top of page

ഒരു നദി

വിവർത്തന കവിത

ക്ഷേത്രങ്ങളുടെയും നഗരങ്ങളുടെയും

അവയെ പാടിയ കവികളുടെയും

മധുരയില്‍,


എല്ലാ വേനലിലും

മണലില്‍ ഒരു നദി

തുള്ളിതുള്ളിയായി വറ്റിപ്പോകുന്നു

വാരിയെല്ലുകളും വൈക്കോലും

പെണ്ണുങ്ങളുടെ മുടിയും കൊണ്ട്

ജലപാതയടഞ്ഞു കിടക്കുന്നു


പാലത്തിനടിയിലെ

തുരുമ്പിച്ച കാലുകളില്‍

അറ്റകുറ്റപ്പണിയുടെ പാടുകള്‍

നനഞ്ഞ കല്ലുകള്‍

ഉറങ്ങുന്ന മുതലകളെപ്പോലെ തിളങ്ങുന്നു

ഉണങ്ങിയവ

ക്ഷൗരം ചെയ്ത പോത്തുകളെപ്പോലെ

വെയിലു കായുന്നു


കവികള്‍ പാടിയത് പ്രളയത്തെക്കുറിച്ചു മാത്രം!


പ്രളയദിനങ്ങളിലൊരുനാള്‍

അവനവിടെയുണ്ടായിരുന്നു

വെള്ളം ഓരോ ഇഞ്ച് ഉയരുന്നതും

പടവുകളുടെ കൃത്യമായ എണ്ണവും

കുളിക്കുന്ന കടവുകളില്‍ വെള്ളം കയറിയതും

മൂന്ന് ഗ്രാമങ്ങളെ അപ്പാടെ

വാരിയെടുത്തു പോയതും

എല്ലാവരും പറഞ്ഞുകൊണ്ടേയിരുന്നു


ഒരു ഗര്‍ഭിണി,

രണ്ടു പശുക്കള്‍

-ഗോപി, ബൃന്ദ – പതിവു പേരുകള്‍.


പുതിയ കവികള്‍ പഴയ കവികളെ

ഉദ്ധരണികളില്‍ വീര്‍പ്പുമുട്ടിച്ചു

പക്ഷെ, ആരും സംസാരിച്ചില്ല!


ഗര്‍ഭിണിയായ സ്ത്രീ

മുങ്ങിമരിച്ചു, ഇരട്ടക്കുട്ടികളായെന്നിരിക്കണം.

ശൂന്യമായ ചുവരുകളില്‍

ആഞ്ഞുതൊഴിച്ചു,

ജനനത്തിന് മുന്‍പു തന്നെ.


അവന്‍ പറഞ്ഞു;

ആണ്ടിലൊരിക്കല്‍

കാവ്യാത്മകമാകാന്‍ തക്കവണ്ണം

നദിയില്‍ വെള്ളമുണ്ട്.

ഗ്രാമത്തിലെ മൂന്ന് വീടുകളെ,

രണ്ടു പശുക്കളെ,

മറുകുകളില്ലാത്ത, വേര്‍തിരിച്ചറിയാന്‍

രണ്ടു നിറത്തിലുള്ള ഡയപ്പറുകളിടുന്ന ഇരട്ടകളെ

പ്രതീക്ഷിച്ചിരുന്ന ഒരു ഗര്‍ഭിണിയെ

ആദ്യ അരമണിക്കൂറില്‍

നദി കൊണ്ടുപോയി!


(ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യകാരന്‍ എ. കെ. രാമാനുജന്റെ 'A River’ എന്ന കവിതയുടെ സ്വതന്ത്രപരിഭാഷ)

 

വിവര്‍ത്തക :

നജ മെഹ്ജബിന്‍ കെ ബി

ഗവേഷക

മലയാളവിഭാഗം

കേരള സര്‍വകലാശാല കാര്യവട്ടം

തിരുവനന്തപുരം

0 comments
bottom of page