top of page

ചെറുകഥ - 1 (നവോത്ഥാനകാലം)

സാഹിത്യ പ്രതിചരിത്രപരമ്പര - 3

ആമുഖം


''കച്ചവടക്കാരനും ഭൂതവും രസകരമാണെങ്കിലും മീൻപിടുത്തക്കാരന്റെ കഥയോട് താരതമ്യം ചെയ്യുമ്പോൾ ഈ കഥ എത്രയോ നിസ്സാരം'' എന്നിങ്ങനെ കഥപറഞ്ഞ് കഥപറഞ്ഞ് ആയിരത്തൊന്നു രാവുകൾ കഥപറഞ്ഞ് തന്റേയും നാട്ടിലെ പെണ്ണുങ്ങളുടേയും ജീവൻ രക്ഷിച്ച ഒരു കഥാപാരമ്പര്യം ലോകസാഹിത്യത്തിലുണ്ട്. വ്യാധികളുടെ വാൾമുനയിലൂടെയുള്ള ജീവിതസഞ്ചാരത്തിൽ തിരിച്ചറിവുകളുടേയും ആഹ്ലാദങ്ങളുടേയും രസനീയമായ ഇടങ്ങളാണ് കഥ നൽകുന്നത്. ഇന്ന് നാം വ്യപദേശിക്കുന്ന തരത്തിലുള്ള ചെറുകഥയെന്ന സാഹിത്യരൂപത്തിന്റെ തുടക്കം 19-ാം നൂറ്റാണ്ടിലാണെങ്കിലും അതിന്റെ വേരുകൾ പ്രാചീന കഥാസാഹിത്യത്തിലെങ്ങുമുണ്ട്. ഈസോപ്പുകഥകൾ, ബാബിലോണിയൻ കഥകൾ, ബൈബിൾ പഴയനിയമത്തിലെ കഥകൾ, വേദകഥകൾ, ഉപനിഷത്കഥകൾ, വിക്രമാദിത്യകഥകൾ തുടങ്ങിയവയിൽ ചെറുകഥയോട് അടുത്തു നിൽക്കുന്ന കഥകളുണ്ട്. ആയിരത്തൊന്നു രാത്രികൾ, ജെഫ്രി ചോസറുടെ കാന്റർബറി കഥകൾ, ബൊക്കാച്ചിയോയുടെ ഡക്കമറോൺകഥകൾ തുടങ്ങിയവ ചെറുകഥയുടെ വളർച്ചയുടെ വ്യത്യസ്തപടവുകളിൽ നിൽക്കുന്നു.


ലോകചെറുകഥ : ആരംഭം


അച്ചടിയുടേയും കടലാസിന്റേയും വ്യാപനത്തോടെ വ്യാപകമായ ആനുകാലിക പ്രസിദ്ധീകരണങ്ങളാണ് ഇന്നത്തെ ചെറുകഥയുടെ രൂപശിൽപ്പത്തെ നിർണ്ണയിച്ചത്. വ്യാവസായികവിപ്ലവവും വിമോചനസൗന്ദര്യശാസ്ത്രങ്ങളും സൃഷ്ടിച്ച വ്യക്ത്യവബോധവുമായി ബന്ധപ്പെട്ടാണ് ചെറുകഥയുടെ അന്തർഭാവം രൂപപ്പെടുന്നത്. അമേരിക്ക, റഷ്യ, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലാണ് ഇന്നത്തെ ചെറുകഥകളോട് അടുത്തുനിൽക്കുന്ന രചനകളുണ്ടായത്. അമേരിക്കയിൽ ഹാത്തോണും അലൻപോവും റഷ്യയിൽ ഗോഗോൾ, പുഷ്‌കിൻ തുടങ്ങിയവരും ഫ്രാൻസിൽ മെറിമേ, ബൽസാക് തുടങ്ങിവരും ചെറുകഥാസാഹിത്യത്തിനു വ്യക്തിത്വം നൽകിയ ആദ്യകാല ചെറുകഥാകൃത്തുകളാണ്. നാഥാനിയേൽ ഹാത്തോണിന്റെ റ്റ്വൈസ്-ടോൾഡ് ടെയിൽസ് എന്ന കഥാസമാഹാരം നിരൂപണം ചെയ്തുകൊണ്ട് 1842-ൽ എഴുതിയ അലൻപോവിന്റെ ലേഖനത്തിലാണ് ചെറുകഥയുടെ മൗലികസ്വഭാവത്തെക്കുറിച്ചുള്ള സൈദ്ധാന്തീകരണമുണ്ടാകുന്നത്. 1884-ൽ ബ്രാൻഡർ മാത്യൂസ് എഴുതിയ 'ദി ഫിലോസഫി ഓഫ് ദ ഷോർട്ട്‌സ്‌റ്റോറി' എന്ന പ്രബന്ധമാണ് ചെറുകഥയ്ക്ക് സാമാന്യമായ പ്രചാരം നൽകിയത്.


''ഒരാൾ മറ്റു ചിലരോട് ചെയ്യുന്ന നാതിദീർഘമായ സംവാദം''- എന്ന ലളിതമായ നിർവചനമാണ് വില്യം സരോയൻ ചെറുകഥയ്ക്ക് നൽകുന്നത്. ഒരു സംഭവത്തേയോ രംഗത്തേയോ വികാരത്തേയോ ഏകാഗ്രത നഷ്ടപ്പെടുത്താതെ സൂക്ഷ്മവും സന്തുലിതവുമായി ആവിഷ്‌കരിക്കുകയാണ് ചെറുകഥയിൽ ചെയ്യുന്നത്. പഴയകാലത്തെ കഥകളിൽ നിന്നും ചെറുകഥയെ വ്യതിരിക്തമാക്കുന്നത്, പുതിയ കഥകൾ ഇതിവൃത്തപ്രധാനമാണ് എന്നതാണ്. 'കഥ'യിൽനിന്നും ഇതിവൃത്തത്തിനുള്ള വ്യത്യാസമായി ചെറുകഥാപ്രസ്ഥാനം (1932) എഴുതിയ എം. പി. പോൾ ചൂണ്ടിക്കാട്ടുന്നത് ഇതിവൃത്തം കാലപൗർവ്വാപര്യം, കാര്യകാരണപൗർവ്വാപര്യം കാത്തുസൂക്ഷിക്കുന്നു എന്നതാണ്. പഴങ്കഥകളെ യുക്തിപരമായി പുനർവായിക്കുമ്പോൾ അത് ചെറുകഥയായി മാറുന്നു. ഉദാഹരണമായി അയുക്തികമായ സംഭവങ്ങളും ഭൂതങ്ങളും നിറഞ്ഞ അറേബ്യൻ കഥകൾ പ്രത്യയശാസ്ത്രപരമായി വായിക്കുന്ന ഒരാൾക്ക് അത് ഇതിവൃത്തപ്രധാനമായി മാറാം. അടിമത്തവ്യവസ്ഥ നിലവിലിരുന്ന ഒരു കാലത്തെ ആകാശത്തോളം ഉയർന്നുനിൽക്കുന്ന അധികാരപ്പൊങ്ങച്ചത്തിന്റെ പുരുഷാകാരമായി ഭൂതത്തെ മനസിലാക്കുകയും മണ്ണിനേയും പെണ്ണിനേയും അപായപ്പെടുത്തുന്ന അധികാരഭൂതങ്ങളെ മരണത്തിന്റെ നിഴലിലിരുന്നുകൊണ്ട് രസിപ്പിച്ചും വിമർശിച്ചും പരിവർത്തിപ്പിക്കുന്ന സർഗ്ഗപ്രക്രിയയായി അറേബ്യൻ കഥപറച്ചിലിനേയും അറിയുകയും ചെയ്യുമ്പോൾ ആയിരത്തൊന്നുരാവുകളിലെ കഥകളും 'ചെറുകഥ'കളാകുന്നു. കുരങ്ങൻ്റെ ഹൃദയം മോഹിച്ച മുതലയുടെ കഥ സൗഹൃദത്തിൻ്റെയും ക്രൂരവഞ്ചനയുടെയും കഥയാക്കി വി. പി. ശിവകുമാർ മാറ്റുന്നുണ്ട് (പഴങ്കഥ പറയുമ്പോൾ). കഥയിലെ കാര്യ-കാരണബന്ധത്തെ വിപുലീകരിച്ചാൽ വിശപ്പുപോലുള്ള യാഥാർത്ഥ്യങ്ങൾക്കു പിന്നിലുള്ള രാഷ്ട്രീയ കാരണങ്ങളെ ഉന്നയിക്കുകയാണ് ചെറുകഥയിൽ ചെയ്യുന്നത് എന്നു പറയാം. ഏതെങ്കിലും ഒരു സംഭവത്തെ കേന്ദ്രീകരിക്കുംവിധമുള്ള ഏകാഗ്രതയും ക്രിയാംശത്തിലെ സമയക്ലിപ്തതയുമാണ് ചെറുകഥയുടെ ഘടനയെ നിശ്ചയിക്കുന്നത്. പതിനായിരം വാക്കിലൊതുങ്ങുന്ന ഗദ്യകൃതി, ഇരുപതിനായിരം വാക്കിലൊതുങ്ങുന്ന ഗദ്യകൃതി എന്നൊക്കെ നിർവചനങ്ങളുണ്ട്, ചെറുകഥയ്ക്ക്. ഉത്തരാധുനിക നിർവ്വചനങ്ങളിൽ കഥയുടെ ഏകാഗ്രതാസങ്കല്പം ചോദ്യം ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ബഷീറിൽ കാണും പോലെയുള്ള ക്രിയാംശത്തിലെ നിഷേധങ്ങളുടെ നിഷേധം (ഉദാഹരണമായി, അഹിംസയുടെയും ഹിംസയുടെയും നിരന്തരനിഷേധം ഭൂമിയുടെ അവകാശികളിൽ കാണാം) മികച്ച എല്ലാ ചെറുകഥകൾക്കുമുണ്ട്.

ആദ്യകാല ചെറുകഥ

പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഭാരതീയ നവോത്ഥാനത്തോട് അനുബന്ധിച്ചുണ്ടായ വ്യക്ത്യവബോധവുമായി ബന്ധപ്പെട്ടാണ് ഭാരതത്തിലെ ചെറുകഥയുടെ ഉത്പത്തിയെ നോക്കിക്കാണേണ്ടത്. മലയാളത്തിലെ ആദ്യത്തെ ചെറുകഥയായി പൊതുവേ കരുതപ്പെടുന്നത് 1891-ൽ വിദ്യാവിനോദിനിയിൽ പ്രസിദ്ധീകരിച്ച, വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ വാസനാവികൃതിയാണ്. വാസനാവികൃതിക്ക് മുമ്പുതന്നെ ഗദ്യത്തിലുള്ള ചെറിയ കൃതികൾ പ്രത്യക്ഷപ്പെട്ടിരുന്നു.


കേരളത്തിൽ മുദ്രണം ചെയ്ത ആദ്യത്തെ മലയാളപുസ്തകമായ ചെറുപൈതങ്ങൾക്ക് ഉപകാരാർത്ഥം ഇംഗ്ലീഷിൽ നിന്നും പരിഭാഷപ്പെടുത്തിയ കഥകൾ (1824) രാജ്യസമാചാരത്തിൽ വന്ന, ഒരു കുട്ടിയുടെ മരണം, വിഷത്തിനു മരുന്ന്, മലയാളത്തിലെ ആദ്യത്തെ മതേതരകഥയായി ചൂണ്ടിക്കാട്ടപ്പെടുന്ന ആനയേയും തുന്നനേയും കുറിച്ചുള്ള കഥ ഗുണ്ടർട്ടിന്റെ പാഠമാലയിലും കേരളവർമ്മയുടെ പാഠാവലിയിലുമുള്ള കഥകൾ ഒക്കെ ഉദാഹരണങ്ങളാണ്. നമ്മുടെ ആദ്യകാല കഥകൾക്ക് പാശ്ചാത്യസ്വാധീനം മാത്രമല്ല നമ്മുടെ ചാക്യാർക്കൂത്തിലേതുപോലുള്ള തനത് കഥനപാരമ്പര്യവുമായും ബന്ധമുണ്ട്. വാസനാവികൃതിതന്നെ ഉദാഹരണമാണ്. ''ഇട്യാറാണന്റെ കഥകേൾക്കാത്ത വിഡ്ഢിയുണ്ടെങ്കിൽ അവന്നായിട്ട് ഈ കഥ ഞാൻ എഴുതുന്നില്ല''- ഈ ശൈലി

വിദൂഷകഗദ്യത്തിന്റേതാണ്. വാസനാവികൃതിയിലെ നായകനായ കള്ളന്റെ പൂർവ്വികൻ ഇട്യാറാണൻ നമ്പൂതിരി എന്ന ഐതിഹ്യപ്രസിദ്ധനായ പെരുംകള്ളനാണ്. മന്ത്രാങ്കം കൂടിയാട്ടത്തിൽ വിദൂഷകൻ പറയുന്ന ഉപകഥകളിലൊന്നാണ് ഇട്യാറാണൻ എന്ന പെരുങ്കള്ളന്റെ ചരിത്രം. മക്കത്തായവഴിക്കും മരുമക്കത്തായവഴിക്കും കള്ളനാകാനുള്ള യോഗ്യതയും വാസനയും നേടിയ ഒരു കള്ളൻ സ്വന്തം വിഡ്ഢിത്തത്താൽ ശിക്ഷിക്കപ്പെടുന്ന കഥയാണ് വാസനാവികൃതി. ഏതെങ്കിലും കാലദേശാദികളുടെ ആന്തരികമോ ബാഹ്യമോ ആയ അവസ്ഥയുടെ പ്രതീതി ജനിപ്പിക്കുക ലക്ഷ്യമായ അന്തരീക്ഷകഥകളുടെ ആദ്യമാതൃകയായി എം. പി. പോൾ വിശേഷിപ്പിക്കുന്ന ദ്വാരകയും കേസരി നായനാരുടേതാണ്. പാശ്ചാത്യ അധിനവേശരാഷ്ട്രീയത്തിന്റെ ജലമഞ്ജനയന്ത്രത്തിലിരുന്ന് ഫ്യൂഡൽ സൗഭാഗ്യങ്ങളുടെ ദ്വാരകയിലേയ്ക്ക് ഭീതിജനകമാംവിധം സ്വപ്നാത്മകമാകുന്ന ഒരു സമൂഹമനസിന്റെ ചിത്രണമായി ഇന്ന് ഈ കഥയെ വായിക്കാം.


നായനാരിൽ തുടങ്ങി മൂർക്കോത്തുകുമാരൻ, സി. പി. അച്യുതമേനോൻ, ഒടുവിൽ കുഞ്ഞിക്കൃഷ്ണമേനോൻ, സി.വി. കുഞ്ഞിരാമൻ, എം. ആർ. കെ. സി. തുടങ്ങിയവരിലൂടെ ഇ. വി. കൃഷ്ണപിള്ളയിലെത്തുന്നതാണ് ആദ്യകാല ചെറുകഥാകൃത്തുക്കൾ. ഇവർക്കെല്ലാം മാതൃകയായി ഭവിച്ചത് അലൻപോവിന്റേയും, ആർതർ കോനൻ ഡോയലിന്റേയും കിപ്ലിങ്ങിന്റേയും മറ്റും കഥകളാണ്. അവിശ്വസനീയമോ, നാടകീയമോ ആയ സംഭവങ്ങൾ കോർത്തിണക്കി പരിണാമഗുപ്തി ദീക്ഷിച്ച സ്വച്ഛന്ദരചനകളായിരുന്നു അവരുടേത്. പ്രണയം, വീരാപദാനം, കുറ്റാന്വേഷണം, വ്യവഹാരം തുടങ്ങിയ പ്രശ്‌നങ്ങളാണ് അവർ കൈകാര്യം ചെയ്തത്. ജീവിതത്തിന്റെ അഗാധസംഘർഷങ്ങളോ ഉത്കണ്ഠകളോ ഇവർ അവതരിപ്പിച്ചില്ല. എന്നാൽ ഇടയിൽ ചില കഥകൾ പ്രതിരോധസ്വഭാവം പ്രകടിപ്പിക്കുന്നവയായിട്ടുണ്ട്.


എനിക്ക് ആത്മഹത്യ ചെയ്യാൻ മതിയായ കാരണമില്ലയോ? - സി. വി. കുഞ്ഞിരാമൻ


ജീർണ്ണമായ ജാതിവ്യവസ്ഥയുടേയും മരണതുല്യമായ അടിമത്തവ്യവസ്ഥയുടേയും കണ്ണികൾ പൊട്ടിച്ച് ഒരു സമൂഹം പതുക്കെ തലപൊക്കുന്ന കാലമായിരുന്നു ഈ കഥകളുടെ കാലം. വിശുദ്ധം/അശുദ്ധം(അയിത്തം) എന്നിങ്ങനെയുള്ള വിഭജനത്തിന്റെ രാഷ്ട്രീയവും മനശ്ശാസ്ത്രവുമായ തലങ്ങളുടെ പരസ്പര കടന്നുകയറ്റം സമൂഹത്തിൽ അനേകം പരിവർത്തനങ്ങൾ സൃഷ്ടിച്ചു. ഒരു സ്ത്രീയിൽ അടിച്ചേൽപ്പിക്കുന്ന, സീതയ്ക്കും അഹല്യയ്ക്കും തുല്യമായ പാതിവ്രത്യത്തിന്റെ വിശുദ്ധജീവിതം

എത്രത്തോളം പ്രലോഭനവിധേയവും മരണതുല്യവും, ഭീതിജനകവുമാണെന്ന് സി. വി. കുഞ്ഞിരാമന്റെ എനിക്കു ആത്മഹത്യ ചെയ്യാൻ മതിയായ കാരണമില്ലയോ? എന്ന കഥ വെളിപ്പെടുത്തുന്നു. അപ്രതീക്ഷിതമായി ഭർത്തൃസ്‌നേഹിതന്റെ ശയ്യ പങ്കിടേണ്ടിവന്ന കല്യാണിക്കുട്ടി എന്ന യുവതിയുടെ പാപഭീതിയുടെ കഥയാണിത്. അതുപോലെ ഇ. വി. കൃഷ്ണപിള്ളയുടെ എന്റെ ഗന്ധർവ്വ സ്‌നേഹിതൻ എന്ന കഥയും, പുതിയ വായന ആവശ്യപ്പെടുന്നുണ്ട്. ഭൂമിയിലെ ഹൃദയമുള്ള സ്ത്രീകളെ ആകർഷിച്ച് പ്രലോഭിപ്പിച്ച് ഹൃദയംതന്നെ കവർന്ന് കടന്നുപോകുന്ന ഗന്ധർവ്വന്റെ കഥയാണിത്. യക്ഷികളും ഗന്ധർവ്വന്മാരും പുരുഷകേന്ദ്രിതമായ ഒരു മനസ്സിന്റെ സൃഷ്ടിയാണ്. ഇവിടത്തെ ഗന്ധർവ്വൻ-ശചീനാഥൻ, ആറുമാസത്തെ അവധിക്കായി വന്ന് ലക്ഷ്മിക്കുട്ടിയുടെ ഹൃദയവും ശരീരവും കവർന്ന് കുറേ ചാരം മാത്രം അവശേഷിപ്പിച്ച് 'ഞാൻ ചാവട്ടെ സുഖമായി' എന്നുപറഞ്ഞ് പിരിയുന്നു. നിഷ്‌ക്രിയമായ സാങ്കൽപ്പിക ജീവിതത്തിന്റെ മരണാനുഭവത്തെ സുഖാനുഭവമായി കരുതുന്ന ഒരു ഫ്യൂഡൽമനസ്സ് ഇവിടെയുണ്ട്.


ആദ്യകാല കഥകൾ കൊളോണിയൽ ആധുനികതയുടെ ജലമഞ്ജനയന്ത്രത്തിൽ കയറി ദൈവരാജ്യത്തിലേക്ക് പോകുകയായിരുന്നു. അധഃസ്ഥിതൻ്റെ സ്വാതന്ത്ര്യം മിഷണറി നൽകുമെന്ന സ്വപ്നചിന്തയുടെ കാലഘട്ടത്തിൻ്റെ കഥാഖ്യാനം കൂടിയായിരുന്നു അത്. വീരാപദാനങ്ങളും വിസ്മയിപ്പിക്കുന്ന പരിണാമഗുപ്തിയും ഉത്തമപുരുഷ-ഏകവചന ആഖ്യാതാവുമൊക്കെ പ്രത്യക്ഷപ്പെടുന്നത് ഇത്തരം സ്വാതന്ത്ര്യബോധത്തിൽ നിന്നാണ്. എന്നാൽ ബ്രാഹ്മണമതം ഉയർത്തിയ ആഭ്യന്തര കൊളോണിയലിസത്തിൻ്റെ വിശുദ്ധിബോധങ്ങളെ കരിയിക്കുന്ന, സ്ത്രീജീവിതങ്ങളെ ആത്മഹത്യാപ്രദേശങ്ങളാക്കുന്ന പ്രവണതകളെ ഉന്നയിക്കുന്ന, എനിക്കു ആത്മഹത്യ ചെയ്യാൻ മതിയായ കാരണമില്ലയോ പോലുള്ള കഥകളുമുണ്ടായിരുന്നു. അതുപോലെ വ്യാജതെളിവുകൾ കൊണ്ട് സത്യങ്ങൾ നിർമ്മിക്കുന്ന, കോടതിവ്യവഹാരങ്ങളെ ഉന്നയിക്കുന്ന ആരാൻ്റെ കുട്ടി (കെ.സുകുമാരൻ) പോലുള്ള കഥകൾ കൊളോണിയൽ ആധുനികതയോട് പ്രകടിപ്പിക്കുന്ന പരിമിതമായ സംശയങ്ങളായിരുന്നു.


നവോത്ഥാനകാല ചെറുകഥ


തകഴി, പൊന്‍കുന്നം വര്‍ക്കി, കാരൂർ, പൊറ്റെക്കാട്ട്, ലളിതാംബിക അന്തർജ്ജനം, സരസ്വതിയമ്മ, ഉറൂബ്, ബഷീര്‍ തുടങ്ങിയവര്‍ ആഭ്യന്തര കൊളോണിയലിസവും വൈദേശിക കൊളോണിയലിസവും സൃഷ്ടിച്ച മരണാനുഭവങ്ങളെ, അതിന്‍റെ യാഥാര്‍ത്ഥ്യാംശങ്ങളെ നഷ്ടപ്പെടുത്താതെ വിമര്‍ശനാത്മകമായി ആവിഷ്കരിക്കുകയായിരുന്നു. ആയിരത്തിത്തൊള്ളായിരത്തി മുപ്പതുകള്‍ക്കുശേഷം കഥകളിലുണ്ടായ വലിയ വ്യതിയാനത്തിനുകാരണം അതിദ്രുതം മാറുന്ന സാമൂഹിക-രാഷ്ട്രീയ-ദാര്‍ശനികാവസ്ഥകളായിരുന്നു. വിധേയത്വത്തിന്‍റെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിയാന്‍ ആഹ്വാനം ചെയ്ത മാര്‍ക്സ്, സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങള്‍, ബ്രാഹ്മണമതത്തിനെതിരായി ഉണ്ടായ കേരളീയപ്രതിരോധങ്ങൾ, സഹോദരൻ അയ്യപ്പൻ്റെയും അയ്യങ്കാളിയുടെയും നാരായണഗുരുവിൻ്റെയും നേതൃത്വത്തിലുണ്ടായ സമരങ്ങൾ, ബ്രാഹ്മണമതത്തിനും ബ്രിട്ടീഷ് കൊളോണിയലിസത്തിനും ഒരുപോലെ എതിരായ കർഷകസമരങ്ങൾ, വി. ടി. യുടേയും എം.ആര്‍.ബിയുടേയും മറ്റും പരിഷ്കരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ എഴുത്തുകാരനെ നേരിട്ട് സ്വാധീനിച്ചു. കേസരി ബാലകൃഷ്ണപിള്ളയുടെ ശ്രമങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ സാഹിത്യപ്രസ്ഥാനങ്ങള്‍ മലയാളികളില്‍ എത്തിക്കുകയും കലയെ ചരിത്രവുമായി ബന്ധിപ്പിക്കുകയും ദേശീയ ആവശ്യങ്ങൾ മുൻനിർത്തി സ്വകീയമായ സാഹിത്യമാതൃകകൾ സൃഷ്ടിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. ചെറുകഥ ഉള്‍പ്പെടെയുള്ള സാഹിത്യവിഭാഗങ്ങളെ രൂപനിര്‍ധാരണം ചെയ്യുന്ന കേസരിയുടെ രൂപമഞ്ജരിയും എം. പി. പോളിന്‍റെ ഖണ്ഡകഥാപ്രസ്ഥാനവും പ്രസിദ്ധീകരിക്കപ്പെട്ടു. ഈ സാഹിത്യ-രാഷ്ട്രീയ പശ്ചാത്തലത്തിലാണ് പ്രസ്തുത എഴുത്തുകാര്‍ എത്തുന്നത്. "പരിണാമഗോപനത്തോടെ ഇതിവൃത്തം കെട്ടിച്ചമച്ച് കഥപറഞ്ഞ് രസിപ്പിക്കുന്ന രീതി മാറി ജീവിതസ്പര്‍ശിയായ സോദ്ദേശ്യരചനകള്‍ പ്രത്യക്ഷപ്പെട്ടു. വ്യഷ്ടിജീവിതത്തേയും സമഷ്ടിജീവിതത്തേയും സംബന്ധിക്കുന്ന സത്യങ്ങളെ ധീരതയോടെ തുറന്നുകാണിക്കുവാനും വിമര്‍ശിക്കുവാനും വെല്ലുവിളിക്കുവാനും ഞെട്ടിപ്പിക്കുവാനും എഴുത്തുകാര്‍ക്കുമടിയില്ലാതായി." എന്ന് ഈ എഴുത്തുകാരെക്കുറിച്ച് എം. അച്യുതന്‍ വിലയിരുത്തുന്നു.



തകഴി : വെള്ളപ്പൊക്കത്തില്‍


അധികാരകേന്ദ്രിതമായ രാഷ്ട്രീയാവസ്ഥയില്‍ നിന്നും ജനായത്തത്തിന്‍റെ ജനകേന്ദ്രിതമായ അവസ്ഥയിലേയ്ക്കുള്ള മാറ്റത്തെ അടയാളപ്പെടുത്തിയ ഈ നവോത്ഥാനകാഥികര്‍ വൈവിധ്യമാര്‍ന്ന ജനജീവിതത്തെ സാഹിത്യത്തിന്‍റെ 'വിശുദ്ധക്ഷേത്ര'ത്തിലേയ്ക്ക് അയിത്ത ശങ്കകളില്ലാതെ കടത്തിക്കൊണ്ടുവന്നു. ജീവിതദുരന്തങ്ങള്‍ അപരിഹാര്യമായ വിധിയുടെ വിളയാട്ടമല്ലെന്ന് മനസ്സിലാക്കിയ ഇവര്‍ നിലവിലിരിക്കുന്ന അധികാരഘടനയേയും സാമ്പത്തികാസമത്വങ്ങളേയും ചോദ്യം ചെയ്തു. അങ്ങനെ മതബോധത്തിന്‍റെ വിശുദ്ധസ്ഥാനങ്ങളെ അപായപ്പെടുത്തിക്കൊണ്ട് കര്‍ഷകന്‍റേയും തൊഴിലാളിയുടേയും തെണ്ടിയുടേയും വേശ്യയുടേയും കഥകള്‍ വിമര്‍ശനബോധത്തോടെ മലയാളസാഹിത്യത്തില്‍ പ്രത്യക്ഷപ്പെട്ടു. വേശ്യയുടേയും കര്‍ഷകന്‍റേയും ദയനീയജീവിതത്തെ ആദര്‍ശവത്കരണത്തിന്‍റെ സ്വഭാവമില്ലാതെ വര്‍ഗ്ഗബോധത്തോടെ അവര്‍ അവതരിപ്പിച്ചു. വളര്‍ത്തുമൃഗങ്ങളോടും തൊഴിലാളികളോടും വച്ചുപുലര്‍ത്തുന്ന കപടമായ സ്നേഹത്തെ അവർ നിരാര്‍ദ്രമായി തുറന്നുകാട്ടി. കുന്നിലെ ദൈവവിഗ്രഹം പോലും കഴുത്തറ്റം വെള്ളത്തില്‍ മുങ്ങിപ്പോയ ഒരു വെള്ളപ്പൊക്കത്തില്‍ (നവോത്ഥാനം) യജമാനന്‍ മറന്നുപേക്ഷിച്ചുപോയ ഒരു നായയുടെ അനുഭവങ്ങളുടെ യഥാര്‍തഥമായ വര്‍ണ്ണനയിലൂടെ തിരസ്കൃതമായ വിധേയജീവിതങ്ങളെ ആവിഷ്കരിക്കുകയാണ് തകഴി, തന്‍റെ പ്രസിദ്ധമായ വെള്ളപ്പൊക്കത്തില്‍ എന്ന കഥയിലൂടെ. മനുഷ്യഭാഷയ്ക്ക് സദൃശമായ ഭാഷയില്‍ വിലപിക്കുന്ന ആ നായയുടെ യജമാനന്‍ മടങ്ങിയെത്തുമ്പോള്‍ കാണുന്നത് മുതലപിടിച്ച് ചീഞ്ഞളിഞ്ഞ് കാണപ്പെടുന്ന നായയുടെ മൃതദേഹമാണ്. ആ മൃതദേഹം വിധേയത്വത്തെ ന്യായീകരിച്ച ഉപരിവര്‍ഗ്ഗരാഷ്ട്രീയത്തിനെതിരെയുള്ള പ്രതിഷേധമായിരുന്നു. എന്നാൽ അങ്ങനെ ഒരു സാധ്യത നിലനിൽക്കുമ്പോൾത്തന്നെ ആശ്രിതഭക്തിയുടെയും അധ:സ്ഥിതവർഗ്ഗ ആദർശവത്കരണത്തിൻ്റെയും ഒരു തലം ഈ കഥയുടെ അടിത്തട്ടിലുണ്ട്. തകഴിയുടെ മറ്റ് കഥകൾക്കും ഇത് കൂടുതൽ ബാധകമാണ്. എങ്കിലും പൊതുവേ നിരാര്‍ദ്രമായ ചില നടുക്കുന്ന സത്യങ്ങളാണ് തകഴി വിളിച്ചുപറഞ്ഞത് എന്നു പറയാം. "സൂചിസൂക്ഷ്മവും വസ്തുനിഷ്ഠവുമായ ചിത്തവ്യാപാരവിശകലനം, അനാര്‍ഭാടവും നിരാര്‍ദ്രവുമായ രീതിയില്‍ നടുക്കുന്ന സത്യങ്ങള്‍പോലും വിളിച്ചുപറയുന്ന പ്രാകൃതവും അനലംകൃതവും സുശക്തവുമായ ഭാഷാശൈലി എന്നിവ തകഴിക്കഥകളുടെ സവിശേഷതകളാണ്" എന്ന് എന്‍. കൃഷ്ണപിള്ള രേഖപ്പെടുത്തുന്നത് അതുകൊണ്ടാണ്.


വര്‍ക്കി : ശബ്ദിക്കുന്ന കലപ്പ


നവോത്ഥാനാശയങ്ങളുടെ വെള്ളപ്പൊക്കത്തില്‍ ജീവിതമൂല്യങ്ങള്‍ പുനര്‍നിര്‍ണ്ണയിക്കുക തന്നെയായിരുന്നു പൊന്‍കുന്നം വര്‍ക്കിയും. ലോകമഹായുദ്ധത്തിന്‍റെ കെടുതിയും അടിയന്തിരാവസ്ഥയുടെ ക്രൂരതകളും പള്ളിമതത്തിന്‍റെ പരിഹാസ്യതയും സ്ത്രീയുടേയും കര്‍ഷകന്‍റേയും പ്രശ്നങ്ങളും വര്‍ക്കി ക്ഷോഭത്തോടെ ആവിഷ്കരിച്ചു.


കാളപ്രാന്തനായ ഔസേപ്പ് ചേട്ടനും കണ്ണനെന്ന കാളയും തമ്മിലുള്ള സ്നേഹബന്ധത്തിന്‍റെ കഥപറഞ്ഞ്, താങ്ങാനാവാത്ത ഭാരവുമായി നുകവുംപേറി വലയുന്ന വണ്ടിക്കാളയുടെ നിസ്സഹായതയും പീഡനങ്ങളും അനുഭവിക്കുന്ന മനുഷ്യാത്മാക്കളുടെ ഒരിക്കലും തീരാത്ത വ്യഥ അനുഭവിപ്പിക്കുന്നു. സ്ത്രീധനത്തിനു പണം സമ്പാദിക്കുന്നതിനുവേണ്ടി കണ്ണനെ വില്‍ക്കേണ്ടിവരുന്ന ഔസേപ്പിനു ഒടുവില്‍ മരണത്തിന്‍റെ സമയത്താണ്, അറവുശാലയില്‍നിന്നും കണ്ണനെ വാങ്ങാന്‍ കഴിയുന്നത്. അതും മകള്‍ക്ക് വസ്ത്രം കൊടുക്കല്‍ ചടങ്ങിനുവച്ചിരുന്ന പണംകൊണ്ട്. അന്ധാചാരങ്ങള്‍ എങ്ങനെ ഒരു മനുഷ്യന്‍റെ ആരോഗ്യകരമായ ജൈവപരിസ്ഥിതിയെ അപകടപ്പെടുത്തുന്നു എന്ന് ഈ കഥ വെളിപ്പെടുത്തുന്നു. മരണമുദ്രയുടെ ഔദാര്യം മാത്രം മൃഗങ്ങള്‍ക്കും കൃഷിയിടങ്ങള്‍ക്കും കര്‍ഷകനും നല്‍കുന്ന ഭരണസംവിധാനത്തോടുള്ള തീപിടിച്ച ഹൃദയത്തിന്‍റെ പ്രതിഷേധമാണ് കണ്ണന്‍റെ മൃതദേഹത്തിനും കര്‍ഷകന്‍റെ ഹൃദയത്തിനും മുകളില്‍ കലപ്പയിലിരുന്നു ശബ്ദിക്കുന്ന ഈ കഥാകാരന്‍റേത്. മലയാളത്തിലാദ്യമായി രാഷ്ട്രീയകഥകളെഴുതിയത് വര്‍ക്കിയാണെന്ന് കേസരി ചൂണ്ടിക്കാട്ടുന്നത് അതുകൊണ്ടാണ്. "ഒരു ഗീതികാരനോ ദാര്‍ശനികനോ അല്ല സാമൂഹ്യപരിഷ്കര്‍ത്താവും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്നു വര്‍ക്കിയിലുള്ള സാഹിത്യകാരന്‍" എന്ന് എന്‍. വി. യും അഭിപ്രായപ്പെട്ടിട്ടുണ്ട്.


കാരൂർ : അത്ഭുതമനുഷ്യന്‍


മധ്യവര്‍ഗ്ഗത്തിന്‍റെ കുലീനമായ കള്ളത്തരങ്ങളെ പരിഹാസത്തോടെ തുറന്നു കാട്ടുകതന്നെയായിരുന്നു കാരൂരും. മതപരമായ കപടാചാരങ്ങളേയും സാമ്പത്തികാസമത്വങ്ങളേയും അടിച്ചമര്‍ത്തപ്പെട്ട വൈകാരികാനുഭവങ്ങളേയും തികഞ്ഞ കൈവിരുതോടെ കാരൂർ ആവിഷ്കരിച്ചു. വിദ്യാര്‍ത്ഥിയുടെ പൊതിച്ചോറ് കട്ടുണ്ണേണ്ടിവരുന്ന അധ്യാപകരുടെ ഗതികേടും (പൊതിച്ചോറ്) ഏറെ പണിചെയ്തിട്ടും അന്ധവിശ്വാസങ്ങളും അസമത്വങ്ങളും കാരണം കട്ടുകൊയ്ത് പട്ടിണിതീര്‍ക്കേണ്ടിവരുന്ന കൃഷിക്കാരുടെ ദയനീയാവസ്ഥയും (അന്നത്തെകൂലി) ആവിഷ്കരിക്കുന്നതോടൊപ്പംത്തന്നെ ഇതിനെല്ലാം ഇടയാക്കുന്ന കുലീന വിശുദ്ധസങ്കല്‍പ്പത്തേയും വിമര്‍ശനാത്മകമായി കാരൂർ ആവിഷ്കരിച്ചു. അത്ഭുതത്തിന്‍റേയും ആഭിജാത്യത്തിന്‍റേയും ക്ഷേത്രസന്നിധിയില്‍ കെട്ടിക്കിടക്കുമ്പോള്‍ ആളുകള്‍ എങ്ങനെ ദാരിദ്ര്യത്തിന്‍റെ ദയനീയദൃശ്യങ്ങളാകുന്നു എന്നു അത്ഭുതമനുഷ്യന്‍ നമ്മെ പഠിപ്പിക്കുന്നു. കുട്ടിയ്ക്കു കുപ്പിവളയും വീട്ടിലേയ്ക്ക് ചീനച്ചട്ടിയും വാങ്ങാന്‍ വഴിയെങ്ങനെ എന്നുകരുതി ക്ഷേത്രത്തിന്‍റെ ഉത്സവപ്പറമ്പിലൂടെ സഞ്ചരിക്കുമ്പോള്‍ അവിടത്തെ പ്രദര്‍ശനവസ്തുക്കളില്‍ ഒന്നായ 'അത്ഭുതമനുഷ്യന്' പകരം താന്‍ തന്നെ നില്‍ക്കാന്‍ ഒരുങ്ങുന്ന അധ്യാപകന്‍റെ കഥയാണിത്. സ്കൂള്‍ മാനേജര്‍ 'എന്താടോ അത്ഭുതം?', എന്നു ചോദിക്കുമ്പോൾ, "ഇരുപത്തിയഞ്ച് കൊല്ലം പട്ടിണികിടന്നിട്ട് ചാകാത്തത് അത്ഭുതമല്ലേ? ഈ കരിഞ്ചന്തക്കാലത്ത് പത്തുരൂപാകൊണ്ട് ഒരു കുടുംബം ഒരുമാസം തള്ളുന്നതും അത്ഭുതമല്ലേ? ഒരു സ്ത്രീയും അഞ്ചാറ് കുട്ടികളും പട്ടിണിയില്‍ പൊരിയുന്നത് കണ്ടിട്ട് ലജ്ജയില്ലാത്തവന്‍ അത്ഭുതമനുഷ്യനല്ലേ?..." എന്നിങ്ങനെ ഈ 'അത്ഭുതമനുഷ്യന്‍' ചോദിക്കുന്നു. പക്ഷേ മാനേജര്‍ ജോലിയില്‍നിന്നും പിരിച്ചുവിട്ടു അയാളെ അത്ഭുതമനുഷ്യനല്ലാതാക്കി മാറ്റി എന്നാണ് കഥാകൃത്ത് പറയുന്നത്. ദുരന്തഹാസ്യം കാരൂരിൻ്റെ ആഖ്യാനഘടനയുടെ സവിശേഷതയാകുന്നത് ഇങ്ങനെയാണ്. ഭരണകൂടത്തിൻ്റെ പൗരത്വരജിസ്റ്റർ കണക്കെടുപ്പിന് പുറത്തുള്ള ദുരന്തജീവിതങ്ങളുടെ സ്നേഹംകൊണ്ടും കലാപ്രവർത്തനങ്ങളും കൊണ്ടുള്ള പ്രതിഷേധങ്ങളെ മരപ്പാവകളിൽ അവതരിപ്പിക്കുന്നതും അങ്ങനെ ഹാസ്യത്തിൻ്റെ വഴിയിലൂടെയാണ്. 'മന്ദസ്മിതപ്രസ്ഥാന'മെന്നാണ് കാരൂര്‍കഥകളെ സി. ജെ. തോമസ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ആ ചിരിയും മന്ദഹാസവും ദുരന്തത്തിന്റേയും ദുരിതത്തിന്‍റേയും രാഷ്ട്രീയകാരണങ്ങള്‍ക്കെതിരെയുള്ള അമര്‍ത്തിപ്പിടിച്ച പ്രതിഷേധമായിരുന്നു. ദുരിതങ്ങളുടേയും പരിഹാസങ്ങളുടേയും അവഗണനകളുടേയും നീറുന്ന ജീവിതപ്രശ്നങ്ങളുടെ നടുവില്‍ നിന്നുകൊണ്ട് സുന്ദരലളിതശില്‍പ്പങ്ങള്‍ മെനഞ്ഞെടുക്കുന്ന മരപ്പാവകളിലെ നളിനിയെപ്പോലെയാണ് കാരൂർ. "ഇത്രപരിമിതമായ വിഭവംകൊണ്ട് ഇത്രയേറെ കാര്യം സാധിക്കുന്ന എഴുത്തുകാര്‍ നമ്മുടെ ഇടയിലില്ല" എന്നാണ് കാരൂരിനെക്കുറിച്ച് പോള്‍ അഭിപ്രായപ്പെടുന്നത്.


ബഷീര്‍ : ഐഷുക്കുട്ടി


അത്ഭുതങ്ങളുടെ വിശ്വവിഖ്യാതരൂപങ്ങൾക്കുള്ളിലെ പട്ടിണിയും തൊഴിൽനഷ്ടവും തന്നെയാണ് ബഷീറിൻ്റെയും ഇതിവൃത്തം (വിശ്വവിഖ്യാതമായ മൂക്ക്). അതുവരെ അപരിചിതമായിരുന്ന അനുഭവങ്ങളുടെ ഒരു വന്‍കരയെ മലയാള കഥാസാഹിത്യത്തിലേയ്ക്ക് ആനയിക്കുകയായിരുന്നു (എം. എന്‍. വിജയൻ) മറ്റു കഥാകൃത്തുക്കള്‍ക്കൊപ്പം ബഷീറും. 'ബഷീറിനെ വിഴുങ്ങിയ തിമിംഗലത്തിന്‍റെ വയറ് വളരെ വലുതാണെ'ന്നു കേസരി അഭിപ്രായപ്പെട്ടു. പട്ടിണി, വ്യഭിചാരം, സ്വാതന്ത്ര്യസമരം, അധികാരപ്പൊങ്ങച്ചങ്ങള്‍ ഒക്കെ ബഷീറിന് വിഷയമായി. വെന്തുനീറുന്ന തമാശക്കഥകളായിരുന്നു അതെല്ലാം. 'ഓര്‍ക്കുമ്പോള്‍ കരയാന്‍ തോന്നുന്നു, ചിരിക്കാനും' എന്ന ബാല്യകാലസഖിയിലെ മജീദിന്‍റെ ആത്മഗതം ബഷീറിന്‍റെ ഓരോ കഥകളും നമ്മെ ഓര്‍മ്മിപ്പിക്കും.


ദുരന്തകാരണങ്ങളായ അനാചാരങ്ങളേയും അന്ധവിശ്വാസങ്ങളേയും പ്രകടിപ്പിക്കുന്നവരെ ഏകപക്ഷീയമായി വിമര്‍ശിക്കുന്ന രീതിയല്ല കാഥികന്‍റേത്. വ്യവസ്ഥയ്ക്ക് ഇരയായിപ്പോകുന്ന കഥാപാത്രങ്ങളെ തികഞ്ഞ സഹാനുഭൂതിയോടെയാണ് സമീപിക്കുന്നത്. ഉദാഹരണമായി ഡോക്ടറെ കൊണ്ടുവന്നേ പ്രസവിക്കൂ എന്നു വാശിപ്പിടിക്കുന്ന, ഭര്‍ത്താവിനെ ദുരിതത്തിലും കടത്തിലും മുക്കുന്ന ഐഷുക്കുട്ടിയുടെ സ്വഭാവം അവതരിപ്പിക്കുന്നത് ഐഷുക്കുട്ടിയ്ക്ക് നേരെ വെറുപ്പ് ഉത്പാദിപ്പിച്ചുകൊണ്ടല്ല; മറിച്ച്, ഐഷുകുട്ടിയെ വായനക്കാർ സ്വയം ഏറ്റുവാങ്ങുകയും തന്‍റെ തന്നെ പൊങ്ങച്ചങ്ങളും മണ്ടത്തരങ്ങളുമായി ഐഷുകുട്ടിയുടെ സ്വഭാവത്തെ മനസ്സിലാക്കുകയും ചിരിച്ചുചിരിച്ചു പ്രശ്നമണ്ഡലത്തിലേയ്ക്ക് എടുത്തെറിയപ്പെടുകയും ചെയ്യുന്ന രീതിയിലാണ്. സ്ത്രീധനം വാങ്ങിമുടിച്ച ഐഷുക്കുട്ടിയുടെ ഭര്‍ത്താവ് അസന്‍കുഞ്ഞ് ഒന്നും മിണ്ടാനാവാതെ ഡോക്ടറെ വിളിക്കാനുള്ള പണം കടംനേടാന്‍ വേണ്ടി പോകുന്ന കാഴ്ചയും ഇതിലുണ്ട്. ഐഷുക്കുട്ടിയുടെ ഭര്‍ത്താവിന്‍റെ അനുജന്‍റെ ഭാര്യ ആസ്യാമ്മ പ്രസവിച്ചപ്പോള്‍ ഡോക്ടറെ കൊണ്ടുവന്നതാണ് ഐഷുക്കുട്ടിയുടെ പ്രശ്നം. ആസ്യാമ്മയുടെ ബാപ്പായുടെ, ബാപ്പായുടെ ഉമ്മുമ്മായുടെ ഭര്‍ത്താവ് 'മാക്കം' കൂടിവന്നതാണ് എന്ന കുറവും ആസ്യാമ്മയ്ക്കുണ്ട്. പണവും ഖ്യാതിയും രൂപപ്പെടുത്തുന്ന അധികാരപ്പൊങ്ങച്ചത്തിന്‍റെ ദുരന്തപരിണാമങ്ങള്‍ തന്നെയാണ് ബഷീറിന്‍റെ പലകൃതികളുടേയും പ്രമേയം. വഴിനീളെ കുട്ടികള്‍ ഐഷുകുട്ടിയെ അനുകരിച്ച് 'ദാക്ക്ത്തരെ കൊണ്ടുവാ' എന്നുപറഞ്ഞ് കളിയാക്കുമ്പോള്‍ മന്ദഹാസത്തോടെ, 'ഓ.....അന്നാലും ഞാമ്പെറ്റപ്പയും ദാക്ക്ത്തരെ കൊണ്ടുവന്നല്ലോ' എന്ന് സമാധാനിക്കുന്ന ഐഷുകുട്ടി ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. ആഗ്രഹവും ലഭ്യതയും തമ്മിലുള്ള വൈരുധ്യങ്ങൾ ജീവിതത്തെ എങ്ങനെ ദുരന്തഹാസ്യമാക്കുന്നു, പ്രതീതിയാക്കുന്നു എന്നതു തന്നെയാണ് പൂവമ്പഴം പോലുള്ള മറ്റുകഥകളുടെയും ഇതിവൃത്തം. ആഗ്രഹവും ആവശ്യകതയും തമ്മിലുള്ള വൈരുധ്യമാണ് ഭൂമിയുടെ അവകാശികൾ പോലുള്ള അഗാധമായ പാരിസ്ഥിതികകഥകളുടെ പ്രമേയം. അഹിംസ ആഗ്രഹവും ഹിംസ അനിവാര്യവുമായി മാറുന്നു. അഹിംസയ്ക്കുള്ളിലെ ഹിംസയും ഹിംസയ്ക്കുള്ളിലെ അഹിംസയും പുറത്തുകൊണ്ടുവരുന്നു. ഒന്നിനേയും കൊല്ലരുത് എന്നുപറയുന്ന ഭർത്താവ് എലിവിഷം വാങ്ങി നിരപരാധികളായ എലികളെ കൊല്ലുന്നു. അമ്പലത്തിലെ അരയാലിൽ സംരക്ഷിക്കപ്പെടുന്ന വാവലുകളാണ് തെങ്ങുകളെ, പരിസ്ഥിതിയെ നശിപ്പിക്കുന്നത് എന്നു മനസ്സിലാവുന്നു. പ്രകൃതി / മനുഷ്യൻ ഇങ്ങനെ കേവലദ്വന്ദ്വത്തെ നിർമ്മിക്കുന്ന മൗലികവാദപരമായ ഉത്തരാധുനിക ഗഹന പരിസ്ഥിതി (Deep Ecology) വാദനിലപാടല്ല ഇവിടെയുള്ളത്. മതത്തിൻ്റെ പേരിൽ പ്രകൃതിയെ ഇച്ഛാരഹിതമായി സംരക്ഷിക്കുന്നതും പണത്തിൻ്റെ പേരിൽ അധീശത്വം സ്ഥാപിക്കുന്നതും (പണം കൊടുത്തു വാങ്ങിയ രണ്ടേക്കർ മനുഷ്യന് മാത്രം സ്വന്തമാണ് എന്ന രീതിയിൽ) എതിർക്കപ്പെടുന്ന പാരിസ്ഥിതികനിലപാടാണ് ബഷീറിനുള്ളത്.


ദേവ് : ഗുസ്തി


"വയറു പിഴയ്ക്കാന്‍ വേണ്ടി ആരും ആരെയും അടിയ്ക്കുകയും കൊല്ലുകയും ചെയ്യേണ്ട ആവശ്യമുണ്ടാവാത്ത ഒരു സാമൂഹ്യസ്ഥിതി സൃഷ്ടിക്കുകയാണ് കേശവന്‍റെ ലക്ഷ്യം" (എതിര്‍പ്പ്, 3-ാം ഭാഗം) എന്ന് കേശവദേവ് ആത്മകഥയില്‍ ഇങ്ങനെ പറയുന്നുണ്ട്. ദേവിന്‍റെ രാഷ്ട്രീയപ്രവര്‍ത്തനജീവിതത്തിന്‍റെ ഒരധ്യായം തന്നെയായിരുന്നു സാഹിത്യജീവിതവും. സാഹിത്യം ദേഹമനക്കാത്തവരുടെ അലൗകിക മോഹചിന്തകളായിരുന്ന കാലത്തെ ചോദ്യംചെയ്തുകൊണ്ട് കാവ്യാധ്വാനത്തിന്‍റെ സാധ്യതകള്‍ ആരായുകയായിരുന്നു അദ്ദേഹം. "ഞാന്‍ എഴുതുന്നതൊന്നും സാഹിത്യപോഷണത്തിനുവേണ്ടിയല്ല, ഭാഷാപോഷണത്തിനുവേണ്ടിയുമല്ല. ജീവിതത്തിന്‍റെ കോടാനുകോടി കൂനാങ്കുരുക്കുകളെ അഴിച്ചുപരിശോധിക്കാനുള്ള ആവേശഭരിതമായ ശ്രമമാണ്; എന്‍റെ പേനയുടെ ഓരോ ചലനവും" എന്ന് തന്‍റെ നാടകങ്ങളുടെ അവതാരികയില്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. സാഹിത്യം മുഴുവന്‍ പ്രചരണമല്ലാതെ മറ്റൊന്നുമല്ല എന്ന് അദ്ദേഹം തറപ്പിച്ചുപറഞ്ഞു. സാമ്പത്തികവും മതപരവുമായ അസമത്വങ്ങളെ സൃഷ്ടിക്കുന്ന സാമൂഹികവും സാഹിത്യപരവുമായ ആത്മീയപാഠങ്ങളെ ചുട്ടെരിക്കാന്‍ ദേവ് ആഹ്വാനം ചെയ്തു. മതത്തിന്‍റെ വീരസങ്കല്‍പ്പം എത്രപെട്ടെന്ന് അനഭിലഷണീയമായ രീതിയില്‍ വികാരങ്ങളെ ആളിക്കത്തിക്കുമെന്ന് ഗുസ്തി എന്ന കഥ വെളിപ്പെടുത്തുന്നു. പപ്പുപിള്ളയുടെ ചായക്കടയില്‍നിന്നും മതവികാരത്തിന്‍റെ തീ എങ്ങനെ നാടൊട്ടുക്ക് പടര്‍ന്നുപിടിക്കുന്നു എന്ന് കഥാകൃത്ത് വ്യക്തമാക്കുന്നു. "പ്രതീക്ഷിപ്പിന്‍, പ്രതീക്ഷിപ്പിന്‍ മല്ലയുദ്ധപ്പോരാട്ടം" - ഒരു ചെറുപ്പക്കാരന്‍ ചായപ്പീടികയില്‍ നോട്ടീസ് വായിക്കുന്നു. താല്‍പ്പര്യത്തോടെ മല്ലന്‍റെ പേര് അദ്രമാന്‍ ചോദിക്കുന്നു. മേക്കാട്ടു നാണുപിള്ള ഫയല്‍മാന്‍ എന്നുപറയുമ്പോള്‍ പപ്പുപിള്ള സന്തോഷിക്കുകയും ആവേശത്തോടെ സംസാരിക്കുകയും ചെയ്യുന്നു. എന്നാല്‍, പഞ്ചാബ് പഞ്ചാനനന്‍ മല്ലവീരന്‍ മുഹമ്മദ് ഹുസൈന്‍ എന്ന് മറ്റേ മല്ലന്‍റെ പേര് കേള്‍ക്കുമ്പോള്‍ ഈ ആവേശം അദ്രമാനിലേയ്ക്ക് പകരുകയാണ്. വാഗ്വാദം മൂത്ത് അദ്രമാന്‍ പപ്പുപിള്ളയെ കുത്തുന്നു. ഇത് ഒരു മതലഹളയായി പരിവര്‍ത്തിക്കപ്പെടുന്നു. നോട്ടീസ് വായിച്ച ചെറുപ്പക്കാരന്‍ ഒരു ദുരന്തസാക്ഷിയായി നിന്നുപോകുന്നു. കൊല്ലപ്പെടാനോ മറ്റുമതക്കാരെ കൊല്ലാനോ ഉള്ള സാധ്യത മാത്രം അടിച്ചേല്‍പ്പിക്കപ്പെട്ടവനായി അയാള്‍ നില്‍ക്കുന്നു. ഒടുവില്‍ പപ്പുവിന്‍റെ അനുജനും കുഞ്ഞുമൊയ്തീന്‍റെ മകനും ചായക്കട നടത്തുന്നു. ഇങ്ങനെ ഒരു ബോര്‍ഡ് തൂക്കി: "കിറുക്കന്മാര്‍ക്ക് പ്രവേശനമില്ല". വിരാരാധനയുടേയും മതസങ്കല്‍പ്പത്തിന്‍റേയും കിറുക്ക് എങ്ങനെ പണം നേടാനുള്ള ഒരു 'കലാപരിപാടി'യായി ആസ്വദിക്കപ്പെടുന്നു എന്നും അതിന്‍റെ ദുരന്തപരിണാമമെന്തെന്നും ഈ കഥ വെളിപ്പെടുത്തുന്നു.


സരസ്വതിയമ്മ : സ്ത്രീജന്മം

വര്‍ഗ്ഗപരവും മതപരവുമായ അസമത്വങ്ങള്‍ക്കെതിരെയുള്ള മുന്നേറ്റമായിരുന്നു നവോത്ഥാനം. സ്ത്രീകളുടെ പ്രശ്നങ്ങളെ വേണ്ടത്ര സമഗ്രബോധത്തോടെ സമീപിച്ച അപൂര്‍വ്വം എഴുത്തുകാരിലൊരാളാണ് സരസ്വതിയമ്മ. ബ്രാഹ്മണമതം രൂപപ്പെടുത്തിയ വര്‍ഗ്ഗപരവും ജാതിപരവും ലിംഗപരവുമായ വിശുദ്ധാവസ്ഥയെ ഈ കഥാകൃത്ത് കത്തിച്ചുകളയുന്നു, തന്‍റെ ഹാസ്യബോധത്താല്‍. രാജവാഴ്ചയുടെ വിതരണം ചെയ്യപ്പെടാത്ത അധികാരത്തിന്‍റെ ദൈവസങ്കല്‍പ്പത്തോടുള്ള വിനീതവിധേയത്വമാണ് വര്‍ഗ്ഗപരമായ അടിമത്തത്തിനെന്നപോലെ ലിംഗപരമായ അസമത്ത്വത്തിനും കാരണമെന്ന് ഇവര്‍ മനസ്സിലാക്കുന്നു. പല ആധുനികഫെമിസ്റ്റുകളും പ്രകടമാക്കാത്ത സമഗ്രബോധം ഇവര്‍ക്കുണ്ട്. ഈ അധികാരസങ്കല്‍പ്പത്തിനെതിരെ പൊരുതിയില്ലെങ്കില്‍ പുരുഷന്‍റെ സ്ഥാനത്ത് സ്ത്രീവന്നാലും ഇതൊക്കെത്തന്നെ സംഭവിക്കുമെന്നും സ്ത്രീസ്വാതന്ത്ര്യപ്രശ്നം കേവലം വ്യക്തിപരമല്ലെന്നും അത് നിലവിലിരിക്കുന്ന അധികാരസങ്കല്‍പ്പവുമായി ബന്ധപ്പെട്ടതാണെന്നും സരസ്വതിയമ്മയ്ക്ക് അറിയാമായിരുന്നു. സ്വര്‍ഗ്ഗീയമായ രാജകീയമായ ഇടങ്ങള്‍ അന്വേഷിക്കുന്നതിന്‍റെ ഭാഗമായി ഒരു സ്ത്രീ ഉന്നയിക്കുന്ന പൗരുഷക്രിയകളല്ല സ്ത്രീസ്വാതന്ത്ര്യസമീപനം എന്ന് ഇവര്‍ മനസ്സിലാക്കുന്നു. സ്ത്രീജന്മം എന്ന കഥ ഒരു മികച്ച ഉദാഹരണമാണ്. സ്ത്രീകള്‍, പുരുഷാധിപത്യപരമായ കാല്‍പ്പനിക സ്വപ്നങ്ങളിലും ദേവസൗന്ദര്യസങ്കല്‍പ്പങ്ങളിലും അഭിരമിച്ചുകൊണ്ടിരിക്കെത്തന്നെ അതിന്‍റെ ദുരന്തപരിണാമങ്ങളില്‍ വിലപിക്കുകയും കയര്‍ക്കുകയും ചെയ്യുന്നതിലെ ദുരന്തഹാസ്യം ഈ കഥയിലെ ശാന്ത എന്ന സ്ത്രീയുടെ വ്യക്തിത്വാവിഷ്കാരത്തിലൂടെ കഥാകൃത്ത് സാധിക്കുന്നു. മാലതിയുടെ പ്രണയപരാജയത്തെ പരമ്പരാഗതമട്ടില്‍ സഹതാപത്തോടെയല്ല ശാന്ത സ്വീകരിക്കുന്നത്. മാലതിയുടെ ദുഃഖവര്‍ത്തമാനങ്ങളില്‍ നിന്നും രക്ഷനേടാന്‍ വേണ്ടി ശ്രമിക്കുമ്പോള്‍ തല സോഫയില്‍ തട്ടി ശാന്ത കരയുന്നു. മാലതി അത് സഹതാപകണ്ണീരായി മനസ്സിലാക്കുകയും പെണ്ണായി ജനിച്ചാല്‍ കരയാനാണ് വിധി എന്നുപറഞ്ഞ് ദുര്‍ബലമായ ഒത്തുതീര്‍പ്പിലുമെത്തുമ്പോള്‍ ശാന്ത മാലതിയെ ഉപേക്ഷിച്ച് മകളായ ശ്യാമളയെ കൂട്ടിനുവിളിക്കുകയാണ്. പത്തുപന്ത്രണ്ട് വയസ്സുകഴിഞ്ഞല്ലേ ശ്യാമളയില്‍ നിന്നും ഈ കഥ കേള്‍ക്കേണ്ടിവരികയുള്ളൂ എന്ന് ശാന്ത ആശ്വസിക്കുന്നു.


ശാന്ത തലതടവി ദീര്‍ഘനിശ്വാസത്തോടെ, "ഈശ്വരാ വല്ലാത്ത ജന്മംതന്നെ ഈ സ്ത്രീജന്മം ദ്രോഹി സദാശിവന്‍. ഈ തലകൊണ്ടിനി പ്രയോജനമൊന്നുമില്ല." എന്നു പറയുന്നതവതരിപ്പിച്ചാണ് കഥ പൂര്‍ത്തിയാക്കുന്നത്. സ്ത്രീപ്രശ്നം കേവലം വ്യക്തിപരമല്ല എന്നും അത് നമ്മുടെ അധികാരദൈവസങ്കല്‍പ്പവുമായി കെട്ടുപിണഞ്ഞുകിടക്കുന്നു എന്നുമുള്ള വ്യക്തമായ നിലപാട് ഈ കഥയ്ക്കുണ്ട്. "മൂന്നിഞ്ചുപൊക്കമുള്ള ഒരു നീണ്ട പലകപ്പുറത്ത് പടങ്ങള്‍ നിരത്തി വച്ചിട്ടുണ്ട്. ഫുള്‍ഷേവ് ചെയ്ത ഒരു ഗംഗാകാന്തന്‍, ഇരുവശത്തും സ്ത്രീകളുമായി മയില്‍പ്പുറത്തിരിക്കുന്ന ഒരു ഷണ്മുഖന്‍...." ഇങ്ങനെ മാലതിയുടെ വീട്ടിലെ ദൈവങ്ങളെ പരിചയപ്പെടുത്തുന്ന കഥാകൃത്ത് മാലതിയുടെ കാമുകനായ സദാശിവന്‍ മാലതിയെ പറ്റിച്ചതിന്‍റെ സ്വാഭാവികതയും ദുരന്തഹാസ്യവും മനസിലാക്കുന്നു. അതുകൊണ്ടുതന്നെ കഥയുടെ ഒടുവില്‍ പറയുന്ന "ദ്രോഹി സദാശിവന്‍" കേവലവ്യക്തിയില്‍ നിന്നും വികസിച്ച് സ്ത്രീ ഉള്ളില്‍ത്തന്നെ നിക്ഷേപിച്ചിരിക്കുന്ന ആദര്‍ശവത്കരിക്കപ്പെട്ട പുരുഷാധിപത്യ ദൈവസങ്കല്‍പ്പത്തിലേയ്ക്ക് കടക്കുന്നു. അപ്പോള്‍ സ്വയം ശിക്ഷിച്ചുകൊണ്ടല്ലാതെ, തിരുത്തിക്കൊണ്ടല്ലാതെ സ്ത്രീയുടെ ദുഃഖത്തെക്കുറിച്ച് സംസാരിക്കുന്നത് സ്ത്രീവിരുദ്ധനിലപാടാണ് എന്നുവരുന്നു. 'ഈ തലകൊണ്ടിനി പ്രയോജനമില്ല' എന്ന് കഥാകൃത്ത് ഒടുവില്‍ കൂട്ടിച്ചേര്‍ക്കുന്നത് അതുകൊണ്ടാണ്. പെണ്ണിൻ്റെ ബുദ്ധിയുള്ള തല ഒരു സാമൂഹ്യബാധ്യതയായി മാറുന്ന സ്ത്രീവിരുദ്ധസമൂഹത്തെക്കുറിച്ചു പെൺബുദ്ധി പോലുള്ള കഥകളിൽ ആവിഷ്കരിക്കുന്നുണ്ട്.


ലളിതാംബിക അന്തർജ്ജനം : പ്രതികാരദേവത


"ഇരുപതാം നൂറ്റാണ്ടിന്‍റെ പൂര്‍വ്വാര്‍ദ്ധത്തില്‍ നമ്മുടെ നാട്ടിലുണ്ടായിരുന്ന സാമൂഹികവും ആശയപരവുമായ സംഘട്ടനങ്ങളുടെ സംഘര്‍ഷം ഒരു സാധാരണസ്ത്രീയുടെ ഹൃദയത്തില്‍ത്തട്ടിത്തിരയടിച്ചതാണീ കഥകള്‍" - എന്ന് തന്‍റെ തെരഞ്ഞെടുത്ത കഥകള്‍ക്കവതാരികയായി ലളിതാംബിക അന്തര്‍ജ്ജനം കുറിച്ചിടുന്നു. നമ്പൂതിരി വിശുദ്ധജീവിതത്തിനുള്ളിലെ അളിഞ്ഞു നാറിയ അവസ്ഥകളെ പുറത്തേയ്ക്കെടുത്തെറിയുകയായിരുന്നു അവര്‍. ഭക്തിക്കും ഭ്രാന്തിനുമിടയില്‍ നിശബ്ദമായി തലതല്ലി ജീവിച്ച നമ്പൂതിരി സമുദായത്തിന്‍റെ വിശേഷിച്ച് നമ്പൂതിരി സ്ത്രീസമുദായത്തിന്‍റെ നിലവിളികളെ ജനങ്ങള്‍ക്കുമുന്നില്‍ വിമര്‍ശനബോധത്തോടെ അവതരിപ്പിക്കുകയാണ് അവര്‍ ചെയ്തത്.

പ്രതികാരദേവത ജീര്‍ണ്ണതയെക്കതിരെയുള്ള ഒരു പൊട്ടിത്തെറിയുടെ ചരിത്രം അടയാളപ്പെടുത്തുന്നു. കഥ തേടി രാത്രി ഉണര്‍ന്നിരുന്ന കഥാകാരിയുടെ അടുത്തേയ്ക്ക് തഴുതിട്ട വാതിലുകളും ജനലുകളും കടന്ന് ഒരു സ്ത്രീയെത്തുന്നു. സ്വര്‍ഗ്ഗീയമായ സുവര്‍ണശൃംഖലകള്‍ അനുഗ്രഹമായി കരുതിയ കഥാകാരിയുടെ അടുത്ത് ബന്ധനം അതെന്തുകൊണ്ടായാലും സ്വീകാര്യമല്ലായെന്നും കാരിരുമ്പ് അതിന്‍റെ തനിനിറമെങ്കിലും കാട്ടുന്നു, കാഞ്ചനം പുറംപകിട്ടുകൊണ്ട് ആളെ മയക്കുന്നു എന്നും മറ്റും ആ സ്ത്രീ തുറന്നടിക്കുന്നു. ബ്രാഹ്മണമതത്തിന്‍റെ വിശുദ്ധമായ കാഞ്ചനമയക്കങ്ങളെ ഇവിടെ ഞെട്ടിച്ചുണര്‍ത്തുന്നു. വേശ്യയുമൊത്ത് രമിക്കുകയും വേശ്യയെയാണ് തനിക്കിഷ്ടമെന്നു പറഞ്ഞ് നീയുമൊരു വേശ്യയാക് എന്നുപദേശിക്കുകയും ചെയ്യുന്ന ഭര്‍ത്താവിനെ വലിച്ചെറിഞ്ഞ് ഉത്സവസ്ഥലത്തും പൂരപ്പറമ്പിലും പാരനാരിയായി കഴിഞ്ഞ ഒരു അന്തര്‍ജ്ജനത്തിന്‍റെ കഥയാണിത്. പതിവ്രതയുടെ കാഞ്ചനശൃംഖലയെക്കാള്‍ വേശ്യയുടെ ഇരുമ്പിന്‍റെ ചങ്ങലകള്‍ എടുത്തണിഞ്ഞ സ്ത്രീ- "വികാരങ്ങളുടെ ചൂടും ജീവിതത്തിന്‍റെ അഭിമാനബോധമുള്ള ഒരു നമ്പൂതിരി സ്ത്രീയ്ക്ക് രണ്ടിലൊന്നേ വഴിയുള്ളൂ. ഒന്നുകിൽ ഒരു ഭ്രാന്തിയാവുക, അല്ലെങ്കില്‍ പതിതയും...രണ്ടും കഷ്ടമാണ്. പക്ഷേ...." എന്നുപറയുന്നവള്‍. ഒടുവില്‍ തന്‍റെ ഭര്‍ത്താവും തന്‍റെ മുന്നിലെത്തുകയും തന്‍റെ കൂടെ എന്നും താമസിക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്ന സന്ദര്‍ഭവും ഒടുവില്‍ തന്നെ തിരിച്ചറിഞ്ഞ് നിലവിളിച്ചുകൊണ്ട് ഓടിയതുമായ സന്ദര്‍ഭവും ഇവര്‍ വിവരിക്കുന്നുണ്ട്. വിശുദ്ധത്തിന്‍റേയും അശുദ്ധത്തിന്‍റേയും പരസ്പരപൂരകത്വം കണ്ട് ഞെട്ടിനിലവിളിക്കുകയാണ്. സ്മാര്‍ത്തവിചാരത്തിന്‍റെ മുഹൂര്‍ത്തത്തില്‍ രാജകുമാരന്മാരെയും വൈദികന്മാരെയും ഞെട്ടിച്ചുകൊണ്ട് അവര്‍ വിളിച്ചുപറഞ്ഞ പേരുകള്‍ സമുദായത്തെ പിടിച്ചുലച്ചു. ഈ സ്ത്രീയുടെ ഞെട്ടിക്കലിനെ അംഗീകരിച്ചുകൊണ്ട് തന്നെ ഇത്തരം ഒറ്റപ്പെട്ട ശ്രമത്തെക്കാള്‍ സാമൂഹികമായി സംഘടിക്കുന്നതാണ് കൂടുതല്‍ ഫലപ്രദം എന്ന ഒരു രാഷ്ട്രീയവീക്ഷണത്തോടെയാണ് കഥാകൃത്ത് അവസാനിപ്പിക്കുന്നത്. എന്നാല്‍ അറുപതുകള്‍ക്ക് ശേഷം എഴുതിയ കഥകളിലെത്തുമ്പോള്‍ അക്കാലത്തെ കഥാകൃത്തുക്കള്‍ക്കൊപ്പം അരാഷ്ട്രീയമായ വീക്ഷണവും ഫ്യൂഡല്‍ ഗൃഹാതുരത്വവും ലളിതാംബികയെ പ്രതിഗമനത്തിന്‍റെ വീക്ഷണത്തിലെത്തിക്കുന്നുണ്ട്. പണ്ടത്തെ തറവാട്ടില്‍ നിന്നും ഉണ്ടചോറിനു നന്ദികാണിക്കാത്ത അധ:സ്ഥിതരായ ആളുകള്‍ രാഷ്ട്രീയനേതാക്കളായെത്തിയതാണ് സാമൂഹികാപചയത്തിനു കാരണം എന്ന ഒരു നിലപാട് മനുഷ്യപുത്രി പോലുള്ള കഥകള്‍ മുന്നോട്ടുവയ്ക്കുന്നു.


ഉറൂബ് : ആരാധന


"പാളിപ്പോകാത്ത മനുഷ്യഹൃദയജ്ഞാനം, വ്യക്തികളുടെ ഭാവപാരവശ്യങ്ങളേയും ദൗര്‍ബല്യങ്ങളേയും വരച്ചുകാണിക്കാനുള്ള കൗതുകം, കരുത്തേറിയ നര്‍മ്മബോധം, കവിതയും കുസൃതിയും ഒത്തിണങ്ങിയ അത്യന്തം ഹൃദ്യമായ പ്രതിപാദനശൈലി ഇവയാണ് ഉറൂബിന്‍റെ സിദ്ധികള്‍" എന്ന് ഊറൂബിന്‍റെ തെരെഞ്ഞെടുത്ത കഥകളുടെ അവതാരികയില്‍ ആര്‍. രാമചന്ദ്രന്‍ പ്രസ്താവിക്കുന്നു. ഉറൂബിന്‍റെ മനുഷ്യഹൃദയജ്ഞാനവും സാമൂഹികജ്ഞാനവുമാണ് 'മനുഷ്യന്‍ സുന്ദരനാണ്' എന്ന നിരീക്ഷണത്തിലേയ്ക്ക് നയിക്കുന്നത്. സാമൂഹിക വൈകല്യനിര്‍മ്മാര്‍ജ്ജനങ്ങള്‍ കേവലപരിഹാരങ്ങളുടെ മോഹചിന്തയായും അടിസ്ഥാനകാരണങ്ങളുടെ തിരിച്ചറിവായും ഉറൂബിന്‍റെ കഥകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രശസ്തമായ വെളുത്ത കുട്ടിയില്‍ സ്ത്രീപ്രശ്നങ്ങളടക്കമുള്ള സാമൂഹികവൈകല്യങ്ങള്‍ക്ക് പരിഹാരമായി ആദര്‍ശവത്കരിക്കപ്പെട്ട അമ്മസങ്കല്‍പ്പം പരിഹാരമായി നിര്‍ദ്ദേശിക്കുന്നതില്‍ തികഞ്ഞ അരാഷ്ട്രീയമായ സ്വഭാവമാണുള്ളത്. എന്നാല്‍ ആരാധനപോലുള്ള കഥകള്‍ വ്യക്തിക്കുമേല്‍ ഭാരമായി തീരുന്ന ആദര്‍ശവത്കരണങ്ങള്‍ സൃഷ്ടിക്കുന്ന അന്യവത്കരണത്തെ വിമര്‍ശനവിധേയമാക്കുന്നുണ്ട്. 'ആലസ്യത്തിലാണ്ട കഥാകാരന്‍റെ ഹൃദയത്തില്‍ നിന്നെത്തിയപോലെ ഒരാള്‍. സന്യാസിയോ?' അവര്‍ സംസാരിക്കുന്നു. ഒടുവില്‍ ധനികനും മിടുക്കനും കുസൃതിയുമായ താന്‍ സ്വാതന്ത്ര്യസമരത്തിലേക്കെടുത്തെറിയപ്പെട്ടതും ഗാന്ധിയുടെ പ്രേരണയാല്‍ അടികൊടുക്കാന്‍ തോന്നിയപ്പോഴും അടിയേറ്റുവാങ്ങി ജയിലില്‍ പീഡനങ്ങള്‍ നേടി പ്രശസ്തനായതും സ്വാതന്ത്ര്യസമരപോരാളിയായതും രമ എന്ന സ്ത്രീയുടെ പരിചരണവും ആരാധനയും കിട്ടിയതും ആയ കഥ അയാള്‍ പറയുന്നു. രമയോട് വിവാഹത്തെക്കുറിച്ചു പറയുമ്പോഴാകട്ടെ രമയ്ക്ക് ആരാധനയാണുള്ളതെന്നും അങ്ങ് ശുക്രനക്ഷത്രത്തെപ്പോലെ പരിശുദ്ധനാണെന്നും പറഞ്ഞ് രമയൊഴിയുന്നു. താന്‍ ദേവനല്ല പച്ചമനുഷ്യനാണെന്ന് പറഞ്ഞിട്ടും മനസ്സിലാകാത്തവരുടെ ഇടയില്‍ ആരാധ്യ-സാമൂഹികപ്രവര്‍ത്തകനായി അയാള്‍ കഴിയുന്നു. "ആളുകള്‍ക്ക് കോപമോ, അസൂയയോ വിദ്വേഷമോ തോന്നിക്കൊള്ളട്ടെ. അപ്പോഴും നിങ്ങള്‍ ഭാഗ്യവാനാണ്. മനുഷ്യസമ്പര്‍ക്കമുണ്ട്. ആരാധനാപാത്രമായിത്തീരുക-അതാണ് ഏറ്റവും വലിയ ശാപം. നിങ്ങള്‍ നിങ്ങള്‍ക്കു നഷ്ടപ്പെടുന്നു, ലോകത്തിനും..."- എന്നയാള്‍ പറയുന്നു. സ്വാതന്ത്ര്യപ്രവര്‍ത്തനത്തിന് മതാനുഷ്ഠാനത്തിന്‍റെ സ്വഭാവം നല്‍കുകയും ഭീരുത്വത്തിനും വിധേയത്വത്തിനും അഹിംസയുടെ അമാനുഷികപരിവേഷം നല്‍കുകയും കാമജീവിതത്തെ നിഷേധിക്കുകയും ചെയ്ത ഗാന്ധിയുടെ രാഷ്ട്രീയനിലപാടുകളെ എതിര്‍ക്കുന്ന ഒരു കഥയാണിത്. മറ്റ് നവോത്ഥാനകഥാകൃത്തുക്കളെപ്പോലെ വിശുദ്ധിയുടെ കപടജീവിതത്തെ പ്രതിരോധിക്കുന്ന കഥകള്‍ ഉറൂബിന്‍റേതായിട്ടുണ്ട്. മതത്തിന്‍റെ ആരാധനാപരിവേഷങ്ങളെ എതിര്‍ത്തുകൊണ്ട് സാധാരണ മാനുഷികബന്ധങ്ങളുടെ ഇണക്കങ്ങളും പിണക്കങ്ങളും സാമൂഹികലക്ഷ്യത്തോടെ അദ്ദേഹം ആവിഷ്ക്കരിച്ചു.

ചുരുക്കത്തിൽ, ബ്രാഹ്മണമതം സൃഷ്ടിച്ച അത്ഭുതത്തിൻ്റെയും വിശ്വാസത്തിൻ്റെയും ദുരന്താത്മകമായ അപരസ്ഥലങ്ങൾ, ഭ്രാന്തും പതിത്വവും മാത്രം നൽകുന്ന സ്ത്രൈണ വിശുദ്ധിസങ്കല്പങ്ങൾ, മനുഷ്യൻ്റെ പാരിസ്ഥിതികപ്രവർത്തനങ്ങളെ ദുരന്താത്മകമാക്കുന്ന അധീശത്വ നിലപാടുകൾ, പ്രണയവും സൗഹൃദവും അധ്വാനവും കൊണ്ട് ആരാധനയുടെ രാഷ്ട്രീയത്തെ എതിർക്കുന്ന സമരവ്യക്തിത്വങ്ങൾ ഒക്കെയാണ് നവോത്ഥാനകഥകൾ വിമർശനാത്മകമായും സർഗ്ഗാത്മകമായും മുന്നോട്ടുവച്ചത്. കഥാകൃത്തും ജീവിതം പറയുന്ന ആളും തമ്മിലുള്ള സംവാദത്തിൻ്റെയും വ്യത്യസ്ത നിലപാടുകളുള്ള സ്ത്രീയും പുരുഷനും തമ്മിലുള്ള സംവാദത്തിൻ്റെയും എല്ലാം അറിയുന്ന കാഥികൻ്റെ വിവരണത്തിൻ്റെയും ആഖ്യാനഘടന ഒരുപോലെ നവോത്ഥാനകാഥികർ സ്വീകരിക്കുന്നുണ്ട്. സംവാദത്തിൻ്റെ ഘടന സ്വീകരിക്കുന്ന കാരൂരിൻ്റെയും ബഷീറിൻ്റെയും ആഖ്യാനഘടനയാണ് കഥയിലെ ഏറ്റവും വലിയ സർഗ്ഗാത്മകസാന്നിധ്യം. ജീവിതത്തിൻ്റെ വൈരുധ്യങ്ങളെ ഉത്പാദിപ്പിക്കുംവിധമുള്ള സവിശേഷമായ സാമൂഹികറിയലിസം ഇവരുടെ കഥകളിൽ കാണാം.


(തുടരും)


 

ഡോ. ഷൂബ കെ.എസ്സ്

അദ്ധ്യാപകന്‍, നിരൂപകന്‍

വകുപ്പ് അദ്ധ്യക്ഷന്‍

മലയാള വിഭാഗം

സര്‍ക്കാര്‍ വനിതാ കോളേജ്, തിരുവനന്തപുരം

8,393 views5 comments
bottom of page