top of page

സിൻഡ്രല്ലയും പെൺപാഠങ്ങളുംഭാഗം-2

സംസ്കാര പഠനം
അഞ്ജലി പി.പി.

സിൻഡ്രല്ല - കഥാപാഠങ്ങൾ


'സിൻഡ്രല്ല' ഒരു 'മിത്ത്' എന്നതിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ അതിപുരാതനകാലം മുതൽ‌ക്കെ ഈ കഥ വ്യത്യസ്‌തരീതിയിൽ പ്രചരിച്ചിരുന്നതായി കാണാം. ഇവയിലേതാണ് കൃത്യതയുള്ളത് എന്നല്ല മറിച്ച് ഒരു കഥാതന്തു എന്ന നിലയ്ക്ക് കഥയുടെ വ്യത്യസ്‌ത പാഠങ്ങളെ കുറിച്ച് അറിയുക എന്നതാണ് പ്രധാനം. ഇവയിലേറ്റവും പ്രചാരം നേടിയത് സിഡ്‌നിയുടെ കഥാപാത്രമാണെങ്കിലും ഏതാണ്ട് എഴുന്നൂറോളം കഥകളിലും മറ്റും ഈ പ്രമേയം സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഗ്രീസ്, ചൈന, ഫ്രാൻസ്, ജർമ്മനി എന്നു തുടങ്ങിയ രാജ്യങ്ങളിൽ ഈപ്രമേയം എപ്രകാരം പ്രചരിച്ചിരുന്നുവെന്ന് താഴെ പറയുന്നു.


1) ഈജിപ്റ്റ് :- സിൻഡ്രല്ല പ്രമേയം ഉദ്ഭവിച്ചത് ഒരു ക്ലാസിക് പാരമ്പര്യത്തിൽ നിന്നുമാണെന്നാണ് ലഭ്യമായ ചരിത്രം പറയുന്നത്. പുരാതന ഗ്രീക്ക് ചരിത്രകാരനായ സ്ട്രാബോ, അദ്ദേഹത്തിന്റെ കൃതിയായ 'ജ്യോഗ്രാഫിക' (Geographica)യിൽ ബി.സി. ഒന്നാം നൂറ്റാണ്ടിലുണ്ടായ ഒരു കഥയെപ്പറ്റി പറയുന്നുണ്ട്. ചുവന്ന കവിളുള്ള റോഡോപ്പിസ് (Rhodopis) എന്ന ഗ്രീക്ക് - ഈജിപ്ഷ്യൻ പെൺകുട്ടിയെപ്പറ്റി. പുരാതന ഈജിപ്റ്റിലെ നോക്രാറ്റിസിന്റെ (Naucratis) ഗ്രീക്ക് കോളനിയിലാണ് അവൾ താമസിച്ചിരുന്നത്. അറിയപ്പെടുന്നതിൽ ഇതാണ് ഏറ്റവും പഴയകഥയെന്ന് പറയപ്പെടുന്നു.


ഏതാണ്ട് രണ്ടായിരം കൊല്ലത്തെ പഴക്കം ഈ കഥയ്ക്ക് ഉണ്ട്. കഥ ഇങ്ങനെ യാണ്:ഒരിക്കൽ ഒരു പരുന്ത് ഭംഗിയുള്ള ഒരു പെൺകുട്ടിയുടെ ചെരുപ്പുകളിലൊന്ന് കൊത്തിയെടുത്തു പറക്കുന്നു. ഈജിപ്റ്റിലെ ഫറോവയുടെ കൊട്ടാരത്തിനു മുന്നിൽ വച്ച് കാലിൽ നിന്നു വഴുതിവീണുപോവുന്നു. പുരാതന കാലത്തെ വിശ്വാസമനുസരിച്ച് വളരെ ചെറുതും ഒതുക്കവുമുള്ള കാലുകളുള്ള പെൺകുട്ടികൾ വളരെ സുന്ദരിമാരും ഉത്തമകുടുംബിനികളാകുമെന്നുമായിരുന്നു. ഈ ചെരുപ്പ് കിട്ടിയ രാജകുമാരൻ അതിൻ്റെ ഉടമയെ ഈജിപ്റ്റു മുഴുവൻ അന്വേഷിച്ചു കണ്ടുപിടിച്ചു വിവാഹം കഴിയ്ക്കുന്നു.


2) ചൈന:- ചൈനീസ് കഥയിലെ കഥാപാത്രം യാഷിയാൻ (yeh-hsien) ആണ്. മറ്റേതൊരു പാഠത്തിനെക്കാളും പൗരാണികത ഈ ചൈനീസ് കഥയ്ക്ക് പറയപ്പെടുന്നു. കഥയിലെ സാഹചര്യവും ആഖ്യാനരീതിയും പരിഗണിച്ചു നോക്കുമ്പോൾ ഇന്തോ ചൈനയിലാണ് ഈ കഥയ്ക്കനുകൂലമായ സാഹചര്യമുള്ളത്.


കഥ:ഒരിടത്ത് വു (wu) എന്നു പേരുള്ള ഒരാൾ താമസിച്ചിരുന്നു. അയാൾക്ക് രണ്ടു ഭാര്യമാരുണ്ടായിരുന്നു. അവളിൽ ആദ്യഭാര്യയ്ക്ക് അതിസുന്ദരിയും, മൺകുടനിർമ്മാണത്തിൽ അതിവിദഗ്ദ്ധയുമായ ഒരു മകൾ ഉണ്ടായിരുന്നു. യാഷിയാൻ (yeh-hsiern sheh Hsein)എന്നായിരുന്നു അവളുടെ പേര്. രണ്ടാനമ്മ അവളുടെ മേൽ അതിക്രൂരമായ സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. ഒരു ദിവസം അവൾ കേവലം രണ്ട് ഇഞ്ച് മാത്രമുള്ള ഒരു മത്സ്യത്തെ പിടിക്കുന്നു. അവൾ അതിനെ മനോഹരമായ ഒരു സ്ഫടികപ്പാത്രത്തിൽ നിക്ഷേപിച്ചു. അത്ഭുതമെന്നു പറയട്ടെ, ആ മത്സ്യം വലുതാകാൻ തുടങ്ങിയതു കണ്ട് അതിനെ തിരിച്ച് കുളത്തിൽ തന്നെ കൊണ്ടുവിടുന്നു. പിന്നീട് ആഹാരവുമായി അവളെത്തുമ്പോൾ മാത്രം ആ മത്സ്യം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതറിഞ്ഞ രണ്ടാനമ്മ ഒരു ദിവസം അവളുടെ വസ്ത്രങ്ങൾ സൂത്രത്തിൽ കൈക്കലാക്കുകയും, അവയണിഞ്ഞ് കുളക്കരയിലേത്തുകയും ചെയ്തു. ഇതൊന്നു മറിയാതെ പ്രത്യക്ഷപ്പെട്ട മത്സ്യത്തെ രണ്ടാനമ്മ പിടിച്ച് തലയറുത്ത് ഭക്ഷണത്തിനൊപ്പം വിളമ്പുകയും മുള്ളും മറ്റും അഗ്നിക്കിരയാക്കുകയും ചെയ്തു. മത്സ്യത്തെ കാണാതെ കുളക്കരയിലിരുന്ന് കരഞ്ഞു തളർന്ന യാഷിയാനു മുന്നിൽ ഒരു വൃദ്ധൻ പ്രത്യക്ഷപ്പെട്ട് വിവരങ്ങളെല്ലാം പറയുന്നു. തുടർന്ന് അവർ മത്സ്യത്തിന്റെ ശേഷിച്ച മുള്ളുകൾ കണ്ടെത്തുന്നു. തനിക്കാവശ്യമുള്ളതെന്തോ അതിനായി അവയോടു പ്രാർത്ഥിക്കുവാൻ അവളോടു പറഞ്ഞശേഷം വൃദ്ധൻ അപ്രത്യക്ഷനാകുന്നു. മത്സ്യത്തിന്റെ മുള്ളുകൾ കണ്ടെത്തിയ അവൾ അവയെ ഭദ്രമായി സൂക്ഷിക്കുകയും പ്രാർത്ഥി ക്കുകയും ചെയ്‌തു.


പ്രാർത്ഥനയുടെ ഫലമായി അവൾക്ക് നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ലഭിക്കുന്നു. ഒരുദിവസം രണ്ടാനമ്മയും മക്കളും കൂടി യാഷിയാനെ വീട്ടിലാക്കി വിരുന്നിന് പോയി. അവൾ തൻ്റെ മനോഹരമായ വസ്ത്രങ്ങളും, സ്വർണ്ണനിറമുള്ള ചെരുപ്പുകളുമണിഞ്ഞ് വിരുന്നിനായി പുറപ്പെടുന്നു. എന്നാൽ, രണ്ടാനമ്മ ഇവളെ തിരിച്ചറിയുകയും വീട്ടിലേയ്ക്ക് ഓടുന്നതിനിടയിൽ അവളുടെ ചെരുപ്പുകളിലൊന്ന് കൊട്ടാരത്തിൽ നഷ്ടപ്പെടുകയും ചെയ്തു. ഈ ചെരുപ്പിന്റെ ഉടമയെ രാജാവ് കണ്ടെത്തു കയും വിവരങ്ങളെല്ലാം അറിഞ്ഞതോടെ അവളോടൊപ്പം മത്സ്യത്തിന്റെ മുള്ളുകളെ കൂടി കൊട്ടാരത്തിലേയ്ക്ക് കൊണ്ടുപോരുകയും ചെയ്തു. എന്നാൽ അത്യാഗ്രഹിയായ രാജാവ് മത്സ്യത്തോട് കൂടുതൽ സ്വർണ്ണവും, ആഭരണവും ചോദിച്ചു തുടങ്ങിയപ്പോൾ മത്സ്യം ഒന്നും നൽകാതിരിക്കുന്നതായാണ് കഥ.


"ചൈനീസ് വിശ്വാസപ്രകാരം വധുക്കളെ തിരഞ്ഞെടുത്തിരുന്നത് കാൽപാദത്തിന്റെ നീളത്തിനടിസ്ഥാനത്തിലായിരുന്നു. ഏറ്റവും ചെറിയ കാൽപാദമുള്ളവളെ വിശ്വസ്തതയും, ഉത്തമ കുടുംബിനിയായും കണക്കാക്കിയിരുന്നു"'. അതു കൊണ്ടാണ് ചെരുപ്പിന്റെ ഉടമസ്ഥയെ അന്വേഷിച്ചതെന്ന സാധൂകരണം കഥയുടെ കൂടുതലായുളള അന്വേഷണത്തിൽ നിന്ന് കണ്ടെത്താം.


3. യൂറോപ്പ് :- വളരെ പഴക്കമുള്ള ഒരു യൂറോപ്യൻ കഥ ഈ പ്രമേയത്തോടു സാദൃശ്യമുണ്ട്. ഏതാണ്ട് 1501കളിൽ പ്രചാരത്തിലിരുന്ന ഈ കഥ ആസ് ഹൈഡ് (Ass Hide) എന്ന് കളിപ്പേരുള്ള പെൺകുട്ടിയെക്കുറിച്ചാണ്. ഏതാനും കുഞ്ഞുറുമ്പുകളുടെ സഹായത്തോടെ അവൾ വിവാഹിതയാകുന്നു എന്നതൊഴിച്ചാൽ പ്രസ്തുത കഥയിൽ നിന്നും മറ്റ് വ്യത്യാസങ്ങളൊന്നും തന്നെ ഈ കഥയിൽ കാണുന്നില്ല. പ്രമേയവുമായി ഇതിന് സാദൃശ്യം കാണുന്നു.


4) ഇറ്റലി - നെപ്പോളിയൻ ചക്രവർത്തിയുടെ പട്ടാളക്കാരിൽ ഒരുവനായിരുന്ന ഗ്യംബാറ്റിസ്ത്താബാസ്സിലി 'സിൻഡ്രല്ല' പ്രമേയത്തോടു സാദൃശ്യമുള്ള ഒരു കഥ എഴുതിയിട്ടുണ്ട്. "Lo Cunto de li Cunti' (The story of stories) or 'Pentamerone' എന്നായിരുന്നു അതിൻ്റെ പേര്. അതിസുന്ദരിയായ സെനെറെറ്റോള (Ceneretolla) എന്ന പെൺകുട്ടി, ക്രൂരയായ രണ്ടാനമ്മയും സഹോദരികളും, മാന്ത്രികപരീക്ഷണങ്ങൾ, നഷ്ടപ്പെടുന്ന ചെരുപ്പ്, ചെരുപ്പിന്റെ  ഉടമസ്ഥയെ കണ്ടെത്തുവാനുള്ള കുമാരന്റെ അന്വേഷണം തുടങ്ങി വിവാഹം വരെ എത്തിനിൽക്കുന്നതാണ് ഈ കഥയും. 1634-ലാണ് ഇതിൻ്റെ രചനാകാലം.


5) ഫ്രാൻസ് :- 1697ൽ ചാൾസ് പെറോ എഴുതിയ 'Cendrillon ou La Petite Pantoufle de Verre' (Cinderella or The little Glass Slipper)

ആണ് ഇന്നറിയപ്പെടുന്ന

കഥയുമായി ഏറ്റവും കൂടുതൽ സാദൃശ്യമുള്ളത്. ഇതിനു തൊട്ടുമുമ്പുള്ള കഥാപാഠങ്ങളിലൊന്നും കാണാത്ത മത്തങ്ങാവണ്ടി പോലുള്ള അത്ഭുതമുളവാക്കുന്ന കാര്യങ്ങൾ കൂട്ടിച്ചേർക്കപ്പെടുന്നത് പെറോയുടെ കഥയിലൂടെയാണ്. സാന്മാർഗ്ഗിക പാഠങ്ങൾ കൂടി ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ കഥാപാത്രത്തെ പെറോ നിർമ്മിച്ചിരിക്കു ന്നത്.


കഥ:കഥയുടെ തുടക്കം ഒരേപോലെ തന്നെയാണ്. ഭാര്യ നഷ്ടപ്പെട്ട ഒരുവൻ തന്റെ മകൾക്കുവേണ്ടി രണ്ട് പെൺമക്കളുള്ള ഒരു സ്ത്രീയെ വിവാഹം കഴിക്കുന്നു. ക്രൂരമായ പെരുമാറ്റം സഹിക്കേണ്ടിവന്ന ആദ്യഭാര്യയിലുള്ള പെൺകുട്ടിയെ അവർ 'സിൻഡ്രല്ല' എന്നു വിളിക്കുന്നു. ആ രാജ്യത്തെ രാജകുമാരൻ രണ്ട് വിരുന്നുകൾ നടത്തുവാൻ തീരുമാനിക്കുന്നു. രാജ്യത്തെ മുഴുവൻ യുവതികളെയും അതിലേയ്ക്ക് ക്ഷണിക്കുകയും ചെയ്യുന്നു. ആദ്യത്തെ വിരുന്നിൽ പങ്കെടുക്കുവാൻ രണ്ടാനമ്മയും രണ്ട് പെൺമക്കളും കൂടി പോകുന്നു. ആ സമയത്ത് വീട്ടിലൊറ്റയ്ക്കിരുന്ന് കരഞ്ഞ സിൻഡ്രല്ലയ്ക്ക് മുന്നിൽ മാലാഖ പ്രത്യക്ഷപ്പെടുന്നു. കീറിപ്പറിഞ്ഞ വസ്ത്രങ്ങൾക്കു പകരം തിളങ്ങുന്ന മികവുറ്റ വസ്ത്രങ്ങൾ നൽകുകയും മത്തങ്ങയെ മനോഹരമായ വണ്ടിയാക്കുകയും, എലികളെ വെള്ളക്കുതിരകളായും കുതിരക്കാരനായും പല്ലിയെ അംഗരക്ഷകനായും മാറ്റുന്നു. പന്ത്രണ്ട് മണിയ്ക്കുള്ളിലെന്ന സമയത്തു തന്നെ സിൻഡ്രല്ല വിരുന്നിൽ പങ്കെടുത്ത ശേഷം മടങ്ങിയെത്തുന്നു.


രണ്ടാംദിവസത്തെ വിരുന്നിന് പോയപ്പോൾ സമയം പോയതറിയാതെ സിൻഡ്രല്ല ധൃതിയിൽ ഇറങ്ങിയോടുകയും ചെരിപ്പുകളിലൊന്ന് നഷ്ടമാകുകയും ചെയ്യുന്നു. പിന്നീട് ചെരുപ്പിൻ്റെ ഉടമസ്ഥയെ കണ്ടെത്തി രാജകുമാരൻ വിവാഹം കഴി ക്കുന്നു. രണ്ടാനമ്മയുടെയും മക്കളുടെയും ക്രൂരതകൾ ക്ഷമിക്കുകയും കൊട്ടാരത്തിൽ താമസിപ്പിക്കുകയും ചെയ്തു‌. പെറോ പറയുന്ന രണ്ട് ഗുണപാഠങ്ങൾ താഴെ കൊടുക്കുന്നു.


ഗുണപാഠം 1 → "Beauty is a treasure, but graciousness is priceless. Without it, nothing is possible; with it, one can do anything".


ഗുണപാഠം 2 - "Without doubt it is a great advantage to have intelligence courage, good breeding and common sense. These and similar talents come only from heaven, and it is good to have them. However, even these may fail to bring you success, wihtout the blessing of a godfather or a godmother


6) ജർമ്മനി :- ജേക്കബ് ഗ്രിം, വില്യം ഗ്രിം എന്നീ രണ്ട് സഹോദരന്മാർ ചേർന്ന്, വാമൊഴിയായി പ്രചരിച്ചു വന്ന കുറേ കഥകൾ ശേഖരിക്കുകയും അവ രേഖപ്പെടു ത്തുകയും ചെയ്തു. ഈ ശേഖരത്തെ വിശ്വസ്തമായ ഫോക്ലോർ പഠനത്തിന് ഇന്ന് ഉപയോഗിച്ചു വരുന്നു. പെറോ ചെയ്‌തതു പോലെ ഗുണപാഠത്തിലൊന്നുമല്ല ഈ പാഠഭേദം അവസാനിക്കുന്നത്. ആഷ്പുട്ടേൽ (Aschenputtel or Aschenbrodel) എന്നാണ് ജർമ്മനിയിൽ സിൻഡ്രല്ല പ്രമേയം ഉൾക്കൊള്ളുന്ന കഥയറിയപ്പെടുന്നത്.


കഥ: ഒരിടത്ത് ഒരു ധനികൻ്റെ ഭാര്യ മരണാസന്നയായി കിടന്നിരുന്നു. അവൾ തന്റെ ഏകമകളെ അടുത്തുവിളിച്ച് ദയയുള്ളവളായി മാറുവാൻ ഉപദേശിച്ചു. ദൈവം എല്ലാ ആപത്തുകളിൽ നിന്നും നിന്നെ രക്ഷിക്കുമെന്നും പറഞ്ഞ് മരണമടയുന്നു. കൂറേ നാളുകൾക്ക് ശേഷം അയാൾ രണ്ട് പെൺമക്കളുള്ള ഒരുവളെ തൻ്റെ ഭാര്യയാക്കുന്നു. രണ്ടാനമ്മയും അവരുടെ പെൺമക്കളും കൂടി ആദ്യഭാര്യയിലുണ്ടായ മകളുടെ നല്ല വസ്ത്രങ്ങളും, ആഭരണങ്ങളും കൈക്കലാക്കുകയും അവളെ വിലകുറഞ്ഞതും, പഴകിയതുമായ വസ്ത്രങ്ങൾ നൽകി അടുക്കളയിൽ തള്ളുകയും ചെയ്‌തു. സഹിക്കവയ്യാതെ അവൾ തന്റെ അമ്മയുടെ ശവക്കല്ലറയ്ക്ക് അരികിൽ പോയിരുന്ന് കരയുകയും, ദൈവത്തിനോട് നല്ലതു വരുത്തുവാൻ പ്രാർത്ഥിക്കുകയും ചെയ്തുവന്നു. ഒരു ദിവസം പിതാവായ ധനികൻ ഒരു യാത്രപുറപ്പെടുകയും തിരികെവരുമ്പോൾ മൂന്നുമക്കളുടെയും ആഗ്രഹത്തിനൊത്ത സമ്മാനങ്ങൾ കൊണ്ടുവരികയും ചെയ്‌തു. നല്ല വിലയുള്ള സ്വർണ്ണവും രത്നവുമെല്ലാം രണ്ട് പെൺമക്കളും വാങ്ങിച്ചപ്പോൾ ആഷ്പുട്ടേലിന് അവളുടെ ആഗ്രഹപ്രകാരം ഒരു വൃക്ഷത്തെ അദ്ദേഹം സമ്മാനിച്ചു. അവൾ അതിനെ അമ്മയുടെ കല്ലറയ്ക്കു സമീപം നട്ടുവളർത്തുകയും നിത്യവും അതി നടുത്തിരുന്ന് പ്രാർത്ഥിക്കുകയും ചെയ്തു.


കുറേ നാളുകൾക്കുശേഷം ആ രാജ്യത്തെ രാജാവ് മൂന്നു ദിവസം നീണ്ടു നിൽക്കുന്ന വിരുന്നിന് എല്ലാ യുവതികളേയും ക്ഷണിക്കുന്നു. രണ്ടാനമ്മയും മക്കളും കൂടി സിൻഡ്രല്ലയെ വീട്ടുജോലികളേല്പിച്ച് വിരുന്നിനുപോകുന്നു. അവൾ രണ്ടു പ്രാവുകളുടെ സഹായത്തോടെ ജോലി മുഴുവൻ തീർത്തു വയ്ക്കുന്നു. വിരുന്നിന് പോകുവാൻ അവൾ പ്രാവുകളോട് സഹായമഭ്യർത്ഥിക്കുന്നു. അതിമനോഹരമായ വസ്ത്രങ്ങൾ അവ അവൾക്ക് നൽകുന്നു. കൊട്ടാരത്തിൽ നിന്നു തിരിച്ചുവരുമ്പോൾ നഷ്ടപ്പെട്ട അവളുടെ ചെരുപ്പികളിലൊന്നുമായി രാജകുമാരൻ അന്വേഷണമാരംഭിക്കുന്നു.


ചെരുപ്പുകളിലൊന്ന് കൈവശമുള്ളതിനാൽ അഹങ്കാരികളായ രണ്ട് പെൺമക്കളും കാലിന്റെ നീളം കുറച്ചെങ്കിലും പ്രാവുകൾ സത്യാവസ്ഥ രാജകുമാരനോട് പറയുന്നു. അങ്ങനെ ആഷ്പൂട്ടേലിനെ കണ്ടെത്തുകയും വിവാഹം കഴിക്കുകയും ചെയ്തു. ആഷ്പൂട്ടേലിനോടു ചെയ്‌ത ക്രൂരതകൾക്ക് ശിക്ഷയായി പെൺമക്കളുടെ കണ്ണുകൾ പ്രാവുകൾ വന്ന് കുത്തിപ്പൊട്ടിക്കുന്നു.


പെറോയുടെ പാഠമനുസരിച്ച് അച്ഛനും മകളുമായി നല്ല ബന്ധമാണ്. നിസ്സഹായനായ അച്ഛന്റെ യാത്രാവേളയിലാണ് രണ്ടാനമ്മ ക്രൂരയായി പെരുമാറുന്നത്. ആഷ്പുട്ടേലിന്റെ കഥയിൽ, നിസ്സഹായനായ പിതാവാണെങ്കിൽ കൂടിയും പിതാവിന്റെ സാന്നിധ്യത്തിൽ തന്നെയാണ് കഥയിലെ സംഭവങ്ങളെല്ലാം നടക്കുന്നത്. പലപ്പോഴും അയാൾ തൻ്റെ 'ആദ്യഭാര്യയിലെ മകൾ' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത് അല്ലാതെ 'അയാളുടെ മകൾ' എന്നല്ല.


7) ഫിലിപ്പൈൻസ് :- ചൈനീസ് കഥയോട് സാദൃശ്യമുള്ള കഥയാണ് ഇത്. "Mariang

Alimango' (Mary and the Crab) പെൺകുട്ടി രാജകൊട്ടാരത്തിൽ നടക്കുന്ന വിരുന്നിൽ പങ്കെടുക്കുകയും, രാജകുമാരൻ്റെ ഹൃദയം കവരുകയും ചെയ്തു. രാജകുമാരനെ വിവാഹം കഴിക്കുന്നതോടെ രണ്ടാനമ്മയുടെയും പെൺമക്കളുടെയും ക്രൂരതകളിൽ നിന്നും അവൾ രക്ഷപ്പെടുന്നു. പാഠഭേദത്തിൽ മരിച്ചുപോയ അമ്മയുടെ ശക്തി ഒരു ഞണ്ടിലൂടെയാണ് അവൾക്കനുഭവപ്പെടുന്നത്. ചെരുപ്പിന്റെ ഉടമസ്ഥയെ ഈ കഥയിലും അന്വേഷിക്കുന്നുണ്ട്. അത്തരത്തിൽ കിഴക്കൻ രാജ്യങ്ങളിൽ പ്രചാരത്തിലുള്ള സിൻഡ്രല്ലക്കഥയുമായി ഈ കഥയ്ക്ക് നല്ല സാമ്യമുണ്ട്.


1) വിയറ്റ്നാം - റ്റാകാം (Tam Cam) തന്റെ രണ്ടാനമ്മയാൽ അതിക്രൂരമായി പീഡി പ്പിക്കപ്പെട്ടിരുന്നു. അവളുടെ രക്ഷയ്ക്കായെത്തിയ മത്സ്യത്തെ രണ്ടാനമ്മ സൂത്രത്തിൽ കൊന്ന് ഭക്ഷണത്തിനു വിളമ്പുന്നു. ഇതു പിന്നീട് കണ്ടുപിടിപ്പിക്കപ്പെടുന്നുണ്ട്. ഇവിടെ ശ്രദ്ധേയമായ കാര്യം രണ്ടാനമ്മയുടെ ഈ ക്രൂരതയ്ക്ക് പകരമായി സ്വന്തം മകളുടെ മാംസം അവരെക്കൊണ്ട് കഴിപ്പിക്കുന്നു. ഈയൊരു വ്യത്യാസം മാത്രമാണ് മുൻകഥ കളിൽ നിന്നും ഈ പാഠത്തിനുള്ളത്.


9) കൊറിയ - കൊറിയൻ പാഠഭേദമനുസരിച്ച് മോട്ടിഫ് ഒന്നു തന്നെയാണ്. "Kongjee Patjee എന്നാണ് കഥയുടെ പേര്. "Kongjee എന്നത് സിണ്ടറെല്ലയും Patjee എന്നത് രണ്ടാനമ്മയുടെ പെൺമക്കളിലൊരുവളുമാണ്. രാജകുമാരൻ പെൺകുട്ടിയെ വിവാഹം കഴിച്ച് സുഖമായി കൊട്ടാരത്തിൽ താമസിക്കുന്നു - ഇങ്ങനെ അവസാനിക്കുന്ന ഈ കഥയിൽ പേരിന്റെ വ്യത്യാസം മാത്രമേ മൂലകഥയിൽ നിന്നും കാണുന്നുള്ളൂ.


10) അറബി നാടുകൾ


അറബി നാടോടിക്കഥകളിൽ ഇതേ പ്രമേയം തന്നെ തികച്ചും വ്യത്യസ്തമായി കാണുന്നു. ദേശത്തിൻ്റെ ഭേദമനുസരിച്ച് കഥയുടെ പശ്ചാത്തലത്തിനും സംഭവങ്ങൾക്കും മാറ്റം വരുന്നത് ഈ അറബി നാടോടിക്കഥയിൽ തിരിച്ചറിയാം.


കഥ:ഒരു മുക്കുവകുടുംബം. മുക്കുവൻ്റെ ഭാര്യ പുഴയിൽ മുങ്ങി മരിക്കുന്നു. രണ്ടു വയസ്സുമാത്രം പ്രായമായ അതിസുന്ദരിയായ അവരുടെ മകളെ അയൽപക്കത്ത് താമസിച്ചിരുന്ന ഒരു മകൾ മാത്രമുള്ള വിധവ ശുശ്രൂഷിച്ചു പോന്നിരുന്നു. തന്റെ അച്ഛന്റെ കഷ്ടപ്പാടുകൾ കണ്ട പെൺകുട്ടി സ്നേഹസമ്പന്നയെന്നു കരുതി വിധവയെ വിവാഹം കഴിക്കുവാൻ അചഛനോട് ആവശ്യപ്പെടുന്നു. വിവാഹം കഴിഞ്ഞതോടെ


രണ്ടാനമ്മയുടെ വിധം മാറുകയും അവളോട് വളരെ ക്രൂരമായി പെരുമാറുകയും ചെയ്യുന്നു.അച്ഛനെ വിഷമിപ്പിക്കരുതെന്നു കരുതി അവൾ എല്ലാം സഹിച്ചു. ഒടുവിൽ അവൾ ഒരു തീരുമാനമെടുത്തു.


"ആ തേളിനെ ഞാൻ സ്വന്തം കൈകൊണ്ടുതന്നെ പെറുക്കി എടുത്തതാണ്. ഞാൻ സ്വന്തം ബുദ്ധിഉപയോഗിച്ച് രക്ഷപ്പെടും."


വീട്ടുജോലികൾക്കു പുറമെ, പുഴയിൽ നിന്നു പിടിക്കുന്ന മീനുകൾ വീട്ടിൽ കൊണ്ടുപോയിക്കൊടുത്തിരുന്നതും അവളായിരുന്നു. ഒരുദിവസം കുട്ടയിലെ മൂന്ന് വലിയ മീനുകൾക്കിടയിൽ കിടന്ന് ഒരു ചെറിയ ചുവന്ന മീൻ അവളോട് സംസാരിച്ചു.:


"ഇത്രയും സഹനശക്തിയുള്ള കുട്ടി, എൻ്റെ ജീവൻ രക്ഷിക്കാൻ ഞാൻ യാചിക്കുന്നു; എന്നെ വെള്ളത്തിലേയ്ക്ക് വലിച്ചെറിയുക. എപ്പോഴും എന്റെ മകളായിരിക്കുക" അവൾ വളരെ ഭീതിയോടും അത്ഭുതത്തോടും കൂടി ചെന്ന് ആ മീനിനെ എടുത്ത് പുഴയിലേയ്ക്കെറിഞ്ഞു. വെള്ളത്തിനു മീതെ ഉയർന്നുവന്ന് ആ കുഞ്ഞുമീൻ പറഞ്ഞു,


“നിന്റെ ദാക്ഷിണ്യം, വ്യഥാവിലാവില്ല. നിനക്കൊരു പുതിയ അമ്മയെ കിട്ടി നീ ദുഃഖിതയാകുമ്പോൾ എൻ്റെ അരികിലേയ്ക്ക് വരിക. നിന്നെ സന്തുഷ്ടയാകാൻ ഞാൻ സഹായിക്കാം."*


വീട്ടിലെത്തിയ അവൾ മൂന്നു വലിയ മീനുകളെ രണ്ടാനമ്മയ്ക്ക് നല്‌കി. അച്ഛൻ വന്നപ്പോൾ ചെറിയ മീനിനെ നഷ്ടപ്പെട്ട കാര്യം പറഞ്ഞുവെങ്കിലും അച്ഛൻ അതിനെ നിസ്സാരമായി കാണുന്നു. എന്നാൽ ഇതുകേട്ട രണ്ടാനമ്മ കോപിഷ്ഠയാകുകയും അതിനെ കണ്ടുപിടിച്ചുകൊണ്ടുവരുവാൻ ആജ്ഞാപിക്കുകയും ചെയ്യുന്നു. അവൾ പുഴയരികിൽ വന്നു നിന്ന് കുഞ്ഞുമീനിനോട് സങ്കടം പറയുന്നു. ഇതു കേട്ട കുഞ്ഞു മീൻ സ്വർണ്ണനാണയം നൽകിയ ശേഷം അത് രണ്ടാനമ്മയ്ക്കു കൊണ്ടുകൊടുക്കുവാൻ പറയുന്നു. സ്വർണ്ണനാണയം കൈയ്യിൽ കിട്ടിയ രണ്ടാനമ്മ അവളോട് ഒന്നും പറയാതെ അതു കൈവശപ്പെടുത്തുന്നു.


മീൻപിടുത്തക്കാരന്റെ രണ്ടുമക്കളും യുവതികളാകുന്നു. ഒരു ദിവസം ആ നാട്ടിലെ വ്യാപാരമുഖ്യന്റെ മകളുടെ മൈലാഞ്ചി ദിവസം നാട്ടിലെ യുവതികളെല്ലാം അവിടെ എത്തിച്ചേരുന്നു. രണ്ടാനമ്മ തന്റെ മകളെ അണിയിച്ചൊരുക്കി കൊണ്ടുപോകുന്നു. അവർ പോയശേഷം അവൾ പുഴക്കരയിൽ പോയി കുഞ്ഞുമീനിനോടു സങ്കടം പറയുന്നു. കുഞ്ഞുമീൻ അവളെ അതിസുന്ദരിയായി അണിയിച്ചൊരുക്കിയ ശേഷം അവളോടു പറയുന്നു:


“നീ ഒരു കാര്യം ശ്രദ്ധിക്കണം. രണ്ടാനമ്മ തിരിച്ചു വരുവാനായി എഴുന്നേ ല്ക്കുമ്പോഴേക്കും നീ സ്ഥലം വിട്ടിരിക്കണം."* അങ്ങനെ അവൾ ചടങ്ങിൽ പങ്കെടുത്ത് തിരിച്ചുവരുന്ന വഴി രാജാവിന്റെ ഉദ്യാനത്തിലേയ്ക്കൊഴുകുന്ന നീർച്ചോലയി ലേയ്ക്ക് അവളുടെ ചെരുപ്പുകളിലൊന്ന് വീണു പോകുന്നു. ഇതു ചെന്നെത്തുന്നത് കൊട്ടാരത്തിലെ കുതിരകൾക്ക് വെള്ളം കൊടുക്കുന്ന കുളത്തിലായിരുന്നു. കുതിര ക്കാരൻ ഈ ചെരുപ്പു കണ്ടെത്തി രാജകുമാരനെ ഏല്പിക്കുന്നു. ഈ ചെരുപ്പിനുടമയും അതിസുന്ദരിയുമായ ആ യുവതിയെ വിവാഹം കഴിച്ചുതരണമെന്ന രാജകുമാരൻ്റെ ആഗ്രഹപ്രകാരം രാജ്ഞി അന്വേഷണം ആരംഭിക്കുന്നു.


പ്രഭുക്കന്മാർ, വ്യാപാരികൾ, തൊഴിലാളികൾ എന്നിവരുടെയെല്ലാം വീടുകൾ സന്ദർശിച്ച രാജ്ഞി ഒടുവിൽ മുക്കുവൻ്റെ കുടിലിലുമെത്തി. രണ്ടാനമ്മ തൻ്റെ മകളെ സുന്ദരിയാക്കി നിറുത്തി. പക്ഷെ; രാജ്ഞി വന്നസമയം അയൽപക്കത്തെ പൂവൻകോഴി മുറ്റത്ത് പറന്ന് വന്ന് കൂവി.


“അവർ വൃത്തികെട്ടവളെ കാണിച്ച് സുന്ദരിയായവളെ ഒളിപ്പിച്ചു വെച്ചിരിയ്ക്കു കയാണെന്ന് രാജ്ഞി അറിയട്ടെ.""


ഉടനെ തന്നെ രാജ്ഞി ഭൃത്യന്മാരെ വിട്ട് ചാരത്തിൽ മൂടിവച്ചിരുന്നവളെ കണ്ട ത്തുന്നു. ഇതുകണ്ട രണ്ടാനമ്മ അസൂയ പെരുത്ത് അവളെ കൊല്ലാനായി തന്ത്രങ്ങൾ മെനയുന്നു. കൊട്ടാരത്തിൽ നിന്നും പല്ലക്ക് വരുന്ന ദിവസം രണ്ടാനമ്മ വധുവിനെ തയ്യാറാക്കുന്നു. പാഷാണവും ചുണ്ണാമ്പും ചേർന്ന മിശ്രിതം തലയിൽ പുരട്ടി കഴുകി.


ദുർഗന്ധം വമിക്കുന്ന കുഴമ്പ് മുടിയിൽ തേച്ചു, മരുന്ന് വായിൽ നിർബന്ധിച്ച് ഒഴിച്ചും കൊടുത്തു. എന്നാൽ, കുഞ്ഞുമീനിന്റെ അനുഗ്രഹത്താൽ അവൾ അപകടങ്ങളിൽ നിന്നു രക്ഷപ്പെടുകയും അതിസുന്ദരിയായി മാറുകയും ചെയ്തു. മരണവാർത്ത മകൾക്കാനായി കാത്തിരുന്ന രണ്ടാനമ്മ നിരാശയാകുകയും ചെയ്തു.


രാജകുമാരിയുടെ സൗന്ദര്യത്തെക്കുറിച്ചും സ്വഭാവഗുണത്തെക്കുറിച്ചും കേട്ടറിഞ്ഞ നാട്ടിലെ വ്യാപാരമുഖ്യൻ കുമാരിയുടെ അനുജത്തിയെ തന്റെ മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കുവാൻ തീരുമാനിച്ചു. ഇതറിഞ്ഞ രണ്ടാനമ്മ തന്റെ മരുന്നുകളെല്ലാം ആദ്യമകളിൽ സൗന്ദര്യം വർദ്ധിപ്പിച്ചതിനാൽ സ്വന്തം മകളെയും അതുപോലെ പാഷാണവും ചുണ്ണാമ്പും തേച്ചു കുളിപ്പിച്ച് ദുർഗന്ധം വമിക്കുന്ന തൈലം മുടിയിൽ പുരട്ടി വിഷം കൊടുക്കുകയും ചെയ്തു‌.


വിവാഹഘോഷയാത്ര എത്തി വധുവിനെ ഭർത്തൃഗൃഹത്തിലേയ്ക്ക് കൂട്ടിക്കൊ ണ്ടുപോയി. അവളിൽ നിന്നുയർന്ന കടുത്ത ദുർഗന്ധം അയാളെ ശ്വാസം മുട്ടിച്ചു. അവളുടെ മുടി മുഴുവൻ അയാളുടെ കൈകളിൽ കൊഴിഞ്ഞു വീണു. അങ്ങനെ പാവം വധുവിനെ അതേ പ്രകാരം മൂടിപുതപ്പിച്ച് അമ്മയുടെ അടുക്കലേയ്ക്ക് തിരിച്ചയച്ചു.


രാജകുമാരനാകട്ടെ, മുക്കുവപ്പുത്രിയോടൊപ്പം ആനന്ദകരമായ ജീവിതം നയി ച്ചു. ഇപ്രകാരം നന്മയുടെ ആത്യന്തിക വിജയത്തോടെ ശുഭാന്ത്യമായ കഥയാണ് അറബി സാഹിത്യത്തിലുള്ളത്.


11) കേരളീയ നാടോടിക്കഥ


സിൻഡ്രല്ല കഥാക്രമത്തിനോട് സാദൃശ്യമുള്ള ഒരു കഥ തൃക്കരിപ്പൂരിലെ തങ്കയം എന്ന സ്ഥലത്ത് പ്രചാരത്തിലിരിക്കുന്ന 'ഒലക്കോടെ ചക്കി'യുടേതാണ്. 'ഒലക്കോടെ' എന്ന വിശേഷണം നെല്ലുകുത്തുപുരയുടെ സൂചനയാണ്. വെണ്ണീറിനു പകരം ഉമിയും തവിടും. ചക്കിയെ രണ്ടാനമ്മ പശുവിനെ മേയ്ക്കാനയയ്ക്കുന്നു. വിശന്നു പൊരിയുന്ന അവൾക്ക് വെള്ളിപ്പശു പാലു നൽകുന്നു. രണ്ടാനമ്മ വെള്ളച്ചിയെ കൊന്നു കുഴിച്ചിട്ടപ്പോൾ അവിടെ നിറകുലകളുമായി ചെന്തെങ്ങ് മുളച്ചുവരുന്നു.ഇളനീർ കൊത്തിക്കുടിച്ച് ചക്കി ദാഹം ശമിപ്പിക്കുന്നു. തുടർന്നും അവളെ വളർത്തമ്മയും മക്കളും ചേർന്ന് ദ്രോഹിക്കുന്നു.


രാജകൊട്ടാരത്തിൽ ഓടുകൊണ്ടുള്ള ഒരു ചെരിപ്പുണ്ടായിരുന്നു. അത് പാകമാകുന്ന പെൺകുട്ടികളാണ് രാജകുമാരന്മാർക്ക് വധുക്കളാവുക. ഇപ്പോഴത്തെ രാജകുമാരന് വിവാഹപ്രായമായി, മാതൃകാച്ചെരിപ്പുമെടുത്ത് ഭടന്മാർ നാടെങ്ങും നടന്നു. അവർ ചക്കിയുടെ വീട്ടിലുമെത്തി. വളർത്തമ്മയുടെ മക്കൾ ചെരിപ്പിൽ കാൽ കടത്താൻ കഴിവതും ശ്രമിച്ചു. ഒലക്കോടെ ചക്കിയ്ക്ക് മാത്രമേ ചെരിപ്പ് ശരിക്കും പാകമായുള്ളൂ. അവളെ രാജകുമാരൻ വിവാഹവും ചെയ്തു.


രാജകൊട്ടാരത്തിലേയ്ക്ക് വിരുന്നിനായി പോകുന്നില്ല, അവിടെ ഒരു മാതൃകാ ച്ചെരിപ്പുണ്ട് എന്നീ കാര്യങ്ങളിൽ മാത്രമല്ല ഈകഥ വ്യത്യസ്‌തത പുലർത്തുന്നത് മറിച്ച് യക്ഷിയായ തലതൊട്ടമ്മയുടെ സ്ഥാനത്ത് ഇവിടെ പെൺകുട്ടിയെ സഹായി ക്കുന്നത് വെള്ളച്ചിപ്പശുവിൻ്റെ അദൃശ്യസാന്നിധ്യമാണ്.


വിശകലനം


അധഃസ്ഥിതജീവിതവും മോചനവുമാണ് എല്ലാ കഥാപാഠങ്ങളുടെയും പൊതുവായ ഉള്ളടക്കം. പ്രത്യേകിച്ച് ഒരു സ്ത്രീയുടെ ജീവിതം. കുടുംബത്തിനകത്ത് നിന്നു ലഭിക്കുന്ന പീഡനമാണ് പ്രമേയം. അതിനുള്ള പരിഹാരഘട്ടങ്ങളിലാണ് അമാനുഷികമായ ഘടകങ്ങൾ കടന്നുവരുന്നത്. മാലാഖ കടന്നുവരുന്നു എന്ന പ്രധാനപാഠം. അവർ മത്തങ്ങകൊണ്ട് വണ്ടിയും, എലികളെക്കൊണ്ട് വെള്ളക്കുതിരകളെയും സൃഷ്ടി ക്കുന്നു. ചൈനീസ് കഥയിൽ വളരുന്ന മത്സ്യം വരുന്നു. അറബി നാടോടിക്കഥയിൽ ചുവന്ന മീനും, വിയറ്റ്നാമിൽ നിന്നുള്ള കഥയിൽ മത്സ്യവും കടന്നുവരുന്നു. ഇങ്ങനെ വ്യത്യാസം കാണുന്നുവെങ്കിലും മിക്കവാറും എല്ലാക്കഥയിലും സ്വർണ്ണച്ചെരിപ്പുകളും, രാജകുമാരന്റെ പ്രണയവും പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു സാധാരണ സ്ത്രീയ്ക്ക് നേരിടുന്ന പ്രശ്നങ്ങളെ അമാനുഷികവും രാജകീയവുമായി പരിഹരിക്കുന്നതാണ് കഥ. മത്തങ്ങ, മത്സ്യം, എലി, ചെരിപ്പ് ഇങ്ങനെ കുട്ടികളുടെ പരിചിത ലോകത്ത് സൃഷ്ടിക്കുന്ന അത്ഭുതങ്ങളാണ് ഇതിനെ കുട്ടികളുടെ കഥയാക്കി മാറ്റുന്നത്. എന്നാലും ഇത് സ്ത്രീയുടെ സാമൂഹികാവസ്ഥയ്ക്ക് കാരണമന്വേഷിക്കുകയോ, രാഷ്ട്രീയമായ പരിഹാരം നിർദ്ദേശിക്കുകയോ ചെയ്യുന്ന കഥയല്ല. വ്യക്തിപരമായ പരിഹാരവും ബാലിശമായ പരിഹാരവ്യാമോഹവുമാണ് കഥ നൽകുന്നത്. ചെരിപ്പിനെപ്പോലെ തറയിൽ ചതഞ്ഞുതീരുന്ന അവസ്ഥയിൽ തന്നെ വിമോചിതനായിത്തീരും എന്ന വ്യാമോഹം മാത്രമാണ് കഥ നൽകുന്നത്. ദൈവത്തിന്റെ പാദത്തിൽ നിന്നും പിറന്ന പാദജൻ അങ്ങനെ ജീവിക്കെത്തന്നെ ദൈവത്തിലെത്തിച്ചേരും എന്ന വ്യാമോഹം ബ്രാഹ്മണമതം ഭാരതീയർക്ക് നൽകിയിരുന്നു. തത്തുല്യമായ വ്യാമോഹമാണ് കഥനൽകുന്നത്. മുതലാളിത്തകാലത്ത് രാജകുമാരിയെപ്പോലെ ഒരുങ്ങി സ്ത്രീയുടെ അധഃസ്ഥിതാവസ്ഥ ഇല്ലാതാക്കാം, ഏതു നിസ്സാര ഉപഭോക്താവിനും രാജകുമാരിയാകാം എന്ന കമ്പോളവ്യാമോഹം കഥ പ്രക്ഷേപിക്കുന്നുണ്ട്.



കഥാഘടന


1928ൽ വ്ളാദിമർ പ്രോപ്പ് 'മോർഫോളജി ഓഫ് ഫോറെക്ടൽ' എന്ന കൃതി യിലൂടെയും എ.ജെ. ഗ്രെയ്‌മസ് 1966ൽ 'സ്ട്രക്ച്ചറൽ സെമാൻ്റിക്സ്' എന്ന കൃതി യിലൂടെയുമാണ് നാടോടിക്കഥകളുടെ ആഖ്യാനതലത്തെകുറിച്ച് പറയുന്നത്. 115 റഷ്യൻ നാടോടിക്കഥകളെടുത്തു പഠിച്ചതിൽ നിന്ന് മുപ്പത്തിയൊന്ന് ധർമ്മങ്ങളും ഏഴ് വേഷങ്ങളുമാണ് ഇവയ്ക്കുള്ളതെന്ന് വ്ളാദിമർ പ്രോപ്പ് തെളിയിക്കുന്നു. പ്രോപ്പിന്റെ പഠനങ്ങളെ ആസ്പദമാക്കി നടത്തിയ പഠനത്തിൽ ഗ്രേയ്സ് കഥകളിൽ ആറ് ഭൂമികകൾ (Six actants) ഉണ്ടെന്ന് കണ്ടെത്തി. ഇതനുസരിച്ച് സിൻഡ്രല്ലാ കഥയെ പഠിക്കുന്നു. കർത്താവ്, കർമ്മം, ദാതാവ്, സ്വീകർത്താവ്, സഹായി, എതി രാളി എന്നിങ്ങനെയാണ് കഥാഘടന.


ദാതാവ് ->


കർമ്മം ->


സ്വീകർത്താവ്


സഹായി ->


→ കർത്താവ് ->


എതിരാളി


കഥാഘടനയനുസരിച്ച്, സ്വീകർത്താവും കർത്താവും പലകഥകളിലും ഒന്നാവാം. കർമ്മം എന്നത് ലക്ഷ്യത്തെയാണ് സൂചിപ്പിക്കുന്നത്. ലക്ഷ്യം നേടുന്നതിനായി കർത്താവിനെ വലിയ തോതിൽ സഹായിക്കുന്നയാളെ ദാതാവ് എന്നും ചെറിയ തോതിൽ സഹായിക്കുന്ന കഥാപാത്രത്തെ സഹായി എന്നും വിളിക്കുന്നു. ദാതാവ് മിക്കകഥകളിലും ഒരു അലൗകിക സാന്നിധ്യമായിരിക്കും. ഈ പ്രവർത്തനങ്ങളെയെല്ലാം പ്രതിരോധിക്കുന്ന തിന്മയുടെ സാന്നിധ്യമാണ് എതിരാളി എന്ന കഥാപാത്രം. 'സിൻഡ്രല്ല'യിലേയ്ക്ക് വരുമ്പോൾ;


 സ്വീകർത്താവ് / കർത്താവ് -> സിൻഡ്രെല്ല


കർമ്മം / ലക്ഷ്യം ->


ദുരിതമോചനം


ദാതാവ് ->


യക്ഷിയായ തലതൊട്ടമ്മ


സഹായി ->


രാജകുമാരൻ


എതിരാളി ->


രണ്ടാനമ്മയും മക്കളും


എന്നിങ്ങനെ കഥയെ ഘടകങ്ങളാക്കി തിരിക്കാം. ഏതാണ്ട് എല്ലാകഥകളിലും തന്നെ ഇത്തരത്തിലൊരു ഘടനയെ ദർശിക്കാവുന്നതാണ്.


ഉത്തരാധുനികകാലഘട്ടത്തിൽ പാരിസ്ഥിതിക സ്ത്രീവാദവുമായി ബന്ധിപ്പിച്ച് സിൻഡ്രല്ലയെ ഇ.പി. രാജഗോപാലൻ പഠിക്കുന്നുണ്ട്. കാരണം മത്തങ്ങ, എലി, പല്ലി മത്സ്യം എന്നു തുടങ്ങിയ ജീവികളടങ്ങുന്ന ഒരു പാരിസ്ഥിതികാന്തരീക്ഷം കഥയിലുണ്ട്. ഇത് തികച്ചും ബാലിശമായ അഭിപ്രായമാണ്.അതുപോലെ സ്ത്രീവാദകഥയായും നിരീക്ഷിക്കുന്നുണ്ട്. സ്ത്രീപ്രശ്നങ്ങൾക്ക് രാജകീയമായ പരിഹാരം നിർദ്ദേശിക്കുന്ന ഈ കഥ സ്ത്രീപക്ഷമല്ല എന്നു വ്യക്തമാണല്ലോ.


'ഡൗൺ ടു എർത്ത്' എന്ന മാസികയിൽ (2002 ജനുവരി 31) മിസ് കേതൻസ് 'ആനപ്പുല്ല്' (Elephant Grass) എന്നതിനെ അടിസ്ഥാനമാക്കി ഒരു ലേഖനം പ്രസി ദ്ധീകരിച്ചിരുന്നു. വരണ്ട പ്രദേശങ്ങളിൽ വളരുന്ന ഈ പുല്ലിൽ നിന്നും വിഘടിച്ച് നശിച്ചു പോകാവുന്ന ഒരുതരം പ്ലാസ്റ്റിക് (Biodegradable Plastic) ഉണ്ടാക്കാമെന്നും അതിൽ നിന്നും കാറിൻ്റെ പല ഭാഗങ്ങളും പണിയാമെന്നും അഭിപ്രായപ്പെട്ടു. ബ്രിട്ട നിലെ വാർമിക് സർവ്വകലാശാലയുടെ ഗവേഷണഫലമായ ഈ കണ്ടുപിടുത്തം പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പ്രധാന തലക്കെട്ട് 'സിൻഡ്രല്ലയുടെ വണ്ടി' എന്നായിരുന്നു.


     ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കാലത്തിനൊത്ത മാറ്റങ്ങളോടെ പുതിയ പുതിയ സിൻഡ്രല്ലാകഥകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. നെറ്റിൽ പരതിയാൽ ഇത്തരം കഥകൾ 'Bedtime Stories'-ൽ ഉൾപ്പെടുത്തി അവതരിപ്പിച്ചിരിക്കുന്നതു കാണാം. ഇത്തരമൊന്നിൽ സ്കൂൾ ടീച്ചറായ കഥാകാരി (Vonne Augustin) സിൻഡ്രല്ലയ്ക്ക് കൂട്ടുകാരനായി ഓസ്കർ എന്ന ഒരു എലിക്കുഞ്ഞിനെ സൃഷ്ടിക്കുന്നു. വെണ്ണീർപ്പൂര യിലെ രാത്രികളിൽ ഓസ്‌കർ സിൻഡ്രല്ലയുടെ ഇഷ്ടതോഴനാകുന്നു. പകൽസമയങ്ങളിൽ ഓരോരോ കുസൃതികൾ കാട്ടി രണ്ടാനമ്മയെയും മക്കളെയും പേടിപ്പിക്കുകയും തന്റെ കൂട്ടുകാരിയെ രസിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ പുതിയ പുതിയ കഥാപാത്രങ്ങളെ വച്ച് വ്യത്യസ്‌തമായ സാഹചര്യങ്ങളിൽ ഈ കഥ പുനർജ്ജനി ക്കുന്നുണ്ടെങ്കിലും പ്രമേയത്തിന് ഒരു മാറ്റവും സംഭവിക്കുന്നില്ല.


2009 ജൂൺ മാസം പുറത്തിറങ്ങിയ 'ഗ്രന്ഥാലോക'ത്തിൽ 'ആലീസും സിൻഡ്രല്ല'യും എന്ന പേരിൽ ഒരു ലേഖനമുണ്ട്. നാടോടിക്കഥകളിലൂടെ പ്രശസ്തരായ രണ്ട് കഥാപാത്രങ്ങളെ മുൻനിർത്തിയുള്ള പഠനമായിട്ടാണ് ലേഖനം മുന്നോട്ടു പോകുന്നത്. ഒരേ കൃതി തന്നെ കൊച്ചുകുട്ടിയ്ക്കും മുതിർന്നകുട്ടിയ്ക്കും വ്യത്യസ്ത രീതിയിൽ വായിക്കുവാൻ കഴിയണം. അത്തരത്തിൽ പരിശോധിക്കുമ്പോൾ ഈ രണ്ട് ബാലസാഹിത്യകഥകളും ബാലിശസാഹിത്യമല്ലാതായിമാറുന്നുവെന്ന നിഗമനത്തിൽ ലേഖനം ഉപസംഹരിക്കുന്നു.


ഫെമിനിസ്റ്റ് കഥയായും പാരിസ്ഥിതിക സ്ത്രീവാദകഥയായും ഒക്കെയാണ് ആധുനികാനന്തരകാലത്ത് സിൻഡ്രല്ല കഥ വായിക്കപ്പെടുന്നത്. സ്ത്രീയുടെ

ഏകപക്ഷീയമായ, , വ്യക്തിപരമായ, ലിംഗപരമായ പരിഹാരമായി ഫെമിനിസത്തെ വീക്ഷിക്കുന്ന ചിന്താധാരകളെ ആണ് ഇത് പ്രോത്സാഹിപ്പിക്കുന്നത്. സ്ത്രീപ്രശ്നം ചരിത്രപരമോ, വർഗ്ഗപരമോ ആയി പരിഗണിക്കാത്ത ഇത്തരം നിലപാടാണ് ഒരു രാജകുമാരൻ വന്ന് ഒരു സ്ത്രീയെ രക്ഷിക്കുന്ന കഥപോലും ഫെമിനിസ്റ്റ് കൃതിയായി വായിക്കാൻ പ്രേരിപ്പിക്കുന്നത്. ഇത് സ്ത്രീയുടെ വ്യക്തിപരമായ മോക്ഷം മാത്രമാണ് നിർദ്ദേശിക്കുന്നത്. അതുപോലെ പ്രകൃതിയ്ക്ക് ഒരു കളിപ്പാട്ടത്തിൻ്റെ അസ്‌തിത്വം മാത്രമേ കഥയിലു ഉള്ളൂ. ആധുനികാനന്തര പരിസ്ഥിതിവാദത്തിന്റെ ദുർബ്ബലതയും ഈ പഠനങ്ങളിൽ കാണാം. സ്ത്രീപ്രശ്നം ഉത്പന്നങ്ങളാൽ വ്യക്തിപരമായി പരിഹരിക്കപ്പെടുന്നു എന്ന താണ് മുതലാളിത്തം നിർദ്ദേശിക്കുന്നത്. വിലകുറഞ്ഞതും ഗുണനിലവാരമുള്ളതുമായ ഇന്ന വസ്ത്രം ധരിക്കൂ, രാജകുമാരിയെ പോലെയാകൂ, അല്ലെങ്കിൽ 'പഞ്ചജീരഗുഢം കഴിക്കൂ നല്ല വരനെ കണ്ടെത്തൂ' ഇത്തരത്തിലുള്ള സ്ത്രീപ്രശ്‌നങ്ങളുടെ വ്യക്തിപരമായ പരിഹാരങ്ങളാണ് കമ്പോളം നൽകുന്നത്. അത്തരം സാഹചര്യത്തിലാണ് ചെരിപ്പ് തിരിച്ചറിഞ്ഞ് രാജകുമാരനെ ലഭിക്കുന്ന സിൻഡ്രല്ലാകഥ ഫെമിനിസ്റ്റ് കഥ യായി പ്രത്യക്ഷപ്പെടുന്നത്. ഈ കഥാതന്തു ഫെമിനിസ്റ്റ് കഥാപാത്രങ്ങളിലും പരസ്യങ്ങളിലും സിനിമകളിലും കാണാം.


 




0 comments

Related Posts

bottom of page