- റിച്ചാറ്റോകാനുഡോ(Ricciotto Canudo)
ചലച്ചിത്രപഠനവിവർത്തന പരമ്പര - 1
സിനിമയുടെ പരിണാമ കാലത്തിൻറെ തുടക്കത്തിൽ അതിനെ ഒരു കലാ വസ്തുവായി പരിഗണിക്കാമോ എന്ന സംശയം കലാനി രൂപകർക്കിടയിൽ ഉണ്ടായിരുന്നു. വെറുമൊരു കൗതുകത്തിൽ നിന്നും ക്യാമറയുടെ കലയായി അത് കാലത്തിലൂടെ പരിണമിക്കുന്നുണ്ടായിരുന്നു. ഈ തിരിച്ചറിവ് അന്ന് നിലവിൽ ഉണ്ടായിരുന്ന ഇതര കലകളായ നാടകം, സാഹിത്യം, ശില്പകല, പെയിന്റിംഗ് തുടങ്ങിയവയോട് എല്ലാം താരതമ്യം ചെയ്ത് സിനിമയുടെ പ്രത്യേകതകൾ ഉറപ്പിക്കാൻ അവരെ പ്രേരിപ്പിച്ചു.
പുതിയ കല ഉണർത്തിയ അത്ഭുതം ചിന്തയ്ക്ക് വഴി മാറിയപ്പോൾ ഇറ്റലിയിൽ ജനിച്ച് ഫ്രാൻസുകാരനായ റിച്ചാറ്റോ കാനുഡോ എഴുതിയ ലേഖനമാണ് "De quelques condions de la photogenie"(25 October 1911) .ചരിത്രപരവും സാംസ്കാരികവുമായി ഏറെ പ്രാധാന്യമുള്ള ഈ ലേഖനം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് Ben Gibson,Don Ranvaud, Sergio Sokota,Doborah Young എന്നിവർ ചേർന്നാണ്.
പിൽക്കാലത്ത് പല നിരൂപണങ്ങൾക്കും സൈദ്ധാന്തിക സമീപനങ്ങൾക്കും തുടക്കമിടാൻ ഈ ലേഖനത്തിന് കഴിഞ്ഞിട്ടുണ്ട്
മലയാള വിവർത്തനം: ഡോ.ഡി വി അനിൽകുമാർ
സമ്പൂർണ്ണ പ്രകൃതിയെ കുറിച്ച് എല്ലാവർക്കും വിധിവശാലോ അതീന്ദ്രിയശക്തിയാലോ സമമായ സൗന്ദര്യസങ്കൽപം ഉള്ളത് അതിശയകരമായിരിക്കുന്നു .നമ്മുടെ ഭൗമയാത്രികർ ഈയിടെ കണ്ടെത്തിയ കിഴക്കൻ ദേശത്തെ പ്രാചീന ജനങ്ങൾ മുതൽ എല്ലാവരിലും ഈ സൗന്ദര്യ ദർശനത്തിന്റെ പ്രതിഫലനം കാണാം. സംഗീതവും അതിൻറെ സഹകലയായ കവിത, കൃഷിയും അതിൻറെ സഹ കലകളായ ശില്പകല,പെയിൻറിംഗ് എന്നിങ്ങനെ അഞ്ച് കലകളായാണ് ലോകത്തിലെ സൗന്ദര്യദർശനം രൂപപ്പെട്ടിരിക്കുന്നത് .അനേകായിരം വർഷങ്ങളായി മാനവന് രൂപീകരിക്കാൻ കഴിയാത്ത ഏഴാമതൊരു കലയുടെ ആവിർഭാവം അചിന്ത്യമോ അസംബന്ധമോ ആയി തോന്നാം .ഒരു യുഗത്തിന്റെ സന്ധ്യയ്ക്കും മറ്റൊരു യുഗത്തിന്റെ പ്രഭാതത്തിനും ഇടയിലാണ് നാം. ഒരു സാംക്രമിക കാലത്തിൻറെ ആശയക്കുഴപ്പം നമുക്കുണ്ട്. ഇവിടെ അതിർത്തി രേഖകൾ മാഞ്ഞ് പോയിരിക്കുന്നു. ശ്രദ്ധയോടെ അന്വേഷിച്ചെങ്കിൽ മാത്രമേ മങ്ങിയ നവീനതയുടെ ചിഹ്നങ്ങളെ തിരിച്ചറിയാനാവൂ. ആറാമതൊരു കലയുടെ ജനനത്തിന് നാം സാക്ഷിയായിരിക്കുന്നു. സ്ഥലത്തിന്റെയും (Plastic art) സമയത്തിന്റെയും(Music and Poetry)താളസമന്വയമാണ് ഈ കല.
ഇങ്ങനെ ഒരു സമന്വയത്തിന്റെ സാധ്യത ആദ്യം മനസ്സിലാക്കിയത് നാടക വേദിയാണ്. താൽക്കാലികമായ രൂപഭേദങ്ങൾ മാത്രം നടത്താൻ കഴിയുന്ന കഥാപാത്രങ്ങളെ സംബന്ധിച്ച സാധ്യതകൾ കൊണ്ട് പരിമിതമായിരുന്നു അതിൻറെ പ്ലാസ്റ്റിക് സ്വഭാവം. "സംഗീതത്തിലും കവിതയിലും വായുവിനെയും താളത്തെയും ഇടവേളകളുടെ ആവർത്തനം കൊണ്ട് സാക്ഷാത്കരിക്കും പോലെ ഈ പുതിയ കല സമയത്തിൽ വികസിതമായ ഒരു പെയിന്റിങ്ങും ശിൽപ്പവും ആണ്".
ചിത്രീകരണം വഴികാട്ടിയാണ്(Cinematograph).നമുക്ക് ഭാവനയിൽ മാത്രം കാണാൻ കഴിയുന്ന വിധത്തിൽ അപ്രതീക്ഷിതമായ അതിശയം ഉണ്ടാക്കുന്ന സൗന്ദര്യത്തെ സൃഷ്ടിക്കുന്ന മാന്ത്രികനായ ജീനിയസ് ആണ് അയാൾ. ഇതിന് മുമ്പ് കണ്ടെത്താനാകാത്ത കലയെ പ്രത്യക്ഷനാക്കിയവൻ .അറിയപ്പെടാത്ത ആ മനുഷ്യനായിരിക്കും പുതിയൊരു ശക്തമായ സൗന്ദര്യ പ്രവാഹത്തിലൂടെ അതിശയകരമായ ചലനത്തിലെ പ്ലാസ്റ്റിക് കലയുടെ വരവറിയിക്കുന്നത്(Plastic art in motion).
ചിത്രീകരണം നിരവധി ഘടകങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. പ്രധാനമായും അവ രണ്ടെണ്ണമാണ്. പ്രതിരൂപാത്മകം(symbolic )യാഥാർഥ്യം(real )എന്നിവ. ആധുനികമാണ് രണ്ടും. ആധുനികതയുടെ ആത്മാവും ഊർജ്ജവും വഹിക്കുന്ന നമ്മുടെ കാലത്തിൻറെ ഘടകങ്ങൾ ആദ്യത്തേത് വേഗതയുമായി ബന്ധപ്പെട്ടതാണ് (velocity ).പരസ്പരബന്ധിതമായ പ്രക്രിയകളുടെ ബന്ധനത്തിലൂടെ രൂപപ്പെടുന്ന കാഴ്ചകളുടെയും ഇമേജുകളുടെയും രൂപപ്പൊലിമയുള്ള സജീവതയാണ് പ്രതിരൂപാത്മകത. ആധുനിക യന്ത്രസംവിധാനത്തിന്റെ സഹായത്താൽ സെല്ലുലോയിഡിന്റെ കഷണങ്ങളിൽ പ്രകാശത്തെ കടത്തിവിട്ട്,വേഗത്തിൽ ജീവിതത്തിൻറെ യഥാർത്ഥ വേഗത്തെ ആവിഷ്കരിക്കുന്നു. നാടകത്തിന് ഏറ്റവും നവീനമായ സാങ്കേതിക വിദ്യ കൊണ്ടുപോലും ഇതിൻറെ പകുതി ചലനാത്മകലോകത്തെ ആവിഷ്കരിക്കാനാവില്ല.
ഇമേജുകളുടെയും സാക്ഷാത്കാരത്തിന്റെയും വേഗതയെക്കാൾ പ്രതിരൂപാത്മകത സൃഷ്ടിക്കുന്നത് കഥാപാത്രങ്ങളുടെ ക്രിയകളാണ് .ജീവിതത്തിൽ ഒരിക്കലും സംഭവിക്കാത്തവയുടെ ആവിഷ്കാരങ്ങൾ അവിടെ ഉണ്ടാകുന്നു. അനേകായിരം മാർഗ്ഗങ്ങളിലൂടെ നമ്മുടെ യുഗം ശാന്തതയോടുള്ള സ്നേഹത്തെ നശിപ്പിച്ചിരിക്കുന്നു. പിതൃകേന്ദ്ര സമൂഹത്തിലെ ഇതിൻറെ ചിഹ്നമായ ചുണ്ടിൽ പുകയുന്ന പൈപ്പുമായി നിൽക്കുന്ന പുരുഷൻ അപ്രത്യക്ഷനായിരിക്കുന്നു. സഹനങ്ങളിലൂടെ സ്ഥലത്തെ കീഴടക്കാൻ വെമ്പുന്ന ബഹളമയമായ ഈ ലോകത്ത് ആർക്കാണ് ഇതിന് സാവകാശം ഉള്ളത്. ഏറ്റവും ക്ഷമകെട്ട ഓട്ടക്കാരനെ വരെ സിനിമാറ്റോഗ്രാഫിന് കീഴടക്കാനാവും. വലിയൊരു കാറോട്ട മത്സരം കഴിഞ്ഞു വരുന്നവനെ പോലും അത് മുഷിപ്പിക്കില്ല .ജീവിതശകലങ്ങൾ വേഗത്തിൽ മിന്നി മറയുന്നത് കൊണ്ട് തന്നെ വിദൂരങ്ങളായ രാജ്യങ്ങളും, കാണാത്ത മനുഷ്യരും, അറിയപ്പെടാത്ത ആചാരങ്ങളും വേഗത്തിൽ തള്ളിത്തള്ളി വരുന്നു .അങ്ങനെ അത് വിദ്യയും പഠിപ്പിക്കുന്നു .സ്റ്റീൽ വാഹനങ്ങൾ നൂറോളം വർഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ദൂര നശീകരണം പ്രതീകാത്മകമായി ഇവിടെ നിർവഹിക്കപ്പെടുന്നു.
ആധുനികനായ കാഴ്ചക്കാരന്റെ താല്പര്യങ്ങളെ ഉണർത്തുന്ന ഘടകങ്ങൾ ഉൾക്കൊള്ളിക്കുന്നിടത്താണ് സിനിമാറ്റോഗ്രാഫിന്റെ യാഥാർത്ഥ്യവുമായി ബന്ധപ്പെട്ട ഘടകം (real) കിടക്കുന്നത് .സ്വന്തം സ്വത്വത്തെ അതുപോലെ ആവിഷ്കരിക്കുന്നതിൽ ആണ് ആധുനിക മനുഷ്യന് താൽപര്യം. നാടകരംഗത്തും ഈ മാറ്റം കാണാം. സയൻസിന്റെ യുഗത്തിലെ സിനിമാറ്റോഗ്രാഫിന്റെ കടന്നുവരവ് പെട്ടെന്നായിരുന്നു .കണക്കിന്റെ കണിശതയും പ്രയോഗത്തിലെ കൃത്യതയും യാന്ത്രികതയുടെ ഉപയോഗവും കൊണ്ട് സൃഷ്ടിച്ചെടുത്ത നവീനമായ രംഗവേദി തന്നെയായിരുന്നു സിനിമ. വിശ്രമമില്ലാത്ത ജനത സന്തോഷത്തോടെ അതിനെ സ്വീകരിച്ചു. വളരെക്കാലമായി ജനത കാത്തിരുന്ന ഉത്സവത്തെ ചലനാത്മകമായ കലയുടെ രൂപത്തിൽ അത് കൊണ്ടുവന്നു. ഓരോ ജനതയ്ക്കിടയിലും ക്ഷേത്രമുറ്റങ്ങളിൽ അരങ്ങേറിയിരുന്ന നാടകവേദിയുടെ പരിണാമം ആയിരുന്നു അത്. സൗന്ദര്യാത്മകം എന്നതിനേക്കാൾ ശാസ്ത്രീയമായിരുന്നു ഈ സൃഷ്ടി. അതുകൊണ്ട് തന്നെയാണ് ഈ കാലഘട്ടത്തിൽ അത് വിജയിച്ചതും, തടുക്കാനാവാത്ത വിധം സൗന്ദര്യത്മക മേഖലയിലേക്ക് അത് കുതിച്ചു കൊണ്ടിരിക്കുന്നതും.
ഭൗതികതീതമായതും അതേസമയം പരമ്പരാഗതവുമായ ഒരു പുതിയ അർത്ഥതലമാണ് കാണികൾക്കിടയിൽ ഒരു നിരീക്ഷകന് ദർശിക്കാനാവുന്നത് .താഴെ കാണും വിധമുള്ള മനഃശാസ്ത്രക്രമങ്ങളും അവിടെ കാണാം.
സിനിമാ തിയറ്ററിനകത്ത് ആളുകൾ വീണ്ടും കുട്ടികളായി മാറും. രണ്ട് വിരുദ്ധ ധ്രുവങ്ങളിലായുള്ള പ്രകടനങ്ങളാണ് അവിടെ അരങ്ങേറി കൊണ്ടിരിക്കുന്നത്; ഏറ്റവും ഹൃദയസ്പർശിയും(very touching ) ഏറ്റവും ഹാസ്യാത്മകവും(comical ). പോസ്റ്ററുകൾ വികാരോദ്ദീപകമാംവിധം അവയുടെ പാരമ്യം വാഗ്ദാനം ചെയ്യുന്നു. ഈ വികാരങ്ങൾ ജീവിതത്തിൽ മാറി മറിയുന്ന വേഗത്തിൽ ഇവിടെയും സംവദിക്കുന്നു .ആദിമമായ കുട്ടിത്തമുള്ള
അവസ്ഥ രൂപപ്പെടുകയും അവിടേക്ക് വേഗവും ചുഴിയും നിറഞ്ഞ ഇമേജുകൾ കടന്നുവരുന്നതോടെ കാണികൾ എല്ലാം മറക്കുകയും ചെയ്യുന്നു .ഈ കാഴ്ച നാടകവേദിയിൽ ഒരിക്കലും കാണാൻ കഴിയില്ല.
സിനിമാശാലയിൽ സ്ക്രീനിലേക്ക് കാണികളുടെ മനസ്സിനെ ഇരുമ്പ് ചങ്ങലയാൽ ബന്ധിപ്പിക്കും വിധം അവരുടെ ആടി ഉലയുന്ന ശ്രദ്ധയെ ആകർഷിച്ചു നിർത്താൻ ആണ് ശ്രമിക്കുന്നത്. അവരുടെ നിരന്തരമായ ആംഗ്യങ്ങളും വിക്ഷേപങ്ങളും ആധുനിക കാഴ്ചക്കാരന്റെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന വേഗതയെ പ്രതിഫലിപ്പിക്കുന്നു. യഥാർത്ഥ ജീവിതത്തിൻറെ സ്വഭാവമായ വേഗതയുടെ ശൈലീകൃതമായ രൂപമാണ് അവർ സിനിമയിൽ കാണുന്നത്.
ഇനി ശ്രദ്ധിക്കേണ്ട മറ്റൊരു സൗന്ദര്യത്മക പ്രശ്നത്തിലേക്ക് കടക്കാം. ജീവിതത്തെ ശൈലീകൃതമായ നിശ്ചലതയിൽ ആവിഷ്കരിക്കുന്നതാണ് കലയുടെ സ്വഭാവം .എത്രത്തോളം ഒരു കലാകാരന് ഇത്തരം നിശ്ചല സന്ദർഭങ്ങളെ ആവിഷ്കരിക്കാൻ നന്നായി കഴിയുമോ; ഭാവരൂപങ്ങളുടെ സംയുക്ത രൂപങ്ങളാണവ, അത്രത്തോളം അയാൾക്ക് അംഗീകാരം ലഭിക്കും. എന്നാൽ സിനിമയാകട്ടെ ജീവിതത്തെ അതിൻറെ ഏറ്റവും വലിയ വേഗതയിൽ അവതരിപ്പിക്കുന്നു .എല്ലാ പാരമ്പര്യങ്ങളിൽ നിന്നും തടസ്സങ്ങളിൽ നിന്നും വിമുക്തമായതും, മുമ്പ് നിലവിലുണ്ടായിരുന്ന കലാരൂപങ്ങൾക്കൊന്നും വെളിപ്പെടുത്താൻ കഴിയാതിരുന്നതുമായ പുതിയൊരു കലാരൂപത്തിന്റെ വരവാണത്. ജീവിതത്തിലെ ചില അനർഘനിമിഷങ്ങളെ ആവിഷ്കരിച്ചവയാണ് ഗുഹകളിൽ കോറി വരച്ചവരായ ചരിത്രാതീത ചിത്രകാരന്മാരുടെ കുതിക്കുന്ന കുതിരയുടെയും മറ്റും ചിത്രങ്ങൾ. എന്നാൽ ചലച്ചിത്രമാകട്ടെ ഏതെങ്കിലും ചില സന്ദർഭങ്ങളെയല്ല, ജീവിതത്തെ അതിൻറെ സമ്പൂർണ്ണതയിലാണ് അവതരിപ്പിക്കുന്നത് .അതിൻറെ ചലനാത്മകതയിൽ ജീവിതത്തിൻറെ മന്ദത പോലും ഇല്ലാതാകുന്നു.
അങ്ങനെ സിനിമ പാശ്ചാത്യ സംസ്കാരത്തിൻറെ അടിസ്ഥാന ഭാവമായ കർമ്മനിരതത്വത്തെ വെളിപ്പെടുത്തുന്നു .പൗരസ്ത്യ സംസ്കാരം അതിൻറെ സ്ഥായീഭാവമായ ധ്യാനാത്മകതയെയാണ് അടിസ്ഥാനപ്പെടുത്തുന്നത്. പാശ്ചാത്യ സംസ്കാരത്തിന്റെ ചരിത്രം മുഴുവൻ ഇന്നത്തെ കാലത്തിൻറെ സ്വഭാവമായ വേഗതയിൽ അവതരിപ്പിക്കുമ്പോൾ ലോകം മുഴുവനും സന്തോഷിക്കുന്നു. പുതിയ ഉത്സവത്തിൽ ലോകർ അവരുടെ കുട്ടിക്കാലത്തെ കണ്ടെത്തുന്നു. സയൻസ് അതിൻറെ സർവ്വ ഊർജ്ജവും വിനിയോഗിച്ച് നടത്തിയ അനേകം കണ്ടെത്തലുകളുടെ സംയോഗത്തിന്റെ ഫലമാണ് ഈ ഉദാത്തമായ കാഴ്ച. ശാസ്ത്രീയ ചിന്തയുടെ ആത്മീയ സാഫല്യമാണ് ഇത്.
സിനിമ ആധുനിക മനുഷ്യൻറെ സമ്പൂർണാവിഷ്കരണം എന്ന് വിളിക്കാവുന്ന ചലനത്തിന്റെ ചിത്രാവിഷ്കാരമാണ്. ആധുനികകാലെത്തെ ഒരു ഹാസ്യ നാടകീയ ആവിഷ്കാരമാണ്(new pantomime ).വെളിപ്പെടലുകളുടെ നൃത്തമാണത്.
സിനിമ കലയുടെ മേഖലയിൽ പെടുമോ എന്നാണ് ഇനി പരിശോധിക്കേണ്ടത് .ഒരു വസ്തുവിന്റെ കേവല പതിപ്പായി മാറുന്ന ഫോട്ടോഗ്രാഫിയുടെ അവസ്ഥ ഉള്ളതിനാൽ സിനിമയ്ക്ക് വ്യാഖ്യാനാത്മകതയുടെ സ്വാതന്ത്ര്യം അപ്രാപ്യമായിരിക്കുന്നതിനാൽ ഇതര കലാരൂപങ്ങളുടെ സ്വാതന്ത്ര്യം അന്യമാണ് .ഒരു മരത്തിൻറെ ചിത്രം വരയ്ക്കുന്ന കലാകാരനെ സംബന്ധിച്ചിടത്തോളം ലോകം മുഴുവൻ അയാൾ കണ്ടിട്ടുള്ളതും അനുഭവിച്ചിട്ടുള്ളതുമായ വൃക്ഷങ്ങളുടെ മുഴുവൻ അനുഭവസാകല്യം അയാളിൽ ഉണ്ടാക്കുന്ന വ്യാഖ്യാനാത്മകത സൃഷ്ടിക്കുന്ന ജൈവികമായ അവസ്ഥയായിരിക്കും; ഇതിനെയാണ് 'കണ്ണിൻറെ സ്വപ്നാത്മകത'(Eyes of dream) എന്ന് പോ(Poe)വിളിച്ചത്, ചിത്രമായി പരിണമിക്കുന്നത്. അനുഭവസാകല്യത്തെ സ്വന്തം കലാകൗശലവുമായി ഇണക്കി നിർമ്മിക്കുന്ന രൂപത്തിൽ അയാൾ വസ്തുവിന്റെ സത്തയെ നിശ്ചലമാക്കി നിർത്തുന്നു .ബാഹ്യരൂപത്തെ അനുകരിക്കുന്ന കലാകാരൻ താഴെ കിടക്കാരനാണ് .ഉന്നതനായ കലാകാരൻ തന്നിലെ പ്രാപഞ്ചിക സത്തയുടെ അംശത്തെ കലയുടെ വ്യാഖ്യാനംശമായി ഉപയോഗിച്ച് ഉന്നതമായ കല സൃഷ്ടിക്കുന്നു.
എത്രത്തോളം അനുകരണം കുറയുമോ അത്രത്തോളം കല മെച്ചമാകുന്നു .ഒരു ഫോട്ടോഗ്രാഫർക്ക് ലഭിക്കുന്ന സാധ്യതകളുടെ അപര്യാപ്തത വ്യാഖ്യാനാത്മകമായ സൗന്ദര്യ ആവിഷ്കരണത്തിനുള്ള പരിമിതിയാണ്. ലെൻസും ഫിലിമിലെ രാസ വിദ്യയും നൽകുന്ന പരിമിതത്വം പ്രകടമാണവിടെ. അതുകൊണ്ട് ക്യാമറ ചിത്രീകരണം ഇന്നൊരു കലയല്ല. എന്നാൽ സിനിമ ഒരു പുതിയ കലാരൂപമാണ് എന്ന് പറയുന്നതിന് നിരവധി കാരണങ്ങളുണ്ട്. അത് അനുഭവസാക്ഷ്യമാണ് .കലയുടെ ഈ വീട് സൗന്ദര്യത്തിന്റെ ഒരു ക്ഷേത്രമായി മാറുമോ?
സൗന്ദര്യത്മകമായ ഒരു കലക്കുവേണ്ടിയുള്ള ആഗ്രഹം സംരംഭകരെ നിരവധി പരീക്ഷണങ്ങൾ നടത്താൻ പ്രേരിപ്പിച്ചു. ഭാവനയ്ക്ക് കുറവ് നേരിടുന്ന ഇക്കാലത്ത് കാണുന്നതിനെ അതുപോലെ പകർത്തുന്ന രീതി വ്യാപകമായി. ഇവിടെ സർഗാത്മകത തകരുകയും മന്ദീഭവിക്കുകയും ചെയ്യുന്നു. സിനിമ അനുകരണത്തിന്റെ വഴിയും ഡോക്യുമെൻററിയുടെ വഴിയും ഒരുപോലെ സ്വീകരിച്ചു .പഴയകാല കെട്ടുകഥകൾ കഥാപാത്രങ്ങളെക്കൊണ്ട് അനുകരിപ്പിച്ചു .എന്നാൽ ആധുനികകാല ജീവിത ചിത്രങ്ങൾ ആവിഷ്കരിച്ചതിൽ ആണ് അതിൻറെ മേന്മ .വിനോദോപാധി എന്ന നിലയിൽ വേറെയും പരീക്ഷണങ്ങൾ സിനിമയിൽ നടന്നു. ചുരുങ്ങിയ പ്രയത്നത്തിലൂടെ ധനവാൻ ആകാനുള്ള വഴികൾ സിനിമ കാട്ടിക്കൊടുത്തു .നിരവധി ആളുകളെ ഈ രംഗത്തേക്ക് ആകർഷിക്കാൻ ഇത് കാരണമായി. അതിൽ ഏതെങ്കിലും ഒരാളുടെ കടുത്ത പ്രയത്നവും പ്രതിഭയും ഒത്തുചേരുന്നിടത്ത് ലോകോത്തരമായ ഒരു കലാരൂപത്തിന്റെ ഉദയം സാധ്യമാവും.
ചലച്ചിത്രം ആധുനിക ശാസ്ത്രത്തിന്റെ മാത്രം സംഭാവനയല്ല. ഏറ്റവും ആധുനികമായ നാടകവേദിയുടെ കൂടി ഉൽപ്പന്നമാണ്. ഏതെങ്കിലും തത്വത്തിന്റെ ആതിശയീകരണമല്ല, സ്വാഭാവികവും പരിപൂർണ്ണവുമായ വികാസമാണ്. നമ്മുടെ മറ്റ് നാടകകാരന്മാരെപ്പോലെ ബൂർഷ്വാ നാടകകാരന്മാരും ചലച്ചിത്ര വേദിയെ തങ്ങളുടെ ഏറ്റവും വിശ്വസ്തമായ പ്രതിനിധാനമായി കാണുന്നു. ചലച്ചിത്രത്തെ അതിൻറെ വളർച്ചയ്ക്കായി ഉപയോഗിക്കുന്നതിലൂടെ ഈ ബന്ധം നിലനിർത്താനും ശ്രമിക്കുന്നു. എന്തെന്നാൽ മനശാസ്ത്ര-സാമൂഹ്യ നാടകവേദികളെല്ലാം പഴയ ഹാസ്യനാടകവേദിയുടെയും ദുരന്ത നാടകങ്ങളുടെയും തുടർച്ച തന്നെയാണ്. അരിസ്റ്റോഫനീസും പ്ലോയിറ്റസും ആവർത്തിക്കുകയാണ്. മനുഷ്യവംശത്തിന്റെ പ്രാകൃതവും കലാപരവുമായ മഹത്തായ മേധയെ സംയോജിപ്പിച്ച ഷേക്സ്പിയർ തന്നെയാണ് നമ്മുടെ മനശ്ശാസ്ത്ര നാടകവേദിയുടെ മുൻഗാമി. സംഗീതമില്ലാത്ത നാടകവേദിയുടെ ഉന്നത സ്ഥാനീയനും അദ്ദേഹം തന്നെ. ഈ നാടകവേദി ദുരന്ത നാടകത്തിന് അനുയോജ്യമല്ല .എന്നാൽ നിത്യജീവിതത്തെ ആവിഷ്കരിക്കാൻ ഏറ്റവും അനുയോജ്യം ഈ സംഗീതമില്ലാത്ത നാടക വേദിയാണ്. അരിസ്റ്റോഫിനീസിന്റെയും മറ്റും നാടകങ്ങൾ ഈ രീതിയിൽ ഇന്നും ആസ്വാദ്യം ആകുന്നത് അതുകൊണ്ടാണ്. സാധാരണ ജീവിത ചിത്രീകരണം ആയതിനാലാണ് ഇത് സമകാലികം ആയിത്തീരുന്നതും ആസ്വാദ്യകരമാകുന്നതും.ഈ യഥാതഥ നാടകവേദിയെ ഇറ്റലിക്കാർ റിവിസ്റ്റ (Rivista) എന്ന് വിളിക്കുന്നു .നമ്മുടെ മിക്കവാറും നാടകകൃത്തുക്കളും ജീവിതത്തെ അതുപോലെ അനുകരിച്ചുകൊണ്ട് പകർപ്പുകളായ നാടകങ്ങളാണ് അടഞ്ഞ നാടകവേദിക്കായി(Indoor) സൃഷ്ടിക്കുന്നത്.
ഇപ്പോൾ ചലച്ചിത്രവേദിയാകട്ടെ ജീവിതത്തിൻറെ ആഡംബരപൂർണവും സമ്പൂർണ്ണവുമായ അവതരണ രംഗമായി മാറിയിരിക്കുന്നു എന്നതാണ് അതിൻറെ നേട്ടം.
മേൽ പ്രസ്താവിച്ച നാടകവേദിക്ക് സമ്പൂർണ്ണമായ വേഗത കൂട്ടിച്ചേർക്കുകയാണ് ചലച്ചിത്രം ചെയ്തത്. കാണുന്ന കാഴ്ചയുടെ സൂക്ഷ്മതയിൽ പ്രേക്ഷകന് നൽകാനാവുന്ന പുതിയതരം സന്തോഷമാണ് അതിൻറെ നേട്ടം. മായികമായ വേദിയിലെ ഒരു കഥാപാത്രവും അനീതി കാണിക്കുന്നില്ല. ഒരു നിമിഷാർദ്ധത്തേക്കുപോലും അയാളുടെ പ്രവർത്തനങ്ങൾ മന്ദമാകുന്നില്ല. ഘടികാരക്രമത്തിന്റെ കണക്കിന്റെ കൃത്യതയുണ്ടതിന്. ദൃശ്യമായികത ഭൗതികമോ സകാരണമോ ആകാത്തപ്പോഴും അത് ആസ്വാദ്യകരമാണ്.
ജൈവികവും വിപരീതവുമായ അതിവൈകാരികത(very touching)ഹാസ്യാത്മകതcomical) എന്നിവയുടെ മേളനം കാഴ്ചക്കാരനിൽ വികാരശമനം ഉണ്ടാക്കുന്നു. നിത്യജീവിതത്തിൽ അവശ്യവും ഒഴിച്ചുകൂടാൻ ആവാത്തതുമായ മന്ദത സൃഷ്ടിച്ച് തടസ്സമായി തീർന്നേക്കാവുന്നവ ചലച്ചിത്ര വേദിയിൽ അവഗണിക്കപ്പെടുന്നു. അനേകായിരം പരമ്പരാഗത നീക്കങ്ങളിലൂടെ സമൂഹം സൃഷ്ടിക്കുന്ന ശ്രേണിബദ്ധതയും സാമൂഹ്യബന്ധീകരണവും ഹാസ്യാത്മകതയിൽ തരളമായിത്തീരുന്നു. അത് ശ്രേണിബദ്ധതയെ അവഗണിക്കുന്നു. നിത്യജീവിതത്തിൽ വിഭജിതവും ഒരിക്കലും യോജിക്കാത്തവയുമായ വ്യത്യസ്തതകളെ അങ്ങനെ സംയോജിപ്പിക്കാൻ ഹാസ്യാത്മകതയ്ക്ക് കഴിയുന്നു. സമൂഹത്തിൽ എപ്പോഴും അവഗണിക്കപ്പെടുകയും അടിച്ചമർത്തപ്പെടുകയും ചെയ്യുന്നവർക്ക് അങ്ങനെ ചലച്ചിത്രം സാന്ത്വനമായി തീരുന്നു. ഞരമ്പുകളുടെ ചുരുക്കവും വികാസവും നൽകുന്ന ചിരിയാണ് ഇതിൻറെ പ്രതിഫലനം. നിലവിലിരിക്കുന്ന വ്യവസ്ഥയുടെ ചുരുക്കലും വികസിപ്പിക്കലും നിർവഹിക്കുന്നതിലൂടെയാണ് ലളിതമായ രീതിയിൽ ഈ ചിരിയുൽപാദനം നടക്കുന്നത്. താൽക്കാലികമായെങ്കിലും ഇത് വ്യക്തിക്ക് ജീവിതാശ്വാസം നൽകുന്നു. കാരിക്കേച്ചർ (Caricature)മനുഷ്യ ആത്മാവിൻറെ ദുർബല ബന്ധുക്കളെ ഉണർത്തിയാണ് ചിരി ഉണ്ടാക്കുന്നത് .സാമൂഹ്യ ജീവിതത്തെ കുറിച്ചുള്ള ആക്ഷേപഹാസ്യമാണ് മനസ്സിനെ ഭാരമില്ലാത്തതാക്കുന്നത്.
ആക്ഷേപഹാസ്യത്തിൽ ദുരന്ത നാടകത്തിൻറെ വേരുകൾ അനുഭവിച്ചവരാണ് നമ്മുടെ മുൻമുറക്കാർ. അവർ പ്രേക്ഷകരെ തങ്ങളുടെ പ്രഹസനങ്ങളിലൂടെ ചിരിയുടെ കിരീടം അണിയിച്ചവരാണ്. ഇന്ന് അവയുടെ സ്ഥാനം ഏറ്റെടുത്തിരിക്കുന്നത് ചലച്ചിത്ര വേദിയാണ്. ഒരു മാന്ത്രികനും കഴിയാത്ത വേഗത്തിൽ കാഴ്ചയുടെ മാറ്റവും ചലനവും സൃഷ്ടിക്കാൻ അതിന് കഴിയുന്നു. രസതന്ത്രവും യന്ത്രപരതയും കൂട്ടിച്ചേർത്തുകൊണ്ട് മജ്ജയും മാംസവും ഉള്ള മനുഷ്യൻറെ ചലനത്തെയും വികാരത്തെയും ആവിഷ്കരിക്കാൻ ചലച്ചിത്രത്തിന് കഴിയും. അങ്ങനെ ഒരു പുതിയ തരം ഹാസ്യാത്മകതയും നിർമ്മിതമാകുന്നു. മണ്ടത്തരങ്ങളുടെയും രൂപമാറ്റങ്ങളുടെയും വേദിയായി അത് മാറുന്നു. ഈ അതിശയകരമായ മാറ്റങ്ങൾ ഹാസ്യാത്മകമാകുന്നു.
കാഴ്ചയിലെ ഈ സങ്കീർണമായ പുതിയ രീതികൾ അതിശയകരമാണ് .മനുഷ്യ ചരിത്രത്തിലെ നൂറ്റാണ്ടുകളുടെ പരിശ്രമങ്ങൾ ഇതിനെ രൂപപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. എപ്പോഴാണോ പ്രതിഭാധനരായ ആളുകൾ താളാത്മകമായ ചിന്തകളും കലയും ഈ കാഴ്ചയിലേക്ക് ചൊരിയുന്നത് അപ്പോഴൊക്കെ ചലച്ചിത്രം അതിൻറെ ഏറ്റവും പ്രാധാന്യത്തോടെ നിലകൊണ്ടിട്ടുണ്ട്.
ആധുനികകാലത്തെ ഏറ്റവും വ്യവസ്ഥാപിതവും മൂല്യവത്തുമായ ആദ്യ നാടക വേദിയായി ചലച്ചിത്രത്തെ കരുതാം. അത് ഏറ്റവും സൗന്ദര്യത്മകമായിത്തീരുന്ന അവസ്ഥയിൽ ചെറിയൊരു ജീവിതം പോലും ഒരു ഫോട്ടോഗ്രാഫിക് ലെൻസിന്റെ സഹായത്താൽ സംഗീതത്തിന്റെ അനുയോജ്യമായ സന്നിവേശത്തോടെ നമുക്ക് ഏറ്റവും മഹത്തായ വികാരത്തെ പ്രധാനം ചെയ്യും. അത് ആത്മാക്കളുടെ ക്ഷേത്രദർശനം പോലെ ആണ്. അവിടെ കാഴ്ചക്കാരനും അവൻറെ സൗന്ദര്യത്മകതയും നാടകശാലയുടെയും മ്യൂസിയത്തിന്റെയും തിരിച്ചുവരവിനെ അറിയുന്നു. ചലച്ചിത്രവേദിക്ക്, പഴയകാല തടിയാൽ നിർമ്മിച്ച നാടകവേദിയെയും അവിടെ ആടുകളെ ബലിയർപ്പിക്കുന്നതിന്റെയും അവിടെ പാടിയ പാട്ടുകളുടെയും അരങ്ങേറിയ ദുരന്ത നാടകങ്ങളുടെയും ചലന ചിത്രങ്ങളെ ഭാവികാലത്തെ ചരിത്രകാരന്മാർക്കായി ചിത്രീകരിക്കാനാവും.
എന്തിനെയും ശ്ലഥമായി കാണാനും ശ്ലഥമായതിനെ ആസ്വദിക്കാനും ഉള്ള കഴിവ് മനുഷ്യനുണ്ട്. ഉദാഹരണമായി, മരിച്ചവരുടെയും അഭൗമമായതിന്റെയും ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതും, പലതരം ഗാനങ്ങൾ കേൾക്കുന്നതുമായ ഒരു സ്വനഗ്രാഹിയന്ത്രം പൂക്കളാൽ അലങ്കരിച്ച് ഒളിമ്പിയയിൽ സ്ഥാപിച്ചിട്ടുണ്ട് .അതിൻറെ പ്രകടനം ശ്ലഥമാണെന്നിരിക്കെ തന്നെ ജനം അതിന് കൈയ്യടിക്കുന്നു .ഈയൊരു മനോഭാവവുമായാണ് ജനം സിനിമ തീയറ്ററിൽ എത്തുന്നതും. ചെറിയ ഒരു സമൂഹത്തിനുള്ളിൽ പോലും വിദൂരവും, ആനന്ദം ഉണ്ടാക്കുന്നതും, ചലനാത്മകവും ,ബോധനം സാധ്യമാക്കുന്നതും ആയ സാംസ്കാരിക ഘടകങ്ങളെ കൊണ്ടുവരാനും; എല്ലാവരിലും ജീവിതത്തിൻറെ സാകല്യതയെ ഉണർത്താനും കഴിയുന്നു എന്നതാണ് ചലച്ചിത്രത്തിൻറെ പ്രാധാന്യം.
സിനിമാതിയറ്ററിന്റെ ഭിത്തികളിൽ ഈ പുതിയ കണ്ടുപിടുത്തത്തിന്റെ വിളംബരം എന്നോണം 1830 മുതൽ നാളിതുവരെ നാം കൈവരിച്ച നേട്ടങ്ങളും കണ്ടുപിടിത്തങ്ങളും പ്രാപഞ്ചികമായ അറിവുകളും ജീവിത സന്ദർഭങ്ങളുടെ പുനരവതരണവും കാണാം. ഏറ്റവും പുതിയ നായകന്മാരിൽ Regnault, Edison,Pathe brothers ... തുടങ്ങിയവരെല്ലാം ഉണ്ട്. എന്നിരുന്നാലും കാഴ്ചയുടെ തീക്ഷ്ണവും സുപ്രധാനവുമായ സ്വഭാവത്തിൽ കൂടുതൽ ഒന്നുമല്ല ഇത്. ഏറ്റവും താഴെക്കിട മുതൽ ഏറ്റവും ബുദ്ധിമാൻ വരെയുള്ള എല്ലാത്തരം വർഗ്ഗത്തിലും പെട്ട കാഴ്ചക്കാരെല്ലാം ഒരുപോലെ ആഗ്രഹിക്കുന്ന ഒന്നാണത്.
"എല്ലാവർക്കും ഒത്തുചേരാൻ കഴിയുന്നതും എന്നാൽ വ്യക്തിത്വത്തിന്റെ ഏകാന്തത അനുഭവിക്കാൻ കഴിയുന്നതുമായ ഒരിടത്ത് ഏറിയ അളവിലോ കുറഞ്ഞ അളവിലോ ഒരുപോലെ സന്തോഷിക്കാൻ കഴിയുന്ന ഒരു കാഴ്ചയാകുന്ന പുതിയ ഉത്സവത്തിനു വേണ്ടിയുള്ള ജനതയുടെ ആഗ്രഹമാണ് സഫലമാകുന്നത്". ഏതൊരു സൗന്ദര്യത്മകതയുടെയും ആത്മാവും ഏതൊരു മതത്തിന്റെയും സത്തയുമായ ഈ മറവിയാണ് ഒരിക്കൽ വിജയിക്കാൻ പോകുന്നത്. പഴയകാല തീയേറ്റർ എന്നും സ്വപ്നം കാണുകയും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്ന "എന്ത് രൂപമാറ്റത്തിനും വഴങ്ങുന്ന ചലനാത്മകമായ ആറാം കല"(the creation of a sixth art,the plastic Art in motion)സാക്ഷാത്കൃതമായിരിക്കുന്നു. ആധുനിക ജീവിതം ഈ വിജയത്തിനോട് കടപ്പെട്ടിരിക്കുന്നു.
സമൂഹമനസ്സിന് അത് കൂടുതൽ നിമഗ്നമാകുന്ന കായിക ഇനങ്ങളോടായിരിക്കും താല്പര്യം. ഈ താൽപര്യം അതിനെ ഒരു വ്യവസായമാക്കി മാറ്റുന്നു. വ്യോമഗതാഗതം ഇങ്ങനെ താൽപര്യം കൊണ്ട് രൂപംകൊണ്ട ഒന്നാണ് .നമ്മുടെ കായികതാരങ്ങൾ കായികയിനങ്ങളിൽ കണ്ടെത്തുന്ന സന്തോഷം ഏറ്റവും ആരോഗ്യക രമായ സന്തോഷമാണ്. അപ്പോൾ പിന്നെ ചാരുകസേരയിൽ ചാരിയിരുന്നു മറ്റൊരാൾ നടത്തുന്ന കായിക പ്രദർശനങ്ങൾ ഒരാൾ ആസ്വദിക്കുന്നതിന്റെ കാരണം എന്താവും?
ചുരുക്കിപ്പറഞ്ഞാൽ ജീവനുള്ളവയുടെ ചലന നിമിഷങ്ങളെ പെയിന്റിങ്ങിന് പകർത്താനാവുമെങ്കിലും അവയുടെ തുടർച്ചയായ ചലന ചിത്രങ്ങൾ ഒന്നിക്കുന്നതിനെ സ്വപ്നം കണ്ടത് ആരാണ്? ഈ ജീവിതചിത്ര സന്ദർഭങ്ങളുടെ പരസ്പരബന്ധിത അവസ്ഥയാണ് ജീവിതം എന്ന് നിസംശയം പറയാം. എണ്ണമില്ലാത്ത ജീവിതചിത്രങ്ങളെ കൂട്ടിവെച്ചും അഴിച്ചും രൂപഭേദം വരുത്തി ഓരോ മിനിറ്റിലും അസംഖ്യം ചിത്രങ്ങൾ കാഴ്ചക്കാരനു മുന്നിലൂടെ കടന്നുപോകുന്നു. വിജയകരമായ ചലച്ചിത്രത്തിന് ജീവിതനൈരന്തര്യത്തെ നന്നായി ആവിഷ്കരിക്കാൻ ആവും. പെയിന്റിങ്ങിന്റെ യാന്ത്രികപതിപ്പായ ഫോട്ടോഗ്രാഫിയുടേയും, പെയിന്റിങ്ങിന്റെ തന്നെയും നിശ്ചലവസ്ഥയെയും, എന്നാൽ ചലനാത്മകതയേയും അത് ചിത്രീകരിക്കുന്നു. നിരന്തരമായ ഭാവമാറ്റങ്ങളെയും ചേഷ്ടകളെയും ചിത്രീകരിക്കുന്നതു വഴി സ്ഥലത്തെ സമയത്തിലേക്ക് സംക്രമിപ്പിക്കുകയാണ് സിനിമ അവിടെ. അത് രൂപ മാറ്റത്തിന് വിധേയമാകുന്നു .ചലച്ചിത്രം ഈ രൂപപ്പെടുത്തലിന്റെ സാധ്യതകളെ നമ്മെ അനുഭവിപ്പിക്കുന്നു .അങ്ങനെ, എങ്ങനെയും ചലനത്തെ രൂപപ്പെടുത്താൻ കഴിയുന്ന ഒരു പ്ലാസ്റ്റിക് കല സാധ്യമാകുന്നു. ജീവിതത്തെ സമ്പൂർണ്ണമായി ആവിഷ്കരിക്കാൻ കഴിയുന്ന ശക്തമായ ഇതുപോലുള്ള ഒരാഗ്രഹം ഒരിക്കലും വിജയകരമായി ഇതുപോലെ മാനവരാശിക്ക് നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. അവിടെ സയൻസും കലയും ഒന്നിക്കുന്നു. ചലച്ചിത്രകല ആ ബന്ധത്തെ പുതുക്കിക്കൊണ്ടേയിരിക്കുന്നു. അങ്ങനെ സമയതാളവും സ്ഥലതാളവും അവിടെ സമരസപ്പെടുന്നു.
(1911ൽ പ്രസിദ്ധീകരിച്ച ഫ്രഞ്ച് ലേഖനത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ ആശയവിവർത്തനം )
ഡോ. ഡി.വി.അനിൽകുമാർ
അസിസ്റ്റൻറ്പ്രൊഫസർ
യൂണിവേഴ്സിറ്റികോളേജ്തിരുവനന്തപുരം
Mob 9496278364
dvakmr@gmail.com