ചലച്ചിത്രപഠനവിവർത്തന പരമ്പര - 4
വിവ: ഡോ ഡി. വി. അനിൽകുമാർ
സെർഗി ഐസൻസ്റ്റീൻ 1924ൽ എഴുതിയ ലേഖനത്തിന്റെ സമ്പൂർണ്ണ പരിഭാഷയാണിത്. റഷ്യൻ ഭാഷയിൽ ടൈപ്പ് ചെയ്ത രൂപത്തിൽ മോസ്കോയിലെ ഐസൻസ്റ്റീൻ ആർക്കൈവ്സിൽ പ്രസിദ്ധീകൃതമാകാതെ ഉറങ്ങുകയായിരുന്നു ഇത് ഉൾപ്പെടെയുള്ള കുറിപ്പുകൾ.1925ൽ ഇതിൽ ചില രൂപമാറ്റങ്ങൾ വരുത്തി അലക്സാണ്ടർ ബലൻസൺ ഇത് സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചു.മൊണ്ടാഷ് ഓഫ് ഫിലിം അട്രാക്ഷൻസ് എന്നപേരിൽ 1988 ൽ റിച്ചാർഡ് ടൈലർ ഇത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചു.(Richard Tylor(Edtd.)S M Eisenstein Writings -1922-34, Selected Works-Vol. I, London)
സിനിമയെന്ന സങ്കീർണമായ കലയുടെ നിയമപ്രഖ്യാപനമോ സത്യവാങ്മൂലമോ അല്ല ഇത്. അടിസ്ഥാന ഘടകങ്ങളെ മനസ്സിലാക്കാനുള്ള ശ്രമം മാത്രമാണിത്. സിനിമയെ, ബഹുജനങ്ങളെ വൈകാരികമായി സ്വാധീനിക്കാൻ കഴിയുന്ന മാധ്യമമായി പരിഗണിക്കുമ്പോൾ (ഡോക്യുമെൻററി നിർമ്മാതാക്കളായ Cine-eyes പോലും (സിനിമയെ കലാ
വിഭാഗത്തിന് പുറത്തു നിർത്തുന്നവരാണവർ)ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്.അനുഭവത്തിന്റെയും ഇതുവരെയുള്ള നേട്ടങ്ങളുടെയും പിൻബലത്തിൽ സമാന കലകൾ ഇതെങ്ങനെസാധിക്കുന്നുവെന്നും സിനിമയിൽ ഇതെങ്ങനെ സംഭവിക്കുന്നുവെന്നും പഠിക്കേണ്ടതുണ്ട്. ഇത്തരത്തിൽ ഒന്നാമത്തേതാണ് നാടകം. സിനിമയുമായി സമാനഗുണങ്ങൾ അത്
പങ്കുവയ്ക്കുന്നുണ്ട്.രണ്ടിനും പ്രേക്ഷകർ വേണം.തങ്ങളിച്ഛിക്കുന്ന തരത്തിൽ പ്രേക്ഷകരിൽ മാനസിക മാറ്റം ഉണ്ടാക്കുന്ന രീതിയിൽ മാനസിക വിക്ഷോഭം ഉണ്ടാക്കുക എന്നതും രണ്ട് കലയുടെയും സ്വഭാവമാണ്.സിനിമയുടെയും നാടകത്തിന്റെയും സമരോൻമുഖവും സാമൂഹികവും വർഗ്ഗസമരാധിഷ്ഠിതവുമായ ഈ സ്വഭാവത്തെ കുറിച്ച് അധികം വിവരിക്കേണ്ടതില്ല.അന്തിമമായി കാണികൾക്ക് സന്തോഷമുണ്ടാക്കാനായി കഥയും ശാരീരിക അഭിനയത്തിലൂടെയുള്ള മാനസിക താദാത്മ്യവും മൂല്യബോധവും കൂട്ടിക്കലർത്താറുമുണ്ട്.തിയേറ്റർ,സർക്കസ്,സിനിമ എന്നിവയിൽ മാത്രമല്ല സമ്മർദ്ദത്തിന്റെ ദൂരീകരണം സംഭവിക്കുന്നത്.അതിസാന്ദ്രമായ വേഗതയിൽ സ്പോർട്സ് ക്ലബ്ബുകളും തങ്ങൾ ഉദ്ദേശിക്കുന്ന തരത്തിലുള്ള കായിക രൂപീകരണത്തിനായി സമ്മർദ്ദത്തിന്റെ അഴിച്ചു വിടൽ നടത്തുന്നു.
നാടകത്തെപ്പോലെ സിനിമയും 'ഒരു തരത്തിലുള്ള സമ്മർദ്ദമാണ്' എന്ന് മനസ്സിലാക്കണം. അവയുടെ രീതികളിൽ വ്യത്യാസമുണ്ടാകും. പക്ഷേ അവയ്ക്ക് പൊതുവായ ഒരു ഉപകരണം ഉണ്ട്.ആകർഷണീയതയുടെ മൊണ്ടാഷ്
(Montage of film attractions) ആണ് അത്. Proletcutൽ ഞാൻ നടപ്പാക്കിയ നാടക
പ്രവർത്തനങ്ങൾ ഇപ്പോൾ ഞാൻ സിനിമയിലും നടപ്പാക്കി കൊണ്ടിരിക്കുന്നു. ഇവ ഇതിന് ഏറ്റവും നല്ല നിദർശനമാണ്.ഈ മാർഗം സിനിമയെ അതിൻറെ ഇതിവൃത്താതിഷ്ഠിതമായ ബന്ധനത്തിൽ നിന്ന് വിമോചിപ്പിക്കുകയും രൂപത്തിനും ഭാവത്തിനും അനുയോജ്യമാം വിധം സിനിമാനിർമ്മാണത്തിൽ ഫിലിമിന് പ്രാധാന്യം നൽകുകയും ചെയ്യും. കൂടാതെ വ്യക്തിപരമായ പക്ഷപാതങ്ങളും തോന്നലുകളും അടിസ്ഥാനമാക്കി; അവയാകട്ടെ കാലപ്പഴക്കംചെന്ന അക്കാലത്ത് നിലനിൽക്കുന്ന രാഷ്ട്രീയ വിചാരങ്ങളെ പിൻപറ്റുന്നതാണ്,സിനിമാ വിമർശനത്തിന് മുതിരാതെ,വസ്തുതാപരമായ ഗുണങ്ങളെ അടിസ്ഥാനമാക്കാൻ സഹായിക്കുന്നു.
ആകർഷണം എന്നാൽ നടപ്പാക്കാൻ പോകുന്ന ഒരു വസ്തുവിനെ സംബന്ധിച്ച് ബോധമാണ് (ഒരു പ്രവൃത്തി, ഒരു വസ്തു, ഒരു പ്രതിഭാസം,ഒരു ബോധപരമായ
കൂട്ടിച്ചേർക്കൽ ...etc).പ്രേക്ഷകരുടെ ശ്രദ്ധയെയും വികാരത്തെയും മറ്റു പല ഘടകങ്ങളുമായി കൂട്ടിച്ചേർത്ത് നാം വിചാരിക്കുന്ന ഒരു പ്രത്യേക ദിശയിലേക്ക് ആകർഷിക്കാൻ കഴിയുക എന്നതാണ് അതിൻറെ പ്രത്യേകത.ഈ കാഴ്ചപ്പാടിൽ ഒരു സിനിമ ഒരിക്കലും സംഭവങ്ങളുടെ പ്രദർശനം അല്ല.ഒരു പ്രത്യേക ലക്ഷ്യത്തിനുവേണ്ടി,ഇതിവൃത്താധിഷ്ഠിതമല്ലാത്ത, ബോധപൂർവ്വം തെരഞ്ഞെടുത്ത സംഭവങ്ങളുടെ താരതമ്യമാണ് നിർവഹിക്കുന്നത്. Cine Pravda യുടെ കാര്യം തന്നെ നോക്കൂ. അത് ഈ മാർഗ്ഗമല്ല പിന്തുടരുന്നത് അത് ആകർഷണീയത(Attrraction) പ്രധാന ലക്ഷ്യമായി കരുതുന്നില്ല. എന്നാൽ അത് നിങ്ങളെ അതിൻറെ ഇതിവൃത്തങ്ങളുടെ ആകർഷണീയത കൊണ്ട് പിടികൂടുന്നു, അതിൻറെ ഉപരിപ്ലവമായ രൂപപരമായ മൊണ്ടാഷിന്റെ ആധിപത്യത്തിലൂടെ, ചെറിയ ഫിലിം കഷണങ്ങളിലൂടെ(footage)സത്യാവസ്ഥയുടെ വിശദീകരണമെന്ന യാഥാർത്ഥ്യത്തെ മറച്ചുവയ്ക്കുന്നു.
ആകർഷണീയതയ്ക്കു വേണ്ടിയുള്ള ഘടകങ്ങളുടെ സാർവത്രികമായ ഉപയോഗം നമ്മുടെ ശൈലിയെ ഏറ്റവും മേൽത്തരമാക്കി മാറ്റുന്നില്ല.രൂപപരമായ മേന്മയ്ക്കു വേണ്ടിയുള്ള സിനിമയിലെ പരീക്ഷണം അതിനെ പ്രവർത്തിക്കുന്ന സിനിമയാക്കും(Cinema of action).പക്ഷേ ഈ പരീക്ഷണം പ്രേക്ഷകനെ അറിഞ്ഞ് അവനെ ലക്ഷ്യമാക്കി ഉള്ളതായിരുന്നാലേ അത് എല്ലാവരിലേക്കും ഒരുപോലെ എത്തിച്ചേരൂ.
ആകർഷണത്തിനു വേണ്ടിയുള്ള മുണ്ടാഷിന്റെ ഉപയോഗം നാടകത്തിനെക്കാൾ സിനിമയ്ക്കാണ് കൂടുതൽ ചേരുക.ഞാൻ തീർച്ചയായും സിനിമയെ താരതമ്യങ്ങളുടെ കല എന്നേ വിശേഷിപ്പിക്കൂ.കാരണം അവ വസ്തുതകളെ അതേപോലെ കാണിക്കുകയല്ല പരമ്പരാഗതമായ (ഫോട്ടോഗ്രാഫിക്)പ്രതിനിധാനങ്ങളാണ് അവ (നാടകത്തിലെ നേരിട്ടുള്ള അവതരണത്തിൽ നിന്ന് വ്യത്യസ്തമായി).ഏറ്റവും ലളിതമായ പ്രതിഭാസത്തെ പോലും പ്രകടിപ്പിക്കാൻ സിനിമയ്ക്ക് താരതമ്യത്തെ ഉപയോഗിക്കേണ്ടിയിരിക്കുന്നു (തുടർച്ചയായ പ്രത്യേക അവതരണങ്ങളിലൂടെ).അതിൻറെ ഓരോ ഘടകങ്ങൾ തമ്മിലും ഈ താരതമ്യം നടക്കുന്നുണ്ട് (സാങ്കേതികമായി സിനിമയുടെ ലോകത്തിൽ).സിനിമയുടെ അടിസ്ഥാനപരമായ ഘടനയിലും അവതരണത്തിലും ഈ താരതമ്യം പ്രധാന ഘടകമാണ്. എന്നാൽ നാടകത്തിലാകട്ടെ ഭൗതികമായി നടന്ന ഒരു സംഭവത്തിന്റെ യഥാർത്ഥ ചിത്രീകരണത്തിലൂടെയാണ് ഫലം ഉണ്ടാകുന്നത് (ഉദാ:ഒരു കൊലപാതകം)സിനിമയിൽ ആകട്ടെ,സമാനവും വ്യത്യസ്തവും ശക്തവുമായ ഘടകങ്ങളുടെ പരസ്പരബന്ധവും അടുത്തിരിക്കലും കൊണ്ട് പ്രേക്ഷകന്റെ മനസ്സിൽ ഉണ്ടാക്കിയെടുക്കുന്ന പൂർണ്ണതയിൽ നിന്നാണ് ഫലത്തെ(effect)ഉല്പാദിപ്പിക്കുന്നത്.മേൽപ്രസ്താവിച്ച കൊലപാതകം തന്നെ എടുക്കുക.കഴുത്തിലെ പിടുത്തം, കണ്ണുതള്ളൽ, ഭീതിതമായ കത്തി,ഇരയുടെ കണ്ണടയ്ക്കൽ, ഭിത്തിയിലേക്ക് ചിതറിപ്പരക്കുന്ന രക്തം,ഇരയുടെ നിലത്തേക്കുള്ള പതനം,കത്തി തുടയ്ക്കുന്ന കൈ- ഓരോ കഷണവും സഹബന്ധത്തിനായി(association) ത്വരിക്കുന്നു.
ഇതിനു തുല്യമായ പ്രവർത്തനമാണ് ആകർഷണീയ മൊണ്ടാഷിലും നടക്കുന്നത്-പരസ്പരം താരതമ്യം ചെയ്യുന്ന പ്രതിഭാസങ്ങളല്ല അവ. ഒരു പ്രത്യേക പ്രതിഭാസം പ്രേക്ഷകരുടെ മനസ്സിൽ രൂപമെടുക്കാൻ തക്കവിധത്തിൽ രൂപപ്പെടുത്തിയെടുക്കുന്ന സഹബന്ധങ്ങളുടെ ചങ്ങലയാണ് അത്. (ഒരു പണിക്കാരനും കുതിരപ്പട്ടാളക്കാരനും ഒരു മീറ്റിംഗ് പിരിച്ചുവിടുന്നത് കാണുമ്പോൾ ഉണ്ടാകുന്ന വൈകാരിക ഫലത്തിൽ ഇത് ആരംഭിക്കുന്നു. ഇത് ചിത്രീകരിക്കാൻ ഉപയോഗിച്ച വസ്തുക്കൾ ഇവിടെ ബാധകം ആകുന്നില്ല) ഈ പറയുന്നതിന്റെ കൃത്യത എനിക്ക് ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാൻ കഴിയും.കുളേഷോവിൻറെ "ദി അഡ്വഞ്ചേഴ്സ് ഓഫ് മിസ്റ്റർ വെസ്റ്റിന് ഇൻദി ലാൻഡ് ഓഫ് ദി ബോൾഷെവിക്സ്" ലെ ഒരു സ്ഥലമാണ് മനസ്സിൽ. വലിയൊരു ലോറി മിസ്റ്റർ വെസ്റ്റിന്റെ ബ്രീഫ് കേസ് ഇരിക്കുന്ന മഞ്ഞു വണ്ടി കെട്ടി വലിക്കുന്നു. സാധാരണ കോമാളി ദിനങ്ങളിൽ കാണാറുള്ള വലിയ ബൂട്ട് ചെറിയ തൊപ്പി മാതൃകയിലുള്ള ഒരു പ്രവർത്തനം തന്നെയാണിതും. സർക്കസ് കൂടാരത്തിലും ഈ സങ്കലനം മതിയാകും. എല്ലാ സങ്കലനവും കൂടി ഒരു ഷോട്ടിലായി സിനിമയിൽ കാണിക്കുമ്പോഴും അത് വളരെ ദുർബലമാണ്(ഗേറ്റ് കടന്നുപോകുന്ന ലോറി, ലോറിയിൽ നിന്നും മഞ്ഞു വണ്ടിയിൽ കെട്ടിയിരിക്കുന്ന കയർ എന്നിങ്ങനെ കാട്ടിയാലും). എന്നാൽ സർവ്വശക്തനായ ലോറിയുടെ ദൃശ്യത്തെ തുടർന്ന് തീരെ ചെറിയ പെട്ടിയുടെ ദൃശ്യം ചേർന്ന് വരുന്നതായാൽ കോമിക്ഇഫക്റ്റും ഇവയുടെ ചേർച്ചയില്ലായ്മയിലൂടെ ഉണ്ടാകുന്ന ഇഫക്ടും പ്രേക്ഷകന് ലഭിക്കും. ഈ അവസരത്തിൽ എനിക്ക് ഓർമ്മ വരുന്നത് ചാപ്ലിന്റെ സിനിമയിലെ ഒരു ദൃശ്യമാണ്. വലിയ ഒരുപാട് പൂട്ടുകൾ കൊണ്ട് അടച്ചിരിക്കുന്ന വലിയൊരു സേഫിന്റെ ദൃശ്യം. പിന്നീടുള്ള ദൃശ്യങ്ങളിലാണ് നാം മനസ്സിലാക്കുന്നത് അതിൽ പൂട്ടി വെച്ചിരിക്കുന്നത് ചൂൽ, തറവിരി, തൊട്ടി തുടങ്ങിയ സാധനങ്ങൾ ആണെന്ന്. കഥാപാത്രചിത്രീകരണത്തിന് അമേരിക്കക്കാർ ഈ വിദ്യ ഉപയോഗിക്കാറുണ്ട്. ഞാൻ ഓർമ്മിക്കുന്നത് Griffith ൻറെ "ഇൻടോളറൻസ്"ൽ സംഘ നേതാവായ മസ്കറ്റീറിന്റെ അവതരണ ദൃശ്യമാണ്. റൂമിന്റെ ഭിത്തിയിലെ നഗ്നരായ സ്ത്രീകളുടെ ചിത്രങ്ങൾ കാട്ടിയ ശേഷമാണ് ദൃശ്യം അയാളെത്തന്നെ കാണിക്കുന്നത്. എത്രമാത്രം ശക്തവും സിനിമാറ്റിക്കുമാണീ ദൃശ്യം എന്ന് പറഞ്ഞു പോകും. "ഒളിവർ ട്വിസ്റ്റി"ലെ പണിശാല സൂപ്പർവൈസറെ അവതരിപ്പിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വ്യക്തമാകും. രണ്ട് അംഗവിഹീനരെ ഉന്തിക്കൊണ്ടാണ് അയാളുടെ പ്രവേശനം(പ്രവൃത്തിയിൽ കൂടി കഥാപാത്ര ചിത്രീകരണം നടത്തുന്ന നാടകത്തിൻറെ രീതിയാണിത്). അത്യാവശ്യമായ സഹബന്ധങ്ങളിലേക്ക് കാണികളെ നയിക്കുന്ന സിനിമാറ്റിക് രീതി അല്ല.
ഞാൻ പറഞ്ഞ കാര്യങ്ങളിൽ നിന്നും നാടകത്തിൽ നിന്ന് വ്യത്യസ്തമായി സിനിമയുടെ ഗുരുത്വകേന്ദ്രം നേരിട്ടുള്ള മനശാസ്ത്ര ഇഫക്ടുളുടെ ഫലമല്ല എന്ന് വ്യക്തമാകുന്നു. തീർത്തും ഭൗതികമായി ഈ പകർച്ച നേടിയെടുക്കാവുന്നതേയുള്ളൂ (ഒരു മത്സരത്തിൽ, ഷോട്ടിന് വിപരീതമായി ഓടുന്ന രണ്ട് സീക്വൻസുകളുടെ മൊണ്ടാഷിലൂടെ). അവിടെ നടക്കുന്ന ഭൗതികമായ ഇഫക് റ്റിന്റെ മൊണ്ടാഷ് വ്യുൽക്രമവും, താളവും പരിപൂർണ്ണമായി പഠിക്കുകയോ വിലയിരുത്തുകയോ ചെയ്യാറില്ല. വിലയിരുത്തിയാൽ തന്നെ ആഖ്യാനത്തിലെ മൊണ്ടാഷിന്റെ പ്രാധാന്യം മാത്രമേ പരിഗണിക്കാറുള്ളൂ. (ഇതിവൃത്തത്തിന്റെ ചലനത്തിനനുസരിച്ചുള്ള വസ്തുക്കളുടെ ചലനാത്മകതയാണ് രചിക്കുന്നത്) ഞങ്ങൾക്ക് നിങ്ങളോടു പറയാനുള്ളത് ആകർഷണത്തിനു വേണ്ടിയുള്ള മുണ്ടാഷിനെ സാധാരണ സമാന്തരമൊണ്ടാഷമായി(montage parallelism) താരതമ്യം ചെയ്യരുതെന്നാണ്. ഇതിവൃത്തത്തിന്റെ വെളിപ്പെടുത്തലിനായി Cine Pravda യിൽ ഉപയോഗിക്കുന്ന ഈ മൊണ്ടാഷിൽ ആദ്യം കാഴ്ചക്കാരൻ അടുത്ത നടക്കാൻ പോകുന്നതിനെ നിരൂപിക്കുകയും തുടർന്ന് ബുദ്ധിപരമായി വൃത്തത്തിൽ അഭിരമിക്കുകയും ചെയ്യും.
ആകർഷണീയതയുടെ മൊണ്ടാഷ് ചെറിയ വൈരുദ്ധ്യാത്മകമായ താരതമ്യങ്ങളോട് അടുത്ത് നിൽക്കുന്നു. (Alexander V Evanovsky യുടെ The palace and the fortress ൽ വിശ്വസനീയതയോടെ ഇത് വെളിവാക്കിയിട്ടുണ്ട്). ഇത് ശക്തമായ ഒരു വൈകാരിക ഫലം കൃത്യമായും ഉളവാക്കുന്നുണ്ട് (കോട്ടയുടെ പുറത്തെ തൂണിലെ ചങ്ങലക്കിട്ട കാലും, ബാലേനർത്തകിയുടെ ചങ്ങലക്കിട്ട കാലും). ഇവിടെയുള്ള കുഴപ്പം ഇവിടെ താരതമ്യത്തിലേക്ക് നയിക്കുന്ന സഹബന്ധത്തിനുള്ള അവസരം നിഷേധിച്ചിരിക്കുന്നതിനാൽ ഇവ രണ്ടും നമ്മുടെ ബോധതലത്തിലേക്ക് കടക്കുന്നത് സാഹിത്യപരതയിലൂടെയാണ്; സിനിമാറ്റിക്കായി അല്ല. ഉദാഹരണമായി Nechayev ൻറെ നിതംബത്തിന് മുകളിലുള്ള പിറകുവശ ദൃശ്യം, അടഞ്ഞ വാതിലിലെ ഹാമറും ജയിൽ വാർഡനും, അയാൾ കയ്യിലൊരു കുരുവിയും കൂടുമായി ജനലിന്റെ അരികിൽ നിൽക്കുന്നതായ വിദൂര ദൃശ്യം എന്നിവ. തിരച്ഛീനമായാണ് ബാലെ നർത്തകിയുടെ ചങ്ങലക്കിട്ട കാലുകളെ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ അവളുടെ ദൃശ്യമാകട്ടെ സമാന്തരവും മറ്റേതിനേക്കാൾ നാലിരട്ടി വലിപ്പത്തിലും ആണ് ചിത്രീകരിച്ചിരിക്കുന്നത്.
ഇതിവൃത്തപരമായ ഇഫക്റ്റിനു വേണ്ടി നടത്തുന്ന വസ്തുക്കളുടെ താരതമ്യമാണ് ആകർഷണത്തിനായുളള മൊണ്ടാഷിന്റെ രീതി. എൻറെ ചിത്രമായ The Strike ൻറെ അവസാനത്തിലുള്ള യഥാർത്ഥ മൊണ്ടാഷ് അനുകരണത്തിലേക്ക് നമുക്ക് കടക്കാം: അവിടെ നടക്കുന്ന കൂട്ട വെടിവെപ്പിനെ സഹബന്ധത്തിലൂടെ ഒരു കശാപ്പ്ശാലയുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഞാൻ ഇപ്രകാരം ചെയ്തത് മരണ രംഗത്തുള്ള ഒഴിവാക്കാനാവാത്ത എക്സ്ട്രാനടന്മാരുടെ അതിഭാവുകത്വം കലർന്ന അഭിനയത്തെ ഇല്ലാതാക്കാനും പരമാവധി രക്തപങ്കിലമായ ഭയത്തെ ഭംഗിയായി അവതരിപ്പിക്കാനും ആണ്. അതിശക്തമായ അതിവിദൂരദൃശ്യങ്ങളും മധ്യ ദൃശ്യങ്ങളും ഉപയോഗിച്ച് 1800 ഓളം ജോലിക്കാർ ഒരു ചരിഞ്ഞ പ്രതലത്തിൽ വീഴുന്നതും, ജനക്കൂട്ടം ചിതറി ഓടുന്നതും, വെടിവെപ്പും ചിത്രീകരിച്ചു. കശാപ്പുശാലയിലെ ഭീതിതമായ ദൃശ്യങ്ങളിൽ കാലികളെ തൊലിയുരിഞ്ഞ് അറുക്കുന്നത് സമീപ ദൃശ്യങ്ങളിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. മൊണ്ടാഷിന്റെ ദൃശ്യക്രമത്തെ ഏതാണ്ട് ഇങ്ങനെ വിവരിക്കാം:
1 ഒരു കാളത്തല: കശാപ്പുകാരന്റെ കത്തി ഈ ഫ്രെയിമിനു പിന്നിൽ ലക്ഷ്യമെടുത്തു മുകളിലേക്ക് നീങ്ങുന്നു
2 സമീപദൃശ്യം: ഫ്രെയിമിനു പിന്നിൽ കശാപ്പുകാരൻറെ കത്തിയണിഞ്ഞ കൈ താഴേക്ക് പായുന്നു
3 വിദൂരദൃശ്യം: 1500 ജോലിക്കാർ ഒരു പരന്ന പ്രതലത്തിൽ താഴേക്ക് ഉരുളുന്നു
4 ആയുധങ്ങൾ ഉയർത്തിക്കാട്ടി അമ്പതോളം പേർ തറയിൽ നിന്ന് എഴുന്നേൽക്കുന്നു
5 ഉന്നം പിടിക്കുന്ന പട്ടാളക്കാരന്റെ മുഖം
6 മധ്യദൃശ്യം: വെടിവയ്ക്കുന്നത്
7 കാളയുടെ ശരീരം വിറയ്ക്കുകയും കിടന്നുരുളുകയും ചെയ്യുന്നു (തല ഫ്രെയിമിനകത്തില്ല).
8 സമീപദൃശ്യം: കാളയുടെ കാലുകൾ ഭീതിദമായി വിറ കൊള്ളുന്നു. രക്തക്കളത്തിൽ ഒരു കുളമ്പിട്ട് അടിക്കുന്നു.
9 സമീപദൃശ്യം: റൈഫിളിന്റെ ബോൾട്ടുകൾ
10 ബെഞ്ചിൽ കയറുകൊണ്ട് കെട്ടിയിട്ടിരിക്കുന്ന കാളയുടെ തല
11 ആയിരത്തോളം ആളുകൾ ഓടിമറയുന്നു
12 ഇടതിങ്ങിയ കുറ്റിക്കാട്ടിനിടയിൽ നിന്നും തിരക്കിട്ട് വരുന്ന ഒരു വരി പട്ടാളക്കാർ
13 സമീപദൃശ്യം: താഴെ ചത്തുകിടക്കുന്ന കാളയുടെ തല. കണ്ണുകൾ മങ്ങിയിരിക്കുന്നു.
14 വെടിവയ്പ്പ്,അതിവിദൂരദൃശ്യം, പട്ടാളക്കാരുടെ പിറകിൽ നിന്നുള്ള ദൃശ്യം.
15 മധ്യദൃശ്യം: ജൂത ആചാരമനുസരിച്ച് കാളയുടെ കാലുകൾ കൂട്ടിക്കെട്ടിയിരിക്കുന്നു. കാളകളെ കിടത്തി കശാപ്പ് ചെയ്യുന്ന രീതി.
16 അതിസമീപദൃശ്യം: ആളുകൾ ചരിവിൽ വീഴുന്നു
17 കാളയുടെ കഴുത്ത് കണ്ടിക്കുന്നു. രക്തം കുതിച്ചു ചാടുന്നു.
18 മധ്യസമീപദൃശ്യം: കൈകൾ വിരിച്ചുകൊണ്ട് ആളുകൾ ഫ്രയിമിലേക്ക് ഉയർന്നു വരുന്നു.
19 രക്തംപുരണ്ട കയറുമായി പാൻ ചെയ്യുന്ന ക്യാമറയിലേക്ക് നടന്നുവരുന്ന കശാപ്പുകാരൻ
20 ജനക്കൂട്ടം തിരക്കുകൂട്ടി വേലിയിലേക്ക്. അതിനെ തകർക്കുന്നു. പക്ഷേ ഒളിയാക്രമണത്തിൽ പെടുന്നു (രണ്ടോ മൂന്നോ ഷോട്ടുകൾ).
21 ആയുധങ്ങൾ വീഴുന്നതാണ് ഫ്രെയിമിൽ
22 ശരീരത്തിൽ നിന്ന് വേർപ്പെട്ട കാളയുടെ തല
23 വെടിവെപ്പ്
24 ജനക്കൂട്ടം ചരിഞ്ഞ പ്രതലത്തിൽ വീണ് ഉരുണ്ട് ജലത്തിലേക്ക്
25 വെടിവെപ്പ്
26 സമീപദൃശ്യം: വെടിവെപ്പിൽ നഷ്ടപ്പെടുന്ന പല്ലുകൾ.
27 കാലുകൾ പറിഞ്ഞു പോകുന്ന പട്ടാളക്കാരൻ.
28 രക്തം ജലത്തിലേക്ക് ഒഴുകി നിറം മാറുന്നു
29 സമീപദൃശ്യം: കാളയുടെ കഴുത്തിൽ നിന്ന് രക്തം കുതിച്ചൊഴുകുന്നു.
30 ഒരു പാത്രത്തിൽ നിന്നും ഗ്ലാസിലേക്ക് രക്തം പകരുന്ന കൈ.
31 രക്തം നിറഞ്ഞ ബക്കറ്റുകൾ വെച്ചിരിക്കുന്ന പ്ലാറ്റ്ഫോമിൽ നിന്നും ഡിസോൾവ് ചെയ്ത് കശാപ്പു ശാലയിലേക്ക്
32 മരിച്ച കാളയുടെ നാവ് പിളർന്ന കഴുത്തിലൂടെ വലിച്ച് പുറത്തിടുന്നു (കശാപ്പുശാലയിൽ പല്ലിൽ നിന്ന് ക്ഷതമേൽക്കാതെ നാവിനെ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന വിദ്യ)
33 കാല് പറിഞ്ഞു പോകുന്ന പട്ടാളക്കാരൻ (അതിവിദൂരദൃശ്യം).
34 തൊലിയുരിഞ്ഞ തല
35 ചരിഞ്ഞ പ്രതലത്തിന്റെ കവാടത്തിൽ 1800 ശവങ്ങൾ
36 രണ്ട് മരിച്ച കാളകളുടെ തൊലിയുരിഞ്ഞ തലകൾ
37 രക്തക്കളത്തിൽ ഒരു മനുഷ്യഹസ്തം
38 സമീപദൃശ്യം: മരിച്ച കാളയുടെ കണ്ണ് സ്ക്രീൻ നിറയ്ക്കുന്നു
അവസാന ടൈറ്റിൽ
(തുടരും...)