ഭാഗം-1
സംസ്കാരപഠനം
ലോകത്തുള്ള സകല തത്ത്വചിന്തകളും ധർമ്മാംശങ്ങളും ഉയിർകൊണ്ടിട്ടുള്ളത് ഗുരുശിഷ്യ സംഭാഷണങ്ങളിൽ നിന്നും സംവാദങ്ങളിൽ നിന്നും ആണ്. ലോകജീവിത വീക്ഷണങ്ങളും സമൂഹത്തിന്റെ ഗതിവിഗതികളും സംഭാഷണങ്ങളിലൂടെ മാറിമറിഞ്ഞിട്ടുണ്ട്. ഉപനിഷത്തിലെ സംഭാഷണങ്ങളും സെൻ ബുദ്ധിസ്റ്റ് ഗുരുശിഷ്യ സംവാദ സംഭാഷണങ്ങളും സോക്രട്ടീസ്, പ്ലേറ്റോ, അരിസ്റ്റോട്ടിൽ തുടങ്ങിയവരുടെ സംഭാഷണങ്ങളും ഉദാഹരണം. ആ പരമ്പരയിൽ പെട്ടതാണ് ഗുരുവിൻ്റെ സംഭാഷണങ്ങളും
ഗുരുവിനെക്കുറിച്ച് രചിക്കപ്പെട്ടിട്ടുള്ളതും ഗുരുവുമായി ബന്ധപ്പെട്ടിട്ടുള്ളതുമായ കൃതികളിൽ നിന്നാണ് ഈ പഠനത്തിലെ ഗുരുവിന്റെ സംഭാഷണങ്ങൾ സ്വീകരിച്ചിരിക്കുന്നത്, പി.കെ. ബാലകൃഷ്ണന്റെ 'നാരായണഗുരു', എം.കെ. സാനുവിന്റെ 'നാരായണ ഗുരു സ്വാമി', സി.ആർ. കേശവൻ വൈദ്യരുടെ (എഡി.) 'ശ്രീനാരായണഗുരു സ്വന്തം വചനങ്ങളിലൂടെ', 'ശ്രീനാരായണ ചിന്തകൾ', കെ.പി. അപ്പന്റെ “ചരിത്രത്തെ അഗാധമാക്കിയ ഗൂരും, പി.കെ. ഗോപാലകൃഷ്ണന്റെ "ശ്രീനാരായണഗുരു വിശ്വമാനവികതയുടെ പ്രവാചകൻ', കേശവൻ എം.ജി.യുടെ ശ്രീനാരായണഗുരുവിന്റെ ദർശനവും വിശ്വമാനവികതയും' ടി.കെ.ഡി. മുഴപ്പിലങ്ങാടിന്റെ ഗുരുദേവന്റെ ചിരി', തുടങ്ങിയ കൃതികളെ ആധാരമാക്കിയുള്ള സംഭാഷണപഠനവും വിഷയാപഗ്രഥനവുമാണിവിടെ നടത്തിയിരിക്കുന്നത്.
മേൽ പറഞ്ഞ പോലെ ഗുരുശിഷ്യ പരമ്പരയുടെ സംഭാഷണപാരമ്പര്യമാണ് ശ്രീനാരായണഗുരുവിന്റെ സംഭാഷണങ്ങളിലും പ്രതിഫലിക്കുന്നത്. ലളിതമായ ഭാഷയിൽ സാധാരണജനങ്ങളോട് മിതമായി സംസാരിച്ചിരുന്ന ഗുരുവിന്റെ സംഭാഷണങ്ങൾ കേരളീയ നവോത്ഥാനത്തിനും ബ്രാഹ്മണാധികാര ധർമ്മാദർശ ശൈഥില്യത്തിനും കാരണമായി ഭവിച്ചിട്ടുണ്ട്. ഹാസ്യാത്മകമായ ഇത്തരം സംഭാഷണങ്ങളിൽ മൂല്യ വിമർശനങ്ങളും കഠിനമായ ഉപഹാസങ്ങളും കാണാം
“ഗുരുദേവൻ ധാരാളം സംഭാഷണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും അദ്ദേഹം ഭാഷണപ്രിയനായിരുന്നില്ല. അൽപഭാഷണം അധികം മൗനം എന്നതായിരുന്നു സ്വാമിയുടെ സമ്പ്രദായം, ചിരിയും അതുപോലെ തന്നെയായിരുന്നു. ഗുരുവിന്റെ ചിരിക്ക് ധ്വന്യാത്മകത കൈവരുന്നതും അതുകൊണ്ടാണ്. “വാച്യാധികം വ്യംഗ്യം പലപ്പോഴും ആ സംഭാഷണങ്ങൾക്ക് ചമത്കാരമുണ്ടാകും" എന്ന് കുറ്റിപ്പുഴ സ്മരിക്കുന്നു. 37
ശ്രീനാരായണഗുരു വിശ്വമാനവികതയുടെ പ്രവാചകൻ പുറം-100)
ജാതിവ്യവസ്ഥയെയും പൂർവ്വകാലതത്ത്വ ചിന്താപാരമ്പര്യത്തെയും വിമർശിക്കുന്നതിന് ഹാസ്യഭാഷണം ഗുരു മുഖ്യ ഉപാധിയായി സ്വീകരിക്കുന്നു. അത് വിശദീകരിക്കും മുൻപ് ഹാസ്യത്തിൻ്റെ രാഷ്ട്രീയത്തെക്കുറിച്ച് അല്പം ചിന്തിക്കാം.
ഹാസ്യവും അധികാരവും
പൊരുത്തമില്ലായ്മ, ചേർച്ചയില്ലായ്മ, വികൃതാവസ്ഥമായ അവസ്ഥ തുടങ്ങിയവ ഹാസ്യത്തെ നിർമ്മിക്കുന്നതായി ചിലരുടെ വിശകലനങ്ങളിൽ നിന്നും മനസ്സിലാക്കാം. പൊതുനിലയിൽ നിന്നുമുള്ള ഒരു മറിഞ്ഞുവീഴൽ ഹാസ്യത്തിന് നിദാനമാകുന്നു എന്നർത്ഥം. എന്നാൽ ഈ മറിഞ്ഞു വീഴൽ എവിടെ നിന്നാണ് എന്നത് പ്രധാനമാണ്. നീചരിലും സ്ത്രീകളിലുമാണ് ഹാസ്യം എന്നു അഭിനവ ഗുപ്തൻ പറയുമ്പോൾ അംഗീകരിക്കപ്പെട്ട മൂല്യവ്യവസ്ഥയിൽ നിന്നും മറിഞ്ഞു വീണു കിടക്കുന്ന തിരസ്കൃതരുടെ അവസ്ഥ തന്നെ ഹാസ്യമായി മാറുന്നു. യഥാർത്ഥത്തിൽ മികച്ച ഹാസ്യം അതല്ല. എല്ലാവരും അംഗീകരിക്കുന്ന മൂല്യവ്യവസ്ഥയെ തന്നെ മറിച്ചിടുമ്പോഴാണ് മികച്ച ഹാസ്യം ഉണ്ടാകുന്നത്. മികച്ച ഹാസ്യം ഒരു വ്യവസ്ഥയിൽ അംഗീകരിക്കപ്പെട്ടതിന്റെ മറിച്ചിടലിലൂടെയാണ് സാധിക്കുന്നത്. നിലവിലുള്ള സമൂഹവും മൂല്യവ്യവസ്ഥയും പ്രക്ഷേപിക്കുന്ന കുറവുകളെ നോക്കിയിരിക്കുന്നതല്ല ഉത്തമ ഹാസ്യം.രസാഭാസം ഹാസ്യമായി മുൻപ് കരുതിയിരുന്നു. രാമൻ സീതയെ സ്നേഹിക്കുന്നത് ഗൗരവമേറിയ ശൃംഗാരം. രാവണൻ സീതയെ തേടുന്നത് രസാഭാസം, ഹാസ്യം ഇതാണ് സങ്കല്പം. സന്യാസി സ്ത്രീയിൽ ആകൃഷ്ടനാകുന്നത് ഹാസ്യമായി തീരുമ്പോൾ സന്യാസീ മൂല്യം മഹത്വവത്കരിക്കപ്പെടുന്നു. തപസ്സ് ചെയ്യുന്ന ശിവൻ പാർവ്വതിയിൽ പ്രലോഭിതനാകുന്നത് ഹാസ്യമല്ല എന്നു മാരാര് പറയുന്നുണ്ട്.
മാരാരുടെ ഹാസ്യ സങ്കല്പത്തെക്കുറിച്ചു പറയുമ്പോൾ ഷൂബ കെ.എസ്.ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു:
''...മൂല്യച്യുതികളെ ചിരിച്ചു തള്ളിക്കളയുമ്പോൾ നിലവിലിരിക്കുന്ന മൂല്യം നിഷേധിക്കപ്പെടുന്നില്ല, പകരം സുസ്ഥാപിതമാകുകയാണ്. രാവണന്റെ ചെയ്തികൾ രാമമൂല്യത്തെ ന്യായീകരിക്കുന്നു. നിലവിലിരിക്കുന്ന മൂല്യത്തെ നിഷേധിച്ചുകൊണ്ട് പുതുമൂല്യനിർമ്മിതി സാധ്യമാക്കുന്ന നിലപാട് ഇതിലില്ല. എന്നാൽ ഹാസ്യം കണ്ടെത്തേണ്ടത് മൂല്യച്യുതിയിലല്ല. നിലവിലിരിക്കുന്ന മൂല്യങ്ങളുടെ നിഷേധത്തിലാണ്. രാമൻ നല്ലത് രാവണൻ ചീത്ത എന്ന ഉപദേശമല്ല. രാവണനെ നിർമ്മിക്കുന്ന രാമമൂല്യത്തിന്റെ തന്നെ നിഷേധമാണ് കൃതിയിൽ നിന്നും മാരാർ അന്വേഷിച്ചത്. "(ആഗോളീകരണകാലത്തെ കുട്ടികൃഷ്ണമാരാർ, പുറം 100) വ്യവസ്ഥയുടെ മറിഞ്ഞു വീഴലും അതിൽ നിന്നുമുണ്ടാകുന്ന പ്രത്യഭിജ്ഞാനവും ഹാസ്യത്തിൻ്റെയും ദുരന്തത്തിൻ്റെയും ലക്ഷണമായതിനാൽ എല്ലാ നല്ല ഹാസ്യങ്ങളും ദുരന്ത ഹാസ്യങ്ങൾ ആണ് എന്നും ഈ പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.
ഇത്തരത്തിൽ അധികാര വിമർശനമാകുന്ന ഹാസ്യത്തിന്റെ പാരമ്പര്യം മലയാളത്തിൽ ഉണ്ട്. തോലനിലും നമ്പ്യാരിലുമൊക്കെ ഇത് കാണാം.നാരായണ ഗുരു നവോത്ഥാന ആശയങ്ങൾ പ്രക്ഷേപിച്ചത് ഇത്തരത്തിൽ അധികാര വിമർശനമായി മാറുന്ന, മൂല്യ വിമർശനമായി മാറുന്ന ഹാസ്യ മനോഭാവം കൊണ്ടായിരുന്നു.
ജാതിവ്യവസ്ഥയും ഗുരുവിന്റെ ഹാസ്യവിമർശനവും
കേരളത്തിലെ ജാതിവ്യവസ്ഥയുടെ ജീർണ്ണമായ ദർശനങ്ങളെ ഗുരു ലളിതമായ സംഭാഷണഹാസ്യയുക്തികൊണ്ട് നേരിടുകയായിരുന്നു. ശ്രേഷ്ഠമെന്ന് കരുതപ്പെട്ടിരുന്ന ജന്മിത്ത ജാതീയമൂല്യവ്യവസ്ഥകളെ ഗുരു തന്റെ ഭാഷണയുക്തികൊണ്ട് തകർത്തെറിയുകയും നവോത്ഥാനത്തിന് വേഗം കൂട്ടുകയുമായിരുന്നു.
മനുഷ്യസ്വഭാവത്തെ തിരുത്തിയെടുക്കാൻ ഹാസ്യത്തിന്റെ സഹായം കൊണ്ട് കഴിയുമെന്ന് പതിനെട്ടാം ശതകത്തിലെ പ്രാമാണികനായ പാശ്ചാത്യ-ഹാസ്യസാഹിത്യ പണ്ഡിതൻ ലസ്സിൽ വിശ്വസിച്ചിരുന്നു. ഇത്തരത്തിൽ ജാതിമത വർഗ്ഗ മനോഭാവങ്ങളെ നവോത്ഥാനപരമായ ചിന്തിതഹാസ്യങ്ങൾ കൊണ്ട് തിരുത്തി യെടുക്കാനാണ് നാരായണഗുരുവും ശ്രമിച്ചത്.
ജാതിവ്യവസ്ഥയും ഗുരുവിന്റെ നിലപാടും
ജാതീയമായ കെട്ടുപാടുകളാൽ ഇരുട്ടുമൂടിയ സാമൂഹിക ചുറ്റുപാടുകളെ മാറ്റങ്ങൾക്കു വിധേയമാക്കുകയായിരുന്നു ഗുരുവിന്റെ ആത്യന്തികലക്ഷ്യം. മനുഷ്യൻ മനുഷ്യനെ സമൂഹത്തിൽ എന്നത് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സത്യമാ ണെന്ന് ഗുരു മനസിലാക്കി. ചാതുർവർണ്യവ്യവസ്ഥയുടെ അടിസ്ഥാന ത്തിൽ വികാസം പ്രാപിച്ച ജാതിവ്യവസ്ഥയേയും ഫ്യൂഡലിസത്തേയും തന്റെ ഋജുവായ ആദർശാശയങ്ങൾ കൊണ്ടും സംഭാഷണങ്ങൾ കൊണ്ടും ഗുരു നേരിട്ടു.
അയിത്തവും അടിമത്തവും ഹീനമായ സംസ്കാരമാണ് സൃഷ്ടിക്കുന്നതെന്ന് മനസിലാക്കിയ ഗുരു ഒരു പട്ടി വേറൊരു പട്ടിയെക്കണ്ടാൽ അതിന്റെ സ്വന്തം ജാതിയാണെന്ന് മനസിലാക്കുന്നുവെന്നും എല്ലാ മൃഗങ്ങൾക്കും ഈ വകതിരുവുണ്ടെന്നും എന്നാൽ മനുഷ്യനു മാത്രം ആ സിദ്ധി നഷ്ടമായെന്നും മനുഷ്യൻ മൃഗങ്ങളെക്കാൾ മോശമെന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.
മലീമസമായ ജാതി-മതാന്ധവിചാരങ്ങളിൽ നിന്നും മുക്തമാക്കപ്പെടേണ്ട സാഹചര്യങ്ങളെക്കുറിച്ചാണ് ഗുരു ചിന്തിച്ചതും പ്രവർത്തിച്ചതും. അദ്വൈത ദർശനസാരമായ എല്ലാം ഈശ്വരസൃഷ്ടമാണെന്ന സങ്കല്പത്തിന്റെ അതിഭൗതിക ആദ്ധ്യാത്മികതയല്ല ഗുരുവിനെക്കൊണ്ട് ഇങ്ങനെ ചിന്തിപ്പിച്ചത്. പുരുഷാർത്ഥങ്ങളിൽ മോക്ഷം എന്നത് സ്വാർത്ഥപരമായ വ്യക്തി മോക്ഷമല്ലെന്നും അത് സാമൂഹികമോക്ഷമാണെന്നും ഗുരു ഗ്രഹിച്ചിരുന്നു. അതുകൊണ്ട് തന്നെയാണ് പന്തിഭോജ നവും മിശ്രവിവാഹവും ക്ഷേത്രപ്രതിഷ്ഠകളും സർവ്വജാതി-മത സ്ത്രീ-പുരുഷഭേദമെന്യേ വിദ്യാഭ്യാസ സ്വാതന്ത്ര്യവും ഗുരു പ്രായോഗിഗാത്മകമായി പ്രഖ്യാപിച്ച് നടപ്പുവരുത്തിയത്. അധ:കൃത വർഗ്ഗോദ്ധാരണത്തിന്റെ തറക്കല്ല് ആയി ഗുരു കരുതിയത് വിദ്യാഭ്യാസ അവകാശ സ്വാതന്ത്ര്യമാണ്.
താഴ്ന്ന ജാതിയിൽപ്പെട്ടവർക്ക് വിദ്യാഭ്യാസ സ്വാതന്ത്ര്യത്തിനുളള അവകാശത്തിലൂടെ വ്യക്തിത്വസ്വാതന്ത്ര്യം തനിയേ ലഭ്യമാകുമെന്ന് ഗുരുവിന് അിറയാമായിരുന്നു. ഇതിലൂടെ ചിന്തനീയമായ മനുഷ്യത്വപദ്ധതിക്കാണ് ഗുരു തുടക്കമിട്ടത്.
“മനുഷ്യാണാം മനുഷ്യത്വം ജാതി' എന്ന് ഘോഷിച്ച് ഗുരു മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്നും
“അവനവനാത്മ സുഖത്തിനാചരിക്കവ യപരന്നു സുഖത്തിനായ് വരേണം'
എന്നും പഠിപ്പിച്ചു.
കൂടാതെ, “ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്', 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി”, “സംഘടിച്ച് ശക്തരാകുക ", "വിദ്യകൊണ്ട് പ്രബുദ്ധരാകുക " തുടങ്ങിയ ഋജുവായ സന്ദേശങ്ങളിലൂടെ തീവ്രവും സുശക്തവുമായ സാമൂഹിക സ്വാതന്ത്ര്യവും ധാർമ്മിക സോഷ്യലിസവും സ്ഥാപിച്ചെടുക്കുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യം.
ജാതിവ്യവസ്ഥയും ഗുരുവിന്റെ ഹാസ്യസംഭാഷണങ്ങളും
സംഭാഷണം 1
ഒരിക്കൽ ഉള്ളൂർ എസ് പരമേശ്വരയ്യർ ഗുരുവിനെ കാണാൻ എത്തി. ആ പഴയമോഡൽ കാർ കുന്നിനു താഴെയുള്ള വഴിയിൽ നിർത്തി ഒരു നിമിഷത്തെ ആലോചനയ്ക്കു ശേഷം ഉള്ളൂർ തലപ്പാവും കസവ് നേര്യതും എടുത്ത് കാറിന്റെ സീറ്റിൽ വച്ചു ചെരുപ്പ് ഊരിയിട്ടു.
അങ്ങനെ ഔദ്യോഗിക പദവിയുടെ ഛന്ദസ്സും അലങ്കാരങ്ങളും ഉപേക്ഷിച്ച് അദ്ദേഹം കുന്നിന്റെ പടികൾ കയറി. കുന്നിനു മുകളിൽ ഗുരു ഉള്ളൂരിനെ സ്വീകരിക്കാൻ നിന്നിരുന്നു. രണ്ടുപേരും ആശ്രമത്തിലേക്കു നടന്നു. രണ്ടുപേരും ഏറെ നേരം വർത്തമാനം പറഞ്ഞു. കവിതയെ തീവ്രമായി സ്നേഹിച്ചിരുന്ന ഗുരു കവിതയെക്കുറിച്ചും സംസാരിച്ചു. ആ തമിഴ് ബ്രാഹ്മണപ്രതിഭയെ അങ്ങേയറ്റം ആദരിച്ചുകൊണ്ടാണ് ഗുരു സംഭാഷണം നടത്തിയത്. മദ്ധ്യാഹ്നം കഴിഞ്ഞപ്പോൾ ഗുരു ഉളളൂരിനെ ഉച്ചയൂണിനു ക്ഷണിച്ചു. കവി സന്തോഷപൂർവ്വമത് സ്വീകരിച്ചു. അവർ ഉച്ചഭക്ഷണം കഴിക്കുന്ന വരാന്തയിൽ എത്തി അവിടെ ഒന്നു രണ്ട് സന്ന്യാസിശിഷ്യൻമാരും കുറെ ഹരിജൻ കുട്ടികളും ഊണുകഴിക്കാൻ ഉണ്ടായിരുന്നു. വേഷം കൊണ്ടും രൂപം കൊണ്ടും അയോഗ്യരല്ലാത്ത കുട്ടികളെക്കണ്ട് ഉള്ളൂർ ചെറുതായൊന്ന് പകച്ചതു പോലെ ഗുരുവിന് തോന്നി. വേടക്കിടാത്തനിൽ ആധ്യാത്മിക വെളിച്ചം കണ്ട കവിയാണ്, നീലപ്പുലക്കളിയെപറ്റി പാട്ടിൽപ്പറഞ്ഞ കവിയാണ്. ഈ ഭാവനയുടെ ലോകം വിടുക,വ്യക്തി ജീവിതത്തിൽ തന്നെ മറ്റു പലരെയുംകാൾ മുൻപേ മാനസികപുരോഗതിയുടെ പടികൾ കയറിയ വലിയ മനുഷ്യനാണ്. എന്നിട്ടും പെട്ടെന്ന് അഭിമുഖീകരിക്കേണ്ടി വന്ന കടുത്തയാഥാർത്ഥ്യത്തിനു മുന്നിൽ കവി ഒന്ന് പതറിയതു പോലെ ഗുരുവിനു തോന്നി. അടുത്തു നിന്ന ഹരിജൻ കുട്ടികളുടെ ശിരസ്സുകളിൽ ഗുരു തഴുകുന്നുണ്ടായിരുന്നു. എല്ലാവരും ഉണ്ണാനിരുന്നു. ഗുരുവിന്റെ വലതുവശത്തു തന്നെയായിരുന്നു. ഉളളൂരിന്റെ സ്ഥാനം. ഇലയിടാൻ ആരംഭിച്ചു. ചോറുവിളമ്പി പരിപ്പുകറി ഒഴിച്ചു. പിന്നീട് പപ്പടം വന്നു. അപ്പോൾ ഗുരു പറഞ്ഞു. “പപ്പടം നമുക്ക് ഒന്നിച്ചു പൊടിക്കാം". ഒരു നിമിഷത്തിനു ശേഷം പപ്പടങ്ങൾ പട പടാ എന്ന് പൊടിയുന്ന ശബ്ദം കേട്ടു. അതുകഴിഞ്ഞ് ഗുരു ഉള്ളൂരിനോട് ചോദിച്ചു “പൊടിഞ്ഞോ?'' അതിന്റെ ധ്വനി ജാതിചിന്ത പൊടിഞ്ഞോ എന്നാണെന്ന് മനസിലാക്കാൻ കവിക്ക് ഒരു നിമിഷം പോലും വേണ്ടി വന്നില്ല.
(ചരിത്രത്തെ അഗാധമാക്കിയ ഗുരു പുറം 36,37)
പന്തിഭോജനത്തിന്റെ പ്രകമ്പനങ്ങളെ വിലയിരുത്തുകയും അടയാളപ്പെടുത്തുകയും ചെയ്യുന്ന കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ അനുഭവവും ഇവിടെ സ്മരണീയമാണ്.
സംഭാഷണം 2
പാഠശാലാ ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് ചിലപ്പോൾ സ്വാമിയുടെ വകയായി ഒരു സദ്യകൊടുക്കാറുണ്ട്. വിവിധ ജാതിമതസ്ഥരായ വിദ്യാർത്ഥികൾ ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ഒരു തവണ സദ്യയ്ക്ക് എന്നെയും ആശ്രമാധികാരികൾ ക്ഷണിച്ചു. അക്കാലത്തെ സ്ഥിതിക്ക് ഞാൻ ആ ക്ഷണം സ്വീകരിക്കുമോ എന്ന് അവർക്ക് സംശ യമുണ്ടായിരുന്നു. അന്ന് മിശ്രഭോജനം അക്ഷന്തവ്യമായ ആചാരലംഘനമായിട്ടാണ് സവർണഹിന്ദുക്കൾ കരുതിയത്. ഒരു യഥാസ്ഥിതിക കുടുംബത്തിൽ കഴിഞ്ഞുകൂടിയ എനിക്കും അല്പം ശങ്ക തോന്നാതിരുന്നില്ല. എങ്കിലും ഒട്ടും മടിക്കാതെ ഞാൻ ഉണ്ണാൻ ചെന്നു പറയൻ, പുലയൻ, നായർ, ക്രിസ്ത്യാനി, ഈഴവർ ഇങ്ങനെ ബ്രാഹ്മണർ ഒഴിച്ച് എല്ലാവരും നിരന്നിരുന്ന പന്തിയിൽ സ്വാമി അഗ്രാസനസ്ഥനായി തൊട്ടടുത്തു തന്നെ എനിക്കും ഇലയിട്ടിരുന്നു. വിളമ്പി തുടങ്ങിയപ്പോൾ അദ്ദേഹം എന്നെ നോക്കി തികഞ്ഞ ഗൗരവത്തോടെ “പോയോ? എന്നു മാത്രം ചോദിച്ചു. എനിക്കൊരു പിടിയും കിട്ടിയില്ല. ഒന്നും മിണ്ടാതെ ഞാൻ അല്പമൊന്ന് അമ്പരന്ന് മിഴിച്ചിരുന്നു പോയി. അതു കണ്ട് ഒരു ചെറിയ പുഞ്ചിരിയോടെ അദ്ദേഹം “എല്ലാം പോയോ" എന്ന് വീണ്ടും ചോദിച്ചു. അപ്പോഴേക്കും എന്നിലെങ്ങനെയോ ചോദ്യത്തിന്റെ പൊരുൾ തെളിഞ്ഞു. “എല്ലാം പോയി സ്വാമി' എന്ന് പതിഞ്ഞസ്വര ത്തിൽ ഞാൻ വിനീതനായി അറിയിച്ചു. ജാതി സംബന്ധമായ ശങ്കയും വൈമനസ്യവുമെല്ലാം പോയോ എന്നായിരുന്നു ചോദ്യത്തിലെ ധ്വനി. പാരമ്പര്യത്തിൽ കട്ടപിടിച്ചുകിടക്കുന്ന ജാതിക്കറ തീരെ മാഞ്ഞുപോകുക അന്ന് എളുപ്പമായിരുന്നില്ലല്ലോ? എന്റെ ആദ്യത്തെ മിശ്രഭോജനമായിരുന്നു അത്. ശ്രീനാരായണഗുരുവിന്റെ മഹനീയ സന്നിധാനത്തിൽ അന്ന് ഞാൻ ആദ്യമായി മനുഷ്യജാതിയെ കണ്ടെത്തി. (ശ്രീനാരായണഗുരു ജീവചരിത്രവും ഗുരുതികളും, പുറം-41,42)
ദൈവത്തെ അന്വേഷിക്കുന്നുണ്ടെങ്കിൽ അവരെ മനുഷ്യരിൽ അന്വേഷിക്കണമെന്ന് ഗുരു കരുതി. മനുഷ്യവിഭജനത്തിൻ്റെ അതിജീവനത്തിനായി ഭക്ഷണവും ഭാഷയും ദൈനംദിന പ്രവൃത്തികളും അദ്ദേഹം ഉപയോഗപ്പെടുത്തി. മനുഷ്യരിലെ ജാതിചിന്തയെ ക്രൂരമായി അപഹസിക്കുകയും എന്നാൽ മനുഷ്യരെ സ്നേഹിക്കുകയുമാണ് അദ്ദേഹം ചെയ്തത്. ഏതു സന്ദർഭത്തിലും ഇതുതന്നെയായിരുന്നു ഗുരുവിന്റെ ചിന്ത
സംഭാഷണം-3
ഒരിക്കൽ ഒരു ശിഷ്യൻ ഓടിവന്ന് ഗുരുവിനോട് പറഞ്ഞു അടുത്തുള്ള കവലയിൽ നായന്മാരും ഈഴവരും തമ്മിൽ അടി നടക്കുന്നു വെന്ന്. അത് കേട്ടപ്പോൾ വളരെ ശാന്തനായി അങ്ങനെയെങ്കിലും അവർ തമ്മിൽ അടുക്കുമല്ലോ എന്നാണ് ഗുരു മറുപടി പറഞ്ഞത്. (ചരിത്രത്തെ അഗാധമാക്കിയ ഗുരു, പുറം 39)
ഫലിതത്തിന്റെ ദാർശനിക നിഷ്പക്ഷതയായിരുന്നു അത്. അതോടൊപ്പം നിലവിലിരുന്ന ജീവിതത്തിന്റെ പൊരുത്തമില്ലായ്മയി ലേക്ക് അത് വിരൽ ചൂണ്ടുകയും ചെയ്തു. കലഹം സമത്വത്തിലേയ്ക്കുള്ള വഴിയായി മാറുന്നു.ശരീരങ്ങൾ തമ്മിൽ അകന്നു കഴിഞ്ഞിരുന്ന സമൂഹത്തിൽ ഭക്ഷണം മാത്രമല്ല ശരീരം മറന്നുള്ള കലഹങ്ങും ഒരുമയിലേയ്ക്കുള്ള വഴിയായി തീരുന്നു.ആ ഫലിതം സൗഹൃദത്തിൽ ജീവിക്കുന്ന ഒരു സമൂഹത്തെക്കുറിച്ചുളള സ്വപ്നം ആയിരുന്നു. ജാതിരഹിതമായൊരു നിലപാടിൽ നിന്നു കൊണ്ട് മാനവികതയെ എങ്ങനെ സമീപിക്കാം എന്നതിന്റെ ഒരു സാംസ്കാരിക പരീക്ഷണം കുടിയായിരുന്നു ആ ഫലിതം. കലഹവും കലാപവും മനുഷ്യനിർണ്ണീതമായ അധികാര ശ്രേണികളെ അട്ടിമറിയ്ക്കും എന്ന സാമൂഹ്യപാഠവും അതിന്റെ അടിത്തട്ടിലുണ്ടായിരുന്നു. ജാതിവിവേചനമാണ് വലിയ അതിക്രമം എന്ന സൂചനയും, അക്രമമില്ലാതെ കഴിയുന്ന ജാതിഭേദജീവിതമാണ് ഏറ്റവും വലിയ അതിക്രമം എന്ന നിലപാടും ഇവിടെയുണ്ട്.
സംഭാഷണം-4
1927 - ആഗസ്റ്റ് കോയമ്പത്തൂർ ഉദ്യാനത്തിലെ ഒരു ബഞ്ചിൽ തൃപ്പാദങ്ങൾ ഇരിക്കുന്നു. തോട്ടത്തിൽ ഇരുന്ന് കാറ്റു കൊള്ളുവാനായി പൗരപ്രമാണികൾ ഓരോരുത്തരായി വന്നു തുടങ്ങുന്നു. മദിരാശി നിയമനിർമ്മാണസഭയിൽ അധഃകൃതവർഗ്ഗപ്രതിനിധിയായിരുന്ന ഒരാൾ സ്വാമികളുമായി സമുദായ കാര്യങ്ങളെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ - “ജാതി ഒന്നു തന്നെയുള്ളത് അനേകമില്ല" എന്ന് അഭിപ്രായപ്പെട്ടു. അപ്പോൾ അതിലൊരു പ്രതിനിധി ഇങ്ങനെ പറഞ്ഞു.
പ്രതിനിധി :-ബ്രാഹ്മണരും മറ്റും അത് സമ്മതിക്കുകയില്ല സ്വാമീ. (ഉയർന്ന ജാതിക്കാരെന്നഭിമാനിക്കുന്ന കുട്ടരെക്കുറിച്ച് അഭിപ്രായങ്ങൾ ശക്തിയായി പ്രസംഗരൂപത്തിൽ പറയുന്നു.)
സ്വാമി :-(പൊട്ടിച്ചിരിച്ചുകൊണ്ട്) കൊള്ളാമല്ലോ, നല്ല ഉത്സാഹം. ഈ മാതിരി അഞ്ചാറാളുകൾ ഉണ്ടായാൽ കൊള്ളാം. (വിഷയത്തെ തുടർന്നുകൊണ്ട് ജാതി ഒന്നാണെന്നതിന് തെളിവൊന്നും വേണ്ടല്ലോ. ഒരു പട്ടി വേറൊരു പട്ടിയെ കണ്ടാൽ അതിന്റെ സ്വന്തം ജാതിയാണെന്ന് മനസിലാക്കുന്നു. എല്ലാ മൃഗങ്ങൾക്കും ഈ വകതിരിവുണ്ട്. അത് അനുസരിച്ച് ജീവിക്കുന്നുമുണ്ട്. മനുഷ്യർക്കുമാത്രം സംശയം. സ്വന്തം ജാതിതിരിച്ചറിയാനുളള കഴിവില്ല. മൃഗങ്ങളെക്കാളും മോശമാണത്. ദൈവം മനുഷ്യനെ സൃഷ്ടിക്കുകയും അവരിൽ ചാതുർവർണ്യം വ്യവസ്ഥാപിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യർ പൊതുവേ ചാതുർവർണികൾ, ബ്രാഹ്മണർ ക്ഷത്രിയർ, വൈശ്യർ, ശൂദ്രന്മാർ എന്നിങ്ങനെയായി. ഈ വർണ്ണങ്ങളിൽ പെടാത്ത മനുഷ്യരുമുണ്ടല്ലോ അവർ ഏതു വർഗ്ഗത്തിൽപ്പെടും. (മന്ദഹസിച്ചുകൊണ്ട്) അവർ ദൈവ സൃഷ്ടിയിലും മനുഷ്യചാതുർവർണ്യത്തിലും ഉൾപ്പെടുന്നവരല്ലെങ്കിൽ അവരെ സ്വയംഭുക്കളായ ദേവൻമാരായി ഗണിച്ചാൽ മതിയല്ലോ? (ശ്രീനാരായണഗുരു സ്വന്തം വചനങ്ങളിലൂടെ, പുറം - 21, 33)
മനുഷ്യസംസ്കാരത്തിന്റെ അസംബന്ധതയെ ജന്തുശാസ്ത്രപരമായി അട്ടിമറിക്കുകയാണിവിടെ. കുമാരനാശാൻ മനുഷ്യനെ 'ജന്തു' എന്ന് പരിഭാഷപ്പെടുത്തുന്നുണ്ട്. അഥവാ മനുഷ്യന്റെ പര്യായമായി കവിയിൽ 'ജന്തു' എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്. മനുഷ്യ സമത്വത്തെ സ്ഥാപിക്കാൻ ദാർശനികമായ ന്യായശാസ്ത്രങ്ങൾ പറയുകയും (എല്ലാരിലും ദൈവം ഉണ്ട് പോലുള്ള ആ ന്യായശാസ്ത്രങ്ങൾ തന്നെ മനുഷ്യരെ തമ്മിലകറ്റുകയും ചെയ്യുന്ന അവസ്ഥയിൽ മനുഷ്യന്റെ തുല്യതയ്ക്ക് വേണ്ടി ദാർശനിക ന്യായീകരണങ്ങളുടെ ആവശ്യമില്ല. പട്ടിക്ക് നടക്കാവുന്ന വഴികളിൽ മനുഷ്യർക്ക് നടക്കാൻ പറ്റാത്ത ന്യായശാസ്ത്രം ജന്തുക്കളുടെ സ്വഭാവത്തെ മുൻനിർത്തി പട്ടികളെക്കാൾ വിവരം കെട്ടവരാണ് മനുഷ്യർ എന്ന് ഗുരു പറയുന്നു. അധഃസ്ഥിതരെ ദേവന്മാരായി പരിഗണിക്കമല്ലോ എന്ന ഹാസ്യത്തിലൂടെ ദേവന്മാരുടെ അസംബന്ധതയെയാണ് ഉന്നയിക്കുന്നത്.
സംഭാഷണം- 5
മധ്യതിരുവിതാംകൂറുകാരായ മൂന്ന് ഈഴവ പ്രമാണികൾ ഒരിക്കൽ ശിവഗിരിയിൽ വന്നു. അവരിൽ ഒരാൾ പണിക്കൻ കൂടിയായിരുന്നു. ശ്രീനാരായണഗുരുവുമായി സംസാരിച്ചിരിക്കുന്നതിനിടയിൽ പണിക്കൻ ഒരു വിഡ്ഡിത്തം എഴുന്നള്ളിച്ചു.
“എന്തൊക്കെയായാലും ശരി ഒരുത്തന്റെ മുഖത്തു നോക്കിയാൽ അവന്റെ ജാതി അറിയാം."
“അതെങ്ങനെ അറിയാം.” സ്വാമി ചോദിച്ചു. എങ്ങനെയെന്നു പറയാനാവില്ല. കണ്ടാലറിയാം അദ്ദേഹം സ്വാഭിപ്രായം ദൃഡപ്പെടുത്തി. അതുശരിയാണോ സ്വാമികൾ മറ്റുള്ളവരുടെ അഭിപ്രായം ആരാഞ്ഞു.അവർ രണ്ടു പേരും ഒന്നും പറഞ്ഞില്ല. അക്കാര്യം അങ്ങനെ വിട്ടു സംഭാഷണം തുടർന്നു. അല്പം കഴിഞ്ഞപ്പോൾ വെളുത്തുദ്യഢഗാത്രനായ ഒരു കോമളയുവാവ് ആ വരാന്തയിലേക്ക് സവിനയം കയറി വന്ന് എരിഞ്ഞ് തീർന്നിരുന്ന ചന്ദനത്തിരിയുടെ സ്റ്റാന്റ് എടുത്തുകൊണ്ട് അകത്തേക്കു പോയി. അല്പം കഴിഞ്ഞ് പുകയുന്ന കുറെ തിരികളു മായി അത് പൂർവ്വസ്ഥാനത്ത് കൊണ്ടുവച്ചു.
“ഇവൻ എന്തു ജാതിയാണെന്നറിയാമോ? സ്വാമികൾ പണിക്കനോടു ചോദിച്ചു. ആദ്യം ഒന്നു കുഴങ്ങിയെങ്കിലും നായരാണ് എന്ന ദ്ദേഹം തീരുമാനിച്ചു.
“നായരാണെന്നേ തോന്നുന്നുള്ളു അല്ലേ?'' എന്നു വീണ്ടും ഉണ്ടാ യചോദ്യത്തിന് അതേ എന്നു തന്നെ പണിക്കൻ ഉത്തരം പറഞ്ഞു. ആ വിഷയം പിന്നെ തുടർന്നതുമില്ല.(ശ്രീനാരായണഗുരു സ്വന്തം വചനങ്ങളിലൂടെ, പുറം - 26)
ജാതി ജന്തുസഹജമായ സ്വാഭാവികതയാണ് എന്ന നിലയിലും ദാർശനികമായും ന്യായീകരിക്കാനുള്ള പ്രവണതകൾ ഉണ്ട്. ദാർശനികമായി സംസാരിക്കുമ്പോൾ മൃഗങ്ങളുടെ സ്വഭാവം നിരീക്ഷിച്ച് ഗുരു അതിനെ ഖണ്ഡിച്ചു. ജാതി ജന്തുസഹജമാണ് എന്ന രീതിയിൽ ജാതി കണ്ടാലറിയാം എന്ന് സംസാരിക്കുമ്പോൾ അങ്ങനെയല്ല എന്ന് ഗുരു ബോധ്യപ്പെടുത്തുന്നു. വെളുപ്പും ആരോഗ്യവും കാണുമ്പോൾ സവർണ്ണ നാണെന്ന് ധരിക്കുന്നതിന്റെ ക്രൂരതയും അത് സൃഷ്ടിക്കുന്ന അവഗണനയും കൊണ്ട് തിരിച്ചറിയുന്നതിലുള്ള നീറ്റൽ "നായരാണെന്നേ തോന്നുന്നുളളൂ അല്ലേ' എന്ന ഹാസ്യത്തിലുണ്ട്. ഹാസ്യം വൈരുധ്യങ്ങളെയും നീറുന്ന സത്യങ്ങളെയും ഉന്നയിക്കുന്നു.
ഈ രീതിയിലുളള മറ്റൊരു സംഭാഷണം കൂടി ഇവിടെ സ്മരണീയമാണ്.
സംഭാഷണം-6
അമരകോശത്തിന് പാരമേശ്വരി എന്ന സവിസ്തരമായ വ്യാഖ്യാനം രചിച്ച മൂസ്സതും (വാചസ്പതി) വേറെ രണ്ടു നമ്പൂതിരിമാരും ശിവഗിരി മറ്റത്തിലെ ഊട്ടുപുരയിൽ സ്വാമി തൃപ്പാദങ്ങളുടെ കൂടെ ഊണുകഴി ക്കുകയായിരുന്നു. കുളിച്ച് ഒറ്റമുണ്ടുടുത്ത് ഭസ്മവും ചന്ദനവും ധരിച്ച് സുഭഗന്മാരായ രണ്ടു മൂന്നു യുവാക്കളാണ് വിളമ്പുന്നത്.
സ്വാമി :- (തിഥികള് ) ഇവരെ കണ്ടാലറിയുമോ?
അതിഥികൾ :- ക്ലിപ്തമായി പറയുവാൻ പ്രയാസമുണ്ട്. കണ്ടിട്ട് നായന്മാരാണെന്ന് തോന്നുന്നു. അപ്പോൾ സ്വാമി കല്പിച്ചതിങ്ങനെയാണ്.
"ഇവരെല്ലാം അവശ സമുദായങ്ങളാണ് ഇവരെ അകറ്റിനിർത്താതെ അടുപ്പിച്ചു നന്നാക്കിയാൽ പിന്നെ ജാതികാണുകയില്ല. (ശ്രീനാരായണഗുരു സ്വന്തം വചനങ്ങളിലൂടെ, പുറം - 1,31)
ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ സമൂഹത്തിലും മന സ്സിലും ഉറഞ്ഞുകൂടിയ ജാതിയുടെ അയുക്തികമായ ധാരണകളെ ഹാസ്യത്തിലൂടെ വിമർശിക്കുകയായിരുന്നു.
ശ്രീനാരായണഗുരു മന സിന്റെ അടിത്തട്ടിൽ നിന്ന് പറിഞ്ഞുപോകാത്ത ജാതിയുടെ പാരമ്പര്യധാരണകളോട് സ്വയം കലഹിക്കാനും ആത്മപരിശോധന നടത്താനും ഗുരുവിന്റെ ഹാസ്യസംഭാഷണങ്ങൾ കാരണമായിട്ടുണ്ട്. മറ്റ് രണ്ട് ഉദാഹരണങ്ങൾ ചുവടെ പരാമർശിക്കുന്നു.
സംഭാഷണം-7
ഒരിക്കൽ സ്വാമി തൃശ്ശിവപേരൂരിൽ നിന്ന് കോഴിക്കോട്ടേക്കു സഞ്ച രിക്കുകയായിരുന്നു. സ്വാമിയുടെ സംഭാഷണം കേട്ട് സ്വാമിയുടെ നേരെ വളരെ ബഹുമാനം തോന്നി. ആ മുറിയിൽ ഒരു രാജ്യവും ഒരു നമ്പൂതിരിയും ഇരിക്കുന്നുണ്ടായിരുന്നു. ഒടുവിൽ രാജാവ് ഇങ്ങനെ ചോദിച്ചു. നിങ്ങളുടെ പേരെന്താണ്?
സ്വാമി :-നാരായണൻ,
രാജാവ് -ജാതിയിൽ ആരാണ്?
സ്വാമി :-കണ്ടാൽ അറിഞ്ഞുകൂടെ?
രാജാവ് :-അറിഞ്ഞുകൂടാ.
സ്വാമി :-കണ്ടാൽ അറിഞ്ഞുകൂടെങ്കിൽ പിന്നെ കേട്ടാലറിയുന്നതെങ്ങനെ ?(ശ്രീനാരായണഗുരു സ്വന്തം വചനങ്ങളിലൂടെ, പുറം 28,
മനുഷ്യന്റെ പ്രവർത്തികളെയോ ദൃഷ്ടിഗോചരമായ മനുഷ്യശരീരത്തെയോ ഒന്നും തന്നെ മാനദണ്ഡമാക്കാത്ത പൂർണ്ണമായും അസംബന്ധമായ ജാതി വ്യവസ്ഥയെ ഗുരു വിമർശിക്കുന്ന രീതിയാണിത്. കണ്ടാൽ അറിയാം ജാതി എന്ന് പറയുമ്പോൾ അതിനെ ഖണ്ഡിക്കുന്നതായിരുന്നു. മുമ്പ് സൂചിപ്പിച്ച സംഭാഷണം. കണ്ടാൽ അറിയില്ല എന്ന് പറയുമ്പോൾ കേട്ടാൽ പിന്നെ എങ്ങനെ അറിയും എന്നാണ് ഗുരുവിന്റെ ചോദ്യം. ജാതി എന്നത് പൂർണ്ണമായും അസംബന്ധമാണ്. ഒരുവിധ ന്യായീകരണങ്ങളും അതിനില്ല ഗാന്ധിജിയുമായി ഗുരു വിയോജിക്കുന്നതും അവിടെയാണ്. ചെടികളുടെ ഇലയും തണ്ടും പോലുള്ള സ്വാഭാവിക വ്യത്യാസം ജാതി വ്യത്യാസത്തെ ന്യായീകരിക്കാൻ ഗാന്ധി പറയുമ്പോൾ എല്ലാറ്റിലും ഒരേ രുചിയും മണവും ആണ് എന്ന് പറഞ്ഞ് ഗുരു ആ വാദത്തെ ഖണ്ഡിക്കുന്നു.
സംഭാഷണം - 8
1924 മാർച്ച് 11 ഗാന്ധിജി ശിവഗിരിയിൽ എത്തി.ഗുരുവിനെ സന്ദർശിച്ചു. ഒരു മാവിൻചുവട്ടിൽ ഇരുന്നായിരുന്നു ഇരുവരുടെയും സംഭാഷണം, വർണാശ്രമ ധർമ്മവ്യവസ്ഥയോട് ആധർമണ്യമുള്ള തരത്തിൽ ഗാന്ധി ഇപ്രകാരം ഗുരുവിനോട് ചോദിക്കുകയുണ്ടായി.
ഗാന്ധി:ദൈവപരമായി സൃഷ്ടിക്കപ്പെട്ടവരാണ് നാമെല്ലാരും അതുകൊണ്ട് തന്നെ ഈ മാവിലുള്ള ഓരോ ഇലകളെപ്പോലെ നാം ഓരോരുത്തരും വ്യത്യസ്തമാണ്. ആയതിനാൽ, അങ്ങ് വർണാശ്രമധർമ്മവ്യവസ്ഥയെ എതിർക്കേണ്ടതിന്റെ ആവശ്യകത എന്താണ്?
ഗുരു:മാവിന്റെ ഇലകൾ ഞരടിയിട്ട് മണത്തു നോക്കിയാൽ ഒരേ മണവും രുചിച്ച് നോക്കിയാൽ ഒരേ രുചിയും ആയിരിക്കും. അതുപോലെ മനുഷ്യർക്ക് ഒരു ജാതിയെയുള്ളൂ. സൂര്യപ്രകാശവും മറ്റും ലഭിക്കുന്നതിലുള്ള വ്യത്യാസം അനുസരിച്ച് ഇലകൾ ഭിന്നാകൃതിയും വലിപ്പവും വരുന്നതു പോലെ സാഹചര്യങ്ങളുടെ വ്യത്യാസം മൂലം മനുഷ്യരിൽ സ്ഥിതിവ്യത്യാസം ഉണ്ടാവാമെന്നേയുള്ളൂ.
ഗുരു ഇവിടെ നൽകിയ മറുപടി ശാസ്ത്രീയവും യുക്തിയുക്തവും ഹാസ്യത്തിന്റെ ചേരുവയുള്ളതുമാണ് ഗാന്ധിജിയുടെ പിന്നീടു ഹരിജനോദ്ധാരണ ശ്രമങ്ങൾക്ക് ഈ സംഭാഷണം ഉത്തേജനം നൽകിയിരിക്കുന്നു. (നീനാരായണഗുരുവിന്റെ ദർശനവും വിശ്വമാനവികതയും. പുറം 103)
ഇതുപോലെ തന്നെ ജാതിവ്യവസ്ഥയുടെ മാനസിക-മാനവിക മൂല്യങ്ങളെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഗുരുവിന്റെ മറ്റൊരു ഹാസ്യ സംഭാഷണവും ഇവിടെ പ്രസ്തുതമാണ്.
സംഭാഷണം 9
തിരുവനന്തപുരം പട്ടണത്തിലുള്ള ഒരു ക്ഷേത്രത്തിന്റെ അവകാശികൾ തമ്മിൽ ഭരണപരമായി വലിയ തർക്കങ്ങൾ നടക്കുകയാണ്. നാട്ടുകാർ രണ്ടു കക്ഷികളായി. കൊല്ലും കൊലയും വരെ നടക്കുമെന്നായി. ക്ഷേത്രവും സ്വത്തുക്കളും നശിച്ചുതുടങ്ങി. സ്വാമിയെ ശരണം പ്രാപിച്ച് വഴക്കുകൾക്ക് ഉപശാന്തി വരുത്തണമെന്ന്, വളരെ വഴക്കുകൾക്ക് ശേഷം ക്ഷേത്രഭാരവാഹികൾ തീരുമാനിച്ചു. ചിലർ സ്വാമി തൃപ്പാദങ്ങളെ വിവരം അറിയിച്ചു ക്ഷണിച്ചു. ക്ഷണിക്കാൻ വർക്കലയിൽ ചെന്നവരോട് സ്വാമി ചോദിച്ചു.
"നാം വരണമോ? വന്നാൽ വഴക്കു തീരുമോ? നാം പറഞ്ഞാൽ കേൾക്കുമോ? നിങ്ങളൊക്കെ എപ്പോളും അവിടെയുള്ളവർ നാം വല്ലപ്പോഴുമേ അവിടെ വരാറുള്ളല്ലോ? ഒരുമിച്ച് കഴിയുന്നവർ വേണ്ടേ ഒത്തുതീരുമാനിക്കാൻ? "
വന്നവർ:സ്വാമി തൃപ്പാദങ്ങൾ അവിടെ എഴുന്നള്ളിയാൽ തീർച്ചയായും വഴക്കു തീരും
സ്വാമികൾ:നിങ്ങൾക്ക് അങ്ങനെയാണ് അഭിപ്രായമെങ്കിൽ നാം വരാം നമുക്ക് നിശ്ചയമില്ല.
സ്വാമികൾ ക്ഷേത്രത്തിൽ എത്തി. അന്ന് എന്തോ ഒരു വിശേഷദിവസമായിരുന്നു. സ്വാമികൾ വരുമെന്ന് കരുതി ധാരാളം ആളുകൾ കൂടിയിട്ടുണ്ടായിരുന്നു. സന്ധ്യയോടുത്തുള്ള ക്ഷേത്രത്തിൽ ദീപാരാധനക്കുള്ള സമയമായി. വഴക്കുകാർ രണ്ടുഭാഗത്തായി അണിനിരന്നു അപ്പോൾ ക്ഷേത്രത്തിൽ നിന്ന് കുറെ അകലെയായി ഒരു കൂട്ടർ കുളിച്ച് ഭസ്മക്കുറികളിട്ടു വണങ്ങി നിൽക്കുന്നുണ്ടായിരുന്നു. അവരെ നോക്കികൊണ്ട്
സ്വാമികൾ:അവർ ആരാണ് അവരെന്താണ് ദൂരെ നിൽക്കുന്നത് അവർക്ക് അടുത്തുവരാമല്ലോ
ക്ഷണിക്കാൻ പോയവരിൽ പ്രമാണി:“അവർ പുലയരാണ് സ്വാമി അവർക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ല, അതുകൊണ്ടാണ് ദൂരെ നിൽക്കുന്നത്. അവർ സ്വാമിയെ കാണാൻ വന്നതാണ്.
സ്വാമികൾ: ഓ! അങ്ങനെയാണോ? അവരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണം. അവരും മനുഷ്യരല്ലേ? അവർക്കു ശുദ്ധിയുണ്ട്. കുളിച്ച് നല്ല വസ്ത്രം ധരിച്ചിരിക്കുന്നല്ലോ. കൊള്ളാം കാണാനും നന്നായിരിക്കുന്നു. ആരോഗ്യവും ഉണ്ട്. നല്ലവണ്ണം പരിശ്രമിക്കുന്നവരുമാണ്. അവരുടെ തൊഴിലും നല്ലതാണ്. സാധുക്കൾ, നന്നാക്കിയാൽ വേഗം നന്നാകുന്നവരുമാണ്.
പ്രമാണി:സാധ്യമല്ല, സ്വാമി പുലയരെ ഞങ്ങളുടെ കോവിലിൽ കയറ്റുകയില്ല. ഞങ്ങൾക്കു വിഷമമുള്ള കാര്യമാണത് സ്വാമികൾ അങ്ങനെ കല്പിക്കരുത്
സ്വാമികൾ: ഞങ്ങളെന്നു പറഞ്ഞാൽ?
പ്രമാണി:എന്റെ കക്ഷിയിൽപ്പെട്ടവരാണ്.
സ്വാമി:ഓഹോ അങ്ങനെയാണോ? ഇഷ്ടമല്ലെങ്കിൽ നമുക്ക് നിർബന്ധമില്ല. ( ക്ഷേത്ര ഭാരവാഹികളിൽ മറ്റേ കക്ഷികളോട് ) നിങ്ങൾക്കോ?
അതിലെ പ്രമാണി:ഞങ്ങളും സമ്മതിക്കുകയില്ല പുലയരെ കോവിലിൽ കടത്താമോ സ്വാമി? (സ്വാമികൾ എഴുന്നേറ്റു പോകാൻ ഭാവിച്ചു.)
അപ്പോൾ രണ്ടു കൂട്ടരും കൂടി:ഞങ്ങളുടെ വഴക്കുകാര്യം പറഞ്ഞു തീർത്തില്ലല്ലോ?
സ്വാമികൾ:നിങ്ങൾ തമ്മിൽ വഴക്കില്ലല്ലോ? പോരെങ്കിൽ തീർന്ന്, ഏകാഭിപ്രായക്കാരായല്ലോ? പിന്നെ നാമെന്തിന് ഇവിടെ ഇരിക്കണം. അവരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ നിങ്ങൾ തുല്യ അഭിപ്രായക്കാരായി.
അതുപോലെ യോജിച്ചാൽ മതിയല്ലോ. (സ്വാമി ഉടനെ തിരിച്ചുപോയി) ശ്രീനാരായണഗുരു സ്വന്തം വചനങ്ങളിലൂടെ പുറം-2)
നിശ്ചലവും സുഭദ്രവുമായി കാണപ്പെടുന്ന സമൂഹത്തിലെ ഏറ്റവും വലിയ അനീതിയും ക്രൂരതയും ശത്രുതയും വിഭജനവുമായിരുന്നു ജാതിവ്യവസ്ഥ. ചെറിയ ചെറിയ ശത്രുതകളുമായി കലഹിച്ചു കഴിയുന്നവർ അധഃസ്ഥിതരെ പീഡിപ്പിക്കുന്നതിൽ ഒറ്റക്കെട്ടാണ്. സാമൂഹ്യപ്രശ്നങ്ങളെ എങ്ങനെ സമീപിക്കണം എന്നതിന്റെ ഉത്തമനിദർശനമായിരുന്നു ഗുരുവിന്റെ ഹാസ്യഇടപെടൽ. ചെറിയ ചെറിയ ശത്രുതകളെ പെരുപ്പിച്ച് കാണിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ഇന്നത്തെ മാധ്യമങ്ങളുടെയും മറ്റും രീതിയുണ്ടല്ലോ അത്തരം നിലപാടുകളുടെ നിഷേധമായിരുന്നു ഗുരുവിന്റെ സമീപനം. അധ:സ്ഥിതരെ നിർമ്മിക്കുന്നതിൽ വാദിക്കും പ്രതിക്കും ഒരേ പങ്കുതന്നെയാണുള്ളത്. ആ ഹാസ്യത്തിലൂടെ യഥാർത്ഥത്തിൽ ഗുരു ആർക്കൊപ്പമായിരുന്നു എന്ന് വെളിവാക്കുന്നു.
സംഭാഷണം - 10
ഒരിക്കൽ മൂർക്കോത്തു കുമാരന്റെ അഭ്യർത്ഥന പ്രകാരം, ഗുരു സ്ഥാപിച്ച ജഗന്നാഥക്ഷേത്രത്തിൽ സ്വാമികൾ ധാരാളം പുലയരും പറയരും ക്ഷേത്രത്തിനു പുറത്ത് ശുദ്ധിയോടെ കാത്തു നിന്നിരുന്നു. ഉടനെതന്നെ സ്വമികൾ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. വളരെ ദൂരെ ക്ഷേത്രത്തിന് പുറത്ത് നിന്ന് വണങ്ങിനിന്നിരുന്ന അവരെ നോക്കിക്കൊണ്ട് സ്വാമികൾ അടുത്തു നിന്നിരുന്ന ഒരു പ്രമാണിയോട് ഇപ്രകാരം ചോദിക്കുകയുണ്ടായി.
സ്വാമികൾ:അവർ ആരാണ്? അവരെന്താണ് ദൂരെ നിൽക്കുന്നത് അവർക്ക് അടുത്തുവരാമല്ലോ?
പ്രമാണി:അവർ പുലയരാണ് സ്വാമി. അവർക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ല. അതുകൊണ്ടാണ് ദൂരെ നിൽക്കുന്നത്. അവർ സ്വാമിയെ കാണാൻ വന്നതാണ്.
സ്വാമികൾ:ഓ അങ്ങനെയാണോ? അവരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണം. അവരും മനുഷ്യരല്ലേ? അവർക്കു ശുദ്ധിയുണ്ട്.
പ്രമാണി:ഒരു വർഷം കഴിഞ്ഞ് അതിനെക്കുറിച്ച് ആലോചിക്കാം. സ്വാമി
പെട്ടെന്ന് സ്വാമി തൃപ്പാദങ്ങളുടെ കണ്ണുകൾ നിറഞ്ഞു. അതേ സമയം തന്നെ അപ്രതീക്ഷിതമായി കാർമേഘം ഇരുണ്ടു കൂടി മഴയും പെയ്തു തുടങ്ങി. പുറത്തു നിന്നിരുന്നവരെല്ലാം മഴയിൽ കുളിക്കുകയും ചെയ്തു. മഴ തോർന്നപ്പോൾ സ്വാമികൾ ഇപ്രകാരം പറഞ്ഞു.
സ്വാമികൾ:ഒരു വർഷം കഴിഞ്ഞല്ലോ ഇനി കയറ്റാമല്ലോ അല്ലേ! (യുഗപുരുഷൻ, പുറം -67)
വിജനങ്ങളുടെ ദുഃഖം ഏറ്റുവാങ്ങി അതിന്റെ കാരണങ്ങളുടെ അസംബന്ധതയെ അസംബന്ധങ്ങളിലൂടെ തന്നെ നിഷേധിക്കു മ്പോഴുണ്ടാകുന്ന ഹാസ്യമാണിവിടെ. ഒരു വർഷം കഴിഞ്ഞ് കയറ്റാമെന്ന നിലപാട് അസംബന്ധമാണ്. ജാതി വ്യത്യാസത്തിനെന്നപോലെ ഒരു യുക്തിയും ഇതിനില്ല. പക്ഷെ പറഞ്ഞിട്ടു കാര്യമില്ലാത്തതിനാൽ അത് ഗുരുവിനെ കരയിക്കുന്നു. വർഷം എന്ന വാക്കിന്റെ രണ്ടർത്ഥങ്ങളിൽ തൊട്ടുകൊന്ന് പ്രമാണിയുടെ വാക്കിലെ അസംബന്ധത്തെ ഹാസ്യമാക്കി ഗുരു മാറ്റുന്നു.ദുരന്ത ഹാസ്യമാണിത്.
സംഭാഷണം-11
ശിവഗിരിയിൽ അന്തേവാസികളായി കഴിഞ്ഞിരുന്ന ഏതാനും ബാലന്മാരെ ശിവഗിരി സന്ദർശിച്ച ദിവാൻ വാട്ട്സ ന് പരിചയപ്പെടുത്തിക്കൊണ്ട് എ.കെ. ദാസ് പറഞ്ഞു.
"ഇവർ പറയക്കുട്ടികളായിരുന്നു ഇവരെ ആശ്രമത്തിലെടുത്ത് മനുഷ്യരാക്കിയിരിക്കയാണ്."
അതുകേട്ട് സ്വാമി ഇങ്ങനെ തിരുത്തി;
“അവർ ആദ്യമേ മനുഷ്യർ തന്നെ. പക്ഷെ ആ സംഗതി മറ്റുള്ളവർ വക വച്ചു കൊടുക്കാതിരുന്നതാണ്. (ശ്രീനാരായണഗുരു സ്വന്തം വചനങ്ങളിലൂടെ, പുറം-19,20)
നവോത്ഥാന സന്ദർഭങ്ങളിൽ ജാതിപരമായ പരിഷ്കരണവാദവും ഉദാരവാദവും ഉണ്ടായിരുന്നു. 'ബ്രാഹ്മണൻ എന്നാൽ ജാതിവഴി രൂപപ്പെടുന്നതല്ല. കർമ്മമാണ് അതിനു കാരണമായിത്തീരുന്നത്. അവർണ്ണനും നല്ല കർമ്മങ്ങൾ ചെയ്ത് ബ്രാഹ്മണനാകാം. ചാത്തനും ഭക്തിയുണ്ടെങ്കിൽ സദ്ഗതിയുണ്ടാകും.പൂണൂല് പൊട്ടിച്ചെറിയുകയല്ലാ വേണ്ടത്. എല്ലാവർക്കും പൂണൂല് നൽകുകയാണ് വേണ്ടത്. ഈഴവനായ ഒരാൾ ബ്രഹ്മചര്യത്തിലൂടെയും സന്ന്യാസത്തിലൂടെയും നല്ലവനായ ഗുരുവായി മാറാം. ഏത് ജാതിയിലെ ആർക്കും മോക്ഷമാർഗ്ഗം തേടാം.' മേൽ പറഞ്ഞ രീതിയിലുള്ള മതപരിഷ് കരണവാദമല്ല നാരായണഗുരുവിനുണ്ടായിരുന്നത് എന്ന് വെളിപ്പെടുത്തുന്ന സംഭാഷണമാണ് മേൽ പറഞ്ഞത്. പറയക്കുട്ടികൾ ആശ്രമത്തിൽ വന്ന് മനുഷ്യരാവുകയല്ല അങ്ങനെ പറയുന്നവർ പറയരെ മനുഷ്യരായി കണക്കാക്കുന്നില്ല എന്നതാണ് പ്രശ്നമെന്ന് ഗുരു അസന്ദിഗ്ധമായി പറയുന്നു. പൂർണ്ണമായും മതത്തിന് പുറത്തു നിന്ന് മനുഷ്യനും മനുഷ്യനെ മാനദണ്ഡമാക്കുന്ന അധികാര വ്യവസ്ഥയ്ക്കും വേണ്ടിയാണ് ഗുരു യത്നിച്ചത്. ചില ആളുകളെ മനുഷ്യരായിപ്പോലും പരിഗണിക്കാതിരുന്ന മനുഷ്യവിരുദ്ധതയെയാണ് നാരായണ ഗുരു അഭിമുഖീകരിച്ചത്.മേൽ പറഞ്ഞ സംഭാഷണത്തിൽ സാധാരണ ഗതിയിൽ ഹാസ്യമല്ല, ദുരന്തമാണുള്ളത്.പറയ കുട്ടികളെ മനുഷ്യരാക്കി എന്നതിലാണ് ദുരന്ത ഹാസ്യമുള്ളത്. അതിന് നാരായണ ഗുരു നൽകുന്ന മറുപടിയിൽ വേദന നിറഞ്ഞ ഒരു ഹാസ്യം ഒളിച്ചിരുപ്പുണ്ട്.നിലവിലുള്ള മൂല്യങ്ങളെ മറിച്ചിടുമ്പോഴാണ് ആ ഹാസ്യം സാധ്യമാകുന്നത്.
വിമർശനാത്മകഹാസ്യമെന്നത് അധീശവ്യവസ്ഥനിർമ്മിക്കുന്ന മൂല്യവ്യവസ്ഥയെ അട്ടിമറിക്കുന്നതിൽ നിന്നും ഉണ്ടാകുന്നതാണ്. ജാതിയുടെ അസംബന്ധതയെ പുറത്തുകൊണ്ടുവരുമ്പോൾ ആ അസംബന്ധതയിൽ നിന്നാണ് ഹാസ്യം ഉണ്ടാകുന്നത്. പ്രകൃതിയിൽ നിന്നും മനുഷ്യപ്രകൃതിയിൽ നിന്നും ഒരുപാട് ഉയർന്നുപൊങ്ങിയ സംസ്ക്‌കാരത്തിൻ്റെ അസംബന്ധതയെയും അയുക്തികതയെയും ക്രൗര്യത്തെയും അവൻ്റെ ജന്തുശാസ്ത്രപരമായ പ്രകൃതിയിലേക്ക് തട്ടിമറിച്ചിട്ടാണ് ഹാസ്യം സൃഷ്‌ടിക്കുന്നതും സാമൂഹ്യവിമർശം നടത്തുന്നതും. ഉത്‌കൃഷ്‌ടമെന്ന് കരുതുന്ന ആർഷഭാരതത്തിലെ മനുഷ്യജന്മം പട്ടിയുടെ ജന്മത്തേക്കാൾ ദയനീയമാണ് എന്ന് ഗുരു കണ്ടെത്തുന്നു. അതിനുപയോഗിക്കുന്ന സങ്കേതമാണ് ഹാസ്യം. അത് എതിരാളിയെക്കൂടി കൂടെ നിർത്തി പരിവർത്തനത്തിന് വിധേയമാക്കുന്നു. മാറ്റിയെടുക്കുന്നു. കൂടെയുള്ളവരെ അവർ അറിയാതെ മാറ്റിയെടുക്കുന്നു.
ഗിരി ശങ്കർ എ ജെ
ഗവേഷകൻ
മലയാള വിഭാഗം
യൂണിവേസിറ്റി കോളജ്