സിൻ്റെ അസ്തിത്വാന്വേഷണങ്ങളിൽ, സ്ത്രീവ്യക്തിത്വമാണ് ഏറ്റവും വെല്ലുവിളി നേരിട്ടത്. മാധവിക്കുട്ടിയുടെ കൃതികളിൽ ഇത്തരം പ്രശ്നങ്ങൾ ഉന്നയിക്കുന്നുണ്ട്. ഒറ്റപ്പെട്ടതും ഏകാന്തവുമായ സ്ത്രീജീവിതത്തിന്‍റെ തരിശ്ശുനിലങ്ങളും സ്ത്രീവിധേയത്വത്തിന്‍റെ ദയനീയചിത്രങ്ങളും ഇവരുടെ കൃതികളില്‍ കാണാം.

ചവിട്ടിയരയ്ക്കപ്പെട്ട ഒരു പക്ഷിയെപ്പോലെ പുരുഷനു മുന്നില്‍ വിധേയയാക്കപ്പെടുന്ന സ്ത്രൈണവ്യക്തിത്വത്തെ സുന്ദരമായ മരണാനുഭവമായി പക്ഷിയുടെ മണം എന്ന കഥയില്‍ ആവിഷ്കരിക്കുന്നു. അടുക്കളയില്‍ നിന്നും അരങ്ങിലേയ്ക്ക് വന്ന സ്ത്രീയെ, ഉദ്യോഗമന്വേഷിക്കുന്ന സ്ത്രീയെ എങ്ങനെ മരണത്തിന്‍റെ മഞ്ഞസാരിയുടിപ്പിക്കാം, അവളുടെ ജീവിതത്തെ എങ്ങനെ ആനന്ദകരമായി തട്ടിയെടുക്കാം എന്ന വസ്തുത ഇവിടെ ആവിഷ്കരിക്കുന്നു. ബുഷ്ഷര്‍ട്ട് ധരിച്ച, സോഡയില്‍ വിസ്കിയൊഴിച്ച് മദ്യപിക്കുന്ന ചെറുപ്പക്കാരന്‍ ജോലിസ്ഥലമന്വേഷിച്ചെത്തിയ അവളോട് സുഖമായി മരിക്കുവാന്‍ ഏര്‍പ്പെടുത്തിക്കൊടുക്കും എന്നു പറഞ്ഞുകൊണ്ട് പക്ഷിത്തൂവലുകളുടെ മണമുള്ള മരണത്തെക്കുറിച്ച് വിശദീകരിക്കുന്നു. സ്നേഹത്തിന്‍റെ പരിപൂര്‍ണ്ണതയ്ക്കായി തനിക്കു (മരണത്തിനു) എല്ലാം കാഴ്ചവയ്ക്കാന്‍, ചുവന്ന ചുണ്ടുകള്‍, ചാഞ്ചാടുന്ന കണ്ണുകള്‍ എല്ലാം കാഴ്ചവച്ച് കാറ്റിലും മഴത്തുള്ളിയിലും ലയിച്ച് ഇല്ലാതാവാന്‍ അയാള്‍ ക്ഷണിക്കുന്നു. അവിടെ നിന്ന് രക്ഷപ്പെട്ട് അവള്‍ കയറിയ ലിഫ്റ്റ് ആകാശത്തിലെത്തുമ്പോള്‍ 'ലിഫ്റ്റ് കേടുവന്നിരിക്കുന്നു, അപകടം' എന്ന ബോര്‍ഡ് കണ്ടു. അവള്‍ക്കവിടെ നിന്ന് ഒരിക്കലും പുറത്ത് കടക്കേണ്ടിവന്നില്ല. ബുഷ് ടെര്‍ലിന്‍ ഷര്‍ട്ടു ധരിച്ച, മദ്യപിക്കുന്ന, മരണത്തിന്‍റെ പ്രതിപുരുഷന്‍ തന്നില്‍ അദ്വൈതാനുഭവമായി ലയിച്ചുചേരാന്‍ സൗന്ദര്യാത്മകമായി ആവശ്യപ്പെടുന്നതില്‍ കച്ചവടമുതലാളിത്തവും ഫ്യൂഡലിസവും ഇണചേര്‍ന്ന് സൃഷ്ടിക്കുന്ന പരസ്യതന്ത്രമുണ്ട്. രക്ഷപ്പെടാനാവാത്തവിധം ആധുനികമനുഷ്യന് മുതലാളിത്തമൊരുക്കുന്ന മരണസിംഹാസനമാണത്. പഴയ പുരുഷസങ്കല്പങ്ങളും പുതിയ പുരുഷസങ്കല്പങ്ങളും, ഭർത്താവും ജാരനും ഒരുപോലെ സ്ത്രീക്ക് ദുരന്തമായി മാറുന്നതെങ്ങനെയെന്നു അവതരിപ്പിക്കുന്നതാണ് മാധവിക്കുട്ടിയുടെ മികച്ച കഥകൾ.


എം.ടി : ഇരുട്ടിന്‍റെ ആത്മാവ്, പള്ളിവാളും കാല്‍ചിലമ്പും

ഫ്യൂഡലിസം നിര്‍മ്മിച്ച വളരാന്‍ മുതിരാത്ത വ്യക്തിത്വം, നാലുകെട്ടുകളില്‍ വലിച്ചെറിയപ്പെട്ട ജീവിതം ഇവ ഒരേസമയം ആദര്‍ശവത്കരിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. ലളിതാംബിക അന്തര്‍ജ്ജനത്തിന്‍റെ പ്രതികാരദേവതയിലെ താത്രി പറഞ്ഞപോലെ, ഭ്രാന്തിനും പതിത്വത്തിനുമിടയിലുള്ള ജീവിതമായിരുന്നു അത്. വിശുദ്ധിയുടെ ദൈവസങ്കല്‍പ്പത്തില്‍ നന്നേ അപകര്‍ഷപ്പെട്ട മനസ്സിന്‍റെ അടങ്ങാത്ത അമര്‍ഷങ്ങളായിരുന്നു എം.ടിയുടെ സാഹിത്യം. 'ഷണ്ഡൻ്റെ അമർഷം' എന്ന എം.ടി.യുടെ തന്നെ പ്രതീകമാണ് എം.ടി.കൃതികളെ വിശദീകരിക്കാൻ എസ്.സുധീഷ് ഉപയോഗിക്കുന്നത്. പള്ളിവാളും കാല്‍ച്ചിലമ്പും എന്ന കഥയിലെ വെളിച്ചപ്പാട് ഭ്രാന്തിന്‍റെ ആദര്‍ശവത്കരിക്കപ്പെട്ട നിലയെങ്കില്‍ ഇരുട്ടിന്‍റെ ആത്മാവിലെ വേലായുധന്‍ ഭ്രാന്തിന്‍റെ പതിത്വം സംഭവിച്ച വ്യക്തിത്വമാണ്. വെളിച്ചപ്പെട്ട് കോമരംതുള്ളി തലതല്ലിപ്പൊളിക്കുന്ന വെളിച്ചപ്പാടും, അച്യുതന്‍ നായരാല്‍ പീഡിപ്പിക്കപ്പെടുന്ന ഇരുളില്‍ തലതല്ലി വിലപിക്കുന്ന വേലായുധനും ദേവിയെ പ്രതീക്ഷിക്കുന്നു(വേലായുധന്‍ അമ്മുക്കുട്ടിയെ). പക്ഷേ രണ്ടുപേരും തിരസ്കരിക്കപ്പെടുന്നു. വെളിച്ചപ്പാടിന്‍റെ കുടുംബത്തിനു വസൂരി കിട്ടി; വേലായുധന് 'ഭ്രാന്തന്‍ ഭ്രാന്തന്‍…' എന്ന നിലവിളിയും കിട്ടി. പള്ളിവാളെടുത്ത് മാങ്ങചെത്തിയതിന് കൈകഴയ്ക്കുവോളം മകനെ അടിച്ച വെളിച്ചപ്പാട് ഒടുവില്‍ ജീവിതത്തിനുവേണ്ടി പള്ളിവാളും ചിലമ്പും വില്‍ക്കുന്നു. വേലായുധന്‍ തനിക്കു ഭ്രാന്താണെന്ന് സ്വയം തിരിച്ചറിയുന്നു. ഭ്രാന്തിലേയ്ക്കും പതിത്വത്തിലേയ്ക്കും വിശപ്പിലേയ്ക്കും തള്ളിവിടുന്ന ആത്മീയതയുടെ വിശുദ്ധക്ഷേത്രങ്ങള്‍ക്കു നേരേയുള്ള ഒടുങ്ങാത്ത അമര്‍ഷവും കുതറിമാറലുമായിരുന്നു എം.ടി.യുടെ കഥകള്‍. എം.ടി.യുടെ പില്‍ക്കാലകഥകളിലെത്തുമ്പോള്‍ വിശുദ്ധിയ്ക്കും അയിത്തത്തിനും സംഭവിച്ച പരിണാമം കാണുന്നുണ്ട്. ഉദാഹരമായി, ഹോരയിലെ ഇരട്ടസഹോദരന്മാര്‍. "അവന്‍ എന്‍റെ കൂടെ പിറന്നവന്‍, എന്‍റെ ശത്രുവായി മാറിയത് മുമ്പേ ഞാനറിഞ്ഞിരുന്നു" എന്ന് കഥ തുടങ്ങുന്നു. വിശുദ്ധമായ പള്ളിവാള്‍ മാങ്ങമുറിക്കാൻ ഉപയോഗിച്ചുതുടങ്ങുമ്പോള്‍ പിതാവിനാൽ ആട്ടിയോടിക്കുന്നത് എം.ടി.മുന്നേ ചിത്രീകരിച്ചിട്ടുണ്ട്. അങ്ങനെ ചെയ്യുന്നയാൾ എങ്ങനെ സമൂഹത്തില്‍ നിന്നും ഇരുട്ടിലേയ്ക്കു അടിച്ചോടിക്കപ്പെടുന്നു, തിരസ്കൃതനാക്കപ്പെടുന്നു എന്നു എം.ടി. മനസ്സിലാക്കിയിരുന്നു. പുതിയ കാലത്ത് കൂടുതല്‍ മാര്‍ക്കും വാങ്ങി താന്‍ ഇരിക്കുമ്പോള്‍ തന്‍റെ മുഖച്ഛായയുള്ളവന്‍ എങ്ങനെ ജോലി സമ്പാദിക്കുന്നുവെന്നും എങ്ങനെ നിരന്തരം തന്നെ പരാജയപ്പെടുത്തുന്നുവെന്നും ദുര്‍ബലമായ പ്രതിരോധങ്ങള്‍കൊണ്ട് എങ്ങനെ താന്‍ സ്വയം പരിഹാസ്യനാകുന്നുവെന്നും ഹോര എന്ന കഥയില്‍ അവതരിപ്പിക്കുമ്പോള്‍ നവോത്ഥാനകാലത്തെ തിരസ്കൃതവ്യക്തിത്വത്തിന്‍റെ പില്‍ക്കാലപരിണാമം പരിചയപ്പെടുത്തുക കൂടിയാണ്.


മുകുന്ദന്‍ : മുണ്ഡനം ചെയ്യപ്പെട്ട ജീവിതം

ടി.പത്മനാഭനിലും മറ്റും കാണുന്ന ഫ്യൂഡല്‍ ഗൃഹാതുരത്വവും മുതലാളിത്തമതിഭ്രമങ്ങളെ പിന്തുടരാന്‍ വേണ്ടത്ര വേഗതയില്ലായ്മയും ജനാധിപത്യ സ്വത്വവികാസത്തിനുതകാത്ത ദുര്‍ബ്ബലവ്യക്തിത്വവും വല്ലാത്ത ഒരു സ്ന്ദിഗ്ധതയില്‍ സമൂഹമനസ്സിനെ കൊണ്ടെത്തിച്ചു. പരാജയങ്ങളെ ആദര്‍ശവത്കരിക്കാനും ദൗര്‍ബല്യങ്ങളെ മഹത്വവത്കരിക്കാനുമുള്ള പ്രവണത സംജാതമായി. അതുകൊണ്ടുതന്നെ ജനാധിപത്യഭരണകൂടത്തിനെതിരെയുള്ള പ്രതിലോമ മതശക്തികളുടെ ധ്രുവീകരണം 'വിമോചനസമര'മായി കൊണ്ടാടപ്പെട്ടു. മതബോധത്തിനുള്ളിലെ ദുരന്തങ്ങളേയും ജീര്‍ണ്ണതകളേയും നവോത്ഥാനമനസ്സ് വലിച്ചുപുറത്തിട്ടു. അറുപതുകള്‍ക്കുശേഷം വന്ന എഴുത്തുകാരാല്‍ ആ അഴുക്കുകളോടെത്തന്നെ മതബോധം ആദര്‍ശവത്കരിക്കപ്പെട്ടു. അങ്ങനെ വേശ്യകളുടെ അമ്പലങ്ങള്‍ രൂപപ്പെട്ടു. മധ്യവര്‍ഗ്ഗസദാചാരത്തിന്‍റെ കാപട്യങ്ങളെ തുറന്നുകാട്ടുകയായിരുന്നു ലക്ഷ്യമെന്ന് പല എഴുത്തുകാരും ചൂണ്ടിക്കാട്ടിയെങ്കിലും വേണ്ടത്ര ഫലപ്രദമായില്ല. ക്ഷോഭം വെറും സുവിശേഷപ്രസംഗങ്ങള്‍ മാത്രമായിപ്പോയി.

യുദ്ധാനന്തരയൂറോപ്പിന്‍റെ ഭീതിജനകമായ മനസ്സും ഡാര്‍വിന്‍റെ ദൈവനിഷേധ പരിണാമസിദ്ധാന്തവും ദൈവത്തിന്‍റെ മരണം പ്രവചിച്ച നീഷേയെപ്പോലുള്ള ചിന്തകന്മാരുമാണ് യൂറോപ്പില്‍ ആധുനികത(Modernism)യുടെ ബീജങ്ങള്‍ നിക്ഷേപിച്ചത്. എന്നാല്‍ ദൈവത്തിന്‍റെ അപരരൂപത്തിൽ അതിമാനുഷനെ നീഷേ സങ്കല്‍പ്പിച്ചു. അതു ഒരു അധോതലദൈവമായിരുന്നു. സ്വതന്ത്രനാകാന്‍ ശിക്ഷിക്കപ്പെട്ട മനുഷ്യന്‍റെ ഒറ്റപ്പെടലും സംത്രാസങ്ങളും കാഫ്ക, ഷെനെ, കാമു, സാര്‍ത്ര് തുടങ്ങിയ എഴുത്തുകാര്‍ ചിത്രീകരിച്ചു. ആധുനികതയെക്കുറിച്ച് മുകുന്ദന്‍ ഇങ്ങനെയാണ് രേഖപ്പെടുത്തുന്നത്: "മരണം വ്യര്‍ത്ഥമാക്കിയ ജീവിതത്തിനുനേരേ പുതിയ മനുഷ്യന്‍ കൈകൊണ്ട ജീവിതവീക്ഷണമാണത്. നിഷേധികളുടേയും ക്ഷോഭിക്കുന്നവരുടേയും മൊഴിയാണ് ആധുനികത." ആധുനികത ഹിപ്പോക്രസിയ്ക്ക് എതിരായ പ്രക്ഷോഭമാണെന്ന് പറഞ്ഞ മുകുന്ദന്‍ എഴുത്തുകാരന്‍റെ പ്രതിജ്ഞാബദ്ധതയെക്കുറിച്ച് ഇങ്ങനെ പറയുന്നു: "സമൂഹം മാനിക്കുന്നത് കള്ളക്കടത്തുകാരേയും പൂഴ്ത്തിവയ്പുകാരേയുമാണ്. അങ്ങനെയുള്ള സമൂഹത്തോട് സാഹിത്യകാരന് എന്തു കടപ്പാടാണ് വച്ചുപുലര്‍ത്താന്‍ കഴിയുക" (എന്താണ് ആധുനികത)

വിശുദ്ധത്തെ ചെറുക്കാനെന്ന വ്യാജേന കടത്തിക്കൊണ്ടുവന്ന അശുദ്ധങ്ങള്‍ക്ക് നവോത്ഥാനകാല കാഥികരിലെന്നപോലെ പരിവര്‍ത്തനസ്വഭാവമല്ലായിരുന്നു, ആധുനികരില്‍. അവര്‍ അയിത്തങ്ങളെ ആദര്‍ശവത്കരിച്ചു. വ്യഭിചാരത്തിന്‍റേയും രോഗത്തിന്‍റേയും അവസ്ഥ ആത്മീയതയുടെ പൂക്കളായി മഹത്വവത്കരിച്ചു. വേശ്യകളേ നിങ്ങള്‍ക്കൊരമ്പലം എന്ന കഥയും ഉദാഹരണം. ദേവദാസീപ്രത്യയശാസ്ത്രപരിണാമം ശ്രദ്ധിച്ചാല്‍ വേശ്യകളുടെ അമ്പലപ്രതിഷ്ഠയ്ക്ക് ഒരു പുതുമയോ വിപ്ലവമോ ഇല്ലെന്നു കാണാം.

ദാഹിച്ചവന് ജലം കൊടുത്തെന്ന 'കുറ്റ'ത്താല്‍ ഗീതവായിക്കുന്ന ഒരു പണ്ഡിത്ജിയാല്‍ മുണ്ഡനം ചെയ്യപ്പെട്ട് കഴുതപ്പുറത്ത് കേറേണ്ടിവന്ന ഒരാളുടെ കഥ, മുണ്ഡനം ചെയ്യപ്പെട്ട ജീവിതത്തില്‍ കാണാം. അയാളുടെ തല ശ്രേഷ്ഠമാണ് എന്തെന്നാല്‍, "അയാളുടെ തല അനേകം പെണ്‍കുട്ടികളുടെ മാറിലൂടെ സഞ്ചരിച്ചിട്ടുള്ള അനേകം പെയിന്‍റിങ്ങുകള്‍ വിരിഞ്ഞിട്ടുള്ള, കവിതകള്‍ പാടപ്പെട്ടിട്ടുള്ള" തലയാണ്. ചങ്ങമ്പുഴ, സമൂഹത്താല്‍ മുണ്ഡനം ചെയ്യപ്പെട്ട വ്യക്തിജീവിതത്തെക്കുറിച്ചു പാടിയപ്പോഴും ലോകം കപടമെന്നു പറഞ്ഞപ്പോഴും താന്‍ ഇരമാത്രമല്ല, കാരണക്കാരന്‍ കൂടിയാണെന്ന ബോധമുണ്ടായിരുന്നു; നവോത്ഥാനകാല കഥാകൃത്തുക്കള്‍ക്കും അതുണ്ടായിരുന്നു. പാവപ്പെട്ടവന്‍റെ വേശ്യ നേരിടേണ്ടിവരുന്ന പീഡനങ്ങളെക്കുറിച്ച് ബഷീര്‍ പറയുമ്പോഴും 'ഇവള്‍ സുന്ദരിയായതുകൊണ്ടല്ലേ ഇവളെ ശ്രദ്ധിക്കുന്നത്?' എന്ന ആത്മചിന്തനം നടത്തുന്നുണ്ട്. മുകുന്ദനും മറ്റും സ്വന്തം അന്യവത്കരണത്തെ ആദര്‍ശവത്കരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഹിപ്പോക്രസിക്കെതിരായ പ്രക്ഷോഭമെന്നു തന്‍റെ കഥകളെക്കുറിച്ച് പറയുമ്പോള്‍ത്തന്നെ/ മരണം വ്യര്‍ത്ഥമാക്കിയ ജീവിതത്തിനുനേരെയുള്ള ക്ഷോഭം എന്നൊക്കെ പറയുമ്പോള്‍ത്തന്നെ ഹിപ്പോക്രസി സൃഷ്ടിക്കുന്ന മാനസികപ്രശ്നങ്ങളുടെ അസ്തിത്വവ്യഥകളേ, തന്നെ അലട്ടുന്നുള്ളൂവെന്ന് മുകുന്ദന്‍റെ കഥ സൂക്ഷ്മമായി വായിച്ചാല്‍ അറിയാം. സ്വന്തം തല ക്ഷുരകന്‍ മുണ്ഡനം ചെയ്യുന്ന സന്ദര്‍ഭത്തില്‍ ആഖ്യാതാവ് ഇങ്ങനെ ചിന്തിക്കുന്നു: "അയാളുടെ കല്‍പ്പനപോലും എനിക്കു ലംഘിക്കാന്‍ കഴിവില്ലാതായിരിക്കുന്നു. ഞാന്‍ ക്ഷുരകനേക്കാള്‍ അധഃകൃതനല്ലേ". ജാതി തകര്‍ന്നുപോകുന്ന ഒരു കാലഘട്ടത്തില്‍ അധഃകൃതരെന്ന് പുറംതള്ളിയവര്‍ രാഷ്ട്രീമായും സാമൂഹികമായും മുന്നേറുന്ന ഒരു കാലത്ത് ഉപരിവര്‍ഗ്ഗമനസ്സിനുണ്ടാകുന്ന മാനസികസങ്കോചമാണ് ("ഞാന്‍ ക്ഷുരകനേക്കാള്‍ അധഃകൃതനോ'') ആധുനികരുടെ അന്യവത്കരണത്തിനു കാരണം.

കാലഘട്ടത്തിന്‍റെ ദുര്‍ബ്ബലതകള്‍ അടയാളപ്പെടുത്തിയ സാധാരണകഥകളെ അനാരോഗ്യകരമാംവിധം മഹത്വവത്കരിച്ചത് ആധുനികനിരൂപകരായിരുന്നു. ഉദാഹരണമായി, നാലുവയസ്സായിട്ടും മുലകുടിമാറാത്ത രാജുവിനെ (മുതിരാന്‍ മടിക്കുന്ന സാമൂഹികവ്യക്തിത്വത്തെ) അവതരിപ്പിച്ച, മുകുന്ദന്‍റെ 'മുലപ്പാല്‍' എന്ന കഥ രാജകൃഷ്ണന്‍ എന്ന നിരൂപകന്‍ ഫ്രോയിഡിനേയും കൂട്ടിവന്ന് വായിക്കുന്നത് ദയനീയകാഴ്ചയാണ്. രാജുവിന്‍റെ അച്ഛന്‍റെ ശകാരത്തെ ലൈംഗികാസൂയയായി വായിച്ച് ഒരു കുട്ടി സെക്സിന്‍റെ നിഗൂഢസാധ്യതകള്‍ കണ്ടെത്തുന്ന കഥയായി അതിനെ വായിക്കുന്നു (മുകുന്ദന്‍റെ കഥകള്‍, അവതാരിക). ഇത് ഇവരുടെ കഥകളെ തെറ്റായി വ്യാഖ്യാനിക്കുന്ന രീതി ഉത്പാദിപ്പിച്ചു. ദല്‍ഹി, 1981 തുടങ്ങിയ പില്‍ക്കാല കഥകളുടെ വായനയെപ്പോലും അത് സ്വാധീനിച്ചു.


വിജയന്‍ : എട്ടുകാലി

ഒരമ്മാവന്‍റെ അധീശത്വത്തിലുള്ള ഒരു ഇടുങ്ങിയ മനശ്ശാസ്ത്രമുറിയില്‍ കഴിഞ്ഞ ജന്മിത്ത പുരുഷമനസ് ലൈംഗികമായ സ്വത്വരൂപീകരണത്തിനു വഴിയില്ലാതെ രക്തബന്ധങ്ങളില്‍ (മുറപ്പെണ്ണ്) അഭയം പ്രാപിച്ചു. ഇതും തെരഞ്ഞെടുപ്പിന്‍റെ ഇച്ഛാഭരിതമായ ജീവിതം നിഷേധിക്കുന്ന സംബന്ധവിവാഹവും, സ്ത്രീയെ വേശ്യാത്മകമായ ഒരു ലൈംഗികാസ്തിത്വത്തിലേയ്ക്ക് ചുരുക്കുകയും പുരുഷനെ സ്വന്തം പെണ്ണുങ്ങളുടെ കൂട്ടിക്കൊടുപ്പുകാരനാക്കുന്ന ജീര്‍ണ്ണാസ്തിത്വത്തിലേയ്ക്ക് എടുത്തെറിയുകയും ചെയ്തു. പ്രലോഭനീയമായ സ്ത്രീയുടെ വേശ്യാവ്യക്തിത്വം ഉച്ഛൃംഖലമാകാതെ വിശുദ്ധമായി നിലനിര്‍ത്തിയത് "അമ്മാവന്‍" എന്ന പുരുഷാധികാരശക്തിയായിരുന്നു. എന്നാല്‍ അമ്മാവന്‍റെ മരണത്തോടെ (ഫ്യൂഡലിസത്തിന്‍റെ തകര്‍ച്ചയും ജനാധിപത്യരാഷ്ട്രസംവിധാനത്തിന്‍റെ രൂപീകരണവും) 'വിശുദ്ധ സ്ത്രീ' കളങ്കപ്പെടുകയും ഉപരിവര്‍ഗ്ഗപുരുഷമനസ് നിരാലംബമാവുകയും ചെയ്തു. വിജയന്‍റെ കൃതികളിലെ അമ്മയ്ക്ക് തുല്യമായവരോടുള്ള ലൈംഗികക്രിയയും (വിശുദ്ധസ്ത്രീയുടെ കളങ്കപ്പെടല്‍) പാപബോധവും ഇങ്ങനെ സ്രഷ്ടമാകുന്നതാണ്. എട്ടുകാലിയില്‍ ഇളയമ്മയെക്കുറിച്ചുള്ള ലൈംഗികബന്ധത്തിന്‍റെ ഓര്‍മ്മകളില്‍ 'എന്നെ കുത്തിക്കൊന്നുവെന്ന നിലവിളിയുമായെത്തുന്ന അമ്മാവനെ ഓര്‍ക്കുക- 'അമ്മാവന്‍റെ മരണ'ത്തെത്തുടര്‍ന്ന് ഉണ്ടാകുന്ന സ്ത്രീയുടെ ഉച്ഛൃംഖലമാകുന്ന ലൈംഗികാസ്തിത്വത്തോടുള്ള ഭീതിയും സമായോജന തന്ത്ര(maladjustment)ങ്ങളുമാണ് എട്ടുകാലി എന്ന കഥ. വരേണ്യതയുടെ മഹത്വവത്കരണമുള്ളതും ഒരു കൂട്ടിക്കൊടുപ്പുകാരന്‍റെ വെളിപ്പെടുത്താത്ത വ്യക്തിത്വമുള്ളതുമായ ഒരു പുരുഷന്‍ ഫ്യൂഡൽകാലത്ത് ഉണ്ടായിരുന്നു. വിശുദ്ധിയുടെ (അമ്മ വ്യക്തിത്വത്തിന്‍റെ) ആദര്‍ശവത്കരണമുണ്ട്. മറുവശത്ത് അതികാമിയായ വേശ്യ. ഇത്തരം ഫ്യൂഡല്‍ സ്ത്രീ-പുരുഷവ്യക്തിത്വങ്ങള്‍ക്ക് ജന്മിത്തത്തിന്‍റെ തകര്‍ച്ചയോടെ അതിന്‍റെ വിശുദ്ധമായ മൂടുപടങ്ങള്‍ നഷ്ടമായപ്പോള്‍ വെളിപ്പെട്ട അധോതലവ്യക്തിത്വങ്ങളെ ആദര്‍ശവത്കരിക്കുകയാണ് എട്ടുകാലിയില്‍. കൂട്ടിക്കൊടുപ്പുകാരനായ പുരുഷനും അതികാമിയായ സ്ത്രീയും ഫ്യൂഡൽ വിശുദ്ധ സ്ത്രീ-പുരുഷസങ്കല്പങ്ങളുടെ അപരങ്ങളായിരുന്നു. വിശുദ്ധനും വിടനും അമ്മസങ്കല്പം പേറുന്ന വിശുദ്ധസ്ത്രീയും അതികാമിയായ സ്ത്രീയും മറുപുറങ്ങളായിത്തീരുന്ന പ്രച്ഛന്നവ്യക്തിത്വങ്ങളാണ്. നവോത്ഥാനന്തരം ഫ്യൂഡൽ വിശുദ്ധരൂപങ്ങൾ തകരുന്നു. എന്നാൽ ഇക്കാലകഥകളിൽ അവിശുദ്ധ അപരരൂപങ്ങൾ ഉയർത്തെഴുന്നേൽക്കുന്നു. 26 വയസ്സായ ഒരാള്‍ തന്‍റെ അമ്മയുടെ പ്രായമുള്ള (42 വയസ്) ഒരു സ്ത്രീയോടു നടത്തുന്ന രതിവൈകൃതത്തിന്‍റെ കഥയാണല്ലോ എട്ടുകാലി? തന്‍റെ കിഴവനായ ഭര്‍ത്താവിന് ഈ ബന്ധമറിയാമെന്നും തങ്ങളുടെ ലൈംഗികബന്ധങ്ങള്‍ വിശദമായി പറയുമ്പോള്‍ ചിരിക്കാറുണ്ടെന്നും ആ സ്ത്രീ പറയുമ്പോള്‍, ചിരി ജ്ഞാനിയുടെ സ്ഖലനമാണ്' എന്ന് അയാള്‍ പറയുന്നു. ആ സ്ത്രീയും ഭര്‍ത്താവായ കിഴവനും തങ്ങളുടെ മകളെ അയാള്‍ക്കു കൂട്ടികൊടുക്കുന്നുണ്ട്. കൂട്ടിക്കൊടുക്കലും 'അമ്മലൈംഗികത'യും ഇവിടെ മഹത്വവത്കരിക്കപ്പെടുന്നു, ജ്ഞാനിയുടെ ആത്മീയപ്രവര്‍ത്തനമായതു മാറുന്നു. ഭോഗത്തിനുശേഷം ഇണയെ വിഴുങ്ങുന്ന പെണ്‍എട്ടുകാലിയായി ഈ സ്ത്രീയെ സങ്കല്‍പ്പിക്കുക വഴി പാപത്തിന്‍റെ ശമ്പളം സ്ത്രീയ്ക്ക് നല്‍കാനുള്ള (തിരസ്കൃതന് നല്‍കാനുള്ള) തന്ത്രമാണുള്ളത്. ഈ കാഴ്ചയെ, മകളുടേയും തന്‍റെ പുരുഷന്‍റേയും നഗ്നശരീരങ്ങളുടെ ലഹരിക്കൂത്തും രതിക്രീഡയും കണ്ടുരസിക്കുന്ന ഒരു സ്ത്രീയുടെ കുടില മാനസികസഞ്ചാരമായി വായിച്ച് 'ഇങ്ങനെയും സ്ത്രീകളുണ്ടോ?' എന്ന് കെ.പി. അപ്പനെപ്പോലുള്ള നിരൂപകര്‍ നിഷ്കളങ്കമായി ചോദിക്കുന്നുണ്ട് (അശാന്തി- രതികഥകള്‍). ഇങ്ങനെ പാപബോധത്തെ കൈമാറുന്നതുകൊണ്ടാണ് അഥവാ പാപത്തിന്‍റെ ശമ്പളം തന്നാല്‍ പീഡിപ്പിക്കപ്പെടുന്നവര്‍ക്ക് കൊടുക്കുന്നതുകൊണ്ടാണ് ഈ കഥയിലേത് പാപത്തിന്‍റെ സ്പര്‍ശമില്ലാത്ത ലൈംഗികത (അപ്പന്‍) എന്ന് അശ്രദ്ധ നിരീക്ഷണത്തില്‍ തോന്നുന്നത്. കന്യകയെ പ്രാപിക്കാന്‍ മടിക്കാണിക്കുന്ന, എന്നാല്‍ കന്യകയ്ക്കു മേല്‍ അധികാരമുള്ളവരുടെ അനുവാദത്തില്‍ മടിമാറുന്ന ഈ കഥയിലെ പുരുഷവ്യക്തിത്വം, വരേണ്യതയുടെ വിശുദ്ധസങ്കല്‍പ്പങ്ങളെ തകര്‍ക്കാന്‍ പാപ-ഭീരുത്വത്താല്‍ മടിക്കുകയും (ഏകാധിപത്യത്തെ കൊതിക്കുകയും) എന്നാല്‍ അധികാരസങ്കല്‍പ്പത്തിന്‍റെ അപചയത്തില്‍ (അരാജകത്വത്തില്‍) അശുദ്ധത്തിന്‍റെ ഇരുണ്ട ഉത്സവങ്ങളില്‍ പങ്കാളിയായിക്കൊണ്ട് അതിന്‍റെയും കര്‍ത്തൃസ്ഥാനം കരസ്ഥമാക്കി തിരസ്കൃതരെ മെരുക്കുന്ന ഉപരിവര്‍ഗ്ഗമനസ്സിന്‍റെ ആവിഷ്കാരമാണ്. മകന്‍റെ ഇണചേരല്‍ കാണേണ്ടിവരുന്ന, ഒരു മുറിമാത്രമുള്ള ഗതികെട്ടജീവിതം ഫ്യൂഡല്‍ വിശുദ്ധജീവിതങ്ങളുടെ പുറംപോക്കിലുണ്ടായിരുന്നു. എന്നാല്‍ നവോത്ഥാനകാലത്താണ് കാര്യകാരണബന്ധത്തോടെ വിശുദ്ധത്തിനുള്ളിലെ അയിത്തം വെളിപ്പെട്ടത്. തുടര്‍ന്ന് വിശുദ്ധത്തെ രക്ഷിക്കാനുള്ള വഴി ആ ഒരു 'മുറി'യെ മഹത്വവത്കരിക്കുകയാണ്. അങ്ങനെ വിജയന്‍റെ എട്ടുകാലിയില്‍ എലികരണ്ട ചാക്കു കഷ്ണത്തിനിടയിലൂടെ മകന്‍റെ ലൈംഗികക്രിയ കണ്ടുരസിക്കുന്ന അമ്മയെ ലഭിക്കുന്നു. വിജയന് ആത്മീയവിശുദ്ധിയോടെ ലൈംഗികവൈകൃതങ്ങളെ ആവിഷ്കരിക്കാന്‍ കഴിഞ്ഞത് അതുകൊണ്ടാണ്. അതിനാല്‍ത്തന്നെ, "എട്ടുകാലിയില്‍ നിന്നും ഉപനിഷ്ത്തിലേയ്ക്കുള്ള വളര്‍ച്ച ക്ഷണികമായ ലൈംഗികാനുഭൂതിയില്‍നിന്നും നിര്‍വൃതിയിലേയ്ക്കുള്ള വളര്‍ച്ചയാണ്, കാമത്തില്‍നിന്നും മോക്ഷത്തിലേയ്ക്കുള്ള വളര്‍ച്ചയാണ്" (കെ.പി.അപ്പന്‍) ഇത്തരത്തിലുള്ള അഭിജ്ഞാനശാകുന്തളവായനകള്‍ സത്യത്തെ വെളിപ്പെടുത്തുന്നില്ല.


കാക്കനാടന്‍ : ഭ്രാന്ത്

"ആദര്‍ശങ്ങളുടെ പൊള്ളത്തരങ്ങള്‍, മനുഷ്യബന്ധങ്ങളുടെ വിചിത്രഗതികള്‍, മതദര്‍ശനാദികളുടെ പരാജയങ്ങള്‍, സമൂഹജീവിതത്തിലെ ഹിപ്പോക്രസികള്‍, ജീവിതത്തിന്‍റെ പ്രഹേളികാസ്വഭാവം, അടിസ്ഥാനപരമായ ലൈംഗികത-ഇതെല്ലാമാണ് കാക്കനാടന്‍റെ കഥകളുടെ ഭൂമികയായി വര്‍ത്തിച്ചത്" എന്ന് എം.അച്യുതന്‍ എഴുതുന്നു. എന്നാല്‍ ഈ കീഴടക്കപ്പെട്ട ദയനീയജീവിതത്തിന്‍റെ ആദര്‍ശാത്മകാഖ്യാനങ്ങളും വികലീകരിക്കപ്പെട്ട പ്രതിരോധാത്മകശ്രമങ്ങളുമായിരുന്നു ഈ കഥകള്‍. മതം നല്‍കിയ കപടവിശുദ്ധിയുടേതായ ഇടം നവോത്ഥാനസമ്മര്‍ദ്ദത്താല്‍ ചോദ്യംചെയ്യപ്പെട്ടു. അപ്പോൾ മതബോധം പുലർത്തുന്ന മനസ്സിൽ സംത്രാസങ്ങൾ ഉണ്ടാകുന്നു. തുടർന്നു മതത്തിൻ്റെ അപരരൂപമായ പ്രാകൃതത്വത്തെ ശാക്തീകരിക്കുന്നു. 'എന്‍റെ വനത്തിന്‍റെ വിശുദ്ധി എനിക്കു നഷ്ടപ്പെട്ടിരിക്കുന്നു' എന്ന വിലാപങ്ങളും പ്രാകൃതമായ വിശുദ്ധിയിലേയ്ക്കുള്ള മടങ്ങിപ്പോക്കിന്‍റെ നിഷാദസങ്കീര്‍ത്തനങ്ങളുമായിരുന്നു അവ. ജ്ഞാനത്തിന്‍റെ സഹസ്രദളപത്മം വിരിയാന്‍ 'മോഡലി'നെ പിച്ചിച്ചീന്തി രക്തംകുടിക്കുന്ന 'ശ്രീചക്ര'ചിത്രകാരന്‍ സ്ത്രീയെ വേശ്യയുടെ അവസ്ഥയില്‍ വികലീകരിച്ചുമാത്രം മനസ്സിലാക്കുന്നത് സ്ത്രീയുടെ പാതിവ്രത്യത്തിന്‍റെ വിശുദ്ധസ്ഥലത്തെ, അമ്മയെ, ശക്തിയെ പുനരാനയിക്കാനാണ്. അവിടെവച്ച് ജീവിതത്തേയും സ്ത്രീയേയും പിച്ചിച്ചീന്തിയെറിയുന്ന ഉപരിവര്‍ഗ്ഗപ്രാകൃതമനസ്സ് ന്യായീകരിക്കപ്പെടുകയും ചെയ്യുന്നു. ബുദ്ധിജീവിയായ കഥാനായകന്‍ ജര്‍മ്മനിയിലെത്തുന്നതും അവിടത്തെ ഒരു സ്ത്രീയുമായി മദ്യപിക്കുന്നതും ലൈംഗികമായി ബന്ധപ്പെടുന്നതുമാണ് ഭ്രാന്ത് എന്ന കഥ. 'നിങ്ങളുടെ കണ്ണുകള്‍ സുന്ദരമാണ്' എന്നു പറയുമ്പോള്‍ കേരളത്തിലെ പതിവ്രതയെപ്പോലെ വികാരതരളിതമാകാതെ, 'വസ്ത്രമഴിക്കൂ' എന്ന് സംഭോഗാവസരത്തില്‍ പുരുഷനോടാവശ്യപ്പെടുന്ന ഒരു സ്ത്രീയെ ഈ കഥയില്‍ അവതരിപ്പിക്കുന്നു. കഞ്ചാവിന്‍റേയും ചരസ്സിന്‍റേയും വര്‍ണ്ണസുന്ദരമായ സ്വപ്നലോകത്തെ കടന്ന് ഞാനെന്നഭാവം ഇല്ലാതാക്കി സംഭോഗാനന്തരം അയാള്‍, 'നീ സുന്ദരിയാണ്, സമര്‍ത്ഥയും, നിന്നെ ഞാന്‍ മറക്കില്ല' എന്നു പറയുമ്പോള്‍ അവള്‍ ഒന്നും മിണ്ടുന്നില്ല. അയാള്‍ ഇങ്ങനെ ചിന്തിക്കുന്നു: "അമ്പടി തോറ്റിരിക്കുന്നു അല്ലേ? എന്നിട്ടും തോക്കാന്‍ സമ്മതിക്കാന്‍ വയ്യ അതുകൊണ്ടല്ലേ മിണ്ടാതിരിക്കുന്നത്?" മതത്തിന്‍റെ പുരുഷകേന്ദ്രിതമായ വിശുദ്ധചിന്തകളെ അപകടപ്പെടുത്തിക്കൊണ്ടെത്തിയ നവോത്ഥാനം വിശുദ്ധത്തിന്‍റെ കാവലാളുകളെ അപകര്‍ഷപ്പെടുത്തി. ആ അപകര്‍ഷബോധത്തില്‍ നിന്നുള്ള രക്ഷോപായമായിരുന്നു, കഞ്ചാവിന്‍റേയും ആത്മീയതയുടേയും രസകരമായ കലര്‍പ്പിലൂടെ നേടിയെടുക്കാന്‍ ശ്രമിക്കുന്ന ശാക്തീകരണം. മുന്നേറുന്ന സ്ത്രൈണവ്യക്തിത്വത്തെ വേശ്യയായി വികലീകരിക്കുകയും എന്നിട്ട് വേശ്യയെ മെരുക്കുന്നതിന്‍റെ ന്യായീകരണത്താല്‍ ഉപരിവര്‍ഗ്ഗപൗരുഷപീഡനക്രിയകളെ നീതീകരിക്കുകയും ചെയ്യുന്നു, ഒപ്പം വേശ്യാത്മകമായ സ്ത്രൈണവ്യക്തിത്വത്തേയും. പുരുഷന്‍റെ പ്രശംസയില്‍ ആദ്യം വികാരവതിയാകാത്ത വേശ്യാവ്യക്തിത്വമുള്ള ഭ്രാന്തിലെ സ്ത്രീ കഞ്ചാവ് കലര്‍ന്ന പുരുഷക്രീഡയ്ക്ക് ശേഷമുള്ള പ്രശംസയില്‍ മിണ്ടാരിക്കുന്നതിനെ ആ സ്ത്രീയുടെ തോല്‍വിയായി ഇവിടെ പറയുന്നു. അങ്ങനെ അവളെ തോല്‍വി സമ്മതിക്കുന്ന പഴയ കേരളീയ പതിവ്രതയാക്കുകയും അവളെയും തന്നെയും ഒരുമിച്ച് മഹത്വവത്കരിക്കുകയും ചെയ്യുന്നു. "ഇത് ഭ്രാന്താണ്, പാപമാണ്" എന്ന കുറ്റസമ്മതവും കൂടിയാവുമ്പോള്‍ പ്രലോഭനീയമായ ജീവിതത്തെ തള്ളിക്കളഞ്ഞ് പരിശുദ്ധിയിലേയ്ക്ക് നീങ്ങുന്ന ഒരു മതപരമായ വികലമാനസികാവസ്ഥ വെളിപ്പെടുന്നു.


വി.കെ.എന്‍ : ചെറ്റപ്പുര

ജീവിതത്തിന്‍റെ വിശുദ്ധക്ഷേത്രങ്ങളെ അപായപ്പെടുത്തിക്കൊണ്ടെത്തിയ അയിത്താവസ്ഥകളുടെ മുന്നേറ്റത്തെ വികലീകരിക്കുകയും മുതലാളിത്തത്തിന്‍റേയും ഇന്ത്യന്‍ ആത്മീയതയുടേയും രസകരമായ കലര്‍പ്പായി അതിനെ നിര്‍ണ്ണയിച്ച് കര്‍ത്തൃസ്ഥാനം ഏറ്റെടുക്കുകയും ഫ്യൂഡല്‍-മുതലാളിത്ത വിശുദ്ധസ്ഥലങ്ങളെ മഹത്വവത്കരിക്കുകയും ചെയ്യുന്നവയായിരുന്നു മുകുന്ദന്‍റേയും വിജയന്‍റേയും കാക്കനാടന്‍റേയും മറ്റും കഥകള്‍. ആത്മീയ-മുതലാളിത്ത അധികാരപ്പൊങ്ങച്ചങ്ങളെ പ്രതിരോധിക്കുന്ന ജനകീയവും കേരളീയവുമായ സ്ഥലകാലരാഷ്ട്രീയം ഇവരുടെ കഥകളിലില്ലായിരുന്നു. എന്നാല്‍ വി.കെ.എന്‍റേയും വി.പി. ശിവകുമാറിന്‍റേയും സി.അയ്യപ്പൻ്റെയും മറ്റും കഥകള്‍ ഫ്യൂഡല്‍-കാപ്പിറ്റലിസ്റ്റ് വിശുദ്ധസ്ഥാനങ്ങളെ കത്തിച്ചുകളയുകയായിരുന്നു. ഇവരുടെ കഥകള്‍ ആധുനികതയുടേയും ഉത്തരാധുനികതയുടേയും കോളനീകരിക്കപ്പെട്ട മനസ്സിനെതിരെയുള്ള പ്രതിരോധമായിരുന്നു.

വിജയന്‍റെ എട്ടുകാലിയില്‍ ഒരു മുറി മാത്രമുള്ള ചെറ്റപ്പുര (മകന്‍റെ രതിക്രീഡ കാണേണ്ടിവരുന്ന സ്ത്രീയുടെ അവസ്ഥ) കഥാനായകന്‍റെ ലൈംഗികവൈകൃതത്തിനുള്ള ന്യായീകരണമായിരുന്നു. ചെറ്റപ്പുരയിലെ ഗതികെട്ട സ്ത്രീയെ ലൈംഗിക ഉന്മത്തതയുടെ പെണ്‍ എട്ടുകാലിയായി വികലീകരിക്കുകയും കഥാനായകന്‍ രതിക്രീഡയുടെ പാപത്തില്‍ നിന്നും കുറ്റവിമുക്തനാവുകയും ചെയ്യുന്നു. കാക്കനാടന്‍റെ ഭ്രാന്തില്‍ കഞ്ചാവും ആത്മീയതയും കൊണ്ട് കോളനീകരിക്കപ്പെട്ട വേശ്യാവ്യക്തിത്വത്തെ 'പതിവ്രത'യാക്കുന്നത് കാണുന്നു.

ഇങ്ങനെ ചെറ്റപ്പുരകളേയും വേശ്യകളേയും കോളനീകരിക്കപ്പെട്ട മനസ്സുകളേയും തിരിച്ചറിവിന് പ്രേരിപ്പിക്കാതെ അതിലെ ലൈംഗികവൈകൃതങ്ങളേയും പാപഭീതികളേയും ജീര്‍ണ്ണതകളേയും നിലനിര്‍ത്തിക്കൊണ്ട് ആദര്‍ശവത്കരണത്തിന്‍റെ ക്ഷേത്രവിശുദ്ധി പകര്‍ന്നുകൊണ്ട് സ്വയം ദൈവപദവി തട്ടിയെടുക്കുന്ന ഉപരിവര്‍ഗ്ഗമനസിന്‍റെ അധികാരപ്പൊങ്ങച്ചങ്ങളുടെ പരിഹാസ്യതയെ വെളിപ്പെടുത്തുന്നവയായിരുന്നു വി.കെ.എന്‍റെ കൃതികള്‍. ചെറ്റപ്പുര എന്ന കഥയിലെ ബിമ്മി എന്ന സമൂഹ്യപ്രവര്‍ത്തകയുടെ അവതരണത്തിലൂടെ വി.കെ.എന്‍. ചെയ്യുന്നത് ഈ കോളനീകരിക്കപ്പെട്ട മനസ്സിന്‍റെ ആഖ്യാനമാണ്.

ഈ സ്ത്രീ ചെറ്റപ്പുര (Slums) കളില്‍ സാമൂഹികപ്രവര്‍ത്തനം നടത്തുന്നു. തൊപ്പിയിലൂടെ സംസാരിക്കുന്ന മന്ത്രിമാരും നേതാക്കന്മാരും പങ്കെടുത്ത ചെറ്റപ്പുരയിലെ ആരോഗ്യവാരം ഉദ്ഘാടനം ചെയ്ത വാർത്താറിപ്പോര്‍ട്ട് പയ്യന്‍റെ പത്രത്തില്‍ പ്രസിദ്ധീകരിക്കാത്തതിലും ആ ചടങ്ങില്‍ വരാത്തതിലും പയ്യനോട് ആ സ്ത്രീ പരിഭവിക്കുന്നു. ഉടനേ ഞായറാഴ്ചപ്പതിപ്പിലോ മറ്റോ തന്‍റെ സാമൂഹിക പ്രവര്‍ത്തനത്തെക്കുറിച്ച് ('ഒരു സാമൂഹ്യപ്രവര്‍ത്തകയുടെ ഒരു ദിവസം' എന്നോ മറ്റോ പേരില്‍) എഴുതണമെന്നും അവർ പറയുന്നു. ഇങ്ങനെയൊക്കെ പറഞ്ഞുകൊണ്ട് തുടങ്ങുന്ന കത്ത് പക്ഷെ അവസാനിക്കുന്നത് ഇങ്ങനെയാണ്: തത്കാലം മിസ്സിസ് നായരുടെ അവിഹിതത്തെക്കുറിച്ച് അന്വേഷിച്ച് എഴുതിയാല്‍ മതി.

ആധുനികരുടേയും ഉത്തരാധുനികരുടേയും കപടമായ സാമൂഹ്യപ്രതിജ്ഞാബദ്ധതയെ ശക്തിയായി പരിഹസിക്കുന്നു ഈ കഥ. ചടങ്ങിലെത്തിയ പാലിത്താനി അംബാസിഡര്‍, "ബേബീ, ലോകത്തിലേയ്ക്ക് വച്ച് ഞാന്‍ കണ്ട ചെറ്റപ്പുരകളുടെ ഏറ്റവും സുന്ദരമായ കോളനി; ഇതേ രൂപത്തില്‍ നിലനിര്‍ത്തണം" എന്നുപറയുമ്പോള്‍ ബിമ്മിയെ രോമാഞ്ചം കമ്പിളിപുതപ്പിച്ചു. തന്‍റെ ദീര്‍ഘകാലത്തെ സാമൂഹ്യപ്രവര്‍ത്തനത്തിനുള്ള പ്രതിഫലം ആ ഒരൊറ്റ വാചകത്തില്‍ കിട്ടിയെന്നും മിസ്സിസ് നായര്‍ ഇത് കേള്‍ക്കണമായിരുന്നു എന്നും അവര്‍ വിചാരിക്കുന്നു. ഉപരിവര്‍ഗ്ഗത്തിനു അധീശസ്ഥാനം നിലനിര്‍ത്താനാണ് ചെറ്റപ്പുരകളെ അതുപോലെ സംരക്ഷിക്കുന്നതും ആദര്‍ശവത്കരിക്കുന്നതും. ഇതാണ് സാംസ്കാരിക കോളനീകരണത്തെ സ്രഷ്ടമാക്കുന്നത്. ഒരു മുറിമാത്രമുള്ള ഒരു ചെറ്റപ്പുരയെ ഗതികേടായി അവതരിപ്പിക്കാതെ മകന്‍റെ ലൈംഗികക്രീഡ കണ്ടാസ്വദിക്കുന്ന രസനീയ ഇടമായി ആദര്‍ശവത്കരിക്കുന്ന (അങ്ങനെ മകളെ ഉപരിവര്‍ഗ്ഗത്തിനു കൂട്ടികൊടുക്കുന്ന) വിജയന്‍റെ കഥയിലെ രാഷ്ട്രീയത്തെ തട്ടിമറിച്ചിട്ടാണ് വി.കെ.എന്‍. ഹാസ്യം സൃഷ്ടിക്കുന്നത്. വീട്ടിലെ ഫ്രിഡ്ജ് കാണിച്ച് പൊങ്ങച്ചം പ്രകടിപ്പിക്കാന്‍ സഹപ്രവര്‍ത്തക ക്ഷണിക്കുമ്പോള്‍, താന്‍ പിന്നെ ഇതുവല്ലതും കണ്ടിട്ടുണ്ടോ, താന്‍ ചെറ്റപ്പുരയില്‍ നിന്ന് വന്നതാണോ എന്നു ചിന്തിക്കുന്ന ബിമ്മിയെ അവതരിക്കുന്ന വി.കെ.എന്‍., 'അയിത്ത'ത്തിന്‍റെ (ചെറ്റപ്പുരയുടെ, വേശ്യാവസ്ഥയുടെ, ലൈംഗികവൈകൃതത്തിന്‍റെ) ആദര്‍ശവത്കരണം വഴി നേടിയെടുക്കുന്ന ആധുനികരുടെ അധികാരപ്പൊങ്ങച്ചത്തെ സമൃദ്ധമായി നേരിടുന്നു. (നവോത്ഥാനകാലത്ത് സംഭവിച്ച വിശുദ്ധത്തിന്‍റെ വിലയിടിവില്‍ "എന്‍റെ വനവിശുദ്ധി നഷ്ടമായിരിക്കുന്നു" എന്നും 'ഞാന്‍ ക്ഷുരകനേക്കാള്‍ അധഃകൃതനോ' എന്നും കേണുകൊണ്ടെത്തിയ ഉപരിവര്‍ഗ്ഗ പൊങ്ങച്ചമനസ്സ്, മുന്നേറുന്ന അയിത്തത്തെ വികലീകരിക്കുകയും അതിന്‍റെ ജീര്‍ണ്ണതയില്‍ പങ്കാളിയാകുകയും അതിന്‍റെ പ്രതിസ്ഥാനം തിരസ്കൃതന് നല്‍കുകയും ചെയ്തു. ഉപരിവർഗ്ഗമൂല്യങ്ങൾ തകർന്നതിലുള്ള നിരാശാബോധം, പാപബോധം, കീഴടങ്ങലിന്‍റെ ആദര്‍ശവത്കൃതമായ ചിരി, കീഴ്പ്പെടുത്തുന്നവന്‍റെ വക്രീകരിക്കപ്പെട്ട ഹാസം, പ്രാകൃതമായ ശാക്തീകരണം ഇവയുടെ സങ്കലിതഭാവമായിരുന്നല്ലോ ആധുനികരുടെ അസ്തിത്വവ്യഥയും അവധൂതഭാവവും.)


വി.പി.ശിവകുമാര്‍ : പ്രതിഷ്ഠ

മുതലാളിത്തത്തിന്‍റെ രാജകീയ പൊങ്ങച്ചങ്ങള്‍ക്കുവേണ്ടി ശരീരം ചെത്തിമിനുക്കി സ്രഷ്ടമാക്കുന്ന ചോരയൊഴുകുന്ന സ്വന്തം കോമാളിശില്പങ്ങളെ നോക്കി നിലവിളിക്കുംപോലെ, തലയറഞ്ഞു ചിരിക്കുകയായി വി.പി.ശിവകുമാര്‍. 'ഏതുനേരവും എരിപൊരി സഞ്ചാരവും ആധി'യും നിറഞ്ഞ ഇടത്തരക്കാരന്‍റെ ദുരന്തത്തെയാണ് അദ്ദേഹം പരിചയപ്പെടുത്തുന്നത്. "ജീവിതത്തിന്‍റെ രൂപം ഈ നിലയ്ക്കായതിനാലാണ് കഥയില്‍ ചിരി ഒരു അത്യാവശ്യമായി തീര്‍ന്നിരിക്കുന്നത്" (മന്ത്) എന്ന് അദ്ദേഹം എഴുതുന്നു. തലതാഴ്ത്തിയ ജന്മിത്തപൊങ്ങച്ചമനസ്സിനെ, അതിന്‍റെ നിഷ്ക്രിയതയെ നിലനിര്‍ത്തുംവിധം താലോചിച്ചുണര്‍ത്തിക്കൊണ്ട് കടന്നുവന്ന മുതലാളിത്ത ഉപഭോക്തൃജീവിതത്തിന്‍റെ ദുരന്തഭൂമിയില്‍ നിന്നാണ്, സ്റ്റീല്‍പാത്രക്കെട്ടിന്‍റെ ഭാരത്തില്‍ തൂങ്ങിനില്‍ക്കുന്ന കഥാകാലത്തില്‍ നിന്നാണ് (തിരഞ്ഞെടുത്ത കഥകള്‍ക്ക് ഒരാമുഖം) ഇവിടെ കഥകള്‍ രൂപപ്പെടുന്നത്. ദുരന്താത്മകം, അതിനെക്കാള്‍ ഹാസ്യാത്മകം എന്നു പറയാവുന്ന കഥകള്‍. ജന്മിത്ത-മുതലാളിത്ത പൊങ്ങച്ചത്തിന്‍റെ വിശുദ്ധസ്ഥലങ്ങളെ ഉപയോഗപ്പെടുത്തി, വിജയനിലും മുകുന്ദനിലും കാക്കനാടനിലും ആദര്‍ശവത്കരിക്കപ്പെട്ട അതിലൈംഗികതയുടേയും അവിശുദ്ധിയുടേയും പ്രാകൃത ഉത്സവങ്ങള്‍ (അവിശുദ്ധ/ആത്മീയശുദ്ധി) കച്ചവടജീവിത വെപ്രാളത്തില്‍പ്പെട്ട് നിലയ്ക്കാത്ത മലശോധനയും മലബന്ധവും അനുഭവിക്കുന്ന ('നിര്‍മ്മലാനന്ദന്‍') ഇടത്തരക്കാരന്‍റെ അനുഭവമാക്കി പരിഹസിച്ചു.(മലകുണ്ഡത്തില്‍ നിന്നൊരു മനുഷ്യന്‍)

ആത്മീയമായ അസ്തിത്വദു:ഖത്തിൽപ്പെട്ട നിർമ്മലാനന്ദന്മാരുടെ ദുരന്തപരിണാമങ്ങൾ ആവിഷ്കരിക്കാനാണ്, ആധുനികകാലത്തെ ആത്മീയത മലബന്ധമാണ് എന്നു പറയാനാണ് മലകുണ്ഡത്തിൽ നിന്നും ഉയർന്നു വരുന്ന മനുഷ്യരെ സൃഷ്ടിച്ചത്. അസ്തിത്വവാദികളുടെ ആത്മീയതയും അമ്മയെത്തേടലും സാമൂഹികരോഗമാണെന്നു പറയാനാണ് അമ്മ വന്നു എന്ന കഥ എഴുതിയത്. ചിട്ടിയ്ക്കും ഇന്‍സ്റ്റാള്‍മെന്‍റിനും പണമടയ്ക്കേണ്ടുന്ന ഒരു സാധാരണ ജീവിതം നയിക്കുന്ന ഇടത്തരക്കാരനായ ഒരാള്‍, "ജഗന്നാഥന്‍റെ സമ്പൂര്‍ണ്ണ വിഗ്രഹം പണിയാന്‍ കെല്പുള്ളവര്‍ മുന്നോട്ടുവരിക, പ്രതിഷ്ഠയ്ക്ക് വൈകല്യങ്ങള്‍ ഉണ്ടായിക്കൂടാ എങ്കില്‍ ശിരച്ഛേദം ശിക്ഷ" എന്ന രാജകീയവിളംബരം ശ്രവിച്ച് വെല്ലുവിളിയേറ്റെടുത്ത് ദുരന്തം നേടുന്ന കഥയാണ് പ്രതിഷ്ഠ. ജന്മിത്ത-മുതലാളിത്ത ഉപഭോക്തൃജീവിതത്തിന്‍റെ ഇരയായ, മിച്ചമൂല്യം ദയനീയത മാത്രമായ ഇടത്തരക്കാരന്‍, തന്‍റെ ജീവിതശില്പത്തിന് ഉശിരേകാന്‍ ജീവിതത്തിന്‍റെ ഓരോ വിഹ്വലബിന്ദുക്കളിലും വച്ച് സ്വയം മുറിച്ചെറിയാന്‍ വിധിക്കപ്പെട്ട ദുരന്താനുഭവമാണ് ഈ കഥ നല്‍കുന്നത്. രാജാവിന്‍റെ ഏകാന്തവിചിത്രമായ ശ്രീകോവിലില്‍, എല്ലാറ്റിനേയും നിസ്സാരീകരിച്ചുകൊണ്ട്, ഉളിയെടുത്ത് അയാള്‍ തന്‍റെ കാല്‍മടമ്പില്‍ മുറിവേല്‍പ്പിക്കുന്നു. "മുറിവ് തുപ്പിയ ഒരു കവിള്‍ രക്തം- 'ഇത് അമ്മ'യ്ക്ക്. ഉളികൊണ്ട് കല്ലില്‍കൊത്തിയ മുറിവ്: അച്ഛന് വീണ്ടും മുറിവുകള്‍, നിലാവിന്, സന്ധ്യയ്ക്ക്, ബാല്യകാല സഖിയ്ക്കും...ശിലയ്ക്ക് ജീവന്‍ വയ്ക്കാനും അയാള്‍ ശിലയായിമാറാനും തുടങ്ങുന്നു." അക്ഷമനായ രാജാവ് പറഞ്ഞദിവസം കാത്തിരിയ്ക്കാതെ ശില്പഗൃഹം തുറക്കുമ്പോള്‍, കാത്തിരിക്കാത്തതിന് നൈരാശ്യത്തോടെ അലറികൊണ്ട് അയാള്‍ ചുറ്റികകൊണ്ട് വിഗ്രഹത്തെ തല്ലിതലവേര്‍പ്പെടുത്തിയശേഷം താഴ്ചയിലേക്ക് ചാടി തന്‍റെ വിഗ്രഹത്തെപ്പോലെ തലവേര്‍പ്പെട്ടു മരിച്ചു. ശില്പിയുടെ മുഖഛായയുള്ള വിഗ്രഹത്തിന്‍റെ തലയും ഉടലും ചേര്‍ത്തുവച്ച് പൂജിച്ച് രാജാവ് ചരിത്രപുരുഷനായി മാറി. അഞ്ചരയടി പൊക്കമുള്ള ഞരമ്പുരോഗിയായ ഇടത്തരക്കാരന്‍ രാജകീയമായ ജീവിതപൊങ്ങച്ചങ്ങളുടെ ശാശ്വതവിഗ്രഹമാകാന്‍ ശ്രമിക്കുമ്പോള്‍ ശിലയ്ക്കും ജീവനുള്ള ശില്പത്തിനുമിടയില്‍പ്പെട്ട് തലതകര്‍ന്നു മരിക്കേണ്ടിവരുന്ന അക്ഷമയുടെ സ്വാഭാവികപതനം അവിസ്മരണീയമായി അവതരിപ്പിക്കുന്ന കഥയാണ് പ്രതിഷ്ഠ, "എനിക്കേറ്റവും ഇഷ്ടപ്പെട്ട എന്‍റെ കഥ'' - എന്നു വി.പി. എസ്. വിശേഷിപ്പിച്ച കഥ (ഒറ്റ, ആമുഖം).


എം.സുകുമാരന്‍ : അസുരസങ്കീര്‍ത്തനം, പിതൃതര്‍പ്പണം

"ദൈനംദിനജീവിതത്തിന്‍റെ വ്യവസ്ഥാപിതത്വമായി ഏറ്റുമുട്ടേണ്ടിവരുന്ന സാധാരണക്കാരന്‍റെ, ഭരണകൂടവുമായിത്തന്നെ ഏറ്റുമുട്ടേണ്ടിവരുന്ന ആദര്‍ശവാദികളുടെ പ്രമേയപരിചരണത്തിലൂടെ എം.സുകുമാരന്‍ രാഷ്ട്രീയകഥയെ ആധുനികവത്കരിക്കുകയും ആധുനികകഥയെ രാഷ്ട്രീയവത്കരിക്കുകയുമായിരുന്നു" എന്ന് സിവിക് ചന്ദ്രന്‍ അഭിപ്രായപ്പെടുന്നു. സ്വയം ശരീരം കത്തിച്ച വെളിച്ചവുമായി ഇരുളിലൂടെ നടന്നുകയറുന്ന ഒരു പൊരുതുന്ന മനസ്സിനെ എം.സുകുമാരന്‍റെ കഥകള്‍ സാക്ഷ്യപ്പെടുത്തുന്നു. കമ്മ്യൂണിസ്റ്റായിരിക്കുക എന്നാല്‍ ഏതെങ്കിലും മാര്‍ക്സിസ്റ്റ് രാഷ്ട്രസംവിധാനപദ്ധതിയോടു പ്രകടിപ്പിക്കുന്ന മതപരമായ ശുഭാപ്തിവിശ്വാസമല്ല, ഇടതുപക്ഷ ജനാധിപത്യ പാരമ്പര്യബോധത്തിന്‍റെ സ്ഥലപരമായ രാഷ്ട്രീയം ഏറ്റുവാങ്ങലാണെന്ന നിലപാടു അദ്ദേഹത്തിന്‍റെ ചില കഥകള്‍ക്കുണ്ട്. തികഞ്ഞ ആസ്തികനും ദയാലുവും വിനയവാനുമായ ശേഷയ്യര്‍ എന്ന ബ്രാഹ്മണനും നാസ്തികനായ പരശ്ശു എന്ന പാലുകാരന്‍ പുലയനും തമ്മിലുള്ള ബന്ധവൈചിത്ര്യത്തിന്‍റെ കഥയാണ് അസുരസങ്കീര്‍ത്തനം. വെങ്കിടാചലപതിയുടെ നേട്ടങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കു കിട്ടിയ നേട്ടങ്ങളും അല്ലാത്തവര്‍ക്കുണ്ടായ ദുരന്തങ്ങളും പറയുന്ന 'ഓം വെങ്കിടാചലപതി തുണൈ' എന്ന നോട്ടീസ് പ്രചരിപ്പിക്കാന്‍ ശേഷയ്യര്‍ തുനിയുമ്പോള്‍ പരശ്ശു നോട്ടീസ് ചുരുട്ടി തീപ്പെട്ടി കമ്പുപോലാക്കി ഇടതുചെവിയില്‍ തിരുകി ചെവിക്കായം തോണ്ടി. തുടര്‍ന്നു പരശ്ശുവിനു ദുരന്തങ്ങളുടെ മഹാവര്‍ഷമായിരുന്നു. ആണിതട്ടിമുറിഞ്ഞ കാല്‍പഴുത്ത് ഇരുപത്തിരണ്ട് ദിവസം ആശുപത്രിയില്‍ കിടന്നു. തന്‍റെ പാണ്ടന്‍പശു ചത്തു. പരശ്ശുവിന്‍റെ ഭാര്യയുടെ ഒരുവശം തളര്‍ന്നു കിടപ്പിലായി. ഒടുവില്‍ മഹാമാരിയിലും വെള്ളപ്പൊക്കത്തിലും കുടിൽ തകര്‍ന്നു. ഓരോ സന്ദര്‍ഭത്തിലും ശേഷയ്യര്‍ പരശ്ശുവിനുവേണ്ടി ദൈവത്തോട് മാപ്പപേക്ഷിച്ചു. അവനെ ഗുണദോഷിച്ചു. ദുരന്തത്തിന്‍റെ പാരമ്യത്തില്‍ നിന്നുകൊണ്ടും പരശ്ശുപറഞ്ഞു, 'മനുഷ്യരുടെ ദൈവം മനുഷ്യരുതന്ന്യാസ്വാമീ....' അപ്പോള്‍, പരശ്ശുവിന്‍റെ വിധി അനിവാര്യമായ ദുരന്തമായി ശേഷയ്യര്‍ കണ്ടു. ഒരാള്‍ ശുദ്ധനും വിനയവാനും ആയിരിക്കുമ്പോള്‍ത്തന്നെ അയാള്‍ എങ്ങനെ പരിവര്‍ത്തനരാഹിത്യത്തിന്‍റെ, ദുരന്തകാരണരാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്നു എന്ന് ഈ കഥ വിദഗ്ധമായി വെളിപ്പെടുത്തുന്നു. ശേഷയ്യര്‍ക്ക്, പരശ്ശുവിനോടുള്ള സമീപനംതന്നെ ദുരന്തഭീതിയില്‍ നിന്നുണ്ടാകുന്നതാണ്. പരശ്ശുവിനുണ്ടാകുന്ന ഓരോ ദുരന്തസന്ദര്‍ഭങ്ങളിലും ഭക്തനായ തനിക്കതുണ്ടായില്ല എന്ന സമാധാനം ശേയ്യര്‍ക്കുണ്ട്.

ജാതിപരമായ വിശുദ്ധിയ്ക്ക് ഉടവുസംഭവിക്കുന്ന കാലഘട്ടത്തില്‍ ആ ബ്രാഹ്മണന്‍ പുലയനോട് സഹകരിക്കുന്നവിധം കാലഘട്ടത്തിനൊപ്പം സഞ്ചരിക്കുന്നുണ്ട്. എന്നാല്‍ പുതിയതരം വിശുദ്ധിയുടെ ഇടങ്ങളില്‍ പഴയമനസ്സ് ചേക്കേറുന്നതും കാണുന്നു. സര്‍ക്കാര്‍ ആശുപത്രിയില്‍ കിടക്കുന്ന പരശ്ശുവിനെ കാണാന്‍ ചെല്ലുന്നത് സ്റ്റാറ്റസിനു യോജിച്ചതല്ലെന്ന് ഭാര്യ പാര്‍വ്വതിയ്ക്ക് അഭിപ്രായമുണ്ട് (അതിനാല്‍ പരശ്ശുവിനെ സഹായിക്കുന്നത്, പരിചയമുള്ള അവിടത്തെ ഡോക്ടറെ വിളിച്ചു പരശ്ശുവിന്‍റെ കാര്യം ശ്രദ്ധിക്കാന്‍ പറഞ്ഞുകൊണ്ടാണ്). ഇതാണ് മതേതരമായ ജനാധിപത്യ രാഷ്ട്രസംവിധാനത്തെ (സര്‍ക്കാരിനെ) അയിത്താവസ്ഥയിലേയ്ക്ക് തള്ളിക്കൊണ്ട് രാഷ്ട്രീയമനസ്സില്‍ അരാഷ്ട്രീയതയുടെ വിശുദ്ധസ്ഥലങ്ങള്‍ സൃഷ്ടിച്ചത്. അതുകൊണ്ടുതന്നെ ഹരിജന്‍ വെല്‍ഫെയര്‍ ഡയറക്ടര്‍, ഹരിജനത്തെ സഹായിക്കണമെങ്കില്‍ ശേഷയ്യരെപ്പോലുള്ളവരുടെ ശുപാര്‍ശയുണ്ടെങ്കിലേ പറ്റൂ എന്ന ഗതികേട് വന്നുചേര്‍ന്നു. മുതലാളിത്തം ശേഷയ്യരുടെ ഭക്തിയെ താലോലിക്കുകയും പുതിയ തലമുറയുടെ ഭക്തിയെ അതിനനുകൂലമായ ഇടങ്ങളിലേയ്ക്ക് ചാലുവെട്ടിത്തിരിച്ചുകൊണ്ട് പഴയ അരാഷ്ട്രീയസ്വഭാവം നിലനിര്‍ത്തി (ശേഷയ്യരുടെ ഐ.എ. എസ്സിനു പഠിക്കുന്ന മകന്‍ സുബ്രന്‍റെ മതഗ്രന്ഥം ജനറല്‍ നോളേജ് പുസ്തകമാകുകയും ദേവാലയം ക്രിക്കറ്റ് ഗ്രൗണ്ടാവുകയും മകളുടെ ദൈവങ്ങള്‍ ഹിന്ദി സിനിമാതാരങ്ങളാകുകയും ഡ്രസിംഗ് ടേബിളാവുകയും ചെയ്യുന്നു). ശേഷയ്യരുടെ നിശ്ചലജീവിതം ഭാര്യപാര്‍വ്വതിയെ അടുക്കളയില്‍നിന്നും മോചിപ്പിക്കുന്നില്ല (സ്റ്റൗവിലെ പരിപ്പ് കരിഞ്ചിടും...ശീക്രംപോ'). പരശ്ശുവിന്‍റെ ഭാര്യ തളര്‍ന്നുകിടക്കുമ്പോള്‍, അടുക്കളക്കാര്യങ്ങളൊക്കെ ആരുചെയ്യുമെന്നു പാര്‍വ്വതി പരശ്ശുവിനോട് ചോദിക്കുന്നുണ്ട്. "എല്ലാം ഞങ്ങളു നോക്കുന്നമ്മാ....അവള്‍ക്കതു വന്നതോണ്ട് കൂട്ടത്തോടെ ചാവാന്‍ പറ്റ്വോ....ഞാന്‍ ജീവിച്ചിരിക്കുന്ന കാലത്തോളം അവളെ പട്ടിണി കിടത്തില്ല'- എന്നാണ് പരശ്ശു പറയുന്നത്. അതായത് ഫ്യൂഡല്‍ വിശുദ്ധതലങ്ങളെ അപകടപ്പെടുത്തികൊണ്ട് സംജാതമായ രാഷ്ട്രീയമനസ്സിനെ പുതിയ മുതലാളിത്തഭക്തിയുടെ അരാഷ്ട്രീയ ഇടങ്ങളിലേയ്ക്ക് തട്ടികൊണ്ടുപോകുന്ന ഒരു ക്രിയാപദ്ധതിയാണ് ശിപാര്‍ശയാല്‍ മാത്രം രക്ഷപ്പെടാവുന്ന ദളിതന്‍റെ അവസ്ഥയും അടുക്കളയോ ആര്‍ഭാടമോ മാത്രമാക്കി മാറ്റുന്ന സ്ത്രീയുടെ അവസ്ഥയും, ക്രിക്കറ്റും ജനറല്‍ നോളേജും അരാഷ്ട്രീയപൊങ്ങച്ചവുമായി നടക്കുന്ന ഉന്നതോദ്യോഗസ്ഥരുടെ അവസ്ഥയും നമുക്ക് സമ്മാനിച്ചത്. അതിനെ ചെറുക്കുന്ന പരശ്ശു പ്രതിനിധാനം ചെയ്യുന്ന ഇടതുപക്ഷ രാഷ്ട്രീയമനസ്സാണ് എം.സുകുമാരന്‍റെ കഥകളിലുള്ളത്. "പടിഞ്ഞാറ് അടിയൊഴുക്കുണ്ട് സൂക്ഷിക്കുക" എന്ന് തൂക്കുമരങ്ങള്‍ ഞങ്ങള്‍ക്ക് എന്ന കൃതിയില്‍ പറയുന്നുണ്ട്.


സുനന്ദ ബി. : മരുഭൂമിയിലെ പാമ്പ്

ആധുനികതാപ്രസ്ഥാനം എന്നു വ്യവഹരിക്കപ്പെട്ട ആയിരത്തിത്തൊള്ളായിരത്തി അറുപതുകളും എഴുപതുകളും രാഷ്ട്രീയപരവും മനശ്ശാസ്ത്രപരവുമായ പൊട്ടിത്തെറികളുടെയും ഞെരുങ്ങലുകളുടെയും കാലമാണ് എന്നു പറയാം. നവോത്ഥാനം തകർത്തെറിഞ്ഞ പല മൂല്യങ്ങളുടെയും പുനരുദ്ധാരണമായിരുന്നു, ആധുനികതാപ്രസ്ഥാനത്തിൽ. സാഹിത്യം പുരുഷൻ്റെ വീരസ്യമാണ് എന്നു ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായ കാലമെന്ന് പറയാം. ഇത് സ്ത്രീമനസിലും വലിയ വിള്ളലുകളുണ്ടാക്കി. ഉള്ളിലേയ്ക്ക് തന്നെ പൊട്ടിത്തെറിച്ച് എരിഞ്ഞുവീഴുന്ന തമോഗർത്തം പോലെ, സ്വയം ഇടിഞ്ഞുവീണ് ഇല്ലാതാകുന്ന കിണറുപോലെ ഞെരിഞ്ഞമരുന്ന മനസ്സാണ് ഈ കാലത്തിൻ്റെ സവിശേഷത.

അറുപതുകളിലേയും എഴുപതുകളിലെയും കേരളത്തിലെ ആധുനികത, സാഹിത്യവ്യവഹാരങ്ങളെ പെൺ പൈങ്കിളിയാകാനോ ആൺ ദാർശനികപൈങ്കിളിയാകാനോ നിർബന്ധിച്ചു. ഒന്നുകിൽ പൈങ്കിളിയാവുക അല്ലെങ്കിൽ അസ്തിത്വദുഃഖ ദാർശനികപൈങ്കിളിയാകുക ഈ രണ്ട് സാധ്യതകൾ മാത്രം എഴുത്തുകാർക്ക് മുന്നിൽ എത്തിയപ്പോൾ ഉണ്ടായത് മറ്റൊരു അസ്തിത്വപ്രശ്നമായിരുന്നു. 2021 ഏപ്രിൽ 15 മലയാളം വാരികയിൽ 'ഒരുപിടി പെൺകുട്ടികളുടെ ദുരന്തഗാഥ' എന്ന ഒരു ലേഖനം കഥാകൃത്തായ ചന്ദ്രമതിയുടേതായി വരുന്നുണ്ട്. എഴുപതുകളിലെ പെണ്ണെഴുത്തുകാർക്ക് എന്തു സംഭവിച്ചു എന്നാണ് അവരിതിൽ പറയുന്നത്. ഇന്ദിര, വി.കെ.കുമാരി, ഗീതാ ഇടപ്പള്ളി, ലത, മാനസി, ഗ്രേസി, വസന്ത, എം.ഡി.രാധിക, ഗീത ഇടമറുക് തുടങ്ങി ഇവിടെ ചർച്ചചെയ്യുന്ന ബി.സുനന്ദ ഉൾപ്പെടെ ഒരുപാടു എഴുത്തുകാരികളെക്കുറിച്ചു ആ ലേഖനത്തിൽ പറയുന്നുണ്ട്. എന്നാൽ ആധുനിക എഴുത്തുകാരികളിൽ ഒരു മാധവിക്കുട്ടി ഒഴിച്ചാൽ മാറ്റാരെയും നമുക്ക് സാഹിത്യചരിത്രങ്ങളിൽ കാണാൻ കഴിയില്ല. അതെന്തുകൊണ്ട് എന്നു വ്യക്തമാക്കുന്ന ഒരു വൈയക്തികാനുഭവവും ചന്ദ്രമതി ചൂണ്ടിക്കാട്ടുന്നു. താൻ കലാകൗമുദിയിൽ പ്രസിദ്ധീകരിക്കാൻ കൊടുത്ത ദുരന്തഗാഥ എന്ന നോവലിന്റെ പേരും എഴുത്തുകാരിയുടെ പേരും മാറ്റി എം.പി.നാരായണപിള്ള പ്രസിദ്ധീകരിച്ച കാര്യമാണ് ചന്ദ്രമതി മലയാളം മാസികയിൽ എഴുതിയത്. ബി.കെ.സരോജിനി ദേവി എന്ന എഴുത്തുകാരിയുടെ പേരിൽ, കിനാവുകളുടെ തീരത്ത് എന്ന നോവൽ പ്രസിദ്ധീകരിച്ചു. ദുരന്തഗാഥ, കിനാവുകളുടെ തീരത്തായി, സ്വന്തം പേര് സരോജിനി ദേവിയായി. മൊത്തം അങ്ങനെ സവർണ്ണപൈങ്കിളിയായി മാറി. ആധുനിക അസ്തിത്വദാർശനികൻ നടത്തുന്ന ഈ സവർണ്ണപൈങ്കിളി കയ്യേറ്റത്തെയാണ് മുഖ്യധാരാ ആധുനികത എന്നു വിളിച്ചത്. പൈങ്കിളിയുടെ ദാർശനികവത്കരണം, പൈങ്കിളികർതൃത്വത്തിൻ്റെ നിർമ്മിതിക്കും വില്പനയ്ക്കും വേണ്ടി എഴുത്തുകാരികളെ കഴുത്തുഞെരിച്ചു കൊല്ലുകയാണ് ഇവിടത്തെ അസ്തിത്വ ആണെഴുത്തുദാർശനികർ ചെയ്തത്. പെണ്ണെഴുത്തുകാർക്കും അധ:സ്ഥിതപക്ഷ എഴുത്തുകാർക്കും ആ സവർണ്ണപുനരുദ്ധാരണ വിമോചനസമരത്തിൽ പിടിച്ചുനിൽക്കാനായില്ല. അവർക്ക് അസ്തിത്വം അപഹരിക്കപ്പെട്ട അനുഭവം ആയിരുന്നു. ഒരുപാടു എഴുത്തുകാർ ആത്മഹത്യ ചെയ്തു, കൊഴിഞ്ഞുപ്പോയി, ചിലർ മടങ്ങിവന്നു. ചന്ദ്രമതി ടീച്ചറൊക്കെ ഏറെനാൾ കഴിഞ്ഞ് തിരിച്ചുവന്നു. ചിലർ വരാൻ ശ്രമിച്ചു പരാജയപ്പെട്ടു. ചിലർ മടങ്ങി വരാൻ ശ്രമിച്ചതേയില്ല.

ആധുനികതയുടെ കാലത്തെ പെണ്ണെഴുത്തുകാരിയാണ് ചുവന്ന വീട്ടിലെ അവൾ എന്ന കഥാസമാഹരം പ്രസിദ്ധീകരിച്ച സുനന്ദ ബി. ആയിരത്തിത്തൊള്ളായിരത്തിയെഴുപതുകളിൽ മലയാളനാട്, ജനയുഗം, മാതൃഭൂമി, കുങ്കുമം, ചിത്രകാർത്തിക തുടങ്ങിയ മാസികകളിൽ എഴുതിയ കഥകളുടെ സമാഹാരമാണിത്. നാലു മുറിയുള്ള വീട് നാലു അറകളുള്ള ഹൃദയമാണ്, കഥയിൽ. ഈ പുസ്തകത്തിൻ്റെ ശീർഷകത്തിന് കാരണമായ ചുവന്ന വീട്ടിലെ അവൾ എന്ന കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്:

''അറ്റുവീഴാറായ പൂട്ട് കൈകൾക്കുള്ളിൽ ഒതുക്കി അവൾ പൊട്ടിക്കരഞ്ഞു - ' ഇല്ലാ.. ഞാനിതു തുറക്കാൻ സമ്മതിക്കില്ല...'

'നാടില്ല,വീടില്ല, എൻ്റെ ബന്ധുവായി ഞാൻ മാത്രം' എന്നു പറഞ്ഞുവരുന്ന ആണിൻ്റെ മുന്നിൽ പെണ്ണൊരുക്കാൻ ശ്രമിക്കുന്ന പ്രതിരോധമാണിത്. വാമനനെപ്പോലെ സ്ത്രീയുടെ ജീവിതം ചവിട്ടിത്താഴ്ത്താനും അളന്നെടുക്കാനും വിനയവാനായി എത്തുന്ന, അസ്തിത്വാന്വേഷിയുടെ വേഷമണിഞ്ഞ് എത്തുന്ന പുരുഷനു മുന്നിൽ സ്ത്രീക്ക് സംഭവിക്കുന്ന ദുരന്തങ്ങളാണ് ആധുനിക കാലത്തെ പെണ്ണെഴുത്തിൻ്റെ വിഷയം.

മരുഭൂമിയിലെ പാമ്പ് എന്ന കഥയിൽ കാമുകിയെ ആൾക്കാർ നോക്കുന്നതിൽ ഉത്കണ്ഠപ്പെടുന്ന, കാമുകിയെ കൊല്ലാനൊരുങ്ങുന്ന കാമുകനെ കാണാം. ''അപ്പോൾ നീയും തേവിടിശ്ശി ആയിരുന്നല്ലേ...." ഇങ്ങനെയാണ് അയാളുടെ പ്രതികരണം. ഖസാക്കിൻ്റെ ഇതിഹാസത്തിൽ സായിപ്പൻമാർ തൊട്ടു നോക്കിയോ എന്നു കാമുകിയോട് ആശങ്കപ്പെട്ടു ചോദിക്കുന്ന, സർവ്വസംഗപരിത്യാഗിയായ രവിയെ കാണാം. സ്ത്രീയുടെ പഴയ വിശുദ്ധസങ്കല്പങ്ങളുടെ പുനരാഗമനം ആധുനികതയുടെ സന്ദർഭത്തിൽ ഉണ്ടാകുന്നുണ്ട്. മേൽപ്പറഞ്ഞ കഥയിൽ തുടർന്നു മരുഭൂമിയിലെ ഒരു ദൃശ്യമാണ് അവതരിപ്പിക്കുന്നത്. തിളച്ചു കിടക്കുന്ന മരുഭൂമിയിൽ ദാഹാർത്തനായി കിടക്കുന്ന പാമ്പ് .ചെറിയ മഴ പെയ്യുമ്പോൾ തിളച്ച മണലിൽ ചുരുളുകളായി ഒരു പാനപാത്രം പോലെ വട്ടമിട്ടിരിക്കുന്ന പാമ്പിൽ ജലം നിറയുന്നു. മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന മണലിൽ പാമ്പിൻ ചുരുളിൻ്റെ പാനപാത്രത്തിൽ നിന്നും ജലം കൊത്തിക്കുടിക്കാൻ നീലാകാശത്തിലൂടെ വെള്ളത്തൂവൽ വിടർത്തി പറന്നു വരുന്ന ഒരു പറവ. ഉന്മാദിനിയായി ആ ജലം കുടിക്കുമ്പോൾ പാമ്പിൻ്റെ പിളർന്ന വായിൽപ്പെടുന്ന ഒരു മൊണ്ടാഷ് ദൃശ്യസന്നിവേശമാണ് കഥയിൽ കാണുന്നത്.

നവോത്ഥാനാനന്തരം അടുക്കളയിൽ നിന്നും അന്തപ്പുരത്തിൽ നിന്നും പുറത്തിറങ്ങി അരങ്ങിലേയ്ക്കും തൊഴിലിടങ്ങളിലേയ്ക്കും പോയ സ്ത്രീകളോട് ചോദിച്ചത് ,'അപ്പോൾ നീയും തേവിടിശ്ശിയായിരുന്നോ?' എന്നായിരുന്നു. ആധുനിക സവർണ്ണപുരുഷത്വത്തിൻ്റെ അസ്തിത്വപ്രശ്നം അതായിരുന്നു. 'വിശുദ്ധിയുടെ കന്യാവനങ്ങൾ തകർന്നിരിക്കുന്നു' എന്ന തിരിച്ചറിവ് വ്യാവസായികകാല സവർണ്ണപുരുഷമനസ്സിൽ സൃഷ്ടിച്ച അപകർഷതകൾ ആയിരുന്നു ഇവിടത്തെ അസ്തിത്വദു:ഖം.

ആധുനികസാഹിത്യത്തിലെ പെൺപൈങ്കിളികൾ, ദാഹജലം തേടുന്ന പാനപാത്രങ്ങൾ പാമ്പിൻ ചുരുളുകളാണ് എന്ന് അതിൻ്റെ എല്ലാ വേദനകളോടെയും വീഴ്ചകളോടെയും തിരിച്ചറിയുന്ന കഥകളാണ് സുനന്ദ ബി.യുടേത് എന്ന് ഇപ്പോൾ മനസ്സിലാകുന്നു. സ്ത്രീയെ പൈങ്കിളിയാക്കി ചവിട്ടിയരയ്ക്കുന്നതിൻ്റെ പ്രശ്നവും ആധുനികത പടുത്തുയർത്തിയ ലിഫ്റ്റിൽ മരണം അനുഭവിക്കുന്ന സ്ത്രീയുടെ അവസ്ഥയും സ്വപ്നസ്വഭാവത്തിൽ മാധവിക്കുട്ടിയും അവതരിപ്പിച്ചിട്ടുണ്ട്; പക്ഷിയുടെ മണം പോലുള്ള കഥകളിൽ. യാഥാർത്ഥ്യമെന്നത് അയഥാർത്ഥമായി മാറുമ്പോൾ യാഥാർത്ഥ്യത്തെ അവതരിപ്പിക്കാനാണ് യൂറോപ്യൻ ആധുനികതാസന്ദർഭത്തിൽ സർറിയലിസ്റ്റ് അയഥാർത്ഥ ചിത്രകലാരീതി രൂപപ്പെട്ടത്. സാഹിത്യവും ആ ഘടന പലപ്പോഴും സ്വീകരിച്ചു. എന്നാൽ ഈ കഥകൾ, അയഥാർത്ഥമായത് യാഥാർത്ഥ്യമെന്ന രീതിയിൽ അവതരിപ്പിക്കുന്ന മാജിക്കൽ റിയലിസത്തിൻ്റെ രീതിയോ, റിയാലിറ്റിയെ അവതരിപ്പിക്കാൻ പൂർണ്ണമായും അയഥാർത്ഥഘടന ഉപയോഗിക്കുന്ന സർറിയലിസ്റ്റ് രീതിയോ അല്ല ഉപയോഗിക്കുന്നത്. മറിച്ച് റിയലിസവും അയഥാർത്ഥ്യവും ഒരുപോലെ കൂട്ടിച്ചേർക്കുന്ന സെമി അബ്സ്ട്രാക്റ്റ് എന്ന് വിളിക്കാവുന്ന ഒരു ഘടനയാണ് ഈ കഥകൾ സ്വീകരിക്കുന്നത് (കിം കി ഡുക്ക് തൻ്റെ ചലച്ചിത്രശൈലിയെ സ്വയം വിശേഷിപ്പിക്കുന്നതാണ് ഈ പ്രയോഗം). മാത്രമല്ല ചിത്രകലയുടെ ഭാഷയോട് ആണ് ഏറ്റവും സാദൃശ്യം പുലർത്തുന്നത്. കഥ എന്ന് വിളിക്കുന്നതിനേക്കാൾ ചിത്രകലയോട് സാദൃശ്യമുള്ള 'സെമി അബ്സ്ട്രാക്ട്' ആഖ്യാനരൂപം എന്നാണ് ഈ കഥകളെക്കുറിച്ച് പറയാൻ സാധിക്കുന്നത്.

ആധുനികതയുടെ പൈങ്കിളിവത്കരണത്തിൽ ചവിട്ടിയരയ്ക്കപ്പെട്ട സ്ത്രീമനസ്സ് ചരിത്രത്തിൻ്റെ ഇരുളറകൾ ഭേദിച്ചുകൊണ്ട് നമ്മുടെ അലസജീവിതത്തെ ഭയപ്പെടുത്തിക്കൊണ്ട് പറന്നുവരുമെന്ന് ഇത്തരം കഥകൾ ഓർമ്മിപ്പിക്കുന്നു.


സി.അയ്യപ്പൻ (1949-2011) - സ്മാരകം

പണിയായുധങ്ങൾ എപ്പോഴും കയ്യിൽത്തന്നെയുള്ള ഒരുവന് അനുഭവിക്കാനിടയില്ലാത്തവയാണീ ആധുനികരുടെ ദാർശനികപ്രശ്നങ്ങൾ എന്നും ഒ.വി.വിജയൻ ചാത്തനെയും കോരനെയും ഫിലോഫസൈസ് ചെയ്ത് അവരുടെ ജീവിതത്തെ ഇല്ലാതാക്കിയെന്നും പി.എ.ഉത്തമൻ്റെ കഥകളുടെ അവതാരികയിൽ വി.പി.ശിവകുമാർ രേഖപ്പെടുത്തിയിട്ടുണ്ട്. 'വെട്ടിയാൽ വെട്ടേല്ക്കാത്ത സ്നേഹം' എന്ന സി.അയ്യപ്പൻ്റെ ഒരു മെറ്റഫർ പരാമർശിച്ചുകൊണ്ടു ഇത്തരത്തിൽ ജീവിതത്തിൽ നിന്നു വേണം ഇമേജുകൾ രൂപപ്പെടേണ്ടതെന്നും അദ്ദേഹം കുറിക്കുന്നു. മുഖ്യധാര, ആധുനികസ്ത്രീവിരുദ്ധമെന്ന പോലെ അധ:സ്ഥിതവിരുദ്ധവുമായിരുന്നു. അക്കാലത്ത് തന്നെ അതിനെ എതിർക്കുന്ന നിലപാടുകൾ, പ്രതിആധുനികതപ്രസ്ഥാനം എന്നു പറയാവുന്ന നിലപാടുകൾ ഉണ്ടായിരുന്നു.

മുഖ്യധാരാ ആധുനികതാപ്രസ്ഥാനം ഉയർത്തിക്കൊണ്ടു വന്ന നായക - പ്രതിനായക ആഖ്യാനമാതൃകകളെ സി.അയ്യപ്പൻ തള്ളിക്കളഞ്ഞു. ആത്മീയതയും യാന്ത്രികഭൗതികവാദവും മാറി മാറി പുൽകുകയായിരുന്നു ആധുനികർ. ഒന്നുകിൽ ഖസാക്കിലെ രവിയെപ്പോലെ പരിഷ്കൃത ആത്മീയത അല്ലെങ്കിൽ അപ്പുക്കിളിയുടെ അപരിഷ്കൃത ഭൗതികജീവിതം - ഇതിനിടയിൽ മരിച്ചു പോകുന്ന തൊഴിലാളി ജീവിതങ്ങളെയാണ് സി.അയ്യപ്പൻ ആഖ്യാനം ചെയ്തത്. അതുകൊണ്ട് സി.അയ്യപ്പൻ്റെ പ്രധാന ആഖ്യാതാവ് മരിച്ചവരാകുന്നു. പ്രേതഭാഷണങ്ങളായിരുന്നു കഥകൾ. സ്മാരകം എന്ന കഥയിൽ ഗാന്ധിപ്രതിമയിൽ കാക്ക കാഷ്ഠിക്കുന്നത് രാഷ്ട്രീയപ്രശ്നമായി മാറുന്നതു കാണാം. പ്രതിമയ്ക്ക് കാവൽ ഏർപ്പെടുത്തണമെന്ന ഭൗതികപക്ഷതീരുമാനവും പ്രതിമ പൊടിച്ചു പുണ്യനദിയിൽ ഒഴുക്കി പ്രതിമ മനസിൽ മതി എന്ന പരിഷ്കൃത ആത്മീയപക്ഷ തീരുമാനവും ഉണ്ടാകുന്നതും ആണ് തുടർന്നു കഥയിൽ. എന്നാൽ കിഴക്കു നിന്നു സൂര്യനെയും ചുമന്നുവന്ന ചെറുപ്പക്കാർ പ്രതിമ അവിടെ നിൽക്കണമെന്നും പ്രതിമയിൽ കാഷ്ഠിക്കുന്ന കാക്കകളെ ആട്ടിയോടിക്കാൻ പാടില്ല എന്നും പ്രഖ്യാപിച്ചു. കാരണം ഭൂതകാലത്തിനും അതിൻ്റേതായ പക വീട്ടാനവസരം കൊടുക്കണം, കാക്കകൾ മരിച്ചവരുടെ ആത്മാക്കളാണ്. ആധുനികതാപ്രസ്ഥാനം പഴയതിനെ ലളിതയുക്തികളോടെ അന്ധവിശ്വാസം എന്ന നിലയിൽ തള്ളിക്കളയുകയും വ്യാവസായികകാലത്തിന് അനുയോജ്യമായ പുതിയതരം ആത്മീയതയെ മുന്നോട്ടു വയ്ക്കുകയും ചെയ്തു.

ഇത്തരം പ്രതിഷ്ഠാവത്കരണത്തെയാണ് വി.പി.ശിവകുമാറിനെപ്പോലെ സി.അയ്യപ്പനും വിമർശിച്ചത്. വി.പി.ശിവകുമാർ ഇടത്തരക്കാരൻ്റെ ജീവിതത്തെ കൂടുതൽ സംബോധന ചെയ്തപ്പോൾ സി.അയ്യപ്പൻ കുറേക്കൂടി അധ:സ്ഥിതജനവിഭാഗത്തെ സംബോധന ചെയ്തു. ആധുനിക ദേശീയസ്വാതന്ത്ര്യപ്രസ്ഥാനങ്ങളും മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങളും സാഹിത്യപ്രസ്ഥാനങ്ങളും ഹരിജനങ്ങളെന്നും അപ്പുക്കിളികളെന്നും വിളിച്ച് പ്രതിഷ്ഠയാക്കിയ ജനവിഭാഗത്തിൻ്റെ ചരിത്രപരമായ ഉയർത്തെഴുന്നേൽപ്പ് സി.അയ്യപ്പൻ്റെ കഥകളിൽ കാണാം. അതുകൊണ്ടാണ് സി.അയ്യപ്പൻ്റെ കഥകൾ പ്രേതഭാഷണങ്ങളായി മാറുന്നത്.

ചുരുക്കത്തിൽ ആധുനികതാപ്രസ്ഥാനകാലം എന്നു വിളിക്കപ്പെട്ട അറുപതുകളും എഴുപതുകളും സങ്കീർണ്ണതകളുടെ കഥാകാലമായിരുന്നു.

  1. ഒറ്റപ്പെടലും അസ്തിത്വാന്വേഷണങ്ങളും

  2. പതിവ്രതാ/വേശ്യാദ്വന്ദ്വങ്ങളുടെ പുനരുദ്ധാരണം

  3. ഇത്തരത്തിലുള്ള മുഖ്യധാരാ ആധുനികതയുടെ വിമർശനമായിത്തീരുന്ന പ്രതിആധുനികതാപ്രവണതകൾ

  4. നവആത്മീയവത്കരണത്തോടും അധ:സ്ഥിതൻ്റെ പ്രതിഷ്ഠാവത്കരണത്തോടുമുള്ള പ്രതിഷേധം

  5. ഉത്തമപുരുഷ ഏകവചനം/സർവ്വജ്ഞനായ കാഥികൾ ഇതിനു പുറമേ ആഖ്യാനത്തിലെ ഒരു മൂന്നാമിടം; പ്രേതാഖ്യാതാവ്.

മേൽപ്പറഞ്ഞ പ്രവണതകൾ ഇക്കാലകഥകളിൽ കാണാം. (തുടരും)


 

ഡോ. ഷൂബ കെ.എസ്സ് അദ്ധ്യാപകന്‍, നിരൂപകന്‍ വകുപ്പ് അദ്ധ്യക്ഷന്‍ മലയാള വിഭാഗം സര്‍ക്കാര്‍ വനിതാ കോളേജ്, തിരുവനന്തപുരം




1 comment
bottom of page