top of page

'മോൺസണിൻ്റെ മ്യൂസിയ'വും പുണ്യശ്ലോകനായ ശ്രീചിത്തിര തിരുനാളും

എഡിറ്റോറിയൽ

ഭാഷയുടെയും സംസ്കാരത്തിൻ്റെയും മരണാനന്തരച്ചടങ്ങുകൾ നിർവ്വഹിക്കുന്നതിനെയാണ് നാം വിദ്യാഭ്യാസമെന്നു വിളിക്കുന്നത്. പാഠപുസ്തകങ്ങളാകുക എന്നാൽ കൊല്ലപ്പെടുക എന്നാണർത്ഥം. കവിയാണ് ഭാഷ ഉണ്ടാക്കുന്നതെന്നു പറയുമ്പോൾ, എഴുത്തച്ഛനെന്ന കവി ഭാഷയുടെ പിതാവാകുമ്പോൾ ഭാഷ നിർമ്മിക്കുന്ന ജനങ്ങൾ കൊല്ലപ്പെടുന്നു. ഇപ്പോഴും കവിതയെഴുതണമെങ്കിൽ എഴുത്തച്ഛനെ വായിക്കാൻ പറയുന്നവരുള്ള നാടാണിത്. കവിത എഴുതാൻ ജീവിതത്തെയാണ് വായിക്കേണ്ടത്. ഭാഷയെ അറിയേണ്ടത്, കവിതയെ പഠിക്കേണ്ടത്, രാഷ്ട്രീയജീവിതത്തിൻ്റെ കനലിൽ വച്ചും. ഭാഷയെയും സംസ്കാരത്തെയും മ്യൂസിയംപീസാക്കി പിടിച്ചെടുക്കുക എന്നതാണ് എക്കാലത്തെയും അധിനിവേശരീതി. മിഷണറികൾ ഫോക്‌ലോർ ശേഖരിച്ചത് അതിനായിരുന്നു. ഫോക്‌ലോർ പഠനത്തിന് ഫോർഡ് ഫൗണ്ടേഷൻ ഫണ്ട് നൽകുന്നത് പുതിയകാല അധിനിവേശരീതിയാണ്. ഭാഷയും സാഹിത്യവും ജനങ്ങളും രാഷ്ട്രീയവും ജീവിക്കുന്നമൃഗശാലയിലെ ചായംതേച്ച കഥാപാത്രങ്ങളായി മാറുന്നു. ചരിത്രം ചോർന്നു പോകുന്നു. ഫണ്ടിംഗ് വഴി എത്തിയ സബാൾട്ടേൻ സ്റ്റഡി അതത് ദേശത്തെ നവോത്ഥാനചരിത്രത്തെ ഇല്ലാതാക്കി എന്നു ഐജാസ് അഹമ്മദ് നിരീക്ഷിക്കുന്നുണ്ട്. മലയാളഭാഷയ്ക്ക് പതിനാറാംനൂറ്റാണ്ടിലെ എഴുത്തച്ഛൻ എന്ന പിതാവിനെ മാത്രമല്ല രണ്ടായിരംവർഷം പഴക്കമുള്ള മാറ്റാരെയോകൂടി സങ്കല്പിക്കുന്നു. ഭാഷാത്തറവാടിത്തഘോഷണം മലയാളഭാഷാവാദമായി എത്തുന്നു. മലയാളകവിതയുടെ ആദ്യഘട്ടമായി പ്രാചീനതമിഴ്കൃതിയുടെ വിവർത്തനം എത്തുകയും രാമചരിതം തൊട്ടുള്ള പല കൃതികളും കേരള യൂണിവേഴ്സിറ്റിയുടെ പുതിയ എം.എ.സിലബസിൽ നിന്നും മാഞ്ഞുപോകുകയും ചെയ്തിരിക്കുന്നു. കേരളത്തിൻ്റെ സാംസ്കാരികചരിത്രം കുറേ ബഡായികളായി മാറുന്നു. ഭാഷ ഒരു മ്യൂസിയംപീസായി മാറുന്നു. ഭാഷയും സാഹിത്യവും ജനങ്ങളും സംസ്കാരവും രാഷ്ട്രീയവും ടൂറിസ്റ്റുകാഴ്ചയായി മാറുന്നു. 'പുണ്യശ്ലോകനായ ശ്രീചിത്തിര തിരുനാൾ’ എന്ന് സമകാല അറിയിപ്പുരേഖയിൽ കാണുന്നത് അങ്ങനെയാണ്. രാജാവും രാജകീയ അടിമകളും ഒരു മ്യൂസിയംപീസായി മാറുന്നു. ഭാഷയ്ക്ക്, പദങ്ങൾക്ക് എപ്പോഴും പൂർവ്വകാല അധികാരചരിത്രം മാത്രമല്ല, സമകാല അധികാരചരിത്രവുമുണ്ട്. സമകാല അധികാരചരിത്രത്തെ തമസ്കരിക്കുക എന്നതാണ് മ്യൂസിയംവത്കരണത്തിൻ്റെ ധർമ്മം. മേൽപ്പറഞ്ഞ വിജ്ഞാപനത്തിനെതിരായ മാധ്യമവിവാദത്തിൽത്തന്നെ പ്രാചീന സവർണ്ണമനോഭാവമായി മാത്രമേ ഇതിനെ പരിഗണിക്കുന്നുള്ളു. പ്രാചീന സവർണ്ണമനോഭാവത്തെ ഉപയോഗിക്കുന്ന സംസ്കാരവ്യവസായമായി അതിനെ കണക്കാക്കുന്നില്ല. രാജാവിനെയും ആദിവാസിയെയും മ്യൂസിയംപീസാക്കുന്നത് ഒരേ സംസ്കാരവ്യവസായ മനോഭാവത്തിൻ്റെ പ്രകടനമാണ്. സമകാല അധികാരചരിത്രത്തിൻ്റെ നിഷ്കാസനവും സമരവ്യക്തിത്വത്തിൻ്റെ മെരുക്കലുമാണ് സാംസ്കാരികമായ പുരാവസ്തുവ്യവസായവത്കരണത്തിൻ്റെ ലക്ഷ്യം. 'മോൻസണിൻ്റെ മ്യൂസിയ'മാണ് ഇന്ന് കേരളം. ഭാഷ അതിലൊന്നു മാത്രമാണ്. മേൽപ്പറഞ്ഞ നോട്ടീസിലുള്ള 'സനാധനധർമ്മം' എന്നതിലെ ധനം എന്നത് ഫ്രോയിഡ് പറയുന്ന സ്ലിപ്പ് ഓഫ് ദി ടങ് ആണ്. സനാതനമായുള്ളത് അധികാരവും ധനവും മാത്രമേയുള്ളൂവെന്നു എല്ലാവർക്കുമറിയാം.


1 comment
bottom of page