കവിത
കളത്തറ ഗോപൻ
കുറച്ചുപേർ യാത്ര പോകുന്നു.
വിൻഡോ സീറ്റിലിരുന്ന്
വഴിക്കാഴ്ചകൾ കാണുകയായിരുന്നു
പലരും
പാട്ടുകേൾക്കുകയും പാടുകയും
ആടുകയുമൊക്കെ ചെയ്യുന്നതിനിടയിൽ
അവരിലൊരാൾ എന്തോ
ഓർത്തിട്ടെന്ന പോലെ
തിരികെ വരുമ്പോൾ
'നമ്മളിൽ ഒരാൾ കുറയും'
എന്നു പറഞ്ഞു.
പെട്ടെന്ന് പാട്ടും ആട്ടവും നിലച്ചു.
ഞാനായിരിക്കുമോ പ്രഭോ
ഞാനായിരിക്കുമോ പ്രഭോ
എന്നു പരസ്പരം മുഖത്തുനോക്കി.
ദൂരെ മലയിൽ നോക്കിയിരുന്ന പെൺകുട്ടിയും
വെള്ളച്ചാട്ടം കണ്ടിരുന്നവരും
കണ്ണുകൾ പിൻവലിച്ചു.
താൻ പുറകോട്ട് യാത്ര ചെയ്യുന്നതായി
ഒരാൾക്ക് തോന്നി.
ഗുണപാഠം:
യാത്ര പോകുന്ന സമയത്ത്
മരണത്തെക്കുറിച്ച് ആലോചിക്കാതിരിക്കുക.
ജീവിതത്തെക്കുറിച്ചും
സൂക്ഷിക്കണമെന്നേയുള്ളൂ.