top of page

അവനവന്റെ ആനന്ദങ്ങൾ

കഥ

എക്സിക്യുട്ടീവ് എക്സ്പ്രസ് കിതച്ചുകൊണ്ട് മുന്നോട്ടു പോയപ്പോൾ ജയമോഹന് ആശ്വാസത്തേക്കാൾ ആനന്ദമാണ് തോന്നിയത്. കഴിഞ്ഞയാഴ്ച നാട്ടിൽ പോയപ്പോൾ അമ്മ കാണിച്ച താൽപര്യക്കുറവോ സുജയുടെ ആവേശമില്ലായ്മയോ എന്താണ് ഇത്തവണത്തെ നാട്ടിൽ പോക്കിനെ പൊടുന്നനെ പിന്നോട്ട് വലിച്ചെന്നറിയില്ല. ടിവി കണ്ടും പുസ്തകം മറിച്ചും കൂട്ടുകൂടി അലയാനും മാത്രം ഒരുവൻ ഒരു ദിവസത്തേക്ക് എന്തിന് വീട്ടിൽ വരുന്നെന്ന് അമ്മയും ചിന്തിച്ചു കാണണം. സുജയ്ക്ക് ഇതിൽപരം എന്താണ് വേണ്ടത് എന്ന് എത്ര ചികഞ്ഞിട്ടും ജയമോഹനന് പിടികിട്ടിയില്ല. മുഷിഞ്ഞ വിരിപ്പിന്റെ മണമുള്ള ഒരു തരം നിർവികാരത. അതാണോ ഇവിടെ ദീപയുമായുള്ള അടുപ്പത്തിന് തുടക്കമിട്ടത് ?അതോ വിശ്രമവേളകളിലെ ആനന്ദമോ ? എന്തായാലും ഉച്ചഭക്ഷണത്തിനുശേഷം ഒരു ലഡു പോലെ ഏറെ ആനന്ദകരമാണ് ദീപയുടെ അടിവയറ്റിലെ തണുപ്പ്. പെട്ടെന്ന് പ്ലാൻ ബി യിലേക്ക് മാറിയതിനാലും പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതിനാലും കുറച്ചുനേരം അവിടെത്തന്നെ ഇരുന്നു. സ്റ്റേഷനിലെ തിരക്ക് കൂടിക്കൂടി വരുന്നുണ്ട്. അപ്പോൾ താനും എന്തോ തിരക്കിലാണെന്നും എന്തൊക്കെയോ ചെയ്യാനുണ്ടെന്നും അയാൾക്ക് തോന്നി. തിരുവനന്തപുരത്തേക്കുള്ള ജനശദാബ്ധി വരാൻ പോകുന്നതിന്റെ വല്ലാത്ത ബഹളം സ്റ്റേഷനിൽ ആകമാനം നിറയുന്നു. ലഗേജ് ഉള്ളവനും ഇല്ലാത്തവനും സന്തോഷമുള്ളവനും ഇല്ലാത്തവനും തിരക്കുള്ളവനും ഇല്ലാത്തവനും . എപ്പോൾ നോക്കിയാലും മടുപ്പില്ലാതെ നീട്ടി നീട്ടി കൊണ്ടുപോകാൻ എന്തു മാന്ത്രിക വിദ്യയാണ് ഈ റെയിൽവേ സ്റ്റേഷനുകൾക്കുള്ളത് ? തൊട്ടപ്പുറത്ത് ഇരിക്കുന്ന, ഭാര്യയും ഭർത്താവും എന്ന് തോന്നുന്നവരെ വെറുതെ അയാൾ ആലോചനാ വലയത്തിൽ കുരുക്കി. അതിൽ ഭാര്യയെന്നു തോന്നിക്കുന്നവളാണ് യാത്രക്കാരി. അയാൾ നേരംകൊല്ലാൻ എന്നപോലെ വിദൂരതയിലേക്കും വാച്ചിലും മാറിമാറി നോക്കിക്കൊണ്ടിരിക്കുന്നു. ഒരു ആദ്യ ട്രെയിൻ യാത്രക്കാരിയുടെ കൗതുകം അവളുടെ നോട്ടത്തിൽ എവിടെയോ ഒളിഞ്ഞിരിക്കുന്നുണ്ടോ എന്ന് ജയമോഹൻ വീണ്ടും വീണ്ടും ശ്രദ്ധിച്ചു. ട്രെയിൻ വരാറായിട്ടും അയാൾക്ക് അവളോടൊന്നും പറയാനില്ലേ എന്ന് ജയമോഹൻ അത്ഭുതം തോന്നി. സുജയുടെ ആൺ രൂപം ! അയാൾക്ക് ചിരി വന്നു. ട്രെയിനിന്റെ വരവറിയിച്ചുകൊണ്ടുള്ള അനൗൺസ് മെൻറ് വന്നു. മടുപ്പുകളിൽ നിന്നുള്ള മോചനം ആനന്ദം തന്നെയാണല്ലോ! വെടിനിർത്തൽ പ്രഖ്യാപിച്ച രണ്ടു രാജ്യങ്ങളായി അവൾ ട്രെയിനിലേക്കും അയാൾ പുറത്തേക്കും നടന്നകന്നു. ജയമോഹൻ എന്തോ ഒരു താൽപര്യത്തോടെ എഴുന്നേറ്റു ജനാലയിലൂടെ നോക്കുമ്പോൾ അവൾ കൗതുകമുള്ള ഒരു കൊച്ചു കുട്ടിയെ പോലെ ജനലോരം തലചായ്ച്ചിരുന്ന് കാഴ്ചകളിലേക്ക് ചേക്കേറുന്നു. അയാൾക്കത് കാണണമെന്നില്ലേ എന്ന് ജയമോഹൻ അത്ഭുതപ്പെട്ടു. ഒരു വലിയ ചൂളം വിളിയോടെ ട്രെയിൻ തെക്കോട്ട് നീങ്ങി. ആറു മണിയുടെ വെയിൽ സന്ധ്യാ വെളിച്ചമായി പരിണമിച്ച് പരന്നൊഴുകി. ഇനിയെന്ത് എന്ന ആലോചന വരുമ്പോൾ വടക്കേ സ്റ്റാന്റിലെ കോഫീ ഹൗസിലേക്കാണ് അയാൾ നടന്നെത്തുക.ജനലിന് അഭിമുഖമിരുന്ന് ഒരു മസാലദോശയും കാപ്പിയും . അത് മറ്റൊരാനന്ദമാണ്. പതിവ് സീറ്റ് ഒഴിഞ്ഞുകിടക്കുന്നത് കണ്ടപ്പോൾ സമാധാനമായി. കാപ്പിയ്ക്കും മസാല ദോശയ്ക്കും അപ്പുറം എന്തുകൊണ്ടോ ആ സീറ്റ് അയാളെ വല്ലാതെ മോഹിപ്പിച്ചിരുന്നു. മനുഷ്യരും വാഹനങ്ങളും നിർത്താതെയൊഴുകുന്ന ഒരു പുഴ തന്നെയാണ് നഗരം. സന്ധ്യാ വെളിച്ചത്തിലെ നഗരവും നോക്കി മധുരം കൂടിയ കാപ്പി ഊതി കുടിക്കുന്നതിന്റെ ഒരു സുഖം മറ്റെവിടെ കിട്ടാനാണ്. ചൂട് കാപ്പി അയാളുടെ മനസ്സിനെ ആർദ്രമായി.ഫോണെടുത്ത് ദീപയുടെ മെസേജ് വല്ലതുമുണ്ടോ എന്ന് നോക്കി.ഹെൽത്ത് സെന്ററിന്റെ ഇരുണ്ടയിടനാഴികളുടേയും ആളൊഴിഞ്ഞ ഉച്ച നേരങ്ങളുടേയും നനുത്ത ഓർമ്മകൾ അയാളിലേക്ക് മെല്ലെ ഒഴുകിയെത്തി.ദീപയുടെ മണത്തിനായി കണ്ണടച്ച് ധ്യാനിച്ചിരിക്കുമ്പോഴാണ് ഫോൺ വൈബ്രേറ്റ് ചെയ്തത്.ശോശാമ്മ സിസ്റ്റർ ആണ്.

"എടാ നീ നാട്ടിലേക്ക് പോയോ ? രൂപയുടെ മോൾക്ക് പെട്ടെന്ന് ഒരു പനി. അവൾ ലീവ് പറഞ്ഞിരിക്കുകയാണ് കിരൺ ഡോക്ടറും ഞാനും രൂപേഷും മാത്രമേ ഇന്ന് രാത്രി ഡ്യൂട്ടിയിലുള്ള. റൂമിൽ നീ വെറുതെ ചൊറിയും കുത്തി ഇരിക്കുകയാണെങ്കിൽ ഇങ്ങോട്ട് പോരെ.” "ഞാനിന്നു പോയില്ല സിസ്റ്ററെ. അടുത്ത ആഴ്ച ഒരു ഓഫ് കൂടെ എടുത്ത് സമാധാനത്തിൽ പോകാം എന്ന് വെച്ചു.” ജയമോഹൻ സന്തോഷം പരമാവധി മറച്ചു പിടിച്ചു. ദീപയോടൊപ്പം അല്ലാത്ത നൈറ്റ് ഡ്യൂട്ടി മറ്റൊരു വൈബാണ്. "ഞാനുണ്ടെങ്കിലേയ് നിനക്കൊരു കുറുക്കന്റെ മട്ടാണ്" എന്നവൾ പരിഭവിക്കാറുണ്ട്. അത് അങ്ങനെത്തന്നെയാണുതാനും ഒന്നും ഉറക്കെ പറയാൻ മടിയില്ലാത്ത ശോശാമ്മ സിസ്റ്റർ, കല്യാണം കഴിഞ്ഞ് അധികമാകാത്ത രൂപേഷിന്റെ എൻസൈക്ലോപീഡിയയാണ്. അതുകൊണ്ടുതന്നെ ഒറ്റരാത്രിയും വീടൊഴിവാക്കാത്ത രൂപേഷിന് ശോശാമ്മ സിസ്റ്ററോടൊത്തുള്ള രാത്രി ഡ്യൂട്ടി ഏറെ പ്രിയപ്പെട്ടതാണ്. അവരുടെ അറുപതിനോടടുക്കുന്ന ഭർത്താവിൻറെ പരാജയങ്ങളാണ് വീരകഥകളായി പരിണമിക്കുന്നതെന്നാണ് രൂപേഷിന്റെ വാദം. അതല്ല പേറും കീറും നിരോധും കോപ്പർട്ടിയും എല്ലാം ഒരേപോലെ കൈകാര്യം ചെയ്യുന്നതിന്റെ ലാഘവമാണ് എന്ന് ജയമോഹനും തിരിച്ചു വാദിക്കാറുണ്ട്. ശോശാമ്മ സിസ്റ്റർക്ക് മടുപ്പിക്കുന്ന ഡെറ്റോളിന്റെ മണമാണെന്നാണ് ദീപയുടെ വകഭേദം. അപ്പോഴൊക്കെ ദീപയുടെ മണത്തെ ഏതു വിഭാഗത്തിൽ പെടുത്തണമെന്ന് ജയമോഹൻ ഗാഢമായി ആലോചിച്ചു. പക്ഷേ അടുത്തുവരുമ്പോഴൊക്കെയും അയാളെ മത്ത് പിടിപ്പിക്കുന്നതല്ലാതെ അത് അയാൾക്ക് പിടി കൊടുത്തില്ല. അവൾ അടുത്തില്ലാത്ത ഉച്ചനേരങ്ങളിൽ അയാൾ അവളുടെ മണം എവിടെനിന്നോ മൂക്കിലേക്ക് വലിച്ചെടുക്കാറുണ്ട്. അപ്പോൾ അവൾ എന്തു ചെയ്യുകയായിരിക്കും എന്ന് അയാൾ കൗതുകത്തോടെ ഓർക്കാറുണ്ട്. അവൾ എന്തെങ്കിലും തിരക്കുകളിലല്ലാതെ അയാളുടെ ഓർമ്മകളുടെ ആയം കാണുകയല്ല എന്ന് അയാൾ അൽപം നീരസത്തോടെ എന്നും ചിന്തിക്കാറുണ്ട്. ഹെൽത്ത് സെന്ററിൽ ഡ്യൂട്ടി റൂമിലെ കസേരയിൽ അനായാസേന ചാഞ്ഞിരുന്നു രൂപേഷും ശോശാമ്മ സിസ്റ്ററും കഥകളിയാടുക തന്നെയാണ്.

"അല്ല ജയാ നാട്ടിൽ പോക്ക് ഇപ്പോൾ കുറഞ്ഞു വരുന്നുണ്ടല്ലോ! നാട്ടിലേക്കുള്ള ദൂരം കൂടിക്കൂടി വരുന്നുണ്ടോ ? "സിസ്റ്റർ ജയ മോഹനനെ കണ്ട സന്തോഷം മറച്ചുവെച്ചില്ല. ഭാര്യയോർമ്മയിൽ ആയിരിക്കാം രൂപേഷിന്റെ കവിളുകൾ ചുവന്നു തുടുത്തത് പോലെ തോന്നി. കുറച്ചു മാറി പുറത്ത് സുന്ദരനും വാചാലനുമായ ഡോക്ടറുടെ ക്ലിനിക് ഉള്ളതുകൊണ്ടോ നാട്ടിൻപുറം ആയതുകൊണ്ട് വലിയ തിരക്കൊന്നും രാത്രിയിൽ ഉണ്ടാവില്ല.വല്ലപ്പോഴും വല്ല പനിക്കാരും ചർദ്ദിക്കാരും ഒക്കെ കാണും. അതുകൊണ്ടു തന്നെ ഹെൽത്ത് സെന്റർ പാതിരാവരെ നീളുന്ന കഥകളുടെ പൂരപ്പറമ്പ് ആയിരിക്കും. ശോശാമ്മ സിസ്റ്റർ വിളമ്പുന്നതെല്ലാം അനുഭവകഥകൾ എന്ന പേരിലായിരിക്കും. എല്ലാം കണ്ടും കേട്ടും പരിചയിച്ച ജോലി ആയതുകൊണ്ട് തന്നെ ആർക്കും സ്ത്രീപുരുഷഭേദമന്യേ സെൻസറിങ് ഇല്ലാതെ കഥകൾ പറയാം. "ജയാ, നീയ്യേ നീങ്ങി ഇരിക്കിഷ്ടാ " രൂപേഷ് കസേര മൂന്നെണ്ണം ഒപ്പിച്ചു വലിച്ചിട്ടു ഡ്യൂട്ടി റൂമിൽ ഡോക്റ്റർ കിരൺ എന്തോ വായിച്ചിരിക്കുകയാണ്. എം .ഡി പ്രിപ്പറേഷൻ ആണെന്ന് തോന്നുന്നു.

ഉറവ പൊട്ടുന്ന കഥയ്ക്ക് തടയിട്ടുകൊണ്ട് . പുറത്തൊരു വണ്ടി സഡൻ ബ്രേക്ക് ഇട്ട് നിന്നതുപോലെ തോന്നി. ഈ പാതിരായ്ക്ക് ആരാണ് ഇത്ര അത്യാവശ്യക്കാർ എന്നറിയാനായി രൂപേഷിന്കൗതുകം. അധികം പഴയതല്ലാത്ത ചുവന്ന സ്വിഫ്റ്റ് കാറാണ് നിന്ന് കിതക്കുന്നത്. ഒരു വെളുത്ത, മെലിഞ്ഞ, ഇരുപത്തിമൂന്നു കാരി മെല്ലെ പുറത്തിറങ്ങി .ചെറുപ്പക്കാരിചുവന്ന ലൂസ് ടോപ്പും സ്കിൻ കളർ പാൻസും ആണ് വേഷം. കൂടെ ഭർത്താവാണെന്ന് തോന്നിപ്പിക്കുന്ന നീല ജീൻസും ടീഷർട്ടുമിട്ട ഒരു ചെറുപ്പക്കാരനും . സുഹൃത്തുക്കൾ ആവാൻ സാധ്യതയുള്ള രണ്ട് ചെറുപ്പക്കാർ വേറെയും. യുവതിക്ക് നല്ല വേദന ഉള്ളതുപോലെ മുഖം ചുളിയുന്നു. നടക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടാവണം ജീൻസുകാരൻ അവളുടെ കൈക്ക് പിടിച്ചത്.പക്ഷെ യുദ്ധം ജയിച്ചു വരുന്ന പോലുള്ള അയാളുടെ മുഖഭാവം എല്ലാവരെയും അമ്പരപ്പിച്ചു. അയാൾ പടികൾ കയറുന്നതിനു മുമ്പേ അവളുടെ കൈവിട്ട് വലതു കൈകൊണ്ട് ഇടതുകൈയിലെ ബ്രേസ്‌ലെറ്റ് ഒന്നുകൂടി കുലുക്കി മേലോട്ട് ആക്കി. അവരുടെ കൂടെ മറ്റു സ്ത്രീകളൊന്നും ഇല്ലാത്തതുകൊണ്ട് അപ്പോഴേ ശോശാമ്മ സിസ്റ്റർ മുഖം ചുളിച്ചു. "ബ്ലീഡിങ് "

ഭർത്താവ് ചെറു ചിരിയോടെ പറഞ്ഞപ്പോൾ ഇനി ഇവളുടെ അണ്ടർവെയർ വരെ ഞാൻ അഴിച്ചു കാണണം ആയിരിക്കും എന്ന് ശോശാമ്മ സിസ്റ്റർ പിറുപിറുത്തു. പെട്ടെന്ന് തന്നെ യുവതിയും ഭർത്താവും ശോശാമ്മ സിസ്റ്ററും ഡോക്ടറുടെ റൂമിലേക്ക് കയറി വാതിൽ അടച്ചു . അയാൾക്കെന്താണ് ഇത്രയും വലിയ ആനന്ദം ? രൂപേഷിന്റെ സംശയം തന്നെ ജയമോഹനേയും അത്ഭുതം കൊള്ളിച്ചിരുന്നു. ഭർത്താവ് റൂമിൽ നിന്നും പുറത്തിറങ്ങിയതും വാതിലുകൾ അടഞ്ഞയതും ഒരുമിച്ചായിരുന്നു.മറ്റു രണ്ടു പേരും അയാളെ ആനയിച്ചു മുറ്റത്തേക്ക് ഇറങ്ങി. അയാൾ പുറത്തിറങ്ങിയിട്ടും അർമാനി പെർഫ്യൂമിന്റെ ഗന്ധം റൂമിനു പുറത്തിറങ്ങിയിട്ടുണ്ടായിരുന്നില്ല. പുറത്ത് മൂന്നുപേരും സിഗരറ്റ് വലിച്ചു കൊണ്ട് എന്തൊക്കെയോ തമാശകൾ പറയുന്നുണ്ടായിരുന്നു. ജയമോഹനന് ഒരു മാൽബറോ ഓഫർ ചെയ്ത സുഹൃത്തിനോട് വീണു കിട്ടിയ സൗഹൃദം മുതലെടുത്തു കൊണ്ട് എന്താ പ്രശ്നം എന്ന് അയാൾ ചോദിച്ചു. "ഇവനെയ് ഒരു വർഷം മുമ്പ് ദുബായിക്ക് പോയതാ.കല്യാണം കഴിഞ്ഞ് ആറാം ദിവസം.ഇന്ന് രാവിലെയാ പിന്നെ വരുന്നതെയ്. ഗഡി പുലിയാ ട്ടോ! സുഹൃത്തിൻറെ മുഖത്തുംഹർഷോന്മാദം.

അക്കരെ സിനിമയിലെ ഭരത് ഗോപിയുടെ കിടപ്പറ സീൻ ആലോചിച്ചപ്പോൾ ജയമോഹനന് ചിരിയടക്കാനായില്ല. അരമണിക്കൂർ ആയിട്ടും ഡോക്ടറുടെയോ ശോശാമ്മസിസ്റ്ററിന്റേയോ യാതൊരു വക വിവരവുമില്ല.പിന്നെയും പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു ചിരിയോടെ ശോശാമ്മ സിസ്റ്ററും നാണം കലർന്ന ഒരു ആശ്വാസത്തോടെയും യുവതിയും പിന്നാലെ ഇറങ്ങി. ഉടനെ ഭർത്താവ് വന്ന് യുവതിയുടെ തോളിൽ ഒരു പ്രത്യേകതരം അധികാര ഭാവത്തോടെ കൈയിട്ട് അവളെ അഭിമാനത്തോടെ ചേർത്തുനിർത്തി. വല്ലാത്തൊരു നാണത്തോടെയും അതിലേറെ സമാധാനത്തോടെയും അവൾ അയാളിലേക്ക് ചേർന്നുനിന്നു .


"വല്ലാത്ത ചെയ്ത്തായിപ്പോയല്ലോ സിസ്റ്ററെ ?!”

ജയമോഹൻ ഒരു വക്രിച്ച ചിരിയോടെ ചോദിച്ചു. ശോശാമ്മ സിസ്റ്റർ പെട്ടെന്ന് ഇരുവരേയും ഡ്രസിങ്ങ് റൂമിലേക്ക് ഒതുക്കത്തിൽ വലിച്ചു കൊണ്ടുപോയി. നേരത്തെ നീക്കിയിട്ട മൂന്നു കസേരകൾ അവർ ഒന്നുകൂടെ അടുപ്പിച്ചിട്ടു . "എടാ അതെയ് അയാൾ വിചാരിക്കുന്നത് പോലെ അയാളുടെ പരാക്രമം കൊണ്ടൊന്നുമല്ല. അബോർഷനായതാ ! ഇന്നായതുകൊണ്ട് ഇങ്ങനെയൊക്കെയായി "


അമ്പരപ്പ്.....

നിശ്ശബ്ദത.....

ചിരി......

കൂട്ടച്ചിരി......ആനന്ദം!

ഇന്നത്തെ കഥയ്ക്ക് പൊടിപ്പും തൊങ്ങലും ചമയ്ക്കുന്ന ആനന്ദത്തിലാണ് ശോശാമ്മാ സിസ്റ്റർ.നേരത്തെ പിൻസീറ്റിൽ ആയിരുന്ന യുവതിയും ഭർത്താവും മുൻസിനിലേക്ക് മാറിയിരുന്നിരുന്നു. അയാളാണ് ഡ്രൈവ് ചെയ്യുന്നത്. വണ്ടി റിവേഴ്സ് എടുത്തപ്പോൾ ആക്ഷൻ സിനിമയിലെ സ്ലോ മോഷൻ പരമാവധി അയാൾ അഭിനയിച്ച് ഫിലിപ്പിക്കാൻ ശ്രമിക്കുന്നതുപോലെ തോന്നി. നേരത്തെ കണ്ട ക്ഷീണം ഒക്കെ യുവതിയുടെ മുഖത്തുനിന്നും പമ്പ കടന്നിരുന്നു. അവൾ അയാളുടെ ഭാഗത്തേക്ക് ഒന്നുകൂടി ചാഞ്ഞിരുന്നു. അയാൾ വശ്യഭാവത്തിൽ പുഞ്ചിരിച്ചു.

ഇടവേളയിൽ ഒതുക്കത്തിലടിച്ച സ്കോച്ചിന്റെ ആനന്ദം പിൻസീറ്റിലിരുന്ന സുഹൃത്തുക്കളുടെ കണ്ണുകളിൽ മിന്നിമറിയുന്നുണ്ടായിരുന്നു. വന്നതിനേക്കാൾ വേഗത്തിൽ കാർ ഗേറ്റ് കടന്ന് ഇരുട്ടിൽ മറഞ്ഞു.

 

എ.കെ. ഷിംന 8547818996


1 comment
bottom of page