top of page

ചലനചിത്രങ്ങളുടെ വഴികൾ (ഭാഗം 3) (The means of photoplay) ഹ്യൂഗോ മുൺസ്ററർബർഗ് (Hugo Munsterberg)

ചലച്ചിത്രപഠനവിവർത്തന പരമ്പര - 3
വിവ: ഡോ ഡി വി. അനിൽകുമാർ

ഒരു ക്രമത്തിലുള്ള ചിത്രങ്ങളുടെ മേൽ മറ്റൊരു ക്രമത്തിലുള്ള ചിത്രങ്ങൾ നടത്തുന്ന അധിനിവേശത്തിലൂടെ കാരണത്തിന് മേൽ സിനിമ വിജയം കൈവരിക്കുന്നു. ഒരു രംഗത്തിൽ നിന്നും അടുത്തതിലേക്കുള്ള മാറ്റത്തിൻറെ സന്ദർഭങ്ങളിൽ ഇത് കൂടുതൽ വ്യക്തമാകും. പ്രകൃത്യായുള്ള കാരണത്വമനുസരിച്ചല്ല ഈ രംഗമാറ്റം. ഒരു പ്രവർത്തനത്തിന്റെ കാരണം അതിൻറെ കാര്യം ഉൽപ്പാദിപ്പിക്കും മുൻപ് അടുത്ത രംഗം വരുന്നു. ഈ രംഗം ഒരു കാര്യത്തെ ആയിരിക്കാം അവതരിപ്പിക്കുന്നത് .അതിൻറെ കാരണം നമുക്ക് അറിയുകയും ഇല്ല. അങ്ങനെ കാരണത്വം ലംഘിക്കപ്പെടുന്നു. മാത്രമല്ല കാരണത്വമില്ലാതെ രംഗങ്ങൾ തമ്മിൽ ഈഴ കൂടുന്നു. ഒരേ സ്ഥലത്ത് വിഭിന്ന വസ്തുക്കൾ വന്നുചേരുന്നത് പോലെയാണ് ഇത്. ബാഹ്യലോകത്തിൻറെ എല്ലാ പ്രതിരോധങ്ങളെയും തകർത്ത് വസ്തുക്കൾ പരസ്പരം കുത്തിക്കയറുന്നു. ആശയങ്ങളുടെ കൂട്ടിയിണക്കലിലൂടെ ഭൗതികതയുടെ എല്ലാ നിയമങ്ങളെയും മറികടന്ന് ഉദാത്തമായ അനുഭവം നമുക്ക് ഇത് കാണുന്നതിലൂടെ ലഭിക്കുന്നു. നാടകശാലയ്ക്ക് ഈ അനുഭവം തരാനുള്ള സാങ്കേതിക പരിജ്ഞാനം ഇല്ല. ഉണ്ടെങ്കിൽ പോലും അത് ഉപയോഗിക്കാനുള്ള ധാർമികത അതിന് ഇല്ല. നാടകത്തിൻറെ അടിസ്ഥാന നിയമങ്ങളെ അത് തകർക്കും. ഒരു ക്രമത്തിലെ ചിത്രങ്ങൾക്കുശേഷം വരുന്ന അടുത്ത ക്രമത്തിലെ ചിത്രങ്ങളുടെ വരവ് കാഴ്ചക്കാരനിലെ മാനസികമായ ധ്വന്യാത്മകതയെ ഉണർത്താനാണ് ഉപയോഗിക്കുന്നത്. നാം അതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളതാണ്. ചില കാരണങ്ങൾ ചേർന്ന് ഒരു ഫലത്തെ ഉല്പാദിപ്പിക്കുന്നു. അവ പ്രത്യക്ഷമാകാൻ തുടങ്ങുമ്പോൾ ഫിലിം മുറിച്ചുമാറ്റപ്പെടുന്നു. ഫലമില്ലാത്ത കാരണങ്ങൾ മാത്രം നമ്മുടെ കൺമുമ്പിൽ ഉണ്ട്. വില്ലൻ കത്തികുത്തി കയറ്റുന്നു- ഒരു മാന്ത്രികത അവൻറെ ഇരയെ പിടിച്ചു വലിച്ചു കളയുന്നു.


                   ചലിക്കുന്ന ചിത്രങ്ങൾ സ്ഥലകാലാതീതമായ ലോകത്തേക്ക് ഉയർത്തപ്പെടുകയും കാരണത്വവും ഇവയും സ്വതന്ത്രമാക്കപ്പെടുകയും ചെയ്യുന്നതിലൂടെ ഒരു നിയമത്തിനും വിധേയമാകാതെ വരുന്നില്ല. തിളങ്ങുകയും പ്രവഹിക്കുകയും ചെയ്യുന്ന സംഗീതത്തിന്റെ ഈണ സമാനമായ സ്വഭാവമാണ് ഈ ചിത്രങ്ങൾ ക്രമം വിട്ട് മാറി കളിക്കുന്നതിലൂടെ സംഭവിക്കുന്നത്. മാനസിക ശക്തികളുടെ ശ്രദ്ധയിലും വികാരങ്ങളിലുമുള്ള ചലനങ്ങൾ സിനിമാ ദൃശ്യങ്ങളിൽ പ്രകടമാകുന്നത് സമ്പൂർണ്ണമായി സംഭവിക്കുന്നത് സംഗീതാത്മകമായ മെലഡികളിലാണ്. അവിടെ ഈണങ്ങൾ ആശയങ്ങളുടെയും വികാരങ്ങളുടെയും പ്രതിഫലനം മാത്രം ആവുകയും മാനസിക ഭാവങ്ങളായി പരിണമിക്കുകയും ചെയ്യുന്നു. അവയുടെ ക്രമവും അക്രമവും, ചേർച്ചയും കൂടിക്കലരലും ബാഹ്യമായ ഏതെങ്കിലും ആവശ്യമനുസരിച്ച് ഉണ്ടാകുന്നതല്ല. ആന്തരികമായ സമ്മതവും വിസമ്മതവും ആണ് നമ്മുടെ സ്വതന്ത്രമാനസികചോദനകളുടെ സഹായത്തോടെ ഇത് നിർവഹിക്കുന്നത്. പ്രായോഗിക ജീവിതത്തിൻറെ അയവ് സംഗീതസംവിധായകൻറെ കഠിനമായ നിയമങ്ങൾക്കടിയിൽ ഇല്ല. തൻറെ സംഗീതത്തിന് ഏകത്വം നൽകുന്ന നിയമങ്ങളുടെ കാർക്കശ്യത്തിൽ നിന്ന് രക്ഷപ്പെടാൻ, എത്രത്തോളം ഒരു സംഗീതജ്ഞൻ പ്രതിഭാധനനാണോ അത്രത്തോളം കഴിയുന്നില്ല. മറ്റെല്ലാ കലകളെയും എന്നപോലെ സംഗീതവും ഈ അടിസ്ഥാന നിയമങ്ങളെ പാലിക്കുന്നു. സംഗീത വിദ്യാർത്ഥികൾ സംഗീതത്തിൻറെ പല ഘടകങ്ങളെയും പഠിക്കുമ്പോഴും ഈ യാഥാർത്ഥ്യത്തിൽ നിന്നും അകലുന്നില്ല. സിനിമയുടെ കാര്യത്തിൽ സ്ഥലം കാലം തുടങ്ങിയ ഭൗതികമായ രൂപങ്ങളിൽ നിന്നുള്ള വിമോചനം സൗന്ദര്യശാസ്ത്രപരമായ നിയന്ത്രണത്തിൽ നിന്ന് അതിന് മോചനം നൽകുന്നില്ല. സാഹിത്യത്തേക്കാൾ സാങ്കേതിക നിയമങ്ങൾ സംഗീതത്തിൽ പാലിക്കപ്പെടുന്നതുപോലെ നാടകത്തേക്കാൾ സൗന്ദര്യശാസ്ത്ര നിയമങ്ങൾ സിനിമയ്ക്ക് പാലിക്കേണ്ടി വരുന്നു. ബാഹ്യ ലോകവുമായി ബന്ധപ്പെട്ടതും സ്ഥലം സമയം കാരണത്വം എന്നിവയോട് ഘടിതവുമായ കലകളെ സംബന്ധിച്ചിടത്തോളം അവയ്ക്ക് ഘടനാപരമായ ദൃഢത ഉണ്ടായിരിക്കും.ഈ ഘടനകളെ ഉപേക്ഷിക്കുകയും ബാഹ്യമായ ആവശ്യകതയുടെ സ്ഥാനത്ത് മാനസികമായ സ്വാതന്ത്ര്യം കടന്നു വരികയും ചെയ്യുമ്പോൾ എല്ലാ ഘടകങ്ങളും പരസ്പരം അകലുകയും സൗന്ദര്യത്മകമായ ഏകത്വം അവഗണിക്കപ്പെടുകയും ചെയ്യും.


                    ഈ ഏകത്വത്തിൽ ആദ്യത്തേത് ക്രിയകളുടെ ഐക്യമാണ്. നാടകത്തിലെ ഈ ഘടകത്തെ അവഗണിക്കാനുള്ള പ്രവണതയാണ് സിനിമയെ മറ്റുള്ള ബാഹ്യ ഘടകങ്ങളെ അനായാസം ഉൾക്കൊള്ളിക്കാനും സ്വതന്ത്ര താൽപര്യങ്ങളെ വികസിപ്പിക്കാനും പ്രേരിപ്പിക്കുന്നത്. മറ്റുള്ള കലകളെപ്പോലെ സിനിമയും ക്രിയയുടെ ഐക്യത്തിന് ഗുണകരമല്ലാത്ത ഒന്നിനെ നിലനിർത്താനുള്ള പ്രേരണ വഹിക്കുന്നില്ല. ക്രിയയുടെ ഐക്യത്തെ നശിപ്പിക്കുന്ന അധികപ്രസംഗവും പ്രചാരണാത്മകതയും ക്രിയയുമായി ഇണക്കി അവതരിപ്പിക്കാതിരിക്കുമ്പോൾ നാം കലയുടെ മൂല്യത്തെ ശൂന്യമാക്കുന്നു. ദി ബാറ്റിൽക്രൈ ഓഫ് പീസ് (The battlecry of peace) കാണികൾക്ക് നൽകിയ ആശയക്കുഴപ്പവും അരോചകത്വവും നിറഞ്ഞ പ്രകടനം നമ്മുടെ ഓർമ്മയിലേക്ക് പെട്ടെന്ന് കടന്നു വന്നേക്കാം. ഏകത്വത്തെ തകർക്കുന്നതും, അധികത്വത്തിലൂടെ കാണികളെ ആകർഷിക്കുന്നതും, കലയുടെ അടിസ്ഥാന തത്വങ്ങളെ വിസ്മരിക്കുന്നതും, അതിലൂടെ കലാസ്വാദന സ്വഭാവത്തെ ഇല്ലാതാക്കുന്നതുമായ ഇത്തരം അവതരണങ്ങൾ ജനങ്ങളുടെ സൗന്ദര്യ ബോധത്തിന്റെ വളർച്ചയ്ക്ക് ഹാനികരമാണ്. ഈ ഏകത്വം എന്നത് പൂർണ്ണമായ ഒറ്റപ്പെടൽ ആണെന്നും നാം തിരിച്ചറിയണം. സ്വകാര്യ താൽപര്യങ്ങളുമായി കലാസൃഷ്ടിയെ കൂട്ടിക്കുഴക്കുന്നതിലൂടെ നാം സൗന്ദര്യത്തെ നശിപ്പിക്കുകയും കാണികളെ സ്വാർത്ഥതല്പരരായ രണ്ടാം തരക്കാർ ആക്കി മാറ്റുകയും ചെയ്യുന്നു. നാടകത്തിൻറെ പശ്ചാത്തലം നാം ഉടൻ സന്ദർശിക്കാൻ പോകുന്ന സ്ഥലത്തിൻറെ ചിത്രം ആയിരിക്കരുത്. ഡിപ്പാർട്ട്മെൻറ് സ്റ്റോറിലെ സാധനങ്ങൾ മുഴുവൻ പ്രദർശിപ്പിക്കുന്ന മുറിയായിരിക്കരുത് സ്റ്റേജിൽ വരേണ്ടത്. പിറ്റേന്ന് നിങ്ങൾ തെരുവിൽ കണ്ടുമുട്ടിയേക്കാവുന്നവർ ആയിരിക്കരുത് ഇതിവൃത്തത്തെ മുന്നോട്ടു നയിക്കുന്നവരായ സ്ത്രീപുരുഷന്മാർ. നമ്മുടെ ബാഹ്യ താൽപര്യങ്ങൾക്ക് വിധേയമാകാത്ത എല്ലാ നൂലുകളെയും കോർത്തിണക്കി ഉണ്ടാക്കിയത് ആയിരിക്കണം നാടകം. നല്ല സിനിമ തീർച്ചയായും ഒറ്റപ്പെട്ടതും സ്വയം പൂർണവും ആയിരിക്കും; ഒരു മെലഡി പോലെ. ഏറ്റവും പുതിയ ഫാഷനുകൾക്കായുള്ള പരസ്യമായിരിക്കില്ല അത് (A good photoplay must be isolated and complete in itself like a beautiful melody. It is not an advertisement for the newest fashions).

              ക്രിയയുടെ ഐക്യം കഥാപാത്രങ്ങളുടെ ഐക്യം ആവശ്യപ്പെടുന്നു. സിനിമയുടെ സിദ്ധാന്തം രൂപീകരിച്ചവർ കഥാപാത്ര വികാസം നാടകത്തിൻറെ പ്രധാന സ്വഭാവമാണെന്നും സിനിമയിൽ വാക്കുകൾ ഇല്ലാത്തതിനാൽ ടൈപ്പ് കഥാപാത്രങ്ങളുടെ സൃഷ്ടി കൊണ്ട് സിനിമയുടെ കാര്യം നടപ്പാക്കാം എന്നും സ്ഥാപിച്ചിരിക്കുന്നു. ഇന്നത്തെ സിനിമകൾക്ക് മറിച്ച് കടക്കാൻ കഴിയാതിരിക്കുന്ന ആ അസംസ്കൃത അവസ്ഥയുടെ പ്രതിഫലനമാണ് ഈ സിദ്ധാന്തം. ആഴത്തിൽ പരിശോധിക്കുമ്പോൾ സങ്കീർണമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സിനിമ എന്തുകൊണ്ട് അനുവദിക്കുന്നില്ല എന്നത് സാധൂകരണം ഇല്ലാതെ നിലനിൽക്കുന്ന യാഥാർത്ഥ്യമാണ്. ആശയത്തോട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ കഥാപാത്ര സ്വഭാവം സ്ഥിരതയോടെ നിൽക്കേണ്ടതാണ് എന്നതാണ് പ്രധാന ആവശ്യമായി ഉന്നയിക്കപ്പെടുന്നത്. എന്തായാലും ഐക്യത്തെ പ്രധാനമായി കാണുന്ന നമ്മെ സംബന്ധിച്ചിടത്തോളം നാടകത്തിന് ഉള്ളടക്കം നൽകുന്ന ക്രിയയെക്കുറിച്ച് മാത്രം പറയാനുള്ള അവകാശം മാത്രമല്ല ഉള്ളത്. രൂപത്തെക്കുറിച്ച് നാം ഒന്നും വെളിപ്പെടുത്തിയിട്ടില്ല. സംഗീതത്തിൽ വരികളും ഈണവും ഇണങ്ങുന്നു. പെയിന്റിങ്ങിൽ ഓരോ ചായമിശ്രണവും വിഷയങ്ങളോട് ഇണങ്ങണമെന്നില്ല. കവിതയിലെ എല്ലാ ഭാഗങ്ങളും പ്രധാന ആശയത്തിന് ഇണങ്ങണമെന്നില്ല. സിനിമയിൽ ക്രിയയും ചിത്രങ്ങളുടെ ഐക്യവും പൂർണതയെ പ്രാപിക്കേണ്ടതാണ്. ചിത്രകാരൻ തൻറെ പെയിൻറിംഗിലെ ഘടകങ്ങളുടെ സമ്യക്കായ സംയംപൂർണതയെ കണ്ടെത്തണം. വരകളും വളവുകളും നിറങ്ങളും കൂട്ടിക്കലർത്തി സൃഷ്ടിക്കുന്ന ഐക്യമാണ് വിവക്ഷിതം. അങ്ങനെ ചിത്രത്തിന് ആന്തരികമായ ഏകത്വം ലഭിക്കുന്നു. ഒരു റീലിലെ 16000 ചിത്രങ്ങളിൽ ഓരോന്നും നമുക്ക് കാട്ടിത്തരുന്നത് ചലച്ചിത്രകാരന്റെ ഈ ഐക്യബോധമാണ്. 

        സിനിമ നമുക്ക് സർവ്വപ്രധാനമായ മനുഷ്യക്രിയകളുടെ സംഘർഷത്തെ ചലിക്കുന്ന ചിത്രങ്ങളിലൂടെ കാട്ടിത്തരുന്നു. ആ ചിത്രങ്ങൾ ഭൗതിക രൂപങ്ങളായ സ്ഥലം, കാലം, കാരണത്വം എന്നിവയിൽ നിന്ന് സ്വതന്ത്രവും, നമ്മുടെ മാനസിക അനുഭവങ്ങളുടെ സ്വതന്ത്രമായ ലീലയ്ക്കായി രൂപപ്പെടുത്തിയതും ആണ്. പ്രായോഗിക ലോകത്തിൽ പൂർണമായ ഒറ്റപ്പെടൽ സാധ്യമാകും വിധം ഇതിവൃത്തവും, ചിത്രങ്ങളുടെ സാന്നിധ്യവും തമ്മിലുള്ള സമ്പൂർണ്ണമായ ഐക്യവും സാധിച്ചിരിക്കുന്നു.


 


0 comments

Related Posts

bottom of page