ചലച്ചിത്രപഠനം
പന്ത്രണ്ട് വർഷം മുമ്പാണ് , കൊച്ചിയില്‍ വെച്ച് , അവരെ കണ്ടുമുട്ടുന്നത് . അച്ഛനും അമ്മയും മൂന്നു മക്കളും ചലച്ചിത്ര സംവിധായകര്‍ ആയ ഒരു കുടുംബം. നടനും നര്‍ത്തകനും ആയ രവീന്ദ്രന്‍ സംഘടിപ്പിച്ച കൊച്ചി അന്താരാഷ്ട്ര ചലച്ചിത്രമേളയായിരുന്നു അതിനൊരു അവസരം ഒരുക്കിയത് .
മുപ്പതു വർഷം മുമ്പ് , ബാംഗ്ലൂരില്‍ വെച്ച് നടന്ന ഇന്ത്യയുടെ അന്താരാഷ്ട്രമേളയില്‍ വെച്ചാണ് ആദ്യമായി ഇറാനില്‍ നിന്നുള്ള സിനിമകള്‍ കാണുന്നത് . സമ്പന്നവും ഹൃദ്യവും ആയിരുന്നു ആ അനുഭവം .നാട്ടില്‍ തിരിച്ചെത്തിയ ഉടനെ ആ അനുഭവത്തെ കുറിച്ച് ഒരു ലേഖനം എഴുതുകയും ചെയ്തു .'ലോകസിനിമയില്‍ ഇറാന്‍'. അഞ്ചു ചിത്രങ്ങള്‍ കണ്ടു എന്നാണോര്‍മ്മ. അവയില്‍ രണ്ടു സിനിമകള്‍ മൊഹ്സന്‍ മഖ് മല്‍ബഫ് എന്ന ചലച്ചിത്രസംവിധായകനുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു . മഖ് മല്‍ബഫ് സംവിധാനം ചെയ്ത 'സൈക്ലിസ്റ്റ്' എന്ന ചിത്രത്തില്‍ , അദ്ദേഹത്തിന്‍റെ മകള്‍ സമീറ അഭിനയിക്കുന്നുണ്ട് . മഖ് മല്‍ബഫ് ആയി നടിച്ചുകൊണ്ട് , ഒരു കുടുംബത്തെ പറ്റിക്കുന്ന ഒരു യുവാവ് നായകനായ 'ക്ലോസ് അപ്പ്' ആണ് രണ്ടാമത്തെ ചിത്രം ചിത്രത്തിന്‍റെ അവസാനഭാഗത്ത്, മഖ് മല്‍ബഫ് തന്നെ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു . ഈ ചിത്രം സംവിധാനം ചെയ്തിട്ടുള്ളത്, പിന്നീട് ലോകപ്രശസ്തനായി മാറിയ , അബ്ബാസ് കിരോസ്താമിയാണ് . കേരളത്തിന്‍റെ അന്താരാഷ്ട്രചലച്ചിത്രമേളയില്‍ അരവിന്ദന്‍ സ്മാരകപ്രഭാഷണം നടത്തുവാന്‍ ഒരിക്കല്‍ അദ്ദേഹം തിരുവനന്തപുരത്ത് എത്തിയിരുന്നു .
സിനിമയുടെ നൂറാം വാര്‍ഷികവേളയില്‍ , 1995 ല്‍ , അദ്ദേഹം എടുത്ത ചിത്രമായ 'സലാം സിനിമ', 1987ല്‍ ലെ വര്‍ണ്ണശബളമായ 'ഗബ്ബെ', ഇറാനില്‍ നിന്നു സകുടുംബം പാരീസിലേയ്ക്ക് നാട് വിടേണ്ടി വന്ന ശേഷം എടുത്ത 'പ്രസിഡന്റ്' തുടങ്ങിയ സിനിമകളടക്കം ഇരുപതിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്ത മഖ് മല്‍ബഫ് എടുത്ത ആദ്യകാലചിത്രങ്ങളില്‍ ഒന്നാണ് 'ബോയ്കോട്ട്(ഇരുപത്തിയേഴു പുസ്തകങ്ങളും എഴുതിയിട്ടുണ്ട് ഈ ചലച്ചിത്രകാരന്‍) .
ഷായുടെ കാലത്ത് നടന്ന വിപ്ലവത്തില്‍ ഭാഗഭാക്കായിരുന്ന മഖ് മല്‍ബഫ് , അഞ്ചു വര്‍ഷം ജെയിലില്‍ കിടന്നു . 'ബോയ്കോട്ട് ' ആധാരമാക്കിയിരിക്കുന്നത്, ആ ജെയില്‍ അനുഭവമാണ് എന്നു കരുതപ്പെടുന്നു(പിന്നീട് ,സംവിധായകനായി ലോകപ്രശസ്തി നേടിയ മജീദ് മജീദിയാണ് നായകകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്) . ഇന്ത്യയുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്‍റെ ഒരു ചിത്രം : ദ സ്ക്രീം ഓഫ് ദി ആന്റ്സ് . ദൈവവിശ്വാസിയായ ഒരു യുവതി, ഒരവിശ്വാസിയായ യുവാവിനെ വിവാഹം ചെയ്യുന്നു . 1992 ല്‍ സംവിധാനം ചെയ്ത 'വണ്‍സ് അപ്പോണ്‍ എ ടൈം സിനിമ' എന്ന ചിത്രവും സിനിമയെ കുറിച്ചുള്ള ഒരു സങ്കീര്‍ത്തനം ആണ് . ശ്രദ്ധേയമായ ഒരു തുടക്കമാണ് ചിത്രത്തിലുള്ളത് . തന്‍റെ ചിത്രത്തില്‍ അഭിനയിക്കുവാന്‍ ആളുകളെ ക്ഷണിച്ചുകൊണ്ട് സംവിധായകന്‍ പത്രത്തില്‍ കൊടുത്ത പരസ്യം വായിച്ച്, അയ്യായിരത്തോളം പേരാണ് എത്തിയിരിക്കുന്നത് . കാറിനു മുകളില്‍ ഇരുന്നു കൊണ്ട് ഒരാള്‍ മൂവി ക്യാമറയുമെടുത്ത് , നീണ്ടു പോകുന്ന ക്യൂ പകര്‍ത്തുന്ന ഒരു ട്രാക്കിംഗ് ഷോട്ടാണ് ഈ തുടക്കം.
ഭാര്യയുടെ മരണശേഷം , അഞ്ചു വർഷം കഴിഞ്ഞാണ്, അവരുടെ സഹോദരിയായ മര്‍സിനി മെഷ്കിനിയെ മഖ് മല്‍ബഫ് വിവാഹം ചെയ്യുന്നത് . മെഷ്കിനി സംവിധാനം ചെയ്ത 'ദ ഡെ ഐ ബികെയിം എ വുമന്‍',മൂന്നു കഥകള്‍ ചേര്‍ത്തു വെച്ച് , ഇറാനിലെ സ്ത്രീജീവിതത്തെ കുറിച്ച് എടുത്ത സിനിമയാണ് . വെനീസ് ചലച്ചിത്രമേളയില്‍ യുനെസ്കോ അവാര്‍ഡ് നേടിയ ഈ ചിത്രം , കോഴിക്കോട് സര്‍വ്വകലാശാലയില്‍ ബിരുദവിദ്യാര്‍ത്ഥികള്‍ക്ക് പറിക്കാനുണ്ടായിരുന്നു . ഈ ചിതത്തിലെ രണ്ടാമത്തെ കഥയില്‍ നാം കാണുന്നത് , ഉടനീളം ഒരേ കാഴ്ച്ച തന്നെയാണ് . കുറച്ചു യുവതികള്‍ കടല്‍തീരപാതയിലൂടെ സൈക്കിള്‍ ഓടിച്ചുകൊണ്ടേയിരിക്കുന്നു . തന്‍റെ ഭാര്യയും ഈ 'സൈക്കിള്‍ കലാപ'ത്തില്‍ പങ്കെടുക്കുന്നുണ്ട് എന്നു മനസ്സിലാക്കിയ ഒരാള്‍, ഇതില്‍ നിന്നു പിന്തിരിപ്പിക്കാനായി . കുതിരപ്പുറത്തു പിന്തുടരുകയാണ് . ആദ്യകഥയിലെ നായികയുടെ മുന്നില്‍ , ഒമ്പതു വയസ്സ് തികയുന്നതിന്റെ ഭീഷണി നിഴല്‍ വീഴ്ത്തി നില്‍ക്കുകയാണ് . ഒരു ആണ്‍കുട്ടിയുമൊത്ത് കളിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിക്ക് , ഒമ്പതു വയസ്സ് തികയുന്നതോടെ ,ആ സ്വാതന്ത്ര്യം നഷ്ടപ്പെടുവാന്‍ പോകുകയാണ് . മൂന്നാമത്തെ കഥയിലെ നായിക , ഒടുവില്‍ ,വാര്‍ദ്ധക്യത്തില്‍ , സ്വാതന്ത്ര്യം കണ്ടെത്തിയിരിക്കുന്നു . വിമാനത്തില്‍ വന്നിറങ്ങിയ അവര്‍ , ഈ സ്വാതന്ത്ര്യം ആഘോഷിക്കുന്നത് , ഇഷ്ടമുള്ള സാധനങ്ങളെല്ലാം വാരിവലിച്ചു വാങ്ങിക്കൊണ്ട് ,മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നു .
മഖ് മല്‍ബഫിന്റെ മകള്‍ സമീറ , കാന്‍ ചലച്ചിത്രമേളയില്‍ 'ദി ആപ്പിള്‍' എന്ന തന്‍റെ ആദ്യചിത്രവുമായി എത്തുമ്പോള്‍ ,അവര്‍ക്ക് പതിനേഴു വയസ്സു മാത്രമായിരുന്നു പ്രായം രണ്ടാമത്തെ ചിത്രം , 'ദ ബ്ലാക്ക് ബോര്‍ഡ്സ്' 1999 കാനില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുകയും ജൂറി പ്രൈസ് നേടുകയും ചെയ്തു . സ്പാനിഷ് എഴുത്തുകാരന്‍ ലോര്‍ക്കയില്‍ നിന്നു ശീര്‍ഷകം സ്വീകരിച്ച 'എറ്റ് ഫൈവ് ഇന്‍ ദി ആഫ്റ്റെര്‍നൂണ്‍' , 2003 ല്‍ ദല്‍ഹിയില്‍ വെച്ച് നടന്ന ഇന്ത്യയുടെ അന്താരാഷ്ട്രചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ പീകോക്ക്' നേടി . 2000 ത്തിലെ കാന്‍ മേളയില്‍ പങ്കെടുത്ത സന്ദര്‍ഭത്തില്‍ അവര്‍ നടത്തിയ ഒരു പ്രഭാഷണത്തിന്‍റെ പ്രസക്തി ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല(The Digital Revolution and the Future of Cinema). കൊച്ചിയില്‍ വെച്ച് നടത്തിയ ഒരഭിമുഖത്തില്‍ അവര്‍ പറഞ്ഞ ഒരു വാക്യം ആയിരുന്നു , അഭിമുഖത്തിന് ശീര്‍ഷകം ആയി കൊടുത്തത് :''ഒന്നിനും ഒരു കാരണം മാത്രമല്ല ഉള്ളത് ''.
സമീറയുടെ ഇളയ സഹോദരി ഹനയുടെ സിനിമയുടെ ബന്ധം ഒരര്‍ത്ഥത്തില്‍ മൂന്നു വയസ്സില്‍ തന്നെ തുടങ്ങി . കാന്‍ മേളയില്‍ മഖ് മല്‍ബഫ് കുടുംബത്തിലെ ഒരംഗം എന്ന നിലയ്ക്ക് കാനില്‍ എത്തിയ ഹന, 2003 ല്‍ ,'ഉന്മാദത്തിന്‍റെ ആനന്ദ'(The Joy of Madness)വുമായി ,സംവിധായികയായി ,കാനില്‍ എത്തുന്നത് , സഹോദരിയുടെ 'ദ ബ്ലാക്ക് ബോര്‍ഡ് സ്' എന്ന ചിത്രം അഫ്ഘാനിസ്ഥാനില്‍ വെച്ച് ഷൂട്ട് ചെയ്യുമ്പോള്‍ , ഹന എടുത്ത ഡോകുമെന്ററിയാണ് ഈ സിനിമ. പ്രായക്കുറവ് കാരണം ആരുടെയും ശ്രദ്ധയാകര്‍ഷിക്കാതെ ഷൂട്ട് ചെയ്യുവാന്‍ ഹനയ്ക്ക് കഴിഞ്ഞു എന്നതു കൊണ്ടാണ് , ചേച്ചിയുടെ ചലച്ചിത്രനിര്‍മ്മാണത്തെ കുറിച്ചുള്ള ഈ ചിത്രം ഒരു യാഥാര്‍ത്ഥ്യമായത്. ഹനയുടെ ഏറ്റവും പ്രശസ്തമായ ചിത്രം 'ബുദ്ധ കൊളാപ്സ്ഡ് ഔട്ട് ഓഫ് ഷെയിം' ആണ് . 2007 ല്‍ എടുത്ത ഈ ചിത്രം , താലിബാന് ശേഷമുള്ള നാളുകളില്‍ പുതിയതായി തുറന്ന സ്കൂളില്‍ ചേര്‍ന്നു പഠിക്കാന്‍ ആഗ്രഹിക്കുന്ന ഒരഞ്ചു വയസ്സുകാരിയുടെ കഥ അവതരിപ്പിക്കുന്നു . താലിബാന്‍ തകര്‍ത്ത ബാമിയാന്‍ ബുദ്ധപ്രതിമകള്‍ ആണ് ശീര്‍ഷകത്തില്‍ പരാമര്‍ശിക്കപ്പെടുന്നത് . ബെര്‍ലിന്‍,ടോകിയോ,റോം,തെസ്സലനോകി ,തുടങ്ങിയ ഇടങ്ങളില്‍ നിന്നായി പത്തോളം അന്താരാഷ്ട്ര അവാര്‍ഡുകള്‍ ഈ ചിത്രം നേടി . എട്ടാമത്തെ വയസ്സിലാണ് ഒരു ഹ്രസ്വചിത്രവുമായി ഹന ലൊകാര്‍നൊ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത് .
മഖ് മല്‍ബഫിന്‍റെ മകനും സഹോദരിമാരെ പോലെ തന്നെ സിനിമയുടെ ലോകത്തില്‍ തന്നെയാണ് ജീവിക്കുന്നത് . മെയ് സം എഡിറ്ററും ഛായാഗ്രാഹകനും സംവിധായകനും ആണ്. 'ഹൌ ദ ബ്ലാക്ക് ബോര്‍ഡ് വാസ് മെയ്‌ഡ്' ആണ് സംവിധാനം ചെയ്ത ചിത്രം . അച്ഛനം മകനും കേന്ദ്രകഥാപാത്രങ്ങളായ ഒരു ചിത്രമാണ് 'ദ ഗാര്‍ഡനര്‍'.ഇറാനില്‍ നിഷിദ്ധമായ ബഹായ് വിശ്വാസമാണ് പ്രമേയം . പശ്ചാത്തലം ഇസ്രായേലിലെ ഹയ് ഫി പൂന്തോട്ടവും . ആദ്യകാലചിത്രങ്ങളിലൊന്നായ 'ഗബ്ബെ'യിലെന്നതുപോലെ , ദൃശ്യശബളിമ , സംഭാഷണപ്രധാനമായ ഈ ചിത്രത്തിന്‍റെയും ഒരു സവിശേഷതയാണ് . ബഹായ് മതം ജന്മം കൊണ്ടത് ഇറാനില്‍ ആണ് എങ്കിലും ഇപ്പോള്‍ അവിടെ ആര്‍ക്കും അതു പരസ്യമായി പിന്തുടരുവാന്‍ സാധിക്കുകയില്ല (ഇന്നലെയാണ് അവിടെ പതിനാല് പേരെ മുപ്പത്തിയൊന്നു വര്‍ഷത്തെ തടവിന് വിധിച്ചിരിക്കുന്നത് ).
മഖ് മല്‍ബഫ് കുടുംബത്തിന്‍റെ ഈ ചിത്രങ്ങളെല്ലാം നിര്‍മ്മിക്കുന്നത് , 'മഖ് മല്‍ബഫ് ഫിലിം ഹൗസ്' ആണ് . ഈ കുടുംബം തന്നെയാണ് എല്ലാവരുടെയും ചലച്ചിത്രവിദ്യാലയവും .
ഐ. ഷൺമുഖദാസ്