രക്തം കൂട്ടിയുള്ള ഊണിലേക്കുള്ള ക്ഷണപ്പത്രിക
- GCW MALAYALAM
- Nov 28, 2023
- 1 min read
Updated: Dec 1, 2023
കവിത

വിശന്നുവലഞ്ഞ എൻറെ പടയാളികൾ.
വാൾമുനകളാൽ നീയവരെ കോർത്തെടുക്കുന്നു.
മുനകളിൽ നിന്ന് നീതി പൊടിയുന്നു;
ഭീതി പിടയുന്നു.
അരുൾ കറുത്ത തൂവാലയിൽ മുഖം തുടച്ചു കൊണ്ട്
ഇരുളിന് വഴിമാറിക്കൊടുക്കുന്നു.
മദഗജബീജങ്ങൾ പോലെ നിൻറെ ശരങ്ങൾ;
അതേറ്റു നിലച്ചുപോയ അവരുടെ
പാവം ഹൃദയങ്ങൾ.
മൃത്യു വല നെയ്തുകൊണ്ടേയിരിക്കുന്നു;
ശേഷം, വഞ്ചനയുടെ പശ തേച്ചുപിടിപ്പിച്ച്
ആർത്തു കൈകൊട്ടാൻ
ഒരുങ്ങി നിൽക്കുന്നു.
നാഡികൾ ,
ഞരമ്പുകൾ ,
അസ്ഥികൾ ,
മജ്ജകൾ..
ഒക്കെയുമവന്
സ്വാദുള്ള ഭക്ഷണമായ്ത്തീരുന്നു.
അവൻറെ അധരങ്ങൾ ചുവന്നൊഴുകുന്നു. ആമാശയപ്പാളികളാകെ വിറകൊള്ളുന്നു.
പരിശുദ്ധ നിയമപുസ്തകങ്ങൾ
അവൻറെ അടുപ്പിൽ വിറകായെരിഞ്ഞ് ,
പിരിഞ്ഞ്, വശംകെട്ട് ആക്രോശിക്കുന്നു:
"പടച്ചട്ടകളേ ,
നിങ്ങൾ അടക്കിപ്പിടിച്ച, അമർത്തിപ്പിടിച്ച രക്തത്തെ ചിന്തിക്കൊൾക.
സൂര്യൻറെ കണ്ണു മഞ്ഞളിച്ചു പോട്ടെ!
ഉദയ പർവ്വത ശിഖരമുപേക്ഷിച്ച്
അവൻ ഓടിയൊളിക്കട്ടെ!"
അതൊടുങ്ങുമ്പോൾ,
ഹിംസാരവങ്ങളിൽ മുക്കിയെടുത്ത
വിജയാഘോഷങ്ങൾക്കായ്
കാത്തുകിടക്കുന്ന ചാരനിറമുള്ള മേൽപ്പാലത്തിന്റെ നെടുവീർപ്പുകൾ
കേട്ടു തുടങ്ങുന്നു.
ഘോഷയാത്ര കടന്നുപോകവേ,
ഒരു കബന്ധ മഴ അതിൻറെ എല്ലാ
നിസ്സംഗതകളോടും കൂടി പെയ്യുന്നു.
ശ്വാസ സഞ്ചിയിൽ രുധിരം നിറഞ്ഞ നദി
ചുമച്ചു ചുമച്ച്
തൂണുകളിൽ തലതല്ലിച്ചിരിക്കുമ്പോൾ പ്രവാചകൻ തൻറെ ആത്മഹത്യാക്കുറിപ്പ് എഴുതുവാൻ തുടങ്ങുന്നു.
----
നന്ദി!
സുരേഷ് നാരായണൻ
പൊട്ടൻതറ മഠം തോന്നല്ലൂർ മേവളളൂർ PO
വെള്ളൂർ കോട്ടയം
6 8 6 6 0 9
8848195823
Comments