top of page

സി.ജെ : കലയുടെയും കലഹത്തിന്‍റെയും കാതല്‍

സാഹിത്യ വിമർശനം

സി.ജെ : ജീവിതവും ചിന്തയും

കേരളത്തിന്‍റെ ചിന്താചരിത്രത്തില്‍ സ്വാതന്ത്ര്യത്തിന്‍റെയും മൗലികതയുടെയും വെളിച്ചം പ്രസരിപ്പിച്ച അപൂര്‍വ്വം വ്യക്തികളില്‍ ഒരാളാണ് സി.ജെ. തോമസ്. മതം, തത്ത്വചിന്ത, രാഷ്ട്രീയം, കല, സംസ്കാരം ഇവയില്‍ പടര്‍ന്നു പന്തലിച്ച വിഷവൃക്ഷങ്ങളുടെ കടയ്ക്കല്‍ കോടാലി വീഴ്ത്തുവാന്‍ ശ്രമിച്ച ഏകാകിയും സാഹസപ്രിയനുമായിരുന്ന സി.ജെ. കേവലം 42-ാമത്തെ വയസ്സില്‍ വിടപറഞ്ഞുവെങ്കിലും കേരളചിന്തയില്‍ നടത്തിയ അര്‍ത്ഥദീര്‍ഘമായ ഇടപെടലുകള്‍ ഇന്നും സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും സ്വതന്ത്രചിന്തകര്‍ക്കും ആവേശം പകരുന്നൊരു ഓര്‍മ്മയാണ്. 'സൃഷ്ടിയാണ് സമരം' എന്നതായിരുന്നു തന്‍റെ ധൈഷണിക ജീവിതത്തിലൂടെ സി.ജെ. നല്‍കിയ മഹത്തായ സന്ദേശങ്ങളിലൊന്ന്. മനുഷ്യരുടെ ഭൗതികവും ആത്മീയവുമായ വികാസത്തിനു പ്രതിബന്ധമായി നില്‍ക്കുന്ന എല്ലാ അധികാര വ്യവസ്ഥകളെയും മറികടന്നു പോകാനും സ്വയം തിരിച്ചറിയാനും പ്രേരിപ്പിക്കുന്നവയാണ് അദ്ദേഹത്തിന്‍റെ രചനകള്‍. സാഹസികതയും സര്‍ഗ്ഗാത്മകതയും ദുരന്തങ്ങളും നിറഞ്ഞ ആ ജീവിതത്തെ വല്ലാത്ത നഷ്ടബോധത്തോടു കൂടിയേ ഓര്‍ക്കാന്‍ കഴിയൂ.

കൂത്താട്ടുകുളത്ത് ചൊള്ളമ്പേല്‍ കുടുംബത്തില്‍ ക്രൈസ്വ പുരോഹിതനായ യോഹന്നാന്‍ കോര്‍എപ്പിസ്കോപ്പ-അന്നമ്മ ദമ്പതികളുടെ അഞ്ചുമക്കളില്‍ ഇളയവനായി 1918 നവംബര്‍ 14 നാണ് സി.ജെ. ജനിച്ചത്. സ്കൂള്‍ ഫൈനല്‍ വരെ വിദ്യാഭ്യാസം കൂത്താട്ടുകുളത്തും പിതാവ് പുരോഹിതനായി ജോലി ചെയ്തിരുന്ന വടകരയിലുമായിരുന്നു. തോമസിനെ പുരോഹിതവൃത്തിയില്‍ തന്‍റെ പിന്‍ഗാമിയാക്കാനായിരുന്നു പിതാവ് അഭിലഷിച്ചിരുന്നത്. കോട്ടയം സി.എം.എസ്. കോളേജില്‍ ഇന്‍റര്‍മീഡിയറ്റിന് പഠിക്കാന്‍ ചേര്‍ന്നത് ഒരു വൈദികവിദ്യാര്‍ത്ഥിയായിട്ടായിരുന്നു. എന്നാല്‍ സി.ജെ. യ്ക്ക് അതുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. 1939 ല്‍ ആലുവ യു.സി. കോളേജില്‍ നിന്ന് ബി.എ പാസ്സായതിനുശേഷം രണ്ടുകൊല്ലം വടകര ഹൈസ്കൂളില്‍ അധ്യാപകനായി ജോലി നോക്കി. പിന്നീട് മാര്‍ത്താണ്ഡം ഗ്രാമോദ്ധാരണകേന്ദ്രത്തില്‍ ചേര്‍ന്ന് ഒരു കൊല്ലത്തെ പരിശീലനം നേടി. അതുകഴിഞ്ഞ് തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് നിയമബിരുദം നേടി. ഇക്കാലത്ത് സി.ജെ. രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. വിദ്യാര്‍ത്ഥി ഫെഡറേഷന്‍ പ്രവര്‍ത്തനങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തി. അഞ്ചോ ആറോ കൊല്ലം മാത്രമേ അവിടെ തുടര്‍ന്നുള്ളൂ. പിന്നീട് പാര്‍ട്ടി പ്രവര്‍ത്തനം മതിയാക്കി. രാഷ്ട്രീയചിന്ത ആവേശിച്ച കാലത്ത് പ്രസിദ്ധീകരിച്ച സോഷ്യലിസം, മതവും കമ്മ്യൂണിസവും (1948) എന്നീ രചനകളില്‍ തീപ്പൊരി രാഷ്ട്രീയചിന്തകനെ കാണാം. 1946 മുതല്‍ കോട്ടയത്ത് എം.പി.പോള്‍സ് ട്യൂട്ടോറിയലില്‍ സി.ജെ. അധ്യാപകനായിരുന്നു. ഇംഗ്ലീഷിലൂടെ കടന്നുവന്നിരുന്ന ആധുനികചിന്തകളുമായി ഗാഢസമ്പര്‍ക്കം പുലര്‍ത്തിയിരുന്ന എം.പി. പോളുമായുണ്ടായ സൗഹൃദം സി.ജെ.യിലെ ചിന്തകനും എഴുത്തുകാരനും കൂടുതല്‍ തെളിച്ചം നല്‍കി. ഇക്കാലത്ത് മാസികകളില്‍ തുടര്‍ച്ചയായി രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെപ്പറ്റി ലേഖനങ്ങള്‍ എഴുതി. ധിക്കാരിയുടെകാതല്‍, സോഷ്യലിസം തുടങ്ങിയ കൃതികളില്‍ സമാഹരിച്ചിട്ടുള്ള ആ ലേഖനങ്ങള്‍ തീക്ഷ്ണമായ ചിന്തകൊണ്ടും ചടുലമായ ഭാഷകൊണ്ടും ഇന്നും ത്രസിപ്പിക്കുന്നവയാണ്. സാംസ്കാരികരാഷ്ട്രീയവിമര്‍ശനത്തിന്‍റെ ക്ലാസ്സിക് മാതൃകകള്‍ അവയില്‍ കണ്ടെത്താം. ഇക്കാലത്ത് പുരോഗമനസാഹിത്യപ്രസ്ഥാനത്തില്‍ ആശയസമരങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരുന്നു. സാഹിത്യബുദ്ധിജീവികളെക്കൂടി മാര്‍ക്സിസം ലെനിനിസം പഠിപ്പിക്കുന്ന പാര്‍ട്ടി നയം പുരോഗമനസാഹിത്യ പ്രസ്ഥാനത്തില്‍ ഉറപ്പിക്കാന്‍ ശ്രമം നടന്നുകൊണ്ടിരുന്നു. സ്വതന്ത്രമായി ചിന്തിക്കുകയും കലാനിര്‍മ്മാണത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത് പുരോഗമനമാണെന്നു ചിന്തിക്കുന്നവരുടെ കൂടെയായിരുന്നു സി.ജെ. 1948 ല്‍ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്‍റെ തൃശ്ശൂര്‍ സമ്മേളനത്തില്‍ പാര്‍ട്ടി മാനിഫെസ്റ്റോയെ എതിര്‍ത്തുകൊണ്ട് 'എഴുത്തുകാരുടെ പ്രതികാരം' എന്ന പേരില്‍ സി.ജെ. അവതരിപ്പിച്ച പ്രമേയം ഇതിനു തെളിവാണ്. (സി.ജെ.ജോര്‍ജ്ജ്, പുരോഗമനസാഹിതി, 2020. പു.177). 1950 കളില്‍ പുരോഗമനസാഹിത്യസംഘടന ശൈഥില്യത്തിലേക്കു നീങ്ങി. സ്വതന്ത്രചിന്തകരുടെ ഒരു കൂട്ടായ്മ എം.ഗോവിന്ദന്‍റെ ധൈഷണികനേതൃത്വത്തില്‍ രൂപം കൊള്ളുന്നുണ്ട്. നൂതനമായ ആവിഷ്ക്കാരപദ്ധതികളെക്കുറിച്ചുള്ള അന്വേഷണപാതയില്‍ ഗോവിന്ദനൊപ്പം സി.ജെ.യുമുണ്ടായിരുന്നു. കലയുടെയും സാഹിത്യത്തിന്‍റെയും ചിന്തയുടെയും ആവിഷ്കാരത്തിന്‍റെയും രംഗത്ത് പൊളിച്ചെഴുത്തുകള്‍ സംഭവിച്ച ഈ കാലത്തിന്‍റെ വിപ്ലവങ്ങളിലൊന്നായിരുന്നു സി.ജെ. നാടകകലയിലൂടെ നടത്തിയത്. മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും പ്രത്യയശാസ്ത്ര ചങ്ങലകളില്‍ നിന്ന് സ്വതന്ത്രനായ സി.ജെ. മനുഷ്യഹൃദയസംസ്കരണത്തില്‍ നാടകകലയുടെ സാധ്യതകളെ തിരിച്ചറിയുകയായിരുന്നു. വിശ്വനാടകത്തിലും നാടകചരിത്രത്തിലും അദ്ദേഹം നടത്തിയ അതിവിപുലമായ അന്വേഷണങ്ങളുടെ സദ്ഫലമായിരുന്നു നാടകചിന്തകളും സ്വതന്ത്രനാടകങ്ങളും വിവര്‍ത്തനങ്ങളും. തന്‍റെ പ്രക്ഷോഭചിന്തകളും ദാര്‍ശനിക നിലപാടുകളും പകര്‍ന്നുവയ്ക്കാനുള്ള ഒരുപാധിയും ചിന്തയുടെ പരീക്ഷണശാലയുമായിരുന്നു അദ്ദേഹത്തിന് നാടകം. അതു പ്രത്യക്ഷത്തില്‍ പല തരത്തില്‍ ഗുണം ചെയ്തു. മലയാള നാടകത്തെ ഗൗരവമുള്ള ചിന്താവ്യവഹാരമാക്കി. അറുപതുകള്‍ക്കുശേഷം മലയാളസാഹിത്യരംഗത്ത് അരങ്ങുതകര്‍ത്ത ആധുനികതാവാദത്തിനുള്ള തുടക്കവുമായി.

കലയുടെ കാതലിലേക്കുള്ള സാഹസിക യാത്രകളായിരുന്നു സി.ജെ. യുടെ ഓരോ രചനകളും. ഉയരുന്ന യവനിക (1950) നാടകകലയെക്കുറിച്ച് മലയാളത്തിലുണ്ടായ ആദ്യത്തെ സൈദ്ധാന്തികഗ്രന്ഥമാണ് സി.ജെ. നടത്തിയ വിപുലമായ അന്വേഷണങ്ങളുടെ രേഖയാണ്. സി.ജെ.യുടെ ധൈഷണികമായ ഇടപെടലുകള്‍ സാഹിത്യസാംസ്കാരിക മേഖലകളില്‍ ഏറെ പുതുമകള്‍ സൃഷ്ടിച്ചു. ഡെമോക്രാറ്റ്, കഥ, ചിത്രോദയം, നവസാഹിതി തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപസമിതി അംഗമായും സാഹിത്യപ്രവര്‍ത്തകസഹകരണസംഘം, ആള്‍ ഇന്ത്യാ റേഡിയോ, ദക്ഷിണഭാഷാബുക്ട്രസ്റ്റ്, ഡെമോക്രാറ്റിക് പബ്ലിക്കേഷന്‍ എന്നിവയുമായി ബന്ധപ്പെട്ടും സി.ജെ. പ്രവര്‍ത്തിച്ചു. മലയാള പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തെ കലാപരമാക്കുന്നതിലും സി.ജെ.യുടെ സര്‍ഗ്ഗാത്മകസംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. എം.പി.പോളിന്‍റെ മൂത്തമകള്‍ റോസിയെയാണ് സി.ജെ. വിവാഹം കഴിച്ചത്. അവര്‍ക്കു മൂന്നുമക്കള്‍. പ്രശസ്ത കവയിത്രി മേരിജോണ്‍ കൂത്താട്ടുകുളം സി.ജെ.യുടെ സഹോദരിയാണ്. 'ഇരുട്ടുകീറുന്നൊരു വജ്രസൂചിപോല്‍' താന്‍ പ്രവര്‍ത്തിച്ച കര്‍മ്മരംഗങ്ങളിലെല്ലാം വെളിച്ചം പ്രസരിപ്പിച്ച സി.ജെ. കാന്‍സര്‍ ബാധിതനായി 1960 ജൂലായില്‍ അന്തരിച്ചു. സി.ജെ.യുടെ മരണാനന്തരം റോസി തോമസ് എഴുതിയ 'ഇവന്‍ എന്‍റെ പ്രിയ സി.ജെ.' മലയാളഭാഷയിലുണ്ടായ ഏറ്റവും ഹൃദയസ്പര്‍ശിയായ ഓര്‍മ്മയെഴുത്തുകളില്‍ ഒന്നാണ്.

അസ്തിത്വത്തിന്‍റെ അര്‍ത്ഥാന്തരങ്ങള്‍ തിരഞ്ഞ സി.ജെ. വ്യക്തിവാദിയെന്നും അരാജകവാദിയെന്നും ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്. വ്യക്തി, സമൂഹം, പ്രപഞ്ചം ഇവയെ ചൂഴ്ന്നു നില്‍ക്കുന്ന എല്ലാ സമസ്യകളെയും നിര്‍ദ്ധാരണം ചെയ്യുന്നതില്‍ അസാമാന്യ ധീരത പ്രകടിപ്പിച്ച ചിന്തകനായിരുന്നു സി.ജെ. സ്വയം നിര്‍വചിച്ചു കൊണ്ട് സി.ജെ. എഴുതിയിട്ടുള്ള കുറിപ്പ് നോക്കൂ. "എന്നെക്കൂടാതെ തന്നെ ഈ പ്രപഞ്ചം നിലനില്‍ക്കുമെന്നെനിക്കറിയാം. പക്ഷേ ഞാനില്ലെങ്കില്‍ എനിക്ക് ഈ ലോകമില്ല. ഒന്നുമില്ല. ഞാനില്ലെങ്കില്‍ നിങ്ങളുമില്ല. ഇല്ലാത്ത എന്നെ വ്യക്തിവാദിയെന്ന് അധിക്ഷേപിക്കുകയുമില്ലല്ലോ. ഞാന്‍ ജനിക്കുന്നതിനു വളരെ മുമ്പുതന്നെ പ്രപഞ്ചമുണ്ടായിരുന്നു. ഞാന്‍ മരിച്ചു കഴിഞ്ഞും അതുണ്ടായിരിക്കും. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം എന്‍റെ അസ്തിത്വമാണ് ആദ്യത്തെ പടി. പ്രപഞ്ചത്തിന്‍റെ അസ്തിത്വത്തെ ഞാന്‍ അംഗീകരിക്കണമെങ്കില്‍ ഞാന്‍ ഉണ്ടായിരിക്കണം. അതിന് എന്‍റെ സ്വന്തം അസ്തിത്വത്തെ നിഷേധിച്ചിട്ട് കഴിയുകയില്ലല്ലോ. എന്നെ നിഷേധിച്ചാല്‍ പ്രപഞ്ചത്തിനു നിലനില്‍ക്കാനാവില്ല. ഞാനില്ലെങ്കിലും പ്രപഞ്ചമുണ്ട് എന്ന് നിങ്ങളല്ലേ പറയുന്നത്. ഞാനില്ലെങ്കില്‍ ആ പ്രസ്താവനയുടെ ചുവട്ടില്‍ ഞാനെങ്ങനെ ഒപ്പുവെയ്ക്കും? അതുകൊണ്ട് ഞാനുണ്ട് പ്രപഞ്ചമുണ്ട്. ഞാന്‍ കൂടി ഉള്‍പ്പെട്ട പ്രപഞ്ചം . ഞാന്‍ പ്രപഞ്ചത്തിന്‍റെ ഒരു ഭാഗമാണ്ണ്. ഇത്തരം ജൈവികതയും നാടകീയതയുമാണ് സി.ജെ. എന്ന ചിന്തകന്‍റെ മൗലികത.


സി.ജെ. യും നാടകവും

അദ്ദേഹത്തിന്‍റെ സഹജപ്രതിഭയുടെയും ആര്‍ജ്ജിതപാണ്ഡിത്യത്തിന്‍റെയും സമന്വയമാണ് ഓരോ നാടകസംരംഭങ്ങളും. "നാടകം മഹനീയമായ കലയാണ് മനുഷ്യഹൃദയസംസ്കരണത്തിനു മുഖ്യോപാധിയായി യവനര്‍ ഗണിച്ചതു നാടകമാണ്. എന്തെങ്കിലും ഗുണപാഠം പറഞ്ഞുപ്രചരിപ്പിച്ചിട്ടുമില്ല. ഉത്തമډാരായ വ്യക്തികളുടെ ആത്മീയസംഘര്‍ഷങ്ങളില്‍ക്കൂടി അനുവാചകരെ കടത്തിക്കൊണ്ടുപോയി ഇതുവരെ കാണാത്ത പ്രപഞ്ചങ്ങള്‍ കാണിച്ചും അനുഭവിപ്പിക്കാത്ത വികാരങ്ങള്‍ അനുഭവിപ്പിച്ചും അവരില്‍ അന്തര്‍ലീനമായിക്കിടക്കുന്ന മനുഷ്യത്വത്തെ ഉണര്‍ത്തിയുമാണ് ഈ സംസ്കരണം സാധിക്കുന്നത്. സാധാരണ കാണുന്ന അനുകരണഗോഷ്ഠികള്‍ക്കും കഥാപ്രസംഗങ്ങള്‍ക്കും അതിനുള്ള കഴിവില്ല" എന്ന് ഉയരുന്ന യവനികയില്‍ നാടകകലയുടെ പ്രയോജനത്തെക്കുറിച്ച് സി.ജെ. പറയുന്നു. യവനനാടകങ്ങളോടും പ്രത്യേകിച്ച് സോഫോക്ലിസിന്‍റെ നാടകങ്ങളോടുള്ള ഗാഢപരിചയമാണ് സി.ജെ.യുടെ നാടകങ്ങള്‍ക്ക് വ്യക്തതയും വ്യാപ്തിയും നല്‍കിയിട്ടുള്ളതെന്ന് അയ്യപ്പപ്പണിക്കര്‍ നിരീക്ഷിച്ചിട്ടുണ്ട് (അയ്യപ്പപ്പണിക്കരുടെ രംഗകലാപഠനങ്ങള്‍ 2010. ജ.45)

നാടകസൈദ്ധാന്തികപഠനങ്ങള്‍, സ്വതന്ത്രനാടകങ്ങള്‍ വിവര്‍ത്തനങ്ങള്‍ എന്നിങ്ങനെ മൂന്നുവിഭാഗങ്ങളായി തിരിക്കാം നാടകവുമായി ബന്ധപ്പെട്ട സി.ജെ. യുടെ രചനകളെ. അവന്‍ വീണ്ടും വരുന്നു (1949), 1128 ല്‍ ക്രൈം 27 (1954), ശാലോമി (1954), ആ മനുഷ്യന്‍ നീ തന്നെ (1955), രൂഥ് (1957), വിഷവൃക്ഷം (1960) എന്നിവയാണ് സി.ജെ. രചിച്ച ആറ് സ്വതന്ത്രനാടകങ്ങള്‍. സോഫോക്ലിസിന്‍റെ ഇഡിപ്പസ്രാജാവ്, ആന്‍റിഗണി (1955) എന്നിവയും, ഇബ്സന്‍റെ ഗോസ്റ്റ് എന്ന നാടകം ഭൂതം (1956), എന്ന പേരിലും മോളിയോയുടെ മൈസര്‍, പിശുക്കന്‍റെ കല്യാണം (1960) എന്ന പേരിലും ചാപ്പെക്സഹോദരډാരുടെ ദി ഇന്‍സെക്ട് ലൈഫ്, കീടജډം (1959) എന്ന പേരിലും സി.ജെ. മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. വിശ്വനാടകാവബോധത്തിന്‍റെയും അവയില്‍ നിന്നുള്‍ക്കൊണ്ട ഉന്നതമായ നാടകദര്‍ശനത്തിന്‍റെയും തെളിവാണ് ഈ വിവര്‍ത്തനങ്ങള്‍.

സി.ജെ.യുടെ നാടകദര്‍ശനത്തില്‍ ബൈബിള്‍ കഥകള്‍ ഒരു മഹാസ്വാധീനമായി പ്രകാശം ചൊരിഞ്ഞു നില്‍ക്കുന്നു. പുരോഹിതനാകാന്‍ പോയി പാതിവഴിയില്‍ ഉപേക്ഷിച്ചു പോന്നെങ്കിലും ബൈബിള്‍, കലയെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമുള്ള അപാരതകള്‍ക്ക് ഒരു മാനദണ്ഡമായി ആ മനസ്സില്‍ വെളിച്ചം പരത്തിയിരുന്നു. ബൈബിളുമായുള്ള സി.ജെ.യുടെ വേഴ്ചയെക്കുറിച്ച് സി.ജെ. യുടെ സുഹൃത്ത് കൂടിയായ പി.കെ. ബാലകൃഷ്ണന്‍ നാടകീയവും ആലങ്കാരികവുമായി പറഞ്ഞിട്ടുള്ളത് ഇപ്രകാരമാണ്. അതില്‍ സത്യമില്ലാതില്ല. "ളോഹ കീറിക്കളഞ്ഞ തോമസ് മതവിശ്വാസത്തോടു വഴക്കടിച്ചുപോകുമ്പോള്‍ ഈ ബൈബിള്‍ നെഞ്ചിലടക്കിപ്പിടിച്ചുകൊണ്ടാണ് പോയത് മനുഷ്യഭാവനയില്‍ നിന്നൂറിയതില്‍ വച്ചേറ്റവും ഗംഭീരമനോഹരമായ ആ കലാസൃഷ്ടി ളോഹ കീറിക്കളഞ്ഞ ആ ശൊമ്മാശന്‍റെ ഹൃദയത്തിനുള്ളില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. മതനിബന്ധനകളില്‍ നിന്നും മതവേഴ്ചകളില്‍ നിന്നും വേര്‍പെട്ട നിലയില്‍ തോമസ്സിന്‍റെ സ്വതന്ത്രഭാവനകള്‍ക്കും സങ്കല്പവൈഭവത്തിനും വിഹരിക്കാനുള്ള വിശാലമായ മേച്ചില്‍സ്ഥലമായി ബൈബിള്‍ എന്നും വര്‍ത്തിച്ചു. കാവ്യഭാഷയില്‍ വര്‍ണ്ണലയങ്ങള്‍ ചേര്‍ക്കുന്ന മഴവില്ലായും സങ്കല്പഭാവനാദികളില്‍ നവമനോഹരമായ പൂക്കള്‍ വിരിക്കുന്ന ഋതുവിശേഷമായും ബൈബിള്‍ മഹാഗ്രന്ഥം ആ ജീവിതത്തില്‍ എന്നും ജീവിച്ചു". (അവതാരിക, സി.ജെ.തോമസ്സിന്‍റെ നാടകങ്ങള്‍, പു. 9, 1970).

ബൈബിള്‍ കഥയെ സോഫോക്ലിസ് നാടകങ്ങളുടെ ശില്പവൈഭവത്തിലേക്കന്വയിച്ചതിന്‍റെ ദീപ്തികൊണ്ടനുഗ്രഹിക്കപ്പെട്ട നാടകമാണ്, സി.ജെ.യുടെ സ്വതന്ത്രനാടകങ്ങളില്‍ ആദ്യത്തേതായ 'അവന്‍ വീണ്ടും വരുന്നു'. അനേകം മാനങ്ങളുള്ള നാടകം. പാപം, പാപബോധം എന്നിവയെ മതാത്മകവും സാമുദായികവുമായ അന്തരീക്ഷത്തില്‍ ദൗരന്തികഭാവവിജൃംഭണത്തോടെ അവതരിപ്പിക്കുന്നു. 1940 കളിലെ രണ്ടാം ലോകമഹായുദ്ധസാഹചര്യവും തൊഴിലില്ലായ്മയും ദാരിദ്ര്യവും യുവാക്കളെ പട്ടാളസേവനത്തിനു നിര്‍ബന്ധിതരാക്കിയതും, അതു കുടുംബങ്ങളിലുണ്ടാക്കിയ അരക്ഷിതാവസ്ഥയുമെല്ലാം ഈ നാടകത്തിന്‍റെ സാമൂഹികമായ അടിപ്പടവായിരിക്കുമ്പോഴും അതിനപ്പുറത്തേക്കു വളരുന്ന ഗംഭീരമായ സംഘര്‍ഷങ്ങള്‍ ഈ നാടകത്തിന് സോഫോക്ലിയന്‍ ഗൗരവം നല്‍കുന്നു. വിവാഹം കഴിഞ്ഞയുടനെ പട്ടാളത്തിലേക്കു പോയ മാത്തുക്കുട്ടിയുടെ ഭാര്യ സാറാമ്മ അയാളുടെ സുഹൃത്തായ കുഞ്ഞുവര്‍ക്കിയില്‍ നിന്ന് ഗര്‍ഭം ധരിക്കുന്നു. നാലുവര്‍ഷത്തിനു ശേഷം കാഴ്ചനഷ്ടപ്പെട്ടവനായി മാത്തുക്കുട്ടി മടങ്ങിവരുന്നു. സ്നേഹം, സംശയം, കോപം, താപം ഇവയാല്‍ തിളയ്ക്കുന്ന മാത്തുക്കുട്ടി, കുറ്റബോധത്തിലും സമൂഹത്തിന്‍റെ അധിക്ഷേപത്തിനും ഇടയില്‍പ്പെട്ട സാറാമ്മ, അപരാധബോധം വേട്ടയാടിയ കുഞ്ഞുവര്‍ക്കി, മരുമകളുടെ ചാരിത്ര്യഭംഗം കുഞ്ഞുവര്‍ക്കിയുടെ വിശ്വാസവഞ്ചന മകന്‍റെ ദുര്‍വിധി ഇവയുടെ ഇടയില്‍പ്പെട്ട് തകര്‍ന്ന മറിയച്ചേട്ടത്തി. വ്യാജോക്തിയും ധ്വന്യാത്മകതയും നിറഞ്ഞ ഉപദേശിയുടെ വചനങ്ങള്‍. ഇങ്ങനെ ദുരന്തങ്ങളുടെയും വിഹ്വലതകളെയും ചാപല്യങ്ങളുടെയും ഇടയില്‍പ്പെട്ട മനുഷ്യജീവിതത്തെ യാഥാര്‍ത്ഥ്യനിഷ്ഠമായും മതാത്മകതയോടെയും അവതരിപ്പിക്കുന്നു ഈ നാടകത്തില്‍.

ബൈബിള്‍ പരോക്ഷസാന്നിധ്യമാകുന്നു ഇവിടെ എങ്കില്‍ ബൈബിള്‍ കഥയെ പ്രത്യക്ഷത്തില്‍ ഉപജീവിച്ചെഴുതിയ റേഡിയോ നാടകമാണ് രൂഥ്. പഴയനിയമത്തിലെ രൂത്തിന്‍റെ പുസ്തകത്തില്‍ നിന്നെടുത്ത കഥ. നവോമി, ഓര്‍പ്പാ, രൂഥ്, ബോവാസ്, യാക്കൂബ്, ജോണ്‍, അവറോബ്, ശിമയോന്‍, ലേവി എന്നീ ഒന്‍പതു കഥാപാത്രങ്ങള്‍. ബൈബിളില്‍ നിന്ന് കാര്യമായ വ്യതിയാനങ്ങള്‍ വരുത്താതെ എഴുതിയ നാടകം, ശ്രവ്യനാടകത്തിനിണങ്ങുന്ന വിധത്തില്‍ കഥ പറച്ചില്‍ ശ്രദ്ധിക്കുന്നു.

പ്രചരണപരതയിലൂന്നിയ രാഷ്ട്രീയനാടകമാണ് വിഷവൃക്ഷം (1960) കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച വിമോചനസമരത്തെ അനുകൂലിച്ചെഴുതിയ നാടകം. ജനലക്ഷങ്ങള്‍ പ്രതീക്ഷയര്‍പ്പിച്ച് നട്ടുനനച്ചുവളര്‍ത്തിയ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമെന്ന വൃക്ഷത്തില്‍ വിഷം പടരുന്നതുകണ്ട് അത് വെട്ടിമാറ്റാന്‍ ശ്രമിക്കുന്ന ആദര്‍ശശാലിയായ കമ്മ്യൂണിസ്റ്റ് നേതാവ് മാത്യുവാണ് കേന്ദ്രകഥാപാത്രം. തോപ്പില്‍ഭാസിയുടെ 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്നതിന്‍റെ പ്രതിനാടകമായും ഇതിനെ കാണാം. രാഷ്ട്രീയക്കാര്‍, എഴുത്തുകാര്‍, പൊതുജനം ഇവരിലെ സ്വാര്‍ത്ഥതയും അവസരവാദവും തുറന്നുകാണിക്കുകയാണ് സി.ജെ. കലാമൂല്യമല്ല, കാലിക രാഷ്ട്രീയ സംഭവങ്ങളോടുള്ള ഉല്‍പ്പതിഷ്ണുവായ ഒരു കലാകാരന്‍റെ തീക്ഷ്ണപ്രതികരണമായി കാണാം വിഷവൃക്ഷത്തെ.

ഉജ്ജ്വലമായ പരീക്ഷണനാടകമാണ് 1128 ല്‍ ക്രൈം 27. പാശ്ചാത്യനാടകകലയില്‍ അരങ്ങുവാണ എക്സ്പ്രഷനിസം, അബ്സേര്‍ഡിസം തുടങ്ങിയവ അതിന്‍റെ കിരാതസൗന്ദര്യത്തോടെ ഇതില്‍ പ്രത്യക്ഷപ്പെടുന്നു. ബെര്‍തോള്‍ഡ് ബ്രെഹ്റ്റിന്‍റെ എപ്പിക് തിയേറ്ററിന്‍റെയും അന്യവല്‍ക്കരണസിദ്ധാന്തത്തിന്‍റെയും പ്രഭാവം ഇതില്‍ കാണാം. 'മരണം ഒരു ഫലിതമാണ് പ്രത്യേകിച്ചും അവനവന്‍റെ മരണം'. 'നിനക്കു തോന്നുമ്പോള്‍ നീ കര്‍ട്ടനുയര്‍ത്തിയാല്‍ എനിക്കു തോന്നുമ്പോള്‍ ഞാന്‍ നാടകം കളിക്കും'. എന്നീ സംഭാഷണങ്ങള്‍ ഈ നാടകത്തിന്‍റെ ആത്മാവിലേക്കുള്ള താക്കോലുകളാണ്. കലയിലും സാമൂഹികസ്ഥാപനങ്ങളിലും ഉറച്ചുപോയ വ്യവസ്ഥകളുടെ അസംബന്ധത തുറന്നുകാട്ടുകയാണ്. ജീവിതം, മരണം, നൈതികത, രാഷ്ട്രീയം, മാധ്യമം, നാടകം തുടങ്ങി അനേകം വിഷയങ്ങള്‍ പ്രശ്നവല്‍ക്കരിക്കുന്നു. തത്ത്വചിന്തകനായ ഗുരു, സംശയാലുവായ ശിഷ്യന്‍, സ്റ്റേജ് മാനേജര്‍, പത്രാധിപര്‍, ശാസ്ത്രി, കിഴവന്‍, വക്കീല്‍, സാക്ഷി, പോലീസ് തുടങ്ങി എല്ലാ സ്ഥാപനങ്ങളെയും ജീവിതാവസ്ഥകളെയും ഉള്‍വഹിക്കുന്ന ഈ നാടകത്തില്‍ ചിരിയുടെയും ചിന്തയുടെയും അസാധാരണ ലീലകള്‍ ദര്‍ശിക്കാം.


ആ മനുഷ്യന്‍ നീ തന്നെ

സോഫോക്ലിയന്‍ ദുരന്തദര്‍ശനവും ബൈബിള്‍ കഥാപാത്രങ്ങളുടെ ചിരന്തന പ്രതിഫലനാത്മകതയും സമ്മേളിച്ച നാടകമാണ് ആ മനുഷ്യന്‍ നീ തന്നെ. സി.ജെ. യുടെ നാടകപ്രതിഭയുടെ ശക്തി സൗന്ദര്യങ്ങള്‍ അനുഭവപ്പെടുത്തുന്ന, മലയാളസാഹിത്യത്തിലെ ക്ലാസ്സിക് തന്നെയായിത്തീര്‍ന്ന നാടകം. പാപം, പാപബോധം, പശ്ചാത്താപം, രക്ഷ, യുദ്ധം സമാധാനം തുടങ്ങിയവ അന്തര്‍ധാരയായിത്തീരുന്ന ബൈബിള്‍കഥയില്‍ ആധുനിക മനുഷ്യന്‍റെ ഏകാന്തതയെയും ധര്‍മ്മവ്യഥകളെയും അന്വയിച്ചു ചേര്‍ത്തതിലൂടെയാണ് ഇതിന് കാലികവും കാലാതീതവുമായ മാനങ്ങള്‍ കൈവരുന്നത്. പഴയനിയമം സാമുവല്‍ 16 മുതല്‍ 31 വരെ അധ്യായങ്ങളിലും സങ്കീര്‍ത്തനങ്ങളുടെ പുസ്തകത്തിലും പ്രതിപാദിതമായ ദാവീദിന്‍റെ കഥയാണ് ആ മനുഷ്യന്‍ നീ തന്നെ എന്ന നാടകത്തിന് അവലംബം. ഇസ്രയേലിന്‍റെ പ്രഥമരാജാവായ സാവുള്‍ അനവധിയായ അപരാധങ്ങള്‍ ചെയ്ത് ദൈവത്തിനും പ്രവാചകനും അനഭിമതനായി. അക്കാലത്ത് ആടുകളെ മേയ്ചു നടന്ന ഇടയനായിരുന്ന ദാവീദ് സാമുവല്‍ പ്രവാചകനാല്‍ അഭിഷിക്തനായി.

"ദൈവം തന്‍റെ ദാസനായ ദാവീദിനെ തെരഞ്ഞെടുത്തു

അവനെ ആടുകളുടെ ഇടയില്‍ നിന്നു വിളിച്ചു

തന്‍റെ ജനമായ യാക്കോബിനെയും തന്‍റെ അവകാശ

മായ ഇസ്രായേലിനെയും മേയിക്കുവാന്‍ വേണ്ടി"

അവന്‍ പരമാര്‍ത്ഥഹൃദയത്തോടെ അവരെ മേയിച്ചു.

കരവിരുതോടെ അവന്‍ അവരെ നയിച്ചു.

(സങ്കീര്‍ത്തനങ്ങളുടെ പുസ്തകം, 78. 7172). ഇസ്രായേലിനെ നയിച്ച ഏറ്റവും സാഹസികനും കര്‍മ്മധീരനുമായ രാജാവായിരുന്നു ദാവീദ്. എഴുപതു സംവത്സരങ്ങള്‍ നീണ്ട ഭരണം. ദാവീദിന്‍റെ ഭരണകാലത്തെ അവസാന ഇരുപതുവര്‍ഷങ്ങള്‍ അയാള്‍ പശ്ചാത്താപവിവശനും പ്രായശ്ചിത്തനിരതനുമായിരുന്നുവത്രേ സങ്കീര്‍ത്തനരചനയില്‍ മുഴുകിയും ഒറ്റക്കമ്പിയുള്ള കിന്നരത്തില്‍ കീര്‍ത്തനങ്ങള്‍ ആലപിച്ചും കഴിഞ്ഞു പോന്നു. കൊന്നും കൊല്ലിച്ചും വീരസാഹസികകഥകള്‍ എഴുതിച്ചേര്‍ത്തും വാഴ്ത്തപ്പെട്ടതാണ് രാജാവെന്ന നിലയിലുള്ള ദാവീദിന്‍റെ ചരിത്രം. എന്നാല്‍ യുദ്ധത്തിലും കൂട്ടക്കുരുതികളിലും മനം മടുത്ത കലയിലും സംഗീതത്തിലും പ്രണയത്തിലും ജീവിതത്തിന്‍റെ അര്‍ത്ഥം തിരഞ്ഞ ഏകാകിയും വിരസനും പീഡിതനുമായ ദാവീദിന്‍റെ ജീവിതസായന്തനത്തിലെ ഒരു സംഭവത്തെയാണ് പ്രമേയമായി സി.ജെ. തെരഞ്ഞെടുത്തിരിക്കുന്നത്. പാപം, പശ്ചാത്താപം, രക്ഷ എന്നീ ത്രിത്വത്തെ ഇതിഹാസപ്രൗഢിയോടെ നാടകവല്‍ക്കരിക്കുകയാണ് സി.ജെ.

യുദ്ധവിരക്തനായിരിക്കുമ്പോഴാണ് അമ്മോന്യര്‍ക്കെതിരെ യുദ്ധം അനിവാര്യമായത്. അമ്മോന്യരോടു യുദ്ധം ചെയ്യാന്‍ യോവാബിനെയാണ് ദാവീദ് നിയോഗിച്ചത്. ഇസ്രയേല്‍ സൈന്യം അമ്മോന്യദേശം ശൂന്യമാക്കി രബ്ബപട്ടണം നിരോധിച്ചു. അപ്പോഴൊക്കെയും ദാവീദ് ജരുശലേമില്‍ വിശ്രമിക്കുകയായിരുന്നു. ഒരു ദിവസം സായന്തനത്തില്‍ രാജസൗധത്തിന്‍റെ മട്ടുപ്പാവില്‍ സായന്തനസൂര്യന്‍റെ കിരണങ്ങള്‍ പ്രകൃതിയില്‍ തീര്‍ക്കുന്ന മായികത ആസ്വദിച്ചു നില്‍ക്കവെയാണ് അകലെയല്ലാത്ത ഒരു ചെറുപുഴയില്‍ കുളിക്കുകയായിരുന്ന ഒരു തരുണിയില്‍ രാജാവിന്‍റെ കണ്ണുകള്‍ പതിഞ്ഞത്. ദാവീദിന് തന്‍റെ കണ്ണുകളെ അവളില്‍ നിന്ന് പിന്തിരിപ്പിക്കാനായില്ല. അവള്‍ ആരെന്നറിയാന്‍ വിശ്വസ്ത ഭൃത്യനെ ആറ്റുതീരത്തേക്കയച്ചു. ആ സുന്ദരിയെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും അറിഞ്ഞുവന്നു. ഏലിയാമിന്‍റെ മകളും ദാവീദിന്‍റെ ഹിത്യനായ ഊറിയാവിന്‍റെ ഭാര്യയുമായ ബത്ശേബയായിരുന്നു ആ സുന്ദരി. ദാവീദ് അവളെ ആളയച്ച് കൊട്ടാരത്തില്‍ വരുത്തി. സഹശയനം ചെയ്തു. ബത്ശേബ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ ബത്ശേബയെ കല്ലേറു കൊണ്ടുള്ള മരണത്തില്‍ നിന്ന് രക്ഷിക്കാനായി അടുത്ത ശ്രമം. ഊറിയാവ് അക്കാലത്ത് പോര്‍ക്കളത്തിലായിരുന്നു. ഊറിയാവിനെ കൊട്ടാരത്തിലേക്ക് പറഞ്ഞയക്കാന്‍ ദാവീദ് യോവാബിനു കല്പന കൊടുത്തു. വീട്ടില്‍ പോയി വിശ്രമിച്ചിട്ട് പടക്കളത്തിലേക്കു പോയാല്‍ മതിയെന്ന് ദാവീദ് അവനോടു കല്പിച്ചു. ദാവീദിന്‍റെ ഭൃത്യډാര്‍ ഊറിയാവിനു വിലകൂടിയ സമ്മാനങ്ങളും മറ്റും കൊടുത്തുവെങ്കിലും അവനതു വാങ്ങുകയോ ഭാര്യയുടെ അടുത്തേക്ക് പോവുകയോ ചെയ്തില്ല. തന്‍റെ കൂട്ടുകാരെല്ലാം പടക്കളത്തില്‍ കഷ്ടപ്പെടുമ്പോള്‍ താന്‍ മാത്രം ഭാര്യയോടൊപ്പം സുഖിക്കുന്നത് ശരിയല്ലെന്നു പറഞ്ഞ് അയാള്‍ കൊട്ടാരവാതില്‍ക്കല്‍ കാവല്‍ക്കാരോടൊപ്പം കിടന്നുറങ്ങി. അടുത്തദിവസങ്ങളിലും ഊറിയാവിനെ വീട്ടില്‍ പറഞ്ഞയയ്ക്കാന്‍ ദാവീദ് ശ്രമിച്ചെങ്കിലും അവന്‍ അനുസരിച്ചില്ല. നാലാം ദിവസം ദാവീദ് ഊറിയാവിന്‍റെ പക്കല്‍ യോവാബിനു കൊടുക്കാന്‍ ഒരു കത്ത് കൊടുത്തയച്ചു. അതിലെഴുതിയിരിക്കുന്നതെന്തെന്ന് അവനു മനസ്സിലായിരുന്നില്ല. 'ഹിത്യനായ ഈ ഊറിയാവ് അനുസരണം കെട്ടവനാണ് യുദ്ധത്തില്‍ അവനനുഷ്ഠിച്ചിട്ടുള്ള സേവനത്തെക്കരുതി ഞാനവന് വിലകൂടിയ പാരിതോഷികങ്ങള്‍ കൊടുത്തു. അവന്‍ നിരസിച്ചു. എന്തു നിന്ദയാണ് അവന്‍ കാണിച്ചത്. ഞാന്‍ കൊടുത്ത സമ്മാനം നിരസിക്കാന്‍ അവനു ധൈര്യം തോന്നിയപ്പോള്‍ എനിക്കെതിരെ ഒരു വിപ്ലവം നയിക്കാനും അവന്‍ മടിക്കുകയില്ലെന്നു കരുതേണ്ടിയിരിക്കുന്നു. അതുകൊണ്ട് ഈ ഹിത്യനെ ഏറ്റവും അപല്‍ക്കരമായ സ്ഥാനത്തു നിറുത്തണം. നിങ്ങളും അനുയായികളും അവന്‍റെ പിന്നില്‍ സ്ഥാനം പിടിക്കട്ടെ' ഇതായിരുന്നു കത്തിലെ ഉളളടക്കം. അമ്മോന്യരുമായുള്ള ഏറ്റുമുട്ടലില്‍ യോവാബ് ദാവീദിന്‍റെ നിര്‍ദ്ദേശം അനുസരിച്ചു ഊറിയാവും 50 ഭടډാരും യുദ്ധത്തില്‍ മരിച്ചു. ഊറിയാവിന്‍റെ മരണം ബത്ശേബയെ വ്യാകുലചിത്തയാക്കി. വിലാപകാലം കഴിഞ്ഞപ്പോള്‍ ദാവീദ് അവളെ ഭാര്യയായി സ്വീകരിച്ചു കൊട്ടാരത്തില്‍ താമസിപ്പിച്ചു. ദൈവപുരുഷനായ നാഥാന്‍ ഈ വിവരമറിഞ്ഞ് കൊട്ടാരത്തിലെത്തി ദാവീദിനോടു പറഞ്ഞു. സ്വര്‍ഗ്ഗത്തെ മലിനമാക്കുംവിധം നിന്‍റെ കൊട്ടാരത്തില്‍ എന്തോ നടന്നിരിക്കുന്നു. ദാവീദ് ഉല്‍ക്കണ്ഠയോടെ അതെന്താണെന്നന്വേഷിച്ചു. അതിനു മറുപടിയായി നാഥാന്‍ ഒരു കഥ പറയുന്നു.

'ഒരു പട്ടണത്തില്‍ രണ്ടു പുരുഷډാരുണ്ടായിരുന്നു ഒരുവന്‍ ധനികനും മറ്റവന്‍ ദരിദ്രനും. ധനവാന് ലക്ഷക്കണക്കിന് ആടുമാടുകളുണ്ടായിരുന്നു. ദരിദ്രനു ഒരു കുഞ്ഞാട് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനെ അവന്‍ വിലയ്ക്ക് വാങ്ങിയതായിരുന്നു. ആ കുഞ്ഞാട് അവന്‍റെ മടിയിലും അവന്‍റെ മകളുടെ കൈകളിലും വളര്‍ന്നു വന്നു. അവന്‍ തന്‍റെ ആഹാരത്തിന്‍റെ ഒരു വീതം അതിനു കൊടുക്കുമായിരുന്നു. എത്ര അകലെ നിന്നാലും അവന്‍ വിളിച്ചാല്‍ അതു നിലംതൊടാതെ അവന്‍റെയടുക്കല്‍ പാഞ്ഞെത്തുമായിരുന്നു. അവന്‍ എവിടെയെങ്കിലും ഇരുന്നാല്‍ അത് തന്‍റെ മുന്‍കാല്‍ അവന്‍റെ മാറിടത്തില്‍ പൊക്കിവെച്ച് അവന്‍റെ മുഖത്തേക്ക് നോക്കിക്കൊണ്ടു നില്ക്കും. ചിലപ്പോള്‍ അതവന്‍റെ തോളില്‍ ചാടിക്കയറും. ഒരിക്കല്‍ ഒരതിഥി ധനവാന്‍റെ വീട്ടിലെത്തി. അന്ന് ആ അതിഥിക്ക് തന്‍റെ നിലയനുസരിച്ചുള്ള ആഹാരം കൊടുക്കണമായിരുന്നു. അവന്‍ അപ്പവും വീഞ്ഞും തയ്യാറാക്കി മാംസത്തിനായി തന്‍റെ ആട്ടിന്‍ക്കൂട്ടത്തില്‍ ഒരാടിനെ പിടിക്കാന്‍ അവനു തോന്നിയില്ല. അവനാകട്ടെ പരമദരിദ്രനായ തന്‍റെ അയല്‍ക്കാരന്‍ മകളെപ്പോലെ കരുതുന്ന പെണ്‍കുഞ്ഞാടിനെ പിടിച്ചു കൊന്നു പാകംചെയ്ത് അതിഥിക്കു കൊടുത്തു'. ഇതു കേട്ടയുടനെ ദാവീദ് ചാടിയെണീറ്റ് അവനെ കൊല്ലണം കൊല്ലണം അവനെ പിടിക്കട്ടെ എന്നലറി. നാഥാന്‍ ശാന്തനായി തന്‍റെ വലതുകൈയുടെ ചൂണ്ടുവിരല്‍ ദാവീദിന്‍റെ നെഞ്ചിനു നേരെ നീട്ടിക്കൊണ്ടു പറഞ്ഞു. 'ആ മനുഷ്യന്‍ നീ തന്നെ നീയല്ലാതെ മറ്റാരുമല്ല'. യഹോവയ്ക്ക് അനിഷ്ടമായത് ചെയ്തു. ഹിത്യനായ ഊറിയാവിനെ അമ്മോന്യരുടെ ഖഡ്ഗം കൊണ്ടു കൊല്ലിച്ചു. അവന്‍റെ ഭാര്യയെ നീ നിന്‍റെ ഭാര്യയായി സ്വീകരിച്ചു. ഖഡ്ഗം നിന്‍റെ ഗൃഹത്തെ ഒരു നാളും വിട്ടുമാറുകയില്ല. നിന്‍റെ സ്വന്തം ഗൃഹത്തില്‍ നിനക്ക് അനര്‍ത്ഥം വരുത്തുമെന്ന് യഹോവ കല്പിച്ചതായി നാഥാന്‍ പറയവെ, ദാവീദ് മുട്ടിേډല്‍ വീണു നിലവിളിച്ചു. യഹോവയ്ക്കെതിരായി ഞാന്‍ പാപം ചെയ്തു എന്നു പറഞ്ഞ് അദ്ദേഹം ഉച്ചത്തില്‍ കരഞ്ഞു. തീവ്രമായ പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും പശ്ചാത്തപിച്ച ദാവീദിനോടു ദൈവം ക്ഷമിച്ചു. പാപത്തിന്‍റെ ശമ്പളമായ മരണം ദാവീദിന് ബത്ശേബയില്‍ ജനിച്ച കുഞ്ഞില്‍ പതിച്ചു. പതിനൊന്നു വര്‍ഷത്തിനു ശേഷം മൂത്തപുത്രനായ അബ്ശാലോം ദാവീദിനെതിരെ വിപ്ലവം നയിച്ചു. യുദ്ധത്തില്‍ ദാവീദ് വിജയിച്ചെങ്കിലും മകന്‍റെ മരണം അദ്ദേഹത്തെ വ്യാകുലചിത്തനാക്കി. ബെത്ശേബയില്‍ ജനിച്ച സോളമനെ നാഥാന്‍ പ്രവാചകന്‍ ദാദീദിന്‍റെ അനന്തരാവകാശിയായി അഭിഷേകം ചെയ്തു. ബൈബിളിലെ ദാവീദിന്‍റെ കഥ ഇപ്രകാരമാണ്.

ഈ ബൈബിള്‍ കഥ, ഇതിവൃത്തസംവിധാനം കഥാപാത്രചിത്രീകരണം, സംഭാഷണരചന എന്നിവയിലൂടെ ഗംഭീരമായ നാടകമാക്കി പരിവര്‍ത്തിപ്പിച്ചിരിക്കുകയാണ് സി.ജെ. പൂര്‍വ്വാങ്കവും നാല് അങ്കങ്ങും 15 രംഗങ്ങളും അടങ്ങിയ ശില്പഭദ്രമായ നാടകത്തില്‍ 18 ലേറെ കഥാപാത്രങ്ങളുണ്ട്. പ്രതീകഭംഗിയും ധ്വന്യാത്മകതയും കഥാസന്ദര്‍ഭത്തിലേക്കുള്ള പ്രവേശകമായിത്തീര്‍ന്നിട്ടുണ്ട്. 'ഒരു ക്രിസ്ത്യന്‍ ഭവനം. മുറിയുടെ മധ്യത്തിലെ മേശയില്‍ അതിഭീമമായ ബൈബിള്‍. പുറകിലെ കസേരയിലിരിക്കുന്ന ഒരു കൊച്ചുകുട്ടി വിരല്‍കൊണ്ട് പുസ്തകത്തില്‍ ചൂണ്ടിവായിക്കുകയാണ്. കുട്ടി ശബ്ദിക്കുന്നില്ല. പശ്ചാത്തലത്തില്‍ മന്ദമായ ഓര്‍ഗന്‍ സംഗീതത്തോടുകൂടി ഗംഭീരശബ്ദത്തില്‍ വേദവായന കേള്‍ക്കാം' ബൈബിള്‍ കഥയുടെ ഗാംഭീര്യം ധ്വനിപ്പിക്കുന്ന രംഗഭാഷയായിത്തീരുന്നു പൂര്‍വ്വാങ്കം. ദാവീദിന്‍റെ ദൂതډാരെ അമ്മോന്യര്‍ അപമാനിച്ചതില്‍ അവരോടു യുദ്ധം ചെയ്യാനും രബ്ബ പട്ടണം പിടിച്ചടക്കാനും ദാവീദ് കല്പന നല്‍കിയ സാഹചര്യം വേദപുസ്തകവായനയിലൂടെ സൂചിപ്പിക്കുന്നു. ഒന്നാമങ്കത്തിലെ ഒന്നാം രംഗത്തില്‍ ദാവീദിന്‍റെ കൊട്ടാരത്തില്‍ നടക്കുന്ന യുദ്ധകാര്യാലോചനയാണ്. യഹോവയുടെ മഹത്ത്വത്തിനും ഇസ്രായേലിന്‍റെ നډയ്ക്കും വേണ്ടി നിലകൊള്ളുന്ന ദാവീദ് രക്തം ചിന്താതെ ബുദ്ധിയുപയോഗിച്ച് യുദ്ധം ചെയ്ത് അമ്മോന്യരെ, തുരത്താന്‍ ഉപദേശിക്കുന്നു. അവിടത്തെ കിണറുകള്‍ പിടിച്ചെടുത്ത് രബ്ബ കൈയടക്കുകയാണ് അഭികാമ്യമെന്ന് ദാവീദിലെ യുദ്ധതന്ത്രജ്ഞന്‍ യോവാബിനും ഊറിയാവിനും നിര്‍ദ്ദേശം കൊടുക്കുന്നു. വീരസാഹസികനും പോരാളിയുമായിരുന്ന ദാവീദിന്‍റെ വ്യക്തിത്വത്തിലുണ്ടായ പരിണാമം ആദ്യരംഗത്തില്‍ തന്നെ സൂചിപ്പിക്കുന്നു. ദാവീദിന്‍റെ ഗതകാലവീരകഥകളില്‍ ആവേശിതനും ഹിത്യനുമായ ഊറിയാവ് ചോരചിന്താതെ യുദ്ധം ചെയ്യണമെന്ന അഭിപ്രായത്തോട് അമര്‍ഷം പ്രകടിപ്പിക്കുന്നുണ്ട്. ഒന്നാംരംഗത്തില്‍ത്തന്നെ സംഘര്‍ഷങ്ങളുടെ വിത്തുകള്‍ പാകിമുളപ്പിക്കുന്ന നാടകകാരന്‍ കാവ്യാത്മകവും ധ്വനിതരംഗിതവും ത്രസിപ്പിക്കുന്നതുമായ സംഭാഷണങ്ങളിലൂടെ പാത്രവ്യക്തിത്വവും കഥയുടെ അന്തര്‍ഭാവവും ഭംഗ്യന്തരേണ അവതരിപ്പിക്കുന്നു. പ്രണയവും യുദ്ധവും പാപവും പശ്ചാത്താപവും സമാന്തരങ്ങള്‍ത്തീര്‍ക്കുന്ന നാടകത്തില്‍ ദാവീദിന്‍റെ വ്യക്തിത്വത്തിലെ അനിര്‍വചനീയമായ പരിണാമങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയിരിക്കുന്നു. തന്നെ വരിഞ്ഞുമുറുക്കുന്ന ഏകാന്തതയെയും നിരര്‍ത്ഥകതയെയും അതിജീവിക്കാന്‍, വിജയത്തില്‍ നിന്ന് വിജയത്തിലേക്ക് മുന്നേറിയ കാലത്തെവിടെയോ നഷ്ടപ്പെട്ട പ്രണയത്തെയും സര്‍ഗ്ഗാത്മകതയെയും വീണ്ടെടുക്കാന്‍ ദാവീദ് ശ്രമിക്കുകയാണ് രാജത്വം മറന്നും പ്രണയം സാക്ഷാല്‍ക്കരിക്കാന്‍ കേവലം കാമുകനായി മാറുന്ന ദാവീദിനെ സി.ജെ. ചിത്രീകരിക്കുന്നു. എല്ലാ നിയമങ്ങളെയും മറികടന്നുപോകുന്ന പ്രണയശക്തി ഒടുവില്‍ പാപത്തിലും പശ്ചാത്താപത്തിലും തള്ളിയിടുന്നു. പാപത്തിന്‍റെ ശമ്പളം ഏറ്റുവാങ്ങേണ്ടി വരുന്ന ദാവീദിന്‍റെ വ്യക്തിത്വത്തിന്‍റെ ഭാവാന്തരങ്ങള്‍ ഉദാത്തയില്‍ ചിത്രീകരിക്കുന്ന നാടകത്തില്‍ ബൈബിള്‍ ഇതിവൃത്തത്തില്‍ നിന്ന് സാരമായ ചില വ്യതിയാനങ്ങളും കൂട്ടിച്ചേര്‍ക്കലുകളും സി.ജെ. സൃഷ്ടിച്ചിട്ടുണ്ട്.

വീരശൂരപരാക്രമിയും അനേകം സ്ത്രീകളെ ഭാര്യമാരാക്കിവെച്ചിരിക്കുന്നവനുമായ ദാവീദിനെ അസ്വസ്ഥചിത്തനും നിര്‍വ്യാജ പ്രണയത്തിനായി ദാഹിക്കുന്നവനും ഏകാകിയുമായിട്ടാണ് നാടകകൃത്ത് അവതരിപ്പിക്കുന്നത്. ബൈബിള്‍ കഥയില്‍ കൊട്ടാരത്തിലേക്ക് ക്ഷണിക്കപ്പെട്ടയുടനെ തന്‍റേതായതെല്ലാം ദാവീദിന് അടിയറവയ്ക്കുന്നവളാണ് ബത്ശേബ. എന്നാല്‍ നാടകത്തില്‍ അവള്‍ക്ക് തികഞ്ഞ വ്യക്തിത്വം നല്‍കിയിരിക്കുന്നു. കവിയും ഗായകനുമായ ദാവീദിനോട് അയാളുടെ ഏകാന്തതയില്‍ ആര്‍ദ്രഹൃദയയാവുന്ന സ്നേഹിതയും പ്രണയിനിയുമായി ബത്ശേബയെ ചിത്രീകരിച്ചിരിക്കുന്നു. ബൈബിളില്‍ ഇല്ലാത്ത അന്ന എന്ന കഥാപാത്രത്തെ, നായികയായ ബത്ശേബയുടെ ദാസിയും സംരക്ഷകയും രക്ഷാകര്‍ത്താവുമാക്കി നാടകത്തില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ദാവീദിനെതിരെ വിപ്ലവം നയിച്ച സീമന്തപുത്രന്‍ അബ്ശാലോം ദാവീദിനോടു യുദ്ധത്തിനു നില്‍ക്കാതെ രക്ഷപ്പെട്ടോടുന്ന കഥ, ദാവീദിന്‍റെ പാപപരിഹാരാര്‍ത്ഥം നടക്കുന്നതായി വ്യത്യാസപ്പെടുത്തിയിരിക്കുന്നു. 'ഇതെല്ലാം തന്നെ നാടകീയതയ്ക്ക് തീവ്രതയണയ്ക്കുന്നു എന്നു പറയാം. അതേ സമയം ചില വൈരുധ്യങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ബത്ശേബയുടെയും ദാവീദിന്‍റെയും പ്രണയാന്തരീക്ഷത്തിന് മേമ്പൊടിയായിത്തീരുന്ന സോളമന്‍റെ ഉത്തമഗീതങ്ങളാണ് വൈരുധ്യം സൃഷ്ടിക്കുന്നതത്രേ. ഡോ. ബിയാട്രിക്സ് അലെക്സിസിന്‍റെ 'ക്രൈസ്തവമിത്തും സി.ജെ. നാടകങ്ങളും' എന്ന ഗവേഷണഗ്രന്ഥത്തില്‍ ഇത് ഇപ്രകാരം സൂചിപ്പിക്കുന്നു. "ജ്ഞാനിയായ സോളമന്‍ എന്നറിയപ്പെടുന്ന ഉത്തമഗീതകര്‍ത്താവിന്‍റെ ഗീതങ്ങള്‍ പാടിരസിക്കുന്നവളായി ബത്ശേബയെ അവതരിപ്പിച്ചതിലും വൈരുധ്യമുണ്ട് (ബത്ശേബയുടെയും രാജാവിന്‍റെയും രണ്ടാമത്തെ പുത്രനാണദ്ദേഹം). എങ്കിലും നായികയുടെ കവിതാനിര്‍ഭരവും കലാത്മകവുമായ ഹൃദയവികാരം ബോധ്യപ്പെടുത്താന്‍ ആ ഗീതങ്ങള്‍ സഹായിക്കുന്നു." (പു. 119)

ദാവീദ്, ബത്ശേബ, ഊറിയാവ് എന്നീ മുഖ്യ കഥാപാത്രങ്ങളോടൊപ്പം ഇസഹാക്ക്, അമാസ, ഏലിയാം, യൂദാ, നാഥാന്‍, അന്ന, പ്രഭുക്കډാര്‍, ഭടډാര്‍, സ്ത്രീകള്‍ തുടങ്ങിയ കഥാപാത്രസഞ്ചയം കഥയുടെ പൗരാണികഭാവത്തെ അനുപദം അനുഭവപ്പെടുത്തുന്നു. സംഭാഷണം, സംഘട്ടനം, പാത്രസൃഷ്ടി, കഥാഗാത്രം എന്നിവയില്‍ സോഫോക്ലിയന്‍ ദുരന്തനാടകങ്ങളെ പ്രത്യക്ഷത്തില്‍ അനുസ്മരിപ്പിക്കുന്നു ആ മനുഷ്യന്‍ നീ തന്നെ. കഥാപാത്രങ്ങള്‍ എല്ലാം തന്നെ കേവലതയില്‍ നിന്നുയര്‍ന്ന് പ്രതിരൂപാത്മകതയിലേക്ക് വളരുന്നു. ലോകോത്തര ദുരന്തനായകډാരുടെ നിരയിലേക്ക് മലയാളത്തിന്‍റെ സംഭാവനയാണ് ഒരുപക്ഷേ സി.ജെ. യുടെ ദാവീദ് രാജാവ്. സങ്കീര്‍ണ്ണമായ മനോഘടനയിലുള്ള അത്യുജ്ജ്വലമായ പാത്രസൃഷ്ടി. ഓരോ കഥാപാത്രത്തിനും പരഭാഗശോഭയണയ്ക്കുന്ന എതിര്‍കഥാപാത്രങ്ങള്‍, മറ്റൊരു സവിശേഷതയാണ് എന്നു പറയാം.

അരിസ്റ്റോട്ടിലിന്‍റെ ദുരന്തനാടകനിര്‍വചനവുമായി ഇണങ്ങി നില്‍ക്കുന്നു ആ മനുഷ്യന്‍ നീ തന്നെ. 'നിശ്ചിതദൈര്‍ഘ്യമുള്ളതും സ്വയം സമ്പൂര്‍ണ്ണവും ഗൗരവമുള്ളതുമായ ഒരു ക്രിയയുടെ അനുകരണമാണ് ദുരന്തനാടകം എന്നത്രേ അരിസ്റ്റോട്ടില്‍ പറയുന്നത്. ഓരോ ഭാഗത്തും അലങ്കൃതഭാഷ ഉപയോഗിക്കണം കരുണവും ഭീതിയുമുണര്‍ത്തി ആ വികാരങ്ങളുടെ കഥാര്‍സിസ് അതു ലക്ഷ്യമാക്കണം എന്നും ട്രാജഡിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് അരിസ്റ്റോട്ടില്‍ സിദ്ധാന്തിക്കുന്നു. ഗ്രീക്ക് ദുരന്തനാടകങ്ങളില്‍ നാടകകലയുടെ ഉദാത്തഭാവങ്ങള്‍ ദര്‍ശിച്ച സി.ജെ., മലയാളനാടകത്തിന് സമ്മാനിച്ച പഴമയുടെയും പുതുമയുടെയും സമ്മേളനമായ ദുരന്തനാടകമാണ് ആ മനുഷ്യന്‍ നീ തന്നെ. അതില്‍ ദുരന്തനാടകത്തിന്‍റെ സ്വഭാവങ്ങളെല്ലാം ഇണങ്ങി നില്‍ക്കുന്നു. കാവ്യാത്മകവും ധ്വനിതരംഗിതവും പരിഹാസവും വ്യാജസ്തുതികളും നിറഞ്ഞ സംഭാഷണങ്ങളാണ് ഈ നാടകത്തിന് നാടകീയതയും അതേക്കാളുപരി സാഹിത്യമൂല്യവും നല്‍കുന്നത്. ഓരോ കഥാപാത്രങ്ങളുടെയും മനോഘടനയ്ക്കും ഇണങ്ങുന്ന വിധമാണ് സംഭാഷണങ്ങള്‍ നിബന്ധിച്ചിരിക്കുന്നത്. യുദ്ധകാര്യാലോചനയില്‍ ദാവീദിന്‍റെ സംഭാഷണം നിശിതവും സൂക്ഷ്മവും ഗൗരവം കലര്‍ന്നതുമാണ്.

"കണ്ണുള്ളത് തുറക്കാന്‍ മാത്രമല്ല അടയ്ക്കാന്‍ കൂടിയുള്ളതാണ് (അങ്കം1 രംഗം 1)

മരിച്ച വീരന്മാരുടെ ഭാര്യമാരോട് ചോദിക്ക് വീരസ്വര്‍ഗം മറ്റുമരണങ്ങളേക്കാള്‍ എത്ര കേമമാണെന്ന് (അങ്കം 1, രംഗം 1)

പ്രണയലോലുപനായ ദാവീദിന്‍റെ സംഭാഷണങ്ങള്‍ അത്യന്തം കാവ്യാത്മകമായി നിബന്ധിച്ചിരിക്കുന്നു.

"പ്രേമം ഒരുവനെ ചെറുതാക്കുന്നെങ്കില്‍ ഞാന്‍ ഒരു മണല്‍ത്തരിയോളമായിക്കൊള്ളട്ടെ" (അങ്കം 2 രംഗം 4)

"എത്രകാലം മനുഷ്യര്‍ കശാപ്പുകൊണ്ട് ആത്മശാന്തിനേടും പാടാനാണെങ്കില്‍ അക്കാലം കഴിഞ്ഞുപോയി. ബത്ശേബാ ഇന്നെന്‍റെ ഹൃദയം ശൂന്യമാണ്" (അങ്കം 2 രംഗം 2)

പാപത്തിന്‍റെയും പശ്ചാത്താപത്തിന്‍റെയും സംഭാഷണങ്ങളിലും മാന്ത്രികമായ വശ്യത അനുഭവവേദ്യമാണ്. "ഞാന്‍ എന്‍റെ പാപത്തിനുവേണ്ടി കരഞ്ഞു പാപത്തിന്‍റെ ഫലം മരണമേറ്റെടുത്തു. സംഭവിക്കേണ്ടത് സംഭവിച്ചു. (അങ്കം 4 രംഗം 2)

ബഹുവിധമാനങ്ങളുള്ള നാടകമാണ് സി.ജെ.യുടെ ആ മനുഷ്യന്‍ നീ തന്നെ. ബൈബിള്‍ പുരാവൃത്തത്തെ അതിന്‍റെ സമ്മിശ്രശോഭയോടെ പുനഃസൃഷ്ടിച്ചിരിക്കുന്നു. നാടകം മനുഷ്യഹൃദയസംസ്കാരത്തിനുള്ള ഫലപ്രദമായ ഉപാധിയാണെന്ന് വിശ്വസിച്ച സി.ജെ. മനുഷ്യപ്രശ്നങ്ങളെ നാടകവല്‍ക്കരിക്കുന്നതിനായി നടത്തിയ അന്വേഷണങ്ങളുടെയും പ്രയോഗങ്ങളുടെയും സദ്ഫലമാണ് ഈ നാടകം. ഇത് വായിച്ചും പഠിച്ചും നടിച്ചും വേണം മനുഷ്യന്‍ എന്ന പ്രതിഭാസത്തെ നിര്‍വചിക്കാനും വിശദീകരിക്കാനുമെന്ന് മലയാളം കണ്ട എക്കാലത്തെയും വലിയ ചിന്തകനും എഴുത്തുകാരനും നാടകകൃത്തുമായ സി.ജെ. കരുതിയിരുന്നു. ഓരോ വായനയിലും ഓരോ നടനത്തിലും പുതിയ പാഠങ്ങള്‍ ഉത്പാദിപ്പിച്ചു കൊണ്ട് 'ആ മനുഷ്യന്‍ നീ തന്നെ' എന്ന് നമുക്ക് നേരെ വിരല്‍ ചൂണ്ടുന്നു.



അവലംബം

ډ പുത്തന്‍കാവ് മാത്തന്‍ തരകന്‍, ബൈബിള്‍ കഥകള്‍, ഡി.സി.ബുക്സ്, 2018.

ډ പി.കെ. ബാലകൃഷ്ണന്‍, (അവതാരിക), സി.ജെ.യുടെ നാടകങ്ങള്‍, ശ്രീനി പ്രിന്‍റേഴ്സ് & പബ്ലിഷേഴ്സ്, തിരുവനന്തപുരം, 1970.

ډ ഡോ. എം.ആര്‍. തമ്പാന്‍, (സമ്പാ.) അയ്യപ്പപ്പണിക്കരുടെ രംഗകലാപഠനങ്ങള്‍, എന്‍.ബി.എസ്, 2010

ډ ഡോ. സി.ജെ. ജോര്‍ജ്ജ്, പുരോഗമനസാഹിതി, കറന്‍റ്ബുക്സ്, 2020.

ډ ഡോ. ബിയാട്രിക്സ് അലെക്സിസ്, ക്രൈസ്തവമിത്തും സി.ജെ.നാടകങ്ങളും, സെഡ് ലൈബ്രറി, തിരുവനന്തപുരം, 2006.

ډ സി.ജെ. തോമസ്, ധിക്കാരിയുടെ കാതല്‍, പൂര്‍ണ്ണ കോഴിക്കോട്, 1986.

 

ആർ ചന്ദ്രബോസ്

നിരൂപകൻ

803 views0 comments
bottom of page