സംസ്കാരപ0നം
അഞ്ജലി പി. പി.
“ആർത്ത് പെയ്യുന്ന മഴയിൽ ഒരു ജൂമൈല “
സിൻഡ്രല്ല എന്ന നാടോടിക്കഥയുമായി സാമ്യങ്ങളും വ്യത്യാസങ്ങളും പ്രകടിപ്പിക്കുന്ന കഥയാണ് അംബികാസുതൻ മാങ്ങാടിൻ്റെ 'ആർത്തു പെയ്യുന്ന മഴയിൽ ഒരു ജൂമൈല' എന്ന കഥ.
2008 ആഗസ്റ്റ് രണ്ടാംവാരം മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച അംബികാസുതൻ മാങ്ങാടിന്റെ ചെറുകഥയാണ് 'ആർത്തുപെയ്യുന്ന മഴയിൽ ഒരു ജൂമൈല', 'സിൻഡ്രല്ല' എന്ന നാടോടിക്കഥയുമായി ഈകഥ ബന്ധപ്പെട്ടിരിക്കുന്നതായി കാണാം. കുടുംബം, സമൂഹം എന്നിവരാൽ അനാഥമാക്കപ്പെടുന്ന ജൂമൈല എന്ന പെൺകുട്ടിയാണ് കേന്ദ്രകഥാപാത്രം.
സമകാലിക സമൂഹത്തിലേയ്ക്ക് നോക്കുമ്പോൾ സിൻഡ്രല്ലയെപ്പോലെ രണ്ടാനമ്മമാരാൽ പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികൾ ധാരാളമായി കാണാം. അത്തരത്തിലൊരുവളാണ് ജൂമൈല. കഥയുടെ ആരംഭത്തിൽ ജൂമൈല ഓടുകയാണ്. എന്തിൽ നിന്നോ ഉള്ള രക്ഷപ്പെടലാണ് ആ ഓട്ടം. ഒടുവിൽ ശിവദാസന്റെ കാറ് അവളുടെ മുന്നിൽ നിറുത്തുന്നു. വരുംവരായ്‌കകൾ ചിന്തിക്കാതെ അവൾ കാറിൽ കയറുന്നു. ജൂമൈല ശിവദാസനോട് തൻ്റെ ജീവിതകഥയെ കുറിച്ച് പറയുമ്പോഴാണ് അവൾ ആരായിരുന്നു എന്ന് വ്യക്തമാകുന്നത്. അവളെങ്കിലും രക്ഷപ്പെടട്ടെ എന്നു കരുതിയാണ് അസുഖം ബാധിച്ച ഉപ്പയും മറ്റു വീടുകളിൽ അടുക്കളപ്പണി ചെയ്യുന്ന ഉമ്മയും രണ്ട് സഹോദരങ്ങളും അവളെ അകന്ന ബന്ധുക്കളുടെ അടുത്തേയ്ക്ക് പറഞ്ഞു വിടുന്നത്. എന്നാൽ, മാനസികവും ശാരീരികവുമായ പീഡനങ്ങൾ സഹിക്ക വയ്യാതെയാണ് വീണുകിട്ടിയ ഒരു അവസരത്തിൽ അവൾ രക്ഷപ്പെടുന്നത്. ഒടുവിൽ എങ്ങനെയോ നഷ്ടപ്പെട്ട തൻ്റെ മകളുടെ സ്ഥാനത്ത് അവളെ സംരക്ഷി ക്കുന്ന ശിവദാസൻ എന്ന പിതാവിലാണ് കഥയവസാനിക്കുന്നത്.
വർത്തമാനകാല ജീവിതത്തിൽ പ്രത്യേകിച്ചും നമുക്കു ചുറ്റും ഇത്തരത്തിലുള്ള 'സിൻഡ്രല്ല'മാർ ഉണ്ട്. പക്ഷെ ഒരു സൗഭാഗ്യജീവിതത്തെ സ്വപ്നം കാണാൻപോലും കഴിയാത്തവരാണ് ഇവർ. എല്ലാ ദുരിതങ്ങളും ഒറ്റയടിക്ക് പരിഹരിച്ച് ജീവിതം സുഖകരമാക്കാൻ ഒരു കിന്നരി എത്തുമെന്ന് പ്രതീക്ഷിക്കുവാൻ പോലും ഇവർക്ക് കഴിയില്ല. രണ്ടാനമ്മയുടെ വകയല്ലെങ്കിലും യജമാനത്തിയുടെയും അവരുടെ പുത്രന്മാരുടെയും പുത്രിമാരുടെയും പീഡനങ്ങൾ ഇവർ ഏറ്റുവാങ്ങേണ്ടി വരികയും അതിദാരുണമായി മരണപ്പെടുകയും ചെയ്യുന്നു.
ജൂമൈലയും ഒരു സിൻഡ്രല്ലാ പ്രതിഛായയുള്ള കഥാപാത്രമാണ്. സാഹചര്യവും ഏതാണ്ടൊരു പോലെ തന്നെ. പക്ഷെ, ജൂമൈലയുടെ രക്ഷകനായി വരുന്ന കിന്നരിസ്പർശമുള്ള കഥാപാത്രം യഥാർത്ഥത്തിൽ എഴുത്തുകാരനാണ്. ശ്രീ. പി.പി. കെ. പൊതുവാൾ അഭിപ്രായപ്പെടുന്നതുപോലെ; "രക്ഷാമാലാഖയായി ജൂമൈലയ്ക്ക് കഥാകാരനുണ്ട്. എഴുത്തുലോകത്തിലെ കിന്നരിമാർക്കേ ഇനി സിൻഡ്രല്ലമാരെ രക്ഷി ക്കാൻ കഴിയുകയുള്ളൂ എന്നു വരുമൊ?" (പി.പി.കെ.പൊതുവാൾ, ‘ ആലീസും സിൻ ഡ്രെല്ലയും)എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.
ശിവദാസൻ എന്ന കഥാപാത്രം ഇവിടെ രാജകുമാരൻ്റെ കഥാപാത്രത്തെ അനു സ്മരിപ്പിക്കുന്നു. രക്ഷാമോചനം എന്ന ലക്ഷ്യത്തിലേയ്ക്കെത്തിച്ചേർക്കുന്ന ജൂമൈലയുടെ സഹായി. ദുരിതമോചനമാണ് 'സിൻഡ്രല്ലാ' കഥയിലെന്നപോലെ ജൂമൈലയുടെ കഥയിലെയും ലക്ഷ്യം. ദാതാവ് എഴുത്തുകാരനും. എതിരാളികൾ എന്നു ള്ളത് ഒരു സമൂഹമാണ്.താജുദ്ദീൻക്കാ, ഭാര്യ, അവരുടെ കൂട്ടാളികൾ എന്നിവർ ആ സമൂഹത്തിലുൾപ്പെടുന്നുണ്ട്.
വർത്തമാനകാലജീവിതത്തിലും സാഹിത്യത്തിലും 'സിൻഡ്രല്ല' എന്ന നാടോ ടിക്കഥ സ്വാധീനം ചെലുത്തുന്നുണ്ട് എന്നതിന് ഉദാഹരണമാണ് ശ്രീ. അംബികാ സുതൻ മങ്ങാടിന്റെ 'ആർത്തു പെയ്യുന്ന മഴയിൽ ഒരു ജൂമൈല' എന്ന ചെറുകഥ. എന്നാൽ വ്യക്തിപരവും ലളിതവുമായ സ്ത്രീപരിഹാരങ്ങൾ ആണ് ഇത്തരം കഥകൾ മുന്നോട്ട് വയ്ക്കുന്നത്. കാറുള്ള ഒരാൾ അഥവാ കാറ് തന്നെ ഇവിടെ സ്ത്രീക്ക് രക്ഷകനായി തീരുന്നു. കാരുണ്യമെന്നത് ഉപഭോഗഉത്പന്നവും പണവുമായി മാറുന്നു. നമ്മുടെ ദുരന്തങ്ങൾക്ക്, സ്ത്രീ ദുരിതങ്ങൾക്ക് മുതലാളിത്തം രക്ഷകനായി മാറും എന്ന പ്രതീക്ഷയാണ് ഇത്തരം കഥകളുടെ രാഷ്ട്രീയ അബോധം.
'സിൻഡ്രല്ല'
'സിൻഡ്രല്ലാ' കഥാക്രമത്തിൽ നിന്നും തികച്ചും വ്യത്യസ്‌തത പുലർത്തുന്നു ശിഹാബുദ്ദീൻ പൊയ്ത്തുംകടവിൻ്റെ 'സിൻഡ്രല്ല' എന്ന കഥ.
ശിഹാബുദ്ദീൻ പൊയ്തുംകടവിൻ്റെ 'തിരഞ്ഞെടുത്ത കഥകൾ' എന്ന ചെറുകഥാസമാഹാരത്തിലേതാണ് ഈ കഥ മനുഷ്യൻ്റെ ഏകാന്തമായ ചിന്തകളെ സമകാലിക സമസ്യകളുമായി ബന്ധപ്പെടുത്തുന്നു എന്നതാണ് അദ്ദേഹത്തിന്റെ കഥകളുടെ സവിശേഷത.
നഗരത്തിലെ ഒരു തെരുവിനെ കേന്ദ്രീകരിച്ചാണ് കഥ പറയുന്നത്. വ്യാപാരം നടന്നിരുന്ന ആ തെരുവിൽ സുഹൃത്തുമൊത്താണ് കഥാനായകൻ എത്തിച്ചേരുന്നത്. മറ്റ് തെരുവുകളിൽ നിന്നും വ്യത്യസ്‌തമായി സ്വപ്നങ്ങൾ വിൽക്കുന്ന തെരുവാണ് ഇതെന്ന പ്രത്യേകത കഥയുടെ ആരംഭത്തിൽ തന്നെ എടുത്തു പറയുന്നുണ്ട്.
"സ്വപ്നം ഖരരൂപത്തിലും ദ്രാവകരൂപത്തിലും ആളുകൾ വാങ്ങിച്ചു പൊയ്ക്കൊണ്ടിരിക്കുന്നു"
ഈ കാഴ്‌ചയാണ് അവരിരുവരെയും അത്ഭുതപ്പെടുത്തിയത്. സ്വപ്നം സൗജന്യമായി വിറ്റുവന്നിരുന്ന കടയ്ക്കു മുന്നിലെ ക്യൂവിൽ നിൽക്കുന്ന കുട്ടിയെ കുറിച്ച് പറയുന്നു. കലാപകാലത്ത് അച്ഛനമ്മമാർ മരിച്ച അവനെ തീവണ്ടിയിൽ നിന്ന് കലാപകാരികൾ പുറത്തേയ്‌ക്കെറിഞ്ഞു. പുഴയിലേയ്ക്ക് ചാടിയ അവൻ മരിക്കാതെ രക്ഷപ്പെടുന്നു.
"പക്ഷേ, തീവണ്ടിയുടെ കുതിപ്പും അമ്മയുടെ നിലവിളിയും അവൻ്റെ സ്വൈര്യം കെടുത്തുന്നു. അവനുറക്കം കിട്ടുന്നില്ല. ഇത്തിരി സ്വപ്നം വേണം അതിനാണവൻ ഈ ക്യൂവിൽ. കഴിഞ്ഞ മാസം കൊണ്ടുപോയ സ്വപ്‌പ്നം തീർന്നുപോയി'
എന്ന് കഥയിൽ നായകന്റെ ആദ്യകാഴ്‌ചയെ കുറിച്ച് പറയുന്നു. മരിച്ചവർക്കുവേണ്ടിയുള്ള സ്വപ്നം പോലും അവിടെ കിട്ടുമെന്ന് കഥാകൃത്ത് പറയുന്നു. ജീവിതത്തിലെ ഭാരമെല്ലാം ഇറക്കി വച്ചുള്ള സുഖകരമായ ഒരവസ്ഥയാണ്
തനിക്കിവിടെ കിട്ടുന്നതെന്ന് കഥാനായകൻ സൂചിപ്പിക്കുന്നതിലൂടെ സംഘർഷഭരിതമായ ഒരു ജീവിതത്തിനുടമയാണ് അയാളെന്ന് സൂചന കിട്ടുന്നു. അധികം വൈകാതെ ആ തെരുവിലെ സ്ഥിരം സന്ദർശകനായി അയാൾ മാറുന്നു.
“നരകത്തിൽ നിന്നും സ്വർഗ്ഗകവാടത്തിലേയ്ക്കുള്ള കുതിപ്പുപോലെയായിരുന്നു എന്റെ ഓരോ വരവും”
എന്നാണ് ഈ രക്ഷപ്പെടലിനെ അയാൾ സ്വയം വിശേഷിപ്പിച്ചത്. പക്ഷെ, സ്നേഹസമ്പന്നയായ ഒരു ഭാര്യ വീട്ടിലുണ്ടെന്ന കാര്യം അയാൾ പലപ്പോഴും മറക്കാൻ ശ്രമിക്കുന്നു. വൈകിയെത്തുന്ന ദിവസങ്ങളിലും ഭാര്യ വിമല ഒരക്ഷരം മിണ്ടാതെ പരിഭവം പുറത്തു കാണിക്കാതെ കഴിച്ചു കൂട്ടുന്നു. “ക്രമേണ കിടപ്പുമുറിയുടെ ആശ്വാസമേഖലയിൽ രണ്ടു ദ്വീപുകളുടെ ചിത്രം അനാവൃതമാകാൻ തുടങ്ങി. ഇരുണ്ട രണ്ടു ദീപുകൾ...." എന്ന നിലയിലേയ്ക്ക് ആ ദാമ്പത്യം മാറുന്നു.
തെരുവിലൂടെ നടക്കുന്ന ഒരു ദിവസമാണ് തൻ്റെ സങ്കല്‌പത്തിലുള്ള ഒരു പെൺകുട്ടിയെ അയാൾ അവിടെ കണ്ടെത്തുന്നത്. അയാളാഗ്രഹിച്ചപോലെ ഇരുവശത്തുമായി പിന്നിയിട്ട മുടി, നീലനിറമുള്ള കണ്ണുകൾ അയാളാഗ്രഹിച്ചതും ഇങ്ങനെയുള്ള പെൺകുട്ടിയെ ആയിരുന്നു. വിവാഹിതരാണെന്ന സത്യം പരസ്‌പരം അറി യുമ്പോൾ ഇരുവരുടെയും ദാമ്പത്യത്തെ നിർവ്വചിക്കുന്നതും വളരെ ശ്രദ്ധേയമാണ്.
“ഞങ്ങൾ രണ്ടുശവശരീരങ്ങളെപ്പോലെയാണ്. കിടപ്പറയിൽ യാത്ര ചെയ്യുന്നത്. സ്നേഹം തണുത്തുറഞ്ഞ ചുമരിൽ നിറയെ വൃത്തികെട്ട ഗന്ധമാണ് “ എന്ന് കഥാ നായകൻ തന്റെ ദാമ്പത്യത്തെ കുറിച്ച് പറയുമ്പോൾ 'അവൾ' പറഞ്ഞു “ഞങ്ങൾക്കിട യിൽ സംസാരിക്കുന്നത് എന്നും മൗനമാണ്. മടുപ്പിന്റെ ദീർഘനിശ്വാസമാണ്. നെടിയ അനുസ്വരങ്ങളാണ്” ഇതു പറഞ്ഞു കഴിയുമ്പോൾ അയാൾ തിരിച്ചറിയുന്നു. യഥാർത്ഥത്തിൽ ഇതു തന്റെ കഥ തന്നെയാണ്.
“ഇതെന്റെ ആത്മകഥയാണല്ലോ. എന്റെ വിധിയുടെ പകർപ്പാണല്ലോ??” എന്ന് കഥാനായകൻ തുടർന്ന് ആത്മഗതം ചെയ്യുന്നുണ്ട്.
സ്വപ്നം വിൽക്കുന്ന തെരുവിൽ അവരുടെ പ്രണയ സായാഹ്നങ്ങൾ സജീവ മായികടന്നുപൊയ്ക്കൊണ്ടിരുന്നു. പേരുവെളിപ്പെടുത്താത്ത കഥാനായകൻ തന്റെ പ്രണയിനിയ്ക്ക് പേരിടുന്നു 'സിൻഡ്രല്ല' സമയത്തിന്റെ വേവലാതികൊണ്ട് എല്ലാം മറന്ന് വീട്ടിൽ ഓടിയെത്തിയ പഴയ നാടോടിക്കഥയിലെ നായിക.
“കടപ്പുറത്തു വച്ച് ഞാനവൾക്ക് ഒരു പേരിട്ടുകൊടുത്തു. സിൻഡ്രല്ല. സൂര്യ നസ്തമിക്കുമ്പോൾ ഓടി മറയുന്ന നിനക്ക് ആ പഴയകഥയിലെ മുഖം തന്നെ. നിന്റെ കണ്ണുകളിലും എപ്പോഴും സമയത്തിൻ്റെ വേവലാതിയാണല്ലോ."-
സ്വപ്നം വിൽക്കുന്ന തെരുവിൽ സന്തോഷത്തിൻ്റെ ഉന്മാദം മാത്രമേയുള്ളൂ വെന്ന് വൈകാതെ അവർ മനസ്സിലാക്കുന്നു. അങ്ങനെ തെരുവുമുറിച്ച് യാഥാർത്ഥ്യത്തിന്റെ ലോകത്തേയ്ക്ക് കടക്കുവാൻ അവർ തയ്യാറാകുന്നു. സ്വപ്നങ്ങളുടെ ലോകം ഏതു സമയത്തും മനുഷ്യന് പ്രവേശിക്കാവുന്നതാണ്. അവിടം സുന്ദരവും ഭാരമനുഭവപ്പെടാത്തതുമാണ്. യാഥാർത്ഥ്യത്തിലേക്ക് കടക്കുമ്പോൾ എത്രയധികം സംഘർഷമാണ് അനുഭവിക്കുന്നതെന്ന് കഥാകൃത്ത് വ്യക്തമാക്കുന്നു.
“പാതി മുറിച്ചിട്ട പ്രകാശപ്പരപ്പിൽ നിന്നും വലം കാലെടുത്തുവച്ചപ്പോൾ പ്രകൃതിയിൽ ഒരു കൊടുങ്കാറ്റുണർന്നു. നേരിയ ഒരു ചുഴലിക്കാറ്റായി സിൻഡ്രല്ലയെ അത് വലയം ചെയ്യുന്നത് ഞാൻ തിരിച്ചറിഞ്ഞു. എന്നിൽ നിന്ന് അവൾ പറിഞ്ഞുപോകുന്നതുപോലെ തോന്നി. ഞാനവളുടെ കൈകളിൽ പിടിച്ച് മുന്നോട്ടു നടന്നു
പൊടിപടലങ്ങളും, പ്രകൃതിയിലെ കാറ്റും അലർച്ചയും നിന്നപ്പോൾ തന്റെ സിൻഡ്രല്ലയെ നായകൻ കാണുന്നു, അടുക്കളക്കരിയും പുകയും പിടിച്ച തൻ്റെ വിമലയായി. അവൾ സ്വപ്നലോകത്തെ തൻ്റെ സിൻഡ്രല്ലയായിരുന്നു. വ്യക്തമാക്കുവാൻ കഥാകൃത്ത് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “കാറ്റിലകപ്പെട്ട് അവളുടെ രണ്ടായിപ്പിന്നിയ മുടി ചിതറിപ്പറന്നിരുന്നു. അവളുടെ കണ്ണുകളിൽ ഭയത്തിൻ്റെ ചോരപ്പാടുണ്ടായിരുന്നു.”
ഭ്രമാത്മകമായ ഒരന്തരീക്ഷത്തിൽ വച്ച് സ്ത്രീയെ അതിസുന്ദരിയായി കാണാം. പക്ഷെ, യഥാർത്ഥ ലോകത്തേയ്ക്കു വരുമ്പോൾ അവൾ കരിയും പുകയും പിടിച്ച അടുക്കളക്കാരി പെണ്ണാണ്. സ്ത്രീയെ സങ്കല്‌പലോകത്തിൽ വച്ച് ആരാധിക്കുവാനാണ് പുരുഷലോകം ശ്രമിക്കുന്നത്. പുരുഷന്റെ കാഴ്‌ചപ്പാടിൽ ഭ്രമാത്മകലോകത്തിൽ ഉള്ള സിൻഡ്രല്ലയാണ് ഉള്ളത്. ഒരു അടുക്കളക്കാരി പെണ്ണിനെ തൻ്റെ സ്വപ്നലോകത്തിൽ കാണുന്ന പുരുഷനുണ്ടാവില്ല. പേരു പോലെ തന്നെയാണ് സ്ത്രീയുടെ അവസ്ഥയും. ഈ കഥയിൽ സ്ത്രീ സ്വന്തം ഭർത്താവിൻ്റെ സ്വപ്‌നസങ്കല്പത്തേയും ജീവിക്കുന്ന യാഥാർത്ഥ്യലോകത്തെയും മനസ്സിലാക്കികൊടുക്കുകയാണ് ചെയ്യുന്നത്.
കഥയിലും കഥയുടെ ആധുനികാനന്തര പഠനങ്ങളിലും ഫെമിനിസ്റ്റ് പുനരാഖ്യാനങ്ങളിലും പ്രശ്‌നങ്ങൾക്കുള്ള സ്വപ്‌നാത്മകമായ പരിഹാരങ്ങളാണ് കാണുന്നത്. സ്വപ്നം വിൽക്കുന്ന തെരുവിനെ സൃഷ്‌ടിച്ചുകൊണ്ട് അതിന്റെ ദുരന്തത്തെ പുറത്ത് കൊണ്ട് വരികയാണ് ഇവിടെ കഥാകൃത്ത്. വ്യക്തിപരമായ കേവലസ്വപ്നം കൊണ്ട് പരിഹരിക്കപ്പെടാവുന്നതോ വിലകൊടുത്ത് വാങ്ങാവുന്നതോ അല്ല വരാനിരിക്കുന്ന നല്ലകാലവും ജീവിതവും എന്നാണ് കഥാകൃത്ത് ധ്വനിപ്പിക്കുന്നത്. സിൻഡ്രല്ലയിലെ സ്വപ്‌പ്നാത്മകവും വ്യക്തിപരവുമായ പരിഹാരം പുതിയ ലോകത്ത് സൗജന്യങ്ങൾ നിറഞ്ഞ കച്ചവടമായി മാറുന്നു എന്ന് വെളിപ്പെടുന്നു. സിനിമയിലും പരസ്യങ്ങളിലും സിൻഡ്രല്ല ആഖ്യാനങ്ങൾക്ക് കച്ചവടജീവിതവുമായിട്ടുള്ള കഥയുടെ ആഖ്യാനസാധ്യത സമൃദ്ധമായി വെളിപ്പെടുത്താൻ കഴിയുന്നു.
സിൻഡ്രല്ലാ ക്രമം - സിനിമകളിൽ
ബാലസാഹിത്യവിഭാഗത്തിൽ ഉൾപ്പെടുന്ന നാടോടിക്കഥയായിരുന്നു 'സിൻഡ്രല്ല'. എന്നാൽ, കൂടുതൽ പാഠങ്ങളും പഠനങ്ങളും വ്യാഖ്യാനങ്ങളും വിവർത്തനങ്ങളും ഉണ്ടായതോടു കൂടി ഗവേഷണതലത്തിലേയ്ക്ക് പ്രസ്തുത വിഷയം ഉയർന്നു വന്നിരിക്കുന്നു. മലയാള ചെറുകഥകളിൽ ഈയൊരു കഥാക്രമത്തെ വളരെ ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നതായി വ്യക്തമാകുന്നു. സിനിമയിലും ഈ കഥാക്രമം ഉപയോഗിച്ചിരിക്കുന്നതായി കാണാം.
'സിൻഡ്രല്ലാകഥ' ഏതാണ്ട് എല്ലാ ആധുനികസമൂഹങ്ങളും സ്വീകരിച്ചിട്ടു ണ്ട്. പുനരാഖ്യാനമായോ, വിവർത്തനമായോ ഒക്കെ ഇംഗ്ലീഷ്, ചൈനീസ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിൽ നിന്ന് പുറത്തു വന്നിട്ടുണ്ട്. 'സിൻഡ്രല്ല' എന്ന സിനിമ തന്നെ വ്യത്യസ്ത ഭാഷകളിൽ ഉണ്ടായിട്ടുണ്ട്. അതുമാത്രമല്ല 'ഓപ്പറേ'യ്ക്ക് വരെ വിഷയമാ യിത്തീർന്നിട്ടുള്ള കഥയാണിത്. ക്ലാസിക്കൽ രചനകൾ എന്ന തരത്തിൽ ഇല്ലെങ്കിലും ലോകത്തേറ്റവും കൂടുതൽ ചലച്ചിത്രങ്ങൾക്ക് വിഷമായിട്ടുള്ളതും ഈ കഥ തന്നെയാണ്.
“ലോകത്തേറ്റവും കൂടുതൽ ചലച്ചിത്രങ്ങൾക്ക് ആധാരമായ കഥ 'സിണ്ടറെല്ല' യാണ്. ഏതാണ്ട് 500 ചലച്ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട് ഇതിനെ ആസ്‌പദിച്ച്” എന്ന് ശ്രീ. ഇ. പി. രാജഗോപാലൻ അഭിപ്രായപ്പെടുന്നുണ്ട്.
മലയാളസിനിമകളിലും പല തരത്തിൽ ഈ കഥാക്രമം സ്വീകരിച്ചിട്ടുണ്ട്. അതിൽ എടുത്തുപറയേണ്ടത് ശ്രീ. രഞ്ജിത്ത് സംവിധാനം ചെയ്ത 'നന്ദനം' എന്ന സിനിമയാണ്. ഇതിലെ ബാലാമണിയെന്ന പെൺകുട്ടി സിൻഡ്രല്ലയുടെ അതേ സ്വഭാവ സവിശേഷതകളോടു കൂടിയ കഥാപാത്രമാണ്. ഈ സ്വഭാവഗുണം കൊണ്ടു തന്നെയാണ് യജമാന യുവാവ് അവളെ വിവാഹം കഴിക്കുന്നതും. മധ്യവർഗ്ഗ മലയാളികൾ ശ്രീകൃഷ്ണൻ എന്ന ആദിപ്രരൂപത്തെ തങ്ങളുടെ സങ്കടമോചകനായിട്ടാണ് കാണുന്നത്. ഈ പ്രാദേശികസംസ്‌കാരത്തെ പരമാവധി മുതലെടുത്തുകൊണ്ടാണ് സംവിധായകൻ രക്ഷകനായി ശ്രീകൃഷ്‌ണനെ കൊണ്ടുവരുന്നത്.
“നന്ദനത്തിലെ ബാലാമണിയും ഒരു സിൻഡ്രല്ലയാണ്. കിന്നരി സ്‌പർശത്തിനു പകരം ശ്രീകൃഷ്ണസ്പർശം എന്നുമാത്രം"" എന്ന് ശ്രീ. പി.പി.കെ പൊതുവാൾ അഭി പ്രായപ്പെടുന്നു.
കേവലം അടുക്കളക്കാരിയെ ഒരു യുവാവ് അവളുടെ സ്വഭാവഗുണങ്ങൾ കൊണ്ട് വിവാഹം കഴിക്കുന്നതിലല്ല മറിച്ച് 'ഫെയ്റി ഗോഡ്‌മദറി'ന്റെ സ്ഥാനം ശ്രീകൃഷ്ണനു കൈവരുമ്പോൾ മാത്രമാണ് സിൻഡ്രല്ലാക്രമം പൂർണ്ണമാകുന്നത്. കാരണം, ദുരിതത്തിൽ കഴിയുന്ന പെൺകുട്ടിയുടെ കണ്ണിൽ മാത്രം വരുന്ന അവളുടെ വ്യക്തിഗത വ്യവഹാരം കണക്കെ രൂപപ്പെടുന്ന രക്ഷകനാണ് കൃഷ്ണൻ. സിൻഡ്രല്ലയിലെ ഫെയ്റി ഗോഡ്‌മദറും അങ്ങനെ തന്നെയാണ്.
സിൻഡ്രല്ലാ കഥയിലെ സാമൂഹിക മനഃശാസ്ത്രമെന്നത് കീഴാളവിമോചന രാഷ്ട്രീയവുമായി ബന്ധപ്പെട്ടു നിൽക്കുന്നു. അതുകൊണ്ടു തന്നെ പ്രേക്ഷകർക്കോ, അനുവാചകർക്കോ ഇതൊരു അന്യഭാഷാ കൃതിയാണെന്ന സംശയം പോലും ഉണ്ടാ കുന്നില്ല. ചുരുക്കത്തിൽ എല്ലാ അടുക്കളക്കാരി പെൺകുട്ടികൾക്കും സിൻഡ്രല്ലയാകാൻ കഴിയില്ല. പ്രസ്‌തുത സ്വഭാവഗുണമഹിമകൾ, ദുരിതത്തിൽ എന്നും ആശ്രയമായി നില്ക്കുന്ന അലൗകിക പ്രതിഭാസവുമൊക്കെയുള്ള ഒരുവൾക്കു മാത്രമേ 'സിൻഡ്രല്ല'യാകാൻ കഴിയൂ.
'മേക്കപ്പ്മാൻ' എന്ന സിനിമയും 'സിൻഡ്രല്ലാ' പാഠത്തിനുദാഹരണമായി കാണാം. ഇവിടെയും താഴ്ന്ന നിലയിൽ നിന്നും 'സിൻഡ്രല്ല' എന്ന സിനിമയിലഭിനയിച്ചു സിനിമാലോകത്ത് പ്രശസ്‌തയാകുന്ന നടിയെക്കുറിച്ച് പറയുന്നു.
സാമൂഹിക പ്രസക്തമായ വിഷയം കൈകാര്യം ചെയ്‌ത് 2000ത്തിലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ മറാത്തി ചിത്രത്തെക്കുറിച്ച് ദേശാഭിമാനി വാരികയിൽ ഒരു ലേഖനം വന്നിരുന്നു. മറാത്തി സാഹിത്യകാരനായ ജി.എ. കുൽക്കർണ്ണിയുടെ കഥയെ അടിസ്ഥാനമാക്കി അമോൽപലേക്കർ സംവിധാനം ചെയ്ത 'കൈരി' (പച്ചമാങ്ങ). അനാഥയായ കൈരി എന്ന പെൺകുട്ടിയ്ക്ക് രണ്ടാനമ്മ ഒരു ജീവിതം നൽകുകയും പ്രശസ്‌ത എഴുത്തുകാരിയായി മാറിയ കൈരി തന്റെ ഗ്രാമ ത്തിലേയ്ക്ക് മടങ്ങുമ്പോൾ ഉണ്ടാകുന്ന 'ഫ്ളാഷ്ബാക്കി'ലൂടെ കഥ മുന്നോട്ടു പോകുകയും ചെയ്യുന്നു. മാന്ത്രികത എന്നതിലുപരി വിധിയെന്ന അലൗകിക പ്രതിഭാസമാണ് ഈ കഥയിൽ കടന്നുവരുന്നത്.
കച്ചവട സിനിമകൾ വ്യക്തിപരമായ മോക്ഷങ്ങളും വിമോചനങ്ങളുമാണ് കാഴ്ചക്കാരന് നൽകുന്നത്. പ്രശ്‌നങ്ങളുടെ സാമൂഹികമോ, രാഷ്ട്രീയമോ ആയ തലങ്ങൾ അവ അഭിസംബോധന ചെയ്യുന്നില്ല. സാമൂഹിക പ്രശ്നങ്ങൾക്ക് സിനിമ തന്നെ പരിഹാരമാകുന്നു. മേക്കപ്പ്മാനിൽ പാവപ്പെട്ട സ്ത്രീ സിനിമാനടിയായി പ്രശ്നം പരിഹരിക്കുന്നു. ഭർത്താവാകട്ടെ ഭാര്യയുടെ മേക്കപ്പ്മാനും. മേക്കപ്പ് ചെയ്ത സ്ത്രീ രാജകുമാരിയാകുന്നു. ഇത് സിനിമയുടെയും സൗന്ദര്യവർദ്ധക ഉത്പന്നങ്ങളുടെയും പരസ്യചിത്രമായിത്തീരുന്നു.
സിൻഡ്രല്ലാക്രമം - പരസ്യങ്ങളിൽ
'സിൻഡ്രല്ല' യുടെ കഥ എല്ലാ സമൂഹങ്ങളിലും പറഞ്ഞും, അറിഞ്ഞും നേടിയതാണ്. അതിനുള്ള ഉത്തമോദാഹരണമാണ് പരസ്യങ്ങളിൽ പോലും സൂചന സ്വീകരിക്കപ്പെടുന്നത്. ആഭരണങ്ങൾ, ചെരുപ്പുകൾ, വസ്ത്രങ്ങൾ, സൗന്ദര്യവർദ്ധകലേപനങ്ങൾ തുടങ്ങിയവയുടെ പരസ്യങ്ങളിലെ വസ്തുതകൾക്ക് 'സിൻഡ്രല്ല' എന്ന പേരു കൊടുത്തിട്ടുണ്ട്. Cindrella Collections എന്ന പേര് ഇതിനൊരുദാഹരണമാണ്. ഒരു കഥയെ അടിസ്ഥാനമാക്കി അതിലെ കഥാപാത്രത്തിനു സംഭവിക്കുന്ന എല്ലാത്തരത്തിലുള്ള ഉയർച്ചയാണ് യഥാർത്ഥത്തിൽ ഇത്തരത്തിലൊരു പേര് സ്വീകരിക്കാൻ കച്ചവടക്കാരെ നിർബന്ധിതരാക്കുന്നത്. തങ്ങളും അതുപോലെ ആ കഥാപാത്രത്തിനു സംഭവിച്ച പരിണാമത്തിലേയ്ക്കു വരണമെന്ന ആഗ്രഹമാണ് ഉപഭോക്താക്കൾ ഇവ വാങ്ങി ഉപയോഗിക്കുന്നതിലുള്ള രഹസ്യം.
കഥയിൽ അലൗകിക കഥാപാത്രങ്ങളും രാജകുമാരനും വന്ന് ജീവിതത്തെ മാറ്റിമറിയ്ക്കുമ്പോൾ അതിനു പകരമായി ഉത്പ്പന്നങ്ങളും കച്ചവടക്കാരും ഉപഭോ ക്താവിൻ്റെ മുന്നിൽ നിൽക്കുന്നു. തങ്ങളുടെ വസ്ത്രങ്ങളിഞ്ഞ് രാജകുമാരിയാകൂ, രാജകുമാരനെ നേടൂ എന്നാണ് അവർ പറയുന്നത്. ചെരുപ്പുകടയുടെയും വസ്ത്ര ത്തിന്റെയും പരസ്യത്തിലാണ് സിൻഡ്രല്ല ഉപയോഗിക്കപ്പെടുന്നത്. ഉയർച്ചയുണ്ടാകുന്നത് ഇത്തരം നിസ്സാര ഉത്‌പന്നങ്ങളിലൂടെയാണ് എന്ന് സ്ഥാപിക്കാൻ ചെരിപ്പിന്റെ അളവുള്ള ഉടമസ്ഥയെ തേടിപ്പിടിച്ച രാജകുമാരൻ്റെ സിൻഡ്രല്ല കഥ ഉപയോഗിക്കപ്പെടുത്തുന്നു. ചുരുക്കത്തിൽ, ആധുനികാനന്തരകഥകളിലും പരസ്യങ്ങളിലും സിനിമക ളിലും കച്ചവട വ്യാമോഹങ്ങളുടെ അവതരണമായാണ് സിൻഡ്രല്ല എന്ന മിത്ത് ഉപയോഗിക്കപ്പെടുന്നത്. എന്നാൽ അതിനുള്ളിലെ യാഥാർത്ഥ്യത്തെ കൊണ്ടു വരുന്ന കഥാഖ്യാനങ്ങളും കാണുന്നുണ്ട്.
നാടോടിക്കഥകളും ആധുനിക പുനരാഖ്യാനങ്ങളും മുൻനിറുത്തിയുള്ള സിൻഡ്രല്ല കഥയുടെ പഠനത്തിലെ ആശയങ്ങളെ ഇങ്ങനെ സംക്ഷേപിക്കാം :
1. തലമുറകളിൽ നിന്ന് തലമുറകളിലേയ്ക്ക് വാമൊഴിയായി പകർന്നുവന്ന വിജ്ഞാ നശേഖരമാണ് ഫോക്‌ലോറിനുള്ളത്. നാടോടിക്കഥകൾ ഫോക്ലോറിന്റെ പ്രധാന കൈവഴികളിലൊന്നാണ്. കഥാതന്തുവിന് മാറ്റമുണ്ടാകാതെ സാഹചര്യ ത്തിനനുസരിച്ച് നാടോടിക്കഥകളുടെ കഥാപാത്രങ്ങൾക്കും വ്യതിയാനമുണ്ടാകുന്നു എന്നതിന് മികച്ച ഉദാഹരണമാണ് 'സിൻഡ്രല്ല' എന്ന കഥ. ഇത്തരത്തിൽ സമൂഹം സാഹിത്യത്തെ സൃഷ്ടിക്കുന്നതിൽ വലിയൊരു പങ്കുവഹിക്കുന്നു. സാഹചര്യങ്ങൾ മാറിമാറി വരുമ്പോഴും മനുഷ്യജീവിതവും അനുഭവങ്ങളും ദേശഭേദമന്യേ ഒന്നാണെന്നും ഈ പാഠാന്തരങ്ങളിൽ നിന്നു വ്യക്തമാകുന്നു.
2.സിൻഡ്രല്ല എന്ന കഥ വിവിധ ഭാഷകളിൽ വിവിധ രൂപങ്ങളിലായി നിലനിൽക്കു ന്നുണ്ട്. കഥാനായികയുടെ പേരുപയോഗിച്ചും അല്ലാതെയും ഈ കഥ ഇന്നും വ്യത്യസ്‌ത തരത്തിൽ സാഹിത്യത്തിലും മറ്റും ഉപയോഗിച്ചുവരുന്നു. പ്രധാനമായും സ്ത്രീകളെ ലക്ഷ്യമാക്കിയാണ് എല്ലാ ഉദ്യമങ്ങളും നടന്നുവരുന്നത്. സാഹചര്യം, പേര്, കഥാപാത്രങ്ങൾ, അത്ഭുതം സംഭവിക്കുന്ന രീതികൾ എന്നിവയെല്ലാം വ്യത്യസ്തമാണെങ്കിൽ കൂടി 'സിൻഡ്രല്ല' കഥയുടെ കേന്ദ്രപ്രമേയം അധഃസ്ഥി തജീവിതങ്ങളുടെ പീഡനവും അതിൽനിന്നുള്ള മോചനസ്വപ്നവുമാണ്.
3.കഥയിലെ അത്ഭുതം, മാലാഖ, മത്തങ്ങ, എലികൾ, പല്ലി, മത്സ്യം തുടങ്ങിയ രസകരമായ കാര്യങ്ങൾ കടന്നുവരുന്നതും ശുഭാന്ത്യം, ലാളിത്യം എന്നീ സവിശേഷതകളുമാണ് ഇതിനെ ബാലസാഹിത്യത്തിലൊന്നാക്കി മാറ്റുന്നത്. സ്ത്രീപക്ഷപാഠമെന്നു കഥയെ വിശേഷിപ്പിക്കാറുണ്ടെങ്കിലും യഥാർത്ഥത്തിൽ ഇത് സ്ത്രീയുടെ സാമൂഹികമായ അവസ്ഥയുടെ കാരണമന്വേഷിക്കുകയോ, രാഷ്ട്രീയമായ പരിഹാരം നിർദ്ദേശിക്കുകയോ ചെയ്യുന്നില്ല. പെൺസമൂഹം കൂടുതലായി കടന്നുവരുന്നു എന്നതും പുരുഷ കഥാപാത്രങ്ങൾക്ക് കഥ വലിയ പ്രാധാന്യം കല്പിക്കുന്നില്ല എന്നതും ചൂണ്ടിക്കാട്ടി ഈ കഥയെ സ്ത്രീപക്ഷമെന്ന് പറയുവാൻ കഴിയുകയില്ല. അധഃസ്ഥിതമായ മനുഷ്യജീവിതത്തിന് ബാലിശമായ പരിഹാരമോഹം നൽകുക മാത്രമാണ് കഥ ചെയ്യുന്നത്.
4. നാടോടിക്കഥാഘടനയനുസരിച്ച് നോക്കുമ്പോൾ ദുരിതമോചനം എന്ന ലക്ഷ്യ മാണ് കഥയ്ക്കുള്ളത്. അതിനു സഹായികളായി വർത്തിക്കുന്നവരാണ് അത്ഭുതസിദ്ധിയുള്ള ദേവതയും രാജകുമാരനും എന്ന് കാണാം. ഇവിടെയും സ്ത്രീയ്ക്ക് സ്വന്തം മോചനം സ്വയം നേടുവാനുള്ള പ്രാപ്തിക്കുറവിനെയാണ് അഥവാ സ്ത്രീ ദൗർബല്യത്തെയാണ് എടുത്തുകാട്ടുന്നത്.സമൂഹം പറയുന്ന ചില മാർഗ്ഗത്തിലൂടെ നടന്നാലേ ദുരിതമോചനം സാധ്യമാകൂ എന്നു തന്നെയാണ് കഥ പറഞ്ഞു വയ്ക്കുന്നത്.
5.പാരിസ്ഥിതികസ്ത്രീവാദപരമായ ഒരു കൃതിയായി ഈ കഥയെ നിരീക്ഷിച്ചിട്ടുണ്ട്. ഒരു രാജകുമാരൻ വന്ന് സ്ത്രീയ്ക്ക് ദുരിത മോചനം നൽകുന്നു എന്നതിനാൽ ഇതൊരിക്കലും ഒരു സ്ത്രീപക്ഷകഥയായി മാറുന്നില്ല. കേവലം വ്യക്തിപരമായ മോചനം മാത്രമേ കഥയിൽ പറയുന്നുള്ളൂ. അതുപോലെ ആരുടെയൊക്കെയോ താത്പര്യങ്ങൾക്കു കീഴിൽ വഴങ്ങേണ്ടി വരുന്ന പ്രകൃതി/സ്ത്രീ അവസ്ഥകളാണ് ഇതിലുള്ളത്.
6.സാറാജോസഫിൻ്റെ 'ഓരോ എഴുത്തുകാരിയുടെ ഉള്ളിലും' എന്ന കഥ സിൻഡ്രെല്ല കഥയുടെ പ്രത്യക്ഷ അനുകരണമല്ലെങ്കിലും കുടുംബത്തിലുള്ള സ്ത്രീയുടെ ദുരിതവും മോചനവും എന്ന ക്രമം വച്ചുപുലർത്തുന്നു. ദുരിതമോചനമാണ് മൂലകഥയിലെയും സാറാജോസഫിൻ്റെ കഥയിലെയും മുഖ്യപ്രമേയം.കഥയിലെപ്പോലെ തന്നെ ജയദേവൻ എന്ന സഹായിയും, മേബിൾ അമ്മായിയെന്ന തലതൊട്ടമ്മയും ഇരുകഥകളിലും കടന്നുവരുന്നു. അത്തരത്തിൽ നോക്കുമ്പോൾ ഒരു രാജകുമാരൻ വന്ന് രക്ഷിക്കും എന്നു പറയുന്ന സ്ത്രീവിരുദ്ധവും, വ്യക്തിപരവുമായ രക്ഷാപ്രവർത്തനം ഈ കഥയിൽ ആവർത്തിക്കുന്നത് കാണാം.
7.സിൻഡ്രല്ല കഥാക്രമം കടന്നുവരുന്ന മറ്റൊരു കഥയാണ് പി. വത്സലയുടെ 'മണ്ടകത്തിലെ ദേവി' എന്ന ചെറുകഥ. സ്വന്തം കുടുംബത്തിൽ നിന്നും ഭർത്ത ഗൃഹത്തിൽ നിന്നും അവഗണനയനുഭവിക്കേണ്ടിവരുന്ന ഭാർഗ്ഗവിക്ക് അതിൽ നിന്നുള്ള മോചനം നൽകുന്നത് ഭർത്താവാണ്. കാത്തിരിപ്പും വികാരവിചാര ങ്ങളുമാണ് മണ്ടകത്തിലെ ദേവിയിൽ നിന്ന് അവളെ കഥയുടെ ആദ്യം വ്യത്യസ്തമാക്കുന്നതെങ്കിൽ ഒടുവിൽ പ്രതീക്ഷയെല്ലാം അസ്‌തമിച്ച് പുരുഷനു കല്ലായിത്തീർന്ന മനസ്സുമായി അവൾക്ക് ജീവിതകാലം മുഴുവൻ കഴിയേണ്ടി വരുന്നു. ഇതിലെ കഥാക്രമവും സിൻഡ്രല്ലയുടേതു തന്നെയാണ്. ഭർത്താവും, ജാന്വേടത്തിയുമാണ് ഇവിടെ ദുരിതമോചന ലക്ഷ്യത്തിലേയ്ക്ക് അവളെ എത്തി ക്കുന്നത്.
8. സമകാലിക ജീവിതത്തിലും സാഹിത്യത്തിലും 'സിൻഡ്രല്ല' എന്ന കഥ ചെലു ത്തുന്ന സ്വാധീനം വ്യക്തമാക്കിത്തരുന്ന മറ്റൊരു കഥയാണ് ശ്രീ. അംബികാ സുതൻ 'ആർത്ത് പെയ്യുന്ന മഴയിൽ ഒരു ജൂമൈല' എന്ന കഥ. രാജവാഴ്ചക്കാലത്തെ സമൂഹം അംഗീകരിക്കുന്ന ഒരു രക്ഷാസങ്കല്പമാണ് അഥവാ ദുരിതമോചനമാണ് മൂലകഥയിൽ ഉള്ളതെങ്കിൽ, ഇവിടെ കാറ്, വീട് തുടങ്ങിയ സുഖസൗകര്യങ്ങളുള്ള ഒരാൾ അനാഥയായ ഒരു പെൺകുട്ടിയുടെ രക്ഷകനായി എത്തുന്നു. കമ്പോളകാലത്തെ രക്ഷാപ്രർത്തനങ്ങളുടെ പ്രതിനിധാനമായി ഈ കഥ മാറുന്നു.
9. 'സിൻഡ്രല്ല' എന്ന പേരോടു കൂടിയതാണ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ ചെറുകഥ. മൂലകഥയിലും ഇതരപുനരാഖ്യാനങ്ങളിലും കടന്നുവരുന്ന സ്വപ്നാത്മകത യഥാർത്ഥ ജീവിതത്തിലുണ്ടാക്കുന്ന ദുരന്തം ഈ കഥ വ്യക്ത മാക്കിത്തരുന്നു. പ്രാചീനകാലത്തെയും കമ്പോളകാലത്തെയും വ്യക്തിപരമായ മോചനങ്ങളുടെ ആഖ്യാനങ്ങളാണ് 'സിൻഡ്രല്ല' എന്ന കഥയുടെ വിവിധ സാഹിത്യപാഠങ്ങളിൽ കാണുന്നത്. എന്നാൽ അത്തരം പാഠങ്ങളുടെ നിഷേധ മായി ശിഹാബുദ്ദീൻ പൊയത്തുംകടവിൻ്റെ പ്രസ്‌തുത കഥ മാറുന്നുണ്ട്. ഇന്ന് സിൻഡ്രല്ലാ ക്രമത്തിൽ അവതരിപ്പിക്കപ്പെടുന്ന കഥകളുടെ രാഷ്ട്രീയം എന്നത് സ്വപ്നങ്ങളുടെ വിപണനം സാധ്യമാക്കുന്ന കമ്പോളകാലത്തിൻ്റേതാണ് എന്ന് കഥ വെളിപ്പെടുത്തുന്നു. സ്വപ്നങ്ങൾ വിൽക്കുന്ന തെരുവിൽ ദുരിതമോചനമായി നിർമ്മിക്കുന്ന വ്യക്തിപരമായ സ്വപ്നങ്ങളെല്ലാം തന്നെ യാഥാർത്ഥ്യത്തെ അഭി മുഖീകരിക്കുമ്പോൾ തകർന്നുപോകുന്നു. കുടുംബത്തിൻ്റെ പ്രശ്നപരിഹാരമായി എത്തിച്ചേരുന്ന മായികസ്വപ്‌നങ്ങൾ അഴിഞ്ഞു വീഴുമ്പോൾ അവർക്ക് ലഭിക്കുന്നത് പഴയജീവിതം തന്നെയായിത്തീരുന്നു.
10. സിൻഡ്രല്ലയുടെ കഥാക്രമം കച്ചവടസിനിമാ വ്യവസായത്തെയും സ്വാധീനി ച്ചിട്ടുണ്ട്. ശ്രീ.രഞ്ജിത്ത് സംവിധാനം ചെയ്ത 'നന്ദനം' എന്ന സിനിമയിലെ നായികാകഥാപാത്രമായ ബാലാമണി സിൻഡ്രല്ല എന്ന കഥാപാത്രത്തിന്റെ അതേ സ്വഭാവസവിശേഷതകളും പ്രശ്‌നങ്ങളും ഉള്ളവളാണ്. യക്ഷിയായ തലതൊട്ടമ്മയുടെ സ്ഥാനത്ത് ശ്രീകൃഷ്‌ണസ്‌പർശമാണ് ഇവിടെയുള്ള പ്രധാന വ്യതിയാനം 'മേക്കപ്പ്മാൻ' എന്ന മറ്റൊരു സിനിമയിലും ഇതേ കഥാക്രമം കണ്ട ത്താം. 'സിൻഡ്രല്ല' എന്ന സിനിമയിലഭിനയിക്കുന്നതോടു കൂടി പ്രശസ്തയാകുന്ന പെൺകുട്ടി. അതുപോലെ മറാത്തി ചിത്രമായ 'കൈരി'. ഇവയിലെല്ലാം പ്രശ്നങ്ങളുടെ വ്യക്തിപരമായ പരിഹാരങ്ങൾ നിർദ്ദേശിക്കുന്ന നിലപാട് പിന്തുടരുന്നു.
11.കമ്പോളം വ്യക്തിപരമായ പ്രശ്‌നപരിഹാരമാണ് നിർദ്ദേശിക്കുന്നത്. ഈ നില പാടിന്റെ സാധൂകരണത്തിനാണ് സിൻഡ്രല്ലയുടെ കഥ പരസ്യങ്ങളിൽ ഉപയോഗിക്കുന്നത്.
പരസ്യങ്ങളിലും സിൻഡ്രല്ല കഥാതന്തു സ്വീകരിക്കുന്നുണ്ട്. ചെരുപ്പുകൾ ആഭരണങ്ങൾ, സൗന്ദര്യവർദ്ധകവസ്തുക്കൾ മുതലായവ സാധാരണ പെൺകുട്ടികളെപ്പോലും സിൻഡ്രല്ലയെപ്പോലെ രാജകുമാരിയാക്കിത്തീർക്കുമെന്ന വ്യാമോഹം നൽകുന്നു. കമ്പോളത്തിലെ ലാഭമാണ് ഇവ ലക്ഷ്യം വയ്ക്കുന്നത്. അതിനെ സ്ത്രീസ്വത്വത്തിൻ്റെ വളർച്ചയായോ ഉണർവ്വായോ കാണുവാൻ കഴിയില്ല. പഴയ രാജകുമാരന് പകരം കാറ്, ചെരിപ്പ്, സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾ രക്ഷകരായി അവതരിക്കുന്നത് സിൻഡ്രല്ലാകഥയുടെ ആധുനികാനന്തര പാഠങ്ങളിൽ കാണാം. ഉത്പന്നങ്ങൾ മനുഷ്യൻ്റെ സർവ്വ പ്രശ്‌നങ്ങളെയും പരിഹരിക്കുകയും സ്ത്രീയ്ക്ക് സ്വാതന്ത്ര്യം നൽകുകയും ചെയ്യുന്നു എന്ന കമ്പോള നിലപാടാണ് ആധുനികാനന്തര സ്ത്രീരചനകളിലും, സിനിമകളിലും, പരസ്യങ്ങളിലും കാണുന്നത്.