top of page

ആദ്യകാല മാസികകളിലെ പരസ്യങ്ങളും അത്ഭുതങ്ങളുടെ നിർമ്മിതിയും ഭാഗം-2

സംസ്കാരപഠനം

പരസ്യങ്ങളുടെ ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. ആവശ്യമുള്ളത് ഉണ്ടാക്കുകയും സമൃദ്ധിയും ദാരിദ്ര്യവും അനുഭവിച്ച് തീർക്കുകയും ചെയ്യുന്ന ഒരു സമൂഹത്തിൽ ഇങ്ങനെ ഒരു സങ്കല് പം ഉണ്ടാവുകയില്ല. യന്ത്രത്തിന്റെ കുത്തകവത്കരണവും സമ്പത്തിന്റെ കേന്ദ്രീകരണവും അമിതോത്പാദനവുമാണ് ഒരു വിളംബരത്തിന്റെ ആവശ്യം ഉണ്ടാക്കിത്തീർക്കുന്നത്. നമുക്ക് ജീവിക്കാൻ ആവശ്യമായ സമസ്ത വസ്തുക്കളും ഇന്ന് പരസ്യം ചെയ്യപ്പെടുന്നുണ്ട്. ഒരു പക്ഷേ നമ്മുടെ ആവശ്യങ്ങളെ ഉണ്ടാക്കിയെടുക്കുന്നതുപോലും ഇന്ന് പരസ്യങ്ങളാണ്. സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന വാരികൂട്ടുന്ന പുതിയ ഉത്പന്നങ്ങൾക്കു വേണ്ടി കൊതിച്ചു കൊണ്ടിരിക്കുന്ന ഒരു സമൂഹത്തെ ഇന്ന് പരസ്യങ്ങൾ വാർത്തെടുത്തു കൊണ്ടിരിക്കുകയാണ്. നിരന്തരമായി പറയുന്നതിലൂടെ നമ്മുടെ തലച്ചോറിനെ തന്നെ സ്വാധീനിക്കാൻ പരസ്യത്തിനു കഴിയുന്നു. മുടിയുടെ നിറം, തൊലിയുടെ ചുളിവ്, വിവാഹത്തിന്റെ ഒരുക്കം, എല്ലാം പഠിപ്പിക്കുന്നത് ഇന്ന് പരസ്യങ്ങളാണ്. പരസ്യങ്ങളുടെ സ്വാധീനം വളരെ വലുതാണ്. ഒപ്പം ടെക്നോളജിയുടെ വികാസം പരസ്യങ്ങളെ സഹായിച്ചിട്ടുണ്ട്. പ്രതം, ടി.വി, റേഡിയോ, സാമൂഹ്യമാധ്യമങ്ങൾ തുടങ്ങി എല്ലാ മാധ്യമങ്ങളിലൂടെയും പരസ്യം നമുക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നു. ഇന്ന് പരസ്യങ്ങൾ നമുക്ക് മുന്നിൽ എത്താനായി ധാരാളം ന്യൂതന മാർഗങ്ങൾ ഉണ്ട്. എന്നാൽ ആദ്യകാലങ്ങളിൽ അവ പ്രധാനമായും ഏറ്റെടുത്തത് മാസികകളായിരുന്നു. കാരണം ഏറ്റവും കൂടുതൽ പ്രചാരമുണ്ടായിരുന്നതിനാൽ പരസ്യങ്ങൾ മാസികകളുടെ ഒരു അവിഭാജ്യഘടകമായി തീർന്നു.


നമ്മെ ആകർഷിക്കുന്നതിനായി ധാരാളം ചേരുവകൾ ചേർത്താണ് പരസ്യങ്ങൾ നമുക്കു മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. അതിൽ പ്രധാനപ്പെട്ട ഒരു ഘടകമാണ് അത്ഭുതം. അത്ഭുതങ്ങൾ പറയുന്നതും കേൾക്കുന്നതും, കാണുന്നതുമെല്ലാം മനുഷ്യനിൽ കൗതുകമുണർത്തുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ആ അത്ഭുതത്തെ കൂട്ടുപിടിച്ചു കൊണ്ടാണ് പരസ്യങ്ങളുടെ വരവ്. നവോത്ഥാനം ദൈവത്തെ അപകടപ്പെടുത്തിയെങ്കിലും അതേ അത്ഭുതത്തെ തന്നെ മറ്റൊരു രൂപത്തിൽ അവതരിപ്പിക്കുകയാണ് പരസ്യങ്ങളും കമ്പോളങ്ങളും ചെയ്യുന്നത്.അത്ഭുതങ്ങളെ ഉപയോഗപ്പെടുത്തുന്ന പരസ്യങ്ങൾ ആദ്യകാലമാസികകളിൽ പോലും കണ്ടെത്താവുന്നതാണ്.


ആദ്യകാലങ്ങളിൽ വരേണ്യവർഗത്തിന്റെ കൈകളിൽ മാത്രം ഒതുങ്ങി നിന്ന വിജ്ഞാനം അച്ചടിയുടെ വരവോടുകൂടി സാധാരണക്കാരിലും എത്തിച്ചേർന്നു. പുരാണകൃതികൾ പനയോലയിലെ പതിപ്പുകളിൽ നിന്നും വ്യത്യസ്തമായി അച്ചടിക്കാൻ തുടങ്ങിയതോടെ അത് നിശ്ചിത വായനക്കാരിൽ നിന്നും സാമാന്യജനങ്ങളിലേക്ക് എത്തിച്ചേരാൻ തുടങ്ങുന്നു. പുരാണങ്ങൾ മതസാഹചര്യങ്ങളിൽ നിന്നും വിടുതി നേടി സാമാന്യജനങ്ങളെ സംബോധന ചെയ്യുന്നതാണ്. പുസ്തകങ്ങളും പരസ്യത്തിൽ കാണുന്നത്. മഹാഭാരതത്തിനും രാമായണത്തിനുമൊപ്പം ശബ്ദങ്ങളും, ബാല്യകാലസഖിയും വില്പനയ്ക്കെത്തുന്നു. വള്ളത്തോൾ കൃതി, അച്ഛനും മകളും, ബധിരവിലാപം, പള്ളത്തിന്റെ കൃതികൾ, അക്കിത്തത്തിന്റെ കൃതികൾ തുടങ്ങിയവ ഉദാഹരണം. ഇത്തരം പുസ്തക പരസ്യങ്ങളിലൂടെ സാമാന്യജനങ്ങൾക്ക് പുസ്തകത്തെക്കുറിച്ചുള്ള ജ്ഞാനം ലഭിക്കുന്നു.


മതത്തിന്റെ അതിശയങ്ങളെ ശാസ്ത്രത്തിന്റെ അതിശയവുമായി ബന്ധിപ്പിച്ച് വിപണി വിപുലീകരിക്കാനുള്ള ശ്രമം കാണാം. ആയുർവേദ മരുന്നുകളുടെ പരസ്യം ഇതിനുദാഹരണമാണ്. ഇത്തരം മരുന്നുകളെ ശാസ്ത്രത്തിന്റെ പിൻബലത്തോടെയാണ് അവതരിപ്പിക്കുന്നത്. രോഗം ഫലപ്പെടുത്താനുള്ള അത്ഭുതസിദ്ധിയുണ്ട് എന്ന പരസ്യവാചകത്തിലാണ് മിക്ക ആയുർവേദ മരുന്നുകളും പരസ്യം ചെയ്യുന്നത്. ഉദാഹരണമായി വിശ്വരൂപം മാസികയിൽ അശ്വഗന്ധാദിലേഹ്യം മരുന്നിന്റെ പരസ്യം, രോഗങ്ങളെ നിശ്ശേഷം നശിപ്പിച്ച് ജരാനരകളെ അകറ്റിനിർത്തി ദേഹത്തിന് പുഷ്ടിയും കാന്തിയും പ്രദാനം ചെയ്യാൻ ഈ ലേഹ്യത്തിനുള്ള അത്ഭുതശക്തി അനുഭവിച്ചു തന്നെ അറിയേണ്ടതാണ്. ഇങ്ങനെ പറയുന്ന പരസ്യത്തിൽ ശാസ്ത്രത്തിന്റെ ഉറപ്പും നൽകുന്നു. വൈദ്യരത്നം പി.എസ്. വാരിയർ അവർകളുടെ പഴക്കവും തഴക്കവും ചെന്ന മേൽനോട്ടത്തിൽ ശാസ്ത്രവിധിയിൽ നിന്ന് അണുപോലും വ്യതിചലിക്കാതെ തയ്യാറാക്കപ്പെട്ട ഞങ്ങളുടെ ഔഷധം അതിശയഫലം ചെയ്യുന്ന അത്ഭുതചികിത്സ ഇരുപതാം നൂറ്റാണ്ടിലെ അപൂർവ്വമായ കണ്ടുപിടിത്തം, ശാസ്ത്രത്തിന്റെ നൂതനവും ആശ്ചര്യകരവുമായ കണ്ടുപിടിത്തം തുടങ്ങി. ശാസ്ത്രത്തിന്റെ പിൻബലത്തോടു കൂടി അവതരിപ്പിക്കുന്ന അനേകം പരസ്യങ്ങൾ കാണാം. ഹിമസാഗരതൈലം, ചൃവനപ്രശം, മാധവമ്പാല പീയുഷം എന്നിവ ഉദാഹരണം


എക്കാലത്തും നിറവും സൗന്ദര്യവർദ്ധകവസ്തുക്കളും പരസ്യങ്ങളുടെ കുത്തകയായിരുന്നു. ആദ്യകാല മാസികകളിലും ഇത്തരത്തിൽ സൗന്ദര്യവർദ്ധക വസ്തുക്കളുടെ പരസ്യം കാണാം. ഇവയുടെ വിപണം ഇത്തരം പരസ്യത്തിലൂടെ സാധ്യമാവുന്നു. നിറത്തെയും സൗന്ദര്യത്തെയും കുറിച്ചുള്ള പുതിയ ധാരണകൾ ഉണ്ടാക്കുകയും അവ വാങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് ഇത്തരം പരസ്യങ്ങൾ ചെയ്യുന്നത്. 'കറുത്ത നിറം വെളുക്കും നിങ്ങളുടെ നിറം വേണ്ടത്ര വെളുപ്പിക്കുവാൻ അത്ഭുതാവഹമായ ഈ കണ്ടുപിടിത്തം നിമിത്തം സാധിക്കുമെന്ന് വാഗ്ദാനം ചെയ്യാം!'' എന്ന പരസ്യത്തോടെയാണ് ഫ്ളോറോസോൺ എന്ന വസ്തുവിന്റെ പരസ്യം. ഇത്തരത്തിൽ നിറം വെളുപ്പിക്കാനായി കേരളാ ചന്ദനാസോപ്പ് തുടങ്ങിയ സോപ്പുകളുടെ പരസ്യങ്ങളും കുറവല്ല. കൂടാതെ ഹെയർഡെ, ഹെയർ ഓയിൽ, “പരിമളമാണ് സ്ത്രീയുടെ വശീകരണായുധം' എന്ന പരസ്യവാചകത്തോടെ സെന്റ് കുപ്പികൾ തുടങ്ങി അനേകം പരസ്യങ്ങൾ ഇത്തരത്തിൽ കണ്ടെത്താനാവും. ഇങ്ങനെ നിറം വെളുപ്പിക്കാനുള്ള കഴിവ് നൽകുന്നു എന്ന പരസ്യത്തിൽ മതത്തിന്റെ അത്ഭുതം ഉൽപന്നങ്ങൾക്കു നൽകുകയാണ്. സൗന്ദര്യത്തെ സംബന്ധിക്കുന്ന ഫ്യൂഡൽ - കൊളോണിയൽ സങ്കല്പങ്ങു ടെ പുന:സ്ഥാപനവും


വിപണി കൈയ്യടക്കാനുള്ള വലിയൊരു ശൃംഖലയാണ് ഇന്ന് പരസ്യങ്ങൾ.അതുകൊണ്ടുതന്നെ മാധ്യമങ്ങളിലെല്ലാം തന്നെ അവ നിറഞ്ഞു നിൽക്കുന്നു. ഈ രീതി ആദ്യകാലമാസികകളിലും കാണാം. നിരവധി പരസ്യം ഉൾക്കൊള്ളുന്നവയാണ് ഇത്തരം മാസികകൾ ഇവ മാസികകളുടെ ഒരു പ്രധാന വരുമാനമാർഗമായും നിലനിൽക്കുന്നു. പരസ്യങ്ങളെ ക്ഷണിച്ചുകൊണ്ടുള്ള മാസികാ പരസ്യങ്ങൾ കാണാം. മംഗളോദയം, കവനോദയം, രാജർഷി തുടങ്ങിയവ ഉദാഹരണങ്ങൾ, “കച്ചവടക്കാർക്ക് സുവർണ്ണാവസരം നിങ്ങളുടെ പരസ്യങ്ങൾ പന്തീരായിരം കണ്ണുകൾ കാണുന്ന സഞ്ജയനിൽ പ്രസിദ്ധപ്പെടുത്തുക, ചുരുങ്ങിയ നിരക്ക്.... "എന്നിങ്ങനെയാണ് പരസ്യങ്ങൾ ക്ഷണിച്ചുകൊണ്ട് സഞ്ചയൻ മാസികാപരസ്യം. സഞ്ജയൻ, വിശ്വരൂപം തുടങ്ങിയ മാസികകളിൽ ധാരാളം പരസ്യങ്ങൾ കാണാം. ഇത്തരത്തിൽ മാസികാവിപണിയുടെ പ്രധാന സാമ്പത്തിക സ്രോതസ്സായും പരസ്യങ്ങൾ മാറുന്നുണ്ട്. അതിനു തെളിവാണ് പരസ്യങ്ങൾ ക്ഷണിച്ചു കൊണ്ടുള്ള സഞ്ചയനിലും മറ്റു മാസികകളിലെയും പരസ്യം.


മഴയെ സംബന്ധിച്ച് പ്രവചനങ്ങൾ പണ്ട് പൗരോഹിത്യമാണ് നിർവഹിച്ചിരുന്നതെങ്കിൽ കുമ്പോളകാലത്ത് കുടനിർമ്മാതാക്കൾ മഴ വരുന്നു എന്ന് പരസ്യം ചെയ്യുന്നു. അത്തരം ഒരു തോന്നൽ സൃഷ്ടിക്കുകയും നമ്മെ അവരുടെ ഉൽപന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ആദ്യകാലമാസികകളിലും കാണാം ഈ തന്ത്രം. “മഴക്കാലം ഇതാ എത്തിപ്പോയി' എന്ന പരസ്യവാചകത്തോടു കൂടിയാണ് മാൻമാർക്ക് കുടയുടെ പരസ്യം. ഇതുകൂടാതെ പവൻമാർക്ക് കുടകൾ, sting brand umbrellas തുടങ്ങിയവയും ഈ രീതിയിൽ പരസ്യം ചെയ്യപ്പെടുന്നു.


പുസ്തകങ്ങൾ, ബാങ്ക്, ബാക്കറി, റേഡിയോ, വാച്ച്, കട്ടിൽ, സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ തുടങ്ങിയവയുടെ പരസ്യങ്ങളാണ് നവോത്ഥാനകാലത്ത് കാണുന്നത്. ഇന്നത്തെ നിലയിൽ പരസ്യങ്ങളിൽ ഉൽപന്നങ്ങൾ വിറ്റഴിക്കുക എന്ന പ്രമേയമല്ല. പ്രധാനമായും കാണുന്നത്. ആഗ്രഹങ്ങൾ നിർമ്മിക്കുന്ന കച്ചവടാനുകൂലമായ മൂല്യങ്ങൾ തുടങ്ങിയവ ആവിഷ്കരിക്കുകയാണ് ചെയ്യുന്നത്. എന്നാൽ നവോത്ഥാനകാലത്ത് വിപണിയുടെ ആധിപത്യം പരിമിതമായേ പ്രത്യക്ഷപ്പെടുന്നുള്ളു. അരി, കറിപ്പൗഡർ തുടങ്ങിയവ വിപണിവൽക്കരിക്കപ്പെട്ടിരുന്നില്ല എന്നതിനാൽ അവയുടെ പരസ്യങ്ങൾ കാണുന്നില്ല. എന്നാൽ പരസ്യങ്ങൾ അവലംബമാക്കുന്നത് പഴയകാല മതബോധത്തെയും അത്ഭുതത്തെയുമാണ്.


പരസ്യവും അത്ഭുതവും മറ്റ് കൃതികളിൽ


പരസ്യത്തെ മുഖ്യ ആശയമായി അവതരിപ്പിക്കുന്ന കഥയാണ് എസ്.വി. രാമന്റെ 'ലീലാരംഗം' ഗണേശൻ എന്ന യുവാവിനെ കേന്ദ്രകഥാപാത്രമായി അവതരിപ്പിക്കുന്ന ഈ കഥയിൽ പരസ്യത്തിന്റെ വലയിൽപ്പെട്ട് കബളിക്കപ്പെടുന്നതാണ് വിഷയം, കത്തിൽ പറയുന്ന തന്റെ പ്രണയിനിയെ അന്വേഷിച്ചു പോയ നായകൻ, പരസ്യമാണെന്ന തിരിച്ചറിവിൽ സങ്കടപ്പെട്ട് വരുന്നതാണ് കഥ. എങ്കിലും ഈ കഥ മനുഷ്യനെ സ്വാധീനിക്കാൻ അല്ലെങ്കിൽ അവനെ വലയിൽ വീഴ്ത്താനുള്ള പരസ്യനിർമ്മാതാക്കളുടെ കഴിവിനെയാണ് ചൂണ്ടിക്കാണിക്കുന്നത്. നൂതനാശയങ്ങൾ സൃഷ്ടിച്ചുകൊണ്ട് തങ്ങളുടെ ഉൽപന്നങ്ങൾ ഉപഭോക്താക്കളെ കൊണ്ട് വാങ്ങിക്കാൻ പ്രേരിപ്പിക്കുകയാണ് പരസ്യം, അത് അവർക്ക് ആവശ്യമില്ലെങ്കിൽ പോലും അവരെക്കൊണ്ട് അത് വാങ്ങാനുള്ള ആഗ്രഹത്തെ ഉണ്ടാക്കിയെടുക്കുകയാണ് പരസ്യം ചെയ്യുന്നത്. അതിനുദാഹരണമാണ് ഈ കഥ


"അങ്ങ് കരിമുകിൽ വർണ്ണനല്ലേ ? എനിക്ക് കറുത്ത ആളാണെങ്കിൽ നല്ല വിശ്വാസമാണ് " !!! എന്ന കത്തിലെ വരികൾ കറുപ്പിന്റെയും വെളുപ്പിന്റെയും ചരിത്രപരമായ വസ്തുതകളെ ഉന്നയിക്കുന്നു. യാദവവംശജനായ കൃഷ്ണനെ ദൈവമാക്കി പരിവർത്തിക്കുമ്പോൾ സവർണ്ണദൈവത്തിന് അനുകൂലമായി കറുപ്പിനെ മാറ്റിത്തീർക്കുകയാണ് അധ:സ്ഥിതവംശത്തെ മെരുക്കിയെടുക്കുന്നതിന്റെ പ്രതീകമായി അത് മാറുന്നു. കൃഷ്ണനും കൃഷ്ണവർണ്ണവും സവർണ്ണാനുകൂലമായി സ്വീകരിക്കപ്പെട്ടപോലെ കച്ചവടാനുകൂലമായി പുതിയകാലത്ത് കറുപ്പ്മാറുന്നു. 'കറ നല്ലതാണ്' എന്നു പറയുന്നത് മുതലാളിത്തത്തിന് അത് ആവശ്യമാണ് എന്നതുകൊണ്ടാണ്. അതുപോലെ കൃഷ്ണവർണ്ണം വ്യവസായത്തിന് ആവശ്യമാണ്. പഴയകാല കൃഷ്ണാത്ഭുതങ്ങൾ പുതിയകാല വ്യവസായിക ഉത്പന്നങ്ങളുടെ അത്ഭുതവുമായി എങ്ങനെ ബന്ധപ്പെടുന്നു. എന്ന് കഥ ബോധ്യപ്പെടുത്തുന്നു.


നിഗമനങ്ങൾ

നവോത്ഥാനകാലം സൃഷ്ടിച്ച പല നിലപാടുകളുടെയും അബോധ പ്രകടനം പരസ്യങ്ങളിലുണ്ട്.

1.അറിവിന്റെ ജനകീയവത്കരണമാണ് രാമായണം, മഹാഭാരതം എന്നിവ എല്ലാ വീട്ടിലും വേണ്ടത്' എന്ന രീതിയിൽ പരസ്യപ്പെടുത്തുന്നതിന്റെ പിന്നിലുള്ളത്.

2. ജാതികേന്ദ്രീകൃതമായിരുന്ന ജ്ഞാനം ധന കേന്ദ്രീകൃതമാവുകയും പണമുള്ള ആർക്കും രാമായണാദികൾ സ്വന്തമാകാം എന്നു വന്നിരിക്കുകയും ചെയ്യുന്നു.

3. സംസ്കൃത കൃതികൾ അപ്രാപ്യമായിരുന്നവർക്ക് മുന്നിൽ നാട്ടുഭാഷയിലൂടെ അത് എത്തിച്ചേരുന്നു.

4.ഖണ്ഡകാവ്യങ്ങളും ഇതിഹാസങ്ങളും സോപ്പും കൂടയുമെല്ലാം ഒരേപോലെ വിറ്റഴിക്കാവുന്ന വസ്തുവായി മാറി. ഉച്ച/നീച വിഭജനങ്ങൾ ഇല്ലാതായി. ഏതും ചരക്കായി (commodity) മാറി.

5.അലോപ്പതിയും, സൗന്ദര്യവർദ്ധക വസ്തുക്കളും ആയൂർവേദ മരുന്നുകളും ഒരേപോലെ വിപണിയിൽ എത്തിയിരിക്കുന്നു.

6. പുതിയ ആവശ്യങ്ങളും ആഗ്രഹങ്ങളും വിപണി നിർമ്മിച്ചെടുക്കാൻ തുടങ്ങിയിരിക്കുന്നു. ഷേവ് ചെയ്യുന്നത് മുടി പോകുക എന്ന ആവശ്യത്തിൽ നിന്നും മുഖത്തിന് മിനുസവും സൗന്ദര്യവും ഉണ്ടാക്കുക എന്ന പുതിയ ആവശ്യം നിർമ്മിച്ചെടുക്കുന്നു.

7. ജന്മിത്ത വ്യവസ്ഥയും ബ്രിട്ടീഷ് ആധിപത്യവും ഒരുപോലെ മുന്നോട്ടുവച്ച

'വെളുപ്പ് 'സൗന്ദര്യഘടകമായി തുടരുന്നു.

8.പ്രകൃതിക്ഷോഭങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് (“മഴക്കാലം ഇതാ എത്തിപ്പോയ്). നല്ലതിന് വേണ്ടിയുള്ള ആശംസകൾ. ഇങ്ങനെ പൗരോഹിത്യം ചെയ്തിരുന്ന കർത്തവ്യങ്ങളെല്ലാം ഇന്ന് ചെയ്യുന്നത് വ്യവസായങ്ങളാണ്. അവയുടെ പരസ്യമാണ്.

9.ഭാഷാപരമായ മികവ്, കലാപരമായ കഴിവ് ഒക്കെ പരസ്യപ്രചരണത്തിന് ഉപയോഗിക്കുന്നു. (ഉദാഹരണം മുഖസ്തുതിയില്ലാത്ത മുഖസ്തുതി, സംഭാഷണം - പദ്യരൂപങ്ങളിലുള്ള പരസ്യങ്ങൾ)

10. കഥകളിലും ലേഖനങ്ങളിലും ഇത്തരത്തിലുള്ള പല സവിശേഷതകളും തിരിച്ചറിയുന്നു.

11.മതത്തിന്റെ സവിശേഷതകൾ തന്നെയാണ് കമ്പോളവും ഉപയോഗിക്കുന്നത്.


മാസികകൾ

1.ഉണ്ണിനമ്പൂതിരി, പുസ്തകം-4, 1098 കന്നി (1923),

2.ലക്കം 4 മംഗളോദയം, പുസ്തകം-23, 1723 കുംഭം, ലക്കം 5 2.

3. മംഗളോദയം, പുസ്തകം-7, 1123 മേടം (1948), ലക്കം 2, വാല്യം 19

4.മംഗളോദയം, പുസ്തകം-5, 1122 കർക്കിടകം (1947), ലക്കം 9, വാല്യം 49

5. മംഗളോദയം, പുസ്തകം-23, 1723 കുംഭം, ലക്കം 7

6.രാജർഷി, പുസ്തകം -5, 1114 കന്നി (1939), ലക്കം 2

7. വിശ്വരൂപം, പുസ്തകം-1 1940 ഒക്ടോബർ, ലക്കം 3

8.വിശ്വരൂപം, പുസ്തകം-1, 1941 ഏപ്രിൽ, ലക്കം 9

9. വിശ്വരൂപം, പുസ്തകം-1, 1941 ഏപ്രിൽ, ലക്കം

10. വിശ്വരൂപം, പുസ്തകം-1, 1941 ഫെബ്രുവരി, ലക്കം- 11 വിശ്വരൂപം, പുസ്തകം-1, 1941 ഏപ്രിൽ, ലക്കം

12. വിശ്വരൂപം, പുസ്തകം-1, 1941 മെയ്, ലക്കം16

13.വിദ്യാഭിവർദ്ധിനി, പുസ്തകം 1108 (1933)

14. സഞ്ചയൻ, പുസ്തകം-2, 1939 മെയ് 31, ലക്കം 6

15. സഞ്ചയൻ, പുസ്തകം-3, 1939 മെയ് 31, ലക്കം 6

16. സഞ്ചയൻ, പുസ്തകം-2, 1937 ജൂലായ്, ലക്കം 11

17.സഞ്ചയൻ, പുസ്തകം-2, 1937 മെയ്, ലക്കം 8

18.സ്വദേശാഭിമാനി, പുസ്തകം 18, 1926, ലക്കം 5

( 2016-2018 ബിരുദാനന്തര ബിരുദത്തിൻ്റെ പൂർത്തീകരണത്തിനായി 'അത്ഭുതവും കമ്പോളവും - ആദ്യകാല മാസികകളിലെ പരസ്യങ്ങളും പരസ്യ സംബന്ധിയായ കൃതികളും മുൻനിർത്തിയുള്ള പഠനം ' എന്ന വിഷയത്തിൽ തയ്യാറാക്കിയ പ്രബന്ധത്തിൻ്റെ സംഗ്രഹം)

 

സൂര്യ പി.

0 comments
bottom of page