കവിത
ചോര നാറുന്ന ഓവുചാലിൽ
കാഷ്ഠത്തിൽ കുതിർന്ന തുവ്വലുകളെ
നോക്കിയെന്തോ പറയുന്ന പോലെ
ഉടൽ കവറിലായ തല,
അതിർ കടന്ന് കൊത്തിയെടുത്ത
കുത്തരിയുടെ സമ്മതമോ,
ചിനക്കി തീർത്ത
പാപങ്ങളുടെ പശ്ചാത്താപമോ,
കൊത്തിയാട്ടിയ തലമുറകളോട്
ചിറകിൽ മറച്ച സ്നേഹമോ,
അതോ കൊത്തിവിട്ട
തള്ളയോടുള്ള വാത്സല്യമോ,
ചവിട്ടി വിട്ട പിടകളോട്
പറയാൻ മറന്ന വാക്കുകളോ,
അടയ്ക്കാത്ത കണ്ണുകളിൽ
തളംകെട്ടി നിൽക്കുന്നു...!!
ഏയ് ..... ഇല്ല,
മരുന്ന് മരണം പച്ചകുത്തിയ
ബ്രോയ്‌ലർ ജീവിതത്തിൽ
കശാപ്പുകാരന്റെ കയ്യിൽ
വിധിയും കാത്ത് കിടക്കുന്നവർ
എന്ത് പറയാനാ.....
കടിച്ച് തുപ്പിയ എല്ലുകളെ
നായ നക്കി തീരാൻ
അഴിയെണ്ണി കാത്തിരിക്കുമെന്നല്ലാതെ ..!!
സിനാൻ ടി.ക്കെ
വടക്കുമുറി
ദാറുന്നജാത്ത് ഇസ്ലാമിക്ക് കോംപ്ലക്സ് വല്ലപ്പുഴ
ഡിഗ്രി ഫൈനൽ ഇയർ
മൊബൈൽ : 9207104977