പത്ത് ചോദ്യങ്ങൾ
ജയമോഹൻ/ ആര്യ സി.ജെ.
ജയമോഹൻ
1962 ഏപ്രിൽ 22ന് ജനിച്ചു. മലയാളത്തിലേയും തമിഴ്നാട്ടിലേയും അറിയപ്പെടുന്ന എഴുത്തുകാരനും സാഹിത്യനിരൂപകനുമാണ്. തമിഴ്നാട്ടിലെ നാഗർകോവിലാണ് സ്വദേശം. 1990 കളിൽ തമിഴ് സാഹിത്യരംഗത്ത് സാന്നിധ്യമറിയിച്ചുതുടങ്ങിയ ജയമോഹനന്റെ ഏറ്റവും പ്രസിദ്ധമായ കൃതിയായ 'വിഷ്ണുപുരം', ഭാരതീയതത്വചിന്തകളിലൂടെയും പുരാണങ്ങളിലൂടെയുമുള്ള അന്വേഷണമാണ്. റബ്ബർ, പിൻതൊടരും നിഴലിൻ കുരൾ, കന്യാകുമാരി, കാട്, ഏഴാം ഉലകം തുടങ്ങിയവ മറ്റുചില ശ്രദ്ധേയമായ രചനകളാണ്. ലിയോ ടോൾസ്റ്റോയ്, മോഹൻദാസ് കരംചന്ദ് ഗാന്ധി തുടങ്ങിയവരുടെ ചിന്തകളുടെ ശക്തമായ സ്വാധീനം ഇദ്ദേഹത്തിൻറെ രചനങ്ങളിൽ കാണാം. തന്റെ ജീവിതാനുഭവങ്ങളും വിപുലമായ യാത്രകളും പകർന്നു നൽകിയ കരുത്താണ് ഇദ്ദേഹത്തിന്റെ രചനകൾക്ക് പിന്നിലുള്ള ശക്തി .മലയാളം - തമിഴ് സാഹിത്യമണ്ഡലങ്ങളിലുള്ള ആശയസംവാദത്തിന് ഇദ്ദേഹം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. ഒൻപത് നോവലുകൾ, ചെറുകഥകളും നാടകങ്ങളുമുൾപ്പെട്ട പത്ത് സമാഹാരങ്ങൾ, പതിമൂന്ന് സാഹിത്യനിരൂപണങ്ങൾ, ക്രിസ്ത്യൻ ഹിന്ദു തത്വചിന്തയെ കുറിച്ചുള്ള മൂന്ന് കൃതികൾ,ഒട്ടേറെ വിവർത്തനങ്ങൾ എന്നിവയും ഇദ്ദേഹത്തിന്റെ വകയായി ഉണ്ട് . മലയാളത്തിൽ ഒന്നും തമിഴിൽ മൂന്നും തിരക്കഥകളുടെ രചനയിലും ഭാഗഭാക്കായിട്ടുണ്ട്. ഇതിനൊക്കെ പുറമേ, വെബ്സൈറ്റ് രചനങ്ങളിലും ഇദ്ദേഹം സജീവമാണ്.'നൂറു സിംഹാസനങ്ങൾ' എന്ന നോവൽ മലയാളത്തിൽ വളരെയേറെ ചർച്ച ചെയ്യപ്പെടുകയും വായിക്കപ്പെടുകയും ചെയ്ത കൃതിയാണ്. നെടുമ്പാതയോരം, ഉറവിടങ്ങൾ, ആനഡോക്ടർ എന്നിവ മലയാള കൃതികൾ. കസ്തൂരിമാൻ, നാൻ കടവുൾ, അങ്ങാടി തെരു, കടൽ, സർക്കാർ, പാപനാശം, യന്തിരൻ, പൊന്നിയൻ സെൽവൻ 2 എന്നീ സിനിമകൾക്ക് തിരക്കഥയെഴുതി. പുരസ്കാരങ്ങൾ : കഥ അവാർഡ്(1992), സംസ്കൃതി സമ്മാൻ(1994), പാവലർ വരദരാജൻ അവാർഡ്(2008), കന്നട ഇലക്കിയ തോട്ടം അവാർഡ്(2010) തുടങ്ങിയവ.
1.1984-ൽ കേരളത്തിലെ കാസർകോട് ടെലഫോൺ എക്ചേഞ്ചിൽ ജോലി കിട്ടുന്നതിനു മുൻപുള്ള അന്വേഷണങ്ങളുടെയും യാത്രയുടെയും കാലത്തെ ഇപ്പോൾ എങ്ങനെ കാണുന്നു?
1984 ലാണ് കാസർഗോഡിലെത്തി ബിഎസ്എൻഎൽ ലിൽ വാർത്താവിനിമയവകുപ്പിൽ ജോലി നോക്കുന്നത്. ഒരു മണിക്കൂറിൽ രണ്ടു രൂപ 75 പൈസ ശമ്പളം എന്ന നിലയിലാണ് ഞാൻ പണിയെടുത്തിരുന്നത്. 1984 മുതൽ 1988 അവസാനം വരെ അഞ്ചുകൊല്ലമാണ് ഞാൻ കാസർഗോഡിൽ പണിയെടുത്തത്. എന്റെ ജീവിതത്തിലെ ഒരു നല്ല കാലഘട്ടമായിരുന്നു അത്. സാധാരണ ഒരു സ്ഥലത്ത് ജോലി നോക്കുന്നവർ അവിടെ നിന്നും മാറ്റം കിട്ടി പോയിക്കഴിഞ്ഞാൽ ബന്ധങ്ങൾ ഇല്ലാതാവുകയാണ് പതിവ്. കാരണം അത് ഔദ്യോഗികജീവിതത്തിന്റെ ഭാഗമാണ്.എന്നാൽ എന്റെ ബന്ധങ്ങൾ ഇന്നും ഊഷ്മളമായി നിലനിൽക്കുന്നുണ്ട്. ഞാനിന്നും കാസർഗോഡ് ഉള്ള എന്റെ സുഹൃത്തുക്കളോട് വളരെ അടുപ്പത്തിലാണ്. ഇടയ്ക്ക് അവരെ സന്ദർശിക്കാറുമുണ്ട്. മുപ്പത് വർഷത്തിലേറെയായി ഞാൻ അവരോടൊപ്പമുണ്ട്. അത്രയേറെ അടുത്ത സൗഹൃദമാണ് എനിക്ക് മലബാറിൽ നിന്നും ഉണ്ടായത്. മലബാർ സൗഹൃദത്തിന്റെ നാടാണ്. നിബന്ധനകളില്ലാത്ത സ്നേഹത്തിന്റെ നാടാണ്. അവിടെ നിന്ന് കിട്ടിയതുപോലുള്ള അടുത്ത വ്യക്തിബന്ധങ്ങൾ വളരെ വിരളമായേ ഉണ്ടായിട്ടുള്ളൂ. ഇന്നും മലബാറിനെ ഞാൻ ഫലിതത്തിന്റെയും സൗഹൃദത്തിന്റെയും നാടായിട്ടാണ് കാണുന്നത്.
2.കേരളത്തിലെ ജീവിതം ജീവിത ചിന്തകളെ എങ്ങനെയാണ് നിർണ്ണയിച്ചിട്ടുള്ളത്?
ഞാൻ വീടുവിട്ടിറങ്ങുന്നത് എന്റെ പത്തൊൻപതാം വയസ്സിലാണ്. ആദ്യത്തെ യാത്രയ്ക്കുശേഷം ഏതാനും ദിവസങ്ങൾ തിരിച്ചുവന്നു. പിന്നെയും ഒരു യാത്രയിലായിരുന്നു. ഈ രണ്ടു യാത്രകളെയും പറ്റി പുറപ്പാട് എന്നൊരു കൃതി എഴുതിയിട്ടുണ്ട്. അതിന്റെ ഇംഗ്ലീഷ് വിവർത്തനത്തിന് അമേരിക്കയിൽ വിവർത്തനത്തിന് കിട്ടുന്ന ഒരു ഗ്രാൻഡ് കിട്ടിയിട്ടുണ്ട്. അത് ഇംഗ്ലീഷിൽ വരാൻ പോവുകയാണ്. എന്റെ അനുഭവങ്ങൾ പലതും കഥകളായി മാറിയിട്ടുണ്ട്. ഇപ്പോൾ എഴുതുന്ന കഥകളിൽ പോലും ആ അനുഭവങ്ങളുണ്ട്. ഞാൻ ഒരു നാടോടിയും ഭിക്ഷക്കാരനും മനോരോഗിയും ... എല്ലാമായിരുന്നു. അക്കാലത്ത് യാചകരുടെ ഒപ്പം കുറെ ദിവസം ജീവിച്ചിട്ടുണ്ട്. അതിന്റെ അനുഭവമാണ് 'ഏഴാം ലോകം' എന്ന പേരിൽ നോവൽ ആയത്.അതിപ്പോൾ 'ദ് എബിസ്സ് ' എന്ന പേരിൽ സുചിത്ര രാമചന്ദ്രന്റെ വിവർത്തനത്തിൽ ഇംഗ്ലീഷിൽ വന്നിട്ടുണ്ട്. ധാരാളം വിറ്റഴിയുന്ന കൃതികളിൽ ഒന്നാണത്. ആ അനുഭവങ്ങളെ ഒറ്റവാക്കിൽ ചുരുക്കിപ്പറയാൻ എനിക്കാവില്ല. ഞാനൊരു ചെറിയ ഗ്രാമത്തിൽ നിന്നും ചേക്കേറി നാഗർകോവിൽ എന്ന ചെറിയ നഗരത്തിലെത്തി വിദ്യാഭ്യാസം നേടിയ ഒരാളാണ്. ലോകം അറിയാത്ത ഒരാളായിരുന്നു. പക്ഷേ എന്റെ യാത്രകളിലൂടെ ഞാൻ ഒരുപാട് മനുഷ്യരെ കണ്ടെത്തി.പലതരത്തിലുമുള്ള ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ട്. അതിന്റെ സാരാംശമായി ഒന്നുമാത്രം പറയാം.ഞാൻ യാചകനായിരുന്നു.പക്ഷേ പട്ടിണി കിടന്നില്ല.ഇന്ത്യയിൽ ഒരിടത്തും ഒരു നേരത്തിലധികം ഭക്ഷണം കിട്ടാതിരുന്നിട്ടേയില്ല. ആരെങ്കിലും ഭക്ഷണം കൊണ്ടു തരുമായിരുന്നു. ഏതെങ്കിലും ഒരു സഹയാചകൻ ഇവിടെനിന്ന് കഴിക്കൂ എന്ന് പറഞ്ഞ് എനിക്ക് വാങ്ങിത്തരുമായിരുന്നു. ഇന്ത്യ ശരിക്കുപറഞ്ഞാൽ യാചകരുടെ രാജ്യമാണ്. അതൊരു മോശം കാര്യമായിട്ട് ഞാൻ പറയുന്നില്ല.ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ വിശ്വസിച്ച് എനിക്ക് വിശക്കുന്നു എന്ന് പറഞ്ഞു കൈനീട്ടുന്നത് ആധ്യാത്മികമായ ഒരു കാര്യമാണ് എന്ന് നടരാജ ഗുരു ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന് കൊടുത്തേ മതിയാകൂ .... എന്ന ഒരു സ്ഥിതി ലോകത്തുള്ളത് എത്ര വലിയ സാംസ്കാരികവളർച്ചയുടെ ഭാഗമാണ്! ഒരു നായയോട് മറ്റൊരു നായ ചോദിക്കുന്നില്ല, ഒരു കുരങ്ങന് മറ്റൊരു കുരങ്ങനോട് ചോദിക്കാൻ പറ്റില്ല.... പക്ഷേ മനുഷ്യന് മനുഷ്യനോട് ചോദിക്കാം. ഭിക്ഷക്കാർ ഒരിക്കലും ഈ രാജ്യം കൈവെടിയുന്നില്ല എന്നതാണ് ഇതിന്റെ ആധ്യാത്മികമായ ഫലം. നടരാജഗുരുവും നാരായണഗുരുവും നിത്യചൈതന്യയതിയും യാചകരായിരുന്നിട്ടുണ്ട്. എന്റെ യാത്രയിൽ മഹാത്മാക്കൾ എന്ന് പറയപ്പെടുന്ന ഒരുപാട് ആളുകളെ യാചകരായി കണ്ടിട്ടുണ്ട്. ഇന്ത്യ ജീവിച്ചിരിക്കുന്നത് ഇവിടെ ഇത്രയും വലിയ ഒരു യാചകസമുദായത്തെ പോറ്റുന്നതിലാണ്. ഒരാൾക്ക് പണിയെടുക്കാൻ മടിയെങ്കിൽ, അയാൾക്ക് ഭക്ഷണം മാത്രം മതിയെങ്കിൽ അയാൾക്ക് ഭക്ഷണം മാത്രം കഴിച്ചുകൊണ്ട് വെറുതെ ഇരിക്കാൻ അനുവദിക്കുന്ന സമൂഹമാണ് നല്ല സമൂഹം . കാരണം അയാൾ ചിന്തകൻ ആയിരിക്കാം, കവിയായിരിക്കാം, അധ്യാത്മികമായ പ്രശ്നങ്ങളുള്ള ആളായിരിക്കാം,വെറും മടിയനും ആയിരിക്കാം.എനിക്ക് ആ ദർശനം കിട്ടിയത് എന്റെ യാത്രകളിലൂടെയാണ്.
3.തമിഴ്‌നാട്ടിൽ മാത്രമല്ല, ഇന്ത്യയിൽ തന്നെ കന്യാകുമാരി പോലെ ദേവതകളും പുരാണങ്ങളും ചരിത്രവും കൊണ്ട് സമ്പന്നമായ മറ്റൊരു ദേശമില്ല എന്നു പറയാറുണ്ട്. താങ്കളുടെ എഴുത്തുകളെ ഈ ദേശം എങ്ങനെയൊക്കെ സ്വാധീനിച്ചിട്ടുണ്ട്?
നമ്മുടെ നാട്ടിലുള്ള മിത്തുകളും ഐതിഹ്യങ്ങളും മറ്റു കഥകളും ഒരുപാട് സാംസ്കാരികതലങ്ങളുള്ളതാണ്. ഒരു ജൈനസംസ്കാരം ഇവിടെ ഉണ്ടായിരുന്നു. ബുദ്ധിസ്റ്റ് സംസ്കാരമുണ്ടായിരുന്നു പിന്നെ ഹിന്ദുസംസ്കാരവും ഉണ്ടായിരുന്നു. ഇതിന്റെ എല്ലാത്തിനുമിടയിൽ വലിയ ഒരു ഫോക് അഥവാ ട്രൈബൽ സംസ്കാരമുണ്ട്. മറ്റു സ്ഥലങ്ങളിലെ സ്ഥിതി എംപയർ എന്നുപറയുന്ന മഹാരാജ്യങ്ങൾ ഉണ്ടാവുകയും വലിയ സംസ്കാരങ്ങൾ അവിടെ രൂപപ്പെടുകയും ചെയ്യുമ്പോൾ ഇതിൽ ഏതെങ്കിലും ഒരു സംസ്കാരം മുകളിലേക്ക് എത്തി മറ്റെല്ലാത്തിനെയും ഇല്ലാതാക്കുകയുമാണ് ചെയ്തത്. ഉദാഹരണത്തിന് തൃശൂർ ജില്ല എടുക്കുവാണെങ്കിൽ അവിടെയുള്ളത് ഒരു ബ്രാഹ്മണിക്കൽ അഥവാ ഹൈന്ദവസംസ്കാരമാണ്. പിന്നെ അവിടെയും മുസ്ലിം സംസ്കാരവും ക്രിസ്ത്യൻ സംസ്കാരവും ഉണ്ടായി. പക്ഷേ ഫോക് സംസ്കാരമില്ല. പഴയ ജൈനബുദ്ധസംസ്കാരത്തിന്റെ അവശിഷ്ടങ്ങളൊന്നുമില്ല. പക്ഷേ നാഗർകോവിൽ അങ്ങനെയല്ല . നാഗർകോവിൽ ഒരറ്റത്തുള്ള വളരെ ചെറിയ സ്ഥലമാണ്. കന്യാകുമാരി ജില്ല തന്നെ അങ്ങനെയാണ്. അത് കേരളവുമല്ല തമിഴ്നാടുമല്ല. ഒരു രാജ്യത്തിനും അത് കേന്ദ്രസ്ഥാനമല്ല.അതുകൊണ്ടുതന്നെ എല്ലാ സംസ്കാരവും കുറച്ചെങ്കിലും അവിടെ ബാക്കിയുണ്ടായിരിക്കും. ഒരു വലിയ ട്രൈബൽ സംസ്കാരമുള്ള സ്ഥലമാണ് കന്യാകുമാരി ജില്ല .വലിയൊരു ഫോക്സംസ്കാരം അവിടെയുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും കിട്ടിയിട്ടുള്ള ശേഖരിച്ചിട്ടുള്ള ഫോക് കഥകളിലും പഴഞ്ചൊല്ലുകളിലും നല്ലൊരു ഭാഗം മിക്കവാറും എഴുപത്തഞ്ച് ശതമാനത്തോളം കന്യാകുമാരിയിൽ ജില്ലയിൽ നിന്ന് കിട്ടിയതാണ്. എന്റെ അയൽക്കാരനായിരുന്ന ശ്രീ ത്രിവിക്രമൻ തമ്പി സാറാണ് കേരളത്തിലെ പഴഞ്ചൊല്ലുകൾ, സ്ഥലനാമങ്ങൾ , തെക്കൻകഥകൾ എല്ലാം സമാഹരിച്ച് വൻകൃതികളായി പ്രസിദ്ധീകരിച്ചിട്ടുള്ളത്. എന്റെ സുഹൃത്തും എന്റെ ഗുരുനാഥനുമായ ശ്രീ എ.കെ പെരുമാൾ സാറാണ് തമിഴിൽ കന്യാകുമാരി ജില്ലയുടെ പഴഞ്ചൊല്ലുകളും നാടൻകഥകളും മറ്റും വൻകൃതികളായി പ്രസിദ്ധീകരിച്ചത്. പിന്നെയുള്ളത് ഒരു വലിയ ജൈനസംസ്കാരമാണ്. തമിഴ്നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ജൈനക്ഷേത്രങ്ങൾ കന്യാകുമാരി ജില്ലയിലുണ്ട്. ശൈവവും വൈഷ്ണവുമുണ്ട്. എല്ലാറ്റിനുമുപരിയായി കന്യാകുമാരി ജില്ലയിൽ എല്ലാകാലത്തും മഴയുണ്ടായിരുന്നു. പൊഴിഞ്ഞ കാടുകൾ ധാരാളമുണ്ടായിരുന്നു. അതുകൊണ്ട് പഞ്ഞകാലത്ത് ഒരുപാട് ആളുകൾ അവിടെ താമസത്തിനെത്തിയിരുന്നു. അവരുടെ സംസ്കാരം ഇവിടെ നിലനിന്നു . ഇവിടെ മുളച്ചു പൊന്തിയതും ഇവിടെ വന്നെത്തിയതുമായ പലതരം സംസ്കാരങ്ങളുടെ ഒരു ഭണ്ഡാരമാണ് കന്യാകുമാരി ജില്ല . അതുകൊണ്ടാണ് തമിഴ്സംസ്കാരത്തിലെ അല്ലെങ്കിൽ സാഹിത്യത്തിലെ എഴുത്തുകാർ തുടർച്ചയായി കന്യാകുമാരി ജില്ലയിൽ വന്നുകൊണ്ടിരിക്കുന്നത്. ഇതൊരു ഭണ്ഡാരമാണെന്ന് പറയാം. കാറ്റിലും മഴയിലും വിത്തുകൾ ഇല്ലാതെയാവാറുണ്ട് .ഒപ്പം കൃഷി ചെയ്യുന്നവർ വിത്തിനെ പകുത്തെടുക്കുകയും കളയെ പറിച്ചുകളയുകയും ചെയ്യും. കന്യാകുമാരി ജില്ല ഒരു വനമാണ്. അവിടെ നല്ല വിത്തുകളുമുണ്ട്, ധാരാളം കളകളും ഉണ്ട് .
4.തമിഴ് ദ്രാവിഡരാഷ്ട്രീയത്തോട് താങ്കളുടെ കൃതികൾ എങ്ങനെയൊക്കെയാണ് പ്രതികരിക്കുന്നത്? മഹാഭാരതത്തിൻ്റെ തമിഴ് വ്യാഖ്യാനമാണല്ലോ വെൺമുരസു.ഈ കൃതി ഉന്നയിക്കുന്ന രാഷ്ട്രീയമെന്താണ്?
ദ്രാവിഡരാഷ്ട്രീയം അല്ലെങ്കിൽ തമിഴ്രാഷ്ട്രീയം പോലുള്ള രാഷ്ട്രീയമായ ആശയങ്ങളോട് എനിക്ക് യോജിപ്പില്ല. ജാതി, മതം, വംശീയത എന്നിവ രാഷ്ട്രീയത്തിന്റെ അടിസ്ഥാനമാകുന്നത് ഫാസിസത്തിലേക്ക് കൊണ്ടുപോകുമെന്ന് ഉറച്ചുവിശ്വസിക്കുന്ന ഞാൻ അതുകൊണ്ട് ഒരിക്കലും ആ രാഷ്ട്രീയത്തോട് യോജിക്കുകയോ അതോടനുബന്ധിച്ച് സംസാരിക്കുകയോ ഇല്ല.മറിച്ച് കടുത്ത എതിർപ്പ് തന്നെയാണുള്ളത്. എന്നാൽ ദ്രാവിഡസംസ്കാരം, തമിഴ്ഭാഷ എന്നിവ വ്യക്തിത്വങ്ങളോടെ നിലനിൽക്കണമെന്നും അത് ലോകസംസ്കാരത്തിനുതന്നെ ഒരു വലിയ സംഭാവനയാണെന്നും ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ട് ഹിന്ദുമതമെന്നോ ഹൈന്ദവ സംസ്കാരമെന്നോ ഇന്ത്യൻ സംസ്കാരമെന്നോ പറഞ്ഞു മാനകമായി കാണുന്നതിനോടും ഈ ഉപസംസ്കാരങ്ങളുടെ വ്യക്തിത്വങ്ങളെ തള്ളിപ്പറയുന്നതിനോടും എനിക്ക് എതിർപ്പുണ്ട്. എന്റെ എഴുത്ത് തമിഴ് സംസ്കാരത്തിന്റെ ഒരു ഭാഗമാണ്. ഞാൻ തമിഴിൽ സംസ്കൃതവാക്കുകൾ കലർത്തുന്നതിനെതിരാണ് . അതുകൊണ്ടാണ് വെൺമുരസു പരിപൂർണമായി തമിഴ് വാക്കുകൾ കൊണ്ട് മാത്രം രചിച്ചിട്ടുള്ളത്.ഞാൻ എഴുതിയ കൊറ്റവൈ അങ്ങനെയുള്ള കൃതിയാണ്. തുടർച്ചയായി തമിഴ് സംസ്കാരത്തിൻ്റെ പാരമ്പര്യം, അതിന്റെ ഒറിജിനാലിറ്റി അതിന്റെ തനിമ നിലനിർത്താൻ ശ്രമിക്കുന്ന ഒരു എഴുത്തുകാരനാണ് ഞാൻ .
വെൺമുരസു ഉന്നയിക്കുന്ന രാഷ്ട്രീയമെന്തെന്ന് എഴുത്തുകാരനായ എനിക്ക് പറയാൻ കഴിയില്ല. ഒരു നല്ല നോവൽ ഒരുപാട് രാഷ്ട്രീയങ്ങളുള്ളതായിരിക്കും. രാഷ്ട്രീയം മാറുന്നതിനനുസരിച്ച് നോവൽ മാറുന്നില്ല. രാഷ്ട്രീയം ഒരു അമ്പതുകൊല്ലത്തിനുള്ളിൽ മാറിപ്പോകും ;ചിലപ്പോൾ ഇല്ലാതാകും. പക്ഷേ സാഹിത്യകൃതികൾ എന്നും നിലനിൽക്കും. അതിന്റെ രാഷ്ട്രീയം കർമ്മത്തിന്റെ രാഷ്ട്രീയമാണ്. രാഷ്ട്രീയത്തിൽ ഏകപക്ഷീയമായ ന്യായങ്ങൾ ഒന്നുമില്ല. ന്യായം എല്ലാ ദിക്കിലും എല്ലാതരത്തിലുമുള്ളതാണ് എന്ന് വാദിക്കുന്നതാണെന്ന് പറയാം. മഹാഭാരതത്തിൽ പാണ്ഡുവിനെപ്പോലെ ബലഹീനരായ രാജാക്കന്മാർക്കോ വിദുരരുടെ ഭാര്യയായ ഭാനുമതിയെപ്പോലുള്ളവർക്കോ ഒരു സ്ഥാനവുമില്ല. മഹാന്മാരായ വീരന്മാർക്കും യോഗികൾക്കും ഋഷികൾക്കും മാത്രമേ സ്ഥാനമുള്ളൂ.അതിൽ ചെറിയ കഥാപാത്രങ്ങൾക്ക് മുഴുവൻ സ്ഥാനം നൽകി വലുതാക്കിയെടുത്ത ഒരു കൃതിയാണ് വെൺമുരസ്. അതിന്റെ രാഷ്ട്രീയവും അതുതന്നെയാണ്.
5.വിഷ്ണുപുരം എന്ന നോവൽ തമിഴിൽ ഒരു സാംസ്കാരികമായ കാലാവസ്ഥ തന്നെ സൃഷ്ടിച്ചിട്ടുണ്ടല്ലോ? കഥാഖ്യാനത്തിൽ ഇന്ത്യൻ പാരമ്പര്യമാണല്ലോ സ്വീകരിക്കുന്നത്? കുതിര വളർത്തൽ, ആന വളർത്തൽ, ശിൽപം, സംഗീതം, നൃത്തം, നാടകം, ഇതിഹാസങ്ങൾ എന്നിവയെല്ലാം ഈ നോവലിൽ വിശദമായി ചിത്രീകരിച്ചിരിക്കുന്നു. ഇത്തരമൊരു ശില്പഘടനയിൽ എത്തിച്ചേർന്നത് എങ്ങനെയാണ്?
വിഷ്ണുപുരം എന്റെ രണ്ടാമത്തെ നോവലാണ്. ആദ്യത്തെ നോവലിന്റെ പേര് റബ്ബർ എന്നാണ്. കന്യാകുമാരി ജില്ലയുടെ സംസ്കാരം റബ്ബർ കൃഷിയിലൂടെ എങ്ങനെ മാറി എന്ന് ചിത്രീകരിക്കുന്ന ഒരു നോവലാണത്. ഞാൻ അതിൽ റബ്ബർ ഒരു സിംബലായാണ് പ്രയോഗിച്ചിട്ടുള്ളത്. പിന്നീട് ഞാൻ എഴുതാനുദ്ദേശിച്ചത് എന്റെ ആധ്യാത്മികമായ അന്വേഷണങ്ങളും പരാജയങ്ങളും വിജയങ്ങളുമൊക്കെയുള്ള ഒരു നോവലാണ്. അതിനുവേണ്ടി ഞാൻ ഭാവനയിലുണ്ടാക്കിയെടുത്ത ഭൂമികയാണ് വിഷ്ണുപുരം .ആയിരം കൊല്ലത്തിലേറെ നീണ്ടുനിന്ന ഒരു സ്ഥലം, ഒരു മഹാക്ഷേത്രം അത് ബുദ്ധിസത്തിലൂടെ എങ്ങനെ വൈഷ്ണവത്തിലേക്കെത്തി എന്ന കഥയാണ് ഈ കൃതി. പൂർവ്വജനതയുടെ കഥ മൂന്നടുക്കായി പറഞ്ഞിരിക്കുന്ന കൃതിയാണ് ഇത്. ഞാൻ ആ കഥ എഴുതുമ്പോൾ തന്നെ കാര്യം വ്യക്തമായിരുന്നു. അത് ഒരു കഥയല്ല ഒരുപാട് കഥകളാണ്. ഒരു ചിത്രീകരണമല്ല ഒരുപാട് ചിത്രീകരണങ്ങളാണ്. ബഹുസ്വരമായ ആഖ്യാനരീതി മാത്രമേ അതിന് ശരിയാകൂ എന്നെനിക്ക് തോന്നി. അങ്ങനെ അത് സ്വാഭാവികമായും പോസ്റ്റ് മോഡേൺ നോവലായി മാറി. ഒരുപക്ഷേ തമിഴിൽ രചിക്കപ്പെട്ട ആദ്യത്തെ പോസ്റ്റ് മോഡേൺ നോവലാണ് വിഷ്ണുപുരം.ഏകശിലാരൂപമോ ഒറ്റയൊഴുക്കോ ഈ കൃതിക്ക് അവകാശപ്പെടാൻ കഴിയില്ല. മറ്റൊരുതരത്തിൽ നോക്കിയാൽ പുരാണങ്ങളെപ്പോലെയാണെന്നു തോന്നും. കഥാസമാഹാരങ്ങൾ പോലെയും സാംസ്കാരിക ചിത്രണങ്ങൾ പോലെയുമാണ്. പുരാണത്തിൽ നഗരവർണ്ണന, വനവർണന അതുപോലെ മറ്റുകർമ്മങ്ങൾ ഇവയൊക്കയും ഉണ്ടാകും. എല്ലാ വികാരങ്ങളും നവരസങ്ങളും ഉണ്ടാകും. അതുപോലെ ഒരു ആധുനികപുരമാണ് വിഷ്ണുപുരം . അതിലെല്ലാമുണ്ട് . വാസ്തവത്തിൽ സ്വയം നിരാകരിച്ചുകൊണ്ട് മറ്റൊരു കാര്യം പറയുകയും അതിൽ നിന്ന് മറ്റൊന്നിലേക്ക് വ്യതിചലിക്കുകയും ചെയ്യുന്ന കൃതിയാണ്. ചരിത്രം എങ്ങനെ സത്യങ്ങൾ കൊണ്ട് മെടഞ്ഞ ഒരു വലിയ ഭൂമികയായി മാറുന്നു എന്നുള്ളതാണ് ആ നോവലിന്റെ പ്രതിപാദ്യം എന്ന് പറയാം.
6. ദക്ഷിണേന്ത്യയിലെ മഹാക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ ആദ്യത്തെ ട്രേഡ് യൂണിയൻ പ്രസ്ഥാനം എന്ന് പറയപ്പെടുന്ന ഒരു പ്രക്ഷോഭത്തെക്കുറിച്ചാണല്ലോ 'വെള്ള ആന ' എന്ന നോവൽ.വെള്ളക്കാരും ജാതിവാദികളും ദുരന്തത്തിന് കാരണമാണ് എന്ന വീക്ഷണം അവതരിപ്പിക്കാനാണോ ഈ നോവൽ എഴുതിയത് വിശദീകരിക്കാമോ?
തമിഴകത്തിന്റെ ജനതയിൽ മൂന്നിലൊരുഭാഗം പട്ടിണി കിടന്നുമരിച്ചു പോയിട്ടുണ്ട്. 1770 ലും 1870 ലുമാണ് ലോകചരിത്രത്തിലെ ഏറ്റവും വലിയ ക്ഷേമം ഉണ്ടായത്. ബ്രിട്ടീഷുകാർ അതിനെ ബംഗാൾ ക്ഷാമം ഡെക്കാൻ ക്ഷാമം എന്നൊക്കെ വേർതിരിച്ചു പറയുന്നുണ്ടെങ്കിലും വാസ്തവത്തിൽ ഒരൊറ്റ ക്ഷാമമായിട്ട് വേണം അതിനെ കാണാൻ . ആദ്യത്തെ ക്ഷാമം ഏതാണ്ട് 15 കൊല്ലം നീണ്ടുനിന്നു.പിന്നെ ഏതാണ്ട് 60 കൊല്ലത്തിനുശേഷം രണ്ടാമത്തേത്15 കൊല്ലം നീണ്ടുനിന്നു .ഇന്ത്യ മുഴുവൻ രണ്ടാമത്തെ ക്ഷാമത്തിൽ ഏഴ് കോടി പേർ മരിച്ചു പോയിട്ടുണ്ടാകുമെന്നാണ് കണക്ക്. ബ്രിട്ടീഷുകാരുടെ കണക്കാണ് നമ്മൾ പരിഗണിക്കുന്നത്. ഈ ക്ഷാമം എങ്ങനെയാണ് തമിഴകത്തിന്റെ മനസാക്ഷിയെ ഉലച്ചതെന്നാണ് 'വെള്ളആന 'എന്ന നോവലിൻ്റെ പ്രതിപാദ്യം. ക്ഷാമം ആളുകളെ കൊന്നുവെങ്കിലും അത് ദളിതരുടെ വിമോചനത്തിന് വഴിയൊരുക്കി. കൃഷിയില്ലാതായപ്പോർ ദളിതർക്ക് സ്വാതന്ത്ര്യം കിട്ടി. നല്ല വിഭാഗം ആളുകളും ചെന്നൈയിലേക്ക് കുടിയേറി. അവിടെ ബ്രിട്ടീഷുകാർ കെട്ടിക്കൊണ്ടിരുന്ന കൺസ്ട്രക്ഷൻസിൽ പണിയെടുക്കുകയും ചെയ്തു. അങ്ങനെ അവർക്ക് വിദ്യാഭ്യാസത്തിനുള്ള അവസരവും ലഭിച്ചു. ലോകത്തെ മനസ്സിലാക്കുകയും സ്വന്തം അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാവുകയും ചെയ്തു.ദളിതരാണ് മരിച്ചുപോയവരിൽ മിക്കവാറും പേരെങ്കിലും അതിലൂടെയാണ് സ്വാതന്ത്ര്യത്തിനുള്ള ആദ്യത്തെ ബോധം ഉണ്ടായിവന്നത്. ഇതിന്റെ ചിത്രമാണ് വെള്ളആന എന്ന നോവലിൽ ഉള്ളത്. ഇന്ത്യയിലെ ആദ്യത്തെ അവകാശസമരം എന്നത് ഐസോസ് എന്ന ചെന്നൈയിലെ സ്ഥാപനത്തിൽ ദളിതരുണ്ടാക്കിയ സമരമാണെന്ന് പറയുന്നുണ്ട്. ഒരു തെളിവും ഇല്ലാതെ പോയ, പലരുടെയും വാക്കിലൂടെ മാത്രം ഇന്ന് കിട്ടുന്ന കഥയാണത്. അതൊരു നോവലാക്കി മാറ്റുകയാണ് ഞാൻ ചെയ്തത്. പ്രിയംവദ വിവർത്തനം ചെയ്ത ഈ നോവൽ ഇപ്പോൾ അമേരിക്കയിൽ നിന്നും ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കാനിരിക്കുകയാണ്.
7.ആനഡോക്ടർ എന്ന കഥ സംഭവ കഥനമാണല്ലോ. അത് എഴുതാൻ ഇടയായ സന്ദർഭം വിവരിക്കാമോ?
1999 ൽ ഞാൻ ആ നാട്ടിൽ പോയിരുന്നു.പിന്നെ 2008ൽ പോയപ്പോൾ അവിടെ ഒരു വീട്ടിൽ താമസിച്ചു. ആ വീട് ആന ഡോക്ടർ എന്നറിയപ്പെടുന്ന ശ്രീകൃഷ്ണമൂർത്തി താമസിച്ചിരുന്നതാണ്. അദ്ദേഹത്തിന്റെ ഓർമ്മകൾ അവിടെയുണ്ടായിരുന്നു. അദ്ദേഹത്തെക്കുറിച്ച് ഞാൻ ഒരുപാട് ചിന്തിച്ചിട്ടുണ്ടായിരുന്നു.ചില കുറിപ്പുകൾ എടുത്തുവച്ചിരുന്നു. പിന്നെയും ചില വർഷങ്ങൾ കഴിഞ്ഞ് 2011 ൽ ആദർശധീരന്മാരായ ആളുകളെക്കുറിച്ച് മാത്രം ഞാൻ എഴുതിയ 12 കഥകൾ തുടരെ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നപ്പോഴാണ് ആന ഡോക്ടറിനെക്കുറിച്ച് പിന്നെയും ഓർമ്മ വരികയും ഒരു വൈകാരികമായ ചലനമുണ്ടാവുകയും ഒറ്റയടിക്ക് അത് എഴുതിത്തീർക്കുകയും ചെയ്തത്. അറം എന്ന സമാഹാരത്തിലെ ഒരു കഥയാണിത്. അറം ആണ് കഴിഞ്ഞ 100 കൊല്ലത്തിൽ തമിഴിൽ വന്ന സാഹിത്യകൃതികളിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ കൃതി.ഒരുപക്ഷേ തമിഴിൽ ഏറ്റവും പ്രശസ്തമായ സാഹിത്യകൃതി ഏതെന്ന് ചോദിച്ചാൽ അറം തന്നെയാണ്. ഇപ്പോൾ ഇംഗ്ലീഷിൽ സ്റ്റോറീസ് ഓഫ് ട്രൂത്ത് എന്ന പേരിൽ പ്രിയംവദ ഈ കൃതി വിവർത്തനം ചെയ്തിട്ടുണ്ട്. അമേരിക്കൻ ലിറ്റററി ട്രാഫ്സ്റ്റ്സ് ലെറ്റേഴ്സ് അസോസിയേഷൻ (ആൾട്ട) അവാർഡ് ഈ കൃതിക്ക് കിട്ടാനിരുന്നതാണ്. ലോകം മുഴുവനുമുള്ള പതിനായിരത്തോളം കൃതികളിൽ നിന്നും തിരഞ്ഞെടുത്ത ആറ് കൃതികളുടെ ഷോർട്ട് ലിസ്റ്റിൽ ഈ കൃതിയും ഉണ്ടായിരുന്നു. അവാർഡ് കിട്ടിയില്ലെങ്കിലും ലോകം മുഴുവൻ ശ്രദ്ധിക്കുന്ന ഒരു പുസ്തകമായി ഇന്ന് സ്റ്റോറീസ് ഓഫ് ദ ട്രൂത്ത് മാറിയിട്ടുണ്ട് .2004 ലാണ് ഡോക്ടർ കെ. മരിക്കുന്നത്. അന്നദ്ദേഹത്തിന് ഒരു ചെറിയ ഓർബിറ്ററി പോലും ആരും നടത്തിയില്ല. ഒരു ചെറിയ മീറ്റിംഗ് പോലും ഉണ്ടായിരുന്നില്ല.പക്ഷേ 2011 ൽ ഈ കഥ പ്രസിദ്ധീകരിച്ചതിനുശേഷം ഇന്ന് തമിഴ്നാട്ടിൽ ഒരു ഐക്കണായി അദ്ദേഹം മാറിയിട്ടുണ്ട്. ഒമ്പതാം ക്ലാസ് പാഠപുസ്തകത്തിൽ ഈ കഥയുണ്ട് .കുട്ടികൾ തലമുറ തലമുറയായി അദ്ദേഹത്തെക്കുറിച്ച് പഠിച്ചുവരികയാണ്. ഒരു കഥയ്ക്ക് എന്ത് ചെയ്യാൻ കഴിയും എന്നതിന് ഉദാഹരണം കൂടിയാണിത്. അദ്ദേഹത്തെ ഒരു തമിഴ് ഐക്കൺ ആക്കി മാറ്റാൻ കലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കൃത്യമായി പറഞ്ഞാൽ എഴുത്തുകാരന്റെ ജോലിയും ഇതുതന്നെയാണ്.പണ്ട് ബാർഡ് എന്ന് പറയുന്ന കവികൾ മഹാധീരന്മാരെ പാടി പുകഴ്ത്തി അവരെ ചരിത്രത്തിൽ നിലനിർത്തുകയുണ്ടായി. മഹത് വ്യക്തികളെ ചരിത്രത്തിൽ നിലനിർത്തുക എന്നതാണ് എഴുത്തുകാരന്റെ കടമയും .ആനഡോക്ടറിലൂടെ അത് ഞാൻ ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നു.
8.നോവലിസ്റ്റ് മാത്രമല്ലല്ലോ.. വിമർശകനും കൂടിയാണല്ലോ... മലയാളത്തിലും വിമർശനലേഖനങ്ങൾ എഴുതിയിട്ടുണ്ടല്ലോ? തമിഴ് സാഹിത്യവിമർശന പരമ്പര്യത്തെക്കുറിച്ച് പറയാമോ..? മലയാളികൾക്ക് അജ്ഞാതമായ ഒരു കാര്യമാണത്.
തമിഴ് വിമർശനപാരമ്പര്യം തമിഴ് ആധുനികസാഹിത്യത്തിന്റെ അത്രയും ചരിത്രമുള്ളതാണ്.തമിഴ് ആധുനികസാഹിത്യം തുടങ്ങുമ്പോൾ തന്നെ സുബ്രഹ്മണ്യഭാരതിയുടെ സുഹൃത്തായ വി. സുബ്രഹ്മണ്യഅയ്യർ (വി.ബി.എസ് അയ്യർ) ഭാരതീയരെക്കുറിച്ചുo കമ്പരെക്കുറിച്ചും എഴുതിയ പഠനങ്ങളാണ് ആധുനിക വിമർശനകലയുടെ തുടക്കം. തുടർന്നിതുവരെ നാലുതലമുറ നിരൂപകന്മാരുണ്ട്. ആദ്യ തലമുറയിൽ വി.ബി.എസ്.അയ്യർ പോലെ രാശ്രീതേസികൻ പോലെ ചിലരുണ്ട്. രണ്ടാമത്തെ തലമുറയിൽ ഹ. ന.സുബ്രഹ്മണ്യം, സി. ചു.സെല്ലപ്പ തുടങ്ങിയ നിരൂപകന്മാർ ,മൂന്നാമത്തെ തലമുറയിൽ സുന്ദരരാമസ്വാമി, വെങ്കിട്ടരാമസ്വാമി എന്നീ നിരൂപകന്മാർ . ഞാൻ നാലാമത്തെ തലമുറയിലുള്ള ആളാണ്. മലയാളത്തിലും ഇതുപോലെ ഒരു നിരൂപണപാരമ്പര്യമുണ്ട്. കുട്ടികൃഷ്ണമാരാര്, എം.പി പോൾ, ജോസഫ് മുണ്ടശ്ശേരി തലമുറയിൽ നിന്നും ഇന്ന് കെ.സി.നാരായണൻ, കൽപ്പറ്റ നാരായണൻ തുടങ്ങിയ നിരൂപകന്മാരുടെ നിരയുണ്ട്. തമിഴ് വിമർശനപാരമ്പര്യം സൗന്ദര്യശാസ്ത്രത്തിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന നിരൂപണ പദ്ധതിയാണ്. തമിഴ്നിരൂപകരെ സംബന്ധിച്ച് സൗന്ദര്യശാസ്ത്രത്തോടാണ് കൂടുതൽ ആഭിമുഖ്യം. അവർക്ക് രാഷ്ട്രീയം അല്ലെങ്കിൽ സാമൂഹികമായ ആശയങ്ങൾ രണ്ടാം പക്ഷമാണ്. കൃതിയുടെ ഭാഷ,ഘടന, അതിന്റെ വൈകാരികത എന്നിവയ്ക്കാണ് കൂടുതൽ ശ്രദ്ധ നൽകുന്നത്. ഒരു കൃതി നല്ല സാഹിത്യ കൃതിയായതിനുശേഷമേ അതിന്റെ രാഷ്ട്രീയമോ സാമൂഹ്യതലങ്ങളോ ചർച്ചചെയ്യേണ്ടതുള്ളൂ എന്നാണ് പൊതുവേ ഇവിടെയുള്ള നിരൂപണ പാരമ്പര്യത്തിന്റെ അഭിപ്രായം. കേരളത്തിൽ മലയാളനിരൂപണ പാരമ്പര്യം സൗന്ദര്യാത്മകതയെക്കാൾ കൂടുതൽ സാമൂഹിക പ്രസക്തിയ്ക്കാണ് നിരൂപകന്മാർ പ്രാധാന്യം കൊടുത്തിട്ടുള്ളത്, രാഷ്ട്രീയത്തിനാണ് കൂടുതൽ പ്രാധാന്യം കൊടുത്തിട്ടുള്ളത് എന്ന് എനിക്ക് തോന്നുന്നു. തമിഴ്നാട്ടിൽ ഞങ്ങൾക്ക് സൗന്ദര്യശാസ്ത്രം എന്നത് സംഘകാലം മുതൽ തുടർന്നു വരുന്ന ഒന്നാണ്. ആധുനികസാഹിത്യത്തിലേക്ക് എത്തുമ്പോൾ, ആ സംഘകാലസാഹിത്യ സൗന്ദര്യശാസ്ത്രത്തിൻറെ പാരമ്പര്യത്തിൽ എങ്ങനെ ആധുനികസാഹിത്യത്തെ കൊണ്ടു നിർത്താമെന്ന ചോദ്യം വരുന്നതുകൊണ്ട്, സൗന്ദര്യാത്മകതയാണ് കൂടുതൽ പ്രാധാന്യമുള്ള തായി മാറിയത്. ഇങ്ങനെ ചിന്തിക്കാൻ ചരിത്രപരമായ കാരണങ്ങൾ ഉണ്ടെന്നാണ് ഞാൻ പറഞ്ഞുവരുന്നത്.
9. നൂറു സിംഹാസനങ്ങൾ ഏറെ ഹൃദയസ്പർശിയായ കൃതിയാണ്. എങ്കിലും കളക്ടർ ആയാലും ജാതി അടിമത്തം പേറേണ്ടി വരുന്നു എന്നത് അതിശയോക്തിയല്ലേ.. ഏതെങ്കിലും വിധത്തിൽ വ്യവസ്ഥയ്ക്കും അധികാരത്തിനും എതിരായി നിന്നാലല്ലേ ഒരു ദളിതൻ പീഡിപ്പിക്കപ്പെടു. അധികാരത്തിലിരിക്കുന്ന ദളിതൻ അധികാരികൾക്ക് ഒരു ശല്യവുമില്ലെങ്കിൽ, എല്ലാവരുടേയും അടിമയായിരിക്കുമെങ്കിൽ പീഡിപ്പിക്കപ്പെടുമോ? സവർണ്ണ ഫാസിസ്റ്റ് രാഷ്ട്രീയം തന്നെ അങ്ങനെയുള്ള ദളിതരെയും ന്യൂനപക്ഷ ജനതയെയും അംഗീകരിക്കുന്നുണ്ടല്ലോ?
നൂറുസിംഹാസനങ്ങൾ നോവലിലുള്ളത് വെറും പീഡനം മാത്രമല്ല. ഒരു ബലഹീനനായ വ്യക്തിയെ നിങ്ങൾ പീഡിപ്പിക്കേണ്ട കാര്യമില്ല. ഒരു വികലാംഗനെ വെറും നോട്ടത്തിലൂടെ തന്നെ അപഹാസ്യനാക്കാൻ പറ്റും. ഒരു ദരിദ്രനെ സാമൂഹിക ജീവിതത്തിലൊരിടത്തും അടുപ്പിക്കാതെ തന്നെ പീഡിപ്പിക്കാൻ പറ്റും. ഒരാളെ അദൃശ്യനാക്കുന്നതു തന്നെ ഒരു പീഡനമാണ്. ഒരു പ്രാധാന്യവും ഇല്ലാതെ ഒരു ഐ എ. എസ്. ഉദ്യോഗസ്ഥനെ ജോലിയിൽ നിലനിർത്തുന്നത് പീഡനമാണ്. ഒരു ഫയലും അദ്ദേഹത്തിന്റെ മേശപ്പുറത്ത് ചെന്നെത്താതിരിക്കുകയെന്നത് ഒരു പീഡനമാണ്. അദ്ദേഹത്തെ ആദരിക്കുകയും ഭംഗിവാക്കുപറയുകയും എല്ലാ സ്ഥാനത്തുകൊണ്ടിരുത്തുകയും എന്നാൽ മനസിൽ അദ്ദേഹത്തെക്കുറിച്ച് യാതൊരു മമതയും ഇല്ലാതിരിക്കുകയും ചെയ്യുന്നത് ഒരു പീഡനമാണ്. ഈ പീഡനത്തെപ്പറ്റിയാണ് നൂറു സിംഹാസനങ്ങൾ എന്ന നോവൽ സംസാരിക്കുന്നത്. ഈ നോവൽ വന്നപ്പോൾ ശരിക്കും ഐഎഎസ് സർക്കിളിൽ ഇങ്ങനെ ഒരു അവഗണനയുണ്ടോ എന്ന് പലരും അന്വേഷിച്ചിരുന്നു. പക്ഷേ തമിഴ്നാട്ടിലെ ഐ.എ എസ് സർക്കിളിൽ ജോലി നോക്കുന്ന വലിയ ഉദ്യോഗസ്ഥരിൽ മിക്കവാറും ആളുകൾ അവരുടെ ഔദ്യോഗികജീവിതം പൂർത്തിയാകുന്നതിനുമുൻപ് ജോലി വിട്ടു പോയിട്ടുണ്ട്. വിഷ്ണുപ്രിയ എന്ന ഐപിഎസ് ഓഫീസർ തന്നെ മറ്റുള്ളവർ കുരങ്ങ് എന്നുപറഞ്ഞ് അവഹേളിക്കുന്നു എന്ന കാര്യം കൊണ്ടാണ് ആത്മഹത്യ ചെയ്തത്. അവരുടെ ആത്മഹത്യ കുറിപ്പ് പബ്ലിഷ് ചെയ്തിട്ടുണ്ടെങ്കിലും കൂടുതൽ അന്വേഷണമൊന്നും ഉണ്ടായില്ല. തുടർനടപടികൾ എന്തായെന്ന് പോലും ആർക്കും അറിയില്ല. ഏയ്പ് എന്നു തന്നെ വിളിക്കുന്നുവെന്നാണ് വിഷ്ണുപ്രിയ പറഞ്ഞത്. ഈ സംഭവത്തിന് പത്തുകൊല്ലം മുമ്പ് വന്ന നോവലും ഇതു തന്നെയാണ് പറയുന്നത്. അവഹേളനം, ഭംഗി വാക്കുകൾ മാത്രം പറഞ്ഞുകൊണ്ട് ഒരിടത്തും അടുപ്പിക്കാതിരിക്കുക .... അങ്ങനെയുള്ള ഒരു പീഡനത്തെപ്പറ്റിയാണ് നൂറു സിംഹാസനങ്ങൾ സംസാരിക്കുന്നത്. നമ്മുടെ മനസ്സിൽ ജാതിയുള്ളപ്പോൾ, നമ്മുടെ മനസ്സിൽ അതിന്റേതായ അഹങ്കാരമുള്ളപ്പോൾ നമ്മൾ അറിയാതെ തന്നെ ദളിതരേയോ ആദിവാസികളെയോ അപമാനിക്കുകയാണ് ചെയ്യുന്നത്.നമ്മൾ ഒരു പഴഞ്ചനും ഒരു ജാതീയ ചിന്തയുമൊക്കെയുള്ള ആളാകുമ്പോൾ അങ്ങനെയായിക്കുന്നതുകൊണ്ടുതന്നെ നമ്മൾ ഒപ്പം ജീവിക്കുന്ന ആളുകളെ അപഹസിക്കുകയാണ് ചെയ്യുന്നത്. അതാണ് നോവലിലും പറഞ്ഞുവയ്ക്കുന്നത്.
10. സിനിമയുമായി ബന്ധപ്പെട്ടത് ഉപജീവനത്തിന് വേണ്ടിയായിരുന്നോ അതോ എന്തെങ്കിലും കലാപരമായ ദൗത്യങ്ങൾ ഉണ്ടോ?
തമിഴ് സിനിമയിൽ ഞാൻ പ്രവർത്തിക്കുന്നത് പരിപൂർണ്ണമായും കൊമേഴ്സ്യൽ സിനിമകളിൽ മാത്രമാണ്. അതെനിക്ക് തൊഴിൽ മാത്രമാണ്. ഞാൻ ബിഎസ്എൻഎലിൽ ജോലി നോക്കിയിരുന്നു. മുഴുവൻ സമയവും സാഹിത്യത്തിനുവേണ്ടി മാറ്റിവയ്ക്കണമെന്ന ഒരു സ്വപ്നം എനിക്കുണ്ടായിരുന്നു. മുഴുവൻ സമയവും സാഹിത്യത്തിനു വേണ്ടി ചിലവഴിക്കാം എന്നൊരു സാധ്യത സിനിമയിലെത്തിയാലുണ്ട് എന്നുള്ളതുകൊണ്ട് ഞാൻ സിനിമയിലെത്തി.എന്നെ സിനിമയിൽ കൊണ്ടുവന്നത് മലയാളത്തിലെ പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ശ്രീ ലോഹിതദാസാണ്. പതിനെട്ട് വർഷമായി ഞാൻ സിനിമയിലാണ്. സിനിമയിൽ എത്തിയതു കൊണ്ടെനിക്ക് സാമ്പത്തിക ഭദ്രതയുണ്ടായി. അതുകൊണ്ടാണ് എനിക്ക് വിഷ്ണുപുരം ലിറ്റററി സർക്കിൾ പോലുള്ള വലിയ സാഹിത്യ സംഘടനയുണ്ടാക്കാൻ കഴിഞ്ഞത്. പത്തുകൊല്ലമായി തമിഴിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരം ഞങ്ങൾ കൊടുക്കുന്നതാണ്. വിഷ്ണുപുരം ലിറ്റററി സർക്കിളിനിന്ന് അമേരിക്കയിലും ലണ്ടലിനുമൊക്കെ ബ്രാഞ്ചുകൾ ഉണ്ട് .ഒരു കൊല്ലത്തിൽ മൂന്ന് അവാർഡുകളാണ് ഞങ്ങൾ കൊടുക്കുന്നത്. രണ്ട് സാഹിത്യോസവങ്ങൾ ഞങ്ങൾ നടത്തുന്നുണ്ട്. ഞാൻ ലോകം മുഴുവൻ യാത്രകൾ ചെയ്തിട്ടുണ്ട്. എന്റെ കൃതികൾക്ക് വേണ്ടിമാത്രം ഒരു പ്രസിദ്ധീകരണം നടത്തുന്നുണ്ട്. അത് മുഴുവൻ സിനിമ കാരണമുണ്ടായ സൗകര്യം കൊണ്ട് നേടിയതാണ്. എന്റെ കൈയിൽ സിനിമയിലൂടെ വന്ന കാശ് തമിഴ് സാഹിത്യത്തിനും സംസ്കാരത്തിനും വേണ്ടിയാണ് ഞാൻ ചെലവഴിച്ചത്. നീതിമാന്റെ കൈയിലെ വാള് ദൈവത്തിന്റെ അനുഗ്രഹമുള്ളതാണ് എന്നൊരു കവിവാക്യമുണ്ട്. അതുപോലെതന്നെയാണ് എഴുത്തുകാരന്റെ കൈയിലെ കാശ് സാഹിത്യത്തിന്റെ ഒരു ആയുധമാണ്.