top of page

ചെറുകഥ - 3 (സാങ്കേതികവിദ്യാമുതലാളിത്തകാലം)

സാഹിത്യ പ്രതിചരിത്രപരമ്പര 5

സക്കറിയ - ആര്‍ക്കറിയാം


സ്ത്രീവിരുദ്ധവും അധ:സ്ഥിതവിരുദ്ധവുമായ ആധുനികതാപ്രസ്ഥാനത്തിൻ്റെ തുടർച്ചയായും ഇടർച്ചയായും മാറുന്ന നിലപാടുകൾ ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറുകൾക്കുശേഷം ഉണ്ടാകുന്നുണ്ട്. അത് മാധ്യമ-മുതലാളിത്തത്തിൻ്റെയും ഉപഭോഗമുതലാളിത്തത്തിൻ്റെയും പുതിയ യുഗമായിരുന്നു. കർതൃത്വമില്ലെന്നു പറഞ്ഞുകൊണ്ട് ഭൂതകാലത്തെയും ചരിത്രത്തെയും നിഷേധിക്കുന്ന ബാർത്തിൻ്റെ നിലപാടുകളും കർതൃത്വം ചരിത്രപരമായ നിർമ്മിതിയാണ് എന്നുപറയുന്ന വാൾട്ടർ ബഞ്ചമിൻ്റെ നിലപാടുകളും ഈ കാലഘട്ടത്തിൽ ഉദ്ധരിക്കപ്പെട്ടു (The Death of the Author, The Work of Art in the Age of Mechanical Reproduction എന്നീ ലേഖനങ്ങൾ പരാമർശം). ആ അർത്ഥത്തിൽ ആധുനികതയോടുള്ള ചെറുത്തുനില്‍പ്പ് എന്ന വ്യാജേന കടന്നുവന്ന ഉത്തരാധുനികത (Postmodernism) ആധുനികതയുടെ പൂരകമായിരുന്നു. പ്രകടമായ വ്യത്യാസങ്ങള്‍ കാണാമെങ്കിലും ദാര്‍ശനികമായ വിച്ഛിത്തി ഇല്ലായിരുന്നു.

ധനപരമായ മുതലാളിത്തം (Financial Capitalism) സൃഷ്ടിച്ച അധികാരത്തിന്‍റെ അദൃശ്യതയും, കച്ചവടസംസ്കൃതിയും മാധ്യമാധിപത്യവും രൂപപ്പെടുത്തിയ വ്യാജസ്വാതന്ത്ര്യബോധവും കൂടിച്ചേര്‍ന്നാണ് ഉത്തരാധുനികതയുടെ മനശ്ശാസ്ത്രപരവും സാമൂഹികവുമായ അവസ്ഥകൾ രൂപപ്പെടുത്തിയത്. ബൃഹദാഖ്യാനങ്ങളോടുള്ള അവിശ്വാസവും (incredulity towards metanarratives) അപനിര്‍മ്മാണവും (Deconstruction) കര്‍ത്താവിന്‍റെ മരണവും (The Death of the Author - Barthes) പ്രകടിപ്പിക്കുകയും സങ്കല്‍പ്പിക്കുകയും ചെയ്ത ഉത്തരാധുനികര്‍ രൂപപ്പെടുത്തിയ സ്വാതന്ത്ര്യവാദം വ്യാജമായിരുന്നു. ധനകാര്യ മുതലാളിത്തം എന്ന ബൃഹദാഖ്യാനത്തെ മറച്ചു പിടിക്കാനായിരുന്നു ഉത്തരാധുനിക പരിസരത്തിൽ ചെറുതുകളുടെ ആഘോഷവും വ്യാജസ്വാതന്ത്ര്യവാദവും പ്രത്യക്ഷപ്പെട്ടത്. പാരമ്പര്യ ആത്മീയ മൂല്യങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ട് എത്തുന്ന സമകാല മുതലാളിത്ത അധികാരഘടനയെ സംബോധന ചെയ്യാതെ ജന്മിത്തകാല പുരുഷസങ്കല്പം, ജാതിസങ്കല്പം എന്നിവയെ പ്രതിയോഗിയാക്കിക്കൊണ്ടാണ് ഫെമിനിസം, ദളിതിസം പോലുള്ള വിവർത്തനം ചെയ്യപ്പെട്ട ആശയരൂപങ്ങൾ എത്തിയത്.


ആധുനികതയുടെ നിഗൂഢത തകര്‍ക്കാനെന്ന രീതിയില്‍ അവര്‍ 'സാഹിത്യബാഹ്യ'മായ ഭാഷ യാന്ത്രികമായി സാഹിത്യത്തില്‍ പരീക്ഷിച്ചു. എന്നാൽ സംസ്കാരത്തിൻ്റെ വൈരുധ്യങ്ങൾ അന്വേഷിക്കുന്നതിൻ്റെ ഭാഗമായുള്ള അന്തർവൈജ്ഞാനിക നിലപാട് പലരംഗത്തും ആരോഗ്യകരമായിത്തന്നെ പ്രത്യക്ഷപ്പെടുകയും ചെയ്തു. ഉത്തരാധുനികസങ്കേതം എന്ന നിലയിലുള്ള അനുകരണമാണ് കൂടുതൽ ഉണ്ടായത് എന്നു മാത്രം. എഴുപതുകളിൽത്തന്നെ അത് ഉണ്ടാകുന്നുണ്ട്. (എന്നാൽ നവോത്ഥാനകാലത്ത് ബഷീറിൻ്റെ കൃതികളിൽത്തന്നെ ഈ ശൈലി സ്വാഭാവികരീതിയിൽ കാണുന്നുണ്ട്.) സക്കറിയയുടെ യേശുപുരം പബ്ലിക്ക് ലൈബ്രറിയെക്കുറിച്ച് ഒരു പരാതി എന്ന കഥയുടെ തുടക്കം ഒരു ലേഖനത്തിന്റെ രൂപംകൈക്കൊള്ളുന്നത് ഉദാഹരണമാണ്: "സാര്‍, എത്രയോ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു മഹാസ്ഥാപനമാണ് യേശുപുരം പബ്ലിക്ക് ലൈബ്രറി. ഈ സ്ഥാപനം ഇന്നു തകര്‍ച്ചയിലാണ്....അധികാരികളുടേയും പൊതുജനങ്ങളുടേയും സത്വരശ്രദ്ധയ്ക്കായി ചില വസ്തുതകള്‍ ഞാന്‍ നിരത്തട്ടെ...."(1971, Feb 28 മാതൃഭൂമി)

അതുപോലെ ബഹുപാഠങ്ങളുടെ സാധ്യത കഥയില്‍ത്തന്നെ നിലനിര്‍ത്താന്‍ എന്ന രീതിയില്‍ വിവിധരീതിയിലുള്ള കഥാന്ത്യങ്ങളും നല്‍കാറുണ്ട്. ടി.വി.കൊച്ചുവാവയുടെ ഗൃഹപാഠം എന്ന കഥയും സക്കറിയയുടെ തന്നെ അശ്ലീലം വരുത്തിവച്ച വിന-ഒരു ദുരന്തസംഭവം (പോംവഴി സഹിതം) എന്ന കഥയും ഉദാഹരണങ്ങളാണ്. എന്നാല്‍ പ്രതിരോധസ്വഭാവം നിലനിര്‍ത്തുന്നത് സക്കറിയയുടെ തന്നെ ഇത്തരം പരീക്ഷണങ്ങള്‍ ഒഴിവാക്കിയ കഥകളാണ്. ഉദാഹരണമായി, 'ആര്‍ക്കറിയാം' എന്ന കഥ. ഹെറോദോസിന്റെ നിര്‍ദ്ദേശപ്രകാരം യേശുവിനെ വധിക്കാന്‍ വേണ്ടി ബത്‌ലഹേമിലെ കുട്ടികളെ കൊല്ലുന്ന പണിയില്‍ മുഴുകിയ ഒരു പട്ടാളക്കാരന്‍ ഒരു വേശ്യാലയത്തിലെത്തുന്നതും അനന്തരസംഭവങ്ങളുമാണ് ഈ കഥയില്‍. അധികാരത്തിന്റെ ഉപകരണങ്ങളായി മാറുന്ന വേശ്യയും പട്ടാളക്കാരനും തമ്മിലുള്ള സംഭാഷണത്തിലൂടെ രക്ഷകസങ്കല്‍പ്പത്തെ പ്രശ്നവത്കരിക്കുന്നു. താന്‍ വേശ്യയായതും രക്ഷകന്റെ വരവ് കുഞ്ഞുങ്ങളുടെ ചോരയിലൂടെയായതും ഒരേ വിധിയാലാണെന്ന് ആ സ്ത്രീ തിരിച്ചറിയുന്നു. വേശ്യയ്ക്ക് കുഞ്ഞുങ്ങളെ ലഭിക്കുന്ന കുടുംബജീവിതം നിഷിദ്ധമാണ്. അങ്ങനെ നോക്കുമ്പോൾ വേശ്യയായിരിക്കുക എന്നത് കുഞ്ഞുങ്ങളെ ഹിംസിക്കുക എന്നതാണ്. രക്ഷകന്മാർ വരുന്നതും കുഞ്ഞുങ്ങളെ ഹിംസിച്ചുകൊണ്ടാണ്. വേശ്യ എപ്പോഴും പണമുള്ള ഒരു രക്ഷകനെ പ്രതീക്ഷിക്കുന്നു. അതുകൊണ്ടാണ് താൻ വേശ്യയായതും രക്ഷകൻ്റെ വരവ് കുഞ്ഞുങ്ങളുടെ ചോരയിലൂടെയായതും ഒരേ വിധിയാണെന്നു അവർ തിരിച്ചറിയുന്നത്. രക്ഷകനെയാണ് ആദ്യം വധിക്കുന്നതെങ്കില്‍ ദുരന്തങ്ങളേയുണ്ടാകില്ലെന്ന് അവരറിയുന്നു. പക്ഷേ യേശുവിനെ തിരിച്ചറിഞ്ഞിരുന്നെങ്കില്‍ താന്‍ കൊല്ലില്ലായിരുന്നു എന്നു പട്ടാളക്കാരന്‍ പറയുകയും യേശുവിനെ ആ വേശ്യ അവിടെവച്ച് രക്ഷപ്പെടുത്തുകയും ചെയ്യുന്നുണ്ട്. രക്ഷകന്മാരെ സംരക്ഷിക്കുന്ന തങ്ങൾ തന്നെയാണ് തങ്ങളുടെ ദുരന്തത്തിന് കാരണമെന്ന തിരിച്ചറിവാണ് കഥ നൽകുന്നത്. രക്ഷകന്മാരുടെ അവതാരവും വിധേയത്വവുമാണ് രക്ഷിക്കപ്പെടേണ്ട അവസ്ഥ ഉണ്ടാക്കുന്നതെന്ന നിരീക്ഷണവും ഈ കഥയിലുണ്ട്.


സാറാജോസഫ് : തായ്കുലം


ആധുനികകാലത്തെ ജന്മിത്ത- മുതലാളിത്ത സൗഹാര്‍ദ്ദ വലതുപക്ഷമനസ്സ്, പുതിയ മുതലാളിത്തത്തിന്‍റെ മാധ്യമ-ധനകാര്യമായ കാഴ്ചകളുടെ വിശുദ്ധിയിലേയ്ക്ക് എളുപ്പം വിധേയപ്പെട്ടു. ആഗോളീകരിക്കപ്പെട്ട അരാഷ്ട്രീയമനസ്സിന്‍റെ പ്രതിരോധശ്രമങ്ങള്‍ വേണ്ടത്ര ഫലപ്രദമായില്ല. ഫെമിനിസ്റ്റ്-ദളിതിസ്റ്റ് പ്രതിരോധങ്ങള്‍ അരാഷ്ട്രീയമായതിനാല്‍ത്തന്നെ പ്രതിഗമനസ്വഭാവമുള്ളതുമായിരുന്നു. വസ്തുവത്കരണത്തിന്‍റേയും കച്ചവടസംസ്കാരത്തിന്‍റേയും ദുരന്തപരിണാമങ്ങള്‍ ആവിഷ്കരിക്കുന്ന പുതിയകഥകള്‍ ഉണ്ടാകുമ്പോഴും ഫെമിനിസ്റ്റ്-ദളിതിസ്റ്റ്-പാരിസ്ഥിതിക പ്രതിരോധവാദങ്ങള്‍ പ്രതിരോധനാത്മകങ്ങള്‍ ആയിരുന്നില്ല. സാറാജോസഫ്, ഗ്രേസി, ചന്ദ്രമതി തുടങ്ങിയ അനേകം പെണ്ണെഴുത്തുകാര്‍ വിവിധനിലകളിൽ സ്വാതന്ത്ര്യപ്രമേയം കൈകാര്യം ചെയ്യുന്നുണ്ട്. ഉദാഹരണമായി, സാറാജോസഫിന്‍റെ തായ്കുലം എന്ന കഥ പരിശോധിക്കുക. ഫെമിനിസ്റ്റ്-ഇക്കോഫെമിനിസ്റ്റ്-ദളിതിസ്റ്റ് സൈദ്ധാന്തികപരിസരങ്ങളെ വിദഗ്ദ്ധമായി പ്രക്ഷേപിക്കുന്ന കഥയാണിത്.

ലക്ഷ്മണനാല്‍ മുലയും മൂക്കും അരിഞ്ഞുവീഴ്ത്തപ്പെട്ട ശൂര്‍പ്പണഖയുടെ വിചാരത്തിലൂടെയാണ് കഥയുടെ ആഖ്യാനം. കൊടുങ്കാറ്റുപോലെ ഉച്ഛൃംഖലമായ ശൂര്‍പ്പണഖയുടെ കാമത്തെ പുരുഷനുനേരെയുള്ള ഒരു വെല്ലുവിളിയായി കഥയിലവതരിപ്പിക്കുന്നു. ‘പെണ്ണ് കാമം കൊണ്ടുലര്‍ന്ന് വരുമ്പോൾ ആവതില്ലെങ്കില് ഒടപ്പെറന്നോള്‍ക്ക് ചേര്‍ന്ന വാക്കുപറഞ്ഞ് വോറൊരിടം ചൂണ്ടിവിടണ’മെന്നും ‘രാവണന്‍ തായ്മേനി തകര്‍ക്കാന്‍ വാളെടുക്കില്ലെ’ന്നും ശൂര്‍പ്പണഖ പറയുന്നു. സ്ത്രീയുടെ എഴുത്ത് ശരീരത്തില്‍ നിന്നാണ് വരുന്നതെന്നും ലൈംഗികവ്യത്യാസമാണ് പെണ്ണെഴുത്തിന്‍റെ ഉറവെന്നുമുള്ള കരോളിന്‍ ബര്‍ക്കിന്‍റേയും ഹെലന്‍ സിക്സു (The Laugh of the Medusa)വിന്‍റേയും മറ്റും അഭിപ്രായമാണ് ഇവിടെ പ്രതിധ്വനിക്കുന്നത്. സ്ത്രീയെ പ്രകൃതിയുമായി സമരസപ്പെടുത്തി സങ്കല്‍പ്പിക്കുകയും സ്ത്രീയെപ്പോലെ പ്രകൃതിയും ചൂഷണം ചെയ്യപ്പെടുന്നതിന്‍റെ പ്രതിസ്ഥാനത്ത് പുരുഷനെ നിര്‍ത്തുകയും ചെയ്യുന്ന ഇക്കോ-ഫെമിനിസത്തിന്‍റെ വികാരപദ്ധതിയാണ്, മുറിഞ്ഞമുലകളെ, ‘കൊയ്ത്തുകഴിഞ്ഞ പാടംപോലെ പരന്നു ഫലശൂന്യമായ ഒരിട’മായി വര്‍ണ്ണിക്കുന്നതിലുള്ളത്. പെണ്ണിന്‍റെ കാമത്തിനു കുറ്റം ചാര്‍ത്തിയാല്‍ മണ്ണിനാണ് വിനയെന്നും പറയുന്നുണ്ട്. വനത്തോട് തന്മയീഭവിക്കുന്ന ഒരു ദളിത്‌സത്വവും ശൂര്‍പ്പണഖയ്ക്ക് കഥാകൃത്ത് നല്‍കുന്നുണ്ട്. "ഇത് ഇന്‍റെ കാതല്‍വനമാണ്" എന്ന് അവര്‍ പറയുന്നു. രാവണപ്പെരുമാളിന്‍റെ പൂങ്കാവനത്തില്‍ കഴിഞ്ഞതിനു സീതയെ തീയില്‍ച്ചാടാന്‍ രാമന്‍ പറയുന്നത് കേട്ടുകൊണ്ട് ശൂര്‍പ്പണഖ പൊട്ടിച്ചിരിച്ചു” എന്നു പറഞ്ഞാണ് കഥ അവസാനിക്കുന്നത്. ഒടുവിൽ ഇങ്ങനെ കഥയിൽ കാണാം: "കാട് ഞെട്ടിയുണര്‍ന്നു, പക്ഷികളും മൃഗങ്ങളും കരയാന്‍ തുടങ്ങി." പുരുഷാധിപത്യത്തെ എതിര്‍ക്കാന്‍ ലിംഗപരവും വംശപരവുമായ അസ്തിത്വത്തിലേയ്ക്ക് സങ്കോചപ്പെട്ടുകൊണ്ട് രൂപപ്പെടുത്തുന്ന പ്രതിരോധം മതമൗലികവാദത്തിന്‍റെ രാഷ്ട്രീയത്തെയാണ് ഉത്പാദിപ്പിക്കുന്നത്.

കാമാസക്തയായ സ്ത്രീ/തായ്മേനി (പതിവ്രത)- ഈ സ്ത്രീസങ്കല്‍പ്പങ്ങള്‍ പുരുഷാധിപത്യത്തിന്‍റെ തന്നെ സ്ത്രീരൂപങ്ങളാണ്. കഥ അതിനെത്തന്നെയാണ് പുനരുത്പാദിപ്പിക്കുന്നത്. മുറിവേറ്റ മുലയെ കൊയ്തപാടമായി സങ്കല്പിക്കുമ്പോൾ വയലും കൊയ്യലും പരിസ്ഥിതിപ്രവർത്തനവും പാപമായി മാറുന്നു. രാമനെയും രാവണനെയും നിഷേധിക്കുന്ന നവോത്ഥാനനിലപാടിൽ നിന്നും ഉത്തരാധുനികതയിലെത്തുമ്പോൾ രാവണൻ്റെ ന്യായീകരണമായി ആഖ്യാനങ്ങൾ മാറുന്നു. ആധുനികതയിലെന്നപോലെ അയിത്താവസ്ഥയുടെ ആദര്‍ശവത്കരണവും ശാക്തീകരണവും തന്നെയാണ് ഇത്. അതായത് ശൂര്‍പ്പണഖ രാവണനുള്ള ന്യായീകരണമായി മാറുന്നു എന്നര്‍ത്ഥം. സ്ത്രീപക്ഷമായും ദളിത്പക്ഷമായും പരിസ്ഥിതിപക്ഷമായും എത്തുന്ന ആഖ്യാനങ്ങൾ വിപരീതമായിത്തീരുന്നത് ഇത്തരം കഥകളിൽ കാണാം.


ടി.വി.കൊച്ചുബാവ : പ്രണയം


ലൈംഗികവൈകൃതത്തിലേര്‍പ്പെടുമ്പോഴും കന്യകാത്വം സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുകയും ഉടമയുടെ അനുവാദത്താല്‍ മാത്രം കന്യകയെ ഭോഗിക്കുകയും ചെയ്യുന്ന എട്ടുകാലിയിലെ നായകന്‍ ഫ്യൂഡല്‍ അധികാരസങ്കല്‍പ്പത്തെ കാംക്ഷിച്ചുകൊണ്ടുതന്നെ ലൈംഗിക അരാജകത്വത്തിലേയ്ക്കു പോകുന്നുണ്ട്. ഈ അരാജകരാഷ്ട്രീയത്തിനുള്ളിലാണ് മുതലാളിത്തത്തിന് അതിന്‍റെ ഇടങ്ങള്‍ ലഭിച്ചത്. കാക്കനാടന്‍റെ ഭ്രാന്തില്‍ മുതലാളിത്തജീര്‍ണ്ണതകളെ പവിത്രീകരിക്കുന്നത് കാണുന്നു. ഈ അരാഷ്ട്രീയമനസ്സാണ് കച്ചവടസംസ്കൃതിയുടെ ആഗോളീകരിക്കപ്പെട്ട മനസ്സ് സ്രഷ്ടമാക്കിയത്. അതാണ് ഫ്യൂഡല്‍പ്പൊങ്ങച്ചങ്ങള്‍ക്കും മുതലാളിത്തജീര്‍ണ്ണതകള്‍ക്കും ഇടയില്‍ മാറിമാറി സഞ്ചരിക്കുന്ന ഒരു മനസ് കേരളീയന് സമ്മാനിച്ചത്. ടി.വി.കൊച്ചുബാവയുടെ പ്രണയത്തില്‍, താന്‍ കാരണം നാലുമാസം ഗര്‍ഭിണിയായ പൂജ എന്ന ഭാര്യയെ ആദ്യരാത്രിയില്‍ ഭര്‍ത്താവായ അവിനാശ് പട്ടുചുറ്റി പാലുമായി വരാന്‍ നിര്‍ബന്ധിക്കുന്നു. എന്നാല്‍ പൂജ ചൂട് സഹിക്കാനാവാതെ ('അമ്പലോംചുറ്റിത്തിരിയലും') ജീന്‍സും ടോപ്പും വലിച്ചെറിയുന്നു (അടിയില്‍ ബ്രായില്ലായിരുന്നു). ഭാരതീയപൈതൃകത്തെക്കുറിച്ച്, കളഞ്ഞുകിട്ടിയ പുസ്തകത്താല്‍ പഠിച്ചുകഴിഞ്ഞതിനാല്‍ നഗ്നയായ ഭാര്യയെ ആദ്യരാത്രിയില്‍ സഹിക്കാന്‍ കഴിയില്ല എന്ന് അവിനാശ് പറയുന്നു. എന്തുകൊണ്ട് ആദ്യമേ നിനക്കു അറിഞ്ഞുകൂടായിരുന്നൂ എന്ന് അവള്‍ ചോദിക്കുമ്പോള്‍, താന്‍ മറന്നാലും സ്ത്രീയായ അവള്‍ ഓര്‍ക്കണമായിരുന്നൂവെന്ന് അയാള്‍. അവള്‍ പുച്ഛത്തോടെ പറഞ്ഞു: "എനിക്ക് ഓര്‍ക്കാനം വരുന്നു, നിന്‍റെ മോന്ത കാണുമ്പോള്‍. പ്രണയം ക്ഷുഭിതവീര്യവുമായേ അനുരഞ്ജനം നടത്താറുള്ളൂ, കവര്‍ന്നെടുക്കുന്നവര്‍ അതിനെ മറക്കാനുള്ള പെരുംവാചകങ്ങളും കൊണ്ടുനടക്കാറുണ്ടോ?". തന്‍റെ ദേഹത്തില്‍ നിന്നോ പാരമ്പര്യത്തിന്‍റെ ആവിര്‍ഭാവം എന്നും അവള്‍ ചോദിക്കുന്നു. നാലുമാസം ഗര്‍ഭത്തിനുമേല്‍ പട്ടുസാരിചുറ്റി അവള്‍ ഓര്‍ക്കുന്നു: പെണ്‍കൊടി ഭ്രൂണാവസ്ഥയില്‍ത്തന്നെ ബലിച്ചോറാകുന്നു. ജീര്‍ണ്ണഭോഗത്തിനൊപ്പം നില്‍ക്കുകയും അതിന്‍റെ പാപം പെണ്‍എട്ടുകാലിക്ക് കൊടുക്കുകയും ചെയ്യുന്ന എട്ടുകാലിയുടെ രാഷ്ട്രീയത്തേയും ദേഹത്തില്‍ വംശീയപാരമ്പര്യത്തെ തുയിലുണര്‍ത്തുന്ന തായ്കുലത്തിന്റെ ഉത്തരാധുനികരാഷ്ട്രീയത്തേയും ചെറുത്തുകൊണ്ട് അതാണ് ദേഹത്തെ മുതലാളിത്തത്തിന്‍റെ അടയാളങ്ങള്‍ പതിപ്പിക്കുന്ന ഇടങ്ങളാക്കി മാറ്റുന്നതെന്നും മനുഷ്യനെ ഭ്രൂണാവസ്ഥയില്‍ത്തന്നെ ബലിച്ചോറാക്കുന്നതെന്നും ഈ കഥ ഓര്‍മ്മിപ്പിക്കുന്നു. 'തന്‍റേത്, ശകലങ്ങളായി തീര്‍ന്ന ജീവിതം തിന്നുതീര്‍ക്കേണ്ട കര്‍ത്തവ്യമാണെന്ന് ടി.വി.കൊച്ചുബാവ പറഞ്ഞിട്ടുണ്ട്. താന്‍ ജനിച്ചുവീഴുന്നത്, ഒരു കുഞ്ഞുപോലും കടബാധ്യതയാല്‍ നിലവിളിക്കുന്ന ദേശത്താണെ'ന്നും അദ്ദേഹം ഒരഭിമുഖത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. “പരസ്യത്തിലെ ബിസ്കറ്റുതന്നെ വേണമെന്ന് വാശിപ്പിടിക്കുന്ന കുട്ടിയുടെ പൊള്ളുന്ന സത്യമാണ് എനിക്കും നിങ്ങള്‍ക്കും മുന്നിലെ”ന്നും അദ്ദേഹം പറയുന്നു. കടംകൊണ്ട പണത്താൽ പെരുകിവരുന്ന സനാതനപാരമ്പര്യവാദവും മാധ്യമജീവിതത്തിൻ്റെ ശകലീകരിക്കപ്പെട്ട ജീവിതവും ഒരുപോലെ ജീവിച്ചുതീർക്കേണ്ട സാങ്കേതികവിദ്യാ മുതലാളിത്തകാലത്തെയാണ് ടി.വി.കൊച്ചുബാവയും ഇക്കാല കഥാകൃത്തുക്കളും സംബോധന ചെയ്തത്.



സന്തോഷ് ഏച്ചിക്കാനം : ഉടല്‍ വിഭവസമൃദ്ധമാകുമ്പോള്‍


മനുഷ്യനെ ലൈംഗികാസ്തിത്വത്തിലേയ്ക്ക് ചുരുക്കുകയും മനുഷ്യശരീരം മുതലാളിത്തത്തിന്‍റെ പൊങ്ങച്ചങ്ങള്‍ അടയാളപ്പെടുത്താനുള്ള ഇടമാക്കുകയുമാണ് ഉത്തരാധുനികതാകാലം ചെയ്യുന്നത്. ഫ്യൂഡല്‍ ഗൃഹാതുരതയിലേയ്ക്കു മടങ്ങുകയും കച്ചവടകേന്ദ്രങ്ങള്‍ പുതിയ ആത്മീയകേന്ദ്രങ്ങളായി മാറുകയും ചെയ്യുന്നു. സന്തോഷ് ഏച്ചിക്കാനത്തിന്‍റെ ഉടലുകള്‍ വിഭവസമൃദ്ധമാകുമ്പോള്‍ എന്ന കഥ ഈ ഉപഭോഗജീവിതത്തിന്‍റെ മതിഭ്രമങ്ങള്‍ ആവിഷ്കരിക്കുന്നു. രുക്മിണിയുടേയും പ്രസാദിന്‍റേയും ദാമ്പത്യജീവിതത്തിനിടയിലെ പ്രശ്നങ്ങളാണ് ഈ കഥയിലുള്ളത്. വയസ്സിലധികം വളര്‍ച്ചയുള്ള മോഹിതയും നിര്‍മ്മലുമാണ് മക്കള്‍. രുക്മിണി ജോലി ചെയ്യുന്ന 'സെല്‍ഫ് ടേണ്‍' കമ്പ്യൂട്ടര്‍സെന്‍ററിലെ മാനേജറിന്‍റെ കൂട്ടുകാരന്‍ ചെന്നൈക്കാരന്‍ രോഹന്‍ ഫിലിപ്പ്, മോഹിതയെ രോമക്കുപ്പായത്തിന്‍റെ പരസ്യത്തിനെടുക്കാമെന്ന് വാക്കുകൊടുത്തിട്ടുണ്ട്. ഒരു കാര്യത്തിലും വിയോജിപ്പില്ലാത്തതാണ് രുക്മിണിയുടേയും പ്രസാദിന്‍റെയും ദാമ്പത്യം. പ്രസാദ് എന്ത് പണിചെയ്താണ് പണം ഉണ്ടാക്കുന്നതെന്ന് തിരക്കാറില്ലെങ്കിലും വീട്ടില്‍ ഒരു കുറവും പ്രസാദ് വരുത്തിയിട്ടില്ല എന്ന കാര്യം രുക്മിണി ശ്രദ്ധിക്കുന്നു. ശാന്തിമിത്ര സൂപ്പര്‍മാര്‍ക്കറ്റിലേയ്ക്ക് പോകുന്ന രുക്മിണി അവിടെ ഗുണവും നിലവാരവും ലാഭവും കുലീനതയുമുള്ള സാധനങ്ങള്‍ അന്വേഷിക്കുന്നു. മകള്‍ പറഞ്ഞ പെപ്സി വാങ്ങി പുറത്തേയ്ക്കു വരുമ്പോള്‍ അവള്‍ ബോധപൂര്‍വ്വം അല്ലാതെതന്നെ ഉടലില്‍ ഒളിപ്പിച്ച പെപ്സികള്‍ മാര്‍ക്കറ്റുടമസ്ഥര്‍ കണ്ടെത്തുന്നു. മാനേജര്‍ സാരിയുരിഞ്ഞ് ശരീരം തഴുകുകയും പരിശോധിക്കുകയും പെപ്സി കണ്ടെത്തുകയും ചെയ്യുന്നു. ഒടുവില്‍ മാനേജര്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കാതെ പറഞ്ഞയയ്ക്കുന്നതിനാല്‍ ‘എന്തൊരുദാരത’ എന്ന് മാനേജറെ മുന്‍നിര്‍ത്തി അവള്‍ പറയുന്നു. വീട്ടിലെത്തിയ രുക്മിണി കിടന്നുറങ്ങുന്ന മോഹിതയുടേയും നിര്‍മ്മലിന്‍റേയും കിടപ്പില്‍ അസ്വാരസ്യം അനുഭവിച്ച് നാളെ മുതല്‍ അവരെ വെവ്വേറെ കിടത്തണമെന്നു തീരുമാനിക്കുന്നു. മനുഷ്യന്‍ എങ്ങനെ ലൈംഗികവസ്തുവും വാണിഭച്ചരക്കുമായി മാറുന്നുവെന്ന് ഈ കഥ പഠിപ്പിക്കുന്നു. മുതലാളിത്തമതിഭ്രമങ്ങള്‍ക്കെതിരെയുള്ള പോരാട്ടമാണ് ഉത്തരാധുനികകഥകള്‍ മുന്നോട്ടു വയ്ക്കുന്നത്. എന്നാൽ സന്തോഷ് എച്ചിക്കാനത്തിൻ്റെ തന്നെ 'പന്തിഭോജനം', എസ്.ഹരീഷിൻ്റെ 'മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ’ മുതലായ മാധ്യമങ്ങൾ പ്രകീർത്തിക്കുന്ന കഥകൾ ചരിത്രത്തെയും വ്യക്തികളെയും വംശീയവും ശാരീരികവുമായ വ്യക്തിത്വത്തിലേയ്ക്ക് മടക്കി വിളിക്കുന്നവയാണ്.


ചന്ദ്രമതി - ഇവിടെയൊരു ടെക്കി


മാധ്യമമുതലാളിത്തം തൊഴിലാളികളെയും സ്ത്രീകളെയും പ്രണയജീവിതത്തെയുമൊക്കെ എങ്ങനെ അന്യവത്കരിക്കുന്നു എന്നു ചന്ദ്രമതിയുടെ ഇവിടെ ഒരു ടെക്കി എന്ന കഥയിൽ കാണാം. കമ്പ്യൂട്ടർ തുറക്കാനാവാത്തതിൽ ഞെട്ടൽ ഉണ്ടാകുന്ന വിജയൻ എന്ന ഒരു ടെക്കിയുടെ അസ്വസ്ഥതകൾ ആണ് പ്രത്യക്ഷത്തിൽ കഥയിലുള്ളത്. കാമുകി തേജസ്വിയുടെ മെസ്സേജുകൾക്ക് മറുപടി അയക്കാൻ പറ്റുന്നില്ല. ഇന്ത്യയിലെ പ്രബുദ്ധയൗവനത്തിന് ജീവിതം അന്യവൽക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന ഞെട്ടലാണ് കഥ അനുഭവിപ്പിക്കാൻ ശ്രമിക്കുന്നത്. പണ്ട് മതമാണ് ഈ അന്യവത്കരണം സൃഷ്ടിച്ചത്. എന്നാൽ ഇന്ന് ടെക്നോളജി ആണ് ഇത് ചെയ്യുന്നത്. സാങ്കേതികവിദ്യ നമ്മുടെ അടിസ്ഥാന ആവശ്യങ്ങളെ പരിഹരിക്കാൻ ഉപയോഗിക്കുമ്പോഴാണ് അത് സർഗ്ഗാത്മകമാകുന്നത്. നമുക്കെന്തെങ്കിലും ചെയ്യാൻ ഉണ്ടാവണം. എന്തെങ്കിലും രാഷ്ട്രീയലക്ഷ്യങ്ങൾ ഉണ്ടാവണം. നമ്മുടേതായ കാര്യങ്ങൾ വിനിമയംചെയ്യാൻ ഉണ്ടാവണം. ഇന്ത്യയിലെ ഐ.ടി. സ്ഥാപനങ്ങൾക്ക് ദേശീയ ആവശ്യങ്ങളുമായി ഒരു ബന്ധവുമില്ല. മറ്റേതോ രാജ്യത്തിന് വേണ്ടി നമ്മുക്കറിയാത്ത ഏതോ കാര്യത്തിന് വേണ്ടി നാം പണിചെയ്തുകൊണ്ടിരിക്കുന്നു. ഇവിടെ സ്വാഭാവികമായും തൊഴിലാളികൾ അന്യവൽക്കരിക്കപ്പെടുന്നു. അങ്ങനെ അന്യവൽക്കരിക്കപ്പെട്ട തൊഴിലാളികളായി ടെക്കികൾ മാറുന്നു. അവർ നേരിടുന്ന കർശനനിയന്ത്രണങ്ങളെക്കുറിച്ച് കഥയിലുണ്ട്. രാജാവിൻ്റെ അടിമ, ദൈവത്തിൻ്റെ അടിമ എന്നൊക്കെ പറയുംപോലെ കമ്പനിയുടെ അടിമ, ബോസിൻ്റെ അടിമകളായി വ്യക്തികൾ മാറുന്നു, തൊഴിലാളികൾ മാറുന്നു. 'ടോയ്‌ലറ്റിൽ മാത്രം ടെക്കിസമത്വം' എന്ന ഒരു അവസ്ഥ കഥയിൽ പരാമർശിക്കുന്നുണ്ട്. ഇത്തരത്തിൽ ജീവിതത്തിൽ നിന്നുതന്നെയുള്ള അന്യവത്കരണം സ്വന്തം ജീവിതത്തെ പരിഹാസ്യമാക്കുന്നു.


തൊഴിലാളികളുടെ ഈ അന്യവൽക്കരണം പ്രണയത്തിൽ നിന്നുമുള്ള അന്യവത്കരണമായും മാറുന്നു. പ്രണയം വിനിമയം ചെയ്യാനുള്ള ഉപകരണമായി മൊബൈലും കമ്പ്യൂട്ടറും മാറാം. എന്നാൽ പ്രണയത്തെത്തന്നെ വിനിമയോപാധികൾ ആദേശം ചെയ്യാം. കമ്പ്യൂട്ടർ ഇല്ലെങ്കിൽ പ്രണയമില്ല, മുദ്രമോതിരം ഇല്ലെങ്കിൽ പ്രണയം മറന്നുപോകുന്നു എന്നു പറയുന്നതുപോലെ ഉപകരണം ഇല്ലെങ്കിൽ അടയാളങ്ങൾ ഇല്ലെങ്കിൽ പ്രണയമില്ല എന്ന അവസ്ഥയിലേക്ക് മാറുന്നു. രാജാവായത് കൊണ്ടു പ്രണയിക്കുന്നത്, ദൈവത്തെ പ്രണയിക്കുന്നത്, അമ്പലത്തിൽ പോകുമ്പോൾ മാത്രം പ്രണയിക്കാൻ പറ്റുന്നത് ഒക്കെ പഴയകാലത്തുണ്ട്. പക്ഷെ മാറിയെന്നു കരുതുന്ന പുതിയകാലത്തും ഇതു മറ്റൊരു രീതിയിൽ ആവർത്തിക്കുന്നു. അമ്പലക്കുളവും കാനനച്ഛായയും റബ്ബർതോട്ടവും - ഇതിനൊക്കെ പകരമാണ് കമ്പ്യൂട്ടർ എന്നു കഥയിൽ പറയുന്നുണ്ട്.


കമ്പ്യൂട്ടറിനെത്തന്നെ സ്ത്രീയുമായി ബന്ധിപ്പിച്ചു പറയുന്നുണ്ട്. ഒരു സ്പർശനത്തിലും ഉണരാത്ത സ്ത്രീയെപ്പോലെ, സ്പർശം, തഴുകൽ, അനുനയം തുടങ്ങിയ പ്രാരംഭലീലകളിൽ വശപ്പെടാത്ത സ്ത്രീയെപ്പോലെ ഇങ്ങനെയുള്ള സാദൃശ്യങ്ങൾ കഥയിലുണ്ട്. കമ്പ്യൂട്ടർ ഒരു ലൈംഗികോപകരണമായി മാറുന്നു. ഇതിനെയാണ് ഫെറ്റിഷിസം എന്നു പറയുന്നത്. ഉപകരണലൈംഗികതയിൽപ്പെട്ട സമൂഹം കമ്പ്യൂട്ടറിനെയാണ് പ്രണയിക്കുന്നത്. കമ്പ്യൂട്ടർ മരിക്കുമ്പോൾ കാമുകി മരിച്ചാലെന്നപോലെ നിരാശനാകുന്നു. പ്രണയത്തിൻ്റെ അന്യവത്കരണം പ്രധാനപ്പെട്ട പ്രമേയമായി കഥയിൽ മാറുന്നു.

മറ്റൊന്നു പുതിയ കാലത്തു രൂപപ്പെടുന്ന മുതലാളിത്തമതമാണ്. പഴയമതത്തിനു പകരം മുതലാളിത്തമതം രൂപപ്പെട്ടുവരുന്നു. മതത്തിൻ്റെ കാലത്തു മനുഷ്യനു പകരം അടയാളങ്ങൾക്കും ചടങ്ങുകൾക്കും പ്രാധാന്യം കിട്ടുന്നു. വിവാഹത്തിൽ സ്ത്രീ-പുരുഷബന്ധത്തിനല്ല പ്രാമുഖ്യം, ചടങ്ങിനാണ്. ചില ജാതിക്കാരുടെ ചടങ്ങിൽ ആഴ്ചകളോളം സ്ത്രീ-പുരുഷന്മാർ പരസ്പരം കണ്ടുകൂടാ. അതുപോലെ സ്ത്രീ-പുരുഷബന്ധത്തിനിടയിൽ കമ്പ്യൂട്ടർ കടന്നുവരുന്നു. വിജയൻ കമ്പ്യൂട്ടർ തൊട്ട് കണ്ണിൽവച്ചു ഭക്തിപുരസ്സരം തൊഴുന്നത് കഥയിൽ ഉണ്ട്. അമ്പലത്തിൻ്റെ മുന്നിൽ ഒരു ഭക്തൻ ഇരിക്കുംപോലെയാണത്. കമ്പ്യൂട്ടർ ദൈവം പോലെയാണ്. പർദ്ദയണിഞ്ഞ കമ്പ്യൂട്ടറുകളെന്ന പ്രയോഗം ശ്രദ്ധേയമാണ്. ഗണപതികോവിലിൽ തേങ്ങയുടച്ചു വരുന്ന പ്രോജക്ടുമാനേജറെ ഓർത്താണ് വിജയൻ കമ്പ്യൂട്ടറിനു മുന്നിൽ തൊഴുതുനിൽക്കുന്നത്. മുതലാളിത്തദൈവത്തിനു മുന്നിൽ പുഴുവായി മാറുന്ന അവസ്ഥ. ആഗോളസാമ്പത്തികാവസ്ഥയ്ക്കുള്ളിൽ എപ്പോഴും ഇരയായി മനുഷ്യൻ ആടിയുലയുന്നു


സംസ്കാരവ്യവസായം മനുഷ്യൻ ഉൾപ്പെടെയുളള എല്ലാറ്റിനേയും വില്പനയ്ക്ക് വയ്ക്കുന്നു. ബ്രാഹ്മിൺസ് സാമ്പാർപ്പൊടിയിൽ ഒരു പ്രതീതിസംസ്കാരം ഉന്നയിക്കപ്പെടുകയും അത് വിപണനവസ്തുവായി മാറുകയും ചെയ്യുന്നു. ‘വാഴയില’ എന്നു പേരുള്ള ഒരു പൊതുഭക്ഷണശാല കഥാപാത്രങ്ങളുടെ ഒഴിവിടമായി മാറുന്നു. ഗൃഹാതുരതയുടെ വ്യവസായമാണ് സംസ്കാരവ്യവസായം മുന്നോട്ടുവയ്ക്കുന്നത്. ഉണ്ണിക്കൃഷ്ണൻ എന്ന മകൻ, സർവ്വമംഗള എന്ന വീട് ഒക്കെ കഥയിൽ വിഭാവനം ചെയ്യപ്പെടുന്നത് അങ്ങനെയാണ്. സ്വപ്നങ്ങൾപോലും ഭൂതകാലമായി മാറുന്നു. വിജയൻ എസ്.എഫ്.ഐ.ക്കാരനാണെന്നും സ്ത്രീ അബലയല്ല എന്നും വിശ്വസിക്കുന്നയാളാണ് തേജസ്വിനിയെന്നും കഥയിൽ കാണാം. വിപ്ലവകാരികൾ എന്നു കരുതിയിരിക്കെത്തന്നെ, ഫെമിനിസ്റ്റുകളായിരിക്കെത്തന്നെ, വിപ്ലവഭൂതകാലത്തിൽ അഭിരമിക്കെത്തന്നെ, മനുഷ്യർ വെറും വസ്തുക്കളായി മാറുന്നു, ഇരയായി മാറുന്നു. നമുക്ക് ഒന്നും ആഴത്തിൽ അറിയാനില്ല. നമുക്ക് ആകെ ചെയ്യാൻ കഴിയുന്നത് കഥയിൽ പറയുമ്പോലെ മസാല ദോശ തുറന്നു അതിൻ്റെ ആന്തരികരഹസ്യങ്ങൾ അറിയുക എന്നതാണ്. ഇത്തരത്തിൽ ദുരന്തഹാസ്യജീവിതമാണ് നമുക്കുള്ളത്. പക്ഷെ നമ്മൾ കരുതുന്നത് നമ്മുടെ ജീവിതമെന്തോ സംഭ്രമജനകമാണെന്നാണ്. പക്ഷെ അത് സർദാർജി ഫലിതം പോലെയാണ്. "തുറക്കാനാവാത്ത കമ്പ്യൂട്ടറുകളാണ് പ്രബുദ്ധഇന്ത്യൻ യുവത്വത്തിൻ്റെ ഏറ്റവും വലിയ പേടിസ്വപ്നം. ദൈവം ഒരുപാട് കോമഡികൾ എഴുതുന്നുണ്ട്. പക്ഷേ പ്രശ്നം എന്താണെന്ന് വെച്ചാൽ അദ്ദേഹത്തിൻ്റെ അഭിനേതാക്കൾക്ക് ഹാസ്യം അഭിനയിക്കാൻ അറിയില്ല” ഇങ്ങനെയാണ് കഥ അവസാനിപ്പിക്കുന്നത്. ഹാസ്യത്തെ ദുരന്തമായും ദുരന്തത്തെ ഹാസ്യമായും അനുഭവിക്കുന്ന മാധ്യമ- പ്രതീതിജീവിതത്തെയാണ് കഥാകാരി വിമർശനവിധേയമാക്കുന്നത്.


ചുരുക്കത്തിൽ,

1.സംസ്കാരവ്യവസായത്തിൻ്റെ ഭാഗമായി വരുന്ന സ്ത്രീ- ദളിത്-പരിസ്ഥിതികഥകൾ

2. ആഗോളീകരണകാല ഉപഭോഗസംസ്കാരത്തിൻ്റെ വിമർശനങ്ങൾ

3.മാധ്യമസംസ്കാരവും സാങ്കേതികവിദ്യാ മുതലാളിത്തവും സൃഷ്ടിക്കുന്ന ജീവിതവൈകാരിക പ്രതിസന്ധികൾ

4. മുതലാളിത്തജീവിതം വിപണിവത്കരിച്ച സ്ത്രീജീവിതപ്രശ്നങ്ങൾ

5. ആഖ്യാനത്തിലെ ബഹുസ്വരതയും സംഘർഷാത്മകതയും

ഒക്കെ പുതിയകാലകഥകളിൽ കാണുന്നുണ്ട്.

 

ഡോ. ഷൂബ കെ.എസ്സ്

അദ്ധ്യാപകന്‍, നിരൂപകന്‍

വകുപ്പ് അദ്ധ്യക്ഷന്‍

മലയാള വിഭാഗം

സര്‍ക്കാര്‍ വനിതാ കോളേജ്, തിരുവനന്തപുരം

1 comment
bottom of page