top of page

ചലനചിത്രങ്ങളുടെ വഴികൾ (ഭാഗം 2) (The means of photoplay) - ഹ്യൂഗോ മുൺസ്ററർബർഗ് (Hugo Munsterberg)

ചലച്ചിത്രപഠനവിവർത്തന പരമ്പര - 3
വിവ: ഡോ ഡി വി. അനിൽകുമാർ

ശാരീരികമായയാഥാർത്ഥ്യത്തിൽ നിന്നുമുള്ള നിർണീതമായ അകലം കാത്തുസൂക്ഷിക്കാൻ കഴിയുന്നത് കഥാപാത്രത്തിനു പകരം കഥാപാത്രത്തിന്റെ ചിത്രത്തെ സ്ക്രീനിൽ പ്രതിഷ്ഠിക്കുന്നതിലൂടെയാണ്. വെളിച്ചവും നിഴലും ചേർന്ന് നിറത്തിന്റെ വൈവിധ്യം എന്ന യാഥാർത്ഥ്യത്തെ പകരം വയ്ക്കുമ്പോൾ കാഴ്ചപ്പാടിന്റെ വൈവിധ്യമാണ് ധ്വന്യാത്മകതയുടെ ആഴം കൂട്ടുന്നത്. സിനിമാട്ടോഗ്രാഫിയുടെ കാഴ്ചപ്പാടിന്റെ മനശാസ്ത്രം ചർച്ച ചെയ്യുമ്പോൾ ഇക്കാര്യം കൂടുതൽ വ്യക്തമാക്കാം. തെറ്റായ കാര്യത്തിൽ ഊന്നാനും പാടില്ല. സിനിമയിലെ നടീനടന്മാർ രക്തത്തിലും മജ്ജയിലും നമ്മുടെ മുന്നിൽ നിൽക്കുന്നവരല്ല എന്നതിയിരിക്കണം ഊന്നൽ. മറ്റൊരു കാര്യം ചിത്രങ്ങളുടെ പരന്ന(flat) അവസ്ഥയാണ് .സ്റ്റേജിലെ നടീനടന്മാരെ ഒരു കണ്ണാടിയിലാണ് നാം കാണുന്നതെങ്കിലും പ്രതിഫലിച്ച ഒരു ബിംബത്തയാണ് നാം കാണുന്നത്. അവിടെ നടീനടന്മാർ നമ്മുടെ കാഴ്ചയുടെ നേർരേഖയിൽ വരുന്നില്ല. ഈ കണ്ണാടിബിംബം നമുക്ക് നടീനടന്മാരായി തന്നെ തോന്നുന്നു. യഥാർത്ഥ സ്റ്റേജിന്റെ എല്ലാ ആഴവും ഈ പ്രതിബിംബത്തിനും ഉണ്ട് .സിനിമയിൽ നാം കാണുന്നത് ഇത്തരത്തിലുള്ള ഒരു പ്രതിഫലിച്ച ബിംബമാണ് എങ്കിലും ഒരു സാധാരണ പ്രതിഫലനത്തേക്കാൾ സങ്കീർണമായ പ്രവർത്തനം സിനിമ ബിംബത്തിന് പിന്നിലുണ്ട് .അവസാനം യഥാർത്ഥ നടനെ നാം ചിത്രത്തിൽ കാണുന്നു .ഒരു ചിത്രകാരൻ രൂപപ്പെടുത്തിയ നടൻറെ ചിത്രത്തിൽ നിന്ന് വ്യത്യസ്തമാണ് സിനിമയിലെ അയാളുടെ ചിത്രം .സിനിമയിൽ നാം നടന്മാരെ തന്നെയാണ് കാണുന്നത്. ഫോട്ടോഗ്രാഫിക് ഉൽപാദനത്തിലൂടെ അവരുടെ പരന്ന രൂപമാണ് സ്ക്രീനിൽ കാണാനാവുക. ശരീരപരമായ സ്ഥലം അവിടെ ഒഴിവാക്കപ്പെട്ടിരിക്കുന്നു. സ്ഥിരം മാതൃകകളിൽ തന്നെയാണ് ഈ കലയും സാധ്യമാക്കിയിരിക്കുന്നത്. എങ്കിലും സിനിമയുടെ രീതിക്കനുസരിച്ച് ഈ ചിത്രത്തിൻറെ ആഴത്തെ വ്യത്യാസപ്പെടുത്തേണ്ടി വന്നിരിക്കുന്നു. യഥാർത്ഥ ലോകത്തിൻറെ അവസ്ഥയെ ധ്വന്യാത്മകമായി അതിന് അവതരിപ്പിക്കേണ്ടി വരുന്നു. സിനിമയിൽ ഉള്ള താല്പര്യത്തിലൂടെ ആ ചിത്രത്തിൻറെ ആഴം മനസ്സിലാക്കുന്നതിനൊപ്പം യഥാർത്ഥ ലോകത്തിലെ അവരുടെ ചലനത്തിന്റെ ആഴത്തെ തിരിച്ചറിയേണ്ടിയും വരുന്നു. സ്ഥലത്തെ സംബന്ധിച്ച ഈ അറിവ് നമുക്കൊരു ഭാരം ആണ്. ഇതിന്റെ ഖരത്വത്തെ മാറ്റിയാണ് അഭൗതികമായ ഭാരം ഇല്ലാത്ത ലോകം കടന്നുവരുന്നത്.           യഥാർത്ഥ തീയറ്ററിന്റെ സ്ഥലമൂല്യത്തെ മാത്രമല്ല സിനിമ ത്യജിക്കുന്നത്. സമയപരമായ ക്രമത്തെയും അത് അവഗണിക്കുന്നു. സമയപരമായ ക്രമത്തിൻറെ യാഥാർത്ഥ്യത്തെയാണ് തിയറ്റർ പിന്തുടരുന്നത്. നാടകകലയുടെ പരിമിതിയിൽ ഒതുങ്ങി നിന്നുകൊണ്ട് മാത്രമേ സമയക്രമത്തെ അത് മാറ്റാറുള്ളൂ. മൂന്നാം രംഗവും നാലാം രംഗവും തമ്മിൽ 20 വർഷത്തെ അന്തരം ഉണ്ടായിരിക്കാം. കഥയുടെ വികാസത്തിന് വേണ്ടിവരുന്ന രീതിയിൽ നാടക രചയിതാവ് സമയ-സ്ഥലങ്ങളുടെ വിതരണം നടത്തിയേക്കാം. പക്ഷേ യഥാർത്ഥ സമയത്തിന്റെ നൈരന്തര്യം, മുന്നോട്ട് മാത്രം പോവുകയും പിന്നോട്ട് പോകാതിരിക്കുകയും ചെയ്യുക, അയാൾക്ക് മറികടക്കാൻ ആവില്ല. മുമ്പ് കാണിച്ചതിൽ നിന്നും മുന്നോട്ട് സംഭവിച്ച കാര്യങ്ങളാണ് തിയറ്ററിൽ കഥയായി നമ്മുടെ മുന്നിൽ കാട്ടിക്കൊണ്ടിരിക്കുന്നത്. ക്ലാസിക്കൽ നാടക സങ്കല്പമനുസരിച്ച് ഉള്ള പൂർണമായ സമയയൈക്യം എല്ലാ നാടകത്തിനും ചേരാറില്ല. എങ്കിലും രണ്ടാം അങ്കത്തിന് മുമ്പ് നടന്ന കാര്യം മൂന്നാമംഗത്തിൽ അവതരിപ്പിക്കുന്ന നാടകം ലക്ഷ്യം മറന്നു എന്ന് നിശ്ചയമാണ്. തീർച്ചയായും നാടകത്തിനകത്തും മറ്റൊരു നാടകം ഉണ്ടാക്കാം. സ്റ്റേജിൽ എത്തുന്ന കഥാപാത്രങ്ങൾ പഴയ റോമൻ ചരിത്രത്തിനെ ഫ്രാൻസിലെ രാജാവിൻറെ മുൻപിൽ അവതരിപ്പിച്ചേക്കാം. എങ്കിലും അത് ഭൂതകാലത്തിന്റെ ഒരു അവലോകനമാണ്. അതും കാലത്തിൻറെ ക്രമാനുഗതികത്വത്തിലാണ് അവതരിപ്പിക്കുന്നത്. എന്നാൽ സിനിമയിൽ ആകട്ടെ ഭൗതിക ലോകത്തിൻറെ കാലാനുക്രമണികതയെ അനുസരിക്കുന്നതേ ഇല്ല. ഏത് നിമിഷവും സിനിമ സമയക്രമത്തെ ലംഘിച്ച് നമ്മെ ഭൂതകാലത്തിലേക്ക് കൊണ്ടുപോകാം. ഈ മഹത്തായ സ്വഭാവ സവിശേഷതയെ കുറിച്ച്, ഭാവനയെയും ഓർമ്മയെയും കുറിച്ച് മനശാസ്ത്രപരമായി വിശകലനം ചെയ്തപ്പോൾ നാം പഠിക്കുകയുണ്ടായി. നമ്മുടെ കൽപ്പനയുടെ പരിപൂർണ്ണ സ്വാതന്ത്ര്യത്തിലും ആശയങ്ങളുടെ പരസ്പരബന്ധത്താലുള്ള ചലനാത്മകതയായാലും ഭൂതകാല ചിത്രങ്ങൾ വർത്തമാനകാല രംഗങ്ങളെ വേഗതയിൽ കീറിമുറിക്കുന്നു. സമയം പിന്നിലാകുന്നു. പുരുഷൻ ആൺകുട്ടിയായി മാറുന്നു. ഇന്ന് മിനിഞ്ഞാന്നുമായി കൂട്ടിത്തയ്ക്കുന്നു. മനസ്സിൻറെ സ്വാതന്ത്ര്യം ബാഹ്യപ്രപഞ്ചത്തിന്റെ നിയമങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കുന്നു.              ഇന്നത്തെ കാലത്തെ നാടക കർത്താക്കൾ സിനിമയുടെ ഈ ഇടിമുഴക്കത്തെ മോഷ്ടിച്ച് കാലത്തെ കീഴ്മേൽ മറിച്ച് നടത്തുന്ന പരീക്ഷണങ്ങൾ നിരീക്ഷിക്കുന്നത് രസാവഹമാണ്. സൗന്ദര്യശാസ്ത്രപരമായി അവ വീക്ഷിക്കുന്ന പ്രേക്ഷകൻ തീരഭൂമിയിലാണ്. മുത്തശ്ശൻ ചെറുകുട്ടിയോട് തൻറെ യൗവനകാല കഥ ഒരു ഗുണപാഠമായി പറഞ്ഞു കൊടുക്കുന്നതിനു പകരം നമ്മുടെ കൺമുന്നിൽ പഴയകാല കഥ അതുപോലെ അവതരിപ്പിക്കുന്നത് ഒരു പരീക്ഷണമാണ്. ഇത് നാടകത്തിനുള്ളിലെ നാടകം തന്നെയാണ്. ഇതിൽ നിന്ന് വ്യത്യസ്തമായ ഒരു പരീക്ഷണം"Under Cover"എന്ന നാടകത്തിൽ ഉണ്ട്. മൂന്നാം അങ്കം കെട്ടിടത്തിന്റെ രണ്ടാം നിലയിൽ ഒരു പൊട്ടിത്തെറിയോടെ അവസാനിക്കുന്നു. നാലാമങ്കം താഴെ നിലയിലാണ് നടക്കുന്നത്. പൊട്ടിത്തെറിക്ക് കാൽമണിക്കൂർ മുൻപാണ് ഈ സംഭവങ്ങൾ നടക്കുന്നത്. നാടകശാലയുടെ അടിസ്ഥാന നിയമങ്ങളെ ഇവിടെ തെറ്റിച്ചിരിക്കുന്നു. അമേരിക്കൻ നാടകവേദിയിലെ പുതിയ ഉത്പന്നമായ"On Trial" സിനിമയിലെ സങ്കേതങ്ങളെ കയ്യടക്കിയിരിക്കുന്നു. അതിലെ കോടതി രംഗം നോക്കുക സാക്ഷികൾ ഓരോരുത്തരും തങ്ങളുടെ മൊഴികൾ രേഖപ്പെടുത്താൻ തുടങ്ങുന്നതും; അവർ പറയേണ്ട കാര്യങ്ങൾ സ്റ്റേജിൽ അവതരിപ്പിക്കപ്പെടുന്നു. മറ്റൊരു നാടകമായ"Between the Lines"ൽ ഒന്നാമങ്കം അവസാനിക്കുന്നത് പോസ്റ്റുമാൻ മൂന്ന് കുട്ടികളുടെ കത്തുകൾ കൊണ്ടുവരുന്നതോടെയാണ്. രണ്ടും മൂന്നും നാലും അങ്കങ്ങളിൽ മൂന്നു കത്തുകളും വായിക്കുന്നതിനൊപ്പം അവ വന്ന വീടുകളിൽ കത്തിലെ സംഭവങ്ങൾ നടക്കുന്നതായി അവതരിപ്പിക്കുകയും ചെയ്യുന്നു. അവസാന അങ്കത്തിൽ മൂന്ന് കത്തുകൾ വന്നതിൽ തുടങ്ങി' മൂന്ന് വീടുകളിലും നടന്ന സംഭവങ്ങൾ അവസാനിച്ചതായി പറയുന്നു. ഇത്തരം പരീക്ഷണങ്ങൾ ധ്വന്യാത്മകം ആയിരിക്കുമ്പോഴും ശുദ്ധമായ നാടകകലക്ക് യോജിച്ചതല്ല. എല്ലായിപ്പോഴും കലകളുടെ സാങ്കര്യം സാധ്യമാണ്. ഒരു ഇറ്റാലിയൻ പെയിന്റർക്ക് തൻറെ ചിത്രത്തിനിടയിൽ ഗ്ലാസ്, കയർ ,കല്ല് എന്നിവയെല്ലാം സ്ഥാപിക്കാൻ കഴിയും. പക്ഷേ അത് ശുദ്ധമായ പെയിന്റിംഗ് അല്ല .പിന്നീട് നടന്ന സംഭവം ആദ്യം അവതരിപ്പിക്കുന്നത് സൗന്ദര്യശാസ്ത്രപരമായ പ്രാകൃതത്വമാണ് നാടകത്തിൽ. അതിഭാവുകത്വം കലർന്ന ഒരു നാടകത്തെ രസിപ്പിക്കുന്ന ഒരു സൂത്രമാണത് .എന്നാൽ ഏറെ പ്രതീക്ഷകളുള്ള ഒരു നാടകത്തിൽ ഇത് അനുവദനീയമല്ല. സമയത്തിന്റെ ഭൗതികമായ യാന്ത്രിക ക്രമം സിനിമയ്ക്ക് ബാധകം അല്ല. നമ്മുടെ മനസ്സ് എവിടേക്കും സഞ്ചരിക്കാം, ഭൂതത്തിലേക്കും വർത്തമാനത്തിലേക്കും. സിനിമയ്ക്കും മനസ്സിൻറെ ഈ സ്വാതന്ത്ര്യത്തിലുടെ സമയക്രമത്തിന്റെ ബന്ധനത്തെ തകർക്കാനാവും. നാടകംസമയത്തിന്റെയും സ്ഥലത്തിന്റെയും മാത്രം ബന്ധനത്തിൽ അല്ല.പ്രകൃതിയെ നയിക്കുന്ന കാരണത്തിന്റെ (Casuality)നിയമങ്ങൾ അതുപോലെ നാടകത്തെയും നിയന്ത്രിക്കുന്നു .കാരണത്തിന് കാര്യം എന്ന ക്രമത്തിൽ സംഭവങ്ങൾ കാരണത്തെ അടിസ്ഥാനമാക്കി ഭൗതിക ലോകത്തിലേതുപോലെ കടന്നുവരുന്നു. ഈ കാരണത്വം സിനിമ പൂർണ്ണമായും ഉപേക്ഷിക്കുന്നു .മന:ശാസ്ത്ര വിശകലനത്തിൽ നാം ചൂണ്ടിക്കാണിച്ചത് പോലെ യാഥാർത്ഥ്യത്തിൽ നിന്നുമുള്ള അകൽച്ച നിരന്തര ചലനത്തിലൂടെ രൂപപ്പെടുന്ന "യാഥാർത്ഥ്യം" മുതൽ ആരംഭിക്കുന്നു .മനസ്സിൻറെ പ്രത്യേക സ്വഭാവമാണ് വിവിധ ചിത്രങ്ങളെ കൂട്ടിയോജിപ്പിച്ച് ചലനത്തിന്റെ തോന്നൽ ഉണ്ടാക്കുന്നത്. കാഴ്ചയുടെ സമഗ്രതയെയാണ് നാം അനുഭവിക്കുന്നത്. അനേകം അരുവികൾ ചേർന്ന് ഒരു വെള്ളച്ചാട്ടം എണ്ണമറ്റ ജലത്തുള്ളികൾ ആയിരിക്കുമ്പോഴും വെള്ളച്ചാട്ടം എന്ന സമഗ്രചലനം ആയിരിക്കുമ്പോലെയാണ് അത് .ജലത്തുള്ളികളുടെ എണ്ണപ്പെരുപ്പവും വേഗതയും ബോധ്യമായിരിക്കുമ്പോഴും വെള്ളച്ചാട്ടത്തിന്റെ അനുഭവം ഉണ്ട്. വിവിധ ചിത്രങ്ങളുടെ വെള്ളച്ചാട്ടത്തിൽ കാരണത്വത്തിന്റെ തത്വങ്ങൾ പൂർണമായും ഇല്ലാതാവുന്നു.                                   (തുടരും)


 



41 views0 comments

Related Posts

bottom of page